'ഇന്ത്യ'യോട് എന്തിനിത്ര വെറുപ്പ്?

ഭാരതം തന്നെ ഇന്ത്യ എന്നും ഇന്ത്യ തന്നെ ഭാരതം എന്നും അംഗീകരിക്കാന്‍ പ്രയാസമൊട്ടുമുണ്ടാവില്ല
'ഇന്ത്യ'യോട് എന്തിനിത്ര വെറുപ്പ്?

മ്മുടെ ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ രാജ്യത്തിന്റെ പേര് പറയുന്നത് ഇങ്ങനെയാണ്. 'ഇന്ത്യ, അതായത് ഭാരതം' (India, that is Bharat). അതില്‍നിന്നു ഇന്ത്യ നീക്കം ചെയ്യണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു പോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് എം.പി. ആയിരുന്ന ശാന്താറാം നായിക് 2010-ലും 2012-ലും പാര്‍ലമെന്റില്‍ കൊണ്ടുവന്ന സ്വകാര്യ ബില്ലുകള്‍ ഉദാഹരണമാണ്. രാജ്യസ്‌നേഹം വഴിഞ്ഞൊഴുകുന്ന പേര് ഭാരതം ആകയാല്‍ ഇന്ത്യ ഒഴിവാക്കപ്പെടണമെന്നാണ് നായിക് വാദിച്ചത്. 2014-ല്‍ ബി.ജെ.പി എം.പിയായിരുന്ന യോഗി ആദിത്യനാഥും അവതരിപ്പിച്ചു ഒരു സ്വകാര്യ ബില്‍. 'ഇന്ത്യ'യ്ക്കു പകരം 'ഹിന്ദുസ്ഥാന്‍' ചേര്‍ക്കുകയും 'ഇന്ത്യ, അതായത് ഭാരതം' എന്നത് 'ഭാരതം, അതായത് ഹിന്ദുസ്ഥാന്‍' എന്നാക്കി മാറ്റുകയും വേണമെന്നത്രേ ആദിത്യനാഥ് ആവശ്യപ്പെട്ടത്.

പാര്‍ലമെന്റിനു വെളിയില്‍ സുപ്രീംകോടതിയിലും ഇതേ ആവശ്യവുമായി ചിലര്‍ പോയിട്ടുണ്ട്. 2015-ല്‍ എച്ച്.എല്‍ ദത്തു ചീഫ് ജസ്റ്റിസായിരിക്കേ, അത്തരമൊരു ഹര്‍ജി കോടതിയിലെത്തുകയുണ്ടായി. പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞുവെങ്കിലും, മാസങ്ങള്‍ക്കുശേഷം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ടി.എസ്. താക്കൂര്‍ പ്രസ്തുത ഹര്‍ജി അമര്‍ഷപൂര്‍വ്വം തള്ളി. ഇപ്പോഴിതാ 2020 ജൂണ്‍ മൂന്നിന് ഇതേ ആവശ്യം ഉന്നയിക്കുന്ന മറ്റൊരു ഹര്‍ജി കൂടി സുപ്രീംകോടതി തള്ളിയിരിക്കുന്നു. രാജ്യത്തിന്റെ പേര് മാറ്റല്‍ കോടതിയുടെ ജോലിയല്ലെന്നും പാര്‍ലമെന്റാണ് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നുമുള്ള വസ്തുത ഹര്‍ജി സമര്‍പ്പിച്ച 'നമഹ'യെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു ന്യായാസനം.

ഇന്ത്യ എന്ന ദേശീയ നാമം അഭാരതീയമാണെന്നും അത് കൊളോണിയല്‍ ഭരണാധികാരികള്‍ നല്‍കിയതാണെന്നുമാണ് നമഹയുടെ ഹര്‍ജിയില്‍ പറയുന്നത്. ആ നിലയ്ക്ക് ഇന്ത്യ എന്ന പേര് അടിമത്തത്തിന്റെ പ്രതീകമാണ്. ഒരു അധിനിവേശ അവശിഷ്ടത്തിന്റെ ഇപ്പോഴും തുടരുന്ന ഉപയോഗം രാജ്യത്തിന്റെ 'ശരിയായ' പേര് (ഭാരതം) ഉപയോഗിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന്റെ ലംഘനമായി വിലയിരുത്തപ്പെടണം. അതിനാല്‍, പൊതുതാല്പര്യം പരിഗണിച്ച് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ ഉചിത ഭേദഗതി വരുത്തി രാഷ്ട്രത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രഭരണകൂടത്തിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നത്രേ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. (See Kanika Gauba, E.P.W, 11-07-2020).

