'വര്‍ഗ്ഗീയതയ്ക്ക് വര്‍ഗ്ഗരാഷ്ട്രീയമാണ് ബദല്‍'- കെ.കെ രാഗേഷ് സംസാരിക്കുന്നു

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വര്‍ഗ്ഗരാഷ്ട്രീയം ശക്തിപ്പെടുമ്പോള്‍ അതിനെ ഭിന്നിപ്പിക്കാന്‍ വര്‍ഗ്ഗീയതയിലൂടെ ബി.ജെ.പിക്കു കഴിയുന്നില്ല 
കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ഡല്‍ഹിയില്‍ സമരം ചെയ്യുന്നവര്‍ക്കൊപ്പം ട്രാക്ടര്‍ ഓടിക്കുന്ന കെകെ രാഗേഷ്
കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ഡല്‍ഹിയില്‍ സമരം ചെയ്യുന്നവര്‍ക്കൊപ്പം ട്രാക്ടര്‍ ഓടിക്കുന്ന കെകെ രാഗേഷ്

ണ്ടു മോദി സര്‍ക്കാരുകളുടെ കാലത്തും രാജ്യസഭയില്‍ പൊരുതുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമാകാന്‍ കഴിഞ്ഞു എന്ന അഭിമാനമാണ് ഡല്‍ഹി വിട്ടു വരുമ്പോള്‍ കെ.കെ. രാഗേഷിന്റെ സമ്പത്ത്. തിരിച്ചുവന്ന് ക്വാറന്റൈനില്‍ കഴിയുമ്പോഴാണ് കേരളത്തിന്റെ വാക്‌സീന്‍ ചലഞ്ച്. ഒരു മാസത്തെ പെന്‍ഷന്‍ തുകയ്ക്കു തുല്യമായ 27,000 രൂപ അതിലേക്കു നല്‍കി സ്വസ്ഥമായിരുന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. 2015 ഏപ്രില്‍ 23 മുതല്‍ 2021 ഏപ്രില്‍ 21 വരെയുള്ള ആറു വര്‍ഷത്തിനിടെ രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തവരിലൊരാള്‍. ഹാജര്‍നില വെറുതെ വര്‍ദ്ധിപ്പിക്കുകയല്ല ചെയ്തത് എന്നതിന് ഈ കാലയളവിലെ ഇടപെടലുകള്‍ സാക്ഷ്യം. പാര്‍ലമെന്റിനുള്ളില്‍ മാത്രമല്ല, പുറത്തും രാഗേഷ് മറ്റ് ഇടതുപക്ഷ എം.പിമാര്‍ക്കൊപ്പം പ്രക്ഷോഭകര്‍ക്കു പിന്തുണയും കലാപബാധിതര്‍ക്ക് സാന്ത്വനവും വര്‍ഗ്ഗീയവാദികള്‍ക്കും കര്‍ഷകവിരുദ്ധര്‍ക്കും താക്കീതുമായി. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയായും ഉള്‍പ്പെടെ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ കരുത്തായി മാറുകയും ചെയ്തു. രാജ്യസഭാംഗമാകുമ്പോള്‍ ഒന്നാം മോദി സര്‍ക്കാര്‍ വന്നിട്ട് കൃത്യം ഒരു വര്‍ഷം. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് അംഗബലം കുറവായിരിക്കുന്ന കാലത്ത് ഒന്നിനു പത്തായി സ്വന്തം സാന്നിധ്യം അറിയിച്ചു. പക്ഷേ, വ്യക്തിപരമായ സംഭാവന കുറവാണെന്നും പാര്‍ട്ടി ഏല്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത് എന്നും രാഗേഷ് പറയുന്നു. ''പരിമിതമായ അനുഭവങ്ങള്‍ മാത്രമായിരുന്നു കൈമുതല്‍. ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ രാഷ്ട്രീയ ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കുന്നു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് ഡല്‍ഹിയില്‍ കര്‍ഷകസമരത്തിന്റെ ഭാഗമായി മാറണമെന്ന് എന്റെ പാര്‍ട്ടിയാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമാണ് ഓരോ ഇടപെടലും. കണ്ണൂരുള്ളപ്പോഴും ഡല്‍ഹിയില്‍ ആയിരിക്കുമ്പോഴും അതുതന്നെയാണ് ചെയ്യുന്നത്.''
 
