ഏഴുസ്വരങ്ങളും തഴുകിവന്ന പേന

1972-ലാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതുന്നത്. സി.ആര്‍.കെ. നായരായിരുന്നു സംവിധായകന്‍. സിനിമയുടെ ചിത്രീകരണം നടന്നില്ല. പക്ഷേ, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു
ഏഴുസ്വരങ്ങളും തഴുകിവന്ന പേന


1972-ലാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല ആദ്യമായി സിനിമയ്ക്ക് പാട്ടെഴുതുന്നത്. സി.ആര്‍.കെ. നായരായിരുന്നു സംവിധായകന്‍. സിനിമയുടെ ചിത്രീകരണം നടന്നില്ല. പക്ഷേ, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു. ജയവിജയയായിരുന്നു സംഗീതം. ഇതേക്കുറിച്ച് ജയന്‍മാഷ് പറയുന്നതിങ്ങനെയാണ്: ''എം. കൃഷ്ണന്‍ നായരുടെ സംവിധായക സഹായി എന്ന നിലയിലാണ് ഞങ്ങള്‍ ശിവശങ്കരനെ അറിയുന്നതും പരിചയപ്പെടുന്നതും. അങ്ങനെയിരിക്കെ സി.ആര്‍.കെ. നായര്‍ അദ്ദേഹത്തെക്കൊണ്ട് ഞങ്ങള്‍ താമസിക്കുന്ന ലോഡ്ജില്‍ വന്നപ്പോഴാണ് പാട്ടെഴുതും എന്നുള്ള കാര്യം അറിയുന്നത്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി, ആയിരം ആലില ദീപങ്ങള്‍, പകരൂ രാഗം, കരളില്‍ എന്നിങ്ങനെ നാലു പാട്ടുകളാണ് ആ സിനിമയില്‍ റെക്കോര്‍ഡ് ചെയ്തത്.'' പിന്നീടാണ് ഈ കോമ്പിനേഷനിലുള്ള എക്കാലത്തേയും ഹിറ്റ് ഗാനമായ നക്ഷത്ര ദീപങ്ങള്‍ പിറക്കുന്നത്. നിറകുടം (1977) സിനിമയിലായിരുന്നു അത്. ജയന്‍ മാഷ് തുടരുന്നു: ''ഞങ്ങള്‍ മദ്രാസിലെ കപാലീശ്വരം ക്ഷേത്രത്തിനടുത്ത് തെക്കുമാടം വീഥിയില്‍ താമസിക്കുന്ന സമയം. ക്ഷേത്രദര്‍ശനത്തിനായി വന്ന ബിച്ചു ഞങ്ങളുടെ മുറിയില്‍ തന്റെ ഡയറി വെച്ചിട്ട് പോയി. 'നിറകുടം' സിനിമയുടെ സംഗീതച്ചുമതല ഏറ്റെടുത്ത സമയമായിരുന്നു അത്. ഞങ്ങള്‍ വെറുതെ ആ ഡയറി മറിച്ചുനോക്കി. അതില്‍ നിറയെ എഴുതിവെച്ച പാട്ടുകളാണ്. ഈ വരികള്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു. ഒരുപക്ഷേ, ഗുരുനാഥനായ ചെമ്പൈ വൈത്തി ഭാഗവതരുടെ പേരു കൂടി അതില്‍ ഉള്ളതുകൊണ്ടാവാം. ബിച്ചു തിരികെ വരുമ്പോള്‍ ഞങ്ങള്‍ അത് ഈണമിട്ട് പാടിക്കേള്‍പ്പിച്ചു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു പാട്ട് ഉപയോഗിക്കാന്‍ അനുവാദം തന്നു. സംവിധായകനെ പാടിക്കേള്‍പ്പിച്ചു. സിനിമയില്‍ പൊങ്കല്‍ വിഴ നടക്കുന്ന സന്ദര്‍ഭത്തിലെ പാട്ടായിരുന്നു വേണ്ടത്. ഇതു കേട്ടതോടെ ആ സന്ദര്‍ഭം നവരാത്രി ആഘോഷമാക്കി. യേശുദാസ് വന്നു പാട്ട് റെക്കോര്‍ഡ് ചെയ്തു. ആ ഗാനരംഗത്ത് അഭിനയിക്കുകയും ചെയ്തു.''

