ഉന്നത വിദ്യാഭ്യാസത്തിലെ നവലിബറല്‍ സ്വാധീനങ്ങള്‍

വിദ്യാഭ്യാസത്തെ സ്വതന്ത്രമായ അന്വേഷണമായാണ് പുരോഗമന വിദ്യാഭ്യാസ മുന്നേറ്റങ്ങളൊക്കെയും കണക്കാക്കുന്നത്. സ്വതന്ത്ര ചിന്തയും അന്വേഷണവും നൂലില്‍ കെട്ടിയിട്ടു പഠിപ്പിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല
ഉന്നത വിദ്യാഭ്യാസത്തിലെ നവലിബറല്‍ സ്വാധീനങ്ങള്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ 2018-ല്‍ തയ്യാറാക്കിയ ലേണിംഗ് ഔട്ട്കം ബേസ്ഡ് കരിക്കുലം ഫ്രെയിം വര്‍ക്ക് ഇതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി എല്ലാ വിഷയങ്ങളിലും ഔട്ട്കം ബേസ്ഡ് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ ബിരുദതലത്തില്‍ യു.ജി.സി നിര്‍മ്മിക്കുകയുണ്ടായി. ഗ്രാജുവേറ്റ് ആട്രിബ്യൂട്ടുകള്‍, പ്രോഗ്രാം ലേണിങ് ഔട്ട്കം, കോഴ്സ് ലേണിങ് ഔട്ട്കം എന്നിങ്ങനെ എല്ലാ തലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് വളരെ വിശാലമായ ഒരു പാഠ്യപദ്ധതി ചട്ടക്കൂടിനാണ് യു.ജി.സി രൂപം നല്‍കിയത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലന പരിപാടികള്‍ അടക്കം സംഘടിപ്പിക്കുകയുണ്ടായി. ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ് എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, സ്‌കൂള്‍ തലത്തിലും ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിന്റെ സ്വാധീനങ്ങള്‍ ഉണ്ടാവുന്നുണ്ട്. നീതി ആയോഗിന്റ ആഭിമുഖ്യത്തില്‍ നടത്തിയ സ്‌കൂള്‍ എജുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ കേരളം ഏറ്റവും മുന്നിലെത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ലേണിങ് ഔട്ട്കം അടിസ്ഥാനമാക്കിക്കൊണ്ട് വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു എന്നുള്ളതാണ്. അധ്യാപകരും അധ്യാപക സംഘടനകളും ഈ നീക്കത്തെ സംബന്ധിച്ച് വലിയ ആശങ്കകള്‍ പ്രകടിപ്പിക്കുമ്പോഴും ഔട്ട്കം ബേസ്ഡ്  വിദ്യാഭ്യാസത്തേയും അതിന്റെ പ്രധാന ഘടകങ്ങളേയും ഭാവികാലങ്ങളില്‍ എങ്ങനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന്, അത് രൂപപ്പെട്ടുവന്ന പശ്ചാത്തലങ്ങള്‍ ഇതു സംബന്ധിക്കുന്ന എന്ത് സൂചനകളാണ് നമുക്കു നല്‍കുന്നത് എന്നുമുള്ള ഒരന്വേഷണമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

അമേരിക്കയിലും യൂറോപ്പിലും എണ്‍പതുകളില്‍ ഉണ്ടാവുന്ന നവലിബറല്‍ സ്വാധീനങ്ങളിലാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിന്റെ വിത്തുകള്‍ എന്നു കാണാന്‍ സാധിക്കും. മുടക്കുന്ന പണത്തിനു കൃത്യമായ ഫലം കിട്ടുക എന്നുള്ള താല്പര്യങ്ങള്‍ കോര്‍പ്പറേറ്റുകളുടെ മാത്രമല്ല, ഗവണ്‍മെന്റ് നയരേഖകളുടേയും ഭാഗമാകുന്നത് ഈ കാലഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കൃത്യമായി നിര്‍വ്വചിച്ച വിദ്യാഭ്യാസ ഫലങ്ങളെ അണുവിട തെറ്റാതെ നേടിയെടുക്കുന്നതിനു വേണ്ടിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത രീതികള്‍ ആവിഷ്‌കരിക്കുന്നതിന് അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നത് ഈ കാലഘട്ടത്തിലാണ്. ഉന്നത വിദ്യാഭ്യാസരംഗത്താണ് ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ഏറ്റവും കൂടുതലായി ഉണ്ടാകുന്നത്. എന്‍ജിനീയറിങ് ബിരുദവും മറ്റും നേടിയശേഷം കോര്‍പ്പറേറ്റുകളില്‍ ജോലിക്കെത്തുന്ന ബിരുദധാരികള്‍ കോര്‍പ്പറേറ്റ് തൊഴില്‍രംഗത്ത് ആവശ്യമായ തൊഴില്‍ നൈപുണികള്‍ സ്വാംശീകരിക്കുന്നില്ല എന്ന വലിയ വിമര്‍ശനം അന്നു നിലവിലുണ്ടായിരുന്നു. ഇതിന്റെ ഫലമായാണ് കോര്‍പ്പറേറ്റ് താല്പര്യങ്ങളെ മനസ്സിലാക്കി തങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ പുന:ക്രമീകരിക്കുക എന്നുള്ള ആശയവുമായി എന്‍ജിനീയറിംഗ് വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ താങ്ങളുടെ പാഠ്യപദ്ധതികളും മറ്റും ഘടനാപരമായി പരിഷ്‌കരിക്കുന്നതിനുവേണ്ടി തയ്യാറായത്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ട തൊഴില്‍വിപണി ഒരു രാജ്യത്തില്‍നിന്നല്ല എന്നുള്ളതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ആഗോളതലത്തിലുള്ള എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി യൂറോപ്പിലേയും അമേരിക്കയിലേയും ആറ് വികസിത രാജ്യങ്ങള്‍ ഒരുമിച്ച് 1989-ല്‍ നിര്‍മ്മിച്ച ഒരു കരാറാണ് വാഷിംഗ്ടണ്‍ അക്കോര്‍ഡ്. ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണ് ഈ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍. അണ്ടര്‍ ഗ്രാജുവേറ്റ് എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ അക്രെഡിറ്റ് ചെയ്യുന്ന അതാത് രാഷ്ട്രങ്ങളിലെ ഏജന്‍സികള്‍ തമ്മിലാണ് ഈ കരാര്‍ നിര്‍മ്മിക്കപ്പെട്ടത്. ഇതിന്റെ ഫലമായി ഓരോ രാജ്യത്തേയും ദേശീയ അക്രെഡിറ്റിംഗ് ഏജന്‍സികള്‍ അംഗീകരിച്ച ബിരുദതലത്തിലുള്ള എന്‍ജിനീയറിങ് ഡിഗ്രികള്‍ക്ക് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലും തങ്ങളുടെ എന്‍ജിനീയറിങ് ബിരുദം അംഗീകരിക്കപ്പെട്ടതായി മാറി. 2014 മുതല്‍ ഇന്ത്യയും ഈ കരാറില്‍ ഒപ്പിടുകയും വാഷിംഗ്ടണ്‍ അക്കോര്‍ഡിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്.

