വൈഷ്ണവ സംസ്‌കാരങ്ങളുടെ നാട്, ബോഹനയുടേയും 

കൈത്തറി വസ്ത്രനിര്‍മ്മാണമാണ് മജുലിയിലെ ഗ്രാമീണരുടെ മറ്റൊരു പ്രധാന പരമ്പരാഗത കൈത്തൊഴില്‍
വൈഷ്ണവ സംസ്‌കാരങ്ങളുടെ നാട്, ബോഹനയുടേയും 

ല്‍മോറയില്‍നിന്ന് മണ്‍കല നിര്‍മ്മാണവും കണ്ടു വീണ്ടും അടുത്ത ഗ്രാമത്തിലേക്ക് യാത്ര. സാമാന്യം നല്ല വീതിയുള്ള, എന്നാല്‍ വെള്ളം വളരെ കുറച്ചുമാത്രമുള്ള ഒരു നദിക്കപ്പുറത്ത് കുടിലുകളുടെ കൂട്ടം കണ്ടു. പുഴയ്ക്കു മുകളിലൂടെ പൂര്‍ണ്ണമായും മുളയില്‍ നിര്‍മ്മിച്ച വലിയൊരു പാലം കാണാം. വേണമെങ്കില്‍ വെള്ളത്തിലൂടെ സൈക്കിള്‍ ചവിട്ടി അക്കരെയെത്താം. ഞാനാദ്യം പാലത്തിലേക്കാണ് കയറിയത്. എതിരേ ഒരാള്‍ ബൈക്കോടിച്ചു വരുന്നു. പാലത്തിലെ പലകകള്‍ പലതും ഇളകിക്കിടക്കുകയാണ്. സൈക്കിളുമായി അപ്പുറത്തേക്കു കടക്കുക സാഹസമാണെന്നു തോന്നി. എതിരെ വന്ന മറ്റൊരു ഗ്രാമീണന്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ സൈക്കിളുമായി ഞാന്‍ ചിലപ്പോള്‍ നദിയില്‍ കിടന്നേനെ. പലകകളിളകിയ പാലം കടന്ന്, കടത്തിവിട്ടയാള്‍ക്ക് പുഞ്ചിരിയില്‍ പൊതിഞ്ഞൊരു നന്ദിയും സമ്മാനിച്ച് മെല്ലെ ഗ്രാമത്തിലെ വീടുകള്‍ക്കിടയിലൂടെ നീങ്ങി.

കൈത്തറി വസ്ത്രനിര്‍മ്മാണമാണ് മജുലിയിലെ ഗ്രാമീണരുടെ മറ്റൊരു പ്രധാന പരമ്പരാഗത കൈത്തൊഴില്‍. പരുത്തിനൂലും പട്ടുനൂലും ഉപയോഗിച്ച് വിവിധതരം വസ്ത്രങ്ങള്‍ ഇവിടുത്തെ ഗ്രാമീണര്‍ നെയ്യുന്നുണ്ട്. ഗോത്രവര്‍ഗ്ഗ രീതിയിലാണ് നെയ്ത്ത്. മറ്റൊരു കൈത്തൊഴില്‍ എന്നതിനേക്കാള്‍ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായാണ്  നൂല്‍നൂല്‍പ്പും വസ്ത്രം നെയ്യലും കരുതപ്പെടുന്നത്. മിക്ക വീടുകളിലും തറികളുണ്ടാകും. ചിലയിടത്ത് തൂണില്‍ ഉയര്‍ത്തിപ്പണിത വീടുകളുടെ അടിയിലാണ് തറികള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന മുളകളും കനംകുറഞ്ഞ തടികളും ഉയോഗിച്ച് നിര്‍മ്മിക്കുന്നവയാണ് വസ്ത്രം നെയ്യാനുള്ള തറികളും മറ്റും.

മണ്‍സൂണില്‍ മജുലി വെള്ളപ്പൊക്കത്തിനു നടുവിലായിരിക്കുമെന്നതിനാല്‍ ഇത്തരം കൈത്തൊഴിലുകളൊന്നും നടക്കില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെള്ളമിറങ്ങി കഴിയുമ്പോഴാണ്, മണ്‍പാത്ര നിര്‍മ്മാണക്കാര്‍ക്ക് കളിമണ്ണും വിറകും ലഭിക്കുന്നതെന്നതുപോലെ നെയ്ത്തുകാര്‍ക്കായി മുളകളിലും ഉണങ്ങിയ വാഴകളിലും മറ്റും പട്ടുനൂല്‍പ്പുഴുക്കള്‍ ഉണ്ടാകുന്നതും അവയില്‍നിന്ന് നൂല് ലഭിക്കുന്നതും.

ഗ്രാമത്തിലെ വീടുകള്‍ക്കു സമീപത്തുകൂടി പന്നികള്‍ ഓടിനടക്കുന്നു. പന്നിയിറച്ചി അവരുടെ ഒരു പ്രധാന ഭക്ഷ്യവിഭവമാണ്. ഒരു വീടിനു മുന്നില്‍ നെല്ലു പാറ്റുന്ന വീട്ടമ്മയേയും കണ്ടു. പുറത്തുനിന്ന് അധികമാരും വരാത്ത സ്ഥലമായതിനാലാകാം കുട്ടികളുള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ ഞങ്ങളെ കൗതുകത്തോടെയാണ് നോക്കിയത്.

അസമിനെ പ്രളയം ബാധിക്കുമ്പോഴൊക്കെ മജുലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങളോളം അടഞ്ഞുകിടക്കും. താമസക്കാരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റും. ഗ്രാമവാസികളെല്ലാം മികച്ച നീന്തല്‍ക്കാരും തുഴച്ചില്‍കാരുമാണ്. പ്രളയകാലത്ത് ഇവരെ ഏറെ സഹായിക്കുന്നത് ഈ കഴിവുകളാണ്.

