മൈഹര്‍ ഘരാന ഒഴുകിക്കൊണ്ടിരിക്കുന്നു

ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഏക ഉപകരണസംഗീത ഘരാനയായ മൈഹര്‍ ഘരാനയെക്കുറിച്ച്. മൈഹര്‍ ഘരാനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉസ്താദ് ബാബ അലാവുദ്ദീനും പിന്‍തലമുറയും പിന്നിട്ട സംഗീതവഴികള്‍
ഉസ്താദ് ബാബ അലാവുദ്ദീൻ
ഉസ്താദ് ബാബ അലാവുദ്ദീൻ

''ഇന്ത്യന്‍ സംഗീതം കാലത്തിലൂടെ ഒഴുകുന്ന ഒരു നദിപോലെയാണ്. അത് മനുഷ്യന്റെ ആത്മാവിനെ പോഷിപ്പിക്കുന്നു. മഹാന്മാരായ ഗുരുക്കന്മാരില്‍നിന്ന് ഈ സംഗീതം എന്റെ പിതാവിലേക്ക് (അലാവുദ്ദീന്‍ ഖാന്‍) ഒഴുകിയെത്തി. അദ്ദേഹത്തിലൂടെ എന്നിലേക്കും. ഈ നദി ഇങ്ങനെ ഒഴുകട്ടെ. ഒരിക്കലും നിലച്ചുപോവാതെ. ലോകം മുഴുവന്‍ വ്യാപിക്കട്ടെ.''
- ഉസ്താദ് അലിഅക്ബര്‍ ഖാന്‍

ഹിന്ദുസ്ഥാനി സംഗീതം ഘരാനകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് പുറത്തുനിന്നുള്ളവര്‍ക്ക് അപ്രാപ്യമായിരുന്നു. ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാനായിരുന്നു അതിനെ തിരുത്തിക്കുറിച്ചത്. മൈഹര്‍ ഘരാനയുടെ വാതിലുകള്‍ അദ്ദേഹം സംഗീത വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിട്ടു. ഘരാനകളില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതം വിദ്യാലയങ്ങളിലേക്ക് എത്തിയപ്പോഴേക്കും ആ മാറ്റം ആദ്യം സ്വീകരിക്കാന്‍ തയ്യാറായതും മൈഹര്‍ ഘരാന തന്നെ. ഇന്നു ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഏക ഉപകരണസംഗീത ഘരാനയും ഇതുതന്നെ. സമീപകാലത്ത് ബാന്‍സുരി പഠനത്തിലൂടെ അതിന്റെ വേരുകള്‍ കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യന്‍ ഹിമാംശു നന്ദയിലൂടെയാണ് മൈഹര്‍ ഘരാന കേരളത്തില്‍ എത്തിയിരിക്കുന്നത്.

1918-ല്‍ മൈഹര്‍ രാജാവ് ബ്രിജ്നാഥ് സിംഗ് ഉസ്താദ് അലാവുദ്ദീന്‍ ഖാനെ കൊട്ടാരം സംഗീതജ്ഞനായി നിയമിച്ചത് മുതലാണ് മൈഹര്‍ ഘരാനയുടെ ഔദ്യോഗിക തുടക്കം. അതിനു മുന്‍പും മൈഹര്‍ ഘരാന ഉണ്ടായിരുന്നുവെങ്കിലും സജീവമായിരുന്നില്ല. അലാവുദ്ദീന്‍ ഖാന്റെ ഗുരു ഉസ്താദ് വസിര്‍ഖാന്‍ മിയാന്‍ ടാന്‍സന്റെ പരമ്പരയില്‍പ്പെട്ട സേനിയ ഘരാനയാണ് പിന്തുടര്‍ന്നത്. അതുകൊണ്ട് മൈഹര്‍ ഘരാനയെ സേനിയ-മൈഹര്‍ ഘരാന എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.

ഒരു സാഹസിക കഥയുടെ എല്ലാ ഉദ്വേഗവും നിറഞ്ഞതാണ് അലാവുദ്ദീന്‍ ഖാന്റെ ജീവിത കഥ. ബ്രിട്ടീഷ് ഇന്ത്യയിലെ ശിബ്പുരില്‍ 1862-ലാണ് ജനനം. എഴാം വയസ്സു മുതല്‍ തുടങ്ങുന്നു സംഗീതത്തോടുള്ള തീവ്രപ്രണയം. സ്‌കൂളിലേക്കു പോവുന്ന വഴിയില്‍ ഒരു ശിവക്ഷേത്രമുണ്ട്. അവിടുത്തെ ഭജനയും സിതാര്‍ വായനയും കുട്ടിയായ അലാവുദ്ദീനെ ആകര്‍ഷിച്ചു. സ്‌കൂളില്‍ പോവാതെ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുക പതിവായി. വൈകുന്നേരം കൃത്യമായി വീട്ടില്‍ എത്തുകയും ചെയ്യും. സ്‌കൂളില്‍നിന്ന് ഈ വിവരം വീട്ടില്‍ അറിഞ്ഞു. നല്ല അടിയും കിട്ടി. എന്നിട്ടും സംഗീതത്തോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഈ സമയത്ത് അമ്മ അസുഖമായി കിടപ്പിലായി. അമ്മയെ നോക്കുന്ന ജോലി അലാവുദ്ദീന്‍ ഏറ്റെടുത്തു. ഒരു ദിവസം രാത്രി അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ സാരിത്തുമ്പില്‍ കെട്ടിയിട്ട താക്കോല്‍ അഴിച്ചെടുത്ത് പെട്ടിതുറന്നു കാശെടുത്തു. വസ്ത്രങ്ങള്‍ ഒരു പഴയ സാരിയില്‍ വെച്ച് ഭാണ്ഡമാക്കി കെട്ടി. അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ച് വീട് വിട്ടിറങ്ങി. സമയം അര്‍ദ്ധരാത്രി. എട്ട് വയസ്സുമാത്രം പ്രായമുള്ള അവന്‍ അകലെയുള്ള റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. പല വണ്ടികള്‍ മാറിമാറി കയറി ഒടുവില്‍ കൊല്‍ക്കത്തയില്‍ എത്തി.

ഉസ്താ​ദ് ബാബ അലാവുദ്ദീൻ
ഉസ്താ​ദ് ബാബ അലാവുദ്ദീൻ

ബാല്യത്തിലെ സംഗീതപാഠങ്ങള്‍

കൊല്‍ക്കത്ത എന്ന അപരിചിത നഗരം അവനു വിസ്മയമായിരുന്നു. പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു. രാത്രിയായപ്പോള്‍ ഒരു നദീതീരത്തു കിടന്നു. പല ഭാഗങ്ങളില്‍നിന്നു വന്ന നാടോടികളും അവിടെ കിടക്കുന്നുണ്ടായിരുന്നു. വസ്ത്രങ്ങള്‍ നിറച്ച ചെറിയ ഭാണ്ഡമായിരുന്നു തലയിണയായി ഉപയോഗിച്ചിരുന്നത്. രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ ഭാണ്ഡം അപ്രത്യക്ഷമായിരിക്കുന്നു. അവന്‍ ഉറക്കെ കരഞ്ഞു. ഇതു ശ്രദ്ധിച്ച ഒരാള്‍ വിവരങ്ങള്‍ തിരക്കി. എല്ലാ കഥകളും പറഞ്ഞു. ഒരു ഗുരുവിനെ അന്വേഷിച്ചു വന്നതാണ് എന്നു മനസ്സിലാക്കിയ അയാള്‍ നുലോഗോപാല്‍ എന്ന സംഗീതജ്ഞന്റെ അടുത്ത് അലാവുദ്ദീനെ എത്തിച്ചു. 12 വര്‍ഷം സ്വരസാധന ചെയ്യണമെന്നു ഗുരു പറഞ്ഞു. അലാവുദ്ദീന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചു.
 
