ഒരു ദൈവസേവകന്റെ വിമോചന രാഷ്ട്രീയം

എഴുപതുകള്‍ക്കുശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള ക്രിസോസ്റ്റം തിരുമേനിയുടെ നിലപാടുകള്‍ അദ്ദേഹം പുനരവലോകനം ചെയ്തു എന്നത് വ്യക്തമാണ്
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത

ഴിഞ്ഞ മേയ് അഞ്ചിന് അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഒരു സഭയുടെ നേതാവ് മാത്രമായിരുന്നില്ല, തന്റെ ചുറ്റും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിമോചനത്തിനായി വിവിധ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത സാമൂഹ്യപരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു. ഒരു പരമ്പരാഗത സഭയുടെ ബിഷപ്പ് എന്ന നിലയില്‍ നിലവിലുള്ള സ്ഥിതിയും സ്ഥാപനവല്‍ക്കരണവും ന്യായീകരിക്കുന്ന നടപടികള്‍ ആദ്യകാലങ്ങളില്‍ പലപ്പോഴും അദ്ദേഹത്തില്‍നിന്നുണ്ടായി. എന്നാല്‍, കാലക്രമേണ മതങ്ങള്‍ക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും തമ്മില്‍ തമ്മിലുണ്ടായിരുന്ന ശത്രുതയ്ക്ക് അയവു വരുകയും പൊതു വെല്ലുവിളികള്‍ നേരിടാന്‍ ഇരുഭാഗത്തുമുള്ള പുരോഗമന ചിന്താഗതിക്കാര്‍ സഹകരിക്കാന്‍ തയ്യാറാകുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍, ഇടതു രാഷ്ട്രീയത്തിന്റെ വിമോചന സന്ദേശം ക്രിസോസ്റ്റം തിരുമേനിക്ക് കൂടുതല്‍ സ്വീകാര്യമായി; അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിമോചനധാരയുണ്ടായി. ഒപ്പം, വിശ്വാസികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന പൊതു ഇടങ്ങളുണ്ട് എന്ന് അംഗീകരിക്കാന്‍ ഇടതുപക്ഷവും തയ്യാറായി. ഈ പരസ്പര ബഹുമാനം കേരള സമൂഹത്തില്‍ ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കംകുറിച്ചു. ആ പ്രക്രിയയില്‍ ക്രിസോസ്റ്റം തിരുമേനിയുടെ സമൂഹത്തിലെ ഇടപെടലുകള്‍ ഒരു നിര്‍ണ്ണായക ഘടകമായിരുന്നു. ആ ചരിത്രഘട്ടത്തിന്റെ ഹ്രസ്വമായ ഒരു അവലോകനമാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്. 

''ലോകം സഭയ്ക്കുവേണ്ടിയോ സഭ ലോകത്തിനുവേണ്ടിയോ?'' എന്ന ചോദ്യത്തിന് ക്രിസോസ്റ്റം തിരുമേനിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. സമൂഹവുമായുള്ള ബന്ധത്തില്‍ മാത്രമേ സഭയ്ക്ക് പ്രസക്തിയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സഭ അല്ലെങ്കില്‍ ഇടവക ഒരു യാന്ത്രിക സമൂഹം (artificial community) മാത്രമാണ്; സമൂഹമില്ലാതെ സഭയില്ല. അതിനാല്‍, വിശാല സമൂഹത്തിന്റെ പരിപാലനത്തിലാണ് സഭ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായ ഡോ. റോബര്‍ട്ട് നെവില്‍ ക്രിസോസ്റ്റം തിരുമേനിയുടെ ചിന്തകളുടെ പശ്ചാത്തലത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: ''ദൈവകൃപ പ്രാഥമികമായി ലോകത്തിനാണ്; സാന്ദര്‍ഭികമായി മാത്രമേ സഭയ്ക്ക് ലഭിച്ചിട്ടുള്ളൂ.'' ഇതായിരുന്നു തിരുമേനിയുടെ സാമൂഹ്യ ദൈവശാസ്ത്രത്തിന്റെ ആകെത്തുക.

പുരോഗമനപരമായ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഒരു പരമ്പരാഗത സഭയുടെ ബിഷപ്പ് എന്ന നിലയില്‍ പല സന്ദര്‍ഭങ്ങളിലും ഇടതുപക്ഷ വിരുദ്ധ നിലപാടുകള്‍ അദ്ദേഹത്തിനു സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. 1957-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്. മന്ത്രിസഭ അടിസ്ഥാന സാമൂഹ്യപരിവര്‍ത്തനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഭൂപരിഷ്‌കരണ നിയമം, വിദ്യാഭ്യാസ ബില്‍ എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍, വലിയ ഭൂസ്വത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള സംസ്ഥാനത്തെ ക്രൈസ്തവസഭകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു, സമാന താല്പര്യമുള്ളവരുമായി ചേര്‍ന്നു വിമോചനസമരം എന്ന പേരില്‍ ഒരു ബഹുജന മുന്നേറ്റം നടത്തി. വിമോചന സമരത്തെ ക്രിസോസ്റ്റം തിരുമേനി പിന്താങ്ങിയിരുന്നു. അന്നത്തെ പ്രധാനമന്ത്രി നെഹ്റു 1958-ല്‍ കേരളത്തില്‍ വന്നപ്പോള്‍ സഭകളുടെ നിലപാട് അദ്ദേഹത്തെ കണ്ട് ബോധ്യപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് തിരുമേനിയായിരുന്നു. ഇതിന്റെയെല്ലാം ഫലമായി പിറ്റേ വര്‍ഷം കേരള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒരു ഇടതുപക്ഷ വിരുദ്ധ നിലപാടാണ് പൊതുവെ ക്രിസോസ്റ്റം തിരുമേനി കൈക്കൊണ്ടത് എന്നു പറയാം. 1970-കളുടെ തുടക്കത്തില്‍ കേരളത്തിലെ പ്രൈവറ്റ് കോളേജുകളില്‍ അദ്ധ്യാപക നിയമനം നടത്തുന്ന കമ്മിറ്റികളില്‍ സര്‍ക്കാര്‍ നോമിനിയെ കൂടെ ഉള്‍പ്പെടുത്തുന്ന ഒരു ബില്‍ ഗവണ്‍മെന്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടായിരുന്നു കേരളത്തിലെ സഭകളും ക്രിസോസ്റ്റം തിരുമേനിയും കൈക്കൊണ്ടത്. എങ്കില്‍പ്പോലും ഒരു ചെറിയ കൂട്ടം വൈദികരും അല്‍മായരും സര്‍ക്കാര്‍ ബില്ലിനെ അനുകൂലിച്ചു ഒരു പ്രസ്താവനയിറക്കി. 

സാമൂഹ്യദര്‍ശനം 

മറ്റു പല സഭാ മേലദ്ധ്യക്ഷന്മാരില്‍നിന്ന് ക്രിസോസ്റ്റം തിരുമേനിയെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ലളിതശൈലിയും വ്യക്തമായ കര്‍മ്മപരിപാടികളുമായിരുന്നു. തിരുമേനിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തും സി.പി.ഐ എം. പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി ഇപ്രകാരം രേഖപ്പെടുത്തി: ''നമ്മുടെ ആദ്ധ്യാത്മിക നേതാക്കന്മാരുടെ കൂട്ടത്തില്‍ ആദ്ധ്യാത്മിക പ്രവൃത്തികളും സമൂഹത്തിന്റെ ഭൗതിക ആവശ്യങ്ങളും കൂട്ടിച്ചിന്തിക്കാന്‍ ശ്രമിച്ചിട്ടുള്ളവരും ക്രിസ്തുവിന്റെ പാതയ്ക്ക് സമകാലീനമായ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുള്ളവരുമായ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ പൗലോസ് എന്നിങ്ങനെ അനേകര്‍ ഉണ്ടായിരുന്നു. അവരില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു ക്രിസോസ്റ്റം തിരുമേനി. മറ്റുള്ളവര്‍ നല്‍കിയതുപോലെ വിപുലമായ വ്യാഖ്യാനങ്ങള്‍ക്ക് അദ്ദേഹം വലിയ തോതില്‍ ഒരുമ്പെട്ടില്ല. എന്നാല്‍, എല്ലാവര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ക്രിസ്തുവിന്റെ പാത ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുമേനിയുടെ സാമൂഹ്യ ദര്‍ശനത്തെപ്പറ്റി ബേബി ഇത്രയും കൂടെ കൂട്ടിച്ചേര്‍ത്തു: ''ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ ദുഃഖവും ദുരിതവുമാണ് നാം ആദ്യമായി കണക്കിലെടുക്കേണ്ടത്, പരിഹരിക്കേണ്ടത് എന്ന് അദ്ദേഹം വിശ്വസിച്ചു.''