വെള്ളപ്പൊക്കമുണ്ടായാലും കേടുപാടുകള്‍ പറ്റാത്തത്ര ലളിതമാണ് വീടുനിര്‍മ്മാണം. തല്ലിച്ചതച്ച് പരത്തിയെടുത്ത മുളകള്‍ നിരത്തിയുണ്ടാക്കുന്ന ഭിത്തികളില്‍ ചെളിമണ്ണാണ് തേച്ചുപിടിപ്പിച്ചിരിക്കുന്നത്. അതും ചില കുടിലുകളില്‍ മാത്രം. കമ്പിയോ മണലോ സിമന്റോ ഒന്നും ഈ വീടുകളുടെ ഏഴയലത്തുകൂടിപ്പോലും പോയിട്ടില്ല. മുളയും മണ്ണും മജുലിയില്‍ സുലഭമായി ലഭിക്കുന്നുവെന്നതിനാലാണ് അവ വീടുനിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളാകുന്നത്.

ആ ഗ്രാമത്തില്‍നിന്നുള്ള മടക്കത്തില്‍ ഞാന്‍ പാലത്തില്‍ കയറിയില്ല. അതിലും സുരക്ഷിതം നദി തന്നെയാണെന്നു തോന്നി. അധികം വെള്ളമില്ലാത്ത, ഉറച്ച അടിത്തട്ടുള്ള നദിയിലൂടെ കൂളായി സൈക്കിള്‍ ചവിട്ടി ഇക്കരെയെത്തി.

വൈകിട്ട് മഞ്ജിത്തിന്റെ ഹോം കിച്ചനില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ വേറെ മൂന്നാലുപേരുകൂടിയുണ്ട് അവിടെ. അവരുടെ സംസാരത്തില്‍നിന്ന് ഞങ്ങളും ഞങ്ങളുടെ സംസാരത്തില്‍നിന്ന് അവരും മലയാളികളാണെന്ന കാര്യം പരസ്പരം തിരിച്ചറിഞ്ഞു. പിന്നെ സൗഹൃദസംഭാഷണമായി. ബാംഗ്ലൂരില്‍ നിന്നെത്തിയ ആ സംഘത്തിലൊരാള്‍ എന്റെ നാട്ടുകാരന്‍ കൂടിയായിരുന്നു. നാടുവിട്ടിട്ട് ഏറെക്കാലമായതിനാല്‍ ഞങ്ങളിരുവരും അറിയാവുന്ന ബന്ധുക്കളുടെ പേരില്‍ പരിചയപ്പെട്ട് രാത്രിഭക്ഷണത്തിനുശേഷം പിരിഞ്ഞു.

സത്രങ്ങള്‍ കഥ പറയുന്നു 

വൈഷ്ണവ വിഭാഗക്കാരുടെ സത്രങ്ങളാണ് മജുലിയിലെ സാധാരണമായ കാഴ്ചകളിലൊന്ന്. സാമൂഹികവും മതപരവുമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ് ഈ സത്രങ്ങള്‍. വൈഷ്ണവിസത്തിനൊപ്പം അസമിലെ ശാസ്ത്രീയ നൃത്തരൂപമായ സത്രിയയും ഇവിടെ അഭ്യസിപ്പിക്കുന്നു. ഇരുപഞ്ചോളം സത്രങ്ങളാണ് ജോലിയിലുള്ളത്. ദ്വീപിനെ ബ്രഹ്മപുത്ര വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവയില്‍ പലതും ജോഹര്‍ട്ട് ഉള്‍പ്പെടെയുള്ള മറുകരകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

പിറ്റേന്ന് സൈക്കിളുമെടുത്ത് ചില സത്രങ്ങളിലൂടെ കറങ്ങാമെന്നു വെച്ചു. എല്ലാ സത്രങ്ങളിലും പോകാനാകുന്നില്ലെന്നതിനാല്‍ ഏറ്റവും പ്രശസ്തമായ ഓനിയാട്ടി സത്രത്തിലേക്കാണ് സൈക്കിള്‍ ചവിട്ടിയത്. 1653-ല്‍ സ്ഥാപിതമായ സത്രമാണിത്. വൈഷ്ണവ സത്രങ്ങളായതിനാല്‍ത്തന്നെ കൃഷ്ണനല്ലാതെ വേറെ ആരാധനാമൂര്‍ത്തികളൊന്നും അവിടെയില്ല. വിശാലമായ അകത്തളങ്ങളുള്ളവയാണ് ഇവയെല്ലാം.

സത്രങ്ങളെപ്പറ്റി പറയുമ്പോള്‍ ശ്രീമന്ത ശങ്കരദേവിനെപ്പറ്റി പറയേണ്ടതുണ്ട്.

അസമിലെ മധ്യകാലഘട്ടത്തിലെ പ്രമുഖനായ എഴുത്തുകാരനും സാമൂഹ്യ പരിഷ്‌കര്‍ത്താവും സര്‍വ്വജ്ഞാനിയുമൊക്കെ ആയാണ് ശ്രീമന്ത ശങ്കരദേവ് അറിയപ്പെടുന്നത്. ഹിന്ദുമതത്തിലെ വൈഷ്ണവ വിഭാഗത്തിന്റെ പരിഷ്‌കര്‍ത്താവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മജുലിയില്‍ ഉള്‍പ്പെടെ ഇന്നു കാണപ്പെടുന്ന അനവധി വൈഷ്ണവ സത്രങ്ങളുടെ സ്ഥാപകന്‍ ശങ്കരദേവോ അദ്ദേഹത്തിന്റെ പിന്‍ഗാമികളോ ആണ്. അസമിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ബോര്‍ഗീത് പോലുള്ള സംഗീതരൂപങ്ങളും ബോഹന പോലുള്ള നാടകരൂപങ്ങളും സത്രിയ നൃത്തവും ബ്രജവാലി എന്ന സാഹിത്യഭാഷയുമെല്ലാം പരുവപ്പെടുത്തിയെടുത്തത് ശങ്കരദേവാണ്. പക്ഷേ, ഗുരുനാനാക്കിനേയും കബീറിനേയും ബസവയേയുമൊക്കെപ്പോലെ ഭക്തിപ്രസ്ഥാനത്തില്‍ ആകൃഷ്ടനായാണ് ശങ്കരദേവും പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ, അസമിലെ ബഹുഭൂരിപക്ഷം വരുന്ന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് ശങ്കരദേവിന്റെ പ്രവര്‍ത്തനം ഏതെങ്കിലും തരത്തില്‍ സഹായകമായിട്ടുണ്ടോ എന്നെനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇല്ലെന്നാണ് സൂചന. സത്രപരിസരങ്ങളിലാകട്ടെ, പൂണൂലും കുടുമയുമുള്ള സവര്‍ണ്ണ വിഭാഗക്കാരെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ.