രാഷ്ട്രനാമത്തിന്റെ വിഷയം ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ഉയര്‍ന്നുവരാതിരുന്നിട്ടില്ല. ഭരണഘടനയുടെ ഒന്നാം വകുപ്പിന്റെ ചര്‍ച്ച കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടത് ഫെഡറല്‍ ബന്ധങ്ങളിലാണെങ്കിലും പേരും അവിടെ ചര്‍ച്ചയ്ക്ക് വിധേയമായി. രാജ്യത്തിന്റെ 'പരമ്പരാഗത' പേരുകള്‍ എന്ന നിലയില്‍ ആര്യാവര്‍ത്തം, ഭാരതവര്‍ഷം, ഹിന്ദ് എന്നിവ കടന്നുവന്നു. ഇന്ത്യ എന്നതിനോടൊപ്പം രാജ്യത്തിന്റെ പ്രാചീന നാമമായ ഭാരതവും നിലനിര്‍ത്തുന്നതിലായിരുന്നു ഭൂരിപക്ഷം അംഗങ്ങള്‍ക്കും താല്പര്യം. അവരില്‍ത്തന്നെ ചിലര്‍ 'വൈദേശിക'മായ ഇന്ത്യ ആദ്യം വരുന്നതിനു പകരം ഭാരതം ആദ്യം വരട്ടെ എന്നഭിപ്രായപ്പെട്ടിരുന്നു. 'ഇന്ത്യ, അതായത് ഭാരതം' എന്നു പറയാതെ 'ഭാരതം, അതായത് ഇന്ത്യ' എന്നാവട്ടെ എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം.

ഇന്ത്യയ്ക്കു ഭാരതത്തിനും പുറമെ ഹിന്ദുസ്ഥാന്‍ എന്ന പേരും ചിലര്‍ മുന്നോട്ടു വെയ്ക്കുകയുണ്ടായി. രാജ്യത്തിന്റെ പേരെന്താവണം എന്ന ചോദ്യത്തിന് മൂന്ന് ഉത്തരങ്ങള്‍ (ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍) എന്നിവ അന്തരീക്ഷത്തില്‍ നിലനിന്നു എന്നര്‍ത്ഥം. പക്ഷേ, ഹിന്ദുസ്ഥാന്‍ എന്നത് ഹിന്ദുക്കളുടെ മാത്രം രാജ്യം എന്ന ധ്വനി സൃഷ്ടിക്കുമെന്നതിനാല്‍ 'ഇന്ത്യ, അതായത് ഭാരതം' എന്നത് ഒടുവില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. അവ്വിധം സ്വീകരിക്കപ്പെട്ട നാമധേയത്തില്‍നിന്നു ഇന്ത്യയെ പുറന്തള്ളണമെന്നാണ് കുറച്ചുകാലമായി ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഭാരതം എന്ന പേര്

ഇന്ത്യ എന്ന പേരിനോടുള്ള ഈ വെറുപ്പിന്റെ ഉറവിടമെന്താവാം?  അധിനിവേശത്തിന്റെ അവശിഷ്ടത്തോടുള്ള ഒടുങ്ങാത്ത ദ്വേഷം എന്നാണ് വിശദീകരണമെങ്കില്‍, അത്തരക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയേയും വെറുക്കേണ്ടിവരില്ലേ? സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാരതീയമാണ് ഇന്ത്യന്‍ ഭരണഘടന എന്നു അതിന്റെ ശില്പികള്‍ അവകാശപ്പെട്ടിട്ടില്ല. അങ്ങനെ അവകാശപ്പെടുക സാധ്യമല്ല എന്നതാണ് നേര്. എന്തുകൊണ്ടെന്നാല്‍, വൈദേശിക ഭരണഘടനകളില്‍നിന്നു നാം പലതും സ്വീകരിച്ചിട്ടുണ്ട്. തന്റെ 'ഇന്ത്യന്‍ ഭരണഘടന' എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അധ്യായത്തില്‍ ഡോ. എം.വി. പൈലി എഴുതിയത് നോക്കൂ: ''ലോകത്ത് ആദ്യമായി ഒരു ഭരണഘടന എഴുതിയുണ്ടാക്കിയ രാജ്യം അമേരിക്കയാണെന്നു പറയാം... ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കുന്നതില്‍ തല്‍കര്‍ത്താക്കള്‍ അമേരിക്കന്‍ ഭരണഘടനയില്‍നിന്നു ഒട്ടുവളരെ കാര്യങ്ങള്‍ സ്വീകരിക്കുകയുണ്ടായി; മാത്രമല്ല, ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ അമേരിക്കന്‍ ഭാരണഘടനയ്ക്കുശേഷം എഴുതിയുണ്ടാക്കപ്പെട്ട പ്രധാന ഭരണഘടനകളില്‍നിന്നും വിശിഷ്യ ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍നിന്നും അവര്‍ അനുയോജ്യമായ ഭാഗങ്ങള്‍ പുതിയ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തന്നിമിത്തം ഇന്ത്യയുടെ ഭരണഘടനയില്‍ മൗലികത്വത്തെക്കാള്‍ അനുകരണത്തിന്റേയും അനുധാവനത്തിന്റേയും സമ്മേളനമാണ് കൂടുതല്‍ പ്രകടമായി കാണുക.'' (ഇന്ത്യന്‍ ഭരണഘടന, പു.2).

