പൗരുഷ സങ്കല്പം മറികടന്ന തിങ്കളാഴ്ച 

പുരുഷന്മാര്‍ അപ്രസക്തരും ദുര്‍ബ്ബലരുമാവുന്ന, സ്ത്രീകള്‍ അസാധാരണമാംവിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന ഒരു പരിവര്‍ത്തനഘട്ടത്തെയാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ആവിഷ്‌ക്കരിക്കുന്നത്
പൗരുഷ സങ്കല്പം മറികടന്ന തിങ്കളാഴ്ച 

കേരളീയ സാമൂഹിക ജീവിതത്തില്‍ ഏതെങ്കിലും വ്യക്തികളുടേയോ പ്രസ്ഥാനങ്ങളുടേയോ നേതൃത്വത്തിലല്ലാതെ സംഭവിക്കുന്ന അപ്രതിരോധ്യമായൊരു വേലിയേറ്റത്തിന്റെ അടയാളമാണ് 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ. 

ഒരു വ്യക്തിക്ക് ഇണയെ കണ്ടെത്താനും വിവാഹം കഴിച്ചോ അല്ലാതേയോ ഒരുമിച്ചു ജീവിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടല്ലോ. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് പാട്രിയാര്‍ക്കിയില്‍ അധിഷ്ഠിതമായ കുടുംബവും സദാചാരമൂല്യങ്ങളും അതിനെതിര്‍പക്ഷത്തുമുണ്ട്. ഈ സാമൂഹ്യഘടനയെ നട്ടും ബോള്‍ട്ടുമിട്ടു മുറുക്കി ദീര്‍ഘകാലം നിലനിര്‍ത്തിയത് ആണധികാര വ്യവസ്ഥയാണ്. ഇവ ഇളകുന്നതിന്റെ സംഘര്‍ഷമാണ് ഈ സിനിമയുടെ മര്‍മ്മം.

നവോത്ഥാനം വേലിയേറ്റം നടത്തി എന്നൊക്കെ അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും ഭരണഘടനയ്‌ക്കെതിരെ സാമൂഹികമായ ആചാരങ്ങളാണ് ആധിപത്യം നേടിയിട്ടുള്ളത് എന്ന് ശബരിമല വിവാദത്തിലൂടെ നാം തിരിച്ചറിഞ്ഞതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ആശയങ്ങള്‍ എങ്ങനെയൊക്കെയാണ് നമ്മുടെ കുടുംബത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന അന്വേഷണമാണ് തിങ്കളാഴ്ച നിശ്ചയത്തിലുള്ളത്. 

നാം കണ്ടു പരിചയിച്ച താരങ്ങളൊന്നും ഈ സിനിമയിലില്ല. '0-41*' എന്ന സിനിമയിലൂടെ അനുരാഗ് കശ്യപിനെപ്പോലുള്ളവരെപ്പോലും ആകര്‍ഷിച്ച ഒരു സംവിധായകന്‍. മലയാളത്തിലെ ഏതു നടനും ഇങ്ങോട്ട് സമീപിക്കുന്ന അവസ്ഥയുണ്ടായിട്ടും തന്റെ ചുറ്റുവട്ടത്തുനിന്നും കണ്ടെടുത്ത അഭിനേതാക്കളെ വെച്ച് ഇതുവരെ മലയാളത്തിലില്ലാത്തവിധം ഒരു സിനിമയുമായി വരുന്നു. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനോടെ. അമേരിക്കയിലും ദുബായിലും ആസ്‌ട്രേലിയയിലും ജീവിച്ച വ്യക്തി തനി നാട്ടിന്‍പുറത്തിന്റെ കഥയിലേക്കിറങ്ങിവരുന്നു. മലയാള സിനിമയുടെ കേന്ദ്രം ഏതു നാട്ടിന്‍പുറത്തും ആകാമെന്ന് അതിന് ബഹുകേന്ദ്രങ്ങളുണ്ടാകാമെന്ന് ഈ സിനിമയിലൂടെ അദ്ദേഹം തെളിയിക്കുന്നു. 

