തിരുവില്വാമലയിലേക്കു തിരിയുന്ന വഴി

വാക്കുകളുടേയും വിവരണങ്ങളുടേയും കാര്യത്തില്‍ ലക്കില്ലാതെ പറഞ്ഞ പ്രതിഭയുടെ ധാരാളിത്തം മാത്രമല്ല വി.കെ.എന്‍ 
തിരുവില്വാമലയിലേക്കു തിരിയുന്ന വഴി

ക്കാദമിക ചിട്ടവട്ടങ്ങളുടെ വലയത്തിലൂടെ നോക്കിയാല്‍ പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് ജീവചരിത്രശാഖ ഗൗരവമുള്ള സാഹിത്യഗണമായി തീരുന്നത്. വൈതാളിക സാഹിത്യവും സ്തുതിഗീതങ്ങളും വീരാപദാനങ്ങളും അതിനു മുന്‍പേയുണ്ട്. പ്രത്യേക വ്യക്തികളുടെ ജീവിതത്തിന്റെ ചരിത്രമെന്നും (ഡ്രൈഡന്‍) കഥാപുരുഷന്റെ ബാഹ്യപ്രവര്‍ത്തനങ്ങളും ആന്തരികപ്രവണതകളും കലാസുഭഗമായി  ആവിഷ്‌കരിക്കുന്ന ഒരു ജീവിതപുനഃസൃഷ്ടിയെന്നും (കെ.എം. ജോര്‍ജ്) സംഭവങ്ങളെയും വസ്തുതകളെയും  അടുക്കോടെ കാലക്രമം അനുസരിച്ച് വസ്തുനിഷ്ഠമായി പ്രതിപാദിക്കുകയാണെന്നും (ജി. കുമാരപിള്ള) അതിനു നിര്‍വചനങ്ങളുണ്ടായി. ശ്രദ്ധിച്ചാല്‍ ആഖ്യാനരീതിയെ 'ചരിത്ര'വുമായി ബന്ധിപ്പിക്കാനുള്ള നിര്‍ബന്ധത്തിനു പിന്നില്‍ വ്യക്തിയെ വസ്തുതകളായി അരിച്ചെടുക്കാനുള്ള വ്യഗ്രതയുണ്ട്. ഏതു നിലയ്ക്കായാലും എഴുത്ത്, ആത്മനിഷ്ഠമായ ഘടകങ്ങളെക്കൂടി മഷിക്കൂട്ടില്‍ ചാലിക്കുന്ന പ്രക്രിയയായതുകൊണ്ട് ആരാധനയോ ബഹുമാനമോ അത്യുക്തിയോ മറ്റൊരുതരത്തില്‍ വെറുപ്പോ നിന്ദയോ ന്യൂനോക്തിയോ കലര്‍ന്നു രചന കലുഷിതമാകാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലൊന്നാണെന്നു കാണാം, ഈ വസ്തുനിഷ്ഠതാശാഠ്യം. പണ്ഡിതോചിതമായ ഒരുതരം ശുദ്ധതാവാദം. 

ഒരാള്‍ മറ്റൊരാളിന്റെ ചരിത്രമെഴുതുമ്പോള്‍ അതില്‍ അയാള്‍ മാത്രമല്ല ഉള്ളതെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് കേസരി ബാലകൃഷ്ണപിള്ളയായിരുന്നു. ഒരു വ്യക്തി ഏതു നിലയ്ക്കായാലും  മറ്റുള്ളവരുടെ സൃഷ്ടിയാണ്. ചുറ്റുപാടുകളോട് സംവദിച്ചുകൊണ്ടും ചുറ്റുപാടുകള്‍ അയാളോട് പ്രതികരിച്ചുകൊണ്ടും ഉണ്ടായി വരുന്നതാണ് വ്യക്തിത്വം. അപ്പോള്‍ വസ്തുനിഷ്ഠത, നിര്‍മമത തുടങ്ങിയ സവിശേഷ ഗുണങ്ങള്‍ രചനയുടെ ശുദ്ധാവസ്ഥയെ എത്രത്തോളം സഹായിക്കും? ജീവനോടെയിരിക്കുമ്പോഴും സ്മാരകങ്ങള്‍ക്കപ്പുറവും ഒരാള്‍ എന്തായിരുന്നു എന്ന് ഔത്സുക്യത്തോടെ തപ്പി നടക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്, തങ്ങളുടെ പൊതുവായ ജീവിതത്തിനും അയാളുടെ പ്രത്യേക ജീവിതത്തിനും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാണാനുള്ള വ്യഗ്രതയാകുന്നു. ജീവിത വിജയങ്ങളെ, അവ ഏതു നിലയ്ക്ക് നേടിയെടുത്തതായാലും ശരി, മഹത്വാകാംക്ഷകളായി കാണുക എന്നതാണ് നമ്മുടെ പതിവ്. അങ്ങനെയല്ലാതെ പറ്റില്ല. ജീവിതത്തില്‍ വിജയിച്ചവരുടെ വീരഗാഥകള്‍ പഠിച്ചു വേണം സന്തതികള്‍ നല്ലവരായി പുലരാന്‍ എന്ന നിഷ്‌കര്‍ഷയോടെ എഴുതി ചേര്‍ത്ത മഹദ്ചരിതങ്ങള്‍ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. ദശാബ്ദങ്ങളോളം അതെല്ലാം വിളക്കുവച്ചു പഠിച്ചിട്ടും നമ്മള്‍ ഒന്നടങ്കം ആദര്‍ശാത്മകമായ സമൂഹമായി വളര്‍ന്നില്ലെന്നത് വേറെ കാര്യം. 

