സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക

ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ് 
സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക

പുരാതന ഗ്രീസിലാണ് 'പൗരത്വം' എന്ന രാഷ്ട്രീയ പ്രയോഗത്തിന്റെ ഉത്ഭവം ചരിത്രം രേഖപ്പെടുത്തുന്നത്. പുരാതന ഗ്രീസില്‍ത്തന്നെയുണ്ടായിരുന്ന നഗരങ്ങളില്‍നിന്നാണ് രാഷ്ട്രമെന്ന സങ്കല്പം ഉണ്ടായിവന്നത് എന്ന് രാഷ്ട്രീയശാസ്ത്രം (Political Science) പഠിപ്പിക്കുന്നു.

'പൗരത്വം' എന്നാല്‍, രാഷ്ട്രത്തിലെ അംഗത്വമാണ്. അവിടത്തെ പൊതുപ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനുള്ള നിയമപരമായ അവകാശവും അംഗീകാരവുമാണത്. നിയമപരമായ ഒരു പദവിയും സ്വത്വവും കൂടിയാണത്. പൗരന്മാര്‍ക്കു മാത്രമേ രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ ഉണ്ടാവുക. അതില്ലാത്തവരെ അഞ്ചാംപത്തി (fifth column) എന്ന് ആക്ഷേപിക്കപ്പെടുന്നു. പൂര്‍ണ്ണമായ അവകാശങ്ങളില്ലെങ്കില്‍ ഒരു വ്യക്തി രണ്ടാംകിട പൗരനോ നിഷ്‌ക്രിയ പൗരത്വമുള്ളയാളോ (Passive Citizenship)  ആയി മാറുന്നു. ആധുനിക ദേശരാഷ്ട്രങ്ങള്‍ വന്നതിനു ശേഷമുണ്ടായതാണ് ഇത്തരത്തിലുള്ള ഒരു പ്രശ്‌നം. 18-ാം നൂറ്റാണ്ട് തുടങ്ങിയ ശേഷമുണ്ടായതാണ് ഈ പ്രതിസന്ധികള്‍. ഭാഷയുടേയും സംസ്‌കാരത്തിന്റേയും ചിലപ്പോഴൊക്കെ വംശത്തിന്റേയും അടിസ്ഥാനത്തില്‍ ദേശരാഷ്ട്രങ്ങള്‍ രൂപം കൊള്ളുന്നുണ്ട്.

ടി.എച്ച്. മാര്‍ഷലിന്റെ Citizenship and Social Class (1963) എന്നതാണ് പൗരത്വത്തെ സംബന്ധിച്ച ആധുനിക കാലത്തെ പ്രസിദ്ധ ഗ്രന്ഥങ്ങളിലൊന്ന്. മാര്‍ഷല്‍ പറയുന്നത് പ്രാഥമിക മുദ്രയാകേണ്ടത് സിവില്‍ അവകാശങ്ങള്‍ എന്നാണ്. അഥവാ പൗരാവകാശങ്ങള്‍-വ്യക്തി സ്വാതന്ത്ര്യം. എന്നാല്‍ മാത്രമേ ഒരു വ്യക്തിക്ക് അഭിപ്രായം, സമ്മേളനം, സഞ്ചാരം, നിയമം, മനസ്സാക്ഷി, സമ്പത്ത് എന്നിവയില്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടായിരിക്കുകയുള്ളൂ. രണ്ടാമതായി മാര്‍ഷല്‍ പറയുന്നത് രാഷ്ട്രീയാവകാശങ്ങള്‍ (Political Rights)  വോട്ടവകാശം, സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയവയാണത്. മൂന്നാമത് സാമൂഹ്യാവകാശങ്ങള്‍, (Social Rights) മനുഷ്യനു സാമൂഹ്യപദവി ഉറപ്പ് നല്‍കുന്നതാണത്.

