ജലസമാധിക്കായി കാത്തിരിക്കുന്ന കുട്ടനാട്

രണ്ടുപ്രളയങ്ങള്‍ക്ക് ശേഷം മൂന്നാമതൊരു പ്രളയത്തിന്റെ മുന്നറിയിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. വര്‍ഷം തോറുമുള്ള ജലസമാധിക്കായി കുട്ടനാട് കാത്തിരിക്കുകയാണോ?
ജലസമാധിക്കായി കാത്തിരിക്കുന്ന കുട്ടനാട്

കിഴക്കന്‍ വെള്ളത്തിന്റെ ഓളപ്പരപ്പിലാണ് കുട്ടനാടിന്റെ ജീവിതം. മഴ പെയ്തിറങ്ങി മാനത്ത് നീലതെളിഞ്ഞാലും നാല് ആറുകളിലൂടെയും വെള്ളം അവരുടെ നാട്ടിലെത്തും. അതുകൊണ്ട് ഒരു വള്ളപ്പാട് അകലെയാവും കുട്ടനാട്ടുകാരുടെ ജീവിതം. അന്നാട്ടുകാര്‍ക്ക് ശീലവും അതാണ്. കായല്‍കുത്തിയെടുത്ത സാഹസികതയ്ക്കും സഹനത്തിനുമപ്പുറമാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. 2018-ലെ പ്രളയവും 2019-ലെ വെള്ളപ്പൊക്കവും പുതിയ ആശങ്കയാണ് കുട്ടനാടിന് സൃഷ്ടിച്ചത്. കണ്ടുശീലിച്ച കാലാവസ്ഥയില്‍നിന്ന് മാറി ഭയാനകമായ ഏത് സ്ഥിതിയും വന്നേക്കാം എന്ന ആശങ്ക അവരെ അലട്ടുന്നു. ചിരപരിചിതമായ ജലസാന്നിധ്യം തന്നെ നാടിന് സമാധിയൊരുക്കുമെന്ന ഭീതി നിഴലിക്കുന്നു. വീണ്ടുമൊരു പ്രളയത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രളയദുരന്തം അനുഭവിക്കേണ്ടി വന്ന കുട്ടനാട് ഇത്തവണയും ആശങ്കയിലാണ്. വേമ്പനാട്ടു കായലിലേക്ക് ഒഴുകുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞതും കായലിന്റെ സംഭരണശേഷി കുറഞ്ഞതും വീണ്ടുമൊരു പ്രളയത്തിനു സാധ്യത കൂട്ടുന്നതായാണ് നിഗമനങ്ങള്‍.

ഓളപ്പരപ്പിനടിയിലാണ് കുട്ടനാടിന്റെ ജീവിതം തന്നെ. പക്ഷേ, ഒരു വീണ്ടെടുപ്പില്ലാത്തവിധം കരമുഴുവന്‍ മുങ്ങിയേക്കുമെന്ന് കുട്ടനാട്ടുകാര്‍ ആകുലപ്പെടുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം സമുദ്രനിരപ്പുയരുന്നതോടെ മൂന്നു ദശാബ്ദത്തിനുള്ളില്‍ കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് പൂര്‍ണമായും വെള്ളത്തിനടയിലാകുമെന്നാണ് യു.എസിലെ ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ പഠനം അനുസരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമുദ്രജലനിരപ്പ് രണ്ടടി മുതല്‍ ഏഴടി വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ മുന്നറിയിപ്പിന് ബലം നല്‍കുന്നു കുട്ടനാട്ടില്‍ കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായ ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കങ്ങള്‍.