തലസ്ഥാനത്തെ മലയാളി മാധ്യമ പ്രവര്‍ത്തകരും കേരളത്തില്‍നിന്നുള്ള മറ്റു ജനപ്രതിനിധികളില്‍ മിക്കവരും രാഗേഷിനെക്കുറിച്ച് അഭിമാനത്തോടെയും വാത്സല്യത്തോടെയുമാണ് സംസാരിക്കുന്നത്. ഷഹീന്‍ ബാഗ് സമരത്തെ ആക്രമിക്കാന്‍ ഒരു സംഘം ബി.ജെ.പിക്കാര്‍ നീങ്ങുന്നു എന്ന വിവരം കിട്ടിയപ്പോഴത്തെ ഇടപെടല്‍, ആള്‍ക്കൂട്ട കൊലകള്‍ നടന്ന നാടുകള്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘത്തിനൊപ്പമുള്ള യാത്ര, പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേരെ തൊട്ടുമുന്നില്‍നിന്നു വിരല്‍ചൂണ്ടി ''മിസ്റ്റര്‍ അമിത് ഷാ, താങ്കള്‍ വെറുമൊരു ആര്‍.എസ്.എസ് നേതാവല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെന്ന് ഓര്‍ക്കണം'' എന്ന ആക്രോശം, ഡല്‍ഹി ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അര്‍ദ്ധരാത്രിയില്‍ ഉണ്ടായ ആക്രമണം അറിഞ്ഞ ആ നിമിഷം അവിടെ പാഞ്ഞെത്തിയത്, പാര്‍ലമെന്റില്‍നിന്ന് മറ്റ് ആറ് എം.പിമാര്‍ക്കൊപ്പം സസ്പെന്‍ഷനിലാകാന്‍ ഇടയാക്കിയ പ്രതിഷേധം തുടങ്ങി രാഗേഷ് ഇടപെട്ട നിരവധി സന്ദര്‍ഭങ്ങള്‍ തലസ്ഥാനത്ത് നടന്നു. ഷഹിന്‍ ബാഗിലേക്കു പോകാന്‍ പരിചയത്തിലുള്ള പല എം.പിമാരെയും വിളിച്ചു. ഡല്‍ഹിയിലുണ്ടായിട്ടും ആരും കൂടെപ്പോകാന്‍ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ എം.പിമാരില്‍ സോമപ്രസാദ് മാത്രമാണ് തലസ്ഥാനത്തുണ്ടായിരുന്നത്. അവര്‍ രണ്ടുപേരും സ്ഥലത്തെത്തി. ആക്രമിക്കുന്നെങ്കില്‍ ആദ്യം ഞങ്ങളെ ആക്രമിക്കൂ എന്നാവശ്യപ്പെട്ടു സമരപ്പന്തലിനു മുന്നില്‍ ഇരുന്നു. പൊലീസ് എത്തി അക്രമികളെ തടഞ്ഞതില്‍ ഈ ഇടപെടല്‍ ചെറിയ പങ്കല്ല വഹിച്ചത്. ഈസ്റ്റ് ഡല്‍ഹിയില്‍ കലാപം നടക്കുമ്പോള്‍ നാട്ടിലായിരുന്നു. അന്നു രാത്രിതന്നെ ഡല്‍ഹിക്കു പോയി. ബിനോയ് വിശ്വവും അവിടെ ഉണ്ടായിരുന്നു. ഇരുവരും കലാപബാധിത കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ സംഘര്‍ഷസ്ഥിതി അവസാനിച്ചിരുന്നില്ല. നഷ്ടപ്പെട്ടത് വര്‍ഗ്ഗീയവാദികള്‍ക്കായിരുന്നില്ല; ഇരുവിഭാഗങ്ങളിലുമുള്ള സാധാരണക്കാര്‍ക്കായിരുന്നു. അവരെ കണ്ടു. ജെ.എന്‍.യുവില്‍ പോകുമ്പോഴും അവിടെ അക്രമാന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. എം.പിമാരുടെ നേര്‍ക്കും ആര്‍.എസ്.എസ് അക്രമികള്‍ തിരിഞ്ഞു. പൊലീസാകട്ടെ വിദ്യാര്‍ത്ഥികള്‍ക്കതിരെയാണ് തിരിഞ്ഞത്. അക്രമികളെ അറസ്റ്റു ചെയ്യണമെന്ന് പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമെടുത്തില്ല. പകരം കാമ്പസിനുള്ളില്‍ ലാത്തിച്ചാര്‍ജ്ജിനാണ് ശ്രമിച്ചത്. 

പുറത്തു പ്രക്ഷോഭങ്ങളുടെ ഭാഗമായതും കൊവിഡ് ബാധിതനായതും മൂലം സസ്പെന്‍ഷന്‍ നീങ്ങിയ ശേഷവും പാര്‍ലമെന്റില്‍ പോകാന്‍ കഴിഞ്ഞില്ല. സഭ പിന്നീട് ചേരുമ്പോള്‍ കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുകയായിരുന്നു. സസ്പെന്‍നിലായിരിക്കെ എളമരം കരീം എം.പിക്കൊപ്പം ഹരിയാനയില്‍ പോയി അവിടുത്തെ കര്‍ഷകപ്രശ്‌നങ്ങള്‍ പഠിച്ചു. ഡല്‍ഹിയില്‍ തിരിച്ചുവന്നശേഷം കര്‍ഷക സമരത്തിന്റെ ഭാഗമായി മാറി. കേരളത്തില്‍നിന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയ ആയിരത്തോളം പേരുമായി 14 ദിവസം സമരപ്പന്തലില്‍ത്തന്നെ കഴിഞ്ഞു. പിന്നീട് ഘാസിപ്പൂരില്‍ കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിനെതിരെ നേരിട്ട് ഇടപെട്ടു. പിറ്റേന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന സംയുക്ത പാര്‍ലമെന്റ് സമ്മേളനം. അന്ന് ഇടതുപക്ഷം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷം ഒന്നടങ്കം പാര്‍ലമെന്റ് ബഹിഷ്‌കരിച്ചു. അന്നു രാത്രിയാണ് കൊവിഡ് ബാധിച്ചത്. ആ സമ്മേളനകാലത്തെ ബാക്കിയുള്ള 18 ദിവസവും ആശുപത്രിയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയപ്പോള്‍ കടുത്ത ന്യൂമോണിയ, കൊവിഡ് അനന്തര ബുദ്ധിമുട്ടുകള്‍. രാജ്യസഭയിലെ യാത്രയയപ്പിനും പോകാന്‍ കഴിഞ്ഞില്ല. ''നിങ്ങള്‍ യഥാര്‍ത്ഥ ചെറുത്തുനില്‍പ്പ് നേരിടാന്‍ പോവുകയാണ്. അത് ഇവിടെയല്ല സംഭവിക്കുക, രാജ്യത്തെ തെരുവുകളില്‍ നിങ്ങള്‍ ജനരോഷം നേരിടും'' എന്ന് അവസാന ദിവസത്തെ പ്രസംഗത്തില്‍ ഗവണ്‍മെന്റിനോടു പറഞ്ഞിട്ടാണ് ഇറങ്ങിയത്. ''പാര്‍ലമെന്റിലേക്ക് പിന്നെ പോകേണ്ടി വന്നില്ലെങ്കിലും പുറത്ത് വലിയ ജനകീയ സമരങ്ങളിലേക്കാണ് ഞങ്ങള്‍ പോയത്. ഒരുപക്ഷേ, ബി.ജെ.പി സര്‍ക്കാരിന്റെ വേരുതന്നെ പിഴുതെറിയുന്ന പ്രക്ഷോഭമായി മാറാന്‍ പോകുന്ന സമരത്തിന്റെ ഭാഗമാവുകയാണ് ചെയ്തത്'' - രാഗേഷ് പറയുന്നു.
----
ഡല്‍ഹി അനുഭവങ്ങള്‍ വളരെ വലുതാണല്ലോ. ആദ്യമായി എം.പിയാകുന്ന മറ്റു പലരെക്കാള്‍ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടു? 

