ലൗ ജിഹാദ്; ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധ പ്രേമികളായി മാറുന്നുണ്ടോ?

ലൗ ജിഹാദ്; ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധ പ്രേമികളായി മാറുന്നുണ്ടോ?

മിശ്രവിവാഹം ലൗ ജിഹാദാവില്ല. ലൗ ജിഹാദ് എന്നു പറയുന്നതു സംഘടിതമായി വിവാഹവും മാനസാന്തരവും ഭീകരപ്രവര്‍ത്തനവും നടത്താനുള്ള ഏര്‍പ്പാടാണ്

ന്തുകൊണ്ട് ലൗ ജിഹാദ് ഇല്ല എന്നു പറയുന്നു? എന്തുകൊണ്ട് കുലത്തെ മുടിക്കുന്ന കോടാലിക്കൈ ആകുന്നു? ഈ ചോദ്യങ്ങള്‍ സാംസ്‌കാരിക ഭാഷയിലും അല്ലാത്ത ഭാഷയിലും വിളിച്ചുചോദിക്കുന്ന ക്രൈസ്തവ വിശ്വാസികളുണ്ട്. അവരേയും നാം ഗൗരവത്തില്‍ പരിഗണിക്കണം. ലൗ ജിഹാദ് മിഥ്യയാണ് എന്നു ഞാനല്ല പറയുന്നത്. കേരളത്തിലെ പൊലീസ് വകുപ്പാണ്. 2018-ല്‍ ഹാദിയ കേസ് പരിഗണിച്ച സുപ്രീംകോടതി ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന്റെ എന്‍.ഐ.എയോടാണ് ആവശ്യപ്പെട്ടത്. അവരും കേരള പൊലീസിന്റെ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ഇങ്ങനെ സംഘടിതമായ ഒരു പരിപാടിയോ പദ്ധതിയോ ഇല്ലെന്നു പറയുന്നവരെ വിളിച്ച് കോപിക്കുന്നവരുണ്ട്. ഇപ്പോഴും തെളിവുള്ളവര്‍ക്ക് അത് പൊലീസിലോ കോടതിയിലോ ഹാജരാക്കി നിലപാട് തിരുത്താന്‍ അവകാശമുണ്ട്.

കേരളത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല, വൈദികരിലും കന്യാസ്ത്രീകളിലും മെത്രാന്മാരില്‍ വരെ ഇങ്ങനെയുള്ളവര്‍ ഉണ്ടെന്നു തോന്നിപ്പോകുന്നു. ഇത് കേരളത്തിലെ മുസ്ലിം സമുദായത്തോടു ചെയ്യുന്ന വാചികമായ അക്രമമാണ് എന്നു പറയേണ്ടി വരുന്നു. ഇങ്ങനെ വെറുപ്പും വിദ്വേഷവും പരത്തുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. വി. ബര്‍ണാര്‍ദ് കുരിശുയുദ്ധം പ്രസംഗിച്ച കാലത്തിലും ലോകത്തിലുമല്ല നാം ജീവിക്കുന്നത്. മനുഷ്യര്‍ക്കു ചരിത്രബോധമുണ്ട്; ചരിത്രത്തില്‍നിന്നു നാം പഠിക്കാനുമുണ്ട്.

ചരിത്രപാഠം 

നാസി പാര്‍ട്ടി ജര്‍മനിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ബോധപൂര്‍വ്വം പരത്തിയ ഒരു വ്യാജവാര്‍ത്തയുണ്ട്. അതായിരുന്നു 60 ലക്ഷം യഹൂദരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത്. ഒന്നാം ലോക മഹായുദ്ധം ജര്‍മനി ബെല്‍ജിയത്തിനെ ആക്രമിച്ചതില്‍നിന്നാണ് ഉണ്ടായത്. ആ യുദ്ധത്തില്‍ ജര്‍മന്‍കാര്‍ അതിദയനീയമായ വിധത്തില്‍ പരാജയപ്പെട്ടു. അതിന്റെ നാണക്കേടും തുടര്‍ന്നുണ്ടായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളുടേയും ഇടയിലാണ് നാസികള്‍ വിദഗ്ദ്ധമായ ഈ നുണ പ്രചരിപ്പിച്ചത്. ജര്‍മന്‍കാര്‍ യുദ്ധത്തില്‍ തോറ്റ കാരണമാണ് അവര്‍ കണ്ടുപിടിച്ചത്. ജര്‍മന്‍കാര്‍ യഹൂദസ്ത്രീകളെ കല്യാണം കഴിച്ച് വര്‍ഗ്ഗശുദ്ധി നഷ്ടപ്പെടുത്തിയതുകൊണ്ട് അവര്‍ യുദ്ധത്തില്‍ തോറ്റു എന്നതായിരുന്നു. വളരെ പ്രതിസന്ധിയിലായിരുന്ന ജര്‍മന്‍കാരോടാണ് നാസികള്‍ ഈ തത്ത്വം വിളമ്പിയത്. അവര്‍ അതു വിശ്വസിക്കാന്‍ തുടങ്ങി. തങ്ങളുടെ ആര്യ വര്‍ഗ്ഗശുദ്ധി നഷ്ടപ്പെട്ടു എന്നും അതിനു കാരണക്കാര്‍ യഹൂദരാണെന്നും അവര്‍ നിരന്തരമായ നുണയുടെ ആവര്‍ത്തനത്തിലൂടെ വിശ്വസിച്ചു. അതു യഹൂദ വിരോധത്തിന്റെ പ്രചാരണമായിരുന്നു. യഹൂദരെ വെറുക്കാന്‍ അതു കാരണമായി. ഹിറ്റ്ലറിന്റെ 'എന്റെ യുദ്ധം' എന്ന കൃതി പരത്തിയ കുറ്റകരമായ നുണപ്രചാരണത്തിലൂടെ വെറുപ്പിന് അനുരൂപപ്പെട്ട ഒരു നാടിന്റെ ദുരന്തത്തില്‍നിന്നു പഠിക്കാത്തവര്‍ അതാവര്‍ത്തിക്കും. ദേശീയതയില്‍ ആണിവച്ചവര്‍ മനുഷ്യസത്ത സ്വാതന്ത്ര്യത്തിലല്ല, ഒരു പ്രദേശവുമായുള്ള സ്ഥായിയായ ഭാവത്തിലാണ് എന്നു ശഠിക്കുന്നു. ശരീരത്തിന്റെ ഇടത്തിന്റെ വിധിക്കു സ്വയം ഏല്പിച്ചുകൊടുക്കുന്നു. ഓരോ നിമിഷവും ഒരു തുടക്കമാകാതെ ഇന്നലെകളുടെ വെറും ആവര്‍ത്തനമാക്കുന്നു. ലോകപ്രസിദ്ധ ചിന്തകനായിരുന്ന മാര്‍ട്ടിന്‍ ഹൈഡഗര്‍ നാസി അനുഭാവിയും അതിന്റെ പേരില്‍ ഫ്രൈബുര്‍ഗ് യൂണിവേഴ്സിറ്റിയുടെ മേധാവിയുമായി. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെ യഹൂദ ജനസംഖ്യയില്‍ പകുതിയലധികം പേര്‍ അപ്രത്യക്ഷമായത് അദ്ദേഹം കണ്ടില്ല; അത് അദ്ദേഹത്തെ പര്യാകുലനാക്കിയില്ല. അയല്‍പക്കത്തെ പട്ടിയെ കാണാതായാല്‍ ഉണ്ടാകുന്ന ചിന്തപോലുമില്ലാതെ അദ്ദേഹം യൂണിവേഴ്സിറ്റി ഭരിച്ചു. കാരണം യഹൂദര്‍ മനുഷ്യരല്ലാതായി! ഇങ്ങനെ ബോധപൂര്‍വ്വകമായ ലക്ഷ്യത്തോടെ വെറുപ്പു പ്രചാരണം നടത്തുന്നവരുണ്ട് എന്നു സംശയിക്കുന്നു.