മറ്റുചില മെത്രാന്മാരെപ്പോലെ മാര്‍ത്തോമ്മാ സഭയ്ക്ക് കോളേജുകള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ വലിയ സ്ഥാപനകള്‍ ക്രിസോസ്റ്റം തിരുമേനി പടുത്തുയര്‍ത്തിയില്ല എന്നതു ശരിയാണ്. എന്നാല്‍, അദ്ദേഹം താമസിച്ച സ്ഥലങ്ങളിലൊക്കെ, അവിടുത്തെ ജനങ്ങള്‍ക്കു നീതിയിലധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം കെട്ടുപണി ചെയ്യുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. സജീവ സേവനത്തില്‍നിന്നു വിരമിച്ച് മാരാമണ്ണ് താമസിക്കുമ്പോള്‍ ആ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് അദ്ദേഹം ഊന്നല്‍ കൊടുത്തു. മാരാമണ്ണ് ഉള്‍പ്പെടുന്ന തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ചേര്‍ന്ന് അവിടുത്തെ എല്ലാ ആളുകള്‍ക്കും പാര്‍പ്പിടവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വീടുകള്‍ക്ക് പച്ചക്കറിത്തോട്ടവും യാഥാര്‍ത്ഥ്യമാകാന്‍ യത്‌നിച്ചൂ. 

പ്രാദേശികമായി ക്രിസോസ്റ്റം തിരുമേനി ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങളുടെ അലയടികള്‍ വിശാലമായ ഒരു തലത്തില്‍ പ്രകടമായിരുന്നു. 1996-ല്‍ ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യാപകമായി നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണത്തിന്റെ ഉത്ഭവം തിരുമേനി പ്രാദേശിക തലത്തില്‍ ആരംഭിച്ച വികസനപദ്ധതികളാണ് എന്നു സംസ്ഥാനത്തിന്റെ ഭരണാധികാരികള്‍ തന്നെ അടുത്ത സമയത്ത് സാക്ഷ്യപ്പെടുത്തിയിരുന്നു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം ജനങ്ങളിലേക്കു കൈമാറിക്കൊണ്ടുള്ള വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണല്ലോ ജനകീയാസൂത്രണം. ജനകീയാസൂത്രണത്തിലൂടെ നിര്‍വ്വഹിക്കാനുദ്ദേശിച്ച പല കാര്യങ്ങളും - അവഗണിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കല്‍ തുടങ്ങിയവ - സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിച്ച വിജയപാഠം ക്രിസോസ്റ്റം തിരുമേനിക്കുണ്ടായിരുന്നു. 

അവയവദാനവും വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് എന്ന തിരുമേനിയുടെ നിലപാടും സമൂഹത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചു. മരണാനന്തരം സ്വന്തം കണ്ണുകള്‍ മറ്റാര്‍ക്കെങ്കിലും പ്രയോജനപ്പെടുംവിധം ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നേത്രദാന സമ്മതപത്രം ഒപ്പിട്ട് അദ്ദേഹം സംസ്ഥാന നേതാക്കളെ ഏല്പിച്ചിരുന്നു. അവയവദാന പദ്ധതിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കാളികളാകുന്ന വിപുലമായ ഒരു പ്രചാരണ പരിപാടിയും ഇതോടൊപ്പം നടത്തപ്പെട്ടു. ഈ സംരംഭത്തില്‍നിന്നു ലഭിച്ച പ്രചോദനമാണ് 'ദര്‍ശനം' എന്നൊരു പരിപാടി 2006-2011 ലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.