പാര്‍ലമെന്റില്‍ പോയി മര്യാദക്കാരനായി ഇരിക്കാനല്ല, അവിടെ സമര വേദിയായി ഉപയോഗപ്പെടുത്തണം എന്ന ചിന്തയോടെയാണ് പോയത്. ഞാന്‍ വന്ന പശ്ചാത്തലം പ്രധാനമാണ്. കണ്ണൂരില്‍നിന്നു പാര്‍ട്ടിയെ ജീവനായിക്കരുതി, തികഞ്ഞ രാഷ്ട്രീയ ബോധത്തോടെയാണ് വരുന്നത്. എല്ലാ കമ്യൂണിസ്റ്റുകാരെയും പോലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ഒരു ഉപകരണമായാണ് ഞാനും കാണുന്നത്. പാര്‍ലമെന്റില്‍ പോയശേഷമുള്ള ആദ്യ അനുഭവം ഓര്‍ക്കുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ആ സമയത്ത് നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്നു തുടര്‍ച്ചയായ സഭാ സ്തംഭനമായിരുന്നു. റബര്‍ വില വല്ലാതെ താഴോട്ടുപോയ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചിട്ട് അവസരം കിട്ടുന്നേയില്ല. ശൂന്യവേളയിലാണ് സാധാരണഗതിയില്‍ ബഹളം തുടങ്ങുക. നാലു ദിവസം ശ്രമിച്ചിട്ടും അവസരം കിട്ടാതെ വന്നപ്പോള്‍, ശൂന്യവേളയ്ക്കു മുന്‍പ് തനിച്ച് പ്ലക്കാഡും പിടിച്ച് നടുത്തളത്തില്‍ ഇറങ്ങി. കേരളത്തിലെ കര്‍ഷകരെ രക്ഷിക്കുക എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. മുദ്രാവാക്യം വിളിക്കുകയൊന്നും ചെയ്തില്ല. പി.ജെ. കുര്യനായിരുന്നു അധ്യക്ഷന്‍. അദ്ദേഹവും മറ്റുള്ളവരും അമ്പരന്നു. കഴിഞ്ഞ ദിവസം പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത അംഗമാണ് നടുത്തളത്തില്‍. കുറേക്കഴിഞ്ഞ് സീതാറാം യെച്ചൂരി തന്നെ കൈകാട്ടി പിന്നിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് മടങ്ങിയത്. അമിത് ഷാ പ്രസംഗിക്കുമ്പോള്‍ ആരും ബഹളം വയ്ക്കാറില്ല. അതെന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല. അമിത് ഷാ ഒരു മഹാമേരു ഒന്നുമല്ല. ജാലിയന്‍ വാലാബാഗ് സംരക്ഷണവുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവന്നപ്പോള്‍ അതിലെ ചില അപാകതകള്‍ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വേണ്ടവിധം പ്രതികരിക്കാതിരുന്നു. എന്നാല്‍, ജാലിയന്‍ വാലാബാഗും ബി.ജെ.പിയും തമ്മില്‍ എന്താണ് ബന്ധമെന്നു ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ ഇപ്പോള്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നു പറഞ്ഞു. രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞപ്പോള്‍ അമിത് ഷാ പ്രതികരിച്ചത് കേരളത്തില്‍ ഞങ്ങളുടെ ആളുകളെ കൊല്ലുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് രാഷ്ട്രീയ പകപോക്കലിനെക്കുറിച്ചു പറയാന്‍ എന്താണ് അവകാശം എന്നാണ്. അപ്പോഴാണ് നടുത്തളത്തിലിറങ്ങി മുന്നിലേക്കു ചെന്നത്. സാന്ത്വനിപ്പിച്ച് ഇരുത്താന്‍ ശ്രമിച്ചുകൊണ്ട് അമിത് ഷാ തിരുത്തി, കമ്യൂണിസ്റ്റുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ അവിടെ ഭരണത്തിലായിരുന്നില്ല എന്നു പറഞ്ഞ് അദ്ദേഹം തലയൂരുകയായിരുന്നു. ''ഞങ്ങള്‍ക്ക് മടിയില്‍ കനമില്ലാത്തതുകൊണ്ട് ആരെയും ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. പക്ഷേ, പാര്‍ലമെന്റില്‍ മടിയില്‍ കനമുള്ള പലരുമുണ്ട്. അവരേക്കുറിച്ചുള്ള ഫയലെടുത്തുവച്ചിട്ട് ഈ ഫയല്‍ വലിക്കണോ അതോ നിശ്ശബ്ദരായി ഇരിക്കുന്നോ എന്നു ഭരിക്കുന്നവര്‍ ചോദിക്കുന്ന സ്ഥിതി വന്നാല്‍ മിണ്ടാതിരിക്കുന്നവരുണ്ട്.

''പൗരത്വ നിയമഭേദഗതിയിലൂടെ രാജ്യത്തെ വിഭജിക്കാന്‍ സംഘപരിവാര്‍ അജന്‍ഡകള്‍ തയ്യാറാക്കിയ കാലം. ജമ്മു കശ്മീര്‍ സംസ്ഥാനം ഇല്ലാതാക്കി പൗരസ്വാതന്ത്ര്യത്തെ തടവറയിലാക്കിയ കാലം. മുസ്ലിം പുരുഷന്മാരെ വിവേചനപരമായി ജയിലിലടക്കാന്‍ വേണ്ടി മുത്തലാഖ് നിയമം പാസ്സാക്കിയ കാലം. യു.എ.പി.എ - എന്‍.ഐ.എ ഭേദഗതി നിയമങ്ങള്‍ കരിനിഴല്‍ തീര്‍ത്ത കാലം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ന്യൂനപക്ഷങ്ങളിലും ദളിതരിലും ഭീതിപരത്തിയ കാലം.'' ഇത്തരം വിഷയങ്ങളെല്ലാം വിവിധ സന്ദര്‍ഭങ്ങളിലായി പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. നീതിക്കുവേണ്ടി സാധ്യമായ എല്ലാ വഴികളും തേടി. 

''നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് തുടങ്ങി വിയോജിപ്പിന്റെ സ്വരങ്ങളെയെല്ലാം നിഷ്ഠൂരമായി അറുത്തുമാറ്റപ്പെട്ട കാലംകൂടിയായിരുന്നു അത്. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ അതിശക്തമായ പ്രതിഷേധമുയര്‍ന്നു. എതിര്‍ശബ്ദങ്ങളെ, അര്‍ബന്‍ നക്‌സലൈറ്റുകളാക്കി, തീവ്രവാദികളാക്കി മുദ്രകുത്തി. തീര്‍ത്തും കലുഷിതമായ ഒരിന്ത്യ.'' 

ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സഭയില്‍ അവതരിപ്പിക്കാന്‍ എം.പി എന്ന നിലയില്‍ പൂര്‍ണ്ണസമയവും വിനിയോഗിച്ചു. അവതരിപ്പിച്ച ബില്ലുകളും ഉന്നയിച്ച ചോദ്യങ്ങളും ഇടപെട്ട ചര്‍ച്ചകളും ദേശീയ-സംസ്ഥാന ശരാശരിയെക്കാള്‍ വളരെ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഏറെക്കാലത്തെ ആഗ്രഹമായിരുന്ന സി.ജി.എച്ച്.എസ് വെല്‍നെസ് സെന്റര്‍ കണ്ണൂരില്‍ തുടക്കം കുറിക്കാനായി. മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ 40 കോടിയോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനുവേണ്ടി ഫണ്ട് സമാഹരിച്ചു നല്‍കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ നല്‍കിയതില്‍ ഏതാണ്ട് മുഴുവനും പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. 

