എളിമയുടേയും തേജസിന്റേയും രാഗ ഗംഗ

അടുത്തിടെ വിടപറഞ്ഞ ലോകപ്രശസ്ത വയലിന്‍ വാദകന്‍ ടി.എന്‍. കൃഷ്ണന്റെ സംഗീതവഴികള്‍
ടിഎൻ കൃഷ്ണൻ
ടിഎൻ കൃഷ്ണൻ

ര്‍ണാടകസംഗീതത്തിന്റെ ആധുനിക വയലിന്‍ ത്രയത്തിലെ മൂന്നാമത്തെ സൂര്യനും അസ്തമിച്ചു. ലോകപ്രശസ്ത വയലിന്‍ വാദകന്‍ ടി.എന്‍. കൃഷ്ണന്‍ നവംബര്‍ രണ്ടിനാണ് സംഗീതത്തിന്റെ ഭൗമചക്രവാളത്തില്‍നിന്ന് സ്വരങ്ങളുടെ അഭൗമലോകത്തേക്ക് യാത്രയായത്. ഇതരര്‍ രണ്ടുപേര്‍ ലാല്‍ഗുഡി ജയരാമനും എം.എസ്. ഗോപാലകൃഷ്ണനും സംഗീതത്തിലൂടെ ആത്മീയസായൂജ്യം അടഞ്ഞത് ഒരേ വര്‍ഷം; രണ്ടായിരത്തി പതിമൂന്നില്‍. ഇതോടുകൂടി ബൃഹത്തായൊരു സംഗീതയുഗമാണ് അന്ത്യത്തോടടുക്കുന്നത്. ഈ മൂവര്‍ക്കുമൊപ്പം ചേര്‍ത്തുനിര്‍ത്തേണ്ട വയലിന്‍ പ്രതിഭകള്‍ വി.വി. സുബ്രഹ്മണ്യവും എം. ചന്ദ്രശേഖരനും അന്നവരപ്പ് രാമസ്വാമിയും മാത്രമായിരിക്കും ഇനി ദക്ഷിണേന്ത്യന്‍ ശാസ്ത്രീയസംഗീതത്തില്‍ അവശേഷിക്കുന്ന ആ പരമ്പരയിലെ മൂന്നേ മൂന്നു പേര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ ആറു വയലിന്‍വാദകരില്‍ മൂന്നുപേരും ജന്മം കൊണ്ടെങ്കിലും കേരളീയരാണ് എന്നത് നമുക്ക് എക്കാലവും അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്. ടി.എന്‍. കൃഷ്ണന്‍, എം.എസ്. ഗോപാലകൃഷ്ണന്‍, വി.വി. സുബ്രഹ്മണ്യം എന്നിവരാണ് ആ മൂവര്‍. അവരില്‍ ഇനി കേരളത്തിന് ഉയര്‍ത്തിക്കാട്ടാനുള്ള ഒരേയൊരു പേര് വി.വി. സുബ്രഹ്മണ്യത്തിന്റേതു മാത്രമായിരിക്കും. അവശേഷിക്കുന്നവരില്‍ ഒരാള്‍, എം. ചന്ദ്രശേഖരന്‍ തമിഴ്നാട്ടിനേയും അന്നവരപ്പ് രാമസ്വാമി ആന്ധ്രാപ്രദേശിനേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവിടെ പറഞ്ഞുവരുന്നത്, പ്രശസ്ത സംഗീതവിദ്വാന്‍ മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ വാക്കുകളെടുത്താല്‍, ശ്രീകൃഷ്ണന് ദേവകി എന്നു പറയും പോലെയാണ് ടി.എന്‍. കൃഷ്ണനും എം.എസ്. ഗോപാലകൃഷ്ണനും വി.വി. സുബ്രഹ്മണ്യത്തിനും ഒക്കെ നമ്മള്‍ മലയാളികള്‍ എന്നതാണ്. നമുക്ക് പല സംഗീതപ്രതിഭകള്‍ക്കും ജന്മം നല്‍കാന്‍ മാത്രമാണ് നിയോഗമുള്ളത്. അവരുടെയൊക്കെ യശോദമാര്‍, പോറ്റമ്മമാര്‍ തമിഴ്നാടും ഡല്‍ഹിയും മറ്റുമൊക്കെയാണ് എന്നതാണ് വലിയൊരു സാംസ്‌കാരിക വൈചിത്ര്യം.