ഡോ. പൈലി തുടരുന്നു: ''ഇന്ത്യന്‍ ഭരണഘടന 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ് നിയമത്തില്‍നിന്നു സിദ്ധമായിട്ടുള്ള ഒന്നാണ്; അതിലെ പല വകുപ്പുകളും വള്ളിപുള്ളി വ്യത്യാസമില്ലാതെ പകര്‍ത്തിയിട്ടുമുണ്ട്.'' (അതില്‍ത്തന്നെ, പു.4.). അമേരിക്കയടക്കമുള്ള വിദേശ രാഷ്ട്രങ്ങളുടെ ഭരണഘടനകളില്‍നിന്നും ബ്രിട്ടീഷുകാര്‍ 1935-ല്‍ ആവിഷ്‌കരിച്ച ആക്ടില്‍നിന്നും നിര്‍ലോഭം കടമെടുത്തെഴുതിയ ഇന്ത്യന്‍ ഭരണഘടനയില്‍ വൈദേശികത്വവും അധിനിവേശത്വവും ആരോപിച്ച് ആ ഭരണഘടന തള്ളിക്കളയണമെന്നു പറയുന്നതുപോലെ ബാലിശമാണ് ഇന്ത്യ എന്ന രാഷ്ട്രനാമത്തില്‍ അധിനിവേശഗന്ധമാരോപിച്ച് ആ പേര് ഉപേക്ഷിക്കണമെന്നു പറയുന്നത്. വിജ്ഞാനത്തിനും സംസ്‌കാരത്തിനും ഇടുങ്ങിയ ദേശാതിര്‍ത്തികള്‍ കല്പിച്ച് പ്രസ്തുത അതിര്‍ത്തികള്‍ക്കു വെളിയിലുള്ളവയെ മാറ്റിനിര്‍ത്തുന്നത്, മിതമായി പറഞ്ഞാല്‍ ബന്ധപ്പെട്ടവരുടെ മനസ്സിനെ ബാധിച്ച രുഗ്ണതയുടെ ലക്ഷണമാണ്. ഭരതന്‍ എന്ന പൗരാണിക രാജാവിനു മുന്‍പും പിന്‍പും ജീവിച്ചവരും വംശീയവും മതപരവും ഭാഷാപരവും പ്രദേശപരവുമായ നിരവധി വൈജാത്യങ്ങള്‍ പുലര്‍ത്തിയവരുമായ അനേകം ജനവിഭാഗങ്ങളുടെ നാടായി ഇന്ത്യയെ കാണാനുള്ള ഹൃദയവിശാലതയുണ്ടെങ്കില്‍, ഭാരതം തന്നെ ഇന്ത്യ എന്നും ഇന്ത്യ തന്നെ ഭാരതം എന്നും അംഗീകരിക്കാന്‍ പ്രയാസമൊട്ടുമുണ്ടാവില്ല.