ലോകത്തിന് എന്നും അത്ഭുതകാഴ്ചയാണ് സമുദ്രനിരപ്പിലും താഴെ കിടക്കുന്ന കുട്ടനാട്. കണ്ണെത്താദൂരത്തോളമുള്ള കായല്‍. രണ്ടാള്‍ താഴ്ചയില്‍ നെല്ലു വിളയുന്ന പാടങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലുപോലെ കിടന്ന കായലായിരുന്നു. പടിഞ്ഞാറന്‍ കാറ്റടിച്ചാല്‍ തിരയിളക്കമുണ്ടാകുന്ന കായല്‍. ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ കായല്‍കുത്തിയെടുത്ത് നിലങ്ങളായി മാറ്റിയ കായല്‍രാജാക്കന്‍മാര്‍ ചൊല്‍ക്കഥകളിലെ ഇതിഹാസങ്ങളായി. ഇവരെ ചോദ്യംചെയ്യപ്പെട്ട പില്‍ക്കാല ചരിത്രവും അനന്തരമുണ്ടായി. കായലോളങ്ങളും നെല്‍പാടങ്ങളും കെട്ടുവള്ളങ്ങളും മാത്രമല്ല കുട്ടനാടിന്റെ ചിത്രങ്ങള്‍. പമ്പയാറിന്റെ കൈവഴികളിലും വേമ്പനാട്ടുകായലിന്റെ തിരയിളക്കങ്ങളിലും ജീവിതം താളംപിടിക്കുന്ന ഒരു ജനതയുണ്ട്. കായല്‍കാഴ്ചകളുടെ മനോഹാരിത 20 ലക്ഷത്തോളം വരുന്ന കുട്ടനാടുകാരുടെ ജീവിതത്തിനില്ല. മറ്റുള്ളവര്‍ക്ക് സ്വന്തം ജീവിതത്തിലൂടെ ആനന്ദ കാഴ്ചയേകുമ്പോള്‍ ശപിക്കപ്പെട്ട ജനതയെപ്പോലെ ദുരിതാനുഭവങ്ങള്‍ തുഴഞ്ഞുമാറ്റാനുള്ള അവരുടെ വിഫലശ്രമം തുടരുന്നു. ചുറ്റും വെള്ളമുള്ളപ്പോഴും കുടിവെളളത്തിനായി കാത്തിരിക്കേണ്ടിവരുന്ന നിസ്സഹായവസ്ഥയില്‍ പോലും ഒരു മാറ്റവും വരാതെ.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകളിലായി 1,10,000 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് കുട്ടനാട്. ആലപ്പുഴയിലാണ് പാതിയിലേറെയുമുള്ള പഞ്ചായത്തുകള്‍. ഇതില്‍ 50,000 ഹെക്ടറോളം വരുന്ന പ്രദേശം ജലനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ ആഴത്തില്‍ കൃഷിയിറക്കുന്ന നിലങ്ങളാണ്. മുരിക്കന്‍ കുത്തിയെടുത്ത ചിത്തിരയും മാര്‍ത്താണ്ഡവും റാണിയുമടക്കം ഇരുപതിലധികം കായല്‍നിലങ്ങള്‍. രണ്ട് തവണയാണ് കൃഷി. ഈ കൃഷിയിലാണ് ഒരാണ്ടിലെ കുട്ടനാട്ടുകാരുടെ പ്രതീക്ഷകള്‍. അതിന്റെ മെച്ചത്തിലാണ് അവര്‍ സ്വപ്നം കാണുന്നത്. കര്‍ഷകസംസ്‌കൃതിയുടെ ഭാഗമായിരുന്ന ജന്മിത്തവും അടിമത്തത്തിന്റെയും ഭൂതകാലത്തിലല്ല അവരിപ്പോള്‍. അതിര്‍വരമ്പുകള്‍ ലംഘിച്ച പ്രകൃതിയുടെയും ജീവിതരീതിയുടെയും ദുരന്താഘാതങ്ങള്‍ അതിജീവിക്കുന്ന തത്രപ്പാടിലാണ്. നാലുപതിറ്റാണ്ടിനിടയില്‍ പല പദ്ധതികളും പറഞ്ഞുകേട്ടു. ചിലത് പ്രയോഗത്തിലുമായി. എന്നിട്ടും കുടിവെള്ളവും യാത്രാസൗകര്യവും പ്രളയദുരിതാശ്വാസവുമൊക്കെ അടിസ്ഥാനപ്രശ്നങ്ങളായി ഇന്നും നിലനില്‍ക്കുന്നു.

