'വീണുപോയ ഇളംപൂവിനെയോര്‍ത്ത് കണ്ണുനിറഞ്ഞിട്ടെന്തുകാര്യം?'- നന്ദിതയുടെ കവിതകള്‍ക്ക് സുഗതകുമാരി എഴുതിയ അവതാരിക

പൂമൊട്ടുപോലെ വിടര്‍ന്നുവരുന്നു. അഴകുചൊരിയുന്നു, മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിവില്ല. ആര്‍ക്കുമത് ഗണിച്ചെടുക്കാനുമാവില്ല
നന്ദിത
നന്ദിത

ചില ജന്മങ്ങളുണ്ട് - പൂമൊട്ടുപോലെ വിടര്‍ന്നുവരുന്നു. അഴകുചൊരിയുന്നു, മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിവില്ല. ആര്‍ക്കുമത് ഗണിച്ചെടുക്കാനുമാവില്ല. പണ്ട് രാജലക്ഷ്മിയോട് ജി. കുമാരപിള്ള സാര്‍ ചോദിച്ചു: 

''ഈവിധമെന്താണാവോ!...
ഞാനതു ചോദിപ്പീല
വേദനയറിയാതെ
സൗമ്യമായുറങ്ങൂ നീ.''

കണ്ണിനു സുഖം തോന്നിക്കുന്ന, ശാലീനസുന്ദരമായ നന്ദിതയുടെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ ഞാനും ചോദിച്ചുപോകുന്നു: ഈവിധമെന്താണാവോ!... ഞാനും ചോദ്യം പിന്‍വലിക്കുന്നു. 
മരണം എന്നത് ഓരോ ജീവിയും ഒഴിവാക്കാന്‍  ശ്രമിക്കുന്ന ഒന്നാണ്. അതില്‍നിന്ന് മോചനമില്ലെന്ന് അറിയാമെങ്കിലും. ജനിക്കുമ്പോള്‍ മുതല്‍ നിഴലായി ഒപ്പം നടക്കുന്ന മരണത്തിന്റെ മുഖത്തുനോക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അതിനാല്‍ എന്നും അപരിചിതനാണ് മൃത്യു. അതീവ പരിചിതനെങ്കിലും, ആ സ്പര്‍ശം ജീവിതത്തിലെ ഒരേയൊരു സുനിശ്ചിതത്വമെങ്കിലും, നമുക്കാ മുഖത്തുനോക്കാന്‍ വയ്യ. പക്ഷേ, ചിലര്‍ അങ്ങോട്ടോടിച്ചെല്ലുന്നു. സ്വയംവരപ്പന്തലിലെന്നപോലെ  വരണമാല്യവുമായി വെമ്പലോടെ ആ സന്നിധിയിലേക്കണയുന്നു. അവിടുന്നത്രേ എനിക്ക് പ്രിയന്‍. മര്‍ത്ത്യര്‍ നല്‍കുന്ന നിരന്തര ദുഃഖങ്ങളില്‍നിന്നുള്ള മോചനം അവിടുത്തെ ഘനശ്യാമഹസ്തങ്ങളില്‍ മാത്രം. നന്ദിതയെന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരംപിടിച്ചവളാണ്. സ്വയം കെടുത്തിക്കളയും മുന്‍പ്  അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ. അവള്‍ക്ക് അവ കൊളുത്തിനിരത്തുവാന്‍  നേരം കിട്ടിയില്ല. തിരക്കായിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോകുവാന്‍ ആ കുട്ടിക്ക് തിടുക്കമായിരുന്നു. 

ആ തിരക്കിന്റെ കാരുണ്യമില്ലായ്മ എന്നെ ഭയപ്പെടുത്തുന്നു. ലോകത്തിന് അവളോട് കാരുണ്യമില്ലായിരുന്നു. അവള്‍ക്ക് തന്നോടുതന്നെയും കാരുണ്യമില്ലാതായി. അങ്ങനെയുള്ളവരാണ്, സ്വന്തം ദുഃഖത്തിന്റെ തീക്ഷ്ണതയില്‍, തന്നെ സ്‌നേഹിക്കുന്നവരെയെല്ലാം മറന്നുപോകുന്നത്. അത് പാടില്ലായിരുന്നു. ഒറ്റയ്ക്കു വേദനിച്ചു വേദനിച്ച് അസ്തമിച്ചാലും സ്‌നേഹിച്ചവരെ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു. ഇത് എന്റെ വിശ്വാസം. ഇവിടെ 'ഞാന്‍' ആണോ എന്റെ വേദനയാണോ പ്രധാനം? ഉറ്റവരുടെ വേദന എനിക്ക് നിസ്സാരമോ? ഈ ചോദ്യത്തിന് ഒരിക്കലും ഉത്തരമില്ല.  പാടില്ലെന്ന് പറയുവാന്‍ എളുപ്പമാണ്. പക്ഷേ, ലോലമനസ്സുകള്‍, അതീവ മൃദുലമായ അനുരണനങ്ങള്‍പോലും പ്രചണ്ഡക്ഷോഭമുണ്ടാക്കുന്ന മനസ്സുകള്‍ എന്നും ഇങ്ങനെ തന്നെ പ്രതികരിക്കാറുണ്ട്. അതിനു പരിഹാരം കാണാന്‍ സ്‌നേഹം എന്ന ദിവ്യൗഷധത്തിനു മാത്രമേ കഴിയൂ. 

