മലബാര്‍ (മാപ്പിള) കലാപം: ആഖ്യാനങ്ങള്‍ പലതുണ്ട്

സാമ്പത്തിക ബന്ധങ്ങള്‍, രാഷ്ട്രീയ താല്പര്യങ്ങള്‍, മതസങ്കുചിതത്വം തുടങ്ങി പല മാനങ്ങളുള്ള ലഹളയാണ് 1921-ല്‍ മലബാറില്‍ നടന്നത് 
മലബാര്‍ (മാപ്പിള) കലാപം: ആഖ്യാനങ്ങള്‍ പലതുണ്ട്

ത് ചരിത്രസംഭവത്തെക്കുറിച്ചും ആഖ്യാനങ്ങള്‍ പലതുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും പരസ്പരം കഠിനമായി ഏറ്റുമുട്ടുന്നവയുമാകാം അത്തരം ആഖ്യാനങ്ങള്‍. 1921-ല്‍ കിഴക്കന്‍ മലബാറിലെ ഏറനാട്-വള്ളുവനാട് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ വിഷയത്തില്‍ ഇമ്മട്ടിലുള്ള ആഖ്യാനവൈവിധ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. ആ ലഹളയുടെ പേരില്‍പ്പോലും പ്രതിഫലിച്ചിട്ടുണ്ട് പ്രസ്തുത വൈവിധ്യം. വിദേശികളും സ്വദേശികളുമായ ഗവേഷകരില്‍ ചിലര്‍ അതിനെ മലബാര്‍ കലാപം (Malabar Rebellion) എന്നാണ് വിളിച്ചതെങ്കില്‍ വേറെ ചിലര്‍ അതിനെ മാപ്പിള ലഹള (Mappila Revolt) എന്നു വിളിച്ചു.

ഒരു നൂറ്റാണ്ടോളം മുന്‍പ് നടന്ന കലാപത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളിലൊന്ന് 1937-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും സൗമ്യേന്ദ്രനാഥ് ടാഗോര്‍ എഴുതിയതുമായ  Peasant Revolt in Malabar എന്ന കൃതിയാണ്. സ്റ്റീഫന്‍ ഡെയ്ല്‍, കോണ്‍റാഡ് വുഡ്, ഡേവിഡ് ആര്‍ണള്‍ഡ്, ടോട്ടന്‍ഹാം, ബെഞ്ചമിന്‍, എം.എന്‍. റോയ്, സുബ്കിര്‍ ചൗധരി, ഡി.എന്‍., ധനഗരെ, ഇ.എം.എസ്., കെ. മാധവന്‍ നായര്‍, ഡോ. കെ.എന്‍. പണിക്കര്‍, ഡോ. ഗംഗാധരന്‍ തുടങ്ങി ഒട്ടേറെ പേര്‍ മലബാര്‍ കലാപത്തിന്റെ ഉള്ളറകളിലേക്ക് കണ്ണയച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം പുറമെ ലഹളക്കാലത്ത് പൊലീസ് സൂപ്രണ്ടായിരുന്ന ആര്‍.എച്ച്. ഹിച്‌കോക്ക് എഴുതിയ A History of Malabar Rebellion എന്ന പുസ്തകവുമുണ്ട്. കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ ഏതെല്ലാം, ഏതളവില്‍ എന്ന വിശകലനത്തിലേക്ക് പോകുമ്പോള്‍ അന്വേഷകര്‍ പലപ്പോഴും വഴിപിരിയുന്നു. ഓരോരുത്തരുടേയും ആഖ്യാനം വ്യതിരിക്തമായിത്തീരുന്നത് അങ്ങനെയാണ്.

ഇപ്പോള്‍ മലബാര്‍ (മാപ്പിള) കലാപത്തിന്റെ നൂറാം വാര്‍ഷികം അടുത്തെത്തി നില്‍ക്കേ കലാപത്തിനു നേതൃത്വം നല്‍കിയ പ്രധാനികളില്‍ ഒരാളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി ചിലര്‍ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്ത വന്നതോടെ കലാപത്തിന്റെ ഹേതുക്കളും സ്വഭാവവും പരിണാമവും ഒരിക്കല്‍ക്കൂടി സജീവ ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചിരിക്കുന്നു. മതത്തിന്റെ മാത്രം കണ്ണിലൂടെ കലാപത്തെ വിലയിരുത്തുന്നവരില്‍ ഒരു കൂട്ടര്‍ കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനായി വാഴ്ത്തുന്നതില്‍ അഭിരമിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതേ ഹാജിയെ കൊടുംക്രൂരനായി ചിത്രീകരിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. ഇരുവിഭാഗവും കലാപത്തിന് അനേകം ആഖ്യാനങ്ങളുണ്ടെന്നും ഏതെങ്കിലും ഒരാഖ്യാനം മാത്രം ശരിയെന്നു കരുതുന്നത് ചരിത്രവിരുദ്ധമാകാനിടയുണ്ടെന്നുള്ള വസ്തുത കണക്കിലെടുക്കുന്നില്ല.

