സബര്‍മതിയിലെ മിച്ചമൂല്യങ്ങള്‍

ധനം ഇല്ലാത്തവരായാലും ധനം ഉള്ളവരായാലും അതിന്റെ കാവ്യാത്മകത ഒരു വിഷയമായി വരാറില്ല
1945ൽ ഹരിജനങ്ങൾക്കു വേണ്ടിയുള്ള ധന സമാഹരണം ലക്ഷ്യമിട്ട് ​ഗാന്ധിജി നടത്തിയ ട്രെയിൻ യാത്ര. മൂന്ന് മാസം നീണ്ട യാത്ര ബം​ഗാൾ, അസം, ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ എന്നിവയിലൂടെയായിരുന്നു​
1945ൽ ഹരിജനങ്ങൾക്കു വേണ്ടിയുള്ള ധന സമാഹരണം ലക്ഷ്യമിട്ട് ​ഗാന്ധിജി നടത്തിയ ട്രെയിൻ യാത്ര. മൂന്ന് മാസം നീണ്ട യാത്ര ബം​ഗാൾ, അസം, ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ എന്നിവയിലൂടെയായിരുന്നു​

നത്തിന്റെ കാവ്യാത്മകതയെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്, Poetics of Wealth, ഇത് ഒരു വിധത്തില്‍ സൗന്ദര്യവിചാരവുമാണ്, ശ്രേയസ്സിനെക്കുറിച്ചുള്ളത്. കാവ്യാത്മകം എന്ന വിശേഷണം തീര്‍ത്തും യോജിക്കാത്ത ഒരു Commodtiy ധനമെന്ന് നമ്മില്‍ ചിലരെങ്കിലും ധരിക്കുന്നുണ്ടാവണം. ധനം ഇല്ലാത്തവരായാലും ധനം ഉള്ളവരായാലും അതിന്റെ കാവ്യാത്മകത ഒരു വിഷയമായി വരാറില്ല. ദാരിദ്ര്യം കാവ്യാത്മകമാകുന്നതില്‍ വലിയ വെല്ലുവിളികളില്ല, ലളിതമായി ജീവിക്കാനുള്ള ഒരു മനോഭാവം ഉണ്ടെങ്കില്‍ മതിയാവും. ഈ വിധത്തില്‍ ആര്‍ഭാടമിയന്ന കാര്യങ്ങള്‍ അത്രമേല്‍ ആവശ്യകരമല്ലെന്ന തിരിച്ചറിവ് ഇതിനെ സഹായിച്ചേക്കും. സ്വന്തം ദാരിദ്ര്യം സഹനീയം ആക്കുക ലോഭരഹിതമായ ഒരു മനസ്സിനു സാധ്യമാണ്. മറിച്ച് ധനം, അളവറ്റ ധനം കാവ്യാത്മകമായി വിന്യസിക്കാന്‍ ഒരുപാട് പ്രയത്‌നം ആവശ്യമായി വരും; ഒരുപാട് പ്രതിഭ ആവശ്യമായി വരും. ആസ്തി വിവേചനപൂര്‍വ്വമായി ചെലവഴിക്കുക ഒരിക്കലും എളുപ്പമല്ല. ദാരിദ്ര്യം, ഒരു ഔഷധസസ്യംപോലെ പോറ്റിവളര്‍ത്തുക എന്ന തൊറോ വാല്‍ഡനിന്‍ എഴുതിയതിന്റെ പൊരുള്‍ എന്നെ ഇടയ്‌ക്കൊക്കെ അലട്ടാറുണ്ട്. അങ്ങനെ പോറ്റിവളര്‍ത്തേണ്ട ഒരു സംഗതിയാണോ ദാരിദ്ര്യം? അതൊരു പരിതോവസ്ഥ മാത്രമല്ലേ. അത്രമേല്‍ അഭിലഷണീയമൊന്നും അല്ലാത്ത ഒരു Predicament അതും ഔഷധസസ്യം? Austertiy അല്ലെങ്കില്‍ മിതത്വം ദാരിദ്ര്യവുമായി ബന്ധപ്പെടുന്നേയില്ല. സ്വതവേ കഷ്ടിയായ ചുറ്റുപാടുകള്‍ ജീവിതത്തില്‍ മിതത്വത്തെ വരവേല്‍ക്കുന്നവയല്ല. കാരണം, ജീവിതം ഒരു ഇല്ലായ്മയിലൂടെയാണല്ലോ അവരെ സംബന്ധിച്ച് സംഭവിക്കുക. ധനവാനായ ഒരാള്‍ക്ക് ആലോചനാപൂര്‍വ്വം വ്യയം ചെയ്യേണ്ടി വരുമ്പോഴാണ് കാവ്യാത്മകതയെക്കുറിച്ചും മറ്റും ആലോചിക്കുക. ആധിക്യം, ധനാധിക്യമാണ് മേല്‍ച്ചൊന്ന സന്ദര്‍ഭങ്ങളെ അഭിഗമ്യമാക്കുന്നത്. ഒരു ജീവിതത്തില്‍ ദാരിദ്ര്യം എത്രകണ്ട് അഭികാമ്യം ആവുമെന്ന് എനിക്കു തിട്ടമില്ല, ശ്രേയസ്സ് പോലെ, കുബേരത്വംപോലെ. നിങ്ങള്‍ കുബേരന്‍ ആവുമ്പോഴേ അത് എങ്ങനെ ശ്രേയസ്‌കരമായി കൊണ്ടുനടക്കാമെന്നു ചിന്തിച്ചുതുടങ്ങുകയുള്ളൂ. അങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോഴാണ് ധനം കാവ്യാത്മകമായി വിനിമയം ചെയ്യുന്നതിന്റെ പ്രയാസങ്ങള്‍ നിങ്ങള്‍ നേരിടുകയുള്ളൂ.