വിചിത്രമായി തോന്നിയത് ലൗ ജിഹാദിനെക്കുറിച്ച് സംശയിക്കുന്നതു പൊറുക്കാത്ത കുറ്റമായി ചിലര്‍ കാണുന്നു എന്നതാണ്. ക്രൈസ്തവനായ താങ്കള്‍ എന്തുകൊണ്ട് ക്രൈസ്തവരുടെ ഈ പ്രശ്‌നത്തില്‍ ക്രൈസ്തവര്‍ക്ക് എതിരായി നില്‍ക്കുന്നു? എന്റെ ക്രൈസ്തവ വിശ്വാസത്തേയും സമുദായ സ്‌നേഹത്തേയും ബാധിക്കുന്ന ഗൗരവപ്രശ്‌നമായി ഇതു മാറിയിരിക്കുന്നു. ലൗ ജിഹാദിനു തെളിവുകളായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാമിക വിശ്വാസിയായ യുവാവ് ക്രൈസ്തവ യുവതിയെ കല്യാണം കഴിച്ച് മതം മാറി ജീവിക്കുന്നതാണ്. ഇങ്ങനെ കേരള സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ലൗജിഹാദിന് അതും തെളിവാണോ? മിശ്രവിവാഹങ്ങള്‍ ഉണ്ടാകും അവര്‍ അങ്ങനെ വിവാഹിതരാകാന്‍ യുവാവും യുവതിയും തീരുമാനിച്ചാല്‍. അതിന് അവകാശമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മിശ്രവിവാഹം ലൗ ജിഹാദാവില്ല. ലൗ ജിഹാദ് എന്നു പറയുന്നതു സംഘടിതമായി വിവാഹവും മാനസാന്തരവും ഭീകരപ്രവര്‍ത്തനവും നടത്താനുള്ള ഏര്‍പ്പാടാണ്. അത് ഈ സാഹചര്യത്തില്‍ നടന്നോ? പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയോ? അതിന് അവര്‍ സമ്മതമായോ? ഈ പ്രേമവിവാഹത്തെ ലൗ ജിഹാദായി പ്രചാരണം നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ അറിയാതെയല്ല, ബോധപൂര്‍വ്വകമായ സമുദായ വൈരം പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധപ്രേമികളായി മാറുന്നുണ്ടോ?

മനുഷ്യനായാല്‍ മതി 

ഈ കാലഘട്ടത്തില്‍ അറബി പ്രദേശങ്ങളില്‍ നടക്കുന്നതിനെ നാഗരികതകളുടെ യുദ്ധമായി മാറും എന്നു പ്രവചിക്കുന്ന സിദ്ധാന്തം സാമുവല്‍ ഹണ്ടിംഗ്ടന്റെ തന്നെയാണ്. പുതിയ ഒരു കുരിശുയുദ്ധ സാഹചര്യം സംജാതമായിരിക്കുന്നു യൂറോപ്യന്‍ രാജ്യങ്ങളുമായി എന്നതാണ് ഇന്ന് പ്രചരിക്കുന്ന സിദ്ധാന്തം. അങ്ങനെ ഒരു കുരിശുയുദ്ധത്തെ സ്വാഗതം ചെയ്യുന്ന ക്രൈസ്തവരുണ്ടോ എന്നറിയില്ല. പക്ഷേ, മനുഷ്യന്റെ ഭാഷയോടും അവന്റെ മനുഷ്യത്വത്തോടും ആകുലതയുള്ളവരാരും അതിനു വാതില്‍ തുറക്കാന്‍ സന്നദ്ധരാകില്ല. ഈ കുരിശുയുദ്ധ സാഹചര്യത്തെക്കുറിച്ച് 1893-ല്‍ ലെസ്സിംഗ് രചിച്ച പ്രസിദ്ധമായ നാടകമാണ് 'വിജ്ഞാനിയായ നാഥാന്‍.' രണ്ടാം കുരിശുയുദ്ധത്തിന്റെ സുല്‍ത്താന്‍ സലാവിനും പലസ്തീനായിലെ പാത്രിയാര്‍ക്കിസ് അത്തനാസിയൂസും കുരിശുയുദ്ധക്കാരനും കഥാപാത്രങ്ങളാകുന്ന നാടകമാണിത്. മുഖ്യകഥാപാത്രമായ നാഥാന്‍ ഒരു യഹൂദ വ്യാപാരിയാണ്.

ഒരു ദിവസം സുല്‍ത്താന്‍ സലാസിന്‍ വിജ്ഞാനിയായ നാഥാനെ വിളിച്ചു ചോദിക്കുന്നു: ''ഞാന്‍ മുസല്‍മാനാണ്; നമുക്കിടയില്‍ ക്രിസ്ത്യാനിയുണ്ട്. ഈ മൂന്നു മതങ്ങളില്‍ ഒന്നു മാത്രമാണ് ശരി; ഇതില്‍ ഏതാണ് മെച്ചം എന്നു പറയുക.'' ''എന്നെ വിജ്ഞാനി എന്ന് അങ്ങു വിളിക്കുന്നു. ഇതു സത്യസന്ധതയുടേയും ഉദാത്തതയുടേയും പദമാണ്. പക്ഷേ, സുല്‍ത്താന്‍, എന്നെ വെളിവാക്കാന്‍ എനിക്കറിയില്ല; ഞാനൊരു കഥ പറയട്ടെ.''