ദേശരാഷ്ട്രമെന്ന സങ്കല്പത്തില്‍നിന്നുകൊണ്ടാണ് മാര്‍ഷല്‍ തന്നെ ആശയങ്ങള്‍ വിശദീകരിച്ചത്. ഉത്തരാധുനിക ചിന്തയുടേയും ആഗോളവല്‍ക്കരണ കാലഘട്ടത്തിന്റേയും ഫലമായി ദേശീയതകള്‍ അപ്രസക്തമാകുമെന്നുവരെ ചര്‍ച്ചകള്‍ നടന്നിരുന്നു അടുത്തകാലത്തു വരേയും. യൂറോപ്യന്‍ ജ്ഞാനോദയ കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ദേശീയതയും ദേശരാഷ്ട്രവും. യുക്തിബോധത്തിലൂടെ സകല സാമൂഹ്യസംവിധാനങ്ങളേയും വ്യാഖ്യാനിക്കാമെന്ന് ആധുനികത പ്രഖ്യാപിക്കുന്നു. ദേശരാഷ്ട്ര സങ്കല്പത്തെ പരമാധികാരത്തിന്റെ ഒരു പ്രകടിത രൂപമായി അവതരിപ്പിക്കുന്നതും ആധുനിക യുക്തിബോധം തന്നെയാണ്. എല്ലാ വിഷയങ്ങളിലും സാര്‍വ്വലൗകികതയും (Universaltiy) അവകാശപ്പെടുന്നു. എവിടെയാണെങ്കിലും പക്ഷേ, ദേശരാഷ്ട്ര നിര്‍മ്മിതിക്കും ഒരു ഭൂപ്രദേശത്തെ ജനങ്ങളെ ചില മുദ്രകളിലൂടെ അന്യരായി അവതരിപ്പിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും അത് നിരന്തരം സംവാദങ്ങളിലൂടെ പ്രതിവിധികളിലെത്തിക്കുകയും ചെയ്യാം.

ആധുനികതയുടെ മറ്റൊരു ചിന്താരൂപമായ മാര്‍ക്‌സിസത്തില്‍ പൗരത്വം വിമര്‍ശന വിധേയമാണ്. കാരണം, പൗരത്വം മുതലാളിത്തത്തിന്റെ, അസമത്വത്തിന്റെ വര്‍ഗ്ഗാധികാര രൂപമാണ്. ഫെമിനിസ്റ്റുകള്‍ വിമര്‍ശനവിധേയമാക്കാറുള്ളത് ദേശരാഷ്ട്രത്തിന്റെ ആന്തരികവല്‍ക്കരിക്കപ്പെട്ട പുരുഷത്വം അല്ലെങ്കില്‍ ആണ്‍കോയ്മയാണ്. ഇതൊന്നും പക്ഷേ, വര്‍ത്തമാനകാല ദേശരാഷ്ട്രമെന്ന സമഗ്രമായ രാഷ്ട്രീയത്തിന്റെ അനുഭവത്തില്‍നിന്നും നമ്മെ വേര്‍പെടുത്തുന്നില്ല. കാരണം, ജനാധിപത്യമെന്ന മൂല്യവ്യവസ്ഥ സ്വീകരിക്കുമ്പോള്‍ മനുഷ്യര്‍ക്കു രാഷ്ട്രപൗരന്മാരാകുകയോ അന്താരാഷ്ട്ര പൗരന്മാരാകുകയോ ചെയ്യാം.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരാണ് ജനാധിപത്യവും ദേശീയതയും പഠിപ്പിക്കാന്‍ തുടങ്ങിയത്. പാശ്ചാത്യ വിദ്യാഭ്യാസം നേടി തിരിച്ചുവന്ന വ്യക്തികളില്‍ ഗാന്ധിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്, അംബേദ്ക്കറാണ് ഭരണഘടനാശില്പി, നെഹ്‌റുവാണ് നവഭാരത ശില്പി. പാശ്ചാത്യ ആധുനികതയെ ശക്തമായി സ്വീകരിച്ചവരായിരുന്നു അംബേദ്കറും നെഹ്‌റുവും. കാരണം, ഇന്ത്യയെ സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും നയിക്കാന്‍ അതിനു മാത്രമേ കഴിയൂ എന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു. ഇന്ത്യന്‍ ഭരണഘടന എന്ന അതിമഹത്തായ ലിഖിതരേഖ സൃഷ്ടിക്കപ്പെട്ടു. ഒരു ഭീഷണികള്‍ക്കും തകര്‍ക്കാനാവാത്ത ചട്ടക്കൂട് അവര്‍ കണ്ടെത്തിയെങ്കിലും ദുര്‍ബ്ബലമായ വശങ്ങള്‍ കുറച്ച് ഉണ്ടായിരുന്നു. അതു പരിഹരിച്ചത് കേശവാനന്ദ ഭാരതിയും കേരളവും തമ്മിലെ കേസില്‍ സുപ്രീംകോടതി വിധിയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്ത് (Basic tSructure) എന്നു കൃത്യമായി നിര്‍വ്വചിക്കപ്പെട്ടു. 1973-ല്‍ ആണത്. ഭരണഘടനയില്‍ മൗലികമായ അവകാശങ്ങളുണ്ട്. അവയാണ് അടിസ്ഥാന ഘടന. അവയെ പാര്‍ലമെന്റിനു ഭേദഗതി ചെയ്യാനാവില്ല എന്ന വിധി പ്രഖ്യാപിച്ചു അന്ന്. 