സ്വരൂപിച്ചു വെക്കലിന്റേയല്ല, വിനിമയം ചെയ്യുന്നതിന്റെ. Not accumulating, But Disseminate സ്വരൂപിച്ച് വെക്കുക എന്നത് ഏറ്റം കാവ്യരഹിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്; അത് ആര്‍ക്കും ഗുണകരമായി ഭവിക്കുകയില്ല. ധനത്തിന്റെ ചലനാത്മകതയാണ് അവിടെ നിരോധിക്കപ്പെടുക. നമ്മുടെ ശരീരത്തിലെന്നപോലെ, കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന ഒരു അവസ്ഥയ്ക്ക് തുല്യമാണ് ധനത്തിന്റെ കെട്ടിക്കിടപ്പും. ഇതിനെയാണ് രത്തന്‍ നാവല്‍ ടാറ്റ ഏറ്റവും ഭാവനാത്മകമായി പരിഹരിച്ചത്. തനിക്കു ചുറ്റുമുള്ള, അത്രതന്നെ സൗഭാഗ്യവാന്മാരല്ലാത്ത മനുഷ്യര്‍ക്ക് ധനംകൊണ്ട് എങ്ങനെ പ്രയോജനമുളവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്. മഴയത്ത് നനഞ്ഞു സഞ്ചരിക്കുന്ന ഒരു കുടുംബത്തെ കണ്ടുകൊണ്ടാണ് ടാറ്റ നാനോ കാറിലേക്ക് പ്രചോദിപ്പിക്കപ്പെട്ടത് എന്നത് വെറുമൊരു കഥയല്ല. സര്‍ഗ്ഗാത്മകമായ ഒരു പിറവിക്ക് അപൂര്‍വ്വമായ ഒരു ദൃഷ്ടാന്തമാണ്. ലോകത്തുവെച്ച് വിലകൂടിയ കാറില്‍ സ്വയം ഡ്രൈവ് ചെയ്തു പോവുമ്പോഴും രത്തന്‍ നാവല്‍ ടാറ്റ ചുറ്റുമുള്ള സമൂഹത്തെ ശ്രദ്ധിച്ചിരുന്നു; അല്ലെങ്കില്‍ എത്രയോ സാധാരണമായ ഈ ദൃശ്യം അദ്ദേഹത്തെ ഇവ്വിധം ബാധിക്കുകയില്ലായിരുന്നു. തന്റെ ഫെറാറി കാറില്‍ യാത്രചെയ്യുമ്പോഴാണ് അദ്ദേഹം ഈ കാഴ്ച കണ്ടതെന്നത് ശ്രദ്ധേയമാണ് 'The Monk Who Sold His Ferrari'  എന്ന അവസ്ഥയ്ക്ക് അല്പം താഴെ! ആര്‍ഭാടങ്ങള്‍ അതുപോലത്തെ മനുഷ്യനെ ചുറ്റുമുള്ള സഹനീയമല്ലാത്ത ദൃശ്യങ്ങളില്‍നിന്ന് insulate ചെയ്യുകയായിരുന്നില്ല. ഏറ്റവും കൂടുതല്‍ മനുഷ്യജീവികളോട് അനുഭാവിയായിത്തീരാനുള്ള ഒരു മനസ്സ് അദ്ദേഹത്തിന് ലബ്ധമായത് എങ്ങനെയാണ്? അമ്മയുടേയും അച്ഛന്റേയും പരിലാളനകളോടെയല്ല രത്തന്‍ നാവല്‍ ടാറ്റ വളര്‍ന്ന് കൗമാരപ്രായമെത്തിയത്; മറിച്ച് ചില അനാഥത്വങ്ങളിലൂടെയാണ്. പക്ഷേ, ആ അനാഥത്വങ്ങളിലും അദ്ദേഹത്തിന് വാത്സല്യമേകാന്‍ മുത്തശ്ശിയുണ്ടായിരുന്നു. അതിന്റെ ശീതളിമ കുറച്ചൊന്നുമാവില്ല അത്തരമൊരു മനസ്സിനെ മൃദുതരമാക്കാന്‍ സഹായിച്ചത്. ഇന്നു നാം ഗ്രഹിക്കുന്ന ടാറ്റയുടെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് വശ്യമായ ഒരു മാതൃകകൂടിയുണ്ട്. ടാറ്റായുടെ മുത്തശ്ശന്‍ ജംഷഡ് ജി ടാറ്റ-കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവുമധികം ഉദാരമതിയായ മനുഷ്യന്‍ അദ്ദേഹമാണ്. 