പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കണക്കിലെ കളികള്‍

എട്ടു രൂപയുടെ സെസ്സ് വര്‍ദ്ധനയിലൂടെ മാത്രം ഏതാണ്ട് 1.041.1 ലക്ഷം കോടിരൂപയുടെ അധിക നികുതി വരുമാനം  കേന്ദ്രസര്‍ക്കാരിന്  ലഭിക്കും
പെട്രോള്‍ വില എന്തുകൊണ്ട് കുറയുന്നില്ല? കണക്കിലെ കളികള്‍

ഗോള അവധി വ്യാപാര വിപണിയില്‍ പെട്രോളിയത്തിന്റെ വില പൂജ്യത്തിനു താഴേയ്ക്ക് കൂപ്പുകുത്തിയിട്ടും രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ യാതൊരു കുറവും വരുത്താതെ കുത്തനെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനതയുടെമേല്‍ വലിയ ഭാരമാണ് കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ നല്‍കേണ്ടി വരുന്ന ചില്ലറ വിലയില്‍ ഈ നികുതിഭാരം വര്‍ദ്ധനയൊന്നും വരുത്തുന്നില്ലെന്ന തൊടുന്യായം പറഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടു പോകുന്നത്. സാമ്പത്തികപരമായ കാര്യക്ഷമതയ്ക്ക് ആഗോള വിപണിവില അനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കണമെന്നു വാശിപിടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിനു കടകവിരുദ്ധമായി എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് വിലക്കുറവിന്റെ മുഴുവന്‍ നേട്ടവും സാധാരണ ജനങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട് വരുമാനം മുഴുവന്‍ സ്വന്തം ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്ന വൈരുദ്ധ്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.

യഥാര്‍ത്ഥത്തില്‍, നോട്ടുനിരോധനത്തില്‍ തുടങ്ങുകയും ജി.എസ്.ടിയോടുകൂടി തീവ്രമാവുകയും ചെയ്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴു െ്രെതമാസ കാലയളവുകളായി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് ആശങ്ക സൃഷ്ടിക്കുന്ന രീതിയില്‍ കൂപ്പുകുത്തിയിട്ടും അതേ വാചകത്തില്‍ത്തന്നെ രാജ്യത്തിന്റെ ഭാവിവളര്‍ച്ചാ സാധ്യതകളില്‍ ഓഹരികമ്പോളം ഊറ്റം കൊള്ളുന്നുണ്ടെന്നു പറഞ്ഞു വളര്‍ച്ചാനിരക്കിലുള്ള ഇടിവ് വെറും താല്‍ക്കാലികമാണെന്നു വ്യാഖ്യാനിക്കാനാണ് 2020ലെ സാമ്പത്തിക സര്‍വ്വെ വ്യഗ്രത കാണിച്ചത്. വളര്‍ച്ചനിരക്ക് കുറയുന്ന സമ്പദ്‌വ്യവസ്ഥയില്‍  നികുതിവരുമാനം കുറയുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍, അത്തരം കണക്കുകള്‍ മൂടിവെച്ചുകൊണ്ട് സാമ്പത്തികമാന്ദ്യം മറക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായാണ് 2020ലെ ബജറ്റില്‍ നികുതി വരുമാന കണക്കുകള്‍ പെരുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖപ്പെടുത്തിയത്.