ടിഎൻ കൃഷ്ണൻ വേദിയിൽ
ടിഎൻ കൃഷ്ണൻ വേദിയിൽ

കേരളത്തില്‍, തൃപ്പൂണിത്തുറ ഭാഗവതര്‍ മഠത്തില്‍ എ. നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റേയും പുത്രനായി 1928 ഒക്ടോബര്‍ ആറിനാണ് ടി.എന്‍. കൃഷ്ണന്‍ ജന്മംകൊണ്ടത്. അച്ഛന്‍ വയലിന്‍ വായിച്ചിരുന്നതിനാല്‍ കൃഷ്ണന് കുട്ടിക്കാലത്തേ സംഗീതവാസന നാമ്പിട്ടു. അച്ഛന്‍ തന്നെയായിരുന്നു ഗുരുനാഥനും വഴികാട്ടിയും. മൂന്നു വയസ്സ് കഴിഞ്ഞപ്പോള്‍ത്തന്നെ ആരംഭിച്ച സംഗീതപഠനം ഏഴാം വയസ്സില്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രനടയില്‍ത്തന്നെ അരങ്ങേറ്റമായി സായൂജ്യം നേടി.

ഏകവാദ്യത്തിലും അകമ്പടിയിലും ശോഭിച്ച വാദകന്‍

ഒരു പാശ്ചാത്യ സംഗീതോപകരണം എന്ന നിലയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വയലിനെ ആദ്യകാലത്തൊക്കെ സംഗീതക്കച്ചേരികളില്‍ വായ്പ്പാട്ടിനും മറ്റും അകമ്പടി സേവിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഓരോ വായ്പ്പാട്ടുകാരന്റേയും സംഗീതശൈലിയെ എത്രകണ്ടു തന്മയത്വവും പക്വവുമായി ഒരു വയലിന്‍വാദകന് ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നുവോ ആ അളവായിരുന്നു ഒരു വയലിനിസ്റ്റിന്റെ കഴിവിന്റേയും ശേഷിയുടേയും അളവുകോലായി ഗണിക്കപ്പെട്ടിരുന്നത്. പിന്നീട് ആ സിദ്ധി ആ വയലിന്‍വാദകന്റെ ആസ്വാദക സ്വീകാര്യതയേയും അടയാളപ്പെടുത്തുന്ന മാനദണ്ഡമായിത്തീരുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ദക്ഷിണേന്ത്യയില്‍ വയലിന്‍സംഗീതം സ്വതന്ത്രമായ ഒരു ആവിഷ്‌കാര രീതിയായി വികാസം നേടിയില്ല. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധമായപ്പോഴേക്കും ഇവിടത്തെ സംഗീതാസ്വാദനത്തിന്റെ വീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും മാറ്റങ്ങള്‍ വന്നുതുടങ്ങുകയായിരുന്നു. ആ മാറ്റങ്ങളില്‍ ഉത്തരേന്ത്യന്‍ സംഗീതശൈലിക്കും സ്വാധീനമുണ്ടെന്നു പറയാതെ വയ്യ. വിവിധ സംഗീതശൈലികളുടെ ആവിഷ്‌കാരപരമായ സ്വീകാര്യതകള്‍ തീര്‍ത്തും യാഥാസ്ഥിതികമെന്നു കരുതപ്പെട്ടിരുന്ന കര്‍ണാടകസംഗീത ലോകത്തും സംഭവിച്ചു തുടങ്ങി. ഈ മാറ്റങ്ങളുടെ വലിയൊരു ഗുണഭോക്താവായിത്തീര്‍ന്നത് ദക്ഷിണേന്ത്യയില്‍ വയലിന്‍ എന്ന സംഗീതോപകരണം കൂടിയായിരുന്നു. അതിന്റെ ഫലമായി കര്‍ണാടകസംഗീതത്തില്‍ വയലിന്‍സംഗീതം എന്നൊരു ശാഖതന്നെ കിളിര്‍ത്തു. ദക്ഷിണേന്ത്യയിലും പിന്നീട് ലോകമെമ്പാടും ഈ വയലിന്‍ കര്‍ണാടകസംഗീത ശാഖ വളര്‍ന്നു പുഷ്പിക്കുകയും പന്തലിടുകയും ചെയ്തു. ഈ സംഗീതപ്പന്തലിന്റെ പ്രാരംഭകാലത്തെ നെടുംതൂണുകളായി നിലനിന്ന നാലു വയലിന്‍വാദകര്‍ ടി.എന്‍. കൃഷ്ണന്‍, ലാല്‍ഗുഡി, ജി. ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍, വി.വി. സുബ്രഹ്മണ്യം എന്നിവരായിരുന്നു. ഈ വിധത്തില്‍, വയലിന്‍സംഗീതത്തിന് കര്‍ണാടകസംഗീത ലോകത്ത് സ്വതന്ത്രമായ ഒരു ആവിഷ്‌കാര ഭാഷയും അസ്തിത്വവും നല്‍കിയവരില്‍ നാലില്‍ മൂന്നുപേരും കേരളീയരാണ് എന്നതും ശ്രദ്ധേയമാണ്.