വില്യം ജി സ്പേഡി
വില്യം ജി സ്പേഡി

വാഷിംഗ്ടണ്‍ അക്കോര്‍ഡ്

വിഭിന്നങ്ങളായ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് ബിരുദധാരികളെ ആഗോളതലത്തില്‍ അംഗീകരിക്കുന്നതിനുവേണ്ടി വാഷിംഗ്ടണ്‍ അക്കോര്‍ഡ് മുന്നോട്ടുവച്ച സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം. ഇതിന്റെ ഭാഗമായി ഒരു എന്‍ജിനീയറിങ് ബിരുദധാരിയുടെ വിശേഷ ഗുണങ്ങള്‍ (ഗ്രാജുവേറ്റ് ആട്രിബ്യൂട്സ്) നിശ്ചയിക്കുകയുണ്ടായി. അടിസ്ഥാനപരമായി എന്‍ജിനീയറിങ് ബിരുദധാരികളെ സജാതീയ സവിശേഷതകളുള്ളവരാക്കി മത്സരാത്മകമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. അംഗമായ രാജ്യങ്ങളിലെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് വാഷിംഗ്ടണ്‍ അക്കോര്‍ഡില്‍ ഒപ്പിട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളിലും തൊഴില്‍ ചെയ്യാനുള്ള അവസരം ഉണ്ടാവുക എന്ന ഒരു തീരുമാനത്തിന്റെ മറവില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ എന്‍ജിനീയറിങ് നിപുണതകള്‍ ഏകീകരിക്കുകയാണ് വാഷിംഗ്ടണ്‍ അക്കോര്‍ഡ് പ്രധാനമായും ചെയ്തത്. യഥാര്‍ത്ഥത്തില്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് തങ്ങളുടെ തൊഴില്‍ കമ്പോളത്തെ ലോകമാകമാനം വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സ്റ്റേജ് സെറ്റ് ചെയ്തു കൊടുക്കുകയാണ് വാഷിംഗ്ടണ്‍ അക്കോര്‍ഡിന്റെ അവതാര ഉദ്ദേശ്യം എന്നു കാണാന്‍ കഴിയും. ഒരേ ഗുണനിലവാരമുള്ള എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ലോകമെമ്പാടുമുള്ള തൊഴില്‍ വിപണിയില്‍നിന്നും കിട്ടുക എന്നുള്ളത് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നേരിടുന്ന തൊഴിലാളികളുടെ ഗുണനിലവാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു വലിയൊരളവുവരെ പരിഹാരമാകുന്നുണ്ട്. മള്‍ട്ടിനാഷണലുകളുടെ തൊഴില്‍ കേന്ദ്രങ്ങളിലേക്ക് ലോകമെമ്പാടും നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ഏറ്റവും നല്ല ഇടനാഴി പണിയുകയാണ് വാഷിംഗ്ടണ്‍ അക്കോര്‍ഡ് ചെയ്തത്. ഒരു വലിയ വിഭാഗം എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു മറ്റു സ്ഥലങ്ങളിലേക്കു പോയി ജോലി ചെയ്യാന്‍ അവസരം ഉണ്ടായി എന്നത് സത്യമാണ്. എന്നാല്‍, ഇത്തരത്തില്‍ ഒരു രാജ്യത്തെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും വികസിത രാജ്യങ്ങളിലേക്കു പോകുവാനുള്ള അവസരം ലഭിക്കുക വഴി പ്രയോജനം ഉണ്ടായത് വികസിത രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ്. ഔട്ട്കം ബേസ്ഡ് എന്ന ആശയത്തിന് ഉദ്ഭവത്തിന്റെ പരിസരം ഇതാണെന്നിരിക്കെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത് വിദ്യാഭ്യാസ ഗുണനിലവാരം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു നീക്കമായിരുന്നില്ല, മറിച്ച് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്നു എന്നാണ്.

ഐവാൻ ഇല്ലിച്ച്
ഐവാൻ ഇല്ലിച്ച്

വ്യവഹാരവാദ സ്വാധീനം

ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആധികാരികമായ പുസ്തകം വില്യം ജി സ്പേഡിയുടെ outcome based education: Critical issues and answered എന്ന പുസ്തകമാണ്. ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്ന പദം ആദ്യമായി വിദ്യാഭ്യാസ ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതും സ്പേഡിയാണ്. 1994-ല്‍ പുറത്തിറക്കിയ തന്റെ പുസ്തകത്തിന്റെ പശ്ചാത്തലവും വാഷിംഗ്ടണ്‍ അക്കോര്‍ഡിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. പ്രധാനമായും സ്‌കൂള്‍ തലങ്ങളിലെ ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തെക്കുറിച്ചാണ് വില്യം ജി സ്പേഡി സംസാരിക്കുന്നത് എങ്കിലും അദ്ദേഹം അതിനുവേണ്ട പ്രചോദനവും ഊര്‍ജ്ജവും കണ്ടെത്തിയിരുന്നത് വാഷിംഗ്ടണ്‍ അക്കോര്‍ഡില്‍നിന്നുതന്നെ ആയിരുന്നു. പഠനത്തിനു ശേഷം കുട്ടികള്‍ക്കു വിജയകരമായി ചെയ്യാന്‍ സാധിക്കുന്ന പ്രവൃത്തികളിലേക്ക് മുഴുവന്‍ പഠനാനുഭവങ്ങളേയും ഏകോപിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്നതുകൊണ്ട് സ്പേഡി ഉദ്ദേശിക്കുന്നത്. അതായത് പഠനത്തിന്റെ അവസാനം എന്താണ് വേണ്ടത് എന്നുള്ളതിന് ആദ്യമേ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വളരെ കൃത്യതയോടുകൂടി പഠനാനുഭവങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നത്.