ഇതര ആത്മീയാചാര്യന്മാരില്‍നിന്ന് എന്നും വ്യത്യസ്തനായിരുന്നു ക്രിസോസ്റ്റം തിരുമേനിയെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്രകാരം രേഖപ്പെടുത്തി: ''ബിഷപ്പ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് അരമനയില്‍ത്തന്നെ കഴിഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ, അദ്ദേഹം ലക്ഷം വീടുകളിലേക്കും ചേരികളിലേക്കും ഇറങ്ങി. ആത്മീയകാര്യങ്ങളില്‍ മാത്രം വ്യാപരിച്ചാലും മതി. പക്ഷേ, ഈ തിരുമേനി നാട്ടിലെ സേവനകാര്യങ്ങളില്‍ വ്യാപൃതനായി. സുവിശേഷ പ്രഭാഷണങ്ങള്‍ മാത്രം നടത്തിയാലും മതി. പക്ഷേ, എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രഭാഷണങ്ങള്‍ കൂടി നടത്തി. ഇങ്ങനെ, സ്വന്തമായ വഴി കണ്ടെത്തി മുന്‍പോട്ടു പോവുകയായിരുന്നു എന്നും ഈ തിരുമേനി.'' 

മതങ്ങളും പ്രത്യയശാസ്ത്രങ്ങളും സംവാദത്തിലേക്ക് 

1970-കള്‍ക്കുശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുള്ള ക്രിസോസ്റ്റം തിരുമേനിയുടെ നിലപാടുകള്‍ അദ്ദേഹം പുനരവലോകനം ചെയ്തു എന്നത് വ്യക്തമാണ്. കേരളത്തില്‍ മാത്രമല്ല, ആഗോളമായി മാറിവന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധീനിച്ചു. ക്രൈസ്തവ സഭകള്‍ മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങളും കടുംപിടുത്തം വിട്ട് സഹവര്‍ത്തിത്വത്തിന്റെ തലത്തിലേക്ക് മാറിയതും പ്രധാനമാണ്. ആ സാഹചര്യങ്ങള്‍ ഹ്രസ്വമായി ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്.

തെക്കെ അമേരിക്കയില്‍ 1960-കളില്‍ രൂപംകൊണ്ട് എഴുപതുകളില്‍ ശക്തിപ്രാപിച്ച വിമോചന ദൈവശാസ്ത്രം അവിടത്തെ സഭകളെ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങളേയും ഗണ്യമായി സ്വാധീനിച്ചു. വിമോചന ദൈവശാസ്ത്രജ്ഞന്മാരായ ഗസ്റ്റാവോ ഗുട്ടിറസ്, ലെനോര്‍ഡോ ബോഫ്, ജോന്‍ സെബ്രിനോ തുടങ്ങി പലരുടേയും വിശ്വാസതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രാഷ്ട്രീയമാനമുണ്ട്; അത് ഇടതുപക്ഷ രാഷ്ട്രീയമാണ് എന്ന നിലപാടിലേക്ക് വന്നു. മനുഷ്യന്റെ വിശപ്പും ദാഹവും അറിയാത്ത മതസംഹിതകള്‍ക്കും ഭരണകൂടങ്ങള്‍ക്കും എതിരെയുള്ള പോരാട്ടമായിരുന്നു വിമോചന ദൈവശാസ്ത്രം. അതിനു വ്യക്തമായ ഒരു രാഷ്ട്രീയ തലമുണ്ടായിരുന്നു. മര്‍ദ്ദക ഭരണകൂടങ്ങളുടെ മദ്ധ്യേ വളര്‍ന്ന ഈ ദൈവശാസ്ത്രധാര ഒരു നവീന ആത്മീയ-സാമൂഹ്യക്രമത്തെപ്പറ്റിയുള്ള ദര്‍ശനം മുന്‍പോട്ടു വെച്ചു.