സംഗീതപാഠങ്ങള്‍ അലാവുദ്ദീന്‍ എളുപ്പത്തില്‍ പഠിച്ചെടുത്തു. ഗുരുവിനു ശിഷ്യന്റെ ആത്മാര്‍ത്ഥതയില്‍ സംതൃപ്തി തോന്നി. എട്ട് വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസം അലാവുദ്ദീന്റെ മൂത്ത സഹോദരന്‍ അഫ്താബുദ്ദീന്‍ ഖാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. കുറെ വര്‍ഷങ്ങളായി സഹോദരനെ അന്വേഷിക്കുകയായിരുന്നു അയാള്‍. കൊല്‍ക്കത്തയില്‍ പഠിക്കുന്ന ഭൂവുടമയുടെ മകന്‍ പറഞ്ഞറിഞ്ഞാണ് അവിടെ എത്തിയത്. നന്നായി പഠിക്കുന്ന ശിഷ്യനെ വിട്ടുകൊടുക്കാന്‍ ഗുരുവിനു താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ, അമ്മയുടെ അസുഖവും കുടുംബത്തിന്റെ സങ്കടവും മറ്റും പറഞ്ഞപ്പോള്‍ ഗുരു സമ്മതിച്ചു.

ഉസ്താദ് വസീർ ഖാൻ
ഉസ്താദ് വസീർ ഖാൻ

അലാവുദ്ദീന്‍ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരും സന്തോഷിച്ചു. മകനെ എങ്ങനെ അവിടെ പിടിച്ചുനിര്‍ത്താം എന്നായിരുന്നു വീട്ടുകാരുടെ ആലോചന. വിവാഹം കഴിപ്പിക്കുകയാണ് അതിനുള്ള മാര്‍ഗ്ഗം എന്ന് അവര്‍ കണ്ടെത്തി. അതിനുള്ള പദ്ധതികള്‍ രഹസ്യമാക്കി വെച്ചു. ഒരു ദിവസം സഹോദരന്‍ അഫ്താബ് അലാവുദ്ദീന്റെ വിവാഹം തീരുമാനിച്ച കാര്യം വെളിപ്പെടുത്തി. പിതാവ് കൊടുത്ത വാക്കായിരുന്നതുകൊണ്ട് അലാവുദ്ദീന്‍ എതിര്‍ത്തില്ല.

കല്യാണം കഴിഞ്ഞ അന്നുരാത്രി ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ അവളുടെ സ്വര്‍ണ്ണാഭരണങ്ങളും പാരിതോഷികമായി കിട്ടിയ പണവും എടുത്ത് അലാവുദ്ദീന്‍ കൊല്‍ക്കത്തയിലേക്ക് വണ്ടികയറി. പക്ഷേ, അവിടെ അദ്ദേഹത്തെ വരവേറ്റത് ഗുരുവിന്റെ മരണവാര്‍ത്തയായിരുന്നു. നിരാശനായ അലാവുദ്ദീന്‍ എന്തുചെയ്യണമെന്നറിയാതെ കുറച്ചു ദിവസം പകച്ചിരുന്നു. ഒടുവില്‍ വായ്പ്പാട്ടില്‍നിന്ന് ഉപകരണസംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അതിനു പുതിയൊരു ഗുരുവിനെ തേടി ഇറങ്ങി. അമ്രിത് ലാല്‍ ദത്ത എന്ന ഗുരുവിനെ കിട്ടി. അദ്ദേഹം അവനെ വയലിനും കൊറോനെറ്റും പഠിപ്പിക്കാന്‍ തയ്യാറായി. അലാവുദ്ദീന്‍ എല്ലാ ഉപകരണങ്ങളും പഠിച്ചെടുക്കാന്‍ അഭിനിവേശം കാണിച്ചു. ഒരേസമയം പല ഗുരുക്കന്മാരില്‍നിന്നും പഠിച്ചു. ക്ലാരിനെറ്റ്, തബല, മൃദംഗം, ഷെഹനായി, ബാന്‍സുരി, ധോലക് എന്നിവ. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം അലാവുദ്ദീന് ഗിരിഷ് ചന്ദ്രഘോഷിന്റെ മിനര്‍വ തിയറ്റേഴ്സില്‍ ജോലി കിട്ടി. നാടകട്രൂപ്പില്‍ സംഗീതോപകരണങ്ങള്‍ വായിക്കുകയായിരുന്നു ജോലി. മൂന്നു വര്‍ഷക്കാലം ഒരുപാട് ബംഗാളി നാടോടി പാട്ടുകള്‍ പഠിച്ചു. ഉപകരണസംഗീതത്തിലെ തന്റെ വൈദഗ്ദ്ധ്യവും വളര്‍ത്തി. പക്ഷേ, കൂടെ ജോലിചെയ്യുന്നവരുടെ സംശയത്തോടുള്ള പെരുമാറ്റവും മദ്യപാനത്തിന്റെ അതിപ്രസരവും അവിടുത്തെ ജീവിതം മടുപ്പിച്ചു. അങ്ങനെ ജോലി വിട്ടു.

ഒരു ബാഗില്‍ വയലിന്‍, കൊറോനെറ്റ്, ഷെഹനായി എന്നിവയുമായി അല്പം അഹങ്കാരത്തോടെയായിരുന്നു രാജരജത് കിഷോര്‍ ആചാര്യയുടെ ദര്‍ബാറില്‍ അലാവുദ്ദീന്‍ എത്തിയത്. രാജാവിന്റെ മുന്‍പില്‍ തന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. അവിടെ ഒരാള്‍ മനോഹരമായി സരോദ് വായിക്കുന്നതു കണ്ടു. അലാവുദ്ദീന്റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നുപോയി. അത് ഉസ്താദ് അഹമ്മദ് അലിഖാന്‍ ആയിരുന്നു. അലാവുദ്ദീന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം ശിഷ്യനായി സ്വീകരിച്ചു. മൂന്നു വര്‍ഷം ഉസ്താദിന്റെ കീഴില്‍ പഠിച്ചു.

ഉസ്താദിന്റെ വീട്ടിലെ ജോലികള്‍ ചെയ്തു കഴിഞ്ഞതിനു ശേഷമായിരുന്നു ക്ലാസ്സ്. കഠിനമായ പരിശീലനവും വേഗത്തില്‍ പിടിച്ചെടുക്കാനുള്ള കഴിവും അലാവുദ്ദീന് ഉണ്ടായിരുന്നു. ഗുരുവിന്റെ കൂടെ പരിപാടികള്‍ക്ക് അലാവുദ്ദീന്‍ വയലിന്‍ വായിച്ചു. ഗുരുവിന്റെ അടുത്തുനിന്നു വരുന്ന അറിവുകളെല്ലാം വളരെ വേഗത്തില്‍ പിടിച്ചെടുക്കുകയും അവ പൂര്‍ണ്ണതയോടെ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ഗുരു പഠിപ്പിക്കാത്ത പാഠം പരിശീലനം ചെയ്യുന്നതു കണ്ട് അദ്ദേഹം കഠിനമായി ശാസിച്ചു. പല അവസരങ്ങളിലായി സമ്പാദിച്ച 15,000 രൂപ അലാവുദ്ദീന്‍ തന്റെ തകരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. അതു ഗുരുവിനു കൊടുത്തു. ഗുരുവിന്റെ കണ്ണ് തള്ളിപ്പോയി. ഗുരു പണം സ്വീകരിച്ചു. അതുകൊണ്ട് ഒരു വീട് വെയ്ക്കാന്‍ തീരുമാനിച്ചു. അതിന്റെ ചുമലത ശിഷ്യനെ ഏല്പിച്ചു. പിന്നെ അലാവുദ്ദീന്‍ ആറുമാസം അതിന്റെ കഠിനമായ ജോലിയില്‍ മുഴുകി. അതു പൂര്‍ത്തിയായപ്പോഴേക്കും അസുഖം ബാധിച്ചു കിടപ്പിലായി. എല്ലാ കാശും ഗുരുവിനു കൊടുത്തതുകൊണ്ട് കയ്യില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

