'മൈഗ്രന്റ് ബ്രദേഴ്സ്'- പലായനത്തിന്റെ മോഹ വീഥികള്‍ 

പ്രശസ്ത മാര്‍റ്റിനെക്കന്‍ എഴുത്തുകാരന്‍ പാട്രിക്ക് ഷമോസുവിന്റെ 'മൈഗ്രന്റ് ബ്രദേഴ്സ്' എന്ന കൃതിയുടെ വായനാനുഭവം
'മൈഗ്രന്റ് ബ്രദേഴ്സ്'- പലായനത്തിന്റെ മോഹ വീഥികള്‍ 

വിശ്വസാഹിത്യത്തെക്കുറിച്ച് ജര്‍മന്‍ കവി ഗോഥെയുടെ രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഒരു നിരീക്ഷണം ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായി മാറുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ''വിശ്വസാഹിത്യമെന്നത് ഉല്‍കൃഷ്ട കൃതികളുടെ സമാഹാരം എന്നതിലുപരി, അടിസ്ഥാനപരമായി സാമ്പത്തിക സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാഹിത്യ വിപണിയാണ്. അവിടെ വിവിധ സമൂഹങ്ങളുടെ ആശയങ്ങള്‍ ക്രയവിക്രയം ചെയ്യപ്പെടുന്നു. ലോകരാഷ്ട്രങ്ങള്‍ അവരുടെ മൂല്യമേറിയ ധൈഷണിക ഉല്പന്നങ്ങള്‍ ഈ വിപണിയില്‍ നിരന്തരം വിനിമയം ചെയ്തുകൊണ്ടിരിക്കുന്നു.'' ഗോഥെയുടെ ഈ നിര്‍വ്വചനം ഏറെ പ്രസക്തമാണ് ഇന്ന്. ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും ഉല്പാദനമേഖലയേയും സേവനമേഖലയേയും ഏതാണ്ട് പൂര്‍ണ്ണമായും കീഴടക്കിക്കഴിഞ്ഞു. സുകുമാരകലകളും സാഹിത്യവും സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ കമ്പോളസംസ്‌കാരത്തില്‍ ലയിച്ചുചേരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 

പാട്രിക്ക് ഷമോസു
പാട്രിക്ക് ഷമോസു

ഇരുണ്ടുപോയ കുടിയേറ്റ ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഏറെ പ്രചാരം നേടിയ കുടിയേറ്റ സാഹിത്യശാഖയെ ഈ സാമൂഹ്യ സാമ്പത്തിക കാലാവസ്ഥാവ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. വ്യക്തികളുടേയും സമൂഹങ്ങളുടേയും പലായനങ്ങള്‍. കുടിയേറ്റങ്ങളുംകൊണ്ട് ഇരുണ്ടുപോയതാണ് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും കരീബിയന്‍ ദ്വീപുകളില്‍നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റവും ഏഷ്യയിലേയും ആഫ്രിക്കയിലേയും പഴയ ബ്രിട്ടീഷ് കോളനികളില്‍നിന്നും ബ്രിട്ടനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും നടന്ന പലായനങ്ങളും നാസി ഭീകരതയില്‍നിന്നും വംശഹത്യയില്‍നിന്നും രക്ഷനേടാനായി യൂറോപ്പില്‍നിന്നും പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരായ ജൂതര്‍, സ്റ്റാലിന്‍, പിനോഷെ, ചൗഷസ്‌കൂ തുടങ്ങിയവരുടെ സ്വേച്ഛാധിപത്യ വാഴ്ചകളില്‍നിന്നും രക്ഷതേടി പലായനം ചെയ്യേണ്ടിവന്നവരും ഈ കുടിയേറ്റസാഗരത്തിലേക്കുള്ള മുഖ്യ കൈവഴികളാണ്. 

അഭയാര്‍ത്ഥിപ്രശ്‌നങ്ങളും കുടിയേറ്റസംസ്‌കാരവും കുടിയേറ്റങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ പരിണാമപ്രക്രിയകളും വിശകലനം ചെയ്യുന്ന ഒട്ടനവധി കൃതികള്‍ സാഹിത്യേതര വിഭാഗത്തിലും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ ഗണത്തില്‍ സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ കൃതിയാണ് പാട്രിക്ക് ഷമോസു (Patrick Chamoiseau) രചിച്ച 'മൈഗ്രന്റ് ബ്രദേഴ്സ്' (Migrant Brothers). കരീബിയന്‍ ദ്വീപായ മാര്‍റ്റിനെക്കിലെ (Martineque) ആദരണീയനായ കവിയും കഥാകാരനുമാണ് പ്രീ ഗോന്‍കോര്‍ (Prix Gouncourt) ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഷമോസു. 'മനുഷ്യന്റെ ആത്മാഭിമാനത്തിനായി ഒരു കവിയുടെ വിളംബരം' എന്ന ഉപശീര്‍ഷകം ഈ കൃതിയുടെ അന്തസ്സത്ത പൂര്‍ണ്ണമായും വെളിവാക്കുന്നതാണ്. സിറിയ, ഇറാക്ക്, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങളില്‍നിന്നും പലായനം ചെയ്ത് യൂറോപ്പിന്റെ ദക്ഷിണ - പൗരസ്ത്യ കരകളില്‍ അഭയം തേടാന്‍ യത്‌നിക്കുന്ന നിരാലംബരായ സാധുമനുഷ്യരുടെ ദൈന്യത നിസ്സഹായതയോടെ നോക്കിനിന്നിട്ടുണ്ട് ഷമോസു. കവികളും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളുമടങ്ങുന്ന തന്റെ സുഹൃത്തുക്കളുമായി പാരിസില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയാണ് ഈ കൃതിക്കു പ്രേരകമായതെന്ന് ഷമോസു ആമുഖത്തില്‍ പറയുന്നുണ്ട്.

