'യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ടായിരത്തിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ആ കച്ചകള്‍ ഒരു കേടുമില്ലാതെ അവശേഷിക്കുന്നു'- ദുരൂഹതയില്‍ പൊതിഞ്ഞ തിരുക്കച്ച

പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ഷ്രൗഡ് ആണ് ടൂറിനിലേതെന്ന ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ നിലനില്‍ക്കെത്തന്നെ, അതിലുള്ള യേശുക്രിസ്തുവിന്റെ പ്രതിഛായയുടെ അസാധാരണമായ ആവഹനശക്തി കാത്തുസൂക്ഷിക്കേണ്ടതാണ്
ട്യൂറിൻ കച്ച
ട്യൂറിൻ കച്ച

   
മൃതദേഹം സംസ്‌കരിക്കുന്നതിനു മുന്‍പ് തുണിക്കഷണത്തില്‍ പൊതിയുന്ന പാരമ്പര്യം യൂഹൂദരുടെയിടയില്‍ സര്‍വ്വസാധാരണമായിരുന്നു. ശരിക്കും ആശ്ചര്യജനകമായ കാര്യം യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ടായിരത്തിലേറെ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ആ കച്ചകള്‍ കേടുപാടൊന്നുമേശാതെ അവശേഷിക്കുന്നു എന്നതത്രേ. അതിനു ഉപോല്‍ബലകമായി ട്യൂറിന്‍ കത്തീഡ്രലില്‍ നൂറ്റാണ്ടുകളായി സംരക്ഷിച്ചുവരുന്ന ഷ്രൗഡ് നമ്മോടൊപ്പമുണ്ട്. യേശുക്രിസ്തു എന്ന ചരിത്രപുരുഷനുമായി അതു നമ്മെ ബന്ധിക്കുന്നു. മാത്രമല്ല, അതില്‍ പതിഞ്ഞുകാണുന്ന താടിക്കാരനും ശരീരമാസകലം മുറിവേറ്റവനുമായ മനുഷ്യന്റെ ചിത്രം ശരിക്കും യേശുവിന്റെ തന്നെയാവാം. അദ്ദേഹം മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസം സത്യമാണെന്നാവാം അതു സൂചിപ്പിക്കുന്നത്. ആ തുണിക്കഷണത്തില്‍ കാണുന്ന ഇമേജ് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷത്തില്‍ അദ്ഭുതകരമായി കച്ചയില്‍ പതിഞ്ഞതാണെന്നും വരാം. നേരെമറിച്ച്, ഏതോ മധ്യയുഗ കലാകാരന്‍ ബോധപൂര്‍വ്വം നടത്തിയ വന്‍ തട്ടിപ്പാണിതെന്നു ആണയിട്ടു പറയുന്ന അനേകരുണ്ട്. അതിനെപ്പറ്റി ഭിന്ന കാഴ്ചപ്പാടുകളില്‍നിന്നു ഭിന്ന വ്യക്തികള്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ അതിവിപുലമായ അറിവുകള്‍ നമുക്കു ലഭിക്കും.

സിന്തോളജി എന്ന പേരില്‍ അറിയപ്പെടുന്ന ആ ശാസ്ത്രം ഇപ്പോള്‍ നമ്മുടെ മുന്‍പിലുണ്ട്. സിന്തോണ്‍ എന്നത് കച്ച-വസ്ത്രം എന്നര്‍ത്ഥമുള്ള ഗ്രീക്ക് പദമാണ്. സിന്തോളജി കച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രവും. ഭാരതീയ സംസ്‌കാരത്തിന്റെ വികാസപരിണാമങ്ങളില്‍ സംസ്‌കൃതഭാഷ വഹിച്ച പങ്കിനു സമാനമായി പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ ഗ്രീക്കുഭാഷയും പങ്ക്ു വഹിച്ചിട്ടുണ്ട്.

'നസ്രായനായ യേശു യൂദന്മാരുടെ രാജാവ്' എന്നൊരു ശീര്‍ഷകം യേശുവിനെ വധിക്കാന്‍ ഉപയോഗിച്ച കുരിശിന്റെ തലപ്പത്ത് ഹീബ്രു, ലത്തീന്‍, ഗ്രീക്ക് എന്നീ ഭാഷകളില്‍ എഴുതിവയ്ക്കാന്‍ പീലാത്തോസ് നിര്‍ദ്ദേശിച്ചിരുന്നു. (യോഹ 9 : 25)

