'കിത്താബില്‍ സിനിമ ഹറാമാണെങ്കിലും, ജീവിതത്തിലങ്ങനെയായിരുന്നില്ല'

'കടല്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ളതാണ്' എന്നതാണ് മലയാളത്തിലെ കടല്‍ സിനിമകളുടെ 'തിര/കഥ'
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണുങ്ങള്‍ എപ്പോഴും ആണുങ്ങള്‍ മാത്രമാണ്'' എന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വാചകമാണ്. എല്ലാ കാലത്തും പുതുതായിരിക്കുന്ന ബഷീറിയന്‍ എഴുത്തില്‍, സര്‍ഗ്ഗാത്മക ചിന്തകളുടെ ഒറ്റമൂലി വിചാരങ്ങള്‍ പല തലങ്ങളില്‍ അയഞ്ഞും മുറുകിയും കിടക്കുന്നു. 'ഒരു ഭാര്യയും ഭര്‍ത്താവും' എന്ന കഥയിലേതാണ് ആദ്യമെഴുതിയ വരികള്‍. 'പുരുഷന്റെ  അടുക്കള' പ്രമേയമായി വരുന്ന ഉജ്ജ്വലമായ ഒരു കഥയാണത്. ഫെമിനിസം ഒരു വ്യക്തിഗത രാഷ്ട്രീയ വിഷയമായി അതില്‍ കടന്നുവരുന്നു.

ഭരതന്റെ 'അമരം' എന്ന സിനിമയ്ക്ക് 30 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍, മമ്മൂട്ടിയുടേയും ഭരതന്റേയും ലോഹിതദാസിന്റേയും അശോകന്റേയും മാതുവിന്റേയും മുരളിയുടേയും കെ.പി.എ.സി. ലളിതയുടേയും മുഖങ്ങളിലൂടെ ഒരു കടലോര ജീവിതം ഓര്‍മ്മവരുന്നു. 'കടല്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ളതാണ്' എന്നതാണ് മലയാളത്തിലെ കടല്‍ സിനിമകളുടെ 'തിര/കഥ'. ചെമ്മീനിലെ സത്യന്റെ അഭിനയത്തെ മറ്റൊരു അഭിനയ കാലത്തിലൂടെ മമ്മൂട്ടി അതുല്യമായ വേഷപ്പകര്‍ച്ചയോടെ 'അമര'ത്തില്‍ മറികടന്നു. വളര്‍ത്തുമകളെ പഠിപ്പിക്കുക എന്ന പ്രചോദിപ്പിക്കുന്ന ഒരു പാഠം ആ മുക്കുവനുണ്ടായിരുന്നു. 'അറിവിന്റെ ആഴി'യിലേക്ക് മകളെ അയക്കുക എന്നതായിരുന്നു, മമ്മൂട്ടി അവതരിപ്പിച്ച കടല്‍ത്തൊഴിലാളിയുടെ ആഗ്രഹം. അറിവിനു വേണ്ടി സ്വന്തം കാമനകളെ ത്യജിച്ച അച്ഛനായിരുന്നു അയാള്‍. ആ സിനിമ മമ്മൂട്ടിയുടെ സിനിമയാണ്. ഏതോ കാലത്തെ ഒരു  കടല്‍ മനുഷ്യന്‍. ഓര്‍മ്മകളുടെ ഇരമ്പുന്ന കടലില്‍ അയാള്‍ ഇപ്പോഴും തോണിയിറക്കുന്നുണ്ട്. ബലിഷ്ഠമായ ശരീരത്തിലെ ആര്‍ദ്രഹൃദയം അയാളെ ഇപ്പോഴും ആ കടല്‍ത്തീരത്തുതന്നെ നിര്‍ത്തുന്നുണ്ടാവണം.