സംഗീതവും സ്വരവും താളവും നാദവും ശ്രുതിയും ഒക്കെ എപ്പോഴും ബിച്ചു തിരുമലയുടെ പാട്ടുകളില്‍ വാക്കായും ആശയമായും വന്നുപോയിരുന്നു. നക്ഷത്രദീപങ്ങളില്‍ ചെമ്പൈയും ചൗഡയ്യയും മണിയയ്യരും കടന്നുവന്നപോലെ തന്റെ ആദ്യ ചലച്ചിത്രത്തിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എന്ന പാട്ടിലുമുണ്ട് ഇത്തരം സംജ്ഞകള്‍. ഗുരുഗുഹ എന്ന മുദ്രയില്‍ കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയ മുത്തുസ്വാമി ദീക്ഷിതര്‍, ഹരികാംബോജി രാഗം, നളചരിതം കഥകളിയിലെ ഹരിണാക്ഷി എന്നപദം എന്നിങ്ങനെ. ശാസ്ത്രീയ സംഗീതം അടിസ്ഥാനപരമായി പഠിച്ചിട്ടുള്ള അദ്ദേഹം നന്നായി പാടുമായിരുന്നു. വിവിധ സംഗീതശാഖകളെക്കുറിച്ച് തികഞ്ഞ ധാരണയുണ്ടായിരുന്നു. മറ്റു ഭാഷകളിലെ ഗാനങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതായിരിക്കണം ഈണത്തിനു ചേര്‍ന്നുള്ള വരിയെഴുത്തില്‍ അദ്ദേഹത്തിന് ഏറ്റവും ബലമായി മാറിയത്. കൂടെ കവിതയുടെ വഴിയില്‍ ആര്‍ജ്ജിച്ചിരുന്ന വഴക്കവും. ചെറുപ്പംതൊട്ടേ വൃത്തവും ഛന്ദസ്സും ശീലുകളും അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു. കവിതകള്‍ എഴുതിയിരുന്നു. ഒരു അഭിമുഖത്തില്‍, സ്രഗ്ദ്ധര വൃത്തത്തില്‍ താന്‍തന്നെ എഴുതിയ ഇംഗ്ലീഷിലുള്ള ശ്ലോകം അദ്ദേഹം ചൊല്ലിയത് ഓര്‍ക്കുന്നു.

