അബ്ബാസിയ ഒരു മലയാളി റിപ്പബ്ലിക്കാണ്!

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. തലസ്ഥാനപട്ടണമായ കുവൈറ്റ് സിറ്റിയില്‍നിന്നും പത്തിരുപത് കിലോമീറ്റര്‍ അകലെ, വിമാനത്താവളത്തിനടുത്തായി കിടക്കുന്ന പ്രദേശം
അബ്ബാസിയയിലെ തെരുവ്
അബ്ബാസിയയിലെ തെരുവ്

വിമാനം താഴ്ന്നു കഴിഞ്ഞു. ഞാന്‍ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. പകല്‍ നേരമാണ്. പക്ഷേ, മൂടല്‍മഞ്ഞ് കൊണ്ടെന്നപോലെ അവ്യക്തമായി കാണപ്പെടുന്നു ഭൂപ്രതലം. മണല്‍നിറത്തിന്റെ അനന്തമായ തിരശ്ശീല.

ഞാന്‍ കുവൈറ്റിലേയ്ക്ക് ആദ്യമായി വരികയാണ്. ഗള്‍ഫ് സ്വപ്നംകണ്ട് ഇറങ്ങിത്തിരിക്കുന്ന ഏതൊരു ശരാശരി മലയാളിയേയും പോലെ, ആകാംക്ഷയും അനിശ്ചിതത്വവും നിറഞ്ഞ മനസ്സുമായി.

അടുത്തിരിക്കുന്ന, വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുവൈറ്റിലെത്തിയ സഹയാത്രികനോട്, പുറത്തെ നരച്ചഭൂമി നോക്കി, ഞാന്‍ ചോദിച്ചു:
-ഇവിടെന്താ ഇങ്ങനെ...?
അയാള്‍ ചെറുതായി ചിരിച്ചു.
- ഇവിടെ ഇങ്ങനെയാണ് ചങ്ങാതി...!

അങ്ങനെ പൊടിക്കാറ്റ് ഭൂമിയെ പുതച്ചുനിന്ന ഒരു കഠിന ഗ്രീഷ്മത്തിന്റെ പകല്‍നേരത്ത്, യൗവ്വനത്തിന്റെ വിഹ്വലതയുമായി ഞാന്‍ കുവൈറ്റില്‍ വന്നിറങ്ങി. രണ്ടു മൂന്ന് വര്‍ഷം ഇവിടെ നില്‍ക്കണം, എന്തെങ്കിലും സമ്പാദിക്കണം. എന്നിട്ട് നാട്ടിലേയ്ക്ക് മടങ്ങണം. അവിടെ പകുതിക്ക് ഉപേക്ഷിച്ച സ്വപ്നങ്ങളുണ്ട്. സര്‍ഗ്ഗസാന്ദ്രമായ തുടര്‍ജീവിതത്തിന്റെ അദമ്യമായ ആഗ്രഹം നാട്ടിലാണ് ബാക്കികിടക്കുന്നത്.

കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ എന്ന ചെറു ജനപദത്തിനു നടുവിലെ ഒരു അപാര്‍ട്ട്‌മെന്റിലിരുന്ന്, ഇന്ന് ഈ കുറിപ്പെഴുതുമ്പോള്‍, പൊടിക്കാറ്റ് മൂടിയ, ഞാന്‍ ആദ്യമായി കുവൈറ്റില്‍ വന്നിറങ്ങിയ ആ ദിവസം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്ന് ചെറിയ വിഷാദത്തോടെ ഓര്‍ക്കുന്നു.

രണ്ടു മൂന്ന് വര്‍ഷത്തിനുശേഷം തിരിച്ചുപോവുക എന്ന കണക്കുകൂട്ടലൊക്കെ ആദ്യമേ തെറ്റി. അത്തരം കണക്കുതെറ്റലുകള്‍ എന്റെ മാത്രം കഥയുമല്ല. കറുത്തമുത്തിന്റെ പ്രഭ കിനാവുകണ്ട് എണ്ണപ്പാടത്തേയ്ക്ക് വിമാനം കയറുന്ന ബഹുഭൂരിപക്ഷം മലയാളികളുടെയും ജീവിതയാഥാര്‍ത്ഥ്യമാണ്. ചിലര്‍ നേടുന്നു, ചിലര്‍ ഒന്നും നേടാതെ മടങ്ങുന്നു, ചിലര്‍ മദ്ധ്യവര്‍ത്തി ജീവിതത്തിന്റെ ഭാരഭേദമുള്ള മാറാപ്പുമായി അങ്ങനെയങ്ങ് തുടരുന്നു. വര്‍ഷങ്ങള്‍ കടന്നുപോകുന്നു.

അബ്ബാസിയ ഒരു മലയാളി റിപ്പബ്ലിക്കാണ്!

