ഉദ്‌ബോധനത്തിന്റെ തെരുവ് സഞ്ചാരങ്ങള്‍ 

'നാടകത്തിനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന് തോന്നാറുണ്ട്. നാടകത്തെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാറില്ല. ഒരിക്കല്‍ ഒരു അപകടത്തില്‍ പരിക്കുപറ്റി കാലിന്. ആ കാലുവച്ച് ഞാന്‍ നാടകം കളിച്ചു'
തെരുവിലുണരുന്ന നാടക കല... മീനാരാജ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
തെരുവിലുണരുന്ന നാടക കല... മീനാരാജ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

''നാടകമെന്റെ ജീവശ്വാസമാണ്. നാടകമില്ലാതൊരു ജീവിതം എനിക്ക് സങ്കല്പിക്കാനാവില്ല.'' പത്താം വയസ്സില്‍ അരങ്ങിലെത്തി, നാടകരംഗത്ത് സജീവമാകുകയും പ്രൊഫഷണല്‍, അമച്വര്‍ മേഖലകളിലൂടെ  സഞ്ചരിക്കുകയും പിന്നീട് തെരുവരങ്ങിലൂടെ നാടകത്തെ ജനകീയമാക്കുകയും ചെയ്ത കൊച്ചിയുടെ സ്വന്തം കലാകാരന്‍ മീനാരാജിന്റെ വാക്കുകളാണ് ഇവ. 

അരനൂറ്റാണ്ടിലധികമായി മലയാള നാടകവേദിയുടെ സജീവസാന്നിദ്ധ്യമായ, നാടകം ജീവന്റെ കലയാണ് എന്നുറപ്പിച്ചു പറയുന്ന മീനാരാജ് - തന്റെ നാടകജീവിതത്തെക്കുറിച്ചും വഴിത്തിരിവുകളെക്കുറിച്ചും മനസ്സു തുറക്കുന്നു. 

അരങ്ങുകണ്ടുണര്‍ന്ന ബാല്യം 

ഏകദേശം 53 വര്‍ഷമായി ഞാന്‍ നാടകരംഗത്തുണ്ട്. ഇതിനിടയില്‍ ഒരു വര്‍ഷം പോലും നാടകം കളിക്കാതിരുന്നിട്ടില്ല. പത്ത് വയസ്സുള്ളപ്പോഴാണ് ആദ്യമായി അരങ്ങിലെത്തുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്നത് കൊച്ചിയിലെ കോണം എന്ന ഗ്രാമത്തിലാണ്. പള്ളുരുത്തിയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ മാറി, പശ്ചിമകൊച്ചിയുടെ ഭാഗമായ പ്രദേശം. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ കലാ-സാംസ്‌കാരിക സംഘങ്ങളുണ്ട്. കൊച്ചി കോര്‍പറേഷന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമമാണ് കോണം. കൂടുതലും താഴേക്കിടയിലുള്ള തൊഴിലാളിവര്‍ഗ്ഗങ്ങള്‍  കൂടുതലുള്ള ഒരു പ്രദേശം. മത്സ്യബന്ധനവും ചെറുകിടകച്ചവടങ്ങളും മട്ടാഞ്ചേരിയിലും ഐലന്‍ഡിലുമൊക്കെ കമ്പനിയില്‍  ജോലിചെയ്യുന്നവരുമടങ്ങുന്ന, പിന്നോക്ക ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നാട്. അതുകൊണ്ടുതന്നെ സാംസ്‌കാരിക സംഘടനകളും പാര്‍ട്ടി പ്രസ്ഥാനങ്ങളും സജീവമായിരുന്നു. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്ഥാനങ്ങള്‍. ഒരുപക്ഷേ, അന്ന് കൊച്ചി പ്രദേശത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന ഗ്രാമം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാക്കളായ പി. ഗംഗാധരന്‍, പരമുദാസ്, ടി.എം. മുഹമ്മദ് തുടങ്ങിയ ആളുകളുടെ പ്രവര്‍ത്തനകേന്ദ്രമാണത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ധാരാളമായി ഉണ്ടായിരുന്നു. 

കോണം 'ദീപം ആര്‍ട്‌സ് ക്ലബ്ബ്', 'ദേശീയ കലാസമിതി' എന്നിങ്ങനെ രണ്ട് കലാസംഘടനകളായിരുന്നു  ഞങ്ങളുടെ കുട്ടിക്കാലത്തെ  ആകര്‍ഷണം. അന്ന് ആകാശവാണി എ ഗ്രേഡ് കലാകാരനായിരുന്ന വില്ലുപാട്ടിന്റെ ആശാന്‍ വിശ്വംഭരനും അവിടത്തെ നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹം നാടന്‍പാട്ടും ഭജന്‍സുമൊക്കെ നന്നായി പാടുമായിരുന്നു. അദ്ദേഹം മിക്കപ്പോഴും അവിടെയിരുന്ന് എഴുതുമായിരുന്നു. കോണത്ത് കല നട്ടുമുളപ്പിച്ചയാളാണ് വിശ്വംഭരന്‍ ചേട്ടന്‍. അങ്ങനെ ധാരാളം കലാകാരന്മാരും രാഷ്ട്രീയക്കാരും ഒരുമിച്ചിരുന്ന ഒരു സാംസ്‌കാരിക ഭൂമിയാണ് ഞങ്ങളുടെ ഗ്രാമം. എന്റെ കുട്ടിക്കാലത്തെ നാടകത്തെക്കുറിച്ചുള്ള കൗതുകവും അവിടെനിന്നാണ് തുടങ്ങുന്നത്. 

