മജുലിയുടെ ആഴങ്ങളിലേക്ക്

നിമതിഘട്ടില്‍നിന്ന് ഒരു മണിക്കൂര്‍ ജങ്കാറില്‍ സഞ്ചരിക്കണം മജുലിയിലെത്താന്‍. അത് നദിയുടെ മറുകരയല്ല. നദീമധ്യത്തിലുള്ള വലിയൊരു ദ്വീപാണ്. ഒറ്റ ജില്ല
മജുലിയുടെ ആഴങ്ങളിലേക്ക്

യാത്ര മജുലിയിലേക്കാണ്. കേട്ടറിഞ്ഞ അവിടുത്തെ ജീവിതങ്ങള്‍ എഴുതിത്തീരാത്ത തിരക്കഥപോലെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ ആസാം യാത്രയെപ്പറ്റി പദ്ധതിയിട്ടപ്പോള്‍ മജുലിക്കപ്പുറം എനിക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നില്ല. ഗോഹട്ടി ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡലോയ് വിമാനത്താവളത്തില്‍ കൊവിഡിനു മുന്‍പുള്ള ഒരു നവംബറിലെ തണുപ്പില്‍ വിമാനമിറങ്ങി നേരെ ജാവേദിന്റെ താമസസ്ഥലത്തേയ്ക്ക് വിട്ടു. മജുലിയിലേക്കുള്ള യാത്രയില്‍ വഴികാട്ടിയായി കൂടെവരാമെന്ന് ഏറ്റിട്ടുള്ളത് ഗോഹട്ടിയില്‍ ജോലി ചെയ്യുന്ന ജാവേദാണ്.

ജാവേദിന്റെ താമസസ്ഥലത്തുനിന്ന് പുലര്‍ച്ചെ തന്നെ യാത്ര പുറപ്പെട്ടു. ഒറ്റ ലക്ഷ്യമേയുള്ളൂ, മജുലി. മുന്നൂറിലേറെ കിലോമീറ്റര്‍ റോഡു മാര്‍ഗ്ഗം സഞ്ചരിച്ച് ജോഹര്‍ട്ടിലെത്തി. അവിടെനിന്ന് ബോട്ടില്‍ വേണം മജുലിയിലേക്കെത്താന്‍. പോകുന്ന വഴിക്കാണ് കാണ്ടാമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാസിരംഗ ദേശീയോദ്യാനം. ഒരിടത്തും നിറുത്തേണ്ട, നേരെ മജുലിക്ക് എന്നുതന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. ഉച്ചയോടെ ജോഹര്‍ട്ടിലെത്തണം. മൂന്നരയ്‌ക്കോ മറ്റോ ആണ് മജുലിയിലേക്കുള്ള അവസാനത്തെ ബോട്ട്. ജോഹര്‍ട്ടിനടുത്തുള്ള നിമതിഘട്ടില്‍നിന്നു പുറപ്പെടുക. അതു മിസ്സായാല്‍പ്പിന്നെ അന്ന് മജുലി പിടിക്കാനാകില്ല. കേരള രജിസ്‌ട്രേഷനുള്ള ജാവേദിന്റെ മഹീന്ദ്ര ബൊലേറോ ഗോഹട്ടിയില്‍നിന്ന് ആദ്യം 27-ാം നമ്പര്‍ ദേശീയപാതയിലൂടെയും പിന്നെ 715-ാം ദേശീയപാതയിലൂടെയും മജുലിയിലേക്കു കുതിച്ചു.

ചരിത്രവും സാംസ്‌കാരികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു ഭൂമികയെന്നാണ് മജുലിയെപ്പറ്റി കേട്ടിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യദ്വീപ്. 1661 മുതല്‍ 1696 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അസമില്‍ ഉണ്ടായതായി ചരിത്രപുസ്തകങ്ങളില്‍ പറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി 1750-ല്‍ വലിയൊരു വെള്ളപ്പൊക്കവും അസമിനെ ബാധിച്ചു. 15 ദിവസം നീണ്ടുനിന്ന ഈ വെള്ളപ്പൊക്കത്തിനൊടുവില്‍ ബ്രഹ്മപുത്ര വഴിമാറിയൊഴുകുകയും മജുലി ദ്വീപ് രൂപപ്പെടുകയുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

മജുലിയിലെ കുടിലുകൾ
മജുലിയിലെ കുടിലുകൾ

നെല്ലിയുടെ കലാപകാലം 

ഗോഹട്ടിയില്‍നിന്നു മജുലിയിലേക്കുള്ള യാത്രയില്‍ 'നെല്ലി' എന്ന സ്ഥലപ്പേര് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മലയാളത്തില്‍ ഇതൊരു ഫലവൃക്ഷമാണ്. പക്ഷേ, അസമില്‍ സ്ഥലപ്പേരും. അന്വേഷിച്ചപ്പോഴാണറിഞ്ഞത് നെല്ലി എന്നത് വെറുമൊരു സ്ഥലപ്പേരില്‍ ഒതുങ്ങുന്നതല്ല, മറിച്ച് വലിയൊരു ചരിത്രമുള്ള സ്ഥലംകൂടിയാണെന്ന്. അസമിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നെല്ലിയുടെ ചരിത്രവുമായി ചേര്‍ന്നുകിടക്കുന്നതാണ്.

കലാപകലുഷിതമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ദുഷ്പേരുകള്‍ക്ക് കാരണമായ വലിയൊരു കലാപത്തിന്റെ സാക്ഷിയാണ് നെല്ലി. ഇന്നും നീതികിട്ടാത്ത, ഇനിയതിനു സാധ്യതയില്ലാത്ത കലാപത്തിന്റെ ഇര. 1983 ഫെബ്രുവരി 18-ന് ഏതാണ്ട് ആറു മണിക്കൂര്‍ നീണ്ടുനിന്ന കലാപത്തില്‍ ഇവിടെ കൊല്ലപ്പെട്ടത് അനൗദ്യോഗിക കണക്കുകളനുസരിച്ച് പതിനായിരത്തിലേറെ ആളുകളാണ്. ഔദ്യോഗിക രേഖകളില്‍ 2191 പേരുടെ മരണവും. അന്ന്, നെല്ലി ഉള്‍പ്പെടുന്ന 14 സമീപസ്ഥ ഗ്രാമങ്ങളിലെ മനുഷ്യരാണ് തദ്ദേശീയതയുടെ ഇരകളായി കൂട്ടക്കുരുതി ചെയ്യപ്പെട്ടത്. പ്രദേശത്തെ കുളങ്ങളിലും തോടുകളിലും കുരുതിക്കിരയായ മനുഷ്യരുടെ ശരീരങ്ങള്‍ ദിവസങ്ങളോളം ഒഴുകിനടന്നിരുന്നുവെന്നും അതുകൊണ്ടുതന്നെ പിന്നെ കുറേക്കാലത്തോളം അവിടുള്ളവര്‍ മത്സ്യാഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ജാവേദ് പറഞ്ഞുതന്നു.

