'കര്‍ണ്ണന്‍'- തലയില്ലാത്തവരുടെ ദൈവം

പൊടിയന്‍കുളത്തുകാരുടെ കര്‍ണ്ണന്‍ മല്ലര്‍ വിഭാഗക്കാരനായ ദളിതനാണ്. ആ കഥാപാത്രത്തിലും അവന്റെ ചെറുത്തുനില്‍പ്പുകളിലും കൊടിയങ്കുളം ജാതികലാപത്തിന്റെ പ്രേരണാംശങ്ങള്‍ കണ്ടെടുക്കാനാവും
'കര്‍ണ്ണന്‍'- തലയില്ലാത്തവരുടെ ദൈവം

''To be or not to be
that is the question'

-William Shakespeare

മൂഹത്തിന്റെ പുറംകാടുകളില്‍ കഴിയുന്ന ഒരുകൂട്ടം കര്‍ഷകരുടെ ചുടുചോര ചിന്തിയ ചെറുത്തു നില്‍പ്പിന്റെ ചരിത്രമാണ് 'കര്‍ണ്ണന്‍' എന്ന ചലച്ചിത്രം പറയുന്നത്. എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ സമരങ്ങളുടെ പ്രതിച്ഛായകള്‍ അതിലുണ്ട്. സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ആവശ്യപ്പെടുന്ന രീതിശാസ്ത്രത്തില്‍ ഒരു ചലച്ചിത്രത്തിന്റെ ശില്പഭദ്രത എന്തായിരിക്കണമെന്ന് സിനിമ കാണിച്ചുതരുന്നു. തലയില്ലാത്ത ദേവനെ പൂജിക്കുന്ന ഗ്രാമീണരുടെ സ്വത്വപ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍, തലമുതല്‍ പാദംവരെ ഉടഞ്ഞ കരുമാടിക്കുട്ടനെ പേറുന്ന ഒരു ജനതയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ലോകത്തെവിടെയുമുള്ള സിനിമയുടെ ഭാഷ ദൃശ്യപരമാണ്. മനുഷ്യജീവിതങ്ങളുടെ നേര്‍ക്ക് തിരിച്ചുവയ്ക്കുന്ന നിഴല്‍ച്ചിത്രങ്ങള്‍ക്ക് എവിടെയും ആസ്വാദകരുണ്ടാകും. തലയില്ലാത്ത ദേവനെ വിശ്വസിക്കുന്ന ജനത തലച്ചോറുകൊണ്ടല്ല ഹൃദയംകൊണ്ടാണ് സ്‌നേഹിക്കുന്നത്. തലയില്ലാത്ത ദൈവത്തെപ്പോലെ ശിരസ്സില്ലാതെ വരയ്ക്കപ്പെട്ട വിപ്ലവകാരിയുടെ കൂറ്റന്‍ ചിത്രവും നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. പൊലീസുമായുള്ള കലാപത്തിനിടയില്‍ ആത്മാഹൂതി ചെയ്യുന്ന വൃദ്ധനും കര്‍ണ്ണന്റെ ബന്ധുവുമായ യമരാജന്റെ തല പിന്നീടതില്‍ വരച്ചുചേര്‍ക്കപ്പെടുന്നതുവരെയും അവരുടെ വിപ്ലവ പ്രേരണയ്ക്ക് മുഖമില്ല. മുഖം നഷ്ടപ്പെട്ടവരുടെ ജീവിതങ്ങള്‍ക്ക് എന്തുമുഖം എന്ന ചോദ്യമാണ് അവിടെയേറെ പ്രസക്തമാകുന്നത്.

