കീഴ്വഴക്കങ്ങളെ പ്രണയിക്കാത്ത നെഹ്‌റുവും എഡ്വിനയും

മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു എന്താണ് വിചാരിക്കുക എന്നതിലേറെ പ്രധാനം സത്യത്തില്‍ നമ്മളെന്താണ് എന്നതിലാണ്. അങ്ങനെ ജീവിച്ച രണ്ടു സ്വതന്ത്ര വ്യക്തികള്‍ ആയിരുന്നു നെഹ്റുവും എഡ്വിനയും
നെഹ്റുവും എഡ്വിനയും
നെഹ്റുവും എഡ്വിനയും

മാനതകളില്ലാത്ത കൊള്ളകള്‍ക്കൊടുവിലായി അനിവാര്യമായും അടിയറവു പറയേണ്ടിവന്ന ബ്രിട്ടന്‍, ആ ഊരാക്കുടുക്കില്‍നിന്നും സുരക്ഷിതവും മാന്യവുമായ ഒരു വിടവാങ്ങലിലേക്കു തങ്ങളെ നയിക്കാന്‍ കണ്ടെത്തിയ മിശിഹയായിരുന്നു നീലക്കണ്ണുകളുള്ള ആ രാജകുമാരന്‍ അഥവാ വൈസ്രോയ്. തന്റെ നീലക്കണ്ണാഴങ്ങളിലും ചെറുചിരിയിലും മനമറിയുന്ന വാക്കുകളിലും ആരെയും തളച്ചിടുന്ന മൗണ്ട് ബാറ്റണ്‍ എന്ന നയതന്ത്ര മാന്ത്രികന്‍. കൂടെ പടക്കത്തിനു  തീകൊടുത്ത് പെട്രോള്‍ ടാങ്കിലിട്ടതുപോലെ എന്ന് എഴുത്തുകാരി വിശേഷിപ്പിച്ച എഡ്വിനയും. കാലം 1947, ഡല്‍ഹിയിലെ മാര്‍ച്ച് ഏപ്രില്‍. മൗണ്ട് ബാറ്റണ്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. മറ്റേതു ലക്ഷ്യത്തെക്കാളുപരിയായി തന്നിലര്‍പ്പിക്കപ്പെട്ട തലയൂരലിന്റെ ആദ്യപടി എല്ലാവരേയും ചേര്‍ത്തു നിര്‍ത്താനുള്ള ഭഗീരഥപ്രയത്‌നമാണ്, ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദലി ജിന്നയും പിന്നെ മറ്റനവധി നേതാക്കളുമായി ഇഴയകല്‍ച്ചയില്ലാത്ത ബന്ധത്തിന്റെ ഊടുംപാവും നെയ്യുകയാണ് ഡിക്കി. ലക്ഷ്യം ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കുന്ന ഒരു ഉടമ്പടി. ഓപ്പറേഷന്‍ സെഡക്ഷന്‍ തുടങ്ങിയിരിക്കുന്നു, ആ ഓപ്പറേഷനില്‍ എഡ്വിന തീര്‍ച്ചയായും ഒരു മാരകായുധവും.

കുറച്ചു ദിവസങ്ങള്‍ മുന്നേ ലണ്ടന്‍ മെയിന്‍ പോസ്റ്റ് ഓഫീസിലെ നീണ്ട ക്യൂ.  ക്യൂവിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വളരെ പ്രായമായ ഒരാള്‍ രണ്ടു സ്ത്രീകള്‍ അടക്കം പറയുന്നതു കേള്‍ക്കുന്നു - അറിയുമോ ആ നില്‍ക്കുന്നതു ലേഡി മൗണ്ട് ബാറ്റണാണ്. അതുകേട്ട അയാള്‍ പതുക്കെ അങ്ങോട്ടേക്കു നടന്നുചെന്നു, തൊപ്പിയൂരി ഉപചാരപൂര്‍വ്വം ക്യൂവില്‍ മുന്നിലുള്ള സ്വന്തം സ്ഥാനം അവരോടു എടുത്തോളാന്‍ പറഞ്ഞു. ഹൃദ്യമായൊരു മന്ദസ്മിതത്തോടെ അവര്‍ ആ വാഗ്ദാനം നിരസിച്ചു, അവരുടെ ഊഴം വന്നിട്ടു മതി എന്നു സവിനയം പറഞ്ഞു. പക്ഷേ, വൃദ്ധന്‍ വിട്ടില്ല. തന്റെ വടി ഊന്നി ഒന്നു മുന്നോട്ടാഞ്ഞ് പതുക്കെ പറഞ്ഞു, എന്റെ മോന്‍ ആര്‍തര്‍ ബര്‍മ്മയിലെ ജാപ്പനിസ് യുദ്ധത്തടവുകാരനായിരുന്നു. ഒരുപാടു നന്ദിയുണ്ട്...

അവര്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ കൈകള്‍ അദ്ദേഹത്തിനു നേരെ നീട്ടി. ആ കണ്ണുകള്‍ പ്രകാശമാനമായി. അവരൊന്നും പറഞ്ഞില്ല, വൃദ്ധന്‍ തുടര്‍ന്നു... ലേഡി മൗണ്ട് ബാറ്റണ്‍ ആ ക്യാംപിലേക്കു ചെന്ന ദിവസമാണ് ജീവന്‍ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടായത് എന്നാണെന്നോടു മോന്‍ പറഞ്ഞത്.

അയാളുടെ മകനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ എഡ്വിനയുടെ നെറ്റിയില്‍ ചുളിവുകളായി മാറി.

മൗണ്ട് ബാറ്റണും നെഹ്റുവും എഡ്വിനയും. 1948ൽ ഡൽഹിയിലെ ​ഗവൺമെന്റ് ഹൗസിൽ നിന്ന് ഈ ദൃശ്യം പകർത്തിയത് പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രസണാണ്
മൗണ്ട് ബാറ്റണും നെഹ്റുവും എഡ്വിനയും. 1948ൽ ഡൽഹിയിലെ ​ഗവൺമെന്റ് ഹൗസിൽ നിന്ന് ഈ ദൃശ്യം പകർത്തിയത് പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ഹെന്റി കാർട്ടിയർ ബ്രസണാണ്

അവന്‍ നന്നായിരിക്കുന്ന, അവന്‍ പെഗ്ഗിയെ, അവന്റെ പെണ്ണിനെ കെട്ടിയത് കഴിഞ്ഞ മാസമാണ്. വലിയ താമസമില്ലാതെ ഒരു മുത്തച്ഛനാവും എന്ന പ്രതീക്ഷയിലാണു ഞാനും.

