ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home മലയാളം വാരിക ലേഖനം

''ഇവിടെ അടുത്തു ഷാപ്പുണ്ടോ? കള്ളുഷാപ്പ്...?''; അയ്യപ്പപ്പണിക്കര്‍ സ്മൃതി, നെടുമുടി വേണു എഴുതുന്നു

By നെടുമുടി വേണു  |   Published: 12th September 2020 12:49 PM  |  

Last Updated: 12th September 2020 12:51 PM  |   A+A A-   |  

0

Share Via Email

nedumudi_ayyappa1

 


ഒരു ദിവസം, അയ്യപ്പപ്പണിക്കര്‍ സാര്‍ എന്നെ ഫോണില്‍ വിളിച്ചു. സാറാണെന്നു മനസ്സിലായി, പക്ഷേ, ഒന്നും വ്യക്തമാകുന്നില്ല. വളരെ ദൂരെനിന്നെവിടെയോ സംസാരിക്കുന്നതുപോലെ. 
''കേള്‍ക്കുന്നില്ലല്ലോ സാര്‍'' - ഞാന്‍ പറഞ്ഞു.
മറുതലയ്ക്കല്‍ ഫോണ്‍ കിടുകിടുക്കുകയോ മറ്റോ ചെയ്യുന്ന ശബ്ദം കേട്ടു. 
''ഇപ്പോഴോ...?''
''ഇല്ല സാര്‍, ക്ലിയറാവുന്നില്ല.''
പിന്നെയുമെന്തൊക്കെയോ കിടുകിടുപ്പ്.
''ഇപ്പോള്‍ കേള്‍ക്കുന്നുണ്ടോ?''
''ഉവ്വു സാര്‍, കേള്‍ക്കുന്നുണ്ട്.''
''ഹോ, പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളെങ്കിലും ഈ തിരുവനന്തപുരത്തുണ്ടല്ലോ...'' - സാറിന്റെ മറുപടി.
മറ്റൊരു ദിവസം വീട്ടില്‍ വന്നപ്പോ സുശീല പറഞ്ഞു: രണ്ടു മൂന്നു വട്ടം സാറു വിളിച്ചിരുന്നു; വരുമ്പോ തിരിച്ചുവിളിക്കണമെന്നും പറഞ്ഞു. ഏറ്റവും അത്യാവശ്യത്തിനു മാത്രം ഫോണ്‍ ചെയ്യുന്ന സാറെന്തിനാണ് പല പ്രാവശ്യം വിളിച്ചത്? മനസ്സിലൊരു വേവലാതി, വേണ്ടപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും... നേരിയ വിറയലോടെ ഞാന്‍ സാറിനെ വിളിച്ചു. ''സാറു പലവട്ടം വിളിച്ചൂന്നു പറഞ്ഞു.''
''വിളിച്ചു.''
''എന്താ സാര്‍?''
''ഇത്തരം കാര്യങ്ങളൊന്നും ഭാര്യമാരറിയേണ്ടതല്ല, ചിലപ്പോ കുടുംബകലഹമുണ്ടാവും.''
ഞാന്‍ വല്ലാതായി. എന്താണു ഞാന്‍ ചെയ്ത അപരാധം? ''സാര്‍...''
''വേറൊന്നുമല്ല, സി.വി. ഫൗണ്ടേഷന്റെ ഒരു മെമ്പര്‍ഷിപ്പെടുക്കണം. ആയിരം രൂപാ. നമ്മുടെ കൂട്ടത്തില്‍പ്പെട്ട പലരും ഭാര്യമാരറിയാതെയാണ് ഇത്തരം കാര്യങ്ങളില്‍...''