10240 കോടി ഡോളര്‍ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു എന്നു ധരിക്കാന്‍ നാം ഒരുപാട് ക്ലേശിക്കേണ്ടിവരും. നമുക്കു തീര്‍ത്തും അപരിചിതമായ സമുച്ചയമാണല്ലോ ആ സംഖ്യ. ഡോളറിലായതിനാല്‍ വിശേഷിച്ചും. WIPROവിന്റെ സ്ഥാപകനായ അസിം പ്രേംജി 12-ാം സ്ഥാനത്താണ്. ഇവരൊക്കെയും ധനത്തെ ഏറ്റവും സഫലമായി സമൂഹശരീരത്തിലേക്ക് വിന്യസിച്ചവരാണ്. നീരൊഴുക്ക് എന്നതുപോലെ ധനമൊഴുക്ക് സാമൂഹികാവസ്ഥകളെ പുനര്‍നിര്‍ണ്ണയിക്കുന്നു; തികച്ചും ആരോഗ്യകരമായി. അങ്ങനെയാണ് ധനത്തിന്റെ കാവ്യാത്മകത നിറവേറ്റപ്പെടുക. സാമ്പത്തിക വ്യവഹാരങ്ങള്‍ എങ്ങനെ സര്‍ഗ്ഗാത്മകമാക്കാമെന്ന് തെളിയിച്ചുകഴിഞ്ഞ ഈ കുബേരന്മാരുടെ കൈകളില്‍ 'മൂലധനം' - Capital ഏറ്റവും കരുതലാര്‍ന്ന ആസ്തിയാണ്.

ഗാന്ധിജി സബർമതി ആശ്രമത്തിൽ 
ഗാന്ധിജി സബർമതി ആശ്രമത്തിൽ 

ഈ കരുതലിനെയാണ് ഗാന്ധി Trusteeship എന്ന ആശയത്തിലൂടെ വ്യക്തമാക്കിയത്. Own എന്നതിന് ബദല്‍ Dioswn കൈവശാവകാശം വിടുന്നതോടെ അങ്ങനെ ചെയ്യുന്ന വ്യക്തിയില്‍ അപാരമായ ഒരു അയവ് വന്നുചേരുന്നു. അത് കരുണാപൂര്‍ണ്ണതയിലേക്ക്, പ്രജ്ഞാപൂര്‍ണ്ണതയിലേക്ക് മനസ്സിനെ സജ്ജമാക്കുന്നു. Compassion & Reosurcefullness അങ്ങനെ ഉളവാകുന്ന പദ്ധതികളില്‍ മനുഷ്യരുടെ ക്ഷേമമാണ് പരിഗണിക്കപ്പെടുക; ലാഭമെന്ന മൂലകമേയല്ല. നഷ്ടത്തിലേക്ക് വഴുതാതെ Break Even എന്നതു വരെയെങ്കിലും ലാഭചിന്തകളില്ലാതാവുന്നതുവരെ ധാര്‍മ്മികത പരീക്ഷിക്കപ്പെടുന്ന അവസ്ഥ സംഭവിക്കുകയില്ല. സ്വാര്‍ത്ഥതയ്ക്കു പകരം അത്തരം Trusteeship നിസ്വാര്‍ത്ഥതയിലേക്ക് വഴിമാറുന്നു. അവര്‍ പരിരക്ഷകരായിത്തീരുന്നു. ഭൂമിയെക്കുറിച്ചും ഗാന്ധിജി ഇതേ രീതിയിലാണ് ചിന്തിച്ചിരിക്കുന്നതെന്ന് ഇന്നത്തെ പരിസ്ഥിതിദര്‍ശകരെ ചിലപ്പോള്‍ വിസ്മയിപ്പിച്ചേക്കാം. മനുഷ്യന്‍ സ്വയമൊരു Trustee ആയിത്തീരുക, ഈ നീലഗോളത്തെ സംബന്ധിച്ച് അതിലെ സ്ഥാവരമോ ജംഗമമോ ആയ ആസ്തികള്‍ സംബന്ധിച്ച് അതേപടിയില്‍; അതേ ജാഗ്രതയില്‍ വരും തലമുറയ്ക്ക് കൈമാറാവുന്ന രീതിയില്‍ ഭൂമിയില്‍ വിനിയോഗം