കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബ്രിട്ടനില്‍ വേരുറപ്പിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്?

ലണ്ടനില്‍ അഭയം തേടിയ കാള്‍ മാര്‍ക്‌സും ഫ്രഡറിക് ഏംഗല്‍സും ചേര്‍ന്നു രൂപം നല്‍കിയ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തിന്റെ ആരംഭ, വികാസ പരിണാമത്തിന്റേയും നാഴികക്കല്ലുകള്‍ വീണത് ഇംഗ്ലീഷ് മണ്ണിലാണ്
1933ൽ ഷാപ്പൂർജി ദൊറാബ്ജി സക്ലത് വാല ലണ്ടനിൽ തൊഴിലാളികളുടെ യോ​ഗത്തിൽ പ്രസം​ഗിക്കുന്നു. സോഷ്യലിസ്റ്റ് ചിന്താ​ഗതിക്കാരനായിരുന്ന സക്ലത് വാല ഇന്നത്തെ ലേബർ പാർട്ടി പാർട്ടിയുടെ പഴയ രൂപത്തിൽ ഒന്നായ ഇൻ‍ഡിപെൻഡൻഡ് ലേബർ പാർട്ടിയിൽ അം​ഗമായിരുന്നു
1933ൽ ഷാപ്പൂർജി ദൊറാബ്ജി സക്ലത് വാല ലണ്ടനിൽ തൊഴിലാളികളുടെ യോ​ഗത്തിൽ പ്രസം​ഗിക്കുന്നു. സോഷ്യലിസ്റ്റ് ചിന്താ​ഗതിക്കാരനായിരുന്ന സക്ലത് വാല ഇന്നത്തെ ലേബർ പാർട്ടി പാർട്ടിയുടെ പഴയ രൂപത്തിൽ ഒന്നായ ഇൻ‍ഡിപെൻഡൻഡ് ലേബർ പാർട്ടിയിൽ അം​ഗമായിരുന്നു

മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിനു ജന്മം നല്‍കിയതിന് ഏതെങ്കിലും സ്ഥലത്തെ വാഴ്ത്തണമെങ്കിലോ പഴിക്കണമെങ്കിലോ അത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നഗരത്തെ ആകാ''മെന്നു ഇംഗ്ലീഷ് ചരിത്രകാരനായ ആസാ ബ്രിഗ്ഗ്‌സ് (Asa Briggs) എഴുതിയിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു തിരസ്‌കൃതനായി ലണ്ടനില്‍ അഭയം തേടിയ കാള്‍ മാര്‍ക്‌സും ഫ്രഡറിക് ഏംഗല്‍സും ചേര്‍ന്നു രൂപം നല്‍കിയ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തിന്റെ ആരംഭ, വികാസ പരിണാമത്തിന്റേയും നാഴികക്കല്ലുകള്‍ വീണത് ഇംഗ്ലീഷ് മണ്ണിലാണ്. 19-ാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന ബ്രിട്ടനിലാണ് ഇംഗ്ലീഷ് ഭാഷയില്‍ അല്ലെങ്കില്‍പ്പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ്‌ക്യാപ്പിറ്റലും പ്രസിദ്ധീകൃതമായത്. 

ഇനി 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വ്‌ലാഡിമിര്‍ ലെനിന്‍ 1902-ല്‍ അറസ്റ്റ് ഭയന്നു ഭാര്യ കൃപ്സകായയുമായി ഒരു കൊല്ലത്തോളം വന്നു താമസിച്ചതും ലണ്ടനില്‍. പിന്നെയും പലതവണ അദ്ദേഹം ലണ്ടനില്‍ വന്നു. മൂലധനം രചിക്കാന്‍ മാര്‍ക്‌സ് ഗവേഷണം നടത്തിയ അതേ ബ്രിട്ടീഷ് മ്യൂസിയത്തിലെ ലൈബ്രറിയില്‍ ഇരുന്ന് സ്വന്തം നാട്ടിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ വിപ്ലവസാധ്യതകളെ സിദ്ധാന്തവല്‍ക്കരിച്ചു. 1903-ലെ ലണ്ടനിലെ ത്രീ ജോണ്‍സ് പബ്ബില്‍ നടന്ന സമ്മേളനത്തിലാണ് റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (RSDLP) അംഗത്വനയത്തിന്റേയും ഘടനയുടേയും പേരില്‍ ബോള്‍ഷെവിക്കും മെന്‍ഷെവിക്കുമായി രണ്ടായത്. 

സൈബീരിയയിലെ തടവില്‍നിന്നും രഹസ്യമായി ലണ്ടനിലെത്തിയാണ് യുവാവായ ട്രോട്സ്‌കി ലെനിനെ ആദ്യമായി കാണുന്നത്. 1907-ല്‍ ഡെന്മാര്‍ക്കിലും സ്വീഡനിലും നോര്‍വേയിലുമുള്ള വിലക്കിനെത്തുടര്‍ന്ന് ലണ്ടനില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍, ലിറ്റിനേവിനും സിനുവിയെവിനും സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കിക്കും ഒപ്പം, അന്ന് അത്ര പ്രശസ്തനല്ലായിരുന്ന ജോസഫ് സ്റ്റാലിന്‍ എന്ന ചെറുപ്പക്കാരനും ലണ്ടനില്‍ എത്തിയിരുന്നു. അങ്ങനെ കമ്യൂണിസ്റ്റ് ആശയം മൂര്‍ത്തരൂപം പ്രാപിക്കുന്നതിനും അതിനെ രാഷ്ട്രീയമായ പ്രായോഗികതയിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതിനും അണിയറ ബ്രിട്ടന്‍ തന്നെയായിരുന്നു. 

ഫ്രെഡറിക് ഏംഗല്‍സിന്റെ 200-ാം ജന്മവാര്‍ഷികവും വ്‌ലാഡിമിര്‍ ലെനിന്റെ 150-ാം ജന്മവാര്‍ഷികവും ആഘോഷിക്കുന്ന 2020 ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിവര്‍ഷം കൂടിയാണ്. യുദ്ധത്തിനു മുന്‍പും ശേഷവുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി പല പാശ്ചാത്യ രാജ്യങ്ങളിലും പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിട്ടനില്‍ 100 കൊല്ലത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും വിലക്ക് നേരിടേണ്ടിവന്നിട്ടില്ല. 

1917-ലെ ബോള്‍ഷെവിക് വിപ്ലവത്തിനു മുന്നേതന്നെ, സാര്‍ ഭരണത്തിന്റെ മര്‍ദ്ദനമുറകളേയും കിരാത നിയമങ്ങളേയും ഭയന്ന്, അഭയം തേടിയിരുന്ന വിപ്ലവകാരികള്‍ക്ക് ബ്രിട്ടനിലെ തൊഴിലാളികളുടേയും സോഷ്യലിസ്റ്റ് അനുഭാവികളുടേയും അനുകമ്പയും പിന്തുണയും ഉണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോഴാണ് ഭൂഖണ്ഡത്തിന്റെ മറ്റേ അറ്റത്ത് അരങ്ങേറിയ റഷ്യന്‍ വിപ്ലവ വാര്‍ത്തകള്‍ പടിഞ്ഞാറെ അറ്റത്തുള്ള ബ്രിട്ടീഷ് ദ്വീപുകളില്‍ എത്തുന്നത്. മാര്‍ക്‌സിസ്റ്റ് അനുഭാവികളും തൊഴിലാളികളും ആവേശഭരിതരായപ്പോള്‍, പുതിയ റഷ്യന്‍ ഭരണകൂടം യുദ്ധത്തില്‍നിന്നു പിന്‍വാങ്ങിയത്, വലിയതോതില്‍ ആള്‍നാശം വരുത്തിക്കൊണ്ടിരുന്ന യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന പസിഫിസ്റ്റുകളേയും സന്തുഷ്ടരാക്കി.  