തിങ്കളാഴ്ച നിശ്ചയം
തിങ്കളാഴ്ച നിശ്ചയം

ഒരു ഒഴിഞ്ഞ ബസ് സ്റ്റോപ്പില്‍ ഇരുട്ടില്‍ മദ്യപരായ ചെറുപ്പക്കാരുടെ സംഭാഷണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അതിലൊരാള്‍ സുഹൃത്തിനെ പ്രേമത്തില്‍നിന്നും പിന്മാറാനും പെണ്‍കുട്ടിയെ മറക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അതിനു മറുപടിയായി താനിപ്പോള്‍ പോയി വിളിച്ചാലും അവള്‍ ഇറങ്ങിവരാന്‍ തയ്യാറാണ് എന്ന് സുഹൃത്ത് പറയുന്നു. അവിടേക്ക് ഒരു പൊലീസ് ജീപ്പ് വന്ന് അവരോട് കുവൈറ്റ് വിജയന്റെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ച് പോകുന്നു. തൊട്ടടുത്ത നിമിഷം ഇരുട്ടിലേക്ക് മൂത്രമൊഴിക്കാന്‍ പോയ സുഹൃത്ത് ഒരു കാഴ്ചയ്ക്ക് സാക്ഷിയാവുന്നു. അത് എന്താണെന്നു സംവിധായകന്‍ നമ്മോടു പറയാതെ വിടുന്നു. തുടക്കത്തിലെ ഈ ദീര്‍ഘമായ ഒരൊറ്റ ഷോട്ട് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ നാന്ദിയാണ്. 

വിജയന്റെ രണ്ടാമത്തെ മകളെ പെണ്ണുകാണാന്‍ വരുന്നതും തൊട്ടടുത്ത തിങ്കളാഴ്ച നടക്കുന്ന നിശ്ചയത്തിന്റെ ഒരുക്കങ്ങളുമാണ് സിനിമയുടെ പ്രമേയം. 

മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകളില്‍ ചില ദേശങ്ങള്‍ സവിശേഷമായി ചിത്രീകരിക്കപ്പെടുന്നുണ്ടല്ലോ. എന്നാല്‍, കാഞ്ഞങ്ങാടിന്റെ ഭൂപ്രകൃതികളിലേക്കൊന്നും സിനിമ കടന്നുചെല്ലുന്നില്ല. ദേശത്തിന്റെ അതിര്‍ത്തികളെ ലംഘിക്കുന്ന ഒരു ഇടം ആണ് ഇവിടെ കാഞ്ഞങ്ങാട്. അവിടുത്തെ മനുഷ്യരുടെ ഭാഷയെ അതിന്റെ ഏറ്റവും സ്വാഭാവികവും സൂക്ഷ്മവുമായ രീതിയില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നു. മനുഷ്യര്‍ വിനിമയം ചെയ്യുന്ന ഭാഷയാണ് ഇവിടെ കാഞ്ഞങ്ങാട്. ആദ്യത്തെ ദീര്‍ഘമായ ഒരൊറ്റ ഷോട്ടൊഴികെ ബാക്കിയെല്ലാം ഒരു കുടുംബത്തിനകത്തും പുറത്തുമായാണ് നടക്കുന്നത്. അതിനപ്പുറം കേരളത്തിലേയോ ഇന്ത്യയിലേയോ ഏതു കുടുംബത്തിലേയും അനുഭവം എന്ന നിലയില്‍ അതു വികസിക്കുകയും ചെയ്യുന്നു.

സ്‌നേഹത്തെ കവിഞ്ഞുനില്‍ക്കുന്ന അധികാരം

ഭരണഘടന വിഭാവന ചെയ്യുന്ന മൂല്യങ്ങള്‍ക്കെതിരെ ഫ്യൂഡല്‍ സാമൂഹികാചാരങ്ങളെ ജീവിതത്തില്‍ പിന്തുടരുന്നവരാണ് നമ്മള്‍. ഫ്യൂഡല്‍ സാമൂഹികഘടനയുടെ ഒരു പ്രത്യേകത അവിടെ വ്യക്തിക്ക് സ്വയം നിര്‍ണ്ണയാവകാശമില്ല എന്നതാണ്. ആശാരിയുടെ മകന്‍ ആശാരിയും കൊല്ലന്റെ മകന്‍ കൊല്ലനുമായിത്തീരുന്നു. തെങ്ങു ചെത്തുകാരന്‍ ഡോക്ടറാവുന്നത് സമൂഹത്തിന് അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് പല്‍പ്പുവിന് കേരളം വിട്ടു പോകേണ്ടിവന്നത്. സ്വന്തം പഠനവും തൊഴിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തത്ത്വത്തില്‍ ഇന്ന് ഒരു വ്യക്തിക്കുണ്ടെങ്കിലും പൊതുവെ അവരുടെ അഭിരുചികള്‍ക്കനുസരിച്ചല്ല, രക്ഷിതാക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് എന്തു പഠിക്കണമെന്നുപോലും തീരുമാനിക്കപ്പെടുന്നത്. അല്ലാതെങ്ങനെ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികം എന്‍ജിനീയറിങ്ങിനു ചേരുന്നു! (ഈ കുടുംബത്തില്‍ത്തന്നെ ചിത്രകലയില്‍ നൈപുണ്യമുള്ള സുജിത്‌പോലും പഠിക്കുന്നത് തനിക്കിഷ്ടമില്ലാത്ത എന്‍ജിനീയറിങ്ങാണ്.) പഠനം പോകട്ടെ, സ്വന്തം ഇണയെ കണ്ടെത്താനുള്ള, താനാരുടെ കൂടെ ജീവിക്കണം എന്ന ജീവിതത്തിലെ ഏറ്റവും പ്രാഥമികമായ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യംപോലും ഇനിയും വ്യക്തികള്‍ക്ക് സമൂഹം വകവെച്ചു കൊടുത്തിട്ടില്ല. ഈ ഫ്യൂഡല്‍ മൂല്യബോധത്തില്‍നിന്നു കുതറാന്‍ ശ്രമിക്കുന്ന സ്ത്രീകളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. 