നോവല്‍ പോലെ ജീവചരിത്രം 

ജീവചരിത്രരചനയുടെ പരമ്പരാഗത ഇംഗിതങ്ങളെ പ്രശ്നാത്മകമാക്കുന്ന രചനയാണ് കെ. രഘുനാഥന്റെ 'മുക്തകണ്ഠം വി.കെ.എന്‍.' മൂന്നു ബിന്ദുക്കള്‍ അതില്‍ സന്ധിക്കുന്നുണ്ട്. അതികായത്വവും വികടത്വവും വ്യുല്പത്തിയും സ്വകാര്യദുഃഖങ്ങളും പാകപ്പെടുത്തിയ വി.കെ.എന്റെ സാഹിതീയ വ്യക്തിത്വം, ജനിതക പാരമ്പര്യത്തെ വെറുക്കുകയും ജ്യോതിഷം പഠിച്ച് ദേവസ്വം കാര്യസ്ഥനായി ജോലി നോക്കി പിന്നെ കോയമ്പത്തൂര്‍ വഴി ഡല്‍ഹിവരെ പോയി തിരിച്ചു വന്ന് തിരുവില്വാമലയിലെ വീട്ടിലൊതുങ്ങിക്കൂടിയ ഒറ്റയാന്‍ വ്യക്തിത്വം, ഈ രണ്ടു ജീവിതങ്ങള്‍ക്കിടയിലെ സാമാന്യമല്ലാത്ത പിളര്‍പ്പിനെ  സാഹിതീയമായ കൗതുകംകൊണ്ട് നോക്കിക്കാണുന്ന നോവലിസ്റ്റായ കെ. രഘുനാഥന്റെ വ്യക്തിത്വം. 'മുക്തകണ്ഠം വി.കെ.എന്നി'ന്റെ രചയിതാവായ കെ. രഘുനാഥന്‍ പുസ്തകത്തിലെ ആദ്യാവസാനക്കാരനാണ്. അരങ്ങിലും അണിയറയിലും അദ്ദേഹമുണ്ട്. സൂത്രധാരന്റെ വേഷത്തില്‍ വേണ്ടിടത്ത് ഇടപെടുന്നുമുണ്ട്. ഇരട്ടവര ജീവിതങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്ന ചാലകത്വമാണ് ഭാവനായാഥാര്‍ത്ഥ്യങ്ങളുടേത്.  അതുകൊണ്ടാവാം താന്‍കൂടി പങ്കാളിയായ ഒരു ജീവിതരേഖയെ എഴുത്തുകാരന്‍ ചരിത്രമെന്ന വസ്തുനിഷ്ഠവ്യവഹാരത്തിന്റെ ഗണത്തില്‍നിന്ന് മാറ്റി പകരം  നോവലുകള്‍ക്കുള്ള ആദ്യകാല വിളിപ്പേരായ 'ആഖ്യായിക'യില്‍ ചേര്‍ത്തുവച്ചത്. എഴുത്തുകാരന്‍ മുഖവുരയില്‍ ആവര്‍ത്തിക്കുന്ന കാര്യം 'മുക്തകണ്ഠം വി.കെ.എന്‍' ഭാവനാത്മക ജീവചരിത്രവിഭാഗത്തില്‍പ്പെടുന്ന രചനയാണെന്നാണ്. വ്ലാദിമിര്‍ നബകോവിന്റെ 'സെബാസ്റ്റ്യന്‍ നൈറ്റിന്റെ യഥാര്‍ത്ഥ ജീവിതം', തോമസ് മാന്‍ എഴുതിയ 'ഡോക്ടര്‍ ഫൗസ്റ്റ്' തുടങ്ങിയവ പ്രസിദ്ധങ്ങളായ 'കല്പിതജീവചരിത്ര'ങ്ങളാണ് (fictional biography). ഇര്‍വിങ് സ്റ്റോണ്‍ എഴുതിയ വാന്‍ഗോഗിന്റെ ജീവിതകഥ 'ജീവിതാസക്തി'യും (Lust for Life) രഞ്ജിത്ത് ദേശായിയുടെ രാജാരവിവര്‍മ്മയും ജീവചരിത്രനോവലെന്ന ഗണത്തിലാണ് വരിക. ദുരൂഹമായ വിടവുകളെ ഭാവനയുപയോഗിച്ച് അടയ്ക്കാനുള്ള സാഹസികതയെ ജീവചരിത്രനോവലുകളും ജീവചരിത്രത്തിന്റെ ആഖ്യാന സമ്പ്രദായമുപയോഗിച്ച് ഭാവനാസൃഷ്ടിയെ വിശ്വസനീയമാക്കാനുള്ള സാഹിതീയപ്രയത്‌നമാണ് കല്പിതജീവചരിത്രങ്ങളും പരിപാലിക്കുന്നത്. എന്നാല്‍ ഇവിടെയുള്ളത് വടക്കേ കൂട്ടാല നാരായണന്‍ നായരെന്ന പേരില്‍ നമുക്കിടയില്‍ ജീവിച്ചു കടന്നുപോയ ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അസാധാരണമായ ജീവിതമാണ്. കഥകളിലുള്ള അത്രപോലും അതിവാസ്തവികത ആ ജീവിതാഖ്യാനത്തിലില്ല.  അത് അത്രയ്ക്കു പച്ചയാണ്.  

ജീവചരിത്രത്തെ നോവലിനോട് അടുപ്പിച്ചു നിര്‍ത്താനുള്ള രഘുനാഥന്റെ ശ്രമം ഒരര്‍ത്ഥത്തില്‍ പുസ്തകത്തിന്റെ വേറിട്ട ആഖ്യാനരീതിയിലേക്ക് നേരിട്ട് കയറിവരാനായുള്ള  ക്ഷണപത്രം കൂടിയാകുന്നു.  നോവലുപോലെ വായിച്ചു പോകാവുന്ന ഒരു പുസ്തകം എന്നത് ഒരു വെറും വാക്കല്ല.  വി.കെ.എന്‍ എന്ന മാനസികാവസ്ഥയാണ് അതിന്റെ വൈകാരികാന്തരീക്ഷത്തെ സൃഷ്ടിക്കുന്നത്. വി.കെ.എന്നിന്റെ രചനാവ്യക്തിത്വം നോവലിനു മാത്രം ആവിഷ്‌കരിക്കാന്‍ സാധ്യമായ വിധത്തില്‍ അവ്യവസ്ഥാരൂപിയാണെന്ന അര്‍ത്ഥം കൂടിയാണ് സംഗതിവശാല്‍ അതിനുള്ളില്‍ സ്ഥിതി ചെയ്യുന്നത്. 