''നന്നായി പറയുന്ന കഥകളുടെ കൂട്ടുകാരനാണ് ഞാന്‍.'' അയാള്‍ കഥ പറയാന്‍ തുടങ്ങി. കിഴക്കുദേശത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിനു വിലപ്പെട്ട ഒരു മോതിരമുണ്ടായിരുന്നു. അത് അയാള്‍ കൈവിരലില്‍നിന്നും ഊരിയിട്ടില്ല. അതായിരുന്നു കുടുംബത്തിന്റെ ഐശ്വര്യനക്ഷത്രം. അതാകട്ടെ, പിതാവില്‍നിന്നു പാരമ്പര്യമായി തലമുറകള്‍ കൈമാറി കിട്ടിയതാണ്. അയാള്‍ക്ക് മൂന്നു ആണ്‍മക്കളുണ്ടായിരുന്നു. മൂന്നു പേരും അയാള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിന്റെ ഈ മോതിരം ഒരാള്‍ക്കു മാത്രം കൊടുക്കാന്‍ അയാള്‍ക്കു കഴിയില്ലായിരുന്നു. ഒരു മോതിര വ്യാപാരിയുടെ കയ്യില്‍ കൊടുത്ത് അതിന്റെ രണ്ടു പതിപ്പുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അയാള്‍ മൂന്നു പേര്‍ക്കും ഓരോ മോതിരം കൊടുത്തു. മക്കള്‍ കുറേക്കഴിഞ്ഞപ്പോള്‍ ഇതില്‍ അസ്സല്‍ മോതിരം ഏത് എന്ന് അന്വേഷിച്ചു. മൂന്നില്‍ ഏതാണ് ശരിയായ മോതിരം എന്നു തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതു വിവാദമായപ്പോള്‍ അവര്‍ ഒരു മദ്ധ്യസ്ഥനെ വിളിച്ച് ഏതാണ് അസ്സല്‍ എന്നന്വേഷിച്ചു. അയാള്‍ക്കും അതു കഴിഞ്ഞില്ല. അയാള്‍ പറഞ്ഞു: ''ഇതില്‍ അസ്സല്‍ ഏതെന്ന് അറിയാവുന്നവന്‍ മരിച്ചുകഴിഞ്ഞു. ഇത് ഓരോന്നും അസ്സലാണ് എന്നു കരുതി നിങ്ങള്‍ സ്വീകരിക്കുക. ലോകാവസാനം വരെ അത് അങ്ങനെ തന്നെയായിരിക്കും. ലോകാവസാനത്തില്‍ ഒരുപക്ഷേ, ഇത് അറിയാന്‍ കഴിഞ്ഞേക്കും.'' നാഥാന്‍ ഒരു ക്രൈസ്തവ പെണ്‍കുട്ടിയെ മകളായി വളര്‍ത്തുന്നുണ്ടായിരുന്നു. അവളെ സ്‌നേഹിച്ചുവന്ന കുരിശുയുദ്ധക്കാരനോട് അയാള്‍ തന്റെ മകളുടെ സഹോദരനാണ് എന്നറിയാമായിരുന്ന നാഥാന്‍ പറഞ്ഞു: ''നാം സുഹൃത്തുക്കള്‍ ആകണം, അങ്ങനെ ആയിരിക്കും - ദേശമേതായാലും. നാം നമുക്കുവേണ്ടി ദേശം തിരഞ്ഞെടുക്കുന്നില്ല. ദേശം എന്താണ്? യഹൂദരും ക്രിസ്ത്യാനിയും എന്നും മനുഷ്യരായിരുന്നില്ലേ? ഞാന്‍ ഒരുവനെക്കൂടി കണ്ടെത്തിയിരിക്കുന്നു. മനുഷ്യനായിരിക്കുക, അതുപോരേ?'' സുല്‍ത്താന്‍ നാഥാനോട് കഥകേട്ട് പറഞ്ഞു: ''പോകുക, പക്ഷേ, എന്നെ സ്‌നേഹിക്കുക.''

ലെസ്സിംഗ് നാടകത്തിലൂടെ പറഞ്ഞുവയ്ക്കുന്നതു ദേശ സംസ്‌കാരങ്ങള്‍ക്കതീതമായി നാം മനുഷ്യരാണ് - അതുമതി എന്നതാണ്. മനുഷ്യനില്‍നിന്നു വ്യതിചലിക്കുന്ന അപകടങ്ങള്‍ക്ക് ഇടകൊടുക്കുന്ന പ്രതിസന്ധിയിലാണ് നാം. ഈ അപകടമാണ് മതമണ്ഡലത്തില്‍ നാം കണ്ടെത്തുന്നത്. ഞാന്‍ എന്ന വ്യക്തി അതിനുശേഷം മാത്രമാണ് ഒരു നാട്ടുകാരനാകുന്നത്. നാം ജനിച്ച നാടും ഗോത്രവും വംശവും മനുഷ്യത്വത്തിന്റെ സാര്‍വ്വത്രികതയ്ക്കു ശേഷമാണ്. ക്രിസ്ത്യാനിയും മുസ്ലിമും വിഘടിക്കുന്നിടത്ത് എപ്പോഴും ഞാന്‍ ക്രിസ്ത്യാനിയുടെ പക്ഷം പിടിക്കുന്നത് മതമൗലികവാദമാണ്. റോഡില്‍ അപകടം പറ്റിയവന്‍ ആരായാലും അവനെ സംരക്ഷിക്കുന്നതു വെറും മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. അവന്റെ മതവും ഗോത്രവും നോക്കിയല്ല അവനെ പരിഗണിക്കുന്നത്. സമുദായം, ഗോത്രം, ജാതി, മതം ഇവ അതിലംഘിക്കാന്‍ കഴിയാത്തവന്‍ തന്റെ മനുഷ്യത്വത്തിനു ചുറ്റും വേലികെട്ടുന്നു. അതിലംഘനവും അതിരുവിടലും മനുഷ്യത്വത്തിന്റെ മൗലികമായ മാനമാണ്. അതിന് എനിക്കു മാതൃക യേശുക്രിസ്തു തന്നെയാണ്.

ചിന്താഭാരം 

ഹൈഡഗര്‍ പറഞ്ഞിട്ടുള്ളതുപോലെ ഞാന്‍ ചിന്തിക്കുന്നതായി ചിന്തിക്കുന്നവനാണ്. എന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വിമര്‍ശനാത്മകമായ ചിന്തയാണിത്. അതുകൊണ്ട് ''ഇതു ശരിയാണ്'', ''അതു തെറ്റാണ്'', ''ഇതു സുന്ദരമാണ്'', ''അതു വിരൂപമാണ്'' എന്നു പറയുന്നു. ഈ മനുഷ്യാവസ്ഥ എന്നില്‍ ഉത്തരവാദിത്വവും മനുഷ്യനെക്കുറിച്ചുള്ള അവബോധവും ഉണ്ടാക്കുന്നു. ഇത് ഒരു പൊതുബോധം ഉണ്ടാക്കുന്നുണ്ട് - മനുഷ്യകുടുംബബോധം. അത് കാല സ്ഥല വ്യത്യാസങ്ങളെ മറികടക്കുന്നു. പിന്നോട്ട് നോക്കുന്ന ഓര്‍മ്മയും മുന്നോട്ടു നോക്കുന്ന സങ്കല്പവും എനിക്കുണ്ട്.

ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ കുഞ്ഞിനെ സ്വീകരിക്കുന്ന പരോക്ഷമായ സമ്മതം മിഥ്യയല്ല, നമ്മുടെ മനുഷ്യാവസ്ഥയാണ്. ഒരു കുഞ്ഞിന്റേയും ജനനത്തിനെതിരെ നാം സമരത്തിനിറങ്ങാറില്ല. ഒരു സമൂഹത്തിലെ അംഗമായി മാത്രമേ പ്രവര്‍ത്തിക്കാനും അതിജീവിക്കാനും കഴിയൂ. ഒരു സംഘത്തേയും സമുദായത്തേയും ഞാന്‍ സ്‌നേഹിക്കുന്നില്ല, വ്യക്തികളെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. അങ്ങനെ കാണുന്നതാണ് ക്രൈസ്തവ തനിമ എന്നെ പഠിപ്പിക്കുന്നത്. ആ തനിമയോട് നന്ദിയും കടപ്പാടുമുണ്ട്.

