ഓപ്പണ്‍ സര്‍വകലാശാല; ചില അനുകൂല ചിന്തകള്‍

കുറിപ്പുകളിലൂടെ വിദ്യാഭ്യാസ വിനിമയം നടത്തിയിരുന്ന ഐസക് പിറ്റ്മാന്റെ കാലത്തുനിന്ന് വിദൂര വിദ്യാഭ്യാസം വലിയ കാല്‍വെയ്പ്പുകള്‍ നടത്തിക്കഴിഞ്ഞു എന്ന കാര്യം നാം പരിഗണിക്കേണ്ടതുണ്ട്
ഓപ്പണ്‍ സര്‍വകലാശാല; ചില അനുകൂല ചിന്തകള്‍

ലോകത്താകമാനം ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ അതിനെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന എല്ലാ ദൂഷ്യഫലങ്ങള്‍ക്കും ഉപയുക്തമായ ഒരു ശമനൗഷധമായി കാണുന്നു. മറ്റു ചിലരാകട്ടെ അതിനെ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തില്‍നിന്നു പിന്തള്ളപ്പെട്ടുപോയവര്‍ക്കുള്ള ആശ്രയസ്ഥാനമായി കാണുന്നു. കുറഞ്ഞ തോതില്‍ മുതല്‍മുടക്ക് നടത്തി കൂടുതല്‍ വരുമാനം ആഗ്രഹിക്കുന്ന സര്‍വ്വകലാശാലകള്‍ ഒരു ധനാഗമന മാര്‍ഗമായാണ് വിദൂര വിദ്യാഭ്യാസത്തെ കാണുന്നത്. തല്‍ഫലമായി പല സര്‍വ്വകലാശാലകളും അവരുടെ ചട്ടക്കൂടുകള്‍ക്കകത്തുനിന്നുകൊണ്ട് വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ അനുബന്ധമായി തുടങ്ങുന്ന രീതി നിലവിലുണ്ട്. വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം എന്ന മൗലിക സങ്കല്പത്തിന്റെ വിപുലമായ ആശയാവിഷ്‌കാരമാണ് വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാല. കേരളത്തിലും ഒരു ഓപ്പണ്‍ സര്‍വ്വകലാശാല എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.

വിദൂര വിദ്യാഭ്യാസമെന്നാല്‍ കേവ ലം എഴുത്തുകുത്തുകളിലൂടെ നടക്കുന്ന വിദ്യാഭ്യാസം എന്ന ധാരണയാണുള്ളത്. കുറിപ്പുകളിലൂടെ വിദ്യാഭ്യാസ വിനിമയം നടത്തിയിരുന്ന ഐസക് പിറ്റ്മാന്റെ കാലത്തുനിന്ന് വിദൂര വിദ്യാഭ്യാസം വലിയ കാല്‍വെയ്പ്പുകള്‍ നടത്തിക്കഴിഞ്ഞു എന്ന കാര്യം നാം പരിഗണിക്കേണ്ടതുണ്ട് (നോര്‍മാന്‍ 2018). പഠിതാക്കളിലേയ്ക്ക് എത്തിച്ചേരാന്‍ എത്രയോ മികച്ച സാങ്കേതികവിദ്യകള്‍ ഉപയുക്തമാക്കുന്ന കാലമാണിത്. പഠനസാമഗ്രികള്‍ കൂടാതെ റേഡിയോ പ്രക്ഷേപണം, ടി.വി. ശിക്ഷണം, കംപ്യൂട്ടര്‍ അധിഷ്ഠിത പഠനം എന്നിങ്ങനെ എത്രയോ സാദ്ധ്യതകളാണ് ഇന്നു നമ്മുടെ മുന്നിലുള്ളത്. ഒരു വിദ്യാഭ്യാസ സമ്പ്രദായം വിവൃതമാണോ (open) എന്ന് നിശ്ചയിക്കുന്നത് അതില്‍ ചേര്‍ന്നിരിക്കുന്ന അനുനേയതയെ ആശ്രയിച്ചാണ്. വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും പഠനം പൂര്‍ത്തിയാക്കാന്‍ നല്‍കുന്ന ഇളവുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു കോഴ്സില്‍ ചേരാന്‍ പ്രായത്തിനു നല്‍കുന്ന ഇളവ്, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ നല്‍കുന്ന ഇളവ്, വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പിന്തുണ ഇതെല്ലാം പ്രധാനമാണ്. ദൂരത്തെ കുറച്ചുകൊണ്ടുവരുന്ന സാങ്കേതികവിദ്യകളും ശ്രേണീകൃത സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍നിന്നുള്ളവരെ അടുപ്പിക്കുന്ന ആകര്‍ഷണീയതകളും ഈ അനുനേയതയില്‍ ഉള്‍പ്പെടും. ഒരു ഓപ്പണ്‍ സര്‍വ്വകലാശാലയെ ഫലപ്രദമാക്കാന്‍ ഈ ഘടകങ്ങള്‍ അനുവാര്യമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓപ്പണ്‍ സര്‍വ്വകലാശാല ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയാണ്.

