വെല്ലുവിളികളുടെ മടക്ക വഴികള്‍

കൊവിഡ് കാലം മനുഷ്യരുടെ യാത്രകളെ കൂടി നിയന്ത്രിക്കുന്നതോടെ കുറച്ചുകാലത്തേക്കെങ്കിലും കുടിയേറ്റത്തിലും വലിയ കുറവ് വരും
കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന കുടിയേറ്റ കുടുംബം. മുംബൈയിൽ നിന്നുള്ള കാഴ്ച/ഫോട്ടോ: എപി
കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്ന കുടിയേറ്റ കുടുംബം. മുംബൈയിൽ നിന്നുള്ള കാഴ്ച/ഫോട്ടോ: എപി

കൊവിഡ് 19 രാജ്യാന്തര കുടിയേറ്റത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടവരായും പരിമിതമായ സാഹചര്യങ്ങളിലും വേതനത്തിലും ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരുമായി മാറിയിരിക്കുകയാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും. പല രാജ്യങ്ങളുടേയും സാമ്പത്തിക സ്ഥിതിയെ താങ്ങി നിര്‍ത്തുന്ന പ്രധാന വരുമാനം കൂടിയാണ് വിദേശത്ത് നിന്നുള്ള പണത്തിന്റെ വരവ്. കൊവിഡ് കാലം മനുഷ്യരുടെ യാത്രകളെ കൂടി നിയന്ത്രിക്കുന്നതോടെ കുറച്ചുകാലത്തേക്കെങ്കിലും കുടിയേറ്റത്തിലും വലിയ കുറവ് വരും. അവരവരുടെ കുടുംബത്തിന്റെ വരുമാനത്തകര്‍ച്ച എന്ന രീതിയില്‍ മാത്രമല്ല ഇത് ഓരോ രാജ്യങ്ങളേയും ബാധിക്കുക. പല രാജ്യങ്ങളുടേയും സാമ്പത്തിക നയങ്ങളില്‍ത്തന്നെ തിരുത്തലുകള്‍ വേണ്ടി വന്നേക്കാം. നാടുകളിലേക്കുള്ള പണമയയ്ക്കല്‍ നിലക്കുന്നതോടെ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും.

മനുഷ്യരുടെ ചലനാത്മകതയെ നിയന്ത്രിക്കുന്ന ഒരു മഹാമാരിയാണ് കൊവിഡ് 19. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ആഭ്യന്തര യാത്രകള്‍പോലും നിയന്ത്രിച്ചിരിക്കുകയാണ്. കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും കുറച്ചുമാസങ്ങളെങ്കിലും തത്സ്ഥിതി തുടരാനാണ് സാധ്യത. വികസ്വര രാജ്യങ്ങള്‍ക്ക് ഈ മാസങ്ങള്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ്.

ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള മനുഷ്യരുടെ കുടിയേറ്റം ആദ്യകാലം മുതല്‍ക്കേ തുടങ്ങിയതാണ്. ഭക്ഷണത്തിനു വേണ്ടി, ജോലിക്കുവേണ്ടി, മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി ഒക്കെ കുടിയേറ്റങ്ങള്‍ ഉണ്ടായി. അതിനൊപ്പം പ്രകൃതി ദുരന്തവും കലാപങ്ങളും ചരിത്രത്തില്‍ മനുഷ്യരെ കുടിയേറ്റക്കാരാക്കിയിട്ടുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ സ്ഥാനമുണ്ട് കുടിയേറ്റത്തിന്. ലോകത്ത് 100 കോടിയിലധികം കുടിയേറ്റക്കാരുണ്ട്. ഇതില്‍ 272 മില്ല്യണ്‍ ആളുകള്‍ രാജ്യാന്തര കുടിയേറ്റക്കാരാണ്. ഇവരില്‍ 20-നും 60-നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ളവരാണ് ഭൂരിഭാഗവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ജി.ഡി.പിയുടെ പത്തുശതമാനവും കുടിയേറ്റക്കാരുടെ കണക്കിലാണ്. അതുകൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒഴുക്കിനു തടസ്സമുണ്ടാകുന്നത് ആഗോളതലത്തില്‍ സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