ഇന്ത്യയുടെ വിഭജനത്തിനുശേഷം ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്താനില്‍നിന്നുള്ള അഭയാര്‍ത്ഥികളുള്‍പ്പെടെ തദ്ദേശീയരല്ലാത്ത ആയിരങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജീവിതമുറപ്പിച്ചിരുന്നു. നെല്ലിയിലും എത്തി അത്തരമാളുകള്‍. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകള്‍ മുതല്‍ അസമിലേക്ക് ഇങ്ങനെയെത്തിയ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരാണ് നെല്ലിയിലും പരിസരങ്ങളിലും തദ്ദേശീയരായ അസമികളുടെ ആയുധങ്ങള്‍ക്കിരയായത്.

അന്നും ഇന്നും അസമില്‍ കുടിയേറപ്പെട്ടവരുടെ അസ്തിത്വം ഗുരുതരമായ പ്രശ്‌നമാണ്. ഇത്തരക്കാരെ കണ്ടെത്താനായി സര്‍ക്കാര്‍ രൂപംകൊടുത്ത സംവിധാനങ്ങള്‍ അസമില്‍ പലതരത്തിലുമുള്ള കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാലാകാലങ്ങളില്‍ വഴിതെളിച്ചിട്ടുണ്ട്. കുടിയേറിയവര്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെ നല്‍കരുതെന്നാണ് തദ്ദേശീയരുടെ ആവശ്യം. വേണമെന്ന് അവരും. 1983-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ 40 ലക്ഷത്തോളം പേര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ തീരുമാനമായിരുന്നു അന്ന് നെല്ലിയിലെ കൂട്ടക്കുരുതിക്കു വഴിതെളിച്ചത്. സര്‍ക്കാര്‍ വോട്ടവകാശം നല്‍കിയാല്‍ തങ്ങളവരെ കൊന്നുതീര്‍ക്കുമെന്ന് കലാപകാരികള്‍ തീരുമാനിച്ചിരുന്നിരിക്കണം.

688 ക്രിമിനല്‍ കേസുകളാണ് അന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 378 എണ്ണവും തെളിവുകളുടെ അഭാവം പറഞ്ഞ് വേണ്ടെന്നുവെച്ചു. പിന്നീട് 1985-ലെ ആസാം ഒത്തുതീര്‍പ്പിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എല്ലാ കേസുകളും ഉപേക്ഷിച്ചു. പതിനായിരങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ട കൂട്ടക്കുരുതിയില്‍ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല.

നെല്ലി കൂട്ടക്കുരുതിയെപ്പറ്റി അന്വേഷിക്കാന്‍ തിവാരി കമ്മിഷനെ നിയോഗിച്ചെങ്കിലും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. ഹിതേശ്വര്‍ സൈക്കിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്നത്തെ ആ തീരുമാനം തുടര്‍ന്നുവന്ന സര്‍ക്കാരുകളും പിന്തുടര്‍ന്നു. നെല്ലി കൂട്ടക്കുരുതിക്ക് ഇരയായവര്‍ക്ക് മൂന്നു പതിറ്റാണ്ടിനിപ്പുറവും നീതി കിട്ടിയതുമില്ല.

അസമിലേക്ക് ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റത്തിനും കുടിയേറിയവര്‍ക്കും എതിരേയുള്ള ആറു വര്‍ഷം നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന സംഘടനയായിരുന്നു. 1971-നുശേഷം അസമിലേക്കു കുടിയേറിയവരെ ഇവിടെ സമ്മതിദായകരായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇവര്‍ തുടര്‍ന്നുപോന്നത്. നെല്ലിയിലെ കൂട്ടക്കുരുതിയിലും ഇവരുടെ പ്രക്ഷോഭം വഹിച്ച പങ്ക് വളരെ വലുതാണ്. ആസാം പ്രക്ഷോഭം എന്നറിയപ്പെടുന്ന, അനധികൃത കുടിയേറ്റത്തിനെതിരായ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുശേഷം ലോകത്തു നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സമാധാന സ്വഭാവമുള്ള സമരമായാണ് വിലയിരുത്തപ്പെടുന്നത്. നെല്ലി കൂട്ടക്കുരുതിയെ അതുകൊണ്ടുതന്നെ ഈ സമരത്തിന്റെ ഭാഗമാക്കാന്‍ പലരും മടിക്കുന്നുണ്ട്. ഇന്നും ഇന്ത്യയിലെ ജനസംഖ്യാ രജിസ്ട്രിയെ സംബന്ധിച്ച വിവാദങ്ങളിലും പൗരത്വരേഖകളിലേക്കുള്ള സഞ്ചാരത്തിലുമൊക്കെ നെല്ലിയുടെ പങ്ക് വളരെ വലുതാണ്. പുറത്തുനിന്നെത്തുന്നവരെ അവിടുത്തുകാര്‍ ഇപ്പോഴും സംശയത്തോടെയാണത്രേ വീക്ഷിക്കുന്നത്.

ഓരോ പുഴയും വഴിമാറി ഒഴുകുമ്പോള്‍ അപഹരിക്കപ്പെട്ട ഓരോ ജീവനുകളും ഓരോ കൂട്ടക്കുരുതികളും നമുക്ക് വിസ്മരിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് നെല്ലി ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

ജങ്കാർ സർവീസ്
ജങ്കാർ സർവീസ്

ആനയും പോത്തും കയറുന്ന ജങ്കാര്‍

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജോര്‍ഹട്ടിലെത്തി. അവിടെ വ്യോമസേനയില്‍ ജോലി ചെയ്യുന്ന തിരൂരുകാരനായ സുഹൃത്ത് വൈശാഖ് ജെയ് ഞങ്ങളെ കാത്തുനിന്നിരുന്നു. എനിക്ക് ഫെയ്‌സ്ബുക്കിലൂടെ മാത്രമാണ് വൈശാഖിനെ പരിചയം. വൈശാഖിനൊപ്പം തരക്കേടില്ലാത്ത ഒരു ഭക്ഷണശാലയില്‍ കയറി ഉച്ചഭക്ഷണവും കഴിച്ച് നേരെ നിമതിഘട്ടിലേക്ക്.