1982-ല്‍ തുടങ്ങിയ ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍നിന്നാരംഭിച്ച ഓപ്പണ്‍ സര്‍വ്വകലാശാലകള്‍ ഇന്ന് 14 എണ്ണത്തില്‍ എത്തിയിരിക്കുന്നു. 2018 അദ്ധ്യയനവര്‍ഷത്തില്‍ മാത്രം  IGNOU-വില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 8,61275 ആണെന്നിരിക്കേ 2017-18 കാലത്ത് സംസ്ഥാന ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടേത് 10,90,083 ആണ് (MHRD, All India Higher Education Survey, 2018). ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്താകെ ഉന്നത വിദ്യാഭ്യാസത്തിനു ചേര്‍ന്നവരില്‍ 11 ശതമാനം പ്രാതിനിധ്യമാണ് വിദൂര വിദ്യാഭ്യാസം വഴി ഉണ്ടായിട്ടുള്ളത്. ഇതില്‍ത്തന്നെ ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ സ്ഥാനം വലുതാണ്. ഗുണപരമായ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്ത് ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് വിദ്യാഭ്യാസ പ്രാപ്തിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിദ്യാഭ്യാസപരമായി ഏറെ മുന്നിലുള്ള കേരളത്തില്‍ ഗുണപരമായ വിദ്യാഭ്യാസം എന്നത് എല്ലാവരുടേയും താല്പര്യമാണ്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മൂന്ന് മേഖലാകേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുമായി ഇവ യോജിച്ചു പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ നാല് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ 57 ശതമാനം പേര്‍ കേരളത്തില്‍നിന്നുതന്നെ ഉള്ളവരാണ്. ഒരു ചെറിയ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ അനുപാതം വലുതാണ്.

സര്‍വ്വകലാശാല: ചില നിര്‍ദ്ദേശങ്ങള്‍

2017-ല്‍ പുറത്തിറക്കിയ ODL നിയന്ത്രണങ്ങള്‍ക്കനുസൃതമായി മാത്രമേ നിര്‍ദ്ദിഷ്ട ഓപ്പണ്‍ സര്‍വ്വകലാശാല പ്രാവര്‍ത്തികമാക്കാവൂ. നഴ്സിംഗ്, ഫാര്‍മസി, എന്‍ജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി നല്‍കാന്‍ പാടുള്ളതല്ല എന്ന് ODL നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല, പ്രാദേശിക നിയന്ത്രണാധികാരപരിധിയെ സംബന്ധിച്ച് യു.ജി.സി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. യൂണിവേഴ്സിറ്റിയുടെ നടത്തിപ്പ്, പഠിതാക്കളുടെ ഫീസ്, സംസ്ഥാനത്തിന്റെ ധനസഹായം എന്നിവയിലൂടെ കൊണ്ടുപോകേണ്ടതാണ്. മാത്രമല്ല, ഒരു പരിപാടി നടത്തണമെങ്കില്‍ പര്യാപ്തമായ വിദൂര വിദ്യാഭ്യാസ സ്രോതസ്സുകള്‍ സര്‍വ്വകലാശാലയ്ക്കുണ്ടെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കേണ്ടതുണ്ട്. ഇതില്‍ ഭൗതികവും അക്കാദമികവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. അതായത് കേന്ദ്ര കാര്യാലയത്തില്‍ മുഴുവന്‍ സമയ അക്കാദമിക സ്റ്റാഫും അവരെ സഹായിക്കാന്‍ ഫീല്‍ഡ് തലത്തില്‍ യോഗ്യരായ അക്കാദമിക സ്റ്റാഫും ഉപദേശകരും ഉണ്ടെന്ന വസ്തുത തെളിയിക്കാന്‍ യൂണിവേഴ്സിറ്റിക്കു ബാദ്ധ്യതയുണ്ട്. അതുപോലെ പഠിതാക്കളെ സഹായിക്കാനും സംശയദൂരീകരണത്തിനും പ്രാദേശികതലത്തില്‍ കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും യു.ജി.സി നിര്‍ദ്ദേശിക്കുന്നു. മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് NAAC-ന്റെ മാനദണ്ഡങ്ങള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കും ബാധകമാണ്.

ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ തയ്യാറെടുപ്പ്, പരിപാലനം, അക്കാദമിക പരിപാടികളുടെ നവീകരണം എന്നിവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക വകുപ്പുകള്‍ ഉണ്ടായിരിക്കണം. വകുപ്പുകളില്‍ ഭരണ-അക്കാദമിക നൈപുണ്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നല്‍കുന്ന ഓരോ വിദ്യാഭ്യാസ പരിപാടിക്കും അനുയോജ്യമായ സ്വയം പഠന സാമഗ്രികള്‍ (Self Learning Materials), അതിനെ പിന്തുണയ്ക്കാനുതകുന്ന ബഹുമാധ്യമ സാമഗ്രികള്‍ (Multimedia materials) എന്നിവ ഈ വകുപ്പുകളുടെ കീഴില്‍ തയ്യാറാക്കേണ്ടതുെണ്ടന്ന് യു.ജി.സി നിര്‍ദ്ദേശിക്കുന്നുണ്ട് (2017). ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കാനും അക്കാദമിക ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനും സര്‍വ്വകലാശാലയില്‍ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും യു.ജി.സി എടുത്തുപറയുന്നു (2017).

ധനവിനിമയം, ഭരണനിര്‍വ്വഹണം എന്ന ദ്വിമുഖ കാര്യങ്ങള്‍ ഫലപ്രദമായി നടത്തിക്കൊണ്ടുപോകാന്‍ ശക്തമായ ഒരു സംവിധാനം ഏതു സ്ഥാപനത്തിനും ആവശ്യമാണ്. ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഇത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി മാതൃകയുമായി പരിചയമുള്ള ഉദ്യോഗസ്ഥരെ വേണം തുടക്കത്തില്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഏതു മാതൃക എന്ന ചോദ്യം തീര്‍ച്ചയായും ഈ അവസരത്തില്‍ ഉയര്‍ന്നേക്കാം.
 
പലരുടേയും മനസ്സില്‍ പെട്ടെന്ന് ഉയരാവുന്ന ഉത്തരം IGNOU മാതൃക എന്നാവും. കാരണം രാജ്യത്ത് ഉടനീളം പരീക്ഷിച്ച് വിജയപ്രദമായ ഒരു മാതൃകയാണ് അത് എന്നതുതന്നെ. എന്നാല്‍, ദേശീയ തലത്തില്‍ വിജയിച്ച മാതൃക അതുപോലെതന്നെ പിന്തുടര്‍ന്നാല്‍ സംസ്ഥാനത്ത് വിജയമാകണമെന്നില്ല. ഭാഷ, ആചാരങ്ങള്‍, പാരമ്പര്യം, സംസ്‌കാരം തുടങ്ങിയവയില്‍ വൈവിദ്ധ്യം പുലര്‍ത്തുന്ന രാജ്യത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് IGNOU പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു സംസ്ഥാന ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അനുശാസനങ്ങള്‍ പരിമിതമാണ്. പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തു മാത്രം ഒതുങ്ങുന്നവയുമാണ്. അതു മനസ്സിലാക്കി വേണം നീങ്ങാന്‍. മികച്ച പ്രാദേശിക പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് പദ്ധതിയുടെ നടത്തിപ്പിന് അനിവാര്യമാണ്.