പുതിയ പൗരത്വ നിയമഭേദഗതി പ്രകാരമുള്ള പ്രശ്‌നം എന്താണ് എന്നാല്‍, നിലവിലെ ഭരണഘടനയെ അട്ടിമറിച്ചോ ഇല്ലയോ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലാണ് അത്. സത്തയില്‍ അട്ടിമറി, തത്ത്വത്തില്‍ ഇല്ല. കാരണം, ഭരണഘടനാ അടിസ്ഥാനശിലകള്‍ മാറ്റിയിട്ടില്ല. മൗലിക അവകാശങ്ങള്‍ ഇന്ത്യയിലെ പൗരന്മാര്‍ക്കു  മാത്രം അവകാശപ്പെട്ടതാണ്  എന്നിരിക്കെ മുസ്ലിങ്ങള്‍ പൗരത്വരേഖ സമര്‍പ്പിക്കണമെന്നാല്‍ നിലവില്‍ പൗരന്മാരല്ല എന്ന് അര്‍ത്ഥം. അര്‍ഹത പൗരന്മാര്‍ക്ക്. ഒറ്റയടിക്ക് ഒരു സെക്കുലര്‍ ഭരണഘടന അതല്ലാതായി മാറ്റുന്നു- അതാണ് പ്രശ്‌നം. ഒരു സമുദായത്തിനെ മാത്രം ഭരണഘടനാപരമായിത്തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ അപ്രസക്തമാക്കി വഞ്ചിക്കുക. അതീവ തന്ത്രമെന്നു പറയപ്പെടുമെങ്കിലും കുതന്ത്രം, നീചമായ വൃത്തിയെന്ന് സാമാന്യബോധത്താല്‍ മനസ്സിലാക്കാം. ഇന്ത്യയുടെ വര്‍ദ്ധിച്ച ഇസ്രയേല്‍ ബന്ധത്തില്‍നിന്നായിരിക്കാം ഒരുപക്ഷേ, ഈ അടവ് ഇന്നാട്ടിലെത്തിച്ചത്. ഒരു അട്ടിമറി ഭീഷണിയും ഭരണഘടനയെ ബാധിക്കാതെ, ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഒന്നായി മാറുകയുണ്ടായി പ്രസ്തുത കേശവാനന്ദ ഭാരതി കേസ് ഇതുവരെയും.

മുസ്ലിം, ഇസ്ലാം, പൗരത്വം 

മറ്റു സെമിറ്റിക് മതങ്ങളില്‍നിന്നും വ്യത്യസ്തമായി ഇസ്ലാം ഒരു രാഷ്ട്രീയ വ്യവസ്ഥ ഏഴാം നൂറ്റാണ്ടില്‍ത്തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പൗരത്വമെന്ന സങ്കല്പം ദേശരാഷ്ട്ര സൃഷ്ടിയാണെന്നു ചരിത്രം പറയുന്നു. ഇസ്ലാമിന് ഇസ്ലാമിക സമൂഹം (ഉമ്മ:) എന്ന ആശയമാണുള്ളത്. ആധുനിക ദേശരാഷ്ട്ര രൂപീകരണശേഷം ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയില്‍ പൗരത്വമെന്ന സങ്കല്പം മാത്രമല്ല, പഴയ സങ്കല്പങ്ങളെത്തന്നെ വ്യാഖ്യാനിക്കാന്‍ കാര്യമായി ശ്രമിച്ചിട്ടില്ല. ശ്രമിച്ചതില്‍ പ്രമുഖന്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മൗലാനാ മൗദൂദിയാണ്. അതു പക്ഷേ, അതിന്റെ ആദിമരൂപത്തെത്തന്നെയാണ് വ്യാഖ്യാനിച്ചത്. 'ദേശീയത' എന്നതാണ് രാഷ്ട്ര രൂപീകരണത്തിന്റെ സ്രോതസ്സായി 20-ാം നൂറ്റാണ്ട് ദര്‍ശിച്ചത്. ഇന്നും അതിനു മാറ്റം വന്നിട്ടില്ല.

