ദൃശ്യകവിതയുടെ കയ്യൊപ്പ് മായുമ്പോള്‍

കവി, അദ്ധ്യാപകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രകാരന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ ബഹുലകാന്തി പ്രസരിപ്പിച്ച ഒരു ക്രിയാത്മക ജീവിതത്തിന് ഉടമയായിരുന്നു ബുദ്ധദേബ് ദാസ്ഗുപ്ത
ബുദ്ധദേബ് ദാസ്ഗുപ്ത
ബുദ്ധദേബ് ദാസ്ഗുപ്ത

ഴുപതുകളാണ് എവിടെയുമെന്നപോലെ ബംഗാളിന്റേയും സമസ്തമേഖലകളിലും ഒരു 'സര്‍ഗ്ഗാത്മക വിസ്‌ഫോടനം' തീര്‍ത്തത്. സാഹിത്യത്തിലും സംഗീതത്തിലും സിനിമയിലും നാടകത്തിലും കലയിലും രാഷ്ട്രീയത്തിലും അതിന്റെ അനുരണനങ്ങള്‍ വളരെ വ്യക്തമായി പതിഞ്ഞുകഴിഞ്ഞിരുന്നു. സിനിമയില്‍ സത്യജിത്-മൃണാള്‍-ഋത്വിക് ത്രിമൂര്‍ത്തികളുടെ വാഴ്ച മധ്യാഹ്നസൂര്യനെപ്പോലെ തെളിഞ്ഞുനിന്ന സമയത്താണ് പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന, ചിലമ്പിച്ച സ്വരമുള്ള ചെറുപ്പക്കാരന്‍ ആത്മകഥാംശമുള്ള ഒരു സിനിമയുമായി എത്തിയത്. വര്‍ഷം 1978. സിനിമയുടെ പേര് 'ദൂരത്വ.' സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത. അതൊരു തുടക്കമായിരുന്നു. ആ വേറിട്ട തുടക്കത്തിന്റെ തേരിലേറി തൊട്ടുപിന്നാലെ ഗൗതം ഘോഷും ഉത്പലേന്ദു ചക്രവര്‍ത്തിയും കടന്നുവന്നതോടെ ബംഗാളി സിനിമയില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ മറ്റൊരു ക്രിയാത്മക സമവായം രൂപപ്പെടുകയാണുണ്ടായത്.

കവിതയില്‍നിന്ന് അദ്ധ്യാപനത്തിലേക്കും അവിടെ നിന്ന് സിനിമയിലേയ്ക്കും കൂടുമാറിയ ബുദ്ധദേബ് ദാസ്ഗുപ്ത 1968-ല്‍ Continent of Love എന്ന ഹ്രസ്വചിത്രവുമായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഒരു ദശാബ്ദക്കാലത്തിനുശേഷം റായ്-സെന്‍-ഘട്ടക് ത്രയം ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ഭാവുകത്വപരിണാമം അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന നേരത്താണ് ദാസ്ഗുപ്ത പ്രഥമ ഫീച്ചര്‍ഫിലിം ഒരുക്കിയത്. കന്നിച്ചിത്രം കൊണ്ടുതന്നെ ദാസ്ഗുപ്ത വരവറിയിച്ചു. ചിത്രം കണ്ടശേഷം സത്യജിത് റായ് കവിതാത്മകം എന്നാണ് 'ദൂരത്വ'യെ വിശേഷിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ദേശീയതലത്തിലും രണ്ടാമത്തെ ചിത്രമായ 'നീം അന്നപൂര്‍ണ്ണ'യിലൂടെ (1979) അന്തര്‍ദ്ദേശീയതലത്തിലും ബുദ്ധദേബ് ദാസ്ഗുപ്ത അനിഷേധ്യമാംവിധം ശ്രദ്ധിക്കപ്പെട്ടു.

കവി, അദ്ധ്യാപകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രകാരന്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെ ബഹുലകാന്തി പ്രസരിപ്പിച്ച ഒരു ക്രിയാത്മക ജീവിതത്തിന് ഉടമയായിരുന്നു ബുദ്ധദേബ് ദാസ്ഗുപ്ത. ആ നിലയില്‍ സത്യജിത് റായിയോടാണ് ദാസ്ഗുപ്തയുടെ സര്‍ഗ്ഗാത്മക ജീവിതത്തെ ചേര്‍ത്ത് നിര്‍ത്താനാവുക. റായിയെപ്പോലെ ദാസ്ഗുപ്ത തന്റെ സര്‍ഗ്ഗാത്മകതയുടെ പലപല അടരുകളെ ഒന്നൊന്നായി അലിയിച്ച് സമാഗമിപ്പിച്ചത് സിനിമയെന്ന മാധ്യമത്തിലായിരുന്നു.
 
