മണ്ണിലുയിര്‍ക്കുന്ന ദൈവശരീരങ്ങള്‍ 

രക്തസാക്ഷിത്വം വരിച്ച ഉത്തര മലബാറിലെ പുലയര്‍ പിന്നീട് അവരുടെ തന്നെ തറകളിലെ ആരാധ്യ ദേവതകളായി മാറി 
നമ്പോലന്‍ തെയ്യം/ ചിത്രം: സനീഷ് കുളപ്പുറം 
നമ്പോലന്‍ തെയ്യം/ ചിത്രം: സനീഷ് കുളപ്പുറം 

തുലാമാസ രാത്രിയില്‍ നങ്കലത്തെ തരിശിട്ട വയല്‍ ട്യൂബ്ലൈറ്റിന്റെ പ്രഭയില്‍ തെളിഞ്ഞു നില്‍ക്കുന്നു. വയലില്‍ ജീവിച്ച മനുഷ്യരുടെ പിന്‍തലമുറക്കാരായ ഏതാനും ഉരുക്ക് ശരീരങ്ങള്‍ അവരുടെ മുത്തരെ തുടികൊട്ടി പാടിയുണര്‍ത്തുകയാണ്. പിറ്റേന്ന് നേരം പുലര്‍ന്നു കഴിയുമ്പോള്‍ നങ്കലത്തെ തറയിലെ അവരുടെ മുത്തര്‍ നമ്പോലന്‍ അണിയറ പുരയില്‍നിന്നും കീഞ്ഞുവരും. കുന്നിന്റേയും കാടിന്റേയും മറയില്ലാത്ത, എങ്ങു തിരിഞ്ഞാലും വയല്‍ മാത്രമുള്ള നങ്കലത്തിലെ ആ തുടി പാട്ട് ഏഴോത്തേക്കും കടവ് കടന്നു പട്ടുവത്തേക്കും പരക്കുന്നു. നട്ടക്കൂരിരുട്ടില്‍ ചേണിച്ചേരി കുഞ്ഞനന്തന്‍ സ്വപ്നത്തില്‍ മാടായിലിലെ ഇരുണ്ട പാറകള്‍ക്കിടയില്‍ തെളിഞ്ഞ വെള്ളം കാണുന്നു. നൂലിട്ടാല്‍ നിലയില്ലാത്ത സമുദ്രഭാഗം മൂന്നേ മുക്കാല്‍ നാഴികകൊണ്ട് വ്ലാകി മാടാക്കി ചമച്ച മാടായിക്കാവിലമ്മയെ കാണുന്നു. കാവിനു മുന്‍പില്‍ കാക്കത്തൊള്ളായിരം അടിയാന്മാര്‍ നിരന്നുനില്‍ക്കുന്നു. തറവാട്ടില്‍ അടിയാന്മാരില്ല. വീരഞ്ചിറയും നരിവരുംപുറവും കടന്ന് ചേണിച്ചേരി കാരണവര്‍ സൂര്യന്റെയൊപ്പം കാവിലേക്ക് നടന്നു. എരിഞ്ഞ പാറയിലെത്തി. ഭഗവതിയെ പൂരം കുളിക്ക് തലയിലേറ്റുന്ന മൂത്ത പിടാരരെ കണ്ടു. ആയിരത്തൊന്നു പണവും അടിയാന്റെ കാണപ്പണവും കൊടുത്ത് കല്ലേന്‍ വെള്ളച്ചിയെന്ന അടിയാത്തിയെ കൂടെ കൂട്ടി. കൊല്ലങ്ങോട്ട് ഒരു കുടില് വച്ച് താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തു. കോഴിക്കോട് ഇടചേരിയനെക്കൊണ്ട് മങ്ങലവും കയ്പ്പിച്ചു. അവര്‍ക്കുണ്ടായ പൊന്മകനു തമ്പ്രാന്‍ തന്നെ നമ്പോലനെന്നു പേര് വിളിച്ചു. കാര്യവും വീര്യവുമുള്ള നമ്പോലനെ 16-ാം വയസ്സില്‍ കുടയും വടിയും കൊടുത്ത് കാരണവര്‍ തറവാട്ടിന്റെ കാര്യസ്ഥനാക്കി. നമ്പോലന്‍ ആ തറവാട്ടിനായി വേണ്ടുന്നതെല്ലാം ചെയ്തു. എന്തിനും ഏതിനും നമ്പോലന്‍. തറവാട്ടില്‍ ഐശ്വര്യവും സമ്പത്തും കളിവിളയാടുന്ന കാലത്ത് കോലത്തരചന്റെ നാട്ടിലാകെ യുദ്ധകാഹളം. മൈസൂര്‍ സുല്‍ത്താന്റെ പടവിളി. പടയാളികളായ ചേണിച്ചേരി തറവാട്ടിലെ ആണുങ്ങള്‍ക്ക് പടയ്ക്ക് പോണം. തറവാട്ടിലെ പൊന്നിനും പണത്തിനും പെണ്ണുങ്ങള്‍ക്കും കാവലിനാരുണ്ട്? അടിയാനായ നമ്പോലന്‍ മാത്രം. അടിയാന് വീട്ടില്‍ കേറിക്കൂടാ. ഗത്യന്തരമില്ലാതെ അടിയാനെക്കൂട്ടി വീട്ടിനുള്ളില്‍ പൊന്നും പണവും നിറച്ച വട്ടളം തമ്പ്രാന്മാര് കാട്ടിക്കൊടുത്തു. നമ്പോലന്‍ പൊന്നും പണവും നിറച്ച വട്ടളമെടുത്ത് ഏട്ട പൊയ്കയില്‍ കൊണ്ടങ്ങു പൂഴ്ത്തി. സുല്‍ത്താന്റെ പടക്കൂട്ടം കുതിച്ചുവന്ന് ചേണിച്ചേരി തമ്പ്രാക്കളുടെ വീട് മുഴുവനും തപ്പീട്ടും പൊന്നുമില്ല