'കപടമായി സൃഷ്ടിക്കപ്പെട്ട ജന പിന്തുണയാണ് അവര്‍ക്കുള്ളത്; ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം'- ഡോ. കെഎൻ പണിക്കരുമായി അഭിമുഖം

ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനവും ജി.എസ്.ടിയും വലിയ ആശയക്കുഴപ്പമാണ് ആളുകളിലുണ്ടാക്കിയത്. സാമ്പത്തിക ഏകീകരണം എന്നത് രാഷ്ട്രീയ ഏകീകരണത്തിനുള്ള ഫാസിസത്തിന്റെ ആദ്യ ചുവടുവയ്പാണ്.
കെഎൻ പണിക്കർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്
കെഎൻ പണിക്കർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/എക്സ്പ്രസ്

''രണ്ടുമൂന്നു മാസം മുന്‍പുവരെ വളരെ നിരാശാജനകമായ സ്ഥിതിയായിരുന്നു അനുഭവപ്പെട്ടത്. പക്ഷേ, യുവാക്കളുടെ രാഷ്ട്രീയ പ്രവേശനം വളരെ പ്രത്യാശ നല്‍കുന്ന രാഷ്ട്രീയ സാധ്യതയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അത് എങ്ങനെ ശക്തിപ്പെടും, അതിനെ എങ്ങനെയാണ് ജനങ്ങളും രാഷ്ട്രീയ ശക്തികളും പോഷിപ്പിക്കുക എന്നതാണ് ഇന്നു കാതലായ പ്രശ്‌നം.'' പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് ആര്‍.എസ്.എസ്സിന്റെ അജന്‍ഡയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ''ഈ അജന്‍ഡ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍ തന്നെ അവര്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അത് ഇന്ത്യ കാണാതെ പോയി; ശരിയായി മനസ്സിലാക്കാതെ പോയി. അധികാരത്തില്‍ വന്നതോടെ തങ്ങള്‍ക്കു ജനപിന്തുണയുണ്ട് എന്നു വാദിക്കാന്‍ അവര്‍ക്കു സാധിച്ചു. ഇതു കപടമായി സൃഷ്ടിക്കപ്പെട്ട ഒരുതരം ജനപിന്തുണയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ദൗര്‍ബ്ബല്യമാണ് എന്നു വേണമെങ്കില്‍ പറയാം. ജനാധിപത്യ രീതിയില്‍ ജനങ്ങളില്‍ ഒരു പോസിറ്റീവായ അവബോധം വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇതുണ്ടായത്. ഈ ഭരണം വ്യക്തമായ ഒരു ലക്ഷ്യം വച്ചുകൊണ്ടുള്ള ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ്. അതിന്റെ അര്‍ത്ഥം ഹിന്ദുരാഷ്ട്രമാണ്. അതാണ് അവരുടെ ലക്ഷ്യം. ആ ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും നമ്മള്‍ കണ്ടത്. അതില്‍ ഏറ്റവും ഭീകരമായിട്ടുള്ളതാണ് പൗരത്വ നിയമഭേദഗതി. അതു ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ സ്വഭാവം മനസ്സിലാകില്ല.''

-------------------

പൗരത്വ നിയമഭേദഗതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തെ എങ്ങനെയാണ് നോക്കിക്കാണുക?  

ഈ പ്രക്ഷോഭത്തിന്റെ സ്വഭാവം എന്താണ് എന്നുള്ളതിനെ ആശ്രയിച്ചിരിക്കും അത്. ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത് പ്രതിഷേധമല്ല, അതിനും മുകളില്‍ പോയിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. ചെറുത്തുനില്‍പ്പിന്റെ സ്വഭാവം കൈവന്നിരിക്കുന്നു. ഈ ചെറുത്തുനില്‍പ്പ് എങ്ങനെയാണ് വികസിക്കാന്‍ പോകുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇപ്പോള്‍ കാണുന്നതു നല്ല സൂചനകളാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ചത് ഒരുപക്ഷേ, ജി.എസ്.ടിക്കോ നോട്ടുനിരോധനത്തിനോ 370-ാം വകുപ്പ് റദ്ദാക്കിയതിനോ എതിരായ പ്രതിഷേധം പോലെ രണ്ടോ മൂന്നോ ദിവസംകൊണ്ട് കെട്ടടങ്ങും എന്നായിരിക്കും. അങ്ങനെയല്ലാതെ, രാജ്യവ്യാപകമായി രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നു പ്രതിരോധം നടന്നുകൊണ്ടിരിക്കുന്നത്. ഷാഹബാദിലും ഡല്‍ഹിയിലും ജെ.എന്‍.യുവിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നത് അതിന്റെ സൂചനയാണ്. അതു പല വിഭാഗങ്ങളിലേയ്ക്കും പല ഗ്രൂപ്പുകളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളുടേയും ചെറുപ്പക്കാരുടേയുമൊക്കെ കൂട്ടായ്മകളുള്‍പ്പെടെ രൂപപ്പെടുന്നു. അങ്ങനെ വ്യാപകമായ ഒരു പ്രസ്ഥാനമായാണ് ഇതു വളരുന്നത്. അങ്ങനെയാകുമ്പോള്‍ എത്രകാലം ഗവണ്‍മെന്റിന് ഇതു നിഷേധിക്കാന്‍ സാധിക്കും എന്നു സംശയമാണ്. ബി.ജെ.പി ബദല്‍പ്രചാരണം തുടങ്ങുകയാണല്ലോ. പക്ഷേ, ഇതു ശക്തിയായി വളര്‍ന്നുവരാന്‍ സാധ്യതയുള്ള പ്രസ്ഥാനമാണ്. അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും ഭരണകൂടത്തിന് അടിച്ചമര്‍ത്തലില്‍നിന്നു സംഭാഷണത്തിലേയ്ക്കു മാറേണ്ടതായി വരും.