തന്റെ എഴുത്തുവഴിയുടെ പ്രാരംഭഘട്ടത്തില്‍ത്തന്നെ മലയാള ചലച്ചിത്ര ഗാനശാഖയിലെ സംഗീത മഹാരഥന്മാരുമായി ചേര്‍ന്നു മികച്ച പാട്ടുകളുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. യാമശംഖൊലി വാനിലുയര്‍ന്നു, പ്രണയസരോവരതീരം, ഉറങ്ങൂ ഒന്നുറങ്ങൂ (ജി. ദേവരാജന്‍), തംബുരുതാനേ ശ്രുതിമീട്ടി, നനഞ്ഞ നേരിയ പട്ടുറുമാല്‍ (വി. ദക്ഷിണാമൂര്‍ത്തി), സുഗമ സംഗീതം തുളുമ്പും (എം.എസ്. വിശ്വനാഥന്‍), വെള്ളിമേഘം ചേല ചുറ്റിയ (എം.കെ. അര്‍ജ്ജുനന്‍). എന്നാല്‍, ബിച്ചു തിരുമല, വരാനിരിക്കുന്ന തന്റെ പാട്ടുകാലത്തെ വിളിച്ചറിയിച്ച വളരെ വ്യത്യസ്തമായ പാട്ടാണ് 1975-ല്‍ ഇറങ്ങിയ കാമം, ക്രോധം, മോഹം എന്ന ചിത്രത്തില്‍ ശ്യാം സാറുമായി ചേര്‍ന്നു ചെയ്ത ''ഉന്മാദം ഗന്ധര്‍വ്വസംഗീത സായാഹ്നം.'' പാശ്ചാത്യ സ്വഭാവത്തിലുള്ള ഈണത്തിനനുസരിച്ച് അര്‍ത്ഥപൂര്‍ണ്ണമായി മലയാളം വാക്കുകളെ അദ്ദേഹം ചേര്‍ത്തുവച്ചു. ഒപ്പം പാട്ടിന്റെ ഇടയില്‍ ഇംഗ്ലീഷിനേയും നെയ്തുകെട്ടി. മൈനാകം എന്ന വാക്കന്വേഷിച്ച് പോകാത്തവരോ അറിഞ്ഞെങ്കില്‍ത്തന്നെ ഈ വാക്കുകൊണ്ടെങ്ങനെ ഒരു പാട്ട് തുടങ്ങുന്നുവെന്ന് അത്ഭുതപ്പെടാത്തവരോ അക്കാലത്തുണ്ടാവില്ല. 'തൃഷ്ണ' എന്ന സിനിമയിലെ ശ്യാമിന്റെ ഈണത്തിനെ, ശിശിരങ്ങള്‍ തിരയുന്ന മേഘത്തെക്കുറിച്ചുള്ള സുന്ദരമായ കവിതകൊണ്ടാണ് കവി ഒരുക്കിയെടുത്തത്. ശ്രുതിയില്‍നിന്നുയരുന്ന നാദശലഭങ്ങളായി തൃഷ്ണയിലെ പാട്ടുകള്‍ മലയാളി മനസ്സില്‍ കൂടുകൂട്ടി. ഈ ചിത്രത്തിലേയും തേനും വയമ്പിലേയും പാട്ടുകള്‍ക്കാണ് ആ വര്‍ഷത്തെ (1981) ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ബിച്ചു തിരുമലയ്ക്ക് ലഭിച്ചത്. എ.ടി. ഉമ്മറിന്റേയും രവീന്ദ്രന്റേയും ഈണങ്ങളിലും നമ്മള്‍ ഓര്‍ത്തിരിക്കുന്ന കവിതയുള്ള പാട്ടുകള്‍ സൃഷ്ടിച്ചു. വാകപ്പൂമരവും നീലജലാശയത്തിലും ജലശംഖുപുഷ്പവും ഉമ്മറിന്റെ ഈണത്തിലും ഒറ്റക്കമ്പി നാദവും ഏഴുസ്വരങ്ങളും ഒളിക്കുന്നുവോ മിഴിക്കുമ്പിളിലും രവീന്ദ്രസംഗീതത്തിലും പിറന്നു. 1991-ല്‍ കടിഞ്ഞൂല്‍ കല്യാണത്തില്‍ രവീന്ദ്രനൊപ്പമുള്ള മനസ്സില്‍നിന്നും മനസ്സിലേക്ക് തുടങ്ങിയ പാട്ടുകള്‍ക്കാണ് ബിച്ചു തിരുമലയ്ക്ക് രണ്ടാമത്തെ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.