മനുഷ്യനു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതുകൊണ്ട് തീര്‍ത്തും അപ്രതീക്ഷിതമായത് അവനില്‍/ അവളില്‍ പ്രതീക്ഷിക്കാം. ''ഒരു തുടക്കം ഉണ്ടാക്കാന്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു'' എന്ന് അഗസ്റ്റിന്‍ എഴുതി. അന്തര്‍മുഖനാണ് മനുഷ്യന്‍. മനുഷ്യപീഡനത്തിന്റേയും അപമാനത്തിന്റേയും നടുവിലേക്ക് ദൈവം ഇറങ്ങിവരുമോ? ദൈവം ഇറങ്ങിവരും മനുഷ്യനിലൂടെ. അവര്‍ക്കു തുടക്കം ഉണ്ടാക്കാന്‍ കഴിയും. വെറുപ്പിന്റെ അന്ധത ബാധിച്ച സമൂഹത്തില്‍ ആദരവിന്റെ അത്ഭുതം ഉണ്ടാക്കാന്‍ മനുഷ്യനു കഴിയും. വൈരത്തിന്റെ ഇരുട്ടുപരത്തുമ്പോള്‍ വെറുക്കില്ല എന്നു നിശ്ചയിക്കുന്ന ആത്മാവില്‍ ദൈവം സംഭവിക്കും - വെളിച്ചമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു. കൗശല ബുദ്ധിയുടെ ഔദ്ധത്യം വിജ്ഞാനത്തെ വിഷലിപ്തമാക്കുമ്പോള്‍ മനുഷ്യനെ അറിയുകയല്ല, വിശ്വസിക്കുകയാണ് എന്നു പറയുന്നവരുണ്ടാകും - വെറുക്കാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ സാമാന്യബോധം നഷ്ടമായി എന്നു ഉറപ്പിക്കാം. എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുന്നതു സത്യമാണ്. സത്യം നമ്മുടെ തലവേദനയാണ്; ഈ തലവേദന ഇല്ലതായാല്‍ തലകള്‍ ഉരുളുന്ന അപകടം അകലെയല്ല. ഓരോ മനുഷ്യനും അനന്യനാണ്. ഇന്നുവരെ ഉണ്ടാകാത്തത് അവനില്‍ ഉണ്ടാകാം. ഏറ്റവും ദുഃഖകരമായ സത്യം സ്വയം നന്മതിന്മകള്‍ വിവേചിക്കാത്തവനില്‍നിന്നു കണ്ടിട്ടില്ലാത്ത ഭീകരതകള്‍ ഉണ്ടാകാം എന്നതാണ്. ഇവര്‍ ചിന്തയിലില്ലാത്തവരാണ്. സ്‌നേഹം അതിന്റെ സ്വഭാവത്തില്‍ത്തന്നെ ലൗകികമല്ല. അതുകൊണ്ട് അത് അരാഷ്ട്രീയവും രാഷ്ട്രീയ വിരുദ്ധവുമാണ്.

സമുദായത്തിനപ്പുറം 

യേശു ഒരു യഹൂദനായിരുന്നു. പക്ഷേ, യഹൂദമതത്തിന്റേയും സാമുദായികതയുടേയും അതിരുകള്‍ ലംഘിച്ച് പുറത്തുള്ളവരെ കാണാനും അംഗീകരിക്കാനും ആദരിക്കാനും തയ്യാറായി. അതു തന്റെ സമുദായത്തോടുള്ള അകല്‍ച്ചയോ വൈരമോ അല്ല. അവന്റെ സമുദായം തന്നെ നല്‍കിയ മനുഷ്യദര്‍ശനത്തിന്റെ മഹത്വപൂര്‍ണ്ണമായ തലങ്ങളെ സ്പര്‍ശിക്കാന്‍ തയ്യാറാകുന്ന തനിമയുടെ വിലാസം മാത്രമാണ്. ഏതു തനിമയും അതിന്റെ വേലികളെ ഭേദിക്കുന്ന ഊര്‍ജ്ജം പേറുന്നു. അതു കണ്ടെത്താന്‍ കഴിയാത്തവര്‍ ആ വേലികള്‍ക്കുള്ളില്‍ സ്വയം തളച്ചിടുകയും മറ്റുള്ളവരെ തളയ്ക്കുകയും ചെയ്യുന്നു. അങ്ങനെ യഹൂദ തനിമ നിഷേധിച്ചു എന്ന ആരോപണത്തില്‍ കൊല്ലപ്പെട്ടവനാണ് യേശു. സമുദായ വൈരത്തിന് ഇരയായി മരിച്ചവന്‍. എല്ലാ മതങ്ങളും സ്വന്തം സമുദായികതയിലേക്ക് പിന്‍വലിയുന്ന ഒരു മൗലികവാദ ജ്വരം ബാധിച്ചിരിക്കുന്നു.

ആഥന്‍സിന്റെ ഗ്രീക്കു സംസ്‌കാരത്തിന്റെ മാമൂലുകളില്‍ തളച്ചുകിടക്കരുത്, ആന്തരികതയുടെ ബലത്തില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കണം എന്നു പഠിപ്പിച്ച സോക്രട്ടീസിനെ സമുദായ സ്‌നേഹമില്ലാത്തവനായി വിധിച്ചു വധിച്ചു. സാബത്ത് മനുഷ്യനുവേണ്ടിയാണ് മനുഷ്യന്‍ സാബത്തിനും അതീതനാണ് എന്ന് അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സാംസ്‌കാരികബോധം വളരുകയാണ്. മൂന്നു മതങ്ങളിലും ഒരുപോലെ ആദരണീയനാണ് പഴയനിയമ ബൈബിളിലെ അബ്രാഹം. അദ്ദേഹം നിരന്തരമായി അന്യനാടുകളിലേക്കും മനുഷ്യസമൂഹങ്ങളിലേക്കും പുറപ്പാടു യാത്ര നടത്തിയവനാണ്. അതിനുള്ള ബലവും സംരക്ഷണവും അദ്ദേഹം നേടിയത് തന്റെ വായിലെ നാക്കിന്റെ ഭാഷയില്‍ മാത്രമാണ്. അദ്ദേഹം വാക്കുകൊടുത്തും വാക്കുപാലിച്ചും ഉടമ്പടികളുടെ ഭാഷണബലത്തിന്റെ മനുഷ്യനായിരുന്നു. അദ്ദേഹം ഏതു ദേശത്തും ഏതു ഗോത്രത്തിലും കടന്നുചെന്നത്, സൗഹൃദവും സംഭാഷണവും ഉണ്ടാക്കിയത് വാക്കിന്റെ ബലത്തിലും അതിന്റെ ആകര്‍ഷണതയിലുമാണ്. നാടോടികള്‍ നിരന്തരം ഗോത്ര-ജാതി വര്‍ഗ്ഗങ്ങളുടെ അതിരുകള്‍ ലംഘിക്കുന്നു. വ്യഭിചാരക്കുറ്റത്തില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ കൊണ്ടുപോയവളെ രക്ഷിക്കാന്‍ കടന്നുവന്ന ഡാനിയേല്‍ എന്ന ചെറുപ്പക്കാരന്‍ ധാര്‍മ്മികബോധമുള്ളവനായിരുന്നു. അയാള്‍ നീതിയുടെ വെല്ലുവിളികള്‍ സ്വീകരിച്ച് കാപട്യത്തിന്റെ മുഖംമൂടികള്‍ വലിച്ചുകീറിയവനാണ്. മോസസ്സ് പത്തു കല്പനകള്‍ സ്വീകരിച്ചവനും ഈ കല്പനകളുടെ മൂര്‍ത്തമായ എഴുത്തുപലകകള്‍ എറിഞ്ഞുടച്ചവനുമായിരുന്നു. തെക്കോവായിലെ ഇടയനായിരുന്ന ആമോസ് നീതിയുടെ തൂക്കുകട്ടയുമായി സമൂഹത്തില്‍ ജീവിച്ചവനാണ്. അദ്ദേഹം മനുഷ്യനെ ഒരു ജോടി ചെരിപ്പിനു വില്‍ക്കുന്നതില്‍ കോപിച്ചവനായിരുന്നു. ഗരീസിം മലയുടെ മുകളില്‍നിന്നു മരങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥ പറഞ്ഞവന്‍ കൊലപാതക പരമ്പരയില്‍ സ്വന്തം ജീവിതം കഷ്ടിച്ച് രക്ഷപ്പെടുത്തിയതിന്റെ അഗ്‌നിപര്‍വ്വതമാണ് കഥയായത്. അതിലംഘനത്തിന്റെ വഴിയില്‍ വ്യതിചലിച്ച് ഏതു മതവും മുരടിക്കാന്‍ വഴിയുണ്ട്.