സ്ഥാപിച്ച കാലത്ത് ഏറ്റവും മികച്ച മാതൃക എന്ന് വിലയിരുത്തപ്പെട്ടിരുന്ന യു.കെ. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ മാതൃകയിലാണ് IGNOU സ്ഥാപിതമായിട്ടുള്ളത്. 2017-ല്‍ ODL പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇതിലെ പല കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും വിദൂര വിദ്യാഭ്യാസ സംവിധാനത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. പുതിയ ഓപ്പണ്‍ സര്‍വ്വകലാശാല പരമ്പരാഗത ഓപ്പണ്‍ സര്‍വ്വകലാശാല എന്ന സങ്കല്പനത്തില്‍നിന്ന് മുന്നോട്ടുപോകേണ്ട കാലമായിരിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ വിദൂര വിദ്യാഭ്യാസ മാതൃകയ്ക്ക് ചില സൂചനകള്‍ നല്‍കാന്‍ കഴിഞ്ഞേയ്ക്കും. അവര്‍ പുതിയ സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയാണ് പിന്തുടരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം റേഡിയോയുടേയും ടി.വിയുടേയും ഉപയോഗം വ്യാപകമായി വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇന്റര്‍നെറ്റും. ഇത് ഗുണം വര്‍ദ്ധിപ്പിക്കുന്നു. പരസ്പര പ്രവര്‍ത്തനങ്ങളെ ആയാസരഹിതമാക്കുന്നു. അമേരിക്കയില്‍ പിന്തുടരുന്ന 'ക്ലിയറിംഗ് ഹൗസ്' മാതൃകയില്‍ ആശ്രിതരുടെ ആവശ്യാനുസരണം പരിപാടികള്‍ നേരിട്ട് പ്രവൃത്തിപഥത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. (കൊറോണക്കാലത്തെ വിക്ടേഴ്സ് ടി.വി സംപ്രേഷണങ്ങള്‍ ഇതിന്റെ ചെറിയ മാതൃകയും സാദ്ധ്യതകളും നമ്മുടെ മുന്നില്‍ വെച്ചിട്ടുണ്ട്). ഇത്തരം കാര്യങ്ങള്‍ ഭാഗികമായി നടപ്പാക്കാന്‍ യു.ജി.സി അനുവദിച്ചേക്കാമെങ്കിലും ആ മാതൃക പൂര്‍ണ്ണമായും പിന്തുടരുക അസാദ്ധ്യം തന്നെയാണ്. ODL നിയന്ത്രണം അനുശാസിക്കുന്നത് ഒരു സങ്കരരീതിയാണ്. പരമ്പരാഗത വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തുടരുന്ന പഠനസാമഗ്രികള്‍ തയ്യാറാക്കുന്നതിന് സ്ഥാനമുണ്ടാകുമെങ്കിലും അക്കാദമിക-ഭരണതലങ്ങളില്‍ ഡിജിറ്റലൈസേഷന്റെ സാദ്ധ്യതകള്‍ ഏറും. പുതിയ നിര്‍ദ്ദേശങ്ങള്‍ പഠിതാവിന്റെ ആസൂത്രണ സംവിധാനങ്ങള്‍ക്ക് ഏറെ ഊന്നല്‍ നല്‍കുന്നു. പുതിയ രൂപരേഖാനുസൃതം പഠനത്തിനുതകുന്ന സംവാദ-നിര്‍വ്വഹണ ഇടങ്ങളും ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയ സംവിധാനങ്ങളും അവിഭാജ്യ ഘടകങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ വേണം പുതിയ ഒരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ നൂതനരീതികള്‍ സ്വീകരിക്കുകയും ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം കണക്കിലെടുക്കേണ്ടത്. പുതിയ സര്‍വ്വകലാശാലയുടെ കീഴില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള പ്രാദേശിക കേന്ദ്രങ്ങള്‍ മികച്ച അക്കാദമിക കേന്ദ്രങ്ങളായിരിക്കണം. ഇതില്‍ ഓണ്‍ലൈന്‍ ട്യൂട്ടറിംഗ്, ഓണ്‍ലൈന്‍ സംവാദ ആസൂത്രണം, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, ഓണ്‍ലൈന്‍ ഭരണനിര്‍വ്വണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജ്ജമായിരിക്കണം. അതായത് എല്ലാം ഓണ്‍ലൈന്‍ വഴി സാധ്യമായിരിക്കണം. പുതിയ ODL നിര്‍ദ്ദേശം തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള അംഗീകാര സംവിധാനത്തെ Choice Based Credit Systems - CBCS) അനുവര്‍ത്തിക്കുന്നതിനാല്‍, ക്രെഡിറ്റുകള്‍ പ്രാദേശിക കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നതാവും നല്ലത്. ഇത് ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയത്തിനും ബാധകമാക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിജ്ഞാനമുള്ള, താല്പര്യമുള്ള സ്റ്റാഫിനെ വേണം നിയമിക്കാന്‍. പരമ്പരാഗത സര്‍വ്വകലാശാലയില്‍പ്പോലും ഇതില്‍ പ്രാവീണ്യം ഉള്ളവര്‍ ഇപ്പോള്‍ ധാരാളമാണ്. ഓണ്‍ലൈന്‍ അക്കാദമിക സഹായ സ്റ്റാഫിന്റെ ഒരു പ്രത്യേക ഗണം രൂപപ്പെടുത്തണം. വിദഗ്ദ്ധ അക്കാദമികള്‍ ഉള്‍പ്പെടുന്ന ഒരു മികച്ച അടിത്തറ ഓരോ പ്രാദേശിക കേന്ദ്രത്തിലും ഉെണ്ടങ്കില്‍ മാത്രമേ ഓപ്പണ്‍ സര്‍വ്വകലാശാല വിജയിക്കൂ. ഇതോടൊപ്പം പഠനകേന്ദ്രങ്ങളില്‍ പരമ്പരാഗത മുഖാമുഖ കൗണ്‍സലിങ്ങും (Face to Face Counselling)  മൂല്യനിര്‍ണ്ണയവും തുടരാവുന്നതുമാണ്.
 