വില്യം സ്പേഡി തന്റെ പുസ്തകം വാഷിംഗ്ടണ്‍ അക്കോര്‍ഡിന്റെ പശ്ചാത്തലത്തിലായിരുന്നു എങ്കിലും സ്പേഡിയുടെ ആശയങ്ങളുടെ ഊര്‍ജ്ജസ്ഥലി 20-ാം നൂറ്റാണ്ടിലെ ആദ്യപാദങ്ങളില്‍ വിദ്യാഭ്യാസ മനശ്ശാസ്ത്രരംഗത്ത് പ്രബലസ്ഥാനം ഉണ്ടായിരുന്ന വ്യവഹാരവാദത്തില്‍ (ബിഹേവിയറിസം) നിന്നായിരുന്നു. ജെ.ബി. വാട്സണ്‍, ഇവാന്‍ പാവ്ലോവ്, ബി.എഫ്. സ്‌കിന്നര്‍ തുടങ്ങിയ മനശ്ശാസ്ത്രജ്ഞരാണ് വ്യവഹാരവാദത്തിന്റെ പ്രധാന പ്രയോക്താക്കള്‍. മനുഷ്യന്‍ അവന്റെ സാഹചര്യങ്ങളുടെ സന്തതിയാണ് എന്നു സിദ്ധാന്തിക്കുന്ന വ്യവഹാരവാദം നിര്‍ണ്ണയവാദത്തോട് വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണ്. സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ചോദകങ്ങളുമായി (stimulies) മനുഷ്യന്റെ പ്രതികരണത്തിന്റെ ഫലമായുണ്ടാകുന്ന ബന്ധത്തെയാണ് ബിഹേവിയര്‍ എന്നു വ്യവഹാരവാദം വിളിച്ചിരുന്നത്. നിരീക്ഷിക്കാന്‍ പറ്റാത്ത ഒന്നും തന്നെ ബിഹേവിയര്‍ അല്ല എന്നും അതുകൊണ്ടുതന്നെ മാനസിക വ്യവഹാരങ്ങള്‍ ബാഹ്യ വ്യവഹാരങ്ങളുമായി മാറാത്തിടത്തോളം കാലം പരിഗണിക്കപ്പെടേണ്ടതില്ല എന്നും വ്യവഹാരവാദം സിദ്ധാന്തിക്കുന്നു. ഇതിന്റെ ഫലമായി നിരീക്ഷിക്കാന്‍ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നതുമായിട്ടുള്ള വ്യവഹാരങ്ങളെ മാത്രമാണ് വ്യവഹാരവാദികള്‍ ബിഹേവിയര്‍ ആയി പരിഗണിച്ചിരുന്നത്. അറിവിനെ നിര്‍മ്മിക്കുന്നതിനും അതുവഴി സാഹചര്യങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിനും മറ്റുമുള്ള മനുഷ്യന്റെ കഴിവിനെ മനസ്സിലാക്കാതിരിക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായി തള്ളിക്കളയുകയും ചെയ്ത വ്യവഹാരവാദം വിദ്യാര്‍ത്ഥി എന്ന സങ്കല്പത്തെ നിര്‍വ്വചിച്ചിരുന്നത് പ്രതികരണങ്ങളുടെ സഞ്ചിതരൂപം എന്ന നിലയിലാണ്. എന്നാല്‍, ഇത്തരം വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനുഷ്യന് അവന്റെ ചുറ്റുപാടുകളേയും അവന്റെതന്നെ ഭാവിയേയും ഉടച്ചുവാര്‍ക്കാനും പുനര്‍നിര്‍മ്മിക്കാനും സാധിക്കും എന്ന വാദവുമായി വിദ്യാഭ്യാസത്തില്‍ പുതുകാഴ്ചകള്‍ നല്‍കിയ വൈജ്ഞാനികവാദം മുന്നോട്ടു വരുന്നത്. വൈജ്ഞാനികവാദത്തില്‍ വിദ്യാര്‍ത്ഥിബുദ്ധിയും വിവേകമുള്ളതും അറിവിനെ നിര്‍മ്മിക്കാന്‍ പ്രാപ്തിയുമുള്ള തന്റെ നിയതിയെ നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള ആളായാണ് സങ്കല്പനം ചെയ്യപ്പെടുന്നത്. വിദ്യാഭ്യാസം കണ്ട ഏറ്റവും പുരോഗമനപരമായ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പ്രോസസ് ബേസ്ഡ് എജുക്കേഷന്‍ എന്ന സങ്കല്പം തന്നെ ഉരുത്തിരിയുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ അന്തിമലക്ഷ്യങ്ങള്‍ അല്ല, മറിച്ച് പ്രക്രിയ തന്നെയാണ് ഏറ്റവും സുപ്രധാനം എന്നു വൈജ്ഞാനിക വാദം സിദ്ധാന്തിക്കുന്നു. പുരോഗമന വിദ്യാഭ്യാസ പ്രവര്‍ത്തകരായ ഐവാന്‍ല്ലിച്ച്, പൗലോ ഫ്രെയര്‍ എന്നിവരടക്കം വൈജ്ഞാനിക വാദത്തില്‍നിന്നു വലിയ ഊര്‍ജ്ജം കൈക്കൊണ്ടവരാണ്. എന്നാല്‍, ഇതില്‍നിന്നൊക്കെ പുറകോട്ടു പോകുകയാണ് പഠനത്തിന്റെ ഉല്പന്നമാണ് പരമപ്രധാനം എന്ന നവലിബറല്‍ വാദവുമായി ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്ന സങ്കല്പം. വിദ്യാഭ്യാസത്തിന്റെ ഉല്പന്നമല്ല പ്രക്രിയയാണ് സുപ്രധാനം എന്നു വാദിക്കുക വഴി ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്ന സങ്കല്പം വിദ്യാഭ്യാസത്തെ അപരിഷ്‌കൃതമായ വ്യവഹാരവാദത്തിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുകയാണ്. ഒരു കുട്ടിയെ എന്റെ കയ്യില്‍ തന്നാല്‍ നിങ്ങള്‍ ആ കുട്ടിയെ ആരാക്കാനാ ഗ്രഹിക്കുന്നുവോ-ഡോക്ടര്‍, എന്‍ജിനീയര്‍ ഇനി ഒരു കള്ളന്‍ അല്ലെങ്കില്‍ മദ്യപാനി അതുമല്ലെങ്കില്‍ സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ആള്‍-എന്തു വേണമെങ്കിലും ഞാന്‍ ആക്കിത്തരാം എന്നു വ്യവഹാരവാദത്തിന്റെ പ്രയോക്താവായ ജെ.ബി. വാട്സണ്‍ വാദിക്കുന്നുണ്ട്. ജെ.ബി. വാട്സണിന്റെ പ്രധാനപ്പെട്ട യുക്തി ഉല്പന്നത്തെ ആദ്യം നിര്‍ണ്ണയിക്കുകയും അതിനുശേഷം അതിന് ആവശ്യമുള്ള പശ്ചാത്തലം നിര്‍മ്മിക്കുകയും ചെയ്യുക എന്നുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഉല്പന്നാധിഷ്ഠിതമാണ് വ്യവഹാരവാദം മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ പ്രക്രിയ. ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ എന്ന സങ്കല്പത്തെ നിഷേധിക്കുന്ന ഒരാള്‍ക്കു മാത്രമേ മനുഷ്യന്‍ സാഹചര്യങ്ങളുടെ ഉല്പന്നം ആണെന്നു വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ.

