അധികാര രാഷ്ട്രീയത്തിന്റെ ആണ്‍ അധികാരത്തെ വെല്ലുവിളിച്ച ഗൗരിയമ്മ

വിഭാഗീയതയുടെ ഉടയതമ്പുരാന്മാര്‍ വാണ പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടിയുടെ ചരിത്രം, ആണ്‍ മുഷ്‌ക്കിന്റെ ചരിത്രം കൂടിയാണ്
ഗൗരിയമ്മ
ഗൗരിയമ്മ

വി.എസ്. അച്യുതാനന്ദന്‍ വര്‍ഷങ്ങള്‍ക്കുശേഷം, ഗൗരിയമ്മയെ വീട്ടില്‍ ചെന്നുകണ്ട ആ ദിവസം, ഈ ലേഖകന്‍ കണ്ണൂര്‍ ബര്‍ണ്ണാശ്ശേരിയില്‍ എം.വി.ആറിന്റെ വീട്ടില്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി, എം.വി.ആറുമായി സംഭാഷണത്തിലായിരുന്നു. പാര്‍ക്കിസണ്‍സ് രോഗത്തിന്റെ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എം.വി.ആര്‍ റിമോട്ട് എടുത്ത് ചാനല്‍ മാറി മാറി നോക്കി. വി.എസ്. വരുന്നതുകൊണ്ട് മീന്‍ വാങ്ങിയിരുന്നു എന്ന് ഗൗരിയമ്മ പറയുന്നതും അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ചുണ്ടിലും കണ്ണിലും തെളിയുന്ന ചിരിയോടെ എം.വി.ആര്‍ നോക്കി. ''മീന്‍ കറി വെച്ചാ സല്‍ക്കാരം, ആര്‍ക്ക്? വി.എസിന്!'' എന്ന് ആത്മഗതം പോലെ പറയുകയും ചെയ്തു. പിന്നെ, എം.വി.ആര്‍ ടി.വി ഓഫ് ചെയ്തു.

വിഭാഗീയതയുടെ ഉടയതമ്പുരാന്മാര്‍ വാണ പാര്‍ട്ടിയാണ് സി.പി.എം പാര്‍ട്ടിയുടെ ചരിത്രം, ആണ്‍ മുഷ്‌ക്കിന്റെ ചരിത്രം കൂടിയാണ്. മുണ്ട് മാടിക്കുത്തി, തൊണ്ടപൊട്ടുന്ന മുദ്രാവാക്യം വിളിച്ച്, ഇരമ്പിവരുന്ന ആണ്‍കടല്‍, അതാണ്, ഒരു കാലം വരെ സി.പി.എം. ഈ വിമര്‍ശനം ഉന്നയിക്കുമ്പോഴും കേരളത്തില്‍ ഇന്നു പുലര്‍ന്നുകാണുന്ന സാമൂഹ്യമായ ശാക്തീകരണത്തിനു പാര്‍ട്ടി നല്‍കിയ സംഭാവന വലിയ രാഷ്ട്രീയ മുഴക്കമുള്ളതാണ്. ഇടതുപക്ഷം, ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍, മുസ്ലിം നവോത്ഥാന ശ്രമങ്ങള്‍, ക്രൈസ്തവ മിഷണറിമാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസപരമായ ജാഗ്രത - ഈയൊരു സമ്മിശ്ര മിശ്രിതം ചേര്‍ത്താണ് കേരളത്തിന്റെ ഇന്നു കാണുന്ന ചുവരുകള്‍ ഉറപ്പിച്ചത്. ഈ മിശ്രിതത്തില്‍ എന്നാല്‍, സ്ത്രീകള്‍ മിക്കവാറും പുറത്തു തന്നെയായിരുന്നു. പുരുഷ കേന്ദ്രീകൃതമായ ഒരു ജനിതകഘടനയാണ് കേരളത്തിന് അതുകൊണ്ടു തന്നെ കൈവന്നത്. എല്ലായിടത്തും പാറിയ ആണ്‍കരുത്തിന്റെ ഈ പതാക ഇടയ്ക്കു മാത്രം ചില സ്ത്രീകള്‍ ആണുങ്ങളില്‍നിന്നു രാഷ്ട്രീയമായ ഉള്‍ബലത്തോടെ പിടിച്ചുവാങ്ങി, ഉയരത്തില്‍ വീശി. അസാധാരണമായ പെണ്‍വീര്യമായിരുന്നു അത്. അതിന് 'ആണുങ്ങളുടെ പാര്‍ട്ടി' പലവിധത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ പ്രധാനപ്പെട്ട ഷോപ്പിങ്ങ് മാളുകളിലെ ഫുഡ് കോര്‍ട്ട് സന്ദരിച്ചാല്‍, നമുക്കറിയാം, ഇരിപ്പിടങ്ങളില്‍ നിറയെ സ്ത്രീകള്‍ ആയിരിക്കും. എന്നാല്‍, ഇത്തരമൊരു നിറവ് അധികാരത്തിലോ പാര്‍ട്ടി ഇരിപ്പിടങ്ങളിലോ അവര്‍ക്കു കിട്ടില്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ 'ഇരിപ്പിട'ങ്ങളുടെ പേറ്റന്റ് ആണുങ്ങള്‍ക്കാണ്. പുരുഷന്മാരുടെ കയ്യില്‍നിന്നു പതാക മാത്രമല്ല, അവര്‍ ഇരുന്നു തഴമ്പിച്ച കസേരയും ഗൗരിയമ്മ രാഷ്ട്രീയമായി തന്നിലേക്കടുപ്പിച്ചു. ഇ എം.എസും വി.എസും കരുണാകരനും ഇപ്പോള്‍ പിണറായി വിജയന്‍ വരെ ഇരിക്കുന്ന കസേരയുടെ ആകൃതിക്കുണ്ട് ആണിന്റെ ഘടന. ആണത്തമെന്ന ആണി അടിച്ചു കയറ്റി ഉറപ്പിച്ചവയാണ്, ആ കസേരകള്‍. ഈ കസേരയുടെ ആണ്‍ ആണികള്‍ ഊരി, ഗൗരിയമ്മ.