കാടു നാടാക്കിത്തീര്‍ത്ത ഗ്രാമീണരായ പൊടിയന്‍കുളത്തുകാരുടെ കഥയാണ് 'കര്‍ണ്ണന്‍' പ്രേക്ഷകരോടു പറയുന്നത്. സംഘകാല തനിമയിറ്റുന്ന ഒരു മരുതം. പരിശ്രമവും അദ്ധ്വാനവും കൊണ്ടാണ് മനുഷ്യാവാസത്തിന് യോജ്യമായി അവിടം മാറുന്നത്. രണ്ടു തലമുറയുടെ ത്യാഗത്തിന്റെ മൂലധനത്തിലാണ് പൊടിയന്‍കുളത്തിന്റെ ഓരോ അതിരും ഉറപ്പിച്ചിട്ടുള്ളത്. ചെത്തിയെടുത്ത വഴികള്‍ക്ക് ഇരുപുറവും കാടുകളും വിജനതയും കാണാം. ആ വഴിക്ക് ബസ് ഓടുന്നുണ്ടെങ്കിലും സമൂഹം പൊടിയന്‍കുളത്തെ അംഗീകരിക്കാത്തതുകൊണ്ടുതന്നെ അവര്‍ക്കൊരു ബസ്സ്റ്റോപ്പുപോലുമില്ല. കിലോമീറ്ററുകളോളം നടന്ന് വ്യാധിയും ദുരിതവും പേറി അലയുന്ന ജനത്തെയാണ് നമ്മള്‍ കാണുന്നത്. ജനങ്ങള്‍ വാഹനങ്ങളെ നോക്കി കയ്യുയര്‍ത്തുമെങ്കിലും ഒരു ഓര്‍ഡിനറി ബസ്സുപോലും അവിടെ നിര്‍ത്താറില്ല. പ്രിയപ്പെട്ടവരുടെ എത്രയെത്ര വിയോഗങ്ങളുടെ കഥയാണ് ആ ബസ്സ്റ്റോപ്പിനു പറയാനുള്ളത്! അവയെല്ലാം കാട്ടുപേച്ചിയെന്ന പേരില്‍ കുട്ടിബൊമ്മ ദൈവങ്ങളായി മാറുന്നതു കാണാം. ചിത്രം ആരംഭിക്കുന്നതു തന്നെ അപസ്മാര ബാധയേറ്റ് നുരയും പതയും വന്ന പെണ്ണൊരുത്തി റോഡില്‍ വീണുപിടയുമ്പോഴും നിര്‍ത്താതെ പരക്കം പായുന്ന ബസുകളെ കാണിച്ചുകൊണ്ടാണ്. വിമാനടിക്കറ്റ്, മൊബൈലിലെ ആപ്പില്‍ ബുക്ക് ചെയ്യുന്ന ജനതയുടെ മുന്നിലേക്ക് ഒരു ചെറിയ ബസ് സ്റ്റോപ്പിനുവേണ്ടി കുറേ മനുഷ്യര്‍ നടത്തുന്ന പ്രതിഷേധങ്ങളേയും അതില്‍ അണിചേരുന്ന ആബാലവൃദ്ധം ജനങ്ങളേയും അവതരിപ്പിച്ചാണ് കര്‍ണ്ണന്‍ പ്രേക്ഷകമനസ്സില്‍ ഇടംതേടുന്നത്. 