ഭാഷയുടെ ഊഞ്ഞാലാട്ടം

പാട്ടെഴുത്തിന്റെ പുതിയ ഭാവുകത്വങ്ങള്‍ക്ക്, കാലങ്ങള്‍ക്കു മുന്നേ വഴിവെട്ടിയ തൂലികയാണ് ബിച്ചു തിരുമലയുടേത്. 1980-കള്‍ക്കു ശേഷം പാട്ടിന്റെ ഭാവവും ഭാവുകത്വവും മാറാന്‍ തുടങ്ങി. അതിനെ അഭിമുഖീകരിക്കാന്‍ ബിച്ചു സാറിന് ഒരു വിഷമവുമുണ്ടായില്ല. വാക്കുകളേയും വഴക്കങ്ങളേയും ക്രാഫ്റ്റിനേയും അദ്ദേഹം പുതുക്കിപ്പണിതുകൊണ്ടേയിരുന്നു. പാട്ടില്‍ ചേരുമോ എന്ന് ആസ്വാദകലോകം ചിന്തിച്ചിരുന്ന വാക്കുകളേയും നാട്ടുചൊല്ലുകളേയും അദ്ദേഹം സുന്ദരമായി, ഈണത്തിന്റെ ചിറകിനകത്ത് ചില്ലിട്ടടച്ചുവെച്ചു. പാട്ടിന്റെ വരേണ്യത മുഖം ചുളിച്ചിട്ടുണ്ടാവാം, അടക്കത്തില്‍ കുറ്റം പറഞ്ഞിട്ടുണ്ടാവാം. പക്ഷേ, അദ്ദേഹം അതു ഗൗനിച്ചതേയില്ല. ഈണങ്ങളെ തന്റെ വാക്കിന്റെ ശംഖും വെഞ്ചാമരവും നല്‍കി സാധാരണക്കാരന്റെ ചുണ്ടുകളില്‍ മായാതെ നിര്‍ത്തി. ബസ് സ്റ്റോപ്പിലും തൊഴിലിടങ്ങളിലും ക്യാംപസ് കൂട്ടത്തിലും വെള്ളിച്ചില്ലും വിതറി അവ പറന്നുനടന്നു. മാറുന്ന കാലത്തിനെ കാണാന്‍ ഒരു സമയവും തന്റെയെഴുത്തിനെ കണ്ണാടിപോലെ തുടച്ചുവച്ചു. കവിതയുടെ തേനും വയമ്പും തൊട്ട് ഇങ്ങ് താഴെത്തട്ടിലുള്ളവന്റെ പറച്ചിലുകളെ വരെ അദ്ദേഹം പാട്ടിലാക്കി. തന്റെ ആദ്യ സിനിമയായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ന്റെ കമ്പോസിങ്ങിനെക്കുറിച്ച് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് ഇങ്ങനെ ഓര്‍ത്തെടുക്കുന്നു: ''ഈണം ആദ്യം ചെയ്തിട്ട് അതിനു വരിയെഴുതിയാല്‍ മതിയെന്ന് ഫാസിലിന്റെ തീരുമാനമായിരുന്നു. അതനുസരിച്ച് ഞാന്‍ ബിച്ചുവിന് ആദ്യ ഈണം പാടിക്കൊടുത്തു. അതതേപടി ബിച്ചു തിരിച്ചുപാടി സുന്ദരമാക്കി. പാടാനുള്ള നല്ല കഴിവുണ്ട് അദ്ദേഹത്തിന്. അതാണ് ഈണത്തിന് പാട്ടെഴുതുമ്പോള്‍ അയാള്‍ക്ക് കരുത്താവുന്നത്.'' തന്റെ ഈണത്തില്‍ വരേണ്ട വരികളെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് ജെറി മാസ്റ്റര്‍. ഹ്രസ്വവും ദീര്‍ഘവും കൂട്ടക്ഷരവും സൗണ്ടിങ്ങും ഒക്കെ ഉദ്ദേശിച്ചപോലെതന്നെ വരണം. 

ജെറിമാഷ് തത്തകാരം വച്ച് ട്യൂണ്‍ പാടി ''തത്തരത്തത്താ തര തത്തരത്തത്താ...'' 

നിമിഷാര്‍ദ്ധത്തില്‍ അതേറ്റു പാടിക്കൊണ്ട് ബിച്ചു സാര്‍ എഴുതി: ''മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിക്കൊമ്പില്‍ താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവീ.'' മീറ്റര്‍ മാത്രമല്ല, ഹ്രസ്വവും ദീര്‍ഘവും കൂട്ടക്ഷരവും എല്ലാം കൃത്യം. അത്രമേല്‍ ലളിതം. മാത്രമല്ല, ഈണത്തിലൊളിഞ്ഞിരിക്കുന്ന ഊഞ്ഞാലാട്ടം കണ്ടെത്തി അതേപടി വരിയിലും പകര്‍ത്തി ബിച്ചു സാര്‍. ഒടുവില്‍ കഥാപാത്രത്തിന്റെ സ്വഭാവം അറിഞ്ഞുകൊണ്ടുള്ള 'സുമംഗലിക്കുരുവീ' എന്ന വാക്കും. ഈ തനതുവാക്ക് ചേര്‍പ്പാണ് ബിച്ചുവെഴുത്തിന്റെ മറ്റൊരു സവിശേഷത. ഈണത്തിന്റേയും കഥയുടേയും ആത്മാവ് ഒറ്റനിമിഷം കൊണ്ട് ഒരുപോലെ തൊടുന്ന ബിച്ചു മാജിക്കിന് ഈയൊരുദാഹരണം മതി.