ജോര്‍ഹട്ടില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട്. ബ്രഹ്മപുത്രയുടെ തീരത്തെ നിമതിഘട്ടിലേക്ക്. അവിടെനിന്നാണ് മജുലിയിലേക്കു ബോട്ടു കിട്ടുക. രണ്ടരയോടെ നിമതിഘട്ടിലെത്തിയപ്പോള്‍ ബോട്ടില്‍ കയറാനുള്ള വാഹനങ്ങളുടെ നിരയില്‍ മൂന്നാമതായി ഞങ്ങളുടെ വാഹനത്തിനും ഇടം കിട്ടി.

ബോട്ടും വള്ളവും ജങ്കാറും എല്ലാം ചേര്‍ന്ന് ഒരു പ്രത്യേകതരം ജലയാനമാണ് മജുലിയിലേക്കുള്ളത്. വള്ളത്തിനു മുകളില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് അതില്‍ പലകയും തകരഷീറ്റുമൊക്കെ ഉപയോഗിച്ചു നിര്‍മ്മിച്ച ഒരു ജലവാഹനം. രണ്ടു വള്ളങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെങ്കില്‍ കയറാവുന്ന ആളുകളുടേയും വാഹനങ്ങളുടേയും എണ്ണം ഇരട്ടിയാകും. സൈക്കിള്‍ മുതല്‍ ട്രെയ്ലര്‍ വരെ ഈ ജലവാഹനത്തില്‍ കയറ്റും. പശുവിനും പോത്തിനും ആനയ്ക്കും ഇതിലിടമുണ്ട്. ഓരോന്നിനും പ്രത്യേകം നിരക്കുമുണ്ട്. ആനയ്ക്കാണെങ്കില്‍ പാപ്പാനു സഹിതമാണ് ചാര്‍ജ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഈ ജങ്കാറിന്റെ പ്രവര്‍ത്തനം.

മജുലിയിലേക്കുള്ള ജലയാനത്തെ ബോട്ടെന്നു വിശേഷിപ്പിക്കാനാകില്ല എന്നതുപോലെതന്നെ നിമതിഘട്ടിനെ ഒരു ബോട്ടുജെട്ടിയെന്നും വിശേഷിപ്പിക്കാനാകില്ല. കാരണം, ബ്രഹ്മപുത്രയില്‍ ജലനിരപ്പുയരുന്നതിനനുസരിച്ച് തീരം ഇടിഞ്ഞുപോകും. മണ്‍തിട്ടകളുടെ ആകൃതിക്കും വിന്യാസത്തിനും മാറ്റം വരും. ഇതിനനുസരിച്ച് സൗകര്യപ്രദമായ സ്ഥലത്തേക്ക് ബോട്ടുജെട്ടിയും മാറ്റേണ്ടിവരും. മണ്‍തിട്ട ഇടിച്ചുനിരത്തിയുണ്ടാക്കിയ താല്‍ക്കാലിക വഴി മാത്രമാണ് ബോട്ടിലേക്കു കയറാനുള്ളത്. വള്ളത്തില്‍ സ്ഥാപിച്ച ചെറിയ കെട്ടിടമാണ് ഓഫീസും ടിക്കറ്റ് കൗണ്ടറുമൊക്കെ. ബോട്ടുജെട്ടി മാറ്റുന്നതിനനുസരിച്ച് ഇതും അവിടേക്കു മാറ്റും. 

അല്ലെങ്കില്‍ ഈ ഓഫീസ് വള്ളം മാറുന്നതിനനുസരിച്ച് ബോട്ടുജെട്ടി മാറുമെന്നു പറയുകയാകും സൗകര്യം. ഒരു മണിക്കൂര്‍ അവശേഷിക്കുന്നുണ്ട്. നിമതിഘട്ടിലെ തീരത്തുനിന്ന് ബ്രഹ്മപുത്രയെ കണ്ടു. ബ്രഹ്മപുത്ര ഒരു നദിയാണ്. പക്ഷേ, കാഴ്ചയില്‍ കായലും അനുഭവത്തില്‍ കടലുമാണ് അത്. അതിരുകള്‍ക്കപ്പുറത്തേക്കു പരന്നൊഴുകുന്ന നദി. ചൈനയുടേയും ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും മണ്ണിനെ ആലിംഗനം ചെയ്തും അപഹരിച്ചും ഒരു ദുരാഗ്രഹിയെപ്പോലെ ബ്രഹ്മപുത്ര പരന്ന്, നിവര്‍ന്ന് ഒഴുകുകയാണ്. ലോകത്തെ നദികളില്‍ വലിപ്പത്തില്‍ പത്താം സ്ഥാനവും ദൈര്‍ഘ്യത്തില്‍ 15-ാം സ്ഥാനവുമാണ് ബ്രഹ്മപുത്രയ്ക്കുള്ളത്. നദിയുടെ ഒഴുക്കോ ആഴമോ നമുക്ക് പുറമേനിന്നു മനസ്സിലാക്കാനാകില്ല. 124 അടി മുതല്‍ 380 അടി വരെ ഈ നദിക്ക് ആഴമുണ്ടെന്നാണ് പറയുന്നത്.

നിമതിഘട്ടില്‍നിന്ന് ഒരു മണിക്കൂര്‍ ജങ്കാറില്‍ സഞ്ചരിക്കണം മജുലിയിലെത്താന്‍. അത് നദിയുടെ മറുകരയല്ല. നദീമധ്യത്തിലുള്ള വലിയൊരു ദ്വീപാണ്. ഒറ്റ ജില്ല. അസമിന്റെ മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനോവാളിന്റെ സ്വന്തം നിയമസഭാമണ്ഡലം. വൈഷ്ണവ വിഭാഗക്കാരുടെ ആചാര്യനായ ശ്രീമന്ത ശങ്കര്‍ദേവയുടെ സന്ദര്‍ശനത്തിലൂടെ 16-ാം നൂറ്റാണ്ടു മുതല്‍ മജുലി അസമിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്.

