നീതിയുടെ ചരിത്ര പോരാട്ടങ്ങള്‍

സംസ്‌കാരവും മതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാതെ അന്ധമായ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന പതിവ് നാം ഉപേക്ഷിച്ചേ മതിയാകൂ
ഇസ്രേയലിലെ ടെൽ അവീവിൽ അറബ് ജൂത ന​ഗരമായ ജാഫയിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന യുവതി
ഇസ്രേയലിലെ ടെൽ അവീവിൽ അറബ് ജൂത ന​ഗരമായ ജാഫയിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന യുവതി

തം, വിശ്വാസം, ആചാരം എന്നിവയെല്ലാം മറ്റുതരത്തില്‍ നിരുപദ്രവമായിരുന്നാലും ഇന്ന് അവ വിഭാഗീയതയുടേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയചട്ടുകമായി മാറിയിരിക്കയാണ്. ഒരര്‍ത്ഥത്തില്‍ വ്യവസ്ഥാപിത മതങ്ങളെല്ലാം തന്നെ സ്ത്രീകളെ രണ്ടാംതരം പൗരയായിട്ടാണ് കണക്കാക്കുന്നത്; സ്ത്രീവിരുദ്ധമായ നിലപാടുകള്‍ക്ക് സ്ത്രീകളെത്തന്നെ ഉപയോഗിക്കുന്ന മൗലികവാദ സമീപനവും ഇന്നു പ്രകടമാണ്. 

പാശ്ചാത്യ രാജ്യങ്ങളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ഉടലെടുക്കുന്നതിനു മുന്‍പേ ഇസ്ലാമിക ഫെമിനിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടതായി ചരിത്രപണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈജിപ്തിലെ മോഡേണിസ്റ്റ് ചിന്തകനായിരുന്ന മുഹമ്മദ് അബ്ദുവിന്റെ ചിന്താധാരകള്‍ അവിടെ തൊഴിലിടങ്ങളിലും ആരാധനാലയങ്ങളിലും തങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് ചോദിക്കാനും വ്യക്തിനിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടാനും മുസ്ലിം സ്ത്രീകള്‍ക്കു പ്രചോദനമുണ്ടായി. പുതിയകാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിലെ സ്ത്രീവാദപരമായ പുതിയ സംവാദങ്ങള്‍ക്ക് തുടക്കംകുറിക്കുകയാണ്. ഭരണഘടനയിലോ നിയമങ്ങളിലോ പറയുന്നതിന് ഉപരിയായി മതഗ്രന്ഥങ്ങളില്‍ത്തന്നെ അനുവദിച്ചിട്ടുള്ള അവകാശങ്ങളെ തിരിച്ചുപിടിക്കാനാണ് സ്ത്രീകള്‍ ആവശ്യപ്പെടേണ്ടത്. ലിംഗനീതിക്കുവേണ്ടിയുള്ള ഇസ്ലാമിന്റെ വീക്ഷണം എന്തായിരുന്നുവെന്ന് പരിശോധിക്കുമ്പോള്‍ പ്രവാചക പത്‌നിയായിരുന്ന ഖദീജാ ബീവിയെ മാതൃകയാക്കാം. ലോകത്തുതന്നെ ആദ്യത്തെ വനിതാ വ്യവസായിയും ഇസ്ലാംമതം സ്വീകരിച്ച ആദ്യത്തെ വ്യക്തിയും ഖദീജാ ബീവിയാണെന്നു കാണാം. അരാജകത്വം നിലനിന്നിരുന്ന അശാന്തമായ ഒരു കാലഘട്ടത്തില്‍ പ്രവാചകന്‍ (മുഹമ്മദ് നബി) ഒരു പുതിയ മതത്തിനു രൂപംകൊടുത്തപ്പോള്‍ ആ മതം സ്വീകരിക്കാന്‍ അവര്‍ തയ്യാറായി. മാത്രവുമല്ല, പ്രവാചകന് എല്ലാവിധത്തിലുമുള്ള പിന്തുണയും സഹകരണവും നല്‍കിയെന്നുള്ളതും ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ശക്തയായ ഒരു സ്ത്രീയുടെ സംരക്ഷണത്തിലാണ് ഇസ്ലാമിന്റെ ആദ്യദശകങ്ങള്‍ എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്. നബിയുമായി ബന്ധപ്പെട്ട സ്ത്രീകളെല്ലാം തന്നെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായിരുന്നു എന്നുള്ളത് ചരിത്രത്തിന്റെ വഴികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. നബിക്കുശേഷം അധികാരത്തില്‍ വന്ന നാല് ഖലീഫമാരില്‍ നാലാമത്തെ ഖലീഫ അലിയുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രവാചക പത്‌നി ആയിശ യുദ്ധത്തിനു നേതൃത്വം കൊടുക്കുകയും ചെയ്തു. സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത മതയാഥാസ്ഥിതികര്‍ ആ കാലഘട്ടത്തില്‍ത്തന്നെ അത് 'ഒട്ടകത്തിന്റെ യുദ്ധ'മെന്ന് ഇസ്ലാമിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു.

