'മോഹവീണ തന്‍ തന്തിയില്‍'... ഒറ്റ ഗാനത്തിലൂടെ രചയിതാവിന്റെ ഉദയവും അസ്തമനവും

ദേവരാജന്റെ സംഗീതത്തില്‍ പി. സുശീല പാടിയ ''മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടിയുണര്‍ന്നെങ്കില്‍'' എന്ന ഒരൊറ്റ ഗാനത്തിലൂടെയായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിച്ചിത്ര ഗാനരചയിതാവിന്റെ ഉദയവും അസ്തമനവും
ദേവരാജൻ, മാധുരി, ടിജി രവി, ജികെ പള്ളത്ത് എന്നിവർക്കൊപ്പം ​ഗോപാലകൃഷ്ണൻ (ഇടത്ത്)
ദേവരാജൻ, മാധുരി, ടിജി രവി, ജികെ പള്ളത്ത് എന്നിവർക്കൊപ്പം ​ഗോപാലകൃഷ്ണൻ (ഇടത്ത്)

 
 
വിത കുറിച്ച കടലാസിലും കവിയുടെ മുഖത്തും മാറിമാറി നോക്കി ദേവരാജന്‍. എന്നിട്ട് ഗൗരവത്തിലൊരു ചോദ്യം: ''ഇങ്ങനെയൊക്കെ എഴുതാമോ മാഷേ?''

അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്നു ജി. ഗോപാലകൃഷ്ണന്‍. എന്തായിരിക്കും മാസ്റ്ററുടെ മനസ്സില്‍? പറഞ്ഞുകേട്ടിട്ടുള്ളതേറെയും കര്‍ക്കശക്കാരനായ ദേവരാജനെക്കുറിച്ചാണ്. ആരുടേയും മുഖം നോക്കാതെ എന്തഭിപ്രായവും വെട്ടിത്തുറന്നു പറയുന്ന ആള്‍. എഴുതിക്കൂട്ടിയ പാട്ട് ഇഷ്ടപ്പെട്ടില്ലെന്നു വന്നാല്‍ ചുരുട്ടിക്കൂട്ടി വലിച്ചെറിയാന്‍ വരെ മടിക്കാത്തയാള്‍. സിനിമയ്ക്കുവേണ്ടി ജീവിതത്തിലാദ്യമായി താനെഴുതിയ ഗാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നു വരുമോ?

കവിമനസ്സിലെ സംഘര്‍ഷം മുഖത്തുനിന്നു വായിച്ചെടുത്തിരിക്കണം ദേവരാജന്‍. മൃദുവായി ചിരിച്ചുകൊണ്ട് പാട്ടിന്റെ ചരണത്തിലെ ഒരു വരി എഴുത്തുകാരനെ വായിച്ചു കേള്‍പ്പിക്കുന്നു അദ്ദേഹം: ''സംഗമസ്ഥാനമെത്തുകില്ലെന്റെ സര്‍ഗ്ഗസംഗീത ഗംഗകള്‍.'' എന്നിട്ടൊരു ചോദ്യം കൂടി: ''ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതുന്നയാള്‍ ഇങ്ങനെ അശുഭകരമായാണോ ഭാവിയെ കാണേണ്ടത്? കുറച്ചുകൂടി ശുഭ പ്രതീക്ഷ വേണ്ടേ?''

​ഗോപാലകൃഷ്ണൻ
​ഗോപാലകൃഷ്ണൻ

തമാശ പറഞ്ഞതായിരിക്കണം മാസ്റ്റര്‍. എഴുത്തുകാരന്റെ ആഗ്രഹങ്ങളും ആകാംക്ഷകളുമല്ല, സിനിമയിലെ കഥാപാത്രത്തിന്റെ മനസ്സാണ് പാട്ടിന്റെ വരികളില്‍ നിറയേണ്ടതെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഗാനങ്ങള്‍ക്ക് അനശ്വര സംഗീതഭാഷ്യം നല്‍കിയ ഇതിഹാസതുല്യനല്ലേ? എങ്കിലും നാല് പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കവേ മാസ്റ്ററുടെ അന്നത്തെ കുസൃതിച്ചോദ്യം കാലം സത്യമാക്കി മാറ്റിയല്ലോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോകുന്നു പ്രൊഫ. ഗോപാലകൃഷ്ണന്‍.

