മതാന്ധരുടെ വിവരക്കേടുകള്‍; ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു

സമൂഹത്തിന്റെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നപ്പോള്‍ മതശാഠ്യങ്ങളും യാഥാസ്ഥിതികത്വവും മാറ്റിവെക്കാന്‍ ഇന്ത്യയിലെ മുസ്ലിം പൗരോഹിത്യം തയ്യാറായി
മതാന്ധരുടെ വിവരക്കേടുകള്‍; ഹമീദ് ചേന്നമംഗലൂര്‍ പറയുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകമാകെ ലോക്ഡൗണിലാണ്. പുതിയ നൂറ്റാണ്ട് കണ്ട ഏറ്റവും മാരകമായ വ്യാധിയിലൂടെയാണ് ആഗോളതലത്തില്‍ മനുഷ്യര്‍ കടന്നുപോകുന്നത്. നോവല്‍ കൊറോണ വൈറസ്സിന്റെ ബാധയില്‍നിന്നു രക്ഷപ്പെടാന്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ നിഷ്ഠയോടെ പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വിവിധ രാഷ്ട്രങ്ങളിലെ ഭരണകര്‍ത്താക്കള്‍ നല്‍കിയിട്ടുണ്ട്. ജാതി-മത-വംശ-ദേശ-ഭാഷാ ഭേദമെന്യേ പൊതുവെ എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുന്നോട്ടു വന്നതും കാണാം. ഇന്ത്യയിലാണെങ്കില്‍ കേന്ദ്ര സര്‍ക്കാരും അതത് സംസ്ഥാന സര്‍ക്കാരുകളും മതചടങ്ങുകളടക്കമുള്ള എല്ലാറ്റിനുമേര്‍പ്പെടുത്തിയ ക്രമീകരണങ്ങളും വിലക്കുകളും മതജാതി വ്യത്യസമില്ലാതെ എല്ലാവരും പാലിച്ചുവരുന്നു.

അതിനിടെയാണ് ഏപ്രില്‍ 24-ന് മുസ്ലിങ്ങളുടെ വ്രതമാസമായ റമദാന്‍ വന്നെത്തിയിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്ന സന്ദര്‍ഭങ്ങള്‍ റമദാനില്‍ ഏറെയുണ്ട്. അവയില്‍നിന്നെല്ലാം തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അംഗീകരിക്കയുണ്ടായി. പള്ളികളിലെ സമൂഹപ്രാര്‍ത്ഥനകളും നിശാനമസ്‌കാരമായ തറാവീഹും ഇഫ്താറുകളും ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടാധിഷ്ഠത ചടങ്ങുകള്‍ സംഘടിപ്പിക്കയില്ലെന്നു അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് റമദാനില്‍ പതിവുള്ള പല മതകര്‍മ്മങ്ങളും ഉപേക്ഷിക്കണമെന്നും സര്‍ക്കാരിന്റെ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സമ്പൂര്‍ണ്ണമായി പാലിക്കണമെന്നും രാജ്യത്തെ മുസ്ലിം പുരോഹിതര്‍ വിശ്വാസിസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍, റമദാന്‍ വ്രതാരംഭത്തിന്റെ തലേന്നാള്‍ പാകിസ്താനില്‍നിന്നു പുറപ്പെട്ട വാര്‍ത്ത വ്യത്യസ്തമാണ്. അവിടെ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും പള്ളികളും മറ്റു മതകേന്ദ്രങ്ങളുമുള്‍പ്പെടെ എല്ലായിടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും, മുസ്ലിം പുരോഹിതരില്‍ ഗണ്യമായ ഒരു വിഭാഗം അതു ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല. പള്ളികളിലെ വെള്ളിയാഴ്ച സംഗമം (ജുമുഅ) ഒഴിവാക്കാനാവില്ലെന്നു  അവര്‍ നിലപാടെടുത്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരു മാസത്തോളം പിന്നിട്ടെങ്കിലും തീവ്രചിന്താഗതിക്കാരായ പുരോഹിതര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വകവെക്കാതെ വെള്ളിയാഴ്ച  സംഗമങ്ങള്‍ നടത്തിപ്പോന്നു. ഈ നിയമലംഘനം തടയാനെത്തിയ പൊലീസുകാരെ കറാച്ചിപോലുള്ള വന്‍ നഗരങ്ങളില്‍ വിശ്വാസികള്‍ കല്ലേുറുള്‍പ്പെടെയുള്ള ഹിംസാത്മക കൃത്യങ്ങളിലൂടെ നേരിടുന്ന സംഭവങ്ങളുമുണ്ടായി. ഇപ്പോള്‍ നോമ്പ് കാലമായതോടെ പുരോഹിതര്‍ തങ്ങളുടെ മതവാശിക്ക് മൂര്‍ച്ച കൂട്ടിയിരിക്കുന്നു. കൊവിഡല്ല മറ്റെന്ത് മഹാമാരി തന്നെയായാലും പരമ്പരാഗത മതവിഷയങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയില്ല എന്നതത്രേ അവരുടെ നിലപാട്.

ഇന്ത്യയിലെ മുസ്ലിം പുരോഹിതരും പാകിസ്താനിലെ മുസ്ലിം പുരോഹിതരും തമ്മിലുള്ള വ്യത്യാസം ഇവിടെ തെളിഞ്ഞു കാണാം. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നപ്പോള്‍ മതശാഠ്യങ്ങളും യാഥാസ്ഥിതികത്വവും മാറ്റിവെക്കാന്‍ ഇന്ത്യയിലെ മുസ്ലിം പൗരോഹിത്യം തയ്യാറായി. അസാധാരണ സ്ഥിതിവിശേഷങ്ങളില്‍ മതചടങ്ങുകള്‍ക്ക് അവധി നല്‍കാമെന്ന വിവേകപൂര്‍ണ്ണമായ സമീപനം അവര്‍ കൈക്കൊണ്ടു. മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണംപോലുള്ള നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ അവ തങ്ങളുടെ മതസ്വാതന്ത്ര്യഹനനത്തില്‍ കലാശിക്കുമെന്നു മുറവിളി കൂട്ടുന്ന പുരോഹിതരും മതസംഘടനകളും വരെ സര്‍ക്കാരിന്റെ ലോക്ഡൗണ്‍ ചട്ടങ്ങളില്‍ മതസ്വാതന്ത്ര്യഹനനം ദര്‍ശിക്കാന്‍ പോയില്ല.

മതാന്ധരുടെ വിവരക്കേടുകള്‍

ലോകത്തിലെ അതിയാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായി അറിയപ്പെട്ടു വരുന്ന രാജ്യമാണ് സൗദി അറേബ്യ. അവിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉംറ എന്ന തീര്‍ത്ഥാടനത്തിന് നേരത്തേ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പള്ളികളിലെ സമൂഹ പ്രാര്‍ത്ഥനകളും ഒഴിവാക്കപ്പെട്ടു. റമദാന്‍ മാസത്തിലും പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയോ തറാവീഹോ ഒന്നും അനുവദിക്കുകയില്ലെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. അത്തരം വിലക്കുകള്‍ക്കെതിരെ ആ രാജ്യത്തെ മുസ്ലിം പുരോഹിതന്മാരാരും രംഗത്ത് വന്നിട്ടില്ല. അസാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട അനിവാര്യ നടപടികളായി അവര്‍ വിലക്കുകളെ കാണുന്നു.

ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മുസ്ലിം പുരോഹിതരില്‍നിന്നു വ്യത്യസ്തമായി പാകിസ്താനിലെ മുസ്ലിം പുരോഹിതരില്‍ ഒരു വലിയ വിഭാഗം എന്തുകൊണ്ട് കൊവിഡ് പ്രതിരോധം കണക്കിലെടുക്കാതെ, സര്‍ക്കാരിനെ വെല്ലിവിളിച്ചുകൊണ്ട് ലൗക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ മുന്നോട്ടു വരുന്നു? ഈ ചോദ്യത്തിലേക്ക് പോകുന്നതിനുമുന്‍പ് ഒരു കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പാക് പൗരോഹിത്യത്തില്‍നിന്നുനിന്നു ഭിന്നമായി ഇന്ത്യയിലെ മുസ്ലിം പുരോഹിതര്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്നു പറയുമ്പോള്‍, കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടില്ലേ എന്ന ചോദ്യം ന്യായമായി ഉയരും. സംഭവം ശരിയാണ്. തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ ആഗോള ആസ്ഥാനമാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടും മുന്‍പേ അവിടെ സമ്മേളനം തുടങ്ങിയിരുന്നു. പക്ഷേ, കൊവിഡ് പ്രതിരോധത്തില്‍ സാമൂഹിക അകലപാലനം സുപ്രധാനമാണെന്ന വസ്തുത വെളിവാക്കപ്പെട്ട ശേഷമാണ് സമ്മേളനം നടന്നത്. ആ നിലക്ക് നോക്കുമ്പോള്‍ സമ്മേളന നടത്തിപ്പുകാര്‍ ഗുരുതരമായ തെറ്റാണ് ചെയ്തത്. ലോക്ഡൗണിനുശേഷവും ചിലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതായും വാര്‍ത്തകള്‍ വരുകയുണ്ടായി. ഈ വിഷയത്തില്‍ സമ്മേളന നടത്തിപ്പുകാര്‍ക്ക് മാത്രമല്ല വീഴ്ചപറ്റിയത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരമൊരു മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെന്ന പോലെ വിദേശങ്ങളില്‍നിന്നും ആളുകളെത്തിയിരുന്നു. അതു തടയാനുള്ള ജാഗ്രത കാണിക്കേണ്ടിയിരുന്നത് ഭരണകര്‍ത്താക്കളാണ്. അതുണ്ടായില്ല. ഏതായാലും നിസാമുദ്ദീനിലെ തബ്ലീഗ് സംഗമം എന്ന കറുത്ത ഏട് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യയിലെ മുസ്ലിം പൗരോഹിത്യം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതില്‍ സഹകരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇനി, പാകിസ്താനിലെ പുരോഹിതരില്‍ ഗണ്യമായ ഒരു വിഭാഗം എന്തുകൊണ്ട് കൊവിഡ്കാല വിലക്കുകള്‍ ലംഘിക്കുന്നു എന്നും ഭരണകൂടം എന്തുകൊണ്ട് അവരുടെ മുന്‍പില്‍ തോല്‍ക്കുന്നു എന്നുമുള്ള ചോദ്യത്തിലേക്ക് പോകാം. ആ രാജ്യം ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും വേണ്ടി (എന്നു വെച്ചാല്‍, മുസ്ലിം പൗരോഹിത്യത്തിനുവേണ്ടി) സൃഷ്ടിക്കപ്പെട്ടതാണെന്ന അഹങ്കാരം ആ നാട്ടിലെ പുരോഹിതവൃന്ദം വെച്ചു പുലര്‍ത്തുന്നു എന്നതാണ് ഒരു കാര്യം. മുസ്ലിങ്ങള്‍ക്കും അവരുടെ മതത്തിനും വേണ്ടി ശബ്ദിക്കേണ്ടത് തങ്ങളാണെന്നും അതില്‍ ഭരണകര്‍ത്താക്കളോ ലിബറല്‍ ചിന്താഗതിക്കാരോ കൈകടത്തുന്നത് ഒരളവിലും അനുവദിക്കുകയില്ലെന്നുമുള്ള  ധാര്‍ഷ്ട്യം വിഭജനകാലം തൊട്ടേ പൗരോഹിത്യം പിന്തുടര്‍ന്നുപോകുന്നുണ്ട്. ഇസ്ലാംമതം എന്താണെന്നും അത് ഏതു രൂപത്തില്‍ നിലനില്‍ക്കണമെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ബാഹ്യ ഇടപെടലുകളില്ലാതെ തങ്ങള്‍ തീരുമാനിക്കുമെന്ന അവരുടെ ദുര്‍വാശിക്ക് വിധേയമായാണ് അവിടെ ഭരണകര്‍ത്താക്കള്‍ മുന്നോട്ടു പോയത്. ജനാധിപത്യം എന്നതിലേറെ മുഖ്യധാരാ ഇസ്ലാമിക പുരോഹിതവൃന്ദങ്ങളുടെ ആധിപത്യമാണ് അവിടെ നിലനിന്നുപോന്നതെന്നര്‍ത്ഥം.

