'കഴുത' മുരളി- എണ്‍പതുകളിലെ കാമ്പസ് നാടകത്തെക്കുറിച്ചുള്ള ഓർമ്മ

ഈ ആഖ്യാനം ഒരുപോലെ ആത്മകഥാപരവും എണ്‍പതുകളിലെ കാമ്പസുകളുടെ കലാ- സാംസ്‌കാരിക ചരിത്രത്തിന്റെ വ്യക്തിഗതമായ രേഖപ്പെടുത്തലുമാണ് 
കിരാതബലി നാടക സംഘം. ​ഗോപൻ, ഹരിദാസ്, അബ്ബാസ് സാർ, ഹംസ, മുരളി, വിനോദ്, റഷീദ്, ലേഖകൻ
കിരാതബലി നാടക സംഘം. ​ഗോപൻ, ഹരിദാസ്, അബ്ബാസ് സാർ, ഹംസ, മുരളി, വിനോദ്, റഷീദ്, ലേഖകൻ

കരിമ്പൂതം കല്പിക്കുന്നു.
നാട്ടരചരുടെ കല്പനയാണേ...
പ്രദേശത്ത് കറുത്ത വസന്തം വരണം... 
അതിനായി കഴുത ചുവടുവെക്കട്ടെ!

തോടെ സദസ്സില്‍ ജനങ്ങള്‍ക്കിടയിലിരുന്ന കഴുതവേഷക്കാരനായ ഒരാള്‍ ചുവടുവച്ചു ചുവടുവച്ചു അരങ്ങത്തേക്ക് വരുന്നു. നീണ്ട ചെവികള്‍. അയഞ്ഞ കുപ്പായം. സ്വതവേ കുനിഞ്ഞ പ്രകൃതി ഒന്നുകൂടി വളഞ്ഞിരിക്കുന്നു.

ചെണ്ടയുടെ അയഞ്ഞ താളം. അത്ഭുതവും ആഹ്ലാദവും കൊണ്ട് സദസ്സ് കയ്യടിക്കുന്നു. അരങ്ങത്തെത്തി വട്ടത്തില്‍ ചുവടുതീര്‍ത്ത് കഴുത കരിമ്പൂതത്തിനും വെണ്‍പൂതത്തിനുമിടയില്‍ വന്നു നിന്നു. (ചെണ്ടയുടെ മുറുകിയ താളം പെട്ടെന്ന് കെട്ടു... മൗനം )

-ഞാന്‍ കഴുത. (സദസ്യരെ ചൂണ്ടി )

കണ്ടില്ലേ ഈയിരിക്കുന്നവര്‍ക്ക് കൂട്ട്. മഹത്തായ ഈ ദേശത്തിന്റെ ഒരിക്കലും ഊരിപ്പോരാത്ത നട്ടെല്ല്.

സദസ്സില്‍നിന്നും ജനത്തിന്റെ പ്രതിനിധിയെന്നോണം കഴുതയായി കയറിവന്ന നടന്‍ പിന്നെ കോളേജില്‍ 'കഴുത' മുരളി എന്നറിയപ്പെട്ടു.

ഇത് മുരളിയുടെ മാത്രം കഥയല്ല, എണ്‍പതുകളുടെ കാമ്പസ് തിയേറ്ററിന്റെ വര്‍ത്തമാനത്തോടൊപ്പം നടന്ന കാമ്പസിലെ ചെറുപ്പക്കാരുടെ ജീവിതകഥയിലെ നിറമുള്ള ഒരേട്.

മുരളി
മുരളി

എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ കാമ്പസുകളില്‍ സജീവമായ തനതു നാടകക്കാലം ഓര്‍ക്കുന്നു. ശങ്കരപ്പിള്ളയും കാവാലവും ശ്രീകണ്ഠന്‍ നായരും പി. വേണുക്കുട്ടന്‍ നായരും നരേന്ദ്രപ്രസാദും അയ്യപ്പപ്പണിക്കരും ഒക്കെ ചേര്‍ന്നുണ്ടാക്കിയ പുഷ്‌ക്കലമായൊരു തനത് നാടക കാലം. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇബ്രാഹിം ആള്‍ക്കാസിയെപ്പോലുള്ളവര്‍ പൊളിച്ചടുക്കിയ പ്രോസീനിയം തിയേറ്റര്‍ സംസ്‌കാരത്തിന്റെ കേരളീയ നിഴലുകള്‍.

മലയാളനാടകത്തില്‍ അവ എന്തു ഫലമുണ്ടാക്കി എന്ന ചോദ്യം ഇന്നു പലമട്ടിലുള്ള വിമര്‍ശനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.

അക്കാലത്തെ സാമ്പ്രദായിക റിയലിസ്റ്റിക് അരങ്ങുകളില്‍നിന്നും സാമൂഹ്യ-കുടുംബ നാടക വിഷയങ്ങളില്‍നിന്നുമൊക്കെ വേറിട്ട് അരങ്ങുസങ്കല്പത്തില്‍ നൂതനമായ കാഴ്ചപ്പാടുകളെ തനതു നാടകമുണ്ടാക്കി എന്നൊക്കെയാണ് രേഖപ്പെടുത്തപ്പെട്ടത്.