ക്ലാസ്സിക്കലും നാട്ടുവര്‍ത്താനത്തില്‍പ്പെട്ടതും ന്യൂജനറേഷനും ആയ വാക്കുകളെ അദ്ദേഹം സുന്ദരമായി ഈണങ്ങളിലേക്ക് കൊണ്ടുവന്നു. മൈനാകവും ജലശംഖുപുഷ്പവും വാടകയ്ക്ക് മുറിയെടുക്കലും ഗുലുമാലും ഊരുവലവും ഉന്നവും പോര്‍ക്കലിയും മച്ചമ്പും നിലവറമൈനയും പഴന്തമിഴ് പാട്ടും കോതാമൂരിപ്പാട്ടും ഒക്കെ പാട്ടിലേക്ക് കയറിവന്നു. അത്രമേല്‍ കേള്‍ക്കാത്ത, ആരും ഇന്നേവരെ ഉപയോഗിക്കാത്ത വാക്കുകള്‍കൊണ്ട് പാട്ടുതുടങ്ങുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. കട്ടുറുമ്പേ എന്നു വിളിച്ച് ബിച്ചു പാട്ടു തുടങ്ങി. തൂക്കണാം കുരുവിയും കൊല്ലങ്കോട്ട് തൂക്കവും പച്ചക്കറിക്കായത്തട്ടും പാട്ടാരംഭങ്ങളായി. സമ്പത്ത് കാലത്ത് തൈ പത്ത് നടല്‍, കടുവയെ കിടുവ പിടിക്കല്‍, ഇട്ടിയമ്മചാടിയാല്‍ കൊട്ടിയമ്പലത്തിലോളം തുടങ്ങിയ പഴഞ്ചൊല്ലുകള്‍, മുന്‍ നിര്‍മ്മിതമായ ഈണങ്ങളില്‍ ഒരു കല്ലുകടിയുമുണ്ടാക്കാതെ കൃത്യമായി വന്നിരുന്നു. നമുക്കു പരിചിതമായ രണ്ട് പദങ്ങളെ കൂട്ടിച്ചേര്‍ത്ത് വാക്കിന്റെ മണിച്ചിത്രത്താഴുണ്ടാക്കി. ഓരോ ഭാഷയിലും നാക്കുളുക്കുന്ന ടങ്ങ് ട്വിസ്റ്ററുകളുണ്ടായിട്ടുണ്ട്. എന്നാല്‍, കളകളമിളകുമൊരരുവിയലലകളിലൊരുകുളിരൊരുപുളകം എന്ന് ഈണത്തിനനുസരിച്ച് സ്വയം സൃഷ്ടിക്കുകയും നമ്മുടെ നാക്കുകളില്‍ എന്നേക്കുമായി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട് ബിച്ചു തിരുമല.
 
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മാസ്റ്റര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്: ''ഒരു കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും അവരുടെ സംസ്‌കാരത്തിനും വേണ്ട വാക്കുകളും പ്രയോഗങ്ങളും വളരെ എളുപ്പത്തില്‍ ബിച്ചുവേട്ടന്‍ പാട്ടിലേക്ക് കൊണ്ടുവരും.'' കാക്കോത്തിയമ്മക്ക് തിരുകുരുതി വേണം കുടം കള്ളുകൊണ്ടാ കരിങ്കോഴി കൊണ്ടാ എന്ന് അദ്ദേഹമെഴുതുമ്പോള്‍ നാടും കാടും ഐതിഹ്യവും ദുരൂഹതയും ദ്രാവിഡ ദേവതാ സങ്കല്പവും എല്ലാം ചേര്‍ന്ന ചിത്രം കേള്‍ക്കുന്നവനു കിട്ടുന്നു. അതിലേതന്നെ താനേ ചിതലേറും കോലങ്ങള്‍ എന്നു തുടങ്ങുന്ന പാട്ടില്‍ ബിച്ചു തിരുമല നാടോടി ജീവിതത്തെ നന്നങ്ങാടികള്‍ എന്നൊക്കെയുള്ള ഒരുപക്ഷേ, മുന്‍പ് പാട്ടുകളില്‍ അങ്ങനെ ഉപയോഗിക്കാത്ത വാക്കുകള്‍കൊണ്ട് ദര്‍ശനോന്മുഖമായി വരച്ചുവയ്ക്കുകയാണ് അദ്ദേഹം. വള്ളംകളി തോണിയുണ്ടാക്കുന്ന ഒരു തച്ചന്റെ പണിശാലയിലും പരിസരങ്ങളിലും പരന്നുകിടക്കുന്ന ജീവിതമണമുള്ള മരച്ചീളുകള്‍പോലുള്ള വാക്കുകള്‍ പെറുക്കിയെടുത്താണ് ബിച്ചു തിരുമല ചമ്പക്കുളം തച്ചനിലെ പാട്ടുകള്‍ക്ക് അലകും പിടിയും വയ്ക്കുന്നത്. ആഞ്ഞിലിത്തോണിയും ഉന്നവും തുഴപ്പാടും മുഴക്കോലും ഒക്കെ അതില്‍ തെളിഞ്ഞു നില്‍ക്കുന്നു.