മലബാര്‍ ലഹള കാര്‍ഷിക കലാപമായിരുന്നു എന്നതാണ് ആഖ്യാനങ്ങളിലൊന്ന്. എം.എന്‍. റോയിയത്രേ ഈ വീക്ഷണത്തിന്റെ പ്രഥമ അവതാരകന്‍. സൗമ്യേന്ദ്രനാഥ് ടാഗോറും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭമായിട്ടാണ് 1921-ലെ സംഭവങ്ങളെ വിലയിരുത്തിയത്. ഇടതു ചിന്താഗതിക്കാരായിരുന്ന റോയിയും ടാഗോറും അവതരിപ്പിച്ച ആശയത്തോട് ഒരു പരിധി വരെ കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യരില്‍ പ്രമുഖനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് യോജിച്ചിരുന്നു. പക്ഷേ, അദ്ദേഹം കര്‍ഷക അസംതൃപ്തിയുടെ മാത്രം ഫലമാണ് കലാപം എന്നംഗീകരിക്കുന്നില്ല. മാപ്പിള കര്‍ഷകരുടെ മാത്രം പ്രശ്‌നമായിരുന്നില്ല ജന്മിമാര്‍ക്കെതിരേയും ബ്രിട്ടീഷ് ഭരണസംവിധാനത്തിനെതിരേയുമുള്ള അസംതൃപ്തി. ഹിന്ദുക്കളായ കര്‍ഷകരും ജന്മിമാരാലും കോളനിവാഴ്ചയുടെ ഭാഗമായ ഉദ്യോഗസ്ഥരാലും തുല്യ അളവില്‍ ദ്രോഹിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അവര്‍ പക്ഷേ, കലാപത്തിനിറങ്ങുകയുണ്ടായില്ല. അങ്ങനെ നോക്കുമ്പോള്‍ വെറും കര്‍ഷക പ്രക്ഷോഭം എന്നതിനപ്പുറം മറ്റു ചില ഘടകങ്ങള്‍ കൂടി ലഹളക്കാരെ പ്രചോദിപ്പിച്ചു എന്നാണ് ഇ.എം.എസ്. സൂചിപ്പിക്കുന്നത്. മതപരവും സമുദായപരവുമായ സംഘടിതബോധം കൂടി കലാപകാരികളെ സ്വാധീനിച്ചു എന്ന് അദ്ദേഹം വിലയിരുത്തുന്നു.