1916-ല്‍ ഉത്തര അയര്‍ലന്‍ഡില്‍, നിര്‍ദ്ദയമായി അടിച്ചമര്‍ത്തപ്പെട്ട ഈസ്റ്റര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, ബ്രിട്ടന്റെ കോളനി നയങ്ങളെ വിമര്‍ശിച്ചിരുന്നവര്‍, സാമ്രാജ്യ ശക്തികള്‍ക്കേറ്റ കനത്ത ആഘാതമായി വിപ്ലവത്തെ വീക്ഷിച്ചു. എങ്കിലും കെറെന്‍സ്‌കിയുടെ നേതൃത്വത്തില്‍ നടന്ന ഫെബ്രുവരി വിപ്ലവത്തെ അനുകൂലിച്ചും അഭിനന്ദിച്ചും ലണ്ടനിലും ലീഡ്‌സിലും മാഞ്ചെസ്റ്ററിലും വലിയ സമ്മേളനങ്ങള്‍ നടത്തിയ സോഷ്യലിസ്റ്റ് അനുഭാവികളായ ലേബര്‍ പാര്‍ട്ടി അംഗങ്ങളും ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമൊന്നും ബോള്‍ഷെവിക് വിപ്ലവത്തെ സ്വാഗതം ചെയ്തില്ല. 

പക്ഷേ, വിപ്ലവ സര്‍ക്കാരിനെതിരെ സാമ്രാജ്യശക്തികള്‍ അണിനിരത്തിയ 'വൈറ്റ് ആര്‍മി'യില്‍ ബ്രിട്ടന്‍ പങ്കാളിയാകുന്നതിനെ പലരും എതിര്‍ത്തു. അങ്ങനെ രൂപംകൊണ്ട ഹാന്‍ഡ്‌സ് ഓഫ് റഷ്യ എന്ന സംഘടനയെ ബെര്‍ണാഡ് ഷാ ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ പിന്തുണയ്ക്കുകയും ചെയ്തു. തൊഴിലാളികള്‍ക്കിടയില്‍ ഈ എതിര്‍പ്പ് പുറത്തുകൊണ്ടുവന്ന, റഷ്യന്‍ വിപ്ലവത്തിനു പിന്തുണയ്ക്കുന്ന, പ്രതീകാത്മകമായ ഒരു സംഭവം 1920 മേയ് 10-ന് ഈസ്റ്റ് ലണ്ടന്‍ തുറമുഖത്തില്‍ അരങ്ങേറി. ചരക്ക് കപ്പലിലേക്ക് ബോള്‍ഷെവിക് ഭരണകൂടത്തിനെതിരെ പട പൊരുതുന്ന വൈറ്റ് ആര്‍മിക്കുള്ള, യുദ്ധോപകരണങ്ങള്‍ കയറ്റാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചു. ഈ സംഭവത്തെ അനുസ്മരിച്ച് 50-ാം വാര്‍ഷികത്തില്‍ സോവിയറ്റ് റഷ്യ, ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

വര്‍ഗങ്ങളുടെ അണിചേരല്‍ 

പാര്‍ലമെന്ററി രീതിയുടെ ഭാഗമാകമോ എന്ന ചോദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം എന്ന ലക്ഷ്യത്തെ അലട്ടിയിരുന്നു. ഇടതു അനുഭാവികള്‍ ഉള്ള ലേബര്‍ പാര്‍ട്ടിയോടുള്ള സമീപനം എന്താവണമെന്നതിലും അഭിപ്രായ ഐക്യം ഉണ്ടായില്ല. 1920-ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച തന്റെ കമ്യൂണിസ്റ്റ് ഇടതുപക്ഷം: ബാലാരിഷ്ടതകള്‍ (LEFT COMMUNIST WING; INFANTILE DISORDERS) എന്ന പ്രബന്ധത്തില്‍, മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഒത്തുചേര്‍ന്നു പാര്‍ട്ടി രൂപീകരിക്കണമെന്നും തൊഴിലാളി സംഘടനകളും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുമായും സഹകരിച്ച്, അധികാരത്തിലെത്തുമ്പോള്‍ യഥാര്‍ത്ഥ തൊഴിലാളി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ തിരിച്ചറിയുന്ന അടിസ്ഥാനവര്‍ഗ്ഗം പാര്‍ട്ടിയില്‍ അണിചേരുമെന്നും ലെനിന്‍ വാദിച്ചു. 'തൂക്കിലേറ്റപ്പെട്ടവന്റെ കഴുത്തിലെ കയറിനു സമാനമായി' ലേബര്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആതര്‍ ഹെന്‍ഡേഴ്സനെ പിന്തുണയ്ക്കണം എന്നാണ് ലെനിന്‍ പറഞ്ഞത്. 

1920 ജൂലൈ 31-ന് ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, ലേബര്‍ പാര്‍ട്ടിയിലെ സോഷ്യലിസ്റ്റ് ഘടകമായിരുന്ന സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ട്ടി, കമ്യൂണിസ്റ്റ് യൂണിറ്റി ഗ്രൂപ്പ് തുടങ്ങിയവ ചേര്‍ന്ന് 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍' (CPGB) രൂപീകരിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ആല്‍ബര്‍ട്ട് ഇങ്ക്പിന്‍ (Albert Inkpin) ആയിരുന്നു ആദ്യ ജനറല്‍ സെക്രട്ടറി. ലിബറല്‍ പാര്‍ട്ടി അംഗമായിരുന്ന സെസില്‍ മലോണ്‍ (Cecil Malone) അംഗത്വം സ്വീകരിച്ചതോടെ, പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യവുമായി. തികഞ്ഞ കമ്യൂണിസ്റ്റ് വിരോധിയും സോഷ്യലിസ്റ്റ് ആശയങ്ങളെ തന്റെ ലേഖനങ്ങള്‍ വഴി നഖശിഖാന്തം എതിര്‍ത്തിരുന്ന മലോന്‍ ഒരു വൈമാനികന്‍ ആയിരുന്നു.  1918-ല്‍ ലിബറല്‍ പാര്‍ട്ടിയുടെ അംഗം ആയിട്ടാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിപ്ലവാനന്തരം മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടലിലേയും കരയിലേയും ഉപരോധം മറികടന്ന്, റഷ്യയില്‍ എത്തിയ സാഹസികനായ മലോണ്‍, ട്രോട്സ്‌കി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഫാക്ടറികളും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും സന്ദര്‍ശിച്ചു. ഒരു തികഞ്ഞ കമ്യൂണിസ്റ്റായി പരിവര്‍ത്തനം സംഭവിച്ച് തിരിച്ചെത്തിയ അദ്ദേഹം റഷ്യന്‍ ജനതയെ ദുരിതത്തിലാഴ്ത്തുന്ന ഉപരോധത്തിനെതിരെയുള്ള 'ഹാന്‍ഡ്‌സ് ഓഫ് റഷ്യ' മുന്നേറ്റത്തിന്റെ അമരക്കാരന്‍ ആയിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തുന്നത്. ഇടത് അനുഭാവികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തുറന്നു സഹകരിക്കാന്‍ ലേബര്‍ പാര്‍ട്ടി വിസമ്മതിച്ചു. അംഗങ്ങള്‍ ലേബര്‍ പാര്‍ട്ടിയില്‍ സഹകരിക്കുന്നതും തെരഞ്ഞെടുപ്പില്‍ പിന്തുണ നേടുന്നതിനും പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല.

ഏതായാലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴിയിലേക്ക് വൈമനസ്യത്തോടെ വന്ന പാര്‍ട്ടി, രൂപീകൃതമായി രണ്ടു വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏഴു പേരെ സ്ഥാനാര്‍ത്ഥികള്‍ ആക്കിയപ്പോള്‍ രണ്ടുപേര്‍ വിജയിച്ചു. നാലുപേര്‍ രണ്ടാമതെത്തി. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ലണ്ടനിലെ ബാറ്റര്‍സീ നോര്‍ത്ത് മണ്ഡലത്തില്‍നിന്നും വിജയിച്ച ഇന്ത്യക്കാരനായ 'ഷാപ്പൂര്‍ജി ദൊറാബ്ജി സക്ലത്വാല' (Shapoorji Dorabji Saklatwala) ആയിരുന്നു അതിലൊരാള്‍. മദര്‍വെല്‍ മണ്ഡലത്തില്‍നിന്നും ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെതന്നെ വിജയിച്ച വാള്‍ട്ടന്‍ ന്യൂബോള്‍ഡ് ആയിരുന്നു രണ്ടാമന്‍. 1905-ല്‍ മാഞ്ചസ്റ്ററിലെ ടാറ്റയുടെ ഓഫീസിന്റെ ചുമതലക്കാരനായി ബ്രിട്ടനില്‍ എത്തിയ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന സക്ലത് വാല ഇന്നത്തെ ലേബര്‍ പാര്‍ട്ടി പാര്‍ട്ടിയുടെ പഴയ രൂപങ്ങളില്‍ ഒന്നായ ഇന്‍ഡിപെന്‍ഡന്‍ഡ് ലേബര്‍ പാര്‍ട്ടിയില്‍ അംഗമായി. റഷ്യന്‍ വിപ്ലവത്തില്‍ ആകൃഷ്ടനായ സക്ലത്വാല പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പക്ഷേ, ടാറ്റയുടെ അനന്തരവനായ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഈ ആദ്യ കമ്യൂണിസ്റ്റ് അംഗത്തിന്റെ കാലാവധിക്ക് അധികം ആയുസ്സുണ്ടായില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം തന്റെ സാമ്പത്തിക നയങ്ങള്‍ക്കു കൂടുതല്‍ ഭൂരിപക്ഷം കിട്ടാനായി കണ്‍സര്‍വേറ്റീവ് നേതാവായിരുന്ന പ്രധാനമന്ത്രി ബാള്‍ഡ്വിന്‍ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പാര്‍ലമെന്റ്റ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സക്ലത്വാലാ ഉള്‍പ്പെടെ മത്സരിച്ച ഒന്‍പത് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളും തോറ്റു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു പാര്‍ലമെന്റ് വന്നപ്പോള്‍ ലിബറല്‍ പാര്‍ട്ടിയുടെ പിന്തുണയോടെ റാംസെ മക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ആദ്യത്തെ ലേബര്‍ സര്‍ക്കാര്‍ സ്ഥാനമേറ്റു. പക്ഷേ, 10 മാസംപോലും മന്ത്രിസഭയ്ക്കു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരംഗം പോലും ഇല്ലാതിരുന്നിട്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍നിന്നു പുറത്തുപോകേണ്ടിവന്നതിനു കാരണമായത് പാര്‍ട്ടിയുടെ കമ്യൂണിസ്റ്റ് അനുഭാവമാണെന്നു പറയാം. ഭരിക്കുന്ന പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചുവരുന്ന കമ്യൂണിസ്റ്റുകളുടെ സ്വാധീനം ആണെന്ന ആരോപണത്തില്‍ ലിബറലുകള്‍ പിന്തുണ പിന്‍വലിച്ചതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ കന്നി ലേബര്‍ മന്ത്രിസഭ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തുപോയി.

'ക്യാമ്പല്‍ കേസ്' എന്ന പേരിലുള്ള ഈ സംഭവത്തിന്റെ മറ്റൊരു രൂപമാണ്, 1924-ലെ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ പരാജയത്തിനു നിമിത്തമായത്. ഇത്തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന 'ഡെയിലി മെയില്‍' പത്രം പ്രസിദ്ധീകരിച്ച ഒരു കത്തായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഗതി മാറ്റിമറിച്ചത്. രാജ്യത്ത് വിപ്ലവത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടുകൊണ്ട്, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഗ്രിഗോറി സിനോവിയേവ് എഴുതി എന്നു പറയപ്പെടുന്ന ഒരു കത്തായിരുന്നു അത്. താന്‍ എഴുതിയതല്ല അത് എന്ന് സിനോവിയേവ് പറഞ്ഞെങ്കിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സോവിയറ്റ് യൂണിയന്റെ രഹസ്യ ഇടപെടല്‍ ആയി ഇതിനെ കണ്ട വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ 'കമ്യൂണിസ്റ്റ് അനുഭാവമുള്ള' ലേബര്‍ പാര്‍ട്ടിയെ കയ്യൊഴിഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ ബാള്‍ഡ്വിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നു. വര്‍ഷങ്ങള്‍ക്കുശേഷം കത്ത് വ്യാജമായിരുന്നുവെന്നും അത് ബെര്‍ലിനില്‍ വെച്ച് ബോള്‍ഷെവിക് വിരോധികള്‍ ചമച്ചതായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി. 

സക്ലത്വാല എന്ന ഒറ്റയാള്‍പ്പട്ടാളം

എന്തായാലും പാര്‍ലമെന്റ്റില്‍ പറയത്തക്ക സ്വാധീനം ഒന്നും ഉണ്ടാക്കാന്‍ ആയില്ലെങ്കിലും പാര്‍ട്ടികളെ അധികാരത്തിലെത്തിക്കാനും താഴെ ഇറക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമായി. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടായപ്പോള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം. തന്റെ ബാറ്റര്‍സീ നോര്‍ത്ത് മണ്ഡലത്തില്‍നിന്നും സക്ലത്വാല 544 വോട്ടുകള്‍ക്ക് ജയിച്ച് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏക പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തി. പിന്നീട് മൂന്നു തവണ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒരു ഇംഗ്ലീഷുകാരിയെ വിവാഹം ചെയ്ത അദ്ദേഹം, തന്റെ കുട്ടികള്‍ക്ക് ടാറ്റ കുടുംബത്തില്‍നിന്നുള്ള ഓഹരി ലഭിക്കാന്‍, പാഴ്സി മതവിശ്വാസപ്രകാരമുള്ള ചടങ്ങ് നടത്തിയതിന്റെ പേരില്‍, പാര്‍ട്ടിയുടെ താക്കീതിനു വിധേയനായിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ച് ഗാന്ധിജിയുമായി കത്തിടപാടുകള്‍ നടത്തിയിരുന്ന അദ്ദേഹം നിരവധി ലേഖനങ്ങളും കൃതികളും രചിച്ചു. 1936-ല്‍ 61-ാമത്തെ വയസ്സില്‍ സക്ലത്വാല അന്തരിച്ചു. 