നിയമഭേദഗതി നടപ്പാക്കും എന്ന നിലപാട് കേന്ദ്ര ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അത്തരം സംഭാഷണം സാധ്യമാണോ?

നിയമം നടപ്പാക്കുക എന്നുവന്നാല്‍ സംഭാഷണമില്ലല്ലോ. സംഭാഷണം നടക്കണമെങ്കില്‍ നിയമം മാറ്റിവയ്ക്കാന്‍ തയ്യാറാകണം. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഈ നിയമം ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ നശിപ്പിക്കുന്ന ഒന്നാണ്. മതേതരത്വത്തോടും ജനാധിപത്യത്തോടും തങ്ങള്‍ക്കു യാതൊരു പ്രതിബദ്ധതയുമില്ല എന്നാണ് ഈ ഗവണ്‍മെന്റ് കാണിക്കുന്നത്. ജനങ്ങളെയാകെ ബാധിക്കുന്ന ഒരു നിയമമാണ്. അതു കൊണ്ടുവരുന്നതില്‍ ഒരുവിധത്തിലുള്ള ജനാധിപത്യ മര്യാദകളും കാണിച്ചില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കിട്ടി എന്നതുകൊണ്ടുമാത്രം അവര്‍ ചെയ്യുന്നതെല്ലാം തികച്ചും ജനാധിപത്യപരമാണ് എന്നില്ല. വാസ്തവത്തില്‍ ഭൂരിപക്ഷമില്ല; നമ്മുടെ വ്യവസ്ഥയുടെ പ്രത്യേകതകൊണ്ടുള്ള സാങ്കേതിക ഭൂരിപക്ഷം മാത്രമാണ്. പക്ഷേ, ഭരണഘടനയുടെ സ്വഭാവത്തിന് അടിസ്ഥാനപരമായ മാറ്റം വരുത്തുമ്പോള്‍ അത് ഇത്ര നിസ്സാരമായല്ല ചെയ്യേണ്ടത്. കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണ്.

അടിയന്തരാവസ്ഥ നടപ്പാക്കിയത് നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ സാധ്യത ഉപയോഗിച്ചായിരുന്നു; നമ്മള്‍ അതു ജനാധിപത്യംകൊണ്ടുതന്നെ മറികടക്കുകയും ചെയ്തു എന്ന് താങ്കള്‍ തന്നെ മുന്‍പു പറഞ്ഞിട്ടുണ്ട്. ഇവരിപ്പോള്‍ ചെയ്യുന്നതൊന്നും നമ്മുടെ ഭരണഘടനയ്ക്കുള്ളിലുള്ളതല്ല എന്ന ആശങ്ക കൂടുതല്‍ വലുതായി മാറിയിരിക്കുകയാണല്ലോ. അതിനെ എങ്ങനെ പ്രതിരോധിക്കും?

എനിക്ക് ഈ ഭരണത്തെക്കുറിച്ച് യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഞാനിത് കുറേക്കാലമായി പറയുന്നതാണ്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു ബൂര്‍ഷ്വാ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തെയല്ല, മറിച്ച് ഒരു ഫാസിസ്റ്റ് ഏകാധിപത്യ ശക്തിയെയാണ്. ബി.ജെ.പി, ആര്‍.എസ്.എസ് പിന്തുണയുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. ആര്‍.എസ്.എസ് വളരെ വ്യക്തമായിട്ടും ഒരു ജനാധിപത്യവിരുദ്ധ ശക്തിയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആര്‍.എസ്.എസ്സിന്റെ അജന്‍ഡയാണ്. ഈ അജന്‍ഡ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍തന്നെ അവര്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അതു കാണാതെ പോയി; ശരിയായി മനസ്സിലാക്കാതെ പോയി. അധികാരത്തില്‍ വന്നതോടെ തങ്ങള്‍ക്കു ജനപിന്തുണയുണ്ട് എന്നു വാദിക്കാന്‍ അവര്‍ക്കു സാധിച്ചു. ഈ ജനപിന്തുണ കപടമായി സൃഷ്ടിക്കപ്പെട്ട ഒരുതരം ജനപിന്തുണയാണ്. അതു നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ദൗര്‍ബ്ബല്യമാണ് എന്നു വേണമെങ്കില്‍ പറയാം. ജനാധിപത്യ രീതിയില്‍ ജനങ്ങളില്‍ ഒരു പോസിറ്റീവായ അവബോധം വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇതുണ്ടായത്. ഈ ഭരണം വ്യക്തമായ ഒരു ലക്ഷ്യം വച്ചുകൊണ്ടുള്ള ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടമാണ്. അതിന്റെ അര്‍ത്ഥമെന്താ? ഹിന്ദുരാഷ്ട്രമാണ്. അതാണ് അവരുടെ ലക്ഷ്യം. ആ ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും നമ്മള്‍ കണ്ടത്. അതില്‍ ഏറ്റവും ഭീകരമായിട്ടുള്ളതാണ് പൗരത്വ നിയമഭേദഗതി. അതു ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ സ്വഭാവം മനസ്സിലാകില്ല.

കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എ പ്രകടനപത്രികയില്‍ പൗരത്വ നിയമഭേദഗതിയെക്കുറിച്ചു പറഞ്ഞിരുന്നു. അതു ശരിയായി മനസ്സിലാക്കി പ്രചരണായുധമാക്കുന്നതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും അടക്കമുള്ള മതേതര രാഷ്ട്രീയ കക്ഷികള്‍ക്കു തെറ്റുപറ്റിയോ?