ശങ്കരദേവിനെപ്പറ്റി പറയുമ്പോള്‍ ബോഹനയെപ്പറ്റിക്കൂടി വിശദമാക്കണം. അസമില്‍ ഇപ്പോഴും സജീവമായ പ്രാചീന കലാരൂപമാണ് ബോഹന. പുരാണേതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നാടകരൂപമാണിത്. നമുക്കു പരിചിതമായ പുരാണബാലെയുടെ മറ്റൊരു പതിപ്പ്. എന്നാല്‍, ബോഹനയില്‍ കഥാപാത്രങ്ങളൊക്കെ അവയുടെ സ്വഭാവത്തിനനുസരിച്ച് ഭീമാകാരമായ രൂപത്തിലാണ് വേദിയിലെത്തുക. മേയ്ക്കപ്പല്ല, മറിച്ച് നേരത്തേതന്നെ തയ്യാറാക്കി വയ്ക്കുന്ന വലിയ മുഖംമൂടികളിലൂടെയാണ് കഥാപാത്രത്തിന്റെ രൂപം സംവദിക്കുക. രാവണനാണ് വേദിയിലെത്തുന്നതെങ്കില്‍ പത്തു തലയുണ്ടാകും. ബ്രഹ്മാവിനു മൂന്നു തല. അങ്ങനെ ഓരോ കഥാപാത്രത്തിനും കഥകളില്‍ കേട്ടിട്ടുള്ള അതേ രൂപം. ഈ രൂപങ്ങളെ വ്യത്യസ്തമാക്കുന്നതിലാണ് അസമിലെ മുഖംമൂടി നിര്‍മ്മാതാക്കളായ കലാകാരന്മാര്‍ മത്സരിക്കുന്നത്.

ഓനിയാട്ടിയില്‍നിന്ന് നേരെ സാമഗുരിക്ക് സൈക്കിള്‍ ചവിട്ടി. ബോഹനയ്ക്കുവേണ്ടിയുള്ള മുഖംമൂടികള്‍ നിര്‍മ്മിക്കുന്നതില്‍ അഗ്രഗണ്യനാണ് ഹേമചന്ദ്ര ഗോസാമി. സാമഗിരി സത്രത്തിന്റെ അധിപന്‍. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആള്‍. അദ്ദേഹത്തിന്റെ സത്രത്തിനടുത്തുള്ള മറ്റൊരു കേന്ദ്രത്തിലാണ് ബോഹനയ്ക്കുവേണ്ടിയുള്ള മുഖംമൂടികള്‍ നിര്‍മ്മിക്കുന്നത്. അതിനായി പരിശീലനം നല്‍കി ചിലരെ ഇവിടെ നിയോഗിച്ചിട്ടുമുണ്ട്. ജൈവവസ്തുക്കളുപയോഗിച്ചാണ് ഇവര്‍ മുഖംമൂടികള്‍ നിര്‍മ്മിക്കുന്നത്.

ചില മുഖംമൂടികളൊക്കെയെടുത്ത് മുഖത്തു പിടിപ്പിച്ച് ഒന്നു രണ്ടു പടങ്ങളുമെടുത്ത് സാമഗുരിയില്‍ നിന്നിറങ്ങി.

ബോഹനയ്ക്കായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അനവധി മുഖംമൂടികളും രൂപങ്ങളും ഗോഹട്ടിയിലെ ശ്രീമന്ത ശങ്കരദേവ കലാക്ഷേത്രയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പലതും വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ്.

രാത്രിക്കു മുന്‍പേ ഗരമൂറിലൂടെ വെറുതേയൊന്നു കറങ്ങി. അസമിലെ ഭക്ഷണമാണ് രണ്ടുമൂന്നു ദിവസമായി കഴിക്കുന്നത്. റൊട്ടി, മെഴുക്കുപുരട്ടി, സബ്ജി ഒക്കെയാണത്. പിന്നെ, പുഴമീനും അവരുടെ സ്വന്തം ചിക്കന്‍ ടിക്കയും. ഇടയ്ക്ക് എന്തൊക്കെയോ പച്ചിലകളൊക്കെ അരച്ചുചേര്‍ത്ത ഒരിനം ചിക്കന്‍ കറിയും കഴിച്ചിരുന്നു. ഒരു ദിവസം മഞ്ജിത് ഗോത്രവംശജരുടെ പാനീയമായ റൈസ് ബിയറും ഉണ്ടാക്കിത്തന്നെങ്കിലും അത് അത്ര പോരായിരുന്നു. പെട്ടെന്നുണ്ടാക്കിയതാണെന്നും റൈസ് ബിയര്‍ പുളിക്കാന്‍ കുറേ ദിവസങ്ങള്‍ വേണമെന്നും മഞ്ജിത് പറഞ്ഞു.

ചില കടകള്‍ക്കു മുന്നില്‍ തകിടുകൊണ്ടുള്ള വലിയ പെട്ടികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നതു കണ്ടു. നമ്മുടെ പഴയകാലത്തെ ട്രങ്കു പെട്ടികള്‍ പോലുള്ളവ. വെള്ളപ്പൊക്ക സമയത്ത് ആളുകള്‍ അവശ്യവസ്തുക്കള്‍ വെള്ളം കയറാതെ സൂക്ഷിച്ചുവെയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള പെട്ടികളാണവ.

അല്പംകൂടി സഞ്ചരിച്ചപ്പോഴാണ് ചെറുതെങ്കിലും മനോഹാരിതയാര്‍ന്ന ഒരു തട്ടുകടയ്ക്കു മുന്നില്‍ കെ.എഫ്.സി എന്നു കണ്ടത്. കെന്റക്കി ചിക്കന്‍ മാതൃകയില്‍ ഫ്രൈഡ് ചിക്കന്‍ തത്സമയം ഉണ്ടാക്കിക്കൊടുക്കുന്ന കട. കെ.എഫ്.സിയുടെ ഏതോ ഔട്ലെറ്റില്‍നിന്നു പിരിഞ്ഞുവന്ന മജുലിക്കാരനായ അനുരാഗിന്റേതായിരുന്നു അത്. അത്യാവശ്യം നല്ല തിരക്കുണ്ട്. മജുലിയിലെ ഏക ആഡംബര ഭക്ഷണം കിട്ടുന്ന കടയെന്ന് വേണമെങ്കില്‍ അനുരാഗിന്റെ ചെറിയ സ്ഥാപനത്തെ വിശേഷിപ്പിക്കാം. അവിടെനിന്ന് നാലഞ്ച് ചിക്കന്‍ വിങ്‌സും വാങ്ങി മുറിയിലേക്കു പോന്നു.

