ജീവിതം അവസാനിപ്പിക്കുന്ന ബാല്യങ്ങള്‍

മികച്ച കൗണ്‍സലിങ്ങിലൂടെയോ അനുഭാവത്തോടെയുള്ള സംസാരം കൊണ്ടോ തീര്‍ക്കാവുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നതിന് ആരാണ് ഉത്തരവാദികള്‍?
ജീവിതം അവസാനിപ്പിക്കുന്ന ബാല്യങ്ങള്‍

2020 ഏപ്രില്‍ ഒന്ന്  

ച്ഛന്റെ മൊബൈല്‍ ഫോണില്‍ ടിക് ടോക് വീഡിയോ കണ്ടിരിക്കുകയായിരുന്നു 13 വയസ്സുള്ള പെണ്‍കുട്ടി. ഇതിനിടയില്‍ ഫോണില്‍ ഹോട്സ്പോട്ട് ഓണ്‍ ചെയ്യാന്‍ സഹോദരന്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടി അത് അനുസരിച്ചില്ല. വീഡിയോ കാണുന്നത് തുടര്‍ന്നു. ദേഷ്യം വന്ന സഹോദരന്‍ ഫോണ്‍ പിടിച്ചുവാങ്ങി. ദേഷ്യപ്പെടുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്ത സങ്കടത്തിലും ദേഷ്യത്തിലും അവള്‍ മുറിയില്‍ കയറി വാതിലടച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ക്കെല്ലാം മുറിയില്‍ കയറി വാതിലടച്ചിരിക്കുന്ന സ്വഭാവമുള്ളതിനാല്‍ വീട്ടുകാരാരും അതു കാര്യമായി ശ്രദ്ധിച്ചില്ല. കുറേ നേരം കഴിഞ്ഞും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് അച്ഛന്‍ വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന മകളെയാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

2020 മാര്‍ച്ച് 19

വീട്ടിലെ കുളിമുറിയില്‍ കയറി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പതിനാറുകാരി മരിച്ചു. പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിനു കാരണം. അടുത്ത പ്രദേശത്തെ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അച്ഛനും അമ്മയും ഇതിനെ എതിര്‍ക്കുകയും ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ ഇനി യുവാവിനെ കാണുകയോ സംസാരിക്കുകയോ ചെയ്യില്ലെന്നു വാക്ക് കൊടുത്തു. പിന്നീടുള്ള ദിവസങ്ങളിലെ പെണ്‍കുട്ടിയുടെ മാനസിക സംഘര്‍ഷം ആരും ശ്രദ്ധിച്ചില്ല. മരണത്തിന്റെ ദിവസം പെണ്‍കുട്ടി യുവാവിനെ കാണുകയും മാതാപിതാക്കള്‍ക്ക് ഈ ബന്ധം താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം സ്വയം ജീവനൊടുക്കി.

2020 ഫെബ്രവരി 24

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിനഞ്ചുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തില്‍ ശരാശരി നിലവാരം. ജോലി കഴിഞ്ഞെത്തിയ അമ്മ, മകന്‍ പഠിക്കാതെ വെറുതെ സമയം കളയുന്നതിനെച്ചൊല്ലി വഴക്കുപറഞ്ഞു. മുറിയില്‍ കയറി വാതിലടച്ച മകനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.
.......

കുട്ടികളുടെ ആത്മഹത്യകള്‍ കേരളത്തില്‍ കൂടിവരികയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് മാത്രം, മാര്‍ച്ച് 25 മുതല്‍ ജൂലൈ 10 വരെ 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. മികച്ച കൗണ്‍സലിങ്ങിലൂടെയോ അനുഭാവത്തോടെയുള്ള സംസാരം കൊണ്ടോ തീര്‍ക്കാവുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നതിന് ആരാണ് ഉത്തരവാദികള്‍? കുടുംബവും വീട്ടുകാരും കുട്ടികളെ കൃത്യമായ രീതിയില്‍ മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലേക്ക് മാറുന്നതാണ് ആത്മഹത്യയിലേക്ക് അവരെ നയിക്കുന്നത്. ഒറ്റപ്പെടുന്നു എന്ന ചിന്തയും കേള്‍ക്കാനും പിന്തുണയ്ക്കാനും ആരുമില്ല എന്ന തോന്നലും കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്കെത്തിക്കുകയാണ്.

മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാം, പരിഹരിക്കാന്‍ പറ്റുന്ന നിസ്സാരമായ കാരണങ്ങളാണ് ഓരോ മരണത്തിനും പിന്നിലെന്ന്. 2020 ജനുവരി മുതല്‍ ജൂലൈ വരെ 158 കുട്ടികളാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്.

ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷം കുട്ടികളുടെ ആത്മഹത്യ വര്‍ദ്ധിപ്പിച്ചു എന്നു പൂര്‍ണ്ണമായി പറയാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 83 കുട്ടികളുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും മാതാപിതാക്കളുടെ കൂടെ വീടുകളില്‍ത്തന്നെ കൂടുതല്‍ സമയം ചെലവഴിച്ച ഈ ലോക്ഡൗണ്‍ കാലത്ത് ഇത്രയധികം കുട്ടികള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതിനെ ഗൗരവമായി കാണേണ്ടതാണ്. മാതാപിതാക്കളുടെ സാമീപ്യവും സംരക്ഷണവും കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തില്‍നിന്നു മാറ്റുമെന്ന് പറയപ്പെടുന്നതിനെ ഖണ്ഡിക്കുന്നതാണ് ഈ കണക്കുകള്‍. 2014-ല്‍ 330, 2015-ല്‍ 297, 2016-ല്‍ 242 എന്നിങ്ങനെയാണ് കേരളത്തില്‍ 18 വയസ്സില്‍ താഴെയുള്ളവരുടെ മുന്‍വര്‍ഷത്തെ ആത്മഹത്യാക്കണക്ക്. കുട്ടികളിലെ ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്.

കൊവിഡ് കാലത്തെ ഒറ്റപ്പെടലും സ്‌കൂളില്‍ പോകാനും കൂട്ടുകാരുമായി ഇടപഴകാന്‍ കഴിയാത്തതും കുട്ടികളെ ബാധിക്കുന്നുണ്ട്. കൊവിഡും ലോക്ഡൗണും നേരിട്ടു ബാധിച്ച മൂന്ന് ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് ഭീതി കാരണം കൂട്ടുകാരോടൊത്ത് കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനേക്കാളൊക്കെ പ്രധാനമാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അപ്രാപ്യമാകുന്ന കുട്ടികളിലെ സംഘര്‍ഷം. ആവശ്യത്തിന് മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കംപ്യൂട്ടറോ ടി.വിയോ ഇല്ലാത്ത കുട്ടികള്‍ ഇപ്പോഴുമുണ്ട്. നെറ്റ്വര്‍ക്ക് ലഭ്യമാകാത്ത ഇടങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ വിദ്യാഭ്യാസം ഡിജിറ്റലായി എന്ന അവകാശവാദത്തിനു വലിയ പ്രസക്തിയൊന്നുമില്ല. വൈദ്യുതി എത്താത്ത ആദിവാസി ഗ്രാമങ്ങളും ഓണ്‍ലൈന്‍ ക്ലാസ്സിനു മൊബൈലില്‍ റേഞ്ച് തേടി കിലോമീറ്ററുകള്‍ കുന്നിനു മുകളില്‍ പോയി ഇരിക്കുന്ന കുട്ടികളും നമുക്കിടയിലുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്. എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളെ തളര്‍ത്തുന്നത് പല രീതിയിലാണ്. ഔദ്യോഗിക കണക്കുപ്രകാരം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യയില്‍ മുന്നില്‍ പെണ്‍കുട്ടികള്‍

ഈ വര്‍ഷം ജുലൈ വരെയുള്ള ആത്മഹത്യയില്‍ 57 ശതമാനം പെണ്‍കുട്ടികളാണ്. 158-ല്‍ 90 പേര്‍. തൃശൂരിലാണ് ഏറ്റവും കൂടുതല്‍, 13 പെണ്‍കുട്ടികള്‍. മൊത്തം കുട്ടികളുടെ ആത്മഹത്യാകണക്കെടുത്താല്‍ 15-18 പ്രായപരിധിയില്‍ വരുന്നവരാണ് കൂടുതല്‍, 108 പേര്‍. ഇതില്‍ തന്നെ 66 ശതമാനം പെണ്‍കുട്ടികളാണ്. ചെറിയ കുട്ടികളുടെ മരണത്തില്‍ ആണ്‍കുട്ടികളാണ് കണക്കില്‍ കൂടുതല്‍. ഒന്‍പതിനും 14-നും ഇടയിലുള്ള 49 ആത്മഹത്യകളില്‍ 30 പേരും ആണ്‍കുട്ടികളാണ്.

പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിലും കൂടുതല്‍ ആത്മഹത്യ ചെയ്തത് പെണ്‍കുട്ടികളാണ്. 13 പേര്‍. ഒരാണ്‍കുട്ടി മാത്രമാണ് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത്. കുടുംബത്തിനകത്തുണ്ടാകുന്ന പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ്. 10 പേരുടെ ആത്മഹത്യ ഇക്കാരണത്താലാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാരണം 16 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ആണ്‍കുട്ടികളില്‍ ഇത് എട്ടാണ്. 158 മരണങ്ങളില്‍ പകുതിയോളം തിരുവനന്തപുരം (21), മലപ്പുറം (22), തൃശൂര്‍ (18), പാലക്കാട് (15) ജില്ലകളിലായാണ്. തൂങ്ങിമരണമാണ് കൂടുതലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 134 പേരും (ഏകദേശം 85 ശതമാനം) ഈ രീതിയിലാണ് മരിച്ചത്. അതില്‍ത്തന്നെ കൂടുതലും പകല്‍സമയത്ത് വീടുകള്‍ക്കുള്ളിലും. സാമ്പത്തികസ്ഥിതി പരിശോധിച്ചാല്‍ ഇടത്തരം കുടുംബത്തില്‍ 81, താഴ്ന്ന വരുമാനക്കാരില്‍ 60, ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ളവരില്‍ 14 എന്നിങ്ങനെയാണ് കണക്ക്. അതായത് 91 ശതമാനം പേരും ഇടത്തരം-താഴ്ന്ന സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികളാണെന്നു കാണാം.

മിടുക്കരുടെ മരണം

മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും പഠനനിലവാരം ഉള്ളവരായിരുന്നു. 50 പേര്‍ ഉന്നത പഠനനിലവാരം ഉള്ളവരും 74 പേര്‍ ശരാശരി നിലവാരത്തിലുള്ളവരുമാണ്. 29 കുട്ടികള്‍ ശരാശരിയില്‍ താഴെ പഠനമികവ് പുലര്‍ത്തിയവരാണ്. പഠനമികവില്‍ പ്രസിഡന്റില്‍നിന്നു മെഡല്‍ വാങ്ങിയ കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റും സ്‌കൂള്‍ ലീഡര്‍മാരും കണക്കില്‍പ്പെടുന്നത് കൂടുതല്‍ ഗൗരവമായി കാണേണ്ടിവരും. മാനസികമായും ശാരീരികമായും ദുര്‍ബ്ബലരായ കുട്ടികളെയാണ് പൊതുവെ ആത്മഹത്യാ പ്രവണതയുള്ളവരായി പരിഗണിക്കുന്നത്. സ്മാര്‍ട്ടായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ അച്ഛനമ്മമാരോ അദ്ധ്യാപകരോ കാര്യമായി ശ്രദ്ധിക്കാറില്ല. അവരിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ മാനസികമായി കരുത്തുള്ളവരാണ് എന്നു കരുതരുത്. മുകളില്‍ പറഞ്ഞ മൂന്നുകുട്ടികളുടെ മരണം അത്തരത്തിലുള്ളതാണ്.

158-ല്‍ 40 പേരുടെ മരണകാരണം വ്യക്തമല്ല. പുറമേയ്ക്ക് വളരെ ചുറുചുറുക്ക് കാണിച്ച കുട്ടികളാണ് ഇവരില്‍ ഏറെയും. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. കാരണങ്ങള്‍പോലും തിരിച്ചറിയപ്പെടാതെ പോകുകയാണ്. സ്‌കൂളുകളില്‍ നടക്കുന്ന കൗണ്‍സലിങ് സെഷനിലാണ് കുട്ടികള്‍ നേരിടേണ്ടിവന്ന ലൈംഗിക ചൂഷണങ്ങള്‍ തുറന്നുപറയുന്നത്. സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് അതിനുള്ള അവസരം ഇല്ലാതായി. 'കാരണങ്ങളില്ലാത്ത' ആത്മഹത്യകള്‍ ഇതുകൊണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പലവിധ മാനസിക വിഷമങ്ങളായിരിക്കാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. മുതിര്‍ന്ന ഒരാളിനെപ്പോലെ കൈകാര്യം ചെയ്യേണ്ടവരല്ല കുട്ടികള്‍. മരണകാരണങ്ങളെല്ലാം തന്നെ വളരെ നിസ്സാരമെന്നു തോന്നിക്കുന്നവയാണ്. കാരണങ്ങളേക്കാള്‍ മുതിര്‍ന്നവര്‍ അത് കൈകാര്യം ചെയ്ത രീതിയാണ് ഭൂരിഭാഗം കുട്ടികളേയും മരണത്തിലേക്കെത്തിച്ചത്. അച്ഛനമ്മമാര്‍ വഴക്കു പറഞ്ഞതിനാണ് 19 കുട്ടികള്‍ ആത്മഹത്യ ചെയ്തത്. 14 പേര്‍ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കാരണവും. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും 12 പേരെ ആത്മഹത്യയിലെത്തിച്ചു.

റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ കുട്ടികളും മണിക്കൂറുകളോളം മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്നവരാണ്. ഏറെ നേരം കഴിഞ്ഞ് മുറിയില്‍ ചെന്നു നോക്കുമ്പോഴാണ് പല മരണങ്ങളും ബന്ധുക്കള്‍ കണ്ടത്. കുട്ടികളും വീട്ടുകാരും തമ്മിലുള്ള സംസാരം കുറയുന്നതും വീടിനുള്ളില്‍ ആവശ്യത്തിനുള്ള ശ്രദ്ധ കുട്ടികള്‍ക്ക് കിട്ടാതിരിക്കുന്നതിന്റേയും ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ഇത് ചൂണ്ടിക്കാട്ടുന്നു. മരിച്ചവരില്‍ 74 ശതമാനം പേരും അച്ഛനും അമ്മയ്ക്കുമൊപ്പം സ്വന്തം വീടുകളില്‍ താമസിക്കുന്ന കുട്ടികളാണ്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും അവരര്‍ഹിക്കുന്ന രീതിയില്‍ അതിനു പരിഹാരം കാണുന്നതിലും മാതാപിതാക്കള്‍ പരാജയപ്പെട്ടുപോകുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അണുകുടുംബം, വീടിനുള്ളിലെ ആത്മഹത്യ, മരണസമയത്ത് മാതാപിതാക്കള്‍ ഉണ്ടായിരിക്കുക എന്നീ മൂന്നു ഘടകങ്ങള്‍ പ്രാധാന്യമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പരിഗണനയും പിന്തുണയും കുടുംബത്തിനകത്ത് ഉണ്ടാകുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മരിച്ചവരില്‍ 89 ശതമാനം പേരും മറ്റു മാനസികപ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളില്‍ ഉള്ളവരല്ല. ഒറ്റക്കുട്ടികളുള്ള കുടുംബത്തിലാണ് കുട്ടികള്‍ കൂടുതല്‍ ഒറ്റപ്പെടുന്നതെന്നും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്നും പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും ഈ കണക്കുകള്‍ അത് ശരിയല്ലെന്നു സൂചിപ്പിക്കുന്നു. 158-ല്‍ 145 പേരും ഒന്നോ അതില്‍ കൂടുതലോ സഹോദരങ്ങളുള്ള കുട്ടികളായിരുന്നു.

ആര്‍. ശ്രീലേഖ ഐ.പി.എസ്. ചെയര്‍മാനും ടി.വി. അനുപമ ഐ.എ.എസ്. കണ്‍വീനറുമായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാറിന്റെ ജെന്റര്‍ അഡ്വൈസര്‍ ടി.കെ. ആനന്ദി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം തലവന്‍ ഡോ. അനില്‍ പ്രഭാകരന്‍, എസ്.എ.ടി. അഡീഷണല്‍ പ്രൊഫസര്‍ ഡോ. ആര്‍. ജയപ്രകാശ് എന്നിവരായിരുന്നു അംഗങ്ങള്‍. കുട്ടികളുടെ മാനസിക വിഷമങ്ങളും അവര്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും തിരിച്ചറിയുകയാണ് പ്രധാനം. കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴും കൈകാര്യം ചെയ്യപ്പെടുന്നത്. കൗണ്‍സലിങ്ങും മരുന്നുകളും ആവശ്യമുള്ള കുട്ടികളുണ്ടാവാം. അത് തിരിച്ചറിയപ്പെടുക എന്നതാണ് പ്രധാനം. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മോണിറ്ററിംഗ് കമ്മിറ്റി, സ്‌കൂളുകളില്‍ ഗ്രൂപ്പ്, പഞ്ചായത്ത്, കുടുംബശ്രീ, അങ്കണവാടി തുടങ്ങിയവയെ ഏകോപിപ്പിച്ച് ബോധവല്‍ക്കരണം, രക്ഷിതാക്കള്‍ക്ക് പരിശീലനം, അദ്ധ്യാപകര്‍ക്ക് പരിശീലനം, ലോക്ഡൗണ്‍ കാലത്തെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങി കുട്ടികളിലെ ആത്മഹത്യകള്‍ തടയാനും മാനസികമായി കരുത്തരാക്കാനുമുള്ള ഒട്ടേറെ ശുപാര്‍ശകളും സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com