പണവുമില്ല. പൊന്നും പണവും ഭദ്രമാക്കിയ ശേഷം നമ്പോലന്‍ തിരിച്ച് കൊല്ലങ്കോട്ടു പനക്കീഴില്‍ എത്തുന്ന നേരത്തതാ പടയും പടക്കൂട്ടവും അവിടെക്കെത്തിയിരിക്കുന്നു. ചേണിച്ചേരിയിലെ പൊന്നും പണവും സംരക്ഷിച്ചവനാരെന്ന് സുല്‍ത്താന്റെ പടക്കൂട്ടത്തിനു തിരിഞ്ഞു. ചോറ് തന്ന തറവാട്ടിനുവേണ്ടി നമ്പോലന്‍ രക്തസാക്ഷിയായി. നങ്കലത്തെ കൈപ്പാട് ചളിയില്‍ ആ അടിയാന്റെ ശരീരം പുറംലോകമറിയാതെ പൂണ്ടു. വെറും കയ്യോടെ നങ്കലത്ത് നിന്നും മൈസൂര്‍ പട മടങ്ങി. തമ്പ്രാക്കള്‍ തിരിച്ചെത്തി. വന്നവര്‍ തങ്ങളുടെ പൊന്നും പണവും തിരഞ്ഞു. പൊന്നുമില്ല നമ്പോലനുമില്ല. സംശയങ്ങള്‍ ചേണിച്ചേരി തറവാട്ടില്‍ ഏറിവരുന്തോറും പല ലക്ഷണങ്ങളും കണ്ടു. എരുതുകള്‍ ആല വിട്ടു കാട് കേറി. കോഴികള്‍ നട്ടപ്പാതിരയ്ക്ക് കൂട്ടില്‍നിന്നും തനിയെ പോയി. മൂരാന്‍ പോയ പെണ്ണുങ്ങളുടെ കൂടെ വന്ന കുഞ്ഞിച്ചെക്കന്‍ മൂര്‍ന്നിട്ട കറ്റകള്‍ക്കിടയിലൂടെ മറഞ്ഞ് അപ്പുറത്തെ ഓവിലൂടെ പുറത്തുവരുന്നു. പേടിച്ച പെണ്ണുങ്ങള്‍ തമ്പ്രാനോട് വിവരം പറഞ്ഞു. തമ്പ്രാനും സ്വപ്ന ദര്‍ശനമുണ്ടായി. നല്ലറിവാന്‍ പോറ്റി വന്നു. കളം വരച്ചു. രാശി തെളിഞ്ഞു. കെട്ടിക്കോലം തന്നാല്‍ പൂഴ്ത്തിയ പൊന്നും പണവും ഞാന്‍ കാണിച്ചുതരാമെന്ന് നമ്പോലന്‍ പറയുന്നു. തുലാവം 15-ന് കോലം നിശ്ചയിക്കപ്പെട്ടു. ദൈവം നമ്പോലന്‍ പുലയശരീരത്തില്‍ ഉയിര്‍ന്നെഴുന്നേറ്റ് സ്വര്‍ണ്ണ വട്ടളം കാട്ടി. അടിയാനായ കല്ലേന്‍ തറവാട്ടിലെ പുലയന്‍ ദൈവമായി വര്‍ഷത്തോട് വര്‍ഷം നങ്കലത്തെ അണിയറപ്പുരയില്‍നിന്നും കീഞ്ഞുവന്നു. പടനായകരായ ചേണിച്ചേരി തറവാട്ടുകാര്‍ നമ്പ്യാര്‍ സമുദായക്കാരാണ്. അവരുടെ പൊന്നും പണവും രക്ഷിച്ച നമ്പോലന്‍ പക്ഷേ, പുലയര്‍ തോറ്റി ചമച്ച, തുടികൊട്ടി പാടിയുണര്‍ത്തിയ പുലയരുടെ മാത്രം കാരണവരാണ്, അവരുടെ തറ കാക്കുന്ന മുത്തരാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്പോലന്‍ ദൈവമായി പകര്‍ന്നാട്ടം നടത്തുന്നത് പട്ടുവം മുതുകുടയിലെ ലക്ഷ്മണന്‍ ഗുരുക്കളാണ്. ദൈവമല്ലാത്ത ജീവിതത്തില്‍ അദ്ദേഹം തളിപ്പറമ്പില്‍ ആധാരം എഴുത്തുകാരനാണ്. കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം ഈ എഴുത്താണ്. തെയ്യം താല്പര്യവും പാരമ്പര്യവുമാണ്. 38 വര്‍ഷമായി ദൈവങ്ങള്‍ പലതും അദ്ദേഹത്തിന്റെ കരുത്തുറ്റ മെയ്യിലൂടെ കയറിയിറങ്ങി പോകുന്നു. പുലയ സമുദായത്തിന്റെ തെയ്യങ്ങളെ ഈയടുത്ത കാലത്ത് കൂടുതല്‍ ജനകീയമാക്കുന്നതില്‍ ലക്ഷ്മണന്‍ ഗുരുക്കള്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു മുന്‍പ് നമ്പോലനെ ദേഹത്തില്‍ ഏറ്റിയത് ഏഴോം നരിക്കോടെ രാഘവന്‍ ഗുരുക്കളാണ്. പുലയ തെയ്യങ്ങളിലെ അതികായരായ ഇവര്‍ തങ്ങള്‍ കടന്നുവന്ന കഠിന പാതകളെക്കുറിച്ച് ഓര്‍ക്കാറില്ല. പകരം പുലയത്തെയ്യങ്ങളുടെ ഭാവിയെക്കുറിച്ചും തങ്ങളുടെ പാത പിന്തുടരാന്‍ ആളുകള്‍ കുറയുന്നതിനെക്കുറിച്ചും ചെറുതല്ലാതെ ആശങ്കപ്പെടുന്നു.