മത്സ്യബന്ധന വല
മത്സ്യബന്ധന വല

ജങ്കാര്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പ് വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചു. യാതൊരു സുരക്ഷാക്രമീകരണവുമില്ലെങ്കിലും ചെറിയൊരു മുറുക്കാന്‍ കടയും മൂത്രപ്പുരയും ജങ്കാറിലുണ്ട്. ആളുകളാകട്ടെ, നല്ലൊരു പങ്കും ജങ്കാറിന്റെ മേല്‍ക്കൂരയിലിരുന്നാണ് സഞ്ചരിക്കുന്നത്. അങ്ങോട്ടു കയറാന്‍ കുത്തിനിറുത്തിയ ഒരു ഗോവണിയാണ് ആശ്രയം.

ബോട്ടുജെട്ടിയിലെ ജീവനക്കാര്‍ നല്‍കിയ നിര്‍ദ്ദേശമനുരിച്ച് പ്ലാറ്റ്‌ഫോമിന്റെ വക്കത്തുവരെയെത്തിച്ച് ജീപ്പ് നിറുത്തുമ്പോള്‍ ചെറിയ ഭയമുണ്ടായിരുന്നു. വളരെ ചേര്‍ത്താണ് വണ്ടികള്‍ നിറുത്തുന്നത്. പരമാവധി വാഹനങ്ങള്‍ കയറ്റുന്നതിനായാണിത്. 700 രൂപയാണ് ജീപ്പിന്റെ നിരക്ക്.

ജോര്‍ഹട്ടില്‍നിന്ന് കൂലിപ്പണിയും കഴിഞ്ഞ് മജുലിയിലേക്കു തിരികെപ്പോകുന്ന സാധാരണക്കാരായ സ്ത്രീ പുരുഷന്മാരായിരുന്നു ജങ്കാറിലെ യാത്രക്കാരിലേറെയും. അതിരാവിലെ മജുലിയില്‍നിന്നുള്ള ജങ്കാറില്‍ ജോഹര്‍ട്ടിയിലെത്തുന്നവരാണ് അവര്‍. മജുലി അവരുടെ ജീവിതത്തിനാവശ്യമായ വിഭവങ്ങള്‍ നല്‍കാതെ വരുമ്പോള്‍ അവര്‍ ബ്രഹ്മപുത്ര കുറുകെ കടക്കുന്നു.

ജങ്കാറിന്റെ യാത്രക്കാര്‍ക്കുള്ള ക്യാബിനില്‍ കാര്യേജില്‍ രണ്ടുമൂന്ന് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയകളും കണ്ടെങ്കിലും അവയൊന്നും ഉപയോഗയോഗ്യമല്ലെന്ന് ആദ്യ കാഴ്ചയില്‍ത്തന്നെ മനസ്സിലായി. ജങ്കാര്‍ അപകടത്തില്‍പ്പെടില്ലെന്ന് യാത്രക്കാരും അധികാരികളും കരുതുന്നുവെന്നതാകാം കാരണം. സത്യത്തില്‍ ജീവന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതെയാണ് ഇവരുടെ ദൈനംദിന യാത്ര. ആഴവും ഒഴുക്കും തണുപ്പുമറിയാതെ ഒരു നദിയുടെ വിശാലമായ മാറിലൂടെ.

ഞങ്ങളും പതിയെ ജങ്കാറിന്റെ മുകളിലേക്കു കയറി. നേരിയ ചരിവുള്ള തകരമേല്‍ക്കൂര. കാല്‍തെന്നിയാല്‍ നദിയില്‍ പതിക്കും. പിടിക്കാന്‍ യാതൊന്നുമില്ല. പാനിന്റെ മണമായിരുന്നു ജങ്കാറിന്റെ മേല്‍ത്തട്ടിന്. പുരുഷയാത്രക്കാര്‍ അവിടെ കുത്തിയിരുന്ന് ചീട്ടുകളിക്കുന്നു. ഒന്നര മണിക്കൂറോളം യാത്രയുണ്ട് മജുലിയിലെത്താന്‍. സമയം പോക്കാനുള്ള അവരുടെ മാര്‍ഗ്ഗമാണ് ഈ ചീട്ടുകളി. ഇടയ്ക്ക് വായില്‍ കിടക്കുന്ന പാന്‍ കലര്‍ന്ന ഉമിനീര് ബ്രഹ്മപുത്രയിലേക്ക് നീട്ടിത്തുപ്പും. എന്തെങ്കിലും സംഭവിച്ചാല്‍ വരുന്നതുവരട്ടെ എന്നു കരുതി ഞങ്ങളും ജങ്കാറിന്റെ മുകള്‍ത്തട്ടില്‍ ഇരിപ്പായി.

വെള്ളത്തില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന വിശാലമായ മണ്‍തടം ചാരനിറമാര്‍ന്ന് പരന്നുകിടക്കുന്നത് യാത്രയില്‍ കാണാം. കനത്ത മഴക്കാലങ്ങള്‍ ബ്രഹ്മപുത്രയില്‍ സൃഷ്ടിക്കുന്ന മണ്‍തടങ്ങളാണ് പച്ചപ്പ് ലവലേശമില്ലാത്ത അവ. വെള്ളമുയരുമ്പോള്‍ ആ തടങ്ങളും വെള്ളത്തിനടിയിലാകും. അവയില്‍ തട്ടാതെ വഴിതിരിച്ചൊക്കെ വേണം ജങ്കാറിന് സഞ്ചരിക്കാന്‍. യാത്രയ്ക്ക് സമയം കൂടുതലെടുക്കുന്നത് വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടതിനാലാകാം. പോരാത്തതിന് മജുലിയിലേക്കുള്ള യാത്ര ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെയുമാണ്.

യാത്ര പകുതിയോളമെത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. ഞാന്‍ വാച്ചില്‍ നോക്കി. നാലരയായതേയുള്ളൂ. ഇനിയും അരമണിക്കൂറിനടുത്തുവേണം കരയ്ക്കടുക്കാന്‍. പക്ഷേ, ബ്രഹ്മപുത്രയിലെ ആ അസ്തമയ കാഴ്ചയില്‍ മതിമറന്നു നിന്നുപോയെന്നതാണ് വാസ്തവം. കടലിലല്ല, നദിയില്‍ താഴ്ന്നുമറയുന്ന സൂര്യന്‍!