മജുലിയോട് വിട 

മൂന്നു രാത്രിയാണ് മജുലിയില്‍ തങ്ങിയത്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത സൗന്ദര്യമായിരുന്നു മജുലിക്ക്. നാലാംദിവസം പുലരും മുന്‍പേ എഴുന്നേറ്റ് കൊടുംതണുപ്പത്ത് സ്വെറ്ററും ധരിച്ച് കമലാബാരിയിലെ ഫെറിയിലേക്കു വിട്ടു. അഞ്ചരയോടെ സൂര്യന്‍ ഉദിക്കും. അപ്പോള്‍ പുറപ്പെടുന്ന ആദ്യ ജങ്കാര്‍ പിടിക്കുകയാണ് ലക്ഷ്യം. അതിനു വൈകിട്ടത്തേതുപോലെ തിരക്കില്ലായിരുന്നു. പോരാത്തതിന് ഒറ്റ വള്ളത്തില്‍ കെട്ടിപ്പൊക്കിയ ജങ്കാറായിരുന്നു അത്. മജുലിയിലേക്കു വന്നതിന്റെ പാതി വലുപ്പം പക്ഷേ, രീതികളൊക്കെ സമാനം.

തിരികെ നിമതിഘട്ടിലെത്തുമ്പോള്‍ തീരത്തോടടുത്ത് വലിയൊരു കപ്പല്‍ കിടക്കുന്നതു കണ്ട് വാപൊളിച്ചുപോയി. വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ഒന്നിലേറെ കപ്പലുകള്‍ ആസാം, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെ അനുമതിയോടെ ബ്രഹ്മപുത്രയില്‍ നങ്കൂരമിടുന്നുണ്ട്. അതിലൊന്നാണത്.

യഥാര്‍ത്ഥത്തില്‍ അസമിലേതു മാത്രമല്ല, ഇന്ത്യയിലെതന്നെ അത്ഭുതക്കാഴ്ചകളിലൊന്നാണ് മജുലിയെന്ന് മടക്കയാത്രയിലോര്‍ത്തു. ജന്മംകൊടുത്ത ജലത്താല്‍ത്തന്നെ അല്പാല്പമായി ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദ്വീപ്. ആ നദിയെ ആശ്രയിച്ചു കഴിയുന്ന അവിടുത്തെ ജനങ്ങള്‍ ബ്രഹ്മപുത്ര നല്‍കുന്ന അസംസ്‌കൃത വസ്തുക്കളുപയോഗിച്ചു നിര്‍മ്മിക്കുന്ന വ്യത്യസ്ത കലാകാരരുടെ നാട്. മുളയും ചെളിയും മാത്രമുപയോഗിച്ചു നിര്‍മ്മിക്കുന്ന കുടിലുകള്‍ മുതല്‍ വൈഷ്ണവാരാധനക്കാരുടെ സത്രങ്ങള്‍ വരെയുള്ള നാട്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒന്നര ലക്ഷം മാത്രം ജനസംഖ്യയില്‍ വ്യത്യസ്തതകളുടെ കൈപ്പണി ചെയ്ത അപൂര്‍വ്വ മനുഷ്യരുള്ള നാട്.

മജുലി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചക്രമാണ്.

ജോഹര്‍ട്ടില്ലെത്തിയപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു. വഴിയോരത്തെ ഒരു ഹോട്ടലില്‍നിന്നു പൂരിയും സബ്ജിയും കഴിച്ച് ഗോഹട്ടിയിലേക്കു മടങ്ങി. അങ്ങോട്ടു പോയ അത്രയും വേഗം മടക്കത്തിനുണ്ടായിരുന്നില്ല.

അസമിലെ വിശാലവും പരന്നതുമായ തേയിലത്തോട്ടങ്ങള്‍ കണ്ടും ആസ്വദിച്ചും കാസിരംഗ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ അരികില്‍ വണ്ടി നിറുത്തി, ദൂരെ ചതുപ്പിലും പുല്‍മേട്ടിലും മേയുന്ന കാണ്ടാമൃഗങ്ങളെ കണ്ടു മടക്കം. പണ്ടൊക്കെ ഹൈറേഞ്ചില്‍നിന്ന് തൊടുപുഴയിലേക്കുള്ള ബസ് യാത്രയില്‍ മീന്‍മുട്ടിയിലും മറ്റുമെത്തുമ്പോള്‍ കാട്ടാനകളെ കണ്ടിരുന്നപ്പോഴുള്ള സന്തോഷം വീണ്ടും അനുഭവിച്ചു. കാസിരംഗയിലെ വഴിയോരത്ത് പുല്‍മേട്ടില്‍ മേയുന്ന കാണ്ടാമൃഗങ്ങളെ അകലെനിന്നു കണ്ടപ്പോള്‍.

പലയിടത്തും ഗ്രാമീണരായ കര്‍ഷകര്‍ പച്ചക്കറികളും പഴങ്ങളും മറ്റും വില്‍ക്കുന്നുണ്ട്. നദികളില്‍നിന്നു പിടിച്ച മീന്‍ ചിലയിടത്ത് വില്‍ക്കാന്‍ വെച്ചിരിക്കുന്നു. നാട്ടുചന്തകളെന്നു തോന്നിച്ച പല സ്ഥലങ്ങളിലും സാമാന്യം നല്ല തിരക്കുമുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ തദ്ദേശവാസികള്‍ കാണ്ടാമൃഗങ്ങളുടെ ചെറുതും വലുതുമായ രൂപങ്ങള്‍ തടിയില്‍ കൊത്തിയുണ്ടാക്കി വില്‍പ്പനയ്ക്കായി നിര്‍ത്തിയിട്ടുണ്ട്. ഒരിടത്തു നിറുത്തി നൂറു രൂപയ്ക്കു ചെറിയൊരു കാണ്ടാമൃഗത്തെ വാങ്ങി ബാഗില്‍ വച്ചു. കാസിരംഗ വഴി കടന്നുപോയതിന്റെ ഓര്‍മ്മയ്ക്ക്.