ഐപ്പിള്ളി തെയ്യം
ഐപ്പിള്ളി തെയ്യം

ജീവിതമാര്‍ഗ്ഗമായി കാണാത്ത പുലയര്‍

ഒരേസമയം ഏറ്റവും ജനകീയമായ കലയായും എന്നാല്‍, അതില്‍ ഇടപെടുന്നവര്‍ തീരെ അപ്രശസ്തരുമാകുന്നുമെന്ന പ്രത്യേകത തെയ്യത്തിനുണ്ട്. 69 വയസ്സുള്ള രാഘവന്‍ ഗുരുക്കള്‍ അന്‍പത്തിനാലോളം വര്‍ഷങ്ങളായി തെയ്യങ്ങള്‍ കെട്ടിയാടുന്നു. അദ്ദേഹത്തിനു തന്റെ പാരമ്പര്യത്തില്‍ തുടര്‍ച്ചയില്ല. കെട്ടിയാടാന്‍ ഏറ്റവും വിഷമം പിടിച്ച തെയ്യങ്ങളായ വിഷ്ണുമൂര്‍ത്തിയും പൊട്ടന്‍ ദൈവവും രാഘവന്‍ ഗുരുക്കളുടെ മാസ്റ്റര്‍പീസുകളാണ്. പ്രായമളക്കുമ്പോള്‍ വിശ്രമജീവിതം നയിക്കേണ്ടുന്ന ഈ കാലത്തും അദ്ദേഹം തന്റെ ഗുരുവും ജ്യേഷ്ഠനുമായ പുലയത്തെയ്യങ്ങളിലെ ഇതിഹാസം ഉമ്മത്തിരിയന്‍ കുഞ്ഞിരാമന്‍ ഗുരുക്കള്‍ തന്നിലേക്കു പകര്‍ന്നുതന്ന പാരമ്പര്യം ജീവിതകര്‍മ്മമായി കൊണ്ടുനടക്കുകയാണ്. അവാര്‍ഡുകളോ അംഗീകാരങ്ങളോ ലക്ഷ്മണന്‍ ഗുരുക്കളേയോ രാഘവന്‍ ഗുരുക്കളേയോ ഒരിക്കലും പ്രകോപിപ്പിക്കുന്നില്ല. തങ്ങളുടെ കര്‍മ്മമേഖലയെക്കുറിച്ചു മാത്രമാണ് അവരുടെ ചിന്ത. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ നന്നായി തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പുലയ സമുദായത്തിനു കഴിഞ്ഞിട്ടില്ല. അതിനു പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ഉത്തര മലബാറില്‍ കൂടുതലായും തെയ്യം കെട്ടിയാടുന്ന വണ്ണാന്‍, മലയ സമുദായങ്ങള്‍ക്ക് ഒരു നാട് നടത്തേണ്ടുന്ന അവകാശമോ ഉത്തരവാദിത്വമോ പാരമ്പര്യമായി കിട്ടുന്നുണ്ട്. അതിനാല്‍ പുതിയൊരു അവകാശിയുടെ മുന്‍പിലേക്ക് ഒരു നാടോ ഭാഗങ്ങളോ തെയ്യം കെട്ടിയാടാന്‍ അവകാശമായി ലഭിക്കും. ആ സ്ഥലങ്ങളില്‍ തെയ്യം കെട്ടിയാടുക ആ അവകാശിയുടെ ഉത്തരവാദിത്വം ആയതിനാല്‍ തെയ്യം പാരമ്പര്യമായി കൈമാറപ്പെടുന്നു. വളരെ കൃത്യമായി അല്ലെങ്കിലും ഭാഗികമായെങ്കിലും ഇത് ഇപ്പോഴും നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. അവകാശി ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരുക്കമല്ലെങ്കില്‍ കാവധികാരികള്‍ അവര്‍ക്കിഷ്ടമുള്ള ആളുകളെ ആ അവകാശം ഏല്പിച്ചു കൊടുക്കുന്നു. എന്നാല്‍, പുലയ സമുദായത്തെ സംബന്ധിച്ച് അവകാശം കൈമാറുന്ന ഈ വ്യവസ്ഥ എവിടെയും നിലനില്‍ക്കുന്നില്ല. അംഗസംഖ്യ യഥേഷ്ടം ഉണ്ടെങ്കിലും തെയ്യത്തിലേക്ക് താല്പര്യത്തോടെ വരുന്നവര്‍ വളരെ ചുരുക്കവുമാണ്. മുന്‍പുകാലത്ത് തെയ്യം കെട്ടിയാടിയിരുന്ന താവഴിയില്‍പ്പെട്ട അംഗങ്ങള്‍ മാത്രമേ പാരമ്പര്യമായി ആ കലയിലേക്ക് തിരിയുന്നുള്ളൂ. അവരില്‍പ്പെട്ട പുതുതലമുറയ്ക്കും താല്പര്യം നശിച്ച മട്ടാണ്. തെയ്യത്തിന്റെ കഠിന ജീവിതത്തെ പുണരാന്‍ ആരെയും നിര്‍ബ്ബന്ധിക്കുക അസാധ്യവുമാണല്ലോ. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ദുര്‍ഘടപാത കടന്നവരൊന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ വേദന നിറഞ്ഞ ആ പാതയിലേയ്ക്ക് കടത്തിവിടാന്‍ ആഗ്രഹമില്ലാത്തവരാണ്. മറ്റൊന്ന് തെയ്യം പാരമ്പര്യമുള്ള മറ്റു സമുദായക്കാരെപ്പോലെ പുലയര്‍ തെയ്യത്തെ ഒരു ജീവിതമാര്‍ഗ്ഗമായി പണ്ടു തൊട്ടേ കണ്ടില്ലയെന്നതാണ്. കൂടാതെ പുലയര്‍ കെട്ടുന്ന തെയ്യങ്ങളില്‍ ഭൂരിഭാഗവും അവരുടെ തന്നെ കോട്ടങ്ങളിലോ സ്ഥാനങ്ങളിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ മറ്റു ജാതിക്കാരുടെ ഇടങ്ങളില്‍ പുലയര്‍ കെട്ടുന്ന തെയ്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടുള്ളൂ. സാമൂഹ്യമായും സാമ്പത്തികമായും മെച്ചമില്ലാത്ത കാലത്ത് സ്വന്തം തറയിലൊരു തെയ്യം കെട്ട് അക്കാലത്തെ ജനങ്ങളെ സംബന്ധിച്ച് അസാധ്യമായിരുന്നു. സാമ്പത്തിക സാമൂഹിക സ്ഥിതികള്‍ അല്പം മെച്ചപ്പെട്ട് വീണ്ടും തെയ്യമായി പുലയര്‍ ഉയിര്‍ത്തപ്പോഴേക്കും കുറേയേറെ കോട്ടങ്ങളും തറകളും നശിച്ചു തുടങ്ങിയിരുന്നു. അനുഷ്ഠാനവും വിശ്വാസവും കൃത്യമായിട്ടും വ്യത്യസ്തവും അത്ഭുതകരവുമായ പുരാവൃത്തങ്ങളുള്ളതുമായ തെയ്യങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ സ്വീകാര്യത വണ്ണാനോ മലയനോ കെട്ടുന്ന തെയ്യങ്ങള്‍ക്കുള്ളതുപോലെ പുലയ തെയ്യങ്ങള്‍ക്ക് കിട്ടിയില്ല. അന്നത്തെ സാമൂഹ്യസ്ഥിതിയില്‍ തങ്ങളുടെ കോട്ടത്ത് ആ തെയ്യങ്ങള്‍ക്ക് കൊട്ടാനും പാടാനും കാണാനും പുലയര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രക്തസാക്ഷിത്വം വരിച്ച ഉത്തര മലബാറിലെ പുലയര്‍ പിന്നീട് അവരുടെ തന്നെ തറകളിലെ ആരാധ്യ ദേവതകളായി മാറി. കൂടാതെ തറകളില്‍ തിരികത്തിച്ചു വച്ചാല്‍ പ്രസാദിക്കുന്ന ഗുരുക്കന്മാരു കൂടി ആയപ്പോള്‍ പുലയരുടെ തെയ്യപ്രപഞ്ചത്തില്‍ ദൈവങ്ങളുടെ എണ്ണം കൂടി. പുലയന്റെ കോട്ടത്ത് തെയ്യം കെട്ടാന്‍ അധികാരികള്‍ മറ്റു സമുദായക്കാരെ വിലക്കിയപ്പോഴാകണം സ്വയം തെയ്യം കെട്ടിയാടി പുലയന്‍ തന്റെ ദൈവങ്ങളെ പ്രീതിപ്പെടുത്തി തുടങ്ങിയതെന്നു കരുതാം. സാധാരണയായി കെട്ടിയാടപ്പെടുന്ന, കൊണ്ടാടപ്പെടുന്ന തെയ്യങ്ങളല്ല പുലയ സമുദായത്തിനുള്ളത്. വീരചരമം പ്രാപിച്ച പൂര്‍വ്വികരുടെ സങ്കല്പത്തില്‍ കെട്ടിയാടുന്ന ആ തെയ്യങ്ങള്‍ മറ്റുള്ള കാവുകളിലോ കോട്ടങ്ങളിലോ ഉണ്ടാകുന്നുമില്ല. ഉത്തര മലബാറിലെ ദളിതുകളില്‍ ഏറ്റവും ശക്തരായി നിലനില്‍ക്കുന്നവരാണ് പുലയരെങ്കില്‍ കൂടിയും തെയ്യ ജീവിതം പേറുന്ന, അംഗസംഖ്യ കുറഞ്ഞ മറ്റു സമുദായങ്ങളേക്കാള്‍ പിന്നിലായാണ് തെയ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ പണ്ടുതൊട്ടേ നിന്നിരുന്നത്. ഉത്തര മലബാറില്‍ ഏറ്റവും കൂടുതല്‍ തെയ്യം കെട്ടിയാടുന്നത് വണ്ണാന്‍ സമുദായക്കാരാണ് എന്നു സൂചിപ്പിച്ചല്ലോ. അതുപോലെ തെയ്യങ്ങള്‍ ഏറ്റവും കൂടുതല്‍ കെട്ടിയാടിക്കപ്പെടുന്നത് തീയ സമുദായ കാവുകളിലാണ്. കൂടാതെ മണിയാണി, വാണിയന്‍, നമ്പ്യാര്‍, ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍ തുടങ്ങിയവരുടെ കാവുകളിലും ബ്രാഹ്മണ ഇല്ലങ്ങളിലും ഉത്തര മലബാറില്‍ തെയ്യമെന്ന ആരാധനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഈയിടങ്ങളിലാണെങ്കിലോ തെയ്യ സമയത്തെ കര്‍മ്മങ്ങളിലോ അല്ലാതേയോ ഒക്കെ മറ്റു ജാതിക്കാര്‍ കൂടി ഇടപെടുന്നുണ്ട്. അതിനാല്‍ അവിടത്തെ തെയ്യങ്ങള്‍ കുറച്ചുകൂടി ജനകീയമാണ്. ജാതീയമായ മാറ്റിനിര്‍ത്തല്‍കൊണ്ട് പുലയരുടെ കോട്ടങ്ങളില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മുന്‍പുകാലത്ത് പുലയക്കോട്ടങ്ങളില്‍ തെയ്യം കാണുവാന്‍പോലും മറ്റു ജാതിയില്‍പ്പെട്ടവര്‍ പോയിരുന്നില്ല എന്നതില്‍നിന്നും ഒരുപാട് സാമൂഹ്യമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുലയരുടെ തെയ്യം അതിന്റെ സ്വീകാര്യതയില്‍ ഇപ്പോഴും അല്പം പുറകില്‍ തന്നെ നില്‍ക്കുകയാണ്. തെയ്യങ്ങളെക്കുറിച്ച് പഠിക്കുന്നവരോ എഴുതുന്നവരോ പോലും പുലയരേയും അവരുടെ തെയ്യങ്ങളേയും പൊതുവേ എവിടെയും പരാമര്‍ശിച്ചു കാണാറില്ലയെന്നതും ആശ്ചര്യകരമാണ്.

ഐപ്പിള്ളി തെയ്യവും ഞണ്ടും
ഐപ്പിള്ളി തെയ്യവും ഞണ്ടും

കാരി ഗുരുക്കളും തൊണ്ടച്ചനും

തെയ്യങ്ങള്‍ മലയനും വണ്ണാനും ആത്മപ്രകാശനത്തിന്റെ ഭാഗമായപ്പോഴും പുലയര്‍ തങ്ങളുടെ ദൈവങ്ങളുമായി ദൂരേയ്ക്ക് മാറ്റിനിര്‍ത്തപ്പെട്ടു. മേല്‍ജാതിക്കാരുടെ കോട്ടങ്ങളിലും കാവുകളിലും വണ്ണാനും മലയനും തെയ്യം നടത്തി അല്പമെങ്കിലും സാമൂഹ്യപരമായി മെച്ചപ്പെട്ടപ്പോള്‍ പുലയര്‍ നാട്ടിലെ ഏറ്റവും അധ:കൃതര്‍ തങ്ങളാണെന്ന വിശ്വാസത്തില്‍ ഇത്തരം സാമൂഹിക ഇടങ്ങളില്‍നിന്നും മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്തു. ആ മാറിനില്‍ക്കലില്‍ ചരിത്രപരമായ പിന്നോക്കം മലബാറിലെ ദളിത് വ്യവസ്ഥിതിയില്‍ പുലയര്‍ക്കുണ്ടായി. മറ്റു പിന്നോക്ക സമുദായങ്ങള്‍ ദൈവമായി മാറി അല്പസമയത്തേക്കെങ്കിലും തലയുയര്‍ത്തി നിന്നപ്പോള്‍ പുലയര്‍ കൃഷിയിടങ്ങളിലെ അടിയാന്മാരായി ഒതുങ്ങി. മറ്റു ജാതികളില്‍ ജനിച്ചു വീരചരമം പ്രാപിച്ച് ദൈവക്കരുവായി മാറിയ തെയ്യങ്ങളെല്ലാം ഉത്തര മലബാറില്‍ പരക്കെ ആരാധിക്കപ്പെട്ടപ്പോള്‍ പുലയവീര്യമുള്ള ദൈവങ്ങള്‍ പുലയരുടെ കോട്ടത്തില്‍ മാത്രം കുടികൊണ്ടു. ചതിയില്‍ പുലിയായി മറഞ്ഞ കാരി ഗുരുക്കളും തൂക്കുമരം വിധിക്കപ്പെട്ട കുഞ്ഞി വിരുന്തനെന്ന മരുതിയോടന്‍ തൊണ്ടച്ചനും വെള്ളൂര്‍ ഗുരിക്കളും ഞണ്ട് തെയ്യ സമയത്ത് സന്ദര്‍ശനം നടത്തുന്ന അത്ഭുതകരമായ പുരാവൃത്തമുള്ള ഐപ്പള്ളി തെയ്യവും നമ്പോലനും തുടങ്ങി ഒട്ടുമിക്ക പുലയത്തെയ്യങ്ങളും വീരചരമം പ്രാപിച്ചവരാണ്. ഹിന്ദു മിത്തിലെ ദൈവിക ആരാധന പുലയരുടെ തെയ്യത്തില്‍ ആദ്യകാലങ്ങളില്‍ കൂടുതലായി കടന്നുവന്നിട്ടില്ല എന്നുവേണം കരുതാന്‍. എന്നാല്‍, പിന്നീട് മലബാറിലെ തെയ്യാരാധനയിലെ മറ്റു ദൈവങ്ങളും പുലയര്‍ കോട്ടങ്ങളില്‍ സ്ഥാനം പിടിച്ചു. ഇങ്ങനെ മറ്റു സമുദായങ്ങള്‍ ആരാധിക്കുന്നതും കെട്ടിയാടിക്കുന്നതുമായ തെയ്യങ്ങള്‍കൂടി ഇത്തരം വീരന്‍ തെയ്യങ്ങളുടെ കൂടെ പുലയക്കോട്ടത്ത് ആരാധന നേടിയെങ്കിലും മറ്റു കാവുകള്‍ പോലെ നാടിന്റെ ജനകീയ ഉത്സവമായി പുലയക്കോട്ടത്തെ തെയ്യങ്ങള്‍ ഒരിക്കലും മാറിയില്ല.

തെയ്യങ്ങള്‍ ഒരുതരത്തില്‍ ഉത്തര മലബാറില്‍ മുന്‍പുകാലത്ത് അല്ലെങ്കില്‍ ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നത് സാമൂഹ്യ പരിഷ്‌കരണം തന്നെയാണ്. വരേണ്യവര്‍ഗ്ഗങ്ങളുടെ കണ്‍മുന്‍പില്‍നിന്നും ദൂരെ മാറിനില്‍ക്കേണ്ട ദളിതരെ അതേ ആളുകള്‍ അടങ്ങുന്ന സമൂഹം ഇതാണ് തന്റെ ദൈവമെന്നു സങ്കല്പിച്ചു കൈകൂപ്പേണ്ടിവരുന്ന സ്ഥിതി മറ്റൊരു അനുഷ്ഠാനത്തിലും കാണാന്‍ കഴിയുകയില്ല. ജാതീയത കൊടികുത്തിവാഴുന്ന കാലത്തുതന്നെ ജാതി നെറികേടിനെതിരെ ഈ ശ്രമം ഉണ്ടായിരിക്കുന്നതെന്ന് എടുത്തു പറയേണ്ട വസ്തുതയാണ്. ജാതി നെറികേടിനു എതിരെ ആദ്യമായി പ്രതികരിച്ച അലങ്കാരന്‍ എന്ന പുലയന്റെ പൊരുളുകള്‍ നിറഞ്ഞ പൊട്ടത്തരം തെയ്യക്കാവുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അതാരും ചെവിക്കൊള്ളുന്നില്ലയെന്നേയുള്ളൂ.