മലബാര്‍ മേഖലയില്‍, ശങ്കരപ്പിള്ള വിഭാവനം ചെയ്ത 'കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റില്‍ തിയേറ്റര്‍' എന്ന സങ്കല്പ-പ്രയോഗ മാര്‍ഗ്ഗത്തിലൂടെ കാമ്പസുകളില്‍ നന്നായി ഇവ വേരുപിടിച്ചു. നാടകത്തിന്റെ എല്ലാ അംശങ്ങളും കാമ്പസില്‍ത്തന്നെ പച്ചപിടിച്ചു നിര്‍വ്വഹിക്കപ്പെടുന്ന ഒരു സങ്കല്പം കൂടിയായിരുന്നു ഇക്കാലം. അതിനു വേറിട്ടൊരു മൂല്യം തന്നെയുണ്ട്.

എന്റെ അനുഭവത്തില്‍നിന്നും പറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. ഏതു കാമ്പസില്‍ ആയാലും അത്തരം നാടകങ്ങളുടെ അകപ്പൊരുള്‍ അറിയാവുന്ന പ്രവര്‍ത്തകരും കാമ്പസിലെ കാണികളും ഏറെ പരിമിതമായിരുന്നു. അതിനുകാരണം, ആ നാടകങ്ങളില്‍ പലതും അധികാരത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം എന്നതിനേക്കാള്‍ അന്യാപദേശങ്ങള്‍ ആയിരുന്നു എന്നു മാത്രമല്ല, ഇതിവൃത്തപരമായി അക്കാലത്തെ ദൈനംദിന ജീവിതത്തോട് അവയ്ക്ക് അത്ര ബന്ധവുമുണ്ടായിരുന്നില്ല. ഏതായാലും നമ്മുടെ ചര്‍ച്ച ആ വഴിക്ക് പോകേണ്ടതില്ല.

'കുരുത്തോല നാടകങ്ങള്‍' എന്ന പാതിപരിഹാസപ്പേരില്‍ കാമ്പസിന്റെ മുഖ്യധാരയുടെ പറച്ചിലില്‍ മേനി നേടുകയുണ്ടായി ഇത്തരം അവതരണങ്ങള്‍. ബുദ്ധിജീവികളുടെ ഒരു അനുഷ്ഠാന നാടകമെന്ന മട്ടില്‍, പല വിദ്യാര്‍ത്ഥികളും ഇത്തരം അരങ്ങുകള്‍ ഒഴിവാക്കി. ഒപ്പനയും നാടോടി നൃത്തവും മോഹിനിയാട്ടവും കാണാന്‍ തടിച്ചുകൂടിയവരില്‍ പലരും നാടകം കാണാന്‍ വന്നിരുന്നില്ല. എന്നാലും പ്രെസ്റ്റീജ്യസ് ഐറ്റം എന്ന നിലയ്ക്ക് ഒരു നിശ്ചിത കാണികള്‍ നാടകത്തിന് എന്നും കാമ്പസില്‍ ഉണ്ടായിരുന്നു.

'കിരാതബലി' എന്നായിരുന്നു ഞങ്ങളുടെ നാടകത്തിന്റെ പേര്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സോണല്‍-ഇന്റേര്‍ണല്‍ മത്സരങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു, അക്കാലത്ത്.

സമാന്തര പ്രക്ഷോഭങ്ങള്‍ 

ക്ഷുഭിത യൗവ്വനങ്ങളുടെ കാമ്പസ് ആയിരുന്നു എഴുപതുക്കളുടേതെന്നും മൗലികവും വിപ്ലവകരവുമായ മാറ്റങ്ങള്‍ അക്കാലത്ത് കാമ്പസിലുണ്ടായി എന്നൊക്കെ പറഞ്ഞുപോരാറുണ്ട്. പരിമിതമായ അര്‍ത്ഥത്തില്‍ എടുക്കാവുന്ന പറച്ചിലുകള്‍ മാത്രമാണിവ. പൊതുവെ ദരിദ്രമായ കാമ്പസ് ചുറ്റുപാടുകള്‍ അന്നത്തെ സമൂഹത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു. നിറപ്പകിട്ടുള്ള ഒരു ന്യൂനപക്ഷം എന്നും ചെത്തിനടന്നിരുന്ന കാമ്പസില്‍ വിപ്ലവത്തിലും കലയിലും സമൃദ്ധമായി പ്രവര്‍ത്തിച്ചവര്‍ കുറച്ചുപേരേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, വിപ്ലവവും കലാപ്രവര്‍ത്തനവും സമരസപ്പെടുന്ന ഒരന്തരീക്ഷം ഉണ്ടായിരുന്നു. മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍നിന്നും വരുന്നവര്‍ തന്നെയായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍. ഉള്ളില്‍ തീയുള്ള കുറച്ചുപേര്‍, പാവപ്പെട്ട കുടുംബങ്ങളില്‍നിന്നും ഉള്ളവരായിരുന്നു. വിശപ്പ് മാറാതെ കാമ്പസില്‍ വരുന്നവരായിരുന്നു അധികവും.