സിനിമയ്ക്കുവേണ്ടി പിന്നീടൊരിക്കലും പാട്ടെഴുതിയില്ല ഗോപാലകൃഷ്ണന്‍. അവസരം ഒത്തുവന്നില്ല എന്നതാണ് സത്യം. 1978-ല്‍ പുറത്തുവന്ന 'പാദസരം' എന്ന ചിത്രത്തിനുവേണ്ടി ദേവരാജന്റെ സംഗീതത്തില്‍ പി. സുശീല പാടിയ ''മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടിയുണര്‍ന്നെങ്കില്‍'' എന്ന ഒരൊറ്റ ഗാനത്തിലൂടെയായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്ര ഗാനരചയിതാവിന്റെ ഉദയവും അസ്തമനവും. ''എന്റെ സര്‍ഗ്ഗ സംഗീതഗംഗ ഒരിക്കലും സംഗമസ്ഥാനത്തെത്തിയില്ല. വിധി അതായിരുന്നു.'' തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പ്രിന്‍സിപ്പലായിരുന്ന ഗോപാലകൃഷ്ണന്‍ ചിരിക്കുന്നു.

എങ്കിലും ഗോപാലകൃഷ്ണന് പരാതിയില്ല. നൂറുകണക്കിനു പാട്ടുകളെഴുതിയിട്ടും മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടാന്‍ ഭാഗ്യമുണ്ടാകാതെ പോയ എഴുത്തുകാരില്ലേ? അവര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് എഴുതിയ ഒരേയൊരു പാട്ടിലൂടെ ഗോപാലകൃഷ്ണന്‍ സ്വന്തമാക്കിയത്. ഇന്നും 'മോഹവീണ'യെ സ്‌നേഹപൂര്‍വ്വം ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്നവരെ കണ്ടുമുട്ടാറുണ്ട് അദ്ദേഹം. മലയാളത്തിലെ ഏറ്റവും മികച്ച കാവ്യഗീതികളിലൊന്നായി ആ പാട്ട് എടുത്തുപറയുന്നവര്‍. ഓര്‍മ്മയില്‍നിന്നു വരികള്‍ മൂളിത്തരുന്നവര്‍. ''അപ്പോഴെല്ലാം ഞാന്‍ ദേവരാജന്‍ മാസ്റ്ററെ ഓര്‍ക്കും. എത്ര ലളിതസുന്ദരമായാണ് മാസ്റ്റര്‍ ആ വരികള്‍ സ്വരപ്പെടുത്തിയിരിക്കുന്നത്? സ്വരപ്പെടുത്തി എന്നുപോലും പറയാനാവില്ല. ഈണം കൊണ്ട് കവിതയ്ക്ക് നേര്‍ത്തൊരു അടിവരയിടുക മാത്രമേ ചെയ്തിട്ടുള്ളൂ അദ്ദേഹം. ഒരു മാന്ത്രിക സ്പര്‍ശം...''

ശോഭയുടെ ഓര്‍മ്മ 

ഓര്‍മ്മവന്നത് ചെന്നൈ കാംദാര്‍ നഗറിലെ വീട്ടില്‍വെച്ച് ഒരു സൗഹൃദഭാഷണത്തിനിടെ ദേവരാജന്‍ മാസ്റ്റര്‍ പങ്കുവെച്ച നിരീക്ഷണമാണ്: ''കവിതയ്ക്ക് കഴിയുന്നത്ര ആര്‍ഭാടം കുറച്ച് സംഗീതം നല്‍കുന്നതാണ് എന്റെ രീതി. വരികളുടെ അര്‍ത്ഥഭംഗിയും ആഴവും ഈണംകൊണ്ട് നിഷ്പ്രഭമായിക്കൂടാ. അധികം വാദ്യോപകരണങ്ങളും ആവശ്യമില്ല അവിടെ. ഞാന്‍ ചെയ്ത കാവ്യഗീതികളില്‍ കൂടുതല്‍ സംതൃപ്തി നല്‍കിയിട്ടുള്ളത് മൂന്നെണ്ണമാണ്. 'ശാലിനി എന്റെ കൂട്ടുകാരി'യിലെ ''ഹിമശൈല സൈകത ഭൂമിയില്‍'', 'നീയെത്ര ധന്യ'യിലെ ''ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു.'' പിന്നെ 'പാദസരം' എന്ന സിനിമയിലെ ''മോഹവീണ തന്‍ തന്തിയില്‍...''