അസ്തമയത്തിന്റെ അപൂര്‍വ്വചാരുത നുകര്‍ന്ന് മെല്ലെ മജുലിയിലേക്ക്.

കടവ്
കടവ്

ഒരാള്‍ പൊക്കത്തിലെ വീടുകള്‍

കമലാബാരി ജെട്ടിയിലാണ് ജങ്കാര്‍ അടുക്കുക. നിമതിഘട്ടിലേതുപോലെ തന്നെയാണ് ഇവിടെയും. സ്ഥിരനിര്‍മ്മാണങ്ങളൊന്നുമില്ല. വള്ളത്തിലാണ് ഓഫീസ്. താല്‍ക്കാലിക പലകകളിലാണ് പാലം.

മജുലിക്കാരനായ മഞ്ജിത്ത് റിഷോംഗിന്റെ ഹോം സ്റ്റേയില്‍ ജാവേദ് താമസം പറഞ്ഞിരുന്നു. മുളയും മറ്റും കൊണ്ടു നിര്‍മ്മിച്ച ചെറുതും സാധാരണവും അതിമനോഹരവുമായ ഹട്ടുകളും നീളന്‍ ലോഡ്ജുകളും മജുലിയിലുണ്ട്. ഹട്ടിനു നിരക്കു കൂടും. എല്ലാം തറയില്‍നിന്ന് ഒരാള്‍പ്പൊക്കത്തില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. തടിയല്ലാത്തത് ബാത്‌റൂമുകള്‍ മാത്രമാണ്. യൂറോപ്യന്‍ ക്ലോസറ്റ് പിടിപ്പിച്ച വൃത്തിയുള്ള ബാത്‌റൂമുകളായിരുന്നു അവ.

അത്താഴം കഴിക്കാന്‍ നേരെ മഞ്ജിത്തിന്റെ വീടിരിക്കുന്നിടത്തേയ്ക്കു പോയി. വിശാലമാണ് ഡൈനിംഗ് ഹാള്‍. അതിലൊരിടത്ത് അടുക്കള. മറുഭാഗത്ത് തടികൊണ്ടുള്ള മേശയും കസേരകളും നിരത്തിയ ഡൈനിംഗ് ഏരിയ. മജുലിയുടെ തനതു രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. വലിയ ഒരു പാത്രം വിറകടുപ്പിനു മുകളില്‍ വെച്ച് മഞ്ജിത്തിന്റെ ഭാര്യ ഭക്ഷണം ഉണ്ടാക്കുന്നു. പാത്രത്തിനു ചുറ്റുമായി, തറയില്‍ ചിക്കന്‍ കഷണങ്ങള്‍ കോര്‍ത്ത മുളങ്കമ്പുകള്‍ കുത്തി നിറുത്തിയിട്ടുമുണ്ട്. അതാണ് അവരുടെ ഗ്രില്‍ഡ് ചിക്കന്‍. മജുലിയുടെ സ്വന്തം ചിക്കന്‍ ടിക്ക.

ചിക്കന്‍ കഴിച്ചിട്ട് വേസ്റ്റ് ഇടാന്‍ പാത്രമൊന്നുമില്ല. ഇരിക്കുന്നിടത്തുകൂടി താഴേക്കിടുക. അത് തറയിലെ മുളങ്കമ്പുകള്‍ക്കിടയിലൂടെ നിലത്തേക്കു പതിക്കും. അവിടെ പൂച്ചയും പട്ടിയും പന്നിയുമൊക്കെയുണ്ടാകും. അവ ആ ഭക്ഷ്യാവശിഷ്ടങ്ങള്‍ വയറ്റിലേക്കിട്ട് ശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ചുകൊള്ളും.

നല്ല തണുപ്പുണ്ടായിരുന്നു. യാത്രാക്ഷീണവും. സമയം ഏഴു മണിയായതേയുള്ളൂവെങ്കിലും ഇരുട്ടിയിട്ട് ഏറെ നേരമായിരിക്കുന്നു. പുതച്ചുമൂടി കിടന്നുറങ്ങി.

പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ നല്ല മഞ്ഞുണ്ട്. താമസിക്കുന്ന ഹട്ടിനു സമീപത്തുകൂടി മറ്റൊരു പുഴയൊഴുകുന്നു. ഇതൊക്കെ ബ്രഹ്മപുത്രയുടെ കൈവഴികളാണ്. അത്തരത്തില്‍ ഒട്ടേറെ ചെറുനദികള്‍ മജുലിയിലൂടെ ഒഴുകുന്നുണ്ട്. അവയ്ക്ക് കാര്യമായ ആഴമില്ല. വെള്ളപ്പൊക്കക്കാലത്ത് ഇത്തരത്തില്‍ വേറേയും പുതിയ കൈവഴികള്‍ ബ്രഹ്മപുത്ര സൃഷ്ടിച്ചു കൊണ്ടിരിക്കും.

മജുലിയുടെ തെക്കുഭാഗത്തുകൂടിയാണ് യഥാര്‍ത്ഥ ബ്രഹ്മപുത്ര ഒഴുകുന്നത്. ബ്രഹ്മപുത്രയില്‍നിന്ന് വേര്‍പെട്ടൊഴുകി സുബാന്‍സിരി നദിയില്‍ ചേരുന്ന ഖേര്‍കുഷ്യ സുതിയാണ് വടക്കുഭാഗത്തുകൂടി ഒഴുകുന്നത്. സുബാന്‍സിരിയും കുറേ താഴെയെത്തി ബ്രഹ്മപുത്രയില്‍ ചേരുകയാണ്. സമാന്തരമായൊഴുകി ഒന്നാകുന്ന ഈ നീര്‍വഴികള്‍ക്കിടയില്‍ 421 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നീണ്ടുകിടക്കുന്ന ദ്വീപാണ് മജുലി.