സാറങ്ങനെയാണ്. കേട്ടുശീലിച്ചതുപോലെയല്ല ഒരു കാര്യമവതരിപ്പിക്കുക, എഴുത്തിലായാലും വാമൊഴിയിലായാലും. ഏതു സാഹചര്യത്തിലും ഒരു കുസൃതിക്കാരന്‍ കുട്ടി സദാ പ്രസന്നവാനായി സാറിന്റെ ഒപ്പമുണ്ട്. അവനു വിളയാടാന്‍ കിട്ടുന്ന ഒരവസരവും സാറിനു പാഴാക്കാന്‍ പറ്റില്ല. 'പൂക്കാതിരിക്കാനെനിക്കാവതില്ലേ' എന്നു കൊന്ന പറഞ്ഞപോലെയാണത്.
ലോക മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി പ്രഭാകര്‍ മച്ച്വേ വന്നു. സാറും സംഘവും ഒപ്പമുണ്ട്. പന്തലിന്റെ പണി തീര്‍ന്നിട്ടില്ല, പ്രത്യേകിച്ച് പ്രവേശന കവാടമില്ല. കുറേ തൂണുകള്‍ നിരത്തി നാട്ടിയിട്ടുണ്ട്.
മന്ത്രിയൊന്നു നിന്നു. എന്നിട്ടു ചോദിച്ചു:
''വിച്ച് വേ...''
സാറു പറഞ്ഞു: ''മച്ച്വേ.''
ഒരു കൂട്ടച്ചിരിയുടെ അകമ്പടിയോടെ മുന്നില്‍ കണ്ട വഴിയിലൂടെ നടന്ന് മന്ത്രി അരങ്ങില്‍ കയറി. തൊട്ട കൈ കടിക്കുന്ന സാറിന്റെ രസകരമായ ആ മൊഴിവഴക്കം അങ്ങനെ എത്രവേണമെങ്കിലുമുണ്ടല്ലോ പറയാന്‍.
ആലപ്പുഴ എസ്.ഡി. കോളേജില്‍ മലയാളമായിരുന്നു, എന്റെ ഐച്ഛിക വിഷയം. ഞങ്ങളുടെ അദ്ധ്യാപകനായിരുന്ന അമ്പലപ്പുഴ ഗോപകുമാര്‍ സാര്‍ പാഠ്യവിഷയങ്ങള്‍ക്കു പുറമേ, ആധുനിക കവികളേയും കവിതകളേയും പരിചയപ്പെടുത്തുമായിരുന്നു. അക്കൂട്ടത്തില്‍ അന്നു കേട്ട പേരാണ്, അയ്യപ്പപ്പണിക്കര്‍.
''ആനകളുണ്ടേ, നാലഞ്ചാനകളുണ്ടേ-
...................................
വേദമൊഴിയുമ്പോള്‍ മെയ്യനങ്ങാത്തേവരുമുണ്ടേ...''

''കണ്ണാശുപത്രിയിലെ പര്‍ണ്ണാശ്രമത്തിലൊരു
കണ്വന്‍ കടംകഥ പറഞ്ഞു...''

''കം തകം പാതകം...''
എന്നിങ്ങനെ കുറേ കവിതകള്‍ സാറു ചൊല്ലി കേള്‍പ്പിച്ചു. ഒപ്പം കടമ്മനിട്ട, സച്ചിദാനന്ദന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങി പുതുവഴിയേ നടക്കുന്ന പല കവികളെക്കുറിച്ചും സാറു പറഞ്ഞുതന്നിരുന്നു. പിന്നീട്, വളരെ വൈകിയാണറിഞ്ഞത്, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ കേശവപ്പണിക്കര്‍, അയ്യപ്പപ്പണിക്കരുടെ ഇളയ സഹോദരനാണ്; മൂന്നു എം.എ., കൂടാതെ പിഎച്ച്.ഡി. അങ്ങനെ എടുത്താല്‍ പൊങ്ങാത്ത ബിരുദങ്ങളുമായി നീണ്ടുമെലിഞ്ഞ് ചെറിയ ബുള്‍ഗാന്‍ താടിയുമായി ആരോടും അധികം വര്‍ത്തമാനം പറയാന്‍ നില്‍ക്കാതെ എപ്പോഴും ഒറ്റയ്ക്ക്. അത്യന്താധുനികനല്ലേ, അയ്യപ്പപ്പണിക്കരും ഇങ്ങനെയൊക്കെത്തന്നെയായിരിക്കും എന്നായിരുന്നു സങ്കല്പത്തില്‍. പിന്നീട്, കാവാലവുമായി അടുത്തപ്പോഴാണ്, അദ്ദേഹവും കാവാലത്തുകാരനാണ്, ഇവര്‍ അടുത്ത ബന്ധുക്കളാണ് എന്നൊക്കെ തിരിച്ചറിഞ്ഞത്.