ലാളിത്യമാണ് മാസ്റ്ററുടെ സംഗീതത്തിന്റെ മുഖമുദ്ര. 'മോഹവീണ' അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം. ''ഒരു പുല്ലാങ്കുഴലും വൈബ്രോഫോണും മാത്രമേയുള്ളൂ ആ പാട്ടിന്റെ പശ്ചാത്തലത്തില്‍. പിന്നെ സുശീലയുടെ ഭാവോജ്ജ്വലമായ ശബ്ദവും. ഫ്‌ലൂട്ട് വായിച്ചത് ഗുണസിംഗ് ആണെന്നാണ് ഓര്‍മ്മ'' -ഗോപാലകൃഷ്ണന്‍ പറയുന്നു. എ.വി.എം തിയേറ്ററില്‍ ആ ഗാനം പിറന്നുവീണ നിമിഷങ്ങള്‍ ഇന്നുമുണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍. ''മാസ്റ്റര്‍ ഈണമിട്ട് സുശീല പാടുമ്പോള്‍ നമ്മളെഴുതിയ വരികള്‍ക്ക് പുതിയൊരു അര്‍ത്ഥതലം കൈവന്നപോലെ. പ്രതീക്ഷയും ഒപ്പം നിഗൂഢമായ ഒരു നൊമ്പരവും കലര്‍ന്ന ഭാവമാണ് ഈണത്തിലും ആലാപനത്തിലും ഉടനീളം. സാധാരണക്കാരെപ്പോലും ആ ഗാനം സ്പര്‍ശിച്ചത് അതുകൊണ്ടാവണം.''

പി സുശീലയും ദേവരാജൻ മാസ്റ്ററും
പി സുശീലയും ദേവരാജൻ മാസ്റ്ററും

വെള്ളിത്തിരയില്‍ ഗാനത്തിനൊത്ത് ചുണ്ടനക്കിയത് അനുഗ്രഹീത അഭിനേത്രി ശോഭ. ഉയര്‍ച്ചയിലേയ്ക്കുള്ള പടവുകള്‍ കയറിത്തുടങ്ങിയിരുന്നതേയുള്ളൂ അന്ന് ശോഭ. ''പാദസരത്തിലെ ഈ കവിത ഷൂട്ട് ചെയ്തത് ദേശമംഗലം മനയില്‍ വെച്ചാണ്'' - ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു. ''ലൊക്കേഷനുകള്‍ സന്ദര്‍ശിക്കുന്ന പതിവില്ലെങ്കിലും കവിത ചിത്രീകരിക്കുന്നത് കാണാനുള്ള കൗതുകംകൊണ്ട് ചെന്നതായിരുന്നു ഞാന്‍. ഷൂട്ടിംഗ് കഴിഞ്ഞയുടന്‍ വികാരാധീനയായി ശോഭ എന്നെ തേടിവന്നു. ഞാനാണോ ഈ പാട്ട് എഴുതിയത് എന്നറിയണം അവള്‍ക്ക്. അതെ എന്നു പറഞ്ഞപ്പോള്‍ എന്റെ കൈ രണ്ടും കണ്ണോടു ചേര്‍ത്തു ആ കുട്ടി. മറ്റൊന്നും പറഞ്ഞില്ലെങ്കിലും പാട്ടിന്റെ വരികളും ഈണവും ശോഭയെ വല്ലാതെ സ്പര്‍ശിച്ചു എന്നു തോന്നി. അറിയാതെ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.''

അകാലത്തില്‍ വിടവാങ്ങിയ ശോഭയുടെ മരിക്കാത്ത ഓര്‍മ്മകൂടിയാണ് ഗോപാലകൃഷ്ണന് 'മോഹവീണ' എന്ന ഗാനം. വീണയായി പുനര്‍ജ്ജനിച്ചെങ്കില്‍ വീണപൂവിന്റെ വേദന, നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍ മൃത്യു പുല്‍കിയ ചേതന എന്നെഴുതുമ്പോള്‍ കവി സങ്കല്പിക്കുന്നില്ലല്ലോ അതു പാടി അഭിനയിച്ച നടി രണ്ടു വര്‍ഷങ്ങള്‍ക്കകം സ്വയം മൃത്യുവെ പുല്‍കുമെന്ന്. ''ഏറ്റവും വലിയ ദുഃഖം പുതിയ തലമുറയിലാര്‍ക്കും ആ ഗാനരംഗം കാണാനുള്ള ഭാഗ്യമുണ്ടാവില്ലല്ലോ എന്നോര്‍ത്താണ്. യുട്യൂബില്‍ 'പാദസരം' സിനിമ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും മോഹവീണയുടെ രംഗം അതില്‍നിന്നു ക്രൂരമായി ആരോ മുറിച്ചുമാറ്റിയിരിക്കുന്നു. ചരിത്രത്തില്‍നിന്നുതന്നെ ആ ഗാനരംഗം മാഞ്ഞുകഴിഞ്ഞു എന്നര്‍ത്ഥം. എന്തൊരനീതി...''

