കമലയുടെ ജൈത്രയാത്ര

ഉറച്ച ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇളവില്ലാത്ത യത്‌നവും അല്പം ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ ഏതു പെണ്‍കുട്ടിക്കും എവിടെയെത്തണമെന്ന് ഇച്ഛിക്കുന്നുവോ അവിടെ എത്താന്‍ കഴിയും
കമല ഹാരിസ്
കമല ഹാരിസ്

''ഉറച്ച ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇളവില്ലാത്ത യത്‌നവും അല്പം ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ ഏതു പെണ്‍കുട്ടിക്കും എവിടെയെത്തണമെന്ന് ഇച്ഛിക്കുന്നുവോ അവിടെ എത്താന്‍ കഴിയും''- ഇതായിരുന്നു കമലയുടെ വാക്കിന്റേയും പോക്കിന്റേയും വഴി - 55-ലും 25-ന്റെ ചെറുപ്പവും ചുറുചുറുക്കും പുലര്‍ത്തിയ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ  വഴി. ഇന്ത്യന്‍ 'വംശജ'യെന്നാല്‍ ഇന്ത്യക്കാരിയെന്നുതന്നെ വിവക്ഷിതം. ഇന്ത്യയില്‍ പിറന്നു വളര്‍ന്ന ശ്യാമളാ ഗോപാലന്റെ മകളെ അങ്ങനെ കാണുന്നതില്‍ ഒട്ടും സങ്കോചം വേണ്ട. അച്ഛന്‍ ജമൈക്കക്കാരന്‍ ഡൊണാള്‍ഡ് ഹാരിസ് ആണെങ്കിലും പേരിന്റെ പാതിയിലല്ലാതെ, ജീവിതത്തിന്റെ ചെറിയ ഭിന്നിതത്തില്‍പ്പോലും, ഭിന്നിതമായിപ്പോയ ദാമ്പത്യത്തിലെ ആ പങ്കാളിക്കു സ്ഥാനമില്ല. കമലയുടെ അഞ്ചാം വയസ്സില്‍ അകന്നുപോയ അദ്ദേഹത്തിന്റെ ജനിതകശക്തിയല്ലാതെ ജനകശക്തിയെന്തെന്നറിയാന്‍ കമലയ്ക്കു കഴിഞ്ഞിട്ടില്ല. ''നല്ലൊരാളാണെങ്കിലും അദ്ദേഹത്തോട് ഉള്ളടുപ്പം തോന്നിയിട്ടില്ലെന്ന്'' കമല തുറന്നുപറയുന്നു. കൊതിച്ചതെന്തോ അതു വിധിച്ചതാക്കാന്‍ വേണ്ടുന്ന കരുത്ത് ഉറക്കത്തിലും മറക്കാത്തവളായി മകളെ വളര്‍ത്തിയ ശ്യാമളയുടെ മനക്കരുത്ത് കമലയുടെ ബാല്യകൗമാരങ്ങളെ വാര്‍ത്തെടുത്തുവെങ്കിലും, ലലനയുടെ ഭാഗ്യയന്ത്രം തിരിക്കുന്ന പ്രായം മുതല്‍ക്ക് കമല സ്വയം വാര്‍ത്തെടുത്തവളാണ്- 'സെല്‍ഫ്മേയ്ഡ്' എന്ന വിശേഷണം പൂര്‍ണ്ണമായി അര്‍ഹിക്കും വിധം.

അച്ഛനും അമ്മയും ഒരുമിച്ചുനിന്ന കാലത്ത് അവര്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നവരുടെ ഊര്‍ജ്ജിതാശയഗണത്തില്‍ ആയിരുന്നു. പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ചെറിയ ഉന്തുവണ്ടിയിലിരുത്തി മകളേയും കൊണ്ടുപോയിരുന്നു. ഒരിക്കല്‍ അതിലിരുന്നു ഞെളിപിരിക്കൊള്ളുന്ന മോളോട് ''എന്തുവേണ''മെന്നു ആരാഞ്ഞ അമ്മയോട് ഉണ്ട ചൊരിയും മട്ടില്‍ അവള്‍ അലറി: ''ഫീ-ഡം!'' കാഞ്ചനക്കൂട്ടിലായാലും ബന്ധനം ബന്ധനം തന്നെയെന്ന് 'വാക്കുകള്‍ കൂട്ടിച്ചൊല്ലാറായിട്ടില്ലാത്ത' ആ തത്തമ്മക്കുട്ടി തിരിച്ചറിഞ്ഞിരുന്നുവെന്നു തോന്നും. 'മുളയിലറിയാം വിളവ്' എന്നു വിളിച്ചുചൊല്ലുന്ന ഞെളിപിരി. അതിലൊരു ദീര്‍ഘദര്‍ശനവുമുണ്ടായിരുന്നില്ലേ? വേലക്കൂലിക്കുവേണ്ടി (ഫീ-ഡം) 'സുതന്തിരം' ('സ്വാതന്ത്ര്യ'ത്തിന്റെ തമിഴ്) പകരംവെക്കില്ലെന്ന 'തമിഴ്' പ്രവചിക്കുന്ന ദൈവജ്ഞത? വാഴ്വിലങ്ങോളമിങ്ങോളം, സ്വന്തം അന്തഃകരണത്തിന്റെ പ്രതികരണമായിരുന്നു ഏതു സമസ്യയിലും കമലയ്ക്കു പ്രമാണം. പ്രസിഡന്റിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടര്‍ ആരാഞ്ഞു: ഒബാമയുടെ 'ലെഗസി' (legacy) മുന്നോട്ടുകൊണ്ടുപോകുമോ എന്ന്. വെള്ളക്കാരനല്ലാത്ത ഒബാമയുടെ നയങ്ങളോടും ആശയങ്ങളോടും പൂര്‍ണ്ണമായി സഹകരിച്ചുപോന്ന കമലയുടെ സദ്യഃപ്രതികരണമിങ്ങനെയായിരുന്നു: 'I have my own legacy'. ആരുടേയും പിന്തുടര്‍ച്ചക്കാരിയായി അറിയപ്പെടാനിഷ്ടപ്പെടുന്നില്ലെന്ന തീര്‍ച്ചയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍; പിന്‍പാട്ടുപാടാന്‍ പിറന്നവളല്ല താന്‍; മുന്‍പാട്ടുപാടി മുന്നില്‍ത്തന്നെ നടക്കും എന്ന ഉറപ്പ് തറപ്പിക്കുന്ന വാക്കുകള്‍. 2006-ല്‍ അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരില്‍ നൂറു അഗ്രഗാമികളുടെ പട്ടിക ഒരു പത്രത്തില്‍ വന്നു. കമലയുടെ നമ്പര്‍ അഞ്ചും ഒബാമയുടേത് 67 ഉം ആയിരുന്നു. 

ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസ് സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വക്താവായി; അവയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയായി. ധനതത്ത്വശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ പഠനവിഷയം. സ്റ്റാന്‍ഫെഡ് യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനായിരിക്കെ, അദ്ദേഹത്തിന്റെ ധനതത്ത്വദര്‍ശനത്തിന് മാര്‍ക്സിസത്തിലേക്കാണ് ചായ്വ് എന്ന് വിദ്യാര്‍ത്ഥി പ്രസിദ്ധീകരണമായ 'സ്റ്റാന്‍ഫെഡ് ഡെയ്ലി'യില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അവിടെ വിസിറ്റിങ്ങ് പ്രൊഫസറായിരുന്ന അദ്ദേഹത്തിന് നിയമനം പുതുക്കിക്കൊടുക്കാന്‍ യാഥാസ്ഥിതിക ധനതത്ത്വജ്ഞരുള്‍പ്പെട്ട അധികൃതര്‍ക്ക് പൂര്‍ണ്ണസമ്മതമുണ്ടായിരുന്നില്ല. തുടരുന്നതില്‍ അതിയായ താല്പര്യം അദ്ദേഹത്തിനുമില്ലായിരുന്നു. അദ്ദേഹത്തെ തുടര്‍ന്നു നിയമിക്കണമെന്നു ശഠിക്കുന്ന 250 പേരൊപ്പിട്ട നിവേദനം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചു. 1998 വരെ അദ്ദേഹം അവിടെ പ്രവര്‍ത്തിച്ചിരുന്നു. എമെറിറ്റസ് പ്രൊഫസറായി തുടരുന്നു. സമത്വ-സ്വാതന്ത്ര്യങ്ങളോടുള്ള കമലയുടെ സമീപനത്തില്‍ ആ പൈതൃകത്തിന്റെ മുദ്രകളുണ്ട്. 

ശ്യാമളയുടെ ജീവിതം

1969-ല്‍ കമലയ്ക്ക് അഞ്ചുവയസ്സും മായയ്ക്ക് മൂന്നു വയസ്സുമുള്ളപ്പോള്‍ അച്ഛനമ്മമാര്‍ പിരിഞ്ഞു. '72-ല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചു. കുട്ടികളുടെ സംരക്ഷണത്തില്‍ പങ്കാളിയാവാന്‍ അച്ഛന്‍ കോടതിയില്‍ പൊരുതിയെങ്കിലും വിജയിച്ചില്ല. കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മയ്ക്കു നല്‍കുന്നതായിരുന്നു കോടതിയുടെ വിധി. ഒന്നിടവിട്ട വാരാന്ത്യങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ അച്ഛന് കോടതി അനുവാദം നല്‍കിയിരുന്നു. ദാരിദ്ര്യത്തോടും അസമത്വത്തോടും പൊരുതാന്‍ വേണ്ടുന്ന ചിന്തകള്‍ അവരില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം മനസ്സിരുത്തിയിരുന്നു. എങ്കിലും അമ്മതന്നെയാണ് രണ്ടു കുട്ടികളേയും അസാമാന്യ വ്യക്തിത്വമുള്ളവരാക്കി വളര്‍ത്തിയെടുത്ത ശക്തിസ്വരൂപിണി.  മായയും പ്രഗത്ഭയാണ്. 2016-ല്‍ ഹിലാരി ക്ലിന്റണ്‍ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുമ്പോള്‍ മായയാണ് നയോപദേഷ്ടാവായിരുന്നത്. ശ്യാമള കാന്‍സര്‍ ഗവേഷണത്തില്‍ ഒട്ടേറെ അനുയായികള്‍ക്കു വഴികാട്ടിയ ശാസ്ത്രജ്ഞയായിരുന്നു. 2009 ഫെബ്രുവരി 11-ന് ആ അര്‍ബ്ബുദ വിജ്ഞാനവിദഗ്ദ്ധ അര്‍ബ്ബുദത്തിനിരയായി വിടപറഞ്ഞു. 

തമിഴ്നാട്ടുകാരനായിരുന്ന ഒരു ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ നാലു മക്കളില്‍ മൂത്തവളായിരുന്നു ശ്യാമള. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കേള്‍വിപ്പെട്ട ഒരു വലിയ കുടുംബത്തിലെ അംഗം. ഡല്‍ഹിയിലെ ലേഡി വില്ലിങ്ടണ്‍ കോളേജില്‍നിന്ന് ഹോംസയന്‍സില്‍ ബിരുദമെടുത്തതിനുശേഷം 1958-ല്‍ പത്തൊമ്പതാം വയസ്സില്‍ ഉപരിവിദ്യാഭ്യാസത്തിന് ശ്യാമള അമേരിക്കയിലെ ബര്‍ക്ക്ലിയിലെത്തി. ന്യൂട്രിഷന്‍, എണ്‍ഡോക്ട്രിനോളജി എന്നീ വിഷയങ്ങളിലായിരുന്നു ഉപരിപഠനം. അതിനുശേഷം ഗവേഷണത്തിലേര്‍പ്പെട്ട് ഡോക്ടര്‍ ബിരുദം നേടി. സ്തനാര്‍ബ്ബുദ രോഗത്തില്‍ ഗവേഷണം തുടര്‍ന്നു. ശ്യാമളയുടെ ഗവേഷണ ഫലങ്ങളെ ആസ്പദമാക്കി നൂറിലേറെ ഗവേഷണ ലേഖനങ്ങളുണ്ടായി. നാല്‍പ്പത്തേഴരലക്ഷത്തോളം ഡോളര്‍ ഗവേഷണത്തിനു ഗ്രാന്റായി ലഭിച്ചിരുന്നു. 

കറുത്തവര്‍ഗ്ഗക്കാരുടെ ഒരു വിദ്യാര്‍ത്ഥിസമ്മേളനത്തില്‍ പ്രഭാഷകനായെത്തിയ ഡൊണാള്‍ഡ് ഹാരിസിനെ ശ്യാമള പരിചയപ്പെട്ടു. 1963-ല്‍ അവര്‍ വിവാഹിതരായി. 64-ല്‍ കമല പിറന്നു. ആറു കൊല്ലം മാത്രം ആയുസ്സു വിധിക്കപ്പെട്ട ദാമ്പത്യം. ആ ബന്ധം കുട്ടികളുടെ ജീവിതത്തില്‍ ഉണങ്ങാത്ത മുറിപ്പാടുകളൊന്നും ഉണ്ടാക്കാതിരിക്കാന്‍ ശ്യാമള നന്നായി ശ്രദ്ധിച്ചിരിക്കണം. തൊലിയുടെ നിറം, ബുദ്ധിശക്തിക്കോ മനോവീര്യത്തിനോ മനുഷ്യത്വത്തിന്റെ നന്മകള്‍ക്കോ മേന്മകള്‍ക്കോ നിയാമകമല്ലെന്ന അവബോധം അച്ഛനമ്മമാര്‍ ഏക മനസ്സോടെ കുട്ടികള്‍ക്ക് നല്‍കിയ ഊര്‍ജ്ജനിക്ഷേപമായിരുന്നുവെന്നു കരുതാം.
 