നന്നായി, എന്തൊരദ്ഭുതമാണു ജീവിതം. അവന്റെ പെഗ്ഗി അവനേയും കാത്തിരുന്നുവോ? ഇത്ര കാലവും?

ബര്‍മീസ് കാടുകളിലെവിടെയോ വലിച്ചെറിയപ്പെടുമായിരുന്ന ഒരു ജീവനുവേണ്ടി ഒരു പെണ്ണിന്റെ കാത്തിരിപ്പിനെപ്പറ്റി ആ വൃദ്ധന് ഒരുപക്ഷേ, ഒന്നും തോന്നണമെന്നില്ല. എഡ്വിനക്കാവട്ടെ, അപ്പോള്‍ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

എഡ്വിന ഒന്നു മുന്നോട്ടാഞ്ഞ് ആ വൃദ്ധന്റെ കവിളില്‍ ഒരു സ്‌നേഹചുംബനം പതിപ്പിച്ചു...

ഇതെന്നില്‍നിന്നും അവനു കൊടുത്തേക്കുക... അതായിരുന്നു എഡ്വിന.

അതിസമ്പന്ന കുടുംബപാരമ്പര്യത്തില്‍നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യലിസ്റ്റ്, സെക്യുലര്‍ വീക്ഷണങ്ങളുടെ ആരാധകന്‍ നെഹ്‌റു,  സോഷ്യലിസ്റ്റ് വൈസ്രോയി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍, അതിസമ്പന്നയും സോഷ്യലിസ്റ്റും സോഷ്യലൈറ്റും സുന്ദരിയുമായ വൈസറിന്‍ എഡ്വിന. ദശകങ്ങളായി താനറിഞ്ഞ ബ്രിട്ടനായിരുന്നില്ല, താമസംവിനാ നെഹ്‌റു ഡിക്കിയിലൂടെയും എഡ്വിനയിലൂടെയും കണ്ട ബ്രിട്ടന്‍. ഒരു ഭാഗത്ത് നെഹ്‌റുവും ജിന്നയുമായി ഡിക്കി സംസാരിച്ചുകൊണ്ടിരിക്കുന്നു.

മറുഭാഗത്ത് ഒരു ചെറുചിരിയോടെ അങ്ങോട്ടു ചെന്നു വിജയലക്ഷ്മി പണ്ഡിറ്റിനെ തന്റെ വാക്കുകളില്‍ വീഴ്ത്തുന്ന എഡ്വിനയെ നോക്കുക.

''താങ്കളറിയുമോ എന്നറിയില്ല, ഗാന്ധിജി തീര്‍ത്തും ശരിയാണ് എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതു യാഥാര്‍ത്ഥ്യമാവാന്‍, ഞങ്ങളാല്‍ കഴിയുന്ന എന്തും ഞങ്ങള്‍ ചെയ്യാന്‍ പോവുകയാണ്.''

ഒരു ബ്രിട്ടീഷ് വൈസറിന്റെ നാവില്‍നിന്നും അതു കേള്‍ക്കുവാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനിടയില്ലാത്ത ഒരു നേതാവിനെയാണ് ഒരു മന്ദസ്മിതത്താല്‍, നാലുവാക്കുകളുടെ തൂവല്‍ത്തല്ലാല്‍ എഡ്വിന വീഴ്ത്തിയത്.

ചരിത്രഗവേഷകരല്ലാത്തവരുടെ ചരിത്രമെഴുത്തുകള്‍

കാലം 1970, ഫ്രാന്‍സിലെ ഒരു രാത്രി വിരുന്നില്‍ പ്രശസ്ത ഫ്രെഞ്ചു പത്രപ്രവര്‍ത്തകനും എഴുത്തുകാരനും എഡിറ്ററുമൊക്കെയായിരുന്ന റെയ്മണ്ട് കാര്‍ട്ടീര്‍ (Raymond Cartier) ഡൊമിനിക് ലാപിയറുമായുള്ള സംഭാഷണ മധ്യേ. ''പ്രിയപ്പെട്ട ഡൊമിനിക്, ഏതാണ്ടു കാല്‍ നൂറ്റാണ്ടു മുന്നേയാണത്, 1947-ല്‍, എനിക്കന്നു തന്റെ പ്രായം. ഞാനന്നൊരു യാത്രപോയത് വടക്കേ ബംഗാളിലേക്കായിരുന്നു. അവിടെയൊരു കുഗ്രാമത്തില്‍ അര്‍ദ്ധനഗ്‌നനായ ഒരു ഇന്ത്യക്കാരനുണ്ടായിരുന്നു, ലോകത്തെ ഏറ്റവും ശക്തമായൊരു സാമ്രാജ്യത്തെ മുട്ടുകുത്തിച്ചയാള്‍, മോഹന്‍ദാസ് ഗാന്ധി. എന്റെ ലക്ഷ്യം അദ്ദേഹത്തെ കണ്ട് ഒരു അഭിമുഖം വാങ്ങിക്കുകയായിരുന്നു. താനും ലാറിയും എന്തുകൊണ്ടാണ് അങ്ങോട്ടു പോവാത്തത്?
ലോകജനതയുടെ അഞ്ചിലൊന്നുള്ള രാജ്യത്തെ ആ ഇന്ത്യക്കാരന്റെ വിജയവും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനവും മുഴുവന്‍ ലോകത്തേയും വേണ്ടവിധം അറിയിക്കാനായി നിങ്ങളിനിയും അങ്ങോട്ടു പോവാത്തതെന്താണ്?

ഞാന്‍ പോയിട്ടിപ്പോള്‍ കാല്‍ നൂറ്റാണ്ടാവാറായിട്ടില്ല, ചരിത്രത്തിന്റെ താളുകളില്‍ നിസ്തുലമായ പങ്കു വഹിച്ചവര്‍ പലരും ഇന്നുമുണ്ട്. എനിക്കുറപ്പാണ്, തീര്‍ച്ചയായും നിങ്ങള്‍ക്കവരെ കണ്ടെത്താവുന്നതേയുള്ളൂ. അവിടെ, ഡൊമിനിക്, ഒരു ക്ലാസ്സിക് ട്രാജഡിയുടെ എല്ലാ ചേരുവകളുമുണ്ട്, അതിലെ നായകരൊന്നും ചില്ലറക്കാരല്ല, അസാധാരണ വ്യക്തിത്വങ്ങളാണ്. നിങ്ങളുടെ പ്രായമായിരുന്നു എനിക്കെങ്കില്‍, ഇതാ ഈ രാത്രി ഞാനാ ഗവേഷണത്തിലേക്കു യാത്ര തിരിക്കുമായിരുന്നു.''