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. തലസ്ഥാനപട്ടണമായ കുവൈറ്റ് സിറ്റിയില്‍നിന്നും പത്തിരുപത് കിലോമീറ്റര്‍ അകലെ, വിമാനത്താവളത്തിനടുത്തായി കിടക്കുന്ന പ്രദേശം. ചെറിയ ചതുരത്തിനുള്ളില്‍ തേനീച്ചക്കൂട് പോലെ ജനം ഇരമ്പുന്ന ദേശം. എട്ടും പത്തും നിലകളുള്ള അപ്പാര്‍ട്ട്മെന്റ്  കെട്ടിടങ്ങള്‍. വലുതും ചെറുതുമായ അസംഖ്യം റോഡുകള്‍. ഇതുകൂടാതെ ചെറിയ ഗലികളും. ഫുഡ്പ്പാത്തിലും നിരത്തിലുമൊക്കെ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടികള്‍. ചിതറിക്കിടക്കുന്ന ചപ്പുചവറുകള്‍. ടാറ് കണ്ടിട്ട് ഏറെക്കാലമാവുന്ന റോഡുകള്‍. പൊട്ടിയൊലിക്കുന്ന ഓടകള്‍. അതിനിടയിലൂടെ നുഴഞ്ഞുകയറി സ്‌കൂളിലേയ്ക്ക് പോകുന്ന കുട്ടികള്‍. അതൊന്നും കൂസാതെ, നേഴ്സുമാരെയുംകൊണ്ട് അതിവേഗം പായുന്ന വാനുകളും ബസ്സുകളും.

അബ്ബാസിയയിലെ തെരുവിന്റെ രാത്രി ദൃശ്യം
അബ്ബാസിയയിലെ തെരുവിന്റെ രാത്രി ദൃശ്യം

എന്നുമുതലാണ് അബ്ബാസിയ കുവൈറ്റ് മലയാളികളുടെ കേന്ദ്രമായി മാറിയത്?

രണ്ടര ദശാബ്ദത്തിന് മുന്‍പ് ഞാന്‍ കുവൈറ്റിലെത്തുമ്പോള്‍, അബ്ബാസിയ ഉണ്ട്. ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടക്കുമ്പോള്‍, അബ്ബാസിയയുടെ അതിരുകള്‍ക്കുള്ളില്‍  അരങ്ങേറിയ കഥകള്‍ പില്‍ക്കാലത്ത് കേള്‍ക്കുകയുണ്ടായിട്ടുണ്ട്. യുദ്ധത്തിന്റെ വിഹ്വലതയും ദുരന്തവും ചേര്‍ന്ന കഥകള്‍. അപ്പോള്‍ അതിനുമൊക്കെ എത്രയോ മുന്‍പേ അബ്ബാസിയ ഉണ്ടായിരുന്നിരിക്കണം.

തൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തില്‍ ചെറിയ കുട്ടിയായി കുവൈറ്റില്‍ ജീവിച്ചിരുന്ന ഒരു കൂട്ടുകാരനുണ്ട് എനിക്ക്. അയാള്‍ പിന്നീട് വിദഗ്ദ്ധനായ ഭിഷഗ്വരനായി കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറച്ചുകാലം ജോലിനോക്കിയിരുന്നു. പത്തുനാല്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെത്തിയ അയാള്‍ക്ക് പക്ഷേ അബ്ബാസിയ എന്ന സ്ഥലത്തെ, കുട്ടിക്കാലത്തുനിന്നും ഓര്‍ത്തെടുക്കാനായില്ല. അവര്‍ കുവൈറ്റ് സിറ്റിയിലാണ് അന്ന് താമസിച്ചിരുന്നത്. ആ പരിസരം ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. കുവൈറ്റ് സിറ്റിയില്‍നിന്നും, മാതാപിതാക്കളോടൊപ്പം, മരുഭൂമിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് 'അഹമ്മദി' എന്ന സ്ഥലത്ത് എണ്ണകമ്പനിയില്‍ ജോലിചെയ്യുന്ന മലയാളികളായ കുടുംബസുഹൃത്തുക്കളെ കാണാന്‍ പോയതൊക്കെ അയാള്‍ കൃത്യമായി ഓര്‍ത്തെടുക്കുന്നുണ്ട്. ആ ഓര്‍മ്മകളും സ്ഥലവിന്യാസവുമൊക്കെ കൃത്യമാണ്. ഇന്നത്തെ പോലെ അബ്ബാസിയയില്‍  മലയാളികള്‍ അന്നുമുണ്ടായിരുന്നെങ്കില്‍, അയാള്‍ ഓര്‍ക്കാതിരിക്കില്ല എന്നുതോന്നി. എഴുപതുകളില്‍ അബ്ബാസിയ എന്ന പേരില്‍ ഒരു സ്ഥലം ഇവിടെ ഉണ്ടായിരുന്നോ എന്നതുതന്നെ സംശയത്തില്‍ നിര്‍ത്താവുന്ന കാര്യമാണ്. ഈ രാജ്യത്ത്, നിന്നനില്‍പ്പില്‍ ടൗണ്‍ഷിപ്പുകള്‍ ഉയര്‍ന്നുവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരു തുണ്ടു മരുഭൂമി മൂന്നു നാല് വര്‍ഷത്തിനിടയ്ക്ക് എല്ലാം തികഞ്ഞ ടൗണ്‍ഷിപ്പുകളായി മാറും. അവയ്ക്ക് പുതുതായി ഓരോ പേരും ചാര്‍ത്തിക്കിട്ടും. അബ്ബാസിയയുടെ രണ്ട് അതിരുകളിലായി പൊങ്ങിയ 'ഇഷ്ബിലിയ', 'അബ്ദുള്ള അല്‍ മുബാറക്ക്' എന്നീ ജനപദങ്ങള്‍, ഞാന്‍ നോക്കിനില്‍ക്കെ ഉണ്ടായിവന്നതാണ്.