പ്രകടനപത്രികയില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ പേരിലല്ല ക്യാംപെയ്ന്‍ നടന്നത്. അതിന്റെ പേരില്‍ ക്യാംപെയ്ന്‍ നടന്നിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു പ്രതികരണം ഉണ്ടാകുമായിരുന്നു. ഇതൊരു പ്രധാനപ്പെട്ട വിഷയമായി വന്നിട്ടില്ല. പ്രകടനപത്രികയില്‍ പലതും പറയുമല്ലോ. അതെല്ലാം അടിയന്തരമായി പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന കാര്യങ്ങളല്ല. തങ്ങള്‍ക്കു വോട്ടു ചെയ്യുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള കാര്യങ്ങളായാണ് ആളുകള്‍ അതു കാണുന്നത്. പൗരത്വ നിയമഭേദഗതി, അല്ലെങ്കില്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി എന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വിഷയമായിരുന്നില്ല. ആയിരുന്നെങ്കില്‍ അവര്‍ ജയിക്കുമായിരുന്നില്ല.

ഇപ്പോള്‍ ഉയരുന്ന ദേശവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പൊതുനേതൃത്വം ഇല്ലെന്നത് ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടോ?

പൊതുനേതൃത്വം ഇല്ലാത്തതു നല്ല കാര്യമാണ് എന്നാണ് തോന്നുന്നത്. പൊതുനേതൃത്വം ഉണ്ടായാല്‍ ഇതിനിടയിലുള്ള വൈരുധ്യങ്ങളൊക്കെ പുറത്തുവരും. അതാണ് സംഭവിക്കുക. സമൂഹത്തില്‍ പലവിധത്തിലുള്ള താല്പര്യങ്ങളുണ്ട്. ഏതെങ്കിലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനോ മേധാവിത്വം ചെലുത്താനോ ശ്രമിച്ചാല്‍ അതൊക്കെ പുറത്തുവരും; ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അങ്ങനെവന്നാല്‍ ഒരു കൂട്ടായ ജനസഞ്ചയത്തിന്റെ പ്രസ്ഥാനമായി മാറാന്‍ കഴിയില്ല. നമുക്കു മുന്നില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. പൊതുനേതൃത്വം പ്രശ്‌നമായി വരുന്നത് ഇന്നു നിലവിലുള്ള ഭരണം മാറ്റപ്പെടുമ്പോഴാണ്. അപ്പോഴാണ് ഭാവിപരിപാടി എന്താണ് എന്ന ചോദ്യമുയരുക. അതുവരെ പ്രധാനപ്പെട്ട കാര്യം ഈ ഭരണത്തെ പുറത്താക്കുക എന്നതാണ്. ഇവരെ ഇനിയും തുടരാന്‍ സമ്മതിക്കുകയാണെങ്കില്‍ ഇന്ത്യ എന്ന രാഷ്ട്രം അവസാനിക്കും.

രണ്ടാം മോദി സര്‍ക്കാരിന് ഇനിയും നീണ്ട കാലാവധിയുണ്ടല്ലോ. ജനാധിപത്യപരമായി എങ്ങനെ ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ സാധിക്കും?
 
അതിനു പല മാനങ്ങളുണ്ട്. ഒന്ന്, ആരുടെയൊക്കെ പിന്തുണയാണ് ഈ ഭരണത്തിനു കിട്ടുന്നത് എന്നുള്ളതാണ്. ഭരണകൂടത്തിന്റെ സ്ഥാപനങ്ങളെ ഓരോന്നോരോന്നായി കീഴടക്കി എന്നതാണ് ഈ ഭരണം ചെയ്ത ഏറ്റവും മോശപ്പെട്ട കാര്യം. മുഴുവനായി കീഴടക്കാന്‍ സാധിക്കാതിരുന്ന രണ്ടു വിഭാഗങ്ങളില്‍ ഒന്ന് സൈന്യവും രണ്ടാമത്തേത് ജുഡീഷ്യറിയുമായിരുന്നു. സൈന്യത്തിന്റെ സംവിധാനം മാറ്റി പൊതുമേധാവിയാക്കിയ മുന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന വളരെ അപകടകരമായിരുന്നു. ആദ്യമായാണ് സൈന്യത്തില്‍നിന്ന് ഒരു രാഷ്ട്രീയ പ്രസ്താവന വരുന്നത്. ഇന്ത്യയുടെ ജനാധിപത്യം കാക്കുന്നതില്‍ സൈന്യത്തിനു വലിയ ഒരു പങ്കുണ്ട്. പാകിസ്താനിലൊക്കെ ഉണ്ടായതുപോലെ അധികാരത്തിലെത്തുന്ന ഏതെങ്കിലുമൊരു വ്യക്തിക്ക് അതിനെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍നിന്ന് ഒരു വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണോ എന്നു ഭയപ്പെടേണ്ട ഒരവസ്ഥയാണ്. ജുഡീഷ്യറിയും അതുപോലെ നിഷ്പക്ഷമായിരുന്നു. പക്ഷേ, ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കൈകടത്താനുള്ള അവരുടെ ശ്രമം കണ്ടുകഴിഞ്ഞു. ഇതു രണ്ടും വളരെ പ്രധാനമാണ്. നിഷ്പക്ഷമായി നിലനില്‍ക്കുന്ന ഈ സംവിധാനങ്ങളെ മാറ്റാന്‍ കഴിഞ്ഞാല്‍ ജനാധിപത്യത്തെ മാറ്റാന്‍ എളുപ്പമാണ്. വിദ്യാഭ്യാസ മേഖലയെ കയ്യടക്കാനുള്ള ശ്രമം 10-15 കൊല്ലമായി അവര്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവം മാറ്റുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും എന്നും ഒരു സ്വതന്ത്ര ഇടമാണ്. അതുകൊണ്ടാണ് അവിടെനിന്ന് ഈ എതിര്‍പ്പുകളൊക്കെ ഉയര്‍ന്നുവരുന്നത്.