തനതു നാടകവേദിക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ വഴിക്കല്ലായിത്തീര്‍ന്ന 'ദൈവത്താര്‍' നാടകത്തിന്റെ അരങ്ങേറ്റം ആലപ്പുഴ എസ്.ഡി.വി. സ്‌കൂളില്‍.
നാടക ക്യാമ്പുകളില്‍ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട സ്വന്തം നാടിന്റെ നാടകം ഉരുത്തിരിയുന്നതു കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും സി.എന്നും ജി. ശങ്കരപ്പിള്ള സാറുമുള്‍പ്പെടെ പല പ്രഗത്ഭമതികളും സന്നിഹിതരായിരുന്നു. ദൈവത്താറിനു മുന്‍പ്, അയ്യപ്പപ്പണിക്കരു സാറിന്റെ കാര്‍മ്മികത്വത്തില്‍ ജി. ശങ്കരപ്പിള്ള രചിച്ച 'മൂന്നു പണ്ഡിതന്മാരും ഒരു സിംഹവും' എന്ന ലഘുനാടകം തിരുവനന്തപുരത്തു നിന്നും തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ട്. കാവാലം, എല്ലാവരേയും പരസ്പരം പരിചയപ്പെടുത്തി. ആറുമണിക്കു തുടങ്ങണം. സമയം അഞ്ചായി. കാണികള്‍ വന്നു തുടങ്ങി. പെട്ടെന്ന്, കുറച്ചകലെനിന്ന് അയ്യപ്പപ്പണിക്കരു സാര്‍ എന്നെ കയ്യാട്ടി വിളിച്ചു. തിരക്കില്ലാത്ത ഒരു കോണിലേക്ക് മാറ്റിനിര്‍ത്തി, അല്പം ശബ്ദം താഴ്ത്തി ചോദിച്ചു:
''ഇവിടെ അടുത്തു ഷാപ്പുണ്ടോ? കള്ളുഷാപ്പ്...?''
ഞാനൊന്നു വല്ലാതായി. അദ്ധ്യാപകനാണ്, കവിയാണ്, അപ്പോള്‍ പരിചയപ്പെട്ട എന്നോട്... അത്യന്താധുനികനല്ലേ, വേണമായിരിക്കും, നാടകത്തിനുമുന്‍പ് ലേശം...
ഞാന്‍ ചോദിച്ചു: ''അങ്ങോട്ടു പോണോ, അതോ വാങ്ങിപ്പിക്കണോ?''
പെട്ടെന്നു സ്വകാര്യ സ്വഭാവം മാറി. സാറിനു ദേഷ്യം വന്നു: ''അവിടെ കടമ്മനിട്ട രാമകൃഷ്ണന്‍ കാണും, വിളിച്ചോണ്ടു വരണം. അയാള്‍ക്കു നാടകത്തില്‍ വേഷമുള്ളതാ.''
അടുത്തുള്ളതു കിടങ്ങാംപറമ്പ് ഷാപ്പാണ്. അക്കാലത്ത് എനിക്കവിടെയൊന്നും കേറി പരിചയമില്ല. ചെന്നപ്പോള്‍ ശരിയാണ്. കവിതയും ചര്‍ച്ചയുമായി ഒരു വൃന്ദം. ഞാന്‍ ചോദിച്ചു: ''കടമ്മനിട്ട...?''