പാക്കേജുകളുടെ കുത്തൊഴുക്ക്

പാക്കേജുകളും കമ്മീഷനുകളും കുട്ടനാടിന് പുതുമയല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ അത്തരത്തില്‍ നിരവധി പഠന കമ്മീഷനുകള്‍ കുട്ടനാട്ടില്‍ വന്നുപോയി. ഓരോ തവണ വെള്ളപ്പൊക്കമുണ്ടാകുമ്പോഴും പാക്കേജുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമാകും. വെള്ളമിറങ്ങുമ്പോഴേക്കും ആ ചര്‍ച്ചകളും അവസാനിക്കും. വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പ്രാവര്‍ത്തികമായെന്ന് പരിശോധിക്കുമ്പോഴാണ് പദ്ധതി നടത്തിപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരുത്തുന്ന ഗുരുതര വീഴ്ചകള്‍ വ്യക്തമാകുക. വെള്ളപ്പൊക്കം ഒഴിവാക്കാന്‍ കായലിന്റെ ആഴം കൂട്ടണമെന്നതായിരുന്നു പ്രാഥമിക ആവശ്യങ്ങളിലൊന്ന്. തോടുകളുടെ ആഴം കൂട്ടിയാല്‍ തന്നെ വെള്ളപ്പൊക്കം ഒരുപരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. എന്നാല്‍, വെള്ളം വറ്റിക്കാന്‍ മോട്ടറുകളില്ല. കൊയ്യാന്‍ യന്ത്രങ്ങളില്ല. വിതയ്ക്കാന്‍ വിത്തില്ല. അങ്ങനെ അടിസ്ഥാന ആവശ്യങ്ങള്‍പോലും പരിഹരിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. വികസനത്തിന്റെ സമൃദ്ധി വിളയിക്കാമെന്ന് പ്രഖ്യാപിച്ചാണ് കുട്ടനാട് പാക്കേജിന് രൂപം നല്‍കിയത്. കാര്‍ഷികമേഖലയില്‍ മാത്രം ഒതുങ്ങാത്ത പാക്കേജ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകളാണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നത്. ഈ മേഖലകളിലെ പാടശേഖരങ്ങള്‍ക്കും അവിടുത്തെ ജനതയ്ക്കും സുസ്ഥിര വികസനത്തിനുള്ള രൂപരേഖയായിരുന്നു ഇത്.

1840 കോടിയുടെ പദ്ധതി ലക്ഷ്യമിട്ട് 2007-ലാണ് സ്വാമിനാഥനെ കുട്ടനാടിന്റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. കുട്ടനാട്ടുകാരനായ സ്വാമിനാഥന്റെ പഠനം കൃഷിയില്‍ മാത്രം ഒതുങ്ങിയില്ല. കാര്‍ഷിക അനുബന്ധ മേഖലകളിലും യന്ത്രവല്‍ക്കൃത കൃഷിരീതിയുടെ പുരോഗതിയിലും വെള്ളപ്പൊക്കക്കെടുതികള്‍ ഇല്ലായ്മ ചെയ്യുന്നതിലും പഠനത്തില്‍ പ്രാധാന്യമുണ്ടായി. 2008 ജൂലൈയില്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് നടപടികള്‍ തുടങ്ങി. എന്നാല്‍, 2010 സെപ്റ്റംബറിലാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. പാക്കേജ് പ്രഖ്യാപിച്ചശേഷം കുട്ടനാടിനെ മുക്കി മൂന്ന് വലിയ വെള്ളപ്പൊക്കം കടന്നുപോയി. പഠനറിപ്പോര്‍ട്ട് വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികള്‍ എത്രമാത്രം പൂര്‍ത്തീകരിച്ചു എന്ന് നോക്കുമ്പോള്‍ സര്‍ക്കാരിന്റെ ദുര്‍ബലമായ സമീപനം വ്യക്തമാകും. പണം ധൂര്‍ത്തടിക്കലിന്റെയും കെടുകാര്യസ്ഥതയുടെയും ഏകോപനമില്ലായ്മയുടെയും ആകെത്തുകയായിരുന്നു ആ പാക്കേജ്. 2012-ല്‍ പാക്കേജിന്റെ കാലാവധി അവസാനിച്ചു. പീന്നീട് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ചിലയിടങ്ങളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 2016 വരെ സമയം നീട്ടി നല്‍കി.  2018-ല്‍ പ്രളയം കുട്ടനാടിനെ മുക്കിയപ്പോള്‍ രണ്ടാം കുട്ടനാട് പാക്കേജിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