1936-ൽ ഹിറ്റ്ലർ അണികളെ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾ
1936-ൽ ഹിറ്റ്ലർ അണികളെ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾ

1934 സെപ്തംബര്‍ 30-ന് ഫ്രോയ്ഡ് എഴുതിയ ഒരു കത്തില്‍ പറയുന്നു: ''യഹൂദര്‍ പുതിയ പുതിയ പീഡനങ്ങള്‍ക്ക് ഇരയാകുന്നത് എന്തുകൊണ്ട്? അവര്‍ നിരന്തരം മരണമില്ലാത്ത വെറുപ്പിന്റെ ഇരകളായത് എന്തുകൊണ്ട്?'' ''വൈകാതെ ഞാന്‍ ആ സൂത്രം കണ്ടുപിടിച്ചു. മോസസ്സാണ് യഹൂദരെ ഉണ്ടാക്കിയത്.'' ഫ്രോയ്ഡിന്റെ കാഴ്ചപ്പാടില്‍ യഹൂദ തനിമ അതിന്റെ ആത്മീയതയാണ്. യഹൂദമതം ഒരു വംശപാരമ്പര്യമായിരുന്നില്ല, ഒരിക്കല്‍ യഹൂദനായവന്‍ എന്നേക്കും യഹൂദനാണ്. ഒരുവനെ യഹൂദനാക്കുന്നത് അനുഷ്ഠാനങ്ങളല്ല, ഛേദനാചാരമല്ല, വംശീയതയുമല്ല. അതു ദൈവവിശ്വാസത്തിലുമല്ല. ആ തനിമയുടെ അടിസ്ഥാനം ഭൗതികമായ ഒന്നുമല്ല. അത് ആദര്‍ശങ്ങളുടെ പേരിലാണ്. അത് അടിച്ചമര്‍ത്തിയ വികാരങ്ങളുടെ തിരിച്ചുവരവാണ്. കൊല്ലരുത് തുടങ്ങിയ പത്തു കല്പനകള്‍ നല്‍കിയ മോസസ്സിനെ കൊന്നവര്‍ക്കുള്ള കുറ്റബോധം അടിച്ചമര്‍ത്തിയത് തിരിച്ചുവരുന്നു. അത് ആദര്‍ശങ്ങളുടെ തിരിച്ചുവരവ് ഉണ്ടാക്കുന്ന വേദനയാണ്. അതു പിതൃഹത്യയുടെ വിലാപമായി മാറുന്നു. യഹൂദമതം ഒരു മാതൃമതമായിരുന്നില്ല, പിതൃമതമായിരുന്നു. വികാരങ്ങളല്ല, വിവേകങ്ങളാണ് അവിടെ ആധാരം. ഈ വിധത്തില്‍ വിചാരത്തിന്റേയും ആദര്‍ശങ്ങളുടേയും തിരിച്ചുവരവില്ലെങ്കില്‍ മതം വികാരത്തിന്റെ തലത്തിലേക്കു താഴും.

ഉത്തരവാദിത്വം 

ഉത്തരവാദിത്വമാണ് മതം എന്നു ഞാന്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. അതു ഉന്മാദമല്ല. ദൈവത്തില്‍നിന്നു വരുന്ന എന്നു വിശ്വസിക്കുന്ന ജനതകളില്‍ എന്നതിനെക്കാള്‍ ദൈവത്തിലേക്കു പോകുന്നു എന്നു വിശ്വസിക്കുന്നവരിലാണ് ദേശീയ വാദവും ദൈവികയുദ്ധങ്ങളും ഉണ്ടാകുന്നത് എന്നു തോന്നിപ്പോകുന്നു. മതം ഉന്മാദമാകുന്ന പ്രതിസന്ധി, മതം അപരന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വബോധം സ്വാഭാവികമാണ്, ആന്തരികമാണ്. അതു സ്വാഭാവികമല്ലെങ്കില്‍ അതു നിയമം വഴിയോ ഉടമ്പടിയിലൂടെയോ ഉണ്ടാക്കാനാവില്ല. എന്റെ കര്‍മ്മങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണം. അങ്ങനെയുള്ള സാധ്യത ബോധമണ്ഡലത്തില്‍ ഉണ്ട്. മറുപടി പറയുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം. ഈ ധാര്‍മ്മിക താല്പര്യമില്ലെങ്കില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ആയിരിക്കുന്നതില്‍ ''ആയിരിക്കേണ്ട'' ബോധത്തിന്റെ സാന്നിധ്യമുണ്ട്. എന്റെ അസ്തിത്വബോധത്തില്‍ അന്തര്‍ലീനമാണ് ''ആയിരിക്കേണ്ട''തിന്റെ ധാര്‍മ്മികലക്ഷ്യം. നഗ്‌നമായ വര്‍ത്തമാനത്തിന്റെ ആയിരിക്കലില്‍ ആകേണ്ടതിന്റെ താല്പര്യം കടന്നിരിക്കുന്നു; ആയിരുന്നതിന്റെ ഓര്‍മ്മയും. ജനിച്ച കുഞ്ഞിന്റെ നിലവിളി ചുറ്റുപാടിലേക്ക് അതിനെ ശ്രദ്ധിക്കാനും ശുശ്രൂഷിക്കാനും അപ്രതിരോധ്യമായ കടമ വിളിക്കുന്നു.

