ചെ​ഗുവേര 1959ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ആകാശവാണിക്ക് നൽകിയ അഭിമുഖം. കെപി ഭാനുമതിയാണ് ചെ​ഗുവേരയുമായി അഭിമുഖം നടത്തിയത്
ചെ​ഗുവേര 1959ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ആകാശവാണിക്ക് നൽകിയ അഭിമുഖം. കെപി ഭാനുമതിയാണ് ചെ​ഗുവേരയുമായി അഭിമുഖം നടത്തിയത്

വാത്മീകിയെ കാലാനുസൃതമായി വായിക്കണം, മാര്‍ക്‌സിനേയും 

മാര്‍ക്‌സിന്റെ ഓപിയം രൂപകത്തിന്റെ ഉപയോഗം ഏറെ സങ്കീര്‍ണ്ണമാണ്. ഒത്തിരി നെഗറ്റീവുകളുടേയും പോസിറ്റീവുകളുടേയും സങ്കലനമാണത്

ശ്ചാത്യരുടെ ജ്ഞാനാന്വേഷണം ഗ്രീക്ക്-റോമന്‍ ഇതിഹാസങ്ങളായ ഇലിയഡിനും ഒഡിസിക്കും അപ്പുറം സഞ്ചരിച്ചു. അതിനപ്പുറമില്ല, അതിലെല്ലാമുണ്ട് എന്നും പറഞ്ഞ് അവര്‍ മിണ്ടാതിരുന്നില്ല. സ്വാഭാവികമായി ലോക ക്ലാസ്സിക്കുകളുടെ ഒരു പ്രവാഹം അവിടെയുണ്ടായി. പശ്ചാത്യരില്‍നിന്നു വ്യത്യസ്തരായി നമ്മള്‍ നമ്മുടെ ബോധത്തെ ഇതിഹാസങ്ങള്‍ക്കു ചുറ്റിലുമായി കെട്ടിയിട്ട് മുന്നോട്ടുള്ള പ്രയാണം ഏതാണ്ട് അസാധ്യമാക്കി. ഇതിഹാസങ്ങളുടെ മാത്രമല്ല, ഇതു മറ്റു പ്രത്യയശാസ്ത്രങ്ങളുടെ ആരാധകരെ സംബന്ധിച്ചും ബാധകമാണ്. രാമായണം സീരിയലുകള്‍ ആയി എണ്‍പതുകളില്‍ ഇന്ത്യയില്‍ വന്നു. അന്നും ഇന്നും വാല്മീകിയുടെ സമുദായം അങ്ങേയറ്റം മലീമസമായ അന്തരീക്ഷത്തില്‍ അവരുടെ ജീവിതം തുടരുന്നു. എന്തു മാറ്റമാണത് ആ സമൂഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്? ഇതിഹാസത്തെ നമ്മള്‍ ചരിത്രമാക്കി അതുതന്നെ ശാസ്ത്രവുമാക്കി. രാമബാണത്തെ മിസൈല്‍ ടെക്നോളജിയായും രാവണവാഹനത്തെ എയറോനോട്ടിക്‌സായും കൊട്ടിഘോഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ശാസ്ത്രബോധത്തിന്റെ അപ്പോസ്തലരാവണം പൗരന്മാര്‍ എന്നെഴുതിവെച്ച ഭരണഘടനയെ പിടിച്ച് ആണയിടുന്നവരാവുന്നത് ഒരു ജനതയുടെ ദൗര്‍ഭാഗ്യമാണ്. മിത്തുകളെ ചരിത്രമാക്കി വര്‍ത്തമാനത്തേയും ഭാവിയേയും അതില്‍ തളയ്ക്കുക ഒരു ഫാസിസ്റ്റ് തന്ത്രമാണ്. ഗതകാല സാങ്കല്പിക സംസ്‌കാര സമ്പന്നതയുടെ വാഴ്ത്തുപാട്ടുകള്‍ പാട്രിയാര്‍ക്കിയിലും പാട്രിയോട്ടിസത്തിലും ആഴ്ന്നുകിടക്കുന്ന പൊളിറ്റിക്‌സിന്റെ അഭയകേന്ദ്രങ്ങളാണ്. രാമായണത്തിന്റെ സൗന്ദര്യം പല കൈവഴികളായി, മൊഴികളായി നിറഞ്ഞൊഴുകിയ അതിന്റെ ബഹുസ്വരതയാണ്. ഒരേക ശിലാശാസനയായി, പൗരാണികമായ ഒരു മിത്താക്കി അതിനു ചുറ്റിലുമായി പാട്രിയോട്ടിസം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനു തടസ്സമാവുന്നത് ആ ബഹുസ്വരതയാണ്. സൃഷ്ടിക്കപ്പെട്ട മിത്തുകള്‍ക്കു ചുറ്റിലുമായി തങ്ങളുടെ സങ്കല്പത്തിലെ രാഷ്ട്രം പണിയുക എന്നതിനാണ് ഫാസിസം എന്നും എവിടെയും ശ്രമിക്കുക. അതു മതപരമാവാം, മറ്റാശയപരവുമാവാം. വിവരസാങ്കേതിക വിദ്യകള്‍ സുതാര്യമാക്കിയ ലോകമാണ് ആ ശ്രമങ്ങള്‍ക്ക് ഇന്നേറെയും വിഘാതമാവുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പുതിയൊരു ബോധന ഭാവുകത്വവും. 