അമ്മയുടെ നിശ്ചയദാര്‍ഢ്യവും ആദ്യ അരങ്ങേറ്റവും

ഞാന്‍ നാടകരംഗത്തേക്ക് വരുന്നത് അമ്മയുടെ നിശ്ചയദാര്‍ഢ്യം മൂലമാണ്. അമ്മയ്ക്ക് നിര്‍ബ്ബന്ധമായിരുന്നു ഞാനൊരു നാടകക്കാരനാകണമെന്ന്. അമ്മ മീനാക്ഷി അന്ന് പത്താം ക്ലാസ്സ് പാസ്സായ ആളാണ്. ഭാഷയോടും സാഹിത്യത്തോടും താല്പര്യമുള്ള ഒരാള്‍. കവിതകളും പാട്ടുകളുമൊക്കെ അമ്മയ്ക്ക് മരിക്കുംവരെ ഹൃദിസ്ഥമായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 98-ാം വയസ്സിലാണ് അമ്മ മരിക്കുന്നത്. അമ്മയുടെ വീട് ഒരു നാടകറിഹേഴ്സലിന്റെ താവളം കൂടിയായിരുന്നു. അമ്മയുടെ ഇളയ ആങ്ങള അംബുജാക്ഷന്‍ ഹൈക്കോടതിയില്‍നിന്ന് റിട്ടയര്‍ ചെയ്ത ആളാണ്. അക്കാലത്ത് പി.ജെ. ആന്റണി, ഗോവിന്ദന്‍കുട്ടി, മാത്യു ഇടമറ്റം തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. അമ്മാവനും നാടകകമ്പക്കാരന്‍. ഇവരെല്ലാം ചേര്‍ന്ന് നാടകറിഹേഴ്സല്‍ നടത്തുമ്പോള്‍ അമ്മയ്ക്ക് അതില്‍ അതീവ താല്പര്യമുണ്ടായിരുന്നു. നാടകത്തില്‍   പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും  നാടകത്തോട് വല്ലാത്ത ഒരടുപ്പം അമ്മ മനസ്സില്‍ സൂക്ഷിച്ചു. അമ്മയുടെ അഭിപ്രായത്തില്‍ നാടകം നന്മയുടെ കലാരൂപമാണ്. അതുകൊണ്ടാണ് അമ്മ മകനെ ഒരു നാടകക്കാരനാക്കാന്‍ ശ്രമിച്ചത്. 

പത്താം വയസ്സിലാണ് ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. അതിനു കാരണം അമ്മയുടെ ഉറച്ച തീരുമാനം തന്നെ. കോണത്തെ ദീപം ആര്‍ട്‌സ് ക്ലബ്ബിന്റെ നാടകറിഹേഴ്സല്‍ നടക്കുന്ന സമയം. കോണത്ത് നാരായണ്‍ എന്ന രാഷ്ട്രീയക്കാരന്റെ വീട് കേന്ദ്രീകരിച്ചാണ് ദീപം ആര്‍ട്സ് പ്രവര്‍ത്തിക്കുന്നത്. മത്തായി മാഞ്ഞൂരാനും ജോണ്‍ മാഞ്ഞൂരാനും ഒക്കെ ദിവസേന വന്നുപോകുന്നയിടം. കോണത്ത് നാരായണന്റെ മകള്‍ രമണിച്ചേച്ചി എന്റെ ട്യൂഷന്‍ ടീച്ചറാണ്. അമ്മ എന്നെ ട്യൂഷന്  കൊണ്ടുചെന്നാക്കുമ്പോള്‍ 'കറുത്ത നക്ഷത്രം' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നു. അമ്മ അവരോട് പറഞ്ഞു എന്നെ നാടകത്തില്‍ ചേര്‍ക്കാന്‍. അന്ന് അച്ഛന്‍ നാടകക്ലബ്ബിന് ചെറിയ ചെറിയ സഹായങ്ങള്‍ ഒക്കെ ചെയ്തിരുന്നു. അതുകൊണ്ടാകാം അവര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെ റിഹേഴ്സല്‍ തുടങ്ങി. നാടകം പഠിപ്പിക്കാന്‍ വന്നത് ഇടക്കൊച്ചിക്കാരനായ ഒരു ഗോവിന്ദനാശാനായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ ദക്ഷിണവെച്ചാണ് ഞാന്‍ നാടകം പഠിച്ചു തുടങ്ങിയത്. അന്ന് ആശാന്‍മാരാണ്, സംവിധായകരല്ല. അന്ന് ആശാന്‍ എന്നോടു പറഞ്ഞ വാചകം ''നാടകം നന്മയുടെ കലാരൂപമാണ്. നാടകം പഠിക്കാന്‍വേണ്ടി വരുന്നത് വെറുതെ അഭിനയിക്കാന്‍ വേണ്ടി മാത്രമല്ല, നല്ല മനുഷ്യരാകാനും നല്ല നല്ല ചിന്തകള്‍ ഉണ്ടാകാനും കൂടിയാണ്'' എന്നാണ്. അന്ന് അതെന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. റിഹേഴ്സല്‍ അങ്ങനെ പുരോഗമിച്ചുകൊണ്ടിരുന്നു. ആശാന്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ രമണിച്ചേച്ചിയും മറ്റ് പ്രവര്‍ത്തകരുമെല്ലാം നമ്മുടെ കൂടെനിന്ന് റിഹേഴ്സല്‍ തുടരും. എല്ലാവരും ചേര്‍ന്ന് ഒരുത്സവം പോലെയാവും. അങ്ങനെ ദീപം ആര്‍ട്‌സിന്റെ 'കറുത്ത നക്ഷത്രം' എന്ന നാടകത്തില്‍ ഉടനീളം പത്തുവയസ്സുകാരനായ ഒരു വികൃതിക്കുട്ടിയുടെ വേഷത്തില്‍ ഞാനഭിനയിച്ചു. അങ്ങനെ ആ നാടകത്തിലൂടെയാണ് ഞാന്‍ അരങ്ങിലെത്തുന്നത്. 