നമ്മുടെ നാട്ടില്‍ ജാതിവിവേചനം നിയമപ്രകാരം പാടില്ലെങ്കിലും, ജീവിതത്തില്‍ അതു പുലര്‍ത്തുന്നവര്‍ ഇപ്പോഴും വലിയ വിഭാഗമാണെന്നതുപോലെ കമലയുടെ കുട്ടിക്കാലത്ത് വര്‍ണ്ണവിവേചനം അമേരിക്കയില്‍ പ്രബലമായിരുന്നു. വര്‍ണ്ണവിവേചനാനുകൂലികള്‍ ഭൂരിപക്ഷമായിരുന്ന ചില പ്രദേശങ്ങളില്‍ പൊതു സ്‌കൂള്‍ അടച്ചിടല്‍പോലുമുണ്ടായി. വെള്ളക്കാര്‍ തങ്ങളുടെ പൈതങ്ങളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്തു. കറുത്തവര്‍ഗ്ഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്ലാത്ത സ്ഥിതിവിശേഷം. മനുഷ്യസ്‌നേഹികളും വര്‍ണ്ണവിവേചന വിരുദ്ധരുമായ അധികാരികള്‍ക്ക് പൊതുവിദ്യാലയങ്ങള്‍ തുറപ്പിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നിരുന്നു. വര്‍ണ്ണവിവേചനരഹിതമായ പൊതുവിദ്യാലയങ്ങളിലെത്താന്‍ കറുത്ത കുഞ്ഞുങ്ങള്‍ക്ക് നീണ്ട ബസ് യാത്രയുടെ ക്ലേശം സഹിക്കേണ്ടിയിരുന്നു. 2019 ജൂണില്‍ അരമിനിട്ട് മാത്രം മോഡറേറ്റര്‍ അനുവദിച്ച ഒരു പ്രചാരണ പ്രഭാഷണത്തില്‍ കമല അനുസ്മരിച്ചു: ''വിവേചനാനുകൂലികള്‍ വിവേചനമില്ലാത്ത പൊതു സ്‌കൂളുകളിലേക്കുള്ള കുഞ്ഞുങ്ങളുടെ യാത്രാബസുകള്‍ തടയാന്‍ വേണ്ടി നിയമനിര്‍മ്മാണശ്രമം നടത്തിയതില്‍ മനംനൊന്തവരേറെയുണ്ടായിരുന്നു.'' ആ ബസുകളിലൊന്നില്‍ സ്‌കൂളിലേക്കു പോയ ഒരു രണ്ടാം ക്ലാസ്സുകാരിയുണ്ടായിരുന്നു. 'ആ കുഞ്ഞ് ഇതാ ഈ ഞാന്‍.'' അരമിനിറ്റ് പ്രഭാഷണം ഒരു വലിയ സംഭവമായി. പ്രചാരണത്തിനുപയുക്തമായ വസ്തുക്കളില്‍ ഒരു ഠടവശൃ േഇടം നേടി. അതിന്മേല്‍, രണ്ടുവശത്തും മുടി 'പിഗ്‌ടേയ്ല്‍' ആയിക്കെട്ടിയ ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം. 'That little girl was me' എന്ന വാക്യവും. T-Shirtന്റെ വില 30 മുതല്‍ 33 ഡോളര്‍ വരെ. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രംഗത്തെത്തുന്നതിനു മുന്‍പുള്ള അരനൂറ്റാണ്ടുകാലത്ത് ആ പെണ്‍കുഞ്ഞിനുണ്ടായ വളര്‍ച്ച ഒരു വിജയഗാഥയാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നിയമവിഭാഗത്തില്‍ ഉപരിവിദ്യാഭ്യാസം വേണമെന്ന് കമല നിശ്ചയിച്ചത് ഭരണരംഗത്തു പ്രവര്‍ത്തിക്കാനുള്ള താല്പര്യത്തോടെത്തന്നെയായിരുന്നു - നിന്ദിതരേയും അശരണരേയും വര്‍ണ്ണവിവേചനത്തിന്റെ ഇരകളേയും സഹായിക്കാന്‍; എതിര്‍ വശത്തോട് അടരാടാന്‍. അതില്‍ വിജയിക്കണമെങ്കില്‍ അധികാരമുള്ള പദവികള്‍ ഉണ്ടായിരിക്കുന്നത് നന്നെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നിരിക്കണം. സാമാന്യ വിദ്യാര്‍ത്ഥിനികളില്‍നിന്നു വ്യത്യസ്തമായ ആത്മവിശ്വാസവും വിശ്വാസധീരതയും കമലയില്‍ പ്രകടമായിരുന്നുവെന്ന് ആല്മേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്ന നാന്‍സി ഒ മാലെ നിരീക്ഷിച്ചിട്ടുണ്ട്- 'Kamala Harris was energetic, willing to take tough cases laser focused, driven to be successful.' നിയമവിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ആല്‍മേഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ ഗുമസ്തപ്പണിയും ചെയ്തിരുന്നു; രണ്ടു ലക്ഷ്യങ്ങളോടെ. ഒന്ന്: പരിചയസമ്പന്നരായ അഭിഭാഷകരുടെ വാദരീതികളുമായി പരിചയപ്പെട്ട് അനുഭവസമ്പന്നതയുണ്ടാക്കാം; രണ്ട്: ജോലിക്കു പ്രതിഫലവും കിട്ടും. ചുരുക്കത്തില്‍, പഠനകാലത്തെ പരിശീലനകാലമാക്കി മാറ്റിയെടുത്തു. സീനിയര്‍ പ്രോസിക്യൂട്ടര്‍മാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും വാദങ്ങളില്‍ കൈക്കൊള്ളുന്ന തന്ത്രങ്ങളും മറ്റും നേരില്‍ കണ്ടറിയുന്നതിനായി വിദ്യാഭ്യാസകാലത്തെ ഒഴിവുസമയം മുഴുവന്‍ നീക്കിവെയ്ക്കുകയെന്നത് ആ പ്രായത്തില്‍ ഉള്ളവരുടെ ഉല്ലാസതല്പരതകള്‍ കമലയ്ക്കുണ്ടായിരുന്നില്ലെന്നു സൂചിപ്പിക്കുന്നു. താന്‍ അഭിഭാഷകവൃത്തി ഏറ്റെടുക്കുന്ന കാലത്ത് രണ്ടു നയങ്ങള്‍ ഇളവില്ലാതെ പിന്തുടരുമെന്ന തീരുമാനം കമല കൈക്കൊണ്ടിരുന്നു. എത്ര കഠോരമായ കുറ്റകൃത്യമായാലും വധശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെടുകയില്ല; കഠോരക്കുറ്റങ്ങള്‍ക്ക് വധശിക്ഷയല്ലാത്ത കൊടിയശിക്ഷ കൊടുക്കണമെന്നുതന്നെ ആവശ്യപ്പെടുകയും ചെയ്യും. ഈ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പിലെ വിജയത്തെ ബാധിച്ചേക്കുമെന്ന സന്ദര്‍ഭങ്ങളില്‍പ്പോലും കമല നയവ്യതിയാനം വരുത്തിയില്ല. 25-ാമത്തെ വയസ്സില്‍ കമല കാലിഫോര്‍ണിയ സ്റ്റേറ്റ് ബാര്‍ എക്സാമിനേഷന്‍ പാസ്സായി. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി പ്രവര്‍ത്തനമാരംഭിച്ചു. പീഡനങ്ങള്‍ക്കിരയാവുന്നതില്‍നിന്ന് സ്ത്രീകളേയും കുട്ടികളേയും രക്ഷിക്കുവാന്‍ എക്കാലത്തും കമല മുന്‍നിന്നു. യുവാക്കളുടേയും കൗമാരപ്രായക്കാരുടേയും കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ ശരിയായ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത പശ്ചാത്തലം മുഖ്യകാരണമാണെന്ന് കമല കണ്ടെത്തി. കുട്ടികള്‍ ഇടയ്ക്കുവെച്ച് സ്‌കൂള്‍ വിടുന്നതു തടയാന്‍ അവരില്‍ അച്ഛനമ്മമാര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ വേണ്ടി, അനാസ്ഥയുള്ള ജനയിതാക്കളെ ശിക്ഷിക്കാന്‍ (രണ്ടായിരം ഡോളര്‍ പിഴയോ ഒരു കൊല്ലം വരെ ജയില്‍വാസമോ) വ്യവസ്ഥയുണ്ടാക്കാനും കമല ശ്രമിച്ചിട്ടുണ്ട്. 

സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം നിര്‍മ്മിക്കുക, അത്യുന്നതങ്ങളില്‍ വര്‍ത്തിക്കുന്ന പുരുഷന്മാര്‍ക്കെതിരെപ്പോലും അവരുടെ ഗതകാലത്ത് സ്ത്രീപീഡനത്തിന്റെ ചരിത്രമുണ്ടെന്നു തെളിഞ്ഞാല്‍ നിയമപ്രകാരം ശിക്ഷിക്കുക, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റകൃത്യത്തിന് കഠിനശിക്ഷ വിധിക്കുക മുതലായവയ്ക്കുവേണ്ടി കമല തന്റെ വാങ്മയ ശക്തിയുടെ മൂര്‍ച്ച മുഴുവനും ഉപയോഗിച്ചുപോന്നു. ഒരിക്കല്‍ ഒരു ഉന്നതനായ ജഡ്ജിയുടെ മുഖത്തേയ്ക്കാണ് കമല തറച്ചുകയറുന്ന ഈ ചോദ്യമെറിഞ്ഞത്:

'Can you think of any laws that gives the Govt the power to make decisions about the male bo-dy?'

(''പുരുഷന്റെ ശരീരത്തെക്കുറിച്ച് ഒരു അന്തിമ തീരുമാനമെടുക്കാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കുന്ന ഏതെങ്കിലും നിയമത്തെക്കുറിച്ച് താങ്കള്‍ക്കറിയാമോ?'') അങ്ങനെയൊരു നിയമമുള്ളതായി തനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന് വിക്കിവിക്കി മറുപടി പറയേണ്ടിവന്നു അദ്ദേഹത്തിന്. പുരുഷശരീരത്തിനുമേല്‍ ഗവണ്‍മെന്റ് അധികാരം പ്രയോഗിക്കുന്നതിന് നിയമമില്ലെങ്കില്‍ അത് സ്ത്രീശരീരത്തിന്റെ പ്രകൃതത്തിലും ഉണ്ടായിക്കൂടാ എന്ന നിഗമനം ഇതിന്റെ തുടര്‍ച്ചയാണ്. ഗര്‍ഭച്ഛിദ്രം ചെയ്യുന്നത് സ്ത്രീക്ക് സ്വന്തം ശരീരത്തെ ബാധിക്കുന്ന അവകാശമാണെന്നു സ്ഥാപിക്കുകയായിരുന്നു കമലയുടെ ലക്ഷ്യം. ജഡ്ജിക്ക് ഉത്തരം മുട്ടുകയും കമലയുടെ വാണീവൈഭവം അജയ്യമാണെന്ന ഖ്യാതി പൊങ്ങുകയും ചെയ്തു. 

നിയമപോരാട്ടങ്ങള്‍

ലോകം ഭരിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന അഹന്ത ചിരകാലമായി അമേരിക്ക പുലര്‍ത്തിപ്പോരുന്നുണ്ടെങ്കിലും സാംസ്‌കാരികമായി അത്തരം അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് അവിടെയുള്ള വെള്ളക്കാരേക്കാള്‍ കൂടുതല്‍ വെളിവ് കറുത്തവംശക്കാര്‍ക്കുണ്ടായിരുന്നു. കുഞ്ഞുങ്ങളേയും പെണ്ണുങ്ങളേയും ലൈംഗികചൂഷണത്തിനുള്ള വില്‍പ്പനച്ചരക്കാക്കി വന്‍തോതില്‍ ധനം സമ്പാദിക്കുന്ന അന്താരാഷ്ട്ര വിപണി കൈയാളുന്നവര്‍ മഹാമാന്യന്മാരായി വിലസിയിരുന്നു. മാരകായുധങ്ങള്‍ വാങ്ങി കൈവശം വെക്കാനുള്ള ലൈസന്‍സ് എളുപ്പത്തില്‍ കിട്ടുന്നതുകൊണ്ട് കോടതികളില്‍ കൊലക്കേസുകള്‍ പെരുകിക്കൊണ്ടിരുന്നു. ഈ രണ്ടു രംഗങ്ങളിലും ഇരകളായവരുടേയും ഇരകളാകാനിടയുള്ളവരുടേയും പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കല്‍ കമല തന്റെ ദൗത്യമായി കരുതി. 

