ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്ത് ?

ഭരണത്തിന്റേയും ബ്യൂറോക്രസിയുടേയും ഓരോ തലത്തിലുമുള്ള വിലയിരുത്തലുകളും അനുമതികളുമൊക്കെ സാങ്കേതികം മാത്രമായിരുന്നില്ല വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിനുള്ള സാധ്യത കൂടിയായിരുന്നു
ഈ സര്‍ക്കാരിന്റെ പരിസ്ഥിതി നയം എന്ത് ?

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ തീരത്ത് കടല്‍കയറ്റം കാരണം ഒരു ജനത നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലായിരുന്നു. ഒന്ന് വികസനത്തിന്റെ പേരിലുള്ള അധികാര ആരോഹണവും മറ്റൊന്ന് തത്വദീക്ഷിതമല്ലാത്ത വികസനം സൃഷ്ടിച്ച ജീവിത അവരോഹണവുമായിരുന്നു. വികലമായ പരിസ്ഥിതി നയങ്ങള്‍ പിന്‍പറ്റിയതിന്റെ ബാക്കിപത്രമായിരുന്നു മനുഷ്യനിര്‍മ്മിതമായ ആ ദുരന്തങ്ങള്‍. ക്ഷേമരാഷ്ട്രീയവും വികസനവാഴ്ത്തുകളും കൊണ്ട് നിറഞ്ഞ പ്രചരണങ്ങളിലൊരിക്കല്‍പ്പോലും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരും പറഞ്ഞുകേട്ടില്ല. തുടര്‍ഭരണം വരുമ്പോള്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എന്തു നയമാണ് ഈ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കേണ്ടത്. ജീവനേയും ജീവിതത്തേയും ബാധിക്കുന്ന വിഷയങ്ങളെ എങ്ങനെയാണ് സര്‍ക്കാരും ഭരണപ്പാര്‍ട്ടിയും കാണുന്നത്. അധികാരം വ്യക്തികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ രാഷ്ട്രീയം നയരഹിതമാകാറുണ്ട്. ഇതാണോ പുതിയ രാഷ്ട്രീയ ചരിതമെഴുതിയ ഇടതുമുന്നണി സര്‍ക്കാരിനും സംഭവിക്കുക? 

നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് എതിരാണെന്നു പറയുമ്പോഴും അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നയപരിപാടികളൊന്നും തൊണ്ണൂറുകള്‍ക്കുശേഷം അധികാരത്തിലെത്തിയ ഇടതു സര്‍ക്കാരുകള്‍ക്കുണ്ടായിരുന്നില്ല. രാജ്യാന്തര കോര്‍പ്പറേറ്റുകളോടും സ്വകാര്യമൂലധന നിക്ഷേപങ്ങളോടും വലതുപക്ഷത്തോളം തന്നെ ഉദാരമായ സമീപനമാണ് അവരും പിന്തുടര്‍ന്നത്. അതിവേഗപാതകളും ബി.ഒ.ടി-പി.പി.പി പദ്ധതികളും വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികളും തന്നെയാണ് അവരുടേയും വികസനവാഗ്ദാനങ്ങള്‍. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും സി.പി.എമ്മിനു സംഭവിച്ച ഈ അപചയങ്ങളെ മറികടന്നുകൊണ്ടല്ല പിണറായി വിജയന്‍ 2016-ല്‍ അധികാരത്തിലേറുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം തുടര്‍ച്ചയായുണ്ടായ കാലാവസ്ഥാദുരന്തങ്ങള്‍ നമ്മുടെ വികസന-പരിസ്ഥിതി നയങ്ങളില്‍ പുനര്‍വിചിന്തനമുണ്ടാകേണ്ടതിന്റെ ആവശ്യകത പ്രകടമാക്കിയ സന്ദര്‍ഭങ്ങളായിരുന്നു. വരള്‍ച്ചയും അതിനുശേഷമുള്ള പ്രളയവും തീരങ്ങളിലെ കടല്‍കയറ്റവും മലനിരകളിലെ ഉരുള്‍പൊട്ടലുകളുമെല്ലാം തുടര്‍ച്ചകളായി. വിനാശകരമായ വികസനത്താല്‍ അത് ഇന്നും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