വ്യാസന്‍ മാത്രമല്ല സ്വയം കഥാപാത്രമായി സ്വന്തം കൃതിയില്‍ അവതരിപ്പിക്കുന്നത്. വടക്കേ കൂട്ടാല നാരായണന്‍ നായരും  വി.കെ.എന്നിന്റെ കഥാപാത്രമാണ്. ആത്മാംശങ്ങള്‍ കലരുന്ന കഥാപാത്രങ്ങളെപ്പോലെയല്ല ഇത്. യുദ്ധത്തിനായി രാമേശ്വരമെന്നു വിചാരിച്ച് വഴി തെറ്റി പാലക്കാടെത്തിയ അലാവുദീന്‍ ഖില്‍ജി 'വി.കെ.എന്‍' എന്ന പേരുകേട്ട് പേടിച്ചോടി മരിച്ചുപോകുന്നു, ചിത്രകേരളം എന്ന കഥയില്‍. എം. കൃഷ്ണന്‍നായരെയും ഒ.വി. വിജയനെയും മറ്റും നേരിട്ടും പിന്നെ കുറച്ചുപേരെ പേരുവയ്ക്കാതെയും അദ്ദേഹം കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസിക്ക് ഇനി ഇംഗ്ലീഷ് പരിഭാഷയുടെ ആവശ്യം ഇല്ലെന്നും അതിന്റെ ഇംഗ്ലീഷിലുള്ള മൂലം താന്‍ കണ്ടുപിടിച്ചെന്നും വി.കെ.എന്‍ അവകാശപ്പെടുന്ന സന്ദര്‍ഭം ഉണ്ട്  (സെന്‍ട്രല്‍ ഹോട്ടല്‍ അഴീക്കോട്, മാക്സ് മുള്ളര്‍). എഴുത്തുകാര്‍ മാത്രമല്ല, നെഹ്റുവും ശങ്കറുമൊക്കെ കഥാപാത്രങ്ങളാണ് ആ ലോകത്തില്‍. വിശാലമായ അര്‍ത്ഥത്തില്‍ വി.കെ.എന്നും ഫിക്ഷനെന്ന പേരില്‍ ജീവിതാഖ്യായികകള്‍ ചമയ്ക്കുകയായിരുന്നില്ലേ? ഓരോതരം മാനസികാവസ്ഥകളുടെ മൂര്‍ത്തരൂപങ്ങളാണല്ലോ കഥാപാത്രങ്ങളെല്ലാം.   

ചില സ്ഥലങ്ങളില്‍ രഘുനാഥന്റെ എഴുത്തുകള്‍ തുറന്നെഴുത്തുകളാണ്.  മുഖവുരയില്‍ വി.കെ.എന്നുമായി ബന്ധമുണ്ടായിരുന്ന എന്നാല്‍ പുസ്തകരചനാസംരംഭത്തോട് സഹകരിക്കാന്‍ താല്പര്യം കാണിക്കാത്ത ഒരു പ്രസാധകന്റെയും എഴുത്തുകാരുടെയും പേരുകള്‍ മറച്ചുവച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ (അവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും) പുസ്തകത്തില്‍ 'പ്രമുഖനെന്നോ മിസിസ് എക്സ്' എന്നോ ഉള്ള സര്‍വനാമങ്ങളോ ചൂണ്ടെഴുത്തുകളോ ഇല്ല. 'ചിരിയുടെ ചുറ്റികപ്രയോഗവും അതീതമാനങ്ങള്‍ കൈയടക്കുന്നതുമായ' വി.കെ.എന്‍ ഭാഷ    പോകെപോകെ ആഖ്യാനഭാഷയാകുന്ന വിസ്മയവും പുസ്തകത്തില്‍ അനുഭവിച്ചറിയാം.   (ചേനകൊണ്ട് സ്വഭാവദൂഷ്യമില്ലാത്ത മൊളൂഷ്യം, കോഴി ആടാദികളില്ലാതെ കോഴിമുട്ട,  മീന്‍, ബീഫ് എന്നിവ വി.കെ.എന്‍ സാഹിത്യത്തില്‍ അപൂര്‍വ്വമാണ്, ഗാലിയാവുന്ന ഗുഫികള്‍...) അദ്ധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍ത്തന്നെയുണ്ട് വി.കെ.എന്‍ കൃതികള്‍ നിരന്തരം വായിച്ചതിന്റെ സ്പര്‍ശം. അദ്ദേഹത്തിന്റെ ഏകാകിതയെ രഘുനാഥന്‍ ''ആദിമധ്യാന്തങ്ങളില്ലാത്ത ഒറ്റപ്പെടല്‍ എന്നാണ് വിളിക്കുന്നത്.  തിരുവില്വാമലയിലേക്കുള്ള തിരിച്ചുവരവിനെ, 'പുറപ്പെടാത്തിടത്തേയ്ക്കുള്ള മടക്കം' എന്നും.  ജീവചരിത്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത അതിര്‍ത്തി രേഖകള്‍ മായ്ച്ചുകളയുന്ന ഘടകങ്ങള്‍ എന്ന നിലയ്ക്കല്ല,  ആഖ്യാനത്തിന്റെ ഗതിവേഗത്തില്‍ വിഷയവും വിഷയിയും ഒന്നിച്ചു ലയിച്ചു ചേരുന്ന കല്പനായാഥാര്‍ത്ഥ്യം എന്ന നിലയ്ക്കാണ് ഇതെടുത്തെഴുതിയത്.''   