പിന്നെ വണ്ടിയിലിരുന്ന് കാഴ്ച കണ്ട് മടക്കം. രാത്രിക്കു മുന്‍പേ ഗോഹട്ടിയിലെത്തുകയാണ് ലക്ഷ്യം.

സിതാജ്ഖാലയിലെ രസഗുളയും ഗോത്രീയതയുടെ പാനിതുലയും 

ഗോഹട്ടിക്ക് പത്തിരുപതു കിലോമീറ്റര്‍ മുന്‍പ് ജാഗിറോഡിലെത്തിയപ്പോള്‍ ജാവേദ് ഒരിടത്തു വണ്ടിയൊതുക്കി. കഴിക്കാന്‍ ഏറെ രസമുള്ള ഒരു സാധനം വാങ്ങിത്തരാമെന്നു പറഞ്ഞപ്പോള്‍ എനിക്കും രസിച്ചു.

അതൊരു പാല്‍ സൊസൈറ്റി ആയിരുന്നു-സിതാജ്ഖാല. പുറത്തെ ഔട്ട്ലെറ്റില്‍നിന്ന് രണ്ട് രസഗുളയും ഒരു കപ്പ് തൈരും വാങ്ങി. രസഗുളയിലേക്ക് തൈര് പകര്‍ന്ന് രണ്ടും കൂട്ടി കഴിച്ചു. ഇപ്പോഴും നാവില്‍നിന്ന് ആ രുചി മാറിയിട്ടില്ല. ആ തൈരിന്റേയും രസഗുളയുടേയും ഗുണവും രുചിയും മറ്റൊരിടത്തുനിന്നുമുള്ളവയ്ക്കില്ല. അതുകൊണ്ടുതന്നെ ഗോഹട്ടിയില്‍ പോകുന്നവര്‍ സിതാജ്ഖാല പാല്‍ സൊസൈറ്റിയിലെ രസഗുളയും തൈരും കഴിക്കാതെ മടങ്ങരുത്. അല്ലെങ്കില്‍ അതൊരു നഷ്ടമായിരിക്കും.

റോഡിനു കുറകെ കടന്ന് സൈക്കിളില്‍ പാല്‍പ്പാത്രവുമായി പോകുന്നവരെ ഔട്ട്ലെറ്റിലിരുന്ന് രസഗുള കഴിക്കുന്നതിനിടയിലാണ് കണ്ടത്. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ അക്കൂട്ടത്തിലുണ്ട്. മേഖലയുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമാണ് ക്ഷീരോല്പാദനം. സിതാജ്ഖാല പാല്‍ സൊസൈറ്റിക്കു മുന്നില്‍ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ സ്ഥാപകനായ നന്ദലാല്‍ ഉപാധ്യായയുടേതാണ് ആ പ്രതിമ. അസമിലെ അമൂല്‍ കുര്യനാണ് നന്ദലാലെന്ന് ഒറ്റവാക്കില്‍ പറയാം. ഇടുക്കിയിലെ ഗ്രാമത്തില്‍ ഞാന്‍ ധാരാളമായി കണ്ടിരുന്ന കാഴ്ചയാണിത്. ക്ഷീര വികസന സഹകരണസംഘങ്ങളിലേക്ക് പാലുമായി പോകുന്നവര്‍. കുറച്ചുനാള്‍ ഞാനും അങ്ങനെ ഒരു പാത്രത്തില്‍ പാലുമായി പാല്‍സൊസൈറ്റിയിലേക്കു പോയിരുന്നു. സിതാജ്ഖാല ആ ഓര്‍മ്മകളിലേക്കാണ് എന്നെ നയിച്ചത്.

1958-നു മുന്‍പ് നേപ്പാളില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ചിലര്‍ മാത്രമായിരുന്നു ജാഗിറോഡിലെ ക്ഷീരോല്പാദകര്‍. നദീതടവും പച്ചനിറഞ്ഞ പുല്‍മേടുകളും ഇവിടെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാദ്ധ്യതയാണ് ഉണ്ടാക്കിയിരുന്നത്. പ്രാദേശിക ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുമായി ചേര്‍ന്ന് ഈ കുടിയേറ്റക്കാര്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തുടക്കമിട്ടു. പക്ഷേ, മറ്റെവിടേത്തതുംപോലെ ഇടനിലക്കാരുടെ ചൂഷണത്തില്‍ അവരും പെട്ടുപോയി. 1958-ല്‍ നടന്ന ഒരു പൊതുയോഗത്തില്‍ ക്ഷീരോല്പാദക സഹകരണസംഘം എന്ന ആശയം പൊട്ടിമുളച്ചു. ചബിലാല്‍ ശര്‍മ്മ സ്ഥാപക പ്രസിഡന്റായി 1959 ജൂണ്‍ 11-ന് ഡയറി സഹകരണസംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 250 ലിറ്ററായിരുന്നു തുടക്കത്തില്‍ ഒരു ദിവസം ഇവിടെ ശേഖരിച്ചിരുന്ന പാല്‍.