എഴുപതുകളില്‍ അബ്ബാസിയ ഉണ്ടായിരുന്നില്ല എന്ന് നിരൂപിച്ചാല്‍ തന്നെ, ആയിരത്തി തൊള്ളായിരത്തില്‍ ഇറാഖിന്റെ കുവൈറ്റ് അധിനിവേശം നടക്കുമ്പോള്‍ മലയാളികള്‍ കേന്ദ്രികരിച്ചിരിക്കുന്ന ഒരിടമായി അബ്ബാസിയ മാറിക്കഴിഞ്ഞിരുന്നു. അക്കാലത്ത്, അബ്ബാസിയയുടെ അതിരുകള്‍ക്കുള്ളില്‍ അരങ്ങേറിയ കഥകള്‍ പില്‍ക്കാലത്ത് കേള്‍ക്കുകയുണ്ടായിട്ടുണ്ട്. യുദ്ധത്തിന്റെ വിഹ്വലതയും ദുരന്തവും ചേര്‍ന്ന കഥകള്‍. എന്റെ കൂട്ടുകാരന്‍ കുവൈറ്റ് വിടുകയും, അധിനിവേശം സംഭവിക്കുകയും ചെയ്ത ആ ഒന്നര പതിറ്റാണ്ടിനിടയ്ക്കാണ് അബ്ബാസിയ ഉണ്ടായി വികസിച്ചതെന്ന് അനുമാനിക്കാം. അബ്ബാസിയ എന്ന ജനപദം പരിണമിക്കുന്നത്, കേരളം 'ഗള്‍ഫ് ബൂം' എന്ന സവിശേഷമായ സാമൂഹിക പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന നേരത്താണെന്നത് സ്വാഭാവികമാണ്. ആ അറിവ് കൗതുകകരം കൂടിയാണ്.

ഗള്‍ഫ് എന്ന മണല്‍ക്കാറ്റ് വീശുന്ന സ്വപ്നം മലയാളിയുടെ ദിനവൃത്താന്തത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ അര നൂറ്റാണ്ട് കഴിയുന്നു. നിലവില്‍ വിദേശമലയാളികളില്‍നിന്നും എല്ലാ വര്‍ഷവും  കേരളത്തിലേയ്ക്ക് എത്തുന്നത് ഏതാണ്ട് അന്‍പതിനായിരം കോടി രൂപയാണ് എന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ നല്ലൊരു പങ്കും ഗള്‍ഫില്‍നിന്നാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1950-കളോടെ മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ വലിയ തോതില്‍ പെട്രോളിയം ഖനനവും കയറ്റുമതിയും ആരംഭിച്ചു. അതിനനുബന്ധമായാണ് തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഒരു വലിയ തൊഴില്‍ശക്തി എന്ന നിലയ്ക്ക് മലയാളികള്‍, അക്കാലത്ത് കേരളത്തില്‍ 'പേര്‍ഷ്യ' എന്നറിയപ്പെട്ടിരുന്ന, ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് സമഗ്രമായി കുടിയേറാന്‍ തുടങ്ങുന്നത്.

'കുടിയേറ്റം', 'പ്രവാസം' എന്നീ വാക്കുകളൊക്കെ മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. പക്ഷേ, അവയുടെ അര്‍ത്ഥത്തില്‍ മുഴുവനായും കയറിനില്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ല മലയാളിയുടെ സങ്കീര്‍ണ്ണമായ പരദേശവാസം. നമ്മുടെ ദേശാന്തരഗമനങ്ങള്‍ എല്ലാ കാലത്തും ഒരുതരം സാമ്പത്തികാഭയാര്‍ത്ഥിത്വത്തിന്റെ തലത്തിലായിരുന്നു. പൂര്‍വ്വകാലത്ത്, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും, കൊളംബിലേയ്ക്കും ബര്‍മ്മയിലേയ്ക്കും മലയായിലേയ്ക്കും ഒക്കെ മലയാളി കപ്പല്‍ കയറിയതും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ അന്വേഷിച്ചും കാംക്ഷിച്ചുമാണ്. രാഷ്ട്രീയ സാഹചര്യങ്ങളാല്‍ നിര്‍ബന്ധിതമായ അഭയാര്‍ത്ഥിത്വമായിരുന്നില്ല അത്. എന്നാല്‍ സമൂഹസാഹചര്യം പരോക്ഷമായി നിര്‍ബന്ധിതമാക്കിയ അവസ്ഥ ആ നാടുവിടലില്‍ ഉണ്ടായിരുന്നു. സൈദ്ധാന്തികമായി, മലയാളിയുടെ ഗള്‍ഫ് പരദേശവാസത്തെ പല വീക്ഷണങ്ങളില്‍ വിലയിരുത്താം. എങ്ങനെയായാലും തൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തോടെ മലയാളി യുവത്വത്തിന്റെ ആദ്യത്തെ തലമുറ ഗള്‍ഫിലെത്തുകയും, ആ യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യഭൂപടത്തെ മാറ്റി വരയുകയുമാണുണ്ടായത്.