സ്വാതന്ത്ര്യവും അവകാശവും

ഇസ്ലാമിന്റെ ആദ്യദശകങ്ങളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ എഴുതാന്‍ പ്രാവീണ്യമുള്ള പല എഴുത്തുകാരികളെക്കുറിച്ചും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിലൊരാളായ ജമീല ബിന്ദ് ആബാദി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് പൗരോഹിത്യം ഇസ്ലാമിന്റെ ഭരണം ഏറ്റെടുക്കുകയും സ്ത്രീകള്‍ അടുക്കളയിലെ പുകയൂതിത്തീര്‍ക്കണ്ട ജന്മങ്ങളാണെന്ന് വിധിയെഴുതുകയും ചെയ്തു. വിശുദ്ധഗ്രന്ഥങ്ങളുടെ രചന പൗരോഹിത്യത്തിന്റെ കുത്തകയായിത്തീരുകയും സ്ത്രീകള്‍ അടിമകളായി വീടുകളില്‍ തളയ്ക്കപ്പെടുകയും ചെയ്തു. ദാരിദ്ര്യവും രോഗവുമായി മല്ലടിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. വിശുദ്ധ ഗ്രന്ഥങ്ങളിലെല്ലാം തന്നെ എക്കാലത്തും കൃത്രിമം കാണിച്ചും അവര്‍ സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും കവര്‍ന്നു. പ്രവാചകന്റെ കാലത്ത് കുലീന ഗോത്രാധിപത്യത്തില്‍നിന്നും സ്ത്രീകളും പുരുഷന്മാരും കൂട്ടത്തോടെ പലായനം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചത് ഇസ്ലാമില്‍ സ്വാതന്ത്ര്യവും സമത്വവും ആശയസംവാദങ്ങള്‍ക്ക് ഇടവും ലഭിച്ചിരുന്നു എന്നതുകൊണ്ടാണ്. 

രണ്ടാം ഖലീഫയായ ഉമറിന്റെ കാലത്ത് മഹറുമായി ബന്ധപ്പെട്ടുകൊണ്ട് നടന്ന ഒരു സംവാദമുണ്ടായി. (വിവാഹസമയത്ത് പുരുഷന്മാര്‍ സ്ത്രീകള്‍ക്കു നിര്‍ബ്ബന്ധമായി നല്‍കേണ്ട പാരിതോഷികമാണ് മഹര്‍. വിവാഹമോചന സമയത്തുപോലും മഹര്‍ തിരിച്ചു കൊടുക്കേണ്ടതില്ല. പുരുഷന്റെ കഴിവിനനുസരിച്ചുള്ള മഹര്‍ കൊടുക്കണമെന്നാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്.) മഹര്‍ കൂടുതല്‍ നല്‍കേണ്ടതുകൊണ്ട് പുരുഷന്മാര്‍ക്ക് വിവാഹം നടത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ മഹര്‍ കുറക്കണമെന്നും ആവശ്യപ്പെട്ട് പുരുഷന്മാര്‍ ഖലീഫയെ സമീപിക്കുകയും ഉചിതമായ തീരുമാനമെടുക്കാന്‍ വേണ്ടി സഭ വിളിച്ചുചേര്‍ക്കുകയും ചെയ്തു. പുരുഷന്മാര്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാന്‍ ഖലീഫ മുതിര്‍ന്നപ്പോള്‍ സഭയില്‍ സന്നിഹിതരായ സ്ത്രീകളിലൊരാള്‍ എഴുന്നേറ്റുനിന്നു ചോദിക്കുകയുണ്ടായി ''അല്ലാഹു നിജപ്പെടുത്തിയ കാര്യം ഖലീഫക്ക് തിരുത്താന്‍ എന്താണവകാശം എന്ന്.'' ഖലീഫ അവരുടെ വാദം കേള്‍ക്കുകയും മഹര്‍ നിര്‍ബ്ബന്ധമാക്കുകയും ചെയ്തു. ഇങ്ങനെ ചരിത്രത്തിന്റെ താളുകളില്‍ മുസ്ലിംസ്ത്രീകളുടെ സാന്നിദ്ധ്യം എല്ലായിടത്തുമുള്ളതായി നമുക്കു കണ്ടെത്താന്‍ കഴിയും.