ദീപം ആര്‍ട്‌സ് ക്ലബ്ബും ദേശീയ കലാസമിതിയും എല്ലാ വര്‍ഷവും വാശിയേറിയ നാടകമത്സരങ്ങള്‍ നടത്തും. ആറാം ക്ലാസ്സിലായപ്പോള്‍ ദീപം ആര്‍ട്‌സിന്റെ തന്നെ 'ആഗ്‌നേയം' എന്ന നാടകത്തില്‍ ഞാന്‍ അഭിനയിച്ചു. ഏഴാം ക്ലാസ്സിലെത്തുമ്പോഴേയ്ക്കും വാര്‍ഷികം നിന്നുപോയി. ആദ്യനാടകം ചെയ്യുമ്പോള്‍ ഞാന്‍ പള്ളുരുത്തി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് പഠിക്കുന്നത്. അന്ന് ആ നാടകത്തില്‍ മലയാള നാടകവേദിയിലെ നല്ലൊരു കൊമേഡിയന്‍ ആയിരുന്ന ഗോപിച്ചേട്ടന്‍ അഭിനയിച്ചിരുന്നു. 'റോക്കറ്റ് ഗോപി' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്; ആ കഥാപാത്രത്തിന്റെ പേരില്‍. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഏഴാം ക്ലാസ്സിലായപ്പോള്‍ പെരുമ്പടപ്പ് സെന്റ് ആന്റണീസ് സ്‌കൂളിലേക്ക് പോയി. അവിടെ എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സാഹിത്യ സമാജങ്ങളുണ്ടാകും. പാട്ട്, പ്രബന്ധം, മോണോ ആക്ട്, നാടകം അങ്ങനെ പലതുമുണ്ടാകും. അതിലൊക്കെ പങ്കെടുക്കുമായിരുന്നു. എട്ടാം ക്ലാസ്സിലായപ്പോള്‍ പള്ളുരുത്തി എസ്.ഡി.പി.വൈ സ്‌കൂളിലായി. അവിടെ ഹൈസ്‌കൂളില്‍ പ്രത്യേക നാടകമത്സരങ്ങള്‍ ഉണ്ട് സ്‌കൂള്‍ വാര്‍ഷികത്തിന്. വൈരൂപ്യങ്ങള്‍, കുരുതി, മണ്ണ് തുടങ്ങിയ നാടകങ്ങള്‍ 8, 9, 10 ക്ലാസ്സുകളില്‍ കളിച്ചിരുന്നു. അതിനൊന്നും സമ്മാനം കിട്ടിയില്ല. കാരണം, നമ്മളെക്കാള്‍ മിടുക്കരായവര്‍ അവിടെയുണ്ടായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പക്ഷേ, നാടകം കളിക്കുമായിരുന്നു. നമ്മളൊക്കെത്തന്നെയായിരുന്നു ആശാന്‍മാരും. 

മീനാരാജ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
മീനാരാജ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

പകരക്കാരനായി, ഒടുവില്‍ ഒന്നാമനായി

നാടകത്തെ ഗൗരവമായിക്കാണാന്‍ തുടങ്ങിയത് കൊച്ചിന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് പ്രീഡിഗ്രിക്കാലത്ത്. ഞാന്‍ സെക്കന്റ് ഗ്രൂപ്പായിരുന്നു. മാത്സും സയന്‍സുമൊക്കെ പഠിക്കാനുണ്ട്. എന്നെ എം.ബി.ബി.എസുകാരനാക്കാന്‍ അമ്മ ആഗ്രഹിച്ചതിന്റെ ഫലമായാണ് സെക്കന്റ്  ഗ്രൂപ്പെടുത്തത്. എന്നെ ഭാഷാസാഹിത്യത്തിലായിരുന്നു ചേര്‍ക്കേണ്ടത് എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം, കണക്കും സയന്‍സുമൊന്നും എനിക്കൊട്ടും പിടിച്ചില്ല. എനിക്കതെല്ലാം ബാലികേറാമലതന്നെ. അങ്ങനെ മിക്കവാറും സയന്‍സ് പീരിഡുകളില്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം ലൈബ്രറിയിലാകും. ആ സമയത്ത് ജോണ്‍ എന്ന സുഹൃത്ത് പറഞ്ഞു, ഒരു നാടകം റിഹേഴ്സല്‍ നടക്കുന്നുണ്ട് നമുക്ക് പോകാമെന്ന്. നാടകം 'പ്രഹേളിക.' ചെല്ലാനം ജോണ്‍ എഴുതിയ ഒഥല്ലോ കോംപ്ലക്സുള്ള ഒരു നാടകം. അതില്‍ ഒരാള്‍ക്ക് ഭ്രാന്താണ്. ഒഥല്ലോയുടെ ഡയലോഗ് പറയണം. ഞാന്‍ ആ നാടകത്തിലെ പ്രോംപ്റ്റര്‍ ആയിരുന്നു. നാടകത്തിന്റെ തലേന്ന് ജോസഫ് വഴക്കിട്ടുപോയി. അങ്ങനെ ആ നാടകത്തില്‍ അഭിനയിക്കാന്‍ ആളില്ലാതായി. എല്ലാവരും വളരെ വിഷമത്തിലായി. 

നാടകം എങ്ങനെയും നടക്കണം. ഡയലോഗ് അറിയുന്നവര്‍ വേണം. അങ്ങനെ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കയറി അഭിനയിച്ചു. അങ്ങനെ ഞങ്ങളുടെ നാടകത്തിന് ഒന്നാം സമ്മാനം കിട്ടി. എനിക്ക് നല്ല നടനുള്ള സമ്മാനവും. അതൊരു വലിയ സംഭവമായി മാറി. കാരണം, ആ ക്ലാസ്സില്‍ തന്നെയുള്ള  ആര്‍ക്കും എന്നെ അറിയില്ല. ഞാന്‍ ക്ലാസ്സില്‍ കയറാറില്ലല്ലോ. വളരെ ഒതുങ്ങിനടക്കുന്ന പ്രകൃതക്കാരനുമാണ് ഞാന്‍. അതിന്റെ മറ്റൊരു കാരണം എന്റെ പേരു തന്നെയായിരുന്നു, മീനാരാജ് എന്ന പേര്. പലപ്പോഴും അറ്റന്‍ഡന്‍സ് ബുക്കില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാകും ഈ പേര്. എനിക്കത് നാണക്കേടായിരുന്നു ആദ്യകാലങ്ങളില്‍. അമ്മയാണ് ഈ പേരിട്ടത്. എന്റെ മാത്രമല്ല, ഞങ്ങളുടെ വീട്ടിലെ എല്ലാവര്‍ക്കും പേരിടുന്നത് അമ്മയാണ്. ഞാന്‍ മീനമാസത്തില്‍ ജനിച്ചതുകൊണ്ടാണ് 'മീനമാസത്തിലെ രാജന്‍' എന്നര്‍ത്ഥത്തില്‍ എന്റെ പേരിട്ടത്. പേരിനൊപ്പം ഒരു ബലം വേണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ആദ്യം ഈ പേരിനോട് ഇഷ്ടമില്ലെങ്കിലും പില്‍ക്കാലത്ത് അത് മാറി നാടകത്തിലൊക്കെ വന്നപ്പോള്‍. മാത്രമല്ല, പുരുഷന്മാര്‍ക്ക് ഈ പേരുള്ളതായി അറിയില്ല. 