പര്‍വ്വതീകരിച്ച നികുതിവരുമാന കണക്കുകള്‍

സാമ്പത്തിക സര്‍വ്വെ പ്രകാരം (പേജ് 45, വാല്യം 2) 2019 നവംമ്പര്‍ അവസാനം വരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം 7.32 ലക്ഷം കോടി മാത്രമാണ്. എന്നാല്‍, 2019- 2020ലെ അവസാന മതിപ്പ് കണക്കനുസരിച്ച് (പ്രൊവിഷണല്‍ എസ്റ്റിമേറ്റ്) അതിനു ശേഷമുള്ള ഒന്നരമാസം കൊണ്ട് 15.04 ലക്ഷം കോടിയായി നികുതി വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ബജറ്റ് അവകാശപ്പെടുന്നത്. എങ്ങനെയാണ് നികുതി വരുമാനം കേവലം ഒന്നര മാസംകൊണ്ട് ഇരട്ടിയിലധികമായി വര്‍ദ്ധിക്കുന്നതെന്ന വലിയ ചോദ്യം ഉത്തരം ലഭിക്കാതെ അവശേഷിക്കുകയാണ്.  യഥാര്‍ത്ഥത്തില്‍ നികുതി വരുമാനം സര്‍ക്കാര്‍ അവകാശപ്പെടുന്ന അളവില്‍ ഇല്ലെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ജെ.എന്‍.യുവിലെ പ്രൊഫസറായ ജയതി ഘോഷിന്റെ അഭിപ്രായത്തില്‍ ബജറ്റിലെ മുഴുവന്‍ കണക്കുകളും കേവലം നുണകള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍, നികുതി വരുമാനത്തിന്റെ കാര്യത്തില്‍ വലിയ ഇടിവാണ് കേന്ദ്ര സര്‍ക്കാരിനുണ്ടായിരിക്കുന്നത്. എന്നാല്‍, നവലിബറല്‍ ശക്തികളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധനകമ്മി 3.8 ശതമാനമെങ്കിലുമായി പിടിച്ചു നിര്‍ത്തേണ്ടതുണ്ടായിരുന്നു. അതിനായാണ് നികുതി വരുമാനത്തിന്റെ കാര്യത്തില്‍ ഇത്തരം 'പെരുപ്പം' (ഓവര്‍ എസ്സ്റ്റിമേഷന്‍) കടന്നു വന്നതെന്നു ന്യായമായും സംശയിക്കാം.

അതുകൊണ്ടാണ് ആഗോള വിപണികളില്‍ ക്രൂഡ് ഓയിലിന്റെ വില വലിയരീതിയില്‍ കുറഞ്ഞിട്ടും 2020 മാര്‍ച്ച് 14ന് അഡീഷണല്‍ എക്‌സൈസ് തീരുവ മൂന്നു രൂപ വീതം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിലക്കുറവിന്റെ നേട്ടം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍നിന്നു തട്ടിമാറ്റി ഖജനാവിലേക്ക് മുതല്‍കൂട്ടിയത്. ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നതുപോലെ 'ട്രേഡ് പാരിറ്റി െ്രെപസിങ്' രീതി സ്വീകരിക്കുന്നതുകൊണ്ടോ ഡോളര്‍  രൂപ വിനിമയനിരക്കിന്റെ സ്വാധീനംകൊണ്ടോ ഒന്നുമല്ല ചില്ലറ വില്‍പ്പന വിലയില്‍ കുറവ് സംഭവിക്കാതിരുന്നത്. ബജറ്റിലെ കണക്കും യഥാര്‍ത്ഥ നികുതി വരുമാനവും തമ്മിലുള്ള അന്തരം എങ്ങനെ നികത്താമെന്നോര്‍ത്ത് തല പുകഞ്ഞിരിക്കുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്ഓയില്‍ വിലയിടിവ് സുവര്‍ണ്ണാവസരമെന്ന രീതിയില്‍ കടന്നുവന്നത്. വിലക്കുറവ് മുഴുവന്‍ മുതലാക്കുന്ന രീതിയില്‍ അഡീഷണല്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചാണ് ഒറ്റയടിക്ക് ഏതാണ്ട് 39,000 കോടി രൂപയുടെ നികുതി വരുമാനം കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തത്.

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പരിപാടികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതും റവന്യൂ വരുമാനത്തിലുള്ള കുറവ് നികത്തുകയെന്ന മേല്‍പ്പറഞ്ഞ ലക്ഷ്യംവെച്ച് മാത്രമാണ്. ഏതാണ്ട് 7800 കോടിരൂപയാണ് അതുവഴി കേന്ദ്ര ഖജനാവിലേക്ക് എത്തിയത്. അതല്ലായിരുന്നെങ്കില്‍ ഒപ്പംതന്നെ പ്രസ്തുത തുകയ്ക്ക് നടത്താന്‍ കഴിയുമായിരുന്നു പുതിയ ചെലവ് ചെയ്യല്‍ പരിപാടികള്‍കൂടി പ്രഖ്യാപിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, കൊവിഡ് മഹാമാരിയുടെ പേരില്‍  സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തിലുളള കുറവ് നികത്താനുള്ള മുതലെടുപ്പു ശ്രമമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്നു നടത്തിയത്.