വിമോചന ദൈവശാസ്ത്രം ഭാരതത്തില്‍ പ്രകടമായത് പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന്റേയും വിമോചനത്തിനായുള്ള മുറവിളിയുടേയും രൂപത്തിലായിരുന്നു. ഭാരത ക്രൈസ്തവരില്‍ ഭൂരിഭാഗവും ദളിതര്‍, ഗോത്രവര്‍ഗ്ഗക്കാര്‍, മുക്കുവര്‍ എന്നീ ഗണങ്ങളിലുള്ളവരാകയാല്‍ ആ ജനതയുടെ ദൈവശാസ്ത്രധാരകളാണ് രൂപപ്പെട്ടത്. അവയെക്കുറിച്ചുള്ള വിശദമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ മുതിരുന്നില്ല. എന്നാല്‍, കേരളത്തിന്റെ സാഹചര്യങ്ങളില്‍ വിമോചന ദൈവശാസ്ത്രത്തിനു വ്യക്തമായ ഒരു രാഷ്ട്രീയമാനം കൂടെയുണ്ടായിരുന്നു എന്നതു നമുക്കു ചര്‍ച്ചകള്‍ക്കു പ്രസക്തമാണ്. വിശേഷാല്‍, 1975-'77ലെ അടിയന്തരാവസ്ഥയില്‍ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടപ്പോള്‍ കേരള സഭകളിലെ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷ പ്രവര്‍ത്തകരും കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയത്തടവുകാരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. വിശ്വംഭരന്‍, എം.എം. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു ഫണ്ട് രൂപീകരിച്ചു പ്രവര്‍ത്തിച്ചു. പരിമിതമായ തോതിലെങ്കിലും വിശ്വാസികള്‍ക്കും ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്ന ഒരു വേദിയായി അത്.

ക്രൈസ്തവരംഗത്ത് മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയത്തിലും യോജിച്ചു നില്‍ക്കേണ്ടത് അനിവാര്യമായെന്ന ബോധം വളര്‍ന്നു. ഈ ചിന്ത ശക്തിപ്രാപിക്കാനുള്ള ഒരു കാരണം അടിയന്തരാവസ്ഥയെ തുടര്‍ന്ന് അധികം താമസിയാതെ മതാധിഷ്ഠിത രാഷ്ട്രീയവും വര്‍ഗ്ഗീയവാദവും ഭാരതത്തില്‍ ശക്തിപ്രാപിച്ചു എന്നതാണ്. മതനിരപേക്ഷതയുടെ പരിപ്രേക്ഷ്യം നിലനിര്‍ത്താന്‍, മത, ഭാഷാ, ജാതി ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താന്‍, ദളിതരുടേയും ചരിത്രത്തില്‍ അടിച്ചമര്‍ത്തലിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയരായ ഇതര വിഭാഗങ്ങളുടേയും അതിജീവനത്തിന്, മത-മതേതര പ്രത്യയശാസ്ത്ര വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഏവരുടേയും കൂടിവരവ് അനിവാര്യമാണ് എന്ന തിരിച്ചറിവ് ശക്തിപ്രാപിച്ചു.