ആധുനികതയും സാഹിത്യവും  ഊര്‍ജ്ജസ്വലമായ ഒരു വികാരമായി ഇത്തരക്കാരില്‍ സജീവമായിരുന്നു. നാടകവും പാശ്ചാത്യ സംഗീതവും കവിതയും അങ്ങനെ നിറഞ്ഞാടി. ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ്മുറികളില്‍, വാതിലടച്ച് ബോണി എമ്മിന്റെ ഓഡിയോ കാസറ്റുകളിട്ട് സ്വകാര്യമായി നൃത്തം ചെയ്യുന്ന സംഘങ്ങള്‍ പല കലാലയങ്ങളിലും കാണാമായിരുന്നു. ഇത്തരം പശ്ചാത്യസംഗീതവും ആട്ടവും നിരീക്ഷിക്കാന്‍ ഞങ്ങളുടെ കലാലയത്തില്‍പ്പോലും അധികാരികളുടെ രഹസ്യ 'കാമുകര്‍' ഉണ്ടായിരുന്നു. ഏതായാലും പശ്ചാത്യസംഗീതവും ജാസും കാമ്പസിനെ പരിരംഭണം ചെയ്ത ഒരുകാലം തന്നെയായിരുന്നു, അത്. യൂറോ കേന്ദ്രിതമായ ദര്‍ശനങ്ങളുടെ പുകച്ചില്‍ ഞങ്ങളുടെ കൂട്ടങ്ങളേയും ഗ്രസിച്ചിരുന്നു. സാര്‍ത്രും കമ്യുവും കാഫ്കയും... എന്നുവേണ്ട പശ്ചാത്യ തത്ത്വചിന്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും കാമ്പസില്‍ ആഘോഷിക്കപ്പെട്ട കാലമാണത്. ഗ്രിഗര്‍ സാംസായും അന്യനും കോട്ടയും കടമ്മന്റെ കുറത്തിയും സച്ചിദാനന്ദന്റെ നാവുമരവുമൊക്കെ വ്യാപകമായി കാമ്പസുകളില്‍ വായിക്കപ്പെട്ടു. ആധുനികവും അത്യാധുനികവും അത്യന്താധുനികവുമായ കവിതയും സാഹിത്യവും സദാ ചര്‍ച്ച ചെയ്യപ്പെട്ടു. ഇവയുടെ മാനങ്ങള്‍ പലമട്ടില്‍ പലരാലും വ്യാഖ്യാനിക്കപ്പെട്ടു.

ബലചന്ദ്രൻ ചുള്ളിക്കാട്
ബലചന്ദ്രൻ ചുള്ളിക്കാട്

അക്കാലത്താണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഞങ്ങളുടെ കാമ്പസില്‍ വന്നത്. മെലിഞ്ഞു, ചപലസ്വരൂപിയായ ഒരു യുവാവ്. ആരുടെ അകമ്പടിയിലാണ് അന്ന് അദ്ദേഹം കാമ്പസില്‍ എത്തിയത് എന്ന് ഓര്‍മ്മയില്ല. അരവിന്ദന്റെ 'പോക്കുവെയില്‍' കാമ്പസില്‍ ഹരമായ കാലമാണ്. 'ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്', 'നവംമ്പറിന്റെ നഷ്ടം', 'രതിനിര്‍വ്വേദം', 'ചാമരം' ഒക്കെ കാമ്പസില്‍ ഹിറ്റായ കാലമാണത്.

മലബാറിലെ കാമ്പസുകളിലൊക്കെ, ആധുനികതയുടെ യുവതയ്ക്ക് ചിരപരിചിതനെപ്പൊലെയായിരുന്നു ബാലന്‍.

മാപ്പുസാക്ഷിയും പ്രണയഗീതവും മനുഷ്യന്റെ കൈകളും കൃഷ്ണ നീയെന്നെയറിയില്ലയും ഒക്കെ ചൊല്ലി. അതിനുശേഷം ബാലന്റെ സ്വതസിദ്ധ ശബ്ദത്തില്‍ പറഞ്ഞു: ''ഇനി ചൊല്ലാന്‍ സ്റ്റാമിനയില്ല'' എന്ന്. ബാലചന്ദ്രന്‍ കാമ്പസ് വിട്ടുപോയപ്പോള്‍ ചില കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങി. അതില്‍, ബാലചന്ദ്രന്‍ ആരാണെന്നറിയാത്തവരും ഉണ്ടായിരുന്നു.

ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അയാള്‍ ഒരു അയഞ്ഞ കള്ളി ഷര്‍ട്ടാണ് അന്നിട്ടിരുന്നത്. ഒരു ബട്ടന്റെ തുള മാറിയിട്ടിരുന്നു.

അദ്ഭുതപ്പെടേണ്ട, ആധുനികതയല്ലേ!

ഏറ്റവും അലസവിലസിത വേഷം കൊണ്ടാടിയ കാലമായിരുന്നു അത്. നാല്‍പ്പത്തെട്ട് ഇഞ്ച് ബെല്‍ബോട്ടം, (രാവിലെ കോളേജിലേക്കിറങ്ങുമ്പോള്‍, ''ഓന്‍ റോഡ് അടിച്ചുവാരാന്‍ ഇറങ്ങി'' എന്നൊരു പറച്ചില്‍ നാട്ടിന്‍പുറത്തുണ്ട്) അയഞ്ഞ സ്ലേക് കുപ്പായം, ഒന്നോ രണ്ടോ ബട്ടണ്‍ ഇടും. മുടി ചീകാറേയില്ല. വേഷത്തിലും ഭാവത്തിലും ഒരുതരം അസ്തിത്വദുഃഖച്ഛായ. ഞങ്ങളെ ചരിത്രം പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകന്‍ ഇത്തരം വേഷക്കാര്‍ എപ്പോഴെങ്കിലും ക്ലാസ്സില്‍ കയറിവരുമ്പോള്‍, 'ജനറല്‍ ബോഡി' വരുന്നുണ്ട് എന്നു പരിഹസിച്ചിരുന്നു.

ബാലന്‍ അന്നു ചൊല്ലിയ പല കവിതകളും പില്‍ക്കാലത്ത് ഞാന്‍ അതേ സ്വരത്തില്‍ ചൊല്ലി നോക്കിയിരുന്നു. അതില്‍ ഞാന്‍ ഏറെ ജയിച്ചത് സുഗതയുടെ കൃഷ്ണ നീയെന്നെ അറിയില്ല... ചൊല്ലുന്നതിലായിരുന്നു. ബാലന്‍ ചൊല്ലിയ മട്ടില്‍ അത് പലയിടത്തും ഞാന്‍ ചൊല്ലിയിട്ടുണ്ട്.