നന്ദിത ഇങ്ങനെയൊക്കെ പറയുകയുണ്ടായി:
''ഛിടിയാ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
.....
നിന്റെ കൂട് തുരുമ്പെടുത്തിരിക്കുന്നു. 
പാരിജാതപ്പൂക്കള്‍ അടര്‍ന്നുവീഴുന്ന കാറ്റില്‍ 
നിന്റെ കൂടും പൊടിഞ്ഞുവീഴും. 
പോകുമ്പോള്‍ 
എനിക്കൊരു പൊന്‍തൂവല്‍ തന്നിട്ടുപോകുക.
നിന്റെ ചിറകടിയുടെ ഊഷ്മളതയില്‍ 
കൊഴിഞ്ഞുവീഴുന്ന ഒരു പൊന്‍തൂവല്‍.''

''ഉയര്‍ന്നു പറക്കുന്ന കാക്കയുടെ ചിറകുകളില്‍നിന്ന്
ശക്തി ചോര്‍ന്നുപോകാതിരിക്കാന്‍ 
അതിനെ എയ്തുവീഴ്ത്തുന്നു. 
ഇതെന്റെ സന്ന്യാസം-''

''ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്...
കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക് തെറ്റ് പറ്റി.''

''ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയെങ്കിലും തുളസിയായി പുനര്‍ജ്ജനിയില്ലാതെ,'' ''മനസ്സുനുറുക്കി മത്സ്യങ്ങളെ ഊട്ടിയ'' ആ പെണ്‍കിടാവിന്റെ ഡയറിയിലെ നനുത്ത അക്ഷരങ്ങള്‍ക്കു മുന്നില്‍ ഞാന്‍ ഈ രാത്രിയില്‍ തലകുമ്പിട്ടിരിക്കുന്നു. ''എനിക്കും നിനക്കുമിടയില്‍ അനന്തമായ അകലം'' എന്ന് നീ കുറിക്കുന്നുവെങ്കിലും നന്ദിതേ, നാം തമ്മില്‍ ഒരു പൂവിതളരികിന്റെ അകലം പോലുമില്ലെന്ന് ഞാനറിയുന്നു. ഇതുപോലെ ഏറെ രാവുകളില്‍ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടത് ദുഃഖത്തെപ്പറ്റിയായി, സ്‌നേഹത്തെപ്പറ്റിയായി. സ്‌നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങള്‍ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധിയില്‍ ആ മൃത്യുവാഞ്ഛയില്‍നിന്ന് ഞാന്‍ തിരിഞ്ഞുനടന്നു. 

നന്ദിതയ്ക്ക് തിരിഞ്ഞുനടക്കാനായില്ല. അവിടെ 'അരുതേ' എന്നു പറയാന്‍ ദുര്‍ബലമെങ്കിലും ഉള്ളുപിളര്‍ക്കുന്ന ഒരു വിളിയുടെ തീവ്ര പ്രേരണയുണ്ടായില്ല. ഒരു മെലിഞ്ഞ കയ്യും അവളുടെ കൈപിടിച്ചു തടയാനുണ്ടായില്ല. 'ഇതാ ഇവിടെ തലചായ്ച്ചുകൊള്ളു' എന്നരുളുന്ന ഒരു നീലവിരിമാറ് അവള്‍ക്കു മുന്നില്‍ തെളിഞ്ഞുനിവര്‍ന്നില്ല. മുഖമില്ലാത്ത ഒരു ഏകാന്തതമാത്രം അവള്‍ക്കു പിന്നില്‍ കൂട്ടുനിന്നു. ആ നിഴലിന്റെ കരംപിടിച്ച് നന്ദിത ഇറങ്ങിപ്പോവുകയും ചെയ്തു. 

അതില്‍ ദുഃഖിച്ചിട്ടെന്തുകാര്യം? വീണുപോയ ഇളംപൂവിനെയോര്‍ത്ത് കണ്ണുനിറഞ്ഞിട്ടെന്തുകാര്യം? നന്ദിത ജന്മദുഃഖങ്ങളുടെ മഹാന്ധകാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ആ അന്ധകാരത്തിന്റെ ഒരു ചീളുവന്ന് അവളെ തന്നിലേക്ക് ചേര്‍ത്തണച്ചു. മറ്റൊന്നും സാധ്യമല്ലായിരുന്നു. പെട്ടെന്ന് കെട്ടുപോകാന്‍ മാത്രം തെളിഞ്ഞൊരു കാര്‍ത്തിക വിളക്ക്. സൗമ്യപ്രകാശവും സുഗന്ധവും സൗന്ദര്യവും തികഞ്ഞതെങ്കിലും ഒരു തുള്ളി മാത്രം എണ്ണ പകര്‍ന്നൊരു ഒറ്റത്തിരിവിളക്ക്. അതിന് കെടാതെ വയ്യല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com