എന്നാല്‍, ഇതുകൊണ്ടൊന്നും തീരുന്നതല്ല നികുതിവരുമാനത്തിലുള്ള അന്തരം. 2020ലെ ബജറ്റ് പ്രകാരം 20202021 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന നികുതിവരുമാനം 16.3 ലക്ഷം കോടി രൂപയാണ്. അത്രയുമെങ്കിലും നികുതിവരുമാനം ഉയര്‍ത്തി കാണിച്ചില്ലെങ്കില്‍ മൂലധന വിപണിയില്‍ വമ്പന്‍ നിക്ഷേപം നടത്തിയിട്ടുള്ള പണമൂലധന ശക്തികളെ (ഫൈനാന്‍സ് കാപ്പിറ്റല്‍) തൃപ്തിപ്പെടുത്താനായി ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. 20192020ല്‍ ലഭിച്ചെന്നു പറയപ്പെടുന്ന 15.04 ലക്ഷം കോടിയുടെ നികുതിവരുമാനം തന്നെ യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വളരെ കുറവാണെന്നു കണ്ടുകഴിഞ്ഞു. അങ്ങനെയെങ്കില്‍, ഇപ്പോഴത്തെ അടച്ചിരിപ്പിന്റെ ആഘാതം കൂടിയാകുമ്പോള്‍ നികുതിവരുമാനത്തില്‍ ഭീമമായ കുറവായിരിക്കും സംഭവിക്കുക. അതിനാല്‍ത്തന്നെ ഏതുവിധേനയും ബജറ്റില്‍ പെരുപ്പിച്ച് കാണിച്ചിട്ടുള്ള നികുതിവരുമാന കണക്ക് സംരക്ഷിക്കേണ്ടതുണ്ട്.

പെട്രോളിയം സെസ്സ് കുറുക്കുവഴികള്‍

നികുതി വരുമാന കണക്കിലുള്ള അന്തരം നികത്താനുള്ള കുറുക്കുവഴിയായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. കൊവിഡ് പ്രതിസന്ധിയുടെ ഫലമായി അന്താരാഷ്ട്ര വിപണികളില്‍ ക്രൂഡോയില്‍ വിലകുറയുമെന്ന് പൊതുവേ അറിയാവുന്ന കാര്യമാണ്. എന്നാല്‍, വിശേഷ അധിക എക്‌സൈസ് തീരുവ (സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി) അതിന്റെ അനുവദനീയമായ പരിധിയിലെത്തി നില്‍ക്കുകയായിരുന്നു. അതു വര്‍ദ്ധിപ്പിക്കണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഉണ്ടായേക്കാവുന്ന  വിലക്കുറവിന്റെ നേട്ടം സാധാരണ ജനങ്ങള്‍ക്ക് നല്‍കാതെ മുഴുവനായി കൈക്കലാക്കുന്നതിനു കഴിയുകയുള്ളൂ. അങ്ങനെയാണ് സവിശേഷ തീരുവയുടെ പരിധി എട്ടു രൂപ വീതം വര്‍ദ്ധിപ്പിച്ച് മാര്‍ച്ച് 23ന് കേന്ദ്ര സര്‍ക്കാര്‍ ധനബില്‍ പാസ്സാക്കിയത്.

തുടര്‍ന്നിപ്പോള്‍ മെയ് മാസം അഞ്ചിന് ഡീസലിനു 10 രൂപയും പെട്രോളിനു 13 രൂപയും എക്‌സൈസ് തീരുവ വദ്ര്‍ധിപ്പിച്ചുകൊണ്ട് നികുതി വരുമാനക്കുറവ് നികത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ വര്‍ദ്ധിപ്പിച്ചതില്‍ എട്ടു രൂപ വീതം അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് വികസനത്തിനുമായുള്ള സെസ്സ് എന്നു വിളിക്കുന്ന 'അധിക എക്‌സൈസ് തീരുവയാണ്.' ബാക്കിയുള്ളത് 'സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് തീരുവയാണ്.' അതായത് പെട്രോളിന്റേയും ഡീസലിന്റേയും മേല്‍ യഥാക്രമം അഞ്ച് രൂപയുടേയും രണ്ടു രൂപയുടേയും തീരുവ. അതിന്റെ 41 ശതമാനം മാത്രം ധനകമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാനങ്ങള്‍ക്കു വീതിച്ചു നല്‍കിയാല്‍ മതി. ബാക്കിയുള്ള 51 ശതമാനം കേന്ദ്ര സര്‍ക്കാരിനു ലഭിക്കും.