രജിഷ വിജയൻ
രജിഷ വിജയൻ

കാര്‍ഷികവൃത്തിയിലൂടെ മണ്ണിനെ മാറ്റിയെടുത്തത് ആരായിരുന്നു എന്ന ചോദ്യത്തിനു നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ എക്കാലത്തും ഏറെ പ്രസക്തിയുണ്ട്. തൊഴിലാളികളായി അദ്ധ്വാനിച്ചവര്‍ ആരായിരുന്നുവെന്ന അന്വേഷണത്തിന് ആ ചോദ്യത്തേക്കാളേറെ പ്രസക്തിയുമുണ്ട്. കാടുകള്‍ കൃഷിയിടവും വാസയോഗ്യവും ആക്കി പരിവര്‍ത്തനം ചെയ്തത് തൊലികറുത്ത കുറേയേറെ മനുഷ്യരാണ്. ഇന്ത്യന്‍ ജനത ഒരിക്കലും വിലകല്പിച്ചിട്ടില്ലാത്ത, സമൂഹത്തിന്റെ പുറംമ്പോക്കുകളില്‍ ജന്മജാതിയുടെ നിഷേധമൂലധനവുമായി (Negative Capital) ഇന്നും പണിയെടുത്തു കൊണ്ടേയിരിക്കുന്ന, സര്‍വ്വ അധികാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന, അവകാശങ്ങളെച്ചൊല്ലി ഒന്നു ഞരങ്ങാന്‍ കൂടി അനുവദിക്കാത്ത, ആത്മവ്യഥകളുടെ വിഴുപ്പിറക്കിവയ്ക്കാന്‍ ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത, കോളനികളിലും പുനരധിവാസ ഫ്‌ലാറ്റുകളിലും അടച്ചിടപ്പെട്ട, നമ്മെ തീറ്റിപ്പോറ്റുന്നവരെങ്കിലും നമ്മള്‍ അറപ്പോടെ നോക്കുന്ന ഒരു ജനത. നമ്മുടെ വിശുദ്ധമായ ഇതിഹാസ കഥാപാത്രങ്ങളുടെ നാമങ്ങള്‍ ആധുനിക കാലത്തുപോലും അവരുടേതായി കേട്ടാല്‍ ഉള്ളിലെ തമ്പുരാനു വിളറിപിടിക്കും. കാരണം, കണ്ടനെന്നും കാളിയെന്നും മറുതയെന്നും കറുത്തയെന്നും കോരനെന്നും നീട്ടി പേരിട്ടത് അവരായിരുന്നു. അതാണ് ഇന്ത്യന്‍ ചരിത്രം. അവരുടെ മുന്നിലേയ്ക്കാണ് ദുര്യോധനനും അഭിമന്യുവും യമരാജനും ദ്രൗപദിയും കര്‍ണ്ണനുമെല്ലാം കീഴാള കഥാപാത്രങ്ങളായി കടന്നുവരുന്നത്. വരേണ്യതയുടെ വൈറസു പേറുന്ന ഒരു പൊലീസ് ഓഫീസര്‍ ഈ ചലച്ചിത്രത്തില്‍ ''നിനക്കൊക്കെ ആരാടാ ഈ പേരിട്ടത്?'' എന്നു ചോദിക്കുന്നുണ്ട്. അത് ഒരോര്‍മ്മപ്പെടുത്തലാണ്, കണ്ടനിലേക്കും കറുത്തയിലേക്കും ഉള്ള തിരിച്ചുനടത്തമാണ്. അങ്ങനെ നിരന്തരം തിരിച്ചുപോകാന്‍ ആക്രോശിക്കുന്ന ഒരു ജനതതിയുടെ മുന്നിലേക്കാണ് പൊടിയന്‍കുളത്തുകാര്‍ ചെരുപ്പുപോലും ധരിക്കാതെ ചോരപൊടിഞ്ഞും കത്തിക്കരിഞ്ഞും പതുക്കെ അധീശവ്യവഹാരങ്ങളുടെ അവസാനത്തെ ആണിയും പറിച്ചെടുത്തു നടന്നുനീങ്ങുന്നത്. പേര് എന്തായിരിക്കണമെന്ന് മുന്‍വിധിയുണ്ടായിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്താനും നൂറ്റാണ്ട് മാറിനീങ്ങിയിട്ടും ചില പേരുകള്‍ പൊരുത്തപ്പെടാനാവാതെ, ദഹിക്കാതെ, കുടികൊള്ളാതെ നില്‍ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയത്തെ അവതരിപ്പിക്കാനുമാണ് 'കര്‍ണ്ണന്‍' ശ്രമിക്കുന്നത്. 