ടിഎൻ കൃഷ്ണൻ തന്റെ ജന്മ ദേശമായ ത‌ൃപ്പൂണിത്തുറയിലെ ആർഎൽവി കോളജിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു. സമീപം മൃദം​ഗവുമായി ടിവി ​ഗോപാലകൃഷ്ണൻ
ടിഎൻ കൃഷ്ണൻ തന്റെ ജന്മ ദേശമായ ത‌ൃപ്പൂണിത്തുറയിലെ ആർഎൽവി കോളജിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നു. സമീപം മൃദം​ഗവുമായി ടിവി ​ഗോപാലകൃഷ്ണൻ

ടി.എന്‍. കൃഷ്ണന്‍ എന്ന വയലിനിസ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം ഏകവാദ്യത്തിലും (Solo Performance) അകമ്പടിയിലും (Accompanying) ഒരേ അളവില്‍ ശോഭിച്ചിരുന്നു എന്നതാണ്. ഓരോ വേദിയിലും തന്റെ ധര്‍മ്മം എന്താണെന്ന് കൃത്യമായി ഉള്‍ക്കൊണ്ടിരുന്ന വാദനരീതിയായിരുന്നു അദ്ദേഹത്തിന്റേത്. സോളോ പ്രകടനങ്ങളില്‍ നാം ആസ്വദിക്കുന്ന കൃഷ്ണനെ ഒരിക്കലും നമുക്ക് വായ്പ്പാട്ടുകാരുടെ സഹയാത്രികനായ കൃഷ്ണനില്‍നിന്നു ശ്രവിക്കാന്‍ സാധിക്കില്ല. സോളോയില്‍ തന്റെ മനോധര്‍മ്മങ്ങളെ മേയാന്‍ വിടുന്നതുപോലെയല്ല അദ്ദേഹം അകമ്പടിക്കാരനായി ഇരിക്കുമ്പോള്‍ വയലിന്‍ എന്ന ഉപകരണത്തെ കൈകാര്യം ചെയ്തിരുന്നത്. ഓരോ വായ്പ്പാട്ടുകാരന്റേയും ആലാപനശൈലികള്‍ അദ്ദേഹം സ്വായത്തമാക്കുകയും ആ സവിശേഷതകള്‍ അതതു സന്ദര്‍ഭങ്ങളില്‍ വേദിയില്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്തിരുന്നത്. പൂര്‍ണ്ണമായും വായ്പ്പാട്ടു പാടുന്നയാള്‍ക്ക് വിധേയപ്പെട്ടുകൊണ്ടാണ് അദ്ദേഹം അത്തരം സദസ്സുകളില്‍ വയലിന്‍ വായിച്ചിരുന്നത്. അരിയക്കുടിയുടെ യുക്തിഭദ്രമായ സംഗീതാവിഷ്‌കാരവും ചെമ്പൈയുടെ ഭക്തിനിര്‍ഭരമായ ആലാപനവും മഹാരാജപുരത്തിന്റെ കാല്പനികമായ സിദ്ധിവൈഭവവും മുസിരിയുടെ ഭാവാത്മക സംഗീതവും ശെമ്മങ്കുടിയുടെ വൈകാരികമായ ആലാപനതീവ്രതയും ജി.എന്‍.ബിയുടെ പ്രണയഭാവം തുളുമ്പുന്ന സൗഗന്ധസംഗീതവും മധുരമണിയുടെ ക്രിയാത്മകമായ സവിശേഷബാണിയും ആലത്തൂരിന്റെ താളനിബദ്ധമായ എടുപ്പുകളുടെ ഗാനപ്രവാഹവും എസ്. രാമനാഥന്റെ ലാളിത്യവും നൈര്‍മ്മല്യവുമുള്ള ശുദ്ധസംഗീതവും എം.