'അമരം' കളിച്ച മൊട്ടാമ്പ്രം സ്റ്റാര്‍ ടാക്കീസ് ഇപ്പോഴില്ല. മാടായി പഞ്ചായത്തിലെ പഴയ ബാല്യങ്ങളുടെ നെടുവീര്‍പ്പുകള്‍, വിസ്മയഭരിതമായ നോട്ടങ്ങള്‍, സ്റ്റണ്ടിലെ ഡിഷും ഡിഷും നെഞ്ചിടിപ്പുകള്‍, തളരിത ഗാനങ്ങള്‍ - ഈ തിയേറ്ററില്‍  ഭൂതകാലം ഈസ്റ്റുമാന്‍ കളര്‍ കാലം തൊട്ടേയുണ്ട്. അമരമാണ് ആ ടാക്കീസില്‍നിന്ന് അവസാനം കണ്ട സിനിമ. ജയന്റെ 'മൂര്‍ഖനാ'ണ് അവിടെനിന്ന് ആദ്യം കണ്ട സിനിമ. ജയന്‍ - മമ്മൂട്ടി കാലങ്ങള്‍ക്കിടയില്‍, ജീവിതം പല റീലുകളില്‍ ആ ഇരുട്ടിലെ വെളിച്ചത്തിലോടി. അടൂരിന്റെ 'അനന്തര'വും പവിത്രന്റെ 'ഉപ്പും' ആ തിയേറ്ററുകളിലെ ഓര്‍മ്മയിലെ ക്ലാസ്സിക് മുദ്രകള്‍. തിയേറ്ററിനടുത്ത് വത്തക്കയും കല്ലുമ്മക്കായും വിറ്റ് ഉപജീവനം നടത്തിയ 'ബോട്ടുകാരന്‍' എന്ന പേരില്‍ അറിയപ്പെട്ട മനുഷ്യന്‍. ബോട്ട് ഡ്രൈവറായിരുന്നു; അയാള്‍. വത്തക്ക അയക്കൂറ മുറിക്കുന്നതുപോലെ അയാള്‍ നേര്‍ത്ത പാളികളായി മുറിച്ചു. പഴയ സിനിമകളുടെ ഓര്‍മ്മയില്‍ വത്തക്കയുടെ രുചിയും കടന്നുവരുന്നു.

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും സ്പെഷ്യല്‍ മോണിങ്ങ് ഷോ ഉണ്ടാകും. കിത്താബില്‍ സിനിമ ഹറാമാണെങ്കിലും, ജീവിതത്തിലങ്ങനെയായിരുന്നില്ല. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പുതുക്കമുള്ള കുപ്പായക്കാര്‍ തിയേറ്ററിലേക്കോടി. പെരുന്നാള്‍ സ്പെഷ്യല്‍ പാലൈസും തിയേറ്ററിനു മുന്നില്‍ ഐസ് പെട്ടിയില്‍ നിറച്ച് വില്‍പ്പനക്കാരുണ്ടാവും. തിയേറ്ററുകളില്‍ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. നിസ്‌കാരം കഴിഞ്ഞ് സലാം വീട്ടി വന്ന മുസ്ലിം ആണ്‍കുട്ടികള്‍! മുസ്ലിം പെണ്‍കുട്ടികള്‍ വീട്ടിലിരുന്ന് വീഡിയോ പ്ലെയറില്‍ സിനിമ കണ്ടു. ആണ്‍കുട്ടികള്‍ മണിയറയും മണിത്താലിയും മണവാട്ടിയും തിയേറ്ററുകളില്‍നിന്ന് കണ്ട് ആമോദ രാത്രികളുടെ മധുരിതക്കേനാവുകളില്‍ മുഗ്ദ്ധരായി. പള്ളിയും ആണ്‍കുട്ടികള്‍ക്ക്, ടാക്കീസുകളും ആണ്‍കുട്ടികള്‍ക്ക്! ആണ്‍കുട്ടികള്‍ മൂട്ടകളെ വീട്ടിലേക്ക് ഒളിച്ചുകടത്തിയ കാലം.

അമരം അവസാനമായി കണ്ട സ്റ്റാര്‍ ടാക്കീസ് പൊളിച്ചുമാറ്റിയ ഇടത്ത് ഇപ്പോള്‍ ഒരു മസ്ജിദാണ്. പാട്ടു കേട്ട നേരങ്ങളില്‍ വാങ്ക് വിളികള്‍. ചരിത്രത്തിന്റെ ഐറണി എന്നു പറയുന്നത് ചിലപ്പോള്‍ ഇങ്ങനേയുമാണ്. പള്ളിയിലിരിക്കുമ്പോള്‍ പണ്ടു കണ്ട സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മ വരില്ലേ? അല്ലെങ്കിലും വിശ്വാസത്തിന്റെ തിയേറ്റര്‍ മാത്രമാണല്ലൊ, പള്ളികള്‍.

ജീവിതമെന്ന ഹതഭാഗ്യത്തിന്റെ പേരാണ് 'ആട് ജീവിതം'

ബെന്യാമിന്റെ 'ആട് ജീവിതം' രണ്ടുലക്ഷം കോപ്പി വിറ്റു എന്നത് മലയാളിയുടെ വായന ഏതു തരം വായനയാണ് എന്ന ഗൗരവമായ ഒരു ചോദ്യം മുന്നോട്ടുവെയ്ക്കുന്നു. അത് ഇരുണ്ട ജീവിതം കണ്‍കുളിരോടെ വായിച്ചു രസിക്കുന്ന വായനയാണ്. എഴുത്തില്‍ ബെന്യാമിന്‍ അടയാളപ്പെടുത്തിയത് ഒരു മനുഷ്യന്റെ മരുഭൂമിയിലെ ഇരുണ്ട ജീവിതമാണ്. ആ മനുഷ്യന്‍ ഒരു മലയാളിയാണ്. ആ നോവല്‍ പൂര്‍ണ്ണമായും ഒരു ഭാവനാസൃഷ്ടിയാണ്. അത് നജീബിന്റെ ജീവിതമല്ല, ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സൃഷ്ടിച്ചെടുത്ത ഒരു ഇരുണ്ട വന്‍കരയാണ്. എഴുത്തുകാരനായ ബെന്യാമിന്‍ മലയാളികളുടെ മനസ്സ് വായിച്ചെഴുതിയതാണ് ആ നോവല്‍.