അക്കാലത്ത്, കുവൈറ്റിലെത്തിയ ആദ്യകാല മലയാളികളുടെ കൂട്ടത്തില്‍ പെടുന്നവരാണ് എന്റെ കൂട്ടുകാരന്റെ മാതാപിതാക്കളും. 'കുവൈറ്റ് സിറ്റി' എന്ന തലസ്ഥാന പട്ടണവും 'അഹമ്മദി' എന്ന എണ്ണവ്യവസായത്തിന്റെ കേന്ദ്രവും അയാള്‍ക്ക് അറിവുണ്ട്. അതിന് കാരണമുണ്ട്. എണ്ണവ്യവസായത്തില്‍ ഊന്നിയാണ് കുവൈറ്റ് എന്ന രാജ്യം അതിന്റെ അസ്തിത്വം അടയാളപ്പെടുത്താന്‍ തുടങ്ങുന്നത്. മറ്റു സേവനമേഖലകള്‍ അന്ന് പ്രഭവദിശയിലാണ്. കുവൈറ്റിലെ എണ്ണഖനനത്തിന്റെ ചുക്കാന്‍ 'കുവൈറ്റ് ഓയില്‍ കമ്പനി'ക്കാണ്. തുടക്കത്തില്‍ ചില ബ്രിട്ടീഷ് മാതൃകമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു അത്. 1934-ലാണ് കെ.ഒ.സി തുടങ്ങുന്നതെങ്കിലും, എണ്ണയുടെ ഖനനവും കയറ്റുമതിയും അതിന്റെ വേഗം കൈവരിക്കുന്ന കാലത്താണ് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് അവസാനിക്കുന്നത്. അതിനാല്‍തന്നെ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഇന്ത്യയില്‍ ജോലിയെടുത്തുകൊണ്ടിരുന്ന, വെള്ളക്കാരും ഇന്ത്യാക്കാരുമായ, കുറെയേറെ എന്‍ജിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും കുവൈറ്റിലേയ്ക്ക് മാറ്റപ്പെടുകയുണ്ടായി. എണ്ണ ഖനനത്തിന്റെ തുടക്കകാലം മുതല്‍ തന്നെ ഇന്ത്യാക്കാരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നു എന്ന് ചുരുക്കം. അന്ന് കുവൈറ്റ്, ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റിന്റെ കീഴിലായിരുന്നു. 1961-ലാണ് രാജ്യം സ്വാതന്ത്ര്യമാകുന്നത്. അതുവരെ രൂപയായിരുന്നു ഇവിടുത്തെ കറന്‍സി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇവിടെയെത്തിയ ആ ഇന്ത്യന്‍ സമൂഹം എണ്ണത്തില്‍ തുച്ഛമായിരുന്നു. എണ്ണഖനനത്തിന്റെ അനന്തരഫലം എന്ന നിലയ്ക്ക്, കുവൈറ്റ് അതിദ്രുതം ഒരു സമ്പന്നരാജ്യമായി വളര്‍ന്നു. ഇന്നും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നാണയങ്ങളില്‍ ഒന്ന് കുവൈറ്റ് ദിനാറാണ്. ആ വളര്‍ച്ചയുടെ, പരിണാമത്തിന്റെ, സമസ്തമേഖലകളിലും പണിയെടുക്കാനായാണ് പിന്നീട് കേരളത്തില്‍നിന്നും മനുഷ്യശക്തിയുടെ വലിയ കുത്തൊഴുക്കുണ്ടാകുന്നത്. അഭ്യസ്തവിദ്യര്‍ മുതല്‍ അവിദഗ്ദ്ധതൊഴിലാളികര്‍ വരെ കൂട്ടത്തോടെ വിമാനം കയറി. കുവൈറ്റ് വീടുകളില്‍ ഗാര്‍ഹിക തൊഴിലാളികളായി എത്തിയവരുടെ എണ്ണവും കുറവായിരുന്നില്ല.