''ഞാനാ, എന്തുവേണം?'' പരുക്കന്‍ മനുഷ്യനും രൂപത്തിനും ചേര്‍ന്ന ശബ്ദവും. ഞാന്‍ കാര്യം പറഞ്ഞു. പെട്ടെന്നെല്ലാം തൂത്തുപെറുക്കി അകത്താക്കി തെറ്റു ചെയ്ത വിദ്യാര്‍ത്ഥിയെപ്പോലെ കവി എന്റെകൂടെ പോന്നു. ആസ്വാദകവൃന്ദം പുറകെയും.
'ദൈവത്താര്‍' എല്ലാ അര്‍ത്ഥത്തിലും കേമമായി. ശങ്കരപ്പിള്ളയും കാവാലവും ഞാനും കൂടിയാണ്  അവനവന്റെ നാടകവേദി അന്വേഷിച്ചിറങ്ങിയത്. കണ്ടെത്തിയത് കാവാലമാണ് എന്ന് സി.എന്‍. ഉച്ചൈസ്ഥരം പ്രസ്താവിച്ചു. 'ദൈവത്താര്‍' പ്രബുദ്ധമായ സദസ്സിനു മുന്നില്‍ ഒട്ടേറെ അരങ്ങുകളില്‍ കളിച്ചു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും ഉത്സാഹവാനായി അണിയറയിലും പ്രേക്ഷഗൃഹത്തിലുമെല്ലാം മിക്കവാറും അയ്യപ്പപ്പണിക്കര്‍ സാറുമുണ്ടാവും.
അയ്യപ്പപ്പണിക്കരു സാറിന്റെ നിര്‍ദ്ദേശ പ്രകാരമാണോ എന്നറിയില്ല, 'കടമ്പ'യുമായി ആലപ്പുഴ നിന്ന് കാവാലം തിരുവനന്തപുരത്തേക്കു പോന്നു. ആ നാടകവേദിയുടെ രംഗശീലക്രമങ്ങളുമായി പൊരുത്തപ്പെട്ട ഒരാള്‍ എന്ന നിലയ്ക്ക് എന്നെയും കൂടെ കൂട്ടി. എല്ലാ അര്‍ത്ഥത്തിലും വസന്തം പൂത്തുലഞ്ഞ ഒരു കാലമായിരുന്നു അത്. എന്റെ മാത്രമല്ല, നാടിനേയും ഭാഷയേയും പാരമ്പര്യത്തേയും നാട്യ സംസ്‌കൃതിയേയും പ്രണയിച്ച ഒട്ടേറെ പേര്‍ക്ക്, പ്രത്യേകിച്ചു ചെറുപ്പക്കാര്‍ക്ക്, അതു മറക്കാനാവാത്ത കാലമായി മാറി.
പെരുന്താന്നി അമ്മ വീടിന്റെ മുറ്റത്താണ് 'കടമ്പ'യുടെ റീഹേഴ്‌സല്‍. നാടന്‍ ചൊല്ലുകളും വായ്ത്താരിയും പാട്ടുശകലങ്ങളും നൃത്തച്ചുവടുകളും എല്ലാം ചേര്‍ന്ന്, ചെയ്വനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും ഒരു തികഞ്ഞ വിരുന്നായിരുന്നല്ലോ 'അവനവന്‍ കടമ്പ'. മിക്കവാറും അയ്യപ്പപ്പണിക്കരു സാറുമുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കുട്ടിയുടെ ഔത്സുക്യത്തോടെ എല്ലാം