സിനിമയിലെ സ്ത്രീപുരുഷന്മാരില്‍ ഈ പരിവര്‍ത്തന ഘട്ടത്തിന്റെ സൂചനകള്‍ എങ്ങനെയെല്ലാം പ്രത്യക്ഷപ്പെടുന്നു എന്ന് അന്വേഷിക്കാവുന്നതാണ്. ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനും ചേര്‍ന്നതാണ് വിജയന്റെ കുടുംബം. ഇളയമകളുടെ വിവാഹനിശ്ചയം പ്രമാണിച്ച് തലേന്നേ എത്തിച്ചേരുന്ന അടുത്ത ബന്ധുക്കളും സിനിമയിലുണ്ട്. ഇതിലെ പുരുഷന്മാര്‍ പൊതുവെ അലസരാണ്. അധികാരത്തിലും അഹംബോധത്തിലും അഭിരമിക്കുന്നവരുമാണ്. സന്നദ്ധത കുറഞ്ഞവരാണ്. ആദ്യഷോട്ടിലെ സംഭാഷണത്തില്‍ത്തന്നെ കാമുകി ഇറങ്ങിവരാന്‍ തയ്യാറാണെന്ന സംഭാഷണം നാം കേള്‍ക്കുന്നുണ്ട്. പക്ഷേ, ആ ധീരത അവനില്ലെന്ന സൂചനയും. വിജയന്റെ മൂത്തമകള്‍ അച്ഛന്റെ ഇഷ്ടത്തിനെതിരെ വിവാഹം കഴിച്ചതാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അതിനെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്ക് ആവുന്നില്ല. മകളുടെ ഭര്‍ത്താവിനോട് അയാള്‍ സംസാരിക്കുന്നില്ല. പക്ഷേ, മരുമകന്‍ എല്ലാ ഈഗോയും കുടഞ്ഞുകളഞ്ഞ് ആ സന്ദര്‍ഭത്തില്‍ കടുംബത്തിന്റെ കൂടെ നില്‍ക്കുന്നു. നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുന്നു. എല്ലായിടത്തും അയാള്‍ എത്തുന്നു. അയാളൊഴികെ മറ്റു പുരുഷന്മാര്‍ അലസരാണ്. ജോലി ചെയ്യുന്നവരാകട്ടെ, കൂലിക്കുവേണ്ടി ചെയ്യുന്നവരാണ് താനും. അവരിലും മലയാളികള്‍ അലസര്‍ തന്നെ. 

സെന്ന ഹെ​ഗ്‍ഡെ
സെന്ന ഹെ​ഗ്‍ഡെ

വിജയനും ഭാര്യയും തമ്മിലുള്ള ബന്ധവും മകളും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും താരതമ്യം ചെയ്താല്‍ ഈ മാറ്റം നമുക്കു മനസ്സിലാവും. വിജയനെ നാമാദ്യം കാണുന്നതുതന്നെ കണ്ണാടിക്കാഴ്ചയില്‍ അഭിരമിക്കുന്ന രീതിയിലാണ്. ഒരു ഡിന്നര്‍സെറ്റ് വാങ്ങണമെന്ന ഭാര്യയുടെ ആവശ്യത്തെ കാര്‍ക്കശ്യത്തോടെ തള്ളിക്കളയുന്നതിലൂടെ വിജയനും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം വെളിപ്പെടുന്നുണ്ട്. കുപ്പായത്തിന്റെ കുടുക്കിട്ടത് നേരെയാക്കിയിടുന്നതില്‍ പോലും ഭാര്യ അയാളെ സഹായിക്കുന്നുണ്ട്. നീയില്ലെങ്കില്‍ എന്റെ അവസ്ഥയെന്താവും എന്നയാള്‍ പറയുന്നു. അവള്‍ തനിക്കു ജീവിതകാലം മുഴുവന്‍ വേണ്ട അടിമയാണ് എന്നാണാ പുകഴ്ത്തലിനര്‍ത്ഥം. അമ്പലത്തിലെ ഗാനമേളയ്ക്ക് പോകുന്നതുപോലും വിജയേട്ടനിഷ്ടമാവില്ല എന്ന് ലളിത കൂട്ടുകാരിയോട് പറയുന്നതോര്‍ക്കുക. സ്‌നേഹത്തെ കവിഞ്ഞുനില്‍ക്കുന്ന അധികാരമാണ് ആ ബന്ധത്തില്‍ പ്രവര്‍ത്തിക്കുന്നത്. 