നിര്‍മ്മാതാവും നടനുമായ ടി.ജി. രവിയുമായുള്ള സൗഹൃദമാണ് ഗോപാലകൃഷ്ണനെ 'പാദസര'ത്തില്‍ എത്തിച്ചത്. രവി പഠിച്ച തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ജിയോളജി അദ്ധ്യാപകനാണ് അക്കാലത്ത് ഗോപാലകൃഷ്ണന്‍. അത്യാവശ്യം കവിതയെഴുത്തും നാടകമെഴുത്തുമുണ്ട്. രവിയുമായുള്ള അടുപ്പത്തിനു വഴിയൊരുക്കിയത് ഇരുവരുടേയും നാടകക്കമ്പം തന്നെ. ''മഹാകവി കുമാരനാശാന്റെ ജന്മശതാബ്ദി പ്രമാണിച്ച് 1973-ല്‍ ചിറയിന്‍കീഴില്‍ നടന്ന നാടക മത്സരത്തില്‍നിന്നാണ് ഒരുമിച്ചുള്ള യാത്രയുടെ തുടക്കം. വീണപൂവിനെ ആസ്പദമാക്കി ഞാനെഴുതിയ ശ്രീഭൂവിലസ്ഥിര എന്ന ഭ്രമാത്മകനാടകത്തില്‍ മൃത്യുവിന്റെ വേഷമായിരുന്നു രവിക്ക്. മത്സരഫലം വന്നപ്പോള്‍ രചനയില്‍ ഒന്നാം സ്ഥാനം എനിക്ക്. അഭിനയത്തില്‍ രവിക്കും. അന്നു രണ്ടു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചത് യഥാക്രമം വയലാ വാസുദേവന്‍ പിള്ളയ്ക്കും കരമന ജനാര്‍ദ്ദനന്‍ നായര്‍ക്കും ആയിരുന്നു എന്നത് മറ്റൊരു കൗതുകം'' - ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു.

ശോഭയും ജോസും പാദസരത്തിൽ
ശോഭയും ജോസും പാദസരത്തിൽ

അരവിന്ദന്റെ 'ഉത്തരായണ'ത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ട് അതിനകം സിനിമയിലും അരങ്ങേറിയെങ്കിലും പ്രതിഭ തെളിയിക്കാന്‍ പോന്ന റോളുകള്‍ കിട്ടാത്തതില്‍ ഖിന്നനായിരുന്നു രവി. അങ്ങനെയാണ് സഹോദരന്‍ ടി.ജി. ചന്ദ്രകുമാറിന്റെ പേരില്‍ സ്വന്തമായി ഒരു പടം നിര്‍മ്മിച്ച് നായകനാകാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. തിരക്കഥയും സംഭാഷണവും ഗോപാലകൃഷ്ണന്റെ വക. സംവിധായകനായി സുഹൃത്തായ എ.എന്‍. തമ്പിയെ നിര്‍ദ്ദേശിച്ചതും ഗോപാലകൃഷ്ണന്‍ തന്നെ. രവിക്കു പുറമെ പി.ജെ. ആന്റണി, ജോസ്, രാജി, ശോഭ എന്നിവര്‍ പ്രധാന റോളുകളില്‍.