1924-ലെ തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് വന്‍ പരാജയം സംഭവിച്ചതോടെ, ബ്രിട്ടീഷ് രാഷ്ട്രീയം, പിന്നീടുള്ള നാളുകളില്‍ കണ്‍സര്‍വേറ്റീവും ലേബറും എന്ന ഇരുചക്രങ്ങളില്‍ തിരിയുന്ന സംവിധാനമായി മാറി. അതുകൊണ്ടുതന്നെ, ചെറു പാര്‍ട്ടികള്‍ അപ്രസക്തമാവുകയും അവയെല്ലാം വിവിധ അഭിപ്രായങ്ങള്‍ വെച്ചുപൊറുക്കുന്ന, ഈ പാര്‍ട്ടികളില്‍ ഏതെങ്കിലും ഒന്നിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന, സമ്മര്‍ദ്ദ സംഘങ്ങളായി നിലനിന്നു. മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ വ്യക്തമായ ഒരു ഇടംനേടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആയില്ലെങ്കിലും തൊഴിലാളികള്‍ക്കിടയിലും തൊഴില്‍രഹിതര്‍ക്ക് ഇടയിലും വേരോട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. സ്റ്റാലിന്റെ റഷ്യ നടത്തിയ കാര്‍ഷിക വ്യവസായ രംഗങ്ങളിലെ മുന്നേറ്റത്തിന്റെ വര്‍ത്തമാനങ്ങള്‍ പലരിലും ഒരു പ്രത്യയശാസ്ത്രം എന്നതിലുപരി വിജയകരമായ ഒരു സാമൂഹികക്രമം എന്ന രീതിയിലും കമ്യൂണിസത്തിലുള്ള കൗതുകം ജനിപ്പിച്ചു. മാനുഷികമൂല്യങ്ങള്‍ ചൂഷണം ചെയ്യുന്ന മുതലാളിത്ത സമ്പ്രദായത്തേക്കാള്‍ പ്രവര്‍ത്തനക്ഷമമായ, ജനാധിപത്യം കൂടുതല്‍ മികച്ചതും യഥാര്‍ത്ഥവുമായ രീതിയില്‍ നടപ്പിലാക്കുന്നത് സോവിയറ്റ് യൂണിയന്‍ ആണെന്ന് ബ്രിട്ടീഷ് രാഷ്ട്രീയ സൈദ്ധാന്തികനായ ഏ.ഉ.ഒ. കോള്‍ സമര്‍ത്ഥിച്ചു. 'കിഴക്ക് ഉദയം കൊള്ളുന്ന പുതിയ സംസ്‌കാര'ത്തെക്കുറിച്ച് ഫാബിയന്‍ സോഷ്യലിസ്റ്റുകള്‍ ആയ സിഡ്നി വെബ്ബും ബിയാട്രീസ് വെബ്ബും എഴുതി. 1931-ല്‍ സോവിയറ്റ് റഷ്യയിലേക്ക് 'തീര്‍ത്ഥയാത്ര' പോയ ബര്‍ണാഡ്ഷാ തന്റെ 75-ാം ജന്മദിനം ആഘോഷിച്ചത് സ്റ്റാലിനൊപ്പം ആയിരുന്നു. കവി സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് ഡെയിലി വര്‍ക്കറിന്റെ ലേഖകനായി സ്പാനിഷ് ആഭ്യന്തര യുദ്ധം റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലി അബിസീനിയ (എതോപ്യ) ആക്രമിച്ചപ്പോഴും ജര്‍മനി ചെക്കോസ്ലോവാക്യ ആക്രമിച്ചു കീഴടക്കിയപ്പോഴും ഉറച്ച നിലപാട് സ്വീകരിക്കാതിരുന്ന ബ്രിട്ടന്റെ തീരുമാനത്തില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മറ്റു ജനാധിപത്യ രാജ്യങ്ങള്‍ ഒഴിഞ്ഞുനിന്നപ്പോള്‍ സോവിയറ്റ് റഷ്യ, ഫാസിസ്റ്റ് ആക്രമണത്തിനെതിരെ പൊരുതുന്ന സ്പെയിനിലെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിനൊപ്പം നിന്നു. ഫ്രാന്‍സുമായി പരസ്പര സഹായ കരാറിലേര്‍പ്പെട്ടു. 1935 ലീഗ് ഓഫ് നേഷന്‍സില്‍ അംഗമായതോടെ സോവിയറ്റ് യൂണിയന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അംഗീകാരവുമായി. ഫാസിസ്റ്റ് നേതാവ് ഓസ്വാള്‍ഡ് മോസ്ലിയുടെ നേതൃത്വത്തിലുള്ള 'കറുത്ത കുപ്പായക്കാരെ' കമ്യൂണിസ്റ്റുകാര്‍ ലണ്ടന്‍ തെരുവുകളില്‍ കായികമായിത്തന്നെ നേരിട്ടു. ചുരുക്കത്തില്‍ യൂറോപ്പിന്റെ അരങ്ങില്‍ കരുത്തു പ്രാപിച്ചുവരുന്ന, ഹിറ്റ്ലറിന്റേയും മുസ്സോളിനിയുടേയും ഏകാധിപത്യ പ്രവണതകള്‍ക്ക് തടയിടാനും ജനാധിപത്യത്തെ സംരക്ഷിക്കാനും സ്റ്റാലിന്റെ റഷ്യയ്ക്ക് മാത്രമേ സാധിക്കൂ എന്ന തോന്നല്‍ പലര്‍ക്കുമുണ്ടായിരുന്നു. ഇതെല്ലം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

അങ്ങനെ സോവിയറ്റ് മോഡല്‍ പാശ്ചാത്യ ലോകത്തിന്റെ കൗതുകവും താല്പര്യവും നേടിക്കൊണ്ടിരുന്ന വേളയിലാണ് 1939 ഓഗസ്റ്റ് 23-ന് റഷ്യ, നാസി ജര്‍മനിയുമായി യുദ്ധമില്ലാക്കരാര്‍ ഒപ്പുവയ്ക്കുന്നത്. ഫാസിസ്റ്റ് ശക്തികളെ എതിര്‍ത്തിരുന്ന ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി, ഹിറ്റ്ലറുടെ ആക്രമണത്തെ തടയാനുള്ള സ്റ്റാലിന്റെ തന്ത്രപരമായ സമാധാന ശ്രമം ആയിട്ടാണ് ഈ കരാറിനെ വിശേഷിപ്പിച്ചത്. ഹരോള്‍ഡ് ലാസ്‌കി, കിങ്സ്ലി മാര്‍ട്ടിന്‍ തുടങ്ങിയവര്‍, ജര്‍മനി-റഷ്യ കരാറിനെ ആത്മരക്ഷാര്‍ത്ഥമുള്ള സ്റ്റാലിന്റെ പ്രതിരോധമായി വീക്ഷിച്ചു. മാത്രമല്ല, ഫ്രാന്‍സും റഷ്യയുമായുള്ള സഹകരണ സന്ധിക്ക് മുന്‍കൈ എടുക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിന്‍ ചേംബര്‍ലെയിന്റെ വീഴ്ചയാണ് ഇതിനു കാരണമായത് എന്നും സമര്‍ത്ഥിച്ചു. പക്ഷേ, ചില ഇടതുപക്ഷ അനുഭാവികള്‍ എങ്കിലും അത് ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു. സോവിയറ്റ് യൂണിയന്റെ ജര്‍മനിയുമായുള്ള കരാര്‍, മൂന്നിനെതിരെ 21 വോട്ടുകള്‍ക്ക് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അംഗീകരിച്ചു. എതിര്‍ത്ത മൂന്നുപേരില്‍ ഒരാള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന ഹാരി പോളിറ്റ് ആയിരുന്നു. മറ്റേയാള്‍ ആകട്ടെ, 'ഡെയിലി വര്‍ക്കര്‍' പത്രത്തിന്റെ പത്രാധിപരായ ക്യാമ്പല്‍ കേസിലെ നായകന്‍ ജോണ്‍ ക്യാമ്പലും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഏക കമ്യൂണിസ്റ്റ് അംഗമായിരുന്ന വില്യം ഗാലഷര്‍ ആയിരുന്നു മൂന്നാമന്‍. ക്യാമ്പലിനെ ഡെയിലി വര്‍ക്കറിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കുകയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പൊളിറ്റിനു പകരം ഇന്ത്യന്‍ വംശജനായ രജനി പാമേ ദത്തിനെ നിയമിക്കുകയും ചെയ്തു. 