ബാലന്റെ സന്ദര്‍ശനത്തിനു ശേഷമാണ് ഞാന്‍, അരവിന്ദന്റെ പൊക്കുവെയില്‍ കാണുന്നത്. തിരൂര്‍, ചിത്രസാഗറില്‍നിന്നാണെന്നു തോന്നുന്നു. സമാന്തര സിനിമകള്‍ ബുദ്ധിജീവിതത്തിന്റെ അടയാളങ്ങള്‍ ആണെന്ന് അക്കാലത്ത് ഞാനും വിശ്വസിച്ചു. ശശികുമാറിന്റേയും എ.ബി. രാജിന്റേയുമൊക്കെ അടിപ്പടങ്ങളോടുള്ള മുഹബ്ബത്ത്, കൗമാരകാലം പിന്നിട്ടപ്പോഴേക്കും എന്നില്‍നിന്നും പിന്‍വാങ്ങിയിരുന്നു. കാഞ്ചനസീതയും പത്മരാജന്റേയും കെ.ജി. ജോര്‍ജിന്റേയും പടങ്ങളും ആകര്‍ഷിച്ചുകൊണ്ടിരുന്ന കാലം.

പൊക്കുവെയില്‍ കണ്ട ദിനം മറന്നിട്ടില്ല.അദ്ദേഹത്തിന്റെ കവിത തന്നെയാണ് സ്‌ക്രിപ്റ്റിനു ആധാരം എന്നൊന്നും അന്നറിയില്ല.

നിരന്തരം ലോങ്ങ് ഷോട്ടുകള്‍. പുഴയും ആകാശത്ത് മേഘക്കീറുകളും ചേര്‍ന്നുകിടക്കുന്ന മൊണ്ടാഷുകള്‍. മൗനം.

ബാലു എന്നുതന്നെയാണ് കഥാപത്രത്തിന്റെ പേരും.

സിനിമ കണ്ട് വിഷമിച്ചിട്ടോ സഹിക്കാന്‍ പറ്റാഞ്ഞിട്ടോ എന്നറിയില്ല, പെട്ടെന്ന് ഒരു കാണിയുടെ ഉറക്കെയുള്ള ഒരു ഡയലോഗ് കേട്ടു. ''ബാലു, എന്തെങ്കിലും ഒന്ന് മിണ്ടിക്കൂടെ'' എന്ന്. മറ്റു കാണികളൊക്കെ അതുകേട്ടു ചിരിച്ചാഘോഷിച്ചു. പലര്‍ക്കും അതൊരു ആശ്വാസമായിരുന്നു. ആധുനികത ബാധിച്ച പലരേയും സിനിമ അലോസരപ്പെടുത്തി. ഒരു ശ്വാസംപോലും വിടാതെ ഇരുന്ന് സിനിമ കാണുന്നവരുമുണ്ട്-ചലച്ചിത്രത്തിന്റെ ഗൗരവം നഷ്ടപ്പെടരുതല്ലോ എന്നു വിചാരിച്ചുകാണും.

ഏതായാലും എനിക്ക് ആ സിനിമ വല്ലാതെ ഇഷ്ടപ്പെട്ടു. മൗനത്തെ ദൃശ്യകലയാക്കുന്ന മാജിക്, പിന്നെയുള്ള അരവിന്ദന്‍ സിനിമകളിലൊക്കെ ഞാന്‍ വല്ലാതെ ആസ്വദിച്ചു. ബാലചന്ദ്രന്റെ കവിതയുടെ സിനിമാ സന്ദര്‍ഭം ആ പ്രായത്തെ ഏറെ ഭാവസ്ഫുരിതമാക്കി.

അതേ, നാം പറഞ്ഞുവന്നത് നാടകത്തെക്കുറിച്ചാണല്ലോ. ഹംസ ഒറ്റകത്തിന്റെ 'കിരാതബലി'യെക്കുറിച്ച്.

രാവിലെ കോളേജില്‍ എത്തിയാല്‍ ഏതെങ്കിലുമൊരു ക്ലാസ്സില്‍ കയറിയാലായി. ഇടവേളകളില്‍, മനസ്സില്‍ കവിതയെന്ന മട്ടില്‍ തികട്ടിവന്ന തോന്ന്യാക്ഷരങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയിടും. എന്നും ശ്രദ്ധിക്കുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ വായിക്കാന്‍ മിനക്കെട്ടിരിക്കും. ചില സുഹൃത്തുക്കള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങളായിരുന്നു അത്. ചില അദ്ധ്യാപകര്‍ എഴുതിയത് വായിക്കുകയും ബോര്‍ഡ് മായ്ചുകളയുകയും ചെയ്യും. പെണ്‍കൂട്ടുകാരില്‍ ചിലര്‍ കിന്നാരത്തോടെ ചിലത് പറയും.