ട്യൂറിന്‍ ഷ്രൗഡിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍ നമ്മെ അഭിമുഖീകരിക്കുന്ന ഒരു കണ്ടെത്തല്‍ ഇറ്റലിയുടെ രാജാവായിരുന്ന ഉമ്പേര്‍ത്തോ രണ്ടാമന്‍ 1946-ല്‍ അതിന്റെ ഉടമസ്ഥനായിരുന്നു എന്നതത്രേ. അതിന്റെ ആധികാരികത സഗൗരവം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അതിനും പുറമേ ഒരു ബ്രിട്ടീഷ് മ്യൂസിയം സൂക്ഷിപ്പുകാരന്‍ 14-ാം നൂറ്റാണ്ടിനു മുന്‍പ് ഇങ്ങനെയൊരു തിരശ്ശീലയേയില്ലെന്നു പ്രസ്താവിച്ചതായി രേഖയുണ്ട്. 1950-കളിലായിരുന്നു അത്.

കച്ച സൂക്ഷിച്ചിരിക്കുന്ന ട്യൂറിനിലെ സെന്റ്. ജോൺ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രൽ
കച്ച സൂക്ഷിച്ചിരിക്കുന്ന ട്യൂറിനിലെ സെന്റ്. ജോൺ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രൽ

എത്ര വലിപ്പമുള്ള ആളായിരുന്നു യേശുക്രിസ്തു? 1950 മേയ് 15-ലെ 'ടൈം' വാരിക ചോദിച്ചു. ബലിഷ്ഠഗാത്രനായ ഒരു മനുഷ്യന്‍, 5 അടി 10 ഇഞ്ച് ഉയരം. നീണ്ട ലോലമായ കൈകാലുകള്‍?

വിശുദ്ധ ഷ്രൗഡിനെപ്പറ്റിയുള്ള അന്തര്‍ദ്ദേശീയ പഠനകോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യവേയാണ് 'ടൈം' വാരിക ഇതു കുറിച്ചത്.
 
റോം സര്‍വ്വകലാശാലയിലെ പ്രൊഫസറും ശില്പിയുമായ ലൊറെന്‍സോ ഫെറിയുടെ ധാരണ യേശു നേരത്തെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനേക്കാള്‍ ഉയരമുള്ളവനായിരുന്നു എന്നത്രേ. ഷ്രൗഡിന്റെ കണക്കനുസരിച്ച് 6 അടി 5 ഇഞ്ച് പൊക്കവും ഒരു കലാകാരന്റെ ചാരുതയാര്‍ന്ന കൈകാലുകളുമുള്ള ആള്‍. കുഴിയില്‍ ഇറക്കിവച്ചപ്പോള്‍ ആ ശരീരം അല്പം വളയുകയും കാല്‍ മുട്ടുകള്‍ മുകളിലേയ്ക്ക് ഉയരുകയും ചെയ്തു.
 
1899 മേയ് 28-ന് സെക്കുണ്ടോ പീയ എന്ന ഫോട്ടോഗ്രാഫര്‍ വിശുദ്ധ ഷ്രൗഡിന്റെ ഒരു ഫോട്ടോ എടുക്കുകയുണ്ടായി. അതു ഡിവലപ് ചെയ്തപ്പോള്‍ ഫലം അപ്രതീക്ഷിതവും ആശ്ചര്യജനകവുമായിരുന്നു. ചിത്രത്തിന്റെ നെഗറ്റീവാണ് ആദ്യം ദൃശ്യമായത്. അതിന്റെ പോസിറ്റീവ് എടുത്തുനോക്കിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദമായി. അതോടെ ഷ്രൗഡിലുള്ള താല്പര്യം ലോകമെങ്ങും വര്‍ദ്ധിക്കുകയും തീവ്രതരമാവുകയുമുണ്ടായി. കൂടുതല്‍ പരിഷ്‌കൃതമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നു യേശുവിന്റെ പ്രതിരൂപം ആവിഷ്‌കരിക്കാനായി കലാകാരന്മാര്‍ ഉപയോഗിച്ച മാതൃക അതായി.