ഹോചിമിൻ
ഹോചിമിൻ

ഹോചിമിനും ചെയും നമ്മോടു പറഞ്ഞത് 

പൗരാണികമായ ആത്മീയതയുടെ അതിശക്തമായ നീരൊഴുക്കുള്ളിടത്ത് തികഞ്ഞ ഭൗതികമായ ഒന്നിനു വളരുക എളുപ്പമല്ല. സ്വന്തം നിലയ്ക്ക് ഇക്കോ സിസ്റ്റം തന്നെയായ അരയാലിനു കീഴെ ഒരു ആപ്പിള്‍ വളരുക സാധ്യമല്ലാത്തതുപോലെ. ഇന്ത്യനായ ഗാന്ധി ആഫ്രിക്കയില്‍ സ്ഥാപിച്ച ആശ്രമത്തിനു പേര് റഷ്യക്കാരന്റേതായിരുന്നു-ടോള്‍സ്റ്റോയ് ഫാം. അദ്ദേഹത്തിന്റെ അറിവു വിശാലമായിരുന്നു. റഷ്യയില്‍നിന്നും ഗാന്ധി എടുത്തത് ലെനിനെ ആയിരുന്നില്ല. നോക്കുക, ലെനിനെക്കാളും ലോകത്ത് ഇന്നു ടോള്‍സ്റ്റോയ് നിറഞ്ഞുനില്‍ക്കുന്നുണ്ട്, ഗാന്ധിയും. എന്തുകൊണ്ട് ഗാന്ധി രാമായണത്തേയും ഗീതയേയും രാഷ്ട്രീയ ആയുധമാക്കി എന്നതിനുത്തരം കെ. ദാമോദരന്റെ ചോദ്യത്തിന് വിയറ്റ്നാമിന്റെ മഹാനായ നേതാവ് ഹോചിമിന്‍ നല്‍കിയിട്ടുണ്ട്: ''ഇന്ത്യയില്‍ നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയുണ്ടായിരുന്നു, വിയറ്റ്നാമില്‍ ഞാനായിരുന്നു ഗാന്ധി.''

ഹോചിമിന്‍ ചൂണ്ടിക്കാട്ടിയത് ഇന്ത്യയ്ക്ക് ഗാന്ധിയെയാണ്. ഇനി 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച സമാനതകളില്ലാത്ത വിപ്ലവകാരി ചെ ഗുവേര പറഞ്ഞത്:

''ഇന്ത്യയില്‍ യുദ്ധം എന്ന പദം ജനതയുടെ മനോവ്യാപാരങ്ങളില്‍നിന്നും കാതങ്ങള്‍ അകലെയാണ്; സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും സംഘര്‍ഷഭരിതമായ നിമിഷങ്ങളില്‍പ്പോലും അവര്‍ അതുപയോഗിച്ചില്ല. സമാധാനപരമായ അസംതൃപ്തിയുടെ മഹത്തായ പ്രകടനങ്ങളാണ് 150 വര്‍ഷം അവര്‍ മുടിച്ച രാജ്യത്തില്‍നിന്നും എന്നെന്നേയ്ക്കുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ചത്.''