മലയാളത്തില്‍ പ്രവാസ സാഹിത്യം എഴുതുമ്പോള്‍ 'ആട്' കടന്നുവരുമെന്ന് നാം പ്രതീക്ഷിക്കുന്നേയില്ല. ഒട്ടകവും ഈത്തപ്പഴവും പെട്രോളും കടന്നുവരും; മരുപ്പച്ചയും ബെല്ലി ഡാന്‍സും കടന്നുവരും; ഒളിച്ചുകടത്തപ്പെട്ട അനുഭവത്തിന്റെ മറുകരകള്‍ കാഴ്ചയില്‍ വരും. എന്നാല്‍, 'ആടും മനുഷ്യനും' ഒരു വന്യമായ  ഭാവനയില്‍ ഇതില്‍ ആവിഷ്‌കരിക്കപ്പെട്ടു. മലയാളികള്‍ അത് വായിച്ചു. ചെവിയടക്കം പറഞ്ഞ് ആ നോവല്‍ വമ്പിച്ച വിജയമായി.

'ദാസ്യം' അനുഭവത്തില്‍ പേറുന്നവരാണ് മലയാളികള്‍. മതത്തോടും രാഷ്ട്രീയത്തോടുമുള്ള ദാസ്യം. സ്വതന്ത്ര ഭാവനയുള്ള 'മലയാളി' പോലും ബുദ്ധിപരമായ ആട് ജീവിതമാണ് നയിക്കുന്നത്. ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കളയിലെ നവവധു  ഒരുതരത്തില്‍ ആട് ജീവിതമല്ലേ നയിക്കുന്നത്? പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ ജയിപ്പിച്ചവര്‍, രാജിവെച്ച് വീണ്ടും തിരിച്ചു വന്ന് എം.എല്‍.എയായി ജയിപ്പിക്കുമ്പോള്‍ ആ വോട്ടര്‍മാര്‍ ആട് ജീവിതമല്ലേ നയിക്കുന്നത്? ഒരേ ആടിനെത്തന്നെ നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ വോട്ടര്‍മാര്‍ നയിക്കുന്നത് ആട് ജീവിതമല്ലെ? മരിച്ചുപോയ അച്ഛന്റെ തൊഴില്‍ പറഞ്ഞ് ആളുകളെ ആക്ഷേപിക്കുന്നത് ആട് ജീവിതം നയിക്കുന്ന ഒരു രാഷ്ട്രീയ സമൂഹത്തില്‍ മാത്രമാണ്. തെരഞ്ഞെടുപ്പില്‍ സാധാരണക്കാരായ പൗരന്മാരുടെ വീട്ടില്‍ കയറുന്നതിനു മുന്നേ രാഷ്ട്രീയ നേതാക്കന്മാര്‍ സമുദായ നേതാക്കന്മാരുടെ വീടുകളിലും മെത്രാന്മാരുടെ അരമനകളിലും കയറുന്നത് എന്തുകൊണ്ടാണ്? ആടിനെ 'ദാസ്യ'ത്തോടെ പോറ്റുന്ന വിശ്വാസ സമൂഹത്തെക്കുറിച്ചുള്ള ഉറപ്പുകൊണ്ടല്ലെ? കൊവിഡ് കാലത്ത് മാസ്‌ക്ക് പോലും ധരിക്കാതെ, ഒരുതരം സാമൂഹ്യ അകല്‍ച്ചയുമില്ലാതെ ഐശ്വര്യമായി യാത്ര നടത്തുന്നവരുടെ മനോഭാവത്തിന്റെ പേര് കൂടിയാണ്, ആട് ജീവിതം. ദാസ്യമെന്നറിയാതെ നാം ഓരോ കാര്യവും ചെയ്യുന്നു. മരുഭൂമിയിലെ ആടുകള്‍ നാം മലയാളികള്‍ തന്നെയാണ്.