1204-നും 1354-നും ഇടയ്ക്കുള്ള കാലയളവിലെ ഷ്രൗഡിന്റെ സ്ഥിതിഗതികളെപ്പറ്റി സൂക്ഷ്മമായ അറിവ് ഇപ്പോഴും ലഭ്യമല്ല. 1204-ല്‍ അത് കോണ്‍സ്റ്റാന്റിനോപ്പിളിലായിരുന്നു. 1345-ല്‍ ഹെന്റി ദി ലൂവത്തിയേഴ്സ് എന്ന ഫ്രെഞ്ചുകാരന്റെ കൈവശത്തിലും. അതു സൂക്ഷിക്കാന്‍ അദ്ദേഹം ലിറേയില്‍ ഒരു ദേവാലയം പണിയിച്ചു. ഹെന്റിയുടെ മരണശേഷം അദ്ദേഹത്തിന്റെ വിധവ അത് സവോയ് കുടുംബത്തിനു കൈമാറി. ഇറ്റലിയുടെ ഭരണാധിപനായ ഉമ്പേര്‍ത്തോ രാജാവ് 1983-ല്‍ ദിവംഗതനാകും മുന്‍പ് അദ്ദേഹം അത് മാര്‍പ്പാപ്പായ്ക്ക് സമര്‍പ്പിച്ചു. ഇപ്പോഴത് മാര്‍പ്പാപ്പയുടെ ഉടമസ്ഥതയിലാണ്.

അതിനിടെ നടത്തിയിട്ടുള്ള ശാസ്ത്രീയ പരിശോധനകളില്‍ ഷ്രൗഡിന്റെ വിശ്വാസ്യത സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അതൊരു വ്യാജനിര്‍മ്മിതിയാണെന്ന വാദം പക്ഷേ, സമീപകാലത്തിലാണ് ഉന്നയിക്കപ്പെട്ടത്.

ഹെര്‍ബര്‍ട്ട് തേഷ്ടണ്‍ എന്ന ബ്രിട്ടീഷ് ജസ്വിട്ട് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അസാധാരണമായ പാണ്ഡിത്യത്തിന്റെ തിളക്കമാര്‍ന്ന മാതൃകയായി പരക്കെ ആദരിക്കപ്പെട്ടിരുന്നു. കാത്തോലിക്ക് എന്‍സൈക്ലോപീഡിയയുടെ 1912 പതിപ്പിലാണ് അദ്ദേഹം ആദ്യം ട്യൂറിന്‍ ഷ്രൗഡിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

ഷ്രൗഡില്‍ കാണപ്പെട്ട ചിത്രങ്ങള്‍ ഒരുപക്ഷേ, നൂറ്റാണ്ടുകളിലൂടെ സംഭവിച്ചിരിക്കാവുന്ന നിറങ്ങളുടെ സങ്കലനം വഴി ഉണ്ടായതാവാം എന്നു തേഷ്ടണ്‍ എഴുതി. ഷ്രൗഡ് നേരിട്ടു കാണാതെയാണ് അദ്ദേഹം ഇതെഴുതിയത്. അബ്ബേ ലൂയി ഷവലിയാറുടെ സാക്ഷ്യമാണ് അദ്ദേഹം സ്വീകരിച്ചത്. നേരിട്ട് പരിശോധിച്ചിരുന്നെങ്കില്‍ അതില്‍ പെയിന്റ് ഇല്ലെന്ന സത്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുമായിരുന്നു.
 
ഫോട്ടോഗ്രഫിയോടൊപ്പം 1890-1910 വര്‍ഷങ്ങളില്‍ വികസിച്ചുവന്ന ഒരു പ്രതിഭാസമാണിത്. ഏണസ്റ്റ് റെനാന്‍ എന്ന ഫ്രെഞ്ച് തത്ത്വചിന്തകന്റെ സ്വാധീനത്തില്‍ രൂപംകൊണ്ട നാസ്തിക ഭൗതികവാദത്തിന്റേയും സന്ദേഹവാദത്തിന്റേയും കാലം. പാണ്ഡിത്യവും സംശയവും പരസ്പരം കൈകോര്‍ത്ത് വ്യാപരിച്ചിരുന്ന പ്രതീതി. ശാസ്ത്രജ്ഞാനത്തിന്റെ ചൈതന്യം വ്യാപകമായതോടെ ദൈവത്തിലുള്ള വിശ്വാസം പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ തുടങ്ങി.

രണ്ടായിരത്തിലേറെ ആണ്ടുകള്‍ക്കു മുന്‍പ് പൊന്തിയോസ് പീലാത്തോസ് റോമാ സാമ്രാജ്യത്തിലെ പലസ്തീന പ്രവിശ്യയുടെ ഗവര്‍ണര്‍ ആയിരിക്കെ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്റെ മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച വസ്ത്രമാവാം അത്. ആണെന്ന വിശ്വാസമാണ് അതിന്റെ നിസ്തുല മഹത്വത്തിന്റെ അടിസ്ഥാനം. ഇറ്റലിയിലെ ട്യൂറിന്‍ എന്ന നഗരത്തിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നൂറ്റാണ്ടുകളായി അതു സൂക്ഷിക്കപ്പെട്ടു പോരുന്നു. ഷ്രൗഡ് എന്ന ഇംഗ്ലീഷ് പദവും കച്ചയ്ക്കു പകരം ലോകമെങ്ങും ഉപയോഗിച്ചു വരുന്നു.