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓപ്പണ്‍ സര്‍വ്വകലാശാല അനുവര്‍ത്തിക്കാന്‍ പോകുന്ന പഠനസാമഗ്രികള്‍ നിലവിലെ കറസ്പോണ്ടന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടുകളും വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റുകളും ഉപയോഗിക്കുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കണം. പഠനസാമഗ്രികള്‍ തയ്യാറാക്കുമ്പോള്‍ മിശ്രിത സാമഗ്രി നിര്‍മ്മാണ സങ്കേതങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. കാരണം, ഓരോ കോഴ്സിലേയും ചില ക്രെഡിറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാവുന്നതാണ്. ഇവിടെയാണ് ഓപ്പണ്‍ വിദ്യാഭ്യാസ സ്രോതസ്സുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഒരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഓരോ പ്രാവശ്യവും പുതിയ ചക്രം കണ്ടുപിടിക്കേണ്ട  ആവശ്യമില്ല, അതു സാധിക്കുകയുമില്ല. ഈ വിടവ് ഉയര്‍ന്ന നിലവാരമുള്ള Open Education Resources (OER)കളിലൂടെ പരിഹരിക്കാം. ഇവ അദ്ധ്യയന ലക്ഷ്യങ്ങളെ പൂര്‍ണ്ണ ഫലപ്രാപ്തിയില്‍ എത്തിക്കുകയും ചെയ്യും. വ്യക്തിഗത പഠനപ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ വഴിയുള്ള ഒരു സമര്‍പ്പിത രീതി ആസൂത്രണം ചെയ്യാന്‍ കഴിയുകയാണെങ്കില്‍ പല തലങ്ങളിലുമുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
ഇതെല്ലാം തന്നെ എല്ലാവിധ ധനപര-ഭരണപ്രവര്‍ത്തനങ്ങളും (പ്രവേശനമടക്കം) പ്രാദേശിക കേന്ദ്രങ്ങളിലല്ലാതെ സര്‍വ്വകലാശാലയുടെ മുഖ്യ കാര്യാലയത്തില്‍ കേന്ദ്രീകരിക്കുന്നതിനു സഹായകമാകും. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന പ്രാദേശിക പഠനകേന്ദ്രങ്ങളും രജിസ്‌ട്രേഷനും മൂല്യനിര്‍ണ്ണയ വിഭാഗവും മുഖ്യ കാര്യാലയത്തില്‍ തന്നെയാകണം. നിര്‍ദ്ദിഷ്ട സര്‍വ്വകലാശാലയുടെ താല്പര്യം കണക്കിലെടുത്ത് അക്കാദമിക കോഴ്സ് തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക കേന്ദ്രങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കുന്നതാകും നല്ലത്. ഇത് കോഴ്സുകളില്‍ തദ്ദേശീയ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്നതിനു സഹായകമായേക്കാം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ കാര്യാലയത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്. ഗവേഷണ പ്രോജക്ടുകള്‍ നല്‍കാന്‍ ഉതകുന്ന പദവി പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