പൗലോ ഫ്രെയർ
പൗലോ ഫ്രെയർ

വാട്‌സണില്‍നിന്നാണ് വില്യം ജി സ്പേഡി തന്റെ ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥനശിലകളായ രണ്ട് ഘടകങ്ങളെ മുന്നോട്ടു വയ്ക്കുന്നത്. ഒന്നാമതായി വളരെ കൃത്യമായും സംശയങ്ങള്‍ക്ക് അതീതമായും പഠനഫലങ്ങള്‍ നിര്‍വ്വചിക്കുക എന്നുള്ളതാണ്. ചുരുക്കിപ്പറഞ്ഞാല്‍ പാഠ്യപദ്ധതി, ബോധനം, മൂല്യനിര്‍ണ്ണയം എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും സുപ്രധാനങ്ങളായ മൂന്ന് ഘടകങ്ങളും ഔട്ട്കം അല്ലെങ്കില്‍ പഠനഫലം എന്ന ഒറ്റ ഘടകം നിയന്ത്രിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. പഠനഫലങ്ങള്‍ കൃത്യമായി അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നവയായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. കാരണം അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കാത്ത എല്ലാം തന്നെ ആപേക്ഷികങ്ങളാണ്. ഇത് ആത്മനിഷ്ഠയ്ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കാരണമാകും. വ്യത്യസ്ത തലങ്ങളിലും പ്രത്യേകിച്ച് അന്തര്‍ദ്ദേശീയ തലത്തിലും ജോലിക്കുവേണ്ടി തെരഞ്ഞെടുപ്പ് നടത്തുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അളന്നെടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ പഠനഫലമായി അംഗീകരിക്കുവാന്‍ ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം തയ്യാറാവുന്നുള്ളൂ. രണ്ടാമത്തെ ഘടകമായി സ്പേഡ് പറയുന്നത് നിശ്ചയിക്കപ്പെട്ട പഠനഫലങ്ങള്‍ നേടുന്നതിനുവേണ്ടി ചുറ്റുപാടുകള്‍ ക്രമീകരിക്കുക എന്നുള്ളതാണ്. പഠനഫലങ്ങള്‍ എന്തൊക്കെ ആയിരിക്കണം എന്നു കൃത്യമായി നിര്‍വ്വചിക്കുക വഴി അതിനുവേണ്ട ഘടകങ്ങള്‍ ഏറ്റവും സൂക്ഷ്മമായി നിര്‍ണ്ണയിക്കുകയും അവയുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്നത് ലക്ഷ്യങ്ങളുടെ പ്രാപ്തിക്ക് അനിവാര്യമാണ്. ഇതുതന്നെയാണ് പട്ടിയില്‍ പരീക്ഷണം നടത്തിയ വ്യവഹാര വാദിയായ പാവ്ലോവ ചെയ്തതും. ചുറ്റുപാടുകളെ നിയന്ത്രിച്ച് ആരെയും ഏതുരീതിയിലും മെരുക്കിയെടുക്കാം എന്ന വാട്സന്റെ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.

ജെബി വാട്സൺ
ജെബി വാട്സൺ

ലക്ഷ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങളെ കൃത്യമായി നിര്‍വ്വചിക്കുകയും നിര്‍വ്വഹിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നുള്ളത് ശാസ്ത്രീയ മാര്‍ഗ്ഗമാണ്. കുത്തഴിഞ്ഞ നമ്മുടെ വിദ്യാഭ്യാസത്തില്‍ അതൊരുപക്ഷേ, ഒരു പുത്തന്‍ ആശയമായി തോന്നിക്കൂടായ്കയില്ല. എന്നാല്‍, വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ ആരംഭം മുതല്‍ തന്നെ ശ്രദ്ധിച്ചാല്‍ നമുക്കു കാണാന്‍ സാധിക്കുന്നത് ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കുകയും ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പഠനപ്രക്രിയ ഏകോപിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. 18-ാം നൂറ്റാണ്ടിലെ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം മുതല്‍ക്ക് ഇത് വിദ്യാഭ്യാസത്തിന്റെ ഭാഗമാണുതാനും. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന രീതിയില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്ന കഴിവുകള്‍ മാത്രമായിരുന്നില്ല എന്നുള്ളതാണ് വില്യം സ്പേഡി വിഭാവനം ചെയ്യുന്ന ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസവുമായി നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം. സാമൂഹിക മൂല്യങ്ങളും സര്‍ഗ്ഗവാസനകളും താല്പര്യങ്ങളും അടങ്ങുന്ന മനുഷ്യന്റെ അളവുകോലുകള്‍ വെച്ച് തിട്ടപ്പെടുത്താന്‍ സാധിക്കാത്ത ധാരാളം മൂല്യങ്ങളെ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ്. ഇവിടെനിന്നാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വില്യം സ്പേഡി കാര്യമായി വ്യതിചലിക്കുന്നത്. സ്പേഡിയുടെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കാം:
'Outcomes are clear learning results that we want students to demonstrate at the end of significant learning experience. They are not values, beliefs or spychological states of mind. Instead, outcomes are what learners can actually do with what they know and have learned - they are tangible application of what has been learned.'