ഒരു അവധി ദിവസം (2004 ജനുവരി 25, ഞായറാഴ്ച,) വി.കെ.എന്‍ മരിച്ചു. മരണം അന്വേഷിച്ചെത്തുന്ന ആരെയും ബുദ്ധിമുട്ടിക്കാതെ. റിപ്പബ്ലിക് ദിവസമായതിനാല്‍ പിറ്റേന്നും അവധി. അവിടെനിന്നാണ് തിരിച്ചിട്ട ക്രമത്തില്‍ 'മുക്തകണ്ഠം വി.കെ.എന്‍' എന്ന ജീവിതാഖ്യായിക ആരംഭിക്കുന്നത്. അതിന് 9 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1995-ല്‍) പത്രമാപ്പീസിലേക്ക് ആരോ വിളിച്ചു പറഞ്ഞ വി.കെ.എന്നിന്റെ ആകസ്മിക മരണത്തെപ്പറ്റിയുള്ള വ്യാജവാര്‍ത്തയെപ്പറ്റി പറഞ്ഞുകൊണ്ടാണ് 89 അദ്ധ്യായങ്ങളുള്ള ജീവിതകഥ രഘുനാഥന്‍ അവസാനിപ്പിക്കുന്നത്. ഒപ്പം നമ്പൂതിരിയുടെ ഹൃദയഹാരിയായ അവതാരികയും വിശദമായ ആമുഖക്കുറിപ്പും, അനുബന്ധ ചിത്രങ്ങളും. അവയ്ക്കിടയില്‍ എഴുത്തുകാരന്‍ അവതരിപ്പിക്കുന്ന ജീവിതം, 'എന്തും കിട്ടുന്ന സൂപ്പര്‍മാര്‍ക്കറ്റാ'ണെന്ന് വി.കെ.എന്‍ സാഹിത്യത്തെപ്പറ്റി പറയുന്നതുപോലെ ബഹുതലസ്പര്‍ശിയാണ്. അതിനുള്ളില്‍ ആ കൃതികളെപ്പറ്റിയുള്ള അവലോകനങ്ങളും, വിമര്‍ശനങ്ങളുടെ വിമര്‍ശനങ്ങളും, വി.കെ.എന്‍ എന്ന വ്യക്തിയുടെ സഞ്ചാരവും ബന്ധങ്ങളും മദ്യപാനവും സ്വകാര്യദുഃഖങ്ങളും, ചില്ലറ ആഹ്ലാദങ്ങളും രോഗവും ചതിയും നഷ്ടവും നൊസ്സും ന്യായീകരണങ്ങളും എല്ലാം കൂടിച്ചേരുന്നു.

വി.കെ.എന്നെപ്പറ്റിയുള്ള വലിയ ആരോപണങ്ങളിലൊന്ന് കൃതികളിലെ ഗര്‍വിഷ്ഠമായ ആണത്തഘോഷങ്ങളാണ്. മറ്റൊന്ന് അത് സവര്‍ണ്ണപുരുഷന്റെ വികാരസാമ്രാജ്യമാണെന്നുള്ളതുമാണ്. ഹിംസാത്മകത്വവും കനമില്ലായ്മയും അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ പ്രത്യേകതകളാണെന്നുള്ള മറ്റു കണ്ടെത്തലുകളുമുണ്ട്.  പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ചേര്‍ന്ന വി.കെ.എന്‍ സാഹിത്യം ആസ്വാദ്യകരമായി തീര്‍ന്നതിന് കേരളീയ സമൂഹത്തിന്റെ ഫ്യൂഡല്‍ മിച്ചങ്ങളിലാണ് നിരൂപകര്‍ കാരണം കണ്ടെത്തിയത്. എന്നാല്‍, രഘുനാഥന്‍ ഹ്യൂമറിസത്തെയും ഹ്യൂമനിസത്തെയും ചേര്‍ത്തുവച്ച് ഈ വിമര്‍ശനങ്ങളെ ഖണ്ഡിക്കുന്നു. പരിഹാസത്തില്‍ ഒരു ഇര എപ്പോഴും സന്നിഹിതമായിരിക്കുമെന്നതിനാല്‍ അതിനു പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മാനവികമായിരിക്കാന്‍ എപ്പോഴും സാധ്യമല്ല. അരിസ്റ്റോട്ടില്‍ എഴുതാതെ പോയ (അതോ എഴുതി നഷ്ടപ്പെട്ടു പോയതോ ആയ) കോമഡിയെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റി പറയുന്ന കൂട്ടത്തില്‍ ഉംബെര്‍ട്ടോ എക്കോ പറയുന്ന ഒരു കാര്യമുണ്ട്. ചിരി മനുഷ്യനു മാത്രമായുള്ള പ്രത്യേകതയാവുന്നത് മരണത്തെപ്പറ്റിയുള്ള ബോധമുള്ളതുകൊണ്ടാണെന്ന്. മരണത്തോടുള്ള  സാരവത്തായ പ്രതികരണമാണ് ചിരി. മരണത്തെപ്പറ്റിയും ദുരന്തത്തെപ്പറ്റിയും ഇച്ഛാഭംഗങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടാണ് വി.കെ.എന്‍ ചിരിച്ചതെന്ന് ഓര്‍ത്താല്‍ അദ്ദേഹത്തിന്റെ മാനവികത വേറെ ആവൃത്തിയിലാണ് സഞ്ചരിച്ചതെന്ന് മനസ്സിലാവും. നമ്മുടെ വിമര്‍ശകരില്‍ ഭൂരിപക്ഷത്തിനും ഇല്ലാതെ പോയ ഗുണമാണ് ചിരി. 