കലാപബാധിതര്‍ക്കിടയില്‍
കലാപബാധിതര്‍ക്കിടയില്‍

മോദിക്കാലത്തെ ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയായിരിക്കും മുന്നോട്ടു പോവുക? 

ഇന്ത്യയുടെ പരമോന്നത സഭകളില്‍ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്. അത്രമാത്രം ജനാധിപത്യവിരുദ്ധമായിരിക്കുകയാണ് ആ സംവിധാനം. പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ട അച്ചുകളിലൊക്കെ യാഥാസ്ഥിതികത്വത്തിന്റെ തുരുമ്പെടുത്തിരിക്കുന്നു. പുരോഗതിയിലേക്കുള്ള സംവാദങ്ങള്‍ക്ക് തുടര്‍ച്ചവേണം. കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ തച്ചുടയ്ക്കണം. അതിന് ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്. സംഘപരിവാറിന്റെ അക്രമോത്സുക വര്‍ഗ്ഗീയ രാഷ്ട്രീയം നിയമനിര്‍മ്മാണ സഭകളിലും പ്രതിഫലിക്കുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷത്തിനാണ് കൂടുതല്‍ പങ്കു വഹിക്കാന്‍ കഴിയുക. ആശയപരമായി ബി.ജെ.പിയേയും അത് ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തേയും ശക്തമായി എതിര്‍ക്കാന്‍ സാധിക്കുന്നത് ഇടതുപക്ഷത്തിനാണ്. കാരണം, ഇടതുപക്ഷം മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്. വര്‍ഗ്ഗീയതയെ മതനിരപേക്ഷത കൊണ്ടുമാത്രമേ നേരിടാന്‍ കഴിയുകയുള്ളൂ. മതരനിരപേക്ഷ രാഷ്ട്രീയം മാത്രമല്ല, വര്‍ഗ്ഗരാഷ്ട്രീയവും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നു. അതും വളരെ പ്രധാനമാണ്. വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ടുള്ള മതനിരപേക്ഷ രാഷ്ട്രീയം, ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ പ്രധാന തന്ത്രം. ഹിറ്റ്ലര്‍ എങ്ങനെയാണോ ജൂത സമൂഹത്തെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടിയത്, സമാനമായി ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്. അതുവഴി ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിര്‍ത്താം എന്ന തന്ത്രമാണ് ആവിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ്സിന് അതിനെ നേരിടാനുള്ള മരുന്ന് മൃദുഹിന്ദുത്വത്തിന്റെ രാഷ്ട്രീയമാണ്. അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ഉള്‍പ്പെടെ സാന്നിധ്യത്തില്‍ ഒരു മതേതര രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വിധം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭൂമിപൂജ നടത്തിയപ്പോള്‍ അതിനോട് മത്സരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള വേര്‍തിരിവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. അതുകൊണ്ടാണ് മനസ്സാക്ഷിക്കുത്തില്ലാതെ കോണ്‍ഗ്രസ്സില്‍നിന്ന് നേരെ ബി.ജെ.പിയില്‍ പോയി ചേരുന്നത്. അതിനെതിരെ മതനിരപേക്ഷ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് കര്‍ഷക പ്രക്ഷോഭം. ജനങ്ങള്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ തുടങ്ങി വര്‍ഗ്ഗാടിസ്ഥാനത്തില്‍ സംഘടിക്കുമ്പോള്‍ വര്‍ഗ്ഗീയതയ്ക്ക് പ്രസക്തിയില്ലാതാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടന്നത്. ആ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി അമ്പേ പരാജയപ്പെട്ടു. മഹാരാഷ്ട്രീയിലെ ലോംഗ് മാര്‍ച്ച്, രാജസ്ഥാനില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങള്‍, മധ്യപ്രദേശിലെ മാന്‍സോറില്‍ വെടിവയ്പിനുള്‍പ്പെടെ ഇടയാക്കിയ കര്‍ഷ പ്രക്ഷോഭം തുടങ്ങിയതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ആ തെരഞ്ഞെടുപ്പുകള്‍ നടന്നത്. 

ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ വര്‍ഗ്ഗരാഷ്ട്രീയം ശക്തിപ്പെടുമ്പോള്‍ അതിനെ ഭിന്നിപ്പിക്കാന്‍ വര്‍ഗ്ഗീയതയിലൂടെ ബി.ജെ.പിക്കു കഴിയുന്നില്ല. ബി.ജെ.പിക്കു ബദല്‍ മൃദുഹിന്ദുത്വമല്ല മതനിരപേക്ഷതയില്‍ ഊന്നിയ വര്‍ഗ്ഗ രാഷ്ട്രീയമാണ് എന്നു കൂടുതല്‍ തെളിയുകയാണ്.

ബംഗാളും ത്രിപുരയും കൂടി നഷ്ടപ്പെടുകയും ഇടതുപക്ഷത്തിനു സ്വാധീനമുള്ള സംസ്ഥാനം കേരളം മാത്രമായി മാറുകയും ചെയ്തിരിക്കുന്നു. പാര്‍ലമെന്റിലും ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വളരെ കുറഞ്ഞിരിക്കുന്നു. ഈ കാലത്തെ പാര്‍ലമെന്റംഗം എന്ന നിലയിലുള്ള അനുഭവങ്ങളെ എങ്ങനെ കാണുന്നു? 

ഇടതുപക്ഷം ദുര്‍ബ്ബലമായി എന്നതു ശരിയല്ല. ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടാകാം, കേരളത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നോട്ടു പോയിട്ടുമുണ്ടാകാം. പക്ഷേ, ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറ്റവും പ്രധാനമായി പ്രകടമാകുന്നത് പ്രക്ഷോഭങ്ങളിലാണ്, ജനകീയ മുന്നേറ്റങ്ങളിലാണ്. രാജ്യത്ത് എവിടെയൊക്കെ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും അവിടെയൊക്കെ ചെമ്പതാക കാണാം. ചില തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതുകൊണ്ട് ഇടതുപക്ഷം ഇതാ അവസാനിച്ചിരിക്കുന്നു, ഇനി പ്രസക്തിയില്ല എന്ന പ്രചരണം രാജ്യത്താകെ നടക്കുന്നുണ്ട്. എന്നാല്‍, ആ ഘട്ടത്തിലാണ് മഹാരാഷ്ട്രയെ വിറപ്പിച്ചുകൊണ്ട് നാസിക്ക് മുതല്‍ മുംബൈ വരെയുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് നടക്കുന്നത്. ആ ഘട്ടത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികളുടേയും കര്‍ഷകരുടേയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നത്. ആ പ്രക്ഷോഭ സമരങ്ങളിലെല്ലാം ഉയര്‍ന്നു പാറിയത് ചെമ്പതാകയാണ്. അപ്പോള്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ഇടതുപക്ഷത്തെ എഴുതിത്തള്ളാന്‍ കഴിയില്ല എന്നത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. 