ഫ്രെഡറിക് വിൻസ്ലോ ടൈലർ
ഫ്രെഡറിക് വിൻസ്ലോ ടൈലർ

മൂല്യങ്ങളുടേയും വാസനകളുടേയും താല്പര്യങ്ങളുടേയും ഒക്കെ വിളനിലമായിരുന്ന വിദ്യാഭ്യാസ പ്രക്രിയയെയല്ല വില്യം സ്പേഡി ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്ന ആശയത്തിലൂടെ വിഭാവനം ചെയ്യുന്നത് എന്നു കാണാന്‍ സാധിക്കും. മറിച്ച് മനുഷ്യനെ അടക്കം ചരക്കു വല്‍ക്കരിക്കുന്ന നവലിബറല്‍ കാലഘട്ടത്തിന്റെ വിദ്യാഭ്യാസ സങ്കല്പത്തെയാണ് വില്യം സ്പേഡി വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസം എന്നാല്‍ സംഖ്യകളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന കഴിവുകളുടെ ആര്‍ജ്ജനം മാത്രമാണ് എന്ന പരിമിതപ്പെടുത്തലാണ് ഇവിടെ ഉണ്ടാകുന്നത്. മാത്രവുമല്ല ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം മുന്നോട്ടു വയ്ക്കപ്പെടുന്ന പ്രോഗ്രാം ഔട്ട്കം കോഴ്സ് ഔട്ട്കം യൂണിറ്റ് ഔട്ട്കം എന്നിങ്ങനെ പല തലങ്ങളിലുള്ള പഠനഫലങ്ങളിലൂടെ പഴുതടച്ച് വിദ്യാഭ്യാസത്തെ കൂട്ടില്‍ ആക്കുകയാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ ഈ പല തലങ്ങളിലുള്ള വിദ്യാഭ്യാസ പഠനഫലങ്ങള്‍ രാജകീയ ശാസനകള്‍പോലെ വ്യതിചലിക്കാന്‍ സാധിക്കാത്ത തരത്തില്‍ അദ്ധ്യാപകരേയും വിദ്യാഭ്യാസ പ്രക്രിയയേയും വരിഞ്ഞുമുറുക്കുകയാണ് ചെയ്യുന്നത്. കാരണം തീര്‍ത്തും പ്രകടനപരമായതും സംഖ്യകളിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതുമായ ഫലങ്ങളെ നിശ്ചയിക്കുക വഴി അവ നേടുന്നതിനുവേണ്ടി ശ്രമിക്കുന്ന അധ്യാപകര്‍ക്ക് പരമ്പരാഗതമായി നമ്മുടെ വിദ്യാഭ്യാസ സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്ന സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളേയും അന്വേഷണാത്മകതയും വിമര്‍ശനാത്മകമായി അറിവിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളേയും റദ്ദു ചെയ്യേണ്ടതായി വരുന്നു. സിലബസ്സിനേയും പാഠ്യപദ്ധതിയേയും സെമസ്റ്ററിന്റെ സമയക്രമത്തില്‍ ഒതുക്കിനിര്‍ത്തുകവഴി വിദ്യാര്‍ത്ഥിയുടെ അളക്കാന്‍ സാധിക്കുന്ന സ്വഭാവങ്ങള്‍ ഒഴികെ എല്ലാ ഔട്ട്കം ഇതര പ്രവര്‍ത്തനങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍നിന്നും തുടച്ചുനീക്കപ്പെടും. ഇരുട്ടടഞ്ഞ കെട്ടിടങ്ങളിലെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന അനുഭവത്തിലേക്ക് ഇത് ഉന്നത വിദ്യാഭ്യാസത്തെ ചുരുക്കി കൊണ്ടുപോകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. പഠനഫലം നിര്‍ണ്ണയിക്കാത്ത കുത്തഴിഞ്ഞ വിദ്യാഭ്യാസ പ്രക്രിയ അല്ല, മറിച്ചു പഠനഫലങ്ങള്‍ ഇരുമ്പുലക്കകളായി മാറുന്ന നവലിബറല്‍ വിദ്യാഭ്യാസ പ്രക്രിയയാണ് വിമര്‍ശിക്കപ്പെടേണ്ടത്.

ഔട്ട്കം എന്ന ഒരൊറ്റ ഘടകത്തെ കേന്ദ്രീകരിച്ചാണ് പാഠ്യപദ്ധതി ബോധനം, മൂല്യനിര്‍ണ്ണയം എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തില്‍ നാം കൊട്ടിഘോഷിക്കപ്പെടുന്ന അക്കാദമിക സ്വാതന്ത്ര്യം എന്ന സങ്കല്പം ഏറ്റവുമധികം പ്രകടമായിരുന്നത് പാഠ്യപദ്ധതി നിര്‍മ്മാണത്തിലും ബോധനരീതിയിലും വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ വിലയിരുത്തുന്നതിനും ആയിരുന്നു. എന്നാല്‍, ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം എന്നു സങ്കല്പത്തോടുകൂടി ഒരു അധ്യാപകന് അക്കാഡമിക് സ്വാതന്ത്ര്യം കൂട്ടിലടയ്ക്കപ്പെടുകയാണ്. കാരണം പ്രോഗ്രാം ഔട്ട്കമ്മും കോഴ്സ് ഔട്ടകമ്മും എല്ലാം തന്നെ കേന്ദ്രീകൃതമായി നിര്‍ണ്ണയിക്കപ്പെട്ട അധ്യാപകരുടെ കൈകളിലേക്ക് പാഠ്യപദ്ധതിയുടെ രൂപത്തില്‍ ഇറങ്ങിവരും. ഇവയില്‍നിന്നു വ്യതിചലിച്ച് സ്വതന്ത്ര ബോധനരീതി കൈവരിക്കുകയും മൂല്യനിര്‍ണ്ണയ പ്രക്രിയ നടപ്പാക്കുകയും ചെയ്യുന്നതുവഴി ഔട്ട്കം എന്ന സങ്കല്പത്തില്‍നിന്ന് അധ്യാപകന്‍ അകന്നുപോകുന്ന അവസ്ഥയുണ്ടാകുന്നു. ഈ ചെയ്യുന്നത് തീര്‍ത്തും ആത്മഹത്യാപരമായ പ്രവണതയായി മാറും.