ഈ മൂന്നു പാരാമീറ്റേഴ്സ് ഈ ഗവണ്‍മെന്റിന്റെ അവശേഷിക്കുന്ന കാലാവധിയില്‍ എങ്ങനെ മാറും എന്നത് പ്രധാനമായിരിക്കും. പക്ഷേ, ഈ ഭരണകൂടത്തെ പുറത്താക്കുന്നതു ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയാകരുത്. നിസ്സഹകരണ പ്രസ്ഥാനമൊക്കെ പറയുന്നുണ്ട് പലരും. അങ്ങനെയുള്ള ഗാന്ധിയന്‍ രീതികള്‍ ഉപയോഗിച്ച് ഈ ഭരണത്തിനു സ്വയം വിട്ടുപോകാനുള്ള പശ്ചാത്തലം സൃഷ്ടിക്കണം. പക്ഷേ, അതൊരു ദീര്‍ഘകാല പദ്ധതിയാണ്. അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചാലും തരക്കേടില്ല. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നു ജനങ്ങളില്‍ ശക്തമായ അവബോധം സൃഷ്ടിക്കണം. അങ്ങനെയൊരു പൊതുധാരണ ജനങ്ങളിലുണ്ടാകണം. ഇപ്പോഴും അങ്ങനെയൊരു ധാരണയുണ്ടായിട്ടുണ്ട് എന്നു പറയാന്‍ കഴിയില്ല. നമ്മള്‍ കാണുന്ന പ്രക്ഷോഭങ്ങളൊക്കെ നല്ലതാണെങ്കിലും പ്രചോദിപ്പിക്കുന്നതാണെങ്കിലും ഭൂരിപക്ഷം ആളുകള്‍ അതിലേക്കു വന്നുവെന്നു പറയാന്‍ കഴിയില്ല. ചില പോക്കറ്റുകളിലാണ് കാണുന്നത്. സര്‍വ്വകലാശാലകളിലെയൊക്കെ ചെറിയ വിഭാഗത്തില്‍ മാത്രമാണ് എതിര്‍പ്പു കാണുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തണം. അങ്ങനെ എത്തിക്കഴിഞ്ഞാല്‍ ഗവണ്‍മെന്റിനു മുട്ടുമടക്കേണ്ടി വരും. പുതിയ രീതിയില്‍ ഓരോ പ്രദേശത്തും ചെറിയ ചെറിയ കൂട്ടായ്മകള്‍ ഉണ്ടായാല്‍ അതു രാജ്യവ്യാപകമായ പ്രസ്ഥാനമായി മാറാന്‍ സാധ്യതയുണ്ട്. അതിന്റെ ദിശ, നേതൃത്വമെന്നു ഞാന്‍ പറയുന്നില്ല, ദിശ എങ്ങനെയുണ്ടാകും എന്നതും പ്രധാനമാണ്. ചെറുപ്പക്കാരായിരിക്കും ആ ഡയറക്ഷന്‍ നിശ്ചയിക്കുക എന്നാണ് തോന്നുന്നത്.

നല്ല മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്. ആസാദി - സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു മുദ്രാവാക്യമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും പ്രചോദിപ്പിക്കുന്ന മുദ്രാവാക്യമാണ്. അതിനു പല അര്‍ത്ഥങ്ങളുമുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ, അല്ലെങ്കില്‍ വര്‍ഗ്ഗീയതയ്ക്ക് എതിരായ സ്വാതന്ത്ര്യം മാത്രമല്ല. സമ്പൂര്‍ണ്ണ കാഴ്ചപ്പാടുള്ള മുദ്രാവാക്യമാണത്. അങ്ങനെയുള്ള പൊതുവായ സംഘാടനത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ഇന്നു കാണുന്ന ഈ വിഷമഘട്ടത്തില്‍നിന്നു മാറാന്‍ കഴിയുകയുള്ളൂ.

ആസാദി എന്ന മുദ്രാവാക്യം ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ദിശയിലാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളും എന്ന വികാരമുണ്ടാക്കിയിട്ടുണ്ടോ?
 
അതെ, ഉണ്ട്. സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരായ സമരം മാത്രമായിരുന്നില്ല. ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍ സ്വാതന്ത്ര്യമെന്നത് നമ്മെ സ്വാധീനിച്ചിരുന്ന മറ്റു പല തെറ്റായ രീതികളില്‍നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയായിരുന്നു. സ്ത്രീസമത്വം ഉള്‍പ്പെടെ പലതിനും വേണ്ടിയുള്ള സമരം കൂടിയായിരുന്നു അത്. അതിനെ വീണ്ടെടുക്കുകയാണ് ഇന്നു ചെയ്യേണ്ടത്. അതിനുള്ള സാഹചര്യമാണ് ഈ ചെറുപ്പക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യക്കാരായ ഒരാളെപ്പോലും ബാധിക്കുന്ന നിയമമല്ല ഇതെന്നും പ്രതിഷേധം തെറ്റിദ്ധാരണയുടെ പേരിലാണ് എന്നുമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്‍പ്പെടെ പറയുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരേയും അനധികൃത താമസക്കാരേയുമാണ് ബാധിക്കുക എന്നാണ് വിശദീകരണം. ഈ വിശദീകരണം സംഘ്പരിവാറിന്റെ ബദല്‍ പ്രചാരണത്തിനു സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കുമെന്നു കരുതാമോ?