ഈ സംഭാഷണത്തിന്റെ അവസാനമാണ്, കാര്‍ട്ടീര്‍ നടത്തിയ വിരുന്നിലാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റിന്റെ ബീജാവാപം ഫ്രാന്‍സില്‍ നടക്കുന്നത്. എഴുത്തുകാര്‍ രണ്ടുപേരും ചരിത്രഗവേഷകരല്ല. പത്രപ്രവര്‍ത്തകരാണ്. പത്രപ്രവര്‍ത്തനത്തേയും ചരിത്രമെഴുത്തിനേയും പരസ്പരം ഉള്‍ക്കൊള്ളുന്ന ഒരു ചൊല്ലില്‍ പത്രമെഴുത്തു ചരിത്രമെഴുത്തിന്റെ ഏതാണ്ട് ആദ്യ കരടുരൂപമാണ്. ചരിത്രത്തിലെ പിഴവുകളില്‍നിന്നും മിഴിവുറ്റ സൃഷ്ടികള്‍ക്കുള്ള ഇടം കണ്ടെത്തുന്ന എഴുത്തുകാരിയായാണ് റിയാനന്‍ ജെങ്കിന്‍സ് സാങ് വിശേഷിപ്പിക്കപ്പെടുന്നത്. നോവലിന്റെ അവസാന ഭാഗത്ത് അവര്‍ നടത്തിയ പഠനഗവേഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇംഗ്ലണ്ടിലെ സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയിലെ മേണ്ട് ബാറ്റണ്‍ ആര്‍ക്കൈവ്സിലെ രേഖകളും നിരവധി ഗ്രന്ഥങ്ങളും മറ്റും. ജവഹര്‍ലാല്‍ നെഹ്റുവും എഡ്വിനയും കൈമാറിയ കത്തുകള്‍ ഉപരോധത്തിന്റെ കെണിയിലാണെങ്കിലും അതു സംഭവിക്കുന്നതിനു മുന്നേ ആ എഴുത്തുകളെ ഉപജീവിച്ച് എഴുതിയ കൃതികളെ ആശ്രയിച്ചതായും അവര്‍ വ്യക്തമാക്കുന്നു. നോവലിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ തേടിയുള്ള തന്റെ ദില്ലി യാത്രയെക്കുറിച്ചും അവര്‍ പറയുന്നുണ്ട്. പ്രാക്ടീസ് ചെയ്യാത്ത ലോയറാണ് ബ്രിട്ടീഷ് എഴുത്തുകാരി. അനിവാര്യമായും ഒരു ലോയര്‍ക്കുവേണ്ട അന്യൂനമായ നിരീക്ഷണ-ഗവേഷണ-നിഗമന-ന്യായവിസ്താരങ്ങളും എഴുത്തിനെ ശ്രദ്ധേയമാക്കുന്നു.

മഹാത്മാ ​ഗാന്ധി
മഹാത്മാ ​ഗാന്ധി

രചനാസൗന്ദര്യവും വീക്ഷണങ്ങളും

അതിമനോഹരമായ ഭാഷയിലും ശൈലിയിലും കഥപറയുന്ന റിയാനന്‍ ലേഡി മൗണ്ട് ബാറ്റന്‍ എന്ന നിഴലില്‍നിന്നും എഡ്വിന എന്ന ആകര്‍ഷകമായ വ്യക്തിത്വത്തെ, ആ ആകര്‍ഷകത്വത്തിന്റെ പിന്നിലെ അതിബുദ്ധിമതിയായ, തന്റെ സ്വാധീനവലയത്തിന്റെ പ്രഭവത്താല്‍ ചരിത്രമെഴുതിയ, അധികാരത്തിന്റെ കരുത്താലും സ്‌നേഹവായ്പാലും തനിക്കു ചുറ്റിലുമുള്ളവരെ ചേര്‍ത്തുപിടിച്ച, ഒരു അസാധാരണ വ്യക്തിത്വത്തെ വേര്‍തിരിച്ചു വരച്ചിടുന്നു. ഈ വായന എഴുതാമെന്നു തോന്നിയതു മൗണ്ടു ബാറ്റണോടോ എഡ്വിനയോടോ ഉള്ള പ്രണയത്താലല്ല, സായിപ്പിനോടുള്ള ആരാധനയാലുമല്ല, മറിച്ച് അതു ചില ബോധ്യങ്ങളെ അപനിര്‍മ്മിക്കുന്നതിനാലും ചില പുതിയ ബോധത്തെ ഉണര്‍ത്തുന്നതിനാലുമാണ്.

നോവല്‍ അതിന്റെ സമഗ്രതയില്‍ ജീവിതത്തിന്റെ നാനാതലങ്ങളേയും ആഴത്തില്‍ സ്പര്‍ശിച്ചു പോകുന്ന നിരീക്ഷണങ്ങളാല്‍ സമൃദ്ധമാണ്. അധികാരത്തെ ജീവനേക്കാള്‍ ഇഷ്ടപ്പെടുകയും എന്നാല്‍, അധികാരത്തോട് തനിക്കു ഒട്ടും മമതയില്ലെന്നും ഒഴിച്ചുകൂടാന്‍ പറ്റാത്തതുകൊണ്ടു ഏറ്റെടുത്തതാണ് എന്ന മട്ടിലുള്ള വാചകക്കസര്‍ത്തുകള്‍ പലപ്പോഴായി കേള്‍ക്കുന്നവരാണു നമ്മള്‍. മൗണ്ട് ബാറ്റണ്‍ വൈസ്രോയി പദവി ആഗ്രഹിച്ചിരുന്നു, കരുക്കള്‍ നീക്കിയിരുന്നു എന്നതു എഡ്വിന അറിയുന്ന സത്യം. അതേ എഡ്വിനയോടു തന്നെയാണ് താന്‍ ഈ അധികാരം ഒട്ടും ആഗ്രഹിച്ചതല്ലെന്നു ഡിക്കി പറയുന്നതും. അവര്‍ തമ്മിലുള്ള ബന്ധം ഇന്ത്യയിലേക്കു വരുന്നതിനു മുന്നേ തന്നെ കാറ്റും കോളും നിറഞ്ഞതായിരുന്നു, നാമമാത്രമായിരുന്നു. എഡ്വിനയെ ഇന്ത്യയിലേക്കു നയിച്ചത് വൈസറിന്‍, സര്‍വ്വാധികാരിയായ വൈസ്രോയിയുടെ ഉഗ്രപ്രതാപിയായ ഭാര്യാപദവിയാണ്, ഒപ്പം തന്റെ കാമുകന്റെ വിവാഹവും അതേല്പിച്ച വിരഹവും. സ്വകാര്യമായ സ്വഭാവ സവിശേഷതകളും വൈയക്തികമായ ആഗ്രഹങ്ങളും പൊതുനന്മയ്ക്കായി മാറുന്ന അവസരങ്ങളുണ്ട് ചരിത്രത്തില്‍, ആത്മാര്‍ത്ഥമെന്ന ചെറിയ കാന്‍വാസില്‍നിന്നും നിസ്വാര്‍ത്ഥമെന്ന വലിയ കാന്‍വാസിലേക്കു പകര്‍ത്തപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