ഏണസ്റ്റോ ചെ ഗുവേരയുടെ വാക്കുകളാണത്. അദ്ദേഹം 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച് തിരിച്ചുപോയപ്പോള്‍ കുറിച്ചിട്ട വരികള്‍.
ഇംഗ്ലീഷ് ഇങ്ങനെ: In India, the word war is so distant from the spirit of the people that they did not use it even in the tensest moments of their struggle for independence. The great demonstrations of collective peaceful discontent forced the English colonialism to leave forever the land that they devastated during one hundred and fitfy years.

ആ സന്ദര്‍ശനവേളയില്‍ മലയാളിയായ കെ.പി. ഭാനുമതി ചെയെ അഭിമുഖം ചെയ്യവേ ഒട്ടും മയമില്ലാതെ ഒരു ചോദ്യമെറിയുന്നു: താങ്കള്‍ ഒരു കമ്യൂണിസ്റ്റാണെന്നു പറയപ്പെടുന്നു; പക്ഷേ, ഒരു ബഹുമത സമൂഹത്തില്‍ കമ്യൂണിസ്റ്റ് ആശയസംഹിതകള്‍ക്ക് സ്വീകാര്യത കിട്ടുകയില്ല. എന്താണ് അഭിപ്രായം?

ചെയുടെ മറുപടി: ഞാന്‍ സ്വയം ഒരു കമ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്നില്ല. ഞാന്‍ ഒരു കാത്തലിക്കായി ജനിച്ചു. സമത്വത്തില്‍, ചൂഷക രാഷ്ട്രങ്ങളില്‍നിന്നുമുള്ള വിമോചനത്തില്‍ വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ് ഞാന്‍. ഒരു പ്രായോഗിക വിപ്ലവകാരിയെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തിയറിയില്‍ നല്ല പാഠങ്ങളുണ്ട്; മാര്‍ക്‌സിയന്‍ ദര്‍ശനത്തിലെ സമരമുറകള്‍. എന്നാല്‍ ഇന്ത്യയില്‍ ഗാന്ധിജിയുടെ ശിക്ഷണത്തിന് അതിന്റേതായ മെറിറ്റുണ്ട്; ആത്യന്തികമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് അതാണ്.

ഇംഗ്ലീഷ് ഇങ്ങനെ: 'During the 1959 interview, Bhanumathy bluntly said to Che, 'You are said to be a communist but communist dogmas won't be accepted by a multi-religious socitey.' Che's reply is telling:

I would not call myself a communist. I was born as a Catholic. I am a socialist who believes in equaltiy and freedom from the exploiting coutnries. I have seen hunger, so much suffering, stark povetry, sickness and unemployment right from my very young days in (Latin) America. It is happening in Cuba, Vietnam and Africa - the struggle for freedom starts from the hunger of the people. There are useful lessons in the Marxist-Leninist theory. The practical revolutionary initiates his own struggle simply fulfilling laws foreseen by Marx. In India, Gandhiji's teachings had its own merit which finally brought freedom.'

കുരുടന്‍ ആനയെ കണ്ടതിലും ഭേദപ്പെട്ട രീതിയിലാണ് കേരളത്തിലെ ചിലര്‍ ചെയെ കണ്ടത്. ചെ ഭാനുമതിയോടു പറയുന്നുണ്ട്, സാംസ്‌കാരികമായി മരുഭൂമിയാണ് ലാറ്റിന്‍ അമേരിക്ക. ഇവിടെ ഇന്ത്യയില്‍ ഞാനെന്തു പറയാന്‍, ശ്രീബുദ്ധന്‍ തൊട്ട് മഹാത്മാഗാന്ധി വരെയുള്ള പ്രതിഭകള്‍ ഉഴുതുമറിച്ച മണ്ണില്‍ മറ്റെന്തിനാണ് സാധ്യത എന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. 