വീട് പണി പൂര്‍ത്തിയായപ്പോള്‍ ഗുരു കൊല്‍ക്കത്തയിലേക്കു പോയി. അലാവുദ്ദീന്‍ ഒറ്റയ്ക്കായി. പഠനവും നിലച്ചു. അസുഖം കാരണം ശരീരം നന്നേ ശോഷിച്ചിരുന്നു. കൂട്ടിനു ദാരിദ്ര്യവും. തുടര്‍ന്നു പഠിക്കാന്‍ പല ആള്‍ക്കാരേയും സമീപിച്ചു. പക്ഷേ, പണം കൊടുക്കാതെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല. അന്നത്തെ പ്രഗല്‍ഭനായ ഉസ്താദ് വസിര്‍ ഖാനെ കാണാന്‍ പോയി. പക്ഷേ, അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ കാണാന്‍ അനുവദിച്ചില്ല. നിരാശയോടെ അലാവുദ്ദീന്‍ അടുത്തുള്ള പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന പതിവാക്കി. വലിയ ഉസ്താദ്മാരില്‍നിന്നു പഠിക്കണം എന്ന ആഗ്രഹം നടക്കില്ലെന്ന് അധികം താമസിയാതെ ബോധ്യമായി. അലാവുദ്ദീന്‍ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ചന്തയില്‍നിന്ന് ഓപ്പിയം (കറുപ്പ്) വാങ്ങി. വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം അതുകഴിച്ചു മരിക്കാനായിരുന്നു പദ്ധതി. അവസാന പ്രാര്‍ത്ഥനയ്ക്കായി തൊട്ടടുത്ത പള്ളിയില്‍ കയറി. പള്ളിയിലെ മൗലവി അലാവുദ്ദീന്റെ മ്ലാനമായ മുഖം ശ്രദ്ധിച്ചു. നിരാശയുടെ കാരണങ്ങള്‍ തിരക്കി. അതീവ ദുഃഖത്തോടെ അലാവുദ്ദീന്‍ എല്ലാം തുറന്നു പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന വിവരം മൗലവിയെ ഞെട്ടിച്ചു. നവാബിന് ഒരു കത്ത് എഴുതിയാല്‍ പരിഹാരം ഉണ്ടാവുമെന്ന് മൗലവി പറഞ്ഞു. അലാവുദ്ദീന്‍ തന്നെ പരാതി നവാബിനു നേരിട്ട് കൊടുക്കണം എന്നാലേ പ്രയോജനമുണ്ടാവൂ. അതെങ്ങനെ സാധിക്കും. ഒടുവില്‍ അലാവുദ്ദീന്‍ ഒരു കടുത്ത തീരുമാനമെടുത്തു.

അലാവുദ്ദീൻ ഖാനും പണ്ഡിറ്റ് രവിശങ്കറും
അലാവുദ്ദീൻ ഖാനും പണ്ഡിറ്റ് രവിശങ്കറും

ചില വൈകുന്നേരങ്ങളില്‍ നവാബ് നാടകം കാണാന്‍ പോവുന്ന പതിവുണ്ട്. ഒരു ദിവസം നവാബിന്റെ കാര്‍ വരുന്നതു കണ്ടപ്പോള്‍ അലാവുദ്ദീന്‍ റോഡിന്റെ നടുവിലേക്ക് ചാടി. കാര്‍ ഒരു വലിയ ശബ്ദത്തോടെ ബ്രേക്കിട്ടു. പൊലീസുകാര്‍ ഓടിവന്ന് അലാവുദ്ദീനെ വലിച്ചിഴച്ചുകൊണ്ടു പോയി മര്‍ദ്ദിച്ചു. നവാബിന്റെ മുന്‍പില്‍ ഹാജരാക്കി. തന്റെ കയ്യിലുള്ള കത്ത് അലാവുദ്ദീന്‍ നവാബിനു കൊടുത്തു. ആത്മഹത്യ ചെയ്യാനായി കരുതിയ കറുപ്പും നവാബിനെ കാണിച്ചു. അലാവുദ്ദീനോട് നവാബ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അവിടെയുള്ളവരുടെ മുന്‍പില്‍ തന്റെ കഴിവ് കാണിക്കാന്‍ നവാബ് ആവശ്യപ്പെട്ടു. ക്ലാരിനെറ്റ്, കോര്‍നെറ്റ്, എസ്രാജ്, ഷെഹനായി എന്നിവയെല്ലാം വായിച്ച് അലാവുദ്ദീന്‍ കഴിവുകള്‍ പ്രകടിപ്പിച്ചു. വയലിനില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം വായിക്കുന്നത് കേട്ടു നവാബ് അത്ഭുതപ്പെട്ടു. അദ്ദേഹം ഉടന്‍തന്നെ ഉസ്താദ് വസീര്‍ഖാനെ വിളിച്ചു. അലാവുദ്ദീനെ ശിഷ്യനായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വസീര്‍ ഖാന്‍ അലാവുദ്ദീനെ സ്വീകരിച്ചെങ്കിലും ഒന്നും പഠിപ്പിച്ചില്ല. എല്ലാ ദിവസവും രാവിലെ ഗുരുവിന്റെ വാതില്‍പ്പടിയില്‍ അലാവുദ്ദീന്‍ ഹാജര്‍ ഉണ്ടാവും. പക്ഷേ, ഗുരു ശിഷ്യനെ ശ്രദ്ധിച്ചില്ല. അതേസമയം മറ്റു ശിഷ്യമാരെ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നു വര്‍ഷം കടന്നുപോയി.

അലാവുദ്ദീന്‍ ഖാന്റെ വിവാഹം കഴിഞ്ഞിട്ട് ഇതിനകം 15 വര്‍ഷം കഴിഞ്ഞിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന വിവരംപോലും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അലാവുദ്ദീന്റെ ഭാര്യ മദന്‍ മഞ്ജരിയോട് വിവാഹബന്ധം വേര്‍പ്പെടുത്താനും മറ്റൊരു വിവാഹം കഴിക്കാനും ബന്ധുക്കള്‍ ഉപദേശിച്ചു. പക്ഷേ, മദന്‍ മഞ്ജരി അതിനു തയ്യാറായില്ല. ഭര്‍ത്താവ് ഒരു ദിവസം തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ബന്ധുക്കളുടെ നിര്‍ബ്ബന്ധം താങ്ങാന്‍ വയ്യാതെ ആയപ്പോള്‍ അവള്‍ ആത്മഹത്യാ ശ്രമം നടത്തി. ശബ്ദം കേട്ട് അമ്മ ഉണര്‍ന്നതു കൊണ്ട് അവള്‍ രക്ഷപ്പെട്ടു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയി. അവളെ അവര്‍ സ്വീകരിച്ചു. സാധാരണനിലയില്‍ മകനെ തിരിച്ചുകൊണ്ടു വരാന്‍ പറ്റില്ല എന്നു മനസ്സിലാക്കിയ പിതാവ് ഉസ്താദ് വസീര്‍ ഖാന് ഒരു ടെലഗ്രാം അയച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവള്‍ രക്ഷപ്പെട്ടു. അതുകൊണ്ട് ഉടനെ വീട്ടിലേക്കു വരണം. അതായിരുന്നു ഉള്ളടക്കം. അതു വായിച്ചപ്പോഴാണ് ഇങ്ങനെയൊരു ശിഷ്യന്റെ കാര്യം അദ്ദേഹം ഓര്‍ത്തത്. അലാവുദ്ദീന്‍ ഖാനെക്കുറിച്ച് തന്റെ മുതിര്‍ന്ന ശിഷ്യന്മാരോട് അന്വേഷിച്ചപ്പോള്‍ എല്ലാ ദിവസവും വന്നു മടങ്ങി പോവാറുണ്ട് എന്നു മറുപടി കിട്ടി. വസീര്‍ ഖാന് കുറ്റബോധം തോന്നി. അവനെ ചേര്‍ത്തുപിടിച്ചു. ഇന്നു മുതല്‍ അവനെ തന്നെ പഠിപ്പിക്കുമെന്നും പറഞ്ഞു. വീട്ടിലേക്കു തിരിച്ചുപോവുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഇതുവരെ ഒന്നും പഠിച്ചില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചുപോവും എന്ന മറുചോദ്യമാണ് അലാവുദ്ദീന്‍ ചോദിച്ചത്. വലിയൊരു സംഗീതജ്ഞനായി മാത്രമേ തിരിച്ചുപോവൂ എന്ന പ്രതിജ്ഞ എടുത്ത കാര്യവും പറഞ്ഞു. ''നിന്നെ ശ്രദ്ധിക്കാതെ പോയതിനു ക്ഷമിക്കുക. ഒരു നാള്‍ നീ വലിയൊരു സംഗീതകാരനാവും'' എന്ന് വസിര്‍ ഖാന്‍ പ്രവചിക്കുകയും ചെയ്തു.

