ദേവഗീതങ്ങളുടെ മാസ്റ്റര്‍

സ്വന്തം രചന യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ എം.ഡി. രാജേന്ദ്രന് അത്ഭുതം
ദേവഗീതങ്ങളുടെ മാസ്റ്റര്‍

സ്വന്തം രചന യേശുദാസിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ എം.ഡി. രാജേന്ദ്രന് അത്ഭുതം; തെല്ലൊരു പരിഭവവും. ഒരു 'എക്‌സ്ട്രാ' ചരണം കൂടി കടന്നുവന്നിരിക്കുന്നു പാട്ടില്‍. താന്‍ എഴുതാത്ത, സ്വപ്നത്തില്‍പ്പോലും ചിന്തിക്കാത്ത നാല് വരികള്‍.
 
ആശ്വാസം ഒന്നുമാത്രം. പാട്ടിന്റെ ആത്മാവിനോടും സിനിമയിലെ ഗാനസന്ദര്‍ഭത്തോടും പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്നു പുത്തന്‍ വരികള്‍. വിവരമുള്ള ആരോ എഴുതിച്ചേര്‍ത്തതാണെന്നു വ്യക്തം. എങ്കിലും കവിയുടെ ഉള്ളില്‍ സംശയം അണയുന്നില്ല. ഗാനസൃഷ്ടിയിലെ കര്‍ശന നിലപാടിനു പേരുകേട്ട സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററാണ് സംഗീത സംവിധായകന്‍. അനീതിക്ക് ഒരിക്കലും കൂട്ടുനില്‍ക്കാത്ത പ്രകൃതക്കാരന്‍. ഒരാള്‍ പാതി എഴുതിനിര്‍ത്തിയ പാട്ടിന്റെ ബാക്കി ഭാഗം മറ്റൊരാളെക്കൊണ്ട് എഴുതിക്കാന്‍ അദ്ദേഹം തയ്യാറാകുമെന്ന് വിശ്വസിക്കുക വയ്യ. പിന്നെങ്ങനെ സംഭവിച്ചു ഈ മറിമായം?

മറുപടി തന്നത് പടത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കെ.ആര്‍. ഷണ്‍മുഖമാണ്. പാട്ടിറങ്ങി ഒരാഴ്ചയ്ക്കുശേഷം ഷണ്‍മുഖം അണ്ണന്‍ ചെന്നൈയില്‍നിന്ന് എം.ഡി. രാജേന്ദ്രനെ വിളിക്കുന്നു: ''പിന്നേയ്, ദേവരാജന്‍ മാസ്റ്റര്‍ ഒരു കാര്യം പറയാന്‍ പറഞ്ഞു. താങ്കള്‍ വാങ്ങിക്കൊണ്ടുപോയ പ്രതിഫലത്തില്‍നിന്ന് അരപ്പാട്ടിന്റെ തുക തിരിച്ചയക്കണമെന്ന്. അത് മാസ്റ്റര്‍ക്ക് അവകാശപ്പെട്ടതാണ്. താങ്കള്‍ പാതിനിര്‍ത്തിയ പാട്ടുണ്ടല്ലോ. അത് എഴുതി പൂര്‍ത്തിയാക്കിയത് മാസ്റ്ററാണ്. വേറെ വഴിയില്ലായിരുന്നു... സമയത്തിനു പാട്ട് റെക്കോര്‍ഡ് ചെയ്തല്ലേ പറ്റൂ...'' 