ഈണത്തിന്റെ ഭാവം കണ്ടെത്തി അതിനനുസരിച്ച് പാട്ടെഴുതാനുള്ള അപാര സിദ്ധിയായിരുന്നു അദ്ദേഹത്തിന്. സംവിധായകന്‍ പറയുന്ന ആശയത്തിനനുസരിച്ച്, ഈണത്തിന്റെ മീറ്ററില്‍ (ഛന്ദസ്) മാത്രമല്ല, ഈണത്തിന്റെ ഭാവത്തിനെക്കൂടി ചേര്‍ത്താണ് അദ്ദേഹം എഴുതിയിരുന്നത്. ഓലത്തുമ്പത്തിരുന്നൂയലാടും എന്ന് അത്രമേല്‍ ലളിതമായി ഈണത്തിനോട് ചേര്‍ന്നെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്. വരികള്‍ നമുക്ക് ഓര്‍ത്തെടുക്കേണ്ടതില്ല; ഈണം പാടിത്തുടങ്ങിയാല്‍ ഉയിരും ഉടലുംപോലെ അത് ഇഴചേര്‍ന്നു വരും. വരിയില്ലാതെ ഈണം മാത്രമായി മൂളാന്‍ പോലുമാകാത്തവിധം. ഉണ്ണികളെ ഒരു കഥ പറയാം, പാവാടവേണം മേലാട വേണം, ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ, ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി എന്നീ പാട്ടുകളും ഇതുപോലെയാണ്.

ദ്രുതമായ/ചടുലമായ പാട്ടുകള്‍ക്ക് (അടിപൊളി പാട്ട്, ഐറ്റം നമ്പര്‍) വരിയെഴുതാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട് ബിച്ചു സാറിന്. വിളംബതാളത്തിലുള്ള മെലഡി പാട്ടുകള്‍ എഴുതുന്നതിനേക്കാള്‍ ഇരട്ടി ബുദ്ധിമുട്ടുണ്ട് ഇത്തരത്തിലുള്ള പാട്ടുകള്‍ എഴുതാന്‍. അതിലും ബുദ്ധിമുട്ടാണ് അവ ആസ്വാദകന്റെ ചുണ്ടില്‍ മങ്ങാതെ നിര്‍ത്താന്‍. അയത്‌നലളിതമായിട്ടാണ് പടകാളി ചണ്ടി ചങ്കരിപോലുള്ള അനേകം പാട്ടുകളാല്‍ അദ്ദേഹം ഈ പ്രവൃത്തി നിര്‍വ്വഹിച്ചത്. അതില്‍ പലതും വാക്കു നിരത്തലും ആയിരുന്നില്ല. യോദ്ധയിലെ പാട്ടില്‍ അദ്ദേഹം ദേവിയുടെ (ഭദ്രകാളിയുടെ) പര്യായങ്ങളാണ് ഈണത്തിലേക്കു കൊണ്ടുവന്നത്. ചടുലവും സങ്കീര്‍ണ്ണതയുള്ളതുമായ ഈണത്തിനെ അത്രമേല്‍ ലളിതമാക്കുകയാണ് വാഴപ്പൂങ്കിളികള്‍ ഒരുപിടിനാരുകൊണ്ടു ചെറുകൂടുകള്‍ മെനയുമോലപ്പീലിയായ് എന്ന വരികൊണ്ട് രചയിതാവ്. ബിച്ചുസാറിന്റെ ഈ മിടുക്കിനെ കാണിക്കാന്‍ ഇനിയും എത്രയോ ഉദാഹരണങ്ങളുണ്ട്. അതുപോലെ, ഒരു വരിയുടെ അവസാന വാക്കില്‍നിന്ന് അടുത്ത വരിയുടെ ആദ്യം കോര്‍ത്ത് കെട്ടുന്ന പഴയ നാട്ടുപാട്ട് വഴികളും (എടുപ്പിശലുകള്‍ എന്നിവയെ പറയാമെന്നു തോന്നുന്നു) അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടിയുണ്ടാക്കിയ ചടുലമായ ഈണങ്ങളിലാണ് ഇവയെ അടക്കിവയ്ക്കുന്നത് എന്നു ചിന്തിക്കുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് വ്യക്തമാകുക. പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍, മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ എന്ന വരികള്‍ ഇതിന് ഉദാഹരണമാണ്.