ക്ലാസ്സില്‍നിന്നും പുറത്തിറങ്ങാന്‍ അധികനേരം വേണ്ട. പല ക്ലാസ്സുകളും മിസ്സാണ്. എങ്ങനെയാണ് പ്രസന്റ് തെകഞ്ഞത് എന്നത്ഭുതം തോന്നാറുണ്ട്. അദ്ധ്യാപകര്‍ നമ്മോട് കാത്തു വെയ്ക്കുന്ന കരുതലും സ്‌നേഹവുമാണ് ഹാജര്‍ നഷ്ടം വരാതെ നമ്മില്‍ പലരേയും നിലനിര്‍ത്തുന്നത് എന്ന ബോധം അന്നുതന്നെയുണ്ട്. അത് എന്റെ അദ്ധ്യാപക ജീവിതത്തിലും ഞാന്‍ അനുവര്‍ത്തിച്ചു. എല്ലാ കുട്ടികളും ക്ലാസ്സില്‍ വേണമെന്ന് ഒരിക്കലും ഞാന്‍ നിഷ്‌കര്‍ഷിച്ചില്ല. മാത്രമല്ല, എം.എ ക്ലാസ്സുകളില്‍ ഹാജര്‍ എടുക്കണമെന്ന വാദത്തെ ഞാന്‍ എന്നും എതിര്‍ത്തുപോന്നു.

ചില അദ്ധ്യാപകരെ നമുക്കു മറക്കാനാവില്ല. ചരിത്രം പഠിപ്പിച്ച പ്രൊഫ. അബ്ദുല്‍ അലിയെക്കുറിച്ച് മുന്‍പ് ഞാനൊരു പംക്തിയില്‍ എഴുതിയിട്ടുണ്ട്. പി.എസ്.എം.ഒ കോളേജിലെ പല അദ്ധ്യാപകരും പല പ്രവര്‍ത്തനമണ്ഡലങ്ങളില്‍ കഴിവുള്ളവരായിരുന്നു. ആവറേജുകാരുമുണ്ട്. അവര്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. എന്‍.ഡി. എന്ന ചുരുക്കപ്പേരില്‍ ടൈം ടേബിളില്‍ അടയാളപ്പെടുത്തിയിരുന്ന ദാമോദരന്‍ മാഷ്, ഒരത്ഭുതപ്രതിഭാസമായിരുന്നു. ഷേക്സ്പിയര്‍ പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്ക് ആവശ്യമില്ലായിരുന്നു, അദ്ദേഹത്തിന്.

ഞങ്ങള്‍ക്ക് മാക്ബത്ത്  ഡിഗ്രിക്ക് പഠിക്കാനുണ്ട്. ക്ലാസ്സ് തുടങ്ങിയാല്‍  പലരും ടെക്സ്റ്റ് തുറന്നു വച്ചിരിക്കും. എന്‍.ഡി. പ്രവേശിച്ചു പത്ത് മിനുട്ട് ക്ലാസ്സ് പിന്നിടുമ്പോഴേക്കും ഞങ്ങള്‍ അറിയാതെ ടെക്സ്റ്റ് പൂട്ടിവെയ്ക്കും. ക്ലാസ്സില്‍ മാക്ബെത്ത് തകര്‍ത്താടുകയാവും. ഇപ്പോഴും ഓര്‍ക്കുന്നു:

''Here is the smell of blood still. All the perfumes of Arabia will not sweeten this little hand. Oh.Oh. Oh.'

കുറ്റബോധം സഹിക്കാതെ ലേഡി മാക്ബത്ത് നിദ്രാടനം നടത്തുന്ന ആ രംഗമുണ്ടല്ലോ, ദാമോദരന്‍ സാറുടെ ഒരു പകര്‍ന്നാട്ടം കാണണം. നാമറിയാതെ, ലണ്ടനിലെ ഷേക്സ്പിയര്‍ തിയേറ്ററില്‍ എത്തിപ്പെട്ടപോലെ സര്‍വ്വതും മറന്നിരിക്കും.

ഇതുപോലെ കുട്ടികളെ അടുത്ത് സ്‌നേഹിച്ച, കൂട്ടുകൂടിയ, ലോകത്തെ ഏറെ ഫ്രീഡത്തോടെ കണ്ട അധികം അദ്ധ്യാപകര്‍ എന്റെ കലാലയ ജീവിതത്തിലില്ല.

അക്കാലത്തെ പശ്ചാത്യസംഗീത ഭ്രമത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ബോണി എമ്മിന്റെ ഓഡിയോ കാസെറ്റ് വച്ച്, ഒഴിഞ്ഞ ക്ലാസ്സ്മുറികളില്‍ ഞങ്ങളൊരു സംഘം കുട്ടികള്‍ നൃത്തമാടുമ്പോള്‍, പലപ്പോഴും ഒരതിഥി കയറിവരും. നൃത്തം വെച്ചുകൊണ്ടായിരിക്കും വരവ്. അത് എന്‍.ഡി. സാര്‍ ആയിരുന്നു. മാഷിന് സംഗീതവും നൃത്തവും ജീവനായിരുന്നു. വെസ്റ്റേണ്‍ ഡാന്‍സില്‍ നല്ല ചാതുരിയായിരുന്നു. മറ്റൊരു കാര്യംകൂടി പറയാതെ വയ്യ. ലേറ്റ് മാര്യേജായിരുന്നു മാഷിന്റേത്. കുഞ്ഞു ജനിച്ചപ്പോഴുള്ള സന്തോഷം പങ്കുവച്ചത്, പശ്ചാത്യസംഗീതവും നൃത്തവും ചെയ്തുകൊണ്ടായിരുന്നു. കുഞ്ഞ് കുറച്ചു വലുതായ സമയത്തും അതിനെ മുകളിലേക്കെറിഞ്ഞും പിടിച്ചും താരാട്ടിയും ബോണി എം പാട്ടുകള്‍ പാടുന്നത് മറന്നിട്ടില്ല. ബീതോവന്റെ സിംഫണികള്‍ ഏറെ ഇഷ്ടമായിരുന്നു മാഷിന്.