മറിച്ച് മകളും ഭര്‍ത്താവും തമ്മിലുള്ള ബന്ധം സവിശേഷമാണ്. തുല്യത നിറഞ്ഞതും സ്‌നേഹ സമ്പന്നവുമാണത്. അധികാര പ്രയോഗം അവിടെ തീരെയില്ല. ഭാര്യയുടെ പരിഹാസത്തെപ്പോലും അയാള്‍ സ്‌നേഹത്തോടെ ഉള്‍ക്കൊള്ളുന്നുണ്ട്. ഭാര്യാപിതാവിന്റെ വിമുഖതയും അയാളെ പിന്‍തിരിപ്പിക്കുന്നില്ല. അയാള്‍ എല്ലാത്തിനും സന്നദ്ധനാണ്. വിറകു കീറാനായാലും പാത്രങ്ങളിറക്കി വെക്കാനായാലും അയാളുണ്ട്. തുല്യതയുടെ ആഹ്ലാദം അവരുടെ ബന്ധത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളെക്കാള്‍ നമ്മള്‍ മുറുകെപ്പിടിക്കുന്നത് സാമൂഹിക മൂല്യങ്ങളെയാണ്. ഇതെന്റെ വീട്, ഇവിടെ കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും എന്നാണ് വിജയന്‍ പറയുന്നത്. തന്റെ മക്കള്‍ ജീവിക്കേണ്ടത് താന്‍ തെരഞ്ഞെടുക്കുന്ന ആളുടെ കൂടെയായിരിക്കണം എന്ന കാര്യത്തില്‍ അയാള്‍ക്കു മാത്രമല്ല, ഇന്നും സമൂഹത്തില്‍ ഭൂരിഭാഗത്തിനും സംശയമൊന്നുമില്ല. 

ഏകാധിപതിയുടെ ജനാധിപത്യം

മറ്റൊരര്‍ത്ഥത്തില്‍ അധികാരത്തോടും ഹിംസയോടും ചേര്‍ന്നുനില്‍ക്കുന്ന പൗരുഷവും ജനാധിപത്യത്തോടും ഉള്‍ക്കൊള്ളലിനോടും ഐക്യപ്പെടുന്ന സ്ത്രൈണതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണീ സിനിമ. ഈ പൗരുഷം ആക്രാമകമായി പത്തിവിടര്‍ത്തിയാടുന്ന ഇടമാണ് നമ്മുടേത്. അനുപമ വിഷയത്തിലായാലും ചുംബനസമരത്തിലായാലും സദാചാരത്തിന്റെ പേരില്‍ നടക്കുന്ന ഏത് അതിക്രമങ്ങളിലായാലും ഈ ഹിംസ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 

സിനിമയുടെ തുടക്കത്തില്‍ ബസ് സ്റ്റോപ്പില്‍ ഇരുട്ടില്‍ അവ്യക്തമായി ഏതാനും ചെറുപ്പക്കാരെ നാം കാണുന്നുണ്ടല്ലോ. ഒളിച്ചോടുന്ന നായികയേയും കാമുകനേയും പിടികൂടി വീട്ടില്‍ തിരിച്ചെത്തിക്കുന്ന ആ സദാചാര പൊലീസുകാര്‍ സമൂഹത്തിന്റെ പ്രതിനിധാനം കൂടിയാണ്. കുടുംബത്തിനു പുറത്ത് ആകെ ക്യാമറ പോകുന്നത് ആ ദൃശ്യത്തിലേയ്ക്കു മാത്രമാണ്. രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തില്‍ കൈകടത്താന്‍ ആര്‍ക്കും അധികാരം കൊടുക്കുന്ന ഒരു സാമൂഹികവ്യവസ്ഥ ഇവിടെ സ്വാഭാവികമാണ്. ഒരു പ്രണയത്തില്‍പ്പെട്ട് ഒളിച്ചോടണോ എന്നു തീരുമാനിക്കാനാവാത്ത ചെറുപ്പക്കാരനും അതിലുണ്ട് എന്നത് മറ്റൊരു വൈരുദ്ധ്യം. ഹിംസയും ജനാധിപത്യവിരുദ്ധതയും ഇരട്ടത്താപ്പും നിറഞ്ഞ പൗരുഷത്തിന്റെ പ്രതിനിധാനമാണ് ഇവര്‍ എന്നു സംവിധായകന്‍ ധ്വനിപ്പിക്കുന്നു. ഈ പൗരുഷത്തിന്റെ വികസിതരൂപമാണ് വിജയനില്‍ നാം കാണുന്നത്. അത്തരം പൗരുഷത്തിന്റെ അതിശയത്തൊങ്ങലുകളെല്ലാം പിന്നീട് വരുന്ന സ്ത്രീകളുടെ ഇടപെടലിലൂടെ കൊഴിഞ്ഞുവീഴുകയും ചെയ്യുന്നു.