 1939 സെപ്റ്റംബര്‍ മൂന്നിന് ബ്രിട്ടന്‍ നാസി ജര്‍മനിയുമായി യുദ്ധം പ്രഖ്യാപിച്ചു. സാമ്രാജ്യ ശക്തികളും നാസികളും തമ്മിലുള്ള യുദ്ധം ഇരുകൂട്ടരുടേയും വിനാശത്തില്‍ കലാശിക്കുമ്പോള്‍, അത് കമ്യൂണിസ്റ്റ് വിപ്ലവത്തിന് അരങ്ങൊരുക്കുമെന്നും ഹിറ്റ്‌ലറിന് എതിരായുള്ള യുദ്ധം യൂറോപ്പിനെ ഫാസിസത്തില്‍നിന്നു മോചിപ്പിക്കാന്‍ അല്ലെന്നും ജര്‍മനിക്കുമേല്‍ സാമ്രാജ്യമോഹത്തോടെ ഉള്ള സമാധാനം അടിച്ചേല്‍പ്പിക്കാനാണ് എന്നുമുള്ള ലേഖനങ്ങള്‍ ഡെയിലി വര്‍ക്കര്‍ പ്രസിദ്ധീകരിച്ചു. 1940-ല്‍ മെക്‌സിക്കോയില്‍ വച്ച് ട്രോട്സ്‌കി കൊലചെയ്യപ്പെട്ടപ്പോള്‍, 'പിന്തിരിപ്പന്‍ പ്രതിവിപ്ലവ ഭീകരന്‍' മരണമടഞ്ഞു എന്നാണ് പത്രം വാര്‍ത്ത നല്‍കിയത്.

'ഓപ്പറേഷന്‍ ബാര്‍ബറോസ്സ'യിലൂടെ 1941 ജൂണില്‍ ജര്‍മനി ആക്രമണം അഴിച്ചുവിട്ടപ്പോള്‍ റഷ്യ യുദ്ധരംഗത്തെത്തിയതോടെ അച്ചുതണ്ട് ശക്തികളെ പരാജയപ്പെടുത്താന്‍ സോവിയറ്റ് യൂണിയനിലെ രണ്ടാമത്തെ യുദ്ധമുഖത്തെ പിന്തുണയ്ക്കണമെന്നും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ദേശീയ ഗവണ്‍മെന്റിന് എല്ലാവിധ സഹകരണവും നല്‍കണമെന്നുമുള്ള നിലപാടിലേക്കു പാര്‍ട്ടി മാറി. ഇതിനിടെ പാര്‍ട്ടിയുടെ ഇംഗിതമനുസരിച്ച് മാറി നിന്നിരുന്ന പോളിറ്റ് വീണ്ടും സെക്രട്ടറിയായി. ക്യാമ്പലും പാര്‍ട്ടിയിലേക്കു തിരിച്ചുവന്നു. രജനി ദത്തിന്റെ താല്‍പ്പര്യത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള കോളനികളുടെ സ്വാതന്ത്ര്യത്തിനു പാര്‍ട്ടി പ്രാധാന്യം നല്‍കി. യുദ്ധാനന്തരം ജനപ്രീതി വര്‍ദ്ധിച്ച പാര്‍ട്ടി 1945-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ ഒറ്റയ്ക്കു നേടി. പാര്‍ട്ടിയുടെ അംഗസംഖ്യ 60,000 കവിഞ്ഞു. 1946-ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 200-ലധികം കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. 1951 സ്റ്റാലിന്‍ അംഗീകരിച്ച 'സോഷ്യലിസത്തിലേക്കുള്ള ബ്രിട്ടീഷ് പാത'  സമത്വത്തില്‍ ഊന്നിയുള്ള ഒരു സമൂഹനിര്‍മ്മാണത്തിലേക്കുള്ള സമാധാനപരമായ മാറ്റം-കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമായി അംഗീകരിച്ചു. ജോര്‍ജ് ഓര്‍വെലിന്റെ 'അനിമല്‍ ഫാമും' സ്റ്റീഫന്‍ സ്പെന്‍ഡര്‍ തുടങ്ങിയവരുടെ 'പരാജയപ്പെട്ട ദൈവ'ത്തെക്കുറിച്ചുള്ള മോഹഭംഗങ്ങളും ഒക്കെ ബുദ്ധിജീവികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനത്തിനു പറയത്തക്ക കോട്ടമൊന്നുമുണ്ടായില്ല. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതെന്നു കരുതാവുന്ന ഈ കാലഘട്ടം വളരെ നീണ്ടില്ല. 20-ാം കോണ്‍ഗ്രസ്സില്‍ സ്റ്റാലിന്‍ കാലത്തെ ക്രൂരതകളെക്കുറിച്ചുള്ള ക്രൂഷ്‌ചേവിന്റെ 'രഹസ്യ ഭാഷണ'വും 1956-ല്‍ ഹംഗേറിയന്‍ കലാപത്തെ അടിച്ചമര്‍ത്തിയതും ശരാശരി ബ്രിട്ടീഷുകാരുടെ മനസ്സില്‍ പാര്‍ട്ടിയോടുള്ള അനുഭാവത്തിനു മങ്ങല്‍ ഏല്‍പ്പിച്ചു, മാര്‍ക്‌സിസ്റ്റ് ചിന്തകരായ ഇ.പി. തോംസണും താരിഖ് അലിയും റാഫേല്‍ സാമുവലും സ്റ്റുവര്‍ട്ട് ഹാളുമൊക്കെ സ്റ്റാലിനിസത്തെ എതിര്‍ത്ത് ന്യൂ ലെഫ്റ്റിലേക്കും ട്രോട്സ്‌കിയന്‍ സിദ്ധാന്തത്തിലേക്കും തിരിഞ്ഞു.