മാറാരോഗിയാണ് സിനിമയിലെ ശോഭയുടെ കഥാപാത്രം. അനിവാര്യമായ മരണം അടുത്തുവെന്നറിഞ്ഞിട്ടും ജീവിതത്തോടുള്ള പ്രണയം ഉള്ളില്‍ കെടാതെ സൂക്ഷിച്ച കൗമാരക്കാരി. നഗരജീവിതത്തില്‍നിന്ന് അവധിയെടുത്ത് നാട്ടിന്‍പുറത്തെ സ്വച്ഛശാന്തതയില്‍ അഭയം പ്രാപിക്കുന്ന ശോഭ അവിടെവെച്ച് വിപ്ലവകാരിയും കവിയുമായ രവിയുടെ കഥാപാത്രത്തെ കണ്ടുമുട്ടുന്നു. രവി എഴുതിയ 'മോഹം' എന്ന കവിതാസമാഹാരത്തിലെ 'മോഹവീണ' എന്ന രചന യാദൃച്ഛികമായാണ് അവളുടെ ശ്രദ്ധയില്‍പ്പെടുന്നത്. കവിതയില്‍ ആകൃഷ്ടയായി പുസ്തകം വാങ്ങിക്കൊണ്ടുപോകുന്നു ശോഭ. പിന്നീട് നേരില്‍ കാണുമ്പോള്‍ മോഹം ഞാന്‍ തിരിച്ചുതരില്ല എന്നു കവിയോട് പറയുന്നുണ്ട് ശോഭ. പുസ്തകത്തെക്കാള്‍ ഉള്ളിലെ നിഗൂഢമോഹത്തെ കുറിച്ചായിരുന്നില്ലേ ആ വാക്കുകള്‍ എന്നു സംശയിച്ചുപോകുന്നു നമ്മള്‍. തുടര്‍ന്നാണ് ''മോഹവീണ തന്‍'' എന്ന കവിതയുടെ ആലാപനം. അഭിനയിച്ചത് ശോഭ ആയതുകൊണ്ടാണ് കഥാപാത്രത്തിന്റെ പേരും അതുതന്നെ ആക്കിയതെന്ന് ഗോപാലകൃഷ്ണന്‍. 

ആദ്യമായി പടമെടുക്കുമ്പോള്‍ അടുപ്പമുള്ള കലാകാരന്മാരെയെല്ലാം അതില്‍ സഹകരിപ്പിക്കണം എന്നത് രവിയുടെ തീരുമാനമായിരുന്നു. ഗോപാലകൃഷ്ണനും ജി.കെ. പള്ളത്തും 'പാദസര'ത്തിന്റെ ഭാഗമായത് അങ്ങനെയാണ്. ജയചന്ദ്രന്‍ അതീവ ഹൃദ്യമായി പാടിയ ''കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു'' ഉള്‍പ്പെടെ മൂന്നു പാട്ടുകള്‍ പള്ളത്ത് എഴുതി. സംവിധായകന്‍ എ.എന്‍. തമ്പിയുടെ ശുപാര്‍ശയിലായിരുന്നു ഗാനരചയിതാവ് എ.പി. ഗോപാലന്റെ വരവ്. ''മോഹവീണ തന്‍'' എന്ന ഗാനം സുശീലയുടേയും യേശുദാസിന്റേയും ശബ്ദത്തില്‍ രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്'' -ഗോപാലകൃഷ്ണന്‍ ഓര്‍ക്കുന്നു. ''ഗോപാലന്‍ ഗാനരചയിതാവായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പാട്ട് ഉപയോഗിക്കാന്‍ അനുയോജ്യമായ ഒരു സിറ്റുവേഷന്‍ കണ്ടെത്തേണ്ടിവന്നു. അങ്ങനെയാണ് മോഹവീണയുടെ യേശുദാസ് വെര്‍ഷന്‍ ഉപേക്ഷിച്ച് പകരം ഗോപാലന്‍ എഴുതിയ ''ഉഷസ്സേ നീയെന്നെ വിളിക്കുകയില്ലെങ്കില്‍'' എന്ന പാട്ട് അവിടെ ഉപയോഗിച്ചത്. മനോഹരമായിരുന്നു ആ ഗാനവും.''

പി സുശീല
പി സുശീല

'ചോര ചുവന്ന ചോര'

'പാദസര'ത്തിനുശേഷം ഗാനസപര്യ തുടര്‍ന്നില്ലെങ്കിലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഗോപാലകൃഷ്ണനെ പിന്നെയും കണ്ടു സിനിമയില്‍. ടി.ജി. രവിയും ശിവന്‍ കുന്നമ്പിള്ളിയും ചേര്‍ന്നു നിര്‍മ്മിച്ച 'ചോര ചുവന്ന ചോര' കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തത് ഗോപാലകൃഷ്ണനാണ്. പാട്ടെഴുതിയത് ജി.കെ. പള്ളത്തും മുല്ലനേഴിയും. സംവിധാനം ചെയ്ത സിനിമയില്‍ എന്തുകൊണ്ട് ഗാനരചയിതാവായില്ല എന്ന ചോദ്യത്തിന് സൗമ്യമായ ഒരു ചിരിയാണ് ഗോപാലകൃഷ്ണന്റെ മറുപടി: ''സിനിമയിലെ മറ്റെല്ലാ ജോലികളും ഒറ്റയ്ക്ക് നിര്‍വ്വഹിക്കേണ്ടിവരുമ്പോള്‍ പാട്ടെഴുത്തിനു സാവകാശം ലഭിക്കില്ല. മാത്രമല്ല, പ്രതിഭാശാലികളായ രണ്ടു പാട്ടെഴുത്തുകാര്‍ ഒപ്പമുള്ളപ്പോള്‍ ആ മേഖലയെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യവുമില്ലല്ലോ.'' പൂര്‍ണ്ണമായും സംസ്‌കൃതത്തിലുള്ള മലയാളസിനിമയിലെ ആദ്യഗാനം പിറന്നത് 'ചോര ചുവന്ന ചോര'യിലാവണം: മുല്ലനേഴി രചിച്ച് ദേവരാജന്‍ സംഗീതം നല്‍കിയ ''സുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം.''