കാമ്പസില്‍നിന്ന് അരങ്ങിലേക്ക് 

പ്രീഡിഗ്രിക്കാലത്ത് നാടകത്തിനു സമ്മാനം കിട്ടിയ കാര്യം നാട്ടിലും അറിഞ്ഞിരുന്നു. നാട്ടില്‍ കലാസംഘടനകള്‍ സജീവമായ കാലം.  ചെറുപ്പക്കാര്‍ നാടകസംഘമൊക്കെ ഉണ്ടാക്കുന്നു. നാടകം കളിക്കാന്‍ തയ്യാറെടുക്കുന്നു. നാടകത്തില്‍ ഒരാളുടെ കുറവ് വന്നു. ഒരാള്‍ ''നിങ്ങളുടെ നാട്ടില്‍ത്തന്നെ ഒരു നടനുണ്ടല്ലോ'' എന്നു നാടകക്കാരോട് പറഞ്ഞു. അങ്ങനെ 'ജന്മം' എന്ന നാടകത്തില്‍ ഒരു ഭ്രാന്തന്റെ വേഷമിട്ടു. പ്രഹേളിക എന്ന നാടകത്തിലും ഭ്രാന്തന്റെ വേഷം തന്നെയായിരുന്നു. പൊന്നന്‍ നെല്‍ക്കുന്നശ്ശേരിയുടെ നാടകമായിരുന്നു 'ജന്മം.' അതായിരുന്നു എന്റെ സജീവ നാടകരംഗത്തേക്കുള്ള ചുവടുവയ്പ്. അന്ന് '77-'78 കാലമായിരുന്നു. അടിയന്തരാവസ്ഥക്കാലം. നാടകങ്ങള്‍ കൂടുതല്‍ ഉണരുകയും നാടകത്തിന്റെ അനിവാര്യത  സമൂഹത്തില്‍ ഉണ്ടാകുകയും ചെയ്ത കാലമായിരുന്നു അത്. പിന്നീടങ്ങോട്ട് തുടര്‍ നാടകപരിപാടികളിലൂടെ മുന്നോട്ടുപോയി. നാടകമത്സരങ്ങളും നാടകമെഴുത്തും അഭിനയവും എല്ലാമായി. 

പ്രീഡിഗ്രി പരീക്ഷ എഴുതിയില്ല. സയന്‍സില്‍ താല്പര്യമില്ല എന്നതുകൊണ്ടുതന്നെ. നാടകത്തിനൊപ്പം അച്ഛന്റെ ബിസിനസ്സില്‍ പങ്കാളിയായി. അച്ഛന്‍ മത്സ്യബന്ധനത്തിനാവശ്യമായ വലകളും യന്ത്രോപകരണങ്ങളും കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഞാനും അന്ന് കൂടെ സഹായിക്കും. അന്ന് അതൊരു നല്ല ബിസിനസ്സായിരുന്നതുകൊണ്ട് വേറെ ജോലിക്കും ശ്രമിച്ചില്ല. അക്കാലത്ത് ജോലിക്കു ശ്രമിച്ചാല്‍ കിട്ടിയേനെ. പക്ഷേ, താല്പര്യം തോന്നിയില്ല. ഈ കച്ചവടത്തിന്റെയൊപ്പം കൂടി. പിന്നെ നാടകം തന്നെയായിരുന്നു നെഞ്ചില്‍; അന്നു മുതല്‍ ഇന്നുവരെയും. 

കലാസ്‌നേഹത്തിന്റെ കുടുംബമാതൃക

വീട്ടില്‍നിന്ന് നല്ല പിന്തുണയായിരുന്നു. വീട് റിഹേഴ്സല്‍ ക്യാമ്പായി. ഒരുപക്ഷേ, ഞാന്‍ പുറത്തുപോകാതിരിക്കാന്‍ കൂടിയാകണം. അച്ഛന്‍ വീട്ടില്‍ത്തന്നെ ഒരു മുറി കെട്ടിത്തന്നു. 24ഃ20 എന്ന കണക്കിന് ഒരു ഹാള്‍. അങ്ങനെ എന്റെ സുഹൃത്തുക്കളൊക്കെ ചേര്‍ന്ന് റിഹേഴ്സല്‍ തകൃതിയായി നടന്നു. എന്റെ അമ്മയ്ക്ക് വയ്ക്കാനും വിളമ്പാനും യാതൊരു മടിയുമില്ലായിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കിത്തരും. കൊച്ചിക്കാര്‍ പറയും മീനാക്ഷിയമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ ചോറ് തിന്നാത്ത കലാകാരന്മാര്‍ ഇല്ലാ എന്ന്. അച്ഛനും അമ്മയും കലയില്‍ താല്പര്യമുള്ള ആളുകളായിരുന്നു. അച്ഛന്‍ ഒരു സ്പോര്‍ട്‌സ്മാന്‍ കൂടിയായിരുന്നു. ബാറ്റ്മിന്റണ്‍ പ്ലെയര്‍. പല സ്ഥലങ്ങളിലും സ്റ്റേറ്റ് ലെവലില്‍ കളിക്കാന്‍ പോയിട്ടുണ്ട്. പക്ഷേ, അച്ഛന്‍ പറയും സ്പോര്‍ട്‌സില്‍ നിലനിന്നാല്‍ 30-32 വയസ്സൊക്കെ കഴിഞ്ഞാല്‍ ഔട്ട് ആകും. കല അങ്ങനെയല്ല. കലയില്‍ ശ്രദ്ധാപൂര്‍വ്വം നിന്നാല്‍ കാലം കഴിയുന്തോറും നമ്മള്‍ തെളിഞ്ഞുവരുമെന്ന്. പിന്നെ നന്നാകാനോ ചീത്തയാകാനോ ഏതു ഫീല്‍ഡായാലും കഴിയുമെന്നും. അങ്ങനെ ഞാന്‍ കലയില്‍ത്തന്നെ നില്‍ക്കാമെന്നായി. കലയില്‍ പോകുന്നതുകൊണ്ട് ഒരിക്കലും മോശമാകില്ല എന്നുറച്ചു വിശ്വസിച്ചു. അന്നു മുതല്‍ ഇന്നു വരെ കുടുംബത്തിനോ മറ്റാര്‍ക്കോ ബുദ്ധിമുട്ടുള്ള ഒരു പ്രവൃത്തിയും ഞാന്‍ ചെയ്തിട്ടില്ല. 

