'കഥകള്‍ മേയുന്ന താഴ്വര'- മലാന ഗോത്രവര്‍ഗ്ഗത്തിന്റെ കാഴ്ചകളും കഥകളും

ഹിമാലയന്‍ മലനിരകള്‍ അതിരിടുന്ന ഗോത്രഗ്രാമമാണ് മലാന. അലക്‌സാണ്ടറുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവരാണ് മലാന ഗോത്രവര്‍ഗ്ഗക്കാര്‍
പഹോൾ ​ഗ്രാമത്തിന് സമീപം/ ഫോട്ടോ: ഹർഷതപൻ
പഹോൾ ​ഗ്രാമത്തിന് സമീപം/ ഫോട്ടോ: ഹർഷതപൻ

1.

ര്‍ദ്ധരാത്രിയിലെ കൊടുംതണുപ്പില്‍ ഒരു പഹാഡി ഗ്രാമത്തിലിരുന്ന് തീ കായുകയാണ്.

പഹാഡി ഭാഷയില്‍ പരസ്പരം സംസാരിച്ചുകൊണ്ടിരുന്ന വീട്ടുകാര്‍ നെരിപ്പോടിലെ തീ കെടുന്നില്ലെന്ന് ഉറപ്പുവരുത്തി. കൂട്ടത്തില്‍ സ്ത്രീകളായ രണ്ടുപേര്‍ ഇടയ്ക്കിടയ്ക്ക് മരമുട്ടികള്‍ വെച്ചുകൊടുക്കുന്നതനുസരിച്ച് തീ ആളിക്കൊണ്ടിരുന്നു. ഗൃഹനാഥനായ മാസ്റ്റര്‍ജി മലാനയുടെ എതിര്‍ഭാഗത്തുള്ള റാലി താച്ച് എന്ന പ്രേതക്കുന്നിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അതേസമയം മാസ്റ്റര്‍ജിയുടെ മകന്‍ ലീലാദാര്‍ മറ്റൊരു സുഹൃത്തിനൊപ്പം തണുപ്പകറ്റാനുള്ള മരുവ്വാനാ ജോയിന്റ് തെറുത്തുക്കൊണ്ടിരുന്നു. പാതിരാ കഴിഞ്ഞിട്ടും ആര്‍ക്കും ഉറക്കമില്ല. സമയം കടന്നുപോകുന്നതനുസരിച്ച് സദസ്സ് കൂടുതല്‍ സജീവമായിക്കൊണ്ടിരുന്നു. നെരിപ്പോടിലെ പുകയ്‌ക്കൊപ്പം പാട്ടിന്റെ ലഹരിയും ഇരുള്‍വീണ താഴ്വരയില്‍നിന്ന് മുകളിലേക്ക് ഉയര്‍ന്നു. തീയുടെ ചൂടില്‍നിന്ന് മാറിയാലുടന്‍ തണുത്ത് മരവിച്ചുപോകുമെന്ന് എനിക്കു തോന്നി. കഴിഞ്ഞ ദിവസങ്ങളില്‍, താഴ്വരയില്‍ പല ഭാഗങ്ങളിലേയും താപനില മൈനസ് പത്തിനു താഴെയെത്തിയിരുന്നു. തീ കെട്ടുപോയാല്‍ പുലരി കാണുമോ എന്ന ഭയം എന്റെ നാഡീവ്യൂഹങ്ങളിലൂടെ അരിച്ചിറങ്ങി.

കുറച്ചകലെ, മലകള്‍ക്ക് അപ്പുറമുള്ള റാലി താച്ച് എന്ന പ്രേതക്കുന്നിനെക്കുറിച്ചാണ് ഗൃഹനാഥനും എന്റെ ആതിഥേയനുമായ മാസ്റ്റര്‍ജി പറഞ്ഞുകൊണ്ടിരുന്നത്. മലാനയിലെ സ്‌കൂളില്‍ അദ്ധ്യാപകനായ മാസ്റ്റര്‍ജിക്ക് മലാനയ്ക്ക് ചുറ്റുമുള്ള മേച്ചില്‍പ്പുറങ്ങളുമായി ബന്ധപ്പെട്ട വാമൊഴി കഥകള്‍ ഹൃദിസ്ഥമാണ്. കഥകളുടെ പലതരത്തിലുള്ള ആഖ്യാനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ചില കഥകളില്‍ അതിശയോക്തി കുറഞ്ഞുപോയാല്‍ സ്ത്രീകള്‍ ഇടപെട്ട് കൂടുതല്‍ സംഭവബഹുലമായ ഒരാഖ്യാനം അവതരിപ്പിക്കും. കുന്നുകളിലെ പ്രേതകഥകളും പിശാചുക്കളുടെ രാത്രിസല്ലാപങ്ങളെക്കുറിച്ചുള്ള ഗോത്രാഖ്യാനങ്ങളുമെല്ലാം ആ സദസ്സിലും മാസ്റ്റര്‍ജിയുടെ സംസാരത്തിലും നിറഞ്ഞുനിന്നു. ഏതാനും കിലോമീറ്റര്‍ അകലെ, മഞ്ഞുമൂടി ഒറ്റപ്പെട്ടു കിടക്കുന്ന മലാനയെന്ന കഥാപ്രപഞ്ചത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഒരു അര്‍ദ്ധരാത്രിയില്‍ അയല്‍ഗ്രാമത്തിരുന്നു കേള്‍ക്കുന്നതിന്റെ അപൂര്‍വ്വത എന്നെ ത്രസിപ്പിച്ചു. റാലി എന്ന പേരുള്ള ഒരു രാക്ഷസനെ വകവരുത്തിയ കഥയാണ് റാലി താച്ച് എന്ന മലഞ്ചെരിവുമായി ബന്ധപ്പെട്ട പല കഥകളിലൊന്ന്.

മഞ്ഞിൻ പുതപ്പണിഞ്ഞ ​ഗ്രാമപാതകൾ
മഞ്ഞിൻ പുതപ്പണിഞ്ഞ ​ഗ്രാമപാതകൾ

സൂര്യന്‍ ഉദിച്ചു കഴിഞ്ഞ്, ഏറെ വൈകി പുലര്‍വെട്ടം വീഴുന്ന റാലി താച്ച് എന്ന മലഞ്ചെരിവില്‍ രണ്ട് സഹോദരങ്ങള്‍ താമസിച്ചിരുന്നു. ഒരു ദിവസം പണിസ്ഥലത്ത് മരമുട്ടികള്‍ ശേഖരിച്ചുകൊണ്ടിരുന്ന മുതിര്‍ന്നയാളെ ഒരു രാക്ഷസന്‍ ആക്രമിച്ചു ഭക്ഷണമാക്കി. മേച്ചില്‍പ്പുറത്തിനോട് ചേര്‍ന്നുള്ള കുടിലിനുലുള്ളിലായിരുന്ന ഇളയയാളെ ആക്രമിക്കാന്‍ രാക്ഷസന്‍ കുടിലിന്റെ മുന്നിലെത്തി. എന്നാല്‍, അസാധാരണമായ വലിപ്പമുള്ള കാലുകണ്ട് രാക്ഷസനെ തിരിച്ചറിഞ്ഞ അയാള്‍ ബുദ്ധിപരമായ ഒരു നീക്കം നടത്തി. രാക്ഷസനെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി മത്തുപിടിച്ച് മയങ്ങുവോളം വയറുനിറയെ ഭക്ഷണവും ലഹരിപാനീയങ്ങളും കൊടുത്തു. രാക്ഷസന്‍ മെല്ലെ മത്തുപിടിച്ച് ഗാഢനിദ്രയിലായി. നേരം വൈകിയിരുന്നു, മലഞ്ചെരിവില്‍ ഇരുട്ടു വീണുതുടങ്ങി. ആ സമയം ചെമ്മരിയാടിന്റെ രോമം അറുക്കാന്‍ ഉപയോഗിക്കുന്ന വലിപ്പമുള്ള കത്രികയെടുത്ത് അയാള്‍ എരിഞ്ഞുകൊണ്ടിരുന്ന തീച്ചൂളയില്‍ വെച്ചു. കുറച്ചുകഴിഞ്ഞ് അയാള്‍ ചുട്ടുപഴുത്ത കത്രികയെടുത്ത് നിദ്രയിലായിരുന്ന രാക്ഷസന്റെ കണ്ണുകളില്‍ കുത്തിയിറക്കി. അങ്ങനെ കുന്നുകളില്‍ റാലിയെന്ന രാക്ഷസന്റെ ശല്യം അവസാനിച്ചുവെന്നാണ് ഗ്രാമചരിതം. അതിനുശേഷം അതുവഴി ഇടയന്മാര്‍ക്ക് സ്വസ്ഥമായി കടന്നുപോകാവുന്ന ഒരവസ്ഥയുണ്ടാവുകയും ചെയ്തു. അങ്ങനെ ഒരുകാലത്ത് കുന്നുകളില്‍ ഭീതിപരത്തിയ റാലിയെന്ന രാക്ഷസന്റെ പേരില്‍ ആ മലഞ്ചെരിവ് ഇന്നും അറിയപ്പെടുന്നു! പണ്ട് രാക്ഷസന്റെ കെണിയില്‍പ്പെട്ടവരുടെ പ്രേതങ്ങള്‍ ഇന്നും റാലി താച്ചില്‍ അലഞ്ഞുനടപ്പുണ്ടെന്നാണ് മറ്റൊരു ഗ്രാമഭാഷ്യം. ഇത്തരത്തിലുള്ള വിചിത്രമായ പ്രേതകഥകളാലും ഗ്രാമചരിതങ്ങളാലും സമ്പന്നമാണ് മലാനി ഗോത്രം. മലാനികളുടെ കഥകളേയും ആചാരങ്ങളേയും ആശ്ചര്യത്തോടെയാണ് ചുറ്റുമുള്ള പഹാഡികളും നോക്കിക്കാണുന്നത്.

ഏകതാനമായ എത്നോഗ്രാഫിക്ക് അടയാളങ്ങളുള്ള, കേവലം രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങള്‍ മാത്രമുള്ള ഒരു ഗോത്രസമൂഹമാണ് മലാനയില്‍ വസിക്കുന്നത്. അവരുടെ സാംസ്‌കാരികമായ അടരുകള്‍ക്ക് ഇന്ത്യയിലെ മറ്റൊരു ഗോത്രവുമായി വിദൂരസാമ്യം പോലുമില്ല എന്നത് അതിശയകരമാണ്. സമീപ ഗ്രാമങ്ങളില്‍ വസിക്കുന്ന പഹാഡികള്‍ക്കുപോലും മനസ്സിലാവാത്ത കനാഷിയെന്ന ഗോത്ര ഭാഷയിലാണ് നല്ലൊരു ഭാഗം മലാനികളും ആശയവിനിമയം നടത്തുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് കനാഷി ഭാഷ പഠിക്കുവാനോ സംസാരിക്കുവാനോ അനുവാദമില്ല. ലിപിയില്ലെങ്കിലും ഭാഷാസാഹിത്യത്തെ വെല്ലുന്ന നിരവധി ഗ്രാമചരിതങ്ങളും അപസര്‍പ്പക കഥകളും ചരിത്രാഖ്യാനങ്ങളുമെല്ലാം വാമൊഴിയായി കാനാഷി ഭാഷയില്‍ ലയിച്ചുകിടക്കുന്നു.

സദസ്സിലെ ബഹളങ്ങള്‍ മെല്ലെ കുറഞ്ഞുവന്നു; രാത്രി ഒരുമണി കഴിഞ്ഞിരുന്നു. മാസ്റ്റര്‍ജിയുടെ മകന്റെ സുഹൃത്തുക്കള്‍ യാത്രപറഞ്ഞു. തണുപ്പിന്റെ ആധിക്യം ക്രമാനുഗതമായി കൂടിക്കൊണ്ടിരുന്നു. നെരിപ്പോടിലെ തീനാളങ്ങള്‍ കനലില്‍ തളര്‍ന്നുവീണ് പുകയാന്‍ തുടങ്ങി. കനലിനു മുകളില്‍വെച്ച കരിപിടിച്ച ഒരു കെറ്റിലില്‍ കടുംചായ ചൂടായിക്കൊണ്ടിരുന്നു. മലഞ്ചെരിവിലുള്ള മറ്റുചില കുടിപ്പര്‍പ്പുകളില്‍ കനലിന്റെ തരിവെട്ടം തെളിഞ്ഞുകണ്ടു. മഞ്ഞുവീണ കുന്നുകളില്‍ മങ്ങിയ നിലാവെളിച്ചം ഒഴുകിപ്പരന്നു. തീയിലേക്ക് വിറക് ഇട്ടുകൊടുത്തുകൊണ്ടിരുന്ന സ്ത്രീകളുടെ നാടന്‍ മൊഴിപ്പേച്ചുകള്‍ കനല്‍ക്കട്ടകളില്‍നിന്നുയര്‍ന്ന തീപ്പൊരിക്കൊപ്പം ചിതറിത്തെറിച്ചു. പഹാഡിയുടെ വകഭേദമായ കുളൂഹിയിലായിരുന്നു വേഗതയാര്‍ന്ന ഒരു താളത്തിലുള്ള അവരുടെ സംസാരം.

നരങ്ങിന് സമീപത്തെ ചുരപാത
നരങ്ങിന് സമീപത്തെ ചുരപാത

എന്റെ ശ്രദ്ധ ചുറ്റുമുള്ള പ്രകൃതിയിലേക്കും താഴ്വരയിലെ ദേവദാരു മരങ്ങള്‍ക്കിടയില്‍നിന്നു കേട്ട അജ്ഞാതമായ ഏതോ രാപ്പാടിയുടെ പാട്ടിലേക്കും തിരിഞ്ഞു. കുറച്ചുനേരം ഞാന്‍ അവിടുന്ന് മാറിനിന്ന് നീലരാശി പടര്‍ന്ന നിമ്നോന്നതങ്ങളുടെ ഗഹനതയെക്കുറിച്ച് ധ്യാനിച്ചു; പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന കുളൂഹി ഭാഷയിലുള്ള സംഭാഷണങ്ങളും സ്ത്രീകളുടെ ചിരിയും നേര്‍ത്ത ശീതക്കാറ്റില്‍ അലിഞ്ഞുചേര്‍ന്ന് ഏതോ അയഥാര്‍ത്ഥ ലോകത്തുനിന്നുള്ള ശബ്ദശകലങ്ങള്‍പോലെ പ്രതിധ്വനിച്ചു. ദൂരെ, പൈന്‍മരങ്ങളില്‍ തണുത്തുവിറച്ച് ഉറങ്ങുന്ന കിളികളെക്കുറിച്ചും മലകള്‍ക്കപ്പുറം, മിത്തുകളില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും ഞാനോര്‍ത്തു. ശരീരത്തിന് അസഹ്യമെങ്കിലും അലൗകികമായ പ്രതീതിയുള്ള നേര്‍ത്ത കാറ്റിന്റെ ശീതളിമ അസ്ഥികളെ വന്നുതൊട്ടു. കഥകള്‍ മേയാനിറങ്ങിയ ഒരു താഴ്വരയായിരുന്നു അത്! പ്രപഞ്ചത്തിലെ വിചിത്ര ഭാവനകള്‍ ഒന്നാകെ കൂട്ടത്തോടെ കുന്നിറങ്ങിവരുന്ന താഴ്വര!

പൊടുന്നനെ, ഒരുതരം ട്രാന്‍സ് ഉന്മാദാവസ്ഥയില്‍ സ്വയം നഷ്ടപ്പെട്ടുപോയ എന്നെ ഞാന്‍ ബോധത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. അതിനിടെ സദസ്സിലെ അംഗസംഖ്യ കുറഞ്ഞുവന്നു. തീ കാഞ്ഞശേഷം വീട്ടിലേയ്ക്കു പോകും മുന്‍പ് ഒരു സ്ത്രീ എല്ലാവര്‍ക്കും ഓരോ കടുംചായ പകര്‍ന്നുതന്നു. വിറയ്ക്കുന്ന കയ്യിലിരുന്ന് തുളുമ്പിപ്പോകും മുന്‍പ് ഞാന്‍ കടുംചായ അകത്താക്കി. നെരിപ്പോടിലെ വിറക് തീര്‍ന്നിരുന്നു; അവശേഷിച്ച ചെറിയ മരകഷണങ്ങള്‍കൂടി മാസ്റ്റര്‍ജി കനലിലേക്ക് ഇട്ടുകൊടുത്തു. കനല്‍ക്കട്ടകള്‍ ഇളകി, ചുവന്ന തീപ്പോരികള്‍ ഉയര്‍ന്നുപാറി. ഉറങ്ങാന്‍ പോകുംവരെ മാസ്റ്റര്‍ജിക്കൊപ്പം ഞാനും പുറത്തുതന്നെയിരുന്നു. തീരാറായ ഒരു കഞ്ചാവ് കുറ്റിയെടുത്ത് മാസ്റ്റര്‍ജി കനല്‍ക്കൊള്ളികൊണ്ട് വീണ്ടും കത്തിച്ചു. ഏറെ വൈകിയും മിത്തുകളില്‍ അന്തര്‍ലീനമായ ഒരു സംസ്‌കാരത്തില്‍ പുലരുന്ന മലാനയെക്കുറിച്ചുതന്നെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. 

2. 
പുലര്‍ച്ചെ, കുന്നിന്‍ച്ചെരിവുകളില്‍ വെളിച്ചം വീണുതുടങ്ങിയപ്പോള്‍ത്തന്നെ ഞാന്‍ മാസ്റ്റര്‍ജിക്കൊപ്പം നരങ്ങിലെത്തി. മഞ്ഞുകാലത്ത്, നരങ്ങില്‍നിന്നും മലാനയിലെത്താന്‍ ഒരു മണിക്കൂറോളം നടക്കേണ്ടിവരും. മലാനയിലേക്ക് വഴികാട്ടുന്ന കവാടം കടന്നാലുടന്‍ ഢ രൂപ താഴ്വരയിലേക്കുള്ള ഇറക്കമാണ്. ഇറക്കമിറങ്ങി താഴെയെത്തുമ്പോള്‍ പാര്‍വ്വതി നദിയെ ലക്ഷ്യമാക്കി നീങ്ങുന്ന ഒരു ചെറിയ പോഷകപ്രവാഹം കാണാം. ദിയോ തിബ്ബയിലെ മഞ്ഞുരുകി ഒഴുകിയെത്തുന്ന പ്രവാഹം മലാനയിലെത്തുമ്പോള്‍ മലാന 'നാലാ'യായി പരിണമിക്കുന്നു. 'നാലാ'യ്ക്ക് (ആറിന്) കുറുകെയുള്ള ചെറിയ നടപ്പാലം കടന്നാല്‍ പിന്നീട് മുകളിലേക്കുള്ള കയറ്റമാണ്. കഴിഞ്ഞ ദിവസത്തെ മഞ്ഞുവീഴ്ചയില്‍ മഞ്ഞുറഞ്ഞുകിടന്ന നടപ്പാതയിലൂടെയുള്ള കുന്നിനു മുകളിലെ ജനപദം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മലമടക്കിന്റെ മുകളിലുള്ള തുറസ്സിലും മലഞ്ചെരിവിലും ഉയര്‍ന്നുനിന്ന കുഞ്ഞുപാര്‍പ്പിടങ്ങളെ മഞ്ഞുകാലം തൂവെള്ള നിറത്തില്‍ അലങ്കരിച്ചു നിര്‍ത്തി. വന്യമായ കുന്നുകളും മലഞ്ചെരിവുകളും ഗോത്രസമൂഹങ്ങളെ എങ്ങനെ പരിപാലിച്ചു നിലനിര്‍ത്തുന്നു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് മലാന ഗ്രാമം. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ സുസ്ഥിരവും നൈസര്‍ഗ്ഗികവുമായ ഒരു താളത്തില്‍ പുലരുന്നവരാണ് മലാനി ഗോത്രക്കാര്‍. മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ നടന്നുകയറി. ഞങ്ങള്‍ മുകളിലേക്കു കയറുമ്പോള്‍ താഴേക്ക് ഇറങ്ങിവന്ന രണ്ട് സ്ത്രീകള്‍ ഞങ്ങളുടെ വസ്ത്രങ്ങളുടെ തുമ്പില്‍പ്പോലും സ്പര്‍ശിക്കാതിരിക്കാനുള്ള ജാഗ്രതയില്‍ വഴിയില്‍നിന്നു മാറിനിന്നു. പുറമെ നിന്നുള്ളവരെ സ്പര്‍ശിക്കുന്നതും ഇടപഴകുന്നതും മലാനികള്‍ക്കു നിഷിദ്ധമാണ്.

മഞ്ഞിന്റെ കാലടികൾ വീണുറങ്ങുന്ന താഴ്വര
മഞ്ഞിന്റെ കാലടികൾ വീണുറങ്ങുന്ന താഴ്വര

ചന്ദര്‍ഖനി ശിഖിരത്തിനും ദിയോ തിബ്ബ കൊടുമുടിക്കും ഇടയിലുള്ള പ്രശാന്തമായ ഒരു താഴ്വര! നാല് ദിക്കിലും ദേവദാരു മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മലകള്‍. സമീപത്തുള്ള വൈച്ചിംഗ് വാലി, റാലി താച്ച് തുടങ്ങിയ താഴ്വരത്തട്ടുകള്‍. മലാനയും കടന്ന് മുകളിലേക്കു പോകുന്ന സാഹസിക സഞ്ചാരികളുടെ ചന്ദര്‍ഖനി ചുരപാത. കുത്തനേയുള്ള മലകളിലൂടെ മണിക്കൂറുകള്‍ കയറിയിറങ്ങിയാല്‍ മാത്രം എത്തിച്ചേരാന്‍ കഴിയുന്ന കുന്നിന്‍മറവിലെ മരുവ്വാനാ താഴ്വരകള്‍. അവിടെനിന്നും പല ദിക്കിലേക്കും പിരിഞ്ഞുപോകുന്ന ഇടയന്മാര്‍ക്കു മാത്രം അറിയുന്ന കാട്ടുപാതകള്‍! കൊളോണിയല്‍ കാലഘട്ടത്തിനു മുന്‍പുവരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നിലയില്‍ ഒറ്റപ്പെട്ട ഒരു ഗോത്രഗ്രാമമായിരുന്നു മലാന. ഇന്നു കാണുന്ന റോഡുകളോ ഇന്നത്തെ കസോള്‍പോലെയുള്ള സമീപ പട്ടണങ്ങളോ ഒന്നും അന്നുണ്ടായിരുന്നില്ല. 45 കിലോമീറ്റര്‍ ദൂരെ, പിന്‍ഭാഗത്തെ മലകള്‍ക്കപ്പുറമുള്ള താഴ്വരയിലെ നഗ്ഗര്‍ പട്ടണത്തില്‍നിന്ന് ട്രെക്ക് ചെയ്ത് ചന്ദര്‍ഖനി ചുരം വഴിയായിരുന്നു ആ കാലഘട്ടത്തില്‍ വിദേശികള്‍ മലാന സന്ദര്‍ശിച്ചിരുന്നത്. പില്‍ക്കാലത്താണ് ഭുന്താറും കസോളുമൊക്കെ പൊതുഗതാഗതത്തിന്റെ ഭാഗമാകുന്നത്. ജറിയില്‍നിന്ന് നരങ്ങിലേക്ക് റോഡ് വരും മുന്‍പുവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ മലാനികള്‍ ഉപയോഗിച്ചിരുന്നത് താഴ്വരയുടെ ഓരം ചേര്‍ന്നുള്ള കാട്ടുപാതയായിരുന്നു. മലാനയിലെ ഇടയന്മാര്‍ ഇന്നും അതുവഴി സമീപ ഗ്രാമങ്ങളിലേക്കും ജറിയിലേക്കും പോകാറുണ്ടെന്ന് മാസ്റ്റര്‍ജി പറഞ്ഞു. മലാനയില്‍നിന്നും ആറു കിലോമീറ്ററോളം അകലെയുള്ള റഷോളില്‍ എത്തിച്ചേരുന്ന ഒരു വനപാതയെക്കുറിച്ചും റഷോളിലെ സ്ത്രീകളെ പ്രണയിക്കാന്‍ പോയി ഗ്രാമത്തില്‍നിന്നു പുറത്താക്കപ്പെട്ട മലാനി ഇടയന്മാരെക്കുറിച്ചും മാസ്റ്റര്‍ജി കഴിഞ്ഞരാത്രി പറഞ്ഞിരുന്നു. ഒരുപക്ഷേ, സംവത്സരങ്ങള്‍ ഈ മലഞ്ചെരിവില്‍ ഒറ്റപ്പെട്ടു കിടന്ന ജനത പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയുള്ള അലച്ചിലിനിടയ്ക്ക് കണ്ടെത്തിയതാവാം ഇത്തരം കാട്ടുവഴികള്‍! 

ഞങ്ങള്‍ മലാനയുടെ മുകളിലെത്തി, ഗ്രാമത്തിലെ പ്രധാന തുറസ്സിലേക്ക് നടന്നു. ഗ്രാമക്ഷേത്രവും അവിടെനിന്ന് കുറച്ചുമാറി മലാനയിലെ സ്‌കൂളും കണ്ടു. തദ്ദേശീയരുമായി അടുത്ത് ഇടപഴകുന്നതിനും ക്ഷേത്രഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിനും ഫോട്ടോകള്‍ പകര്‍ത്തുന്നതിനും ഗ്രാമത്തില്‍ പൂര്‍ണ്ണമായ നിരോധനമുണ്ട്. ക്യാമറ പുറത്തെടുക്കുന്നത് മാസ്റ്റര്‍ജി ആദ്യമേ നിരുത്സാഹപ്പെടുത്തിയിരുന്നു. മാസ്റ്റര്‍ജി ഒപ്പമുണ്ടായിരുന്നിട്ടും ഒരു നുഴഞ്ഞുകയറ്റക്കാരനായിട്ടാണ് സ്വയം അനുഭവപ്പെട്ടത്. ചില കുട്ടികള്‍ മാസ്റ്റര്‍ജിയുടെ അടുത്തേക്ക് ഓടിവന്ന് സംസാരിച്ചു. അതുവഴി വന്ന ഏതാനും തദ്ദേശിയര്‍ മാസ്റ്റര്‍ജിയെ അഭിവാദ്യം ചെയ്ത് കടന്നുപോയി. മഞ്ഞുവീഴ്ച കാരണം സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്. പരമ്പരാഗത മാതൃകയില്‍ നിര്‍മ്മിച്ച പഴയ മന്ദിരത്തില്‍ യു.പി സ്‌കൂള്‍ വരെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ വിരളമാണെങ്കിലും പേരിന് ഹൈസ്‌കൂളും കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരിയിലെ ഫഗ്ലി ഉത്സവകാലത്തെ ചടങ്ങുകളൊക്കെ നടക്കുന്ന പ്രധാന വേദികൂടിയായിരുന്നു ആ തുറസ്സ്. ഗ്രാമത്തിലെ പൊതുയിടമായ അവിടെയാണ് ഗ്രാമമുഖ്യന്മാര്‍ പല പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒത്തുകൂടുന്നതും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. സാധാരണ സജീവമായി കാണുന്ന ആ വേദി മഞ്ഞുകാലമായതിനാലാണ് ആളൊഴിഞ്ഞു കിടക്കുന്നതെന്ന് മാസ്റ്റര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞ കഥകളുടെ തുടര്‍ച്ചയെന്നോണം ഗ്രാമത്തിലൂടെ ചുറ്റിനടന്ന് മാസ്റ്റര്‍ജി ഓരോ കാര്യങ്ങള്‍ വിശദീകരിച്ചു. രാവിലത്തെ തണുപ്പിന്റെ ആധിക്യത്തില്‍നിന്നും മുക്തിനേടാന്‍ വീടുകളുടെ മുന്നിലിരുന്നു തീ കാഞ്ഞ പടുവൃദ്ധര്‍ തലയുയര്‍ത്തി എന്നെ നോക്കി. വെയിലത്ത് മാറിനിന്ന മധ്യവയസ്‌കരായ മറ്റു ചിലര്‍ മണ്‍ത്തിട്ടകളുടെ വക്കില്‍ കുത്തിയിരുന്നു പുകവലിച്ചു.

ഓഫ് സീസണിലെ മലാന/ ഫോട്ടോ: ഇസ്മയില്‍
ഓഫ് സീസണിലെ മലാന/ ഫോട്ടോ: ഇസ്മയില്‍

'കാത്ത് ഖുനി' മാതൃകയിലുള്ള കെട്ടിടങ്ങളും ക്ഷേത്രഭാഗങ്ങളും 2008-ല്‍ മലാനയിലുണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. അതിനുശേഷം ക്ഷേത്രം പഴയ മാതൃകയില്‍ത്തന്നെ പുതുക്കിപ്പണിതെങ്കിലും തടിയില്‍ കൊത്തിവെച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല പൈതൃക രൂപങ്ങളും പുന:സൃഷ്ടിക്കാനായില്ലെന്ന് മാസ്റ്റര്‍ജി പറഞ്ഞു. തടിയും കരിങ്കല്ലും ഉപയോഗിച്ച് കാത്ത് ഖുനി മാതൃകയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കു പൊതുവേ മൂന്ന് നിലകളാണുള്ളത്. ഏറ്റവും താഴ്ഭാഗം കന്നുകാലികളുടേയും അവയ്ക്കുള്ള തീറ്റയുടേയും സ്ഥാനമാണ്. അതിനു മുകളിലെ മുറിയില്‍ ധാന്യങ്ങളും അവശ്യവസ്തുക്കളും ഭക്ഷണവും സൂക്ഷിക്കുന്നു. ഏറ്റവും മുകളിലാണ് വീട്ടിലുള്ളവര്‍ താമസിക്കുക; അവിടെനിന്ന് ഇരുവശങ്ങളിലേക്കും തള്ളിനില്‍ക്കുന്ന ബാല്‍ക്കണി വീട്ടിലെ ഏറ്റവും സജീവമായ ഇടമായിരിക്കും. വീടുകള്‍ക്ക് സമീപത്തുകൂടി നടക്കുമ്പോള്‍ മാസ്റ്റര്‍ജി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 

കാത്ത് ഖുനി മാതൃകയിലെ വീടുകള്‍ അവയുടെ നിര്‍മ്മാണരീതിയുടെ പ്രത്യേകതകള്‍കൊണ്ട് നിരവധി തവണ ഭൂചലനങ്ങളെ അതിജീവിച്ച ചരിത്രമുണ്ട്. മരത്തൂണുകളുടെ വിദഗ്ദ്ധമായ ലോക്കിങ്ങ് സംവിധാനമാണ് അതിനു കാരണം. അതു മാത്രമല്ല, തേയ്ക്കാതെ അടുക്കിയിരിക്കുന്ന കല്‍ഭിത്തി ഭൂചലനത്തില്‍ ഇളകിയാലും തകരില്ല. കരിങ്കല്ലും മരവും പ്രത്യേക അനുപാതത്തില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ കാത്ത് ഖുനി വീടുകള്‍ ഏത് കാലാവസ്ഥയേയും അതിജീവിക്കുമെന്ന് പൊതുവേ കരുതിപ്പോകുന്നു. എന്നാല്‍, 2008-ലെ തീപിടുത്തത്തിനുശേഷം നിരവധി ഗ്രാമീണര്‍ തകരം മേഞ്ഞ വീടുകളിലേക്കും കോണ്‍ക്രീറ്റ് വീടുകളിലേക്കും ചേക്കേറിയിട്ടുണ്ട്.

മലാനയിലെ ഗോത്രനിയമപ്രകാരം, പുറത്തുനിന്നെത്തുന്ന സകല മനുഷ്യരും അവിടെ അസ്പൃശ്യരാണ്. മലാനി ഗോത്രക്കാര്‍ അവര്‍ വരേണ്യവര്‍ഗ്ഗമാണെന്നു കരുതുകയും മറ്റു ജനവിഭാഗങ്ങള്‍ തങ്ങളെ സ്പര്‍ശിക്കുന്നത് അശുദ്ധിയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. സഞ്ചാരികളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കടകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ കൃത്യമായ അകലം പാലിച്ച് പണം നിലത്തുവെച്ച് കൊടുക്കുകയും കടക്കാരന്‍ നിലത്തു വെച്ചുതരുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുകയും വേണം. അറിയാതെ പോലും ആരെയും തൊടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മാത്രമല്ല, സഞ്ചാരികള്‍ ആരെങ്കിലും ക്ഷേത്രഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ അതിനുള്ള പിഴ അടക്കുകയും വേണം. മാസ്റ്റര്‍ജി ഒരു മധ്യവയസ്‌കനുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ ക്ഷേത്രത്തിന്റെ സമീപത്തേക്ക് നടന്നുപോയി ചുറ്റുപാടുമൊന്ന് വീക്ഷിച്ചു. മരത്തില്‍ തീര്‍ത്ത ക്ഷേത്രഭിത്തികളില്‍ ഗ്രാമചരിതവുമായി ബന്ധപ്പെട്ട ചില രൂപങ്ങള്‍ കൊത്തിയിരിക്കുന്നത് കണ്ടു. പല കാലങ്ങളിലായി ക്ഷേത്രത്തില്‍ ബലികഴിപ്പിച്ച മൃഗങ്ങളുടേയും ആട്ടിന്‍കുട്ടികളുടേയും കൊമ്പുകള്‍ ക്ഷേത്രഭിത്തിയില്‍ തൂക്കിയിട്ടുണ്ട്.

അർദ്ധ രാത്രിയിൽ തീ കായുന്ന യുവതി
അർദ്ധ രാത്രിയിൽ തീ കായുന്ന യുവതി

ദൂരെനിന്ന് എന്നെ വീക്ഷിച്ച ചില തദ്ദേശീയരുടേയോ ദൃഷ്ടി എന്റെ മേല്‍തന്നെ പതിഞ്ഞിരിക്കുകയാണെന്നു തോന്നി; ഞാന്‍ മെല്ലെ അവിടെനിന്നും പിന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ മാസ്റ്റര്‍ജി കൂടെയുണ്ടായിരുന്ന മധ്യവയസ്‌കനുമായി എന്റെയടുത്തേയ്ക്ക് വന്നു. പറഞ്ഞുതീരാത്ത എന്തോ മാസ്റ്റര്‍ജിയെ നിരന്തരം ബോധിപ്പിക്കാന്‍ പാടുപെടുന്നതുപോലെ അയാള്‍ മാസ്റ്റര്‍ജിയോടോപ്പം നടന്നു സംസാരിച്ചുകൊണ്ടിരുന്നു. മാസ്റ്റര്‍ജി അയാളെ കൂടുതല്‍ വകവെയ്ക്കാത്തതുപോലെ എനിക്കു തോന്നി. അയാള്‍ അസ്വസ്ഥമായ ശരീരഭാഷയോടെ ക്ഷേത്രത്തിനടുത്തേക്ക് നടന്ന്, വീണ്ടും തിരിച്ചുവന്ന് ഞങ്ങളോട് അതിശയോക്തിയോടെ പറഞ്ഞു:

''ക്ഷേത്രത്തിന്റെ ഉള്ളറയില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള തിരുശേഷിപ്പുകളുണ്ട്; പലകാലങ്ങളില്‍ വേട്ടയാടിയ മൃഗങ്ങളുടെ തോലുകളും പ്രാചീന ആയുധങ്ങളും പോറസുമായുള്ള യുദ്ധകാലത്ത് ഉപയോഗിച്ച വാളുകളും വരെ അതിനുള്ളിലുണ്ട്!'' ഞാന്‍ അത് ശരിവെയ്ക്കുന്നതു പോലെ തലയാട്ടി ആശ്ചര്യത്തോടെ കേട്ടുനിന്നു.

പൂജാരിക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാര അറയുമായി ബന്ധപ്പെട്ട പല കഥകള്‍ കേട്ടിട്ടുള്ളതുകൊണ്ട് മാസ്റ്റര്‍ജി അയാള്‍ പറഞ്ഞത് കാര്യമാക്കാതെ മൗനം പാലിച്ചു. പിന്നീട്, കഥകളില്‍നിന്നും മിത്തുകളേയും യാഥാര്‍ത്ഥ്യങ്ങളേയും തരംതിരിക്കാന്‍ പാടുപെട്ട മാസ്റ്റര്‍ജി കൂടുതല്‍ വ്യക്തമായ ആഖ്യാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് എന്നെയും കൂട്ടി രേണുക ദേവി ക്ഷേത്രത്തിന്റെ സമീപത്തേയ്ക്കു നടന്നു. 

3
സഹസ്രാബ്ദങ്ങളുടെ ചരിത്രവും ഗോത്രപൈതൃകവും അവകാശപ്പെടുന്ന ഒരു തലമുറയാണ് മലാനയില്‍ ഇന്നും വസിക്കുന്നത്. പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയാണ് മലാനയുടെ കാലാതിവര്‍ത്തിയായ പൈതൃകത്തിന് ആധാരം. മലാനയിലെ പ്രധാന ആചാരങ്ങളും ഗോത്രനിയമങ്ങളുമെല്ലാം സപ്തര്‍ഷികളില്‍ ഒരാളും പരശുരാമന്റെ പിതാവുമായ ജമദഗ്‌നി ഋഷിയുമായി ബന്ധപ്പെട്ട നാട്ടുചരിതവുമായി ലയിച്ചുകിടക്കുന്നു. മലാനക്കാരുടെ സ്വന്തം ജംലു ഋഷിയായ ജമദഗ്‌നിയുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പുരാണങ്ങളിലുണ്ട്. എന്നാല്‍, മലാനയുമായി ബന്ധപ്പെട്ട കഥ പ്രാദേശികമായി ഉരുത്തിരിഞ്ഞ നാട്ടു'ചരിത'മാണ്. ആ കഥയിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇങ്ങനെയാണ്: മദ്ധ്യദേശങ്ങളില്‍ ചൂട് കൂടിക്കൊണ്ടിരുന്ന കാലത്ത് ജമദഗ്‌നി ഋഷി സ്വസ്ഥവും സുന്ദരവുമായ ഒരിടത്തിനായി ദേവന്മാരോടു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട ശിവന്‍ ചന്ദര്‍ഖനി ശിഖരത്തിന്റെ പാര്‍ശ്വത്തില്‍, ദേവതാരുക്കള്‍ നിറഞ്ഞ മലാന താഴ്വരയിലേക്ക് ജമദഗ്‌നി ഋഷിയെ അയച്ചു. മലാനയിലെത്തിയ ജമദഗ്‌നി ഋഷിക്ക് അവിടുത്തെ അസുരരാജനായിരുന്ന ബാണാസുരനുമായി ഏറ്റുമുട്ടേണ്ടിവന്നു. യുദ്ധത്തില്‍ ആരുംതന്നെ ജയിക്കാതിരുന്നതിനാല്‍ ഇരുവരും ഒരു സമാധാന ഉടമ്പടിയില്‍ യുദ്ധം അവസാനിപ്പിച്ചു. ഉടമ്പടി പ്രകാരം മലാനയുടെ നീതിന്യായം ജമദഗ്‌നി ഋഷിക്കും ഭരണകാര്യങ്ങള്‍ ബാണാസുരനും കൈകാര്യം ചെയ്യാമെന്ന വ്യവസ്ഥയുണ്ടായി. ജംലു ഋഷിയെന്നും ജംലു ദേവ്താ എന്നും മലാനികള്‍ വിളിക്കുന്ന ജമദഗ്‌നി ഋഷിയാണ് മലാനയിലെ പുരാതനമായ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതേസമയം അവരുടെ ആദ്യ രാജാവായിരുന്ന ബാണാസുരനെ ഫഗ്ലി ഉത്സവകാലത്തെ ആചാരങ്ങള്‍ക്കു മുന്നോടിയായുള്ള പ്രാരംഭ ബലിയിലൂടെ ഓര്‍ക്കുകയും ചെയ്യുന്നു.

ജമദഗ്‌നി ഋഷിയെ മലാനികള്‍ അവരുടെ നാഥനും ദൈവവുമായി കരുതുന്നു. ജമദഗ്‌നി ഋഷി തന്റെ പ്രതിനിധിയായ ക്ഷേത്ര പുരോഹിതനിലൂടെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും മലാനയുടെ ഭരണം മുന്നോട്ട് പോകുന്നതെന്ന് മലാനികള്‍ വിശ്വസിക്കുന്നു. പാരമ്പര്യമായി കൈവരുന്ന സ്ഥാനമാണെങ്കിലും പൂജാരിയെ തിരഞ്ഞെടുത്ത ശേഷം, ആ സ്ഥാനത്തിരിക്കുമ്പോള്‍ അനുശീലിക്കേണ്ട ജീവിതനിഷ്ഠകള്‍ മനസ്സിലാക്കിക്കൊടുക്കുന്ന ചുമതല തോജ് ബാരിയ എന്ന തദ്ദേശ സഖ്യത്തിനാണ്.

മലാനയിലെ പുരാതനമായ ഗ്രാമഭരണ സംവിധാനം ഹക്കീമ എന്നാണ് അറിയപ്പെടുന്നത്. പതിനൊന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹക്കീമ കൗണ്‍സില്‍. രണ്ട് തട്ടുകളിലായി തിരിച്ചാണ് കൗണ്‍സില്‍ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കാനാഷിയില്‍, ജെയ്ഷ്ടങ്ങ് എന്ന് വിളിക്കുന്ന മുകളിലെ തട്ടില്‍ പാരമ്പര്യമായി കൈവരുന്ന കര്‍മിഷ്ട്, പൂജാര, ഗുര്‍ (നിര്‍വ്വാഹകന്‍, പൂജാരി, വക്താവ്) എന്നീ മൂന്ന് സ്ഥാനങ്ങളാണുള്ളത്. ബാക്കിയുള്ള എട്ട് പേരടങ്ങുന്ന താഴത്തെ തട്ടിനെ കനിഷ്ടങ്ങ് എന്നു വിളിക്കുന്നു, ഈ എട്ടുപേരെയും തെരഞ്ഞെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ആധുനിക ജനാധിപത്യ സംവിധാനങ്ങളൊക്കെ നിലവില്‍ വരുന്നതിനു സഹസ്രാബ്ദങ്ങള്‍ മുന്‍പുതന്നെ മലാനി ഗോത്രക്കാര്‍ ജനാധിപത്യ മാതൃകയിലുള്ള ഈ തെരഞ്ഞെടുപ്പ് നടത്തിവരുന്നു.

മലാന നദി പഹേളിനടത്തു നിന്നുള്ള ദൃശ്യം
മലാന നദി പഹേളിനടത്തു നിന്നുള്ള ദൃശ്യം

ജമദഗ്‌നി ഋഷിയില്‍നിന്നു നേരിട്ട് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ (വെളിപാടുകള്‍) അനുസരിച്ചാണ് അന്തിമ തീരുമാനങ്ങള്‍ ജെയ്ഷ്ടങ്ങ് കൈക്കൊള്ളുന്നതെങ്കിലും ഗ്രാമത്തിലെ ഓരോ പ്രശ്‌നപരിഹാരത്തിനായും ക്ഷേത്രത്തിനു മുന്‍പിലെ തുറസ്സില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങളുടേയും ഗ്രാമീണരുടേയും പൊതുവായ സമ്മേളനം നടക്കുന്നു. രണ്ടുപേര്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ ആദ്യം അതു താഴെത്തട്ടിലെത്തുന്നു; അവിടെ പരിഹാരമുണ്ടായില്ലെങ്കില്‍ വിഷയം മുകളിലെ തട്ടിലേക്ക് കൈമാറുന്നു. തൊണ്ണൂറ് ശതമാനം പ്രശ്‌നങ്ങള്‍ക്കും മുകളിലെ തട്ടില്‍ത്തന്നെ പരിഹാരമുണ്ടാകുന്നു. അപൂര്‍വ്വമായി മുകളിലെ തട്ടിലും പരിഹാരം കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ 'ഗുര്‍' അഥവാ ദൈവത്തിന്റെ വക്താവ് നിയോഗിക്കപ്പെടുന്നു. ഗുര്‍ വെളിച്ചപ്പാടിനെയൊക്കെപ്പോലെ താന്ത്രിക പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. അന്തിമ തീരുമാനത്തിന്റെ വെളിപാട് കിട്ടിയാല്‍ ഗുര്‍ ഒരു മൃഗബലി പ്രഖ്യാപിക്കും. ആരാണ് കുറ്റവാളി എന്നാണ് തിരുമാനിക്കേണ്ടുന്നതെങ്കില്‍ കുറ്റം ആരോപിക്കപ്പെട്ട രണ്ട് പേരും ഓരോ ആടിനെ വീതം കൊണ്ടുവരണം. ആടിന്റെ കാലില്‍ ഒരു മുറിവുണ്ടാക്കി അതില്‍ വിഷം വെച്ചുകെട്ടി വിടും. വേദന തിന്ന് നടക്കുന്ന ആടുകളെ നിരീക്ഷിച്ച് ആദ്യം ചത്തുവീഴുന്നത് ആരുടെ ആടാണെന്നു നോക്കും. ആദ്യം ചാവുന്ന ആടിന്റെ ഉടമയെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു! ഇങ്ങനെയുള്ള മൃഗബലിയിലൂടെ ജമദഗ്‌നി ഋഷിയാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നാണ് മലാനികളുടെ വിശ്വാസം.

ഇതൊന്നും കൂടാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് റവന്യൂ, നിയമപാലനം തുടങ്ങിയ കാര്യങ്ങളിലുള്ള ചുമതലകളുണ്ട്. വനസംരക്ഷണം അതില്‍ പ്രധാനമാണ്; വിറകിനായിപ്പോലും മരം മുറിക്കാന്‍ ഗോത്രനിയമം മലാനികളെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ മരത്തില്‍നിന്നു വീഴുന്ന ചില്ലകള്‍ കാടുകയറി ശേഖരിക്കുന്നത് മലാനി സ്ത്രീകളുടെ ദിനചര്യയുടെ ഭാഗമാണ്. സ്വയരക്ഷയ്ക്കല്ലാതെ മൃഗങ്ങളെ വേട്ടയാടാനോ ഉപദ്രവിക്കാനോ പാടില്ല. ഇടയന്മാരെ ഉപദ്രവിക്കുന്ന തരത്തില്‍ കാട്ടില്‍ മൃഗങ്ങളുടെ സാന്നിധ്യമുണ്ടായാല്‍ ഗ്രാമ കൗണ്‍സിലിന്റെ അനുവാദത്തോടെ വേട്ടസംഘത്തെ മേച്ചില്‍പ്പുറങ്ങളിലേക്ക് അയക്കുകയാണ് പതിവ്. ഇങ്ങനെ ഗോത്രനിയമപ്രകാരം വേട്ടയാടിയ മൃഗങ്ങളുടെ കൊമ്പും തോലും ക്ഷേത്രഭണ്ഡാരത്തില്‍ സമര്‍പ്പിക്കണം.

4
മാസിഡോണിയന്‍ പടയും മലാനയും 

ഇന്നും ഗോത്രനിയമങ്ങളല്ലാതെ മറ്റൊരു നിയമവും മലാനക്കാര്‍ പ്രത്യക്ഷത്തില്‍ പാലിക്കുന്നില്ല. ആദിമകാലം മുതല്‍ നിലവിലുള്ള ഹക്കീമയെന്ന ഗോത്ര-ഭരണ സംവിധാനത്തിനു പ്രാചീന ഗ്രീക്ക് പാര്‍ലമെന്റുമായുള്ള സമാനതകള്‍ ഏറ്റവും പഴക്കമുള്ള ജനാധിപത്യമെന്ന ഖ്യാതി നേടാന്‍ മലാനയെ സഹായിച്ചിട്ടുണ്ട്.     അലക്‌സാണ്ടറുടെ ഇന്ത്യ ആക്രമണ കാലത്ത്, യുദ്ധം കഴിഞ്ഞ് മടങ്ങിപ്പോകാതെ ഇവിടെ തങ്ങിയ മാസിഡോണിയന്‍ പടയുടെ പിന്മുറക്കാരാണ് തങ്ങളെന്ന് മലാനികള്‍ വിശ്വസിക്കുന്നു. തങ്ങളുടെ ഹെലിനിക്ക് ബന്ധം സ്ഥാപിക്കുവാനായി മലാനികള്‍ ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത് ഗ്രീക്ക് ഭരണസംവിധാനവുമായുള്ള സാമ്യം തന്നെയാണ്. ബി.സി 326-ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ ആക്രമിച്ചപ്പോള്‍ പോറസുമായി ഝലം (ഹൈഡസ്പോസ്) നദീതീരത്തുവെച്ച് നടന്ന യുദ്ധത്തിലെ വിജയത്തെത്തുടര്‍ന്ന്, കൂടുതല്‍ കിഴക്കന്‍ ദേശങ്ങളിലേക്ക് പടനയിച്ച് അലക്‌സാണ്ടര്‍ നന്ദ സാമ്രാജ്യത്തിലും എത്തിയിരുന്നു. അന്ന് നന്ദ സാമ്രാജ്യത്തോട് യുദ്ധം ചെയ്ത് തളര്‍ന്നപ്പോള്‍ ഹൈഫാസസ് (ഇന്നത്തെ ബിയാസ്) നദിയുടെ തീരത്തു വന്ന് തമ്പടിച്ചിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനുശേഷം മാസിഡോണിയന്‍ പട തിരിച്ചുപോകുകയാണ് ഉണ്ടായത്. മലാനയില്‍നിന്നും അധികം ദൂരെയല്ല ബിയാസ് നദി എന്നത് മലാനക്കാരുടെ വാദത്തിനു ശക്തിപകരുന്നതാണ്. മലാനയില്‍നിന്നു കേവലം 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭുന്താറില്‍വെച്ചാണ് പാര്‍വ്വതി നദി ബിയാസ് നദിയില്‍ ലയിക്കുന്നത്. യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന വാള്‍ ക്ഷേത്ര ഭാണ്ഡാരത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിനു മുന്‍പില്‍വെച്ച് ഒരാള്‍ വാദിച്ചിരുന്നു!

അതേസമയം ഗ്രീക്ക്-ഹെലിനിക്ക് വിശ്വാസ പാരമ്പര്യമോ ആ കാലഘട്ടത്തിലെ മറ്റു ബഹുദൈവാരാധനയോ പിന്തുടര്‍ന്നിരുന്നതായി മലാനക്കാര്‍ അവകാശപ്പെടുന്നില്ല; അത്തരം പൈതൃകത്തെക്കുറിച്ച് അവരുടെ പൂര്‍വ്വികര്‍ പറഞ്ഞിരുന്നതായി ആരുടേയും വിദൂര സ്മരണയില്‍ പോലുമില്ല! ഒരുപക്ഷേ, കുന്നുകളില്‍നിന്നും ഹെലിനിക്ക് വിശ്വാസങ്ങളെ ഭൂതകാലത്തിലേക്ക് കുടിയിറക്കിയിട്ട് പുതിയ മിത്തുകളും ഹൈന്ദവ വിശ്വാസങ്ങളുമൊക്കെ പില്‍ക്കാലത്ത് കുടിയേറി പാര്‍ത്തതാവം! എന്തൊക്കെയായാലും ഫഗ്ലി ഉത്സവകാലത്തെ മരുവ്വാന ഇല ചുറ്റിയുള്ള അസുരനൃത്തവും ഗോത്രാചാരം മാത്രം അനുസരിച്ചുള്ള വിവാഹവുമൊക്കെ മലാനയെ ചുറ്റുമുള്ള ഹൈന്ദവ സമൂഹങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നു. ഇന്തോ-ആര്യന്‍ കുടുംബത്തിനു പുറത്തുള്ള ഗോത്രഭാഷയും ഹിമാചലിലെ മറ്റു തദ്ദേശീയ ജനതയില്‍നിന്നും വ്യത്യസ്തമായ മലാനികളുടെ നിറവും രൂപവുമൊക്കെ തനതായ ഒരു ഗോത്രജനതയായാണ് മലാനികളെ വെളിപ്പെടുത്തുന്നത്. അതീതകാലം മുതല്‍ മറ്റൊരു ജനവിഭാഗവുമായി ഇടപഴുകാതെ നിലനിന്ന് പോന്നതിനാലാണ് മലാനികള്‍ക്ക് ഇന്നും അവരുടെ ആര്യന്‍ അടയാളങ്ങളായ ചെമ്പിച്ച മുടിയും ഗോതമ്പ് നിറവും ഉയര്‍ന്ന മൂക്കും അതുപോലെതന്നെയുള്ളതെന്ന് പല നരവംശശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

വിദേശികളും സ്വദേശികളുമായ നരവംശശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും മലാനയിലെത്തി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ ശാസ്ത്രീയമായ ഒരു ജീനോമിക്ക് പഠനം ഇനിയും നടന്നിട്ടില്ല. ഒരുപക്ഷേ, ഡി.എന്‍.എ മാപ്പിങ്ങ് പോലുള്ള ആധുനിക സങ്കേതങ്ങള്‍ അടിസ്ഥാനമാക്കിയ പഠനങ്ങള്‍ നടന്നാല്‍ മലാനികള്‍ എവിടെനിന്നു വന്നുവെന്നും അവരുടെ പൂര്‍വ്വികര്‍ ആരായിരുന്നു എന്നും വ്യക്തമാകും. അങ്ങനെയൊരു പഠനം നടന്നാല്‍ മിത്തുകളില്‍നിന്നും യാഥാര്‍ത്ഥ്യങ്ങളെ അനായാസം വേര്‍തിരിച്ചെടുക്കുവാന്‍ കഴിയും. എന്തായാലും അത്തരം പഠനങ്ങള്‍ നടക്കുവോളം മാത്രമേ മലാനയിലെ എല്ലാ കെട്ടുകഥകള്‍ക്കും നിഗൂഢതകള്‍ക്കും ആയുസ്സുള്ളൂ.

ഓഫ് സീസൺ ​ഗ്രാമചിത്രം
ഓഫ് സീസൺ ​ഗ്രാമചിത്രം


കാറ്റെടുത്ത വിത്തുകളും വെയില് തിന്നുന്ന കാടും. 

മലാനയില്‍നിന്ന് 'ബ്രിഡ്ജ് ഫോര്‍' പോകുന്ന ട്രെക്കിങ്ങ് ട്രെയില്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ രണ്ടുപേര്‍ ഞങ്ങളെ സമീപിച്ച് മലാന ക്രീം വില്‍ക്കുവാനുള്ള ശ്രമം നടത്തി. കൂട്ടത്തില്‍ ഒരാള്‍ എന്നോടൊപ്പമുണ്ടായിരുന്ന മാസ്റ്റര്‍ജിയെ കണ്ടപാടെ, ജാള്യതയോടെ മെല്ലെ ഞങ്ങളില്‍നിന്ന് അകന്നു. തോഷിലെ തോഷ് ബോളിനു സമാനമാണ് മലാനാ ക്രീം; മരുവ്വാനാ ഇല കൈകൂട്ടി തിരുമ്മി അതിന്റെ കറയെടുക്കാന്‍ ആദ്യം ശീലിച്ചത് മലാനക്കാര്‍ തന്നെയാണ്. അതിനു ശേഷമാണ് ചുറ്റുമുള്ള കുന്നുകളിലേക്ക് മരുവ്വാനാ കൃഷി വ്യാപിച്ചത്!

കുറച്ചുകഴിഞ്ഞ് ഞങ്ങള്‍ക്ക് എതിരെ നടന്നുവന്ന രണ്ട് കുട്ടികള്‍ ഞങ്ങളെ കണ്ട മാത്രയില്‍ കൈ പുറകില്‍ കെട്ടി പതുങ്ങിനിന്നു. വഴിനീളെ നടന്ന് വില്‍ക്കുവാന്‍ കയ്യില്‍ കരുതിയ മലാന ക്രീമായിരുന്നു അവര്‍ പിന്നില്‍ ഒളിപ്പിച്ചത്. മാസ്റ്റര്‍ജിയുടെ വിദ്യാര്‍ത്ഥികളാണ്; കുട്ടികളെ വാത്സല്യത്തോടെ നോക്കി മാസ്റ്റര്‍ജി ഒന്ന് തലകുലുക്കി, എന്നിട്ട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

''ക്ലാസ്സിലെ മിടുക്കന്മാരാണ്; പക്ഷേ, അവര്‍ സൈഡ് ബിസിനസ് കഴിഞ്ഞിട്ടു മാത്രമേ പഠനത്തെക്കുറിച്ച് ചിന്തിക്കൂ'' -മാസ്റ്റര്‍ജി പറഞ്ഞു. ''വീട്ടുകാര്‍ തന്നെയാണ് കുട്ടികളെ ഇങ്ങനെ പറഞ്ഞുവിടുന്നത്. നിര്‍ഭാഗ്യവശാല്‍ അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം ഇപ്പോള്‍ ഇത് മാത്രമാണ്; വിളവെടുപ്പ് കാലമായാല്‍പ്പിന്നെ കുട്ടികളെയൊന്നും സ്‌കൂളില്‍ കാണില്ല. എല്ലാവരും തോട്ടങ്ങളില്‍ മാല് (മരുവ്വാന കറ കൈയില്‍ പുരട്ടിയെടുക്കല്‍) എടുക്കുന്ന പണിയിലായിരിക്കും. ഇതൊന്നും കൂടാതെ ഇവന്മാര്‍ സ്വന്തമായി ഓരോ തോല (11:33 ഗ്രാം ക്രീം) വീതം കവറിലാക്കി കസോളിലും മറ്റും പോയി മൊത്തക്കച്ചവടം നടത്താറുമുണ്ട്.'' മാസ്റ്റര്‍ജി ഇത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അഞ്ചാം ക്ലാസ്സിലെ മിടുക്കരായ ആ രണ്ട് കുട്ടികളും അവിടുന്ന് അപ്രത്യക്ഷരായിരുന്നു. 

ഞങ്ങള്‍ താഴേക്ക് ഇറങ്ങുമ്പോള്‍ കസോള്‍ വഴി കറങ്ങിയെത്തിയ രണ്ട് നിയോ ഹിപ്പികള്‍ കുന്നുകയറി വന്നു. കൂട്ടത്തില്‍ ജടാധാരിയായ ഒരാളുടെ ടാറ്റൂ ചെയ്ത കൈയിലിരുന്ന് കഞ്ചാവ് കുറ്റി പുകയുന്നുണ്ടായിരുന്നു. സദാ ചിരിച്ചുകൊണ്ട് നടന്ന അയാളുടെ കൂട്ടാളി കൂടുതല്‍ സൗമ്യനായി കാണപ്പെട്ടു. കൂടുതല്‍ നേരം നില്‍ക്കാതെ അവര്‍ ഞങ്ങളെ കടന്നുപോയി. മുന്നോട്ട് പോകവേ കുത്തനെയുള്ള ഒരു ചെരിവെത്തി; മഞ്ഞുറഞ്ഞുപോയ വഴിയിലൂടെ കൂടുതല്‍ ജാഗ്രതയോടെ, നിലത്തു മാത്രം നോക്കി ഞങ്ങള്‍ നടന്നിറങ്ങി. മലാനയില്‍ മരുവ്വാനയും മാല് ശേഖരവുമൊക്കെയുണ്ടെങ്കിലും അടുത്തകാലം വരെ നിഷ്‌കളങ്കമായ ഒരന്തരീക്ഷം നിലന്നിന്നിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മലാനയില്‍ സങ്കടകരമായ മാറ്റങ്ങളാണ് സംഭവിച്ചത്! അടുത്തിടെ അവിടെയെത്തിയ ഒരു സുഹൃത്ത് പറഞ്ഞത്, തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മലാന മാറിപ്പോയെന്നാണ്! മലാനയെ ഇന്ന് മരുവ്വാനാ സാമ്രാജ്യം വിഴുങ്ങിയിരിക്കുന്നു!

''കഴിഞ്ഞ വര്‍ഷം വിത്തുകള്‍ പറന്നുപോയതിനാലും പ്രതികൂല കാലാവസ്ഥ കാരണം വിത്തുകള്‍ ശേഖരിക്കാന്‍ സാധിക്കാതിരുന്നതിനാലും മരുവ്വാനാ കൃഷി വളരെ മോശമായിരുന്നു'' -മാസ്റ്റര്‍ജി പറഞ്ഞു. റാഷോളിന്റെ പരിസരങ്ങളിലെ കൃഷിയിടത്തില്‍നിന്നും വലിയ ബാഗുകളില്‍ ശേഖരിച്ച മാല് കാട്ടുവഴികളിലൂടെ കിലോമീറ്ററുകള്‍ നടന്ന് കൊണ്ടുവന്നിട്ടാണ് ഈ വര്‍ഷത്തെ കച്ചവടം മുന്നോട്ട് പോയത്. ഒരു തോല മുന്തിയതരം ക്രീമിന് ഇന്ന് അയ്യായിരം രൂപയില്‍ കൂടുതല്‍ കിട്ടും; ഇതുകൊണ്ടുതന്നെയാണ് അവര്‍ ഈ തൊഴില്‍ തുടരുന്നത്-വലിയ അതിശയോക്തിയൊന്നും കൂടാതെ മാസ്റ്റര്‍ജി പറഞ്ഞു. 

കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം മലാനികളുടെ പ്രധാന തൊഴിലും വരുമാനമാര്‍ഗ്ഗവും മരുവ്വാന കൃഷിയും മാല് എടുക്കലും തന്നെയാണ്. ഇന്ന് വ്യാപകമായ കൃഷി നടക്കുന്നത് റഷോളിലേക്കു പോകുന്ന കാട്ടുവഴികളില്‍ ആണെന്നു മാത്രം. എത്രയും വേഗം പണം സമ്പാദിക്കണം; അതിവേഗം മുന്നോട്ട് പായുന്ന ലോകത്തിനൊപ്പം ഓടിയെത്തണം, എന്നൊരു ചിന്ത മാത്രമേ മലാനക്കാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ആധുനിക വേഷധാരികളായ വിദേശികളെയാണ് പത്തുവര്‍ഷം മുന്‍പുവരെ ചാക്കുപോലെയുള്ള കമ്പിളിവസ്ത്രം മാത്രം ധരിച്ചു ശീലിച്ച മലാനികള്‍ ആദ്യമായി കാണുന്നത്. മലാനയിലെ മിക്ക വീടുകളിലും ഡിഷ് ടി.വി കൂടി വന്നതോടെ തങ്ങള്‍ ഏറെ പിന്നിലാണെന്ന ഒരു ചിന്തയും മലാനികളുടെ ഉപബോധ മനസ്സില്‍ രൂപംകൊണ്ടിരിക്കണം. അങ്ങനെയിരിക്കെ പണം അനായാസം കൈക്കലാക്കാന്‍ മുന്നിലുണ്ടായിരുന്ന അവസരം അവര്‍ കാര്യമായിത്തന്നെ വിനിയോഗിച്ചു. ഇന്ന് ചുറ്റുമുള്ള പഹാഡികള്‍പോലും കടുത്ത അസൂയയോടെയാണ് മലാനികളെ നോക്കിക്കാണുന്നത്.

പുരാതനകാലം മുതല്‍ത്തന്നെ ഹെമ്പും മരുവ്വാനയും മലാനികള്‍ക്ക് ഇടയജീവിതം കഴിഞ്ഞാലുള്ള കൃഷിശീലങ്ങളുടെ ഭാഗം തന്നെയായിരുന്നു. എന്നാല്‍, അതെല്ലാം ഗാര്‍ഹികമായ ആവശ്യത്തിനു മാത്രമായിരുന്നു. എഴുപതുകള്‍ക്കു ശേഷമുണ്ടായ ഹിപ്പികളുടെ ഒഴുക്കിനു ശേഷമാണ് മാല് എടുക്കുന്ന രീതി മലാനികളും ശീലിച്ചു തുടങ്ങിയത്. അതിനുശേഷമാണ് ചുറ്റുമുള്ള ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ വാണിജ്യവല്‍ക്കരിക്കപ്പെട്ടതും. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമാലയ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ ആഭിമുഖ്യത്തില്‍ മലാനക്കാരെ ചിക്ക്പീ (വെള്ളക്കടല) പോലുള്ള കൃഷികള്‍ പരിശീലിപ്പിക്കുകയും പുതിയ ശീലങ്ങളിലേക്ക് അവരെ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരുപക്ഷേ, അത്തരം ശ്രമങ്ങളെല്ലാം വിഫലമായതുകൊണ്ടാവാം, ഇപ്പോള്‍ മലാനികളുടെ ജീവിതത്തില്‍ ഇടപെടാന്‍ എന്‍.ജി.ഒകളൊന്നും പൊതുവേ താല്പര്യം കാണിക്കാറില്ല.

കഴിഞ്ഞ രാത്രിയില്‍ കാട്ടുവഴികളെക്കുറിച്ച് പല ആവര്‍ത്തി ചോദിച്ചതുകൊണ്ടാവാം മാസ്റ്റര്‍ജി മടക്കയാത്രയില്‍ നരങ്ങിലേക്ക് പോകാതെ എന്നെയും കൂട്ടി ബ്രിഡ്ജ് ഫോറിലേക്കുള്ള വനപാതയിലൂടെതന്നെ തിരിച്ചിറങ്ങിയത്! മലാനയിലേക്കുള്ള പ്രധാന നിരത്തിന്റെ മധ്യഭാഗത്ത് എത്തിച്ചേരാനുള്ള ഒരു സമാന്തര മാര്‍ഗ്ഗമാണ് ഈ ട്രക്കിംഗ് ട്രെയില്‍. നീര്‍ച്ചാലിന്റെ തീരത്തുകൂടി കുറെ ദൂരം നടന്നു. വാനോളം വളര്‍ന്നുപോയ ദേവദാരു മരങ്ങളുടെ വേരുകള്‍ നിലത്ത് തെറിച്ചു നിന്നു. അപൂര്‍വ്വമായി മാത്രം ചെറുകിളികളുടെ നാദം കാതിലെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അലിഞ്ഞുതീരാറായ മഞ്ഞ് ചിതറിക്കിടന്നു. മരങ്ങള്‍ക്കിടയില്‍ പഴുത്തുനിന്ന വെയില്‍തിന്ന്, ഉച്ചതിരിഞ്ഞതിന്റെ ആലസ്യത്തില്‍ കാട് മയങ്ങുന്നു. താഴേയ്ക്കു ചെല്ലുംതോറും ജലപ്രവാഹം കൂടുതല്‍ ശുഷ്‌ക്കമായി തീര്‍ന്നു. സൗമ്യമായ ഒരു ചലനത്തിലൂടെ ഒഴുക്ക് സ്വയം നിശ്ശബ്ദത പാലിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഇനിയിപ്പോള്‍ വഴിമധ്യേ ആരെയും കാണാന്‍ സാധ്യതയില്ലെന്ന് മാസ്റ്റര്‍ജി പറഞ്ഞു. ഞങ്ങള്‍ നടത്തത്തിന്റെ വേഗത കുറച്ച് കൂട്ടി. ഇനിയും കിലോമീറ്ററുകള്‍ മുന്നോട്ട് പോകാനുണ്ട്. ഗ്രാമം ഞങ്ങള്‍ക്കു പിന്നില്‍ എവിടെയോ മറഞ്ഞു. വീണ്ടും മിത്തുകളില്‍ ജീവിക്കുന്ന ആ ജനതയെക്കുറിച്ചു മാത്രം ഞാനോര്‍ത്തു. ആദിമ നാളുകളില്‍ അവര്‍ കൂട്ടംകൂട്ടമായി നടന്നുകയറിയ വഴിയിലാണല്ലോ ഞാനിപ്പോള്‍ എന്ന ചിന്തയില്‍ വികാരംകൊണ്ടു. മഞ്ഞ് പെയ്തിറങ്ങിയ നിമ്നോനതകള്‍ കഴിഞ്ഞ് കൂടുതല്‍ താഴെയുള്ള വരണ്ട പ്രകൃതിയിലേക്ക് ഞങ്ങള്‍ കടന്നു. നരച്ച്, ഇലകൊഴിഞ്ഞ് നഗ്‌നമാക്കപ്പെട്ട ഇടതൂര്‍ന്ന മരങ്ങള്‍ കൂടുതല്‍ അപരത്വം ജനിപ്പിക്കുന്നതായി. ശുഭസൂചനയായി ഇടയ്ക്കിടയ്ക്ക് വെയില്‍ വീണ തുറസ്സുകള്‍ പ്രത്യക്ഷപ്പെട്ടു; അവിടങ്ങളില്‍ ചെറുതട്ടുകളായി ഉയര്‍ന്നുനിന്ന ഉണങ്ങിയ ദര്‍ഭപ്പുല്ല് വെയിലുടുത്ത് തിളങ്ങി.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ മുന്നില്‍, പാറക്കൂട്ടങ്ങളോടു ചേര്‍ന്ന് ഒരു തമ്പു കണ്ടു. തമ്പിനോട് ചേര്‍ന്ന ചായ്പില്‍ ഒരുപറ്റം ചെമ്മരിയാടുകളുമുണ്ട്. ഒരാള്‍ പുറത്തിരുന്ന് ബീഡി വലിക്കുന്നത് ദൂരെനിന്നേ കണ്ടിരുന്നു. മറ്റൊരാള്‍ തമ്പിനുള്ളില്‍ പാചകത്തിലാണ്. ''ഇടയന്മാരാണ്, പക്ഷേ, ഈ വഴിയില്‍ തങ്ങാനിടയില്ലാത്തതാണ്'' -മാസ്റ്റര്‍ജി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. എന്തോ പന്തികേട് മണക്കുന്നതുപോലെ മാസ്റ്റര്‍ജി തമ്പിന് അടുത്തേക്ക് ചെന്ന്, നിങ്ങളെ മലാനയിലോ നസോഗിയിലോ ഒന്നും കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചു.

''ഞങ്ങള്‍ മലാനയിലുള്ളവര്‍ തന്നെയാണ് സര്‍ജി'' -അകത്ത് പാചകത്തിലായിരുന്ന ആള്‍ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് പറഞ്ഞു. മാസ്റ്റര്‍ജി തിരിച്ച് എന്തോ ചോദിച്ചുകൊണ്ട് തമ്പിനുള്ളിലേക്ക് കയറി. നരച്ച കമ്പിളിവസ്ത്രം ധരിച്ച് പുറത്തിരുന്നയാള്‍ നിര്‍വ്വികാരനായി ബീഡിവലി തുടര്‍ന്നുകൊണ്ടിരുന്നു.

രോഗം വന്ന ആടുകള്‍ക്കൊപ്പം മലാനയില്‍നിന്നു താല്‍ക്കാലികമായി പുറത്താക്കപ്പെട്ടവരായിരുന്നു അവര്‍; ആടുകള്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍ അവയെ രോഗം മാറുംവരെ ദൂരെയെവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കണം - അതാണ് മലാനയിലെ നിയമം. രോഗം മാറിയിട്ട് തിരിച്ച് ഗ്രാമത്തിലേക്കു വരാം. മലാനയിലെ വിചിത്രമായ മറ്റൊരു ഗോത്രനിയമം! തമ്പിനുള്ളില്‍നിന്ന ഇടയന്‍ ചായകുടിചിട്ട് പോകാം എന്നു പറഞ്ഞെങ്കിലും മാസ്റ്റര്‍ജി സ്‌നേഹപൂര്‍വ്വം അതു നിരസിച്ച് പുറത്തേയ്ക്ക് ഇറങ്ങിവന്നു. പുറത്തിരുന്നയാളോട്, നിങ്ങളെ ഈയടുത്തൊന്നും ഇവിടെ കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ലല്ലോ എന്ന് ആവര്‍ത്തിച്ചു.

മലാന: മഞ്ഞിൽക്കുളിച്ച ​ഗോത്ര സംസ്കൃതി
മലാന: മഞ്ഞിൽക്കുളിച്ച ​ഗോത്ര സംസ്കൃതി

''ഞാന്‍ മലാനയില്‍ ഇല്ലായിരുന്നു; ജയിലിലായിരുന്നു. ''പെട്ടെന്ന് അയാളുടെ വികാരമെല്ലാം ഒന്നിച്ച് അണപൊട്ടി. ''മാല് കടത്തിയതിന്റെ പേരില്‍ പെട്ടുപോയതാണ്.''

കിലോക്കണക്കിന് മാല് കടത്തിയവന്മാര്‍ പിടിക്കപ്പെടാതിരുന്നിട്ടും താന്‍ മാത്രം കുടുങ്ങിയ കഥയും തന്നെ ആശ്രയിച്ച ഒരു കുടുംബം അനാഥമായതിന്റെ സങ്കടവുമെല്ലാം അയാള്‍ മാസ്റ്റര്‍ജിയോട് വിവരിച്ചു. തനിക്കു നഷ്ടപ്പെട്ട ലക്ഷക്കണക്കിനു രൂപയെക്കുറിച്ചും നഷ്ടമായ വര്‍ഷങ്ങളെക്കുറിച്ചും അയാള്‍ ആകുലപ്പെട്ടു.

''ഇപ്പോള്‍ ശിക്ഷകഴിഞ്ഞോ'' -മാസ്റ്റര്‍ജി അയാളോട് ചോദിച്ചു.

''ഇല്ല, എട്ട് വര്‍ഷം കഴിഞ്ഞു; ഇനി രണ്ടുവര്‍ഷം കൂടി; ഇപ്പോള്‍ പരോളിലാണ്. ഒരാഴ്ച കഴിഞ്ഞാല്‍ വീണ്ടും അകത്ത് പോകണം. ഇനിയിപ്പോള്‍ എനിക്ക് ഒന്നും നോക്കാനില്ല; ശിക്ഷകഴിഞ്ഞ് വന്നാലുടന്‍ ഞാനൊരു വന്‍കടത്ത് കടത്തും; നഷ്ടപ്പെട്ട പണത്തിന്റെ ഇരട്ടിയിലധികം തിരിച്ചുപിടിക്കും'' - തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ പറഞ്ഞു.

ഇരുട്ട് വീഴുന്നതിനു മുന്‍പ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com