ഷണ്‍മുഖം പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതുകേട്ട് തരിച്ചുനിന്നുപോയി താനെന്ന് രാജേന്ദ്രന്‍. മറ്റാര്‍ക്കും ലഭിച്ചിരിക്കാനിടയില്ലാത്ത സൗഭാഗ്യമാണല്ലോ വീണുകിട്ടിയിരിക്കുന്നത്. ഇതിഹാസ തുല്യനായ ജി. ദേവരാജനൊപ്പം ഒരു പാട്ടിന്റെ രചനയില്‍ പങ്കാളിയാവുക. വിധി നിയോഗം എന്നല്ലാതെ എന്തുപറയാന്‍?  ആദ്യം തോന്നിയ പരിഭവം അതോടെ അതിന്റെ പാട്ടിനുപോയി. മാഷെ കുറ്റം പറയാന്‍ പറ്റില്ല. എന്റെ ഭാഗത്താണ് തെറ്റ്. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'തീക്കളി' എന്ന ചിത്രത്തിലെ അവസാന പാട്ട് ചെന്നൈയിലെ മാഷിന്റെ വീട്ടിലിരുന്ന് എഴുതിത്തുടങ്ങുമ്പോഴേക്കും എനിക്ക് നാട്ടിലേക്ക് തിരിക്കാന്‍ സമയമായിരുന്നു. ആകാശവാണിയില്‍നിന്നു രണ്ടുദിവസം ലീവെടുത്ത് പോന്നതാണ്. കരാര്‍ ജോലിയായതിനാല്‍ അവധി നീട്ടിക്കിട്ടാന്‍ ഒരു വഴിയുമില്ല. വണ്ടി പിടിക്കാനുള്ള തത്രപ്പാടില്‍ എത്ര ആലോചിച്ചിട്ടും രണ്ടാമത്തെ ചരണത്തിന്റെ വരികള്‍ ഒത്തുകിട്ടുന്നുമില്ല. എന്റെ അങ്കലാപ്പ് കണ്ട് മനസ്സലിഞ്ഞാവണം, മാഷ് പറഞ്ഞു: ''താന്‍ തല്‍ക്കാലം പൊക്കോ. അവിടെ എത്തിയ ശേഷം ബാക്കി വരികള്‍ വിളിച്ചുപറഞ്ഞുതന്നാല്‍ മതി.'' ശ്വാസം നേരെ വീണത് അപ്പോഴാണെന്ന് രാജേന്ദ്രന്‍. 

അമ്മയെ ഓര്‍ത്ത് 

പക്ഷേ, നാട്ടിലെത്തിയ ശേഷം മറ്റു തിരക്കുകള്‍ക്കിടയില്‍ പാട്ടിന്റെ കാര്യം പാടേ മറന്നുപോകുന്നു കവി. ഓര്‍മ്മ വന്നപ്പോഴേയ്ക്കും സമയം വൈകിയിരുന്നു. ഇനി മാഷെ വിളിച്ചാല്‍ ശകാരം ഉറപ്പ്. വാക്കു തെറ്റിച്ചിരിക്കയല്ലേ? എന്തുചെയ്യും എന്നോര്‍ത്ത് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് ഷണ്‍മുഖം അണ്ണന്റെ ഫോണ്‍ വിളി. ''ദേവരാജന്‍ മാഷിലെ അധികമാരുമറിയാത്ത ഗാനരചയിതാവിനേയും നമിച്ചു തുടങ്ങിയത് അതോടെയാണ്'' -രാജേന്ദ്രന്റെ വാക്കുകള്‍. ''കവിത്വമുള്ള ഒരാള്‍ക്കേ വയലാറിന്റേയും  ശ്രീകുമാരന്‍ തമ്പിയുടേയും ഒ.എന്‍.വിയുടേയും യൂസഫലിയുടേയുമൊക്കെ വരികളുടെ ആത്മാവ് ഉള്‍ക്കൊണ്ട് സംഗീതം പകരാനാകൂ. വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കും വരെ അനുയോജ്യമായ ഈണം പകരുന്നതാണല്ലോ അദ്ദേഹത്തിന്റെ ശൈലി. ഉള്ളിലൊരു കവിയുള്ളതുകൊണ്ടാണ് ആ പാട്ടുകള്‍ കറതീര്‍ന്ന ശില്പങ്ങളാക്കാന്‍ മാഷിനു കഴിഞ്ഞത്.''