സ്വന്തം ശ്രമങ്ങളും നിലവിലുള്ള വൈസ്രോയിയുടെ പരാജയവും അതു മറികടക്കാന്‍ അയാളിലുള്ള ചില സ്വഭാവ സവിശേഷതകളും ഒരു രേഖയില്‍ സന്ധിച്ചപ്പോള്‍ കരഗതമായതാണ് മൗണ്ട് ബാറ്റന്റെ വൈസ്രോയി പദവി.  പലര്‍ക്കും അനഭിമതനായിരുന്ന ലോഡ് മൗണ്ട് ബാറ്റനെ ബ്രിട്ടനില്‍നിന്നും മാറ്റിനിര്‍ത്താം, അയാളുടെ സ്വഭാവ സവിശേഷതകളത്രയും ഉപയോഗിച്ചു ഊരാക്കുടുക്കില്‍നിന്നു മാന്യമായി തലയൂരുകയും ചെയ്യാം. ആരെയും പിടിച്ചിരുത്തുന്ന ഒരു രീതിയായിരുന്നു അയാളുടേത്. തനിക്കു ലവലേശം താല്പര്യമില്ലാത്ത വിഷയമാണെങ്കില്‍ അയാള്‍ വളരെക്കുറച്ചു സെക്കന്റുകള്‍ മാത്രമേ സംസാരിക്കുകയുള്ളൂ. പക്ഷേ, ആ സെക്കന്റുകള്‍ക്കുള്ളില്‍ മനോഹരമായ അയാളുടെ നീലക്കണ്ണുകളും ഒരു വശത്തേക്കു തലവെട്ടിച്ചുകൊണ്ടുള്ള ആ സംഭാഷണശൈലിയും നിങ്ങളെ കീഴ്പെടുത്തിയിരിക്കും. അത്രയും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ലോകത്തു അയാളുടെ ചിന്ത നിങ്ങളെപ്പറ്റി മാത്രമാണ് എന്നൊരു ബോധത്തിലേക്ക് അയാള്‍ നിങ്ങളെ കൊണ്ടിടും. ഒരേസമയം മൗണ്ട് ബാറ്റണ്‍ മാന്യനും തന്ത്രശാലിയുമായ ഒരു നയതന്ത്രജ്ഞനായിരുന്നു. അതേസമയം നല്ലൊരു ഷോമാനും ആരെയും മയക്കാനും മെരുക്കാനും കഴിവുള്ളവനും എന്നാണ് ഡിക്കിയെപ്പറ്റി എഴുത്തുകാരി പിപ്പിയിലൂടെ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗുമായുള്ള ബ്രിട്ടന്റെ ചര്‍ച്ച വഴിമുട്ടിയ ഘട്ടത്തിലെ ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു ആരെയും വീഴ്ത്തുന്ന മൗണ്ട് ബാറ്റന്റേത്.  ബുള്ളറ്റിനേയോ ബോംബിനേയോ ആയിരുന്നില്ല, മറിച്ചു വൈസറിന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടു പോവുമോ എന്നു മാത്രമായിരുന്നു എഡ്വിന ഭയന്നത്. ആ വിജയത്തിനുവേണ്ടി ഏതറ്റം വരെയും പോവുന്ന ഒരു എഡ്വിന പുസ്തകത്തില്‍ നിറഞ്ഞാടുകയാണ്.

നെഹ്റുവും എഡ്വിനയും
നെഹ്റുവും എഡ്വിനയും

''ഹോ എന്തൊക്കെ ഗതിവിഗതികളാണ്, നാളത്തെ പുസ്തകങ്ങള്‍ അതൊക്കെയും എഴുതട്ടെ... ഞാന്‍ ഇനി ഒരു ജനതയുടെ സ്വന്തം രാജ്ഞി... ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വെറുക്കപ്പെട്ടവള്‍ ഇന്ത്യയുടെ രാജ്ഞി എഡ്വിന.'' അധികാരലബ്ധിയുടെ ഉന്മാദനിമിഷത്തില്‍ കൂട്ടുകാരിക്കു മുന്നില്‍ എഡ്വിന സ്വയം അടയാളപ്പെടുത്തിയത് അങ്ങനെയാണ്. അപ്രതീക്ഷിതമായ അധികാരലബ്ധിയില്‍ മനുഷ്യസഹജമായ ദൗര്‍ബ്ബല്യങ്ങളുടെ ഘോഷയാത്രകള്‍ കൂടി കാണാവുന്നതാണ്. എഡ്വിന തന്റെ കൂട്ടുകാരിയോട്, പിപ്പി എന്നു വിളിപ്പേരുള്ള, ലെറ്റീഷ്യ ലേഡി വാലസിനോട് തന്റെ സെക്രട്ടറിയായി ഇന്ത്യയിലേക്കു വരാന്‍ ക്ഷണിക്കുന്ന വേളയില്‍, തനിക്ക് ലഭിച്ച മഹാഭാഗ്യത്തെപ്പറ്റി, ഇഷ്ടംപോലെ ജീവനക്കാരെ നിയമിക്കാനുള്ള തന്റെ അധികാരത്തെപ്പറ്റിയൊക്കെ ആവേശഭരിതയായി പറഞ്ഞുപോവുകയാണ്. വിവേകത്തിന്റെ ചരടുകളൊക്കെയും അറ്റുപോയി, വികാരാവേശങ്ങളുടെ അംഗവിക്ഷേപങ്ങളിലൂടെ തന്റെ സൗഭാഗ്യത്തെ വര്‍ണ്ണിക്കുന്ന എഡ്വിന ഇനി കൈകള്‍ വാനിലുയര്‍ത്തി സ്വയം പറന്നുപോകുമോ എന്നു സന്ദേഹിക്കുകയാണ് പിപ്പി.