തീക്കനല്‍പോലെ പൊള്ളുന്ന പ്രമേയങ്ങള്‍ അഭ്രപാളിയില്‍ ആവിഷ്‌കരിച്ചപ്പോള്‍പ്പോലും ബുദ്ധദേബ് ദാസ്ഗുപ്ത എന്ന സംവിധായകന്‍ തന്നിലെ കവിയുമായി ഒരു ചേരിചേരാനയമല്ല സ്വീകരിച്ചത്. അഭിനേതാക്കളെ സമൂലം ഉടച്ചുവാര്‍ത്ത് കഥാപാത്രങ്ങളുടെ ശരീരത്തേയും മനസ്സിനേയും അവരിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്തത്. തന്റെ കരിയറിലെ മികച്ച സിനിമകള്‍ പിറന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒരുക്കിയ 'ബാഘ് ബഹാദൂര്‍', 'തഹദേര്‍ കൊഥ', 'ചരാചര്‍' എന്നീ സിനിമകള്‍ ദാസ്ഗുപ്ത ക്രാഫ്റ്റിന്റെ മികച്ച ദൃഷ്ടാന്തങ്ങളാണ്. അവ ഒരേസമയം കാണികളില്‍ സ്‌നിഗ്ദ്ധമായ ഉഴവുചാലുകള്‍ തീര്‍ത്ത് അവരെ കാന്തക്കല്ലുപോലെ ആകര്‍ഷിക്കുകയും കാന്താരിപോലെ എരിവേല്‍പ്പിക്കുകയും ചെയ്തു. ഉള്‍വിലക്കുകള്‍ ഇല്ലാതെ വിഷയങ്ങളെ സമീപിക്കുക എന്നതായിരുന്നു എക്കാലവും അദ്ദേഹം സ്വീകരിച്ച നയം.

ആദ്യകാല സിനിമകളായ ദൂരത്വ, ഗൃഹയുദ്ധ, ആന്ധി ഗലി എന്നിവ എഴുപതുകളിലെ രാഷ്ട്രീയ പ്രക്ഷുബ്ധതയെ കൃത്യമായും അടയാളപ്പെടുത്തിയ സിനിമകളാണ്. എന്നാല്‍, പിന്നീട് വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങളും ദ്വന്തങ്ങളും എകാന്തതയുമൊക്കെ ആയിരുന്നു ദാസ്ഗുപ്ത ചിത്രങ്ങളുടെ സ്ഥായീഭാവം. ആദ്യകാലത്തെ ചിത്രങ്ങള്‍ക്കുശേഷം വന്ന ശീത് ഗ്രീഷ്‌മേര്‍ സ്മൃതി, ബാഘ് ബഹാദൂര്‍, തഹദേര്‍ കൊഥ, ലാല്‍ ദൊര്‍ജു, ഉത്തര, മൊന്ദൊ മെയേര്‍ ഉപാഖ്യാന്‍, സ്വപ്നേര്‍ ദിന്‍, ജാനാല, കാല്‍പുരുഷ്, ഉറോജഹാജ് എന്നീ സിനിമകള്‍ മനുഷ്യമനസ്സുകളിലെ ആന്തരിക സങ്കീര്‍ണ്ണതകളെ തിരഞ്ഞുപോയവ ആയിരുന്നു. അപ്പോഴൊക്കെയും ഒരു മഷിനോട്ടക്കാരന്റെ കൗശലത്തോടെ അവ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ ദാസ്ഗുപ്തക്കായി.

അറിയപ്പെടുന്ന കവി കൂടിയായിരുന്ന ബുദ്ധദേബിന്റെ ഫ്രെയിമുകളില്‍ കവിതയുടെ ഭാവവും ഈണവും താളവും അതിസ്വഭാവികതയോടെ എല്ലായ്‌പ്പോഴും ഇഴചേര്‍ന്നു കിടന്നിരുന്നു. ആ നിലയ്ക്ക് ഇന്ത്യന്‍ സിനിമയിലെ വേറിട്ട കാഴ്ചകളുടെ ദൃശ്യവിരുന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ഏതാനും സൃഷ്ടികളുടെ മേല്‍വിലാസത്തില്‍ മാത്രം ജീവിതത്തിലുടനീളം സഞ്ചരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ദാസ്ഗുപ്ത. ചിട്ടയോടെ, കൃത്യതയോടെ വ്യക്തിജീവിതവും ചലച്ചിത്രജീവിതവും സമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഒട്ടനവധി തവണ ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ ലൊകാര്‍ണോ, കാര്‍ലോവി വാരി വെനീസ്, ബെര്‍ലിന്‍, ഇസ്താന്‍ബുള്‍ തുടങ്ങി ഒട്ടുമിക്ക ദേശാന്തര ചലച്ചിത്രോത്സവവേദികളില്‍നിന്നും ദാസ്ഗുപ്ത സിനിമകള്‍ ബഹുമതികള്‍ നേടിയിട്ടുണ്ട്.