ഈ പറയുന്നതു കേള്‍ക്കുമ്പോള്‍ പെട്ടെന്നു തോന്നുക ഇന്ത്യക്കാരെ ബാധിക്കില്ലല്ലോ, പുറത്തു നിന്നു നിയമവിരുദ്ധമായി വന്നവരെയല്ലേ എന്നാണ്. എന്നാല്‍, വേഗം സത്യം വ്യക്തമാകുന്നുമുണ്ട്. പക്ഷേ, ബദല്‍ പ്രചാരണത്തെ സഹായിക്കില്ല. കാരണം, യഥാര്‍ത്ഥത്തില്‍ ഓരോ ഇന്ത്യക്കാരും അവരുടെ പൗരത്വം തെളിയിക്കേണ്ടതായിവരും. ഭരണകൂടം അതിനെ പീഡനത്തിനുള്ള ഉപകരണമായി ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര ആളുകള്‍ക്കു സ്വന്തം ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കും? രാംഗോപാല്‍ വര്‍മ്മ ജനന സര്‍ട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കില്‍ പ്രശ്‌നമുണ്ടാകില്ല. പക്ഷേ, ഒരു മുസ്ലിം കാണിച്ചില്ലെങ്കില്‍ അയാള്‍ പുറത്തു പോകും. ഇതിന്റെ അടിസ്ഥാനം അതാണല്ലോ. മതാധിഷ്ഠിതമായി പൗരത്വം സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭരണഘടനയ്ക്ക് നൂറു ശതമാനവും എതിരാണത്. നമ്മുടെ പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഇതിനു വ്യക്തമായ സാമുദായിക കാഴ്ചപ്പാടുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനും പാക്കിസ്താനും ബംഗ്ലാദേശും മാത്രം പറഞ്ഞു? ശ്രീലങ്ക പറയുന്നില്ല. അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ഹിന്ദുക്കളെക്കുറിച്ചു പറയുന്നില്ല. അടിസ്ഥാനപരമായ ആശയം മുസ്ലിങ്ങളെ ഉന്നം വയ്ക്കുക മാത്രമല്ല; ഇന്ത്യ ഹിന്ദുരാഷ്ട്രമാണ് എന്നു ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുക കൂടിയാണ്. നമ്മള്‍ ജനാധിപത്യ മതേതര റിപ്പബ്ലിക്കാണ് എന്നു പറയുന്ന സ്ഥലത്ത് ഈ നിയമത്തിലൂടെ അവര്‍ പറയുന്നത്, അതൊന്നുമല്ല, ഞങ്ങള്‍ ഹിന്ദുരാഷ്ട്രമാണ് എന്നാണ്. ഇത് സവര്‍ക്കര്‍ 1924-ല്‍ പറഞ്ഞ ആശയത്തിന്റെ വിപുലീകരണവും രാഷ്ട്രീയമായ നടപ്പാക്കലുമാണ്. വളരെ അപകടകരമായ ഒരു വ്യവസ്ഥയാണിത്. മറ്റു പല രാജ്യങ്ങളിലും കണ്ടതുപോലെ ആന്തരികമായ സിവില്‍വാറിന്, കൂട്ടക്കൊലയ്ക്ക് സാധ്യതയുള്ള നിയമമാണിത്.

ബിപിൻ റാവത്ത്
ബിപിൻ റാവത്ത്

സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്ന ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലിംവിരുദ്ധമായ ഒരു നിയമഭേദഗതി എന്നാണ് വിമര്‍ശനമെങ്കിലും ചെറുത്തുനില്‍ക്കുന്നത് മുസ്ലിങ്ങള്‍ മാത്രമല്ല. മതേതരവാദികളും മതേതരകക്ഷികളുമെല്ലാമാണ് പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍. എന്നാല്‍ മുസ്ലിം സംഘടനകളില്‍ ചിലത് സ്വന്തം നിലയില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് മുസ്ലിം സമുദായമോ സമുദായ സംഘടനകളോ ഈ സമരത്തില്‍ തനിച്ചു നീങ്ങുകയല്ല വേണ്ടത് എന്ന അഭിപ്രായവും വ്യാപകമാണ്. ഇതിനെ എങ്ങനെ കാണുന്നു?

അങ്ങനെ മതസംഘടനകള്‍ സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. മതത്തിന്റെ പേരിലുള്ള ചെറുത്തുനില്‍പ്പല്ല രാഷ്ട്രീയമായ ചെറുത്തുനില്‍പ്പാണ് ആവശ്യം. പക്ഷേ, വ്യക്തമായും ഒരു മതസ്വഭാവം ഈ നിയമഭേദഗതിക്കുണ്ട്. അതുകൊണ്ട് മതസംഘടനകള്‍ അങ്ങനെ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ അദ്ഭുതമില്ല. ആ സ്വഭാവം മാറ്റാനാണ് മതേതര സംഘടനകളും ചേര്‍ന്നു യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. നിങ്ങള്‍ മാത്രമല്ല, നമ്മളൊന്നിച്ചാണ് സമരം ചെയ്യേണ്ടത് എന്ന സന്ദേശം കാര്യമായി എത്തിക്കാന്‍ കഴിയണം; എത്തിക്കാന്‍ കഴിയുന്നുണ്ട് എന്നാണ് കാണുന്നത്. മതാടിസ്ഥാനത്തിലുള്ള ചെറുത്തുനില്‍പ്പ് ഉണ്ടാകണം എന്നാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്.

കേരളം തുടക്കത്തില്‍ത്തന്നെ കൂട്ടായ പ്രതിഷേധം സംഘടിപ്പിച്ചു. നിയമസഭയില്‍ പ്രമേയം പാസ്സാക്കി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പക്ഷേ, ഗവര്‍ണറുടെ നിലപാട് ഇതിനെല്ലാം എതിരാണ്. അദ്ദേഹം പരസ്യമായിത്തന്നെ രാഷ്ട്രീയം പറയുകയും സര്‍ക്കാരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. ഈ സ്ഥിതിയെ എങ്ങനെ കാണുന്നു?