ഇക്കാര്യത്തില്‍ വല്ലവര്‍ക്കും പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍, പ്രശ്‌നത്തിലെ വില്ലന്‍ കണ്ണും കാതുമില്ലാത്ത തീവ്ര മതദേശീയതയത്രേ. അവര്‍ക്ക് മറ്റൊരു കാര്യത്തില്‍ക്കൂടി ഇതേ പ്രയാസം അനുഭവപ്പെടുന്നതുകാണാം. സെക്കുലറിസം എന്ന പദവും ആശയവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. മതദേശീയതയുടേയും മതാത്മക സാംസ്‌കാരികതയുടേയും മുള്ളുവേലിക്കെട്ടുകള്‍ക്കുള്ളില്‍ ജീവിക്കുന്നവര്‍ക്ക് സെക്കുലറിസം (മതേതരത്വം) എന്ന വാക്ക് തന്നെ ചതുര്‍ത്ഥിയാണ്. അവരുടെ നോട്ടപ്പാടില്‍ അത് അഭാരതീയമാണ്; പാശ്ചാത്യമാണ്. അതിനാല്‍ത്തന്നെ വര്‍ജ്ജ്യവും. 'പാശ്ചാത്യ സംസ്‌കാരത്താല്‍ സ്വാധീനിക്കപ്പെട്ട' ഇന്ത്യയിലെ ചില ബുദ്ധിജീവികള്‍ ഹിന്ദുത്വ രാഷ്ട്രസങ്കല്പം കുഴിച്ചുമൂടുന്നതിനു പ്രയോജനപ്പെടുത്തുന്ന ഉപകരണമാണ് സെക്കുലറിസം എന്നു പ്രചരിപ്പിക്കപ്പെട്ടു പോന്നിട്ടുണ്ട്.

'സെക്കുലര്‍' എന്ന വാക്കിനോടുള്ള പകയും വിദ്വേഷവും പ്രകടിപ്പിക്കാന്‍ തീവ്ര മത ദേശീയവാദികള്‍ ഉപയോഗിക്കുന്ന ചില പദങ്ങള്‍ അശോക യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപികയായ റിത കോത്താരി ഒരു ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിക്കുലര്‍ (Sickular) എന്നതാണ് അത്തരം പദങ്ങളിലൊന്ന്. ന്യൂനപക്ഷ മതക്കാരോട് മമതയും ഭൂരിപക്ഷ മതക്കാരോട് വെറുപ്പും വെച്ചുപുലര്‍ത്തുന്നുവരാണ് സെക്കുലറിസ്റ്റുകള്‍ എന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമാണ് ഈ 'സിക്കുലര്‍' പ്രയോഗം. ഇതേ ആശയം കൂടുതല്‍ രൗദ്രരീതിയില്‍ പ്രക്ഷേപിക്കാന്‍ തല്‍പ്പരകക്ഷികള്‍ കൂട്ടുപിടിക്കുന്ന മറ്റൊരു പദമത്രേ ഷെയ്ഖുലര്‍ (Sheikhular). ഇപ്പറഞ്ഞ മതേതരത്വവിരുദ്ധര്‍ I.S.I.S-ന് തങ്ങളുടേതായ ഒരു പുതിയ പൂര്‍ണ്ണരൂപം നല്‍കിയതും കാണാം. 'ഇന്ത്യന്‍ സെക്കുലര്‍ ഇന്റലെക്ച്വല്‍ സിസ്റ്റേഴ്സ്' എന്നതാണത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവരോട് അനുഭാവം പുലര്‍ത്തുന്നു എന്നു തങ്ങള്‍ കരുതുന്ന അരുന്ധതി റോയ്, സബ നഖ്വി തുടങ്ങിയവരെ അവര്‍ ഈ വിഭാഗത്തില്‍പ്പെടുത്തുന്നു.

സെക്കുലറിസത്തോടുള്ള അമര്‍ഷവും അവജ്ഞയും വെറുപ്പും ഭൂരിപക്ഷമത ദേശീയവാദികളില്‍ ഒതുങ്ങുന്നു എന്നു കരുതരുത്. ഹൈന്ദവ മത ദേശീയതയുടെ ഇസ്ലാമിക മറുപ്രതിയായ മുസ്ലിം മതമൗലികതയും സെക്കുലറിസത്തെ കാണുന്നത് തിരസ്‌കരിക്കപ്പെടേണ്ട പാശ്ചാത്യ രാഷ്ട്ര സങ്കല്‍പ്പം എന്ന നിലയിലും അനിസ്ലാമിക സാംസ്‌കാരിക ആശയം എന്ന നിലയിലുമാണ്. രണ്ടുകൂട്ടരും ഒരു സുപ്രധാന വസ്തുത വിസ്മരിക്കുന്നു: ഭരണഘടനയില്‍ പറയുന്ന 'ഇന്ത്യ, അതായത് ഭാരതം' എന്നത് രാഷ്ട്രത്തിന്റെ പേരെന്നപോലെ മഹനീയമായ ഒരാശയത്തിന്റെ പ്രകാശനം കൂടിയാണ്. ബഹു സംസ്‌കാരാധിഷ്ഠിത രാഷ്ട്രം എന്നതാണ് അച്ചൊന്ന ആശയം. അതിന്റെ ഭദ്രതയെ ആശ്രയിച്ചിരിക്കുന്നു രാജ്യത്തിന്റെ ഭദ്രത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com