എത്രയേറെ പ്രാഗത്ഭ്യവും വ്യക്തിത്വമഹിമയും വാക്ചാതുര്യവും സ്ഥിരോത്സാഹവും ഉണ്ടായാലും അത്യുന്നതങ്ങളിലേക്ക് സ്വയം ഓടിക്കേറാന്‍ ഏതു നാട്ടിലും സാമാന്യവര്‍ഗ്ഗത്തില്‍പ്പെട്ട ആര്‍ക്കും കഴിയാറില്ല. കാലിഫോര്‍ണിയ അസ്സംബ്ലിയിലെ 'ആയത്തൊള്ള'യാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ വില്ലി ബ്രൗണ്‍ 1994-'95 കാലത്ത് കമലയ്ക്ക് പരസ്യപ്രശംസകളുടെ പിന്‍ബലം നല്‍കിയിട്ടുണ്ട്. പക്ഷേ, ബന്ധത്തെ ബന്ധനമാക്കാതിരിക്കാന്‍ കമല ശ്രദ്ധിച്ചു. 1998-ല്‍ ആല്‍മേഡ (Almeda) കൗണ്ടി അറ്റോര്‍ണി ഓഫീസിനോടു വിടപറഞ്ഞ, സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ ഉന്നതങ്ങളിലേക്ക് കമല കണ്ണുനട്ടിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ തെരഞ്ഞെടുപ്പിനു നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ''വില്ലി ബ്രൗണിനോടു തനിക്കു യാതൊരു കടപ്പാടുമില്ല'' എന്നു വെട്ടിത്തുറന്നു പ്രഖ്യാപിച്ചു; താന്‍ തീര്‍ത്തും സ്വതന്ത്രയാണെന്നിരിക്കെ അതു അന്യരെ 'ബോധ്യപ്പെടുത്താന്‍' വേണ്ടി ആരെയും വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും പ്രസ്താവിച്ചു. കെട്ടുപാടുകളില്‍ പെട്ടുപോകുമ്പോഴാണ് ഉയര്‍ച്ചയുടെ വഴിയില്‍ സ്ത്രീയെന്ന നിലയ്ക്ക് പരിമിതികളുണ്ടാവുക. ഏതു പ്രഗത്ഭനോടും തുല്യമായ പ്രാഗത്ഭ്യം തനിക്കുണ്ടെന്ന ആത്മവിശ്വാസം തന്നെയാണ് കമലയുടെ ഏറ്റവും വലിയ മൂലധനം. സാന്‍ഫ്രാന്‍സിസ്‌കോ ഒരു സ്ത്രീയേയും ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി അന്നേവരെ തെരഞ്ഞെടുത്തിട്ടില്ലെന്ന വസ്തുത കമലയെ അധീരയാക്കിയില്ല. ഇതായിരുന്നു നിലപാട്: If you stepped out in office, you will have enemies. It is not the end of the world and sometimes even good. Women should feel entitled to public office; we belong in the position of being decision - makers.

'ആണുങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ളവരല്ല പെണ്ണുങ്ങള്‍; തീരുമാനങ്ങളെടുക്കാനുള്ളവരാണ്'' എന്ന് ആണ്‍കോയ്മയുടെ മുഖത്തുനോക്കി ഗര്‍ജ്ജിക്കാനുള്ള ചങ്കൂറ്റം ഒരു സാഹചര്യത്തിലും കമല കൈവെടിഞ്ഞില്ല. ഒരിക്കല്‍ തോറ്റാല്‍ പിന്നെയും പരീക്ഷയെഴുതി ജയിക്കാന്‍ ശ്രമിക്കും പോലെ തെരഞ്ഞെടുപ്പിനേയും സമീപിച്ചു. ജയിക്കുമെന്ന ഉത്തമവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക; അഥവാ തോറ്റാല്‍ വീണ്ടും പൊരുതുക. ''ഇനിയുമൊരു നാല്‍പ്പതുകൊല്ലം പൊരുതാന്‍ വേണ്ട യൗവ്വനം തനിക്കുണ്ട്'' എന്നാണ് (33ാം വയസ്സില്‍) 2002-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പദവിയിലേക്കു മത്സരിക്കുന്ന കാലത്ത് വീറോടെ ചീറിയത്. തോല്‍പ്പിച്ചത് വലിയ വിജയചരിത്രമുള്ള ഒരു വമ്പനേയും, കുതികാല്‍വെട്ടു രാഷ്ട്രീയത്തെ അതിജീവിച്ചുംകൊണ്ട്: വധശിക്ഷയ്‌ക്കെതിരാണെന്ന നയം ഗുണം ചെയ്യാത്ത അവസ്ഥ സ്ഥാനാരോഹണത്തിനുശേഷം ഉണ്ടാകാതിരുന്നില്ല. എസ്പിനോസ എന്ന 29 വയസ്സുകാരന്‍ പൊലീസ് ഓഫീസറെ 21 വയസ്സുള്ള ഡേവിഡ് ഹില്‍ എന്ന ചെറുപ്പക്കാരന്‍ വെടിവെച്ചുകൊന്നു. ഘാതകന് ജീവപര്യന്തം ശിക്ഷ പോരാ; വധശിക്ഷ തന്നെ വേണം എന്ന് പൊലീസ് ശക്തിയായി വാദിച്ചു. എങ്കിലും പൊലീസെന്നറിഞ്ഞുംകൊണ്ടു മനഃപൂര്‍വ്വം ചെയ്ത കുറ്റമല്ല; ആത്മരക്ഷയ്ക്കുവേണ്ടി, കൊല്ലപ്പെടുമെന്ന ഭീതിയാല്‍ ചെയ്തതാണ് എന്ന നിഗമനത്താല്‍ ജീവപര്യന്തശിക്ഷയേ കോടതി വിധിക്കുകയുണ്ടായുള്ളൂ. അങ്ങനെ സ്വന്തം നിലപാട് തനിക്കെതിരായിത്തീരാവുന്ന സ്ഥിതിവിശേഷത്തെ മറികടക്കാന്‍ കഴിഞ്ഞു. 