ഇത് ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിനുള്ള വലിയ ഒരു ദൗര്‍ബ്ബല്യമാണ്. വാസ്തവത്തില്‍ ഗവര്‍ണറുടെ പദവി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നു പല ഗവര്‍ണര്‍മാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. മുന്‍പും ഉണ്ടായിട്ടുണ്ട് ഇങ്ങനെ. ഗവര്‍ണര്‍ സംസ്ഥാന ഭരണത്തലവനാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് അമിതമായ അധികാരങ്ങളുണ്ട് എന്നു പലരും വിശ്വസിക്കുന്നു. പോണ്ടിച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നടത്തിയ ഇടപെടലുകള്‍ കണ്ടതാണല്ലോ. ഗവര്‍ണര്‍ 'ഫിഗര്‍ഹെഡ്' ആണെന്നും ഭരണം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മന്ത്രിസഭയാണ് എന്നും തിരിച്ചറിവ് ഗവര്‍ണര്‍ക്ക് ഉണ്ടായാല്‍ ഈ പ്രശ്‌നമുണ്ടാകില്ല. പക്ഷേ, ഗവര്‍ണര്‍മാര്‍ പലരും വ്യക്തിപരമായ ദൗര്‍ബ്ബല്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ അധികാരം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഗവര്‍ണര്‍ പദവി വേണോ എന്നുതന്നെ ആലോചന ആവശ്യമാണ്. അവര്‍ക്കു ഭരണത്തില്‍ വലിയ റോളൊന്നുമില്ല. സന്തുലനം എന്ന നിലയിലാണ് അങ്ങനെയൊരു ഭരണഘടനാ പദവി ഉണ്ടായത്. പക്ഷേ, വര്‍ഷങ്ങളായപ്പോള്‍ നമ്മുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ഗവര്‍ണര്‍ പദവി വേണോ എന്നു വീണ്ടുവിചാരം ചെയ്യേണ്ടതായിരുന്നു എന്നു തോന്നുന്നു.

അതാതു കാലത്തെ കേന്ദ്രഗവണ്‍മെന്റിന്റെ രാഷ്ട്രീയ ആയുധമായി വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പദവി ഉപയോഗിക്കപ്പെടുന്നു എന്ന വിമര്‍ശനത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്?

അതെ. കേന്ദ്രവും സംസ്ഥാന ഗവണ്‍മെന്റും വെവ്വേറെ പാര്‍ട്ടികളുടേതാണ് എങ്കില്‍ ഉറപ്പായും അങ്ങനെ സംഭവിക്കുന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. രണ്ടു ഗവണ്‍മെന്റും ഒരു പാര്‍ട്ടിയുടേതു തന്നെയാണ് എങ്കില്‍ ഗവര്‍ണര്‍ പ്രാധാന്യമില്ലാത്ത ഒരാളായി മാറുകയാണ് ചെയ്യുക.

ഇടതുപക്ഷവുമായി ചേര്‍ന്നുള്ള പ്രതിഷേധത്തിന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്നുണ്ടായ എതിര്‍പ്പും അതിനു കേന്ദ്ര നേതൃത്വം നല്‍കിയ പിന്തുണയും യോജിച്ച പ്രക്ഷോഭങ്ങള്‍ക്കു തിരിച്ചടിയായി എന്ന് വിലയിരുത്താന്‍ കഴിയുമോ?

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ ശക്തികളും ഒന്നിച്ചു ചേരേണ്ടത് ആവശ്യമാണ്. ഫാസിസം എന്നതു വളരെ ശക്തമായ ഒന്നാണ്. അതിനെ ഫലപ്രദമായി എതിര്‍ക്കണമെങ്കില്‍ കൂട്ടായ ശക്തിയുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു. അത് ഇല്ലാത്ത സ്ഥലത്താണ് ആ വിടവ് ഉപയോഗിച്ച് ഫാസിസത്തിന് ഉയര്‍ന്നുവരാന്‍ സാധിക്കുന്നത്. ഇടതുപക്ഷവും യു.ഡി.എഫും ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത് വളരെ പോസിറ്റീവായ കാര്യമായിരുന്നു. പക്ഷേ, കേരളത്തില്‍ രണ്ടു മുന്നണികളുടേയും രാഷ്ട്രീയ താല്പര്യങ്ങള്‍ വ്യത്യസ്തമാണ്. അതു കണക്കിലെടുത്തുകൊണ്ടുതന്നെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കഴിയണം. ഇവിടെ സംഭവിച്ചതു നല്ല കാര്യമാണ്. മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ഈ വിഷയത്തിന്റെ അഖിലേന്ത്യാ സ്വഭാവം മനസ്സിലാക്കിയിട്ടുണ്ടാകില്ല. കേരളത്തിന്റെ മാത്രം പ്രശ്‌നമായി ഇതിനെ കണ്ടുകൂടാ. ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ വരുമ്പോള്‍ കേരളം ഒരു തുരുത്തായി വേറിട്ടുനില്‍ക്കുകയൊന്നുമില്ല. അതിന്റെ പ്രത്യാഘാതം ഇവിടെയും ഉണ്ടാകാതിരിക്കില്ല. അതുകൊണ്ട് ഫാസിസത്തെ ചെറുക്കേണ്ടത്, ഹിന്ദുരാഷ്ട്രത്തെ ചെറുക്കേണ്ടത് എല്ലാ മതേതര ജനാധിപത്യ കക്ഷികളുടേയും കര്‍ത്തവ്യമാണ്; ജനങ്ങളോടുള്ള കര്‍ത്തവ്യം.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ പിന്‍മുറക്കാരായി ആക്ഷേപിക്കപ്പെടുന്ന സംഘപരിവാര്‍ ഇപ്പോള്‍ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു, ഗാന്ധിജിയെ അവര്‍ ഏറ്റെടുക്കുന്നു. സമാന്തരമായി ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മതാധിഷ്ഠിത പൗരത്വം പോലുള്ള കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. മതേതര കക്ഷികളുടെ പരാജയമാണോ ഇത്?

ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയ്ക്കു പല കാരണങ്ങളുമുണ്ടെങ്കിലും അവര്‍ ബോധപൂര്‍വ്വം ചെയ്തിട്ടുള്ള രണ്ടു കാര്യം വ്യക്തമായി കാണാന്‍ കഴിയും. ഒന്ന്, ഭൂതകാലത്തെ സ്വാംശീകരിക്കുക. ആദ്യം മുതല്‍ത്തന്നെ ചരിത്രത്തെ ഹിന്ദുക്കളുടെ ചരിത്രമാക്കി മാറ്റാനുള്ള ശ്രമമാണ് അവര്‍ നടത്തിയിട്ടുള്ളത്. അതു വ്യാപകമായും സംഘടിതമായും ചെയ്തിട്ടുള്ളതാണ്; ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഇന്ത്യയുടെ പൈതൃകം എന്നത് ഹിന്ദുക്കളുടെ പൈതൃകമാണ്, അതു ഞങ്ങളുടെ പൈതൃകമാണ് എന്നു കാണിക്കാനുള്ള ശ്രമം. രണ്ടാമത്തെ കാര്യം, സംഘ്പരിവാറിന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അങ്ങനെയൊന്നു സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നു എന്നതാണ്. പല നേതാക്കന്മാരേയും ഹിന്ദു നേതാക്കന്മാരാക്കി ചിത്രീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തന പൈതൃകത്തെ സ്വാംശീകരിക്കാനുള്ള ശ്രമം. അത് വളരെ ആസൂത്രിതമായി ചെയ്യുന്ന കാര്യമാണ്. പ്രാദേശികമായി ഓരോ ഗ്രാമത്തിന്റേയും ചരിത്രമെഴുതി അത് ഹിന്ദുക്കളുടെ ചരിത്രമാക്കി അവതരിപ്പിക്കുന്ന സംഘടനയുണ്ട് അവര്‍ക്ക്. നാഗ്പൂരാണ് അതിന്റെ ആസ്ഥാനം. ഇന്നിപ്പോള്‍ സംഘികളോടു ചോദിച്ചാല്‍ അവര്‍ക്ക് നമ്മള്‍ പറയുന്ന ചരിത്രമറിയില്ല. അവര്‍ പറയുന്ന ഒരു ചരിത്രമുണ്ട്. അതാണ് ശരിയെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പൈതൃകം ഹിന്ദു പൈതൃകമാണ് എന്നു വരുത്താനുള്ള ശ്രമത്തില്‍ ഒരു പരിധിവരെ അവര്‍ വിജയിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് 1947-നു ശേഷം ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി ഉണ്ടായ ശക്തമായ മധ്യവര്‍ഗ്ഗത്തിന് അരക്ഷിതമായ ഒരു ഹിന്ദു ഭൂതകാലം സംഘപരിവാര്‍ സൃഷ്ടിച്ചുകൊടുത്തു. വാസ്തവത്തില്‍ സംഘ്പരിവാറിന്റെ ആശയത്തിനു പ്രചാരണം നല്‍കാന്‍ സ്വീകരിച്ച ഒരു രീതി അതാണ്. അതിന്റെ ഭാഗമായി ആര്‍.എസ്.എസ്സുകാര്‍ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയുമൊക്കെ അവരുടേതാക്കി മാറ്റി. ഹിന്ദു അവബോധം ആസൂത്രിതമായി ഉണ്ടാക്കിയെടുത്തു. ഈ മധ്യവര്‍ഗ്ഗത്തില്‍ എല്ലാവരും വര്‍ഗ്ഗീയവാദികളാകണം എന്നൊന്നുമില്ല. അവര്‍ മുസ്ലിമിനും ക്രിസ്ത്യാനിക്കും എതിരാകണമെന്നുമില്ല. പക്ഷേ, ഞങ്ങളുടെ സംസ്‌കാരം ഇതാണ് എന്ന മട്ടില്‍, ഞങ്ങളെ താഴ്ത്തിക്കെട്ടാന്‍ അനുവദിക്കില്ല എന്ന തരത്തിലുള്ള ഒരു വികാരം കൊണ്ടുനടക്കുന്നവരാണ്. അവരാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ. അവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ വളരെ സഹായിച്ചിട്ടുണ്ട്.

ഇന്ത്യാ വിഭജനഘട്ടത്തില്‍ പാക്കിസ്താനെ സ്വീകരിക്കാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കാന്‍ തീരുമാനിച്ച മുസ്ലിങ്ങള്‍ക്ക് രാജ്യത്തെ മതേതരമാക്കി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടല്ലോ. ആ മുസ്ലിങ്ങളെ വര്‍ഗ്ഗീയമായി ഉന്നംവയ്ക്കുന്നതില്‍നിന്നു രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള ദൗത്യം അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് വേണ്ടവിധം നിര്‍വ്വഹിച്ചില്ല എന്നു തോന്നുന്നുണ്ടോ?

മുസ്ലിങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല എന്നതു പ്രധാനമാണ്. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്ലിങ്ങളുടെ സാമ്പത്തിക വളര്‍ച്ച മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴ്ന്ന നിലയിലാണ്. അതൊരു വലിയ ഘടകമായി തോന്നുന്നു. പലയിടത്തും മുസ്ലിങ്ങളുടെ വിദ്യാഭ്യാസം സാമ്പ്രദായിക വിദ്യാഭ്യാസമാണ്. ആധുനിക വിദ്യാഭ്യാസത്തിലേയ്ക്ക് മറ്റു വിഭാഗങ്ങളെപ്പോലെ വേണ്ടത്ര വരാന്‍ അവര്‍ക്കു സാധിച്ചില്ല. അതിന് ഒരു കാരണം മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ച മുസ്ലിങ്ങളുടെ ഇടയില്‍ താരതമ്യേന ദുര്‍ബ്ബലമായിരുന്നു എന്നതാണ്. അതുകൊണ്ട് എല്ലാവിധ സാധ്യതകളിലും അവര്‍ക്ക് വളരെ കുറഞ്ഞ നിലയിലേ പങ്കെടുക്കാന്‍ സാധിച്ചുള്ളു. അതുകൊണ്ട് ഉണ്ടായ പിന്നാക്കാവസ്ഥ സാധാരണക്കാരായ മുസ്ലിങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ബ്രീട്ടീഷ് ഭരണം മുസ്ലിങ്ങള്‍ക്ക് എതിരായിരുന്നു. അതുകൊണ്ട് ആ കാലത്ത് അവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടിയില്ല. 1947-നു ശേഷവും അതു തുടര്‍ന്നു. കാര്യമായ മാറ്റം വരുത്താന്‍ സ്വതന്ത്ര ഇന്ത്യയിലെ ഭരണങ്ങള്‍ക്കു കഴിഞ്ഞില്ല. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അവരുടെ രാഷ്ട്രീയ ശാക്തീകരണത്തേയും ബാധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

സംഘപരിവാറിന്റെ പ്രഖ്യാപിത അജന്‍ഡയില്‍ അടുത്തത് ഏക സിവില്‍കോഡ് ആണല്ലോ. പൗരത്വ നിയമ ഭേദഗതിയോട് ഉണ്ടായ ശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എന്തായിരിക്കാം ഇക്കാര്യത്തിലെ സമീപനം?