എന്നാല്‍, അധിക എക്‌സൈസ് തീരുവയെന്ന സെസ്സ് വരുമാനം ധനകമ്മീഷന്റെ പരിധിക്ക് പുറത്തായതിനാല്‍ അത് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല. പെട്രോള്‍  ഡീസല്‍ വിലയിലുള്ള ഓരോ രൂപയുടെ വര്‍ദ്ധനവും ശരാശരി 13,00014,500 കോടി രൂപയുടെ നികുതിവരുമാനമാണ് ഒരു വര്‍ഷക്കാലയളവില്‍ സൃഷ്ടിക്കുക. അതായത് എട്ടു രൂപയുടെ സെസ്സ് വര്‍ദ്ധനവിലൂടെ മാത്രം ഏതാണ്ട് 1.041.1 ലക്ഷം കോടിരൂപയുടെ അധിക നികുതി വരുമാനമാണ് ഒറ്റയടിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈക്കലാക്കിയത്. എന്നാല്‍, ഇങ്ങനെയെത്തുന്ന തുക മുഴുവന്‍ കേന്ദ്ര ബജറ്റിലെ നികുതിവരുമാന കുറവ് നികത്തുന്നതിനായിരിക്കും ഉപയോഗിക്കപ്പെടുക. പലരും കരുതുന്നതുപോലെ മഹാമാരിയെത്തുടര്‍ന്നുണ്ടായ അധിക ചെലവ് നേരിടുന്നതിന് ഈ തുക ലഭ്യമാകില്ല. കാരണം പ്രസ്തുത വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ചെലവിനങ്ങള്‍ ബജറ്റില്‍ മുന്‍കൂട്ടി തന്നെ തീരുമാനിക്കപ്പെട്ടവയാണ്.

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞിട്ടുകൂടി, കൊവിഡ് മഹാമാരിയില്‍ തകര്‍ന്നിരിക്കുന്ന ജനതയുടെമേല്‍ വീണ്ടും ജനദ്രോഹപരമായ തീരുവ വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കേണ്ടി വരുന്നത് കേന്ദ്ര സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. നോട്ടു നിരോധനം നടപ്പിലാക്കിയതു മുതല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയാണിത്.  സാമ്പത്തിക മാന്ദ്യമുണ്ടെന്ന് അംഗീകരിക്കാന്‍ പോലും കേന്ദ്ര ബജറ്റുള്‍പ്പടെയുള്ളവ തയ്യാറായിട്ടില്ലെന്ന കാര്യം പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുകയാണ്. പൊതു ചെലവ് ചെയ്യല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചിരുന്നെങ്കില്‍ സാമ്പത്തിക മാന്ദ്യവും നികുതിവരുമാനത്തിലുണ്ടായ ഇടിവുമൊക്കെ മറികടക്കാന്‍ കഴിയുമായിരുന്നു. പെട്രോളിയം വിലയിലുണ്ടായിരിക്കുന്ന വിലക്കുറവിന്റെ നേട്ടം സാധാരണ ജനങ്ങള്‍ക്കും രാജ്യത്തിനു തന്നെയും അതേപടി പകര്‍ന്നു നല്‍കി ആശ്വാസമേകാമായിരുന്നു. വലിയ ഭൂരിപക്ഷം നല്‍കുന്ന ശക്തിയോടെ അധികാരത്തിലേറിയിട്ടും മോഡി സര്‍ക്കാരിന് നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ചൊല്‍പ്പടിയില്‍ത്തന്നെ പ്രവര്‍ത്തിക്കേണ്ടി വരികയാണ്. മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധിയേക്കാള്‍ വലിയ വെല്ലുവിളികള്‍ രാജ്യം നേരിടുന്നുണ്ടെന്ന വസ്തുതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com