1961-ല്‍ നന്ദലാല്‍ ഉപാധ്യായ സൊസൈറ്റിയുടെ അമരക്കാരനായി ജാഗിറോഡ് ഹൈസ്‌കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. അക്കാലത്താണ് അസമിലേക്കും ചൈനീസ് അധിനിവേശം ഉണ്ടാകുന്നതും ഇന്ത്യന്‍ സൈന്യം അതിനെ പ്രതിരോധിക്കാന്‍ തയ്യാറാകുന്നതും. അവര്‍ക്ക് ധാരാളമായി പാല്‍ ആവശ്യമായി വന്നു. അതോടെ അസം സര്‍ക്കാര്‍ ഒരു ഡയറി വിഭാഗത്തിനു രൂപം നല്‍കി. അസമിലെ ആദ്യത്തെ ഡയറി ഡവലപ്‌മെന്റ് ഓഫീസര്‍ സിതാജ്ഖാല സൊസൈറ്റിയെ തങ്ങള്‍ക്കുള്ള സാങ്കേതിക ഉപദേശകരാക്കി മാറ്റി. സിതാജ്ഖാലയുടെ വളര്‍ച്ചയുടെ പടവുകള്‍ അവിടെ തുടങ്ങുന്നു. 1971-ല്‍ സമഗ്രമായ ക്ഷീരവികസന പദ്ധതിക്കുള്‍പ്പെടെ സിതാജ്ഖാലയില്‍ തുടക്കമായി. ഇതിനെല്ലാം നേതൃത്വം നല്‍കി നന്ദലാല്‍ ഉപാധ്യായ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. സ്വന്തമായി സംസ്‌കാരണ പ്ലാന്റും വിവിധ പാലുല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സംവിധാനങ്ങളുമെല്ലാം ഇപ്പോള്‍ സൊസൈറ്റിക്കുണ്ട്.

2004-ല്‍ മേഘാലയ മലനിരകളില്‍നിന്നു പ്രവഹിച്ച പ്രളയജലം മേഖലയിലെ ക്ഷീരവികസന പ്രവര്‍ത്തനങ്ങളെ തകര്‍ത്തെങ്കിലും കഠിനാധ്വാനത്തിലൂടെ അവര്‍ പഴയ പ്രതാപം വീണ്ടെടുത്തു. ഇന്ന് 150 സ്ത്രീകള്‍ അടക്കം അഞ്ഞൂറിലേറെ അംഗങ്ങളുള്ള സിതാജ്ഖാല സൊസൈറ്റിയില്‍ പ്രതിദിനം പതിനയ്യായിരത്തിലേറെ ലിറ്റര്‍ പാലാണ് അളന്നു വാങ്ങുന്നത്. കാമരൂപ്, മോറിഗോണ്‍ എന്നീ ജില്ലകളിലെ 2500-ല്‍പ്പരം ക്ഷീരകര്‍ഷക കുടുംബങ്ങളുടെ വരുമാനവും ആശ്രയവും ഈ സൊസൈറ്റിയാണ്.

രസഗുളയും തൈരും ചേര്‍ന്ന ആ അതീവ രുചികരമായ കോംബിനേഷനാണ് സിതാജ്ഖാല സൊസൈറ്റിയെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കാനും പറയാനും പ്രേരിപ്പിച്ചത്. ഇനി അത് രുചിക്കണമെങ്കില്‍ വീണ്ടും ഗോഹട്ടി വരെ പോകണമല്ലോ എന്ന വിഷമം ഇപ്പോഴുമുണ്ട്.

പാനിതുല ആചാരം
പാനിതുല ആചാരം

വധുവിന്റെ കുളി 

സിതാജ്ഖാലയിലെ രസഗുളയും തൈരും പോലെ വേറൊരു അത്യപൂര്‍വ്വ കാഴ്ചയിലേക്കാണ് പിന്നെ ജാവേദ് കൊണ്ടുപോയത്. ഞങ്ങള്‍ മജുലിയില്‍നിന്നു തിരിച്ചെത്തുന്നതും കാത്ത് ജാവേദിന്റെ സുഹൃത്തും ഗവേഷകയുമായ ഗായത്രി ബറുവ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ഊടുവഴികളിലൂടെ ഗായത്രിയുടെ നിര്‍ദ്ദേശാനുസരണം ഞങ്ങളുടെ വാഹനം നീങ്ങിക്കൊണ്ടിരുന്നു. അസമിലെ ഗോത്രവര്‍ഗ്ഗ ജീവിതത്തെപ്പറ്റിയും മറ്റുമാണ് ഗായത്രിയുടെ ഗവേഷണം. മോറിഗാവ് ജില്ലയില്‍ നെല്ലിക്കു സമീപമുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമമായ ടെറ്റേലിയയിലേക്കാണ് ഗായത്രി ഞങ്ങളെ കൊണ്ടുപോയത്.

തിവ ഗോത്രസമൂഹത്തിന്റെ ആറു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ബോരത് പൂജ എന്ന ആഘോഷത്തിന്റെ ഭാഗമായുള്ള പാനി തുല എന്ന ആചാരം കാണാനായിരുന്നു ആ യാത്ര. നമ്മുടെയൊക്കെ നാട്ടുംപുറത്ത് പ്രദേശത്തുള്ളവര്‍ മാത്രം ഒത്തുചേര്‍ന്നു നടത്തുന്ന വളരെ ചെറിയൊരു ചടങ്ങുപോലെയായിരുന്നു പാനി തുലയും. അസമിലെ ഹിന്ദു വിവാഹച്ചടങ്ങുകളുടെ ഭാഗമായും ഈ ആചാരം നടത്താറുണ്ട്. വധുവിന്റെ ആചാരപരമായ കുളിക്കായി വെള്ളം ശേഖരിക്കുന്ന ചടങ്ങെന്ന് ഇതിനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.