ഈ കാരണങ്ങളെല്ലാം മൂലം വിശ്വാസികളിലും ഇടതുപക്ഷക്കാരിലും യോജിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരുടെ പൊതുവേദികള്‍ കേരളത്തില്‍ രൂപപ്പെട്ടുതുടങ്ങി. ഡോ. എം.എം. തോമസ് ഡയറക്ടറായി തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളാ സര്‍വ്വകലാശാല സ്ഥാപിച്ച ക്രിസ്ത്യന്‍ സ്റ്റഡി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ ചേഞ്ച് എന്ന ഫോറം മത-മതേതര വേര്‍തിരിവുകള്‍ക്കതീതമായി ആനുകാലിക വിഷയങ്ങളെപ്പറ്റി പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായി. മറ്റൊരു വേദി, ഇ.എം.എസ്. നമ്പൂതിരിപ്പാട് പത്രാധിപരായിരുന്ന 'മാര്‍ക്‌സിസ്റ്റ് സംവാദം' എന്ന പ്രസിദ്ധീകരണമായിരുന്നു. 'സംവാദ'ത്തിന്റെ 1993 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ 'കേരളത്തിലെ ഇടതുപക്ഷവും ന്യൂനപക്ഷ മതവിഭാഗങ്ങളും' എന്ന വിഷയം അധികരിച്ച് ഡോ. എം.എം. തോമസ്, പ്രൊഫ. നൈനാന്‍ കോശി, ഇ.എം.എസ്. , പി. ഗോവിന്ദപ്പിള്ള എന്നിവരും മറ്റു പലരും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏകദേശം ഇതേ കാലയളവില്‍ത്തന്നെ, ഇ.എം.എസ്. അദ്ധ്യക്ഷനും ഡോ. തോമസ് ഐസക് കണ്‍വീനറുമായി (1994ല്‍ കൂടിയ) ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ കേരളാ സ്റ്റഡീസില്‍ 'ക്രിസ്തുമാര്‍ഗ്ഗവും കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനവും' എന്ന വിഷയം ഒരു പ്രബന്ധമായി അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു. 1994-ല്‍ത്തന്നെ കോഴഞ്ചേരിയില്‍ നടന്ന ജോര്‍ജ് എം. ഫിലിപ്പ് സ്മാരക പ്രഭാഷണത്തില്‍ മുഖ്യപ്രസംഗം ചെയ്തുകൊണ്ട് ഇ.എം.എസ്. അവതരിപ്പിച്ച പ്രമേയം, ക്രിസ്തുമതം ഉള്‍പ്പെടെയുള്ള എല്ലാ മതങ്ങളുടേയും ഉള്ളിലുള്ള വിമോചന ധാരകളോട് യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് താല്പര്യമുണ്ട് എന്നായിരുന്നു. ആ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച ഡോ. എം.എം. തോമസിന്റെ പ്രസംഗത്തില്‍, മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുണ്ടായ അകല്‍ച്ചയ്ക്കും ശത്രുതയ്ക്കും ഒരു കാരണം രണ്ട് വിഭാഗങ്ങളും ഭാരത ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും കാട്ടിയ സൈദ്ധാന്തിക കടുംപിടുത്തമായിരുന്നു എന്നും ആ നിലപാടില്‍നിന്നു മാറ്റമുണ്ടാകുന്നു എന്നറിയുന്നത് സന്തോഷകരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

1992-ലെ ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയും ഇന്ത്യയില്‍ മതാധിഷ്ഠിത ദേശീയത ശക്തി പ്രാപിച്ചതും മതങ്ങളിലേയും ഇടതുപക്ഷത്തേയും പുരോഗമന വിഭാഗങ്ങള്‍ തമ്മിലുള്ള സംവാദത്തിന് ആക്കം കൂട്ടി. ഇതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. ഇന്ത്യന്‍ സെക്കുലറിസം സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യാനന്തരവും പടുത്തുയര്‍ത്തിയത് വിശ്വാസികളും മറ്റുള്ളവരുമായ ജനങ്ങള്‍ മതസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, പരമ്പരാഗത മതങ്ങളുടെ ചൂഷണത്തിന് എതിരെയുള്ള പോരാട്ടത്തില്‍നിന്നുമായിരുന്നു. വിശ്വാസിയായ ഗാന്ധിജിയുടേയും ശാസ്ത്രത്തിന്റെ യുക്തിയില്‍ വിശ്വസിച്ചിരുന്ന നെഹ്റുവിന്റേയും സഹകരണം തന്നെയായിരുന്നു ഇന്ത്യന്‍ സെക്കുലറിസത്തിന്റെ ഏറ്റം ശക്തമായ പ്രതീകം. എന്നാല്‍, സ്വാതന്ത്ര്യാനന്തരം, ഗാന്ധിയുടേയും നെഹ്റുവിന്റേയും കാലശേഷം, സെക്കുലറിസം പലപ്പോഴും അടഞ്ഞതും (എം.എം. തോമസിന്റെ ഭാഷയില്‍, 'dogmatic secularism') മതങ്ങള്‍ സ്വകാര്യ സംരംഭങ്ങളുമായി മാറി, പരസ്പരം സ്വാധീനിച്ച് അവര്‍ തമ്മില്‍ നിലനിന്നിരുന്ന സംവാദം അവസാനിച്ചു. ഈ വേര്‍തിരിവ് സൃഷ്ടിച്ച ശൂന്യതയിലേക്കാകാം മതാധിഷ്ഠിത ദേശീയതയും വര്‍ഗ്ഗീയവാദവും 1980-കളിലും തുടര്‍ന്നും ഇരച്ചുകയറിയത്. അതിനാല്‍, മതങ്ങളിലേയും പ്രത്യയശാസ്ത്രങ്ങളിലേയും പുരോഗമന വിഭാഗങ്ങള്‍ സാധ്യമാകുന്ന ഇടങ്ങളിലൊക്കെ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് നീതിയിലും സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യക്രമത്തിന്റെ കെട്ടുപണിക്കും നിലനില്‍പ്പിനും അനിവാര്യമാണ്.