അതിനെ കേന്ദ്രീകരിച്ച് നാളിതുവരെ നടന്നിട്ടുള്ള ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും കണക്കില്ല. അവയുടെ വിശദാംശങ്ങള്‍ വായനക്കാര്‍ക്കു ലഭ്യമാക്കാന്‍വേണ്ടി എഴുതപ്പെട്ട ഒരു പുസ്തകം കഴിഞ്ഞ നൂറ്റാണ്ടില്‍ പുറത്തുവന്നു. സ്റ്റിവന്‍സണ്‍, ഹാബര്‍മാസ്സ് എന്നീ രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് അതു രചിച്ചത്. ട്യൂറിന്‍ കച്ചയെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പഠനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ അവര്‍ ശ്രമിക്കുന്നു. വിവേകത്തോടും സമചിത്തതയോടും കൂടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സമീപനമാണ് അവര്‍ അവലംബിച്ചിട്ടുള്ളത്. പ്രതിപാദ്യത്തിന്റെ സ്വഭാവവും പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍, 1978-ലെ പൊതുപ്രദര്‍ശനത്തിനുശേഷം പ്രത്യേകിച്ചും അതില്‍നിന്നു ഭിന്നമായ ഒരു സമീപനം സ്വീകരിക്കാനാവില്ലെന്ന് അവര്‍ ഇരുവരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

ഏറെക്കുറെ 500 കൊല്ലം മുന്‍പ് യൂറോപ്പില്‍ എവിടെയോ കണ്ടെത്തിയ ആ തുണിക്കഷണത്തിനു പതിന്നാലരയടി നീളവും എട്ടടി വീതിയുമാണുള്ളത്. പരസ്യ പ്രദര്‍ശനങ്ങള്‍ക്കായി ദീര്‍ഘനേരം തൂക്കിയിട്ടതിന്റെ പരിണതഫലമെന്നോണം അതു കുറേയൊക്കെ വിരൂപമായിട്ടുണ്ട്.

1532-ലെ തീപ്പിടിത്തം മൂലം അതിന്റെ അതിരുകള്‍ കത്തിനശിച്ചിരിക്കുന്നു. തീ അണയ്ക്കുന്നതിനായി ഒഴിച്ച വെള്ളത്തിന്റെ പാടുകള്‍ നഗ്‌നനേത്രങ്ങള്‍ക്കു ദൃശ്യമാണ്. ചുവന്ന ചോരക്കറ ശരീരത്തിലെമ്പാടും കാണപ്പെടുന്നു. ആരൊക്കെയോ ചേര്‍ന്നു കണ്ടമാനം തല്ലിച്ചതച്ചതിന്റെ പാടുകളാണവ.

സുപ്രധാനമായ തിരുശേഷിപ്പ്

ക്രിസ്തുമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പാണതെന്ന് പോപ്പ് പോള്‍ ആറാമന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുക്രിസ്തുവിനെപ്പറ്റി നമുക്കു ലഭിക്കുന്ന അറിവുകളുടെയെല്ലാം പാര്യന്തികമായ ഉറവിടം ബൈബിളത്രേ. അതിന്റെ പുതിയ നിയമഭാഗത്ത് മത്തായി, മര്‍ക്കോസ്, ലൂക്ക, യോഹന്നാന്‍ എന്നീ സുവിശേഷ കര്‍ത്താക്കളുടെ രചനകളാണുള്ളത്. അവ എഴുതപ്പെട്ടത് ക്രിസ്തുവര്‍ഷം ഒന്നാംനൂറ്റാണ്ടിലത്രേ. അതേ നൂറ്റാണ്ടിന്റെ ആദ്യപാതിയിലാണല്ലോ യേശു ജീവിച്ചത്.

യേശുവിന്റെ പീഡാസഹനത്തേയും കുരിശുമരണത്തേയും വിവരിക്കുന്നതിനിടയില്‍ ഇവരുടെ ലേഖനങ്ങളില്‍ ക്രിസ്തുവിനെ പൊതിഞ്ഞ കച്ചയുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. യോഹന്നാന്റെ സുവിശേഷത്തിലാണ് കച്ചയെപ്പറ്റി കൃത്യമായ സൂചന നല്‍കുന്നത്. ശ്രദ്ധേയമായ മറ്റൊരു വിവരം കച്ചകള്‍ എന്ന ബഹുവചനരൂപമാണ് യോഹന്നാന്റെ സുവിശേഷത്തിലുള്ളത്. യേശുവിന്റെ ശിരസ്സില്‍ ചുറ്റിയിരുന്ന വസ്ത്രവും അവിടെ കണ്ടതായി യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രത്തെക്കൂടി ഉള്‍പ്പെടുത്തിയാവാം യോഹന്നാന്‍ കച്ചകള്‍ എന്ന ബഹുവചനരൂപം പ്രയോഗിച്ചിട്ടുള്ളത്.