പട്ടണങ്ങളെന്നു പറയാവുന്ന രണ്ടു സ്ഥലങ്ങളേ മജുലിയിലുള്ളൂ. കമലാബാരിയും നാലു കിലോമീറ്റര്‍ മാത്രം മാറിയുള്ള ഗരമൂറും. ഗരമൂറിലാണ് താമസസൗകര്യങ്ങളുള്ളത്. മഞ്ജിത്തിന്റെ റിഷോംഗ്‌സ് ഫാമിലി കിച്ചനില്‍നിന്ന് പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള്‍ വെറുതേയൊരു കറക്കത്തിനായി പുറത്തിറങ്ങി. ഓറഞ്ച് സൈക്കിള്‍ കഫേയെന്നു പേരിട്ടിരിക്കുന്ന, അതിഥികള്‍ക്കായുള്ള ഒരിടത്ത്, സൈക്കിളുകള്‍ ലഭിക്കും. മജുലിയെ രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്കുവേണ്ടി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സൈക്കിള്‍ സവാരി.

ഓറഞ്ചു നിറമുള്ള ഗിയര്‍ സൈക്കിളുകളിലായി പിന്നെ മജുലിയുടെ മണ്ണിലൂടെയുള്ള ഞങ്ങളുടെ യാത്ര.

മജുലിയിലെ താമസക്കാരിലേറെയും അരുണാചല്‍ പ്രദേശില്‍നിന്നു കുടിയേറിപ്പാര്‍ത്ത ഗോത്രവര്‍ഗ്ഗക്കാരാണ്. ഒപ്പം ദിയോറി, സോണോവാള്‍, കച്ചാരി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്. 144 ഗ്രാമങ്ങളുള്ള ഈ ദ്വീപിലെ ആകെ ജനസംഖ്യ ഒന്നര ലക്ഷത്തോളം വരും. ആളുകള്‍ കൂട്ടംകൂടി താമസിക്കുന്ന സ്ഥലമെന്നു മാത്രമേ ഗ്രാമങ്ങള്‍ക്ക് അര്‍ത്ഥമുള്ളൂ. ഒരു മുറുക്കാന്‍ കടപോലും ഇവിടെയുണ്ടാകില്ല. ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ കമലാബാരിയിലോ ഗരമൂറിലോ ആണുള്ളത്. കുട്ടികളെല്ലാം പഠിക്കാന്‍ പോകുന്നുണ്ടോ എന്ന ചോദ്യത്തിനുപോലും അര്‍ത്ഥമില്ല!

പൊതുഗതാഗത സംവിധാനങ്ങള്‍ അധികമൊന്നും മജുലിയിലില്ല. ഒരു ബസോ മറ്റോ പുറത്തുനിന്നു വരുന്നുണ്ടെന്നു തോന്നുന്നു. നിരപ്പായ പ്രദേശമായതിനാല്‍ സൈക്കിളുകളിലാണ് ഗ്രാമവാസികളുടെ യാത്ര. സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി സൈക്കിളുകള്‍ നല്‍കുന്നുണ്ട്. ഒന്‍പതാം ക്ലാസ്സ് കഴിഞ്ഞാല്‍ മജുലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികളുടെ യൂണിഫോം സാരിയാണ്. ടൈയും ബെല്‍ട്ടും മറ്റും യൂണിഫോമിന്റെ ഭാഗമായുള്ള വളരെ ചെറിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ ദ്വീപിന് ആധുനികതയുടെ സ്പര്‍ശം സമ്മാനിക്കുന്നു.

നെല്‍ക്കൃഷിയാണ് മജുലി ദ്വീപ് നിവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. അരിയും അരി ഉല്പന്നങ്ങളുമാണ് പ്രധാന ഭക്ഷണം. നൂറില്‍പ്പരം നെല്ലിനങ്ങള്‍ ഇവിടുത്തെ പാടങ്ങളില്‍ വിളയുന്നുണ്ട്. ഇവയെല്ലാം കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ സ്വാഭാവികമായ രീതിയില്‍ കൃഷി ചെയ്‌തെടുക്കുന്നവയാണ്. അവയില്‍ ബാവോ ധാന്‍ പോലുള്ള ഇനങ്ങള്‍ വെള്ളത്തിനടിയില്‍ വളരുന്നവയാണെന്ന പ്രത്യേകതയുമുണ്ട്.

നദിയുടെ സാമീപ്യം ഏറെയുള്ളതിനാല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരും മജുലിയില്‍ ഏറെയാണ്. അതില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. പ്രഭാതമായതിനാല്‍ ഒറ്റാലും മീന്‍പിടിക്കാനുള്ള പ്രത്യേകം കുട്ടകളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സംഘം വഴിയില്‍ നില്‍ക്കുന്നതു കണ്ടു. ഒരു പെണ്‍കുട്ടി മണ്‍പാതയ്ക്കരികിലെ ചതുപ്പിലിറങ്ങി ഒറ്റാലുപയോഗിച്ച് മീനിനെ പിടിക്കുന്നുണ്ട്.

ചെറുവള്ളങ്ങളില്‍ നല്ലൊരഭ്യാസിയെപ്പോലെ ചാടിക്കയറി തുഴഞ്ഞുപോകുന്ന കുട്ടികളെ ഇവിടെ ധാരാളം കാണാം. ചൈനീസ് വലകളുടെ ചെറുപതിപ്പുകളും പുഴയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് ബ്രഹ്മപുത്രയില്‍നിന്ന് ഈ പ്രദേശങ്ങളിലേക്ക് ധാരാളമായി മത്സ്യങ്ങള്‍ കയറിവരും. പിന്നീട് വെള്ളമിറങ്ങുമ്പോള്‍ ഇവയ്ക്ക് തിരികെ പോകാന്‍ സാധിക്കാതെ വരുന്നു. അങ്ങനെ ഈ ജലമേഖലകളില്‍ കുടുങ്ങിക്കിടന്നു വളരുന്ന മത്സ്യങ്ങളെ ചൂണ്ടയിട്ടും പിടിക്കുന്നു. മജുലിയിലെ ചെറുഭക്ഷണശാലകളില്‍ നദീ മത്സ്യങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ സുലഭമാണ്.

പശുവളര്‍ത്തലും ഇവിടുത്തുകാരുടെ വരുമാന മാര്‍ഗ്ഗമാണ്. മറ്റു മേഖലകളില്‍ പോയി പുല്ല് ശേഖരിച്ച് വള്ളങ്ങളില്‍ അവര്‍ വീടുകളിലെത്തിക്കുന്നു.