2019-ലെ കണക്കുപ്രകാരം പണമായും സാധനങ്ങളായും 551 ബില്ല്യണ്‍ ഡോളറാണ് അവരവരുടെ വീടുകളിലേക്ക് അയച്ചത്. സാമ്പത്തിക വളര്‍ച്ചയില്‍ ഇതിനു നിര്‍ണ്ണായകമായ പങ്കുണ്ട്. കൊറോണയുണ്ടാക്കിയ ഏറ്റവും വലിയ തിരിച്ചടി കുടിയേറ്റക്കാരുടെ തൊഴിലില്ലായ്മയാണ്. അതിനൊപ്പം പട്ടിണിയും അസമത്വവും ലോകത്ത് കൂടികൊണ്ടിരിക്കുന്നു. 1990-കള്‍ക്കു ശേഷം പട്ടിണി ഇത്രയധികം രൂക്ഷമായത് ഇക്കാലത്താണ്. ഒരു വിഭാഗം ആളുകള്‍ ആരോഗ്യം നിലനിര്‍ത്താന്‍ പാടുപെടുകയാണ്. ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവരേറെയാണ്. തൊഴില്‍, യാത്രാനിയന്ത്രണങ്ങള്‍ കൂടി വരുന്നതോടെ മറ്റൊരിടത്തേയ്ക്ക് പോകാനുള്ള സാധ്യതകള്‍ കൂടി കുറഞ്ഞുവരുന്നു. കുടിയേറ്റം കുറയുന്നതോടെ കുടുംബങ്ങളുടെ വരുമാനത്തേയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ബാധിക്കും. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറെയും വികസ്വരരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വേതനം വെട്ടിക്കുറയ്ക്കുന്നതടക്കം എന്തെങ്കിലും തരത്തിലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടായി.

സ്വാഭാവികമായും വികസിത രാജ്യങ്ങളിലേക്കാണ് ആളുകള്‍ കുടിയേറുന്നത്. തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതോടെ വികസിത രാജ്യങ്ങളില്‍നിന്നു വികസ്വര രാജ്യങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞു എന്നും പറയാം. ഐക്യരാഷ്ട്രസഭയുടെ പഠനപ്രകാരം ഇന്ത്യയടക്കുള്ള വികസ്വര രാജ്യങ്ങളില്‍നിന്നുള്ള 112 മില്ല്യണ്‍ ആളുകളാണ് വികസിത രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിയത്. തിരിച്ച് 38 മില്ല്യണും. 2019-ലെ കണക്കുപ്രകാരം ഇന്ത്യയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം ഉണ്ടായിട്ടുള്ളത്. മെക്‌സിക്കോ, ചൈന, റഷ്യ, സിറിയ എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങള്‍. വിദേശവരുമാനം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യവും ഇന്ത്യയാണ്.

ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. കുടിയേറ്റ പ്രശ്‌നങ്ങള്‍ പല രാജ്യങ്ങളേയും മോശമായി ബാധിക്കുമെന്നു കരുതാമെങ്കിലും ഇന്ത്യ, ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാനാകും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ രാജ്യങ്ങളുടെ വലുപ്പവും വൈവിധ്യവും സാമ്പത്തിക ഘടനയും ഇതിനു സഹായിച്ചേക്കും. വിദേശപണത്തിന്റെ ഒഴുക്ക് കൂടുതലാണെങ്കിലും ഇന്ത്യയടക്കമുള്ള ഈ രാജ്യങ്ങളുടെയും ജി.ഡി.പി വലിയതോതില്‍ ഈ വരുമാനത്തെ ആശ്രയിക്കുന്നില്ല എന്നത് കാണണം. ഇന്ത്യയില്‍ ഇത് ജി.ഡി.പിയുടെ 2.8 ശതമാനമാണ്. 17,510,913 ആണ് ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം. 78,609 മില്ല്യണ്‍ ഡോളറാണ് വിദേശത്ത് നിന്നു കിട്ടുന്ന വരുമാനം. ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന 11,796,178 ആണ് മെക്‌സിക്കോയില്‍നിന്നുള്ള കുടിയേറ്റം. 35,562 മില്ല്യണ്‍ ഡോളറാണ് ഇവിടേക്കുള്ള പണത്തിന്റെ വരവ്- ജി.ഡി.പിയുടെ 3.1 ശതമാനം. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ചൈനയാണ്- 10,732,281. വരുമാനം 67,414 മില്ല്യണ്‍ ഡോളര്‍. 0.5 ശതമാനം മാത്രം.