ചിരിക്കുന്ന മുഖാവരണം

സ്ത്രീകളോടും പാര്‍ശ്വവല്‍കൃതരായ മനുഷ്യരോടും 'ഒരു നമ്പൂതിരിപ്പാടകലം' പാലിച്ചിരുന്ന മനുഷ്യനായിരുന്നോ വി.കെ.എന്‍ എന്ന് ചുഴിഞ്ഞാലോചിക്കേണ്ട വകയാണ്. ഗോഡ്മദര്‍ എന്ന അദ്ധ്യായത്തില്‍ 'സാക്ഷാല്‍ വി.കെ.എന്നോട് ഒപ്പത്തിനൊപ്പം നിന്ന നാക്കായി' വല്യമ്മയായ പാറുകുട്ടിയെ ലേഖകന്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് റാക്കുമായി ചങ്ങാത്തം കൂടി തറുതല പറഞ്ഞു നടന്ന നാരായണന്‍ കുട്ടിയെ ഉപദേശിച്ചു നന്നാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് അവരു ചോദിക്കുന്നത്  '-നാരണുട്ട്യേ- നെനക്ക് ശര്‍ദ്ദി തൊടങ്ങീന്ന് കേട്ടൂലോ, ഗര്‍ഭാ? എന്നാണ്.'' ചാര്‍ളി ചാപ്ലിന്‍ കൊച്ചുകുട്ടികളെപോലെ സംസാരിക്കുന്ന  ജിപ്സി സ്വഭാവമുണ്ടായിരുന്ന, അദ്ദേഹത്തിന് ആറ് വയസ്സുണ്ടായിരുന്നപ്പോള്‍ മരിച്ചു പോയ മുത്തശ്ശിയെപ്പറ്റി തന്റെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാപ്ലിന്റെ പ്രസിദ്ധ കഥാപാത്രമായ ഊരുതെണ്ടിയുടെ (Tramp) മൂലകങ്ങള്‍ കുടുംബാലമാരയിലെ അസ്ഥികൂടം പോലെ രഹസ്യമായി സൂക്ഷിച്ചിരുന്ന മുത്തശ്ശിയുടെ ജിപ്സി സ്വഭാവത്തിന്റെ ബോധപൂര്‍വമല്ലാത്ത വിപുലനമാണെന്ന് തിരിച്ചറിയാന്‍ എന്താണ് പ്രയാസം? ചില പാരമ്പര്യവഴക്കങ്ങള്‍  വേറിട്ട തലപ്പൊക്കങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ എന്നതിന് ഉദാഹരണങ്ങള്‍ ഈ ജീവിതരേഖകളിലുണ്ട്. വി.കെ.എന്‍ പ്രതിഭാസത്തെ മൂന്നു വ്യത്യസ്തകാലങ്ങളിലായി രൂപപ്പെടുത്തിയ  സ്ത്രീ സ്വത്വങ്ങളില്‍ ആദ്യത്തേതാണ് പാറുക്കുട്ടിയമ്മ, രണ്ടാമത്തേയാള്‍ വി.കെ.എന്നെ വിശ്വസാഹിത്യത്തിലേക്ക് വഴിതിരിച്ചു വിട്ട ഗോമതീമണിയാണ്. കോയമ്പത്തൂരില്‍വച്ച് കൂട്ടുകാരിയായ അവര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു.  ഡല്‍ഹിവാസത്തിനിടയില്‍ പരിചയപ്പെട്ട രാഷ്ട്രീയ വൃത്തങ്ങളില്‍ സ്വാധീനശേഷിയുണ്ടായിരുന്ന കവയിത്രി ഷൈലാ ഗുജ്റാളാണ് അടുത്തയാള്‍. 

എഴുത്തുകാരും അല്ലാത്തവരുമായ ആണുങ്ങളോടുണ്ടായിരുന്ന കേവല ചങ്ങാത്തമല്ല ഇവരുമായുണ്ടായിരുന്നതെന്നു വ്യക്തം. മാര്‍ഗദര്‍ശികളോ (മെന്റേഴ്സ്) കൈത്താങ്ങുകാരോ (സ്‌കഫോള്‍ഡേഴ്സ്) ഒക്കെയാണിവര്‍. പയ്യന്‍സ്, ചാത്തന്‍സ്, കുഞ്ഞന്‍ മേനോന്‍, രാമന്‍ നമ്പൂതിരി തുടങ്ങിയ അതിനായകന്മാരായ ആണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം നര്‍മ്മബോധവും ബുദ്ധിശക്തിയുംകൊണ്ട് ഒപ്പത്തിനൊപ്പം പിടിച്ചുനില്‍ക്കുന്നവരാണ് ലേഡി ഷാറ്റും സുനന്ദയും ചീതക്കുട്ടിയും രേണുവും എല്ലാം. ചന്ദ്രോത്സവ കാലഘട്ടം മനസ്സില്‍കൊണ്ടുനടക്കുന്ന പ്രൗഢസ്ത്രീകളാണധികവും എന്ന് രഘുനാഥന്‍ എടുത്തെഴുതുന്നു. സ്വന്തം പൈതൃകം പ്രേതബാധപോലെ അസ്വാസ്ഥ്യജനകമായിരുന്ന വി.കെ.എന്റെ അബോധമനസ്സ് സാഹിത്യത്തിലേക്ക്  പുരഃക്ഷേപണം ചെയ്ത പിതൃരൂപങ്ങളാണ് അതി(ധി)നായകരായ കഥാപാത്രങ്ങള്‍. പിതാവിനെ കൊന്ന് തന്നെ അതിലും വലുതായി പ്രതിഷ്ഠിക്കലാണത്. എന്നതുപോലെ സ്വന്തം അധികാരപരിധിയില്‍ സ്വയം ഭരണം നടത്തുന്ന മാതൃരൂപങ്ങളാണ് ആ സാമ്രാജ്യത്തിലെ സ്ത്രീപാത്രങ്ങള്‍. എന്നാല്‍ ഡോ. ലീലാവതിയുമായി ഉണ്ടായിരുന്ന (ജോണി ലൂക്കോസുമായുള്ള അഭിമുഖത്തില്‍ അവര്‍ ആ കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്) പ്രശ്നത്തെ വി.കെ.എന്‍ സാധൂകരിക്കുന്ന രീതി അത്ര വിശ്വാസയോഗ്യമോ യുക്തിസഹമോ അല്ല എന്നുകൂടി കൂട്ടിച്ചേര്‍ക്കണം.  