നമ്മുടെ കുടുംബവും പാരമ്പര്യവും സിനിമകളുമെല്ലാം കൂടി സൃഷ്ടിച്ച പൗരുഷ സങ്കല്പത്തിന്റെ പതനവും സ്ത്രൈണതയുടെ വിജയവുമാണീ സിനിമ. സംഘട്ടനംപോലും സ്ത്രീകള്‍ തമ്മിലാണ്. 

രണ്ടു പെണ്‍കുട്ടികളും പുരുഷന്മാരുടെ കരണത്തടിക്കുന്നുണ്ട്. മൂത്ത പെണ്‍കുട്ടി ഭര്‍ത്താവിനെ പരിഹസിക്കുന്ന ബാങ്കുമാനേജരുടെ ചെകിട്ടത്ത്. ഇളയവള്‍ പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്ന തന്റെ കാമുകനെത്തന്നെയും. മൂത്ത പെണ്‍കുട്ടി ആത്മഹത്യാ ശ്രമത്തിനു ശേഷമാണ് ഇഷ്ടപ്പെട്ടവന്റെ കൂടെ പോകുന്നത്. ഇളയവള്‍ പക്ഷേ, ഇഷ്ടപ്രകാരം ഇറങ്ങിപ്പോകുന്നവളാണ്. ഭീരുവായ കാമുകനു ധൈര്യം കൊടുക്കുന്നതും അവള്‍ തന്നെ. ഇളയ ആണ്‍കുട്ടിയും തീരുമാനമെടുക്കാന്‍ ധൈര്യമില്ലാത്ത മണ്ണുണ്ണിയാണ്. വിമലയുടെ സാരിയില്‍ തൂങ്ങി നടക്കുന്ന ഭര്‍ത്താവായാലും അധികാരംകൊണ്ട് എല്ലാവരേയും കീഴടക്കാന്‍ ശ്രമിക്കുന്ന വിജയനായാലും സിനിമയിലെ ആണുങ്ങളെല്ലാം അടിസ്ഥാനപരമായി ഭീരുക്കളും അലസരുമാണ്. കലുങ്കിലും ബസ് സ്റ്റോപ്പിലും മദ്യപിച്ചിരിക്കുന്നവരും അധികാരപ്രയോഗം നടത്തുന്നവരുമാണ്. പെണ്ണുകാണാന്‍ വന്ന ലക്ഷ്മികാന്തന്റെ എഫ്.ബി പ്രൊഫൈലില്‍ തെളിയുന്ന ശബരിമല വിഷയത്തിലെ നിലപാട് മതി അയാളെ മനസ്സിലാക്കാന്‍. അതോടൊപ്പം യാത്ര ചോദിച്ചതിനുശേഷം കാറില്‍നിന്നിറങ്ങിയാല്‍ അപശകുനമാകുമെന്ന വിശ്വാസത്തില്‍ കാറില്‍നിന്നും പകുതി ശരീരം പുറത്തിട്ട് സംസാരിക്കുന്ന ആ ദൃശ്യം ചിരി ഉണര്‍ത്തുക മാത്രമല്ല, അയാളുടെ ഏറ്റവും പിന്തിരിപ്പനായ മനോഭാവത്തിന്റെ സൂചന കൂടിയാവുന്നു. അയാള്‍ പ്രൊ ഫൈലില്‍ ഷെയര്‍ ചെയ്ത 'മനം' ടി.വിയിലെ ശബരിമല വാര്‍ത്തയും തൊട്ടടുത്ത് അറബി വേഷത്തിലെ പ്രൊഫൈല്‍ ഫോട്ടോയും ചേര്‍ന്നു സൃഷ്ടിക്കുന്ന പരിഹാസം സൂക്ഷ്മമാണ്. മൂത്തമകള്‍ സുരഭിയെ വിവാഹം ചെയ്യാനാഗ്രഹിച്ച അകന്ന ബന്ധുകൂടിയായ ശ്രീകാന്തിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ഒരൊറ്റ പരാമര്‍ശത്തിലൂടെയാണ് സൂചിപ്പിക്കുന്നത്. 