ഭാരതേതിഹാസത്തില്‍ സൂതപുത്രനാണ് കര്‍ണ്ണന്‍. ജാത്യാക്ഷേപങ്ങളില്‍ പുകഞ്ഞുനീറിയ കഥാപാത്രം. കര്‍ണ്ണനെ കൗരവപക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതും നിരന്തരമുള്ള ആക്ഷേപങ്ങളാണ്. ഇവിടെ പൊടിയന്‍കുളത്തുകാരുടെ കര്‍ണ്ണന്‍ മല്ലര്‍ വിഭാഗക്കാരനായ ദളിതനാണ്. ആ കഥാപാത്രത്തിലും അവന്റെ ചെറുത്തുനില്‍പ്പുകളിലും 1995-ല്‍ തമിഴ്നാട്ടിലെ മധുര ജില്ലയിലെ മേലാവളവിനടുത്ത് നടന്ന കൊടിയങ്കുളം ജാതികലാപത്തിന്റെ പ്രേരണാംശങ്ങള്‍ കണ്ടെടുക്കാനാവും. തരിശുനിലങ്ങളില്‍ കൃഷി ചെയ്തിരുന്നവരാണ് മല്ലര്‍ വിഭാഗം. ഈ അടുത്ത കാലത്തുപോലും ഗ്രാമസഭകളില്‍ ഇവര്‍ക്ക് ഇരിക്കാന്‍ അര്‍ഹതയില്ലായിരുന്നു. ചെറുചായക്കടകളില്‍പോലും പ്രത്യേകം തരംതിരിച്ച ഗ്ലാസ്സുകളില്‍ ചൂടുവെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍. അവരില്‍ ഒരാളാണ്, അവരുടെ പ്രതിനിധിയാണ് ചിത്രത്തിലെ നായകനായ കര്‍ണ്ണന്‍. സി.ആര്‍.പി.എഫ് റിക്രൂട്ട്മെന്റില്‍ വിജയിച്ചു നില്‍ക്കുന്ന അവന്, ബസ് തകര്‍ത്തതിനെച്ചൊല്ലി നടക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലാണ് ജോയിനിങ് മെമ്മോ ലഭിക്കുന്നത്. ഗ്രാമത്തെ ഒരു പ്രതിസന്ധിഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്ന കര്‍ണ്ണനെ ഗോത്രമൂപ്പനും യമരാജനും മറ്റു ഗ്രാമീണരും നിര്‍ബ്ബന്ധിച്ചാണ് ഗുരുസ്വാമിക്കൊപ്പം ട്രെയിനിങ്ങിനു ജോയിന്‍ ചെയ്യാന്‍ പറഞ്ഞയയ്ക്കുന്നത്. അവനവന്‍ അവനവനിലേക്ക് നിറയുന്ന നിമിഷങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ സ്വയം തേടുമ്പോഴാണ് പലപ്പോഴും കഠിനവും ബുദ്ധിമുട്ടേറിയതും ഇരുളടഞ്ഞതുമായ വഴികളില്‍പ്പോലും പ്രത്യാശയുടെ കിരണങ്ങള്‍ തെളിയുന്നത്. അതൊരു ജനതയുടെ, ഗ്രാമത്തിന്റെ വീണ്ടെടുപ്പിനുതന്നെ കാരണമായിത്തീരുന്നുവെന്നതു ചിത്രം തുറന്നുകാട്ടുന്നു. കേവലമൊരു സി.ആര്‍.പി.എഫ് ഭടനായി ജീവിച്ചുതീരാമായിരുന്ന അവനെ, ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാരണക്കാരനായി അവതരിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചേതോവികാരത്തെയാണ് പ്രേക്ഷകന്‍ തിരിച്ചറിയേണ്ടത്. അതാണ് ഈ സിനിമയുടെ രാഷ്ട്രീയവും. തൊഴിലോ ജീവിതമോ പത്രാസോ ഒന്നുമല്ല അവരെ അതിലേക്ക് നയിക്കുന്നത്. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന സാമൂഹ്യാംഗീകാരത്തെ ചൊല്ലിയല്ല അവര്‍ കലഹിക്കുന്നത്. സാമൂഹ്യനീതിയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്കാണ് അവര്‍ കല്ലെടുത്ത് എറിയുന്നത്. ഗര്‍ഭിണിയെ കയറ്റാതെ പാഞ്ഞുപോകുന്ന ബസിന്റെ ചില്ലിലേക്കാണ് ആ കല്ലു ചെന്നുപതിക്കുന്നത്. അതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളാണ് പൊലീസ് അടിച്ചമര്‍ത്താന്‍ ഒരുങ്ങുന്നത്. പരാതിക്കാരനായ ബസുടമ പൊടിയന്‍കുളത്തിനു ബസ്സ്റ്റോപ്പ് അനുവദിച്ചു പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകുമ്പോഴും പൊലീസിന് അതു സഹിക്കാനാവുന്നില്ല. അവര്‍ പൊടിയന്‍കുളത്തെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ സമരത്തിനു മൂര്‍ച്ച കൂടുമെന്നും അവന്റെ ചെറുത്തുനില്‍പ്പുകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ആവില്ലയെന്നുമുള്ള തിരിച്ചറിവു പകര്‍ന്നുകൊണ്ടാണ് തലയില്ലാത്തവരുടെ ദൈവമായി കര്‍ണ്ണന്‍ മാറുന്നത്. 

ഇന്ത്യയില്‍, പണ്ഡിതസമൂഹത്തിലേറെയും സവര്‍ണ്ണരായിരുന്നു. അവരുടെ സ്ത്രീജനങ്ങള്‍ പോലും ഭാഷയും ഭാവനയും ആര്‍ജ്ജിച്ചവരായിരുന്നു. അതിനുള്ള കാരണം വിദ്യാഭ്യാസമായിരുന്നു. എന്നാല്‍, ആധുനിക കാലത്തും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമൂഹങ്ങളില്‍ ഒന്നായി വേണം പട്ടികജാതി-പട്ടികവര്‍ഗ്ഗ-ആദിവാസി ജനതയെ കാണാന്‍. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന്റെ കാരണങ്ങളില്‍ പ്രധാനം പട്ടിണിയായിരുന്നു. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വസ്ത്രത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കുശേഷം മാത്രമായിരുന്നു അവരിലേക്ക് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആലോചനകള്‍ കടന്നുവന്നത്. അതിനാല്‍ത്തന്നെ കൃഷിയിടങ്ങളിലും വീടിനുള്ളിലും സജീവകളായിരുന്ന സ്ത്രീകള്‍ വിദ്യാഭ്യാസത്തേക്കാളേറെ ഉപജീവനത്തിനും മക്കളെ പരിപാലിക്കുന്നതിനുമാണ് സമയം കണ്ടെത്തിയിരുന്നത്. കര്‍ണ്ണനില്‍ പക്ഷേ, കഥയേറെ മാറുന്നുണ്ട്. പൊടിയന്‍കുളത്ത് ബസ് നിര്‍ത്താത്തതിനാല്‍ കിലോമീറ്ററോളം അപ്പുറമുള്ള, സവര്‍ണ്ണര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന മറ്റൊരു സ്റ്റോപ്പില്‍ പോയി വേണമായിരുന്നു അവര്‍ ബസ് കയറേണ്ടത്. ഉന്നത വിദ്യാഭ്യാസത്തിന് കോളേജില്‍ ചേരാനായി അപ്പനുമൊത്ത് സ്റ്റോപ്പില്‍ എത്തുന്ന 'പൊഴില' എന്ന യുവതിക്കു മുന്നില്‍ വച്ച് ബസ് ഷെല്‍ട്ടറിന്റെ ചുമരില്‍ ഉന്നതകുലജാതനായ ഒരുവന്‍ അശ്ലീലചിത്രം വരച്ചുവയ്ക്കുന്നു. മാനാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ആ വേളയില്‍ അപ്പന്‍, ക്ഷോഭത്തോടെ കയര്‍ക്കുകയും അവരുമായി തല്ലുകൂടുകയും ചെയ്യുന്നു. അഡ്മിഷനായി കോളജിലേക്കു പോകാതെ മകളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവരിരുവരും വീട്ടിലേക്ക് തിരിച്ച് പോകുന്നതും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രദേശവാസികളാവത്തതുകൊണ്ടാണ് അവര്‍ക്ക് അതൊക്കെ നേരിടേണ്ടിവരുന്നത്. അതോടെ അവളുടെ വിദ്യാഭ്യാസം മുടങ്ങുന്നു. അടുത്ത വര്‍ഷം വിദ്യാഭ്യാസം തുടരാം എന്ന് അവള്‍ പ്രതീക്ഷിക്കുന്നു. പഠിപ്പു മുടങ്ങുന്നത് വ്യവസ്ഥയുടെ പ്രശ്‌നങ്ങള്‍ മൂലമാണെന്നു നമ്മള്‍ ധരിക്കേണ്ടതുണ്ട്. നിസ്സാരമെന്നു നാം കരുതുന്ന ഒരു ബസ്സ്റ്റോപ്പിനുപോലും അതില്‍ എത്രമാത്രം പങ്കുവഹിക്കാനാവുമെന്നു ചിത്രം പറയാതെ പറയുന്നു. സാമൂഹ്യനീതിനിഷേധത്തിന്റെ അത്തരം ഉള്ളുകള്ളികളെയാണ് കര്‍ണ്ണന്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത്. 

അവികസിതമായ നാട്ടിന്‍പുറങ്ങള്‍ ഏറെയും ഒരുകാലത്ത് കാടുകളായിരുന്നു. കാടുകള്‍ വെട്ടിത്തെളിച്ചാണ് കൃഷിയിടങ്ങളാക്കിയത്. നാഗരികജീവിതം നയിക്കുന്ന പരിഷ്‌കാരികള്‍ക്കും തമ്പുരാക്കന്മാര്‍ക്കും നാട്ടുമ്പുറം അപരിഷ്‌കൃതമാണ്. പ്രത്യേകിച്ച് ജാതിക്കോളനികള്‍ കൂടിയായാല്‍ അവരുടെ മുഖം കുറച്ചുകൂടി വികൃതമാകും. ഇന്ത്യയിലെ അംബേദ്ക്കര്‍ കോളനികള്‍ അരാജകവാദികളുടേയും മോഷ്ടാക്കളുടേയും ഗുണ്ടകളുടേയും വിളനിലമാണെന്നു കരുതുന്ന വരേണ്യര്‍ ഇന്നും ഏറെയാണ്. എല്ലാവരില്‍നിന്നും ഒരു ജനതയെ അകത്തിക്കെട്ടാനായിരുന്നല്ലോ അത്തരം കോളനികളുടെ നിര്‍മ്മാണംപോലും. സമാനമായ മുന്‍വിധികളാല്‍ സമൃദ്ധമാണ് പൊടിയന്‍കുളത്തുകാരുടെ ജീവിതവും. യാത്രയ്ക്കിടയില്‍ പൊടിയന്‍കുളത്തു ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്ന കര്‍ണ്ണനോട് കണ്ടക്ടര്‍, ''ആ കാട്ടില്‍ സ്റ്റോപ്പില്ലാ'' എന്ന് ആക്രോശിച്ച് തട്ടിക്കയറുന്നതു പ്രേക്ഷകര്‍ കാണുന്നുണ്ട്. പിന്നീടൊരിക്കല്‍ തകര്‍ക്കപ്പെടുന്ന ബസിനെച്ചൊല്ലി പൊലീസ് സൂപ്രണ്ട് കര്‍ണ്ണാഭിരണ്‍ പൊടിയന്‍കുളത്തേക്കു സേനയുമായി എത്തുന്നതും മുന്‍വിധികളുമായാണ്. മതബോധവും ജാതിചിന്തയും അതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നു തിരിച്ചറിയാനാവും. 

കർണൻ സനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ലാൽ, ധനുഷ് എന്നിവർ
കർണൻ സനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ലാൽ, ധനുഷ് എന്നിവർ

പൊടിയന്‍കുളം സര്‍വ്വ ജീവജാലങ്ങളും വ്യാപരിക്കുന്ന ഇടമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മണ്ണിര, പുഴുക്കള്‍, കോഴിക്കുഞ്ഞുങ്ങള്‍, പരുന്ത്, പട്ടികള്‍, പശുക്കള്‍, കഴുത, കുതിര എന്നിങ്ങനെയുള്ളവ കഥാപാത്രങ്ങളോടൊപ്പം തന്നെ അവരുടേതായ നിലയില്‍ ആന്തരികാര്‍ത്ഥങ്ങളോടെ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നു. മുന്‍കാലുകള്‍ കെട്ടിയ കുതിരയും കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയെടുക്കുന്ന പരുന്തും വിലങ്ങിട്ട കുതിരശക്തിയുടേയും വെട്ടിപ്പിടിക്കലിന്റേയും കയ്യടക്കലിന്റേയും ഒക്കെ പ്രതീകങ്ങളാണ്. അടിസ്ഥാന ജനതയുടെ അവസ്ഥകളെ ചിത്രീകരിക്കുമ്പോള്‍ മണ്ണിരയേയും പുഴുക്കളേയും ചിത്രണത്തോട് ഇഴചേര്‍ത്തവതരിപ്പിച്ചുകൊണ്ട് അവരുടെ ജീവിതം പറയുന്നതു നമ്മള്‍ കാണുന്നുണ്ട്. 

ദ്രൗപദിയാണ് സിനിമയിലെ നായിക. കര്‍ണ്ണനില്‍ അപ്രധാനമായ കഥാപാത്രമാണ് അവളുടേതെങ്കിലും അവളുടെ കാമുകനായി കര്‍ണ്ണനെ അവതരിപ്പിക്കുന്നതിനു പിന്നിലെ ധ്വന്യാത്മക വൈരുദ്ധ്യം ചരിത്രപരമായ കാവ്യനീതിയായി കരുതാവുന്നതാണ്. ഇതിഹാസത്തില്‍ സ്വയംവരത്തിനു മുന്നോടിയായി നടക്കുന്ന ആയുധപരീക്ഷയില്‍, ''സൂതപ്രതനെ ഞാന്‍ വരിക്കില്ല'' എന്നറിയിച്ചു ദ്രൗപദി കര്‍ണ്ണനെ ഒഴിവാക്കുന്നുണ്ട്. കര്‍ണ്ണന്‍ ജയിക്കുമെന്നു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് അവള്‍ ആവിധം പെരുമാറുന്നത്. അതിനു പിന്നിലെ ചേതോവികാരവും ജാതിമാത്രമാണ്. ആ ദ്രൗപദി കര്‍ണ്ണനു നായികയായി പട്ടികജാതി-വര്‍ഗ്ഗ വ്യവഹാരങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കര്‍ണ്ണന്‍ എന്ന ചലച്ചിത്രം ആദ്യാവസാനം ചെയ്യുന്നതും ആ രാഷ്ട്രീയത്തിന്റെ നിറവേറലാണ്.

പുതിയകാലത്ത് സാമൂഹ്യ-രാഷ്ട്രീയ സിനിമകള്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. കറുത്ത തൊലിയുള്ളവരും സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ കഴിഞ്ഞിരുന്നവരും നമ്മുടെ അഭ്രപാളികളില്‍ അത്രമേല്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. വക്രീകരിച്ചും കപടവല്‍ക്കരണം നടത്തിയും ദൃശ്യവല്‍ക്കരിച്ച പൊയ്ക്കാലുകള്‍ക്കു മുന്നിലേക്കാണ് 'പരിയേറും പെരുമാള്‍' എന്ന ചലച്ചിത്രത്തിലൂടെ മാരി ശെല്‍വരാജ് എന്ന യുവസംവിധായകന്‍ ദളിത് പരിപ്രേക്ഷ്യങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കി തമിഴ് സിനിമയില്‍ ഉദയം ചെയ്തത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചലച്ചിത്രമാണ് കര്‍ണ്ണന്‍. പ്രതിച്ഛായയ്ക്കു കൃത്യമായ രാഷ്ട്രീയ ദിശാബോധം നല്‍കി മുന്നേറുന്ന മറ്റൊരു ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭയാണ് മറാത്തി സംവിധായകനായ നാഗ്രാജ് മഞ്ജുളെ. നവസിനിമയുടെ പുതുക്കം അവരുടെ സിനിമകളിലുണ്ട്. പുറത്താക്കപ്പെടുന്നവരുടെ എഴുതപ്പെടാതെ പോയ ചരിത്രവും അതിലുണ്ട്. ആ വേദനയ്ക്കും നോവുകള്‍ക്കും ഞരക്കങ്ങള്‍ക്കും ദൃശ്യഭാഷയിലൂടെ വ്യാഖ്യാനം ചമയ്ക്കുമ്പോള്‍ ഒരു ജനത അവയൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് ശുഭസൂചകമാണ്. ഇന്ത്യന്‍ സിനിമയ്ക്ക് അതു വളവും വെളിച്ചവുമായി മാറുമെന്നു നമുക്കു പ്രതീക്ഷിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com