ഡി. രാമനാഥന്റെ ചവുക്കസംഗീതവും കെ.വി. നാരായണസ്വാമിയുടെ സൗമ്യമായ ആലാപനവിശ്രാന്തിയും സന്താനത്തിന്റെ മനോരഞ്ജക ഗാനങ്ങളും ഡി.കെ. ജയരാമന്റെ കരുണാര്‍ദ്രമായ ആലാപനഗരിമയും എല്ലാമെല്ലാം ടി.എന്‍. കൃഷ്ണന്റെ വയലിനില്‍നിന്ന് ഒരുപോലെ സ്വച്ഛന്ദം പ്രവഹിച്ചു. അതുകൊണ്ടുതന്നെ എല്ലാ വായ്പ്പാട്ടുകാരുടേയും പ്രിയപ്പെട്ട അകമ്പടിക്കാരനായി അദ്ദേഹം മാറുകയും ചെയ്തു.

ടിഎൻ കൃഷ്ണൻ മകൾ വിജയലക്ഷ്മിയോടൊപ്പം വയലിൻ കച്ചേരിയിൽ
ടിഎൻ കൃഷ്ണൻ മകൾ വിജയലക്ഷ്മിയോടൊപ്പം വയലിൻ കച്ചേരിയിൽ

ഏതൊരു വായ്പ്പാട്ടുകാരനേയും അറിഞ്ഞും ആ സംഗീതകാരന്റെ മനോധര്‍മ്മ പാടവങ്ങളും ആലാപനരീതിയും ഉള്‍ക്കൊണ്ടും അവരുടെയൊക്കെ കച്ചേരികളില്‍ വയലിന്‍ വായിച്ചിരുന്ന ടി.എന്‍. കൃഷ്ണന്‍ സംഗീതത്തിലെ രാഗങ്ങളേയും അതുപോലെതന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഈ രാഗാലാപനപാടവം കൃത്യമായി അറിഞ്ഞ് ആസ്വദിക്കണമെങ്കില്‍ നാം ആ കലാകാരന്റെ സോളോ കച്ചേരികള്‍തന്നെ കേള്‍ക്കേണ്ടതുമുണ്ട്. ആവിഷ്‌കാരത്തില്‍ രാഗത്തിന്റെ സമഗ്രരൂപത്തിന് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. രാഗഭാവത്തെ അതിന്റെ ശാസ്ത്രീയഘടനയിലേക്കു വിളക്കിച്ചേര്‍ക്കുന്ന കലാത്മകപ്രക്രിയയില്‍ (Artistic Process) ആഗ്രഗണ്യനായിരുന്നു ടി.എന്‍. കൃഷ്ണന്‍. ഏറ്റവും ലളിതമെന്നു തോന്നുംവിധമാണ് അദ്ദേഹം ആ സിദ്ധി പ്രയോഗിച്ചിരുന്നത്. സോളോ പ്രകടനങ്ങളിലെ ഇതുപോലുള്ള ചില ക്രിയാത്മക സന്ദര്‍ഭങ്ങളില്‍ താന്‍ അകമ്പടി സേവിക്കാറുള്ള വായ്പ്പാട്ടു വിദ്വാന്മാരുടെ ചില പ്രയോഗങ്ങളും ശൈലികളുംകൂടി അദ്ദേഹം വയലിനിലൂടെ പ്രദര്‍ശിപ്പിച്ചു കേട്ടിട്ടുണ്ട്. ആ സമയം നാമറിയാതെ ആ മഹാന്മാരായ സംഗീതകാരന്മാരുടെ ശൈലീവിശേഷങ്ങളേയും ഓര്‍ത്തുകൊണ്ട് ആനന്ദം പൂകും. ടി.എന്‍. കൃഷ്ണന്‍ എന്ന വയലിനിസ്റ്റിന്റെ ഒരു സവിശേഷത തന്നെയായിരുന്നു ഇത്തരം പ്രയോഗങ്ങള്‍.