കുട്ടനാട്ടില്‍ പാക്കേജിന്റെ ഭാഗമായി എന്തു നടന്നൂവെന്ന് ബോധ്യമാകാന്‍ ഒന്നുമില്ല. അവിടവിടെ അതും കായല്‍നിലങ്ങളുടെ ഭാഗങ്ങളില്‍ നടത്തിയ ബണ്ട് നിര്‍മ്മാണത്തിന്റെ പേരില്‍ നടക്കുന്ന പദ്ധതികള്‍ മാത്രം. ഓരോ വെള്ളപ്പൊക്കത്തിലും നിര്‍മ്മിച്ച ബണ്ടിന് ബലക്ഷയം വരുന്നു. പലയിടത്തും അടിത്തട്ടിലെ ചെളിയുടെ താഴ്ച നിശ്ചയിച്ചതിലെ പൊരുത്തക്കേടുമൂലം പലയിടത്തും പൈല്‍ ആന്‍ഡ് സ്ലാബ് അടിത്തട്ടില്‍ മുട്ടാതെനില്‍ക്കുന്നു. ഇത് അടിയിലൂടെ പാടശേഖരങ്ങളില്‍ വെള്ളംകയറുന്ന സാഹചര്യമുണ്ടാക്കി. അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. മറിച്ച് അശാസ്ത്രീയമായ നിര്‍മാണങ്ങള്‍ നേര്‍വിപരീതഫലമാണ് ചെയ്തത്. ഇത് ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും തകിടം മറിച്ചു. പദ്ധതികള്‍ നാമമാത്രമായിരുന്നു. വകുപ്പുകളുടെ ഏകോപനവുമുണ്ടായില്ല. മേല്‍നോട്ടം വഹിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആസൂത്രണമോ കൂടിയാലോചനകളോ ഇല്ലാത നടപ്പാക്കിയ പദ്ധതിക്ക് മുന്‍പ് പഠനങ്ങളൊന്നും നടത്തിയില്ല. കൃഷിയില്ലാത്ത മേഖലയില്‍ ബണ്ട് നിര്‍മ്മിച്ചത് ഉദാഹരണം.

കായല്‍ ചതുപ്പാകും പ്രളയം ഇക്കൊല്ലവും?

വേമ്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിക്ഷേപം നിറഞ്ഞതോടെ നദികളുടെ ആഴം കുറഞ്ഞു. ഇതായിരുന്നു കഴിഞ്ഞതവണ വെള്ളപ്പൊക്കമുണ്ടാകാന്‍ പ്രധാന കാരണം. ഇതു മൂലം വേമ്പനാട്ടു കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞു. അതേസമയം, കായലില്‍ സംഭരിക്കുന്ന വെള്ളം കടലിലേക്കു തുറന്നു വിടുന്ന പ്രധാന മാര്‍ഗ്ഗമായ തോട്ടപ്പള്ളി സ്പില്‍വേ പൂര്‍ണമായി പ്രവര്‍ത്തനക്ഷമവുമായിരുന്നില്ല. വേമ്പനാട്ടു കായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ എന്നീ നദികളാണ് വേമ്പനാട്ട് കായലിലേക്ക് എക്കല്‍ കൊണ്ടുവരുന്നത്. മീനച്ചിലാര്‍ ഓരോ ഹെക്ടറിനും 0.49 ടണ്‍ എക്കലാണ് നിക്ഷേപിക്കുന്നത്. മൂവാറ്റുപുഴയാറാകട്ടെ 1.27 ടണ്ണും മണിമലയാര്‍ 1.07 ടണ്ണും പമ്പ 0.94 ടണ്ണും  അച്ചന്‍കോവിലാര്‍ 0.94 ടണ്ണും നിക്ഷേപിക്കുന്നു. കഴിഞ്ഞ രണ്ടു പ്രളയത്തിലും കുട്ടനാട്, വേമ്പനാട്ടു കായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കിയിട്ടില്ലാത്തതിനാല്‍ ഇത്തവണ പ്രശ്‌നം രൂക്ഷമാകും. ഇതിനകം പല സ്ഥലങ്ങളിലും ചതുപ്പ് രൂപപ്പെട്ടുകഴിഞ്ഞു. നദികള്‍ ഒഴുകിവരുന്ന സ്ഥലങ്ങളിലെ അശാസ്ത്രീയമായ കൃഷി മൂലം മണ്ണൊലിപ്പാണ് എക്കലൊഴുക്കിന്റെ കാരണമായി വിദഗ്ധര്‍ പറയുന്നത്.

പ്രളയകാലത്ത് അപ്പർ കുട്ടനാട്ടിലെ താമസക്കാരെ ജങ്കാർ വഴി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. 2018ലെ ചിത്രം
പ്രളയകാലത്ത് അപ്പർ കുട്ടനാട്ടിലെ താമസക്കാരെ ജങ്കാർ വഴി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. 2018ലെ ചിത്രം

തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ വൈകുന്നത് നീരൊഴുക്കിനെ ബാധിച്ചു. കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പു വെള്ളത്തില്‍നിന്നു രക്ഷിക്കുന്നതിനാണ് ഷട്ടറുകള്‍ എല്ലാ വര്‍ഷവും അടയ്ക്കുന്നത്. ഡിസംബര്‍ 15-ന് അടച്ച് മാര്‍ച്ച് 15-ന് തുറക്കുക എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന സമയക്രമം. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏപ്രില്‍ പകുതിയോടെയാണ് തുറക്കുന്നത്. ഇത്തവണ അതും കഴിഞ്ഞ് മേയിലാണ് തുറന്നത്. മണ്ണു സംരക്ഷണം കാര്യക്ഷമമായി നടക്കാത്തതും കായലിലെ നീരൊഴുക്ക് നിലയ്ക്കുന്നതും എക്കലടിയലിന് കാരണമാകുന്നു. കായലിന്റെ ജലസംഭരണ ശേഷി കൂട്ടുക, കൃഷി ചെയ്യാത്ത പാടശേഖരങ്ങള്‍ ജലസംഭരണത്തിന് ഉപയോഗിക്കുക എന്നിവയൊക്കെയാണ് പോംവഴികള്‍. സ്പില്‍വേയിലെ മണ്ണ് നീക്കം ചെയ്ത് സമാന്തര ബൈപാസ് കനാലുകള്‍ സജ്ജമാക്കാതെ കുട്ടനാടിനെ ഇത്തവണ പ്രളയത്തില്‍നിന്ന് രക്ഷിക്കാനാവില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സെക്കന്‍ഡില്‍ 65,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട തോട്ടപ്പള്ളി സ്പില്‍വേയില്‍ ഇപ്പോള്‍ ഒഴുകുന്നത് 15,000 ഘനയടി മാത്രമാണ്. സ്പില്‍വേയുടെ നിര്‍മ്മാണത്തിലെ പോരായ്മയാണ് കാരണം. ഈ വര്‍ഷം ഷട്ടറുകളുടെ ട്രയല്‍ റണ്‍ തുടങ്ങിയിരുന്നു. ഷട്ടറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് കരാര്‍ ക്ഷണിച്ചിരുന്നെങ്കിലും ആരും കരാറെടുത്തിരുന്നില്ല. സ്പില്‍വേയുടെ പൊഴി മുറിക്കുന്ന ജോലികളും ഇതുവരെ തുടങ്ങിയിട്ടില്ല. മേയ് 25നകം കരാര്‍ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചത്. 190 മീറ്റര്‍ നീളവും 27.5 മീറ്റര്‍ വീതിയിലുമുള്ള രണ്ടര മീറ്റര്‍ ആഴത്തിലുമുള്ള പൊഴി മുറിച്ചാല്‍ മാത്രമാണ് കടലിലേക്ക് വെള്ളം ഒഴുകുക.

കായലിലെ ഏറ്റവും പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയ വികസന ഇടപെടലായിരുന്നു തണ്ണീര്‍മുക്കം ബണ്ട്. 1968-ല്‍, വടക്ക് വെച്ചൂര്‍ മുതല്‍ തെക്ക് തണ്ണീര്‍മുക്കം വരെ കായലിനു കുറുകെയുള്ള ബണ്ടിന്റെ നിര്‍മ്മാണം 1975-ല്‍ ഭാഗികമായി പൂര്‍ത്തിയാക്കി. പദ്ധതി മൂന്നു ഘട്ടങ്ങളായി തീര്‍ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്,  തെക്ക് ഭാഗം, വടക്കു ഭാഗം, ഇതു രണ്ടിനേയും കൂട്ടിയോജിപ്പിക്കുന്ന മൂന്നാമത്തെ ഭാഗം. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പദ്ധതി താമസിച്ചു. തെക്കും വടക്കും ഭാഗങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ പദ്ധതിക്കായി അനുവദിച്ച തുകയും തീര്‍ന്നു. മൂന്നാം ഘട്ടം അനിശ്ചിതത്ത്വത്തിലായി. ഈ പദ്ധതികൊണ്ട് ഒരുപാട് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ 1972-ല്‍ ഒരു രാത്രികൊണ്ട് തെക്കും വടക്കും ഭാഗങ്ങള്‍ക്ക് ഇടയ്ക്കുള്ള ഭാഗം ചെളികൊണ്ട് നിര്‍മ്മിച്ചു. പക്ഷേ, തണ്ണീര്‍മുക്കം ബണ്ട് നെല്‍ക്കൃഷിയില്‍ യാതൊരു വര്‍ദ്ധനയും വരുത്തിയില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിന്റെ നെല്ലുല്പാദനത്തില്‍ കുട്ടനാടിന്റെ പങ്ക് 1970 വരെ 37 ശതമാനം ആയിരുന്നത് 2003 ആയപ്പോഴേക്കും 18 ശതമാനം ആയി. തണ്ണീര്‍മുക്കം ബണ്ട് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഏകപക്ഷീയമായി പറയാന്‍ കഴിയില്ല, എന്നാല്‍ നെല്‍ക്കൃഷി വര്‍ദ്ധനയ്ക്ക് ബണ്ട് സഹായകമായില്ല.