പാര്‍ലമെന്റിലെ അനുഭവത്തിന്റെ കാര്യത്തില്‍, ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും നയങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിയുന്നില്ല. ആദ്യഘട്ടത്തിലൊക്കെ എന്നെപ്പോലെ ഒരു ജൂനിയര്‍ എം.പിക്ക് ഇതിന്റെ പൊള്ളത്തരം വേണ്ടവിധം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, പിന്നീട് വളരെ കൃത്യമായി കോണ്‍ഗ്രസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അനുഭവത്തിലൂടെ കണ്ടറിഞ്ഞ ഒരാളാണ്. അതായത്, പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പറയും. പക്ഷേ, നിര്‍ണ്ണായക സന്ദര്‍ഭം വരുമ്പോള്‍ ഇറങ്ങിപ്പോക്കിലൂടേയോ അല്ലെങ്കില്‍ സഭയില്‍ ഹാജരാകാതേയോ അതുമല്ലെങ്കില്‍ മൗനംപാലിച്ചുകൊണ്ടോ ഭരണപക്ഷത്തെ സഹായിക്കുന്ന പ്രതിപക്ഷത്തെയാണ് കണ്ടത്. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്. ജി.എസ്.ടി ബില്‍ പാസ്സാകുന്ന ഘട്ടത്തില്‍, വിവിധ നിയമങ്ങള്‍ പാസ്സാക്കിയെടുക്കുമ്പോഴൊക്കെ, അതങ്ങ് നടന്നു പൊയ്ക്കോട്ടെ എന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അഴിമതി നിരോധ നിയമത്തില്‍ ഒരു ഭേദഗതി വന്നപ്പോള്‍ അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതു കണ്ട് അത്ഭുതപ്പെട്ടു നിന്നുപോയി. പബ്ലിക് സര്‍വ്വന്റിനെതിരെ അഴിമതി സംബന്ധിച്ചു പരാതി കിട്ടിയാല്‍ അത് അന്വേഷിക്കുന്നതിന് ബന്ധപ്പെട്ട മേലധികാരിയുടെ മുന്‍കൂര്‍ അനുമതി നേരത്തെ ആവശ്യമില്ലായിരുന്നു. വിചാരണയ്ക്കാണ് അനുമതി വേണ്ടിയിരുന്നത്. എന്നാല്‍, അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി കൊണ്ടുവന്നു. യഥാര്‍ത്ഥത്തില്‍ അഴിമതിനിരോധ നിയമത്തിന്റെ ഗളഹസ്തം ചെയ്യുന്ന ഒരു ഭേദഗതിയായിരുന്നു അത്. ഒരു വിഷമവുമില്ലാതെ കോണ്‍ഗ്രസ് അതിനെ പിന്തുണച്ചു. അതുപോലെ പല അനുഭവങ്ങള്‍. ജമ്മു കശ്മീരിനെ വിഭജിക്കുന്ന ബില്‍ വന്നപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് എതിര്‍ത്തു; പക്ഷേ, അതിനെതിരെ വോട്ടു ചെയ്യാന്‍ വിപ്പ് കൊടുത്തില്ല. ചീഫ് വിപ്പ് ഭുവനേശ്വര്‍ കാലിത ബി.ജെ.പിയില്‍ ചേരുന്നതാണ് കണ്ടത്. എന്‍.ഐ.എ നിയമഭേദഗതിയും കാര്‍ഷിക പരിഷ്‌കരണ ബില്ലുകളും ഉള്‍പ്പെടെ വന്നപ്പോള്‍ വാചകമടിക്കപ്പുറം പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു ചേര്‍ത്ത് ഒരു ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാനും അതിനെ തടയാനുള്ള പരിശ്രമം നടത്തുന്നതിലും കോണ്‍ഗ്രസ് അമ്പേ പരാജയമായി. എന്നാല്‍, പ്രതിപക്ഷത്തെക്കൊണ്ട് ബി.ജെ.പി സര്‍ക്കാരിനെതിരെ നിലപാടെടുപ്പിച്ചത് ഇടതുപക്ഷമാണ്. അങ്ങനെയൊരു പങ്ക് ഇടതുപക്ഷം നിര്‍വ്വഹിച്ചപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. 

കേരളത്തിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി അനുഭവങ്ങള്‍ ഏതുവിധമാണ് മുതല്‍ക്കൂട്ടാവുക?
 
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തിലെ മതനിരപേക്ഷ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അതിന് കോണ്‍ഗ്രസ് ഒറ്റകക്ഷിയാകണമെന്നും പറഞ്ഞു പറ്റിച്ചു. ഇടതുപക്ഷത്തിനു വോട്ടു ചെയ്തിട്ടു കാര്യമില്ല എന്നു പറഞ്ഞു. കുറേപ്പേര്‍ ആ തെറ്റിദ്ധരിപ്പിക്കലില്‍ വീണുപോയിട്ടുണ്ട്. ഒന്നാമത്, അദ്ദേഹം അമേഠി ഉപക്ഷിച്ച് കേരളത്തിലേക്കു വന്നതുതന്നെ മണ്ടത്തരമായിരുന്നു. നായകന്‍ തന്നെ ഒളിച്ചോടുന്നു, ഭയന്നോടുന്നു എന്ന പ്രതീതിയാണ് അതുണ്ടാക്കിയതെന്ന് വടക്കേ ഇന്ത്യയിലെ അനുഭവങ്ങള്‍ വച്ചുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഓടിവന്ന് ഇവിടെ മത്സരിച്ചതാണ് കോണ്‍ഗ്രസ്സിന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ തോല്‍വിയുടെ പ്രധാന കാരണം. ബി.ജെ.പി അതൊരു പ്രചരണമാക്കി. പിന്നീട് ബി.ജെ.പി അധികാരത്തില്‍ വന്നശേഷം രാഹുല്‍ ഗാന്ധി ഈ സര്‍ക്കാരിനോട് എന്തു നിലപാടാണ് സ്വീകരിക്കുന്നത്? എന്ത് ഉത്തരവാദിത്തമാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്? പൗരത്വ നിയമഭേദഗതിയുടെ ഘട്ടത്തില്‍ ഷഹീന്‍ ബാഗിലെ പ്രോജ്ജ്വല സമരത്തിന്റെ മുന്‍നിരയിലേക്ക് പോകാന്‍ കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലുമൊരു എം.പി തയ്യാറായോ. തീവ്രവാദികളാണ് ആ സമരത്തിനു പിന്നിലെന്ന് ബി.ജെ.പിക്കാര്‍ വലിയ പ്രചരണം നടത്തി. അതാണ് കോണ്‍ഗ്രസ്സിനെ പേടിപ്പിച്ചത്. ഇവിടെനിന്നു ജയിപ്പിച്ചുവിട്ട യു.ഡി.എഫ് എം.പിമാര്‍ അവിടെപ്പോയില്ല; രാഹുല്‍ ഗാന്ധി പോയില്ല. 