പിന്നീടുള്ള ശീതയുദ്ധകാലത്തും 1967-ലെ പ്രാഗ് വസന്ത സംഭവത്തെത്തുടര്‍ന്നുമൊക്കെ മൂന്നിലൊന്നോളം അംഗങ്ങള്‍ പാര്‍ട്ടി വിട്ടു എന്നാണ് കണക്ക്. തൊഴിലാളി സംഘടനകളിലെ മേധാവിത്വം ഉപയോഗിച്ച് ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ഒരു പ്രഷര്‍ ഗ്രൂപ്പായി പാര്‍ട്ടി പ്രധാനമായും മാറി. ക്യാമ്പസുകളിലും തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനം ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ ദ്വിപാര്‍ട്ടി പോരാട്ടങ്ങളില്‍ ആ അനുഭാവങ്ങളൊക്കെ ലേബര്‍ പാര്‍ട്ടിക്കുള്ള വോട്ടുകളായി ചോര്‍ന്നുപോയിരുന്നു. 

1950-ശേഷം പാര്‍ട്ടിക്ക് കോമണ്‍സഭയില്‍ പ്രാതിനിധ്യമുണ്ടായിട്ടില്ലെങ്കിലും ഫ്യൂഡലിസത്തിന്റെ അവശേഷിപ്പായ വരേണ്യവര്‍ഗ്ഗത്തിന്റ 'ഹൗസ് ഓഫ് ലോഡ്‌സ് എന്ന പ്രഭു സഭ' നിരോധിക്കണമെന്ന് എക്കാലത്തും വാദിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 1962 മുതല്‍ അവിടെയും ഒരംഗമുണ്ടായിരുന്നു. 'വോഗന്‍ ഫിലിപ്പ്സ്, സെക്കന്‍ഡ് ബാരന്‍ മില്‍ഫോര്‍ഡ്' ആയിരുന്നു പ്രഭുസഭയുടെ ചരിത്രത്തിലെ ഏക കമ്യൂണിസ്റ്റ് അംഗം.

യൂറോ കമ്യൂണിസം ചിന്തയുടെ പുതുകാറ്റ്

എഴുപതുകളുടെ അവസാനത്തോടെ സോവിയറ്റ് യൂണിയന്റെ നുകത്തില്‍നിന്നും സ്വതന്ത്രമായ യൂറോ കമ്യൂണിസ്റ്റ് ചിന്തയുടെ കാറ്റ് ഫ്രാന്‍സില്‍നിന്നും ഇറ്റലിയില്‍നിന്നും ഒക്കെ ബ്രിട്ടനിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ഗ്രാംഷിയന്‍ ചിന്തകളും പരിസ്ഥിതി രാഷ്ട്രീയവും ഫെമിനിസവും കുടിയേറ്റക്കാരുടെ ക്ഷേമവും ആണവവിരുദ്ധ നിലപാടുകളും ഒക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളില്‍പ്പെട്ടു. ഇതൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപിതലക്ഷ്യങ്ങളില്‍നിന്നുള്ള വ്യതിചലനം ആയിട്ടാണ് ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും സോവിയറ്റ് ടാങ്കുകളുടെ കടന്നുകയറ്റത്തെത്തുടര്‍ന്ന് 'ടാങ്കികള്‍' എന്ന വിളിപ്പേര് കിട്ടിയിരുന്ന യാഥാസ്ഥിതിക കമ്യൂണിസ്റ്റുകാര്‍ക്ക്, പ്രത്യേകിച്ച് തൊഴിലാളി സംഘടനകളില്‍നിന്നുള്ളവര്‍ക്ക് അനുഭവപ്പെട്ടത്. 1977-ല്‍ 'ബ്രിട്ടീഷ് റോഡ് റ്റു സോഷ്യലിസം' എന്ന പാര്‍ട്ടി നയത്തില്‍ തൊഴിലാളിവര്‍ഗ്ഗ സമഗ്രാധിപത്യത്തെക്കുറിച്ചുള്ള സൂചന ഒഴിവാക്കിയതിലും പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാബിയന്‍ ഗ്രാജുവലിസത്തിലും പ്രതിഷേധിച്ച്, വെയില്‍സിലെ പാര്‍ട്ടി നേതാവ് 'സിഡ് ഫ്രെഞ്ച്' (Sid French) ന്യൂ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും അധികം പേര്‍ അദ്ദേഹത്തെ പിന്തുണച്ചില്ല.

സി.പി.ജി.ബിയുടെ സൈദ്ധാന്തിക ജിഹ്വയായിരുന്ന 'മാര്‍ക്‌സിസം ടുഡേ' എന്ന മാസികയില്‍, പരമ്പരാഗത കമ്യൂണിസ്റ്റ് നിലപാടുകളെ വിമര്‍ശിക്കുകയും മാറിവരുന്ന മുതലാളിത്തത്തിന്റെ നവീനഘട്ടത്തില്‍ പാര്‍ട്ടി ലക്ഷ്യങ്ങള്‍ പുനര്‍ നിര്‍വ്വചിക്കുകയും ചെയ്യുന്ന ഇത്തരം ചിന്തകള്‍ പേറുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹെന്റി ഫോര്‍ഡിന്റെ കാര്‍ ഫാക്ടറിപോലെ, ആയിരക്കണക്കിനു തൊഴിലാളികള്‍ പണിയെടുക്കുന്ന, എല്ലാ ഭാഗങ്ങളും ഒരു കൂരയ്ക്കു കീഴില്‍ നിര്‍മ്മിച്ച് അവിടെത്തന്നെ കൂട്ടിയോജിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന വലിയ വ്യവസായശാലകളും അതിനുവേണ്ട ഭീമമായ തൊഴില്‍സേനയും അവരുടെ പാര്‍പ്പിടസമുച്ചയങ്ങളും ടൗണ്‍ഷിപ്പുകളുമൊക്കെ അപ്രസക്തമാക്കിക്കൊണ്ട് മുതലാളിത്ത വ്യവസ്ഥ പുതിയ യുഗത്തിലേക്ക് കടന്നിരിക്കുന്നു. 'പോസ്റ്റ് ഫോര്‍ഡിസം' എന്നു വിവക്ഷിക്കുന്ന ഈ നവീന സാമ്പത്തിക ഭൂമികയില്‍, വിമാനവും കാറും കംപ്യൂട്ടറും മൊബൈല്‍ ഫോണുകളുമൊക്കെ വിവിധ ഭാഗങ്ങളായി ലോകത്തിലെ പല രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന രീതികളും ശക്തമായ സ്വയം തൊഴില്‍രംഗവും പുറംപണി കരാറുകളും വില്‍പ്പന സേവന ഫ്രാഞ്ചൈസികളും കംപ്യൂട്ടര്‍ സാങ്കേതികതയിലൂന്നിയ തൊഴില്‍രീതികളും തൊഴിലാളി കേന്ദ്രീകൃതമായ തൊഴില്‍ ഇടങ്ങളെ മാത്രമല്ല, സമ്പദ്വ്യവസ്ഥയെത്തന്നെ, പ്രവചനാതീതമായ അസംഖ്യം ചെറുതുണ്ടുകളാക്കി  (Fragmentation) മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനം ഉല്‍പ്പാദനത്തില്‍നിന്ന് ബ്രാന്‍ഡിങ്ങിലേക്കും വിപുലവുമായ വിതരണ വില്‍പ്പന ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിലേക്കും മാറിയിരിക്കുന്നു. 