ഇനിയുള്ള പ്രശ്‌നം സര്‍വ്വകലാശാലകളില്‍ നിലവിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ സംബന്ധിച്ചാണ്. അവ പ്രാദേശിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നിര്‍ദ്ദേശം ഉയരാനിടയുണ്ട്. എന്നാല്‍, ഇത് ശരിയായ ദിശയിലേയ്ക്കുള്ള ചുവടുവയ്പല്ല. സിലബസ്സ്, നിലവാരം എന്നിവയിലുള്ള നിലവാര വ്യതിയാനം മാത്രമല്ല, തത്ത്വചിന്തയില്‍നിന്നുള്ള വ്യതിയാനം കൂടിയാകുമിത്. ഇത്തരം കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരെ നിലവിലുള്ള ദ്വിമുഖരീതിക്ക് (dual mode) അനുസൃതമായിട്ടാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ ഊന്നല്‍ എപ്പോഴും മുഖാമുഖ പഠനത്തിനു പ്രാധാന്യം നല്‍കി അനുബന്ധ കേന്ദ്രങ്ങള്‍ മാത്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായ ആദരണീയമായ അപവാദങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഓപ്പണ്‍ പഠനത്തിന്റെ വിശാലമായ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളാനും പിന്തുടരാനും പര്യാപ്തരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതാകും തുടക്കത്തില്‍ എപ്പോഴും നല്ലത്.

പ്രധാന വെല്ലുവിളികള്‍

നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റി പിന്തുടരാന്‍ പോകുന്ന മാതൃക ഏതുതന്നെയാകട്ടെ, നയരൂപീകരണത്തില്‍ തീര്‍ച്ചയായും ചില വെല്ലുവിളികള്‍ നേരിടാതിരിക്കില്ല.

നയരൂപീകരണത്തില്‍ നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളി സര്‍ക്കാരിലേയ്ക്ക് ചെന്നു ചേരുന്ന സ്ഥിരചെലവിന്റെ വലിപ്പമാണ്. പരമ്പരാഗത സര്‍വ്വകലാശാലകളുടേതില്‍നിന്നു വ്യത്യസ്തമായി പുതിയ വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മുതല്‍മുടക്ക് വലുതാകും. അതുപോലെതന്നെ പുതിയ തലമുറയിലെ പഠിതാക്കള്‍ക്ക് ഉപയുക്തമാകും വണ്ണമുള്ള സഹായസേവന തന്ത്രങ്ങളുടെ ചെലവും പരിഗണിക്കെപ്പടേണ്ടതാണ്. പഠിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ ചെലവില്‍ മാറ്റം ഉണ്ടാകും എന്നത് മറ്റൊരു കാര്യം.

ഗുണനിലവാരം നിലനിര്‍ത്തുക എന്നതാണ് നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മുന്നിലെ മറ്റൊരു വെല്ലുവിളി. ഗുണപരത ഉറപ്പാക്കാന്‍ ആഭ്യന്തരമായിത്തന്നെ ഒരു സംവിധാനം ആവശ്യമാണെന്ന കാര്യം ODC വൃത്തങ്ങള്‍ എടുത്തുപറയുന്നുണ്ട്. അദ്ധ്യയനകേന്ദ്രങ്ങളും (School of Studies) ബന്ധപ്പെട്ട ബോര്‍ഡുകളും ഇതു സംബന്ധിച്ച് കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരേണ്ടതാണെന്നും സൂചിപ്പിക്കുന്നുണ്ട്. അദ്ധ്യയന പരിപാടികളുടെ തയ്യാറെടുപ്പ്, കോഴ്സ് ഘടന നിര്‍ണ്ണയിക്കല്‍, സ്വയം പഠനസാമഗ്രി തയ്യാറാക്കല്‍ എന്നിവയ്ക്കായി ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാന്‍ കേരള സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ഫലപ്രദമായ നടത്തിപ്പിനായി സ്വീകാര്യമായ ഒരു ഘടന സൃഷ്ടിക്കേണ്ടതാണ്. തനിയെ നില്‍ക്കാന്‍ കഴിവുള്ള പഠനകേന്ദ്രങ്ങളുടെ ഒരു ശൃംഖല രൂപവല്‍ക്കരിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തണം. നിലവിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കു കീഴില്‍ അത്തരമൊരു ശൃംഖല നിലവിലില്ല. പലപ്പോഴും തദ്ദേശീയ ഏജന്‍സികള്‍ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആനുകൂല്യം ലഭിക്കുന്നവരെന്നതരത്തില്‍ (franchisees) പ്രവര്‍ത്തിക്കുന്നുണ്ട്. പലരും ഈ രീതി മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യവും ആനുഷംഗികമായി സൂചിപ്പിച്ചുകൊള്ളട്ടെ. ഏതായാലും പുതിയ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഈ ദിശയില്‍ പുതിയൊരു പാത വെട്ടിത്തെളിക്കേണ്ടതാണെന്നു പറയേണ്ടതില്ലല്ലോ.