കുറയുന്ന കായല്‍വിസ്തൃതി

ഒരു നൂറ്റാണ്ടിനുള്ളില്‍ കായലിന്റെ വിസ്തൃതിയില്‍ നാല്‍പ്പത് ശതമാനത്തിലേറെ കുറവുണ്ടായതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കായല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കായലില്‍ നടന്ന കയ്യേറ്റങ്ങളുടെ സ്വഭാവം പഠിക്കുന്നതിനും പാരിസ്ഥിതിക പുനരുജ്ജീവനം സാധ്യമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമാണ് 2013-ല്‍ പ്രൊഫ. പ്രഭാത്  പട്‌നായിക് ചെയര്‍മാനും ഡോ. സി.ടി.എസ്. നായര്‍ മെമ്പര്‍ സെക്രട്ടറിയുമായി കമ്മിഷനെ പരിഷത്ത് നിയോഗിച്ചത്. 1912-ല്‍ 315 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കായല്‍ 1980-കളില്‍ 179 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഏഴു പതിറ്റാണ്ടുകൊണ്ട് വിസ്തൃതിയില്‍ 43 ശതമാനമാണ് കുറവുണ്ടായത്.  ജലവാഹകശേഷിയാകട്ടെ 78 ശതമാനം കുറഞ്ഞു. 89 മീറ്ററായിരുന്ന ശരാശരി ആഴം 33.35 മീറ്ററായി. പശ്ചിമഘട്ടത്തിലെ വനനാശം മൂലം ഇടിയുന്ന മണ്ണ് നദികളിലൂടെ ഒഴുകി വേമ്പനാട്ടിലെത്തുന്നത് ആഴം കുറയുന്നതിന് ഒരു പ്രധാന കാരണമായി ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരവല്‍ക്കരണം കയ്യേറ്റത്തിന്റെ വ്യാപ്തിയും കൂട്ടി. ഇതോടെ മത്സ്യസമ്പത്തില്‍ വലിയ ശോഷണമുണ്ടായി. കായലിന്റെ പരിസ്ഥിതിയുടേയും ജൈവവൈവിധ്യത്തിന്റേയും കാര്യത്തില്‍ വലിയ തോതിലുള്ള തകര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. നിലങ്ങള്‍ കുത്തിയെടുത്തതോടെ കായലിന്റെ 77 ശതമാനം ജലസംഭരണശേഷിയാണ് കുറഞ്ഞതെന്നു പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 150 ഇനങ്ങളുണ്ടായിരുന്ന മത്സ്യങ്ങള്‍ 15 തരമായി കുറഞ്ഞു. ഓരുവെള്ളം തടയാനായി നിര്‍മ്മിച്ച രണ്ടു തടയണകള്‍ രൂപം കൊണ്ടതോടെ, മാലിന്യം ജീവിതവ്യവസ്ഥയ്ക്ക് ഹാനികരമായി. രക്ഷിക്കാനായി കെട്ടിയ തടയണകള്‍ കുട്ടനാടിന്റെ ശാപവുമായി.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കായല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗം വേമ്പനാട് കായല്‍ അടിയന്തരമായി ശുചീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു നടപ്പാക്കേണ്ട സമഗ്ര പദ്ധതിയെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പരിസ്ഥിതിവകുപ്പിനെ ചുമതലപ്പെടുത്തി. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, പദ്ധതി പതിവുപോലെ എങ്ങുമെത്തിയില്ല. കായലിന്റെ ജൈവവൈവിധ്യം നിലനിര്‍ത്താനും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുമുതകുന്ന പദ്ധതി നടപ്പാക്കണമെന്ന് ഡോ. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ ഡോ. സ്വാമിനാഥന്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. എന്നാല്‍, വേമ്പനാട് കായലിനെ രക്ഷിക്കാനെത്തിയ കുട്ടനാട് പാക്കേജിനുപോലും കാര്യമായി ഒന്നും നടപ്പാക്കാനായില്ല. വേമ്പനാട് ഒരു റാംസര്‍ തടാകമായി പ്രഖ്യാപിക്കപ്പെട്ടതനുസരിച്ച് വേമ്പനാട് കായലിന് ഒരു സംരക്ഷണ പദ്ധതി ഒരുക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബാദ്ധ്യസ്ഥരായിരുന്നുവെങ്കിലും വികസിച്ചത് വിനോദസഞ്ചാര മേഖല മാത്രമാണ്. വിനോദസഞ്ചാരികള്‍ വര്‍ദ്ധിച്ചതോടെ കായല്‍ ഭാഗത്തേക്കുള്ള കയ്യേറ്റവും വര്‍ദ്ധിച്ചു.

കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ വർഷം കൈനകരിയിലെ പാടശേഖരത്ത് മട വീണപ്പോൾ
കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ വർഷം കൈനകരിയിലെ പാടശേഖരത്ത് മട വീണപ്പോൾ

പ്രളയാനന്തരം അസ്തമിച്ച പ്രതീക്ഷ

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സമാനതകളില്ലാത്ത ദുരന്തമാണ് കുട്ടനാടിനും കര്‍ഷകര്‍ക്കും നല്‍കിയത്. 39 പഞ്ചായത്തുകളെ 2018ലെ പ്രളയം ബാധിച്ചു. 95 ശതമാനം വീടുകളും വെള്ളത്തിനടിയിലായി. ഒന്നരലക്ഷം പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. നിലമേത് കായലേത് റോഡ് ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ രണ്ടരമാസത്തോളം തുടര്‍ന്നു. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ പൂര്‍ണമായും നശിച്ചുപോയത്. 28 പഞ്ചായത്തുകളില്‍ ഒറ്റ നെല്‍വയല്‍ പോലും ബാക്കിയില്ലാതെ സര്‍വവും വെളളം കൊണ്ടുപോയി. പ്രളയശേഷം രണ്ടുമാസത്തിലേറെ വെളളം നിറഞ്ഞുനിന്ന കേരളത്തിലെ ഒരേയൊരു സ്ഥലമായിരുന്നു കുട്ടനാട്. എന്നിട്ടും ഇവര്‍ കൃഷിയിറക്കി. കഴിഞ്ഞ വര്‍ഷം കൃഷി മെച്ചപ്പെട്ടു. മൂന്നു ദശാബ്ദത്തിനിടയിലെ ഏറ്റവും നല്ല വിളവും കിട്ടി. മൂന്ന് കൃഷി ഇറക്കിയ ശേഷം കിട്ടിയതായിരുന്നു അന്ന് അവര്‍ക്ക് ഈ വിള.

കഴിഞ്ഞവര്‍ഷവും(2019) പ്രതീക്ഷകള്‍ക്ക് പൊന്നിന്‍ നെല്ലിന്റെ നിറമായിരുന്നു. പ്രളയശേഷം ലഭിച്ച റെക്കോഡ് വിള ആവര്‍ത്തിക്കുമെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍. ഈ കൂട്ടിക്കിഴിക്കലുകളെല്ലാം തെറ്റിച്ചാണ് മഴപെയ്തിറങ്ങിയത്. കൊയ്ത്തിനു പാകമായ നെല്‍ച്ചെടികള്‍ വീണടിഞ്ഞു. രണ്ടാംകൃഷി വെള്ളത്തിലായതോടെ കൊയ്ത്തിനായി എത്തിയ യന്ത്രങ്ങള്‍ റോഡരികില്‍ കിടന്നു. രണ്ടാഴ്ച മുന്‍പു കൊയ്ത്തിനു പാകമായതായിരുന്നു പല പാടങ്ങളും. വെള്ളമിറങ്ങിപ്പോയിട്ടും പല പാടങ്ങളിലും നെല്ലും ചെടിയും കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് കണ്ടത്. നിലത്ത് വീണ നെല്ല്  പലയിടത്തും കിളിര്‍ത്തുപൊന്തി. ചില പാടങ്ങളില്‍ യന്ത്രം കൊയ്ത്ത് തുടങ്ങിയെങ്കിലും മഴയും വെള്ളക്കെട്ടും കാരണം അതും നിര്‍ത്തേണ്ടി വന്നു. ഒരാഴ്ച മഴ മാറി നിന്നിട്ടും ഫലമുണ്ടായില്ല. വെള്ളക്കെട്ട് കാരണം അതിനകം നെല്ല് അഴുകിപ്പോയിരുന്നു. കൊയ്തെടുത്ത നെല്ല് നനഞ്ഞതുകൊണ്ട് മില്ലുകാര്‍ ഏറ്റെടുത്തില്ല. ഈര്‍പ്പം കൂടുന്നതിനനുസരിച്ച് കൂടുതല്‍ അളവ് നെല്ലും കൊടുക്കണം. ഇതോടെയാണ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായത്. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിയിറക്കിയത് 7548 ഹെക്ടറാണ്, അതായത് 18,870 ഏക്കറില്‍. രണ്ടുമാസം മുന്‍പുണ്ടായ പ്രളയത്തില്‍ 2,828 ഹെക്ടര്‍ (7070 ഏക്കര്‍) പാടത്ത് മടവീണും വെള്ളം കയറിയും നശിച്ചിരുന്നു.