ചരിത്രത്തേയും ചരിത്രപുരുഷന്മാരേയും ചരിത്രവനിതകളേയും വിസ്മൃതമായ അല്ലെങ്കില്‍ ഏറെയൊന്നും വിസ്തരിക്കപ്പെടാത്ത ഒരു സ്വകാര്യലോകത്തുനിന്നും ചരിത്രത്തിലേക്ക് സ്വാംശീകരിക്കുകയാണ് എഴുത്തുകാരി ഫിക്ഷനിലൂടെ. ബ്രിട്ടനില്‍ ഇന്ത്യ ലീഗ് സ്ഥാപിച്ചതും പെന്‍ഗ്വിന്‍ ബുക്‌സ് സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതുമായ, ബ്രിട്ടന്‍ ഏറെ ഭയന്നിരുന്നതുമായ വി.കെ. കൃഷ്ണമേനോനെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് പിപ്പിയുടെ വാക്കുകളിലൂടെ - കോട്ടിട്ട ചെകുത്താനാണ് കൃഷ്ണമേനോന്‍ അഥവാ ങലുവശേെീുവലഹല െശി മ ടമ്ശഹഹല ഞീം ൗെശലേ എന്നു പലരും പറയുന്നതായി രേഖപ്പെടുത്തിവെയ്ക്കുന്നു. ചരിത്രമാണത്, ബ്രിട്ടീഷുകാര്‍ കൃഷ്ണമേനോനെ എത്രകണ്ടു ഭയന്നിരുന്നു എന്നതിന്റെ തെളിവ്. ബ്രിട്ടീഷ് ബോധ്യങ്ങളെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തിനായി കൃഷ്ണമേനോന്‍ സര്‍ അലന്‍ ലെയിനിനൊപ്പം സഹസ്ഥാപകനായി 1935-ല്‍ രൂപംകൊണ്ട പെന്‍ഗ്വിന്‍ തന്നെയാണ് ഈ പുസ്തകവും പ്രസിദ്ധീകരിച്ചത് എന്നതു ചരിത്രത്തിലെ ഒരു യാദൃച്ഛികതയാവണം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഒരു കരാറും ബ്രിട്ടനുമായി ഒപ്പിടാന്‍ പോകുന്നില്ലെന്ന് ആറ്റ്ലി മനസ്സിലാക്കി എന്നു പറയുന്നതിന്റെ തുടര്‍ച്ചയായി ഇതു പഴയ ലോകമല്ല, പഴയ ബ്രിട്ടനുമല്ല, ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ് എന്നു മനസ്സിലാവാത്തത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനും ഇന്ത്യയിലെ വൃദ്ധനേതാക്കള്‍ക്കും മാത്രമാണെന്ന് എഡ്വിനയിലൂടെ എഴുത്തുകാരി പറയുന്നുണ്ട്.  അധികാരത്തിന്റെ വാളിനു ഒന്നും ചെയ്യാനില്ലാത്ത ആ പ്രതിസന്ധിയില്‍ ഒരു പരാജയമായിരുന്ന ലോര്‍ഡ് വാവെലിനു പകരമായി, ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലേക്ക് എളുപ്പം നടന്നുകയറാന്‍ കഴിയുന്ന ഒരു വൈസ്രോയിയെയാണ് മൗണ്ട് ബാറ്റണില്‍ ബ്രിട്ടീഷ് സാമ്രാജ്യം കണ്ടത്. ഒരിടത്തു, വൃത്തികെട്ട ഇന്ത്യക്കാരോടു ഹസ്തദാനം ചെയ്യാന്‍ മടിക്കാത്തവരാണ് തന്റെ പേഴ്സണല്‍ സ്റ്റാഫിലേക്കു വേണ്ടതെന്നു പറയുന്നുണ്ട് എഡ്വിന.  കാമുകന്‍ ബണ്ണി ഫിലിപ്സ്  വിവാഹിതനായ ശേഷം എഡ്വിന അനുഭവിച്ച ഒറ്റപ്പെടല്‍,  മക്കളോട് പങ്കുവെയ്ക്കപ്പെടാതെ പോയ എഡ്വിനയുടെ സ്‌നേഹവും കരുതലും അവരെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരമ്മയുടെ വ്യഥ, ഒക്കെയും എഴുത്തുകാരി രേഖപ്പെടുത്തുന്നതു കുടുംബം ഭര്‍ത്താവ് മക്കള്‍ എന്നതിനപ്പുറം പ്രണയത്തെ മേയാന്‍ വിടാത്ത സദാചാര ബോധത്തിന്റെ തടവറയിലുള്ള നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.

ആദ്യമായി ഡല്‍ഹിയില്‍ ഇറങ്ങിയ എഡ്വിനയുടെ ദില്ലിയുടെ പൗരാണിക നിര്‍മ്മിതികളുടെ ശില്പ സൗന്ദര്യം ആസ്വദിക്കുമ്പോള്‍ ദില്ലിയുടെ നാലയലത്തുപോലും എത്താനിടയില്ല വൈറ്റ് ഹാളെന്നു പറയുന്നുണ്ട്. ഡല്‍ഹി എന്ന മഹാനഗരിയെ നോക്കിക്കണ്ട അവര്‍ വൈറ്റ് ഹാളിനെ വിശേഷിപ്പിച്ചത് വെറും കളിപ്പാട്ടനഗരി എന്നാണ്. തീര്‍ച്ചയായും ഇന്ത്യയാണ് ബ്രിട്ടനെ ഭരിച്ചത് ഒരിക്കലും മറിച്ചല്ല, എന്ന എഡ്വിന വാക്കുകള്‍ വെളിവാക്കുന്നത് ഇന്ത്യയുടെ സംസ്‌കാരിക ഔന്നത്യവും മേല്‍ക്കോയ്മയും അവര്‍ക്കു ബോധ്യപ്പെട്ടിരുന്നു എന്നുകൂടിയാണ്. സ്വന്തമായല്ലാതെ മറ്റൊരു രാഷ്ട്രത്തെ കൊള്ളയടിച്ചുണ്ടാക്കിയ സുവര്‍ണ്ണകാലം ചോദ്യം ചെയ്യപ്പെടുക ദുരന്തമുഖങ്ങളിലാണ്. ഈ കോവിഡു കാലത്തു സമ്പന്നതയുടെ പാരമ്യതയില്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ പതറിനില്‍ക്കുമ്പോള്‍ ഭീമമായ ജനസംഖ്യയുമായി ഇന്ത്യ പതറാതെ നേരിടുന്നതു ചിലതൊന്നും കൊള്ളമുതലുകളായി കൊണ്ടുപോവുക സാധ്യമല്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