മാര്‍റ്റിനെക്കിലെ മുന്‍നിര കവിയും തത്ത്വചിന്തകനുമായിരുന്ന എടുആര്‍ദ് ഗ്ലിസ്സന്റി(Edouard Glissant)ന്റെ സ്വാധീനവലയത്തില്‍പ്പെട്ട ഷമോസു പാരിസിലെ നിയമ പഠനത്തിനു ശേഷം മാര്‍റ്റിനെക്കിലേയ്ക്ക് മടങ്ങുകയാണുണ്ടായത്. ക്രിയോള്‍ ഭാഷയുടേയും സംസ്‌കാരത്തിന്റേയും സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗ്ലിസ്സന്റിന്റെ ശക്തമായ സ്വാധീനം ഷമോസുവിന്റെ ജീവിതവീക്ഷണത്തിലും സാഹിത്യകൃതികളിലും സ്പഷ്ടമാണ്. അനീതികള്‍ക്കെതിരെ ആദ്യ ശബ്ദം ഉയരുന്നത് ഗ്ലിസ്സന്റിന്റെ തൂലികയില്‍നിന്നായിരിക്കും എന്നു പറയുന്നുണ്ട് ഷമോസു. വസ്തുതകള്‍ക്കും ഭയാനക സ്ഥിതിവിശേഷങ്ങള്‍ക്കും പുറകില്‍ ഒളിഞ്ഞിരിക്കുന്ന മാറ്റത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ തിരിച്ചറിയാനും പ്രവര്‍ത്തനക്ഷമമാക്കാനും കാവ്യാത്മകമായ ദര്‍ശത്തിനേ കഴിയൂ എന്ന് ഗ്ലിസ്സന്റ് ഉറച്ചുവിശ്വസിച്ചിരുന്നു. അത്തരം വിശ്വാസമൊന്നും ഷമോസുവിനില്ലായിരുന്നുവെങ്കിലും അഭയാര്‍ത്ഥികളുടെ നിരന്തരമായ പലായനങ്ങളും ഭരണകൂടങ്ങളുടെ കാപട്യവും നാട്യങ്ങളും ഒക്കെക്കൂടി ഉയര്‍ത്തിയ ധാര്‍മ്മികരോഷം ഗ്ലിസ്സന്റ് പ്രവചിച്ചതുപോലെ ഒരു കാവ്യാത്മക പ്രവാഹമായി ഷമോസുവില്‍നിന്ന് ബഹിര്‍ഗ്ഗമിക്കുകയായിരുന്നു. ''കാവ്യാത്മകതയില്‍നിന്ന് പ്രവൃത്തി ജനിക്കുന്നു. പ്രവൃത്തിയില്‍നിന്ന് രാഷ്ട്രീയവും'' എന്ന ഗ്ലിസ്സന്റിന്റെ സിദ്ധാന്തം ഒരു ഉപബോധസ്വാധീനമായി ഷമോസുവിനെക്കൊണ്ട് മാനവരാശിയുടെ ഒരു പുതിയ മാനിഫെസ്റ്റോ എഴുതിക്കുകയായിരുന്നു. 

മനുഷ്യന്‍ മനുഷ്യത്വത്തിന് അന്യനായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രങ്ങളുടെ അതിരുകള്‍ ഗില്ലറ്റിന്‍ ബ്ലെയിഡുകള്‍ എന്നപോലെ രാകി മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും നവപുരോഗമനവാദവും എന്നീ രണ്ടു ഭീകരജീവികളാണ് നമ്മുടെ സമീപഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. തല്‍ഫലമായി മഹാദുരന്തങ്ങളുടെ ഒരു പെരുമഴ തന്നെ മനുഷ്യരാശിയുടെ മേല്‍ പതിക്കാന്‍ പോകുന്നു. വായുവിന്റേയും ജലസ്രോതസ്സുകളുടേയും മലിനീകരണം, കൊടുങ്കാറ്റുകളും പ്രളയങ്ങളും ഭൂമികുലുക്കങ്ങളും ഉള്‍പ്പെടെ ചെറുതും വലുതുമായ നിരവധി പാരിസ്ഥിതിക സംക്ഷോഭങ്ങള്‍, അണുശാസ്ത്ര സംബന്ധിയായ അപകടങ്ങള്‍, പ്രതിലോമ യുദ്ധങ്ങള്‍, വൈദ്യചികിത്സാരംഗത്തെ അപര്യാപ്തതകളും അനശ്ചിതത്ത്വവും എല്ലാം ചേര്‍ന്ന് നമ്മെ മധ്യകാലീന ദുരിതക്കയങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുകയാണ്.

നിശ്ചലത എന്നത് ഒരുകാലത്തും സംസ്‌കാരങ്ങളുടേയും സമൂഹങ്ങളുടേയും വ്യക്തികളുടേയും വിശേഷലക്ഷണമായിരുന്നിട്ടില്ല. ജീവനത്തിനന്യമായ ഒരു പ്രതിഭാസമാണത്. മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥികളുടെ അവസ്ഥകള്‍ നാളെ നമുക്കാര്‍ക്കും സംഭവിക്കാവുന്നതാണ്. മനുഷ്യത്വരാഹിത്യം മനുഷ്യത്വത്തിന്റെ ഒരു ഭാഗം തന്നെയാണ് എന്നത് വിചിത്രമായ ഒരു സത്യമാണ്. എന്നാല്‍, മനുഷ്യത്വരാഹിത്യം ചക്രപ്പല്ലുകളുള്ള ഒരു യന്ത്രസംവിധാനമായി മാറുമ്പോള്‍ അത് മനുഷ്യത്വധ്വംസനമായി (dishumanity) പരിണമിക്കുന്നു. മനുഷ്യത്വധ്വംസന പ്രക്രിയ ഒരു റോബോട്ടിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സുരക്ഷയെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ത്തന്നെ സഹജീവികളോട് അനുകമ്പ പ്രകടിപ്പിക്കുക എന്നത് ലോകത്താകമാനം അനുഭവവേദ്യമാകുന്ന ലജ്ജാകരമായ അപമര്യാദകളും മനുഷ്യമനസ്സാക്ഷിയും തമ്മിലുള്ള ഏറ്റവും അടിസ്ഥാനപരമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഷമോസു വിശ്വസിക്കുന്നു. ദുരിതങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും യുദ്ധക്കെടുതികള്‍ക്കുമപ്പുറമുള്ള എന്തോ ഒന്നിനെയാണ് ലോകത്താകമാനം കൂടിവരുന്ന കുടിയേറ്റ പ്രതിഭാസത്തിന്റെ തീക്ഷ്ണത സൂചിപ്പിക്കുന്നത്. നിലനില്‍പ്പിനെക്കുറിച്ച് ഇതുവരെ നാം പരിചയിച്ചിട്ടില്ലാത്ത ഒരു ആഗോളസങ്കല്പമാണ് അതിന്റെ പ്രേരകശക്തി.