സാമ്പത്തികരംഗത്തെ ഈ മാറ്റം, സമൂഹത്തിലും രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനം സൃഷ്ടിച്ചപ്പോള്‍ അവയെ വലതുപക്ഷം കരുത്താക്കി മാറ്റി. പക്ഷേ, ഇതിനെ നേരിടാനുള്ള പുതിയ ആശയം ലഭിക്കാതെ ഇടതുപക്ഷം തങ്ങളുടെ നിലനില്‍പ്പിന്റെ പ്രസക്തിതന്നെ അപകടകരമാക്കുന്നു. വന്‍തോതിലുള്ള സ്ത്രീകളുടെ തൊഴില്‍രംഗത്തേക്കുള്ള പ്രവേശനവും വെള്ളക്കോളര്‍ തൊഴില്‍മേഖല വികസിച്ചതും ഡിജിറ്റല്‍ ലേബറും പലപ്പോഴും തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍പോലും പരസ്പരം വിരുദ്ധമാക്കുകയും ചില സ്ഥലങ്ങളില്‍ അവര്‍ തമ്മിലുള്ള മത്സരത്തിന് അവ വേദി തുറക്കുകയും ചെയ്യുന്നത് പരമ്പരാഗത തൊഴിലാളി ഐക്യത്തിന്റെ കരുത്തും ആവേശവും ചോര്‍ത്തിക്കളയുന്നു. വര്‍ഗ്ഗസമരവും തൊഴിലാളി വിപ്ലവവുമൊക്കെ അസാധ്യമാകുമ്പോള്‍ പകരം മുതലാളിത്ത വ്യവസ്ഥ, വര്‍ഷങ്ങളായി മേല്‍ക്കോയ്മയിലൂടെ പൊതുമണ്ഡലങ്ങളില്‍ സാധാരണമാക്കിയ വലതുപക്ഷ സാംസ്‌കാരിക ആധിപത്യത്തെ ചോദ്യം ചെയ്യണമെന്ന ഗ്രാംഷിയന്‍ ചിന്തകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ടു

പാര്‍ട്ടിയുടെ ചുവടുകള്‍

പക്ഷേ, പാര്‍ട്ടി പത്രമായ മോണിംഗ് സ്റ്റാര്‍ പുതിയ നയങ്ങളെ പിന്തുടരാന്‍ വിസമ്മതിച്ചു. (1966ല്‍ ഡെയിലി വര്‍ക്കര്‍ മോണിംഗ് സ്റ്റാര്‍ എന്നായി മാറിയിരുന്നു). സി.പി.ജി.ബിയുടെ യൂറോ കമ്യൂണിസ്റ്റ് രീതികളെ പിന്തുണയ്ക്കുന്ന മാര്‍ക്‌സിസ്റ്റ് ടുഡേയും അതിനെ എതിര്‍ക്കുന്നവര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന പാര്‍ട്ടി മുഖപത്രമായ മോണിംഗ് സ്റ്റാറിന്റേയും നയങ്ങളിലുള്ള പ്രകടമായ വ്യത്യാസം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകതന്നെ ചെയ്തു. 1983-ല്‍ സ്റ്റാറിന്റെ പത്രാധിപരെ ഔദ്യോഗിക പാര്‍ട്ടിനേതൃത്വം മാറ്റിയെങ്കിലും താമസിയാതെ എതിര്‍പക്ഷത്തിനു ഭൂരിപക്ഷമുള്ള പത്രം ഉടമകളായ സഹകരണസംഘം, അദ്ദേഹത്തെ പുനഃസ്ഥാപിച്ചു. ഔദ്യോഗികപക്ഷത്തിന് അനഭിമതരായവര്‍ക്കു നേതൃത്വം ലഭിച്ച കമ്മിറ്റികള്‍ ഒക്കെ പിരിച്ചുവിടുകയും അംഗങ്ങളെ മാറ്റിനിര്‍ത്തുകയും ചെയ്തപ്പോള്‍ തര്‍ക്കം രൂക്ഷമായി. 1985-ല്‍ ഇങ്ങനെ പുറത്താക്കപ്പെട്ടവരും വിമതന്മാരും ചേര്‍ന്ന് 'കമ്യൂണിസ്റ്റ് ക്യാംപെയിന്‍ ഗ്രൂപ്പ്' ഉണ്ടാക്കി. 1987-ലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.ജി.ബി ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആയി മാറി എന്ന് ആരോപിച്ച് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ 1988 ജനുവരിയില്‍ (സി.പി.ബി) 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍' രൂപീകൃതമായി. പുതിയ പാര്‍ട്ടിയല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ യഥാര്‍ത്ഥ നിയമങ്ങള്‍ക്കും നയപദ്ധതികള്‍ക്കും അനുസൃതമായി പുനഃസ്ഥാപിക്കപ്പെടുകയാണ് ചെയ്തതെന്നു പ്രഖ്യാപിച്ച് ആദ്യ ജനറല്‍ സെക്രട്ടറിയായി മൈക്ക് ഹിക്കിനെ തെരഞ്ഞെടുത്തു.

1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ജനറല്‍ സെക്രട്ടറി നീനാ ടെംപിള്‍ സി.പി.ജി.ബി പിരിച്ചുവിട്ട് 'ഡമോക്രാറ്റിക് ലെഫ്റ്റ്' എന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തപ്പോള്‍ പാര്‍ട്ടിയില്‍ അവശേഷിച്ച മാര്‍ക്‌സിസ്റ്റ് അനുഭാവികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്റെ ഭാഗമായി. ഇപ്പോള്‍ 1920-ല്‍ ലെനിന്റെ ആശീര്‍വാദത്തോടെ സ്ഥാപിക്കപ്പെട്ട പാര്‍ട്ടിയുടെ തുടര്‍ച്ചയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍  1950-നുശേഷം പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടി, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ 2017-ലും 2019-ലും തികഞ്ഞ കമ്യൂണിസ്റ്റ് അനുഭാവിയായ ജര്‍മി കോബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിക്കാനായി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യ വിരുദ്ധമാണെന്നു കരുതുന്ന പാര്‍ട്ടി, ബ്രിട്ടന്‍ യൂണിയനില്‍നിന്നു പിന്മാറുന്നതിനെ പിന്തുണയ്ക്കുന്നു. 

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആത്മപരിശോധനാ രൂപത്തിലുള്ള ചരിത്രമാണ് പാര്‍ട്ടി അംഗമായിരുന്ന അന്തരിച്ച മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ റാഫേല്‍ സാമുവല്‍ രചിച്ച 'ലോസ്റ്റ് വേള്‍ഡ് ഓഫ് ബ്രിട്ടീഷ് കമ്യൂണിസം' എന്ന പുസ്തകം. അതിനെ എല്ലാ കുറവുകളോടേയും കമ്യൂണിസത്തെ ഒരു മഹത്തായ ഉദ്ദേശ്യം ആയി നിര്‍ത്തുമ്പോഴും താച്ചറിസം കൊടികുത്തിവാഴുന്ന ബ്രിട്ടനില്‍ പാരമ്പര്യവാദികളും 'മാര്‍ക്‌സിസം ടുഡേ' തുടങ്ങിവെച്ച പുതുസമീപനങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. 