മജുലിയിലെ വീടുകളിലേറെയും മുളകൊണ്ടും മണ്ണുകൊണ്ടും നിര്‍മ്മിച്ചവയാണ്. വെള്ളം നിറഞ്ഞ പാടങ്ങളിലും മറ്റും മുളങ്കാലുകളില്‍ ഉയര്‍ത്തിസ്ഥാപിച്ച പ്ലാറ്റ്‌ഫോമുകളില്‍ മുളയും പുല്ലും ഉപയോഗിച്ച് മനോഹരമായ താമസസ്ഥലങ്ങള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു.

1250 ചതുരശ്ര കിലോമീറ്ററായിരുന്നു ഒരുകാലത്ത് മജുലിയുടെ വിസ്തൃതി. ദ്വീപിന്റെ അരികുകള്‍ ഓരോ വെള്ളപ്പൊക്കത്തിലും അല്പാല്പമായി ബ്രഹ്മപുത്ര വിഴുങ്ങും. 1991-നുശേഷം മാത്രം മജുലിയിലെ 35 തീരഗ്രാമങ്ങളെ നദിയെടുത്തുവെന്നാണ് കണക്ക്. ഇന്നത്തെ അവസ്ഥയില്‍ അനതിവിദൂരഭാവിയില്‍ ദ്വീപ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദ്വീപ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മണ്ണൊലിപ്പ് നേരിടാന്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജലസേചന വകുപ്പും ബ്രഹ്മപുത്ര ബോര്‍ഡും ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.

മജുലിയിലെ മണ്‍പാത്രങ്ങള്‍ 

മജുലിയുടെ തെക്കുകിഴക്കന്‍ മേഖലയിലെ സല്‍മോറ എന്ന ഗ്രാമത്തിലാണ് കുമര്‍ എന്നറിയപ്പെടുന്ന മണ്‍പാത്ര നിര്‍മ്മാതാക്കള്‍ ഏറെയുമുള്ളത്. നാല്‍പ്പതോളം കുടുംബങ്ങള്‍ ഇവിടെ മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

സൈക്കിള്‍ നേരെ സല്‍മോറയിലേക്കു വിട്ടു. ഗ്രാമങ്ങള്‍ കാട്ടിത്തരാന്‍ ജാവേദിന്റെ പരിചയക്കാരനും കുറച്ചു വര്‍ഷങ്ങളായി മജുലിയില്‍ താമസിക്കുന്നയാളുമായ ശിവ എന്ന ചെറുപ്പക്കാരനുമുണ്ട്.

പാത്രം മെനയാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള ഒരു വീടിനു മുന്നിലേക്ക്, സൈക്കിള്‍ വഴിയിലൊതുക്കിയശേഷം ഞങ്ങള്‍ കയറിച്ചെന്നു. കുഴച്ചു കൂട്ടിയിട്ടിരിക്കുന്ന കളിമണ്ണ്. മറ്റു ചിലയിടത്ത് വിറക് അട്ടിയടുക്കി വച്ചിരിക്കുന്നു. തീയില്‍ ചുട്ടെടുത്ത മണ്‍കലങ്ങള്‍ വലിയ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നതും വഴിയില്‍ പലയിടത്തും കണ്ടിരുന്നു. ചെറിയ നീര്‍ച്ചാലുകളുടെ കരയിലായി ഒട്ടേറെ കുഴികളും കാണാം. മണ്‍കല നിര്‍മ്മാണത്തിനായി കളിമണ്ണ് ശേഖരിച്ച ഇടങ്ങളാണവ. ചിലയിടത്തുനിന്ന് പുരുഷന്മാര്‍ മണ്ണു കോരിയെടുക്കുന്നുണ്ട്.

തികച്ചും വ്യത്യസ്തവും കൗതുകകരവുമാണ് മജുലിയിലെ കുടില്‍വ്യവസായമായ മണ്‍പാത്ര നിര്‍മ്മാണം. ലോകത്തെമ്പാടും മണ്‍പാത്ര നിര്‍മ്മാണത്തിനായി പ്രത്യേകതരം ചക്രം ഉപയോഗിക്കുമ്പോള്‍ ഇവിടെ അത്തരത്തിലുള്ള ഉപകരണങ്ങളൊന്നുമില്ല. വെറും കയ്യുപയോഗിച്ചും തടിക്കഷണങ്ങള്‍കൊണ്ട് തല്ലിയുമാണ് പാത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. തദ്ദേശീയമായി കിട്ടുന്ന തടിയും മുളയും മണ്‍പാത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്നതും ഇവര്‍ തന്നെയാണ്. ഹാരപ്പാ മോഹന്‍ജൊദാരോ നാഗരികതകളില്‍ മണ്‍പാത്ര നിര്‍മ്മാണത്തിനായി അവലംബിച്ചിരുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ, ഈ സാമ്യം പല പുരാവസ്തു ഗവേഷകരും തങ്ങളുടെ പഠനവിഷയമാക്കിയിട്ടുണ്ട്.

വ്യത്യസ്തങ്ങളായ 26 ഇനം മണ്‍പാത്രങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. മണ്ണുകുഴച്ച് ആകൃതിവരുത്തി പാത്രം നിര്‍മ്മിക്കുന്നതിന്റെ പ്രാഥമിക ജോലികള്‍ സ്ത്രീകളാണ് ചെയ്യുന്നത്. വെയിലത്ത് വെച്ച് അവ ഉണക്കിയശേഷം ചൂളയിലേക്ക് മാറ്റുന്നു. ചൂളയില്‍ ചുട്ടെടുക്കുന്നത് പുരുഷന്മാരാണ്. മഴക്കാലത്ത് അരുണാചല്‍ പ്രദേശില്‍നിന്നും നാഗാലാന്‍ഡിലെ വനങ്ങളില്‍നിന്നും ബ്രഹ്മപുത്രയിലൂടെ ഒഴുകിവരുന്ന മരങ്ങള്‍ രാത്രി ഇരുട്ടുംവരെ ഗ്രാമീണര്‍ ശേഖരിക്കുന്നു. ഇത് വീടുകള്‍ക്കു മുന്നിലായി സൂക്ഷിച്ചുവയ്ക്കുന്നു. ഈ വിറകുകള്‍ പരസ്പരം കൈമാറാനും ഗ്രാമീണര്‍ക്ക് മടിയില്ല. ഇതു കൂടാതെ മുളയും ഉണങ്ങിയ വാഴയിലയും വയ്‌ക്കോലുമെല്ലാം ചൂളയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

ആയിരത്തോളം കലങ്ങള്‍ ഒരു ചൂളയിലുണ്ടാകും. വിറകടുപ്പിനു മുകളില്‍ അവ നിരത്തി വയ്‌ക്കോലും ചെളിയും ഉപയോഗിച്ച് ആവരണം തീര്‍ത്താണ് ഈ മണ്‍പാത്രങ്ങള്‍ ചുട്ടെടുക്കുന്നത്.