ആധുനികത പുതിയ ആകാശം പുതിയ ഭൂമി

മുതലാളിത്ത സാമ്പത്തിക ആഗോളവല്‍ക്കരണം ഒരു ഏകീകരണ പ്രത്യയശാസ്ത്രമല്ല. അതൊരു വിഘടനതത്ത്വത്തെയാണ് പിന്തുടരുന്നത്. ലോകത്തെ വിവിധ കമ്പോളങ്ങളായി നിലനിര്‍ത്തി പരമാവധി ലാഭം കൊയ്യുക എന്നതു മാത്രമാണ് അതിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ടെക്നോളജി ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതികവിദ്യകളും ഈ ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തില്‍ രൂപാന്തരം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വിപണികളും ലാഭവും മാത്രമാണ് അതിന്റെ നിഘണ്ടുവിലുള്ളത്. എന്നാല്‍, ഈ വാണിജ്യ തന്ത്രങ്ങളുടെ മറവില്‍ സമൂഹങ്ങളുടേയും വ്യക്തികളുടേയും നൂതനസങ്കല്പങ്ങള്‍ തമ്മില്‍ നിരന്തരം ആകസ്മികമായ കൂട്ടിമുട്ടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. 

വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളും വിശ്വാസപ്രമാണങ്ങളുമടങ്ങിയ ഇത്തരം സമൂഹങ്ങളുടെ കൂടിച്ചേരലുകളില്‍ സൗഹൃദവും സംശയങ്ങളും ഭയവിഹ്വലതകളും അനുകമ്പയുമൊക്കെ കണ്ടുവെന്നിരിക്കാം. ഒരു ഓസ്മോസിസ് പ്രക്രിയയിലെന്നപോലെ അവര്‍ പരസ്പരം ചിലപ്പോള്‍ ഇഴുകിച്ചേര്‍ന്നുവെന്നിരിക്കും. മറ്റു ചിലപ്പോള്‍ മല്ലടിച്ചുവെന്നുമിരിക്കും. എന്നാല്‍, ഇത്തരം പാരസ്പര്യത്തില്‍ക്കൂടിയാണ് മനുഷ്യന്റെ സംവേദനശക്തിയുടേയും വൈകാരികബോധത്തിന്റേയും പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നത്. ദേശീയതയ്ക്കപ്പുറമുള്ള ഒരു വിശാലലോകത്തിന്റേയും ആഗോളസാകല്യാവസ്ഥതയുടേയും അവ്യക്തമായ അവബോധം അങ്ങനെയാണ് സംജാതമാകുന്നത്. ഈ സങ്കല്പത്തെയാണ് ഗ്ലിസ്സന്റ് ആഗോളത (globality) എന്ന് വിശേഷിപ്പിച്ചത്. ആശയപരമായി ആഗോളവല്‍ക്കരണത്തിനു വിപരീതമായതും എന്നാല്‍, പ്രായോഗികമായി അതിനു സമാന്തരമായി സഞ്ചരിക്കുന്നതുമായ മനുഷ്യരാശിയുടെ സഞ്ചിതമനസ്സാക്ഷിയാണത്. ആതിഥ്യമര്യാദയുടെ ആഗോളരാഷ്ട്രീയത്തിനുവേണ്ടിയുള്ള അപേക്ഷയും വിളംബരവുമാണ് തന്റെ രചനയെന്ന് ഷമോസു പറയുന്നു. രാഷ്ട്രീയ അരക്ഷിതത്വത്തിന്റെ അന്തരീക്ഷത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങള്‍ക്ക് മേല്‍ക്കോയ്മ കൈവരുന്നു. ആത്യന്തിക ലക്ഷ്യമായി ലാഭം മാത്രം പിന്തുടരുന്ന കച്ചവടവ്യവസ്ഥിതികള്‍ നാനോ ടെക്നോളജിയിലും ബയോ ടെക്നോളജിയിലുമുള്‍പ്പെടെയുള്ള ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളേയും ഈ സിദ്ധാന്തവുമായി കൂട്ടിയിണക്കുന്നു. ഇതിന്റെ പരിണിതഫലമായി ഇരുണ്ടുപോയ ഈ ഭൂഗോളത്തില്‍ ബഹിഷ്‌കരണങ്ങളും നിരാകരണങ്ങളും കലാപങ്ങളും മൂഢത്വവും ആഭാസങ്ങളും അനന്തമായി നീളുന്ന കുടുക്കുകളുള്ള അല്‍ഗോരിതങ്ങള്‍പോലെയോ ചങ്ങലകള്‍പോലെ നീണ്ടുനീണ്ടു പോകുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പോലെയോ പെരുകിക്കൊണ്ടിരിക്കുന്നു. ഈ ദുരന്തം നമ്മെ നയിക്കുന്നത് നൈതികതയുടെ നിഷേധത്തിലേക്കാണ്. നൈതികത പരാജയപ്പെടുന്നിടത്ത് മനുഷ്യന്റെ സൗന്ദര്യസങ്കല്പവും പരാജയപ്പെടുന്നു. 

ഇറാക്ക്, സിറിയ, എറിത്രിയ, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, ലിബിയ തുടങ്ങി രാജ്യങ്ങളെല്ലാം ലോകത്തിന്റെ മുറിവേറ്റ ധമനികളാണ്. ഗ്രീസിന്റെ തീരങ്ങളിലും ലംപദൂസയും മാള്‍ട്ടയുമടങ്ങുന്ന ഇറ്റലിയുടെ തീരങ്ങളിലും വന്നടിയുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍ വരച്ചിടുന്നുണ്ട് ഷമോസു ഈ കൃതിയില്‍. ഈ പ്രദേശങ്ങളിലെ കാറ്റിന്റെ സൂക്ഷ്മഭേദങ്ങളില്‍പ്പോലും നിലവിളികളുടെ മാറ്റൊലികള്‍ അധിവസിക്കുന്നു എന്ന് ഷമോസു എഴുതുന്നു.