''പ്രധാനമന്ത്രി, കമ്യൂണിസ്റ്റ് ചൈനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?'' നെഹ്റു ആ ചോദ്യത്തില്‍ ശ്രദ്ധിച്ച്, ഒരുതരം നിര്‍വ്വികാരതയോടെ ചെയോട് ''മിസ്റ്റര്‍ കമാണ്ടന്റ്, ഈ രുചികരമായ ആപ്പിളില്‍ ഒന്നു ടേസ്റ്റ് ചെയ്തുനോക്കൂ?'' 

ചെയുടെ അടുത്തചോദ്യം: ''പ്രധാനമന്ത്രി, താങ്കള്‍ മാവോ സേതുംഗിനെ വായിച്ചിട്ടുണ്ടോ?''

നെഹ്റുവിന്റെ മറുപടി: ''ഓ, മിസ്റ്റര്‍ കമാണ്ടന്റ്, താങ്കള്‍ക്ക് ആ ആപ്പിള്‍ ഇഷ്ടമായതില്‍ എനിക്കേറെ സന്തോഷമുണ്ട്.''

സ്വന്തമായി തലയില്ലാത്തവര്‍ക്കു സ്വന്തമായി തലയുണ്ടായിരുന്ന ചെ അവിശ്വാസികള്‍ക്കെതിരെയുള്ള ഒരു മാരകായുധമായി. അതാണ് നമ്മുടെ ദുര്യോഗം. എന്തുകൊണ്ട് സംഘപരിവാറിന്റെ രാമക്ഷേത്രത്തെ, രാമനെ ബോധമുള്ളവര്‍ എതിര്‍ക്കുന്നു എന്നതിനുത്തരം മുകളിലുണ്ട്. അവരുടെ രാമന്‍ ബഹുസ്വരതയുടെ സമൂഹത്തില്‍ മുകളില്‍ പറഞ്ഞ അതേ മാരകായുധമാണ്. വാല്മീകിയുടെ മനുഷ്യനായ രാമനെ അവതാരമാക്കിയപ്പോള്‍, സദാ ആയുധമേന്തിയ രാമനെ ആരാധനാപാത്രമാക്കിയപ്പോള്‍ സംഭവിച്ച വലിയ അപകടത്തിന്റെ ബോണ്‍സായിയാണ് ചെ ഗുവേരയെ വിഗ്രഹവല്‍ക്കരിച്ചപ്പോള്‍ ഇവിടെ നാം കണ്ടത്. 

ആഫ്രിക്കയിലെ ടോൾസ്റ്റോയ് ഫാമിൽ മഹാത്മാ​ഗാന്ധി
(ഇടതു നിന്ന് രണ്ടാമത്)- 1912

മലയാളിയുടെ മാര്‍ക്‌സ് മൊഴിമാറ്റത്തിന്റെ ഇരയോ?

മതങ്ങളെപ്പറ്റിയുള്ള നിരീക്ഷണത്തിലെ ഓപ്പിയം എന്ന മാര്‍ക്‌സിന്റെ രൂപകത്തെ മയക്കുമരുന്നായി വ്യാഖ്യാനിച്ചതു ശരിയോ എന്നു പരിശോധിക്കേണ്ട ഒരു പുനര്‍വായന ആവശ്യമാണെന്നു തോന്നുന്നു. മാര്‍ക്‌സിസത്തില്‍നിന്നും മഹാഭൂരിപക്ഷത്തേയും അകറ്റിയത്, അവര്‍ വിശ്വാസത്തിനെതിരെയാണെന്ന ബോധമായിരുന്നു. അടിത്തറ ഭൗതികവാദമാണെന്ന തിരിച്ചറിവ്. മാര്‍ക്‌സിന്റെ സുപ്രധാനമായ ഒരു വാചകമായി പലയിടത്തും പ്രത്യക്ഷപ്പെട്ടത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന നിരീക്ഷണമായിരുന്നു. 

മാര്‍ക്‌സ് പറഞ്ഞതു കൃത്യമായാണ്, സൂക്തം പോലെ സൂക്ഷ്മം: 'Religious suffering is, at one and the same time, the expression of real suffering and a protest against real suffering. Religion is the sigh of the oppressed creature, the heart of a heartless world, and the soul of soul less conditions. It is the opium of the people.'