കഴിയുന്നതുവരെ ഇരിക്കും. അക്കാലത്താണ് 'കവിയരങ്ങു'കള്‍ ഉയിര്‍ക്കൊണ്ടത്. സാറിനു പുറമേ കാവാലവും കടമ്മനിട്ടയും സച്ചിദാനന്ദനുമൊക്കെ കവിയരങ്ങിന്റെ സജീവസാന്നിദ്ധ്യമായി. ഭരത് ഗോപിയും ഞാനുമെല്ലാം അവതരിപ്പിച്ചിരുന്നത് നാടകീയാംശമുള്ളവയോ, 'കാര്‍ട്ടൂണ്‍ കവിതകള്‍' എന്നു വിശേഷിപ്പിക്കപ്പെട്ടവയോ ആയ കവിതകളാണ്. നിയതമായ താളമുള്ളവയ്ക്ക് വാദ്യസന്നാഹമൊരുക്കാന്‍ കാവാലം പത്മനാഭനും ഞാനും കൂടും. 'തിരുവരങ്ങി'ന്റെ നാടകത്തിനു മുന്‍പ് തുറന്ന വേദികളില്‍ത്തന്നെ 'കവിയരങ്ങും' പതിവായി. എനിക്കു നാടകത്തില്‍ വേഷം കെട്ടേണ്ടതുള്ളതുകൊണ്ട്, സാറെന്നെ നേരത്തേ വിളിക്കും. അന്നെനിക്കു തോളറ്റം മുടിയുണ്ട്. അടുത്ത കവിത 'നെടുമുടി' വേണു എന്നു പറയുമ്പോള്‍  'നെടുമുടി' സാറൊന്നു കടുപ്പിക്കും. മുടിയുള്ളതു കൊണ്ടാണ് 'നെടുമുടി'യായത് എന്നാണ് അടുപ്പമില്ലാത്തവരുടെ ധാരണ. 'മുടി'യുമായി വരുന്ന എന്നെക്കണ്ട് അവര്‍ ചിരിക്കും. ഒരു ദിവസം കാവാലം പറഞ്ഞു: ''അയ്യപ്പപ്പണിക്കര്‍ വിളിച്ചതല്ലേ, പേരിന്റെ കൂടെ നെടുമുടിയുമിരുന്നോട്ടെ. വേണൂന്നു പറഞ്ഞാല്‍ എത്ര വേണുമാരുണ്ട്. ഇരുന്നോട്ടെ...''
അങ്ങനെ, വലിയ ഉത്തരവാദിത്വമാണെന്നറിഞ്ഞുകൊണ്ടുതന്നെ നാടിന്റെ പേരും പേരിനൊപ്പം ചുമലിലേറ്റി.
കവിയരങ്ങ് ചിലപ്പോഴൊക്കെ 'ചൊല്‍ക്കാഴ്ച'യായി മാറി. കവിതയെ അഭിനയത്തിലൂടെ വ്യാഖ്യാനിക്കുക എന്ന പരീക്ഷണം. സാറിന്റെ 'മോഷണ'വും 'റോസിലി'യും 'ഇണ്ടനമ്മാവനും' സച്ചിദാനന്ദന്റെ 'കോഴിപ്പങ്കും' കാവാലത്തിന്റെ 'മണ്ണും' 'കോതാമൂരി'യും കടമ്മനിട്ടയുടെ പല കവിതകളും കാവ്യകുതുകികള്‍ക്കെന്നപ്പോലെ സാധാരണക്കാര്‍ക്കും രുചിച്ചു. കവിത കേള്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടാവുകയെന്ന അദ്ഭുതം സംഭവിച്ചു. പിന്നീട് ഉറക്കെച്ചൊല്ലല്‍ ചെറുപ്പക്കാരേറ്റെടുത്തു.