വൈസ്രോയി മന്ദിരത്തിന്റെ പാഠം ഒന്ന് പ്രൊട്ടോക്കോള്‍ പ്രകാരം ജീവിക്കുക അല്ലെങ്കില്‍ പ്രൊട്ടോക്കോള്‍ പ്രകാരം മരിക്കുക എന്നാണ്. പിപ്പി ആബേലില്‍നിന്നും ആദ്യം പഠിച്ചത് അതാണ്. അതു പൊളിച്ചടക്കി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലേക്കു ഒരു ഹോട്ട്ലൈന്‍ വലിക്കേണ്ട ബുദ്ധിയാണ് എഡ്വിന പരീക്ഷിക്കാനുറച്ചത്. വൈസ്രോയി മന്ദിരം വിട്ടു തെരുവുകളിലേയ്ക്കിറിങ്ങി ജനതയോടു സംസാരിക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും വനിതകളുമായി ബന്ധം വെയ്ക്കുകയും വൈസ്രോയി മന്ദിരത്തിന്റെ വാതിലുകള്‍ അവര്‍ക്കായി മലര്‍ക്കെ തുറന്നിടാനുള്ള പദ്ധതികളുമായി എഡ്വിന മുന്നോട്ടു പോവുന്നു. അല്ലെങ്കില്‍ താമസിയാതെ അവര്‍ വൈസ്രോയി മന്ദിരത്തിന്റെ കവാടങ്ങള്‍ ചവുട്ടിത്തുറന്നു കയ്യില്‍ കിട്ടിയ ആയുധങ്ങളുമായെത്തും എന്ന ഉള്‍ക്കാഴ്ചയോടെയാണ് എഡ്വിന പിപ്പിയോടുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്. വര്‍ത്തമാനകാല സാഹചര്യങ്ങളെ അറിഞ്ഞു കൃത്യമായ തന്ത്രങ്ങള്‍ മെനയുന്ന, അതത്രയും തനിക്കനുകൂലമാക്കിയെടുത്തു സ്വന്തം ഇമേജ് കൂട്ടുന്ന കുശാഗ്രബുദ്ധിയായ ഒരു വനിതയെക്കൂടി നമുക്കു ഇവിടെ കാണാം.

വൈജാത്യങ്ങളിലേറെ സാമ്യങ്ങളാണ് നെഹ്‌റുവിനും എഡ്വിനയ്ക്കുമിടയില്‍. അതിശക്തരായ രണ്ടു വ്യക്തിത്വങ്ങള്‍, അവരുടേതായ സ്വഭാവ സവിശേഷതകള്‍, ഉന്നതമായ ബോധം, ലോകപരിചയം, എല്ലാംകൊണ്ടും ഒന്നിനൊന്നു മെച്ചം. വര്‍ഷങ്ങള്‍ക്കു മുന്നേ ജീവിതസഖിയെ നഷ്ടമായി ഒറ്റപ്പെട്ട ജീവിതവുമായി നെഹ്‌റു, വിവാഹത്തില്‍ സഹജീവനവും പ്രണയത്തില്‍ സഹശയനവും പ്രാവര്‍ത്തികമാക്കിയ ലോര്‍ഡും ലേഡിയും. അതിസമ്പന്നയും സുന്ദരിയും ബുദ്ധിശാലിയുമായ എഡ്വിന, അതുതന്നെയായ, അതിലേറെയുമായ നെഹ്‌റു. എഴുത്തുകാരി നിരീക്ഷിച്ചത് നെഹ്‌റുവെക്കാള്‍ അന്നനുയോജ്യനായ ഒരാള്‍ എഡ്വിനയ്ക്കു അന്നു ലോകത്തുതന്നെ വേറെയാരെന്നാണ്, പോരെങ്കില്‍ ലോകത്തെ അഞ്ചിലൊന്നു ജനതയുടെ ഭാവി നേതാവും. എഡ്വിന വൈസ്രോയി മന്ദിരത്തില്‍ കാലുകുത്തിയിട്ട് ഏറിയാല്‍ ഒരാഴ്ച. വൈകുന്നേരത്തെ ഒരു സംഗീതവിരുന്നിന്റെ ഏകോപനമെല്ലാം കഴിഞ്ഞു പതിയെ ടെറസിലേക്ക് മാറിനിന്ന പിപ്പിയുടെ കണ്ണുകളുടക്കിയത് അവിശ്വസനീയമായ ഒരു കാഴ്ചയിലേക്ക്.

സ്റ്റേജിനു മുന്‍പില്‍ മധ്യഭാഗത്തായി ഇരുന്ന് ഒരു ഇന്ത്യന്‍ നൃത്തരംഗം ആസ്വദിക്കുകയാണ് എഡ്വിനയും നെഹ്‌റുവും. ഒരു സോഫയില്‍ എഡ്വിന, താഴെയായി നെഹ്‌റു കാലുകള്‍ പിണച്ചിട്ടിരിക്കുന്നു. അത്രമേല്‍ തൊട്ടുരുമ്മിയുള്ള ഇരിപ്പും ചിരപരിചിതരെന്നോണമുള്ള ഭാവവും ശ്രദ്ധിക്കുന്നതാവട്ടെ, ചുറ്റിലുമുള്ള നൂറുകണക്കിന് ആളുകളാണ്. അതൊന്നും അവരെ ബാധിക്കുന്നേയില്ല.

ഒരാഴ്ചത്തെ പരിചയം തികച്ചുമില്ലായിരുന്നു അവര്‍ക്കിടയില്‍. ഇത്ര ചെറിയ സമയത്തിനുള്ളില്‍ രണ്ടുപേര്‍ക്കിടയില്‍ അത്രയും ഗാഢമായൊരു ബന്ധം എങ്ങനെ സാധ്യമാവുന്നു എന്നതായിരുന്നു പിപ്പിയുടെ ചിന്തകളില്‍. ആ ചോദ്യത്തിനുത്തരമാവുന്നത് പിപ്പി ആദ്യമായി നെഹ്‌റുവെ സന്ദര്‍ശിച്ചപ്പോഴാണ്. അദ്ദേഹത്തിന്റെ തുറന്ന മനസ്സും ചിരപരിചിതരെന്നപോലുള്ള സ്വീകരണവും ഉഷ്മളമായ അഭിവാദനവും ഔപചാരികതകളില്ലാത്ത ഇടപെടലുകളും ഒക്കെ കാണുമ്പോഴാണ്. ഒരു വര്‍ഷം മുന്നേ മൗണ്ട് ബാറ്റണും എഡ്വിനയും സിങ്കപ്പൂരില്‍ അദ്ദേഹത്തെ സ്വീകരിച്ചതും അന്ന് ആരാധകരുടെ തിരതള്ളലില്‍നിന്നും എഡ്വിനയെ വലിച്ചെടുത്തു രക്ഷപ്പെടുത്തിയതു ഡിക്കിയും താനും ചേര്‍ന്നായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയത് താന്‍ ആദ്യമായി കണ്ട പിപ്പിയോടായിരുന്നു, എഡ്വിനയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ സെക്രട്ടറിയോട്. ആ കഥയാവട്ടെ എഡ്വിന പിപ്പിയോടു പറഞ്ഞതുമായിരുന്നില്ല. അതാണ് നെഹ്‌റു എന്ന തുറന്ന മനസ്സിന്റെ ഉടമ.