അമ്മ എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്. അതാണ് എപ്പോഴുമെന്റെ മനസ്സില്‍ - ഒരാള്‍ അഭിനയിക്കുന്നതുകൊണ്ട് മാത്രം അയാള്‍ കലാകാരനാവില്ല, അയാള്‍ നടനാണ്. ഒരാള്‍ പാട്ടുപാടുന്നതുകൊണ്ട് അയാള്‍ കലാകാരനാകുന്നില്ല, അയാള്‍ പാട്ടുകാരനാണ്. ഒരാള്‍ ചിത്രം വരയ്ക്കുന്നതുകൊണ്ട് കലാകാരനാവില്ല, അയാള്‍ ചിത്രകാരനാണ്. ഒരു കലാകാരന്‍ നല്ല ഒരു മനുഷ്യന്‍ കൂടിയാകണം എന്ന്. 

അമ്മയുടെ ആ വാക്കുകളാണ് എനിക്കിന്നും പ്രചോദനം. കലയില്‍ നില്‍ക്കുന്നതും അതുകൊണ്ടുതന്നെ. 

നാടകട്രൂപ്പും തകര്‍ച്ചയും 

അച്ഛന്‍ സ്വന്തമായി ഒരു നാടകട്രൂപ്പ് എനിക്കുവേണ്ടി തുടങ്ങി. ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പ്. അങ്ങനെ ഞാന്‍ എന്റെ 21-ാം വയസ്സില്‍ സ്വന്തമായി ഒരു ട്രൂപ്പിന്റെ ആളായി. 'അനശ്വര' എന്നായിരുന്നു പേര്. ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്ന കാലത്ത് അച്ഛന്‍ അവിടെയുമിവിടെയും ഒക്കെ നിന്ന് നാടകം വീക്ഷിക്കുമായിരുന്നു. ഓരോരോ വേഷങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛന് കൂടുതല്‍ സന്തോഷമായിരുന്നു. അന്ന് നാട്ടില്‍, ഡി.വൈ.എഫ്.ഐ, കെ.എസ്.വൈ.എഫ് വരാന്‍ തുടങ്ങിയിരുന്നു. കൊച്ചില്‍ കോളേജില്‍നിന്ന് നാട്ടിലേക്കെത്തിയ കാലത്ത് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സ്വാഭാവികമായും അതിനോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചു. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്. അന്ന് ദേശാഭിമാനി ആര്‍ട്‌സ് ക്ലബ്ബ് എന്ന സംഘടന രൂപംകൊണ്ടിരുന്നു. അതിനു മുന്‍പേ തന്നെ ചിന്താ ആര്‍ട്‌സ് ക്ലബ്ബും പ്രവര്‍ത്തിച്ചിരുന്നു. പല പല ക്ലബ്ബുകളും നാടകത്തിനായും മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമായും ഇടയ്ക്കിടയ്ക്ക് ഉണ്ടായിവരും. ചിലപ്പോള്‍ അത് നിന്നുപോകുകയും ചെയ്യും അക്കാലത്ത്. പക്ഷേ, പാര്‍ട്ടിപ്രസ്ഥാനങ്ങള്‍ എക്കാലത്തും സജീവമായിരുന്നു. അങ്ങനെ ദേശാഭിമാനി ആര്‍ട്സിനുവേണ്ടി പല നാടകങ്ങളും എടുത്തു വായിച്ചുനോക്കി. ഒന്നും ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഒരു കലാവിഭാഗത്തിന്റെ ആള്‍ എന്ന നിലയില്‍ നിര്‍ബ്ബന്ധിതനായി ഞാന്‍ ഒരു നാടകം എഴുതേണ്ടിവന്നു. അങ്ങനെ 'സന്നാഹം' എന്ന നാടകമെഴുതി. അത് വാര്‍ഷികത്തിന് നന്നായി അവതരിപ്പിക്കുകയും ചെയ്തു. കുറേ നാടകക്കാര്‍ അതറിഞ്ഞു. ഒരു എസ്റ്റേറ്റിലെ തൊഴിലാളി സമരവും കാര്യങ്ങളുമൊക്കെ. ശരിക്കും തൊഴിലാളിവര്‍ഗ്ഗത്തിന്റെ കഥ. ആ നാടകത്തില്‍ നല്ല തമാശകള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെന്ന് നുണപറഞ്ഞ് നടക്കുന്ന ഒരു ഗാന്ധിയന്‍ - ആ കഥാപാത്രം. അതു കണ്ട് ജനങ്ങള്‍ ചിരിച്ച് മറിഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ട്. ആ നാടകം പിന്നീട് പലരും ചോദിച്ചുവരികയുണ്ടായി. പക്ഷേ, അതൊക്കെ മുടങ്ങിപ്പോയി. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരൊക്കെ ചേര്‍ന്ന് ''അച്ഛനോട് പറഞ്ഞ് നാടകം കളിക്കാന്‍ സംവിധാനമുണ്ടാക്കിത്തരണമെന്ന് പറഞ്ഞു.'' അങ്ങനെയാണ് 'അനശ്വരട്രൂപ്പ്' തുടങ്ങുന്നത്. പക്ഷേ, ഇന്നോര്‍ക്കുമ്പോള്‍ അത് ജീവിതത്തില്‍ എടുത്ത ബുദ്ധിയില്ലാത്ത ഒരു തീരുമാനമായിരുന്നുവെന്നു തോന്നി. കാരണം, അത്രമേല്‍ സമ്മര്‍ദ്ദവും സാമ്പത്തികച്ചെലവും അതിനുണ്ടായി. നമ്മള്‍ പുറത്തുപോയി നാടകം കളിക്കുന്നപോലെയല്ല. പ്രൊഫഷണല്‍ നാടകട്രൂപ്പുകളുടെ മത്സരങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസം. അത് ഒരു ബിസിനസ്സ് ആയി കൊണ്ടുനടക്കണം. അതിനായില്ല. അങ്ങനെ നഷ്ടങ്ങള്‍ ഒരുപാടായി. അച്ഛന്‍ അക്കാലത്തുണ്ടാക്കിയ ഭൂസ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ടു. ഇതിനിടയില്‍ എന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യ മംഗളയുടെ ആഭരണങ്ങളും എടുത്ത് ഉപയോഗിക്കേണ്ടിവന്നു. അങ്ങനെ ആറ് വര്‍ഷക്കാലം കൊണ്ടുനടന്ന് ആ നാടകട്രൂപ്പ് ഞാന്‍ തന്നെ നിര്‍ത്തി. അതൊരു തിരിച്ചറിവിന്റെ കാലംകൂടിയായിരുന്നു. 