കാവ്യപ്രപഞ്ചത്തോടും താരിപ്പിന്റെ വഴികള്‍ വിട്ടുവരുന്ന യുവകവികളോടുമുള്ള സാറിന്റെ പ്രതിബദ്ധത എത്ര വിശാലവും ദീര്‍ഘവീക്ഷണമുള്ളതുമായിരുന്നുവെന്ന് തിരിച്ചറിയാന്‍ 'കേരള കവിത' എന്ന പ്രസിദ്ധീകരണം മാത്രം മതി. കലയുടെ വിവിധ മേഖലകളില്‍ വര്‍ത്തിക്കുന്ന, സമാനമനസ്‌ക്കരെ ഒന്നിച്ചുകൂട്ടി ഒരു വലിയ മുന്നേറ്റത്തിനു നേതൃത്വം കൊടുക്കാന്‍ സാറിനു കഴിഞ്ഞു; പിന്നീട് അതിനു വലിയ പിന്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍പ്പോലും. ചെയ്യുന്നത് ചെറിയ കാര്യമാണെങ്കിലും അവകാശവാദവുമായി മുന്‍പില്‍ക്കയറി നില്‍ക്കുന്നവരില്‍നിന്നു തികച്ചും വിഭിന്നനായിരുന്നുവല്ലോ, സാറ്. മാറിനിന്നു നോക്കുമ്പോള്‍ സാറു നിര്‍വ്വഹിച്ചത് സൂത്രധാര ധര്‍മ്മമാണ്. പക്ഷേ, ഇവിടെ, അരങ്ങില്‍ നില്‍ക്കേണ്ട സൂത്രധാരന്‍, തന്റെ ചരടുമായി പിന്നിലെവിടെയോ കാണാമറയത്താണ്, എല്ലാം സ്വയമേവ സംഭവിക്കുന്നു എന്ന മട്ടില്‍, ഒരു സൂത്രച്ചിരിയുമായി അരങ്ങിനു പിന്നില്‍, വളരെ വലിയ ഉത്തരവാദിത്വമുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്രയേറെ വിഷയങ്ങളില്‍ സ്തുത്യര്‍ഹമായി വ്യാപരിച്ച ഒരാളെ സാറിനു മുന്‍പോ ശേഷമോ ചൂണ്ടിക്കാണിക്കാനില്ല.
പരിസരത്തെ പ്രസാദാത്മകമാക്കുന്ന, സ്വായത്തമായ ഒരു ശീലമുള്ളപ്പോഴും കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്ന സാറിനേയും പലപ്പോഴും കാണേണ്ടിവന്നിട്ടുണ്ട്. അതില്‍ പ്രധാനമായത്, തനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ ലഹരിയില്‍ ആണ്ടുമുങ്ങുന്നത് സാറിനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. കേവലമായ നേരമ്പോക്കിനു വട്ടം കൂടുമ്പോള്‍ത്തന്നെ സാറ് സൗകര്യപൂര്‍വ്വം ഒഴിഞ്ഞുതരും. ആരെയും വകവെയ്ക്കാത്തവര്‍പോലും ഇത്തിരി വശപ്പെശകായാല്‍ സാറിന്റെ വെട്ടത്തു വരാതെ  വാക്കയ്യും പൊത്തി ഒതുങ്ങുന്നതു ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. പലപ്പോഴും ഞാനും പെട്ടിട്ടുണ്ട്. കുസൃതിക്കണ്ണുകളില്‍ നിറയുന്ന തീക്ഷ്ണതയുള്ള എക്‌സ്‌റേ നോട്ടത്തിനു മുന്‍പില്‍ നുണപറഞ്ഞു നില്‍ക്കാന്‍ പറ്റില്ല. സാറിനോടു തോന്നുന്ന ഭയവും ഭക്തിയും സ്‌നേഹവും ആദരവുമെല്ലാം ആരിലും അടിച്ചേല്പിക്കാതെ സ്വയംമേവാര്‍ജ്ജിതമായ മഹിമയാണ്.
രാജഗിരി സ്‌കൂളിലും ചരല്‍ക്കുന്നിലും നെയ്യാര്‍ ഡാമിലും ആലുവയിലുമൊക്കെയായി എത്രയെത്ര സാഹിത്യ, നാടക ക്യാമ്പുകള്‍. ക്ലാസ്സെടുക്കേണ്ടവര്‍ പലരും വന്നുപോകുമ്പോള്‍ ക്യാമ്പിന്റെ സമാപനം വരെ സാറുണ്ടാവും.