ജാതിചിന്തകള്‍ സമൂഹത്തില്‍നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിയില്ലായെങ്കിലും തെയ്യം പോലുള്ള അനുഷ്ഠാനങ്ങള്‍ അതിനെ കുറേയേറെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥിതി ഉപയോഗിച്ച് നടപ്പാക്കിയിരുന്ന അധികാരത്തെ ചോദ്യം ചെയ്യുന്ന ഇടപെടലുകള്‍ പണ്ടുതൊട്ടേ മലബാറില്‍ നടന്നിരുന്നു. ആ ഇടപെടലുകളില്‍ കാര്യമായ പങ്കുവഹിച്ചിരുന്നവരൊക്കെ പിന്നീട് ഇവിടെ തെയ്യമായി മരണമില്ലാത്ത തങ്ങളുടെ രണ്ടാം ജീവിതത്തില്‍ ഉയിര്‍ത്തു. അതില്‍ത്തന്നെ പൊട്ടന്‍ ദൈവമായി മാറിയ അലങ്കാരനും പുലിമറഞ്ഞ തൊണ്ടച്ചനായി മാറിയ കാരി ഗുരുക്കളും പോലുള്ള പഴയകാല പുലയര്‍ അറിവ് നേടുന്നത് ജാതി ക്രൂരതയുടെ മോചനത്തിന്റെ ആദ്യപടിയായി കണ്ടു. അടിമത്വ സ്വഭാവത്തില്‍നിന്നും തങ്ങള്‍ സ്വയം മാറിയാലേ, അതിനെ ചോദ്യം ചെയ്തു തുടങ്ങിയാലേ വിവേചനങ്ങള്‍ അവസാനിക്കൂയെന്നു അക്കാലത്തെ ചിലര്‍ തിരിച്ചറിഞ്ഞതിന്റെ ഫലം കൂടിയാണ് ഇന്നത്തെ സമൂഹം. നൂറ്റാണ്ടുകളോളം നീണ്ട ആ പോരാട്ടത്തിന്റെ മലബാറിലെ അവസാന കണ്ണികളില്‍ ഒരാളാണ് സ്വാമി ആനന്ദതീര്‍ത്ഥന്‍. ശ്രീനാരായണഗുരുവിന്റെ അവസാന ശിഷ്യരില്‍ ഒരാളായ അദ്ദേഹം ജാതി തിരിച്ചറിഞ്ഞിരുന്ന പേരുകള്‍ മാറ്റിയും ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചും നിര്‍ബ്ബന്ധിച്ച് ദളിതരെ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചുമൊക്കെ ഒട്ടേറെ മാറ്റങ്ങള്‍ ഉത്തര മലബാറിലെ സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തു. സ്വാമിജി നയിച്ച ആ വിപ്ലവം തങ്ങള്‍ക്ക് ഏകിയ ദിശാബോധത്തെക്കുറിച്ച് ആനന്ദതീര്‍ത്ഥന്റെ ആശയങ്ങളെ പിന്തുടര്‍ന്ന് ജീവിച്ച ലക്ഷ്മണന്‍ ഗുരുക്കള്‍ അഭിമാനത്തോടെ വിവരിക്കുകയുണ്ടായി. സ്വാമി ആനന്ദതീര്‍ത്ഥന്‍ 1931-ല്‍ സ്ഥാപിച്ച ശ്രീനാരായണ സ്‌കൂളിലാണ് ലക്ഷ്മണന്‍ ഗുരുക്കള്‍ തന്റെ വിദ്യാഭ്യാസം തുടങ്ങിയത്.

ജാതി വ്യവസ്ഥിതിയുടെ രീതികളെ പ്രതിരോധിക്കുന്ന ഇടപെടലുകള്‍ നടത്തുന്ന അനുഷ്ഠാനമാണ് തെയ്യമെന്ന ആരാധന സമ്പ്രദായമെങ്കിലും തെയ്യങ്ങളിലും ജാതി വിവേചനം ചെറുതല്ലാത്ത രീതിയില്‍ കടന്നുവന്നിട്ടുണ്ടെന്നു പറയാം. അപൂര്‍വ്വം തങ്ങളുടേതല്ലാത്ത കോട്ടത്ത് പുലയര്‍ക്ക് തെയ്യമുണ്ടെങ്കിലും പുലയത്തെയ്യങ്ങള്‍ പുറപ്പെടുന്നതും നൃത്തം ചെയ്യുന്നതും മറ്റും മതില്‍കെട്ടിനു പുറത്തുവച്ചായിരിക്കും. ജാതി വ്യവസ്ഥിതിയുടെ പ്രത്യക്ഷമായ മാറ്റി നിര്‍ത്തല്‍ നമുക്കതില്‍ കാണാന്‍ കഴിയും. എന്നു കരുതി തെയ്യം കെട്ടുന്ന മറ്റു വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്ഥാനം മേല്‍ജാതിക്കാരുടെ ഇടയിലുണ്ട് എന്നു ധരിച്ചുകളയരുത്. ഇവരെ അപേക്ഷിച്ച് പുലയര്‍ക്ക് കുറച്ചു കൂടുതല്‍ അവഗണന ഉണ്ടെന്നു പറയാന്‍ മാത്രമാണ് ലേഖകന്റെ ശ്രമം.