മത്തായിയുടെ മരണം എന്ന നാടകത്തിൽ മീനാരാജും ഐടി ജോസഫും
മത്തായിയുടെ മരണം എന്ന നാടകത്തിൽ മീനാരാജും ഐടി ജോസഫും

സ്റ്റേജ് വിട്ട് തെരുവരങ്ങിലേക്ക് 

ട്രൂപ്പിന്റെ പ്രവര്‍ത്തനം നിലച്ച സമയത്താണ് ഞാന്‍ പി.എം. ആന്റണിയെ പരിചയപ്പെടുന്നത്. കേരളത്തിനകത്തും പുറത്തും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച 'ആറാം തിരുമുറിവ്' എന്ന നാടകം എഴുതിയ, മലയാള നാടകവേദിയുടെ എക്കാലത്തേയും ശ്രദ്ധേയനായ ഒരാള്‍. മലയാള നാടകരംഗത്തെ കലാപകാരിയായി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപ്പടി പ്രാവര്‍ത്തികമാക്കിയ ആളാണ് പി.എം. ആന്റണി. 'ആറാം തിരുമുറിവ്' എന്ന നാടകത്തിലൂടെയായിരുന്നു അത്. ഇന്നിപ്പോള്‍ ഒരുപക്ഷേ,  ചിന്തിക്കാന്‍ പോലും ആവില്ല. അങ്ങനെ ആന്റണിയും ഞാനും സൗഹൃദത്തിലായി. ആ പരിചയത്തോടെ എനിക്ക് പ്രൊഫഷണല്‍ നാടകവേദിയോടുള്ള കമ്പം പോയി. 

ആന്റണി 'സ്പാര്‍ട്ടക്കസ്' എന്ന ഒരു നാടകമെഴുതി. ഒരു മുഴുനീള നാടകം. വളരെ മുന്‍പാണത്. പ്രൊഫഷണല്‍ നാടകത്തിന്റെ കെട്ടും മട്ടും ഉപേക്ഷിച്ച് പ്രൊഫഷണലും അമച്വറും കൂട്ടിക്കലര്‍ത്തി പ്രത്യേക രീതിയിലുള്ള ഒരു നാടകാവതരണമാണ് സ്പാര്‍ട്ടക്കസിന്റേത്. അതിനെത്തുടര്‍ന്നാണ് ആറാം തിരുമുറിവെഴുതുന്നത്. ആന്റണിയുടെ ചിന്ത തന്നെ അങ്ങനെയാണ്. ക്രിസ്തു കുരിശില്‍ത്തറച്ച് മരിച്ചു. ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുമ്പോള്‍ അതേ കുറ്റത്തിന് വേറെ ആരെയും അന്ന് കുരിശിലേറ്റിയില്ല. പക്ഷേ, ക്രിസ്തുവിന് 72 വര്‍ഷം മുന്‍പ് 'സ്പാര്‍ട്ടക്കസി'നെ കുരിശില്‍ തറച്ചിട്ടുണ്ട്. കാരണം അന്ന് കുരിശ് റോമന്‍ ഭരണകൂടത്തിന്റെ കൊലമരമാണ്. ക്രിസ്തു കയറുന്നതോടെയാണ് അത് പുണ്യപ്പെടുന്നത്. ക്രിസ്തുവിനു മുന്‍പ് കുരിശിലേറിയ സ്പാര്‍ട്ടക്കസിനൊപ്പം 16477 പേര്‍ കുരിശില്‍ തറയ്ക്കപ്പെട്ടു. ആന്റണി ചോദിക്കുന്നത് എന്തുകൊണ്ട് ക്രിസ്തുവിനെപ്പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടില്ല എന്നാണ്. അങ്ങനെ മൂന്നു സീരീസായിട്ടാണ് ആ നാടകം. ഈ നാടകങ്ങളിലൂടെ ആന്റണി പറയാന്‍ ശ്രമിച്ചത് സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും നെറികേടിനെക്കുറിച്ചായിരുന്നു. എക്കാലത്തും ഭരണകൂടവും മതസ്ഥാപനങ്ങളും ജുഡീഷ്യറിയും തമ്മില്‍ ഒരു അവിഹിതമായ കൂട്ടുകെട്ട് ഉണ്ടെന്നാണ്. അത് സ്ഥാപിക്കുക എന്നതാണ് ആന്റണിയുടെ നാടകത്തിന്റെ ലക്ഷ്യം. 

അങ്ങനെ ആന്റണിയോടുള്ള കൂട്ടുകെട്ടില്‍ നാടകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നു. എന്നെ പ്രൊഫഷണല്‍ കച്ചവട നാടകങ്ങളില്‍നിന്ന് മെല്ലെ പിന്തിരിപ്പിച്ചു. 34 വര്‍ഷത്തെ നാടകസൗഹൃദമായിരുന്നു ഞങ്ങളുടേത്. അതിനിടയില്‍ 2011-ല്‍ അദ്ദേഹം മരിച്ചു. ഞങ്ങളൊരുമിച്ച് ഒരുപാട് നാടകങ്ങള്‍ ചെയ്തു. എന്റെ കൂടുതല്‍ നാടകപ്രവര്‍ത്തനങ്ങളും ആന്റണിയുമായി ചേര്‍ന്നാണ്. തെരുവിലും ഓപ്പണ്‍ ഏരിയയിലും നാടകങ്ങള്‍ കളിച്ചു. 1980-ലാണ് ഡി.വൈ.എഫ്.ഐ വരുന്നത്. അതിനു മുന്‍പ് കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാടകം കളിച്ചിരുന്നു. സാഹചര്യത്തിനനുസരിച്ച് ആശയവിനിമയം നടത്തിയും അഭിപ്രായപ്രകടനങ്ങള്‍ അനുവദിച്ചും ഒരു വിഷയത്തെ, ആശയത്തെ അവതരിപ്പിക്കുന്നു. അങ്ങനെ പ്രേക്ഷകനെക്കൂടി ഉള്‍പ്പെടുത്തി അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് നാടകം നമ്മുടേതെന്ന് എന്ന രീതിയില്‍ നാടകം കളിക്കുന്നു. അതാണ് തെരുവ് നാടകങ്ങള്‍. '78 മുതല്‍ തെരുവുനാടകങ്ങളില്‍ തുടങ്ങി. ആന്റണിയുമായി കൂട്ടുകൂടിയപ്പോള്‍ അത് കുറേക്കൂടി മൂര്‍ച്ചയായി. ആന്റണിയാണ് തെരുവുനാടകത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രചാരകനായി വന്നത്. ആന്റണി പറഞ്ഞത് ''നമ്മള്‍ കളിക്കുന്നിടത്ത് ആളുകള്‍ വരണം എന്ന് പ്രതീക്ഷിക്കരുത്. നമ്മള്‍ നാടകവുമായി അവരിലേക്ക് ഇറങ്ങിച്ചെല്ലണം എന്നാണ്. അങ്ങനെ 'ഗറില്ലാതിയേറ്റര്‍' എന്ന ഒരു സങ്കേതവും അദ്ദേഹമുണ്ടാക്കി. അതേത്തുടര്‍ന്ന് ഞാനും ആന്റണിയും കേരളത്തില്‍ അങ്ങോളമിങ്ങോളം ഒരുപാട് നാടകങ്ങള്‍ കളിച്ചു. 