ആത്യന്തികമായി സാഹിത്യമായിരുന്നു ബുദ്ധദേബ് ദാസ്ഗുപ്തയുടെ ക്രിയാത്മകതയുടെ അടിയൊഴുക്ക് നിയന്ത്രിച്ചിരുന്നത്. തന്റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെ രചനകളെയായിരുന്നു അദ്ദേഹം ആധാരമാക്കിയത്. ആദ്യചിത്രമായ 'ദൂരത്വ'യുടെ കഥ തന്നെ ശീര്‍ഷേന്ദു മുഖര്‍ജിയുടേതായിരുന്നു. പ്രഫുല്ല റായ്, കമല്‍ കുമാര്‍ മജുംദാര്‍, ദിബ്യേന്ദു പാലിത്, നരേന്ദ്രനാഥ് മിത്ര എന്നീ പ്രശസ്തരുടെ കഥകളുടെ ചലച്ചിത്രാവിഷ്‌കാരം വിവാദങ്ങള്‍ക്കിട നല്‍കാതെ, ഏറെ മികവോടെ അദേഹത്തിന് നിര്‍വ്വഹിക്കാനുമായി. മറ്റൊരു രസകരമായ വസ്തുത ദാസ്ഗുപ്തയുടെ ചിത്രങ്ങളില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ബംഗാളിലെ പ്രശസ്ത ചിത്രകാരന്മാര്‍ ഒട്ടേറെ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പലതും അദ്ദേഹത്തിന്റെ വസതിയിലെ ചുവരുകളില്‍ നമുക്കു കാണാം.

കവിതയില്‍ മാത്രമായി പത്തോളം സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ നിരവധി നോവലുകളും ലേഖനസമാഹാരവും തിരക്കഥാപുസ്തകങ്ങളും ദാസ്ഗുപ്തയിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുന്നു. 

1944-ല്‍ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ജനിച്ച ദാസ്ഗുപ്തയുടെ അച്ഛന്‍ ഡോക്ടറും അമ്മ സംഗീത തല്പരയുമായിരുന്നു. ടാഗോറിനേയും ജീവനാനന്ദ ദാസിനേയും ബിഭൂതി-താരാശങ്കര്‍-മാണിക് ബന്ദോപാധ്യായമാരെയും വായിച്ച് ബാല്യ-കൗമാരം പിന്നിട്ട ദാസ്ഗുപ്ത, അക്കാലത്ത് കല്‍ക്കത്തയില്‍ സജീവമായിരുന്ന ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളുടെ സ്ഥിരം പ്രേക്ഷകനായിരുന്നു. അവിടെ നിന്നാണ് കോളേജ് അദ്ധ്യാപകന്റെ കുപ്പായത്തില്‍നിന്നും ചലച്ചിത്ര സംവിധായകനിലേയ്ക്ക് പ്രവേശിക്കാനുള്ള ഊര്‍ജ്ജം സംഭരിച്ചതും.

തൊണ്ണൂറ്റിയാറിലാണ് ഞാന്‍ ബുദ്ധദേബ് ദാസ്ഗുപ്തയെ പരിചയപ്പെടുന്നത്. അന്ന് സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ചെയര്‍മാനായിരുന്നു അദ്ദേഹം. ഹൈദരാബാദ് ആസ്ഥാനമായ 'ഈനാട്' പത്രത്തിന്റെ ഫീച്ചേര്‍സ് കോണ്‍ട്രിബ്യൂട്ടര്‍ എന്ന നിലയ്ക്ക് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ ചെന്നതായിരുന്നു ഞാന്‍. മുന്‍കൂര്‍ അനുവാദം ചോദിച്ചിട്ടായിരുന്നില്ല ചെന്നതെങ്കിലും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതീക്ഷിച്ചതിലും വേഗത്തിലും ഊഷ്മളതയോടെയുമായിരുന്നു ദാസ്ഗുപ്ത സ്വീകരിച്ചത്. സംസാരത്തിനിടെ മലയാളിയാണ് ഞാനെന്നറിഞ്ഞതും പൂര്‍വ്വാധികം സന്തുഷ്ടനായ അദ്ദേഹം വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതൊരു സുദൃഢ സ്‌നേഹസൗഹൃദത്തിന്റെ തുടക്കമായിരുന്നു. പലപ്പോഴും വാത്സല്യത്തിന്റെ നേര്‍ത്ത കസവുപാകിയ ഒന്ന്. കേരളത്തോടും മലയാളികളോടും അദമ്യമായ വികാരവായ്പ് മനസ്സില്‍ സൂക്ഷിച്ചിരുന്ന സംവിധായകനായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തില്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ വരെ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