രവിശങ്കറും അന്നപൂർണയും
രവിശങ്കറും അന്നപൂർണയും

ബാബ എന്ന അലാവുദ്ദീന്‍ ഖാന്‍

1918-ല്‍ മൈഹര്‍ രാജാവ് അലാവുദ്ദീന്‍ ഖാനെ കൊട്ടാരം സംഗീതജ്ഞനായി നിയമിച്ചപ്പോള്‍ അദ്ദേഹം മൈഹറില്‍ താമസമാക്കുകയും ഭാര്യ മദന്‍ മഞ്ജരിയെ കൂടെ കൊണ്ടുവരികയും ചെയ്തു. അലാവുദ്ദീന്‍ ഭാര്യയെ ഹാര്‍മോണിയം പഠിപ്പിച്ചു. ഭാര്യയുടെ പ്രത്യേക രീതിയിലുള്ള ഹാര്‍മോണിയം വായന അദ്ദേഹം ആസ്വദിച്ചിരുന്നു. ഭാര്യ സൃഷ്ടിച്ച ഒരു ട്യൂണ്‍ അദ്ദേഹം പരിഷ്‌കരിച്ചു ഒരു രാഗമാക്കി മാറ്റി. അതിന് മദന്‍ മഞ്ജരി എന്നു പേരിട്ടു. മൈഹര്‍ രാജാവ് ബ്രിജ്നാഥ് സിംഗ് അലാവുദ്ദീന്റെ ശിഷ്യനായി പഠനം തുടങ്ങി. രാജാവ് നല്‍കിയ സ്ഥലത്ത് അദ്ദേഹം വീടുണ്ടാക്കി. അലാവുദ്ദീന്‍ ഖാനെ എല്ലാവരും സ്‌നേഹപൂര്‍വ്വം ബാബ എന്നു വിളിച്ചു.

ആ വര്‍ഷം മൈഹറില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടു. നിരവധി പേര്‍ മരിച്ചു. ഒരുപാട് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. കുട്ടികള്‍ അനാഥരായി. ഈ സംഭവം ബാബയെ വല്ലാതെ സ്പര്‍ശിച്ചു. മഹാരാജാവുമായി ആലോചിച്ച് അദ്ദേഹം ദുരന്തത്തിന് ഇരയായ കുട്ടികള്‍ക്കുവേണ്ടി ഒരു ഓര്‍ക്കസ്ട്ര തുടങ്ങി. ഇന്ത്യന്‍ സംഗീതത്തിലെ ആദ്യത്തെ ഓര്‍ക്കസ്ട്ര. എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സംഗീത ഉപകരണങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. സിതാര്‍, തബല, സെല്ലോ, ക്ലാരിനെറ്റ് എന്നിവ. അവരെ പാശ്ചാത്യസംഗീതവും പഠിപ്പിച്ചു. ഈ ബാന്‍ഡില്‍ മൂന്നു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാമൂഹ്യ വിലക്കുള്ള കാലത്ത് ഇതു വലിയ വിപ്ലവമായിരുന്നു. ഓര്‍ക്കസ്ട്ര പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം മധ്യപ്രദേശിന്റെ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തു.

1934-ല്‍ കൊല്‍ക്കത്തയില്‍ വെച്ചു നടന്ന അഖില ബംഗാളി സംഗീത സമ്മേളനത്തില്‍ ബാബ അലാവുദ്ദീന്‍ ഖാന്‍ പങ്കെടുത്തു. അത് ഉദ്ഘാടനം ചെയ്തത് രവീന്ദ്രനാഥ് ടാഗോര്‍ ആയിരുന്നു. അവിടെ തന്റെ ട്രൂപ്പുമായി നൃത്തം അവതരിപ്പിക്കാന്‍ വന്നതായിരുന്നു ഉദയ ശങ്കര്‍. ഒരു നര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം പേരെടുത്തിരുന്നു. ബാബയുടെ പരിപാടി അദ്ദേഹത്തെ ആകര്‍ഷിച്ചു. അടുത്ത വര്‍ഷം നടക്കുന്ന യൂറോപ്യന്‍ പര്യടനത്തില്‍ പങ്കെടുക്കാന്‍ ഉദയ ശങ്കര്‍ ബാബയെ ക്ഷണിച്ചു. ആദ്യം വലിയ താല്പര്യം കാണിക്കാതിരുന്ന ബാബ ഉദയശങ്കര്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. യാത്രയില്‍ രവിശങ്കറും അനുഗമിച്ചിരുന്നു. 1935-ല്‍ അവര്‍ യൂറോപ്യന്‍ പര്യടനം തുടങ്ങി. ഇന്ത്യന്‍ സംഗീതത്തോട് വിദേശികള്‍ കാണിക്കുന്ന ആദരവ് ബാബയെ ആകര്‍ഷിച്ചു. വലിയ ഓഡിറ്റോറിയത്തില്‍ ശ്രദ്ധയോടെ സംഗീതം ശ്രവിക്കുന്ന പാശ്ചാത്യരില്‍നിന്നു കിട്ടിയ പ്രതികരണങ്ങള്‍ അദ്ദേഹം പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു.

രവിശങ്കർ
രവിശങ്കർ

സരോദായിരുന്നു ബാബയുടെ ഇഷ്ടപ്പെട്ട സംഗീതോപകരണം. കൂടാതെ വയലിന്‍, റബാബ്, സുര്‍ശ്രിങ്കാര്‍, സിതാര്‍, സുര്‍ബഹാര്‍, ബാന്‍സുരി, ഡ്രം, തബല, ക്ലാരിനെറ്റ്, ദില്‍രുപ, ധോലക്, പഖാവജ്, പിയാനോ, ഹാര്‍മോണിയം, ട്രംപറ്റ് എന്നിങ്ങനെ ഒരുപാട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ചന്ദ്രസാരംഗ്, സിതാര്‍ ബന്‍ജോ എന്നിങ്ങനെ പുതിയ ചില ഉപകരണങ്ങള്‍ അദ്ദേഹം വീണ്ടെടുത്തു. ഉപേക്ഷിക്കപ്പെട്ട തോക്കിന്‍ കുഴലില്‍നിന്ന് നല്‍തരംഗ് എന്നൊരു സംഗീതോപകരണവും ഉണ്ടാക്കി.