രണ്ടാം ലോക യുദ്ധ കാലത്ത് ബർമയിൽ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്ക് നടന്ന കുടിയേറ്റം. കേംബ്രിഡ്ജ് സർവലകലാശാല പുറത്തുവിട്ട ചിത്രം എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. വെള്ളപ്പൊക്ക സമയത്ത് ആനകളുടെ പുറത്ത് കയറിയാണ് കുടിയേറ്റക്കാർ അതിർത്തി കടന്നത്
രണ്ടാം ലോക യുദ്ധ കാലത്ത് ബർമയിൽ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്ക് നടന്ന കുടിയേറ്റം. കേംബ്രിഡ്ജ് സർവലകലാശാല പുറത്തുവിട്ട ചിത്രം എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. വെള്ളപ്പൊക്ക സമയത്ത് ആനകളുടെ പുറത്ത് കയറിയാണ് കുടിയേറ്റക്കാർ അതിർത്തി കടന്നത്

ഭീകരതയുടെ മാനവചരിത്രം

മനുഷ്യചരിത്രമെന്നത് ഹിംസാത്മകമായ ചരിത്രമാണ്. പൈതൃകപരവും ഗോത്രവര്‍ഗ്ഗ സംബന്ധിയുമായ അക്രമങ്ങള്‍, വംശീയക്രൂരതകള്‍, നിഗൂഢമായ ബലികള്‍, അടിമ വ്യവസായം, പിടിച്ചടക്കലുകള്‍, സ്വേച്ഛാധിപത്യ ഭരണക്രമങ്ങള്‍, നാസി ക്യാമ്പുകള്‍, ഗുലാഗുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത രക്തച്ചൊരിച്ചിലുകളുടെ ചരിത്രമാണ് നാം കൊട്ടി ഘോഷിക്കുന്നതെന്ന് പറയുന്നുണ്ട് ഷമോസു. കൊളോണിയല്‍ സംസ്‌കാരത്തേയും മുതലാളിത്ത വ്യവസ്ഥിതികളേയും പലപ്പോഴും സമാധാനത്തിന്റെ സന്ദേശവാഹകരായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിലായി ഭീകരതയും ഇസ്ലാമോഫോബിയയും കൂടി ചേരുമ്പോള്‍ ചുവന്നതോ കറുത്തതോ ആയ നമ്മുടെ ചരിത്രം പൂര്‍ണ്ണമാകുന്നു. ഇത്തരം കലാപസംസ്‌കാരങ്ങളുടെ ചിതയിലിരുന്നു നമ്മള്‍ ജനാധിപത്യത്തെക്കുറിച്ചും ചലച്ചിത്രമേളകളെക്കുറിച്ചും അവാര്‍ഡ് നേടിയ നോവലുകളെക്കുറിച്ചുമൊക്കെ വാചാലരാകുന്നു. മുതലാളിത്ത വ്യവസ്ഥിതിയും ധനകാര്യ സംവിധാനങ്ങളും മുന്നോട്ടുവെയ്ക്കുന്ന സമാധാനം യഥാര്‍ത്ഥ സമാധാനമല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അസംസ്‌കൃതവും മൃഗീയവുമായ വാസനകളേയും പ്രവൃത്തികളേയും സ്വീകാര്യമായ പെരുമാറ്റരീതിയുടെ പുതപ്പണിയിക്കുകയാണ് ഈ സംവിധാനങ്ങള്‍ ചെയ്യുന്നത്. 

നാഗരിക സമ്പത്തിന്റെ ധ്രുവീകരണം സാമൂഹ്യാനാഥത്വം സൃഷ്ടിക്കുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തൊഴില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അനിശ്ചിതത്വം ഘടനാപരമായ ഒരു പ്രശ്നമായി മാറുന്നുണ്ട് പലപ്പോഴും. മുതലാളിത്ത വ്യവസ്ഥിതികളില്‍ ദുരിതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദീനാനുകമ്പയുടെ ഒരു പുതിയ വകുപ്പ് സൗകര്യപൂര്‍വ്വം സൃഷ്ടിക്കപ്പെടുന്നു. പുരോഗമന ചിന്തയുടെ അവശിഷ്ടങ്ങളിലും സുന്ദരമായ സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെ തകര്‍ച്ചയിലും അത് നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഈ അനിശ്ചിതത്വവും ദുരിതങ്ങളും മുതലാളിത്ത സംവിധാനങ്ങള്‍ പിന്തുടരുന്ന 'പരമാവധി ലാഭം' എന്ന ദുഷ്ടതന്ത്രത്തിന്റെ ലക്ഷണങ്ങളാണ്. നമുക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങളും അനിശ്ചിതത്വവും ശിഥിലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഐക്യബോധത്തേയും വളര്‍ന്നുവരുന്ന അന്യതാബോധത്തേയും സൂചിപ്പിക്കുന്നു. പുരോഗതിയുടെ നൂറ്റാണ്ട് എന്ന് നാം വിശേഷിപ്പിക്കുന്ന ഈ നൂറ്റാണ്ടില്‍ നമ്മുടെ ധാര്‍മ്മിക മനസ്സാക്ഷിയില്‍ ആലേഖനം ചെയ്യപ്പെട്ട ആശയത്തിന് എതിര്‍ദിശയിലേക്കാണ് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ലോകത്തുള്ള മുഴുവന്‍ സമ്പത്തും വിഭവങ്ങളും എല്ലാവരും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണെന്ന് നാം സൗകര്യപൂര്‍വ്വം മറക്കുന്നു. ഓരോ ജനനവും നഗ്‌നവും ദുര്‍ബ്ബലവും അനാഥവുമാണ്. അതുകൊണ്ടുതന്നെ ഓരോ ജനനവും നമ്മുടെ ഔദാര്യം അവകാശപ്പെടുന്നു. സമഭാവപങ്കിടല്‍ എന്ന സ്വാഭാവിക നീതി നടപ്പാക്കുക എന്നത് ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റേയും ജന്മാവകാശമാണ്. 

ദരിദ്രരാഷ്ട്രങ്ങള്‍ പലതും അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ യൂറോപ്പിലെ മിക്ക വികസിത രാജ്യങ്ങളും അവരെ പുറംതള്ളാനാണ് ശ്രമിക്കുന്നത്. അവരുടെ അതിര്‍ത്തികള്‍ക്കപ്പുറത്തൊരു ലോകമുണ്ടെന്ന് അംഗീകരിക്കാന്‍ അവര്‍ക്ക് വിഷമമുള്ളതുപോലെ തോന്നുന്നു. അസാദ്ധ്യതയുടെ തെളിവുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടവര്‍ മൃതശരീരങ്ങളുടെ കൂമ്പാരം സമുദ്രത്തിനു സമര്‍പ്പിക്കുന്നു. ദയ യാചിച്ചു വരുന്ന മനുഷ്യനെ തിരിച്ചറിയാത്തവന്‍ സ്വന്തം ഓര്‍മ്മയില്‍നിന്നും സ്വന്തം ചരിത്രത്തില്‍നിന്നുപോലും നിഷ്‌കാസിതനായവനാണ്. അവന്‍ തിരിച്ചറിയാത്തത് അന്യനെയല്ല സ്വന്തം സ്വത്വത്തെത്തന്നെയാണ്. 