രഞ്ജിനി, സിന്ധുഭൈരവി, കാപി, ഹംസാനന്ദി, ചാരുകേശി, തോഡി, കല്യാണി, ഖരഹരപ്രിയ, ബിഹാഗ്, മാണ്ട്, കദനകുതൂഹലം എന്നിങ്ങനെ ടി.എന്‍.കെ വയലിനില്‍ വായിച്ച എത്രയോ രാഗങ്ങള്‍ ആ ജീവിതകാലത്ത് ആസ്വാദകലക്ഷങ്ങളുടെ മനം കവര്‍ന്നിട്ടുണ്ട്. കേള്‍വികളുടെ ഓര്‍മ്മകളില്‍നിന്ന് പെട്ടെന്നു പുറത്തുവന്ന രാഗനാമങ്ങള്‍ മാത്രമാണിവ. ഇതുപോലെ എത്രയോ രാഗങ്ങള്‍, എണ്ണമറ്റവ ഓരോ ശ്രോതാവിന്റെയുള്ളിലും ആസ്വാദനത്തിന്റെ പൂത്തിരികള്‍ കത്തിച്ചിട്ടുണ്ടാവാം. അതെല്ലാം ചേര്‍ന്നു ലയം കണ്ടെത്തുമ്പോള്‍ മാത്രമാവും സംഗീതലോകത്ത് ഒരു കൃഷ്ണന്‍ ജന്മം കൊള്ളുക. അങ്ങനെയുള്ള ഒരു കൃഷ്ണനായിരുന്നു ഇപ്പോള്‍ നമ്മെ വിട്ടുപോയത്. തുളുമ്പുന്ന ലാളിത്യവും ശോഭിക്കുന്ന തേജസ്സുമുള്ള ആ രാഗഗംഗകള്‍ ഇനിയും നമ്മുടെ ഹൃദയങ്ങളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കും, നമ്മളെ വിശുദ്ധിയുടെ തീരത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.

ടിഎൻ കൃഷ്ണനെ കുന്നക്കുടി വൈദ്യനാഥൻ ആദരിക്കുന്നു
ടിഎൻ കൃഷ്ണനെ കുന്നക്കുടി വൈദ്യനാഥൻ ആദരിക്കുന്നു

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും ഫെല്ലോഷിപ്പും ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധിയും പത്മശ്രീ, പദ്മഭൂഷണ്‍, സ്വാതി പുരസ്‌കാരം എന്നിവയൊക്കെ ടി.എന്‍. കൃഷ്ണനു ലഭിച്ചിട്ടുള്ള പ്രധാനപ്പെട്ട പുരസ്‌കാരങ്ങളും ബഹുമതികളുമാണ്. ഹിന്ദുസ്ഥാനിയിലെ പ്രശസ്ത വയലിന്‍വാദക എന്‍. രാജം, ടി.എന്‍. കൃഷ്ണന്റെ സഹോദരിയാണ്. ടി.എന്‍.കെയുടെ മക്കള്‍ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും ഇന്ന് അച്ഛന്റെ വഴിയില്‍ത്തന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com