നാളെയുടെ കാവല്‍ക്കാര്‍ 

മണ്ണും വെള്ളവും വായുവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഇരകളില്‍നിന്നുള്ളവര്‍ തന്നെയാണ്
നാളെയുടെ കാവല്‍ക്കാര്‍ 

രാണ് നാളെയുടെ കാവല്‍ക്കാര്‍? ഗ്ലോബല്‍ വിറ്റ്നസ് പറയുന്നത് അത് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണ്. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരേതര സന്നദ്ധസംഘടനയാണ് ഗ്ലോബല്‍ വിറ്റ്‌നസ്. ആഗോളതലത്തില്‍ പ്രകൃതി വിഭവചൂഷണം, ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അവര്‍ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ഭാവിക്ക് പ്രതിരോധ കവചമാവുക (defending tomorrow) എന്നാണതിന്റെ തലക്കെട്ട്. ഉള്ളടക്കം സവിശേഷമായ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. ആഗോളതലത്തില്‍ത്തന്നെ പരിസ്ഥിതിക്കും ഭൂമിക്കുംവേണ്ടി കൊല്ലപ്പെട്ട ആക്ടിവിസ്റ്റുകളെക്കുറിച്ച് ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇതൊരു കണക്കെടുപ്പാണ്. മണ്ണിനും വെള്ളത്തിനും വേണ്ടി, ജീവിക്കാനുള്ള ദരിദ്രന്റേയും ആദിമനിവാസികളുടേയും അവകാശങ്ങള്‍ക്കുവേണ്ടി, മൂലധനത്തോടും കോര്‍പ്പറേറ്റുകളോടും ഏറ്റുമുട്ടി കൊല്ലപ്പെട്ട പോരാളികളുടെ കണക്കെടുപ്പ്. ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളും മൂലധനശക്തികളും ചേര്‍ന്ന് 2019-ല്‍ മാത്രം 21 രാജ്യങ്ങളിലായി 212 പരിസ്ഥിതി -മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

വെടിയൊച്ചകളും മര്‍ദ്ദനമുറകളും അവസാനിക്കുന്നില്ലെന്നും ഇരവിലും പകലിലും അവ പോരാളികള്‍ക്ക് നേരെ കണ്‍തുറിച്ച് ജാഗ്രതയോടെ ഭീഷണമായി തുടരുന്നുണ്ടെന്നും അതിന് ദേശാതിര്‍ത്തികളൊന്നും തടസ്സമല്ലെന്നും ഗ്ലോബല്‍ വിറ്റ്നസ്സ് കണക്കുകള്‍ വച്ച് സമര്‍ത്ഥിക്കുന്നു. 212 എന്ന സംഖ്യ ഇതുവരെ വന്നിട്ടുള്ള ഇത്തരം കൊലപാതക കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അതിന്റെ അര്‍ത്ഥം പരിസ്ഥിതിക്കും ഭൂമിക്കും മനുഷ്യാവകാശങ്ങള്‍ക്കും ആദിമജനതയുടെ അവകാശങ്ങള്‍ക്കും വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ കൊന്നുകളയുന്ന പ്രവണത വര്‍ഷം പ്രതി കൂടിവരുന്നു എന്നാണ്. ഒരു ശരാശരിക്കണക്ക് പറഞ്ഞാല്‍ രണ്ടായിരത്തി പത്തൊന്‍പതിലെ ഓരോ ആഴ്ചയിലും നാലിലധികം പരിസ്ഥിതിപ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാവപ്പെട്ടവന്റെ ചോരയിലും നിലവിളിയിലുമാണ് മൂലധനം അതിന്റെ ചുവടുറപ്പിച്ച് നില്‍ക്കുന്നത് എന്നതിന് മറ്റൊരു തെളിവ് വേണ്ട.