ചെയ്യുക. അങ്ങനെ ഒരു അര്‍ത്ഥം വരുന്ന മനോഹരമായ പരസ്യം നാഷണല്‍ ജ്യോഗ്രഫിക്കില്‍ വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ മുന്‍പാണ് ഗാന്ധിജി മനുഷ്യന്റെ ഏറ്റവും അമൂല്യമായ ധനത്തെക്കുറിച്ച് ഇങ്ങനെ നിര്‍ദ്ദേശിച്ചത്. അതേ, അദ്ദേഹം തൃണാങ്കുരങ്ങളില്‍നിന്നുതന്നെയാണ് ആരംഭിച്ചത്. സബര്‍മതിയിലെ ആവാസവ്യവസ്ഥതന്നെ അദ്ദേഹം അങ്ങനെയാണ് രൂപപ്പെടുത്തിയത്. ഇന്ന് നാം ഏറെ അംഗീകരിക്കുന്ന ആര്യവേപ്പ് എന്ത് നിഷ്‌കര്‍ഷയോടെയാണ് ഗാന്ധിജി തന്റെ ആശ്രമത്തില്‍ പോറ്റിവളര്‍ത്തിയത് എന്നു പ്രകൃതിചികിത്സ എന്ന പേരിലൊന്നുമല്ലെങ്കിലും അദ്ദേഹം തന്റെ അസുഖങ്ങളെ അത് അങ്ങനെയൊന്നും അദ്ദേഹത്തിനു നേരിടേണ്ടിവന്നില്ല. പ്രകൃത്യാനുസാരിയായിത്തന്നെയാണ് പരിചരിച്ചത്. അദ്ദേഹവുമായി സമ്പര്‍ക്കമില്ലായിരുന്നെങ്കില്‍ ബിര്‍ള ഫൌണ്ടേഷന്‍ എന്ന ഒന്ന് ഉരുവാകയേയില്ലായിരുന്നു. അളവറ്റ ധനത്തെ ക്രിയാത്മകമായി ഒഴുക്കിവിടാനുള്ള നിര്‍ദ്ദേശമാണ് ഗാന്ധിജി ബിര്‍ളയ്ക്ക് നല്‍കിയത്. ധനികസമൂഹത്തോട് ഒരിക്കലും ഉപേക്ഷയോ അവജ്ഞയോ പ്രദര്‍ശിപ്പിച്ചില്ല; മറിച്ച് മമതയാണ് പാലിച്ചത്; തികച്ചും സ്വാര്‍ത്ഥരഹിതമായ മമത. ധനം ഹേതുവായുള്ള ശ്രേയസ്സ് ഗാന്ധിജി ഒരുകാലത്തും കാംക്ഷിച്ചതേയില്ല. അവിടെ അദ്ദേഹം പാടെ നിരാസക്തനായിരുന്നു. ഈ ലോകത്തെ ധനസംബന്ധിയായ ക്രയവിക്രയങ്ങളില്‍ ധാര്‍മ്മികത സാധ്യമാണെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. എത്രത്തോളം അനാര്‍ഭാടമിയന്നതാവാം ജീവിതവൃത്തികള്‍ അത്രയ്ക്കും Minimal Level തന്നെ അദ്ദേഹം അനുശീലിച്ചു. തന്റെ ശാരീരിക ഘടനയും ഗാന്ധിജി ഒരുപക്ഷേ, ബോധപൂര്‍വ്വമായിരിക്കണം അങ്ങനെ ഒരു സന്ന്യാസിക്ക് സമവര്‍ത്തിയായി ശിക്ഷണത്തിനു വിധേയമാക്കി. പൂര്‍ണ്ണാരോഗ്യവാനായിരിക്കുന്ന ഗാന്ധിജിയുടെ ശരീരഭാരം വെറും 48 കിലോഗ്രാം ആയിരുന്നെന്നത് നമുക്ക് ഒരുപക്ഷേ, വിശ്വസിക്ക വയ്യായിരിക്കാം. അതുകൊണ്ടാവണം 70 വയസ്സ് കഴിഞ്ഞ ഒരു വയോധികനെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹത്തെ തീണ്ടാതിരുന്നത്. 