എവിടെയായാലും ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പ്രശ്‌നമല്ല, പക്ഷേ, പരിമിതമായ സൗകര്യത്തില്‍ ക്ലാസ്സ്മുറികളില്‍ ബഞ്ച് കൂട്ടിയിട്ട് ബാഗ് തലയിണയാക്കി കിടന്നുറങ്ങുന്ന സാറിനെ അദ്ഭുതത്തോടെ ഞാനോര്‍ക്കുന്നു. വേണു സംവിധാനം ചെയ്യട്ടെ, ഈ നാടകത്തിനു സംഗീതം ചെയ്യട്ടെ... തീരുമാനം സാറിന്റേതാവുമ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും പകര്‍ന്നുകിട്ടിയ ആത്മവിശ്വാസം ചെറുതല്ല.
ഒരേ ദേശക്കാര്‍, ബന്ധുക്കള്‍ എന്നതിനപ്പുറം കാവാലവുമായി ഗാഢമായ ഒരാത്മബന്ധം സാറിനുണ്ടായിരുന്നു. കാവാലത്തിന്റെ വൈവിദ്ധ്യമാര്‍ന്ന താളവൃത്തങ്ങള്‍ സ്വന്തം കവിതയിലും സാറിന്റെ കൗശല പ്രയോഗങ്ങള്‍ നാടകത്തിലും-അങ്ങനെ സര്‍വ്വാത്മനാ ഉള്ള ആദാനപ്രദാനങ്ങള്‍  ഇരുവര്‍ക്കുമിടയിലുണ്ടായി എന്നു സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
ഒരു നടന്‍ എന്ന നിലയില്‍ സാറ് എങ്ങനെയാണ് എന്നെ വിലയിരുത്തുന്നത്? നേരമ്പോക്കിനുപോലും സ്തുതി പറയാത്ത സാറിന്റെ അഭിപ്രായമാണറിയേണ്ടത്. അമിതാവേശക്കാരനായ ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരു നടന്‍, സാറിനോടു നേരിട്ടു ചോദിച്ചു: ''സാറേ, നാടകത്തില്‍ ഇന്നു ഞാനെങ്ങനെയൊണ്ടാരുന്നു.'' കണ്ണടയുടെ മുകളില്‍ക്കൂടി ഒരു നോട്ടമെറിഞ്ഞിട്ട് സാറു പറഞ്ഞു: ''താന്‍, കഴിഞ്ഞ സ്റ്റേജിനേക്കാള്‍ മോശമായില്ല.'' കാര്യം പിടികിട്ടാത്ത അയാള്‍ അതൊരു അനുമോദനമായി എടുത്തു. കൂടിനിന്ന ഞങ്ങള്‍ ചിരിച്ചു. സാറിനെന്നോട് പ്രത്യേകമായ മമതയും വാത്സല്യവുമുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ എത്രയോ വട്ടം പറയാതെ പറഞ്ഞു. മതി, അതുമതി. അങ്ങനെ ഉള്ളിലുറപ്പിച്ചിരിക്കെയാണ്, 'ദൈവത്താറി'ന്റെ അവതാരികയായി പ്രഗത്ഭര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സാറ്, കാവാലത്തിനോടു ചോദിക്കുന്നു: ''കാലന്‍ കണിയാന്റെ വേഷമെടുത്ത, വേണുവിനെപ്പോലെ ഒരാളെ കിട്ടിയില്ലെങ്കില്‍, ഈ നാടകം അവതരിപ്പിക്കാന്‍ ഒക്കുകില്ലായിരുന്നു എന്നു പറയുന്നില്ലെങ്കിലും, ബുദ്ധിമുട്ടുണ്ടാകുമായിരുന്നു എന്നു പറയുന്നതു ശരിയായിരിക്കുമോ...?''