ഗോത്രവര്‍ഗ്ഗം തങ്ങളുടെ രാജകുമാരിയായി കരുതുന്ന പെണ്‍കുട്ടിയുടെ വിവാഹമെന്ന സങ്കല്പത്തിലാണ് ബോരത് പൂജയുടെ ഭാഗമായി പാനി തുല ആചരിക്കുന്നത്. സ്ത്രീകളാണ് ഇതിലെ പ്രധാന പങ്കാളികള്‍. ഒരു പുരയിടത്തില്‍ മുളയും പുല്ലും മറ്റും ഉപയോഗിച്ചുണ്ടാക്കിയ ചെറിയ മാടത്തില്‍ ചടങ്ങുകള്‍ തുടങ്ങി. കുറേനേരം പ്രാര്‍ത്ഥനയാണ്. താളവാദ്യങ്ങളുടെ അകമ്പടിയുമുണ്ട്. പിന്നെ ചെറു ചെരാതുകള്‍ കത്തിച്ചുവയ്ക്കും. പിന്നെയും പാട്ടുകള്‍. അതിനുശേഷം രാജകുമാരിയായി കരുതുന്ന കൊച്ചു പെണ്‍കുട്ടിയേയും തോഴിമാരേയും ആചാരപ്രാരം മുളകൊണ്ടുള്ള പന്തങ്ങളുടെ വെളിച്ചത്തില്‍ സമീപത്തുകൂടി ഒഴുകുന്ന ചെറുനദിയുടെ സമീപത്തേക്ക് ആനയിച്ചു. രാത്രി പുഴയിലേയ്ക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടു കാരണമാകാം, നദിക്കരയിലെ ചെരിവില്‍ ഉണ്ടാക്കിയിരുന്ന ചെറിയ കുഴിയില്‍ വെള്ളം നിറച്ചിട്ടുണ്ട്. രാജകുമാരി ഈ കുഴിക്കുളക്കരയിലെത്തി ചെറിയ മണ്‍കുടത്തില്‍ മൂന്നു തവണയോ മറ്റോ വെള്ളം കോരി തിരിച്ചൊഴിക്കുന്നു. അതിനുശേഷം കുടത്തില്‍ വെള്ളം നിറച്ചെടുത്ത് ഭജനപ്പുരയിലേയ്ക്കു മടക്കം. അവിടെയെത്തി അല്പനേരം കൂടി പ്രാര്‍ത്ഥിച്ചതോടെ ചടങ്ങ് തീര്‍ന്നു.

ജനുവരി മാസത്തിലാണ് വിപുലമായ തരത്തില്‍ ബോരത് പൂജ നടക്കുന്നത്. അനവധി ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുള്ള അസമിലും പരിസരങ്ങളിലും ഇത്തരത്തില്‍ ധാരാളം ആചാരങ്ങളുണ്ട്. പ്രത്യേകിച്ച് തിവ സമുദായത്തില്‍. ചിലതൊക്കെ ഒന്നൊന്നര ആഘോഷം തന്നെയാണത്രേ. അവ നടക്കുമ്പോള്‍ നേരിട്ടെത്തി ആസ്വദിച്ചാലേ അതിന്റെ ഭംഗിയും ഗരിമയും ബോദ്ധ്യപ്പെടുകയുള്ളൂവെന്നതാണ് വാസ്തവം. ഗുളികപ്പരുവത്തോടെയാണ് മടക്കം. നാം കണ്ടിട്ടുള്ള വടക്കുകിഴക്കന്‍ നാടോടി ആചാരങ്ങളൊന്നുമല്ല യഥാര്‍ത്ഥം. അതൊക്കെ കെട്ടുകാഴ്ചകള്‍ മാത്രമാണെന്നറിയുന്നത് ഇത്തരം ചടങ്ങുകളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ്.

നദി, വിശാലം 

പാനിതുലയില്‍ പങ്കെടുത്ത് തിരികെ ഗോഹട്ടിയിലെത്തുമ്പോള്‍ രാത്രി കനത്തു തുടങ്ങി. തിരിച്ചുപോരും മുന്‍പ്, രാത്രിവെളിച്ചത്തില്‍ ബ്രഹ്മപുത്രയെ ഒന്നുകൂടി കാണാനുള്ള ആഗ്രഹത്തോടെ ഫാന്‍സിബസാറിനു സമീപത്തെ ചെറിയ പാര്‍ക്കിലെത്തി. ബ്രഹ്മപുത്രയുടെ വിശാലത നഗരത്തില്‍നിന്നു കാണാനാകുന്നത് ഇവിടെയാണ്. നദിയിലൊരിടത്തായി സ്ഥാപിച്ച വലിയൊരു തൂണില്‍ രാജഭരണകാലത്തെ ഭടന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. അഹോം രാജവംശത്തിലെ രാംസിംഗ് ഒന്നാമനു കീഴില്‍ മുഗള്‍ ആക്രമണത്തെ നേരിട്ട 1671-ലെ സരൈഗഡ് യുദ്ധത്തിനു നേതൃത്വം നല്‍കിയ സേനാനായകനായ ലാച്ചിത് ബോര്‍ഫുകാനും പടയാളികളുമാണിത്.

കൊതുകുകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അതു നേരിടാനുള്ള ശക്തിയില്ലാതെ ഞങ്ങള്‍ പാര്‍ക്കില്‍ നിന്നിറങ്ങി റോഡിലൂടെ വെറുതേ നടന്നു.

കടലിലേക്കുള്ള ബ്രഹ്മപുത്രയുടെ യാത്രയ്ക്ക് ആകെ 3848 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ 916 കിലോമീറ്റര്‍ ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ. വടക്കേ ഇന്ത്യയെ കിഴക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ജലപാതയും ബ്രഹ്മപുത്രയാണ്. ഈ നദിയിലൂടെയുള്ള ആദ്യഗതാഗത സംവിധാനം 1962-ല്‍ ആണ് തുറന്നുകൊടുത്തത്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും നദി കൂടുതല്‍ ഉപയോഗയോഗ്യമാക്കാനുമായി 1980 മുതല്‍ ഭാരത സര്‍ക്കാറിന്റെ ബ്രഹ്മപുത്ര ബോര്‍ഡ് എന്ന സ്ഥാപനവും നിലവിലുണ്ട്.
ഇന്ത്യയിലെ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ബ്രഹ്മപുത്രയുടെ തീരങ്ങളില്‍ അധികവും ചെങ്കുത്തായ പ്രദേശങ്ങളാണ്. ലോകത്തിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ക്കൂടി കടന്നുപോകുന്ന ഈ നദിയിലൂടെ വര്‍ഷകാലത്ത് കണക്കറ്റ ജലം ഒഴുകിയെത്തുന്നുണ്ട്. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും ജലം ലഭിക്കുന്നു. അതുകൊണ്ടുതന്നെ വരള്‍ച്ച ബ്രഹ്മപുത്രയെ ബാധിക്കാറില്ല.