മറ്റൊരവസരത്തില്‍നിന്നും... പിപ്പിയുടെ വാക്കുകളില്‍...

''ഞാന്‍ ഒന്നു പുകവലിച്ചോട്ടെ'' -ജവഹര്‍ ചോദിച്ചു.

പലതവണ അദ്ദേഹം അവിടെ ഇരുന്നു പുകവലിച്ചതാണ്, അതിനു തടസ്സമൊന്നുമില്ലെന്നു അദ്ദേഹത്തിനു അറിയുന്നതുകൂടിയാണ്. പക്ഷേ, ആ വലിയ മനുഷ്യന്റെ കൊടിയടയാളമാണ് എന്നിട്ടും അനുമതി തേടുന്ന മനസ്സ്.  

കോഫി ടേബിളിലെ ഡ്രോയറില്‍നിന്നു ഞാനൊരു തീപ്പെട്ടി തപ്പിയെടുത്തു, അതില്‍ നിന്നൊരു കൊള്ളിയെടുത്തു ഉരച്ചു കത്തിച്ചു.  അദ്ദേഹം ഉടനെ മുന്നോട്ട് ചാഞ്ഞ്, ആ തീനാളത്തെ തന്റെ കൈക്കുമ്പിളിലൊതുക്കി ചുണ്ടിലെ സിഗരറ്റിലേക്കു പകര്‍ത്തി. ആ ചുടുനിശ്വാസം എന്റെ കൈകളിലും മുഖത്തുമായി എനിക്ക് അനുഭവപ്പെട്ടു. അദ്ദേഹം തിരിച്ചുപോയി സോഫയില്‍ കാലുകള്‍ പിണച്ചിട്ടിരുന്നു.
 
ഓരോ നിശ്വാസത്തിലും ഉയര്‍ന്നു വായുവില്‍ നൃത്തമാടുന്ന പുകച്ചുരുളുകളില്‍ തന്റെ കൃശഗാത്രയായ സുന്ദരി എഡ്വിനയുടെ രൂപത്തെ അദ്ദേഹം ആവാഹിക്കുന്നതുപോലെ തോന്നി. ''എനിക്കു തോന്നുന്നത്... (അദ്ദേഹത്തിന്റെ ശബ്ദം അത്രമേല്‍ നേര്‍ത്തുവന്നു, ഏതോ വിദൂരതയില്‍നിന്നും വാക്കുകള്‍ ശാന്തമായി ഒഴുകിയെത്തുന്നതു പോലെ) അവള്‍ എന്റെ ആശ്വാസമായിരുന്നു, ഞാന്‍ അവളുടേയും. അവള്‍ക്കെഴുതുന്നത്, അവള്‍ക്കൊപ്പം ഉണ്ടാവുന്നത്, ഒക്കെയും സ്വപ്നതുല്യമായ അനുഭവങ്ങളായിരുന്നു, ഒരു പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം തീരെ അനുചിതമായത്.''

ലോർഡ് ലൂയീസ് മൗണ്ട് ബാറ്റണും എഡ്വിന ആഷ്ലിയും വിവാഹ ​ദിവസം. 1922ൽ പകർത്തിയത്
ലോർഡ് ലൂയീസ് മൗണ്ട് ബാറ്റണും എഡ്വിന ആഷ്ലിയും വിവാഹ ​ദിവസം. 1922ൽ പകർത്തിയത്

ശാന്തമായി നിശ്വസിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു: ''സത്യമായും പിപ്പി, ആകസ്മികതകള്‍ പ്രധാനമന്ത്രിയാക്കിയ ഒരാളെന്നാണ് ഞാന്‍ സ്വയം കരുതുന്നത്.'' അദ്ദേഹം തന്റെ വിഭ്രാത്മകമായ ചിന്തകളില്‍ എവിടെയോ സ്വയം നഷ്ടപ്പെടുകയായിരുന്നു, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ നിമിഷം ഞാനുമവിടെ ഒരു ആകസ്മികത മാത്രമായിരിക്കാം എന്നെനിക്കു മനസ്സിലായി.

''ഞാന്‍ അവള്‍ക്ക് കവിതകള്‍ അയക്കുമായിരുന്നു - യേറ്റ്സ്, സ്വിന്‍ബേണ്‍, യൂറിപ്പിഡിസ്, ഓഡന്‍, ബ്ലെയ്ക്ക്, സോളമന്റെ ഗീതങ്ങള്‍, പിന്നെ എന്റെ തന്നെ വിരൂപമായ വരികളും. ഐതിഹ്യങ്ങളുടേയും ഇതിഹാസങ്ങളുടേയും ലോകത്തു സ്വയം നഷ്ടപ്പെടുത്തുന്നവനാണ് ഞാന്‍. അജന്തയിലെ ബുദ്ധ ഗുഹകളെക്കുറിച്ചും ലജ്ജയുടെ ലാഞ്ഛനയോ മറച്ചുപിടിക്കുന്ന ശീലങ്ങളോ ഇല്ലാത്ത ഒറീസയിലെ സൂര്യക്ഷേത്രത്തെക്കുറിച്ചും ഞാന്‍ എഴുതിയിരുന്നു. ഓ! പിപ്പി, അജന്തയിലെ ചുവരുകളിലെ ബോധിസത്വരുടെ മുഖം നീയൊന്നു കാണണം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും ഇന്നും മാറ്റമില്ലാത്തതും ജീവസ്സുറ്റതാണ്. താഴെ നില്‍ക്കുന്ന എന്നെ നോക്കുന്ന അവ ഓരോന്നും അമൂല്യമായ നിധികളാണ്. സ്ത്രീകളെ എന്തു മനോഹരമായും ആകര്‍ഷകമായുമാണ് നമ്മള്‍ വരച്ചിട്ടിട്ടുള്ളത്, എന്നാല്‍, നാം കാണുന്ന ജീവിതത്തിലെ അശ്ലീലതയും തരംതാണ ജീവിതങ്ങളുമാണ് എന്നെ വേദനിപ്പിക്കുന്നത്.'' അദ്ദേഹം ഒരു നെടുവീര്‍പ്പോടെ വിരലുകളിലെ സിഗരറ്റിന്റെ അറ്റത്തെ ചാരം ചെറുതായി കൊട്ടി.