ക്രിസോസ്റ്റം തിരുമേനിയുടെ ഇടതുപക്ഷ നിലപാടുകള്‍ 

സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിലുണ്ടായ ഈ സംവാദങ്ങളില്‍ പലതിലും ക്രിസോസ്റ്റം തിരുമേനി നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും അവയുടെ അലയടികള്‍ അദ്ദേഹത്തിന്റെ ചിന്തകളെ സ്വാധിനിച്ചു എന്നു വ്യക്തമാണ്. കേരളത്തിലെ പ്രൈവറ്റ് കോളേജുകളില്‍ അദ്ധ്യാപക നിയമനം നടത്തുന്ന കമ്മിറ്റികളില്‍ സര്‍ക്കാര്‍ നോമിനിയെ കൂടെ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ കേരളത്തിലെ സഭകളും ക്രിസോസ്റ്റം തിരുമേനിയും എതിര്‍ത്തുവെന്നും സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു സഭയിലെ കുറെ വൈദികരും അത്മായരും പ്രസ്താവനയിറക്കി എന്നും മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. ഈ പ്രസ്താവനയില്‍ ഒപ്പിട്ട വൈദികര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം എന്ന ആവശ്യം സഭയ്ക്കുള്ളില്‍നിന്നു ശക്തമായി ഉയര്‍ന്നുവെങ്കിലും ക്രിസോസ്റ്റം തിരുമേനി വഴങ്ങിയില്ല. പ്രസ്താവനയില്‍ ഒപ്പിട്ടവരോട് യോജിക്കുന്നില്ലെങ്കിലും അപ്രകാരം ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരുമേനിയുടെ സ്വഭാവവൈശിഷ്ട്യമാണ് ഇവിടെ പ്രകടമായത് എന്ന് അന്നു പ്രസ്താവനയില്‍ ഒപ്പിട്ട ഒരാളായ റവ. ഡോ. ഏബ്രഹാം കുരുവിള അനുസ്മരിച്ചു. ''തന്റെ ഭാഗം ഏറ്റം ശക്തമായിത്തന്നെ തിരുമേനി അവതരിപ്പിക്കും; എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടും; എന്നാല്‍, തന്റെ നിലപാടിനെ എതിര്‍ക്കുന്നവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്തു വിലകൊടുത്തും സംരക്ഷിക്കയും ചെയ്യും.''

'Christ, Marx and Sree Narayana Guru: A Colloquy' എന്ന ഗ്രന്ഥം തയ്യാറാക്കുന്നതിന്റെ ഭാഗമായി 2018-ല്‍ എം.എ. ബേബിയുമായി ക്രിസോസ്റ്റം തിരുമേനി നടത്തിയ സംഭാഷണങ്ങളില്‍ വിമോചനസമരത്തിലെ തിരുമേനിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി: ''അന്ന് എടുത്ത നിലപാട് അന്നത്തെ ചരിത്ര സാഹചര്യത്തില്‍ സംഭവിച്ചതാണ്.'' ഇന്നായിരുന്നുവെങ്കില്‍ തന്റെ നിലപാട് മറ്റൊന്നാകുമായിരിക്കാം എന്ന സൂചന നല്‍കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ''സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക് കാണേണ്ട പന്ത്രണ്ടു പേര്‍ ആരൊക്കെ എന്ന് ദൈവം ചോദിച്ചാല്‍, എന്റെ ലിസ്റ്റില്‍ ഇ.എം.എസ്സും നായനാരും കാണും.'' തുടര്‍ന്ന്, 2018-ല്‍ കേരളത്തിലുണ്ടായ മഹാ പ്രളയത്തിന്റെ സമയത്തെ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് തിരുമേനി ഇത്രയും കൂടെ കൂട്ടിച്ചേര്‍ത്തു: ''ദൈവം അയച്ചുതന്ന ദൂതനാണ് പിണറായി വിജയന്‍.'' 