പശ്ചിമ യൂറോപ്പിലെ മറ്റു രാജ്യങ്ങളായ ഫ്രാന്‍സിലേയും ഇറ്റലിയിലേയും സ്പെയിനിലേയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ വലിയ സ്വാധീനം ചെലുത്താന്‍ ബ്രിട്ടനില്‍ താരതമ്യേന കഴിഞ്ഞില്ല എന്നതു ശരിയാകാം. മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റേയും ലെനിന്റേയുമൊക്കെ കമ്യൂണിസ്റ്റ് വിപ്ലവചിന്തകള്‍ക്ക് തടസ്സം നില്‍ക്കാത്ത, രൂപംകൊണ്ട നാള്‍ മുതല്‍ പ്രവര്‍ത്തനത്തിനു തടവീഴാത്ത ബ്രിട്ടനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേരുറപ്പിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഫ്രാന്‍സിലും ഇറ്റലിയിലും സ്പെയിനിലും മറ്റും ഫാസിസ്റ്റ് ഭരണകൂടം ഭീകരമായി വേട്ടയാടിയപ്പോള്‍ നേര്‍ക്കുനേര്‍ എതിര്‍ത്ത് രക്തസാക്ഷിത്വം വരിച്ച് അതിനെതിരെ പോരാടിയ ചരിത്രമുള്ളതുകൊണ്ടാണ് ആ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പിന്‍തുണ വര്‍ദ്ധിച്ചത് എന്ന് താരിഖ് അലി പറയുന്നു. ഫാസിസത്തിന്റെ ക്രൂരതകള്‍ ബ്രിട്ടീഷുകാര്‍ക്ക് നേരിട്ട് കാണേണ്ടിയോ അനുഭവിക്കുകയോ വേണ്ടിവന്നില്ല. പിന്നെ പാര്‍ട്ടിയുടെ രൂപീകരണ വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ലേബര്‍ പാര്‍ട്ടിയുമായുള്ള ബന്ധം എന്നതിലും ചില കാരണങ്ങള്‍ കണ്ടെത്താം. 19-ാം നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധം മുതല്‍തന്നെ വിവിധ തരത്തിലുള്ള സോഷ്യലിസ്റ്റ് ചിന്തകളുടേയും സഹകരണ പ്രസ്ഥാനത്തിന്റേയും സാര്‍വ്വത്രികമായ വോട്ടവകാശ പ്രക്ഷോഭങ്ങളുടെ രൂപത്തില്‍, മനുഷ്യാവകാശ പ്രബുദ്ധതയുടേയും നിരവധി ധാരകള്‍ ബ്രിട്ടനില്‍ സജീവമായിരുന്നു. ഗില്‍ഡ് സോഷ്യലിസ്റ്റുകളും ഫാബിയന്‍ സോഷ്യലിസ്റ്റുകളും ചാര്‍ട്ടര്‍ മുന്നേറ്റങ്ങളും സഹകരണ പ്രസ്ഥാനവും ഒക്കെ ലക്ഷ്യമിട്ടത് ചൂഷണരഹിതമായ ഒരു സമൂഹനിര്‍മ്മിതി തന്നെയായിരുന്നു. 

ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു കൂട്ടായ്മയായിരുന്നു 1920-ഓടെ രൂപം കൊണ്ടുവന്ന ലേബര്‍ പാര്‍ട്ടി. അതിന്റെ ഭരണഘടനയില്‍ പ്രഖ്യാപിത ലക്ഷ്യമായി 1918-ല്‍ത്തന്നെ സിഡ്‌നി വെബ്ബ്, ഉല്പാദന വിതരണശക്തികളുടെ ദേശസാല്‍ക്കരണവും സോഷ്യലിസ്റ്റ് അധിഷ്ഠിതമായ സമൂഹവുമാണ് ലക്ഷ്യം എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വീകരിക്കാനുള്ള നീക്കങ്ങള്‍ പലതവണ വിജയിച്ചില്ലെങ്കിലും കമ്യൂണിസത്തോട്  തീവ്ര അനുഭാവമുള്ളവര്‍ എന്നും ലേബര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ശീതയുദ്ധകാലത്ത്  എതിര്‍ചേരി യില്‍ ആയിരുന്ന സോവിയറ്റ് യൂണിയന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ച, കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെച്ച, സ്വപ്നം കണ്ട, സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളെല്ലാം ഒരു വലിയ പരിധിവരെ വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സ്റ്റേറ്റിന് അടിയറവെക്കാന്‍ വൈമനസ്യമുള്ള ഒരു പാശ്ചാത്യ മുതലാളിത്ത സമൂഹത്തില്‍ ജനാധിപത്യ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ലേബര്‍ പാര്‍ട്ടിക്കു കഴിഞ്ഞു. 1945-ല്‍ത്തന്നെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രിസഭ റെയില്‍വേയും സ്റ്റീല്‍ കല്‍ക്കരി വ്യവസായ മേഖലകളും ചില ബാങ്കുകളും ദേശസാല്‍ക്കരിച്ചിരുന്നു. 

സാര്‍വ്വത്രികവും സൗജന്യവുമായ പൊതു ഉടമയിലുള്ള ആരോഗ്യ സംവിധാനവും അന്നുതന്നെ നടപ്പില്‍ വന്നിരുന്നു. പ്രകടമായി കമ്യൂണിസ്റ്റ് അനുഭാവികള്‍ ആയിരുന്നില്ലെങ്കിലും മക്ഡൊണാള്‍ഡും ആറ്റ്ലിയും ഒരു പരിധിവരെ ഹാരോള്‍ഡ് വില്‍സനുമൊക്കെ ഈ ലക്ഷ്യത്തിലേക്കുള്ള നയങ്ങളാണ് മുന്നോട്ടു കൊണ്ടുപോയത്. ശീതയുദ്ധകാലാനന്തരം നവ ഉദാരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍  ടോണി ബ്ലെയര്‍ ന്യൂ ലേബര്‍ നയം പാര്‍ട്ടിയിലേക്ക് ആനയിക്കുന്നതുവരെ ഇവതന്നെയായിരുന്നു ലേബര്‍ പാര്‍ട്ടിയെ വ്യത്യസ്തമാക്കിയതും. 

എക്കാലത്തും ഇടതുപക്ഷ തീവ്രതയുടെ അളവുകൂടി ലേബര്‍ പാര്‍ട്ടിയുടെ നേതൃമത്സരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലെ ഒരു പ്രധാന ഘടകമായിരുന്നു. തങ്ങളുടെ ഇടതുപക്ഷ നയത്തില്‍ വീഴ്ചവരുത്തിയാല്‍ ഒരു വിഭാഗം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടരാകുന്നെന്ന ഭയം വലതുപക്ഷ വീക്ഷണങ്ങള്‍ക്കെതിരെ എന്നും ലേബറിനെ സജീവമാക്കിയിരുന്നു എന്ന വിശ്വസിക്കുന്നവരുണ്ട്. ഒരു നൂറ്റാണ്ടു നീണ്ട സംഭവബഹുലമായ പ്രയാണത്തില്‍ പാര്‍ലമെന്ററി നേട്ടങ്ങളല്ല, മറിച്ചു മറ്റു വ്യവസായിക രാജ്യങ്ങളെപ്പോലെ മൂലധനശക്തികളുടെ അനിയന്ത്രിതമായ പ്രകടനവേദിയാകാതെ രാജ്യത്തിന്റെ ഗതി നിയന്ത്രിച്ചതില്‍ നേരിട്ടോ അല്ലാതേയോ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു എന്നതാകാം ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ചരിത്രം കരുതിവച്ചിരിക്കുന്ന അംഗീകാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com