മനുഷ്യരാശിയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയല്ല ആഗോളവല്‍ക്കരണം. അതിന്റെ ആസൂത്രണരീതികളില്‍ ഉപഭോക്താവ് മാത്രമേയുള്ളൂ. ആഗ്രഹങ്ങള്‍കൊണ്ട് നിറയ്ക്കപ്പെടാനും സേവനങ്ങള്‍കൊണ്ട് നിലനിര്‍ത്തിപ്പോകാനും മാത്രം വിധിക്കപ്പെട്ടവര്‍. ക്രയശേഷിയാണ് അവരുടെ മൂല്യം നിര്‍ണ്ണയിക്കുന്നത്. ലാഭചിന്ത സമ്പദ്വ്യവസ്ഥകളെ കോളനികളാക്കി മാറ്റിയിരിക്കുന്നു. സ്വന്തമായി ഒരാശയവും അവതരിപ്പിക്കാതെ തന്നെ അത് മൂല്യങ്ങളേയും ദര്‍ശനങ്ങളേയും നിഷ്‌കാസിതരാക്കുന്നു. പൊതുനയങ്ങളെ അത് വിഴുങ്ങുകയും രാഷ്ട്രങ്ങളെ അടിമകളാക്കുകയും ചെയ്യുന്നു. വാതിലുകളില്ലാത്ത ഈ ഇരുണ്ട രാത്രിയില്‍ ഗ്ലിസ്സാന്റിന്റെ ആശയമായ ആഗോളത മിന്നിത്തെളിയുന്ന ഒരു വാല്‍നക്ഷത്രംപോലെ പ്രത്യക്ഷപ്പെടുന്നുവെന്ന് പറയുന്നു ഷമോസു. മനുഷ്യരാശിയുടെ നാനാത്വം ഉള്‍ക്കൊള്ളുന്ന ഭവിഷ്യജ്ഞാനമാണ് ആഗോളത. അതിന്റെ നിശ്ശബ്ദമായ രസവാദവിദ്യകള്‍കൊണ്ട് നമ്മെക്കാളും വിശാലമായതും ദേശീയതയ്ക്കും ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായതും നമുക്ക് അദൃശ്യമായതുമായ എന്തോ ഒന്ന് അത് നമ്മില്‍ പടര്‍ത്തുന്നു. നമ്മുടെ അവബോധത്തേയും സമ്പര്‍ക്കങ്ങളേയും അത് വിപുലീകരിക്കുന്നു. നമുക്കജ്ഞാതമായതിനെ ആശ്ലേഷിക്കാന്‍ അത് നമ്മെ പ്രേരിപ്പിക്കുന്നു. ഒരു തുറന്ന ലോകത്തിന്റെ അവബോധം നമ്മില്‍ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ അത് നമ്മെ ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് തുറന്നിടുന്നു. എല്ലാറ്റിലുമുപരി, സാമ്പത്തിക ആഗോളവല്‍ക്കരണം എന്ത് വിഭാവനം ചെയ്തില്ലയോ അതാണ് ആഗോളത. ഓരോ വ്യക്തിയുടേയും സങ്കല്പബോധത്തില്‍ മറ്റുള്ളവരുടെ സങ്കല്പബോധവുമായി നൈസര്‍ഗ്ഗികമായി ബന്ധം സ്ഥാപിക്കുന്ന ഒരു ഘടകമാണ് ആഗോളത. വ്യത്യസ്ത സംസ്‌കാരങ്ങളുടെ ആകസ്മികമായ കൂട്ടിമുട്ടലുകള്‍ സൃഷ്ടിക്കുന്ന ആകര്‍ഷണത്തില്‍നിന്ന് ഉരുത്തിരിയുന്ന പാട്ടും നൃത്തവും സൗഹൃദങ്ങളും സംവേദനക്ഷമതയും അതിന്റെ നിര്‍വ്വചനത്തിലെ വിശേഷലക്ഷണങ്ങളാണ്. ലോകത്തെ എല്ലാ ഭൂവിഭാഗങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള മനുഷ്യരുമായുള്ള അനിര്‍വചനീയമായ ഈ ബന്ധം നമ്മെ സ്പര്‍ശിക്കുകയും ആര്‍ദ്രമനസ്‌കരാക്കുകയും ചെയ്യുന്നു. പ്രത്യേക പ്രേരണയോ ലക്ഷ്യമോ ഇല്ലാതെ അത് നമ്മെ പരിവര്‍ത്തനം ചെയ്യുന്നു. ലാഭത്തിന്റെ നിയമവ്യവസ്ഥകള്‍ക്കും അതിന്റെ ബഹിഷ്‌കരണങ്ങള്‍ക്കും പുറത്തുള്ള മറ്റെന്തോ ഒന്ന് നമുക്ക് പ്രചോദനമായി മാറുന്നു. കേന്ദ്രീകൃതമായ ഒരു പ്രവാഹത്തില്‍ അവസാനിക്കുന്ന അഭയാര്‍ത്ഥികളുടെ ദുരിതങ്ങളിലും വേദനകളിലും ആഗോളത നിശ്ശബ്ദമായും അനിഷേധ്യമായും ഒളിഞ്ഞുകിടക്കുന്നു. അത് തിരിച്ചറിയുമ്പോള്‍ നീതിബോധവും സമത്വബോധവും ഔചിത്യവും സ്വാഭാവികമായും നമ്മില്‍ വളര്‍ന്നുവരും. വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ സഞ്ചയമാണ് ലോകം എന്ന് ആഗോളത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യുദ്ധമോ ഭീകരതയോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒക്കെയാവാം പലായനത്തിനു കാരണമാകുന്നത്. എന്നാല്‍, നിലനില്‍പ്പിന്റെ വ്യത്യസ്ത രൂപങ്ങളെ അറിയാനുള്ള ഒരു ഉള്‍വിളിയും അതിലടങ്ങിയിട്ടുണ്ട്. ആഗോളതയില്‍ അധിഷ്ഠിതമായ ഒരു ദര്‍ശനം അവരില്‍ അന്തര്‍ലീനമായിട്ടുണ്ട്. അതിരുകളെ മാനിക്കാത്ത ഒരു ദര്‍ശനമാണത്. പുതിയ പാതകള്‍ വെട്ടിത്തുറന്നു മുന്‍പോട്ടു പോകാന്‍ മാത്രം കഴിയുന്ന സമ്പര്‍ക്കസംബന്ധിയായ ഒരു ഊര്‍ജ്ജമാണത്.