ലോകത്തെ മുഴുവന്‍ സദാചാരികളും ഒളിഞ്ഞുനോക്കിയ, ഇന്നും പലരും ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന എഡ്വിന-ജവഹര്‍ ബന്ധത്തെപ്പറ്റി ഏറെ പറയുന്നുണ്ട് എഴുത്തുകാരി. ഏറെയും നമുക്കറിവുള്ളതുമാണ്, അവരൊപ്പമുള്ള ചിത്രങ്ങള്‍ പലതും ആ ബന്ധത്തിന്റെ വൈകാരിക പരിസരം വ്യക്തമാക്കുന്നതുമാണ്. ഇനി വരികള്‍ക്കിടയില്‍ വായിക്കേണ്ട പലരും വിട്ടുപോവാറുള്ള ഒരു യാഥാര്‍ത്ഥ്യം ഒന്നോര്‍മ്മിപ്പിക്കട്ടെ. ഇടപെടലുകളിലെ തുറന്ന മനസ്സിനും ഉന്നതമായ ബൗദ്ധിക നിലവാരത്തിലും അര്‍പ്പണബോധത്തിലും കാഴ്ചപ്പാടുകളിലും വൈജാത്യങ്ങളിലേറെ സാമ്യമുള്ളവരാകുന്നു എഡ്വിനയും നെഹ്‌റുവും. ശാരീരിക വ്യാപാരമല്ല, ബൗദ്ധിക വ്യാപാരമാണ് വ്യക്തികളെ അടുപ്പിക്കുക.

എഡ്വിന ഡല്‍ഹിയില്‍ എത്തുന്നത് 1947-ല്‍, അന്നവര്‍ക്കു പ്രായം 47. ഇന്നത്തെ കാലത്തു തന്നെ മധ്യവയസ്സ് എന്നു പറയുന്ന പ്രായമാണത്. 1936-ല്‍ കമലയുടെ വിയോഗത്തെ തുടര്‍ന്നു ഏകനായി ജീവിക്കുകയും സദാ പൊതുരംഗത്തു കര്‍മ്മനിരതനായിരിക്കുകയും ചെയ്‌തൊരു പ്രതിഭയാണ് നെഹ്‌റു. നെഹ്‌റു എഡ്വിനയെ കാണുന്നതു 1947-ല്‍. അന്ന് നെഹ്‌റുവിന്റെ പ്രായം 58. ഇന്ത്യയിലെ ശരാശരി ആയുസ്സ് 40 തികയുന്നില്ല. ഈ ഭൗതികസാഹചര്യ പശ്ചാത്തലത്തില്‍ ജീവിതസായാഹ്നത്തിലേക്കു നീങ്ങുന്ന, ജീവിതമത്രയും പൊതുരംഗത്തു നിറഞ്ഞുനിന്ന ഒരു വ്യക്തിയെ ഒളിഞ്ഞുനോക്കി വരുന്ന ചിത്രങ്ങള്‍ പലരുടേയും ഭാവനകളെ തൃപ്തിപ്പെടുത്തുന്നതാവാം, നീതിയുക്തമാവണമെന്നില്ല, യുക്തിപൂര്‍വ്വവും.

വികെ കൃഷ്ണ മേനോൻ
വികെ കൃഷ്ണ മേനോൻ

ഗാന്ധിജി ആദ്യമായി വൈസ്രോയിയെ കാണാനെത്തിയതിനുശേഷം സെക്രട്ടറിയെന്ന നിലയില്‍ ഡിക്കിയില്‍നിന്നും അതേപ്പറ്റി പിപ്പി തന്റെ ബ്രദര്‍ ഇന്‍ ലോയുടെ ഭാര്യ മാര്‍ഗരറ്റിനെഴുതുന്ന ഒരു കത്തില്‍ എനിക്കു വൈസ്രോയിയുടെ ചായ വേണ്ട, ഞാന്‍ കൊണ്ടുവന്ന ആട്ടിന്‍ തൈരു സാദം കഴിച്ചോളാം എന്നു പറഞ്ഞ ഗാന്ധിയുണ്ട്. ഈ കത്തു നിന്നെത്തേടി എത്തുന്നതിനു മുന്നേ മിക്കവാറും മിസ്റ്റര്‍ ഗാന്ധി എഡ്വിനയുടെ തോളില്‍ കയ്യിട്ടുള്ള പടം നീ കണ്ടേക്കാം. അതേപ്പറ്റിയുള്ള ബഹളവും അപവാദങ്ങളും ഏതാണ്ടെനിക്കു ഊഹിക്കാവുന്നതേയുള്ളൂ - തന്റെ തവിട്ടു കൈ എഡ്വിനയുടെ വെള്ള ചുമലില്‍ വെയ്ക്കാന്‍ ആ ഫക്കീറിനെങ്ങനെ ധൈര്യം വന്നു എന്ന ചോദ്യമുയരുന്നതും ഞാന്‍ കാണുന്നു. ഇവിടെ ഡല്‍ഹിയില്‍ത്തന്നെ അതു കേട്ടെന്റെ ചോര തിളക്കുകയാണ്. വൈസറിന്റെ തോളില്‍ കയ്യിട്ടുള്ള ഗാന്ധി ചിത്രം ഊക്കോടെ ചെന്നുപതിച്ചത് ചര്‍ച്ചിലിനെപ്പോലുള്ള ഇന്ത്യാവിരുദ്ധരുടെ മുഖമടക്കിയാവണം. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ സൗന്ദര്യം കാണാതെ പോവരുത്.

മറ്റുള്ളവര്‍ നമ്മളെക്കുറിച്ചു എന്താണ് വിചാരിക്കുക എന്നതിലേറെ പ്രധാനം സത്യത്തില്‍ നമ്മളെന്താണ് എന്നതിലാണ്. അങ്ങനെ ജീവിച്ച രണ്ടു സ്വതന്ത്ര വ്യക്തികള്‍ ആയിരുന്നു നെഹ്‌റുവും എഡ്വിനയും. സദാചാരികളുടെ പ്രോട്ടോക്കോളുകളെ മാനിക്കാത്ത പ്രണയികള്‍, കാലത്തിനു മുന്നേ നടന്ന, ആരെയും നിരായുധരാക്കുന്ന അനൗപചാരികതയുടെ പടച്ചട്ടയണിഞ്ഞ പ്രതിഭകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com