ഹിന്ദുത്വ രാഷ്ട്രീയം പല ഘട്ടങ്ങളായാണ് വികസിപ്പിച്ചുകൊണ്ടുവന്നത്. ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി ഹിന്ദു എന്ന ആശയം സൃഷ്ടിക്കലായിരുന്നു ആദ്യത്തെ ഘട്ടം. അതുകഴിഞ്ഞ് ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ അവര്‍ കിട്ടിയ എല്ലാ സന്ദര്‍ഭങ്ങളേയും അവസരങ്ങളേയും ഉപയോഗിച്ചു. കേന്ദ്രത്തില്‍ ഭരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞപ്പോള്‍ ആ അവസരം വളരെ നന്നായി ഉപയോഗിച്ചു. വി.പി. സിംഗ് അവരെ കൂടെക്കൂട്ടിയത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന തര്‍ക്കത്തിലേക്ക് ഇപ്പോള്‍ നമുക്കു പോകണ്ട. പക്ഷേ, ഹിന്ദു വര്‍ഗ്ഗീയതയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമായിരുന്നു അത്. അതായിരുന്നു മൂന്നാമത്തെ ഘട്ടം. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സ്വന്തം ഗവണ്‍മെന്റായിരുന്നു നാലാമത്തെ ഘട്ടം. അധികാരം കൈയാളാന്‍ തങ്ങള്‍ക്കു സാധിക്കും എന്നുറപ്പായി. ആര്‍.എസ്.എസ് കൂടുതല്‍ സജീവമായി. ഒന്നാം മോദി ഗവണ്‍മെന്റ് നോട്ടുനിരോധനവും ജി.എസ്.ടിയും നടപ്പാക്കിയതാണ് മറ്റൊരു ഘട്ടം. ജി.എസ്.ടി വലിയ ആശയക്കുഴപ്പമാണ് ആളുകളിലുണ്ടാക്കിയത്. സാമ്പത്തിക ഏകീകരണം എന്നത് രാഷ്ട്രീയ ഏകീകരണത്തിനുള്ള ഫാസിസത്തിന്റെ ആദ്യ ചുവടുവയ്പാണ്. അതൊരു സാമ്പത്തിക നടപടി മാത്രമല്ല, അതിനൊരു രാഷ്ട്രീയ മാനമുണ്ട്. അപ്പോഴൊന്നും കാര്യമായ പ്രതിഷേധം ഉയര്‍ന്നില്ല. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് അതിന്റെ തൊട്ടടുത്ത ഘട്ടം. വാസ്തവത്തില്‍ വളരെ വലിയ പ്രതിഷേധം ഉണ്ടാകേണ്ടതായിരുന്നു. ഉണ്ടായില്ല. അതുകഴിഞ്ഞുള്ള ഒരു ഘട്ടമാണ് ഇപ്പോഴത്തേത്. വളരെ ആലോചിച്ചുകൂട്ടിയുള്ള ചുവടുവയ്പായാണ് തോന്നുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും ഹിന്ദു ഏകീകരണം ഉണ്ടാക്കാനും സാധിക്കുമെന്നു പ്രതീക്ഷിച്ചു വച്ച ചുവട്. പൂര്‍ണ്ണമായ ഫാസിസ്റ്റു ഭരണം വരുന്നതിന്റെ തൊട്ടുമുന്‍പുള്ള സ്റ്റെപ്പാണിത്. ഭരണത്തിന്റെ കാല്‍വയ്പ് ഈ ദിശയിലാണ് പോകുന്നത്. അതു ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനനുസരിച്ചു പ്രതിരോധം സൃഷ്ടിക്കാനും കഴിയില്ല.

കേരളത്തില്‍ ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചുവരുന്നു. എന്നാല്‍, ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രചാരണത്തിലും കേരളത്തില്‍ അവര്‍ കൂടുതല്‍ നിരാകരിക്കപ്പെടുന്നതാണ് കാണുന്നത്. തെരഞ്ഞെടുപ്പിലെ അടുത്ത ഘട്ടം വളര്‍ച്ചയ്ക്കും സംഘപരിവാറിന് ഇതു തിരിച്ചടിയാകും എന്നു കരുതുന്നുണ്ടോ?

കുറച്ചു വ്യത്യസ്തമായാണ് ഞാന്‍ ഇതിനെ കാണുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിയേയും പോലെ ബി.ജെ.പിയും പരിഗണിക്കപ്പെടുന്നു. ബി.ജെ.പിയുടെ ആശയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാതെ മറ്റു പാര്‍ട്ടികളെപ്പോലെത്തന്നെ സ്വീകരിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. കേരളത്തിലെ മാധ്യമ ചര്‍ച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് ബി.ജെ.പിക്കാരാണ്. അവര്‍ക്ക് ഉള്ളതില്‍ കൂടുതല്‍ എക്‌സ്പോഷര്‍ ലഭിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സ്വീകരിക്കപ്പെടാനുമുള്ള സാധ്യത വളരെയധികമായി എന്നതാണ് ഇതിലെ നെഗറ്റീവ് വശം. ബി.ജെ.പിക്ക് കേരളത്തില്‍ തുല്യ അവസരം കിട്ടുന്നു. അവര്‍ മറ്റു പാര്‍ട്ടികളെപ്പോലെയല്ല എന്നും വ്യത്യസ്തമായ ഒരു പാര്‍ട്ടിയാണ് എന്നുമുള്ളത് മറയ്ക്കപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com