ലോകമെങ്ങും ഷ്രൗഡിന്റെ സവിശേഷതയേയും വിശ്വാസ്യതയേയുംപറ്റി ശാസ്ത്രജ്ഞന്മാരുടേയും മതപണ്ഡിതന്മാരുടേയും ഇടയില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നുവന്നിട്ടുണ്ട്. അവ ഇപ്പോഴും തുടരുന്നു. 'ഠവല ാ്യേെലൃ്യ ീള ഠൗൃശി വെൃീൗറ' എന്ന ശീര്‍ഷകത്തില്‍ 1985 ഏപ്രില്‍ അഞ്ചിലെ 'ഇന്ത്യന്‍ എക്‌സ്പ്രസ്സി'ന്റെ എഡിറ്റ് പേജില്‍ ഡോ. കെ. നാരായണന്‍ എഴുതിയ ദീര്‍ഘവും വിജ്ഞേയവുമായ ലേഖനം വന്നിരുന്നു. അതിന്റെ ഏതാനും ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി ഇവിടെ ചേര്‍ക്കുന്നു: ക്രിസ്തുവര്‍ഷാരംഭം മുതല്‍ ഈ തുണിക്കഷണം ഉണ്ടായിരുന്നു. അതിന്റെ തനിസ്വഭാവം 14-ാം നൂറ്റാണ്ടില്‍ മാത്രമാണ് തിരിച്ചറിയാനിടയായത്. നീണ്ട തലമുടിയും താടിമീശകളുമുള്ള ഒരാളായിട്ടാണ് ആറാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവ ചിത്രകലയില്‍ യേശു ചിത്രീകരിക്കപ്പെടുന്നത്. അതിനു മുന്‍പാകട്ടെ, അഞ്ചാം നൂറ്റാണ്ടു വരെ അപ്പോളോയെപ്പോലുള്ള മുഖം വടിച്ച ഒരു യുവാവായിട്ടും. ഈ മാറ്റത്തിന്റെ ഉറവിടം ട്യൂറിന്‍ ഷ്രൗഡാണെന്നു വാദിക്കുന്നവരുണ്ട്.

ബൈസെന്റൈന്‍ സഭയിലെ ക്രിസ്തുവും ഷ്രൗഡിലെ ക്രിസ്തുവും തമ്മില്‍ 15 വിശദാംശങ്ങളില്‍ സാമ്യമുള്ളതായി ഒരു ഫ്രെഞ്ച് പണ്ഡിതന്‍ ചൂണ്ടിക്കാട്ടുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍, മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു രണ്ടാഴ്ച മുന്‍പ് 1970-ല്‍ ഒരു സാധാരണ തീര്‍ത്ഥാടകനെപ്പോലെ ട്യൂറിനില്‍ വന്നു തിരുക്കച്ചയുടെ മുന്‍പില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാപ്പ ആയശേഷം രണ്ടു കൊല്ലം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം വീണ്ടും ട്യൂറിനിലെത്തി. 530 വര്‍ഷം സമോയി രാജകുടുംബത്തിന്റെ സ്വത്തായിരുന്നു ആ തിരുവസ്ത്രം. ഫ്യൂവര്‍ട്ട് രണ്ടാമന്‍ രാജാവിന്റെ മരണശേഷം അവര്‍ അത് മാര്‍പ്പാപ്പയെ ഏല്പിക്കുകയാണുണ്ടായത്.

ധ്യാനവും പ്രാര്‍ത്ഥനയും വഴി ഉള്‍ക്കൊള്ളേണ്ട ആദ്ധ്യാത്മികതയുടെ ഒട്ടേറെ തലങ്ങള്‍ അവിടെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അവ സ്വായത്തമാക്കാന്‍ വേണ്ടിയാണ് പോപ്പ് ജോണ്‍ പോള്‍ അവിടെ പോയി ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചത്.