ദ്രുതഗതി പാട്ടുകളുടെ എഴുത്തില്‍ ഇന്നു കാണുന്ന രീതിയുടെ തുടക്കക്കാരനും അതില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ വ്യക്തിയും ബിച്ചു തിരുമലയാണ്

അത്രമേല്‍ വൈവിധ്യമായിരുന്നു തിരുമലപ്പാട്ടുകള്‍ക്ക്; അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക്; തുഷാര ബിന്ദുക്കളേ, മകളേ പാതിമലരേ തുടങ്ങിയ മെലഡികള്‍, സെമി ക്ലാസ്സിക്കല്‍ ഗാനങ്ങള്‍, സ്വര്‍ണ്ണമീനിന്റെ പോലുള്ള ഖവാലികള്‍, പ്രായം നമ്മില്‍പോലുള്ള അടിപൊളി പാട്ടുകള്‍, തമാശപ്പാട്ടുകള്‍, ജീവിതമെന്നൊരു തൂക്കുപാലം പോലെ ലളിതമായി ഫിലോസഫി പറഞ്ഞ പാട്ടുകള്‍, ചന്ദനപ്പൂന്തെന്നല്‍ ചാമരം വീശുന്ന, എന്‍പൂവേ പൊന്‍ പൂവെ പോലുള്ള താരാട്ടുകള്‍. ഓരോ ഈണങ്ങളേയും തന്റെ വാക്കിന്റെ മുഴക്കോലുവച്ചയാള്‍ അളന്നെഴുതി. പറഞ്ഞാല്‍ തീരാത്തത്ര പാട്ടുകള്‍. അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് ഇനിയുമേറെ പറയാനുണ്ടാകും. മാമാങ്കം പലകുറി പോലുള്ള സിനിമേതര ഗാനങ്ങള്‍ വേറെയും. 90 ശതമാനം പാട്ടുകളും ഈണങ്ങള്‍ക്കനുസരിച്ച് എഴുതപ്പെടുന്ന ഇക്കാലത്ത് ഞങ്ങളെപ്പോലുള്ള ഇളം തലമുറക്കാര്‍ക്ക് അദ്ദേഹത്തിന്റെ ഓരോ പാട്ടും ഓരോ പാഠപുസ്തകമാണ്. ഈണങ്ങളില്‍, ചടുലമായ ഈണങ്ങളില്‍ എങ്ങനെ വാക്കിനെ അടുക്കണം, അര്‍ത്ഥം കൊണ്ടുവരണം, ഈണത്തിന്റെ ഭാവം എങ്ങനെ കണ്ടെത്തണം, വാക്കുകളെ എങ്ങനെ പുതുക്കണം എന്നൊക്കെ പറയാതെ പറഞ്ഞു വച്ചിട്ടുണ്ട് അദ്ദേഹം ഓരോ പാട്ടിലും. ഇങ്ങനെയൊക്കെയാണെങ്കിലും ചുണ്ടുകളില്‍ അദ്ദേഹത്തിന്റെ വരികള്‍ മൂളി നടക്കുമ്പോഴും മലയാളപ്പാട്ടെഴുത്തു കുലത്തെപ്പറ്റി പറയുന്നിടത്ത് ബിച്ചു തിരുമല എന്ന പേര് വേണ്ടത്ര പറഞ്ഞിരുന്നോ അംഗീകരിക്കപ്പെട്ടിരുന്നോ എന്നു സംശയമുണ്ട്. എന്തുതന്നെയായാലും മലയാളവും മലയാളിയും ഉള്ളിടത്തോളം നമ്മുടെയൊക്കെ ചുണ്ടുകളില്‍, ഒന്നോര്‍ത്തെടുക്കുകപോലും വേണ്ടാത്തവിധം ആ വരികളുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com