സുരഭിയുടെ ഭര്‍ത്താവായ സന്തോഷാണ് കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നത്. പുരുഷനു വേണ്ടതായി നമ്മുടെ സമൂഹം കല്പിച്ചിട്ടുള്ള 'ഗുണ'ങ്ങള്‍ അയാളിലില്ല. ഭാര്യയോട് തുല്യതയോടെ പെരുമാറുന്ന, വിറകുവെട്ടലടക്കം വീട്ടിലെ ജോലികളെല്ലാം ചെയ്യുന്ന അയാള്‍ നടപ്പുരീതിയില്‍ ഒരു പെണ്‍കോന്തനാണ്. പക്ഷേ, സ്ത്രൈണതയും ജനാധിപത്യവും സ്‌നേഹവും ഉള്‍ക്കൊണ്ട പുതിയ പുരുഷ മാതൃകയാണയാളിലൂടെ സംവിധായകന്‍ മുന്നോട്ടു വെയ്ക്കുന്നത്. അവളുടെ തെരഞ്ഞെടുപ്പ് എത്ര ശരിയായിരുന്നു എന്ന് അവള്‍ക്കറിയാമെങ്കിലും ബന്ധുക്കള്‍ ബാങ്കുമാനേജരായ ശ്രീകാന്തിനൊപ്പമാണ്. സഹനത്തിന്റെ പരിധി കടക്കുമ്പോള്‍ രൗദ്രമൂര്‍ത്തികളാവുന്ന ഇതിലെ സ്ത്രീകള്‍ക്ക് സമാനമാണ് സന്തോഷിന്റെ മാറ്റവും. 

പരസ്പരം അംഗീകരിക്കാത്ത അടിമ ഉടമ ബന്ധത്തെ പുതിയ തലമുറ സ്വീകരിക്കുകയില്ല. നമ്മുടെ പരമ്പരാഗത പുരുഷ സങ്കല്പങ്ങളെ പിന്‍തുടരുന്നവര്‍ക്ക് വരാനിരിക്കുന്നത് കഷ്ടകാലം തന്നെയാണ്. കേരളത്തിനു പുറത്തു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സ്ത്രീകള്‍ തിരിച്ചു വരാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത നാടാണ് കേരളം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാനും കടന്നുകയറാനും സമൂഹത്തിനു സ്വാതന്ത്ര്യം കൊടുത്ത ഇടം. 

ബസ് സ്റ്റോപ്പിലെ ചെറുപ്പക്കാരില്‍നിന്ന് സിനിമ തുടങ്ങിയത് വെറുതെയല്ല. 

ജനാധിപത്യത്തേയും ഏകാധിപത്യത്തേയും നേര്‍ക്കുനേര്‍ നിര്‍ത്തുന്ന ദൃശ്യം ശ്രദ്ധേയമാണ്. മനസ്സുകൊണ്ട് രാജാധികാരത്തെ ഇഷ്ടപ്പെടുന്ന വിജയന്‍ വോട്ടിങ്ങ് എന്ന ജനാധിപത്യമാര്‍ഗ്ഗം ആണ് തന്റെ താല്പര്യം നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്നത്. തന്റെ അധികാരവും ഭീഷണിയും ഉപയോഗിച്ച് അതു നടപ്പാക്കുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ തീര്‍ച്ചയായും ഓര്‍മ്മിപ്പിക്കും. 

ഈ ദൃശ്യങ്ങളിലെത്തുമ്പോള്‍ കാഞ്ഞങ്ങാട് എന്ന ദേശത്തിലെ ഒരു ചെറിയ ഇടം ഇന്ത്യ എന്ന വലിയ ഭൂമികയായി വികസിക്കുന്നുമുണ്ട്. ഒരു ഏകാധിപതി എങ്ങനെയാണ് ജനാധിപത്യത്തില്‍ സമ്മതി നേടിയെടുക്കുന്നത് എന്നതിന്റെ സൂചനയായി മാറുന്നു ഈ വോട്ടെടുപ്പ്. സുരഭി അച്ഛനെതിരെ നില്‍ക്കുമ്പോള്‍ സ്വന്തം ഭാര്യപോലും വിജയേട്ടാ, നമ്മുടെ മക്കള്‍ എന്നു സംശയിക്കുമ്പോള്‍ മനസ്സില്‍ ഒരു പ്രണയം സൂക്ഷിക്കുന്ന സുജിത്ത് എന്ന പുരുഷന്‍ അധികാരത്തോടുള്ള ഭയത്തില്‍ അച്ഛനനുകൂലമായി കയ്യുയര്‍ത്തുന്നു.