ബഷീറിനെയും സഞ്ജയനെയും കുഞ്ചന്‍നമ്പ്യാരെയുമൊക്കെ വിശകലനം ചെയ്തവര്‍ കണ്ടെടുത്തതുപോലെ പുറത്തെടുക്കാനാവാത്ത തീവ്രവേദനകളാണ് വി.കെ.എന്നിലേയും ചിരിക്കുന്ന മുഖാവരണത്തിനു പിന്നിലെ വാസ്തവം. കണ്ണീര്‍ പുറത്തുവരാതിരിക്കാന്‍ ഒരിക്കല്‍ പയ്യന്‍സ് ചിരിക്കുന്നതുപോലെയാണത്. അവയില്‍ ഏറ്റവും കഠിനമായ സ്വകാര്യ ദുഃഖങ്ങളിലൊന്ന് മകനാണ്. മൂത്തമകന്‍ ബാലചന്ദ്രന്‍ മുപ്പതിയൊന്‍പതാം വയസ്സില്‍ താന്‍ ഈ ലോകത്തിനു പറ്റിയവനല്ലെന്ന് പ്രഖ്യാപിക്കുമ്പോലെ ആത്മഹത്യ ചെയ്തു. പഠിക്കുന്ന സമയത്ത് ഒറ്റപ്പാലം എന്‍.എസ്.എസ്സിലെ ഇലക്ഷന്‍ പ്രചരണത്തിനിടയ്ക്ക് രണ്ട് ആനകളുമായി കോളേജിലെത്തി സസ്പെന്‍ഷന്‍ വാങ്ങിക്കുകയും  ഫ്രെഞ്ച് നേവിക്കപ്പലിലെ ജോലിക്കിടയില്‍ ലോകയാത്ര നടത്തുകയും ഒരിടത്തും ഉറച്ചുനില്‍ക്കാതെ വെറുതേ അലഞ്ഞു തിരിയുകയും ചെയ്ത ബാലചന്ദ്രനില്‍ ഒരു വി.കെ.എന്‍ സാഹചര്യം മുഴുവനായും കുടിയിരിക്കുന്നുണ്ട്. വി.കെ.എന്നും അങ്ങനെ അലഞ്ഞു നടന്നിരുന്ന കഥ വേദവതി പറയുന്നുണ്ട്. മകന്‍ കൈവിട്ടുപോയതുപോലെ 21 കൃതികളുടെ പകര്‍പ്പവകാശം ആജീവനാന്തമായി കൊടുത്ത് കൈയൊഴിഞ്ഞു പോയ കഥയും രഘുനാഥന്‍ വിശദമായി എഴുതിയിട്ടുണ്ട്. (ആ ഇരുപത്തൊന്ന് കൃതികള്‍) വി.കെ.എന്‍ എഴുതിയ  ആ ഏക വില്‍പ്പത്രം മാത്രമാണ് ഊര്‍ജ്ജവും മന്ദഹാസവും പുരളാത്ത ഏക സാഹിത്യസൃഷ്ടി എന്ന് നിവൃത്തികേടിന്റെ ആ തീറെഴുത്തിനെയും രഘുനാഥന്‍ വേദനയോടെ വിലയിരുത്തിയിട്ടുണ്ട്. ആകാശവാണി നടത്തിയ ഒരു അഭിമുഖം ആദ്യപ്രക്ഷേപണത്തിനുമുന്‍പ് കാലദോഷം പോലെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു പോയതിന്റെ വിവരണവും ഇതിനുള്ളില്‍ വായിക്കാം. തന്റെ ശബ്ദം കേള്‍ക്കാനുള്ള കൊതി തീരെ ഇല്ലാതിരിന്നതുകൊണ്ട് അത്തരം നഷ്ടങ്ങളൊന്നും വി.കെ.എന്‍ വകവച്ചിട്ടില്ല. അഭിമുഖകാരനായ രഘുനാഥ് സ്വകാര്യമായി സൂക്ഷിച്ച ടേപ്പിലൂടെ വീണ്ടെടുത്ത ആ അഭിമുഖത്തിന്റെ പൂര്‍ണ്ണമായ രൂപം പുസ്തകത്തില്‍ കാണാം. (തറ്റിനൊക്കുമോ കൗപീനം? എന്ന അദ്ധ്യായം) 