മലയാളിയുടെ ഈ നൈതികമായ ദാസ്യവൃത്തി മനോഹരമായ ഫിക്ഷനായി അവതരിപ്പിച്ചു എന്നതാണ് ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ വിജയം. അതിലെ മരുഭൂമിയും ആടും ആടിനെ പരിപാലിക്കുന്ന ആ ചെറുപ്പക്കാരനും പ്രഹരമേല്‍പ്പിക്കുന്ന അറബികളും കേരളം എന്ന കരയെ മുന്നില്‍ നിര്‍ത്തി മറുകരയില്‍ മനോഹരമായി പുനരാഖ്യാനം ചെയ്യുകയാണ് ബെന്യാമിന്‍.
ചങ്ങമ്പുഴയുടെ 'രമണ'നിലെ പുല്ലാങ്കുഴല്‍ വായിച്ച് കാനനത്തില്‍ അലഞ്ഞ കാമുകനെയാണ്, കാമുകന്മാരില്‍ നമുക്കിഷ്ടം. അങ്ങനെയൊരു കാമുകനെ എവിടെയും കാണാനാവില്ലെങ്കിലും, ആ കാനനത്തില്‍ ഒരു തലമുറ മുഴുവന്‍ ആര്‍ദ്രചിത്തരായി അലഞ്ഞു. അതിലുമുണ്ട് ആടും കാടും തോഴിയും. ബെന്യാമിന്‍ ചങ്ങമ്പുഴയുടെ ആ ശോകകാലം മരുഭൂമിയിലെ ഉള്‍ത്താപമായി മറ്റൊരു കാലത്ത് കണ്ടെടുക്കുന്നു. തോഴിമാരോ കാനനമോ അതിനെ ആശ്ലേഷിക്കുന്ന മെലഡിയോ ഇല്ല. ആട് അതില്‍ ഒരു മലയാളി മെറ്റോഫറായി കടന്നുവരുന്നു. ചങ്ങമ്പുഴയുടെ തരളിതനായ ആ മൃദുമന്ദഹാസമുള്ള കാമുകന്‍ പുല്ലാങ്കുഴലും പ്രണയവും കാനനവും ഉപേക്ഷിച്ചു. അയാള്‍ പ്രവാസിയായി. അങ്ങനെ ആട് ജീവിതം, മലയാള ഭാവുകത്വം ഈ കരയിലും മറുകരയിലും നടന്നു തീര്‍ന്ന കാലത്തിന്റെ പേരാണ്. ദാസ്യത്തിന്റേയും തടവിന്റേയും പേര്.

പ്രിയപ്പെട്ട ബെന്യാമിന്‍, ആ നോവലിന്റെ പേരില്‍ മലയാളികള്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു.

സൗഹൃദം, മടക്കിവെയ്ക്കാനാവാത്ത നിസ്‌കാരപ്പായകള്‍

ഇന്ന് എന്റെ ഉപ്പയെ കുറേ നേരം ഓര്‍ത്തിരുന്നു. ഉപ്പ കുറേ കഥകള്‍ പറഞ്ഞുതരുമായിരുന്നു.
അതിലൊന്ന് പറയാം. നിസ്‌കാരപ്പായ.

നിസ്‌കാരപ്പായ നിസ്‌കരിക്കുമ്പോള്‍ നിവര്‍ത്തുകയും നിസ്‌കരിച്ചു കഴിഞ്ഞാല്‍ മടക്കി വെയ്ക്കുകയും ചെയ്യും.
നിവര്‍ത്താനും മടക്കാനുമുള്ളതാണ്, ജീവിതം.

ഒരു കഥ കൂടി:

ഒരു കുട്ടി വിളക്കുമായി വരികയായിരുന്നു. അതുകണ്ട് ഒരാള്‍ ചോദിച്ചു:
''ഈ വെളിച്ചം എവിടെനിന്ന് വരുന്നു?''
കുട്ടി വെളിച്ചം ഊതിക്കെടുത്തി തിരിച്ചു ചോദിച്ചു:
ഈ വെളിച്ചം എങ്ങോട്ടു പോയി?
പ്രകാശിക്കാനും കെടാനുമുള്ളതാണ് വെളിച്ചവും.

ചിലപ്പോള്‍, ഇത് ഓര്‍ക്കും. സങ്കടം വരുമ്പോള്‍.

ചില കാലങ്ങളില്‍ നമ്മള്‍  വിചാരിക്കും, സൗഹൃദങ്ങള്‍ മടക്കിവെച്ചാല്‍ എന്താ കുഴപ്പം? നിസ്‌കാരപ്പായ പോലും മടക്കിവെയ്ക്കാറില്ലേ? പടച്ചവനെ ഓര്‍ത്ത് സുജൂദ് ചെയ്ത പായ?
പക്ഷേ, സൗഹൃദങ്ങള്‍ എനിക്ക് മടക്കിവെയ്ക്കാനേ കഴിയാറില്ല, ഉപ്പാ. അവര്‍ എന്നെ എത്ര മനസ്സിലാക്കാതിരുന്നാലും. സൗഹൃദങ്ങള്‍ ഒരുപക്ഷേ, ആര്‍ക്കും തന്നെ മടക്കിവെയ്ക്കാന്‍ കഴിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com