കോണ്‍ഗ്രസ്സും ഖിലാഫത്തും

മതാസ്പദ സംഘടിതബോധവും തജ്ജന്യ വികാരവും ലഹളക്കാരുടെ പ്രവര്‍ത്തനങ്ങളെ ഗാഢമായി സ്വാധീനിച്ചു എന്ന നിഗമനത്തോട് ഡോ. എം. ഗംഗാധരന്‍, ഡോ. കെ.എന്‍. പണിക്കര്‍ തുടങ്ങിയവരും യോജിക്കുന്നുണ്ട്. മാപ്പിള രാജ്, ഖിലാഫത്ത് രാജ്, ഇസ്ലാമിക ഭരണം എന്നീ ആശയങ്ങളെ താലോലിച്ച തങ്ങള്‍, മുസ്ല്യാര്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുമ്പോള്‍ ആവേശമുള്‍ക്കൊണ്ടത് മുസ്ലിം ഭരണസ്ഥാപനവാഞ്ഛയില്‍നിന്നാണെന്നു വ്യക്തമാക്കുന്ന ഗംഗാധരന്‍ മതപരമായ സംഘടിതത്വം മാപ്പിളമാര്‍ ഉപയോഗപ്പെടുത്തിയതിലേക്ക് കടന്നുചെല്ലുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''തുടക്കം മുതല്‍ കലാപക്കാര്‍ ഒത്തുകൂടാനുള്ള കേന്ദ്രങ്ങളായി ഉപയോഗിച്ചത് പള്ളികളാണ്. തക്ബീര്‍ ആയിരുന്നു പോരാട്ടവേളകളില്‍ യുദ്ധത്തിനുള്ള ആഹ്വാനം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള നേതാക്കന്മാര്‍ക്കുപോലും ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയ മതപരിവേഷമുള്ള വ്യക്തികളെ പ്രസ്ഥാനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനായിരുന്നു വാസന... ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് മതബോധമായിരുന്നു കലാപത്തിന്റെ പ്രചോദകശക്തി എന്നാണ്.'' (എം. ഗംഗാധരന്‍, മലബാര്‍ കലാപം 1921-'22, പു. 323-324). അദ്ദേഹം തുടര്‍ന്നു വ്യക്തമാകുന്നു: ''മൊത്തത്തില്‍ കലാപകാരികളെ പ്രചോദിപ്പിച്ച ആശയം മതപരമാണെങ്കില്‍ത്തന്നെയും അതു മറ്റൊരു മതസമൂഹത്തോടുള്ള ശത്രുത എന്ന അര്‍ത്ഥത്തിലുള്ള വര്‍ഗ്ഗീയതയല്ല, അടിസ്ഥാനപരമായി അതിനു രാഷ്ട്രീയ സ്വഭാവമാണുണ്ടായിരുന്നത്'' (അതില്‍ത്തന്നെ പു. 325).

കെ.എന്‍. പണിക്കര്‍ തന്റെ 'Against Lord and State' എന്ന കൃതിയില്‍ ഏറെക്കുറെ ഇതേ ആശയം പ്രകാശിപ്പിച്ചത് കാണാം. മാപ്പിളമാരില്‍ മഹാഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസം നടന്നത് പള്ളികളോടനുബന്ധിച്ചുള്ള മദ്രസകളിലാണെന്നും അതിനാല്‍ ആകുന്നു അവര്‍ക്ക് ലഭിച്ചത് മതവിദ്യാഭ്യാസം മാത്രമാണെന്നും വ്യക്തമാക്കിയശേഷം പണിക്കര്‍ രേഖപ്പെടുത്തുന്നു: ''മാപ്പിള കര്‍ഷകരുടെ പ്രത്യയശാസ്ത്രലോകം മതപരമായ ധാരണകളാല്‍ കെട്ടുപിണഞ്ഞതായിരുന്നു. സമുദായവുമായി അടുത്ത ബന്ധമുള്ള പരമ്പരാഗത ബുദ്ധിജീവികളാല്‍ വികസിപ്പിക്കപ്പെട്ടതായിരുന്നു ആ പ്രത്യയശാസ്ത്ര പ്രപഞ്ചം. അതിനകത്തുനിന്നാണ് മാപ്പിള കര്‍ഷകര്‍ ഊര്‍ജ്ജം സംഭരിച്ചത്.'' (Against Lord and State, p. 60)

പ്രാരംഭഘട്ടത്തില്‍ ലഹളക്കാരുടെ രോഷം ഇരമ്പിയത് കൊളോണിയല്‍ ഭരണാധികാരികള്‍ക്കെതിരെയാണെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നുവെച്ചാല്‍, കോണ്‍ഗ്രസ്സ്-ഖിലാഫത്ത് ദ്വയത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തപ്പെടുന്ന സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഒരംശം മലബാര്‍ കലാപത്തിലുണ്ടായിരുന്നു. ഒപ്പം കുടിയാന്‍ വിരുദ്ധ നടപടികളിലേര്‍പ്പെട്ട ജന്മികള്‍ക്കെതിരെക്കൂടി പ്രക്ഷോഭകര്‍ അണിനിരന്നു. അതേസമയം മതയാഥാസ്ഥിതികതയും മതാന്ധതയും ലഹളക്കാരേയും അതിന്റെ നേതാക്കളില്‍ പലരേയും പിടികൂടി. അതായത്, മലബാര്‍ (മാപ്പിള) കലാപത്തിനു രാഷ്ട്രീയമാനവും സാമ്പത്തികമാനവുമെന്നപോലെ മതവികാരപരവും മതദുരഭിമാനപരവുമായ മാനവും കൂടിയുണ്ടായിരുന്നു.