ജി.ഡി.പിയെ വലിയ തോതില്‍ ബാധിക്കാതെ ഇന്ത്യ, ചൈന, മെക്‌സിക്കോ തുടങ്ങിയ ചില രാജ്യങ്ങള്‍ക്കു പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെങ്കിലും വരുമാനം നിലയ്ക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇവിടങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കേണ്ടിവരും. തൊഴില്‍ നഷ്ടപ്പെട്ടെത്തുന്നവരേയും സംരക്ഷിക്കേണ്ടി വരും. എന്നാല്‍, ഇതുപോലെയല്ല മറ്റു പല രാജ്യങ്ങളുടേയും അവസ്ഥ. ഫിലിപ്പീന്‍സിന്റെ കാര്യമെടുത്താല്‍ ജി.ഡി.പിയുടെ 10 ശതമാനം വിദേശവരുമാനത്തില്‍നിന്നാണ്. സൗത്ത് പസഫിക് ദ്വീപ് രാജ്യമായ ടോംഗയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഉദാഹരിക്കുന്ന മറ്റൊരു രാജ്യം. ടോംഗയിലെ ജി.ഡി.പിയുടെ 40 ശതമാനവും വിദേശത്തുനിന്നുള്ളതാണ്. ഇവിടുത്തെ ഭൂരിഭാഗം ആളുകളും മറ്റു നാടുകളിലേക്ക് കുടിയേറിയവരാണ്. ഏകദേശം 70 ശതമാനത്തോളം ആളുകളും പുറംനാട്ടിലാണ്. ഇതിനു തൊട്ടുപിന്നില്‍ താജകിസ്താന്‍ ഉണ്ട്. താജകിസ്താനില്‍ ജി.ഡി.പിയുടെ 30 ശതമാനവും വിദേശത്തുനിന്നുള്ള വരവിനെ ആശ്രയിച്ചാണ്. ബംഗ്ലാദേശില്‍ ഇത് 5.5 ശതമാനമാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യത്തിന്റെ മൊത്തവരുമാനത്തെ കാര്യമായി ബാധിക്കില്ലെങ്കിലും വിദേശപണമൊഴുക്ക് നിലയ്ക്കുന്നതോടെ പല കുടുംബങ്ങളും പ്രതിസന്ധിയിലാകും. കൊറോണയുടെ പ്രതിസന്ധി ലോകം മുഴുവന്‍ ഉള്ളതിനാല്‍ നിലവില്‍ ഈ കുടുംബങ്ങള്‍ സാമ്പത്തിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടാകാം. വലിയതലത്തില്‍ ചിന്തിച്ചാല്‍ വികസ്വര-വികസിത രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തികഅസമത്വം വര്‍ദ്ധിക്കും. വിദേശവരുമാനം കുറയുന്നതോടെ നിലവിലുള്ള സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താന്‍ രാജ്യങ്ങള്‍ തയ്യാറാവേണ്ടി വരും. സാമ്പത്തികസ്ഥിതി തകര്‍ന്നുപോകുന്ന രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്കു തയ്യാറാവേണ്ടി വരും.

ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുണ്ടായ വരുമാനനഷ്ടം 1990-കളില്‍ ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന് ആക്കം കൂട്ടിയതാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം മറ്റു രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഇല്ലാതെ അമേരിക്കയടക്കമുള്ള പല വികസിതരാജ്യങ്ങള്‍ക്കും മുന്നോട്ടുപോകുക പ്രയാസകരമായിരിക്കും. കൊറോണാനന്തരക്കാലത്തെ കൈകാര്യം ചെയ്യാന്‍ പുതിയ നയങ്ങള്‍ രൂപീകരിക്കേണ്ടി വരും. ആഗോള സാമ്പത്തിക വ്യവസ്ഥയെ സ്വാധീനിക്കുന്ന കുടിയേറ്റക്കാരെ പരിഗണിച്ചുകൊണ്ടു മാത്രമേ പുതിയ സാമ്പത്തിക നയങ്ങള്‍ക്കും സാധ്യതയുള്ളൂ.
...............
(കടപ്പാട്- സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, യു.എസ്., വേള്‍ഡ് ഇക്കോണമിക് ഫോറം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com