മുഹമ്മദ് ഹാഷിം കമാലിയുടെ-Citizenship and Accountabiltiy of Government: An Islamic Perspective (Cambridge Universtiy: Cambridge 2011)ഗ്രന്ഥത്തില്‍ പറയുന്നത്, ''പൗരത്വം ഇസ്ലാമിക രാഷ്ട്രീയ ചിന്തയില്‍ വരുന്നില്ല. അത് ആധുനിക സൃഷ്ടിയാണ്. അതേ സമയം പൗരത്വം ഇസ്ലാമിക ശരിഅത്ത് നിയമങ്ങള്‍ക്കു വിരുദ്ധമായ ഒന്നുമല്ല. തീവ്ര ദേശീയത ഇസ്ലാമിക മൂല്യങ്ങള്‍ക്കു വിരുദ്ധവുമാണ്. 'ദിമ്മി' (മുസ്ലിം രാഷ്ട്രീയ വ്യവസ്ഥയിലെ മുസ്ലിമേതര വ്യക്തി), ജിസ്യ (മത നികുതി) എന്നിവയെല്ലാം ആധുനിക ദേശരാഷ്ട്രങ്ങളില്‍ അപ്രസക്തമാണെന്നും പറയുന്നു. ഇസ്ലാമിക വിശ്വാസം ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയിലെ അംഗത്വത്തിന് ഉപാധിയായി പ്രവാചകന്‍ മുഹമ്മദ് നിര്‍ദ്ദേശിച്ചിട്ടില്ലായിരുന്നു എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

മറ്റൊരു മികച്ച വ്യാഖ്യാനം 'ദേശരാഷ്ട്രം, ഇസ്ലാം പൗരത്വം' എന്നിവയില്‍ നല്‍കുന്നത് ഹാര്‍വാഡ്, പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റികളില്‍ ഫിലോസഫി പ്രൊഫസറായിരുന്ന അബ്ദുല്‍ കരിം സൊരുഷ് ആണ്. ''മതവും ആധുനികതയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. പക്ഷേ, അവ തമ്മില്‍ സംഘര്‍ഷത്തിലാകേണ്ടതുമില്ല. മതങ്ങള്‍ക്ക് കടമകളുടെ ഭാഷയാണ് സംസാരിക്കാനുള്ളത്.'' അഥവാ അവിടെ വിമര്‍ശനരഹിതമായ വിധേയത്വങ്ങള്‍ക്കാണ് മുന്‍ഗണന. ''ആധുനിക രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത് എല്ലാം അവകാശബന്ധിതമായാണ്. ആധുനിക പൂര്‍വ്വരാഷ്ട്രീയ വ്യവസ്ഥകള്‍ കടമകള്‍ക്കു മുന്‍ഗണന നല്‍കുന്നവയാണ്; യഥാര്‍ത്ഥത്തില്‍ അവകാശങ്ങളുള്ള രാഷ്ട്രീയത്തിലേ സൃഷ്ടിപരമായ എന്തും ഭാവനാത്മകമായി നടക്കുകയുള്ളൂ.''

ആധുനികതയും മതവും എന്നതില്‍ യുക്തിഭദ്രമായ കാഴ്ചപ്പാടുകള്‍ സൊരുഷ് മുന്നോട്ടു വയ്ക്കുന്നു. ''മുസ്ലിങ്ങള്‍ മതപരമായിത്തന്നെ നിയമബന്ധിത സമൂഹമാണ്. അത് ജനാധിപത്യ സമൂഹത്തിനു യഥാര്‍ത്ഥത്തില്‍ അനുകൂലവുമാണ്, കാരണം ജനാധിപത്യം എന്നത് നിയമവാഴ്ചയില്‍ (Rule of Law) ആണ് നിലകൊള്ളുന്നത്. എന്തു ചെയ്യണം, ചെയ്യേണ്ട എന്നത് ജനാധിപത്യ സംവിധാനത്തില്‍ ഒരു വ്യവസ്ഥയാണ്.''