ഇത്തരത്തില്‍ സേവനമേഖല വിസ്ഫോടനാത്മകമായ വളര്‍ച്ച നേടുന്ന കാലത്തിന്റെ അനിവാര്യതപോലെയാവണം അബ്ബാസിയ എന്ന മലയാളി റിപ്പബ്ലിക് രൂപപ്പെടുന്നത്. അതിലേയ്ക്ക് നയിച്ച പ്രധാനപ്പെട്ട ഒരു കാരണം ഇവിടെ താമസമാക്കിയ മലയാളി നേഴ്സുമാര്‍ ആയിരുന്നിരിക്കണം. ഒരൊറ്റ തൊഴില്‍ മേഖലയിലേയ്ക്ക് എന്ന നിലയ്ക്ക് കുവൈറ്റിലേയ്ക്ക് ഏറ്റവും കൂടുതല്‍ എത്തിയത് നേഴ്സുമാരാണ്. കേരളത്തില്‍നിന്നും വിദേശരാജ്യങ്ങളിലേയ്ക്കുണ്ടായ സമഗ്രമായ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍, മധ്യതിരുവിതാംകൂറില്‍നിന്നുള്ള നേഴ്സുമാരുടെ പങ്ക് നിസ്തുലമാണ്. അവര്‍ ഒറ്റയ്ക്ക് പോയി രക്ഷപ്പെടുകയായിരുന്നില്ല. അവരോടൊപ്പം വലിയൊരു ബന്ധുവൃന്ദവും വിദേശങ്ങളിലെത്തി. അത് കുവൈറ്റിലോ ഗള്‍ഫിലോ മാത്രം ഒതുങ്ങിനിന്ന ദേശാന്തരഗമനമായിരുന്നില്ല. ഇവിടെ നിന്നും കാനഡയിലേയ്ക്കും അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്കും ബ്രിട്ടനിലേയ്ക്കും അയര്‍ലന്‍ഡിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും ഒക്കെ അതിന്റെ വ്യാപകമായ നീളിച്ചയുണ്ടായി. അഹങ്കാരിയും ഗര്‍വിഷ്ഠയുമായ നേഴ്സമ്മയും, മക്കളെ നോക്കി, പാചകം ചെയ്ത് വീട്ടിലിരിക്കുന്ന ഭര്‍ത്താവും എന്ന രൂപകത്തില്‍ മലയാള സാഹിത്യവും സിനിമയും പലപ്പോഴും പരിഹാസത്തോടെ ആവിഷ്‌കരിച്ച അവരുടെ കഥയ്ക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തമൊന്നുമില്ല. വിദൂരവും അപരിചിതവുമായ വിദേശനാടുകളില്‍ ആ മലയാളിപ്പെണ്‍കുട്ടികള്‍ നടത്തിയ അതിതീവ്രമായ അതിജീവനത്തിന്റെ ചരിത്രം മറ്റൊരു പാഠപരിപ്രേക്ഷ്യത്തില്‍ എഴുതപ്പെടേണ്ടതുണ്ട്.

അബ്ബാസിയയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഭാര്യയുടെ രണ്ട് പ്രസവവും നടന്നത്. ഞങ്ങള്‍ ഒന്നിച്ച് താമസിച്ചു തുടങ്ങിയതിന്റെ തുടക്കകാലമാണ്. പരദേശത്ത്, ഏറെക്കുറെ നിരാലംബമായി ജീവിതത്തെ അഭിമുഖീകരിക്കുന്നതിന്റെ വൈഷമ്യവും അപരിചിതത്വവുമുണ്ട്. ആദ്യ പ്രസവത്തിന്റെ സമയത്താണ് ഭാര്യ, ആശുപത്രിയില്‍വച്ച്, റോസമ്മ എന്ന തിരുവല്ലക്കാരി നേഴ്സിനെ പരിചയപ്പെടുന്നത്. മലയാളി എന്ന നിലയ്ക്ക്, അവര്‍ ഭാര്യയ്ക്ക് അല്പം പരിഗണനയുള്ള പരിചരണം നല്‍കി എന്നത് സ്വാഭാവികമാണ്. ആശുപത്രി വിട്ടപ്പോള്‍ ആ പരിചയം അവിടെ കഴിയേണ്ടതാണ്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നില്‍ ഒരു വലിയ കെട്ട് ബേബിഡയപ്പേഴ്സുമായി അവര്‍ വീട്ടിലെത്തി. (അക്കാലത്ത്, സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ഇത്തരം മുന്തിയ സാമാനങ്ങള്‍ ലഭ്യമാക്കുന്നതിന് നേഴ്സുമാര്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല.) ആശുപത്രിയില്‍വച്ചുണ്ടായ ചെറിയൊരു കണ്ടുമുട്ടലിന്റെ പേരില്‍ റോസമ്മ സിസ്റ്റര്‍ പിന്നീട്, ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിന്റെ സമയത്തും, ഇത്തരം അത്യധികം ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍ലോഭം എത്തിച്ചുകൊണ്ടിരുന്നു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് യാതൊരു പരിചയവുമില്ലാതിരുന്ന അവര്‍ എന്തിന് ബുദ്ധിമുട്ട് സഹിച്ച്, എന്നാല്‍ അത്രയും സന്തോഷത്തോടെ ആ സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരുന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ തുച്ഛവരുമാനക്കാരായ ഞങ്ങള്‍ക്ക് അത് നല്‍കിയ ആശ്വാസം ചെറുതല്ല. അതിനുമപ്പുറം, പരദേശവാസത്തിന്റെ ബാലാരിഷ്ടതകളില്‍ പെട്ട് ഉഴറുകയായിരുന്ന ഞങ്ങള്‍ക്ക്, നിരുപാധികം വന്ന ആ സ്നേഹസ്പര്‍ശം ഭൗതികമൂല്യത്തിന്റെ സ്‌കെയില്‍വച്ച് അളക്കാനും സാധിക്കില്ല.

കാല്‍നൂറ്റാണ്ട് കാലത്തെ അബ്ബാസിയ ജീവിതം നല്‍കിയ അനുഭവങ്ങളുടെ നൈരന്തര്യം എന്റെ പരിമിതിയുള്ള ഭാഷാരൂപകത്തിന്റെ ഫ്രെയിമില്‍ ഒതുങ്ങുന്നതല്ല.  
 