അലാവുദ്ദീന്‍ ഖാന് മൂന്നുമക്കള്‍ ജനിച്ചു. ജഹനാര, അന്നപൂര്‍ണ്ണ ദേവി, അലി അക്ബര്‍ ഖാന്‍. മൂത്ത മകള്‍ ജഹനാരയെ ഡാക്കയിലുള്ള ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിലേക്കായിരുന്നു വിവാഹം കഴിച്ചിരുന്നത്. സംഗീതത്തോട് വിരോധമുള്ള ആ കുടുംബം അവളെ പരിശീലനം ചെയ്യുന്നതു വിലക്കി. മാത്രമല്ല, അവളുടെ താന്‍പുരയും കത്തിച്ചുകളഞ്ഞു. കടുത്ത വിഷാദത്തിലേക്ക് വീണ ജഹനാര താമസിയാതെ രോഗിയായി മരിച്ചു. മകളുടെ മരണം ബാബയെ വല്ലാതെ ഉലച്ചു.

മൂത്ത മകളുടെ വേര്‍പ്പാടിനുശേഷം രണ്ടാമത്തെ മകളെ സംഗീതം പഠിപ്പിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ബാബ. അതുകൊണ്ട് മകന്‍ അലിഅക്ബര്‍ ഖാനെ സംഗീതം പഠിപ്പിച്ചു തുടങ്ങി. ഒരു ദിവസം അലി അക്ബര്‍ പഠനത്തില്‍ കാണിക്കുന്ന അശ്രദ്ധ കണ്ട് ദേഷ്യം പിടിച്ച് പുറത്തേയ്ക്കു പോയതായിരുന്നു ബാബ. തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അന്നപൂര്‍ണ്ണ സഹോദരന് കൃത്യമായി പഠിപ്പിച്ചു കൊടുക്കുന്നു. ബാബ ഉടനെ അന്നപൂര്‍ണ്ണയോട് ഒരു താന്‍പുര എടുത്തു വരാന്‍ പറഞ്ഞു. അങ്ങനെ അന്നപൂര്‍ണ്ണയെ പഠിപ്പിച്ചു തുടങ്ങി.

ഹരിപ്രസാദ് ചൗരസ്യ
ഹരിപ്രസാദ് ചൗരസ്യ

അലി അക്ബറിന്റേയും അന്നപൂര്‍ണ്ണയുടേയും ഒപ്പം രവിശങ്കറും വന്നുചേര്‍ന്നു. ബാബ മൂവരേയും പഠിപ്പിക്കാന്‍ തുടങ്ങി. മൂന്നു പേര്‍ക്കും മൂന്ന് സംഗീതോപകരണങ്ങള്‍. അലി അക്ബറിന് സരോദ്. അന്നപൂര്‍ണ്ണയ്ക്ക് സുര്‍ബഹാര്‍. രവിശങ്കറിന് സിതാര്‍. എല്ലാ സംഗീതോപകരണങ്ങളും നന്നായി കൈകാര്യം ചെയ്യുന്ന അലാവുദ്ദീന്‍ ഖാന്‍ എന്ന വടവൃക്ഷത്തിന്റെ ശാഖകളായ ഈ മൂന്നു പേരില്‍ നിന്നാണ് മൈഹര്‍ ഘരാന രാജ്യത്തിന്റെ അകത്തേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചത്.

പൊതുവേ ശാന്തന്‍ ആയിരുന്നെങ്കിലും പഠിപ്പിക്കുന്ന സമയത്താണ് ബാബയുടെ വിശ്വരൂപം കാണുക. പറഞ്ഞുകൊടുക്കുന്ന പാഠങ്ങള്‍ മണിക്കൂറുകളോളം പരിശീലനം ചെയ്യുക, അതു പിഴവ് വരുത്താതെ വായിക്കുക എന്നിവ അദ്ദേഹത്തിനു നിര്‍ബ്ബന്ധമായിരുന്നു. പഠിപ്പിച്ച കാര്യം ശരിയായി വായിക്കാന്‍ പറ്റിയില്ലെങ്കില്‍ ക്രൂരമായി ശിക്ഷിക്കും. അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കുന്നത് ശിഷ്യന്മാര്‍ക്കു പേടി സ്വപ്നം ആയിരുന്നു. ബാബ ഓരോ കുട്ടിയേയും അവര്‍ക്കു യോജിച്ച ഓരോ രീതിയിലായിരുന്നു പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് ബാബയില്‍നിന്നു പഠിച്ച ഒരോരുത്തരും അതുല്യരായിരുന്നു.

ബാബയില്‍നിന്ന് ആദ്യം സംഗീത പരിശീലനം കിട്ടിയത് അലി അക്ബര്‍ ഖാനാണ് ഒന്‍പതാം വയസ്സില്‍ സരോദ് പഠിച്ചു തുടങ്ങി. കഠിനമായ പരിശീലനമായിരുന്നു. ഒരു മുറിയില്‍ അടച്ചിട്ടു മണിക്കൂറോളം പരിശീലനം. എന്തെങ്കിലും തെറ്റ് വരുത്തിയാല്‍ മരത്തില്‍ കെട്ടിയിട്ടു അടിക്കും. ബാബയുടെ ക്രൂരമായ ശിക്ഷകൊണ്ട് സഹികെട്ട് അലി അക്ബര്‍ നാടുവിടാന്‍ തീരുമാനിച്ചു.

ഒരു ദിവസം രാത്രി ഒരു കയറുകൊണ്ട് മുകള്‍ നിലയില്‍നിന്നു താഴെ നിലയിലേയ്ക്ക് ഇറങ്ങി. കയ്യില്‍ രണ്ടു രൂപയും സരോദും മാത്രം. റയില്‍വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഖണ്ടവയിലേക്ക് പോവുകയായിരുന്നു ലക്ഷ്യം. ടിക്കറ്റ് എടുക്കാതെ ഒരു ട്രെയിനില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ ടിക്കറ്റ് പരിശോധകന്‍ വന്നു വഴിയില്‍ ഇറക്കിവിട്ടു. അവിടെനിന്നു കാല്‍നടയായി അടുത്തുള്ള പട്ടണം ലക്ഷ്യമാക്കി നടന്നു. വഴിയില്‍ ഒരു ചീട്ടുകളി സംഘത്തെ കണ്ടു. അവരുടെ കൂടെ ചേരാന്‍ ഒരു പ്രലോഭനം തോന്നി. കയ്യിലുള്ള പൈസ വെച്ച് കളിച്ചു എല്ലാം നഷ്ടമായി. സരോദും മാറില്‍ അടക്കിപ്പിടിച്ചു നടന്നു. വിശപ്പും ദാഹവും കൊണ്ട് ഒരു റെയില്‍വെ സ്റ്റേഷനില്‍ തളര്‍ന്നിരുന്നു. അവിടെ ഒരു സംഗീതപ്രേമി അലി അക്ബറിനോട് വിവരങ്ങള്‍ തിരക്കി. അയാള്‍ അയാള്‍ക്ക് ഭക്ഷണവും താമസവും കൊടുത്തു. കുറച്ചു പരിപാടികളും. ഇതിലൂടെ കിട്ടിയ പണവുമായി മുംബൈയില്‍ എത്തി. അവിടെ കുറച്ചുകാലം അലഞ്ഞുനടന്നു. ഒടുവില്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടി. അലി അക്ബര്‍ അവതരിപ്പിച്ച പരിപാടി പ്രക്ഷേപണം ചെയ്തപ്പോള്‍ അത് മൈഹര്‍ രാജാവ് കേള്‍ക്കാനിടയായി. അദ്ദേഹം ബാബയെ വിവരം അറിയിച്ചു. ബാബ വേഗം മുംബൈയിലേക്ക് പുറപ്പെട്ടു. മകനെ മടക്കിക്കൊണ്ട് വന്നു. അതിനുശേഷം ശിക്ഷയുടെ കാഠിന്യം കുറച്ചു.