മൺപാത്ര നിർമാണം
മൺപാത്ര നിർമാണം

ഏതാനും അടി താഴ്ചയില്‍നിന്നു ലഭിക്കുന്ന കളിമണ്ണാണ് ഈ കൈത്തൊഴിലിനായി അവര്‍ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ബ്രഹ്മപുത്രയില്‍ വെള്ളം പൊങ്ങുമ്പോള്‍ എക്കലിനൊപ്പം തീരത്ത് നിക്ഷേപിക്കപ്പെടുന്നതാണ് ഈ കളിണ്ണ്. 30 അടിവരെ താഴ്ചയില്‍ കുഴിച്ച് കളിമണ്ണ് ശേഖരിക്കുന്നു. പിന്നീട് വെള്ളം പൊങ്ങുമ്പോള്‍ ഈ കുഴികളില്‍ വീണ്ടും കളിമണ്‍ നിക്ഷേപം രൂപപ്പെടും.

മണ്‍പാത്രം നിര്‍മ്മിക്കുന്നവര്‍ക്ക് ബ്രഹ്മപുത്രയില്‍ വെള്ളം പൊങ്ങുമ്പോള്‍ ജോലിയില്ലാതാകും. നദിയിലൂടെ ഒഴുകിവരുന്ന വിറക് അപ്പോള്‍ അവര്‍ ശേഖരിച്ചുവയ്ക്കും. നദിയില്‍ വെള്ളമിറങ്ങുമ്പോള്‍ തൊട്ടടുത്ത തവണ പാത്രങ്ങള്‍ മെനയാനുള്ള കളിമണ്ണ് ബ്രഹ്മപുത്ര അവര്‍ക്കായി നിക്ഷേപിച്ചിട്ടാകും മടങ്ങിയിട്ടുണ്ടാകുക.

മണ്‍പാത്രങ്ങള്‍ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയി നല്‍കി പകരം ഭക്ഷണത്തിനാവശ്യമായ നെല്ല് സംഭരിക്കുന്ന ശീലം ഇവര്‍ക്കുണ്ട്. പഴയ ബാര്‍ട്ടര്‍ സമ്പ്രദായം. അതോടൊപ്പം അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മൊത്തവ്യാപാരികളും ഈ കലങ്ങള്‍ വാങ്ങിക്കൊണ്ടു പോയിരുന്നു. ക്ഷേത്രങ്ങളിലെ പൂജ ആവശ്യങ്ങള്‍ക്കും മജുലിയിലെ മണ്‍കലങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ചുട്ടെടുക്കുന്ന മണ്‍പാത്രങ്ങളും കലങ്ങളുമെല്ലാം ജലമാര്‍ഗ്ഗമാണ് ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുപോകുന്നത്. സംസ്ഥാനത്തിനു പുറത്തേക്കും കലങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. ജാതി നോക്കാതെ തലമുറകളായി ഒരു സമൂഹം കൈമാറിവരുന്ന തൊഴിലായി ഇതിനെ വിശേഷിപ്പിക്കാം.

പക്ഷേ, ചക്രസഹായമില്ലാതെ കൈകൊണ്ടുമാത്രം മെനയുന്നവയായതിനാല്‍ മറ്റു മണ്‍കലങ്ങളുടെ ഭംഗിയോ രൂപമോ ഇവയ്ക്കില്ല. അതുകൊണ്ടുതന്നെ മജുലിയിലെ മണ്‍കലങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞുവരികയാണ്.

ഞങ്ങളെ കണ്ട് വീടിനുള്ളില്‍നിന്നു പ്രായമായ ഒരു സ്ത്രീ ഇറങ്ങിവന്നു. മജുലിയിലെത്തുന്ന സഞ്ചാരികള്‍ക്കു മുന്നില്‍ ഇവര്‍ മണ്‍കലങ്ങള്‍ ഉണ്ടാക്കുന്നവിധം കാണിച്ചുകൊടുക്കും. ചുട്ടെടുത്ത ഒരു കലത്തിനു പത്തുരൂപയേ വിലയുള്ളൂവെങ്കിലും നിര്‍മ്മാണരീതി കാണിച്ചുതരാന്‍ അവര്‍ നൂറുരൂപ ചോദിച്ചു. അതൊരു വലിയ തുകയല്ലെന്നു തോന്നിയതിനാല്‍ത്തന്നെ സന്തോഷത്തോടെ കൊടുത്തു. അവരാകട്ടെ, അതേ സന്തോഷത്തോടെ കളിമണ്ണു കുഴച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഒരു മണ്‍കുടം പാകപ്പെടുത്തിയെടുത്തു. പാകപ്പെടാതെ പോകുന്നത് അവരുടെ ജീവിതങ്ങളാണല്ലോയെന്ന് അപ്പോഴോര്‍ത്തുപോയി.

ജീവിതത്തിന്റെ വലിയൊരു ചാക്രികതയാണ് ബ്രഹ്മപുത്രാ തീരത്തെ കുമര്‍ വിഭാഗക്കാരുടെ ജീവിതം കാട്ടിത്തരുന്നത്. വര്‍ഷത്തില്‍ നല്ലൊരു പങ്ക് ബ്രഹ്മപുത്ര അവരെ പണിയില്ലാത്തവരാക്കും. അക്കാലത്ത് പക്ഷേ, ക്ഷാമകാലത്തിനപ്പുറം അവര്‍ക്ക് ആവശ്യമാകുന്ന അസംസ്‌കൃത വസ്തുക്കളായ കളിമണ്ണും വിറകും ബ്രഹ്മപുത്ര തന്നെ എത്തിക്കും. വെള്ളപ്പൊക്കം കഴിയുമ്പോള്‍ കളിമണ്ണിനൊപ്പം വില്‍പ്പനയ്ക്കുള്ള പാതയും തുറന്നുകൊടുത്ത്, തികച്ചും സാധാരണക്കാരും ദരിദ്രരുമായ ഇവരെ ബ്രഹ്മപുത്ര സഹായിക്കുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com