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയിലേക്കാണ് പിന്നീട് കമല മത്സരിച്ചത്. തെരഞ്ഞെടുപ്പ് വളരെ പണച്ചെലവുള്ള കാര്യമാണ്. കമലയ്ക്ക് പണമില്ല. അമ്മയുടെ സമ്പാദ്യമായി ഏറെയൊന്നും കിട്ടിയിട്ടുമില്ല. ജനങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ആവുന്ന തുണ നല്‍കിയിരുന്നു. അഞ്ഞൂറു ഡോളര്‍ വീതമാണ് അമ്മയും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താവും നല്‍കിയത്. (വ്യക്തികള്‍ക്കു നല്‍കാവുന്ന സംഭാവനയുടെ പരിധി അതാണ്). കമലയുടെ കഴിവുകളും ഉത്സാഹവും ആദര്‍ശനിഷ്ഠയും ബോധ്യപ്പെട്ട വലിയ വിഭാഗം സാമാന്യ ജനങ്ങള്‍ അതുപോലെ ചെറിയ തുകകള്‍ സംഭാവന നല്‍കിയിരുന്നു. കാലിഫോര്‍ണിയ മത്സരത്തില്‍ എതിരാളി പ്രബലനായിരുന്നു - സ്റ്റീവ് കൂലി (Steve Cooley) അദ്ദേഹം ജയിക്കുമെന്നായിരുന്നു 'പ്രവചന'ക്കാരുടെ നിഗമനം. വധശിക്ഷയ്‌ക്കെതിരുനിന്നതും ഒരേ ലിംഗവിവാഹത്തിന് (Same sex marriage) അനുകൂലമായതും കമലയുടെ വിജയത്തെ ബാധിക്കുമെന്ന് പലരും കരുതി. സാമ്പത്തികമാന്ദ്യക്കാലത്ത് ജോലി നഷ്ടപ്പെട്ടു കഷ്ടപ്പെടുന്നവരോടും പണയത്തില്‍പ്പെട്ട വീട് തിരിച്ചെടുക്കാന്‍ വഴിയില്ലാതെ കുഴങ്ങുന്നവരോടും വിദ്യാഭ്യാസം സ്‌കൂള്‍ തലത്തില്‍ വേണ്ടെന്നുവെച്ചു വഴിതെറ്റിപ്പോവുന്ന കുട്ടികളോടും കമലയ്ക്കുണ്ടായിരുന്ന സഹാനുഭൂതിയും പ്രതിജ്ഞാബദ്ധതയും മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തി എന്ന പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. പണിത്തിരക്കിന്റെ പേരില്‍ ഒരിക്കലും അവര്‍ സ്‌നേഹസൗഹൃദങ്ങളെ തഴഞ്ഞില്ല. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമായി കരുതിയ 'കൂലി'ക്ക്, മേയ്ല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അമ്പരക്കേണ്ടിവന്നു- 9.6 മില്ല്യണ്‍ വോട്ടുകളില്‍ 74157 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കമല വിജയിച്ചു. 

കാലിഫോര്‍ണിയ ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ജസ്റ്റിസില്‍ അയ്യായിരത്തോളം ജീവനക്കാരുണ്ടായിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍മാര്‍ ആ പദവിയിലെത്തിയാല്‍, എ.ജി. എന്ന അക്ഷരങ്ങള്‍ക്ക് Aspiring Governors എന്ന അര്‍ത്ഥമാണ് കല്പിച്ചിരുന്നത്. നേടിയ പദവി നേടാനുള്ളതിലേക്കുള്ള ചവിട്ടുപടിയായി കരുതി. സ്വന്തം ഓഫീസിലെ ജീവനക്കാരോടും സ്വന്തം മണ്ഡലത്തിലെ ജനങ്ങളോടും പ്രകടിപ്പിക്കേണ്ടിയിരുന്ന മമത മറന്നുപോയവര്‍. കമലയും ഉയര്‍ന്ന ഭാവിയില്‍ കണ്ണുനട്ടിരുന്നെങ്കിലും ആ ബന്ധങ്ങള്‍ക്കു വലിയ മൂല്യമുണ്ടെന്നു മറന്നില്ല. ഒരു അറ്റോര്‍ണി ജനറലിന്റെ കൈകുലുക്കുന്ന അനുഭവം ഓഫീസിലെ ജീവനക്കാര്‍ക്കെല്ലാം പ്രാപ്യമാണെന്ന അനുഭവം അവര്‍ക്കുണ്ടായത് കമല ആ പദവിയിലെത്തിയപ്പോഴാണ്. പദവി സ്വീകരിച്ചതിനുശേഷം കമല വിരുന്നൊരുക്കിയത് തന്റെ ഓഫീസിലെ ജീവനക്കാര്‍ക്കാണ്. അതുപോലെ സാന്‍ദിയാഗോ, ലോസ് ആഞ്ജലസ്, സാന്‍ഫ്രാന്‍സിസ്‌കോ മുതലായ ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്കും. വീടു പണയപ്പെടുത്തേണ്ടിവന്നവരെ വീടില്ലാത്തവരാക്കിത്തീര്‍ക്കുന്ന ബാങ്ക് നിയമങ്ങളേയും, വിദ്യാഭ്യാസം കച്ചവടമാക്കി കോളേജുകള്‍ നടത്തുന്നവര്‍ക്കനുകൂലമായ സാഹചര്യങ്ങളേയും കുട്ടികളേയും പെണ്ണുങ്ങളേയും 'ചരക്കു'കളാക്കി വാണിഭം നടത്തുന്നവരേയും പാഠം പഠിപ്പിക്കുന്നതിനുവേണ്ടി അഭിഭാഷകവൃത്തിയിലൂടെ നേടിയ അറിവും അനുഭവവും കമല ഉപയുക്തമാക്കി. വലിയ സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത് കാലിഫോര്‍ണിയയില്‍ ദശലക്ഷത്തിലേറെപ്പേര്‍ ജോലിരഹിതരായി. അത്രതന്നെ വലിയ വിഭാഗം പണയപ്പെട്ട വീട് നഷ്ടപ്പെടുന്നവരും. ഇത്തരം കഷ്ടപ്പെടുന്ന ജനങ്ങളുടെ കൂടെ നില്‍ക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും കമല തന്റെ കഴിവുകള്‍ മുഴുവന്‍ വിനിയോഗിച്ചു. 

ജയിലുകളുടെ കഥ ദയനീയമായിരുന്നു. അവയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി ആളുകള്‍ അവയ്ക്കുള്ളില്‍ ഞെരുങ്ങിപ്പാര്‍ത്തു. ഈ സ്ഥിതി ഭേദപ്പെടുത്താന്‍ കമല തന്നാലാവുന്നതെല്ലാം ചെയ്തു. തോക്കുപോലുള്ള മാരകായുധങ്ങള്‍ വാങ്ങി കൈവശം വെക്കാനുള്ള അവകാശം ആര്‍ക്കും നല്‍കുന്ന നിയമത്തിനെതിരായും കമല കഠിനമായി പൊരുതി. എന്നാല്‍, ആയുധങ്ങള്‍ കൈവശംവെക്കുന്നവരില്‍നിന്ന് അത് പിടിച്ചെടുക്കാന്‍ അതിനു നിയുക്തരായവര്‍ക്ക് വലിയ വെല്ലുവിളി ആയിരുന്നു. കൊലക്കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ആയുധനിരോധന നിയമം കൊണ്ടുവരുന്നത് അനിവാര്യമായിരുന്നു. 2012-ല്‍ ഒരു എലിമെന്ററി സ്‌കൂളിലെ 20 കുട്ടികളേയും ആറ് അദ്ധ്യാപകരേയും ഒരാള്‍ വെടിവെച്ചുകൊന്ന സംഭവം ലോകത്തെ മുഴുവന്‍ നടുക്കി. തോക്ക് കൈവശമുള്ളവര്‍ക്ക് ഭ്രാന്തുപിടിച്ചാല്‍ എന്താണ് സംഭവിച്ചുകൂടാത്തത്? തോക്ക് പിടിച്ചെടുക്കാന്‍ നിയുക്തരായവരുടെ എണ്ണം കമല ഇരട്ടിയാക്കിയിരുന്നു. എങ്കിലും കാലിഫോര്‍ണിയയില്‍ പത്തൊമ്പതിനായിരം പേര്‍ക്ക് അക്കാലത്ത് ആയുധം കൈവശമുണ്ടായിരുന്നു. കമല ആ ധര്‍മ്മയുദ്ധം ധീരമായി തുടര്‍ന്നു. ഇരകളായിത്തീര്‍ന്നവരുടെ ഫോട്ടോയില്‍ കണ്ണുനട്ട് നമ്മുടെ കുഞ്ഞുങ്ങള്‍! കുഞ്ഞുങ്ങള്‍! എന്നു വിതുമ്പുമ്പോള്‍ തോക്ക് പിടിച്ചെടുക്കലാണ് അത്തരം കഠോര സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള വഴിയായി കണ്ടത്. കുറ്റവാളിക്കുള്ള ശിക്ഷയല്ല. 