പാര്‍ലമെന്റില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരിക്കലും രാഹുല്‍ ഗാന്ധി ഉണ്ടായിട്ടില്ല. രാജ്യം ഫാസിസത്തിനെതിരെ പോരാട്ടം നടത്തേണ്ട നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒരു പൊളിറ്റിക്കല്‍ ടൂറിസ്റ്റായി അദ്ദേഹം അധഃപ്പതിക്കുന്ന ചിത്രമാണ് കാണുന്നത്. ചിലപ്പോള്‍, എവിടെയാണ് പോകുന്നതെന്നും എപ്പോഴാണ് വരുന്നതെന്നും കോണ്‍ഗ്രസ്സിനുപോലും അറിയില്ല. മുങ്ങുന്നു പൊങ്ങുന്നു എന്ന സ്ഥിതി. കേരളത്തില്‍ വന്ന് ട്രാക്ടര്‍ ഓടിക്കുന്നു. യഥാര്‍ത്ഥത്തില്‍ ട്രാക്ടര്‍ ഓടിക്കേണ്ടത് കര്‍ഷകസമരം നടക്കുന്ന ഡല്‍ഹിയിലല്ലേ. ഒരു ദിവസമെങ്കിലും അവിടെ പോയോ. ചെപ്പടിവിദ്യ കാണിച്ച് പൊളിറ്റിക്കല്‍ ടൂറിസം നടത്തി പറ്റിക്കുകയാണ്. ഇന്ന് ഇന്ത്യയിലെ പ്രതിപക്ഷ നേരിടുന്ന ഏറ്റവും വലിയ ദൗര്‍ബ്ബല്യം കോണ്‍ഗ്രസ്സും അതിന്റെ നേതൃത്വവുമാണ്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സല്ലാതെ മറ്റേതെങ്കിലും മതനിരപേക്ഷ പാര്‍ട്ടി പ്രതിപക്ഷ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയാല്‍ ജനം വിശ്വസിക്കും എന്നതിന് ബീഹാര്‍ ഏറ്റവും മികച്ച ഉദാഹരണമാണ്. കോണ്‍ഗ്രസ്സിനു ഗൗരവത്തോടെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ത്രാണിയും കെല്‍പ്പുമില്ല എന്നു നാള്‍ക്കുനാള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, പരിമിതമായ എണ്ണമാണെങ്കിലും ഇടതുപക്ഷം ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍, എന്താണ് കോണ്‍ഗ്രസ് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്. തീര്‍ച്ചയായും ഡല്‍ഹിയിലെ അനുഭവങ്ങള്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ രീതിയില്‍ ഉപയോഗപ്പെടുത്താനാകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

രാജ്യസഭാംഗമാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമ്പോള്‍ ഈ ടേം എങ്ങനെയാകും എന്ന് ആശങ്കകളുണ്ടായിരുന്നോ? 

നേരത്തേ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമൊക്കെയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളുണ്ട്. ബി.ജെ.പിക്കെതിരെ ശക്തമായി ചെറുത്തു നില്‍ക്കുന്നതിന്റെ അനുഭവം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടുതാനും. ഇതൊക്കെക്കൊണ്ട് ആശങ്കയുടെ പ്രശ്‌നമേ ഉണ്ടായിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകം പോലുള്ള വലിയ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ ആ കാലത്താണ് ഉണ്ടായത്. ആ കൊലകള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുക മാത്രമല്ല, ചെയ്തത്. ഇടതുപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘം ആള്‍ക്കൂട്ടക്കൊലകള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആ യാത്രയില്‍ പശുവിനുവേണ്ടിയുള്ള യു.പിയിലെ പൊലീസ് സ്റ്റേഷന്‍ കണ്ടു. പശുവിനെ കൊന്നു എന്നു പറഞ്ഞ് കള്ളക്കഥയുണ്ടാക്കി സംഘപരിവാര്‍ അക്രമികള്‍ ആളുകളെ കൊല്ലുന്നു; എന്നിട്ട് പൊലീസ് കേസെടുക്കുന്നത് കൊല്ലപ്പെട്ടവര്‍ക്കെതിരെയാണ്. പശുവിനെ കൊന്നതാണ് കുറ്റം. ഞെട്ടിക്കുന്ന അനുഭവമായിരുന്നു അത്. പൊലീസ് ഉള്‍പ്പെടെ ഫാസിസ്റ്റു ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭയാനക അനുഭവങ്ങളാണ് ആ മേഖലയില്‍ കണ്ടത്. പിന്നീട് പാര്‍ലമെന്റ് സമ്മേളനത്തില്‍ ആ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗങ്ങള്‍ കുറവായ കാലമായതുകൊണ്ട് ഉള്ളവര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നതിനെ എങ്ങനെ കാണുന്നു? 