ലഹളയ്ക്ക് നേതൃത്വം നല്‍കിയവരുള്‍പ്പെടെ ഒരു വിഭാഗത്തെ കീഴ്പെടുത്തിയ മതാന്ധതയും മതദുരഭിമാനവുമാണ് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന പ്രക്രിയയില്‍ കലാശിച്ചത്. കലാപനാളുകളില്‍ പലയിടങ്ങളിലും ഹിന്ദുമതാനുയായികളെ ഭീഷണിപ്പെടുത്തിയോ മുള്‍മുനയില്‍ നിര്‍ത്തിയോ ഇസ്ലാംമതം സ്വീകരിപ്പിച്ചു എന്ന വസ്തുത കെ.എന്‍. പണിക്കരോ എം. ഗംഗാധരനോ മറച്ചുവെക്കുന്നില്ല. കെ. മാധവന്‍ നായരടക്കമുള്ളവരെ ഉദ്ധരിച്ചുകൊണ്ട് ലഹളയുടെ ആ വശം അവര്‍ അനാവൃതമാക്കുന്നു. ഗംഗാധരന്‍ പറയുന്നു: ''ലഹളയുടെ ആദ്യ ഘട്ടങ്ങളില്‍പ്പോലും ഇസ്ലാംമതം സ്വീകരിക്കാന്‍ കലാപക്കാര്‍ അമുസ്ലിങ്ങളെ നിര്‍ബ്ബന്ധിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു... മതം മാറിയവരുടെ മൊത്തം എണ്ണം 1000-ത്തിനും 1500-നും ഇടയ്ക്ക് വരും.'' (മലബാര്‍ കലാപം 1921-'22, പു. 242)

കെ.എന്‍. പണിക്കര്‍ നിര്‍ബ്ബന്ധ മതംമാറ്റത്തെക്കുറിച്ച് എഴുതിയതുകൂടി നോക്കാം. ഖിലാഫത്ത് പ്രസ്ഥാനം വഴി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിതമാകുമെന്നു കരുതിയ ചില തങ്ങള്‍മാരും മുസ്ല്യാര്‍മാരും ഹാജിമാരുമൊക്കെയാണ് ഹിന്ദുക്കളെ നിര്‍ബ്ബന്ധിച്ച് മതം മാറ്റുകയോ മതം മാറാന്‍ വിസ്സമ്മതിച്ചവരെ കൊലപ്പെടുത്തുകയോ ചെയ്യുന്നതിന് പ്രേരണയും നിര്‍ദ്ദേശവും നല്‍കിയതെന്നു വ്യക്തമാക്കിയ ശേഷം അദ്ദേഹം പറയുന്നു: ''മതപരിവര്‍ത്തനത്തില്‍ മിക്കതിന്റേയും പിന്നില്‍ പ്രവര്‍ത്തിച്ചത് കൊന്നാര തങ്ങള്‍, അബ്ദു ഹാജി, അബൂബക്കര്‍ മുസ്ല്യാര്‍, മൊയ്തീന്‍കുട്ടി ഹാജി എന്നിവരാണ്. മറ്റു പലരും ആ കൃത്യത്തില്‍ അവരോട് ചേര്‍ന്നു നിന്നിട്ടുണ്ടെന്നതും വസ്തുതയത്രേ.'' (Against Lord ad State, p. 180). ജന്മി-കുടിയാന്‍-കര്‍ഷകത്തൊഴിലാളി ഭേദമില്ലാതെ നമ്പൂതിരിമാരും നായന്മാരും ഈഴവരും ചെറുമരുമൊക്കെ ബലപ്രയോഗം വഴിയുള്ള മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു വെളിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് പണിക്കര്‍ (അതില്‍ത്തന്നെ പു. 182). പക്ഷേ, കലാപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളായ ആലി മുസ്ല്യാരും ചെമ്പ്രശ്ശേരി തങ്ങളും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മതംമാറ്റ വിഷയത്തില്‍ ഗൗരവതരമായ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്ന പക്ഷക്കാരാണ് ഗംഗാധരനും പണിക്കരും.

ചുരുക്കിപ്പറഞ്ഞാല്‍ സാമ്പത്തിക ബന്ധങ്ങള്‍, രാഷ്ട്രീയ താല്പര്യങ്ങള്‍, മതസങ്കുചിതത്വം തുടങ്ങി പല മാനങ്ങളുള്ള ലഹളയാണ് 1921-ല്‍ മലബാറില്‍ നടന്നത്. അതിനെ ഏതെങ്കിലും ഒരു മാനത്തിലേക്ക് വെട്ടിച്ചുരുക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com