അലി അക്ബർ ഖാൻ
അലി അക്ബർ ഖാൻ

രവിശങ്കറും അന്നപൂര്‍ണ്ണയും

''ബാബയില്‍നിന്നു പഠിക്കാന്‍ ഒരുപാട് പേര്‍ വന്നിരുന്നു. ഒരാഴ്ചയ്കക്കം അവര്‍ എല്ലാം ഓടിപ്പോകും; ഒരുമാസം കഴിഞ്ഞും അവശേഷിക്കുന്നവരാണ് പിന്നീട് വലിയ സംഗീതകാരന്മാരായി മാറിയവര്‍'' - രവിശങ്കര്‍ ഒരിക്കല്‍ പറഞ്ഞു. ബാബയുടെ കീഴില്‍ രവിശങ്കറിന്റെ അഞ്ചുവര്‍ഷത്തെ പഠനം കഠിനമായിരുന്നു. ആ അനുഭവം തന്റെ  പുസ്തകമായ 'മൈ മ്യൂസിക് മൈ ലൈഫി'ല്‍ വിവരിക്കുന്നു.

ഒരിക്കല്‍ അദ്ദേഹം പഠിപ്പിച്ചത് എനിക്കു ശരിയായി വായിക്കാന്‍ പറ്റിയില്ല. ''നിന്റെ കൈകള്‍ക്ക് ബലം പോര'' - അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ വല്ലാതെയായി. കുട്ടിക്കാലം മുതല്‍ ആരും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ബാബ എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഭയപ്പെടുന്നതിനു പകരം എനിക്കു ദേഷ്യം വരികയാണ് ചെയ്തത്. ''പോയി കുറച്ചു വളവാങ്ങി കയ്യില്‍ ഇട്ടോ. നിന്റെ കൈ ദുര്‍ബ്ബലമായ ഒരു പെണ്‍കുട്ടിയുടേതുപോലെയാണ്. ഇതുപോലും നിനക്ക് വായിക്കാനാവുന്നില്ല.''

അതുതന്നെ എനിക്ക് ധാരാളമായിരുന്നു. ഞാന്‍ എഴുന്നേറ്റു. എന്റെ താമസസ്ഥലത്തേയ്ക്ക് പോയി. എന്റെ സാധനങ്ങള്‍ പെട്ടിയിലാക്കി റയില്‍വെ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. അലി അക്ബര്‍ എന്റെ പിറകെ ഓടിവന്നു.

''എന്ത് പറ്റി?'' - അവന്‍ ചോദിച്ചു.

''ഞാന്‍ ഇനി ഇവിടെ നില്‍ക്കുന്നില്ല. ബാബ എന്നെ വഴക്ക് പറഞ്ഞു.''

അവന്‍ എന്നെ അവിശ്വസനീയതയോടെ നോക്കി. എനിക്ക് ഭ്രാന്താണോ എന്നു ചോദിച്ചു.

''നീ മാത്രമായിരുന്നു ബാബ അടിക്കാത്ത ഏക ശിഷ്യന്‍. ഞങ്ങള്‍ അതില്‍ അത്ഭുതപ്പെട്ടു നില്‍ക്കുകയായിരുന്നു. ബാബ എന്നോട് ചെയ്തത് എന്താണെന്നു നിനക്കറിയോ? എന്നെ മരത്തില്‍ കെട്ടിയിട്ടു പലതവണ അടിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഭക്ഷണംപോലും തരില്ല. എന്നിട്ട് ബാബ ചെറുതായി ഒന്നു വഴക്ക് പറഞ്ഞതിന് നീ ഇപ്പോള്‍ ഓടിപ്പോവുന്നു.''

''ഞാന്‍ ഇന്നു വൈകുന്നേരത്തെ വണ്ടിക്കു പോവാണ്'' - ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

അലി അക്ബര്‍ എന്നെ വീട്ടിലേക്കു തിരിച്ചുപോവാന്‍ പ്രേരിപ്പിച്ചു. ഞാന്‍ തിരിച്ചു നടന്നു. എന്റെ തകരപ്പെട്ടി താല്‍ക്കാലികമായി മുറിയില്‍ കൊണ്ടുവെച്ചു. അവന്‍ അമ്മയോടും ബാബയോടും സംഭവിച്ച കാര്യങ്ങള്‍ വിവരിച്ചു. അവരുടെ കൂടെ ഉച്ചഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു എന്ന് അലി അക്ബര്‍ എന്നോട് പറഞ്ഞു. ഞാന്‍ ബാബയുടെ വീട്ടിലേക്കു പ്രവേശിച്ചപ്പോള്‍ 'മാ' (അലി അക്ബറിന്റെ അമ്മ) എന്നോട് പറഞ്ഞു: ''നീ പോവുകയാണ് അല്ലേ? കുറച്ചുനേരം ബാബയുടെ അടുത്തുപോയി ഇരിക്കൂ.''

ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോയി വണങ്ങി. കുറച്ചുനേരം ഞങ്ങള്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. എന്റെ തീരുമാനം അദ്ദേഹത്തിന്റെ മനസ്സില്‍ത്തട്ടി എന്നെനിക്ക് ബോധ്യപ്പെട്ടു. അല്പനേരത്തെ മൗനത്തിനുശേഷം ഞാന്‍ പറഞ്ഞു:

''ഞാന്‍ പോവുകയാണ്.''

അദ്ദേഹം എന്റെ നേരെ നോക്കിപ്പറഞ്ഞു:

''അത്രേയുള്ളൂ. ഞാന്‍ പറഞ്ഞത് നീ പോയി വളയിടൂ എന്നുമാത്രമാണ്. അതു നിന്നെ വേദനിപ്പിക്കുകയും നീ പോവുകയും ചെയ്യുന്നു.''

എന്റെ കണ്ണുകള്‍ നിറഞ്ഞു. ഈയൊരവസ്ഥയില്‍ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.

''നീ ഓര്‍ക്കുന്നുണ്ടോ മുംബൈയിലെ കടല്‍പ്പാലത്തിന് അടുത്തുവെച്ച് നിന്റെ അമ്മ നിന്റെ കൈ എന്റെ കയ്യില്‍ ചേര്‍ത്തുവെച്ച് പറഞ്ഞത്. ഇവനെ സ്വന്തം മകനായി കരുതി നോക്കണം. അതിനു ശേഷം നിന്നെ ഞാന്‍ എന്റെ മകനായി സ്വീകരിച്ചു. ഇതാണോ നീ ഇപ്പോള്‍ പൊട്ടിച്ചുകളയാന്‍ ആഗ്രഹിക്കുന്നത്?''

അതിനുശേഷം ഞാന്‍ ബാബയെ വിട്ടുപോയിട്ടില്ല. ആ സംഭവത്തിനുശേഷം ഞാന്‍ ചെയ്ത എന്തെങ്കിലും തെറ്റിന് എന്നോട് ദേഷ്യം വന്നാല്‍ അദ്ദേഹം മറ്റാരെയെങ്കിലും അടിക്കും.'' (My music My life- Pandit Ravi Shankar).

