'കെഎസ്ആര്‍ടിസി തന്റെ തറവാട്ടു സ്വത്താണെന്ന മട്ടിലാണ് ആ 'മാന്യന്‍' സംസാരിച്ചത്'

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി ഇന്നത്ത നിലയില്‍ പോയാല്‍ ഏറെക്കാലം അതിനു പിടിച്ചുനില്‍ക്കാനാവില്ല എന്നു പറയുന്നത് മറ്റാരുമല്ല 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി ഇന്നത്ത നിലയില്‍ പോയാല്‍ ഏറെക്കാലം അതിനു പിടിച്ചുനില്‍ക്കാനാവില്ല എന്നു പറയുന്നത് മറ്റാരുമല്ല, ആ സ്ഥാപനത്തിന്റെ അമരത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായ ബിജു പ്രഭാകര്‍ ഒരു പ്രമുഖ മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് സ്ഥാപനത്തിന്റെ അന്തകര്‍ പുറത്തുള്ളവരല്ല; അകത്തുള്ളവര്‍ തന്നെയാണ് എന്നത്രേ. നടത്തിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആവശ്യമായ നവീകരണം ഉറപ്പാക്കുകയും സ്ഥാപനത്തോട് കൂറില്ലാത്ത ജീവനക്കാര്‍ക്ക് കടിഞ്ഞാണിടുകയും ചെയ്തില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ വഴി പെരുവഴിയായിരിക്കും എന്ന സൂചനയാണ് എം.ഡിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

ജീവനക്കാരെ മുഴുവന്‍ അടച്ചാക്ഷേപിക്കാന്‍ എം.ഡി. പോയിട്ടില്ല. ഒരു ചെറിയ ന്യൂനപക്ഷമാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിനു പാത്രീഭവിക്കുന്നത്. ഡ്യൂട്ടി ചെയ്യേണ്ട സമയത്ത് വയനാട്ടില്‍ ഇഞ്ചിക്കൃഷി ചെയ്യാന്‍ പോകുന്നവരും കാര്യക്ഷമതയൊട്ടുമില്ലാത്തവരും കോര്‍പ്പറേഷന്‍ കുത്തഴിഞ്ഞു കിടന്നാലേ ഈ ജോലിയേക്കാള്‍ പ്രാമുഖ്യം നല്‍കി മറ്റു ജോലികളില്‍ കൂടി ഏര്‍പ്പെട്ട് കൂടുതല്‍ കാശ് കീശയിലാക്കാനാവൂ എന്ന 'സാമ്പത്തിക തത്ത്വം' മുറുകെ പിടിക്കുന്നവരുമൊക്കെയാണ് ആ ഗണത്തില്‍ വരുന്നവര്‍. ഡീസലിനു പകരം സി.എന്‍.ജി., എല്‍.എന്‍.ജി തുടങ്ങിയ ഇന്ധനങ്ങളിലേക്ക് മാറുന്നതിനെ എതിര്‍ക്കുന്നവരും ആ വകുപ്പില്‍പ്പെടുന്നു. അത്തരക്കാര്‍ ഡീസല്‍ മോഷ്ടിച്ച് പണമുണ്ടാക്കുന്നവരാണെന്ന സംശയം അടിസ്ഥാനരഹിതമല്ലെന്നും എം.ഡി സൂചിപ്പിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് പരസ്പരം 'ഒത്തുപോകാത്ത മേലുദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കമാണെന്ന്' എം.ഡി. നിരീക്ഷിച്ചതു കാണാം. സ്ഥാപനത്തിന്റെ ചീഫ് ഓഫീസില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചിരകാലമായി തുടരുന്ന തമ്മിലടി എന്ന ഇരുണ്ട യാഥാര്‍ത്ഥ്യത്തിലേക്കാണ് ബിജു പ്രഭാകര്‍ കൈചൂണ്ടുന്നത്. മാനേജിംഗ് ഡയറക്ടര്‍ക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സ്ഥാപനത്തെ ബാധിച്ച അര്‍ബ്ബുദമാണ്. മുന്‍ സൂചിപ്പിച്ച പത്രം റിപ്പോര്‍ട്ട് ചെയ്തതുപോലെ, ''ഒരാളുടെ പരിഷ്‌കാരത്തെ മറ്റൊരാള്‍ തകര്‍ക്കും. ഔദ്യോഗിക വിവരങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ ചോര്‍ത്തിക്കൊടുത്ത് ജീവനക്കാര്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കും. എം.ഡി. ഫയലില്‍ കുറിക്കുന്ന നോട്ടുകള്‍ അപ്പപ്പോള്‍ വാട്‌സാപ്പില്‍ പറക്കും. എം.ഡി പോലുമറിയാതെ അച്ചടക്കനടപടികള്‍ ഒത്തുതീര്‍പ്പാക്കും.''