68-ാം വയസ്സില്‍ തനിക്ക് ഉദ്ധാരണം ഉളവായതിനെക്കുറിച്ച് ഗാന്ധിജി പറഞ്ഞുതന്നെയാണ് ലോകം മനസ്സിലാക്കിയത്. ഹരിജനില്‍ തന്നെയാണെന്ന് തോന്നുന്നു അദ്ദേഹം അങ്ങനെ എഴുതിയത്. എന്നേയും നിങ്ങളേയും സ്തബ്ധനാക്കുന്ന സത്യസന്ധതയില്‍. ലോകത്തില്‍ ഏതെങ്കിലും രാഷ്ട്രനീതിജ്ഞന്‍, അങ്ങനെ അദ്ദേഹത്തെ വിളിക്കാനാണ് ഞാന്‍ ഇച്ഛിക്കുക; രാഷ്ട്രതന്ത്രജ്ഞന്‍ എന്നല്ല; അതുപോലൊരു വെളിപ്പെടുത്തലിനു മുതിരുമോ? അവരാരും അനാസക്തിയോഗം പരിശീലിച്ചവരാവില്ല, നിശ്ചയം. ഈ അഗാധതയില്‍ നിന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വയം സാക്ഷാല്‍ക്കാരം എന്ന വിമുക്തിയിലേക്കുള്ള ഒരു പടവായിരുന്നെന്ന് നാം ഗ്രഹിക്കേണ്ടത്. അര്‍ണേനാസ്, നോര്‍വീജിയന്‍ പരിസ്ഥിതി ദര്‍ശകന്‍ ആയ അദ്ദേഹമാണ് ഗാന്ധിജിയുടെ ധ്യാനാത്മകതയെ അങ്ങനെ നിര്‍വ്വചിച്ചത്. ഈ ദര്‍ശനങ്ങള്‍ അനുധാവനം ചെയ്യുന്നതിനിടയ്ക്കും അദ്ദേഹം സമ്പദ്സംബന്ധിയായ കാര്യങ്ങള്‍ അവലോകനം ചെയ്തിരുന്നു എന്നതാണ് നമുക്ക് അഭികാമ്യമായിരിക്കുന്നത്. സബര്‍മതിയിലെ വരവുചെലവുകള്‍ എങ്ങനെയായിരുന്നെന്ന് അറിയാന്‍ വെറുതെ ഒരു കൗതുകം. ''ദൈവം തുറക്കാത്ത പുസ്തകത്തില്‍, എഴുത്തുകാരന്‍ അതേക്കുറിച്ച് എന്താണെഴുതിയത്?' Austere എന്ന വാക്കിന്റെ മൂര്‍ത്തിമദ്ഭാവം തന്നെയാവണം അത്. ഓരോ കാര്യത്തിലും പ്രാര്‍ത്ഥനാമന്ദിരമായാലും രസോയീ ഖര്‍ ആയാലും അദ്ദേഹത്തിന്റെ നോട്ടം പതിഞ്ഞിരുന്നല്ലോ. കാവ്യമയമായി കൈകാര്യം ചെയ്യാന്‍ മാത്രം ധനം അവിടെ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. അളവില്‍ കൂടുതല്‍, ആവശ്യത്തില്‍ കൂടുതല്‍ ധനത്തിന്റെ ഒഴുക്ക് Inflow ഉള്ളിടത്താണല്ലോ ധനവിനിയോഗത്തിന്റെ വെല്ലുവിളികള്‍. സബര്‍മതി, നിങ്ങള്‍ എപ്പോഴെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചറിയാനാകും അതെത്ര കണ്ട് ലളിതമായാണ് സങ്കല്പിക്കപ്പെട്ടിരിക്കുന്നത് എന്ന്. ബിര്‍ളയുമായുള്ള ഗാന്ധിജിയുടെ സൗഹൃദം അതുപോലൊരു ആശ്രമത്തിന്റെ നിര്‍മ്മിതിയില്‍ അണുപോലും സ്വാധീനമായിട്ടില്ല. ബിര്‍ളയുടെ മറ്റു ക്ഷേത്രങ്ങള്‍, ഉത്തരേന്ത്യയില്‍ പലയിടത്തും സമൃദ്ധമായി കാണാവുന്നവ ഓര്‍മ്മയിലുണ്ടെങ്കില്‍ സബര്‍മതിയുടെ ഈ ലാളിത്യം ഏറ്റവും തെളിഞ്ഞുതന്നെ Conspicuous, അനുഭവപ്പെടും. സബര്‍മതിയില്‍ വെണ്ണക്കല്ലുകളില്ല. ചമ്പാരനിലെ കര്‍ഷകര്‍ അവലംബിക്കുന്ന ഗാര്‍ഹിക ചുറ്റുപാടുകളല്ല അവിടെ, തീര്‍ച്ചയായും. എങ്കിലും