ആദ്യമൊക്കെ ട്യൂറിന്‍ തിരുക്കച്ചയോട് ഏറ്റവും അധികം ആദരവും ഭക്തിയും പ്രകടിപ്പിച്ചത് കത്തോലിക്കരാണ്. പില്‍ക്കാലത്താണ് ഇതര ക്രൈസ്തവ സഭാംഗങ്ങള്‍ ആ വഴിക്കു തിരിഞ്ഞത്. ട്യൂറിന്‍ ഷ്രൗഡ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഡേവിഡ് സോക്‌സ് ഒരു ആംഗ്ലിക്കന്‍ പുരോഹിതനാണ്. 'ഫോക്കസ് ഓണ്‍ ദി ഷ്രൗഡ്' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം 'ടാബ്ലറ്റ്' എന്ന ലണ്ടന്‍ വാരികയില്‍ (ജൂലൈ 23, 1988) വരികയുണ്ടായി.

ട്യൂറിന്‍ ഷ്രൗഡ് സത്യമോ മിഥ്യയോ എന്നതാണല്ലോ സര്‍വ്വപ്രധാനമായ ചോദ്യം. കാര്‍ബണ്‍ ഡേറ്റിംഗ് സങ്കേതം ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു ശരിയുത്തരം കണ്ടെത്താനാവുമോ എന്ന കാര്യം വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്ന കാലമായിരുന്നു അത്. തിരുശേഷിപ്പിന്റെ ഒരല്പഭാഗം സസൂക്ഷ്മം വെട്ടിയെടുത്ത് ലോകത്തിലെ ഏറ്റവും മികവുറ്റ മൂന്നു പരീക്ഷണകേന്ദ്രങ്ങളിലേയ്ക്ക് അയയ്ക്കുക. അതിന്റെ പ്രായം കൃത്യമായി കണ്ടെത്തുക. 2000 കൊല്ലം മുന്‍പുണ്ടായിരുന്ന വസ്തുവാണോ അത്? അതോ മധ്യയുഗകാലം മുതല്‍ മാത്രമുള്ളതോ? എന്താണ് പരീക്ഷണത്തിന്റെ കണ്ടെത്തല്‍?

അരിസോണ, ഓക്‌സ്ഫഡ്, സൂറിച്ച് എന്നിവിടങ്ങളിലെ ശാസ്ത്രകേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ട്യൂറിന്‍ ഷ്രൗഡിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണത്തിന്റെ ഫലപ്രഖ്യാപനം അടുത്തിരുന്ന കാലം. യേശുവിനെ സംസ്‌കരിക്കാന്‍ ഉപയോഗിച്ച തുണിക്കഷണം തന്നെയാണതെന്ന വിശ്വാസത്തെ അതു സ്ഥിരീകരിക്കുമോ, ട്യൂറിന്‍ ഷ്രൗഡിന്റെ ബ്രിട്ടീഷ് സമൂഹം എന്ന സംഘടനയുടെ മുന്‍കാല സെക്രട്ടറിയായിരുന്ന ലേഖകന്‍ 1988 ജൂണ്‍ 20, ട്യൂറിനിലേയ്ക്ക് പോയിരുന്നു. അവിടെ ചെന്നപ്പോള്‍ കുട്ടികളുടെ ഗ്രൂപ്പുകള്‍ക്ക് ഷ്രൗഡിന്റെ വിശദീകൃത രൂപങ്ങള്‍ കാട്ടിക്കൊടുക്കുന്ന രംഗങ്ങള്‍ കണ്ടു. ഷ്രൗഡിന്റെ ചരിത്രം, 1980-ല്‍ പോപ്പ് സ്വകാര്യമായി അതു നോക്കിക്കാണുന്ന ചിത്രം, കംപ്യൂട്ടറുകളുടെ സഹായത്തോടെ അതിന്റെ ത്രിമാന സ്വഭാവം ദൃശ്യമാകും വിധം സ്‌കാന്‍ ചെയ്തുവെച്ചിരിക്കുന്ന കാഴ്ച. ചമ്മട്ടിയടിയുടേയും കുരിശില്‍ തറയ്ക്കലിന്റേയും ഭീതിദമായ വിശദാംശങ്ങള്‍. ആണിയടിച്ചു കയറ്റിയത് കയ്യുടെ പത്തികളിലല്ല റിസ്റ്റുകളിലായിരുന്നു. തൊപ്പിയുടെ ആകൃതിയില്‍ നിര്‍മ്മിച്ച മുള്‍മുടി. ഗ്വറീനോ ഗ്വറീനി ബറോക്ക് ശൈലിയില്‍ പണിതുയര്‍ത്തിയതും എല്ലാറ്റിന്റേയും മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നതുമായ കുംഭഗോപുരം. 1978-ല്‍ നടന്ന പരീക്ഷണത്തില്‍നിന്നു ലഭിച്ച ചിത്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വിശുദ്ധ ഷ്രൗഡിന്റെ തനിക്കോപ്പി, ലെയൊണാര്‍ദോ ഡാവിഞ്ചി വരച്ച ഒടുക്കത്തെ അത്താഴത്തിന്റെ ഒരു വലിയ കോപ്പി പ്രവേശനകവാടത്തിനു മുകളിലുണ്ട്. അതിന്റെ നിര്‍മ്മിതിയില്‍ ഇറ്റലിയുടെ ആദ്യത്തെ രാജാവായ വിക്ടര്‍ എമ്മാനുവേലിനു കലാകാരന്‍ സമ്മാനമായി നല്‍കിയതായിരിക്കാം ആ ചിത്രം എന്നു 1973-ല്‍ ഷ്രൗഡ് പരിശോധിച്ചവരില്‍ ഒരാളായ നൊവോമി ഗബ്രിയേലി പറഞ്ഞുവത്രേ. ഒരുപക്ഷേ, ലെയൊണാര്‍ദോ 1350-കളില്‍ ഷ്രൗഡില്‍നിന്നും പകര്‍ത്തിയതാവാം അത്.