മതപരമായ സഹനങ്ങള്‍ യഥാര്‍ത്ഥ സഹനങ്ങളുടെ പ്രകാശനമാണ്; അതേ സമയം യഥാര്‍ത്ഥ സഹനങ്ങള്‍ക്കെതിരായ പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പാണ്; ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്; ആത്മാവില്ലാത്ത അവസ്ഥയില്‍ ആത്മാവുമാണ്; അതു ജനതയുടെ വേദനാസംഹാരിയാണ്. 

എവിടെയും മാര്‍ക്‌സ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞിട്ടില്ല. 

ചൈനയിലെ റെന്‍മിന്‍ യൂണിവേഴ്സിറ്റിയിലെ ഫിലോസഫിയില്‍ ഡിസ്റ്റിംഗ് വിഷ്ഡ് ഓവര്‍സീസ് പ്രൊഫസറാണ് റോളണ്ട് ബോയര്‍. അദ്ദേഹത്തിന്റെ ഗവേഷണം മാര്‍ക്‌സിസവും മതവും തമ്മിലുള്ള സങ്കീര്‍ണ്ണമായ വിഭജനങ്ങളെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍നിന്നും വായിക്കാം. 24 വയസ്സുള്ളപ്പോഴാണ് മാര്‍ക്‌സ് ജെന്നിയെ വിവാഹം ചെയ്യുന്നത്; ആ കാലഘട്ടത്തിലാണ് ഹെഗലിന്റെ ഫിലോസഫി ഓഫ് ലോയുടെ വിമര്‍ശനാത്മക പഠനത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പില്‍ ഓപിയം ഒരു രൂപകമായി പ്രത്യക്ഷപ്പെടുന്നത്. ഓര്‍ക്കണം, രൂപകമായാണ്. നമ്മള്‍ രൂപകത്തെ, ആലങ്കാരികമായി പറഞ്ഞതിനെ ഒരലങ്കാരമായി കൊണ്ടുനടക്കുകയാണെന്നു തോന്നുന്നു. 

മാര്‍ക്‌സിന്റെ ഓപിയം രൂപകത്തിന്റെ ഉപയോഗം ഏറെ സങ്കീര്‍ണ്ണമാണ്. ഒത്തിരി നെഗറ്റീവുകളുടേയും പോസിറ്റീവുകളുടേയും സങ്കലനമാണത്. ഈ കാലഘട്ടത്തില്‍, ഓപിയത്തെ മയക്കുമരുന്ന്, ആസക്തി, സംഘടിത കുറ്റകൃത്യങ്ങള്‍, നശിപ്പിക്കപ്പെട്ട ജീവിതങ്ങള്‍ ഒക്കെയുമായി ബന്ധപ്പെടുത്താം. പക്ഷേ, മാര്‍ക്‌സിന്റെ കാലത്തെ 19-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ഓപിയം അങ്ങേയറ്റം ഉപയോഗപ്രദവും വിലകുറഞ്ഞതുമായ മരുന്നായി കണക്കാക്കപ്പെട്ടു; വിശിഷ്യാ ഒരു ഡോക്ടറെ കാണാന്‍ കഴിയാത്ത പാവങ്ങള്‍ക്ക്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍പ്പോലും ഓപിയം ഡോക്ടര്‍മാര്‍ വിഷാദത്തിനും മറ്റു രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിച്ചിരുന്നു. അങ്ങനെ നോക്കിയാല്‍ ഓപിയം കേവലം ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കുന്ന ഒരു മരുന്നല്ല, മറിച്ച് ജീവിതത്തിലെ വേദന കുറയ്ക്കുന്ന ഒരു മരുന്നാണ്. എന്നിരുന്നാലും, ഓപിയത്തെ ഒരു ശാപമായിട്ടുകൂടി കണ്ടവരുണ്ടായിരുന്നു; നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്ന ഒന്നായി. ഒരേസമയം പ്രശംസിക്കപ്പെടുകയും അപലപിക്കപ്പെടുകകയും ചെയ്യപ്പെട്ട ഒന്ന്. 