അതിന്റെ എളിമ നിങ്ങളുടെ കണ്ണീര്‍ഗ്രന്ഥികളെ സ്രവിപ്പിക്കുക തന്നെ ചെയ്യും. ഇവിടെ വെച്ചാണ് ഗാന്ധിജി ഇന്ത്യയെ ബാധിക്കുന്ന പല രാഷ്ട്രീയ തീരുമാനങ്ങളും കൈക്കൊണ്ടത് എന്ന് ഓര്‍മ്മിക്കുമ്പോള്‍ നമ്മില്‍ നിറയുക എന്തെന്നില്ലാത്ത നമ്രതയാണ്. സബര്‍മതിയിലേക്ക് എഴുന്നള്ളിക്കപ്പെട്ട അമേരിക്കന്‍ പ്രജാപാലകന്‍ അത് ധരിച്ചിരിക്കാനിടയില്ല. ഇന്നും അതേ എളിമയില്‍ സംരക്ഷിക്കപ്പെടുന്ന സബര്‍മതിയില്‍ ബിര്‍ളയുടെ ഒരു സാന്നിധ്യവും അനുഭവപ്പെടുന്നില്ല, അല്പം ആശ്ചര്യമാണത്. ഗാന്ധിജി അദ്ദേഹത്തെ Mentor എന്ന യോഗ്യതയില്‍ പരിഗണിച്ചിരുന്നു എന്നു ധരിക്കുമ്പോള്‍ വിശേഷിച്ചും. സബര്‍മതിപോലൊരു ആവാസവ്യവസ്ഥയില്‍ മിച്ചമൂല്യം ക്ലിപ്തമായ മനസ്സിലാക്കപ്പെടാത്ത അവസ്ഥയില്‍ സമ്പത്തിന്റെ കാവ്യാത്മകത എത്രകണ്ട് പ്രസക്തമെന്ന് നിശ്ചയമില്ല. പ്രസക്തമേ അല്ലെന്നുകൂടി ചിന്തിക്കാം. അവിടുത്തെ അന്തേവാസികള്‍ മറ്റൊരു ജീവിതശൈലി, സാരള്യത്തില്‍ അധിഷ്ഠിതമായത് എന്നേ അതിനെ കണ്ടിരിക്കയുള്ളൂ. ഗാന്ധിജിയൊത്തുള്ള അതിനപ്പുറം എന്തെങ്കിലും ലക്ഷ്യം, ഒരുപക്ഷേ, ഗാന്ധിജിക്കു മാത്രമേ ഉണ്ടായിരിക്കയുള്ളൂ. ഇവിടെനിന്നു സമ്പത്തിന്റെ ആനന്ദമാര്‍ഗ്ഗത്തിലേക്ക്, ഭൂട്ടാനില്‍ എന്നവണ്ണം, ഭൂട്ടാനില്‍ മാത്രം എന്നവണ്ണം ചെറിയ ദൂരമല്ല. ആളോഹരി വരുമാനം, ആളോഹരി ആനന്ദം എന്ന സമുജ്ജ്വലമായ ആശയത്തിലേക്ക് വികസിക്കുന്നത് ഈ കാവ്യാത്മകതയുടെ അഗ്രബിന്ദുവാണ്. വളര്‍ച്ച എന്നത് സാമ്പത്തികമായ ശാരീരികമായ ഒന്നു മാത്രമല്ല; അവ സാംസ്‌കാരികവും കൂടിയാണ്. ആ തിരിച്ചറിവ് ഉണ്ടെങ്കിലേ ഈ ആനന്ദത്തിന്റെ മണ്ഡലം ഗ്രഹിക്കാനാവൂ. അതിലാണ് സ്പൃശ്യമല്ലാത്ത സംതൃപ്തിയുടെ അടരുകള്‍ വര്‍ത്തിക്കുക. ജീവിതത്തിന്റെ ആത്യന്തികത്വം അത്തരം ചില സംതൃപ്തികളിലാണെന്ന് നാം ചിലപ്പോള്‍ വളരെ വൈകിയാവും കണ്ടെത്തുക. സമ്പത്തും കവിതയും തമ്മിലുള്ള ചാര്‍ച്ച അന്വേഷിക്കുമ്പോള്‍ നമുക്ക് ഈ വശം മറികടക്കാനാവുകയില്ല. പ്രത്യക്ഷത്തിലുള്ള ചാര്‍ച്ചയില്ലായ്മയ്ക്കു ബദല്‍ അവ എങ്ങനെയെങ്കിലും ഇണങ്ങിപ്പോകുന്നുണ്ടോ? Tangible അല്ലാത്ത രീതിയില്‍. കവിതയില്‍ ക്രയവിക്രയവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാവാന്‍ സാധ്യതയില്ലെന്നത് ശരി. ലോയ്ഡ്സ് ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് ടി.