ഒരു ഓപ്പണ്‍ സര്‍വ്വകലാശാല കൊണ്ടുവരുമ്പോള്‍ പരമ്പരാഗത വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ഒരു താല്പര്യ സംഘര്‍ഷം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ നിലനില്‍ക്കാന്‍ അനുവദിക്കേണമോ അതോ നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലേയ്ക്ക് ഇണക്കിച്ചേര്‍ക്കണോ എന്ന കാതലായ പ്രശ്‌നം സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇണക്കിച്ചേര്‍ക്കാനാണ് ഉദ്യമിക്കുന്നതെങ്കില്‍, പരമ്പരാഗത ദ്വിമുഖ സര്‍വ്വകലാശാലകളുടെ വരുമാനത്തിലെ കനത്ത ഇടിവ് എങ്ങനെയാണ് പരിഹരിക്കാന്‍ പോകുക എന്നത് ചിന്തിക്കേണ്ടതുണ്ട്. വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പരമ്പരാഗത സര്‍വ്വകലാശാലകളുടെ മുഖ്യ ധനസഹായികള്‍ എന്നത് പൊതുബോധമാണ്.

ഇന്ദിരാ​ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ വാങ്ങി പുറത്തുവരുന്നവർ
ഇന്ദിരാ​ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ വാങ്ങി പുറത്തുവരുന്നവർ