സാമ്പിള്‍ എടുത്ത രീതിയും പരിശോധനയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പും ഒക്കെ ജനം താല്പര്യപൂര്‍വ്വം നിരീക്ഷിക്കും എന്നതു തീര്‍ച്ചയാണ്. സുറുക്കില്‍ പ്രത്യേകമായും ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ പരിശോധനകളില്‍ പങ്കെടുക്കുന്നവരെല്ലാം അനുഭവസമ്പന്നരും യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും വഴങ്ങാത്തവരുമാണെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്.

ഭക്തിയും യുക്തിയും

സൂറിച്ചിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ഡിറക്ടര്‍ വില്ലി വോള്‍വിയുടെ കാര്യം എടുത്തുപറയേണ്ടതുണ്ട്. ഒരു പഴയ തിരുശ്ശേഷിപ്പിന്റെ കാര്യത്തില്‍ കാട്ടുന്ന ഈ ഒച്ചപ്പാടെല്ലാം എന്തിനെന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. അതേസമയം കോടിക്കണക്കിനു മനുഷ്യര്‍ക്ക് ഷ്രൗഡിനോടുള്ള ഭക്തിവായ്പ് നിസ്സാരമായി തള്ളിക്കളയാനാവില്ല. ബി.ബി.സി. പ്രോഗ്രാമിന്റെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സൂറിക്ക് കേന്ദ്രത്തിന്റെ സ്വിസ് വാച്ച് സ്‌റ്റൈല്‍ കാര്യക്ഷമത നേരില്‍ കാണാനുള്ള അപൂര്‍വ്വാവസരവുമായിരിക്കും അത്.

പോപ് ബെനഡിക്ട് 16ാമൻ ട്യൂറിനിലെ കച്ച കാണാൻ എത്തിയപ്പോൾ
പോപ് ബെനഡിക്ട് 16ാമൻ ട്യൂറിനിലെ കച്ച കാണാൻ എത്തിയപ്പോൾ

ട്യൂറിനിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ അനസ്താഡിയോ ബെല്ലസ്റ്റ്രാദോ 1988 ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പുറത്തുവന്ന പരീക്ഷണഫലപ്രകാരം ഷ്രൗഡിന്റെ നിര്‍മ്മിതി 1260-നും 1390-നും ഇടയ്ക്കായിരിക്കണം. അങ്ങനെയെങ്കില്‍ യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണിക്കഷണം അതായിരിക്കാനിടയില്ല. അതില്‍ പതിഞ്ഞുകാണുന്ന മനുഷ്യന്റെ പ്രതിച്ഛായയില്‍ യേശുവിന്റെ പീഡാസഹനത്തേയും മരണത്തേയുംപറ്റി പുതിയ നിയമത്തില്‍ കാണുന്ന വിവരണങ്ങളെല്ലാം പ്രത്യക്ഷരം പ്രതിഫലിച്ചിട്ടുണ്ട്. ആദ്യമായി അതിന്റെ ഫോട്ടോ എടുത്തപ്പോള്‍ നെഗറ്റീവ് പ്ലേറ്റില്‍ പോസിറ്റീവ് ഇമേജ് പതിഞ്ഞിരിക്കുന്നതായി കണ്ടു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനു ശാസ്ത്രീയമായ വിശദീകരണം ഒന്നുമില്ല. ഉള്ളതായി ഒരു ശാസ്ത്രജ്ഞനും പറയുന്നുമില്ല.