എസ്. എലിയറ്റ്, Wasteland-ന്റെ വരികള്‍ This is the Cactus Land ഈ ചട്ടുകക്കള്ളികളുടെ ഭൂതലത്തില്‍ വിറയ്ക്കുന്ന അധരങ്ങള്‍കൊണ്ട് നാം ഇണയെ ചുംബിക്കുമ്പോള്‍, തകര്‍ന്ന കല്ലുകള്‍ക്കു മുന്‍പില്‍ അതു പ്രാര്‍ത്ഥനയാകുന്നു എന്നെഴുതിയത് എന്തെങ്കിലും സംബന്ധം നിങ്ങളില്‍ തോന്നിക്കുമോ? ക്രയവിക്രയത്തില്‍ ആബദ്ധനാകുന്നവര്‍-ലാഭദര്‍ശികള്‍ ഒരിക്കലും കവിതയില്‍ വ്യാപരിക്കില്ല. അതുപോലെ കവിതയുടെ സ്പൃശ്യാതീതമായ നിരാമയങ്ങളില്‍ പുലരുന്നവര്‍ ക്രയവിക്രയങ്ങളെക്കുറിച്ച് ചിന്തിക്കുകയേയില്ല. അതല്ല സമ്പത്തിന്റെ കാവ്യാത്മകത, മറിച്ച് സമ്പത്തിന്റെ വ്യവഹാരങ്ങളെ എങ്ങനെ കാവ്യാത്മകമായി പരിവര്‍ത്തിപ്പിക്കാമെന്ന പര്യാലോചനകളാണ്. സമ്പത്ത് പെരുപ്പിക്കാന്‍ ഒരിക്കലും ഇവിടെയൊരു ലക്ഷ്യമായി ഭവിക്കുന്നില്ല. അങ്ങനെ പെരുപ്പിക്കാന്‍ നിങ്ങള്‍, സമര്‍ത്ഥനായ ക്രയവിക്രയശാലി ഒരുമ്പെടുകയാണെങ്കില്‍ അതിന് ഒരു അവസാനം കാണാന്‍ ബുദ്ധിമുട്ടാകും. വിത്തത്തിന്റെ പ്രലോഭനശേഷി അത്രമേല്‍ തളര്‍ത്തുന്നതാണ്. രത്തന്‍ നാവല്‍ ടാറ്റയെപ്പോലുള്ള അപാര വ്യവസായികള്‍ ഇതിനെ വലിയൊരു അളവുവരെ നിയന്ത്രണപരിധിയില്‍ കൊണ്ടുവന്നവരാണ്. എമേഴ്സണിന്റെ വിശ്രുതമായ ഒരു സാരവാക്യമുണ്ട്, ധനാഗമസംബന്ധിയായ. ധനാര്‍ജ്ജനത്തിന് എത്ര വൈഭവം വേണമോ, അതിലേറെ വൈഭവം അത് എവിടെവെച്ച് നിര്‍ത്തണമെന്നു മനസ്സിലാക്കാന്‍; അങ്ങനെ യത്‌നിക്കാന്‍ ആവശ്യമാണ്. വിത്തതത്ത്വത്തിന്റെ പ്രലോഭനീയതയെ ചെറുത്തവര്‍ക്കേ അതിനു കഴിവുണ്ടാവുകയുള്ളൂ. നിങ്ങള്‍ക്കൊക്കെ പരിചയമില്ലാത്ത ഒരു വാതിലിലൂടെയാണ് ഞാന്‍ അനശ്വരതയിലേക്ക് പ്രവേശിച്ചത്, നമ്രത. ഇത് അക്ഷരംപ്രതി പ്രതിനിധീകരിച്ച ഒരു കോടീശ്വരനായിരുന്നു ടാറ്റ; എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഇന്ത്യയുടെ ആകാശത്തിലേക്ക് ഉയരുന്നതിന്റെ എത്രയോ മുന്‍പുതന്നെ അദ്ദേഹം ഒരു വൈമാനികന്റെ അര്‍ഹത നേടിയെടുത്തു, പതിനെട്ടാം വയസ്സില്‍. അത്തരം ചടുലമായ ചര്യകള്‍ക്ക് ധനികരുടെ മണ്ഡലത്തില്‍ അധികം താരതമ്യങ്ങളില്ല. ഈ കൃതഹസ്തതയാണ് അദ്ദേഹത്തെ ഇതര ധനാഢ്യരില്‍നിന്നൊക്കെ വേര്‍തിരിക്കുന്നത്.