വിഭാഗീയതയുടെ ഉടയതമ്പുരാന്മാര്‍ വാണ പാര്‍ട്ടിയില്‍, ഗൗരിയമ്മ പുറത്തായി. അനുസരിപ്പിക്കുന്ന, അച്ചടക്കം പഠിപ്പിക്കുന്ന അച്ഛന്മാരേയും അമ്മാവന്മാരേയും കാരണവന്മാരേയും മലയാളികള്‍ക്കിഷ്ടമാണ്. സ്ത്രീകള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ വലിയ മടിയാണ്. പുരുഷന്മാരില്‍നിന്നു പഠിക്കാനുള്ളതാണ് അച്ചടക്കം. അച്ചടക്കം ലംഘിക്കാനുള്ള അവകാശം ജന്മസിദ്ധമായി തന്നെ കിട്ടിയ ഒരു വിഭാഗമാണ്, പുരുഷന്മാര്‍. പുറത്തായിട്ടും ഗൗരിയമ്മയുടെ മുന്നില്‍ മാത്രം പാര്‍ട്ടി 'തോറ്റ ചരിത്രം' കേട്ടു.

രാഷ്ട്രീയത്തില്‍ മാത്രമല്ല, ആണ്‍ ഘോഷയാത്ര. സാംസ്‌കാരികരംഗത്തും അതങ്ങനെയാണ്. മുണ്ടശ്ശേരി മുതല്‍ എടുത്തു പറയാം. സുകുമാര്‍ അഴീക്കോട്, എം.എന്‍. വിജയന്‍, എം.എന്‍. കാരശ്ശേരി, സുനില്‍ പി. ഇളയിടം - ഈ 'ആണ്‍ പ്രഭാവലയങ്ങള്‍' ആണത്ത രാഷ്ട്രീയത്തിന്റെ പ്രഘോഷകരുമായിരുന്നു. ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കിലുമുണ്ട് കേരളത്തില്‍ പുരുഷന്റെ പദമുദ്രകള്‍, പാദമുദ്രകള്‍. പുരുഷന്മാര്‍ നിരത്തുന്ന കസേരകളില്‍ ഇരുന്ന്, പുരുഷന്മാര്‍ വെച്ചു പിടിപ്പിച്ച മൈക്കിനു മുന്നിലിരുന്നാണ് നാം മാനവീകതയുടെ തുള്ളി തുളുമ്പുന്ന വരികള്‍ താളാത്മകമായി പറയുന്നത്. ഈ കസേര, മൈക്ക് - ഇടക്ക് പിടിച്ചുവാങ്ങിയ ചില സ്ത്രീകളുണ്ട്. അവരില്‍ ഒരാള്‍, ചരിത്രത്തില്‍ അവര്‍ ഇരുന്ന കസേര മടക്കി വെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com