കേരളത്തിലെ സാധ്യതകള്‍ ഇങ്ങനെ

1.കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ചേരുന്നവരുടെ (18നും 22-നും ഇടയ്ക്കുള്ളവര്‍) അനുപാതം 30 ശതമാനത്തിനു മുകളിലും 60 ശതമാനത്തിനു താഴെയുമാണ്. ഈ അനുപാതം ലോക ശരാശരി അനുപാതത്തിലേയ്‌ക്കെത്തിക്കണമെങ്കില്‍ വിദൂര വിദ്യാഭ്യാസ രീതിയെ കാര്യമായി ആശ്രയിക്കേണ്ടതുണ്ട്.
2.വിദൂര വിദ്യാഭ്യാസ സമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് അനിവാര്യമായ വൈദഗ്ദ്ധ്യങ്ങള്‍ ഏകോപിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗുണപരമായി ഏറെ വൈവിദ്ധ്യങ്ങളുള്ള നിരവധി സ്ഥാപനങ്ങള്‍ ഈ വിപണിയില്‍ പ്രത്യക്ഷപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതിനു കാരണം സര്‍വ്വകലാശാലകളുടെ പ്രാദേശികമായ നിയമാധികാരപദവിയെക്കുറിച്ച് യു.ജി.സി നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ആളുകള്‍ക്ക് ധാരണയില്ല എന്നതാണ്.
3.മേന്മയുടെ കാര്യത്തില്‍ സ്ഥാപനങ്ങളെ ശ്രേണീകൃതമാക്കാവുന്ന ഫലപ്രദമായ രീതികളുടെ അഭാവത്തില്‍ വിദ്യാഭ്യാസ മേഖല ഗുണനിശ്ചിതവിപണി (Lemon Market) സൃഷ്ടിക്കുന്ന ഒരു തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. IGNOU പോലുള്ള പ്രശസ്തമായ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിതാക്കള്‍ക്ക് പഠനം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉപയുക്തമായ വിധത്തില്‍ തെരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. ഒരു സംസ്ഥാന ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുമ്പോള്‍ പഠിതാക്കളുടെ താല്പര്യത്തിനു മുന്‍തൂക്കം നല്‍കുന്ന സാദ്ധ്യതകളെയാണ് ആശ്രയിക്കേണ്ടത്. ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി നല്‍കുന്ന വിപണിസന്ദേശം എപ്പോഴും ഗുണപരമായ ഔന്നത്യം രൂപപ്പെടുത്താന്‍ പ്രാപ്തമായതാകണം. ഇക്കാര്യത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കമ്മിഷന് ഫലപ്രദമായ പങ്കുവഹിക്കാന്‍ കഴിയും.
4.ഭാവിയില്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കാന്‍ സാദ്ധ്യതയുള്ള ദിശയെ സംബന്ധിച്ച ഗൗരവമുള്ള സൂചകങ്ങളിലേയ്ക്കാണ് 2017-ലെ ODL നിയന്ത്രണങ്ങള്‍ വെളിച്ചം വീശുന്നത്. ഭരണപരമായ വസ്തുതകള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടുന്നതായ പിന്തുണകള്‍, ധനകാര്യ വിഷയങ്ങള്‍, മൂല്യനിര്‍ണ്ണയം, അംഗീകാരങ്ങള്‍, കഇഠ ഉപയോഗം, അനുശ്രവണം (monitoring) എന്നിങ്ങനെ എല്ലാ മേഖലകളും കൃത്യമായ നിയാമകങ്ങള്‍ ഈ നിയന്ത്രണരേഖ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. ഈ പ്രവര്‍ത്തനങ്ങളാകട്ടെ, വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്ന ഒരു കുടക്കീഴില്‍ കൊണ്ടുവന്നെത്തിക്കാന്‍ സഹായകമാകും. സാധാരണ സര്‍വ്വകലാശാലകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ക്ക് ODL നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ സാധിച്ചുവെന്നുവരില്ല. അതും ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രസക്തി കൂടുന്നു.
5.സാങ്കേതിക വിപ്ലവത്തിന്റെ വിള കൊയ്യാന്‍ പറ്റിയ ഇടമാണ് കേരളം. സംസ്ഥാനത്ത് മൊബൈല്‍ ഉപയോഗത്തിന്റെ വര്‍ദ്ധനവ് അത്ഭുതകരമാംവണ്ണം വലുതാണ്. 33 ദശലക്ഷം ആളുകള്‍ ഉള്ളിടത്ത് 30 ദശലക്ഷം മൊബൈല്‍ കണക്ഷനുകള്‍ ഉെണ്ടന്ന് കണക്കുകള്‍ പറയുന്നു (V.K. Mathews, 2018). ഇതിനു പുറമെയാണ് വിപുലമായ ഇന്റര്‍നെറ്റ് കണക്ഷനും. സംസ്ഥാനത്ത് ഗാര്‍ഹികതലത്തില്‍ 20 ശതമാനത്തോളം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗം ഉള്ളപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റൊരു 15 ശതമാനത്തോളം പേര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് വി.കെ. മാത്യൂസ് രേഖപ്പെടുത്തിയിട്ടുണ്ട്(2018). 3G, 4G വരവോടുകൂടിയും കൊവിഡ് സാഹചര്യത്തിലും ഇതിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം വിപുലമാക്കാന്‍ വിവര വിനിമയ സാങ്കേതികവിദ്യ (Information and Communication Technology - ICT) എത്ര ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇപ്പോള്‍ നടക്കുന്ന വെബിനാറുകള്‍ (Webinar) സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ODL നിയന്ത്രണ നിര്‍ദ്ദേശാനുസാരിയായി പഠിതാക്കള്‍ക്കു വിവര വിനിമയ സാങ്കേതികവിദ്യയുടെ നല്ലൊരു പാക്കേജ് നല്‍കാവുന്നതാണ്. അങ്ങനെയെങ്കില്‍ ഓപ്പണ്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇന്റര്‍നെറ്റ് വിപ്ലവവുമായി ബന്ധപ്പെടുത്തി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ശക്തി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനുള്ള വഴികള്‍ ആരായണം. ഇത് വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഉതകും.
6.മലയാളഭാഷയിലൂടെ വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്താല്‍ ആവശ്യക്കാര്‍ നിരവധിയാകും. ഒരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഇതു ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയും. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നു. തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റി (TNOU) ഇന്ന് മികച്ച സ്ഥാപനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com