എന്തുകൊണ്ട് ഇത്തരം കൊലപാതകങ്ങള്‍ പെരുകുന്നു? പരിസ്ഥിതിത്തകര്‍ച്ച ഇത്തരം വര്‍ഗ്ഗപരമായ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു എന്നാണ് നിരീക്ഷണം. ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റവും മനുഷ്യജീവിതം കൂടുതല്‍ ദുരിതത്തിലാക്കുന്ന വര്‍ത്തമാനകാലത്ത് പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപിക്കുകയും അത് പ്രതിരോധപ്രവര്‍ത്തകരും മൂലധനശക്തികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തീക്ഷ്ണമാക്കുകയും ചെയ്യുന്നതാണ് കൊലപാതകങ്ങള്‍ പെരുകാന്‍ കാരണം എന്നാണ് ഗ്ലോബല്‍ വിറ്റ്നസ്സ് വിലയിരുത്തിയിട്ടുള്ളത്. ഈ പ്രക്ഷോഭങ്ങള്‍ ആകമാനം നിരര്‍ത്ഥകമായിപ്പോയൊന്നുമില്ല. പണ്ട് സൈലന്റ് വാലി സംരക്ഷണ സമരത്തിലേയ്ക്ക് സംഭാവന അയച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയത് തോല്‍ക്കാനുള്ള യുദ്ധത്തില്‍ എന്നെയും പങ്കാളിയാക്കുക എന്നായിരുന്നുവല്ലോ? എന്നാല്‍, എല്ലാ യുദ്ധങ്ങളും നിരുപാധികം തോല്‍ക്കാനുള്ളതല്ലെന്ന് വര്‍ത്തമാനകാല അനുഭവം നമ്മോട് വീണ്ടും വീണ്ടും പറയുന്നുണ്ട്. കഴിഞ്ഞ കൊല്ലം പരിസ്ഥിതി സംഘര്‍ഷത്തിന്റെ മേഖലയില്‍ വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാവുകയും അതുവഴി പരിസ്ഥിതി പ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ കൂടുതലായി പ്രത്യക്ഷപ്പെടുകയും ചെയ്തതും കൊലപാതകങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് എന്ന വിലയിരുത്തല്‍ തന്നെ ഇതിന്റെ തെളിവ്.

ഇതൊരു കാല്പനിക യുദ്ധഭൂമിയല്ല. ഒരു വശത്ത് ഭരണകൂടങ്ങളും മൂലധനശക്തികളും അണിനിരക്കുകയും മറുവശത്ത് പരിസ്ഥിതി ആക്ടിവിസ്റ്റുകള്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന കേവലം ഋജുരേഖാത്മകമായ ഒരു സംഘര്‍ഷം മാത്രമല്ല ഇത്. അതിനുമപ്പുറത്ത് പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയമായ ഒരു മാനം നിലനില്‍ക്കുന്നതും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതാപനത്തിന് ഉത്തരവാദികള്‍ ആര്, അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് ആര് എന്ന ചോദ്യം ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. ആഗോളതാപനത്തിനും കാലാവസ്ഥാമാറ്റത്തിനും കാരണമാകുന്നവരല്ല അതിന്റെ ദോഷഭോക്താക്കള്‍ എന്ന വൈരുദ്ധ്യം കാണുന്നുവെന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ മേന്മ. കാലാവസ്ഥാ അപകടം സൃഷ്ടിക്കുന്നതില്‍ വളരെ കുറഞ്ഞ പങ്ക് മാത്രമുള്ളവര്‍ക്കായിരിക്കും കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരികയെന്നതാണ് വാസ്തവം. വിശേഷിച്ചും വനമേഖലയിലെ ആദിമനിവാസികള്‍, തീരദേശവാസികള്‍, സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ എന്നിവരായിരിക്കും കൂടുതല്‍ ദുരിതഫലം അനുഭവിക്കുന്നവര്‍. വരള്‍ച്ച, വെള്ളപ്പൊക്കം, അതിവര്‍ഷം, ചുഴലിക്കാറ്റുകള്‍ എന്നിവ മൂലം അപകടത്തിലാകുന്നത് ഇത്തരം ജനവിഭാഗങ്ങളുടെ വാസസങ്കേതങ്ങളായിരിക്കും. സ്ത്രീകളും പെണ്‍കുട്ടികളുമാണ് പ്രകൃതിദുരന്തങ്ങളില്‍ ആപേക്ഷികമായി കൂടുതല്‍ കൊല്ലപ്പെടുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. അങ്ങനെ നോക്കിയാല്‍ പൊതുവില്‍ ദുര്‍ബലരാണ് കാലാവസ്ഥാമാറ്റത്തിന്റെ ഇരകളായിത്തീരുന്നത്. അതിന്റെ കാരണക്കാരോ വന്‍കിട മൂലധനശക്തികളും തെറ്റായ നയങ്ങള്‍ പിന്തുടരുന്ന ഭരണകൂടങ്ങളും.