അന്യമല്ലാത്ത ഇടങ്ങള്‍

മുസ്ലിംസ്ത്രീകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയും നിഷേധിക്കുകയും അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിനിയമം ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയില്‍ രചിക്കപ്പെട്ടു. തികച്ചും പുരുഷകേന്ദ്രീകൃതമായതും മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ എല്ലാക്കാലത്തേക്കുമായി രചിക്കപ്പെട്ടതുമായി അതു മാറി. ഇസ്ലാം കര്‍ശനമാക്കിയ പല നിയമങ്ങളും ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയപ്പോള്‍ ആര്‍ക്കും വേവലാതിയില്ല. പുരുഷനെ ബാധിക്കുന്നതായിരുന്നു അവയില്‍ പലതും. എന്നാല്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ മതയാഥാസ്ഥിതികരും രാഷ്ട്രീയപ്പാര്‍ട്ടികളും ഐക്യപ്പെടുകയാണുണ്ടായത്. വിവാഹവും വിവാഹമോചനവും സ്വത്തവകാശവും എല്ലാം തന്നെ ഏകപക്ഷീയവും പുരുഷനു മാത്രമായി നീക്കിവയ്ക്കപ്പെട്ടതുപോലെയുമായിരുന്നു 1937-ല്‍ രചിക്കപ്പെട്ട മുസ്ലിം വ്യക്തിനിയമം. ഇന്ത്യയിലെ വ്യക്തിനിയമം ക്രൂരവും സ്ത്രീ വിരുദ്ധവുമാണെന്നു തിരിച്ചറിഞ്ഞ ജസ്റ്റിസ് ഖാലിദ് ഒരു വിധിന്യായത്തില്‍ പറഞ്ഞത്: ''ശരീഅത്ത് നിയമത്തിന്റെ രാക്ഷസീയതയില്‍ എന്റെ നീതിന്യായ മനസ്സാക്ഷി അസ്വസ്ഥമാകുന്നു. പൊതുജനാഭിപ്രായം സൃഷ്ടിക്കുന്ന നേതാക്കന്മാരുടെ മനസ്സാക്ഷി അസ്വസ്ഥമാകുമോ എന്നതാണ് പ്രശ്‌നം.'' (KLT പുറം 512 (1972), മുഹമ്മദ് ഹനീഫ് പാത്തുമ്മ ഉമ്മാള്‍, ഹൈക്കോടതി).

ആര്‍ത്തവമെന്ന ശാരീരികാവസ്ഥയെ അശുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കുമ്പോള്‍ ചരിത്രത്തേയും വിശ്വാസത്തേയും സ്ത്രീകളില്‍നിന്നും മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. ആര്‍ത്തവത്തെക്കുറിച്ച് ഇസ്ലാമിന്റെ വീക്ഷണം എന്താണെന്നു പരിശോധിക്കപ്പെടേണ്ട സമയമാണിത്. സ്ത്രീകള്‍ പള്ളികളിലേക്ക് പോകാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവരെ വിലക്കരുതെന്ന് പ്രവാചകന്‍ പറഞ്ഞതായി പ്രബലമായ പല ഹദീസുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഹിജ്റയുടെ നാളുകളില്‍ പ്രവാചകന്‍ ഭാര്യമാരിലൊരാളായ മൈമൂനയുമൊത്ത് മദീനയില്‍ താമസിച്ചിരുന്ന കാലത്ത് ആര്‍ത്തവമുള്ള ഭാര്യ പള്ളിയില്‍ നിസ്‌കാരപ്പടം കൊണ്ടു കൊടുത്തതായി ഇമാം അല്‍ നസായി ഒരു ഹദീസില്‍ രേഖപ്പെടുത്തുന്നുണ്ട്. ഭാര്യയുടെ കാല്‍മുട്ടില്‍ തലചായ്ച് ഖുര്‍ആന്‍ പാരായണം ചെയ്തതും ഭാര്യയുടെ ആര്‍ത്തവ സമയത്താണ് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഫാത്തിമ മെര്‍നിസ്സിയുടെ പഠനഗ്രന്ഥത്തില്‍ പറയുന്നു. (ഇസ്ലാമും സ്ത്രീകളും, പേജ് 118) ആര്‍ത്തവം അശുദ്ധമായി ഇസ്ലാം ഒരിടത്തും കല്‍പ്പിച്ചിട്ടില്ല എന്ന് ഇത്തരം ഹദീസുകളില്‍നിന്നും വ്യക്തമാണ്. മുസ്ലിംസ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ വിലക്കുകളില്ലായെന്ന് പള്ളികളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള പേഴ്സണല്‍ ലോ ബോര്‍ഡ് തന്നെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്ത സാഹചര്യത്തില്‍ ധാരാളം പണ്ഡിതരായ സ്ത്രീകളുള്ള മുസ്ലിം സമുദായത്തില്‍നിന്നും സ്ത്രീകള്‍ ഇമാമുകളും ഖാളിമാരും ആയി വരേണ്ടതുണ്ട്. അടുത്തകാലത്ത് ചെന്നൈ ഗവണ്‍മെന്റ് സ്ത്രീകളെ പൂജാരികളായി നിയമിക്കുകയുണ്ടായി. മാറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. നമ്മുടെ സംസ്ഥാനത്തും സ്ത്രീകള്‍ക്ക് അത്തരമൊരവകാശം നലകാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