അതുപോലെ മാന്ദ്യകാലത്തു വീടു പണയപ്പെടുത്തേണ്ടിവന്ന അനേകായിരങ്ങളെ ജപ്തി ചെയ്‌തൊഴിപ്പിക്കുന്നതിന് വന്‍കിട ബാങ്കുകള്‍ നിര്‍ദ്ദാക്ഷിണ്യം നടപടികളെടുക്കുന്നതിനെതിരായി പൊരുതുമ്പോള്‍ ഏറ്റവും പ്രബലങ്ങളായ ബാങ്കുകളുടെ മേധാവികളെ ധീരമായി നേരിട്ടു. കടം കൊടുക്കാനും കടമെടുത്തവരെ മുടിക്കാനും മുന്‍നിന്ന അഞ്ച് വമ്പന്‍ ബാങ്കുകള്‍ക്കെതിരായി നിലപാടു കൈക്കൊള്ളുന്ന കാലത്ത് ഇപ്പോള്‍ പ്രസിഡന്റായിരിക്കുന്ന ജോ ബൈഡന്റെ മകന്‍ ബ്യൂ ബൈഡന്‍ കമലയ്ക്ക് വലംകൈയായി ബലം നല്‍കിയിരുന്നു. ആ വസ്തുത പില്‍ക്കാലത്ത് തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കമലയെ ക്ഷണിക്കുന്നതിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് പ്രേരണയുമായി. കാന്‍സര്‍ പിടിപെട്ടു മരിച്ചുപോയ ആ പ്രിയപുത്രന്റെ ആദരത്തിനു പാത്രമായിരുന്നു എന്നത് കമലയെ മകളെയെന്നപോലെ സ്‌നേഹിക്കാന്‍ ഹേതുവായി. 

ബാരക്ക് ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലത്ത് കമല അദ്ദേഹത്തിനു വലിയ പിന്തുണ നല്‍കിയിരുന്നു. രണ്ടുപേരും കറുത്തവര്‍ഗ്ഗക്കാരായതുകൊണ്ടെന്ന വെള്ളക്കാരുടെ പരിഹാസത്തെ പുല്ലുപോലെ തള്ളി. 2013-ലാണ് ഒരു ഇന്റര്‍നാഷണല്‍ നിയമസ്ഥാപനമായ വെനബ്ള്‍ എല്‍.എല്‍.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന അറ്റോര്‍ണിയായ ഡഗ്ലസ് എം ഫോഫിനെ കമല വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും 49 വയസ്സ്. അദ്ദേഹം ഏഴു ദിവസം സീനിയര്‍. ഒരു സിനിമാ നിര്‍മ്മാതാവായ റെജിനാള്‍ഡ് ഹുഡ്ലിനും പത്‌നിയുമാണ് അവരെ പരിചയപ്പെടുത്തിയത്. രണ്ടു മക്കളുള്ള അദ്ദേഹത്തിന്റെ രണ്ടാം വിവാഹം. 

രണ്ടാം തവണ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കമല പിന്നത്തെ പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെയാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും യു.എസ്. സെനറ്റിലേക്ക് മത്സരിക്കാനാണ് തീരുമാനമുണ്ടായത്. പ്രസിഡന്റ് ആയിരുന്ന ഒബാമയുടേയും വൈസ് പ്രസിഡന്റ് ജോ ബൈഡന്റേയും പിന്തുണയുണ്ടായിരുന്നു. കടുത്ത എതിരാളിയുണ്ടായിരുന്നെങ്കിലും സെനറ്റര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2017-ല്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ കമലയെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിച്ചു. ഒരു ഇന്ത്യക്കാരിയുടെ മകള്‍ അമേരിക്കയില്‍ ആദ്യമായി സെനറ്ററായി. 

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായിരുന്നു പിന്നത്തെ നിര്‍ണ്ണായക തീരുമാനം. 2018 ജൂലൈയില്‍ അതു വേണമെന്നു നിശ്ചയിച്ചു. രണ്ടാം തവണ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയ കാലത്ത് ശേഖരിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് ഫണ്ടില്‍ പത്തുലക്ഷത്തിലേറെ ഡോളര്‍ ശേഷിച്ചിരുന്നത് ഗവര്‍ണര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഫണ്ടായി ബാങ്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിവെച്ചിരുന്നു. ആ തുക അര്‍ഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായധനമായി നല്‍കി. ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെടുന്ന പൊലീസ് ഓഫീസേഴ്സിന്റെ പേരിലുള്ളതായിരുന്നു ഒരു സ്ഥാപനം. കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട എസ്പിനോസയെപ്പോലുള്ളവര്‍. ഇത്തരം ഉദാര സഹായപദ്ധതികള്‍ കമലയുടെ പ്രതിച്ഛായ വളര്‍ത്തി. ഒടുവില്‍ ഡമോക്രാറ്റുകളില്‍ എതിരാളിയായി വന്നത് ജോ ബൈഡന്‍ തന്നെയായിരുന്നു. ജോ ബൈഡനെതിരെ പ്രസംഗിക്കുമ്പോള്‍ സ്‌കൂളുകളിലെ വര്‍ണ്ണവിവേചനത്തിന് അനുകൂലമായിരുന്ന രണ്ടു സെനറ്റര്‍മാര്‍ക്ക് അനുകൂലമായി ജോ ബൈഡന്‍ മുന്‍കാലത്ത് പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും കറുത്തവര്‍ഗ്ഗക്കാരുടെ കുഞ്ഞുങ്ങളെ പൊതു സ്‌കൂളിലെത്തിക്കാന്‍ ബസ് ഏര്‍പ്പാടുചെയ്യുന്നതിന് എതിരുനിന്നവരോട് കഠിനമായ എതിര്‍പ്പുതോന്നിയെന്നും ''ആ ബസുകളില്‍ ഒരു രണ്ടാം ക്ലാസ്സുകാരിയുണ്ടായിരുന്നു. ഇതാ ഈ ഞാന്‍'' എന്നും കമല പ്രസംഗിച്ചത് അന്നാണ്. ആ പ്രസ്താവന ബൈഡനെ വേദനിപ്പിക്കാതിരുന്നില്ലതാനും. അദ്ദേഹം വാസ്തവത്തില്‍ വര്‍ണ്ണവിവേചനത്തിനെതിരായിരുന്നു. 