ബാക്കിയുള്ള കൃഷിയുടെ വിളവെടുപ്പിലൂടെ പിടിച്ചുനില്‍ക്കാമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ മഴ കനത്തതോടെ ഈ പ്രതീക്ഷയും നശിച്ചു. കുട്ടനാട്ടില്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെ നിലങ്ങളില്‍ മാത്രമാണ് രണ്ടാംകൃഷി. കായല്‍ നിലങ്ങളില്‍ രണ്ടാം കൃഷി ചെയ്താല്‍ കരകളില്‍ വെള്ളം കയറുമെന്നതിനാല്‍ അതുമെന്നതിനാല്‍ ഭൂരിഭാഗം കുട്ടനാടന്‍ നിലങ്ങളിലും രണ്ടാം കൃഷി ഇപ്പോള്‍ നടത്താറില്ല. കരുത്തുറ്റ ബണ്ടുകളുള്ള കായല്‍ നിലങ്ങളല്ലാത്ത 12,000 ഹെക്ടറോളം പാടങ്ങളിലാണ് രണ്ടാം കൃഷി ചെയ്ത് വരുന്നത്. മെയ് മാസം തുടങ്ങുന്ന രണ്ടാം കൃഷി 120 ദിവസം പാകമാവും. കൊയ്ത്തു കഴിയുന്നതോടെ അടുത്ത പുഞ്ചയ്ക്കൊരുങ്ങും. അതാണ് പതിവ്. എന്നാല്‍, മഴ കനത്തതോടെ രണ്ടാം കൃഷിയുടെ വിളവ് മുഴുവന്‍ വെള്ളത്തിനടിയിലായി. 2019 സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കേണ്ട കൊയ്ത്ത് നവംബറിലേക്കും നീണ്ടു. അതോടെ പുഞ്ചയും വിതയ്ക്കാനായില്ല. ഇത്തവണയാകട്ടെ, കൊയ്ത്ത് നടക്കേണ്ട സമയത്താണ് ലോക്ക്ഡൗണ്‍ വന്നത്. കൊയ്ത്തുയന്ത്രങ്ങള്‍ ലഭ്യമല്ലാത്തതില്‍ പല പാടശേഖരങ്ങളിലും കൊയ്ത്ത് വൈകിയാണ് നടന്നത്. നിയന്ത്രണങ്ങള്‍ക്ക് നിലനില്‍ക്കേ മാര്‍ച്ച് അവസാനം 27,000 ഹെക്ടറില്‍ കൊയ്ത്തു തുടങ്ങി.

രണ്ട് പ്രളയങ്ങള്‍ നല്‍കിയ താക്കീത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടുമൊരു ദുരന്തം കുട്ടനാടിനെ വിഴുങ്ങും.


പ്രളയം പഴയതു പോലെ ഉണ്ടായില്ലെങ്കിലും ആഗോളതാപനം മൂലമുള്ള സമുദ്രജലനിരപ്പിലെ വര്‍ധന കുട്ടനാടിന് ഭീഷണിയായി നിലനില്‍ക്കും. പ്രളയത്തിന് കാരണമാകുന്ന ഘടകങ്ങളെല്ലാം നിലനില്‍ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, സമൂഹം ഇത് ഗൗരവമായി കാണുന്നുണ്ടോ എന്നത് സംശയമാണ്. പദ്ധതി നടത്തിപ്പിന് ചുമതലയുള്ളവര്‍ ശാസ്ത്രീയപഠനങ്ങളെ ആശ്രയിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ബണ്ടുകള്‍ ഉള്‍പ്പെടെയുള്ള  പ്രതിരോധ നിര്‍മാണങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങളെ പ്രതിരോധിക്കാം എന്നത് പരിഹാരമല്ലെന്ന് തെളിയുകയാണ്.

ഡോ.കെ.ജി.പദ്മകുമാര്‍
ഗവേഷകന്‍, കായല്‍കൃഷി ഗവേഷണ കേന്ദ്രം മേധാവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com