ചെ​ഗുവേര (1959) സ്വീകരിക്കുന്ന അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു
ചെ​ഗുവേര (1959) സ്വീകരിക്കുന്ന അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു

മാര്‍ക്‌സ് സ്വയം പതിവായി കറുപ്പ് ഉപയോഗിച്ചിരുന്നു. അമിതജോലി, ഉറക്കക്കുറവ്, അമിതമായ പുകവലി, കരള്‍ പ്രശ്‌നങ്ങള്‍, പല്ലുവേദന, കണ്ണ് വേദന, ചെവി വേദന, ശ്വാസകോശ സംബന്ധിയായ ചുമ അങ്ങനെ ശാരീരികമായ നിരവധി വേദനകളുടെ വേളകളില്‍ മാര്‍ക്‌സിന് ആശ്വാസമായതും ഓപിയമാണ്. ഒരു അവസരത്തില്‍, ജെന്നി മാര്‍ക്‌സ് ഏംഗല്‍സിന് എഴുതിയ കത്തില്‍ പറയുന്നുണ്ട്-ഓപിയം ഗുളികകളോ ക്രിയോസോട്ടോ ഒരു ഗുണവും ചെയ്യുന്നില്ല; എന്താണ് സംഭവിക്കുന്നതെന്ന് ദൈവത്തിനു മാത്രമേ അറിയൂ. അങ്ങനെ ഓപിയം ഒരു ബഹുമുഖ രൂപകമായിരുന്നു. അതുകൊണ്ടാണ് മാര്‍ക്‌സ് അതിനെ മതത്തിന്റെ ഒരു രൂപകമായി തിരഞ്ഞെടുത്തത്. ഓപിയം പോലെ, മതവും പ്രതീക്ഷയുടെ ഒരു ഉറവിടം, രോഗശമനത്തിനുള്ള ഒരു മാര്‍ഗ്ഗം. 

കേരളത്തില്‍ മാര്‍ക്‌സ് ട്രാന്‍സ്ലേഷന്റെ ഇരകൂടിയാവണം. ട്രാന്‍സ്ലേഷന്‍ സത്യത്തില്‍ നമുക്ക് വാക്കുമാറ്റമാണ്, മൊഴിമാറ്റമല്ല. അവന്‍ വാക്കുമാറ്റി എന്നതിന്റെ ശരിയായ അര്‍ത്ഥം പലപ്പോഴും കുടിയിരിക്കുന്നത് ട്രാന്‍സ്ലേഷനുകളിലാണ് എന്നു തോന്നിയിട്ടുണ്ട്. വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത് എന്താണോ അതായിരിക്കും കവിത എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞത് കവികൂടിയായ മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളവും സത്യമായതാണ് നമ്മുടെ ചരിത്രമെന്നു തോന്നുന്നു. മൊഴിമാറ്റം ആധാരമെഴുത്തല്ല, മൊഴിയാണ് മാറേണ്ടത് വാക്കല്ല. മൊഴിയില്‍ സത്യം അന്തര്‍ലീനമാവണം; അസത്യവുമായി സന്ധിയില്ലാത്തതാണ് മൊഴി. ന്യായാധിപന്റെ മുന്നിലെ മറുപടി നമുക്ക് മൊഴിയാവുന്നതും പതിരില്ലാത്ത പഴയത് പഴമൊഴിയായതും അതുകൊണ്ടാണ്. വേണ്ടത്, വാല്മീകിയുടെ രാമനെ പുനര്‍വായിക്കുകയാണ്; ഒപ്പം മാര്‍ക്‌സിയന്‍ മൊഴികളുടെ പുനര്‍വായനയും. 

Reference: 
1. https://frontline.thehindu.com/world-affairs/article30179983.ece
Source: The Che Guevara Studies Cetnre, Havana. The article was published in the magazine Verde Olivo (Green Olive) on October 12, 1959.
2. https://scroll.in/article/692525/photos-when-cuban-revolutionary-che-guevara-visited-india
3. https://www.culturematters.org.uk/index.php/culture/religion/item/2692-religion-opium-of-the-people

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com