യുഎസ് വൈസ് പ്രസിഡന്റായി വിജയിച്ച കമല ഹാരിസിന് ആശംസകൾ നേരുന്ന തുളസീന്ദ്രപുരത്തെ നാട്ടുകാർ. കമലയുടെ ജന്മ ദേശമാണ് സൗത്ത് ചെന്നൈയിലെ തുളസീന്ദ്രപുരം
യുഎസ് വൈസ് പ്രസിഡന്റായി വിജയിച്ച കമല ഹാരിസിന് ആശംസകൾ നേരുന്ന തുളസീന്ദ്രപുരത്തെ നാട്ടുകാർ. കമലയുടെ ജന്മ ദേശമാണ് സൗത്ത് ചെന്നൈയിലെ തുളസീന്ദ്രപുരം

വേരുകള്‍ മറക്കാതെ

പിന്നീട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മത്സരത്തില്‍നിന്ന് പല പ്രതികൂല സാഹചര്യങ്ങള്‍ മൂലം കമല പിന്‍വാങ്ങി - സെനറ്റര്‍ പദവിയില്‍ തുടര്‍ന്നു. ജോ ബൈഡന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി ട്രംപിനെതിരെ മത്സരിക്കുമ്പോള്‍ വൈസ് പ്രസിഡന്റായി തന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ക്ഷണിച്ചത് കമലയെയാണ്. വര്‍ണ്ണ വിവേചനത്തിനെതിരായിരുന്നു ബൈഡന്‍ എന്ന വസ്തുത കമലയ്ക്കും അറിയാമായിരുന്നു. കമലയെ തന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചുകൊണ്ട് അദ്ദേഹം അതു വീണ്ടും തെളിയിച്ചു. അങ്ങനെ 2020-ലെ തെരഞ്ഞെടുപ്പില്‍ കമല വൈസ് പ്രസിഡന്റായി. 

സ്വന്തം ശിരസ്സുയര്‍ത്തിപ്പിടിക്കുന്നതിന് തൊലിനിറം ഒരു പ്രതിബന്ധമല്ല എന്ന് വെള്ളക്കാരല്ലാത്തവര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തിക്കൊടുത്ത ആദ്യത്തെ ഇന്ത്യക്കാരി എന്ന് കമലയെച്ചൊല്ലി ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. കമല തന്റെ വേരുകള്‍ മറന്നില്ല. തന്റെ അമ്മയുടെ നാട്ടില്‍ കാളീമാതാവിനെ ആരാധിക്കുന്നതിന്റെ അര്‍ത്ഥവ്യാപ്തിയും കാളീമാതാവിന്റെ തലയോട്ടി മാലയുടെ പ്രതീകാര്‍ത്ഥവും ആസുരശക്തികളോടുള്ള രൗദ്രവും കമലയുടെ ഉള്ളില്‍ മുദ്രകള്‍ പതിപ്പിച്ചിട്ടുണ്ട്. അത് അവര്‍ അനുസ്മരിച്ചിട്ടുമുണ്ട്. കാളീമാതാവെന്ന ആദിപ്രതീകം തന്നെയാണ് വെള്ളക്കാരുടെ നാട്ടില്‍ കമലയായി അവതരിച്ചത്. അക്ഷരാര്‍ത്ഥത്തിലുള്ള ശാരീരിക സംഹാരത്തിനെതിരാണെങ്കിലും, ആശയപരമായി എതിര്‍ക്കേണ്ടിവരുന്നവരുടെ മുന്നില്‍ ഭദ്രകാളിയുടെ രൗദ്രം കമലയിലൂടെ ഉയിര്‍ക്കുന്നത് അവരെ ശക്തിസ്വരൂപിണിയാക്കുന്നു- ഒരേസമയം ഭദ്രയായ കരുണാമയിയും രൗദ്രയായ കാളിയും. സ്ത്രീയായിരിക്കുക; കറുത്തവര്‍ഗ്ഗക്കാരുടെ പിന്‍ഗാമിയാവുക. ഈ രണ്ടു പരിമിതികളെ ഒരുമിച്ചു മറികടന്നുകൊണ്ടാണ് അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല എത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റിനെ 'പൊട്ടെന്‍ഷ്യല്‍ പ്രസിഡന്റ്' എന്നാണ് സാമാന്യേന അമേരിക്കക്കാര്‍ സങ്കല്പിക്കുക പതിവ്. മുന്‍പറഞ്ഞ രണ്ടു പരിമിതികളെ മറികടന്നുകൊണ്ട് ആ സ്ഥാനത്തെത്തുമെന്ന് ഇന്നത്തെ നിലയ്ക്ക് പ്രതീക്ഷിക്കാവതല്ല. ഹിലാരി ക്ലിന്റന് ബഹുജനങ്ങളുടെ വോട്ടുകണക്കില്‍ ഭൂരിപക്ഷം കിട്ടിയിട്ടും നിര്‍ണ്ണായക ശക്തികള്‍ അവരെ പിന്തള്ളിയെന്ന ചരിത്രമുണ്ട്. എങ്കിലും കറുത്തവര്‍ഗ്ഗമെന്ന പശ്ചാത്തലമുള്ള ഒരു പുരുഷനെ (ഒബാമ) അവരോധിച്ച ചരിത്രവുമുണ്ട്. ''സ്ത്രീണാഞ്ച ചിത്തം പുരുഷസ്യ ഭാഗ്യം ദേവോ നജാനാതി കുതോ മനുഷ്യഃ'' എന്നാണ് ചൊല്ല്. ഭാഗ്യത്തിലും സ്ത്രീ പുരുഷനെ പിന്തള്ളുന്ന കാലം വന്നുകൂടായ്കയില്ല. ബൗദ്ധികസിദ്ധികളും ഉന്നത വിദ്യാഭ്യാസവും ചിന്താപരമായ ഔന്നത്യവും കഷ്ടപ്പെടുന്നവരോടും ദരിദ്രരോടും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളോടും കുട്ടികളോടുമുള്ള മാനസികൈക്യവും ഭരണതന്ത്രജ്ഞതയും സര്‍വ്വോപരി അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ വാഗ്വാദവൈഭവവും അസംഭവ്യമെന്ന് തോന്നിക്കുന്ന ഒരു സ്ഥിതിവിശേഷത്തെ സംഭവ്യമാക്കിക്കൂടായ്കയില്ല.

അവലംബം - Kamala's way. Dan Morain/Simon & Schuster 2021

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com