ജോൺ ഫ്രാങ്ക്ളിൻ ബോബിറ്റ്
ജോൺ ഫ്രാങ്ക്ളിൻ ബോബിറ്റ്

വിവരാനുസാരി വിദ്യാഭ്യാസം  

ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം ഏറ്റവും ഭീതിജനകമായ മുഖം വ്യക്തമാക്കുന്നത് അതിന്റെ മൂല്യനിര്‍ണ്ണയ പ്രക്രിയയോട് അടുക്കുമ്പോഴാണ്. സുവ്യക്തമാക്കപ്പെട്ട വിദ്യാഭ്യാസ ഔട്ട് കമ്മുകളെ വിദ്യാര്‍ഥികളില്‍നിന്ന് അളന്ന് അക്കങ്ങളില്‍ ആക്കുക എന്നുള്ള ചുമതലയാണ് മൂല്യനിര്‍ണ്ണയം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്. വിദ്യാഭ്യാസം എന്ന പ്രക്രിയകൊണ്ട് ഒരു വ്യക്തി നേടുന്ന എല്ലാ ശേഷികളേയും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിനൊന്നും ഇവിടെ ഒരു സ്ഥാനവുമില്ല. ഒരു പഠന പ്രോഗ്രാമിനെ കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഈ മൂല്യനിര്‍ണ്ണയത്തിലൂടെ ഔട്ട് കമ്മിനെ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളിലൂടെയുള്ള ഒരു മെട്രിക് തന്നെ രൂപപ്പെടുന്നു. ഈ മെട്രിക്കല്‍ വഴി പഠനഫലങ്ങള്‍ അദ്ധ്യാപകരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സര്‍വേലന്‍സ് ഉപകരണങ്ങളായി പരിണമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പഠനബോധന പ്രക്രിയ ശാസ്ത്രീയമാക്കുക എന്ന ലക്ഷ്യത്തേക്കാള്‍ ഉപരി അധ്യാപകരെ നിരീക്ഷിക്കുന്നതിനും നിയന്ത്രണങ്ങളില്‍ കൊണ്ടുവരുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ഉപാധിയായി ഔട്ട്കം ബേസ്ഡ് മൂല്യനിര്‍ണ്ണയങ്ങളും അവയുടെ ഫലമായുണ്ടാകുന്ന മെട്രിക്കുകളും ഉപയോഗിക്കപ്പെടുന്നതാണ് ലോകമെമ്പാടും നിന്നുള്ള അനുഭവങ്ങള്‍ നമുക്കു കാണിച്ചുതരുന്നത്. ഹസി, സ്മിത്ത് എന്നിവരെപ്പോലുള്ള ഗവേഷകര്‍ നിരീക്ഷിക്കുന്നത് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം അവതാര ഉദ്ദേശ്യം, പഠനബോധന പ്രക്രിയ എന്നിവ കൂടുതല്‍ ഗുണനിലവാരവും പുരോഗമനപരവും ആക്കുക എന്നതിനേക്കാളുപരി ഭരണപരവും നിയന്ത്രണപരവുമായ സംവിധാനങ്ങള്‍ വിദ്യാഭ്യാസത്തില്‍ കൊണ്ടുവരിക എന്നുള്ളതാണെന്നാണ്.

ഔട്ട്കം ബേസ്ഡ് മൂല്യനിര്‍ണ്ണയത്തിന്റെ അടിവേരുകള്‍ വിദ്യാഭ്യാസ പ്രക്രിയയെ, അത് എത്ര ആത്മനിഷ്ഠമാണെങ്കില്‍ക്കൂടി, സംഖ്യകളിലൂടെ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമെന്നും അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന സംഖ്യകളിലൂടെ അധ്യാപകന്റേയും വിദ്യാര്‍ത്ഥിയുടേയും യഥാര്‍ത്ഥ മൂല്യത്തെ നിര്‍ണ്ണയിക്കാന്‍ സാധിക്കുമെന്നും ഉള്ള ഉറച്ച വിശ്വാസമാണ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തില്‍ സംഖ്യകളിലൂടെ പ്രതിനിധാനം ചെയ്യുന്ന പഠനബോധന പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിവരബാങ്ക് തന്നെ സൃഷ്ടിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാ ബേസ്ഡ് അല്ലെങ്കില്‍ 'വിവരാനുസാരിയായ' ഒരു വിദ്യാഭ്യാസക്രമം നമ്മുടെ മുന്നില്‍ രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുകയുമാണ്. ഈ വിവരങ്ങളെയാണ് വിദ്യാര്‍ത്ഥിയേയും അധ്യാപകനേയും പാഠ്യപദ്ധതിയേയും വിദ്യാഭ്യാസപ്രക്രിയയേയും സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത്. അങ്ങനെ ചര്‍ച്ചകളിലൂടെയും ജനാധിപത്യപരമായ രീതിയിലും എടുത്തിരുന്ന വിദ്യാഭ്യാസ തീരുമാനങ്ങള്‍ ഡേറ്റ ഉപയോഗിച്ച് എടുക്കാന്‍ സാധിക്കും എന്നു വരുന്നു. ഒരുകാലത്ത് അദ്ധ്യാപകരുമായി ചര്‍ച്ച ചെയ്‌തെടുത്തിരുന്ന പല തീരുമാനങ്ങള്‍ക്കും ഡേറ്റ അല്ലെങ്കില്‍ 'വിവരം' എന്ന ബദല്‍ ഉണ്ടായിവരുന്നു. ഔട്ട്കം ബേസ്ഡ് ഇവാല്യൂവേഷന്റെ ഫലമായി ഉണ്ടാകുന്ന വിവരാനുസാരിത്വം കടപുഴക്കി എറിയുന്നത് ജനാധിപത്യപരമായ വിദ്യാഭ്യാസനയ തീരുമാനങ്ങളേയും അറിവിനേയും മൂല്യങ്ങളേയും വിമര്‍ശനാത്മകമായി സമീപിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന തരത്തിലുള്ള വൈജ്ഞാനിക പ്രക്രിയയേയും പഠനബോധന രീതികളേയുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പടികയറുന്നതിനുള്ള അറിവിന്റെ അടിസ്ഥാന യോഗ്യത സംഖ്യ വല്‍ക്കരിക്കപ്പെടുവാനുള്ള അതിന്റെ സവിശേഷ ഗുണമാണെന്നു വന്നിരിക്കുന്നു. സാംഖ്യ വല്‍ക്കരണത്തിനു സാധ്യമാകുന്ന ജനിതക ഘടകങ്ങള്‍ അനുകൂലമല്ലാത്ത അറിവുകള്‍ കോര്‍പ്പറേറ്റ് മൂല്യങ്ങളിലൂടെയും നവലിബറല്‍ വ്യവസ്ഥകളിലൂടെയും നിയന്ത്രിക്കപ്പെടുന്ന ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസ വ്യവസ്ഥയില്‍ അരികുവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയാണ് നാമിനി കാണാന്‍ പോകുന്നത്. അതോടൊപ്പംതന്നെ അധ്യാപനം എന്ന പ്രവൃത്തി നാളിതുവരെ കണ്ടിട്ടില്ലാത്ത നിയന്ത്രണങ്ങള്‍ക്കും സര്‍വ്വലയന്‍സിനും വിധേയമാക്കുന്നതിനും വിവരാനുസാരിത്വം വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രവുമല്ല, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരേയൊരു ഉപാധി പരീക്ഷകളും അവയിലൂടെ നിര്‍മ്മിക്കപ്പെടുന്ന സംഖ്യകളും ആണെന്നുള്ള അവസ്ഥയും വിവരാനുസാരിത്വത്തിന്റെ ഫലമായി പൊതുബോധത്തിന്റെ ഭാഗമായി മാറുന്നുണ്ട്.