''ഏറ്റവും പ്രധാനം ധാര്‍മ്മികതയാണ്, പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ വന്നത് ധാര്‍മ്മിക നിര്‍മ്മിതിക്കാണ്'' -സൊരുഷ് പറയുന്നു.
ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ ആധുനിക രീതിയില്‍ വ്യാഖ്യാനിച്ചിട്ടില്ലെങ്കിലും മുസ്ലിം സമൂഹം കോളനിയനന്തര രാഷ്ട്രങ്ങളിലാണെങ്കില്‍ അവര്‍ പൗരത്വത്തെ സംബന്ധിച്ച് സ്വയം കര്‍ത്തൃത്വബോധമുള്ളവര്‍ തന്നെയാണ്. മുസ്ലിം സമൂഹം ഇസ്ലാമിന്റെ ചരിത്രപരത നിലനിര്‍ത്തിയാല്‍ പ്രാമാണികമായുള്ള പ്രതിസന്ധിയും പരിഹരിക്കാമെന്ന് സൊരുഷ് പറയുന്നുണ്ട്.

ദേശീയ മുസ്ലിം, മുസ്ലിം ദേശീയവാദം 

ഇന്ത്യന്‍ ദേശീയത എന്ന സങ്കല്പം വളര്‍ന്നു തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടേയുള്ളൂ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിച്ചു താമസിയാതെ മതപരമായ വിയോജിപ്പ് ഹിന്ദു-മുസ്ലിം സമൂഹങ്ങളില്‍ വളര്‍ന്നു. ഒരു ഭാഷ (ഹിന്ദി) ഒരു മതം (ഹിന്ദു) എന്നിവയിലല്ലാതെ യൂറോപ്യന്‍ മാതൃകയിലുള്ള ദേശരാഷ്ട്ര സൃഷ്ടി സാധ്യമല്ലെന്നു ചില യാഥാസ്ഥിതിക ദേശീയ പ്രസ്ഥാനക്കാര്‍ വാദിച്ചു. തങ്ങള്‍ വിവേചനങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്നു എന്ന പേരില്‍ മുസ്ലിം രാഷ്ട്രീയ സ്വത്വം വേണമെന്ന് വാദിച്ചവര്‍ മുസ്ലിം ദേശീയ വാദികളായി പില്‍ക്കാലത്ത് അറിയപ്പെട്ടു. മുഹമ്മദ് അലി ജിന്ന, ലിയാക്കത്ത് അലിഖാന്‍ തുടങ്ങിയവര്‍ പില്‍ക്കാലത്ത് ആ പേരില്‍ അറിയപ്പെട്ടു. പാകിസ്താന്‍ അങ്ങനെ രൂപംകൊണ്ടു.

ഇന്ത്യന്‍ ദേശീയതയില്‍നിന്നുതന്നെ മുസ്ലിം സ്വത്വത്തിനു ജീവിക്കാന്‍ സാധിക്കുമെന്ന വാദം മുന്നോട്ടുവെച്ചത് പ്രധാനമായും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു മുന്നണിപ്പോരാളിയായ അബുല്‍ കലാം ആസാദ് ആണ്. ആസാദ് പറയുന്നു, മതപരമായ ബന്ധം (അഥവാ മുസ്ലിം എന്ന സ്വത്വം) ഭൂമിശാസ്ത്രപരവും സാമ്പത്തികവും ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ക്ക് ഉപരിയായി ജനങ്ങളെ ഒന്നിപ്പിക്കും എന്ന വാദഗതി അവരുടെ മേലുള്ള കൊടുംവഞ്ചനയാണ്.'' പാകിസ്താന്‍ രൂപീകരണം അബദ്ധമാകുമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞുവെച്ചു.

ആസാദിനൊപ്പം നിലകൊണ്ട  എം.എ. അന്‍സാരി, ഡോ. സാക്കീര്‍ ഹുസൈന്‍ എന്നിവര്‍ ദേശീയ മുസ്ലിങ്ങള്‍ എന്നറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദേശീയതയില്‍ ലയിക്കുക എന്നത് ഒരു മുസ്ലിം ചോയ്‌സ് തന്നെയായിരുന്നു എന്നാണ് ചരിത്രത്തില്‍ ഇന്ത്യ രേഖപ്പെടുത്തുന്നത്. അഥവാ മുസ്ലിം ദേശീയത (ഇസ്ലാമിക ദേശീയത)യല്ല, ഇന്ത്യന്‍ മുസ്ലിം എന്ന ദേശീയ മുസ്ലിം. കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ഇ. മൊയ്തു മൗലവി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആ വിഭാഗത്തിലെ ചിലര്‍ മാത്രം.