പരിസ്ഥിതിക്കുവേണ്ടി കൊല്ലപ്പെടുന്നവര്‍

പ്രതിരോധത്തിനിറങ്ങുന്നത് ആരാണ്? അത് എഴുത്തുകാരോ ബുദ്ധിജീവികളോ അല്ല. രാഷ്ട്രീയ നേതൃത്വം പോലുമല്ല; മണ്ണും വെള്ളവും വായുവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് ഇരകളില്‍നിന്നുള്ളവര്‍ തന്നെയാണ്. സ്വാഭാവികമായും പരിസ്ഥിതിക്കുവേണ്ടി കൊല്ലപ്പെടുന്നവരില്‍ നിര്‍ണ്ണായകമായ പങ്കും ആദിമനിവാസികളില്‍ നിന്നുള്ളവരായിത്തീരുന്നു. ഇങ്ങനെ കൊല്ലപ്പെടുന്നവരില്‍ ഏതാണ്ട് നാല്‍പ്പത് ശതമാനം പേര്‍ ആദിമജനങ്ങള്‍ തന്നെയാണെന്നും ആകെ കൊല്ലപ്പെട്ടവരില്‍ പത്ത് ശതമാനം പേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍നിന്ന് ആറ് പേര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകനും തദ്ദേശ ഭരണസ്ഥാപനത്തിന്റെ മേധാവിയുമായിരുന്ന ബി. മോഹന്‍ കൊല്ലപ്പെട്ടത് ക്വാറിയിങ്ങിനെതിരായ സമരത്തിനു നേതൃത്വം നല്‍കിവന്ന വേളയിലായിരുന്നു. അജ്ഞാതരായ ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തി. അസ്സമിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ നരേഷ് മിത്രയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. അദ്ദേഹം പരിസ്ഥിതി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സവിശേഷമായ ഉത്സാഹം കാണിച്ചിരുന്നു. ഒരു പ്രഭാതത്തില്‍ അദ്ദേഹം ആക്രമിക്കപ്പെട്ട് അബോധാവസ്ഥയിലായ നിലയില്‍ തെരുവില്‍ കാണപ്പെടുകയും പിന്നീട് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു. രണ്ട് പേര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ആദിവാസി പ്രവര്‍ത്തകരാണ്. ലച്ചു മിദിയാമിയും പൊദിയ സോറിയും. രണ്ട് പേരും മാവോയിസ്റ്റുകളാണെന്നും ജില്ലാ റിസോഴ്സ് ഗാര്‍ഡുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരാണെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഇവര്‍ മാവോയിസ്റ്റുകളാണോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്നും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നത്. ഇരുവരും ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന ആക്ടിവിസ്റ്റുകളായിരുന്നു. ഇവരെ കൂടാതെ നല്ല തമ്പി ഏലിയാസ് വാണ്ടു, വീരമല ഏലിയാസ് റാമര്‍ എന്നീ രണ്ടുപേര്‍ കൂടി പ്രസ്തുത റിപ്പോര്‍ട്ടില്‍ കാണാം.

ഇത്തരം അതിക്രമങ്ങളുടെ മൂന്നില്‍ രണ്ടും നടന്നിട്ടുള്ളത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ്. അതില്‍ത്തന്നെ കൂടുതല്‍ ആമസോണ്‍ മേഖലയിലും ബ്രസീലില്‍ നടന്ന പരിസ്ഥിതി കൊലപാതകങ്ങളുടെ തൊണ്ണൂറ് ശതമാനവും ആമസോണ്‍ മേഖലയിലാണ്. ആരാണ് കൊലപാതകങ്ങള്‍ക്കു പിന്നില്‍ എന്ന് ചില സൂചനകള്‍ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഏഷ്യയിലെ കൊലപാതകങ്ങളുടെ പിന്നില്‍ അഗ്രിബിസിനസ്സ് രംഗത്തെ വമ്പന്മാരാണത്രേ. യൂറോപ്പിലാണ് ഇത്തരം കൊലപാതകങ്ങള്‍ ഏറ്റവും കുറവെന്നു പറയുന്ന റിപ്പോര്‍ട്ട് ആഫ്രിക്കയിലെ ഡാറ്റ കാര്യമായി ലഭിച്ചിട്ടില്ല എന്ന് സമ്മതിക്കുന്നുമുണ്ട്. അവിടെ കൊലപാതകങ്ങളില്ല എന്നല്ല, അത്തരം വിവരങ്ങള്‍ ശേഖരിക്കാനുള്ള ഇത്തരം മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും വലിയ തടസ്സങ്ങള്‍ നേരിടുന്നു. ഇന്നും ജനാധിപത്യത്തെച്ചൊല്ലി അത്രയൊന്നും അവകാശവാദങ്ങള്‍ക്കു മാനവകുലം അര്‍ഹത നേടിയിട്ടില്ല എന്നര്‍ത്ഥം.