നാലും അഞ്ചും പ്രസംഗം നടത്തിയ ദിവസങ്ങളുണ്ട്. സ്വാഭാവികമായി നിരവധി വിഷയങ്ങള്‍ പഠിക്കണം. പാര്‍ലമെന്റംഗത്തിന് വ്യക്തിപരമായി നിരവധി വിഷയങ്ങളില്‍ ഇടപെടാന്‍ അവസരമുണ്ട്. പ്രസംഗിക്കാനുള്ള അവസരത്തില്‍ പ്രസംഗിക്കുക മാത്രമല്ല. സബ്മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍, പ്രത്യേക പരാമര്‍ശങ്ങള്‍, ചര്‍ച്ചകളിലെ ഇടപെടല്‍, ഭേദഗതികള്‍, സ്വകാര്യ ബില്‍ അവതരണം തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ആറ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടി, അതിലൊരെണ്ണം, സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര നിയമം വേണം എന്ന ബില്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചു. ഇടതുപക്ഷ അംഗങ്ങളുടെ ഭേദഗതി നിര്‍ദ്ദേശങ്ങളും നിരാകരണ പ്രമേയങ്ങളുമില്ലാത്ത ഒരു ബില്ലും സമീപകാലത്ത് പാര്‍ലമെന്റ് പാസ്സാക്കിയിട്ടില്ല. എല്ലാ വിഷയങ്ങളും പഠിക്കാനും എല്ലാത്തിലും ഇടപെടാനും സാധിച്ചു. പക്ഷേ, ഈ കഠിനാധ്വാനത്തിന് ഫലമുണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് മുതിര്‍ന്ന അംഗങ്ങളില്‍ നിന്നുള്‍പ്പെടെ കിട്ടിയ ശ്രദ്ധയും പ്രോത്സാഹനവും. ചെയറിന്റേയും സഭയുടേയും ശ്രദ്ധ പിടിച്ചുപറ്റുക പ്രധാനമാണ്. അതിനു കഠിനാധ്വാനം വേണം. പരമാവധി പരിശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള പാര്‍ലമെന്റിലെ ഇടപെടലിന്റെ ഭാഗമായി യുണിസെഫിന്റെ അംഗീകാരവും ഇതിനിടയില്‍ തേടിയെത്തി. 

ഡല്‍ഹി കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ബിനോയ് വിശ്വം സമീപം
ഡല്‍ഹി കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. ബിനോയ് വിശ്വം സമീപം

സസ്പെന്‍ഷന് ഇടയായ സാഹചര്യം എങ്ങനെയാണുണ്ടായത്? 