എഴുത്തുകാര്‍, കവികള്‍ ഇവര്‍ മിക്കപ്പോഴും കാലത്തിനു മുന്നേ സഞ്ചരിക്കുകയും അത് മനസ്സില്‍നിന്നും എടുത്തെഴുതുകയും ചെയ്യാറുണ്ട് എന്നു പറയാറുണ്ട്. 1960-കളില്‍ ഒരു പംക്തിയില്‍ ബഷീര്‍ എഴുതി: സുഹൃത്ത് രാമചന്ദ്രന്‍ ബഷീറിനോട് ചോദിക്കുന്നു, ''ഇവിടെയുള്ള മുസ്ലിങ്ങളെല്ലാം പാകിസ്താനിലേയ്ക്ക് പൊയ്‌ക്കൊള്ളണം എന്ന ഒരു നിയമം വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും?'' 'മതിലുകള്‍' കണ്ടവര്‍ക്ക് കുറച്ചറിയാം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ബഷീര്‍ വഹിക്കുന്ന പങ്ക്. അദ്ദേഹത്തിന്റെ 'ധര്‍മ്മരാജ്യം' തിരുവിതാംകൂര്‍ നിരോധിച്ചു കണ്ടുകെട്ടിയ കൃതിയാണ്. ആ ബഷീര്‍ പറയുന്നു: ''അങ്ങനെ ഒരു നിയമം വന്നാല്‍, ഞാന്‍ മൂന്നു പേരുകള്‍ എനിക്ക് കണ്ട് വെച്ചിട്ടുണ്ട്. അത് സ്വീകരിക്കും. പേരുകള്‍ താഴെ പറയുന്നവയാണ്:-
1. വൈക്കം മമ്മട ഭട്ടാചാര്യര്‍
2. വൈ.യം.ബി. നമ്പൂതിരിപ്പാട്.
3. വൈ.മു.ബ. പണിക്കര്‍.
(നേരും നുണയും 1960)
ഗോള്‍വര്‍ക്കറിന്റെ വിചാരധാര 'We or one Nationhood' തുടങ്ങിയവ ബഷീര്‍ വായിച്ചിരിക്കാം. ഈ മനോനില കളിയായിട്ടാണെങ്കിലും സ്വീകരിച്ചത് അങ്ങനെയാകാം.

ലദീദ ഫര്‍സാന, ആയിഷ റെന്ന                                                               
ലദീദ ഫര്‍സാന, ആയിഷ റെന്ന                                                               

ആയിഷ റെന്നയും ലദീദയും എന്താണ് പറയുന്നത്? 

ആയിഷ റെന്ന, ലദീദ ഫര്‍സാന എന്നീ ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തിയ ചില ശബ്ദങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്നുണ്ട്. പൗരത്വ സമരത്തിന്റെ ഒപ്പം മതാധിഷ്ഠിത മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതാണ് ഇവിടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് ഇവര്‍ ഇപ്പോള്‍ പറയുന്നത് കേവലമായ സ്വത്വ രാഷ്ട്രീയമല്ല എന്നുള്ളതാണ്. കാരണം, ഇന്ത്യന്‍ ഭരണഘടന തന്നെ സ്വത്വ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നു തുറന്ന് പ്രഖ്യാപിക്കുന്ന ഇന്‍ക്ലൂസീവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ആണ്. മൗലിക അവകാശങ്ങള്‍ എന്ന അടിസ്ഥാന ഘടനയില്‍ത്തന്നെ അതു കാണാവുന്നതാണ്.
ഈ വിദ്യാര്‍ത്ഥിനികള്‍ അടിവരയിട്ടു പറയുന്നതാണ് ഈ സമരം ഇന്ത്യന്‍ ജനതയുടെ സമരമാണ്, ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണ് എന്നിങ്ങനെയുള്ള പ്രസ്താവനകള്‍. ഇന്ത്യന്‍ ഭരണഘടന മതേതര ലിബറല്‍ ജനാധിപത്യ ഭരണഘടനയാണ്. സ്വവര്‍ഗ്ഗരതിയും വിവാഹേതര ബന്ധങ്ങളും കാര്യമായ പ്രതിഷേധങ്ങളൊന്നും ഇല്ലാതെ പാസ്സാക്കിയിട്ടുള്ള ഭരണഘടനയാണ് ഇത് എന്ന് ഓര്‍ക്കണം. അപ്പോള്‍ ഒന്നാമത്തെ പ്രശ്‌നം അവിടെ തീരുന്നു.