പുരോഗമനവാദം എന്നത് സുന്ദരമായ ആശയമാണ്. പക്ഷേ, അത് കേവലം ഒരു ധനതത്ത്വസിദ്ധാന്തമായി പരിണമിച്ചപ്പോള്‍ മനുഷ്യന്റെ സ്വാതന്ത്ര്യവും അവന്റെ ആത്മാവും അതിനു അന്യമായിപ്പോയി. നമ്മുടെ സമ്പര്‍ക്കസംബന്ധിയായ സങ്കല്പങ്ങളില്‍ ധൈഷണികപ്രകാശം പരക്കുമ്പോള്‍ നാം സ്വയം, ആഗോളതയുടെ സാധ്യതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നു. നമ്മുടെ വിഭ്രാന്തികളെ ഫലഭൂയിഷ്ഠമായ മാനസികനിലകളിലേയ്ക്ക് അത് പരിവര്‍ത്തനം ചെയ്യുന്നു. അങ്ങനെ നമ്മള്‍ കൂടുതല്‍ ഗഹനവും വിശാലവുമായ മാനവികമതത്തില്‍ എത്തിച്ചേരുന്നു. എല്ലാ സൃഷ്ടിയും നിഗൂഢതയില്‍നിന്നാണ് ഉത്ഭവിക്കുന്നത്. സൃഷ്ടിയുടെ നിഗൂഢത അനുഭവിച്ചുമാത്രം അറിയേണ്ട ഒന്നാണ്. നമ്മുടെ ജീവിതത്തില്‍ അനുഭവവേദ്യമാക്കുന്ന മനസ്സാക്ഷിയുടേയും അജ്ഞേയമായ ശക്തികളുടേയും അളവുകോല്‍വെച്ച് മാത്രമേ സൃഷ്ടിയുടെ സൗന്ദര്യം നിര്‍ണ്ണയിക്കാനാകൂ. ആഗോളത സാധ്യമാക്കുന്ന പൂര്‍ണ്ണമായ സാകല്യാവസ്ഥയില്‍ പിടിച്ചടക്കലുകളും അധിനിവേശങ്ങളുമില്ലാത്ത ഭാവനാത്മകമായ ജീവിതം സാധ്യമാകുന്നു. നശിച്ചുപോകാത്ത നിശ്ചലാവസ്ഥകളും മറികടക്കാന്‍ കഴിയാത്ത അതിരുകളും ഈ ലോകത്തില്ല എന്ന് ഷമോസു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 

ആഫ്രിക്കയിലെ ആദിമനുഷ്യനില്‍ തുടങ്ങി നൂറ്റാണ്ടുകള്‍ പിന്നിട്ട മനുഷ്യന്റെ കുടിയേറ്റ ചരിത്രം ഹ്രസ്വമായെങ്കിലും ഷമോസു ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഭയപ്പെടുത്തുന്ന അപകടസാദ്ധ്യതകളും ഷമോസുവിന്റെ അവബോധജന്യമായ മനസ്സ് വായിച്ചെടുക്കുന്നത് കാണാനാകും. ലോകത്തെ ഏകീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന ഗൂഗിള്‍, ഫേസ്ബുക്ക്, ഊബര്‍, എയാബീയെന്‍ബീ തുടങ്ങിയ സാങ്കേതികസേവനദാതാക്കള്‍ യഥാര്‍ത്ഥത്തില്‍ പരമാവധി ലാഭം എന്ന ആഗോളവല്‍ക്കരിക്കപ്പെട്ട മനുഷ്യത്വരഹിതമായ തത്ത്വത്തില്‍ അധിഷ്ഠിതമായാണ് പ്രവൃത്തിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ നമ്മുടെ ശത്രുവല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, അത് പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്ന തത്ത്വങ്ങളെയാണ് നാം ഭയപ്പെടേണ്ടത്. 

മനുഷ്യന്റെ അത്യാര്‍ത്തിയും അമിതമായ ഉപഭോഗവും പരിസ്ഥിതിയെ എങ്ങനെയൊക്കെ പരിക്കേല്പിക്കുന്നു എന്നും ആഗോളതയില്‍ ഊന്നിയുള്ള മനസ്സുകളുടെ ഏകീകരണത്തിന് അത് എങ്ങനെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഷമോസു ഈ കൃതിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അന്യന്റെ സുതാര്യതയെ നാം അന്വേഷിച്ചുപോകേണ്ടതില്ല. മനുഷ്യന്റെ അതാര്യതയേയും പ്രവചനാതീതമായ പെരുമാറ്റങ്ങളേയും അംഗീകരിക്കുകയാണ് നാം ചെയ്യേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ അധികാരം പിടിച്ചെടുക്കാനും അധിനിവേശം നടത്താനുമുള്ള വാഞ്ഛ നമുക്ക് നഷ്ടപ്പെടുന്നു. ലോകത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് ഗ്രഹിക്കാനും ഏറ്റവും സഭ്യവും ലളിതവുമായി ജീവിതത്തെ സമീപിക്കാനും അത് നമ്മെ പ്രാപ്തരാക്കുന്നു. ധര്‍മ്മനീതി, മിതത്വം, അന്യായമായി നേടിയെടുക്കുന്ന ലാഭത്തെ തിരസ്‌കരിക്കാനും തള്ളിപ്പറയാനും ആര്‍ജ്ജവമുള്ള മനസ്സ് തുടങ്ങിയവയൊക്കെ ആഗോളതയുടെ നേട്ടങ്ങളായിരിക്കും. ലോകത്തിന്റെ ഭാവിയെക്കുറിച്ച് നൂതനമായ ഒരു ദര്‍ശനത്തിന് ശക്തിപകരേണ്ട അവസരമാണിത്.

മെഡിറ്ററേനിയന്‍ തീരത്തടിഞ്ഞ ഐലന്‍ എന്ന് പേരുള്ള ബാലന്റെ ദയനീയചിത്രം ലോകത്തെ എല്ലാ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞുനിന്നത് നമ്മള്‍ കണ്ടതാണ്. പുതിയ ഒരു തുടക്കത്തിനായുള്ള മാര്‍ഗ്ഗരേഖയാണ് അത്. ഇത്തരം ഒരു പുതിയ തുടക്കത്തിന് വലിയ സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ ആവശ്യമില്ല. ഒരു ബിംബം, ഒരു നോട്ടം അല്ലെങ്കില്‍ ഒരു ദാര്‍ശനിക കാഴ്ചപ്പാട്, അതുമാത്രമാണ് ആവശ്യം. എത്തിച്ചേരുന്നിടം ലക്ഷ്യസ്ഥാനമാണോ എന്നു നിര്‍ണ്ണയിക്കാനാകാത്ത അവസ്ഥയാണ് ഓരോ അഭയാര്‍ത്ഥിക്കുമുള്ളത്. നക്ഷത്രങ്ങള്‍ക്ക് ബഹിരാകാശ ശൂന്യത മാത്രമേ പരിചയമുള്ളൂ എന്ന് പറയുന്നതുപോലെയാണ് ഇത്. കീറിമുറിക്കപ്പെട്ട ലോകത്തിന്റെ മുറിവുകളെ ഉണക്കാനുള്ള ഔഷധലേപനവുമായാണ് അവര്‍ വരുന്നത്. ശ്വാസംമുട്ടല്‍ അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് അത് പ്രാണവായു പകര്‍ന്നുനല്‍കുന്നു. 