പാഠ്യപദ്ധതി, ബോധനരീതി, മൂല്യനിര്‍ണ്ണയം എന്നിങ്ങനെ ജനാധിപത്യപരമായ ചര്‍ച്ചകളുടേയും സംവാദങ്ങളുടേയും ഫലമായി രൂപപ്പെട്ടുവരേണ്ടുന്ന വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളും സംഖ്യ മെട്രിക്കുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം രൂപപ്പെടുകയും മനുഷ്യ സാന്നിധ്യം പോലും ആവശ്യമില്ലാത്ത രീതിയില്‍ ഈ മേഖലകള്‍ യാന്ത്രികവല്‍ക്കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഭാവിയില്‍ നാം കാണാന്‍ പോകുന്നത്. ഇത്തരം തീരുമാനങ്ങളില്‍ ചര്‍ച്ചകള്‍, വിശകലനങ്ങള്‍, വ്യാഖ്യാനങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുകയും സംഖ്യകളുടെ ഒരു പട്ടികയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളിലേക്കെത്തിച്ചേരുകയും ചെയ്യുക വഴി വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിനും തങ്ങളുടെ ഇച്ഛകള്‍ക്കനുസരിച്ച് സങ്കല്പനം ചെയ്യുന്നതിനുള്ള സൗകര്യം നവലിബറല്‍ വിദ്യാഭ്യാസ മേലാളന്മാര്‍ക്ക് കൈവരുന്നു.

തീരുമാനങ്ങളെടുക്കുമ്പോള്‍ മനുഷ്യരുടെ ഇടപെടല്‍ വസ്തുനിഷ്ഠതയ്ക്ക് വലിയ ഭീഷണി ഉണ്ടാവുമെന്നും അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ പാതകമാണ് ആത്മനിഷ്ഠ എന്ന ലോജിക്കല്‍ പോസിറ്റിവിസ്റ്റ് മൂല്യ വ്യവസ്ഥിതിയുടെ ഉല്പന്നം ആയിട്ടാണ് ഔട്ട്കം ബേസ്ഡ് മൂല്യനിര്‍ണ്ണയത്തിലൂടെ വിവരാനുസാരിത്വം സര്‍വ്വ മേഖലകളിലേക്കും പടര്‍ന്നു കയറിവരുന്നത്. ഡേറ്റ സ്റ്റോര്‍ ചെയ്യുന്നതിനും അവയെ വിശകലനം ചെയ്യുന്നതിനും സഹായിക്കുന്ന രീതിയില്‍ സാങ്കേതികവിദ്യ വളരുകവഴി മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത വിദ്യാഭ്യാസ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ശാസ്ത്രീയതയുടെ പിന്‍ബലത്തോടുകൂടി ഒരു പുതു മൂല്യവ്യവസ്ഥയായി വളര്‍ന്നുവരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വിവരങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഖ്യകളുടെ നിര്‍മ്മാണവും ഉപയോഗവും ഗവണ്‍മെന്റുകള്‍ക്ക് തങ്ങളുടെ അധികാരത്തെ വിദ്യാഭ്യാസത്തില്‍ ഉറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവുമായിക്കൂടി മാറുന്നുണ്ട്. നവലിബറല്‍വല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസം സ്വകാര്യ വ്യക്തികളിലേക്കും പ്രസ്ഥാനങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അസ്ഥിരം ആകുന്ന തങ്ങളുടെ അധികാരത്തെ നിലനിര്‍ത്തുന്നതിനുള്ള കാണാച്ചരടായിക്കൂടി വിവരാനുസാരിത്വം ഉപയോഗിക്കപ്പെടുന്നുണ്ട്. നിഷ്പക്ഷതയെ പ്രതിനിധാനം ചെയ്യുന്നതിനുവേണ്ടി പഠനം വഴി ആര്‍ജ്ജിക്കുന്ന കഴിവുകളെ സംഖ്യവല്‍ക്കരിക്കുക മാത്രമാണ് ഏക ഉപാധി എന്നുള്ള പൊതുബോധവും സമൂഹത്തില്‍ വേണ്ടത്ര വിതരണം ചെയ്യപ്പെടുന്നുണ്ട് എന്നു കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ പരിസരങ്ങളില്‍ ഉള്ള സര്‍വ്വതിനേയും അളക്കുക, അളന്ന് അക്കങ്ങളില്‍ ആക്കുകയും അവയെ വളരെ നിര്‍ണ്ണായകമായ പല തീരുമാനങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുന്നു.