ഇന്ത്യയില്‍ ആദിമജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് ഗുരുതരഭീഷണിയുയര്‍ത്തുന്ന രണ്ട് സവിശേഷ സാഹചര്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് എടുത്തു പറയുന്നു. ഒന്ന് പൗരത്വനിയമത്തില്‍ വരുത്തിയ ഭേദഗതിയാണ്. പൗരത്വം തെളിയിക്കാന്‍ ഈ നിയമം ആവശ്യപ്പെടുന്ന രേഖകളൊന്നും ഭൂരിഭാഗം ആദിമനിവാസികള്‍ക്കും ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ട് എത്തിച്ചേരുന്ന നിഗമനം. രണ്ടാമത്തേത് ഇന്ത്യന്‍ വനനിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ഭേദഗതിയാണ്. ഇതില്‍ കയ്യേറ്റക്കാര്‍ക്കും വനംകൊള്ളക്കാര്‍ക്കും അനുകൂലമായ ഘടകങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം വനത്തില്‍ മറ്റ് രേഖകളൊന്നുമില്ലാതെ ജീവിക്കുന്ന ആദിമനിവാസികള്‍ പുറത്താക്കപ്പെടുകയും ചെയ്യും.

ആഗോളതലത്തില്‍ നോക്കിയാല്‍ ഖനനത്തിനെതിരായ പ്രക്ഷോഭങ്ങളുടെ മേഖലയിലാണ് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. ആ രംഗത്തെ അന്‍പത് പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലപ്പെട്ടു. കാര്‍ഷിക വാണിജ്യരംഗവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത മുപ്പത്തിനാല് പേരും വനത്തിലെ മരം മുറിക്കുന്നത് തടയുന്നതിനുള്ള പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ഇരുപത്തിനാല് പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധ വിളകളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പതിന്നാല് പേരും ഭൂപരിഷ്‌കരണത്തിനായുള്ള പ്രക്ഷോഭത്തില്‍ പതിനൊന്ന് പേരും ജലവും അണക്കെട്ടുകളും സംഘര്‍ഷകാരണമായ പ്രശ്നങ്ങളില്‍ ആറ് പേരും അനധികൃത വേട്ടയാടലിനെതിരെ പൊരുതിയ നാല് പേരും മത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ ഒരാളും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് മേഖലകളില്‍നിന്നുള്ള ഒന്‍പത് പേരും ഏതെങ്കിലുമൊരു സവിശേഷ മേഖലയുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത എഴുപത്തിയൊന്ന് പേരും കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

രാജ്യങ്ങള്‍ ഓരോന്നായി എടുത്താല്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് ഫിലിപ്പീന്‍സിലാണ്. രണ്ടാംസ്ഥാനത്ത് കൊളംബിയയും. യഥാര്‍ത്ഥത്തില്‍ ഇത്രയൊന്നുമല്ല സംഭവിച്ചത്, ആഗോളതലത്തില്‍ ഇത്തരം ഡാറ്റ ശേഖരിക്കുക ഒട്ടും എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആഗോളവല്‍കൃത ലോകത്ത് ഭരണകൂടങ്ങള്‍ക്കും മൂലധനശക്തികള്‍ക്കും വിലയെടുക്കാന്‍ കഴിയാത്ത എത്ര ബൗദ്ധികകേന്ദ്രങ്ങളുണ്ടാവും! അതുകൊണ്ട് വിവിധ വാര്‍ത്താസ്രോതസ്സുകളില്‍നിന്ന് ശേഖരിച്ച വാര്‍ത്തകള്‍ ഗ്ലോബല്‍ വിറ്റ്നസ്സ് തങ്ങളുടേതായ രീതിയില്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കൊലപാതകങ്ങള്‍ ഇതിനേക്കാളൊക്കെ എത്രയോ കൂടുതലായിരിക്കാനാണ് ഇട. എന്നു മാത്രമല്ല, കൊലപാതകങ്ങള്‍ അല്ലാതെയുള്ള ആക്രമണങ്ങള്‍ ആയിരക്കണക്കിനോ അതില്‍ കൂടുതലോ വേറെയുണ്ടാവും. തെരഞ്ഞുപിടിച്ചുള്ള ആക്രമണങ്ങള്‍, ഭരണകൂട അധികാരം ഉപയോഗിച്ചുള്ള അറസ്റ്റുകള്‍, വധഭീഷണികള്‍, ലൈംഗിക അതിക്രമങ്ങള്‍, നിയമനടപടികള്‍ എന്നിവയൊക്കെ വളരെ ക്രൂരമായിത്തന്നെ ഉപയോഗിക്കപ്പെടുന്നു.