പലായനം ചെയ്യുന്ന ഓരോ മനുഷ്യനും ഒരു സ്വപ്നമുണ്ട്. അതൊരു പ്രദേശമാണ്, രാഷ്ട്രമല്ല. രാഷ്ട്രങ്ങള്‍ പ്രദേശങ്ങള്‍കൊണ്ട് പുനഃസൃഷ്ടിക്കപ്പെടുമ്പോള്‍ ശത്രുതയുടേയും അവിശ്വാസത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും അതിരുകള്‍ ഇല്ലാതാകുന്നു. ദേശീയതയ്ക്കും ഭരണകൂടങ്ങള്‍ക്കുമപ്പുറമുള്ള ഇത്തരം ഇടങ്ങളിലാണ് നമ്മുടെ ഭാവിയുടെ സുരക്ഷ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സമാധാനവും സന്തോഷവും എന്നു നാം എപ്പോഴും ഉരുവിടുന്നത് വെറും ഭംഗിവാക്കുകളായി മാറാതിരിക്കണമെങ്കില്‍ അത്തരം ഒരു മാറ്റം അനിവാര്യമാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍ക്കറിയാവുന്ന ഒരു സത്യമുണ്ട്. സമ്പര്‍ക്കസംബന്ധിയായ ആ സത്യം ദേശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമുള്ള വിശാലമായ ഒരു ഭൂമികയാണ്. അതിജീവനത്തിന്റെ സമരങ്ങള്‍ക്കിടയില്‍ അവര്‍ മനുഷ്യസ്‌നേഹത്തിന്റേയും പരസ്പരവിശ്വാസത്തിന്റേയും ഈ പുതിയ ഭൂമി സൃഷ്ടിക്കുന്നു. ദേശീയതയുടേയും ശത്രുതയുടേയും വേലിക്കെട്ടുകള്‍ ഇല്ലായ്മ ചെയ്യുന്ന ജീവനസാധ്യതകള്‍ അവര്‍ വേഗം തിരിച്ചറിയുന്നു. ഐക്യദാര്‍ഢ്യത്തോടെ സ്വതന്ത്രമായി ജീവിക്കാന്‍ പ്രത്യയശാസ്ത്രമോ മതവിശ്വാസമോ ദേശീയതയോ ആവശ്യമില്ല. ഐക്യദാര്‍ഢ്യത്തിലേക്ക് നമ്മെ നയിക്കുന്ന ഒരൊറ്റ ഭൂമി ഒരൊറ്റ മനുഷ്യരാശി എന്ന സങ്കല്പമാണ് നമുക്കുണ്ടാവേണ്ടത്. ഓരോ മനുഷ്യന്റേയും ജീവിതവും ഓരോ ചലച്ചിത്രമാണ്. പരിസമാപ്തി എപ്പോഴും ഒരുപോലെയിരിക്കുന്ന വ്യത്യസ്ത ചലച്ചിത്രങ്ങള്‍. അതില്‍ ജീവിതമാണ് മുന്നോട്ടു കുതിക്കുന്നത്. ജീവന്റെ ഈ കുതിപ്പിന് തടയിടുന്നതെല്ലാം മരണം തിരഞ്ഞെടുക്കുന്ന പാതകളാണ് എന്നുമാത്രം മനസ്സിലാക്കുക. 

പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഷമോസുവിന്റെ തന്നെ പ്രവചനസ്വഭാവമുള്ള ചില സൂക്തങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്. ''ഒരേ ആശ്രിതത്വം തന്നെയാണ് നമ്മളെ ഒരുമിച്ചു വരിഞ്ഞുകെട്ടിയിരിക്കുന്നത്.'' ''നമ്മുടെ പൂര്‍ണ്ണത എന്ന് പറയുന്നത് നമ്മുടെയുള്ളില്‍ത്തന്നെയുള്ള അനേകം മനുഷ്യരുടെ പൂര്‍ണ്ണതകൂടി ഉള്‍ക്കൊള്ളുന്നതാണ്'' എന്നീ നിരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ഫ്രെഞ്ച് കവിയും വൈമാനികനുമായിരുന്ന സയിന്റ് എക്സ്യൂപെരിയുടെ (Saint-Exupery) ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ഒരു രാത്രി യാത്രയില്‍ അദ്ദേഹം വിമാനത്തില്‍നിന്ന് താഴോട്ട് നോക്കിയപ്പോള്‍ ഇരുട്ടിന്റെ സമുദ്രത്തില്‍ മിന്നിത്തെളിയുന്ന ചെറു പ്രകാശദ്വീപുസമൂഹങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നത് കണ്ടു. അവ ഓരോന്നും വന്‍നഗരങ്ങളോ ചെറുപട്ടണങ്ങളോ ആണെന്ന് അദ്ദേഹത്തിനറിയാം. ഒരു കവിക്കു മാത്രം സാധ്യമാകുന്ന ആത്മഹര്‍ഷത്താല്‍ അദ്ദേഹത്തിന്റെ ഹൃദയം വിങ്ങിപ്പോയി. ആ പ്രകാശബിന്ദുക്കള്‍ ഓരോന്നും മനുഷ്യന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നേട്ടങ്ങളും നെടുവീര്‍പ്പുകളും കൊണ്ട് സ്പന്ദിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. മൃദുലമായ ഒരു കാവ്യാത്മക ആവരണം അതിനെ മൂടിയിരിക്കുന്നു. സയിന്റ് എക്സ്യൂപെരിയ്ക്ക് ആകാശത്തുവെച്ച് അന്നുണ്ടായ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആ കാവ്യാത്മക അനുഭൂതി ഈ ഭൂമിയില്‍ ജീവിക്കുന്ന നമുക്കും ഉണ്ടാകട്ടെയെന്നു പ്രത്യാശിക്കാം. പ്രശസ്ത കരീബിയന്‍ കവി ഇമി സിസെഇറ (Aime Cesaire) അതിജീവനസമരങ്ങളെക്കുറിച്ചു പറഞ്ഞത് ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ''വെളിച്ചവും നിഴലും എപ്പോഴും സമ്പൂര്‍ണ്ണമാണ്. ഒന്ന് മറ്റൊന്നിന്റെ ഉറവിടവും അടിസ്ഥാനവും പ്രേരകശക്തിയുമാണ്. അത് പരസ്പരം തീക്ഷ്ണമായി നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.'' മനുഷ്യരാശിയുടെ സമ്പര്‍ക്കസംബന്ധിയായ നിലനില്‍പ്പിന്റെ രഹസ്യം സിസെഇറയുടെ ഈ വാക്കുകളില്‍ നമുക്ക് ദര്‍ശിക്കാം. ഷമോസു ഒടുവില്‍ ഇങ്ങനെ പറയുന്നു: ''ഒരു വേദനയ്ക്കും അതിരുകളില്ല, ഒരു യാതനയും അനാഥവുമല്ല. ഇരയും കശാപ്പുകാരനും നമ്മുടെയുള്ളില്‍ത്തന്നെയാണുള്ളത്. സംഘടിതമായ ഭീഷണികള്‍ നമ്മെ ഒരുപോലെ ബാധിക്കുന്നു. അഭയസ്ഥാനമില്ലാതെ അലയുന്ന നാം ഓരോരുത്തരേയും അത് ഉന്നം വെയ്ക്കുന്നു. ഒരു സംയോജിത മനസ്സാക്ഷിയിലേക്ക് നമുക്ക് ഉണരേണ്ടതുണ്ട്.'' അനാഥമായി ഒഴുകുന്ന ജീവനപ്രയാണങ്ങള്‍ക്കു വെളിച്ചം പകര്‍ന്ന ഒട്ടനവധി ചിന്തകരേയും സാഹിത്യകാരന്മാരേയും ഷമോസു നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട് പ്രബന്ധസ്വഭാവമുള്ള ഈ കൃതിയുടെ അവസാന താളുകളില്‍. ഏറ്റവും ഒടുവിലായി 'ഒരു കവിയുടെ പ്രഖ്യാപനം' എന്ന ശീര്‍ഷകത്തില്‍ തന്റെ കൃതിയില്‍ അവതരിപ്പിച്ച ആശയങ്ങള്‍ സംക്ഷിപ്തമായി അദ്ദേഹം അക്കമിട്ടു പറയുന്നുമുണ്ട്. 