പ്രസിദ്ധ ഫ്രെഞ്ചുകാരി മെല്ലാര്‍മെ എഴുതി: ''ഞാന്‍ അപരനാണ്.'' മനുഷ്യന്‍ എപ്പോഴും ഒരു കാല്‍ അപ്പുറത്തേക്കിട്ട് നോക്കുന്നവനാണ്. എന്റെ വീട് കാണാന്‍ അയല്‍ക്കാരന്റെ വീട് കാണണം. അത് എന്നിലുള്ള ഒരു വിറയലിന്റെ പ്രകമ്പനത്തിന്റേയും ഫലമാണ്. മനുഷ്യനില്‍ ഒരു അസ്തിത്വ മറവിയും ക്രൂരമായ ധര്‍മ്മത്തിന്റെ ഒരു ആദിപുരാണവുമുണ്ട്. ആ ബന്ധം ഒരു മറവിയുടേയും മറ്റൊരു ഉണര്‍വ്വിന്റേയുമാകാം. ഞാന്‍ എന്നെ കാണുന്നത് അപരന്റെ കാതുകളിലൂടെയുമാണ്. അതാണ് എന്നില്‍ പ്രകമ്പനമുണ്ടാക്കുന്നത്. എന്റെ സ്വയം സാന്നിദ്ധ്യത്തില്‍ ഉണ്ടാകുന്ന വിറയലും വിഭജനവും. അഹത്തിന്റെ കേന്ദ്രത്തില്‍ സ്വയം പര്യാപ്തമല്ല എന്നത് ആലേഖിതമായി ഇരുന്നു മോങ്ങുന്നു. തൊടാതെ തൊടുന്നു ആരോ എന്നില്‍. അതു സാധ്യതയുടെ വാതില്‍ തുറക്കുന്നു.

കഴിയുന്നില്ല എന്നതു കഴിയുന്നു. മരണം എന്റെ വാതില്‍ തുറക്കുകയാണ്. ആരുടെ മരണം? അപരന്റെ മരണം. മരണം എന്നിലേക്കു വരുന്നത് അപരന്റെ മരണത്തില്‍ നിന്നാണ്. ഒരുപക്ഷേ, അവന്‍ ഞാനാകാം എന്ന സാധ്യത. അപരന്‍ എന്നെ ആവസിക്കുന്നു. ലെവിനാസ് എഴുതി: ''അപരന്റെ മരണമാണ് ആദ്യമരണം. ഞാന്‍ അപരനെക്കുറിച്ച് മര്‍ത്ത്യന്‍ എന്ന വിധത്തില്‍ ഉത്തരവാദിയാണ്.'' കൊല്ലാനും ജീവിപ്പിക്കാനും എനിക്കു കഴിയും. ഒരുപക്ഷേ, അപരന്‍ ഞാനാണ് എന്നത് ഒരു വസ്തുവല്ല, ചരക്കല്ല. ഒരുപക്ഷേ, അപരന്‍ എന്നതിലേക്കു ഞാന്‍ കടന്നു ചെല്ലണം. ഞാന്‍ അപരനായതുപോലെ. ഭാഷയും ചിന്തയും 'ഒരു പക്ഷേ', എന്ന വിധത്തിലുള്ള ഭാഷയും ചിന്തയുമാണ്. ചിന്തിക്കുക എന്നാല്‍ 'അങ്ങനെ ആയാല്‍' എന്ന വിധത്തില്‍ ചിന്തിക്കുന്നതാണ്. ലോകം കടന്നുപോകുകയാണ്. ഞാന്‍ നിന്നെ എന്തിനു സംവഹിക്കണം? എന്റെ ജീവിതം അജ്ഞാതനായ ആരോ എഴുതുകയാണോ? വിജയകേളി ഞാന്‍ പരാജയമായി നടത്തുന്നു. നഷ്ടപ്പെട്ടാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന കേളി.

മരണദാനം
 
അതു ബൈബിളിലെ അബ്രാഹത്തിന്റെ ഭാഷയാണ്. നമ്മിലും നമുക്കുവേണ്ടിയുമുള്ള ഭാഷ. അതു ബലിയുടെ ഭാഷയാണ് - ദാനഭാഷ. സമ്മാനം സാഹസികതയുടെ അതിപ്രസരത്തില്‍ സാധ്യമാണോ? കൊടുക്കല്‍ വാങ്ങലിന്റെ സാമ്പത്തിക സംസ്‌കാരത്തില്‍ ധര്‍മ്മം സാധ്യമാണോ എന്നതുതന്നെയാണ് മൗലികപ്രശ്‌നം. ധര്‍മ്മം അനുദിന ജീവിത വ്യാപാരമല്ല. അതു പകരങ്ങള്‍ കൊണ്ടുള്ള വിനിമയമാണ് - എല്ലാത്തിനും പകരം പണമാണ്. പകരമില്ലാതെ കൊടുക്കുമ്പോള്‍ മാത്രമാണ് ധര്‍മ്മം ജനിക്കുന്നത്. ധാര്‍മ്മിക നടപടി അസാധ്യമായ സ്ഥിതിയിലാണ് നാം. പറയാനാവാത്ത ഉത്തരവാദിത്വമാണ് നടക്കേണ്ടത് - അതുകൊണ്ടുതന്നെ അതു രഹസ്യമാണ്. ഒരുവന് ഞാന്‍ അതു ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം ഞാന്‍ അതു നിഷേധിക്കുന്നു. എന്റെ പ്രിയപ്പെട്ടവര്‍ക്കു നിഷേധിച്ചുകൊണ്ടാണ് ഞാന്‍ കൊടുക്കുന്നത്.

തിരിച്ചു തരാനാകാതെ എന്റെ ദാനമായി എനിക്കു കൊടുക്കാനാവുന്നത് എന്നെത്തന്നെയാണ്. ഹൈഡഗര്‍ പറഞ്ഞിട്ടുള്ളതുപോലെ ''ശരി സ്വഭാവമനുസരിച്ച് മരണം എല്ലാവിധത്തിലും എന്റേതാണ്. അതിനു പകരമാകാന്‍ ആര്‍ക്കും കഴിയില്ല, മരണം എല്ലാവിധത്തിലും എന്റെയാണ് അസ്തിത്വത്തിലായിരിക്കുക എന്നതിന്റെ എല്ലാ അര്‍ത്ഥത്തിലും. എനിക്കുവേണ്ടി ആര്‍ക്കും മരിക്കാനാവില്ല. എല്ലാവിധത്തിലും അതു എന്റേതാണ്. ബോധത്തിന്റെ ആത്മാവാണ് ഞാന്‍. ദൈവത്തിനുവേണ്ടി അഥവാ അപരനുവേണ്ടി എന്റെ മരണനടപടി (mortifying). ഞാന്‍ എന്നെ ഒറ്റിക്കൊടുക്കുന്നു. ഞാന്‍ എന്റെ മരണം കാഴ്ചവയ്ക്കുന്നു.