സിനിമയുമായുള്ള ഗോപാലകൃഷ്ണന്റെ ബന്ധം പിന്നീടധികം നീണ്ടില്ല. ഏറെ വൈകാതെ നാടകലോകത്തേക്കും അദ്ധ്യാപനത്തിരക്കുകളിലേക്കും തിരിച്ചുപോയി അദ്ദേഹം. ''സിനിമ ഒരു പ്രത്യേക ലോകമാണ്. അവിടെ പിടിച്ചുനില്‍ക്കണമെങ്കില്‍ പ്രതിഭ മാത്രം പോര. പാരകള്‍ അതിജീവിക്കാനുള്ള മിടുക്കും ക്ഷമയും വേണം. അക്കാര്യത്തില്‍ ഞാന്‍ പിന്നിലായിരുന്നു. മനസ്സില്‍ തോന്നുന്നത് തുറന്നു പറഞ്ഞാല്‍ നമ്മള്‍ ചിലപ്പോള്‍ അഹങ്കാരിയായി മുദ്രകുത്തപ്പെടും. 

അത്തരം അനുഭവങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ സിനിമയുമായുള്ള ബന്ധം അവസാനിപ്പിച്ച് ട്രാന്‍സ്ഫര്‍ വാങ്ങി തിരുവനന്തപുരത്തേക്ക് പോന്നു. നാടകലോകത്ത് കൂടുതല്‍ സജീവമായത് പിന്നീടാണ്.'' തുടര്‍ന്ന്, കൊല്ലം ചൈതന്യക്കുവേണ്ടി ശബ്ദം, ചന്ദനം, ആറ്റിങ്ങല്‍ ദേശാഭിമാനിക്കു വേണ്ടി ഭൂവിലസ്ഥിര, സ്വാമി വിവേകാനന്ദന്‍ തുടങ്ങി നിരവധി ജനപ്രിയ നാടകങ്ങള്‍. പലതിലും ഗാനരചയിതാവിന്റെ റോള്‍ കൂടിയുണ്ടായിരുന്നു ഗോപാലകൃഷ്ണന്. കുമരകം രാജപ്പനും ആലപ്പി വിവേകാനന്ദനുമാണ് നാടകത്തിലെ പാട്ടുകള്‍ ഭൂരിഭാഗവും ചിട്ടപ്പെടുത്തിയത്. കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷം ഭാര്യയോടൊപ്പം തിരുവനന്തപുരം കുമാരപുരത്ത് താമസിക്കുന്നു ഗോപാലകൃഷ്ണന്‍ ഇപ്പോള്‍.

​ഗോപാലകൃഷ്ണനും മധുവും
​ഗോപാലകൃഷ്ണനും മധുവും

സിനിമയ്ക്കുവേണ്ടി കൂടുതല്‍ പാട്ടെഴുതാന്‍ കഴിയാത്തതില്‍ നിരാശയുണ്ടോ? ഗോപാലകൃഷ്ണനിലെ കവിയോടൊരു ചോദ്യം. മറുപടിയായി ''മോഹവീണ തന്‍ തന്തിയില്‍'' എന്ന കവിതയിലെ തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു വരികള്‍ ഓര്‍മ്മയില്‍നിന്നു മൂളുന്നു ഗോപാലകൃഷ്ണന്‍. സിനിമയില്‍ മാത്രം കേള്‍ക്കാവുന്ന, ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ ഇല്ലാത്ത ചരണം: ''ഇല്ലയില്ല നിരാശകള്‍ എനിക്കില്ലയില്ല നിരാശകള്‍, എങ്കിലും വിതുമ്പുന്നു മാനസതന്ത്രികള്‍ തന്‍ ശലാകകള്‍.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com