മതാധിപരും പട്ടാള മേധാവികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് രണ്ടാമത്തെ കാര്യം. തങ്ങളുടെ അധീശത്വവും അപ്രമാദിതത്വവും അരക്കിട്ടുറപ്പിക്കുന്നതിന് പാക് സൈനികതലവന്മാര്‍ എന്നും ഉപയോഗപ്പെടുത്തിപ്പോന്നത് ഇസ്ലാമിക പൗരോഹിത്യത്തേയും അതിന്റെ പിന്തുണയുള്ള മതാത്മക രാഷ്ട്രീയപ്പാര്‍ട്ടികളെയുമാണ്. സിയാവുല്‍ ഹഖ് പ്രസിഡന്റായിരുന്ന കാലത്ത് ഈ സൈനിക-പുരോഹിത സഖ്യം കൂടുതല്‍ ബലവത്തായി. 1980-കളില്‍ സേനാമേധാവികള്‍ പുരോഹിതരുടെ സഹായ സഹകരണങ്ങളോടെ രാജ്യത്തുടനീളമുള്ള മുസ്ലിം ദേവാലയങ്ങള്‍ തീവ്രജിഹാദിസ്റ്റ് മനഃസ്ഥിതിക്കാരുടെ ഉല്‍പ്പാദന കേന്ദ്രങ്ങളാക്കി മാറ്റി. അഫ്ഗാനിസ്താനില്‍ കമ്യൂണിസത്തേയും സോവിയറ്റ് സേനയേയും നേരിടാന്‍ മതാന്ധരായ ജിഹാദിസ്റ്റ് പടയാളികളെ പാക് പട്ടാളത്തലവന്മാര്‍ക്ക് വേണമായിരുന്നു. അഫ്ഗാനിസ്താനില്‍നിന്നു സോവിയറ്റ് സേന പിന്‍മാറിയ ശേഷവും രാജ്യത്തെ ഇസ്ലാമിക പൗരോഹിത്യത്തേയും മതോന്മാദികളായ ജിഹാദിസ്റ്റുകളേയും പോറ്റിവളര്‍ത്തുകയും തങ്ങളുടെ കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്യുകയെന്ന പ്രക്രിയ പാക് സൈനിക നേതൃത്വം അഭംഗുരം തുടര്‍ന്നു.

ഫലം, ഭരിക്കുന്നത് നവാസ് ശരീഫോ ഇമ്രാന്‍ ഖാനോ വേറെ വല്ലവരുമോ ആയാലും രാജ്യത്തിന്റെ കടിഞ്ഞാണിന്മേലുള്ള യഥാര്‍ത്ഥ നിയന്ത്രണം ഇപ്പോഴും കിടക്കുന്നത് മുല്ലമാരുടേയും മൗലാനമാരുടേയും കൈകളിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തിലെ ചില സ്ത്രീസംഘടനകള്‍ സംഘടിപ്പിച്ച 'ഔരത്ത് മാര്‍ച്ചി'ന് (വനിതാ മാര്‍ച്ചിന്) നേരെ മുല്ലമാരുടെ നായകത്വത്തില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ ഭരണകൂടം പ്രകടിപ്പിച്ച അക്ഷന്തവ്യ നിസ്സഹായത അതിന്റെ അനേകം തെളിവുകളില്‍ ഒന്നു മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com