വികെഎന്നും ഭാര്യ വേദവതിയും
വികെഎന്നും ഭാര്യ വേദവതിയും

ഭാഷയുടെ ശില്പഭംഗി

വി.കെ.എന്‍ കൃതികളുടെ വായനാനുഭവത്തെ അവിസ്മരണീയമാക്കുന്നത് അദ്ദേഹത്തിന്റെ ഭാഷയുടെ ശില്പഭംഗികളിലൂടെയുള്ള  യാത്രയാണ്. 'ശൈലിയാണ് മനുഷ്യന്‍' എന്ന നിര്‍വചനം വി.കെ.എന്നെപോലെ അപൂര്‍വം ചിലര്‍ക്കേ യോജിക്കൂ. പഠനപ്രബന്ധത്തിന്റെ ഗൗരവത്തോടെ ആഴത്തിലും എന്നാല്‍ ആര്‍ക്കും മനസ്സിലാവുന്ന രീതിയിലും രഘുനാഥന്‍ ആ ഭാഷാവിശേഷങ്ങളെ വിശദമായി പരിശോധിക്കുന്നു. പരസ്പരം പ്രാസബന്ധമുള്ള അസംബന്ധങ്ങള്‍ ചേര്‍ന്നു വരുമ്പോള്‍ ആശയത്തിന് ഉണ്ടാകുന്ന അതിയാഥാര്‍ത്ഥ്യവും അധികമാനവുമാണ് അതിലൊന്ന്. - ('അശ്വഹൃദയം വശമുണ്ടായിരുന്ന അദ്ദേഹം അശ്വഗന്ധാരിഷ്ടം കഴിച്ച് അശ്വത്തിനു പോകാവുന്നിടത്തെല്ലാം ചുറ്റിയടിച്ചു.') 'പയ്യന്‍സും കള്‍സും ഡ്രൈവനും മോണ്‍സ്റ്ററും, കുളി 'ഫിറ്റു ചെയ്യലും'പോലെ നവമാധ്യമങ്ങളുടെ കാലത്തെ സംസാരശൈലി തുടങ്ങിവച്ചത് വി.കെ.എന്നിന്റെ പേനയാണ്. ''കാതുകൂര്‍പ്പിക്കാന്‍ പിശ്ശാങ്കത്തിയോ മറ്റോ വേണോ?'' എന്നു ചോദിക്കുന്നതും ''പാഞ്ചാലി മടിക്കുത്തില്‍നിന്ന് അല്പം കടുകെടുത്ത് കണ്ണിനെക്കൊണ്ട് വറുത്ത് അഞ്ചു പുരുഷന്മാരുടെയും കരളില്‍ കോരിയിടുന്നതും''  ഭാഷയിലെ പഴഞ്ചന്‍ ശൈലികളെ കായകല്പം കൊടുത്ത് പുതുക്കക്കാരായി മാറ്റുന്ന വിസ്മയമാണ്.  ''വിക്ടര്‍ ഹ്യുഗോ പറഞ്ഞ മാതിരി ഞാനൊരു പാവമാണ്'' എന്നു തീരെ പ്രസക്തമല്ലാത്ത രണ്ടു സാഹിത്യസാഹചര്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മായാജാലവും  smoking or nonsmoking  എന്നതിന് 'മുറുക്കോ സംഭാരമോ' എന്ന മട്ടിലുള്ള സ്വകീയ വിവര്‍ത്തനങ്ങളും അവിടെ കാണാം. ഭൂതഭാവികളെ റദ്ദാക്കിക്കൊണ്ടുള്ള ചരിത്രത്തിന്റെ ചാഞ്ചാട്ടമാണ് മറ്റൊരു അത്ഭുതം. 'ദ്രോണര് അര്‍ജ്ജുനനുകൊടുത്ത ആണവവരമാണ് പിന്നീട് പൊഖറാനില്‍ പരീക്ഷിക്കാനിരിക്കുന്നത്' എന്നാണ് ഒരു പരാമര്‍ശം. അലാവുദീന്‍ ഖില്‍ജി വി.കെ.എന്‍ എന്ന പേരുകേട്ട് ഓടി കണ്ടം മറിഞ്ഞ് അവസാനം ആര്‍ക്കാട് വിമാനം ഇറങ്ങിയപ്പോഴേക്കും ചത്തു പോയ വിവരം മുകളില്‍ എഴുതിയതാണല്ലോ. പത്താം ക്ലാസ്സുകാരന്റെ പുസ്തകശേഖരംപോലും സ്വന്തമായി ഇല്ലാതിരുന്ന വി.കെ.എന്‍ ഓര്‍മ്മയില്‍നിന്ന് എടുത്തെഴുതിയാണ് പൗരാണിക സന്ദര്‍ഭങ്ങളെയും പ്രാചീന ശ്ലോകങ്ങളെയും കഥാഖ്യാനത്തില്‍ വര്‍ത്തമാന സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നത്. ''നാക്കില്‍ കേറി കൂക്കു വിളിക്കുന്ന രുചി, ട്രേയില്‍ ഹാങ് ഓവര്‍ വച്ചു നീട്ടുന്ന പ്രഭാതം, ഇലത്തലപ്പത്ത് വിളമ്പിയ ഉപ്പുമാങ്ങയുടെ വിപ്ലവത്തിന്റെ നിറം,േേ േശേ... എന്ന് പഞ്ചകല്യാണി രാഗത്തില്‍ ദോശക്കല്ലില്‍ പരക്കുന്ന മാവ്'' എന്നിങ്ങനെയുള്ള  വി.കെ.എന്‍ ശൈലികളുടെ അനന്യത്വത്തെ വിശകലനം ചെയ്യാനും ഉദാഹരിക്കാനുമായി 15 അദ്ധ്യായങ്ങള്‍ രഘുനാഥന്‍ നീക്കി വച്ചിട്ടുണ്ട്.  കൃതിയൊട്ടാകെ ചിതറിക്കിടക്കുന്ന ഉദ്ധരണികള്‍ക്കും അല്ലാതെ ഇഴുകിചേരുന്ന വാക്യബന്ധങ്ങള്‍ക്കു പുറമേയാണിത്. 