ലോകമെമ്പാടും പരിസ്ഥിതി പ്രക്ഷോഭകര്‍ നേടിയ ചില നേട്ടങ്ങള്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇക്വഡോര്‍ സര്‍ക്കാര്‍ ആമസോണ്‍ മേഖലയില്‍ നടത്തിയ എണ്ണ-പ്രകൃതി വാതക ഖനനത്തിനെതിരായി അവിടുത്തെ ആദിമജനത നടത്തിയ സമരം വിജയിക്കുകയും സര്‍ക്കാര്‍ ഖനനത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഇന്തോനേഷ്യയിലെ ദയാക് ഇബാന്‍ എന്ന ആദിമ ജനസമൂഹം കഴിഞ്ഞ പത്ത് കൊല്ലത്തെ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായി പതിനായിരം ഹെക്ടര്‍ വരുന്ന ഭൂമി അവരുടെ സ്വന്തമാക്കി മാറ്റുകയുണ്ടായി. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ ആദിമ ജനതയുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രക്ഷോഭങ്ങള്‍ വിജയം നേടുന്നുണ്ട്.

വന്‍കിട മൂലധനശക്തികളും സര്‍ക്കാരുകളും കൂടുതല്‍ കൂടുതല്‍ മൂലധന സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. തന്മൂലം ആദിമനിവാസികളുടെ അവകാശങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭകര്‍ കൂടുതലായി വേട്ടയാടപ്പെടുമെന്നതില്‍ തര്‍ക്കമില്ല. പ്രതിഷേധിക്കാനുള്ള അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ കാലമായെന്നും ലോകമെമ്പാടും കാലാവസ്ഥാ അസമത്വം വര്‍ദ്ധിച്ച് വരികയാണെന്നും ഈ റിപ്പോര്‍ട്ട് നമ്മോട് പറയുന്നു. അതു മറികടക്കാന്‍ ഭൂമിക്കും പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള പ്രതിരോധപ്രവര്‍ത്തകരുടെ വാക്കുകള്‍ കേള്‍ക്കാനും അതിന് കൂടുതല്‍ ശക്തി പകരാനും എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം എന്നാണ് പരിഹാരമായി മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം. ജീവിക്കാനും സംഘം ചേരാനും അഭിപ്രായം പറയാനുമുള്ള അവകാശത്തിനായി കൂടുതല്‍ വിശാലമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഭൂമിയുടെ മേലുള്ള അവകാശത്തില്‍ ഇപ്പോഴും വലിയ അസമത്വം നിലനില്‍ക്കുന്നു. ആദിവാസി ഭൂമി വലിയ തോതില്‍ കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നു. ആദിമ ജനതയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ വനമേഖലയില്‍ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ല എന്നതടക്കം നിരവധി നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ യു.എന്‍. ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് പറഞ്ഞ വാക്കുകള്‍ റിപ്പോര്‍ട്ട് ഇങ്ങനെ ഉദ്ധരിക്കുന്നു. 

''കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങള്‍ കൂടുതല്‍ തീവ്രമാകുന്നു, കൂടുതല്‍ മാരകമാകുന്നു, കൂടുതല്‍ നശീകരണസ്വഭാവമാര്‍ജ്ജിക്കുന്നു. കൂടുതല്‍ മനുഷ്യരേയും സമ്പത്തും അത് അപഹരിക്കുന്നു.'' നമ്മുടെ ഭാവി ഒട്ടും ശുഭപ്രതീക്ഷ നിറഞ്ഞതല്ല. ആ സാഹചര്യത്തില്‍ നാളെയുടെ കാവല്‍ക്കാരായി പരിസ്ഥിതി-മനുഷ്യാവകാശ പ്രതിരോധ പ്രവര്‍ത്തകരെ നമുക്ക് ആവശ്യമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com