ട്യൂറിന്റെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ബലെസ്‌റ്റ്രോദോയുടെ വാക്കുകളില്‍: ''ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ശേഷം യേശുവിന്റെ പ്രതിച്ഛായ ഈ ഷ്രൗഡില്‍ എങ്ങനെ പതിഞ്ഞു എന്ന മര്‍മ്മപ്രധാനമായ ചോദ്യത്തില്‍ തക്ക മറുപടി ഒന്നുമില്ല.''

ട്യൂറിന്‍ ആര്‍ച്ച്ബിഷപ്പ് അനസ്താഡിയോ ബെല്ലസ്റ്റ്രാദോ, ട്യൂറിന്‍ ഷ്രൗഡ് പരിശോധിച്ച വിദഗ്ദ്ധന്മാരുടെ കണ്ടെത്തല്‍ കഴിഞ്ഞ ആഴ്ച പരസ്യമാക്കി. 1260-നും 1390-നും ഇടയ്ക്കു നിര്‍മ്മിച്ച ഷ്രൗഡാണിതെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. തന്മൂലം യേശുവിന്റെ മൃതദേഹം പൊതിഞ്ഞ വസ്ത്രം അതാകാന്‍ സാധ്യതയില്ല. ഓക്‌സ്ഫോഡ്, സൂറിച്ച്, അരിസ്സോണ എന്നീ സര്‍വ്വകലാശാലകളിലെ ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്. അവരുടെ അഭിപ്രായത്തില്‍ ഇക്കാര്യം 90 ശതമാനം ഉറപ്പാണ്. ജിയോഫ്രി ചാരണി അതു സൂക്ഷിക്കാന്‍ 14-ാം നൂറ്റാണ്ടില്‍ ഒരു വീട് നിര്‍മ്മിച്ചതു മുതല്‍ അതു വമ്പിച്ച ബഹുജനവണക്കം ലഭിച്ച ഒരു പൂജ്യവസ്തു ഐക്കണിയായിരുന്നു. രാജാവിനു അത് എവിടെനിന്നു ലഭിച്ചു എന്നറിയില്ല. ചാബെറിയില്‍വച്ച് അത് ഒരു തീപ്പിടിത്തത്തെ അതിജീവിച്ചു. കന്യാസ്ത്രീകള്‍ അതിന്മേല്‍ അറ്റകുറ്റപ്പണികള്‍ നടത്തി. രണ്ടിന്റേയും കേടുപാടുകള്‍ വ്യക്തമായി കാണാനുള്ളപ്പോഴാണ് അത് 1578-ല്‍ സവോയിലെ പ്രഭുവിനു കൈമാറിയത്. അതിനു വണക്കം ലഭിക്കാനുള്ള കാരണം അതിന്മേല്‍ പതിഞ്ഞുകാണുന്ന ഒരു മനുഷ്യന്റെ പ്രതിച്ഛായയത്രേ. അതിന്റെ മുന്‍പിലും പിറകിലും കാണപ്പെടുന്ന മുറിവുകള്‍ പുതിയ നിയമഗ്രന്ഥങ്ങള്‍ ക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തേയുംപറ്റി വിവരിച്ചിട്ടുള്ളവയുമായി പൂര്‍ണ്ണമായി യോജിക്കുന്നു.

ശാസ്ത്രീയ പരിശോധന തെളിയിക്കുന്ന കാര്യം ഈ പ്രതിച്ഛായയുടെ കാരണം ചായമല്ല, പിന്നെയോ രക്തക്കറയാണ് എന്നത്രേ. അതിനുംപുറമേ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ അതിന്റെ ഫോട്ടോ എടുത്തപ്പോള്‍ നെഗറ്റീവ് പ്ലേറ്റില്‍ പോസിറ്റീവ് ഇമേജ് പതിഞ്ഞിരിക്കുന്നതായി കണ്ടു. ഈ പരിശോധനകള്‍ക്കെല്ലാം ശേഷം ക്രിസ്തുവിന്റെ പ്രതിച്ഛായ എങ്ങനെ രൂപപ്പെട്ടു എന്നതിനെപ്പറ്റി നമുക്ക് ഒരറിവുമില്ല. മാത്രമല്ല, ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കെത്തന്നെ യേശുക്രിസ്തുവിന്റെ പ്രതിച്ഛായയുടെ അത്യാസാധാരണമായ ആവാഹനശക്തി കാത്തുസൂക്ഷിക്കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com