സമ്പന്നതയും ദാരിദ്ര്യവും
സമ്പന്നതയും ദാരിദ്ര്യവും

ആധ്യാത്മികതയ്ക്ക് എതിരായി ബലം പ്രാപിക്കുക പലപ്പോഴും എന്റേതെന്ന ചിന്തയാണ്. പങ്കുപറ്റലിനെ ഒരിക്കലും അത്തരമൊരു ചിന്ത പ്രോത്സാഹിപ്പിക്കുകയില്ല. ഖലീല്‍ ജിബ്രാന്റെ താരള്യം നിറഞ്ഞ ഒരു കാവ്യശകലമുണ്ട്; കുഞ്ഞുങ്ങളുടെ സത്തയെക്കുറിച്ച് ''ആര് പറഞ്ഞു അവര്‍ എന്റേതാണെന്ന്, അവര്‍ എന്നിലൂടെ കടന്നുപോകുന്നു എന്നുമാത്രം. ഞാന്‍ അവരെ ചേര്‍ന്നോളം ഒരു ഗര്‍ഭപാത്രം മാത്രം. അതു കഴിഞ്ഞാല്‍ എനിക്കിഷ്ടമെങ്കില്‍ പോറ്റിവളര്‍ത്താം. അപ്പോഴും അവര്‍ക്കുമേല്‍ എനിക്ക് യാതൊരു അവകാശവും ഉന്നയിക്കാനില്ല.'' പ്രകൃതിയെക്കുറിച്ച് ഇത്രയും ഫലത്യാഗമിയന്ന ഒരു ദര്‍ശനം വേറെ അധികമില്ല. പ്രകൃതി, നമ്മിലൂടെ കടന്നുപോകുന്നു എന്നുമാത്രമേ അയഥാര്‍ത്ഥമായുള്ളൂ; നാമാണ് പ്രകൃതിയിലൂടെ കടന്നുപോകുന്നത്. കുബേരത്വം നിങ്ങളില്‍ നിര്‍ലേപത ഉളവാക്കുന്നു എങ്കില്‍ അത് ഒരു ആത്മീയശിക്ഷണം തന്നെയാണ്. ഈ ലോകത്തിന്റെ സംഘര്‍ഷങ്ങള്‍ അത്രയും ഉള്ളവനോട് ഇല്ലാത്തവനുള്ള ഈര്‍ഷ്യയായിരിക്കെ അതു നിങ്ങള്‍ക്കിടയില്‍ സമത്വദര്‍ശനത്തിനുള്ള വഴി തെളിച്ചുതരും. ധനം നമുക്ക് മേലെ ആവുകയില്ല അപ്പോള്‍; നാം ധനത്തിനുപരി മരുവുകയാണ്. എല്ലാ മദമാത്സര്യങ്ങളുടെ ശുഭോദര്‍ക്കമായ അവസാനവുമാണത്. ധനമയമായി ജ്വലിക്കും ജഗത്തിനിന്ന് അതൊരു ദിശാനിര്‍ണ്ണയം നല്‍കിയേക്കും. ആസ്തി എന്ന വാക്കിലെ കൈവശാവകാശത്തെ അത് നിരാകരിക്കുന്നു. സമ്പത്തിന്റെ നിരര്‍ത്ഥകത എന്നു നാം വിവക്ഷിക്കുക ഒരു ആസന്നമൃതിയുടെ സന്ദര്‍ഭത്തിലാണ്. 

അവനവന്‍ സമ്പാദിച്ചതൊന്നും അവനവനു വ്യയം ചെയ്യാനാവാതെ മടങ്ങേണ്ടിവരുമ്പോള്‍ അവിടെ സ്ഫുരിക്കുന്നത് തന്റേതു മാത്രമെന്ന ചിന്തയാണ്. ആ ധനത്തിനു വേറെ ഉപയോഗം വരുമ്പോള്‍ അതത്ര നിരര്‍ത്ഥകമാവുകയില്ല. സബര്‍മതിയിലെ സ്പൃശ്യമല്ലാത്ത മിച്ചങ്ങള്‍ ഒരു തലമുറയുടെ ശിരസ്സിലേക്ക് പടരുന്നുവല്ലോ. ഈ ചലനശാസ്ത്രത്തില്‍ നാം ധനത്തിന്റെ കാവ്യമയം ഉള്‍ക്കൊള്ളുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com