രചനയിലെ ദേവരാജസ്പര്‍ശംകൊണ്ട് അനുഗൃഹീതമായ പാട്ട് ഏതെന്നുകൂടി അറിയുക: ''വറ്റാത്ത സ്‌നേഹത്തിന്‍ ഉറവിടമല്ലോ പെറ്റമ്മ, വാടാത്ത ത്യാഗത്തിന്‍ പൂവനമല്ലോ പെറ്റമ്മ.'' തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ, എം.ജി.ആര്‍. ഇരട്ട റോളില്‍ നിറഞ്ഞാടിയ 'കുടിയിരുന്ത കോവില്‍' എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 'തീക്കളി'(1981)യിലെ വികാരനിര്‍ഭരമായ ഒരു മുഹൂര്‍ത്തത്തില്‍ കടന്നുവരുന്ന പാട്ട്. പ്രേംനസീറാണ് 'തീക്കളി'യില്‍ നായകന്‍; ഒരമ്മ പെറ്റ മക്കളുടെ ഇരട്ടറോളില്‍. ഒരാള്‍ നന്മയുടെ പ്രതീകം. മറ്റെയാള്‍ കള്ളനും. പരിക്കേറ്റ് യാദൃച്ഛികമായി വീട്ടില്‍ കയറിവന്ന കള്ളന്‍ കഥാപാത്രത്തെ മകനെന്നറിയാതെ അമ്മ ശുശ്രൂഷിക്കുന്ന വേളയില്‍ പശ്ചാത്തലത്തില്‍ ഒഴുകിവരേണ്ട പാട്ടിന്റെ ആദ്യ ചരണം രാജേന്ദ്രന്‍ എഴുതിയത് ഇങ്ങനെ: എത്ര കാലം കഴിഞ്ഞാലും ഏതു ദിക്കില്‍ വളര്‍ന്നാലും രക്തം രക്തത്തെ തിരിച്ചറിയും മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി മുറിവുകള്‍ താനേ ഉണക്കും. ആ വരികളുടെ തുടര്‍ച്ചയെന്നോണമായിരുന്നു മാസ്റ്ററുടെ സര്‍ഗ്ഗാത്മക ഇടപെടല്‍: ''അമ്മ തന്‍ കാലടി പതിയുമിടമെല്ലാം ശ്രീകോവിലുകളായ് പരിണമിക്കും, അമ്മ തന്‍ പുഞ്ചിരി പൊഴിയുന്നിടമെല്ലാം അരുണോദയ പ്രഭ വീശും.'' 

പിന്നീട് നേരില്‍ കണ്ടപ്പോള്‍ മാസ്റ്റര്‍  സ്‌നേഹപൂര്‍വ്വം അടുത്തുവിളിച്ച് ശകാരിച്ചത് രാജേന്ദ്രന് ഓര്‍മ്മയുണ്ട്. രാമേശ്വരത്തെ ക്ഷൗരമല്ല പാട്ടെഴുത്ത് എന്ന് ഓര്‍മ്മിപ്പിക്കാനും മറന്നില്ല അദ്ദേഹം. ''താന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ ഏതെങ്കിലും ദേവരാജന്‍ അവിടെ കയറിയിരിക്കും എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?'' അപൂര്‍വ്വമായി വിടരുന്ന ചിരിയോടെ മാസ്റ്ററുടെ ചോദ്യം. അമ്മയെക്കുറിച്ചാണ് പാട്ട് എന്നതുകൊണ്ടു മാത്രമാണ് താന്‍ അത്തരമൊരു സാഹസത്തിനു മുതിര്‍ന്നത് എന്നുകൂടി പറഞ്ഞു അദ്ദേഹം. ''അമ്മതന്‍ പുഞ്ചിരി പൊഴിയുന്നിടമെല്ലാം അരുണോദയ പ്രഭ വീശും എന്ന വരി എഴുതിയപ്പോള്‍ സ്‌നേഹനിധിയായ എന്റെ അമ്മയുടെ മുഖം തന്നെയായിരുന്നു മനസ്സില്‍.'' 

വയലാറും ദേവരാജനും
വയലാറും ദേവരാജനും

ഹിമശൈല സൈകത ഭൂമിയില്‍ 

ദേവരാജന്‍ മാസ്റ്ററിലെ കവിയെ മുന്‍പും അടുത്തറിഞ്ഞിട്ടുണ്ട് എം.ഡി. രാജേന്ദ്രന്‍. 'ശാലിനി എന്റെ കൂട്ടുകാരി'യുടെ കമ്പോസിംഗ് വേള മറക്കാനാവില്ല. ''ഹിമശൈല സൈകത ഭൂമിയിലിന്നു നീ പ്രണയപ്രവാഹമായ് വന്നൂ, അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീര്‍ന്നു...'' എന്ന പാട്ട്  സന്തോഷത്തോടെയാണ് അദ്ദേഹം വായിച്ചു തുടങ്ങിയത്. എന്നാല്‍, പല്ലവി കടന്ന് ചരണമെത്തിയതോടെ മാസ്റ്ററുടെ ഭാവം മാറുന്നു; നെറ്റി ചുളിയുന്നു; മുഖത്ത് നിരാശ പടരുന്നു. ''അരിമുല്ല മൊട്ടുകള്‍ പാതിവിടര്‍ന്ന നിന്‍ അധരം കാണിച്ചുതന്നു...'' പോരാ. എവിടെയോ ഒരു ചേര്‍ച്ചക്കുറവുപോലെ. ഉള്ളില്‍ തോന്നിയ കാര്യം  ഗാനരചയിതാവിന്റെ മുഖത്തുനോക്കി വെട്ടിത്തുറന്നു പറഞ്ഞു മാസ്റ്റര്‍: ''കൊള്ളത്തില്ല. പല്ലവിയുടെ നിലവാരം ഇല്ല തന്റെ ഈ വരിക്ക്. അരിമുല്ലയും അധരവും ഒക്കെ എടുത്തുകളഞ്ഞു വൃത്തിയുള്ള വേറൊരു ചരണം എഴുതിക്കൊണ്ടുവാ...''