 പൊട്ടന്‍ തെയ്യം
 പൊട്ടന്‍ തെയ്യം

തെയ്യ രീതികളില്‍ മറ്റു തെയ്യങ്ങളില്‍നിന്നും അല്പം വ്യത്യാസപ്പെട്ടു കിടക്കുന്നതാണ് പുലയരുടെ തെയ്യങ്ങള്‍. മറ്റു തെയ്യങ്ങള്‍ക്ക് പ്രധാന വാദ്യമായി ചെണ്ട ഉപയോഗിക്കുന്ന കാലത്തും പുലയര്‍ തങ്ങളുടെ തെയ്യത്തിനു വാദ്യമായി കൊണ്ട് നടന്നിരുന്നത് തുടിയെന്ന ചെറുശബ്ദം ഉണ്ടാക്കുന്ന വാദ്യമായിരുന്നു. ഇപ്പോള്‍ വ്യാപകമായി ചെണ്ട ഉപയോഗിക്കപ്പെടുന്നുവെങ്കിലും തെയ്യം പുറപ്പെടുമ്പോള്‍ തുടികൊട്ടി തന്നെയാണ് പുലയത്തെയ്യങ്ങള്‍ നൃത്തം തുടങ്ങുന്നത്. മറ്റു തെയ്യങ്ങളെ അപേക്ഷിച്ച് പുലയര്‍ തങ്ങളുടെ തെയ്യങ്ങളില്‍ കുറച്ചുകൂടി അനുഷ്ഠാനപരമായും വിശ്വാസപരമായും ഒട്ടിച്ചേര്‍ന്നിട്ടുണ്ടെന്നു കാണാം. മറ്റുള്ളവര്‍ക്ക് തെയ്യം ദൈവമാകുമ്പോള്‍ പുലയര്‍ക്കത് അവരുടെ പഴയകാല ഗുരുക്കന്മാരും കാരണവന്മാരും കൂടിയാണ്. പൊതുവേ തെയ്യവുമായി ബന്ധപ്പെടുന്ന എല്ലാ സമുദായക്കാരും അണിയലങ്ങളും തെയ്യവുമായി അനുബന്ധിച്ച സാധനങ്ങളുമെല്ലാം വളരെ ഭക്തിയോടെ കാണുന്നുവെങ്കിലും പുലയ സമുദായം അതിനെ പ്രത്യേകമായി ശ്രദ്ധിക്കുന്നു എന്നതിന് ഉദാഹരണമാണ് തുടി, അണിയലങ്ങള്‍ തുടങ്ങിയവ തെയ്യ സ്ഥലത്തേക്ക് എതിരേറ്റു കൊണ്ടുവരുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത്. കൂടാതെ തെയ്യ സ്ഥലത്ത് എത്തിയാല്‍ ഉച്ച കലശം കുളി രാത്രിയില്‍ തെയ്യത്തിനു മുന്‍പേ പാതിരാ കലശം, കുളി തുടങ്ങിയ പ്രത്യേകമായ ദേഹശുദ്ധി വരുത്തുന്ന ചടങ്ങുകളുമുണ്ട്. ഈ കാര്യങ്ങളൊക്കെ ഇപ്പോഴും നിര്‍ബ്ബന്ധമായി ചെയ്തുവരുന്നുണ്ട്. അനുഷ്ഠാനത്തില്‍ ശുദ്ധിക്ക് പുലയര്‍ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ശുദ്ധിയുള്ള ദേഹത്തെ ദൈവം ആവേശിക്കുമെന്നു അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അക്ഷരം പഠിക്കാന്‍ ഭ്രഷ്ട് ഉണ്ടായിരുന്ന കാലത്ത് പൂര്‍വ്വികര്‍ തോറ്റം പാട്ടുകളും തുടിപ്പാട്ടുകളും മറ്റും വാമൊഴിയായി പഠിച്ചതും പകര്‍ന്നതും ഇന്ന് ഏറ്റെടുക്കാന്‍ ആളില്ലാതെ സ്വത്വ പ്രതിസന്ധിയിലാണ് മലബാറിലെ തെയ്യം കെട്ടുന്ന പുലയരുള്ളത്. തെയ്യങ്ങള്‍, ചെണ്ട, തുടി തുടങ്ങിയവ പഠിച്ചെടുത്താലും തോറ്റം പഠിക്കാനും പാടാനും ആരും മുന്‍പോട്ടു വരാത്തത് തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്തു വന്നിരുന്ന കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും നശിക്കാന്‍ ഇടവരുത്തുമെന്ന് ലക്ഷ്മണന്‍ ഗുരുക്കളെപ്പോലെയുള്ള പാരമ്പര്യത്തെ നിലനിര്‍ത്താന്‍ കൊതിക്കുന്ന ആളുകള്‍ പറയുന്നു. ലക്ഷ്മണന്‍ ഗുരുക്കള്‍ തന്നെ തോറ്റം പാട്ട് പഠിച്ചുകൊണ്ടാണ് തെയ്യ രംഗത്തേക്ക് കാലെടുത്തു വെയ്ക്കുന്നത്. എന്നാല്‍, ഇന്ന് തോറ്റം പാട്ട് പാടാനായി തീരെ ആളുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. വളരെയേറെ ദൈര്‍ഘ്യമേറിയ തോറ്റം പാട്ടുകളാണ് മിക്ക തെയ്യങ്ങള്‍ക്കുമുള്ളത്. അതില്‍ കുറേയേറെ ഭാഗങ്ങള്‍ പകര്‍ന്നുകിട്ടാതെ നശിച്ചുപോയി. ബാക്കിയുള്ളത് പഠിക്കാന്‍ ആളില്ലാതെ വരികയും കൂടി ചെയ്താല്‍ ക്രമേണ ഈ തോറ്റങ്ങള്‍ ഇല്ലാതായേക്കുമെന്നും തെയ്യം കൊണ്ടാടുന്ന പുലയര്‍ക്ക് ആശങ്കയുണ്ട്.

ഒരിക്കല്‍ കണ്ടപ്പോള്‍ ഈ കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടോ, ഇനിയുള്ള കാലങ്ങളിലുമിത് നിലനില്‍ക്കുമോയെന്ന് ലക്ഷ്മണന്‍ ഗുരുക്കളോട് ചോദിക്കുകയുണ്ടായി. 

''തീര്‍ച്ചയായും നിലനില്‍ക്കും. അതിനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. എന്നാല്‍, അതത്ര എളുപ്പമല്ല'' - അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com