എല്ലാ വിഭാഗം സംഗീതത്തിലും ബാബയ്ക്ക് അസാമാന്യ പാടവം ഉണ്ടായിരുന്നു. ദ്രുപദ്, ഖയാല്‍, ധമാര്‍, അര്‍ദ്ധ ശാസ്ത്രീയസംഗീത രൂപങ്ങള്‍ എന്നിവയില്‍ എല്ലാം. അദ്ദേഹം ഒരുപാട് പാട്ടുകള്‍ക്ക് സംഗീതം നല്‍കി. സംഗീതം നല്‍കിയ പാട്ടുകള്‍ നൊട്ടേഷനുകളോടെ പതിവായി ചില മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു. 'ആലം' എന്ന തൂലികാനാമത്തില്‍ പാട്ടുകള്‍ എഴുതി. കുടുംബത്തില്‍ ബാബയെ സ്‌നേഹപൂര്‍വ്വം ആലം എന്നാണ് വിളിച്ചിരുന്നത്.

തികച്ചും ലളിത ജീവിതം നയിച്ച ബാബ പണത്തിന്റേയും പ്രശസ്തിയുടേയും പിന്നാലെ പോയില്ല. തന്റെ ശിഷ്യരിലൂടെ സംഗീതം ലോകം മുഴുവന്‍ പടരുന്നതു കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. സംഗീതം പഠിക്കുക അതു സൃഷ്ടിക്കുക എന്നതില്‍ മാത്രമായിരുന്നു അദ്ദേഹത്തിനു താല്പര്യം. 1972 സെപ്തംബര്‍ ആറിന് 110 വയസ്സിലാണ് അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.

പല ഉസ്താദ്മാരും തങ്ങളുടെ പെണ്‍മക്കളെ സംഗീതം പഠിപ്പിക്കാന്‍ താല്പര്യം കാണിക്കാതിരുന്നപ്പോള്‍ അലാവുദ്ദീന്‍ ഖാന്‍ അതിനു തയ്യാറായി. അന്നപൂര്‍ണ്ണ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു. മികച്ച സൂര്‍ബഹാര്‍ വാദകയും. സിതാര്‍ വായനയിലും അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. രവിശങ്കര്‍ അന്നപൂര്‍ണ്ണയെ ഇഷ്ടമാണ് എന്നറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നും പറയാതെ ബാബ സമ്മതം കൊടുത്തു. വിവാഹത്തിനുശേഷം രവിശങ്കറുമായി അന്നപൂര്‍ണ്ണ നടത്തിയ ജുഗല്‍ബന്ദികള്‍ അന്നപൂര്‍ണ്ണയുടെ പ്രതിഭയുടെ ആഴം വ്യക്തമാക്കി. ഭാര്യയ്ക്ക് പൊതുപരിപാടികളില്‍ കിട്ടിയ കയ്യടികളും പ്രശംസകളും കുടുംബജീവിതത്തില്‍ വലിയ പ്രശ്‌നം ഉണ്ടാക്കി. ഇതു മനസ്സിലാക്കിയ ബാബ മകളെക്കൊണ്ട് കഠിനമായ ഒരു പ്രതിജ്ഞ എടുപ്പിച്ചു. ഇനിയൊരിക്കലും പൊതുപരിപാടികള്‍ വായിക്കില്ല എന്ന്. ദാമ്പത്യം തകരാതിരിക്കാനുള്ള ഒത്തുതീര്‍പ്പില്‍ അവള്‍ ഇരയായിത്തീര്‍ന്നു. പക്ഷേ, അന്നപൂര്‍ണ്ണയുടെ ജീവചരിത്രകാരന്‍ സ്വപന്‍ കുമാര്‍ ബന്ധോപാധ്യായ വിശ്വസിക്കുന്നത് രവിശങ്കറിന്റെ പ്രേരണയാണ് ബബാ മകളെക്കൊണ്ട് അങ്ങനെ ഒരു പ്രതിജ്ഞയെടുപ്പിക്കാന്‍ കാരണമെന്നാണ്. അതുകൊണ്ട് തകര്‍ന്ന ദാമ്പത്യത്തിന് ഒരു ഗുണവും ഉണ്ടായില്ല.
 
അതിനുശേഷം അന്നപൂര്‍ണ്ണ മുംബൈയിലെ ഫ്‌ലാറ്റിലെ ഏകാന്തതയിലേയ്ക്ക് ഉള്‍വലിഞ്ഞു. രവിശങ്കറില്‍ ജനിച്ച മകന്‍ ശുഭേന്ദ്ര ശങ്കറിന് അന്നപൂര്‍ണ്ണ തന്നെ സിതാറില്‍ പരിശീലനം കൊടുത്തു. അവനു 18 വയസ്സായപ്പോള്‍ രവിശങ്കര്‍ അമേരിക്കയിലേയ്ക്ക് കൊണ്ടുപോയി. അവിടെ വെച്ചു കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ശുഭേന്ദ്ര ശങ്കര്‍ അകാലത്തില്‍ മരിച്ചു. അന്നപൂര്‍ണ്ണ വീണ്ടും വേദനയിലേയ്ക്ക് ഉള്‍വലിഞ്ഞു. പിന്നീട് തന്നെക്കാള്‍ പ്രായംകുറഞ്ഞ ശിഷ്യനായ റൂഷികുമാര്‍ പാണ്ട്യയെ വിവാഹം കഴിച്ചു.
 
മൈഹറിന്റെ ശരിയായ പാരമ്പര്യം അന്നപൂര്‍ണ്ണക്കായിരുന്നു കിട്ടിയത് എന്ന് അവരുടെ ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. നിഖില്‍ ബാനര്‍ജിയും ഹരിപ്രസാദ് ചൗരസ്യയും അന്നപൂര്‍ണ്ണയുടെ മഹത്വം കണ്ടറിഞ്ഞു പഠിക്കാന്‍ വേണ്ടി അവരുടെ വീടിനു മുന്‍പില്‍ കാത്തുനിന്നു. ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കു ശേഷമാണ് അവരെ ശിഷ്യന്മാരായി സ്വീകരിച്ചത്. നിത്യാനന്ദ് ഹല്‍ദിപ്പൂര്‍, വസന്ത് കബ്ര, മനോജ് കുമാര്‍ ഖേദിയ എന്നിവരാണ് മറ്റു പ്രമുഖ ശിഷ്യര്‍. അവരെല്ലാം അന്നപൂര്‍ണ്ണയെ 'മാ' എന്നാണ് വിളിച്ചിരുന്നത്. വേദികളില്‍ പ്രശസ്തരായ രവിശങ്കര്‍, അലി അക്ബര്‍ ഖാന്‍ എന്നിവരെപ്പോലെതന്നെ വീടിന്റെ അകത്തളങ്ങളിലേക്ക് ഉള്‍വലിഞ്ഞ അന്നപൂര്‍ണ്ണയുടെ സംഗീതവും ശിഷ്യരിലൂടെ ലോകമാകെ വ്യാപിച്ചു.

1950-കളുടെ മധ്യത്തോടെ അലി അക്ബര്‍ രവിശങ്കറിന്റെ കൂടെ അമേരിക്കയില്‍ എത്തി. 1960-കളിലും 1970-കളിലും രവിശങ്കറും അലി അക്ബര്‍ ഖാനും നടത്തിയ ജുഗല്‍ബന്ദികള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. സാമ്പത്തികമായി നല്ല വരുമാനം ഉണ്ടായതോടെ അലി അക്ബര്‍ കാലിഫോര്‍ണിയയില്‍ താമസം തുടങ്ങി. നാല് ദശകത്തോളം മരിക്കുന്നതുവരെ അദ്ദേഹം അവിടെ താമസിച്ചു. ഒരുപാട് വിദേശ ശിഷ്യരെ ലഭിച്ചു. ചാള്‍സ് ചാപെല്‍, കെന്‍സുക്കര്‍മാന്‍ എന്നിവര്‍ അവരില്‍ പ്രധാനികള്‍. പക്ഷേ, അദ്ദേഹത്തിന്റെ പ്രധാന ശിഷ്യര്‍ ഇന്ത്യയില്‍നിന്നായിരുന്നു. ശരണ്‍റാണി, ആശിഷ് ഖാന്‍, രാജീവ് താരാനാഥ്, ബ്രജ്ഭൂഷന്‍ കാബ്ര എന്നിവര്‍.