പര്‍ദ്ദയെ പാശ്ചാത്യ സംസ്‌കാരത്തോടുള്ള എതിര്‍പ്പിന്റെ പ്രതീകമായി കണ്ട് ഇറാനിയന്‍ വിപ്ലവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പര്‍ദ്ദ ഒരായുധമായി അണിയുകയുണ്ടായി. എന്നാല്‍, ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തിനുശേഷം സ്ത്രീകള്‍ വീടുകളില്‍ തളച്ചിടപ്പെടുകയും പര്‍ദ്ദ ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമായി വഹിക്കേണ്ടിയും വന്നു. ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഹുദാശെറാവി ലോകത്തെ സ്ത്രീ പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം കെയ്റോയില്‍ തിരിച്ചെത്തിയപ്പള്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ സ്വീകരിക്കാനെത്തിയവരുടെ മുന്‍പില്‍വച്ച് പര്‍ദ്ദ ഊരി വലിച്ചെറിഞ്ഞുകൊണ്ട് ഒരു ഫെമിനിസ്റ്റ് യൂണിയന്‍ സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി. ഇസ്ലാമില്‍ ഹിജാബ് (പര്‍ദ്ദ) എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് വേര്‍തിരിക്കല്‍ മറ, കര്‍ട്ടന്‍ എന്നൊക്കെയാണ്. എന്നാല്‍, സ്ത്രീകള്‍ക്ക് താല്പര്യമില്ലെങ്കില്‍പ്പോലും കണ്ണും മുഖവും മറയ്ക്കുന്ന തരത്തില്‍ അതിനെ മാറ്റി എടുക്കാന്‍ മതപുനരുത്ഥാന ശക്തികള്‍ക്കു കഴിഞ്ഞു എന്നതാണ് സത്യം. നാലും അഞ്ചും വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങള്‍പോലും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്നു. ഇതു കുഞ്ഞുമനസ്സുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കും? സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരിക്കും?

മൂടുപടമിട്ട് ഒതുക്കി, പെറ്റുകൂട്ടാനുള്ള വെറും യന്ത്രങ്ങളല്ല മുസ്ലിം സ്ത്രീകളെന്നും അവരുടെ പദവി എത്രത്തോളം അംഗീകരിക്കപ്പെടുന്നുവെന്നും മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍നിന്നും മനസ്സിലാക്കാം. സ്ത്രീവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ച് നൂറ്റാണ്ടുകള്‍ പിറകെ സഞ്ചരിക്കാനുള്ള ആഹ്വാനം സ്ത്രീകളെ തളച്ചിടുക എന്ന ഒരു പദ്ധതിയുടെ ഭാഗം മാത്രമാണ്. സംസ്‌കാരവും മതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാതെ അന്ധമായ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന പതിവ് നാം ഉപേക്ഷിച്ചേ മതിയാകൂ. ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അതിരുകളില്ല എന്ന ബോധ്യത്തില്‍നിന്നുകൊണ്ട് നമുക്കു പോരാടേണ്ടതുണ്ട്. എല്ലാത്തരം വ്യത്യസ്തതകള്‍ക്കുമതീതമായി മുസ്ലിംപള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനവും ഇന്നിന്റെ അനിവാര്യതയാണ്. ഒരിടവും അവള്‍ക്കന്യമല്ല. അതിനുവേണ്ടി നമുക്കു പോരാടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com