ദൈവത്തിനുവേണ്ടി എന്നു പറയുന്നത് ശൂന്യമായ കല്ലറ കണ്ടെത്തുന്നതാണ്. ദൈവം ഒന്നുമല്ല. അത് ഒന്നുമല്ലാത്ത ഇടമാണ്. തെളിവില്ലാത്ത അമര്‍ത്ത്യതയുടെ ഗീതം. മതമില്ലാത്ത പ്രാര്‍ത്ഥനയുടെ കണ്ണീര്‍. ഉത്തരമില്ലാത്ത ചോദ്യം. ശൂന്യമാകുന്നതാണ് ദൈവമാകല്‍. അത് ഏതോ ശൂന്യതയുടെ പ്രേതാവാസത്തിലാകുന്നതാണ്. അസ്തിത്വത്തിനുള്ളിലെ നിതാന്തമായ വിറയല്‍. ഈ വിറയലില്‍നിന്നാണ് ഞാന്‍ എന്നെത്തന്നെ കാഴ്ചവയ്ക്കുന്നതും. അതിനു ഞാന്‍ മോറിയ മലയില്‍ എന്റെ മകനെതിരായ കത്തി ഉയര്‍ത്തേണ്ടതില്ല. രാപകല്‍ എല്ലാ സമയവും ലോകത്തിലെ മോറിയ മലകളില്‍ ഞാന്‍ അതു ചെയ്യുന്നു. ഞാന്‍ സ്‌നേഹിക്കുന്നതും സ്‌നേഹിക്കേണ്ടതും അളവില്ലാത്തവിധം കടപ്പെട്ടവരുടേയും മേല്‍ കത്തി ഉയര്‍ത്തുന്നു. ഒരുവനു വീടു കൊടുക്കുമ്പോള്‍ വീടില്ലാത്ത പതിനായിരങ്ങള്‍ക്കു ഞാന്‍ അതു നിഷേധിക്കുന്നു. ''നീ എന്നെ കൊല്ലുന്നില്ലെങ്കില്‍, നീ കൊലപാതകിയാണ്.'' നിന്നെ കൊല്ലാതിരിക്കാന്‍ ഞാന്‍ എന്നെ കൊല്ലുന്നു - അത് എന്റെ ജീവിതസപര്യയാകുന്ന - mortifying life  മരണമുണ്ടാക്കുന്ന ജീവിതം. അതു ദൈവത്തിന്റെ മുന്‍പിലുള്ള ജീവിതമാണ്. മോസസ്സ് ദൈവത്തെ കണ്ടിട്ടില്ല. ''എന്റെ മുഖം നീ കാണുകയില്ല'' (പുറപ്പാട് 33:23). ഇതാണ് യഹൂദ മതത്തിന്റെ വെളിപാട്. ദൈവത്തിന്റെ കടന്നുപോക്കിന്റെ അവശേഷിപ്പുകള്‍ കാണുന്നു - നിത്യമായ അസാന്നിധ്യത്തിന്റെ അടയാളം. കടന്നുപോക്കിന്റെ അവശിഷ്ടത്തിലേക്ക് യാത്ര. അത് അപരനിലേക്കാണ്. അതാണ് ക്രിസ്തു എന്നെ പഠിപ്പിക്കുന്നത്. അവന്റെ നിഴല്‍ കാണേണ്ടത് അപരന്റെ മുഖത്താണ്. അപരനുവേണ്ടിയുള്ള കാമം, കാമത്തില്‍ അവസാനിക്കുന്നില്ല; തൃപ്തമാകുന്നില്ല. അതുണ്ടാക്കുന്നത് ഒരു മാനവികതയാണ്, കുടുംബബോധമാണ്.

കുടുംബബോധം 

''ഒരുവന്‍ ബന്ധുവും അപരന്‍ അന്യനുമാണ്'' : ചെറിയ മനസ്സുള്ളവന്‍ പറയുന്നു.

എന്നാല്‍ മഹാമനസ്‌കന്‍ പറയുന്നു: ''ലോകം മുഴുവന്‍ എന്റെ കുടുംബം.'' ഈ മഹാ ഉപനിഷത്തിന്റെ സന്ദേശം പ്രായോഗികമാക്കാന്‍ - അക്രമത്തിന്റെ പാത ഒരുവന് അനിവാര്യമാണ്. അതുകൊണ്ടാണ് ക്രിസ്തുവിരുദ്ധനായ നിഷേയുടെ സറാത്തുസറപോലും പറയുന്നു: ''സ്വയം മറക്കുന്നവനെ ഞാന്‍ സ്നേഹിക്കുന്നു. അവന്റെ ആത്മാവില്‍ എല്ലാമുണ്ട്. എല്ലാം അവന്റെ പതനത്തിലാണ്.''

സ്വന്തം പേരില്‍നിന്നു പിന്മാറാന്‍ കഴിയുന്നവന്‍ സ്വയം നിഷേധിക്കുന്നവനാണ്. അവന്‍ സ്വന്തം മരണമാണ് അപരനു കാഴ്ചവയ്ക്കുന്നത്. ഇത് അതിരുവിടലാണ്, ഗോത്രത്തിന്റേയും മതത്തിന്റെ ജാതിയുടേയും ദേശത്തിന്റേയും. ഒരു സമൂഹം അതിന്റെ വീരസാഹസിക നേതാവിനെ പരദേശിയാക്കുന്നതിന്റെ അര്‍ത്ഥമെന്ത്? അവര്‍ രക്ഷ പുറത്തേയ്ക്കു പോക്കാക്കുന്നു. അതിരുവിടല്‍ ഒഴിവാക്കാനാവാത്തതായി. അനന്തമായ ഭൂമിക്കും അനന്തമായ കാലത്തിനും ഇടയില്‍ വീടുവയ്ക്കാന്‍ നാലു കാലുകള്‍ കുഴിച്ച് മാടം ഉണ്ടാക്കാം. ആ കാലുകള്‍ പിന്നെയും പിന്നെയും പറിച്ചുനടാം. ആ കാലുകള്‍ തകരുമ്പോള്‍ അവന്റെ ലോകമാണ് തകരുന്നത്. അവനു പിന്നെ സമയം വേണം, കാത്തിരിക്കണം, അപരനുവേണ്ടി. ഈ അതിരുവിടുന്ന ധര്‍മ്മചിന്തയില്ലാത്തവര്‍ ഉണ്ടാകില്ല എന്നു പറയാനാവില്ല. മൂവായിരമോ പതിനായിരമോ വര്‍ഷങ്ങളുടെ പഴക്കമുള്ള സംസ്‌കാരങ്ങളിലും സാംസ്‌കാരിക വേരുകള്‍ ദ്രവിച്ചുപോയവരുണ്ടാകും. അവര്‍ കൊല്ലുന്നവരും കോപിക്കുന്നവരും വെറുക്കുന്നവരുമായി സംസ്‌കാരത്തിന്റെ അങ്കി അണിയാം. അധികാരത്തിന്റെ ലഹരിയില്‍ മസ്തിഷ്‌കം മരവിച്ചവരായി അധികാരത്തിന്റെ സുരക്ഷിത ഗര്‍ഭപാത്രത്തില്‍ കൊലയുടെ യന്ത്രത്തിന്റെ നടത്തിപ്പിന്റെ വരം വാങ്ങി വിലസിക്കും. അവര്‍ അതീവ സാമര്‍ത്ഥ്യവും ബൗദ്ധികതയും പ്രകടിപ്പിക്കുന്ന പ്രതിഭകളായി ശോഭിക്കും. അവര്‍ വിഡ്ഢികളല്ല, ധര്‍മ്മബോധം ഊരിമാറ്റിയവരാണ്. അവരുടെ വലിയ ശാസ്ത്രബുദ്ധി ധാര്‍മ്മിക ശൂന്യതയുടെ ഇരുവശങ്ങളാണ്.