അതുപോലെ, ബഷീര്‍ മാണിയന്‍കുളം. അദ്ദേഹത്തിന്റെ തുള്ളല്‍ ക്ലാസ്സുകള്‍ കേള്‍ക്കാനാണ് 'അറബിക്കാരനായ' ഞാന്‍ ആദ്യം മലയാളം ക്ലാസ്സില്‍ പോയത്. ഇങ്ങനെ ചൊല്ലിയാടാനും ഫലിതചാതുരിയോടെ ക്ലാസ്സെടുക്കാനും കഴിയുന്നവര്‍ അധികമുണ്ടാവില്ല. ഈ ക്ലാസ്സുകളും ആധുനിക സാഹിത്യത്തിന്റെ സമ്മര്‍ദ്ദവുമാണ് പില്‍ക്കാലത്ത്, ചരിത്രംവിട്ട് ഭാഷയും സാഹിത്യവും പഠിക്കാന്‍ എന്നെ ഉള്ളില്‍നിന്നും നിര്‍ബ്ബന്ധിച്ചത്. ഇക്കാര്യത്തില്‍, പുറത്തുനിന്ന് ഗുരുക്കന്മാര്‍ ആരും തന്നെയുണ്ടായിരുന്നില്ല. ജി. ശങ്കരപ്പിള്ളയെ കോളേജിലേയ്ക്ക് നേരിട്ട് വരുത്തി, കാലിക്കറ്റ് യൂണിവഴ്സിറ്റി ലിറ്റല്‍ തിയേറ്റര്‍ (CULT) കോളേജില്‍ രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തതും ബഷീര്‍ സാര്‍ തന്നെയായിരുന്നു. ശങ്കരപ്പിള്ളയുടെ ആദ്യ ക്ലാസ്സിലൂടെയാണ് നാടകം ഞാനറിയാതെ എന്റെ ഹൃദയത്തില്‍ കയറിയിരുന്നത്.

അബ്ബാസ് സാറാണ് നായകന്‍. മികച്ച കലാമത്സര സംഘാടകന്‍. എവിടെ ഒരു പോയിന്റ് നേടാമെന്നും പോകാമെന്നും മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയുന്നവന്‍. മികച്ച സൂത്രധാരന്‍. കൂടെ കെ.എമ്മും കൈരളി ടീച്ചറും അലവിക്കുട്ടി മാഷും. കെ.എം (കെ. മുഹമ്മദ് ) ഇക്കണോമിക്‌സ് പ്രൊഫസര്‍ ആണെങ്കിലും നല്ലൊരു കോല്‍ക്കളി ആര്‍ട്ടിസ്റ്റും മാപ്പിളപ്പാട്ട് ആസ്വാദകനുമാണ്. കോല്‍ക്കളിയുടെ ശാസ്ത്രീയനിയമങ്ങളും വര്‍ഗ്ഗീകരണവും അടിസ്ഥാനമാക്കി ഒരു പുസ്തകം തന്നെ പില്‍ക്കാലത്ത് അദ്ദേഹം രചിച്ചു. പോയിന്റ് നേടുന്നതില്‍ അബ്ബാസ് സാര്‍ കാണുന്ന ചില സൂത്രങ്ങളുണ്ട്. തീരെ മത്സരത്തിനു വരാത്ത ഐറ്റങ്ങള്‍ എങ്ങനെയെങ്കിലും പിള്ളേരെക്കൊണ്ട് പടച്ചുണ്ടാക്കിക്കും. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഇംഗ്ലീഷ് നാടകത്തിലെ പത്മകുമാര്‍ എന്നു പേരുള്ള നടനു ഭയങ്കര സ്റ്റേജ് ഫ്രൈറ്റ്. അസ്സല്‍ ഇംഗ്ലീഷാണ് പത്മകുമാറിന്റേത്. അക്കാലത്ത് ഇഗ്ലീഷ് നാടകങ്ങളുടെ മുഖ്യ വിജയമാനദണ്ഡം അതൊക്കെത്തന്നെയായിരുന്നു.

പേടിക്കേണ്ടെന്നും അതിനു മരുന്നുണ്ടെന്നും പറഞ്ഞ് സാര്‍ അയാളെ അകത്താക്കി.

നാടകം തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, മാഷ് പത്മകുമാറിന് ഒരു ബി.കോംപ്ലക്‌സ് ഗുളികയും ഒരു ഗ്ലാസ് വെള്ളവും നല്‍കി. പത്മകുമാര്‍ മണിമണിപോലെ അഭിനയിച്ചു. ഡ്രാമ ഫസ്റ്റ് പ്രൈസ് നേടി. ഇങ്ങനെ നിരവധി കഥകള്‍ അബ്ബാസ് സാറുമായിട്ടുണ്ട്.

റിഹേഴ്സല്‍ ആരംഭിച്ചാല്‍പ്പിന്നെ സംവിധായകന്‍ ഹംസ ഒറ്റകത്ത് സീരിയസാണ്. എന്നാലും തമാശയില്ലാതെ എന്തു നാടകം എന്നു വിചാരിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. രണ്ടു മുഖ്യ ഗ്രൂപ്പുകളാണ് നാടകസംഘങ്ങള്‍. ഞങ്ങളുടെ ഗ്രൂപ്പ് നയിക്കുന്നത് ഹംസ ഒറ്റകത്ത്. എല്ലാറ്റിലും പ്രാവീണ്യമുള്ള ഒരു ആര്‍ട്ടിസ്റ്റാണ് ഹംസ. മുന്നും പിന്നും ആലോചിക്കാതെ, കലയെ സാമൂഹ്യ പ്രതിരോധത്തിന്റെ ആയുധമാക്കാന്‍ പറ്റുമെന്നു കരുതുന്നയാള്‍. ഹംസയുടെ കയ്യക്ഷരങ്ങള്‍ക്കുള്ള കലാത്മകത്വം അന്ന് കാമ്പസില്‍ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലത്തീഫിന്റേയും ബാവ താനൂരിന്റേയും കാര്‍ട്ടൂണുകളും കൈപ്പടയും വേറെ.