തൊണ്ണൂറു ശതമാനവും മലയാളികള്‍ വസിക്കുന്ന അബ്ബാസിയയില്‍ മറ്റ് വിദേശികള്‍ വളരെ അപൂര്‍വ്വമായേ താമസിക്കുന്നുള്ളു. എന്നാല്‍ ദിനേനയെന്നോണം നാട്ടില്‍നിന്നും കുവൈത്തില്‍ എത്തുന്ന മലയാളികളില്‍ വലിയൊരു വിഭാഗം അബ്ബാസിയയില്‍ താമസത്തിനെത്തുന്നു. പല കാരണങ്ങള്‍കൊണ്ടും അബ്ബാസിയ സാധാരണക്കാരായ മലയാളികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലമായി മാറുന്നു. മലയാളികളിലെ വലിയൊരു തൊഴില്‍ വിഭാഗമായ നേഴ്സുമാര്‍ക്ക് വിവിധ ആശുപത്രികളിലേയ്ക്ക് പോകാന്‍ ഏറ്റവും കാര്യക്ഷമമായി വാഹനങ്ങള്‍ ലഭ്യമാവുക അബ്ബാസിയയില്‍നിന്നാണ്. എട്ടു പത്ത് ഇന്ത്യന്‍ സ്‌കൂളുകള്‍ അബ്ബാസിയയിലും പരിസരങ്ങളിലുമായി ഉണ്ട്. കേരളത്തില്‍നിന്നുള്ള പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന 'ബക്കാല'കള്‍ ഓരോ കെട്ടിടത്തിന് താഴെയും ഉണ്ടാവും. ഒരു ഫോണ്‍ വിളിയില്‍ സാധനങ്ങള്‍ ഫ്‌ലാറ്റിലെത്തും. കാശ് മാസാവസാനം കൊടുത്താല്‍ മതിയാവും. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്ഥിരഭക്ഷണം നല്‍കുന്ന ചായപ്പീടികകള്‍. കുടുംബങ്ങള്‍ക്ക് താരതമ്യേന എളുപ്പം കിട്ടുന്ന മലയാളികളായ ജോലിക്കാരികളുടെ ലഭ്യത. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം ആശ്രയിച്ചിരുന്ന മലയാളികളുടെ ഒരു തലമുറ ഇവിടെയും അപ്രത്യക്ഷമാവുകയാണ്. അതറിഞ്ഞാവണം മലയാളി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന സ്വകാര്യാശുപത്രികളും കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ ഭാഗത്ത്, മമ്മൂട്ടിയെവരെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിക്കുന്നു.

കുവൈറ്റ് ടവർ. രാത്രി ദൃശ്യം
കുവൈറ്റ് ടവർ. രാത്രി ദൃശ്യം

കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന ഒരു സഹപാഠി ഉണ്ടായിരുന്നു, ബിരുദപഠന കാലത്ത്. ആ പെണ്‍കുട്ടി ഒരിക്കല്‍ പറഞ്ഞു, തണുപ്പുകാലത്ത്, മരുഭൂമിയെ പുതച്ചുനില്‍ക്കുന്ന, അനന്തതയോളം പരന്നുകിടക്കുന്ന, മഞ്ഞപ്പൂവുകളുടെ പരവതാനിയെ കുറിച്ച്. ഒരു കാല്പനിക സങ്കല്പം എന്ന മാതിരി ആ ചിത്രം മനസ്സിലുണ്ടായിരുന്നുവെങ്കിലും, ഗള്‍ഫിലെ ശീതകാലം എന്ന സാധ്യത എന്നില്‍ ഹാജരുണ്ടായിരുന്നില്ല, കുവൈറ്റില്‍ എത്തുന്നതുവരെ. ഗള്‍ഫിലെ അതികഠിനമായ വേനലും ചൂടും. അതാണല്ലോ പൊതുബോധം. ഗള്‍ഫ് മേഖലയില്‍ ഏറ്റവും വടക്കുപടിഞ്ഞാറായി കിടക്കുന്ന രാജ്യമാണ് കുവൈറ്റ്. അതിനാല്‍ ഇവിടെ ഋതുക്കള്‍ വളരെ ശക്തമായി ഇടപെടുന്നു. വേനലില്‍, പകല്‍ച്ചൂട് പലപ്പോഴും അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തും. അത്രയും തന്നെ കഠിനമാണ് ശൈത്യകാലവും. താപനില പൂജ്യത്തിന് താഴേയ്ക്ക് പോകും. ശൈത്യം കഴിഞ്ഞ് വസന്തമെത്തുമ്പോഴാണ് മരുഭൂമിയില്‍ അര്‍ഫാജ് ചെടികള്‍ പുഷ്പിക്കുക. ആ പെണ്‍കുട്ടി, അവളുടെ കൗമാരസ്വപ്നത്തില്‍ വരഞ്ഞെടുത്ത വെറും ഭാവനയായിരുന്നില്ല, മരുഭൂമിയെ പുതച്ചുനില്‍ക്കുന്ന മഞ്ഞപ്പൂവിന്റെ പരവതാനി. ഭൂമിയെ മൂടി, അനസ്യൂതമായി വിടര്‍ന്നുനില്‍ക്കുന്ന അര്‍ഫാജ് എന്ന കുഞ്ഞ് പീതപുഷ്പങ്ങള്‍ കുവൈറ്റിന്റെ ദേശീയപുഷ്പം കൂടിയാണ്. നമുക്കറിഞ്ഞുകൂടാത്ത ജീവിതങ്ങള്‍ കെട്ടുകഥകളായി തോന്നാമെന്ന പ്രശസ്തമായ നോവല്‍ വചനമുണ്ടല്ലോ. നമുക്കറിഞ്ഞുകൂടാത്ത ഭൂമിഭാവങ്ങളും ഭാവന മാത്രമാണെന്ന് ചിലപ്പോള്‍ തോന്നിപ്പോയേക്കാം.

കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റില്‍ ഇരിക്കുന്ന സമയത്ത് തൊട്ടപ്പുറത്തുള്ള ഹാളില്‍ ആരോ പ്രസംഗിക്കുന്നത് കേട്ടു. പരിചയമുള്ള ശബ്ദം. പാളിനോക്കിയപ്പോള്‍ നാട്ടില്‍നിന്ന് എത്തിയ മന്ത്രിയാണ്. (ശബ്ദപരിചയം തോന്നിയത് ടെലിവിഷനില്‍ കേട്ടിട്ട്. നേരിട്ട് പരിചയമുണ്ടെന്ന് തെറ്റുധരിക്കേണ്ട.) ഒരു മന്ത്രിയോ എം.എല്‍.എയോ എം.പിയോ ഒക്കെ ഏത് സമയത്തും ഇവിടെയുണ്ടാവും. നാട്ടിലെ ഏറ്റവും ചെറിയ രാഷ്ട്രീയപാര്‍ട്ടിക്കുപോലും അബ്ബാസിയയില്‍ ഒരു ഘടകമുണ്ടാവും. അതുകൂടാതെ മതസംഘടനകളും സാമുദായിക സംഘടനകളും സാഹിത്യ സംഘങ്ങളും ജീവകാരുണ്യ സംഘടനകളും അനേകമുണ്ട്. 'കണ്ടച്ചിറ പ്രവാസി അസോസിയേഷന്‍', 'വടക്കേപ്പറമ്പില്‍ മഹാകുടുംബകൂട്ടായ്മ' എന്നിങ്ങനെയൊക്കെയുള്ള വ്യത്യസ്തമായ സംഘടനകളുടെ സാന്നിധ്യവും പ്രാദേശിക വാര്‍ത്താപോര്‍ട്ടലുകളില്‍ കാണാനാവും.

ആഴ്ചാവസാനങ്ങളില്‍ അബ്ബാസിയയില്‍ ഇറങ്ങിനിന്നാല്‍ ഒരു ഉത്സവം പോലെ അനുഭവപ്പെടും. കുവൈറ്റിന്റെ മറ്റു പ്രദേശങ്ങളിലുള്ള മലയാളികള്‍ പല ആവശ്യങ്ങള്‍ക്കായി അബ്ബാസിയയിലോട്ട് എത്തിക്കൊണ്ടിരിക്കും. പ്രത്യേകിച്ച്, വിദൂരസ്ഥലങ്ങളിലെ ക്യാമ്പുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മലയാളികള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ അബ്ബാസിയയിലേയ്ക്ക് വരുന്നു. കെട്ടിടങ്ങളുടെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന പള്ളികളും അമ്പലങ്ങളും പ്രാര്‍ത്ഥനകൊണ്ട് മുഖരിതമാകുന്നു. ബൈബിളുമായി പള്ളിയില്‍ പോകുന്നവരും, ചന്ദനക്കുറിതൊട്ട് മുണ്ടുടുത്ത് അമ്പലത്തില്‍നിന്നും വരുന്നവരും ഒക്കെ അബ്ബാസിയയുടെ ആഴ്ചാന്ത്യത്തിലെ മലയാളിക്കാഴ്ചകളാണ്.

പ്രഭാതങ്ങളില്‍ ഓടാന്‍ പോകുമായിരുന്നു, ഇടക്കാലത്ത്. അബ്ബാസിയയില്‍ ചെറിയൊരു മൈതാനമുണ്ട്. കാറ് പാര്‍ക്കുചെയ്യാനും മറ്റും ഉണ്ടാക്കിയ ഒരു ഗ്രൗണ്ട്. അവിടെയാണ് അബ്ബാസിയക്കാര്‍ വ്യായാമ നടത്തത്തിനും ഓട്ടത്തിനും മറ്റും എത്തുക. പരിഹാസപ്രിയരാണല്ലോ മലയാളികള്‍. അവര്‍ ആ മൈതാനത്തിനെ 'കൊളസ്ട്രോള്‍ ഗ്രൗണ്ട്' എന്ന് നാമകരണം ചെയ്തു. കൊളസ്ട്രോളും അനുബന്ധരോഗങ്ങളും ആയിക്കഴിയുമ്പോഴാണല്ലോ ആളുകള്‍ വ്യായാമത്തിനിറങ്ങുക.