ഒരു പ്രേതാവാസമാണ് എന്റെ ഭക്തി - അതു ചിലപ്പോള്‍ നിരീശ്വരത്വമായി തോന്നാം. ഈ പ്രേതാവേശം എന്നെ അഴിച്ചുപണിയുന്നു. ഞാന്‍ എന്നെ മറന്നു നിന്നെ സങ്കല്പിക്കുന്നു. അവിടെയാണ് വിലാപമുണ്ടാകുന്നത്. സാഹിത്യം വിലാപത്തിന്റെ ഭാഷയാണ്. ഒരു ശൂന്യതയുടെ ആവാസമായി അതു കാണപ്പെടാം. വിശുദ്ധമായ ഭാഷണത്തിനു പിന്നില്‍ ആരാണ്? ഈ അസാന്നിദ്ധ്യം സംസാരിക്കുന്നു. കാവ്യാത്മകമായ ഭാഷ പൂവില്ലാത്ത പൂവിന്റെ സാന്നിദ്ധ്യം ഉണ്ടാക്കുന്നു. കാര്യമില്ലാത്ത കാര്യമുണ്ട് എന്ന പ്രതീതി മാത്രം ഉണ്ടാക്കുന്നു. മറന്നുപോയതും ഇല്ലാത്തതും എഴുന്നള്ളുന്നു. കാവ്യഭാഷയില്‍ - ആ ഭാഷയ്ക്കു ആത്മാവുമില്ല ശരീരവുമില്ല. അതു വെളിപാടിന്റെ സംഭവമല്ല. വെളിപാടല്ല. അതു സാധ്യത ഉണ്ടാക്കുന്ന ഭാഷയാണ്. സാഹിത്യഗ്രന്ഥം പ്രേതപുസ്തകമാണ്. പ്രേതവുമായി അതു ഓര്‍ഫേയൂസിനെപ്പോലെ വരുന്നു.

നമ്മുടെ സിദ്ധാന്തങ്ങള്‍ എത്ര യുക്തിസഹവും വാദമുഖങ്ങള്‍ എത്ര ബോധ്യപ്പെടുത്തുന്നതുമായാലും എന്റെ മുന്‍പിലുള്ള മനുഷ്യന്‍ അവയ്ക്കെല്ലാം ഉപരിയാണ്. കാരണം മനുഷ്യനില്‍ സംഭവങ്ങളും കഥകളുമുണ്ട് - നമുക്കു പറയാനുള്ളതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ കഥകള്‍, സംഭവങ്ങള്‍. ആ സംഭവങ്ങളില്‍, കഥകളില്‍, ആഖ്യാനങ്ങളില്‍ ജീവിതമുണ്ട്, വിശ്വാസമുണ്ട്, വിശുദ്ധിയുണ്ട്, സ്‌നേഹമുണ്ട്. അസ്തിത്വം സമയത്തില്‍ സംഭവമാകുകയാണ്. വിശുദ്ധമായ കഥകള്‍ ശാന്തമായിരുന്നു ചിന്തിച്ചുണ്ടാക്കുകയല്ല. വിശുദ്ധമായ കഥകള്‍ നമ്മില്‍ ഉണരുകയാണ്. ഒരു പുതിയ കഥ ഉച്ചരിക്കാന്‍ സംസ്‌കാരത്തില്‍ ഇടമുണ്ടോ? അതു കേള്‍ക്കാനുള്ള വിളിയുണ്ടോ? അതിത്രമാത്രം അകലെനിന്ന് അടുത്തുവരുന്നതുപോലെ. എല്ലാ കഥകളും പദാര്‍ത്ഥവും രൂപവും തമ്മിലും മാംസവും ആത്മാവും തമ്മിലും മനസ്സിന്റെ കഴിവുകളും തമ്മിലുള്ള ബന്ധമാണ്. യാഥാര്‍ത്ഥ്യവുമായുള്ള എന്റെ അനുഭവമാണ് വെളിവാകുന്നത്. അതു സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ആകാംക്ഷയിലാണ്. അടിമത്തത്തിനെതിരായ മനുഷ്യ മനസ്സിന്റേയും ഹൃദയത്തിന്റേയും ശണ്ഠകളിലൂടെയും മനുഷ്യന്റെ തിര്യക്ക് സമാനമായ പ്രതിസന്ധികളിലും കലഹങ്ങളിലൂടെയുമുള്ള ചാക്രിക ചലനങ്ങളില്‍ തിരശ്ചീനമായ ഏതോ ശക്തിയുടെ ഇടപെടല്‍ അസ്വാഭാവികമായി സംഭവിക്കുന്നുണ്ട്. നാം ഒന്നും ചെയ്യാത്തപ്പോള്‍ ചെയ്യുന്നതുമായി അതിനു ബന്ധമുണ്ട്.

ചരിത്രത്തെ സാത്വികമായി സ്വാധീനിക്കുന്നവര്‍ കാലത്തില്‍നിന്നു ഉയരുന്നവരാണ് - സമയത്തിന്റെ മലിനീകരണത്തില്‍നിന്ന് ഉയരുന്നവര്‍. അവര്‍ നിത്യം സാധുവും എല്ലായ്പോഴും അടുത്തുള്ളതും ഒരിക്കലും പഴയതല്ലാത്തതുമായ ഓര്‍മ്മയില്‍ ജീവിക്കുന്നു. ഒരേ കഥ വീണ്ടും വീണ്ടും ആവര്‍ത്തിച്ചാഘോഷിക്കുന്നു. ഈ ആഘോഷങ്ങള്‍ ഭൗതികമല്ലാത്തതും ചലനമില്ലാത്തതുമായ കാലത്തിന്റെയാണ്. ഒരിക്കലും സ്ഥിരമായ വീടില്ല, വീട് വരാനിരിക്കുന്ന വിശുദ്ധ സ്ഥലമാണ് - വാഗ്ദാനഭൂമി. അതുകൊണ്ട് വസിക്കുന്നിടം വിമര്‍ശിക്കപ്പെടുന്നു. എല്ലാം ഇടത്താവളങ്ങള്‍; അസ്വസ്ഥമാകുന്ന സാന്നിദ്ധ്യത്തിലൂടെ യാത്ര. ആയിരിക്കലല്ല, ആയിത്തീരലിന്റെ ഗതിയിലാണ് എപ്പോഴും പുറപ്പാടില്‍. ഇവിടെ ഒരോ നടപടിയും ചരിത്രത്തില്‍ തുളച്ചുകയറുന്നതുകൊണ്ട് കുറ്റബോധത്തിന്റെയാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com