ഉച്ചയ്ക്ക് കപ്പയും മത്തിക്കറിയും കട്ടനും. അതുകഴിഞ്ഞു വീണ്ടും റിഹേഴ്സല്‍.

ഇബ്രാഹിം കോട്ടയ്ക്കൽ
ഇബ്രാഹിം കോട്ടയ്ക്കൽ

രണ്ടാമത്തെ സംഘം എന്‍.കെ. കയിഞ്ഞിമൊയ്ദീന്‍ കുട്ടിയുടെ. കുട്ടി നല്ലൊരു നടനുമാണ്. നല്ല നടനുള്ള സമ്മാനം നിരവധി തവണ. (പിന്നെ അദ്ദേഹം സിനിമയില്‍ പാട്ടെഴുതി പേരെടുത്തു). ഇബ്രാഹിം കോട്ടക്കലാണ് ജേര്‍ണലിസ്റ്റ് അഥവാ ഞങ്ങളുടെ വിനീത ചരിത്രകാരന്‍. (ഇന്നത്തെ മാധ്യമം സീനിയര്‍ എഡിറ്റര്‍). 'പിതൃഭൂമി' എന്നായിരുന്നു അദ്ദേഹം കോളേജില്‍ ഇറക്കിയ കയ്യെഴുത്ത് പത്രത്തിന്റെ പേര്. കോളേജ് തെരഞ്ഞെടുപ്പിന്റെ കാലത്തും കലാമത്സരങ്ങളുടെ കാലത്തും അവ നല്‍കിയ സ്‌കൂപ്പുകളും പ്രഖ്യാപനങ്ങളും പ്രവചനങ്ങളും കലാലയത്തില്‍ എല്ലാവര്‍ക്കും വാര്‍ത്തകളുടെ സസ്പെന്‍സ് പ്രദാനം ചെയ്തു.

നേരത്തെ പറഞ്ഞുവല്ലോ, തനതു നാടക കാലമാണെന്ന്. കുരുത്തോല നാടകം. രണ്ടു ടീമിന്റേയും അപ്രകാരമുള്ളവ തന്നെ. അക്കാലത്ത്, എം. സുകുമാരന്റെ കഥകള്‍ കാമ്പസ് വായനയുടെ നടുമുറ്റത്തേയ്ക്ക് വന്ന കാലമാണ്. അതിനു കാരണം അടിയന്തരാവസ്ഥയും. അദ്ദേഹത്തിന്റെ തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, അയല്‍രാജാവ് തുടങ്ങിയ കഥകളൊക്കെ പല കാമ്പസുകളിലും നാടകമായി പരിണമിച്ചു. കുഞ്ഞിമൊയ്ദീന്‍കുട്ടി ഒരുക്കിയ, മുള്‍മുരിക്ക് എന്ന നാടകം സുകുമാരന്റെ ഒരു കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു എന്നോര്‍മ്മ.

കിരാതബലി  

കിരാതബലിയുടെ റിഹേഴ്സല്‍ തമാശകള്‍ ഏറെയുണ്ട്. വെണ്‍പൂതവും കരിമ്പൂതവുമാണ് മുഖ്യ പാത്രങ്ങള്‍ എന്നു പറഞ്ഞുവല്ലോ. ദേശത്തെ നല്ലതും തിയ്യതും പ്രതിനിധീകരിക്കുന്ന പ്രതീകങ്ങള്‍. നാട്ടരചന്റെ ശത്രുവും മിത്രവുമാണവര്‍. അധികാരത്തിന്റെ കറുത്ത ശക്തിയെ എപ്പോഴും താങ്ങുന്ന കരിമ്പൂതം. ഞാനാണ്, വെണ്‍പൂതമായി വേഷമിട്ടത്.

ഭാവഹാവാദികളോടെ improvise ചെയ്ത് ഡയലോഗിലേയ്ക്ക് വരണം. ആദ്യം ദേശക്കാരെ സംബോധന ചെയ്യണം. പിന്നെ കരിമ്പൂതത്തെ അഭിമുഖീകരിക്കണം. ആ സമയത്ത് പരസ്പരം മുഖാമുഖം കാണുന്ന സന്ദര്‍ഭത്തില്‍, കരിമ്പൂതമായി അഭിനയിക്കുന്ന ഹരിദാസന്‍ മിക്കപ്പോഴും ചിരിച്ചുപോകും. എന്തുകൊണ്ടങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഹരിദാസന്‍ പറഞ്ഞ ഉത്തരം രസകരമാണ്. നീ തിരിഞ്ഞുമറിഞ്ഞു വരുമ്പോള്‍, എടാ ഇതു നമ്മടെ ഉമ്മറല്ലേ എന്നങ്ങു തോന്നും. മുരളി കൂടാതെ റഷീദ്, സി. ഗോപന്‍, വിനോദ് തുടങ്ങിയവരാണ് ഇതര പാത്രങ്ങള്‍.