ശൈത്യകാല പ്രഭാതങ്ങള്‍ക്ക് പ്രത്യേക ചാരുതയുണ്ട്. കൊളസ്ട്രോള്‍ ഗ്രൗണ്ടില്‍, ഓടുന്നതിനിടയ്ക്ക് പ്രഭാതത്തിന്റെ വെട്ടവീചികള്‍ ചക്രവാളത്തില്‍ ആലസ്യത്തോടെ പടരും. മരത്തലപ്പുകള്‍ക്കപ്പുറം, ഗിരിസാനുക്കളുടെ നിമ്നോന്നമായ ദിഗന്തസീമയ്ക്കപ്പുറം, ഉദയാര്‍ക്കന്‍ പകര്‍ത്തിയിടുന്ന കുങ്കുമപ്രഭാതങ്ങള്‍ മരുഭൂമിക്ക് അജ്ഞാതമാണ്. കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളുടെ വിടവിലൂടെയാണ്, ശീതമഞ്ഞിന്റെ തിരശീലയ്ക്കപ്പുറം, അബ്ബാസിയയുടെ ആകാശം വിവശമായി ചുമന്നുതുടങ്ങുക. ഇടയ്ക്കിടയ്ക്ക്, ആ ചുമപ്പിലൂടെ, അടുത്തുള്ള വിമാനത്താവളത്തിലേയ്ക്ക് തെന്നിത്താഴുന്ന ഗഗനയാനങ്ങള്‍. മഞ്ഞിന്റെ സുതാര്യതയില്‍ ആ വിമാനങ്ങള്‍ വരഞ്ഞിടുന്ന മങ്ങിയ അഭ്രരേഖ.

ഓഫീസില്‍ തിരക്കുള്ള ദിവസമായിരുന്നു എന്ന് ഓര്‍ക്കുന്നു. ഇടയ്ക്ക് ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നു.
-എടാ, ബിജു മരിച്ചുപോയി.
-ഏത് ബിജു?
-ഹ, എന്റെ അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന, പൊക്കമുള്ള..., നീ ഓര്‍ക്കുന്നില്ലേ?

ഞാന്‍ സ്തബ്ധനായിപ്പോയി.

ഫോണ്‍ വിളിച്ച കൂട്ടുകാരന്റെ അയല്‍ക്കാരന്‍ ബിജു. ആ നിലയ്ക്ക് പരിചയമുണ്ട്. സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. നല്ല ഉയരമുള്ള അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍.

അയാള്‍ എന്നും രാവിലെ കൊളസ്ട്രോള്‍ ഗ്രൗണ്ടില്‍ ഓടാനെത്തും. സംസാരിക്കാറില്ലെങ്കിലും കാണുമ്പോള്‍ പരസ്പരം ചിരിച്ച് അഭിവാദ്യം ചെയ്യും. അന്ന് രാവിലെയും കണ്ടതാണ്. ചിരിച്ചതാണ്. കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തതാണ്.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചുപോയിരിക്കുന്നു...!

ഓഫീസില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു.

സബാ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ ഒന്നിലേറെ തവണ പോയി നില്‍ക്കേണ്ടിവന്നിട്ടുണ്ട്. നാട്ടിലേയ്ക്ക് കയറ്റിവിടുന്നതിന് മുന്‍പ്, മരണപ്പെടുന്ന ആളുകളുടെ മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും, കുറച്ചുനേരം. കൂട്ടനിലവിളികളൊന്നും പൊതുവെ ഉണ്ടാവാറില്ല. പലപ്പോഴും, കരയേണ്ടവരൊക്കെ നാട്ടിലായിരിക്കും. പിരിയാന്‍ നേരം, പ്രിയപ്പെട്ട ആരെയെങ്കിലുമൊന്ന് അമര്‍ത്തിപിടിക്കാന്‍ പോലുമാവാതെ, നിരാലംബമായി മരണപ്പെട്ടതാവും. കൂട്ടുകാരും പരിചയക്കാരും ജോലിത്തിരക്കിനിടയില്‍ ഒന്നോടിവരും. നിര്‍വികാരമായി, നിശ്ശബ്ദമായി, ഒരല്പസമയം അവിടെ നില്‍ക്കും. ജോലിസ്ഥലത്തേയ്ക്ക് മടങ്ങുമ്പോള്‍, ആ മോര്‍ച്ചറിയുടെ തണുപ്പില്‍ മലര്‍ന്നുകിടന്ന ശരീരത്തിന്റെ മുഖം തന്റേതല്ലല്ലോ എന്ന് ആശ്വസിക്കുന്നു കൂടിയുണ്ടാവും അവര്‍.

ഉപജീവനത്തിനായി എത്ര വര്‍ഷം പരദേശത്ത് കഴിഞ്ഞാലും, ഒടുവില്‍, ജീവനോടെ നാട്ടിലെത്താന്‍ എല്ലാവരും അദമ്യമായി ആഗ്രഹിക്കുന്നു. ചില ഹതഭാഗ്യര്‍ക്ക് അതിന് സാധിക്കാതെ പോകുന്നു.

സന്ദര്‍ശകരെല്ലാം പോയിക്കഴിയുമ്പോള്‍, ആംബുലന്‍സില്‍, എത്രയും ഏകാന്തമായി ആ പെട്ടി യാത്രയാവുന്നു. എത്രയോ വര്‍ഷങ്ങള്‍ താമസിച്ച അബ്ബാസിയ എന്ന പരദേശപട്ടണത്തിന്റെ അരികിലൂടെ, അവസാനമായി തലയുയര്‍ത്തിയൊന്ന് നോക്കാനാവാതെ, അയാള്‍, വിമാനത്താവളത്തിലേയ്ക്ക്.

വിമാനത്തില്‍, ചരക്കുസാമാനങ്ങളുടെ ഇടയ്ക്ക്, അല്പം സ്ഥലം, ആ പെട്ടിക്കായി നീക്കിവച്ചിട്ടുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com