മറുപടിയായി, തനതു നാടകവേദിയും നടന്മാരും എന്ന താത്ത്വികാന്വേഷണത്തിലേക്കു കാവാലം കടന്നുപോയെങ്കിലും, സ്വന്തം നാടകങ്ങളുടെ അവതാരികയില്‍ കാവാലം എഴുതി: 'ദൈവത്താര്‍' നെടുമുടി വേണുവിന്റെ സ്വന്തം നാടകമായിരുന്നു. ഞാന്‍ എഴുതിയെന്നേയുള്ളൂ. അതില്‍ കാലന്‍ കണിയാന്‍, സൂത്രധാര കര്‍മ്മം നിര്‍വ്വഹിച്ചിരുന്നു. വേണുവിന്റെ അഭിനയാന്വേഷണ യാത്രയിലെ പച്ചത്തുരുത്തായിരുന്നു ആ നാടകം...''
രണ്ടു ഗുരുക്കന്മാരുടെ ആശീര്‍വ്വാദ സമക്ഷം ഞാന്‍ തലകുമ്പിട്ടു നില്‍ക്കുന്നു.
നാടകം പാതിവഴിക്കാക്കി സിനിമയിലേക്കു ഞാന്‍ ചേക്കേറിയതിനെക്കുറിച്ച് സാറിനെന്താവും പറയാനുണ്ടാവുക? 'വേനല്‍' എന്ന  സിനിമയ്ക്കുവേണ്ടി സാറിന്റെ 'പകലുകള്‍ രാത്രികള്‍'  ചൊല്ലിയതിനേക്കുറിച്ചും സാറൊന്നും പറഞ്ഞുകേട്ടില്ല. ഞാനഭിനയിച്ച ഏതെങ്കിലും സിനിമ സാറു കണ്ടിട്ടുണ്ടോ എന്നുപോലുമറിയില്ല. ആയിടയ്ക്കാണ് പ്രസിദ്ധ ബംഗാളി  നോവലിനെ ആസ്പദമാക്കി റ്റി.എന്‍. ഗോപകുമാര്‍ ജീവന്‍മശായി എന്ന സിനിമയെടുത്തത്. പ്രധാന കഥാപാത്രം എനിക്കായിരുന്നു. ആ ചിത്രം പല കാരണങ്ങള്‍കൊണ്ട് പുറത്തിറങ്ങുകയോ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്ത് നിരൂപക ശ്രദ്ധ കിട്ടുകയോ ഒന്നുമുണ്ടായില്ല. 'കലാഭവനില്‍' അഞ്ചോ ആറോ പേര്‍ക്കായി ഗോപകുമാര്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചു. കാണികളിലൊരാള്‍ അയ്യപ്പപ്പണിക്കര്‍ സാറായിരുന്നു. ഇഷ്ടമായില്ലെങ്കില്‍, ആയിരം അര്‍ത്ഥമുള്ള ഒരു നോട്ടം. അതിന്റെ പൊരുള്‍ എനിക്കു മനസ്സിലാവുകയും ചെയ്യും. സിനിമ കഴിഞ്ഞു. എല്ലാ കണ്ണുകളും സാറിലേക്കാണ്. ഞാന്‍ എഴുന്നേറ്റുനിന്നു. സാറെന്നെ നോക്കി വിശാലമായി ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു: ''ഇനി ഭരത് നെടുമുടി എന്നു വിളിക്കാം, ല്ലേ...?''
എത്രയോ അവാര്‍ഡുകള്‍ക്കു മുകളിലാണ് ആ ഭരത് അവാര്‍ഡിന്റെ മൂല്യം എന്നു ഞാനറിഞ്ഞില്ലെങ്കില്‍, പിന്നെ ആരു തിരിച്ചറിയാന്‍...

(കാലയവനികയിലേക്കു മറഞ്ഞ കവി അയ്യപ്പപ്പണിക്കര്‍ക്ക് ഇന്ന് നവതി; കവിയോര്‍മകള്‍ പുതിയ ലക്കം മലയാളം വാരികയില്‍)

TAGS
നെടുമുടി വേണു അയ്യപ്പപ്പണിക്കര്‍ ആധുനിക കവി തനതു നാടകവേദി ദൈവത്താര്‍

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം