ഡോക്ടറുടെ തൊഴില്‍ സുരക്ഷ; ചികിത്സ വേണം ഈ നിയമവിവേചനത്തിന്

കൊവിഡ് മഹാമാരിയുടെ വ്യാപനം മൂര്‍ച്ഛിക്കുന്ന ഈ കാലത്ത് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനത്തെ എത്രതന്നെ പ്രശംസിച്ചാലും മതിവരില്ല
ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള ചിത്രം. തലയിൽ ബാൻഡേജ് കെട്ടിവച്ചാണ് ഇവർ പ്രതിഷേധിക്കാനെത്തിയത്
ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള ചിത്രം. തലയിൽ ബാൻഡേജ് കെട്ടിവച്ചാണ് ഇവർ പ്രതിഷേധിക്കാനെത്തിയത്

കൊവിഡ് മഹാമാരിയുടെ വ്യാപനം മൂര്‍ച്ഛിക്കുന്ന ഈ കാലത്ത് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനത്തെ എത്രതന്നെ പ്രശംസിച്ചാലും മതിവരില്ല. മഹാമാരിയില്‍നിന്നും ജനം ആകെ ഭയന്നുവിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും എല്ലാ അര്‍ത്ഥത്തിലും ജനങ്ങളുടെ രക്ഷകരായിട്ടാണ് കരുതപ്പെടുന്നത്. പക്ഷേ, ഇവര്‍ നേരിടുന്ന തൊഴില്‍സുരക്ഷാ ഭീഷണികള്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍ നേരിടുന്ന തൊഴില്‍പരമായ സുരക്ഷിതത്വമില്ലായ്മ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന  സാമൂഹ്യപ്രശ്‌നമായി മാറുകയും ചെയ്തു. 

മാനസികരോഗികള്‍, മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്ന രോഗികള്‍, രോഗികളുടെ ബന്ധുക്കള്‍, നാട്ടുകാര്‍, പ്രകോപിതരായ ജനക്കൂട്ടം എന്നിവരില്‍ നിന്നും ചികിത്സാപ്പിഴവ് ആരോപിച്ചുള്ള ആക്രമണങ്ങളും കൂടാതെ പൊലീസിന്റെ ഭാഗത്തുനിന്നും ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളും അവരുടെ  തൊഴില്‍പരമായ സുരക്ഷിതത്വം നഷ്ടപ്പെടുന്നുവെന്ന ആശങ്കകള്‍ക്കു ബലം നല്‍കുന്നു. ഏറ്റവുമൊടുവില്‍, കഴിഞ്ഞ ദിവസം രോഗിയോടൊപ്പം വന്ന സഹായികള്‍ മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പാറശ്ശാല ആശുപത്രിയിലെ ഡോ. സനൂജിനേയും സെക്യൂരിറ്റി ജീവനക്കാരനേയും ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അടിയേറ്റ് നിലത്തുവീണ ശേഷവും സംഘം ഡോക്ടര്‍ക്കെതിരെ അതിക്രമം തുടര്‍ന്നെന്നാണ് വാര്‍ത്ത. 

മുന്‍ഗണനാക്രമം തെറ്റി വാക്‌സീന്‍ നല്‍കണമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ആജ്ഞ അനുസരിക്കാത്തതിന്റെ പേരിലാണ് കഴിഞ്ഞ മാസം 24-ന് ആലപ്പുഴ ജില്ലയിലെ കൈനകരിക്കപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ശരത്ചന്ദ്രബോസിനു മര്‍ദ്ദനമേറ്റത്. ചികിത്സാപ്പിഴവ് ആരോപിക്കുന്ന മരണങ്ങള്‍ക്ക് വാഹനാപകടക്കേസില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന ലാഘവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ചികിത്സാപ്പിഴവ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതിവിധിയുണ്ട്.  ജേക്കബ്ബ് മാത്യു/സ്റ്റേറ്റ് ഓഫ് പഞ്ചാബ് (AIR 2005 SC 3180) കേസിലെ വിധിയിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍മാരുടെ തൊഴില്‍ സുരക്ഷയ്ക്കുള്ള രക്ഷാക്കവചമായാണ് കരുതപ്പെടുന്നത്. 

ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചു ചികിത്സ-ശസ്ത്രക്രിയയിലെ പിഴവ് ആരോപിച്ചുള്ള സംഭവങ്ങളില്‍ രോഗി മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പായി ജില്ലാ മെഡിക്കല്‍ ആഫീസറും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും മറ്റു വിദഗ്ദ്ധരുമടങ്ങിയ ജില്ലാതല കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. ജില്ലാതല വിദഗ്ദ്ധകമ്മിറ്റിയുടെ തീര്‍പ്പിനെതിരെ സംസ്ഥാനതലത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ മറ്റു വിദഗ്ദ്ധര്‍ അടങ്ങിയ ഉന്നതസമിതിയെ സമീപിക്കാം. അപ്രകാരം രൂപീകരിക്കപ്പെട്ട അപ്പക്‌സ് ബോഡിയിലെ അഞ്ചുവര്‍ഷത്തെ സേവനംകൊണ്ട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് ഭൂരിപക്ഷ കേസുകളും പണം പ്രതീക്ഷിച്ചുകൊണ്ട് നല്‍കുന്ന പരാതികളായിരുന്നുവെന്നാണ്. 

ഡോക്ടര്‍മാരുടെ ചികിത്സ-ശസ്ത്രക്രിയ എന്നിവ മൂലം ആരോപിക്കാന്‍ സാദ്ധ്യതയുള്ള പിഴവുകള്‍ക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ നിയമപരമായ പരിരക്ഷയുണ്ടായിരുന്നു. 1860-ലെ ഐപിസി 88, 89 വകുപ്പുകള്‍ രക്ഷാകവചങ്ങളായാണ് അറിയപ്പെടുന്നത്. രോഗിയുടെ സമ്മതത്തോടെ ശസ്ത്രക്രിയ നടത്തി രോഗി മരിച്ചാലും ഡോക്ടര്‍ക്കെതിരെ യാതൊരു കുറ്റവും ആരോപിച്ച് നിയമനടപടി സ്വീകരിക്കാന്‍ പാടില്ലെന്നാണ്  88-ാം വകുപ്പ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും സമന്മാരാണെന്നും നിയമപരിരക്ഷ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നാണ് ഭരണഘടനയുടെ 14-ാം അനുച്ഛേദം വിവക്ഷിക്കുന്നത്. ഭരണഘടനയുടെ മൗലികാവകാശമായിട്ടുള്ള 14-ാം അനുച്ഛേദത്തിനെതിരെ നിര്‍മ്മിക്കപ്പെടുന്ന ഏതു നിയമവും ഭരണഘടനാപരമായി നിയമസാധുതയില്ലെന്നാണ് അനുച്ഛേദം 13(2) വിവരിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സ്വകാര്യമായി വീടുകളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങളായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനര്‍ഹതപ്പെട്ട നിയമപരമായ പരിരക്ഷ തികച്ചും വ്യത്യസ്തവും വിവേചനപരവുമാണ്. ഐപിസി 21-ാം വകുപ്പിന്റെ നിര്‍വ്വചനമനുസരിച്ചുമേല്‍ വിവരിച്ച മൂന്നു ഗണത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനം സമാനമാണെങ്കിലും പൊതുസേവകന്‍ എന്ന നിര്‍വ്വചനത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്ടര്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂ. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും സ്വന്തമായി ക്ലിനിക്കുകള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഐ.പി.സിയുടെ സംരക്ഷണം നിഷേധിക്കപ്പെടുന്നു. 

സര്‍ക്കാര്‍ ഡോക്ടര്‍ക്ക് 'സുരക്ഷ'

ഉദാഹരണമായി ജോലിക്കിടെ സര്‍ക്കാര്‍ സര്‍വ്വീസിലെ ഒരു ഡോക്ടറെ കയ്യേറ്റം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയും പിഴയും വിധിക്കപ്പെടാം. ജാമ്യമില്ലാത്തതും പൊലീസിനു പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമായ ഐ.പി.സി 332-ാം വകുപ്പനുസരിച്ചും രണ്ടുവര്‍ഷം വരെ ശിക്ഷ വിധിക്കാവുന്നതും പിഴ ചുമത്താവുന്നതുമായ ഐ.പി.സി 353-ാം വകുപ്പനുസരിച്ചും കേസ് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍, ഒരു സ്വകാര്യ ആശുപത്രി ഡോക്ടറെ കൈയേറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിക്കെതിരേയുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായി സാധിക്കില്ല. മറിച്ച് ഒരു വര്‍ഷം വരെ പരമാവധി തടവ് ശിക്ഷയോ 1000 രൂപ പിഴയോ വിധിക്കാവുന്നതും ജാമ്യം ലഭിക്കാവുന്നതും എന്നാല്‍, പൊലീസിനു നേരിട്ട് കോടതിയുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതുമായ ഐ.പി.സി 323-ാം വകുപ്പ് മാത്രമേ ചുമത്താന്‍ കഴിയുകയുള്ളൂ. നിയമപരമായ ഈ വിവേചനത്തിനെതിരെ സംസ്ഥാനതലത്തിലോ ദേശീയ തലത്തിലോ ശബ്ദമുയര്‍ന്നിട്ടില്ല. 

ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിക്കുന്നവർ
ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിക്കുന്നവർ

ഈ വിവേചനത്തിനെതിരെ കേരളത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ 2012-ലെ കേരള രക്ഷാസേവന പ്രവര്‍ത്തകരും ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ആക്ട് എന്ന പേരില്‍ പുതിയ നിയമം നടപ്പിലാക്കി. എന്നാല്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെ 'പൊതുസേവകര്‍' എന്ന പീനല്‍ക്കോഡിലെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാവാനിടയുള്ള ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു ലഭിക്കുന്ന ക്രിമിനല്‍ നിയമസംഹിത 197 വകുപ്പ് അനുസരിച്ചുള്ള പ്രോസിക്യൂഷനുള്ള മുന്‍കൂട്ടിയുള്ള അനുമതി വേണമെന്ന പരിരക്ഷ ലഭിക്കുന്നില്ല. 

പ്രസ്തുത നിയമത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ജീവനു ഭീഷണിയോ ഏതെങ്കിലും വിധത്തിലുള്ള ക്ഷതമോ സംഭവിപ്പിക്കുകയോ ആതുരശുശ്രൂഷാലയത്തിനോ അതിലെ മുതലുകള്‍ക്കോ നാശനഷ്ടമോ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ അക്രമികള്‍ക്കെതിരെ മൂന്നുവര്‍ഷം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാക്കിയെങ്കിലും പ്രസ്തുത നിയമം മതിയായ പരിരക്ഷയായി കണക്കാക്കാനാകില്ല. ഐ.പി.സി 333-ാം വകുപ്പനുസരിച്ച് ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസിലെ ആരോഗ്യപ്രവര്‍ത്തകന്‍ തന്റെ കര്‍ത്തവ്യത്തില്‍നിന്നും ഭയന്നു പിന്തിരിയാന്‍വേണ്ടി സ്വേച്ഛയാല്‍ കഠിനമായ ദേഹോപദ്രവം ഏല്പിക്കുന്നത് പത്തു വര്‍ഷത്തോളമാവുന്ന കാലത്ത് തടവുശിക്ഷയും പിഴയും നല്‍കാവുന്നതും സെഷന്‍സ് കോടതിക്കു മാത്രം വിചാരണ ചെയ്യാവുന്ന കുറ്റമാണ്. പ്രസ്തുത കുറ്റം ഏതെങ്കിലും സ്വകാര്യ ആശുപത്രി ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയാണ് ചെയ്തതെങ്കില്‍ ഇന്ത്യന്‍ പീനല്‍ക്കോഡ് 333-ാം വകുപ്പ് ബാധകമല്ല; കാരണം പൊതുസേവകന്റെ നിര്‍വ്വചനത്തില്‍ സ്വകാര്യ ആശുപത്രി ആരോഗ്യപ്രവര്‍ത്തകര്‍ പെടില്ലന്നതുതന്നെ. 

അഴിമതി തടയല്‍ നിയമമനുസരിച്ചുള്ള 'പൊതുസേവകന്‍'

'പൊതുസേവകന്‍' എന്ന നിര്‍വ്വചനത്തില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും  1988-ലെ അഴിമതി തടയല്‍ നിയമമനുസരിച്ചുള്ള 'പൊതുസേവകന്‍' എന്നതിന്റെ നിര്‍വ്വചനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ വിജിലന്‍സ് ആന്റ് ആന്റിക്കറപ്ഷന്‍ ഉദ്യോഗസ്ഥന്മാരുടെ അന്വേഷണ പരിധിയില്‍വരും എന്നതാണ് മറ്റൊരു വിരോധാഭാസം.
 
1988-ലെ അഴിമതി തടയല്‍ നിയമം 2(സി) (viii) വകുപ്പനുസരിച്ച് ഏതെങ്കിലും സ്ഥാനത്തിരിക്കുന്ന ഒരാള്‍ ആ സ്ഥാനീയത്തിന്റെ ബലത്തില്‍ ഏതെങ്കിലും 'പബ്ലിക് ഡ്യൂട്ടി' ചെയ്യാന്‍ അധികാരപ്പെട്ടതോ ആവശ്യമായതോ ആയ വ്യക്തികള്‍ ഒരു പൊതുസേവകനാണ്. അഴിമതി തടയല്‍ നിയമം 2(ബി) വകുപ്പിലെ നിര്‍വ്വചനമനുസരിച്ച് 'പബ്ലിക് ഡ്യൂട്ടി' എന്നാല്‍ സര്‍ക്കാറിനോ പൊതുജനങ്ങള്‍ക്കോ സമൂഹത്തിനൊന്നാകേയോ തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ബലത്തില്‍ നിര്‍വ്വഹിക്കാന്‍ ബാദ്ധ്യതപ്പെട്ട ചുമതലകള്‍ ചെയ്യേണ്ടവരുമാണ് എന്നു താല്പര്യമുള്ള ഏതു പ്രവൃത്തിയും പബ്ലിക് ഡ്യൂട്ടിയുടെ നിര്‍വ്വചനത്തില്‍ വിവരിച്ചിട്ടുണ്ട്. അഴിമതി തടയല്‍ നിയമത്തിന്റെ നിര്‍വ്വചനത്തില്‍ 'സ്ഥാനീയം' എന്നേ വിവരിച്ചിട്ടുള്ളൂ; അല്ലാതെ 'പൊതു സ്ഥാനീയം' എന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ആഫീസര്‍, റസിഡണ്ട് ഡോക്ടര്‍, സൂപ്രണ്ട് എന്നീ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന എല്ലാ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 1988-ലെ അഴിമതി തടയല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. അതുകൊണ്ടുതന്നെ പ്രസ്തുത നിയമത്തില്‍ വിവരിച്ചിട്ടുള്ള കുറ്റം ചുമത്തി സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ വിജിലന്‍സിനു കേസ് രജിസ്റ്റര്‍ ചെയ്തു തെളിവ് ലഭിക്കുന്ന മുറയ്ക്ക് പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്. 

നിയമപരമായ പ്രത്യാഘാതങ്ങള്‍

സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അവരുടെ ആദായ നികുതി റിട്ടേണ്‍ വഴി വെളിപ്പെടുത്തുന്ന വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സ്വന്തം പേരിലോ മറ്റാരുടേയും പേരിലോ ആര്‍ജ്ജിച്ചുവെന്നു പരാതി ലഭിച്ചാല്‍ വിജിലന്‍സിനു കേസെടുക്കാവുന്നതും ലഭ്യമാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ 1988-ലെ അഴിമതി തടയല്‍ നിയമം 13(1) (ബി) വകുപ്പനുസരിച്ചുള്ള കേസില്‍ നാലുകൊല്ലത്തില്‍ കുറയാത്തതും പത്തുകൊല്ലം വരെ ശിക്ഷിക്കാവുന്ന കുറ്റമാണെന്ന് 13(2)-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

രാജ്യത്തെ രണ്ട് ശിക്ഷാനിയമങ്ങളില്‍ 'പൊതുസേവകന്‍' എന്നത് വ്യത്യസ്തമായി നിര്‍വ്വചിക്കപ്പെട്ടതുകൊണ്ടാണ് മേല്‍വിവരിച്ച വിധത്തിലെ നിയമപരമായ വിവേചനം ഉണ്ടായത്. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ പീനല്‍ക്കോഡിന്റെ സംരക്ഷണം ലഭിക്കാതെ വരികയും അതുവഴി നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അഴിമതി തടയല്‍ നിയമത്തിന്റെ നിര്‍വ്വചനം അനുസരിച്ച് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ പൊതുസേവകരാണ് എന്നതുകൊണ്ട് ആ നിയമത്തിന്റെ എല്ലാ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടിവരാന്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ ബാദ്ധ്യസ്ഥരാണ്. 

ഐ.പി.സി 21-ാം വകുപ്പിന്റെ നിര്‍വചനത്തില്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷനുള്ള എല്ലാ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തുകയും അതിനനുസരിച്ച് പീനല്‍കോഡനുസരിച്ചുള്ള കുറ്റംചുമത്തി തൊഴില്‍പരമായ കൃത്യങ്ങള്‍ സംബന്ധിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനു ക്രിമിനല്‍ നടപടി സംഹിത 197-ാം വകുപ്പനുസരിച്ച് നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നു വ്യവസ്ഥ ചെയ്താല്‍ ഫലപ്രദമായ സുരക്ഷാകവചം ഡോക്ടര്‍മാര്‍ക്ക് ലഭിക്കും.

(ലേഖകന്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍ കേരള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമാണ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com