വാക്കുകളുടെയും വിവരണങ്ങളുടെയും കാര്യത്തില്‍ ലക്കില്ലാതെ പാഞ്ഞ പ്രതിഭയുടെ ധാരാളിത്തം മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ജീവിതത്തില്‍ അവലംബിച്ച മൗനവും നിഷ്‌ക്രിയതയും ചേര്‍ന്നാണ് വി.കെ.എന്‍ എന്ന പ്രഹേളിക പൂര്‍ത്തിയാക്കുന്നത്. കൂസലില്ലായ്മയുടെ ഒരു വശമാണ് പിടികൊടുക്കായ്ക. നിര്‍വ്വചനങ്ങളില്‍നിന്നെപ്പോഴും പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥ. ('മരണത്തിലും വി.കെ.എന്‍ അവര്‍ക്ക് പിടികൊടുത്തില്ലെന്ന്'  ആ കൂസലില്ലായ്മയെ ചൂണ്ടി ആദ്യ അദ്ധ്യായത്തില്‍തന്നെ രഘുനാഥന്‍ എഴുതി) യൂറോപ്യന്‍ സാഹിത്യ അവാര്‍ഡ് കിട്ടിയ അവസരത്തില്‍ ഫ്രെഞ്ച്-റൊമേനിയന്‍ എഴുത്തുകാരന്‍ യൂജിന്‍ അയനസ്‌കോയ്ക്കു സ്വീകരണം നല്‍കാനും ആദരിക്കാനുമായി  നോര്‍മണ്ടിയില്‍ അക്കാദമിക്കുകളും സാഹിത്യപ്രേമികളും ചേര്‍ന്നു ഒരു സമ്മേളനം കൂടിയിരുന്നു. പ്രസംഗത്തിന് എഴുതി തയ്യാറാക്കിയ കുറിപ്പ് കോട്ടിന്റെ പോക്കറ്റിലിട്ട് അദ്ദേഹം മറന്നുപോയി. സമയത്തിനു നോക്കിയപ്പോള്‍ പേപ്പറു കിട്ടാത്തതുകൊണ്ടോ എന്തോ അസംബന്ധങ്ങളുടെ ചക്രവര്‍ത്തിയായ അയനസ്‌കോ സമയമായപ്പോള്‍ മൈക്കിനടുത്തുവന്ന്, ആകാംക്ഷാഭരിതരായിരിക്കുന്ന ആളുകളെ നോക്കി  ''എനിക്കു നിങ്ങളോട് പറയാനുള്ളത്, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല എന്നു മാത്രമാണെന്ന്'' പറഞ്ഞിട്ട് തിരിച്ചു വന്ന് കസേരയിലിരുന്ന് ഉറങ്ങി എന്നൊരു കഥയുണ്ട്. തിരുവില്വാമല ക്ഷേത്രത്തിനടുത്തുള്ള ഹാളില്‍ കൂട്ടുകാര്‍ ചേര്‍ന്ന്  ഒരുക്കിയ സ്വീകരണ യോഗത്തില്‍  വി.കെ.എന്‍ അയനസ്‌കോയുടെ അത്രപോലും പോയില്ല. മൈക്കിനു മുന്നില്‍ വന്നു നിന്ന് ചിരിച്ചതേയുള്ളൂ. ലോകചരിത്രത്തിലെ ഏറ്റവും ചെറിയ, വാക്കുകളില്ലാത്ത മറുപടി പ്രസംഗം അധികം ആരും അറിയാതെ അവിടെ അവസാനിച്ചു.

വി.കെ.എന്‍ സാഹിത്യം ജനപ്രിയതയുടെ ചേരുവകള്‍ ഉള്ളടക്കിയവയല്ല. ലളിതമായി വായിച്ചുപോകാവുന്ന തരത്തില്‍ ഋജുവുമല്ല അവയുടെ ആഖ്യാനപരവും പ്രമേയപരവുമായ ഗതികള്‍. വയലാര്‍, വള്ളത്തോള്‍ എഴുത്തച്ഛന്‍, ഓടക്കുഴല്‍ പോലുള്ള ശ്രേഷ്ഠപുരസ്‌കാരങ്ങള്‍ ഒന്നും വി.കെ.എന്നിന് ലഭിച്ചിട്ടില്ല. അക്കാദമികമായി വളരെയൊന്നും ബഹുമാനിക്കപ്പെട്ടിട്ടില്ല. (75 വര്‍ഷത്തെ ജീവിതത്തില്‍ ആകെ കിട്ടിയത് 5 അവാര്‍ഡുകള്‍ മാത്രം) എന്നാലും ജനപ്രീതിതന്നെയാണ് ആ രചനകളെ പ്രസക്തമാക്കുന്നത്. ഒരു മാനസികാവസ്ഥ എന്നതുപോലെ വി.കെ.എന്‍ ഒരു സാഹിത്യസാഹചര്യവുമായിരുന്നില്ലേ? 'വി.കെ.എന്‍ സാഹചര്യം' എന്ന് ഒ.വി. വിജയന്‍ അനുസ്മരണക്കുറിപ്പില്‍ പ്രയോഗിക്കുന്നുണ്ട്. ജീവിതവും ചരിത്രവും തമ്മില്‍ ആകസ്മികമായി കൂട്ടിയിടിക്കുന്ന മുഹൂര്‍ത്തങ്ങളില്‍ നിന്നാണ് ആ തിളക്കമുള്ള സന്ധികള്‍ ഉടലെടുക്കുന്നത്.  വര്‍ഷങ്ങള്‍ക്കിപ്പുറംനിന്ന് നോക്കുമ്പോഴും നമ്മള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രാദേശികത്വം വിട്ടുയരുന്ന ഘടകങ്ങള്‍ അദ്ദേഹത്തില്‍ സജീവമായിരുന്നു. ഒരുപക്ഷേ അവ കൂടുതലായി തെളിയിച്ചെടുക്കാനുള്ള ബാധ്യത വരുംകാലങ്ങള്‍ ഏറ്റെടുക്കുമായിരിക്കും. മുഖവുരയില്‍ രഘുനാഥന്‍ അവകാശപ്പെടുന്നതുപോലെ  ഇവിടെ  'വി.കെ.എന്നെ വിഗ്രഹവല്‍ക്കരിക്കുന്നില്ല.' എന്നാല്‍ സാഹിതീയവും ഭൗതികവുമായ ജീവിത പ്രതിബിംബങ്ങള്‍ക്കിടയിലെ ഇരുട്ട് തെളിയിച്ചെടുക്കാനുള്ള ശ്രമം, അതിന്റെ ആത്മാര്‍ത്ഥതകൊണ്ട്, ജനനം മുതല്‍ മരണംവരെയുള്ള ഒരുനാള്‍വഴി ചരിത്രമാവാന്‍ കൂട്ടാക്കാതെ, സമഗ്രമായ ഒരു വി.കെ.എന്‍ അനുഭവമായി വായനയില്‍ പരിണമിക്കുകയാണ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com