2016-ല്‍ വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്നു പ്രഖ്യാപിച്ച ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ 21 ഇന വാഗ്ദാനങ്ങളും പരിപാടികളുമായിരുന്നു പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആറുമാസത്തിനകം പരിസ്ഥിതിയുടെ അവസ്ഥയെപ്പറ്റി ധവളപത്രമിറക്കുമെന്നതായിരുന്നു ആദ്യ വാഗ്ദാനം. മുന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കുമെന്നതായിരുന്നു രണ്ടാം വാഗ്ദാനം. ഇത് രണ്ടും നടപ്പായില്ലെന്നു മാത്രമല്ല, മുന്‍സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധനയങ്ങള്‍ കുറേക്കൂടി ശക്തമായ നിലയില്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ തുടരുകയാണ് ചെയ്തത്. വ്യവസായ പദ്ധതികള്‍ക്കെതിരെ പരാതികളുമായി വിജിലന്‍സിനേയും കോടതികളേയും സമീപിക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ ആദ്യം പരസ്യമായി പ്രഖ്യാപിച്ചു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഡേറ്റാ ബാങ്കുകള്‍ ആറുമാസത്തികം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുമെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. 

കോഴിക്കോട്ട് നരിക്കോട്ട് മലയിലുള്ള ക്വാറി
കോഴിക്കോട്ട് നരിക്കോട്ട് മലയിലുള്ള ക്വാറി

എന്നാല്‍, 2008-ല്‍ പുറത്തിറക്കിയ നെല്‍ത്തട തണ്ണീത്തട നിയമം കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയാണുണ്ടായത്. 30 വകുപ്പുകളുള്ള മൂലനിയമത്തിലെ 11 പ്രധാന വകുപ്പുകളും ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ അനുവാദം നല്‍കി. നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും വ്യാപ്തി ആശങ്കാജനകമായി കുറഞ്ഞതാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ 2008-ല്‍ കേരളം ഭരിച്ചിരുന്ന വി.എസ്. സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും സമതലങ്ങളിലെ ജലസംഭരണികളാണ്. വെള്ളത്തെ മണ്ണിലിറക്കാനും ശേഖരിച്ചു നിര്‍ത്താനും ഒക്കെ ശേഷിയുള്ള വമ്പന്‍ ജലംസംഭരണി. നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥയേയും തകര്‍ക്കും. ഈ തിരിച്ചറിവില്‍നിന്നാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പിറവി. എന്നാല്‍, ഭേദഗതി വന്നതോടെ അനിവാര്യമായ ഘട്ടത്തില്‍ മാത്രം നടത്തേണ്ട നിലംനികത്തല്‍ ഒരു തടസ്സവുമില്ലാതെ നടപ്പായി. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏതു നികത്തലും ക്രമപ്പെടുത്താമെന്നായി. അവശേഷിക്കുന്ന വയലുകള്‍ കൂടി നികത്തപ്പെട്ടു. കേരളത്തിന്റെ പാരിസ്ഥിതിക സംതുലനത്തെ അടിമുടി തകര്‍ത്തുകളഞ്ഞു ഈ ഭേദഗതി.

പ്രാദേശിക ജനവിഭാഗങ്ങളുടേയും കര്‍ഷകരുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കുമെന്നായിരുന്നു ഒരു വാഗ്ദാനം. ഇത് ഇത്തവണത്തെ പ്രകടനപത്രികയിലും ആവര്‍ത്തിച്ചിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തോടും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനോടും ഒരു വിഭാഗം നടത്തിയ പ്രതികരണം കേരളം നേരത്തെ കണ്ടതാണ്. കമ്മിറ്റി റിപ്പോര്‍ട്ട് കൃത്യമായി പഠിച്ച് അതിനോടുള്ള വിമര്‍ശനാത്മകമായ ഇടപെടലായിരുന്നില്ല അന്നുണ്ടായിരുന്നത്. മറിച്ച് ക്രൈസ്തവ സഭകളും സി.പി.എമ്മും നിശിതമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. പലപ്പോഴും കള്ള പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. ആക്രമോത്സുക സമരമാണ് അന്നുണ്ടായത്. സഭയുടെ വോട്ട് കിട്ടുമോ എന്നു കരുതി സി.പി.എമ്മും കൂടെ കൂടി. അതോടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. 

വികസന കാര്യത്തിലും പ്രത്യേകിച്ച് നിലപാടുകളില്ലാത്ത കോണ്‍ഗ്രസ്സും ക്രൈസ്തവ സഭാ നേതൃത്വത്തിനു പിന്നില്‍ മുട്ടിലിഴഞ്ഞു. ആരാണ് കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്നത് എന്ന കാര്യത്തിലായി സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം. അതേ നയത്തിന്റെ ആവര്‍ത്തനമാണ് കഴിഞ്ഞ ഭരണകാലയളവിലും കണ്ടത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വയനാട് തുരങ്കപാത പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതിക്ക് അപേക്ഷപോലും നല്‍കാതെയാണ്. കോഴിക്കോട് ആനക്കാംപൊയില്‍നിന്നും വയനാട് കള്ളാടിയിലെത്തുന്ന തുരങ്കപാതയെ സ്വപ്നപദ്ധതിയെന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. 900 കോടി രൂപ കിഫ്ബിയില്‍നിന്നു ചിലവഴിച്ച് മൂന്നു മാസം കൊണ്ട് നിര്‍മ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.

കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുമെന്നും ഖനനത്തിനു ശക്തമായ സാമൂഹ്യനിയന്ത്രണം സംവിധാനം കൊണ്ടുവരുമെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. സംഭവിച്ചതോ വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്ററിനപ്പുറമുള്ള പ്രദേശം പരിസ്ഥിതിലോലമല്ലെന്ന സംസ്ഥാന മന്ത്രിസഭാ തീരുമാനിച്ചു. ഇതോടെ നിയമവിധേയമായതു മുന്നൂറിലേറെ അനധികൃത ക്വാറികള്‍. 

വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം ഉള്‍പ്പെടെ വനേതര പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ബദല്‍ നിര്‍ദ്ദേശം സുപ്രീംകോടതി മുന്നോട്ടു വച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ മറ പറ്റിയാണ് ക്വാറി ഉടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയമ അട്ടിമറി നടത്തിയത്. ഇതിനുപുറമേ കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ക്വാറികളുടെ പാരിസ്ഥിതിക അനുമതി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കി. പെര്‍മിറ്റോ പാട്ടമോ നീട്ടാനാകില്ലെന്നിരിക്കേ പ്രത്യേക അനുമതിയില്ലാതെ ഒരു വര്‍ഷം കൂടി ഖനനം നടത്താന്‍ ക്വാറി ഉടമകള്‍ക്ക് സര്‍ക്കാര്‍ അവസരമൊരുക്കുകയായിരുന്നു. 

തീരങ്ങളിലാകട്ടെ തെറ്റായ വികസനനയങ്ങള്‍ മൂലം തീരദേശത്തിന് അതിന്റെ സ്വാഭാവികമായ പ്രതിരോധശേഷി നഷ്ടപ്പെട്ടു. ഹാര്‍ബറുകള്‍, പുലിമുട്ടുകള്‍, കടല്‍ഭിത്തികള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍, ഗ്രോയിനുകള്‍, മണല്‍ ഖനനം എന്നിങ്ങനെ കടല്‍ത്തീരത്തെ നിര്‍മ്മാണ പ്രവൃത്തികളും അതുമൂലമുണ്ടാകുന്ന തീരശോഷണവുമാണ് കടലോരങ്ങളിലെ ഇപ്പോഴത്തെ ദുരിതങ്ങളുടെ അടിസ്ഥാനകാരണം. കനത്ത മഴ അതിനെ കൂടുതല്‍ തീവ്രമാക്കി എന്നു മാത്രം. ഈ വിഷയങ്ങളെ കണക്കിലെടുക്കാതിടത്തോളം കാലം ഈ ദുരിതങ്ങള്‍ എല്ലാ വര്‍ഷവും തുടരുമെന്നതില്‍ സംശയമില്ല. ഇത്തവണ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 175 മീറ്റര്‍ പുലിമുട്ട് കടലെടുത്തു. മൂന്നു ജില്ലകളില്‍നിന്നായി പശ്ചിമഘട്ടത്തിലെ അനേകം ക്വാറികളില്‍നിന്നെത്തിച്ച കല്ല് കടലില്‍ കളയുന്നതാണ് നമ്മുടെ വികസനനേട്ടം. തുറമുഖത്തിന്റെ അശാസ്ത്രീയത ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല. എല്ലാവര്‍ഷവും കാലവര്‍ഷം ഏറ്റവും ദുരിതങ്ങള്‍ വിതയ്ക്കുന്ന ചെല്ലാനത്തെ അവസ്ഥയും വ്യത്യസ്തമല്ല. 

തീരജനതയുടെ വ്യാപകമായ ഒഴിപ്പിക്കലിനു കാരണമാകുന്ന, ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന തീരദേശ പരിപാലന വിജ്ഞാപന ഭേദഗതി ആദ്യം അംഗീകരിച്ചത് പിണറായി വിജയന്‍ നയിക്കുന്ന ആദ്യ മന്ത്രിസഭയായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി ഉന്നയിച്ച വിമര്‍ശനമൊന്നും പിണറായി വിജയനു ബാധകമായിരുന്നില്ല. ഇനിയുമുണ്ട് ഏറെ വാഗ്ദാനങ്ങള്‍. പകുതിയിലധികം നടപ്പാക്കാനാവാത്തവ. അതിലധികം അട്ടിമറിച്ചവ. ഏതായാലും പരിസ്ഥിതി വിഷയമാക്കി ഇത്തവണത്തെ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ ഏറെയുണ്ടായിരുന്നില്ല. നവകേരള നിര്‍മ്മിതിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന വിശേഷണത്തോടെയുള്ള ആ പത്രികയില്‍ കേവലമത് ഏഴെണ്ണമായി ചുരുങ്ങി. ക്വാറികള്‍ സംബന്ധിച്ചുള്ള നയം പരിസ്ഥിതി എന്ന വിഷയത്തില്‍നിന്നു മാറി നിര്‍മാണം എന്നതിലേക്കായി മാറി. തുടര്‍ഭരണത്തിലെ പരിസ്ഥിതി ദിശാബോധത്തിന്റെ മാറ്റം അതാണ്. 

വരള്‍ച്ചയില്‍ തുടക്കം ദുരന്തത്തുടര്‍ച്ച 

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന്റെ ആദ്യ വെല്ലുവിളികളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നു. 2016-'17 സംസ്ഥാനം കടുത്തവരള്‍ച്ചയുടെ പിടിയിലായിരുന്നു. 115 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴക്കാലം ലഭിച്ച വര്‍ഷം. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 63 ശതമാനവും കുറഞ്ഞു. കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനരൂപീകരണത്തിന്റെ 60-ാം വാര്‍ഷികത്തിന്റെ തലേന്ന് മുഖ്യമന്ത്രി കേരളത്തിലെ 14 ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. വെള്ളത്തിന്റെ ഉപയോഗത്തിനു മുന്‍ഗണനാക്രമം നിശ്ചയിച്ചു. വിളകള്‍ നശിച്ചു. നദികളും കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ചരിത്രത്തിലാദ്യമായി കേരളവും ഉഷ്ണതരംഗത്തിന്റെ പിടിയില്‍പ്പെട്ടപ്പോള്‍ അതൊരു മുന്നറിയിപ്പായിരുന്നു. എന്നാല്‍, കുടിവെള്ളം പൈപ്പിലൂടെ എത്തിക്കുകയെന്ന തൊലിപ്പുറത്തെ ചികിത്സയ്ക്കാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. കൃത്രിമമഴ പെയ്യിക്കാനുള്ള സാധ്യത ആലോചിക്കുമെന്നു വരെ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കാലാവസ്ഥവ്യതിയാനത്തിന്റെ കാരണങ്ങളെ വിലയിരുത്താനോ അതിന് അനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താനോ ഫലപ്രദമായി നേരിടാനോ ശ്രമങ്ങളുണ്ടായില്ല. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റു നടപടികളും അനിവാര്യമായിരുന്നു.

ഓഖി ചുഴലിക്കാറ്റാണ് 2017-ല്‍ ദുരന്തമായി അവതരിച്ചത്. കരയിലേതിനേക്കാള്‍ നഷ്ടം കടലിലുണ്ടായി. ഓഖിയുടെ മുന്നറിയിപ്പ് ലഭിക്കുന്നതിനു മുന്‍പു തന്നെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിരുന്നു. കാറ്റ് ശക്തമായതോടെ അവര്‍ കടലില്‍ കുടുങ്ങി. ചിലര്‍ ദൂരെയുള്ള തീരങ്ങളില്‍ ദിശമാറിയെത്തി. കടലില്‍ അകപ്പെട്ട 1,116 മത്സ്യത്തൊഴിലാളികളെ നാവികസേന, വ്യോമസേന, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ നിസ്സഹായരായപ്പോള്‍ തിരിച്ചലിനു മത്സ്യത്തൊഴിലാളികള്‍ തന്നെയിറങ്ങി. ഔദ്യോഗിക കണക്കനുസരിച്ച് 52 മത്സ്യത്തൊഴിലാളികള്‍ ചുഴലിക്കാറ്റില്‍ മരിച്ചു. കാണാതായവര്‍ 91. ഇവര്‍ക്കായി ബന്ധുക്കളുടെ കാത്തിരിപ്പ് തുടരുന്നു. സര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭിച്ചെങ്കിലും ദുരന്തത്തിന്റെ ആഘാതം ഇന്നും മാറിയിട്ടില്ല. 2018-ല്‍ നൂറ്റാണ്ടിലെ മഹാപ്രളയം വന്നു. പശ്ചിമഘട്ട മലനിരകളില്‍ അയ്യായിരത്തോളം ഇടങ്ങളില്‍ വലുതും ചെറുതുമായ ഉരുള്‍പ്പൊട്ടലുകളുണ്ടായി. ഇടുക്കി ജില്ലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസമുണ്ടായി. മലനാടും ഇടനാടും തീരവും വ്യത്യാസമില്ലാതെ മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചു. 50 ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തില്‍നിന്ന് കേരളത്തെ അല്‍പ്പമെങ്കിലും കരകയറ്റിയത്. പിന്നീടങ്ങോട്ട് വരള്‍ച്ചയുടെ കാലം. നിറഞ്ഞുകവിഞ്ഞ നദികള്‍ നീരൊഴുക്കില്ലാതെയായി. 

2019-ല്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടായി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. 59 പേരുടെ ജീവന്‍ നഷ്ടമായ കവളപ്പാറ ദുരന്തത്തിന് ഒരുവര്‍ഷം തികയുമ്പോള്‍ പെട്ടിമുടിയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്കുമേല്‍ മലയിടിഞ്ഞു. 66 പേരാണ് അന്നു മരിച്ചത്. അപകടത്തില്‍പ്പെട്ട 14 കുടുംബങ്ങളില്‍ ഒരാള്‍പോലും ബാക്കിയില്ല. മരണങ്ങളുടെ എണ്ണം കൂടുതലായതുകൊണ്ട് മാത്രം ഇവയൊക്കെ ഓര്‍മ്മിക്കപ്പെടുന്നു. അല്ലാത്തവ വിസ്മൃതിയിലാകുന്നു. ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതം കുറയ്ക്കാനും എന്തു ചെയ്യണം എന്നതിനെക്കുറിച്ച് അടിക്കടി ഓര്‍മ്മപ്പെടുത്തലുണ്ടെങ്കിലും അതൊന്നും ചര്‍ച്ചയായതേയില്ല. ഇത്തവണയും ഇരുമുന്നണികളുടേയും പ്രകടനപത്രികയിലോ വാഗ്ദാനങ്ങളിലോ ഇതൊന്നും പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളോ നടപടികളോ ഉണ്ടായില്ല. കടലിന്റേയും മലനിരകളുടേയും സ്വഭാവം മാറുമ്പോള്‍ മണ്ണും അന്തരീക്ഷവും തമ്മിലുള്ള ബന്ധം മാറുമ്പോള്‍ അത് കാലാവസ്ഥാ വ്യതിയാനമാണെന്നും അതിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള മട്ടാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അധികാരം കയ്യാളുന്നവര്‍ക്കും. ദുരന്തശേഷമുള്ള പ്രവര്‍ത്തനങ്ങളിലല്ല, ദുരന്തം ഒഴിവാക്കാനും അതിന്റെ ആഘാതം പരമാവധി കുറയ്ക്കാനുമുള്ള നടപടികളും നയങ്ങളുമാണ് വേണ്ടത്.

എന്നാല്‍, പശ്ചിമഘട്ട മലനിരകളുടെ നാശം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നഗരവല്‍ക്കരണം ഭൂഘടനയേയും പരിസ്ഥിതിയേയും മാറ്റിമറിച്ചു. വ്യാപകമായ പാറഖനനം മലനിരകളുടെ ഉറപ്പിനെ തന്നെ ഇല്ലാതാക്കുന്നു. തീരങ്ങളിലെ നിര്‍മ്മാണവും ഖനനവും കടലിന്റേയും കരയുടേയും ഘടന മാറ്റുന്നു. കായലുകളും നെല്‍വയലുകളും യാതൊരു നിയന്ത്രണവുമില്ലാതെ വീണ്ടും നികത്തപ്പെടുന്നു. കണ്ടലുകള്‍ വെട്ടിമാറ്റപ്പെടുന്നു. കാലാവസ്ഥയും പ്രകൃതിയും മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗൗരവത്തിലെടുക്കാന്‍ ജനങ്ങളും സര്‍ക്കാരും തയ്യാറായില്ല. ലോകമെമ്പാടും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്പോള്‍ അതില്‍നിന്നുള്ള ഒഴിഞ്ഞുമാറലല്ല, സംവാദമാണ് വേണ്ടത്. അണക്കെട്ടും അതിവേഗപാതയുമുള്‍പ്പെടെയുള്ള വികസന ഉത്സവങ്ങളെക്കുറിച്ച് പുനര്‍ചിന്തിക്കേണ്ടതുണ്ട്. 

അധികാരകേന്ദ്രീകരണം ബാധിക്കുമോ 

ദുരന്തനിവാരണം, ശാസ്ത്രം, സങ്കേതികം, പരിസ്ഥിതി, മലിനീകരണം തുടങ്ങി 27-ഓളം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ഇത്തവണ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മാത്രമല്ല, പേരെടുത്തു പറയാത്ത എല്ലാ വകുപ്പുകളിലേയും നയപരമായ തീരുമാനങ്ങളെടുക്കുന്നത് മുഖ്യമന്ത്രിയാകുമെന്നും റൂള്‍സ് ഓഫ് ബിസിനസ് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അധികാരകേന്ദ്രം ചുരുങ്ങുന്നതിന്റെ സൂചനയാണ് ഇത്. ന്യൂനപക്ഷ വകുപ്പു കൂടി ഏറ്റെടുത്ത് അദ്ദേഹം അത് പ്രത്യക്ഷമാക്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെടുന്ന ഫയലുകളോ അല്ലെങ്കില്‍ ബിസിനസ് ഓഫ് റൂള്‍സ് പ്രകാരം മുഖ്യമന്ത്രി കാണേണ്ട ഫയലുകളും മാത്രമേ അദ്ദേഹത്തിന്റെ മുന്നിലെത്താറുണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയും ഗവര്‍ണറും കാണേണ്ട ഫയലുകള്‍ ഏതെന്ന് ഭരണഘടനയുടെ 166(3)നെ അടിസ്ഥാനമാക്കിയുള്ള ഈ ചട്ടങ്ങളിലുണ്ട്. വികസന പദ്ധതികള്‍ക്കു പല വകുപ്പുകളുടെ അനുവാദം വേണമെന്നതിനാല്‍ ഇതു നൂലാമാലകളായി വികസനവാദികള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഭരണത്തിന്റേയും ബ്യൂറോക്രസിയുടെ ഓരോ തലത്തിലുമുള്ള വിലയിരുത്തലുകളും അനുമതികളുമൊക്കെ സാങ്കേതികം മാത്രമായിരുന്നില്ല വ്യത്യസ്ത അഭിപ്രായ രൂപീകരണത്തിനുള്ള സാധ്യത കൂടിയായിരുന്നു. എന്നാല്‍, ഒരു പദ്ധതിക്കുള്ള അനുമതി നല്‍കേണ്ടുന്ന വകുപ്പുകളെല്ലാം ഒരാളുടെ കുടക്കീഴിലാകുന്നത് അത്തരമൊരു വിയോജന സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുന്നു. പാരിസ്ഥിതികബോധം ഉള്‍ച്ചേര്‍ന്ന നയമല്ല വികസനകാര്യത്തില്‍ പിണറായി വിജയന്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും അതു ബോധ്യപ്പെട്ടിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com