ബ്രഹ്മപുത്രയെ ആണ്‍നദിയെന്നു വിശേഷിപ്പിച്ചു കാണാറുണ്ട്. ആണിന്റെ ഗുണദോഷങ്ങളുള്ളതിനാലല്ല, മറിച്ച് ഇന്ത്യയില്‍ ആണ്‍പേരില്‍ അറിയപ്പെടുന്ന ഏക നദിയായതിനാലാണിത്. സിന്ധുവും ഗംഗയും യമുനയും ഗോദാവരിയും നിളയും സരസ്വതിയും മന്ദാകിനിയും എന്നുവേണ്ട സകല നദികളുടേയും പേരുകള്‍ പെണ്‍നാമങ്ങളാണ്. അതേസമയം ബ്രഹ്മാവിന്റെ പുത്രന്‍ എന്നര്‍ത്ഥം വരുന്ന ബ്രഹ്മപുത്ര എന്നത് ആണ്‍നാമമാണ്. ടിബറ്റില്‍ ഹിമാലയത്തിന്റെ വടക്കേഭാഗത്തുള്ള ആംഗ്‌സി ഹിമാനിയില്‍ നിന്നുത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ അവിടുത്തെ പേര് യാര്‍ലിംഗ് സാങ്‌പോ എന്നാണ്.

അസമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗം ബ്രഹ്മപുത്രാതടങ്ങളാണ്. കേരളത്തിന്റെ പാലക്കാടും കുട്ടനാടും പോലെ അസമിന്റെ ധാന്യഅറയാണ് ബ്രഹ്മപുത്രാതടങ്ങള്‍. നെല്‍ക്കൃഷിക്കൊപ്പം നദിയില്‍ വന്‍തോതില്‍ മത്സ്യബന്ധനവും ഇവിടുള്ളവരുടെ ഉപജീവനമാര്‍ഗ്ഗമാണ്. അതിനായി ചീനവലകളുടെ മാതൃകയില്‍ ചെറിയ വലകള്‍ സജ്ജീകരിച്ചിരിക്കുന്നത് അസമിലെ ഗ്രാമങ്ങളില്‍ ജലസമൃദ്ധിയുള്ള പലയിടത്തും കാണാനാകും. അസമില്‍ മത്സ്യഭക്ഷണം ധാരാളമാണെങ്കിലും കടല്‍മീനുകളില്ല. പകരം ചന്തകളില്‍പ്പോലും  പിടയ്ക്കുന്ന വലിയ നദീമത്സ്യങ്ങളെയാണ് കാണാനാകുക. ഗോഹട്ടിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ധാരാളം പുഴമീനിനെ കണ്ടിരുന്നു. ഒക്കെയും ജീവനോടുകൂടിയവയാണ്. വെള്ളത്തിലിട്ടാണ് വില്‍ക്കാന്‍ വെച്ചിരുന്നത്. എല്ലാം ബ്രഹ്മപുത്രയില്‍നിന്നുള്ളവ.

അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനവും ബ്രഹ്മപുത്രാതടത്തിലാണ്. മണ്‍സൂണ്‍ മാസങ്ങളിലും വേനല്‍ക്കാലത്തും ബ്രഹ്മപുത്ര നിറഞ്ഞൊഴുകും. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയാണ് ജലനിരപ്പുയരുന്നത്. അസമിലെ താഴ്വരകളില്‍ വമ്പിച്ച നാശനഷ്ടങ്ങളും ജീവഹാനിയും ഇക്കാലത്ത് ബ്രഹ്മപുത്ര വിതയ്ക്കുന്നു. അതേസമയം പ്രദേശത്ത് ഫലഭൂയിഷ്ടമായ എക്കല്‍മണ്ണ് നിക്ഷേപിക്കുന്നതും ഇതേ ബ്രഹ്മപുത്രയാണ്. ബ്രഹ്മപുത്രയില്‍ നിന്നാരംഭിച്ച് ബ്രഹ്മപുത്രയില്‍ത്തന്നെ ചെന്നുചേരുന്ന ഒട്ടേറെ ഉപനദികളുമുണ്ട്. മജുലിയേയും മറ്റും വിഴുങ്ങിക്കൊണ്ടിരിക്കുന്നതില്‍ ഇത്തരം നദികള്‍ക്കുള്ള പങ്ക് വളരെ വലുതാണല്ലോ.

നഷ്ടങ്ങള്‍ക്കിടയിലും ബ്രഹ്മപുത്ര നല്‍കുന്ന ഈ അനുഗ്രഹത്തിലാണ് അസമിലെ ഗ്രാമീണര്‍ ജീവസന്ധാരണം നടത്തുന്നത്.

ബ്രഹ്മപുത്രയുടെ തീരത്ത് അടുപ്പിച്ചിട്ട ഒരു പഴയ യാത്രാബോട്ടില്‍ ഇപ്പോള്‍ പബ്ബാണ് പ്രവര്‍ത്തിക്കുന്നത്. രാത്രി ഏഴുമണിമുതല്‍ അവിടെ നൃത്തവും മറ്റുമുണ്ട്. പുറമേ നിറമുള്ള വൈദ്യുതവിളക്കുകൊണ്ടലങ്കരിച്ച് ആ ബാര്‍ ബ്രഹ്മപുത്രയുടെ വെള്ളത്തില്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്നു. പക്ഷേ, തിരക്കൊന്നുമില്ല അവിടെ. പുറത്ത് കുറഞ്ഞവിലയ്ക്ക് മദ്യംകിട്ടുന്ന മദ്യവില്‍പ്പന ശാലകള്‍ ധാരാളമുള്ളതിനാലാകാം അത്. പിന്നെ, ഇത്തരം അന്തരീക്ഷത്തിലേക്കു പ്രവേശിക്കാന്‍ അസമിലുള്ളവര്‍ക്ക് വിമുഖതയുണ്ടെന്നു തോന്നുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്ക് തീര്‍ത്തും അപ്രാപ്യമാണ് ഇവയൊക്കെ.

അന്നു രാത്രിയില്‍ ജാവേദിന്റെ താമസസ്ഥലത്തു തങ്ങി തിരികെ വിമാനം കയറുമ്പോഴും ഇനിയും കാണണമെന്നു പറഞ്ഞ് മടക്കി വിളിക്കുന്ന എന്തൊക്കെയോ വശ്യത ബ്രഹ്മപുത്രയ്ക്കും മജുലിക്കും ഉണ്ടായിരുന്നതായി തോന്നി. പോകണം, ഇനിയും അവരെ കാണാന്‍. മതിവരുവോളം ആ സൗന്ദര്യവും ജീവിതവും അറിയാന്‍, ആസ്വദിക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com