ഒരിക്കല്‍ ബസ്ചാര്‍ജ് വര്‍ദ്ധനയുടെ സമയത്ത് ബസില്‍ ഞങ്ങള്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത രണ്ടിടങ്ങളില്‍ നിന്നായി ഞങ്ങള്‍ ബസില്‍ കയറി. ഞാന്‍ കണ്ടക്ടര്‍ക്ക് കാശുകൊടുക്കുമ്പോള്‍ ''ബസ്ചാര്‍ജ് കൂട്ടി'' എന്ന് പറയുന്നു. അത് 'എപ്പോള്‍' എന്ന് ചോദിക്കുമ്പോള്‍ പിന്നില്‍നിന്ന് ആന്റണി ''ഇയാള്‍ പത്രമൊന്നും വായിക്കാറില്ലേ'' എന്നായി. അപ്പോള്‍ ബസിലെ യാത്രക്കാരും അതേറ്റെടുത്ത് പല പല അഭിപ്രായങ്ങള്‍ പറയുന്നു. അങ്ങനെ ചര്‍ച്ചയാകുന്നു. അങ്ങനെ അവസാനം ജനങ്ങളോടു പറയാനുള്ളത് പറഞ്ഞ് ഇറങ്ങിപ്പോരുമ്പോഴാണ് ഇത് നാടകമാണ് എന്ന് ആളുകള്‍ അറിയുന്നത്. ബോധവല്‍ക്കരണം എന്ന രീതിയിലായിരുന്നു അത്തരം നാടകങ്ങള്‍. 2004, 2005, 2011-ലൊക്കെ ഇത്തരം നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ. ഓരോ സമയത്തും ഉണ്ടാകുന്ന വിഷയങ്ങളെ അതാത് സമയത്ത് ഇംപ്രൊവൈസ് ചെയ്ത് അവതരിപ്പിക്കുന്ന രീതി. ഇത്തരം നാടകങ്ങള്‍ ആശുപത്രികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആശുപത്രികളില്‍ അഴിമതി കണ്ടാല്‍ ഒരു നാടകം ഡ്രാമ ക്രിയേറ്റ് ചെയ്ത് അവതരിപ്പിക്കും. ചിലപ്പോള്‍ അതു കഴിയുമ്പോള്‍ ആളുകള്‍ അമ്പരന്നുപോകും. അവസാനം 10-15 മിനിറ്റുകൊണ്ട് നാടകം തീരുകയും ക്ലൈമാക്സില്‍  'നാടിന്റെ അകം നാടകം' എന്നു പറഞ്ഞ് ഞങ്ങള്‍ പോകും. 2004-ല്‍ തൊഴിലില്ലായ്മ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളെ അവതരിപ്പിച്ച് ഒരു നാടകയാത്രതന്നെ നടത്തി. അതിനിടയില്‍ ചില വലതുപക്ഷ ചായ്വുള്ള പുതിയ നാടകങ്ങളുടെ അവതരണരീതികള്‍ വന്നു. പല പേരിലും. അത്തരം നാടകങ്ങള്‍ സാമാന്യ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. അതിനെതിരെ പോരാടിയ ആളാണ് ആന്റണി. ഞങ്ങള്‍ നാടകത്തിനായി ആലപ്പുഴയില്‍നിന്നും ഫറൂഖ് വരെ ഒരു സൈക്കിള്‍ യാത്ര നടത്തി. നാടകം എന്ന മാധ്യമമാണ് കേരളത്തിന്റെ സാമൂഹിക വികാസത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ കലാരൂപം. ഒറ്റ നാടകംകൊണ്ട് ഭട്ടതിരിപ്പാട് ഒരു സമുദായത്തിന്റെ അനാചാരങ്ങള്‍ മാറ്റിയില്ലേ. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,' 'പാട്ടബാക്കി' തുടങ്ങിയ നാടകങ്ങള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ പറയുകയും അവരുടെ അവകാശങ്ങളെ സ്ഥാപിക്കുന്ന രീതിയിലുമുള്ള നാടകങ്ങളാണ്. അങ്ങനെ നാടകം നിലനില്‍ക്കണം എന്ന ആഗ്രഹത്തോടെ 1117 കേന്ദ്രങ്ങളില്‍ നാടകം കളിച്ചു. 