കൊല്‍ക്കത്തക്കാലത്ത് പലപ്പോഴും സ്വന്തം പുസ്തക പ്രകാശനങ്ങളുടേയും ചലച്ചിത്ര പ്രദര്‍ശനങ്ങടേയും തലേന്ന് 'ഷുനീല്‍...' എന്ന സംബോധനയോടെ തെല്ലടഞ്ഞ ശബ്ദത്തിലുള്ള ദാസ്ഗുപ്തയുടെ ഫോണ്‍വിളി ക്ഷണങ്ങള്‍ എത്തുമായിരുന്നു. ഇനിയില്ല, കവിതയുടെ കയ്യൊപ്പ് പതിഞ്ഞ ആ സിനിമകളും ഉപാധികള്‍ ഇല്ലാത്ത സൗഹൃദത്തിന്റെ ആ ഊഷ്മളതയും..!

ബുദ്ധദേബ് ദാസ്ഗുപ്തയുടെ കവിതകള്‍

ഭാഷാന്തരം : സുനില്‍ ഞാളിയത്ത്

ഹാംഗര്‍ 
 
അലമാര തുറക്കാനാണ് അയാളെന്നും ഇഷ്ടപ്പെട്ടിരുന്നത്.
ഒരു പണിയുമില്ലെങ്കില്‍,
ചില ദിവസങ്ങളില്‍ എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ലെങ്കില്‍,
അലമാര തുറന്ന് മണിക്കൂറുകളോളം അതിനുള്ളിലേക്ക്,
അയാള്‍ നോട്ടമെറിഞ്ഞു നില്‍ക്കുമായിരുന്നു.
അലമാരയുടെ ഇരുപാളികളും,
അതിനുള്ളിലെ പത്ത് ജോഡി ഷര്‍ട്ടും പാന്റും
തിരിച്ചും നോക്കുമായിരുന്നു.
പതുക്കെപ്പതുക്കെ അലമാര അയാളെ പ്രണയിക്കാന്‍ തുടങ്ങി.
ഒടുവിലൊരുനാള്‍ അലമാര തുറക്കവെ,
ഉള്ളില്‍നിന്നൊരു ഷര്‍ട്ടിന്റെ നീളന്‍കൈ,
അയാളെ ചുറ്റിവരിഞ്ഞ് ഉള്ളിലേക്കെടുത്തു.
ശേഷം അലമാര അതിന്റെ പാളികളടച്ചു.
തുടര്‍ന്ന് അതിനുള്ളിലെ പലനിറങ്ങളുള്ള കുപ്പായങ്ങള്‍
എങ്ങനെയാണ് മാസങ്ങളോളം, വര്‍ഷങ്ങളോളം
ഒരു ജന്മം മുതല്‍ മറ്റൊരു ജന്മം വരെ
കേവലം ഒരു ഹാങ്ങറില്‍ തൂങ്ങി കഴിയേണ്ടി വരുന്നതെന്ന്
അയാളെ പഠിപ്പിക്കാന്‍ തുടങ്ങി.

ഈ വീട് 

ആരുമവിടെ താമസിക്കുന്നില്ല,
അയല്‍പക്കത്തുമില്ല, ചുറ്റുവട്ടത്തുമില്ല.
എങ്കിലും ആ വാതില്‍ തുറക്കപ്പെടുന്നുണ്ട്,
രാവിലെ.
വാതിലടയുന്നുമുണ്ട്,
സന്ധ്യയ്ക്ക്.
എന്നാല്‍,
മരിച്ചുപോയൊരാള്‍ ആ വാതില്‍ കടന്നെത്തുന്നതും,
ശേഷം ഒരു സ്ത്രീയുടെ ശവത്തിനരികില്‍
ശയിക്കുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com