മാസ്റ്ററുടെ പൊടുന്നനെയുള്ള ഭാവപ്പകര്‍ച്ച കണ്ട് തെല്ലൊന്ന് വിയര്‍ത്തുപോയി താനെന്ന് രാജേന്ദ്രന്‍. എങ്കിലും ഒരു ആശ്വാസം ഉണ്ടായിരുന്നു. പാട്ടിന്റെ പല്ലവി മാറ്റാന്‍ പറഞ്ഞില്ലല്ലോ അദ്ദേഹം. പിന്നെ സംശയിച്ചു നിന്നില്ല. കോണിപ്പടിയിറങ്ങി താഴെ ചെന്നു. മാസ്റ്ററുടെ വീടിന്റെ സ്വീകരണമുറിയിലെ സോഫയിലിരുന്ന് അപ്പോള്‍ത്തന്നെ പാട്ടിന്റെ ചരണം മാറ്റിയെഴുതി. ''അനുയോജ്യമായ വാക്കുകള്‍ ആ നിമിഷം പേനത്തുമ്പില്‍ വന്നു പിറന്നു എന്നത് എന്റെ മഹാഭാഗ്യം. സരസ്വതീ കടാക്ഷം എന്നേ പറഞ്ഞുകൂടൂ...'' അന്ന് രാജേന്ദ്രന്‍ തിരുത്തിയെഴുതിയ വരി ഇതായിരുന്നു: ''നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു നീലാഞ്ജന തീര്‍ത്ഥമായി, പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും പീയൂഷ വാഹിനിയായി...'' 

താന്‍ ചിട്ടപ്പെടുത്തിയ ഏറ്റവും നല്ല കാവ്യഗീതിയായി പല വേദികളിലും ഹിമശൈല സൈകതം എടുത്തു പറഞ്ഞിട്ടുണ്ട് മാസ്റ്റര്‍ എന്നോര്‍ക്കുന്നു രാജേന്ദ്രന്‍. ആദ്യ വായനയ്ക്കിടെ 'പ്രഥമോദബിന്ദു' എന്ന വാക്കെത്തിയപ്പോള്‍ തിരിഞ്ഞ് എന്റെ നേരെ നോക്കി മാസ്റ്റര്‍ ചോദിച്ച ചോദ്യം ഇപ്പോഴും കാതിലുണ്ട്: ''കാളിദാസനേയും താന്‍ വെറുതെ വിടില്ല, അല്ലേ'' എന്ന്.  സാഹിത്യത്തിലും സംസ്‌കൃതത്തിലും നല്ല വ്യുല്പത്തിയുള്ള ഒരാള്‍ക്കേ അങ്ങനെ ചോദിക്കാനാകൂ. അതായിരുന്നു മാസ്റ്റര്‍. അതേ സിനിമയിലെ ''സുന്ദരീ...'' എന്ന പാട്ടിന്റെ രചനയിലുമുണ്ട് ദേവരാജസ്പര്‍ശം. നേരത്തെ ആകാശവാണിക്കുവേണ്ടി രാജേന്ദ്രനെഴുതി പി.കെ. കേശവന്‍ നമ്പൂതിരി ചിട്ടപ്പെടുത്തിയ ''നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍മുടിയില്‍'' എന്ന ലളിതഗാനം 'ശാലിനി എന്റെ കൂട്ടുകാരിയില്‍' പുതിയ ഈണത്തില്‍ അവതരിപ്പിക്കവേ, പാട്ടിന്റെ തുടക്കത്തിലെ ''സുന്ദരീ...'' എന്ന അഭിസംബോധന എഴുതിച്ചേര്‍ത്തത് മാസ്റ്റര്‍ തന്നെ. ''ആരുടെ തുമ്പാണ് കെട്ടിയത് എന്നു കേള്‍വിക്കാര്‍ ചോദിക്കാന്‍ ഇടവരരുത്'' - മാസ്റ്റര്‍ പറഞ്ഞു.