പൗരുഷമേധാവിത്വത്തിന്റെ പതനം

സമ്പത്തും സൗകര്യങ്ങളുമെല്ലാം ഉപേക്ഷിച്ച് തന്റെ കാമുകനെ തേടിയെത്തുന്ന മനീഷയിലൂടെ പൗരുഷത്തിന്റെ പതനം പൂര്‍ത്തിയാവുന്നു. നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം കല്യാണത്തിനു മാത്രം വിജയനെ കാണുന്നവളാണ് ഭാര്യ ലളിത. ഇഷ്ടപ്പെട്ടവനെ വിവാഹം കഴിക്കാന്‍ മൂത്തമകള്‍ക്ക് ആത്മഹത്യാശ്രമം നടത്തേണ്ടിവരുന്നു; സ്വന്തം ഇഷ്ടത്തോടെ ഇറങ്ങിപ്പോയെങ്കിലും സദാചാര പൊലീസിനാല്‍ തിരിച്ചുകൊണ്ടുവരപ്പെടുന്നുണ്ട് രണ്ടാമത്തെ മകള്‍. ഈ മൂന്നു സ്ത്രീകളില്‍നിന്നുള്ള വികാസമാണ് വളരെ കൂള്‍ ആയി ആരെയും കൂസാതെ ആ കുടുംബത്തിലേക്ക് കടന്നുവരുന്ന മനീഷ എന്ന പെണ്‍കുട്ടി. ഒരാണത്ത പ്രഘോഷണത്തിനും അവളെ തടഞ്ഞുനിര്‍ത്താനാവില്ല. പണവും സൗകര്യങ്ങളുമൊന്നുമല്ല, ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ കഴിയുകയാണ് പ്രധാനമെന്നവള്‍ നിലപാട് വ്യക്തമാക്കുന്നു. 

ഒരു പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ സ്ത്രീകള്‍ നേടിയെടുത്ത ഇടങ്ങള്‍ നിസ്സാരമല്ല. നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ അധികാരസ്ഥാനങ്ങളില്‍ സംവരണത്തിലൂടെ കടന്നുവന്നവര്‍ ഇന്ന് നേരിട്ട് കസേര വലിച്ചിട്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം സി.പി.എം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിമാരായി 1000-ത്തില്‍ അധികം സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് മറ്റെന്തിന്റെ സൂചനയാണ്! ഇത് സംഘടനയുടെ വീക്ഷണത്തില്‍ പെട്ടെന്നൊരു ദിവസം മാറ്റം വന്ന് കമ്മിറ്റി കൂടി തീരുമാനിച്ചതല്ല. മറിച്ച് അവരെ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന അനിവാര്യതയുടെ ഭാഗമായി വന്നതാണ്. തങ്ങളെ രണ്ടാംകിട പൗരരായി പരിഗണിക്കുന്ന പുരുഷന്റെ ആചാരപരമായ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടുള്ള സ്ത്രീകളുടെ മുന്നേറ്റമാണ് ഈ സിനിമ അസാധാരണമായ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നത്.

ഒരു പ്രദേശത്തിന്റെ ഭാഷയേയും സംസ്‌കാരത്തേയും അത്രയും സൂക്ഷ്മമായി പിന്തുടരാന്‍ സെന്ന ഹെഗ്‌ഡെ എന്ന സംവിധായകനു കഴിഞ്ഞു. ആ പ്രദേശത്തിന്റെ സവിശേഷമായ ആലാമിപ്പാട്ടും സിനിമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ആലാമിപ്പള്ളിയും ആലാമിക്കളിയും കാഞ്ഞങ്ങാടിന്റെ ഗാഢമായ ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിന്റെ അടയാളവുമാണ്. ഇതിന്റെ ക്യാമറ വര്‍ക്കും പ്രമേയത്തിനനുയോജ്യമായതാണ്. ക്രെയിനും ട്രോളിയും ഒന്നുമില്ലാതെ നിരന്തരം സഞ്ചരിക്കുന്ന ക്യാമറ കാണിയെ ആ കുടുംബത്തിനുള്ളിലും പുറത്തും കറങ്ങിത്തിരിയുന്ന ഒരാള്‍ തന്നെയാക്കി മാറുന്നു. 