അതായത്, മാനേജിംഗ് ഡയറക്ടര്‍ എന്ന ഔദ്യോഗിക അഭിധാനത്തില്‍ അറിയപ്പെടുന്ന സ്ഥാപന മേധാവി വെറുമൊരു നോക്കുകുത്തിയാണ്. വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളിലൂടെ അവിഹിത സ്വാധീനം സമ്പാദിച്ചിട്ടുള്ളവരാണ് കെ.എസ്.ആര്‍.ടി.സി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ നിയന്ത്രകരും നിയന്താക്കളും. ട്രേഡ്യൂണിയനിസം എത്രമാത്രം ജനവിരുദ്ധവും രാജ്യതാല്പര്യവിരുദ്ധവുമാകാം എന്നാണ് നട്ടെല്ല് തല്‍ക്കാലം ആര്‍ക്കും പണയം വെച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥനെന്നു കരുതേണ്ട ബിജു പ്രഭാകറിന്റെ നാവില്‍നിന്നു പുറപ്പെട്ട വാക്കുകള്‍ വെളിപ്പെടുത്തുന്നത്.

എം.ഡി. ഉന്നയിച്ച ഉപര്യുക്ത വിമര്‍ശനങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ് കോര്‍പ്പറേഷനിലെ നൂറ് കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണവും അതന്വേഷിച്ച ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയ അക്ഷന്തവ്യമായ പിഴവുകളും. 2010-'13 കാലയളവില്‍ നടത്തിയ ഒരു ഇടപാടിന്റേയും കണക്ക് കെ.എസ്.ആര്‍.ടി.സിയില്‍ ഇല്ലത്രേ. വായ്പാ തിരിച്ചടവ്, ഡിപ്പോകളില്‍നിന്നുള്ള പണം കൈമാറ്റം എന്നിവ സംബന്ധിച്ച പല രേഖകളും കാണാനില്ല. കണക്ക് സൂക്ഷിക്കാതെയുള്ള ഇടപാടുകളില്‍ മുഴച്ചുനില്‍ക്കുന്നത് കള്ളത്തരമല്ലേ? കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന തത്ത്വത്തിന്റെ പ്രയോക്താക്കള്‍ കോര്‍പ്പറേഷനകത്ത് വാഴുന്നുണ്ട് എന്നു വ്യക്തം.

മുകളില്‍ പറഞ്ഞതെല്ലാം സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനകത്ത് നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന 'കളി'കളാണ്. ഈ കളികള്‍ നിമിത്തം കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം നടുവൊടിഞ്ഞ് നഷ്ടപാതയിലൂടെ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുന്നു. ആ ദുരവസ്ഥയുടെ ഗുണഭോക്താക്കളാകട്ടെ, സ്വകാര്യ ബസുടമകളാണ്. അവര്‍ ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന മുറവിളിയുമായി അപ്പപ്പോള്‍ രംഗത്തിറങ്ങും. ദുര്‍ഭരണവും കെടുകാര്യസ്ഥതയും മൂലം നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ പിടിച്ചുനിര്‍ത്തുന്നതിന്, മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത നിരക്കില്‍ ബസ് ചാര്‍ജ് കൂട്ടാന്‍ അതതു കാലത്തെ സര്‍ക്കാറുകള്‍ മനസ്സാക്ഷിക്കുത്തൊട്ടുമില്ലാതെ മുന്നോട്ടു വരുകയും ചെയ്യും. സ്വകാര്യ ബസ് മുതലാളിമാര്‍ കോളടിക്കുകയും യാത്രക്കാരുടെ കീശ കാലിയാവുകയും ചെയ്യുമ്പോഴും സംസ്ഥാനത്തിന്റെ 'ആനവണ്ടി' തുടര്‍ന്നാളുകളിലും നഷ്ടവീഥിയില്‍ തന്നെയാണ് സഞ്ചരിക്കുക.