ഒരിക്കലും മറക്കാനാവാത്ത മറ്റൊരനുഭവം 'സ്വത്ത്' എന്ന ചിത്രത്തിനുവേണ്ടി മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഒരു രാഗമാലിക എഴുതിയതാണ് ''ഓം മായാമാളവ ഗൗള രാഗം മൃദുമയ ഭൈരവരാഗം.'' 14 രാഗങ്ങളെ തഴുകിയൊഴുകുന്ന ആ ഗാനം എഴുതേണ്ടിയിരുന്നത് കാവാലമാണ്. അദ്ദേഹം വിദേശയാത്രയിലായിരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് നറുക്ക് വീണതെന്ന് രാജേന്ദ്രന്‍. ''നീ ഇതുവരെ എഴുതിയ പാട്ടുകള്‍ പോലല്ല ഇത്. കുറച്ചു വിയര്‍ക്കേണ്ടിവരും.'' പാട്ടെഴുതാന്‍ എത്തിയ രാജേന്ദ്രനോട് മാസ്റ്റര്‍ പറഞ്ഞു. മാഷിനുവേണ്ടി എത്ര വേണമെങ്കിലും വിയര്‍ക്കാന്‍ തയ്യാറെന്ന് രാജേന്ദ്രന്റെ മറുപടി.

''രണ്ടു ദിവസമെടുത്തു ആ പാട്ടെഴുതാന്‍. ഓരോ രാഗത്തിന്റേയും ഭാവവും മറ്റു സവിശേഷതകളുമൊക്കെ പാടിക്കേള്‍പ്പിച്ചുതരും അദ്ദേഹം. അതുള്‍ക്കൊണ്ടു വേണം വരികള്‍ എഴുതാന്‍. പാതിരാ കഴിഞ്ഞിരുന്നു പാട്ടെഴുതിത്തീര്‍ത്തപ്പോള്‍. ഇന്ന് യേശുദാസിന്റെ സ്വരത്തില്‍ ആ രാഗമാലിക കേള്‍ക്കുമ്പോള്‍ അന്നത്തെ യജ്ഞം വെറുതയായില്ലല്ലോ എന്നു തോന്നാറുണ്ട്.'' മായാമാളവ ഗൗളം, വീണാധരി, ജലധര്‍ കേദാര്‍, സൂര്യകോന്‍സ്, മല്ലികാവസന്തം, മേഘ്, കേദാര്‍, ലതാംഗി, ജ്യോതിസ്വരൂപിണി, നീലാംബരി, രേവതി, ഉദയരവിചന്ദ്രിക, വിഭാവരി, താണ്ഡവപ്രിയ തുടങ്ങിയ രാഗങ്ങളാല്‍ കോര്‍ത്തിണക്കപ്പെട്ട ആ പാട്ട് മലയാളസിനിമയില്‍ ഒരത്ഭുതമായി നിലനില്‍ക്കുന്നു.

ഇന്നും പാട്ടെഴുതാന്‍ ഇരിക്കുമ്പോള്‍ സംഗീത സംവിധായകരുടെ 'സര്‍ഗ്ഗാത്മക' ഇടപെടല്‍ ഉണ്ടാവാറുണ്ടെന്നു പറയും രാജേന്ദ്രന്‍. വാക്കുകളുടെ അര്‍ത്ഥമല്ല, സൗണ്ടിംഗ് ആണ് പുതുതലമുറയിലെ പലര്‍ക്കും പ്രധാനം. ശബ്ദതാരാവലിയില്‍പ്പോലും കാണാന്‍ കിട്ടാത്ത പദങ്ങളാണ് പാട്ടിന്റെ  തുടക്കമായി അവര്‍ നിര്‍ദ്ദേശിക്കുക. സ്വന്തം ദുര്‍വിധിയെ പഴിച്ച് പാട്ടെഴുതാനിരിക്കുമ്പോള്‍ അറിയാതെ ദേവരാജന്‍ മാസ്റ്ററെ ഓര്‍മ്മവരും. മനസ്സുകൊണ്ട് അദ്ദേഹത്തോട് മാപ്പ് പറയും. നിനക്കിതുതന്നെ വേണം എന്നു പറഞ്ഞ് അദ്ദേഹം ദൂരെയെങ്ങോയിരുന്ന് മന്ദഹസിക്കുന്നുണ്ടാകുമോ?.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com