ഏതു സംഭാഷണത്തിനിടയിലും ചുറ്റുവട്ടത്തുനിന്നും ഉയരുന്ന സംസാരങ്ങളും ദൂരെ അമ്പലത്തില്‍ നിന്നുയരുന്ന അനൗണ്‍സ്മെന്റും ഗാനമേളയും സവിശേഷമായി സന്നിവേശിപ്പിച്ചിരിക്കുന്നു. കാഴ്ചയുടേതുപോലെ കേഴ്വിയുടെ അനുഭവം കൂടിയാകുന്നു ഈ സിനിമ. സിനിമയിലെ കഥാപാത്രങ്ങളെ, അഭിനേതാക്കളെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. നമ്മുടെ ഓരോരുത്തരുടേയും വീട്ടിലോ അയലത്തോ ഇവരെല്ലാമുണ്ട്. ഭക്ഷണപ്രിയനായ അമ്മാവനും എന്തിനും കുനുഷ്ട് പറയുന്ന വിജയന്റെ സഹോദരിയും ഒരു കൈ സഹായിക്കാത്ത ആ ഗുഡ്സ് ഓട്ടോക്കാരനും ഭാര്യയുടെ ചൊല്‍പ്പടിയില്‍ നില്‍ക്കും മോഹനനുമെല്ലാം നമുക്ക് അത്രമേല്‍ പരിചിതരാണ്. ഒരു നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യര്‍ ഒന്നടങ്കം ഒരു സിനിമയിലൂടെ ശ്രദ്ധേയരാവുന്നതും ആസ്വാദകരുടെ കയ്യടി നേടുന്നതുമായ അനുഭവം മലയാള സിനിമയില്‍ അപൂര്‍വ്വതയാണ്. 

തിങ്കളാഴ്ച നിശ്ചയം
തിങ്കളാഴ്ച നിശ്ചയം

ആണത്താധികാരങ്ങളുടെ ഒരു യുഗം ആണ് അവസാനിക്കാന്‍ പോകുന്നത്. പുറമെ പോയി ജീവിച്ച ഒരു പെണ്‍കുട്ടിക്കും സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റാത്ത ഒരിടമാണ് സദാചാര നോട്ടങ്ങളുടെ കേരളം. ആണധികാര പ്രയോഗത്തിന്റെ ഏറ്റവും സൂക്ഷ്മവും പരോക്ഷവുമായ പ്രയോഗം ഇവിടെ ശക്തമാണ്. പക്ഷേ, പുതിയ പെണ്‍കുട്ടികള്‍ അതിനെ ചോദ്യം ചെയ്യും. ഒരു മംഗലശ്ശേരി നീലകണ്ഠനേയും പൊറുപ്പിക്കാന്‍ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു പെണ്‍കുട്ടിയും തയ്യാറാവില്ല. പുരുഷനായി ജനിച്ചു എന്നതിന്റെ പേരില്‍ അനുഭവിക്കുന്ന സവിശേഷ പരിഗണനകള്‍ കയ്യൊഴിഞ്ഞുകൊണ്ടു മാത്രമേ മലയാളി പുരുഷന് ഇനി അന്തസ്സോടെ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് ഈ സിനിമ നമ്മോടു പറയുന്നു. 

നാം പ്രതീക്ഷിക്കുന്ന ക്ലൈമാക്‌സിനുശേഷം വരുന്ന പോസ്റ്റ് ക്ലൈമാക്‌സ് സംവിധായകന്റെ അസാധാരണമായ മൗലികതയുടെ തെളിവാണ്. ചതഞ്ഞുതൂങ്ങിയ പൗരുഷത്തെ അത് തോണ്ടി കുഴിയിലേക്കിടുന്നു. ഒരു പെണ്‍കുട്ടിയുടെ വേണ്ട എന്ന തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത താന്‍ ദരിദ്രയായ ഒരു പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കാന്‍ ശ്രമിച്ചതാണെന്ന എഫ്.ബി ലൈവിലെ പരാമര്‍ശം ഈ പൗരുഷം എത്ര രോഗാതുരമായിത്തീര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. 

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പറയുന്നത് ഒരു റോള്‍ മാറ്റത്തെക്കുറിച്ചാണ്. 

പുരുഷന്മാര്‍ അപ്രസക്തരും ദുര്‍ബ്ബലരുമാവുന്ന, സ്ത്രീകള്‍ അസാധാരണമാംവിധം ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന ഒരു പരിവര്‍ത്തനഘട്ടത്തെയാണ് അതാവിഷ്‌കരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com