മണിയടി നടപ്പില്ലാത്ത സര്‍ക്കാര്‍ സംവിധാനം

അടുത്തതായി നമുക്ക് കോര്‍പ്പറേഷന്റെ കോട്ടകൊത്തളങ്ങള്‍ക്കു പുറത്തു നില്‍ക്കുന്ന യാത്രക്കാരോട് ജീവനക്കാര്‍ (ജീവനക്കാരില്‍ ഒരു വിഭാഗം) നടത്തിപ്പോന്ന 'കളികളി'ലേക്കു ഒന്നു കണ്ണോടിക്കാം. ആ കളികള്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനച്ഛേദത്തിനു വഴിയൊരുക്കിയോ എന്ന് ആലോചിക്കുകയുമാവാം. കോഴിക്കോട് ജില്ലക്കാരനായ ഈ ലേഖകന് കയ്പേറിയ ചില കെ.എസ്.ആര്‍.ടി.സി അനുഭവങ്ങളുണ്ട്. ഇതൊന്നും എന്റെ മാത്രമോ കോഴിക്കോട് ജില്ലക്കാരുടെ മാത്രമോ അനുഭവമായിരിക്കില്ല. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിക്കുന്ന പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിരിക്കാനിടയുണ്ട്.

ഒരനുഭവം ഇങ്ങനെ: സംഭവം നടക്കുന്നത് കാല്‍നൂറ്റാണ്ട് മുന്‍പാണ്. കെ.എസ്.ആര്‍.ടി.സിയുടെ കോഴിക്കോട്ടെ ബസ്സ്റ്റാന്റില്‍നിന്നു എന്റെ ഗ്രാമത്തിലേക്കുള്ള 'ലാസ്റ്റ് ബസ്' രാത്രി 9.30-നാണ്. ചിലപ്പോഴൊക്കെ മുടങ്ങിപ്പോകാറുള്ള ഈ ബസ് ആ ദിവസം ഓടുന്നുണ്ടോ എന്നറിയാന്‍ രാത്രി 9.30-ന് ഞാന്‍ ബസ്സ്റ്റാന്റില്‍ കണ്ടക്ടറും ഡ്രൈവര്‍മാരുമിരിക്കുന്ന ഓഫീസ് റൂമിലേക്ക് കയറി. ബസിന്റെ വിവരമറിയാന്‍ ഞാന്‍ നാവ് പൊക്കും മുന്‍പ് ഒരു തടിമാടന്റെ അട്ടഹാസമാണ് കേട്ടത്. ''ആര് പറഞ്ഞു നിന്നോട് ഇങ്ങോട്ട് കേറാന്‍! പുറത്തുനിന്നുകൊണ്ടു മതി അന്വേഷണം.''

അയാള്‍ കണ്ടക്ടറോ ഡ്രൈവറോ ആയിരുന്നിരിക്കാം. ഏതായാലും ആ 'മാന്യന്‍' സംസാരിച്ചത് കെ.എസ്.ആര്‍.ടി.സി തന്റെ തറവാട്ടു സ്വത്താണെന്ന മട്ടിലാണ്. യാത്രക്കാരായ അടിയാളര്‍ ഓഫീസിനകത്തേയ്ക്ക് പ്രവേശിക്കുന്നത് വളയം പിടിക്കുകയും ടിക്കറ്റ് കൊടുക്കുകയും ചെയ്യുന്ന തമ്പുരാക്കന്മാരെ ധിക്കരിക്കലാണ് എന്ന കെട്ട ചേതോവികാരമാണ് ആ ജീവനക്കാരനെ ഭരിച്ചതെന്നു വ്യക്തം. യാത്രക്കാരില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്ലെന്നും കെ.എസ്.ആര്‍.ടി.സിയില്ലെങ്കില്‍ പിന്നെ തനിക്ക് തൊഴിലും ശമ്പളവും പെന്‍ഷനുമുണ്ടാവില്ലെന്നുമുള്ള പ്രാഥമിക ബോധം അഹന്തയുടേയും ധിക്കാരത്തിന്റേയും ആള്‍രൂപമായ ആ ജീവനക്കാരന്റെ തലയിലുദിച്ചതേയില്ല.

കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന യാത്രക്കാരില്‍ മിക്കവരും ഒരുകാലത്ത് നേരിട്ട മറ്റൊരു ദുരനുഭവം നിര്‍ദ്ദിഷ്ട സ്റ്റോപ്പില്‍ കൈകാണിച്ചു നില്‍ക്കുന്നവരെ ഗൗനിക്കാതെ 100-150 മീറ്ററെങ്കിലും മുന്നോട്ട് പോയശേഷം മാത്രം ബസ് നിര്‍ത്തുന്ന ഏര്‍പ്പാടാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള യാത്രക്കാര്‍ വണ്ടി നിര്‍ത്തിയേടത്തേയ്ക്ക് ഓടിക്കിതച്ചെത്തുമ്പോഴേയ്ക്ക് ഇറങ്ങാനുള്ള യാത്രക്കാരെ ഇറക്കി കണ്ടക്ടര്‍ മണിയടിക്കുകയും ഡ്രൈവര്‍ ബസ് വിടുകയും ചെയ്തിരിക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ പരമാവധി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നതിലാണ് മത്സരിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ബസെന്ന ആനവണ്ടിയിലെ ജീവനക്കാര്‍ മത്സരിച്ചുകൊണ്ടിരുന്നത് യാത്രക്കാരെ പരമാവധി ഒഴിവാക്കുന്നതിലാണ്. യാത്രക്കാരുടെ എണ്ണക്കുറവ് സ്ഥാപനത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഭാവിയില്‍ തങ്ങളുടെ ശമ്പളവിതരണത്തെപ്പോലും തടസ്സപ്പെടുത്തിയേക്കുമെന്നുമുള്ള ചിന്ത ധാര്‍ഷ്ട്യത്തില്‍ ഗവേഷണബിരുദാനന്തര ബിരുദമെടുത്ത പല ജീവനക്കാര്‍ക്കുമുണ്ടായിരുന്നില്ല.

മനസ്സിനെ ഏറെ നോവിപ്പിച്ച മറ്റൊരനുഭവമുണ്ടായത് ഒരിക്കല്‍ ഉമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്തപ്പോഴാണ്. ഞങ്ങള്‍ക്കിറങ്ങേണ്ട അംഗീകൃത സ്റ്റോപ്പെത്തിയപ്പോള്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറെ അറിയിക്കുന്ന മണി സംഗതിവശാല്‍ ഞാനടിച്ചു. പ്രൈവറ്റ് ബസുകളില്‍ സാധാരണ ഏതാണ്ട് എല്ലാ യാത്രക്കാരും അനുവര്‍ത്തിക്കുന്ന രീതിയാണത്. അതില്‍ എന്തെങ്കിലും അസ്വാഭാവികത സ്വകാര്യ ബസ് ജീവനക്കാര്‍ കാണാറില്ല. എന്നാല്‍, ഞാന്‍ മണിയടിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍ വല്ലാതെ ക്ഷുഭിതനാവുകയും അയാള്‍ രണ്ടു മണി അടിക്കുകയും ചെയ്തു. സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് മുന്നോട്ടുപോയി. ഇരുന്നൂറ് മീറ്ററോളം പിന്നിട്ടശേഷമാണ് കണ്ടക്ടറുടെ 'ഔദ്യോഗിക മണി' വന്നതും ബസ് നിര്‍ത്തിയതും. യാത്രികനായ ഞാന്‍ മണിയൊന്നടിച്ചുപോയതിന് കണ്ടക്ടര്‍ എനിക്കും ഉമ്മയ്ക്കും സമ്മാനിച്ച ശിക്ഷയായിരുന്നു അത്.

അക്കാലത്തോ ഇക്കാലത്തോ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ശ്രമിച്ചതായി കണ്ടിട്ടില്ല. ജില്ലാതലങ്ങളിലെങ്കിലും യാത്രക്കാരും ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും ഒരുമിച്ചിരുന്നു പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനം കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന്റെ ഭാഗമായി ഉണ്ടാവേണ്ടതുണ്ട്. ബസ് ജീവനക്കാര്‍ യാത്രിക സൗഹൃദപരം (ുമലൈിഴലൃ ളൃശലിറഹ്യ) ആണെന്ന് ഉറപ്പാക്കപ്പെടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com