ഹിമാംശു നന്ദ
ഹിമാംശു നന്ദ

ചൗരസ്യയും മൈഹര്‍ ഘരാനയും

അലി അക്ബറിനേക്കാള്‍ പാശ്ചാത്യരാജ്യങ്ങളില്‍ അറിയപ്പെട്ടത് രവിശങ്കര്‍ ആയിരുന്നു. 1960-കളില്‍ പാശ്ചാത്യലോകത്ത് ഒരു സാംസ്‌കാരികവിപ്ലവം നടക്കുകയായിരുന്നു. യുവാക്കളില്‍ പുതിയ ചിന്തകള്‍ ഉടലെടുത്തു. അവര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ സംഗീതവും രവിശങ്കറും അവര്‍ക്ക് ബദല്‍ ആത്മീയ അന്വേഷണങ്ങള്‍ക്കുള്ള ഉത്തരമായി. പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാനായിരുന്നു രവിശങ്കറിന് എപ്പോഴും താല്പര്യം. യഹൂദി മെന്‍ഹിന്‍, ബീറ്റില്‍സിലെ ജോര്‍ജ്ജ് ഹാരിസണ്‍ എന്നിവരുടെ കൂടെയുള്ള പരിപാടികള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. ദര്‍ബാര്‍കളിലും പ്രൈവറ്റ് മെഹഫിലുകളിലും പരിമിതപ്പെട്ടുപോയ സംഗീതത്തെ അദ്ദേഹം വിദേശത്തെ വലിയ വേദികളിലേക്ക് കൊണ്ടുവന്നു.

മുളംതണ്ടില്‍ അത്ഭുതം കാണിച്ച ഹരിപ്രസാദ് ചൗരസ്യയും തന്റെ പ്രതിഭയെ തേച്ച് മിനുക്കിയത് മൈഹര്‍ ഘരാനയിലൂടെയായിരുന്നു. ശാസ്ത്രീയസംഗീതത്തില്‍ താല്പര്യമോ അവഗാഹമോ ഇല്ലാത്തവര്‍പോലും അദ്ദേഹത്തിന്റെ വായന ആസ്വദിക്കുന്നു. കട്ടക്കിലെ ആകാശവാണിയില്‍നിന്ന് മുംബൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതാണ് ചൗരസ്യയുടെ ജീവിതത്തിലെ വഴിത്തിരിവ്. മദന്‍മോഹന്‍ ഉള്‍പ്പടെ ഹിന്ദി സിനിമയിലെ പ്രധാനപ്പെട്ട സംഗീത സംവിധായകര്‍ അദ്ദേഹത്തിന്റെ ബാന്‍സുരി വായന ശ്രദ്ധിച്ചു. സിനിമയില്‍നിന്നു ധാരാളം ഓഫര്‍ വന്നു. അഞ്ചു വര്‍ഷത്തോളം പണത്തിന്റേയും ഗ്ലാമറിന്റെ ലോകത്ത് ജീവിച്ചു. ഒരു ദിവസം മുംബൈയില്‍ ഒരു സ്വകാര്യ മെഹഫിലില്‍ ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ പരിപാടി കണ്ടു. ബാന്‍സുരിയുമായി വന്ന പയ്യനെ അലാവുദ്ദീന്‍ ഖാന്‍ ശ്രദ്ധിച്ചു. വായിക്കാന്‍ പറഞ്ഞു. വായന കേട്ടപ്പോള്‍ത്തന്നെ ബാബ ചൗരസ്യയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. മൈഹാറിലേക്ക് വരാന്‍ പറഞ്ഞു. പക്ഷേ, അച്ഛന്റെ സമ്മതം കിട്ടില്ല എന്ന് ചൗരസ്യ പറഞ്ഞു. മുംബൈയിലുള്ള തന്റെ മകള്‍ അന്നപൂര്‍ണ്ണയെ കണ്ടാല്‍ മതി എന്ന് ബാബ പറഞ്ഞു. അന്നപൂര്‍ണ്ണയുടെ അടുത്ത് പോയപ്പോള്‍ പഠിപ്പിക്കുന്നില്ലെന്ന മറുപടിയാണ് കിട്ടിയത്. വീണ്ടും പോയപ്പോള്‍ ഇവിടെനിന്നു പോയിട്ടില്ലെങ്കില്‍ പൊലീസിനെ വിളിക്കും എന്നു പറഞ്ഞു. എന്നാല്‍, ചൗരസ്യ പിന്‍തിരിഞ്ഞില്ല. ഓരോ ദിവസവും അദ്ദേഹം അന്നപൂര്‍ണ്ണയുടെ വീടിനു മുന്‍പില്‍ പോയി നില്‍ക്കും. അവസാനം അന്നപൂര്‍ണ്ണ ചൗരസ്യയെ പഠിപ്പിക്കാന്‍ തയ്യാറായി. അതുവരെ പഠിച്ചതെല്ലാം മായിച്ചുകളഞ്ഞ് ആദ്യം മുതല്‍ തുടങ്ങി. വിരലുകളുടെ ചലനംപോലും മാറ്റി. അത് ചൗരസ്യയുടെ സംഗീതത്തിന്റെ പുനര്‍ജ്ജനി ആയിരുന്നു.

ബാന്‍സുരി പഠിപ്പിക്കാന്‍ ഗുരുകുലങ്ങള്‍ തുടങ്ങുക എന്ന ചൗരസ്യയുടെ സ്വപ്നം ടാറ്റയുടേയും ബിര്‍ളയുടേയും സാമ്പത്തികസഹായത്തോടെ സഫലമായി. വൃന്ദാവന്‍ എന്ന പേരില്‍ മുംബൈയിലും ഭുവനേശ്വറിലും സ്ഥാപിച്ച ഗുരുകുലങ്ങള്‍ ലോകത്തെതന്നെ ഏറ്റവും മികച്ച സംഗീത സ്ഥാപനങ്ങളാണ്. അവിടെ അവര്‍ പിന്തുടരുന്നത് അന്നപൂര്‍ണ്ണ ദേവിയുടെ പാരമ്പര്യം തന്നെ. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ ചൗരസ്യ ശിഷ്യന്മാരെ സൃഷ്ടിച്ചു.

മൈഹര്‍ ഘരാനയുടെ ബാന്‍സുരി പഠനം 2018-ല്‍ കേരളത്തിലും എത്തി. കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിലാണ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനുള്ള പദ്ധതി പ്രാവര്‍ത്തികമായത്. അവിടെ ചൗരസ്യയുടെ ശിഷ്യന്‍ ഹിമാംശു നന്ദ ക്ലാസ്സ് എടുക്കുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ഫണ്ടോടെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നത്. ഈ ആശയം മുന്നോട്ട് വെച്ച ഹിമാംശു നന്ദയുടെ ശിഷ്യന്‍ സി.വി. പ്രശാന്ത്, പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് സെക്രട്ടറി സുനീഷ് എന്നിവര്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രചാരത്തിനു നല്‍കിയ ശ്രമങ്ങള്‍ ഭാവിതലമുറ നന്ദിയോടെ ഓര്‍ക്കും.

Reference
1. Ustad Alavuddin Khan: Sahana Gupta  
2. Ustad Ali Akbar Khan The Johhpur years: Ramlal Mathur & Malathi Mathur
3. My music My life:  Pandit Ravi Shankar
4. An Unheard Melody- Annapurna Devi: S.K. Bondyopadhyay
5. An Itnroduction to Hindustani Classical Music: Vijay Prakash Singha
6. A Rasikak's Journey Through Hindustani Music: Rajeev Nair

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com