അതുപോലെ, കുഞ്ഞിമൊയ്ദീന്‍കുട്ടിയുടെ നാടകം കലക്കാന്‍, 'ഭടന്‍ കുന്തവുമായി പ്രവേശിക്കട്ടെ' എന്ന ഡയലോഗ് തിരിച്ചു പറഞ്ഞു പരിശീലിപ്പിക്കാന്‍, ആ നാടകത്തിലെ നടനെ ശട്ടം കെട്ടിയത് ഇന്നും മറന്നിട്ടില്ല. അതവസാനം, അരങ്ങില്‍ അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു.

ഏതായാലും ഇന്റര്‍സോണ്‍ ഫെസ്റ്റിവലില്‍ അരങ്ങേറിയ അരക്കലെമുക്കാല്‍ നാടകങ്ങളും കുരുത്തോല നാടകങ്ങളായിരുന്നു...

പാലക്കാട് വിക്ടോറിയയില്‍ ആണെന്നായിരുന്നു ഓര്‍മ്മ. രാത്രി 12 മണിയോടടുത്താണ് നാടകം/ചെസ്റ്റ് നമ്പര്‍ വിളിക്കുന്നത്. കോളേജിലെ കുട്ടികള്‍ പല മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ അവിടെയുണ്ട്. 

അതുകൊണ്ടുതന്നെ, വൈകിയ വേളയിലും ഒരു ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടി. കരിമ്പൂതവും വെണ്‍പൂതവും എഴുന്നള്ളിയപ്പോള്‍ തന്നെ സദസ്സൊന്നിളകി. ചെണ്ടയും മദ്ദളവും അകമ്പടി. അവതാളമൊന്നും പിണഞ്ഞില്ല.
നാട്ടരചന്‍ കഴുതയെ വിളിക്കുന്നു. അരചന്റെ കാര്യക്കാര്‍ കഴുതയെ അന്വേഷിച്ചലയുന്നു. ഊഴമായപ്പോള്‍, അതാ ഓഡിയന്‍സിനിടയില്‍നിന്നും ഒരു കഴുതച്ചെവിയന്‍ എഴുന്നേല്‍ക്കുന്നു. 

ചെണ്ടയുടെ പതുങ്ങിയ താളത്തില്‍ മുരളി/കഴുത സദസ്സിനിടയില്‍നിന്നും അടിവെച്ചടിവെച്ച് മുന്‍നിരയിലേയ്ക്ക് വരുന്നു. ചെണ്ടയുടെ താളം മുറുകുന്നു. കഴുത അരങ്ങിലേയ്ക്ക് കയറുന്നു. പൂതങ്ങളേയും നാട്ടരചരേയും മൂന്നുവട്ടം വലംവെച്ച് അരങ്ങിനു മുന്നില്‍. കയ്യടിയോട് കയ്യടി. മൊത്തത്തില്‍ നാടകത്തിന്റെ തീമും താളവും ഒന്നിച്ച് പകര്‍ന്നുനിന്ന മുഹൂര്‍ത്തം.

കഴുത തന്റെ ഊഴം കഴിഞ്ഞു സദസ്സിലേയ്ക്ക് തന്നെ നിഷ്‌ക്രമിക്കുകയാണുണ്ടായത്.

നാടകം കഴിഞ്ഞതോടെ കാണികള്‍ക്ക് ഏറ്റവുമാവശ്യം കഴുതയെയായിരുന്നു. ജനം കഴുതയാണ് എന്ന യുക്തി കുറേക്കൂടി രസകരമായി ആളുകളില്‍ എത്തിയിരിക്കാം. അക്കാലത്തെ, തനതു നാടകങ്ങള്‍ പൊതുവെ അന്യാപദേശപരമായ ഒരു തീമിലായിരുന്നു രാഷ്ട്രീയം ഒരുക്കപ്പെട്ടത്. അതിന്റെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ അത്തരം നാടകങ്ങള്‍ക്കുണ്ടായിരുന്നു. അരങ്ങിന്റെ സ്വതസിദ്ധ സ്വാതന്ത്ര്യത്തിലാണ് അതു കൂടുതല്‍ ഊന്നിയത്.

ഏറെ സന്തോഷത്തോടെയാണ് അന്ന് എല്ലാവരും അരങ്ങുവിട്ടത്. മെയ്യില്‍ വാരിത്തേച്ച ചായങ്ങളുടേയും കരിയുടേയും ഭാരം അപ്പോഴാണ് ബോധ്യമായത്. കഴുകിക്കളയാന്‍ ഒരു വയലിലേയ്ക്ക് പോയതും ഒരു സ്രാമ്പിക്ക് (ചെറുപള്ളി) തൊട്ടടുത്തുള്ള കുളത്തില്‍ പോയി കഴുകിയതും ഒക്കെയോര്‍ക്കുന്നു. കിരാതബലി ഉത്സവത്തില്‍ ഫസ്റ്റ് നേടി. കോളേജ് ആ ബാനറില്‍ ഏറെ പ്രശസ്തിയും.

കോളേജിലെത്തിയ ദിനം കൊണ്ടാട്ടമായിരുന്നു. മുരളിയേയായിരുന്നു മിക്കവര്‍ക്കും ആവശ്യം. കഴുതയെ ചുമലിലെടുത്ത് കുട്ടികള്‍ ആഘോഷിച്ചു.

അങ്ങനെ, മുരളി കാമ്പസില്‍ 'കഴുത' മുരളിയായി.
---

(ലേഖകന്‍, മുന്‍പ്രൊഫസര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com