നെരൂദ
നെരൂദ

ചിലിയിലെ കവി നെരൂദ അരനൂറ്റാണ്ടു മുന്‍പ് അദ്ദേഹത്തിന്റെ പ്രശസ്തമായ നൊബേല്‍ പ്രഭാഷണത്തില്‍ പറഞ്ഞത് ഇന്നത്തെ സംഘര്‍ഷഭരിതമായ ലോകത്ത് മറ്റെന്നത്തെക്കാളും പ്രസക്തമാണ്. ''എല്ലാ പാതകളും ഒരു ലക്ഷ്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. നാം ആരാണ്, എന്താണ് എന്ന് മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണത്. നമ്മെ മോഹിപ്പിക്കുന്ന അത്തരം ഒരു പൊതു ഇടത്തില്‍ എത്തിച്ചേരുന്നതിനായി ഏകാന്തതയും നിശ്ശബ്ദതയും പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ നിറഞ്ഞ കാലങ്ങളിലൂടെ നമുക്ക് കടന്നുപോകേണ്ടതുണ്ട്. പ്രസാദാത്മകമായ ആ സ്ഥലത്തെത്തുമ്പോള്‍ നമ്മുടെ ശോകസാന്ദ്രമായ ഗാനങ്ങള്‍ ആലപിക്കാനും പ്രാകൃത നൃത്തങ്ങള്‍ അവതരിപ്പിക്കാനും നമുക്ക് കഴിയും. മനുഷ്യനായിരിക്കുകയും അതോടൊപ്പം ഒരു പൊതുഭാഗധേയത്തില്‍ വിശ്വസിക്കുകയും ചെയ്യാന്‍ കഴിയുന്ന മനസ്സാക്ഷിയുടെ പ്രാചീന അനുഷ്ഠാനങ്ങള്‍ നിറവേറ്റപ്പെടുന്നത് ഈ പാട്ടിലൂടെയും നൃത്തത്തിലൂടെയുമാണ്.'' 

നെരൂദയും ഷമോസുവും പറയുന്ന ആ പൊതു ഇടം ഇനിയും സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. സിറിയയിലേയും ലിബിയയിലേയും ഇറാക്കിലേയും മറ്റു സംഘര്‍ഷമേഖലകളിലേയും അഭയാര്‍ത്ഥികളുടെ യാതനകളില്‍ മാത്രമല്ല നാം ഇത് കാണേണ്ടത്. ഈ കൊവിഡ് കാലത്ത് ഹതാശരായി പ്രയാണം ചെയ്യേണ്ടിവരുന്ന കുടിയേറ്റത്തൊഴിലാളികളുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങളിലും ഈ യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. 

സതേൺ മാസിഡോണിയയിൽ നിന്ന് ​ഗ്രീസിലേക്ക് കുടിയേറുന്നവർ
സതേൺ മാസിഡോണിയയിൽ നിന്ന് ​ഗ്രീസിലേക്ക് കുടിയേറുന്നവർ

രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും ഭരണകൂട നിസ്സംഗതയും ഭാവനാശൂന്യമായ നിലപാടുകളും നിരാലംബര്‍ക്ക് അതിരുകള്‍ക്കപ്പുറം മാത്രമല്ല, അതിരുകള്‍ക്കുള്ളിലും ജീവിതം എത്ര ദുസ്സഹമാക്കിത്തീര്‍ക്കുന്നുവെന്ന് നാം ആത്മരോഷത്തോടെ കണ്ടുകൊണ്ടിരിക്കുന്നു. ഷമോസുവിന്റെ ഈ കൃതി ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള ഒരു സമര്‍പ്പണമാണ്. ഭരണകൂടങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മനസ്സിലാകാത്തതും തികച്ചും മാനുഷികമായതും നിര്‍വ്വചിക്കാനാകാത്തതുമായ എന്തോ ഒന്ന് അതിലടങ്ങിയിരിക്കുന്നു. പ്രവാചകനായ ഒരു കവിയുടെ ആത്മാവില്‍നിന്നു മാത്രം നിര്‍ഗ്ഗമിക്കുന്ന ചിന്തകളാണത്. അതിന്റെ സാംഗത്യം കാലം തെളിയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com