സ്വത്വ പ്രഖ്യാപനത്തിന്  (Identtiy Assertion) ഭരണഘടനാ മൗലികമായിത്തന്നെ വ്യക്തികള്‍ക്ക് അവകാശപ്പെടുത്തി നല്‍കിയിരിക്കുന്നു എന്നു പരാമര്‍ശിച്ചിരുന്നു ആദ്യം. എന്നാല്‍, മൗലിക അവകാശങ്ങളിലെ പ്രഖ്യാപനങ്ങള്‍പോലും സന്ദര്‍ഭോചിതമായാണ് വിനിയോഗിക്കേണ്ടത് എന്ന് ഈ ഭരണഘടന തന്നെ പറയുന്നു. അഥവാ പൊതു സാമൂഹ്യ സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. അടുത്തതായി മതാധിഷ്ഠിത മുദ്രാവാക്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടില്ലേ എന്ന ചോദ്യം. ആയിഷ റെന്ന പറയുന്നത് അത്തരം മുദ്രാവാക്യങ്ങള്‍ 'Identtiy Assertion' എന്നാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരമാണ് എങ്കിലും അത്തരം മുദ്രാവാക്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം. കാരണം, അടുത്തകാലത്തായി അറബ് ലോകത്ത് ഭീതി ജനിപ്പിച്ച ഭീകരസംഘമായ, നിഗൂഢതയുടെ മറ്റൊരു രൂപമായ ഐ.എസ് കാലത്തിനും ദേശത്തിനും അപ്പുറമാണെങ്കിലും ഇസ്ലാമിന്റെ മുദ്രാവാക്യങ്ങള്‍ കൊടിയിലും അല്ലാതെയും ഉപയോഗിച്ചിരുന്നു. അത് കണ്ടിട്ടുള്ളവര്‍ക്ക് ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഐ.എസ്. ഭീകരതയുടെ ദൃശ്യങ്ങള്‍ 'ഇസ്ലാമോ ഫോബിയ-മുസ്ലിം ഫോബിയ' സൃഷ്ടിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്.

അടുത്ത പ്രശ്‌നം 'ഏഷ്യാനെറ്റ് ന്യൂസ് ഇന്റര്‍വ്യൂ'വില്‍ ആയിഷ റെന്ന ചോദിക്കുന്നത് ''മുസ്ലിങ്ങളും ദളിതരും ക്രിസ്ത്യനും ഹിന്ദുക്കളും അവരുടെ സ്വത്വം അസേര്‍ട്ട് ചെയ്ത് സംസാരിക്കട്ടെ'' എന്നാണ്. അതിനെയെല്ലാം ഇന്‍ക്ലൂസിവായി കൊണ്ടുപോകുന്നതാണ് ഡെമോക്രസിയെന്നും റെന്ന പറയുന്നു. ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ ഒരു വിപത്ത് പതിയിരിക്കുന്നത് ഇവര്‍ അറിയുന്നില്ല. ദളിതര്‍, മുസ്ലിം ക്രിസ്ത്യന്‍സ്, സിഖ് തുടങ്ങിയവര്‍ ഭരണഘടനാ പദവിയുള്ള ന്യൂനപക്ഷങ്ങളാണ്.

ഹൈന്ദവ ഭൂരിപക്ഷ സ്വത്വവും അസേര്‍ട്ട് ചെയ്തുകൊണ്ട് പോകാമെന്ന് പറഞ്ഞാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസവും തുല്യമെന്ന് വരുന്നു. ഈ ഭൂരിപക്ഷ സ്വത്വമെന്നത് സ്വാഭാവികമായും ചെന്നെത്തുന്നത് ചാതുര്‍വര്‍ണ്ണ്യത്തിലും മനുസ്മൃതിയിലുമാണ്. ജയ്ശ്രീറാം വിളിയും ഇവിടെ നിയമ വിധേയമെന്ന് വാദിക്കാം. ഈ ചാതുര്‍വര്‍ണ്ണ്യ മനുസ്മൃതി പുന:സ്ഥാനമെന്നാല്‍ മേല്‍ പ്രസ്താവിച്ച ന്യൂനപക്ഷങ്ങളെ മ്ലേച്ചരായും അധമരായും മാറ്റിയെടുക്കുക എന്നതാണ് അര്‍ത്ഥം. നാലുവര്‍ണ്ണത്തിനു പുറത്തുള്ളവരാണ് ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായങ്ങളും. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, മതേതരവിരുദ്ധമായ നടപടിയായിരിക്കും ആ സ്വത്വത്തിന്റെ അസേര്‍ഷനിലൂടെ സാധ്യമാവുക. ആ ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വ്യക്തമായ വീണ്ടെടുപ്പാണ് ഈ സി.എ.എ., എന്‍.ആര്‍.സി എന്ന രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക.

വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നവർ
വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് പലായനം ചെയ്യുന്നവർ

മതേതരത്വമെന്നത് ഇന്ന് ആവശ്യമോ അല്ലയോ എന്ന ചോദ്യം തന്നെ അപ്പോള്‍ അപ്രസക്തമാകുന്നു. കാരണം, ഇന്ത്യയ്ക്ക് മതേതരത്വമല്ലെങ്കില്‍ ബ്രാഹ്മണിക് വംശാധിപത്യ വ്യവസ്ഥയാണ് ബദല്‍. നാസിസത്തിനു സമാനം. മതേതരത്വം ഇന്ത്യയ്ക്ക് അടിയന്തരമായി വേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഉടന്‍ അംബേദ്കര്‍ക്കും  നെഹ്‌റുവിനും ബോധ്യപ്പെട്ടു. പക്ഷേ, ഗാന്ധിജിക്കു മനസ്സിലാകാന്‍ ദശകങ്ങളുടെ ഇന്ത്യയിലെ ഗ്രാമീണ-നഗരജീവിതങ്ങളുടെ അനുഭവങ്ങളുടെ തീക്ഷ്ണത തന്നെ വേണ്ടിവന്നു. പാര്‍ലമെന്ററി ജനാധിപത്യത്തേയും ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് അതുമാത്രം ബദല്‍ എന്ന തിരിച്ചറിവിലേയ്ക്ക് വന്നു ഗാന്ധി.

ഇന്ന് ലോകത്ത് മതേതരത്വത്തെ സംബന്ധിച്ച് നിരവധി സംവാദങ്ങള്‍ നടക്കുന്നുണ്ട്. പോസ്റ്റ് സെക്കുലര്‍ ജീവിതങ്ങളെക്കുറിച്ച് ജര്‍മ്മന്‍ ചിന്തകന്‍ എഴുതിയിട്ട് ഒരു വ്യാഴവട്ടത്തിലേറെയായി. തലാല്‍ അസദിന്റേയും ചാള്‍സ് ടൈലറുടേയും പഠനങ്ങള്‍ പ്രസിദ്ധമാണ്. തലാല്‍ അസദിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് 'Formations of the Secular, Christiantiy, Islam and Moderntiy.' മതത്തേയും മതേതരചിന്തകളുടെ വംശാവലി ചരിത്രങ്ങളേയും ലിബറല്‍ ജനാധിപത്യത്തിന്റെ വീഴ്ചകള്‍ സംഭവിക്കുന്നതിനെക്കുറിച്ച് അതിസൂക്ഷ്മമായ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ അസദ് നടത്തുന്നത് എന്നിരിക്കെ മതേതര ലിബറല്‍ ജനാധിപത്യത്തെ ഉപേക്ഷിക്കണമെന്നോ മതരാഷ്ട്രീയത്തെ ബദലാക്കണമെന്നോ അസദ് പറഞ്ഞുവെയ്ക്കുന്നില്ല. ആധുനിക പൂര്‍വ്വ മതാധിഷ്ഠിത രാഷ്ട്രങ്ങളിലുണ്ടായിരുന്ന മൂല്യവ്യവസ്ഥകളും സ്ഥാപനരൂപങ്ങളും രൂപാന്തരം പ്രാപിച്ചതാണ് ഇന്നത്തെ ആധുനിക ദേശരാഷ്ട്രങ്ങളിലുമുള്ളത് എന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുണ്ട്. അസദ് വിമര്‍ശനങ്ങളാകെയും അമേരിക്കയിലെ സര്‍വ്വകലാശാലകളിലിരുന്നുകൊണ്ടാണ് നിര്‍വ്വഹിക്കുന്നത്. മതേതര  ജനാധിപത്യ വ്യവസ്ഥയ്ക്ക് വളരെയധികം വികസനക്ഷമതയും സ്വയം നവീകരണശേഷിയുമുണ്ട്. ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ്. അതിനെ മറികടക്കാനുള്ള ശേഷി ജനലക്ഷങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്കുണ്ട് എന്നത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ചരിത്ര നിമിഷങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com