ബി.ജെ.പി ഗവണ്‍മെന്റ് ഒരു ഘട്ടത്തില്‍പ്പോലും പാര്‍ലമെന്റിനെ ബഹുമാനിച്ചിട്ടില്ല. തുടക്കത്തില്‍ അവിടെ ഭൂരിപക്ഷമുണ്ടായിരുന്നില്ല. അന്ന് അവര്‍ക്ക് താല്‍പ്പര്യമുള്ള നിയമങ്ങള്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ്സിനേയും മറ്റും മാനേജ് ചെയ്യണമായിരുന്നു. പിന്നീട് ഭൂരിപക്ഷം ഉണ്ടായതോടെ അവര്‍ പ്രതിപക്ഷത്തെ കണക്കിലെടുക്കാത്ത സ്ഥിതിയായി. പാര്‍ലമെന്റിനേയോ പ്രതിപക്ഷത്തേയോ ഒരു വിധത്തിലും കണക്കിലെടുക്കാത്ത സമീപനം. ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോള്‍ ഭരണഘടനാ വിരുദ്ധമായി അവര്‍ ഇടപെട്ടിരുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഭരണഘടനയുടെ 110-ാം വകുപ്പനുസരിച്ചാണ് ഒരു ബില്ല് മണിബില്‍ ആണോ അല്ലേ എന്നു തീരുമാനിക്കുന്നത്. അത് ലോക്സഭ പാസ്സാക്കിയാല്‍ പിന്നെ രാജ്യസഭ പാസ്സാക്കേണ്ടതില്ല. രാജ്യസഭയില്‍ അത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ 14 ദിവസത്തിനകം രാജ്യസഭ തിരിച്ചയയ്ക്കണം. ഖജനാവില്‍നിന്നു പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിനെയാണ് പൊതുവില്‍ മണിബില്‍ എന്നു പറയുന്നത്. അത് ലോക്സഭയുടെ അധികാരപരിധിയില്‍പ്പെട്ടതാണ്. ബി.ജെ.പി സര്‍ക്കാര്‍ സകല ബില്ലുകളും മണി ബില്ലാണ് എന്നു പറഞ്ഞാണ് രാജ്യസഭയില്‍ കൊണ്ടുവരുന്നത്. ഒരു ബില്ല് മണിബില്ലാണോ അല്ലേ എന്നു തര്‍ക്കമുണ്ടായാല്‍ ലോക്സഭാ സ്പീക്കറുടെ തീരുമാനം അന്തിമമാണ്. സ്പീക്കര്‍ മണിബില്ലാണെന്ന് സര്‍ട്ടിഫൈ ചെയ്താല്‍ അത് മണിബില്ലായാണ് പരിഗണിക്കേണ്ടത്. മുന്‍പ് ഒരു ലോക്സഭാ സ്പീക്കറും പണം പിന്‍വലിക്കുന്നതല്ലാത്ത ബില്ലുകള്‍ മണി ബില്ലായി സര്‍ട്ടിഫൈ ചെയ്തിട്ടില്ല. എന്നാല്‍, സ്പീക്കര്‍ക്ക് ഒരു മടിയുമുണ്ടായില്ല, ഇക്കാര്യത്തില്‍. ആധാര്‍ നിയമം ഉള്‍പ്പെടെ പല ബില്ലുകളും മണിബില്ല് എന്ന പേരില്‍ രാജ്യസഭയുടെ അംഗീകാരമില്ലാതെ ഭരംഘടനാ വിരുദ്ധമായാണ് പാസ്സാക്കിയെടുത്തത്. ഇതുപോലെ തന്നെ കര്‍ഷകവിരുദ്ധ ബില്ലുകള്‍ കൊവിഡ് പാക്കേജ് എന്ന പേരിലാണ് കൊണ്ടുവന്നു പാസ്സാക്കിയത്. കൊവിഡുമായൊന്നും ഒരു ബന്ധവുമില്ല; ഫലത്തില്‍ കോര്‍പ്പറേറ്റ് പാക്കേജാണ്. എന്നിട്ട്, സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു എന്നു പ്രചരിപ്പിച്ചു. ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കൊവിഡ് കാലത്ത് ഓര്‍ഡിനന്‍സായാണ് കൊണ്ടുവന്നത്. കോണ്‍ഗ്രസ്സിന്റെ മൗന പിന്തുണയോടെ ലോക്സഭയില്‍ അത് പാസ്സാക്കി. രാജ്യസഭയില്‍ ഞങ്ങള്‍ എതിര്‍ത്തു. അതില്‍ നിരാകാരണ പ്രമേയം അവതരിപ്പിച്ചുകൊണ്ടും പിന്നീട് ബില്ലിന്റെ ചര്‍ച്ചയില്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ ലഭിച്ച സമയത്തും സംസാരിക്കാന്‍ കഴിഞ്ഞു. അതിനുശേഷം സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു പ്രമേയം കൊടുത്തപ്പോള്‍ അതില്‍ ആദ്യത്തേതായിരുന്നു. ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമ്മേളനം. ആ ഘട്ടത്തില്‍ രണ്ടുസഭയും ഒന്നിച്ചാണ് ചേര്‍ന്നത്. ലോക്സഭയിലെ അംഗങ്ങള്‍ രാജ്യസഭയിലും രാജ്യസഭയിലെ അംഗങ്ങള്‍ ലോക്സഭയിലും ഇരിക്കും. രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ രാജ്യസഭയും ഉച്ചയ്ക്കുശേഷം ലോക്സഭയുമാണ് നടക്കുന്നത്. ഒരു മണിയോടുകൂടി പിരിയേണ്ട സഭ പന്ത്രണ്ടേ മുക്കാലിനു വോട്ടിംഗ് നടപടിയിലേക്കു കടക്കാന്‍ ശ്രമിച്ചു. എല്ലാ ഭേദഗതികളിലും നിരാകരണ പ്രമേയത്തിലും സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിലും വോട്ടിംഗ് ആവശ്യപ്പെടാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ബില്ലിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയിലും വോട്ടിംഗ് വരും. അതാതുസഭയിലെ അംഗങ്ങള്‍ അവരുടെ സീറ്റിലാണ് ഇരിക്കുന്നതെങ്കില്‍ സ്വന്തം മേശയില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയല്ലോ. ഇത് രണ്ടുസഭയിലുമുള്ളവര്‍ സീറ്റുവിട്ട് ഇരിക്കുന്നതുകൊണ്ട് അതു പറ്റില്ല. ബാലറ്റിലൂടെ മാത്രമേ വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ. അങ്ങനെ ഒരു ഭേദഗതിക്കുള്ള വോട്ടുകള്‍ മാത്രം എണ്ണിത്തീര്‍ക്കാന്‍ ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. അതുകൊണ്ടാണ് അടുത്ത ദിവസത്തേക്കു മാറ്റണം എന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. അതിനെച്ചൊല്ലി ബഹളമായി. ബഹളത്തിനിടെ പാസ്സാക്കിയെടുക്കാനായിരുന്നു അവരുടെ ശ്രമം. വേഗം നിയമമാക്കിയെടുക്കാനുള്ള ശ്രമത്തിനു പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, അവരുടെ കൂടെയുള്ള നാല് പ്രധാന പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കുന്നു. ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ, ടി.ആര്‍.എസ്, ശിരോമണി അകാലിദള്‍. അവര്‍ എതിര്‍ത്തു വോട്ടുചെയ്താല്‍ ബില്ല് രാജ്യസഭ കടക്കുമോ എന്നു സംശയമാണ്. ഒരംഗമെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ വോട്ടിനിടണം. വോട്ടിംഗ് കൂടാതെ പാസ്സാക്കാന്‍ പോകുന്നുവെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പെട്ടെന്നുതന്നെ ഓടി എന്റെ സീറ്റിലേക്കു ചെന്നു. എന്നിട്ട് നിരാകരണ പ്രമേയത്തില്‍ വോട്ടിംഗ് ആവശ്യപ്പെട്ടു. പക്ഷേ, അത് അനുവദിച്ചില്ല. പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. രണ്ടാമത്, സെലക്റ്റ് കമ്മിറ്റിക്കു വിടണം എന്ന പ്രമേയത്തിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടു. പക്ഷേ, അതും അംഗീകരിക്കാതെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. അതിനുശേഷം തിരുച്ചി ശിവയുടെ പ്രമേയവും വോട്ടിനിടാതെ തള്ളി. അങ്ങനെ വന്നപ്പോഴാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സഭ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചു. ഞങ്ങള്‍ ഏഴു പേരെ സസ്പെന്റ് ചെയ്യാനുള്ള തീരുമാനവുമായാണ് പിന്നെ ചേര്‍ന്നത്. അപ്പോഴും വലിയ ബഹളമുണ്ടായി. അതിനിടയില്‍ ബില്ല് അവര്‍ പാസ്സാക്കിയെടുക്കുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യത്തെ പൂര്‍ണ്ണമായും അട്ടിമറിച്ച്, ബഹളത്തിനിടയില്‍ ഒരു ബില്ലും പാസ്സാക്കാന്‍ പാടില്ല എന്ന പാര്‍ലമെന്റ് ചട്ടം ലംഘിച്ചാണ് പാസ്സാക്കിയത്. ബഹളമുണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിന് ഇടപെടുകയാണ് ചെയര്‍ ചെയ്യേണ്ടത്. അതുണ്ടായില്ലെന്നു മാത്രമല്ല പ്രതിഷേധിച്ചവരെ സസ്പെന്റ് ചെയ്തു പുറത്താക്കുകയും ചെയ്തു. സസ്പെന്‍ഷനിലായ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ത്തന്നെ രാത്രി കഴിച്ചുകൂട്ടി. പുറത്തു പോയില്ല. അതിനുശേഷം പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌കരിച്ചു. സഭ അതോടെ പിരിയുകയും ചെയ്തു. 

രാജ്യസഭയില്‍ കേരളത്തില്‍നിന്ന് എത്തുന്ന പുതിയ രണ്ട് ഇടതുപക്ഷ അംഗങ്ങള്‍വച്ച് വിട്ടുവീഴ്ച ഇല്ലാതെ പോരാട്ട രാഷ്ട്രീയം പ്രതിനിധീകരിക്കും എന്ന് ഉറപ്പും രാഗേഷ് പങ്കുവയ്ക്കുന്നു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ നേതൃത്വത്തിലെ പ്രവര്‍ത്തനാനുഭവവും ഉയര്‍ന്ന അക്കാദമിക് കഴിവും ഡോ. ശിവദാസന് പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുകതന്നെ ചെയ്യും. പാര്‍ലമെന്റില്‍ ഇടപെടുന്നതോടൊപ്പം കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇടപെടാനും അതുവഴി സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാനും ദീര്‍ഘകാലം ഡല്‍ഹിയില്‍ പ്രവര്‍ത്തനപരിചയമുള്ള, പ്രഗത്ഭനായ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനും സാധിക്കും'' കെ.കെ. രാഗേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com