ക്രിസോസ്റ്റം തിരുമേനിയുമായി നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ മതവിശ്വാസികളും ഇടതുപക്ഷക്കാരും തമ്മില്‍ ചരിത്രത്തിലുണ്ടായ സംഘര്‍ഷങ്ങളും ഇരുവരുടേയും മുന്‍പില്‍ ഇന്നുള്ള സാധ്യതകളും അവലോകനം ചെയ്ത് എം.എ. ബേബി പറഞ്ഞതിങ്ങനെ: ''കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനും തോല്‍പ്പിക്കാനും സഭയും സഭയുടെ സ്വാധീനത്തില്‍നിന്നു വിശ്വാസികളെ മാറ്റിയെടുക്കാന്‍ കമ്യൂണിസ്റ്റുകാരും നടത്തിയ പരിശ്രമങ്ങള്‍ ഭാഗികമായി മാത്രമേ ലക്ഷ്യം കാണുകയുണ്ടായുള്ളൂ എന്നത് ഇരുവിഭാഗവും ഇന്നു തിരിച്ചറിയുന്നുണ്ട്. സഭകളിലെ വിശ്വാസികള്‍ തന്നെ കമ്യൂണിസ്റ്റുകാരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതും നാം കാണുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യുന്നതുകൊണ്ട് സഭാവിശ്വാസം ഉപേക്ഷിക്കുന്നില്ലെന്നതും നാം കാണുന്നു. ഈ സാഹചര്യത്തില്‍ എല്ലാ മതങ്ങളിലുമുള്ള വിമോചനാശയങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് മതവിശ്വാസികളെ കൂടുതല്‍ താല്പര്യത്തോടെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി സഹകരിപ്പിക്കാനുള്ള പരിശ്രമം സമത്വപൂര്‍ണ്ണമായ സമൂഹത്തിന്റെ സൃഷ്ടിക്കായി പരിശ്രമിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതാണ്.'' 

ഒരു മെത്രാനെപ്പറ്റി സഭയ്ക്കും സമൂഹത്തിനുമുള്ള സങ്കല്പങ്ങളില്‍നിന്ന് എന്നും ഏറെ മാറി സഞ്ചരിച്ചു ക്രിസോസ്റ്റം തിരുമേനി. അദ്ദേഹത്തെ സ്‌നേഹിച്ചത് സ്വന്തം സഭ മാത്രമായിരുന്നില്ല, ഒരു ദേശം മുഴുവനായിരുന്നു. തിരുമേനി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു എന്നത് ശരിയാണ്. എന്നാല്‍, അത്തരം ഔദ്യോഗിക ബഹുമതികള്‍ക്കപ്പുറം കേരള സമൂഹത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ നടപ്പിലാക്കിയ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം ഈ ദേശം അദ്ദേഹത്തെ ബഹുമാനിക്കുക മാത്രമല്ല, സ്‌നേഹിക്കയും ചെയ്തു. കേരള ജനതയുടെ സ്‌നേഹത്തിന്റേയും ആദരവിന്റേയും സൂചകമാണല്ലോ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപാ സര്‍ക്കാര്‍ നീക്കിവെച്ചത്. 104-ാം വയസ്സില്‍ ക്രിസോസ്റ്റം തിരുമേനി അരങ്ങൊഴിഞ്ഞത് ദേശത്തിന് ഒരു വലിയ മാതൃകയും പ്രചോദനവും ബാക്കിവച്ചിട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com