കാര്യക്ഷമതാ വാദം

ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിന്റെ ആധുനികസ്വാധീനം അന്വേഷിച്ചു ചെന്നാല്‍ കാണാന്‍ സാധിക്കുന്നത് അമേരിക്കയില്‍ 20-ാം നൂറ്റാണ്ടില്‍ പ്രബലമായിക്കൊണ്ടിരുന്ന കാര്യക്ഷമത പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളിലും താല്പര്യങ്ങളിലേക്കുമാണ്. കാര്യക്ഷമത വാദത്തിന്റെ പ്രധാനപ്പെട്ട പ്രചാരകന്‍ ഫ്രെഡറിക് വിന്‍സ്ലോ ടൈലര്‍ ആയിരുന്നു. വ്യാവസായിക മേഖലയിലാണ് ടെയിലര്‍ തന്റെ കാര്യക്ഷമതാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ടൈലറിനെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമായ ഉല്പാദന പ്രക്രിയ ആശ്രയിച്ചിരിക്കുന്നത് നാല് പ്രധാന ഘടകങ്ങളാണ്. ഒന്നാമതായി ജോലിയെ സംബന്ധിക്കുന്ന ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ ശേഖരിക്കുക, രണ്ടാമതായി അവയുടെ ശാസ്ത്രീയരീതി ഉപയോഗിച്ച് വിശകലനം ചെയ്യുക, മൂന്നാമതായി ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും എളുപ്പം ഓരോ ജോലിക്കാരനും തങ്ങളുടെ ജോലി കാലവിളംബം ഇല്ലാതെ തീര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തുക, നാലാമതായി ഇങ്ങനെ കണ്ടെത്തിയ മാര്‍ഗ്ഗത്തിലൂടെ ജോലി എടുക്കുന്നതിനുവേണ്ടി ജോലിക്കാര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുക. ടൈലര്‍ ആവിഷ്‌കരിച്ച ഈ രീതിയാണ് വ്യാവസായികരംഗത്ത് ശാസ്ത്രീയ നിര്‍വ്വാഹകത്വം അല്ലെങ്കില്‍ സയന്റിഫിക് മാനേജ്മെന്റ് എന്നറിയപ്പെടുന്നത്. പില്‍ക്കാലങ്ങളില്‍ ടെയിലറിസം എന്ന പേരിലും ഇതറിയപ്പെട്ടു തുടങ്ങി. ടെയിലറിസം വിദ്യാഭ്യാസരംഗത്ത് ആദ്യമായി പരീക്ഷിച്ചത് ജോണ്‍ ഫ്രാങ്ക്‌ലിന്‍ ബോബിറ്റ് എന്ന് പേരുള്ള അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനാണ്. ബോബിറ്റിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികള്‍ പോലെയും വ്യവസായശാലകള്‍പോലെയും കാര്യക്ഷമതാതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാണ്. കാര്യക്ഷമതാ തത്ത്വങ്ങള്‍ വിദ്യാഭ്യാസത്തില്‍ ആവിഷ്‌കരിക്കുക വഴി വിദ്യാഭ്യാസപ്രക്രിയ കൂടുതല്‍ കരുത്തുറ്റതും ഉല്പാദനക്ഷമത കൈവരിക്കാനും സാധിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. ലക്ഷ്യം എന്ന ഒറ്റ ബിന്ദുവില്‍ ആയിരിക്കണം മുഴുവന്‍ വിദ്യാഭ്യാസ പ്രക്രിയയും പ്രദക്ഷിണം വയ്‌ക്കേണ്ടത് എന്ന സിദ്ധാന്തമാണ് ബോബിറ്റ് മുന്നോട്ടുവയ്ക്കുന്നത്. അധ്യാപകനും വിദ്യാര്‍ത്ഥിയും സ്ഥാപനത്തില്‍ എങ്ങനെ പെരുമാറണമെന്നും എന്തുതരത്തിലുള്ള പഠനബോധന പ്രക്രിയയില്‍ ഇടപെടണമെന്നും എങ്ങനെ നിരീക്ഷിക്കണമെന്നും എങ്ങനെ വിലയിരുത്തപ്പെടണമെന്നും എത്രമാത്രം സാമ്പത്തിക സഹായത്തിന് ഈ പ്രക്രിയ അര്‍ഹമാണെന്നും മറ്റും തീരുമാനിക്കുന്നതിനുള്ള ഏക മാനകം ആയിട്ടാണ് 'വിദ്യാഭ്യാസ ലക്ഷ്യത്തെ' ഫ്രാങ്ക്ലിന്‍ ബോബിറ്റ് വിഭാവനം ചെയ്യുന്നത്. ഒരിക്കല്‍ നിശ്ചയിക്കപ്പെടുന്ന ഈ വിദ്യാഭ്യാസ ലക്ഷ്യം ഇരുമ്പുലക്ക ആയി മാറുകയും ഒരു പാഠ വര്‍ഷമോ അല്ലെങ്കില്‍ സെമസ്റ്റര്‍തന്നെ മാറിവരുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളോ വൈവിധ്യമാര്‍ന്ന വിദ്യാര്‍ത്ഥികളുടെ ചിന്തകളേയോ സംസ്‌കാരത്തേയോ ഒന്നുംതന്നെ ബോബിറ്റ് മുന്നോട്ടുവയ്ക്കുന്ന 'ലക്ഷ്യ'ത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുതകുന്ന ഘടകങ്ങളല്ല. എത്ര വ്യത്യസ്തമായ അധ്യാപകനാണെങ്കിലും കൂടി ഔദ്യോഗികവല്‍ക്കരിച്ച് മുന്‍പോട്ടു വയ്ക്കുന്ന ലക്ഷ്യത്തിനുവേണ്ടി മാത്രം പ്രയത്‌നിക്കുക എന്നുള്ളത് അധ്യാപനം എന്ന വളരെ വിശാലമായ അന്വേഷണാത്മക ജ്ഞാനിര്‍മ്മാണ പ്രക്രിയയെ തള്ളിക്കളയുകയും ബോധനത്തെ 'ജിഗ്സോ പസില്‍' പോലെ ചെറിയ ചെറിയ പ്രകടനപരമായ പ്രക്രിയയുടെ ഒരു പാക്കേജ് ആക്കി മാറ്റുകയും ചെയ്യുന്നു. ബോബിറ്റ് ഊര്‍ജ്ജം കൈക്കൊണ്ട ടൈലറിസത്തിന്റെ പ്രയോഗം വഴി വ്യവസായ മേഖലകളില്‍ ഉണ്ടായ കാര്യക്ഷമത പ്രസ്ഥാനത്തിന്റെ പരിണതഫലമാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി കണക്കാക്കുന്ന വാഷിംഗ്ടണ്‍ അക്കോഡ് എന്നതുതന്നെ വളരെ ദുരൂഹമായ താല്പര്യങ്ങള്‍ പേറുന്ന ഒന്നായിട്ടുവേണം മനസ്സിലാക്കേണ്ടത്. ബോബിറ്റിന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പ്രസിദ്ധമായ ഉപമയില്‍ത്തന്നെ പറയുന്നത് വിദ്യാര്‍ത്ഥികള്‍ ഉല്പന്നങ്ങളായി മാറേണ്ട റോമെറ്റീരിയലുകള്‍ ആണെന്നും അവരെ ഉല്പന്നങ്ങള്‍ ആക്കുന്നതിനുവേണ്ടി ജോലിചെയ്യുന്നവരാണ് അധ്യാപകര്‍ എന്നും ഈ രണ്ടു കൂട്ടര്‍ക്കും വേണ്ട ലക്ഷ്യങ്ങളെ തീരുമാനിക്കുന്നതിനും അവരെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കഴിവുള്ള മാനേജര്‍മാരാണ് വിദ്യാഭ്യാസ അധികാരികള്‍ എന്നുമാണ്.

വിദ്യാഭ്യാസത്തെ സ്വതന്ത്രമായ അന്വേഷണമായാണ് പുരോഗമന വിദ്യാഭ്യാസ മുന്നേറ്റങ്ങളൊക്കെയും തന്നെ കണക്കാക്കുന്നത്. സ്വതന്ത്ര ചിന്തയും അന്വേഷണവും നൂലില്‍ കെട്ടിയിട്ടു പഠിപ്പിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ല. സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഒരു വിഷയത്തില്‍ ആരംഭിച്ച് മറ്റൊരു വിഷയത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നതാണെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോഴും വ്യതിചലിക്കാന്‍ അനുവദിക്കാത്ത ഇരുമ്പുമറകള്‍ സൃഷ്ടിക്കുന്ന അവസ്ഥയാണ് ഔട്ട്കം ബേസ്ഡ് വിദ്യാഭ്യാസം വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും സംവാദങ്ങളും ഒന്നും നടക്കുന്നില്ല എന്നുള്ളത് നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നിഷ്‌ക്രിയത്വത്തേയും നിശ്ശബ്ദതയേയുമാണ് കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com