ജീവശ്വാസമായ നാടകം
ജീവശ്വാസമായ നാടകം

പക്ഷപാതിയായ കലാകാരന്‍

നമ്മള്‍ രാഷ്ട്രീയം നാടകത്തില്‍ വേണം എന്ന് നിര്‍ബ്ബന്ധമുള്ളയാളാണ്. സാധാരണ ആളുകള്‍ പറയും കലാകാരന്‍ നിഷ്പക്ഷനായിരിക്കണം എന്ന്. നമ്മള്‍ ആ വാദത്തിനെതിരാണ്. ഞാന്‍ പക്ഷപാതിയായ കാലാകാരനാണ്. കാരണം, നമ്മള്‍ വിശപ്പിനെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും സംസാരിക്കാന്‍ കൂടിയുള്ള ഒരു കലയാണ് നാടകം എന്ന കല എന്നു വിശ്വസിക്കുന്നയാള്‍ ആണ് ഞാന്‍. അതുകൊണ്ടുതന്നെ പാര്‍ട്ടി പ്രസ്ഥാനത്തോട് ചേര്‍ന്നുനിന്നുകൊണ്ടുള്ള  നാടകപ്രവര്‍ത്തനമാണ് എന്റേത്. അത് എക്കാലത്തും അങ്ങനെയാണ്. എന്നെ സംബന്ധിച്ച് ദാരിദ്ര്യവും കഷ്ടപ്പാടും ഏറെ അനുഭവിക്കേണ്ടിവന്നിട്ടില്ല. കാരണം, അച്ഛന് കച്ചവടമുള്ളതുകൊണ്ട്. പക്ഷേ, ഞങ്ങളുടെ പ്രദേശത്തെ ആളുകള്‍ അതനുഭവിക്കുന്നത് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. എന്റമ്മ പറഞ്ഞുകേട്ടിട്ടുണ്ട് ''ലോകത്തിലെ ഏറ്റവും ഭീകരവും ആര്‍ദ്രവും മനോഹരവുമായ വികാരമാണ് വിശപ്പ് എന്ന്. കാരണം, അമ്മയുടെ ചെറുപ്പകാലത്ത് ദാരിദ്ര്യവും പട്ടിണിയും ഉള്ള കാലമാണ്. അതുകൊണ്ടാണ് സാധാരണക്കാര്‍ക്കുവേണ്ടി നാടകം ചെയ്യുന്നത്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതും. 2004-ല്‍ ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചു, ഇനി കെട്ടിപ്പൊക്കിയ സ്റ്റേജുകളില്‍ നാടകം കളിക്കില്ല എന്ന്. ആന്റണി പത്രസമ്മേളനവും നടത്തി. അതിനു കാരണം ഇന്ത്യ ഒരു ദരിദ്ര്യ രാജ്യമാണെന്നും ദരിദ്ര രാജ്യത്തെ  ഒരു കലാരൂപത്തിന് വലിയ കാശുമുടക്കുന്നത് മര്യാദകേടാണ് എന്നതുകൊണ്ടുമാണ്. അങ്ങനെയാണ് ജനങ്ങള്‍ക്കിടയിലേക്ക് നാടകവുമായി ഇറങ്ങിയത്. ജനങ്ങളെ നാടകത്തോടടുപ്പിക്കുക എന്ന ലക്ഷ്യം, അത് നാടകത്തെ സംബന്ധിച്ച് ഒരുണര്‍ച്ചയുടെ കാലമായിരുന്നു. 

നല്ല നല്ല ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം ഒക്കെ അത്തരം രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി ഒക്കെ ഉദാഹരണം. ആ കാലത്തിനുശേഷം ആ രംഗത്തേയ്ക്ക് പുതിയ പുതിയ വ്യാവസായിക താല്പര്യക്കാര്‍ വന്നു. അതോടെ നാടകത്തിന്റെ പൊതുസ്വഭാവം മാറി. പക്കാ കൊമേഴ്സ്യല്‍ ആയി. അമച്വര്‍ നാടകരംഗത്തും മാറ്റങ്ങള്‍ വന്നു. എനിക്കതിനോട് യോജിക്കാനായില്ല. ഞാന്‍ അന്നുമിന്നും ഒരു വരുമാനമാര്‍ഗ്ഗമായി നാടകത്തെ കണ്ടിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ പ്രൊഫഷണല്‍ രംഗത്ത് നിലനില്‍ക്കുമായിരുന്നു. ഇഷ്ടം പോലെ അവസരങ്ങളും ഉണ്ടായിരുന്നു. എനിക്ക് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിട്ടുണ്ട്. എന്നാലും പ്രൊഫഷണല്‍ രംഗത്തേക്കില്ല എന്നു തീരുമാനിച്ചു. പരാതികളില്ലാത്ത കുടുംബമായതുകൊണ്ടാണ് എന്റെ നാടകസപര്യ എനിക്ക് തുടരാനാവുന്നത്. ഇപ്പോഴും. ഭാര്യ മംഗളയും വിദ്യാര്‍ത്ഥികളായ അരുണും അശ്വതിയും എല്ലാവരും നാടകത്തെ ഇഷ്ടപ്പെടുന്നവരാണ്. 

വായനയാണ് എന്റെ ഏറ്റവും വലിയ ദൗര്‍ബ്ബല്യം. എത്ര രാത്രി വൈകിയാലും വായന മുടക്കില്ല. പിന്നെ ചില നല്ല സൗഹൃദങ്ങള്‍ നാടകക്കാരും അല്ലാത്തവരും. ജോണ്‍ ഫെര്‍ണാണ്ടസ് നാടകത്തിലൂടെ വന്ന സൗഹൃദമാണ്. ഞങ്ങള്‍ കുട്ടിക്കാലത്തുതന്നെ ഒരുമിച്ചവരാണ്. ഒരുപാട് നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. എം.വി. ബെന്നി - എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും - ബാല്യം മുതലുള്ള കൂട്ടാണ്. രാധാകൃഷ്ണന്‍ മാഷ്, വിശ്വംഭരന്‍ മാഷ്, ചുള്ളിക്കാട് അങ്ങനെ ഒരുപാട് സുഹൃത്തുക്കള്‍. ഇവരുടെയൊക്കെ പ്രോത്സാഹനങ്ങള്‍ ഉണ്ട്. ഇരുപത്തിയഞ്ചോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. 120 നാടകങ്ങളില്‍ വേഷം ചെയ്തു. പല പല സ്റ്റേജുകളില്‍, പിന്നീട് തെരുവില്‍, ആയിരക്കണക്കിനു തെരുവുകളില്‍. ചില നാടകങ്ങളൊക്കെ പതിനായിരം ഇടങ്ങളില്‍ കളിച്ചിട്ടുണ്ടാകും. റോഡരികിലും തെരുവോരത്തും കടല്‍ത്തീരത്തും ഒക്കെയായി. എറണാകുളം ജില്ലയില്‍ ഞാന്‍ നാടകവുമായി ചെല്ലാത്ത തെരുവുകള്‍ ഉണ്ടാകില്ല. കഴിഞ്ഞ ഇലക്ഷന്‍ സമയത്തും തെരുവ് നാടകങ്ങള്‍ അരങ്ങേറി. അതിലൊരുപാട് സന്തോഷമുണ്ട്. ആളുകള്‍ക്ക് തിരിച്ചറിവുകള്‍ ഉണ്ടാകുന്നല്ലോ എന്നോര്‍ത്ത്. 

നാടകത്തിനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്ന് തോന്നാറുണ്ട്. നാടകത്തെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാറില്ല. ഒരിക്കല്‍ ഒരു അപകടത്തില്‍ പരിക്കു പറ്റി കാലിന്. ആ കാലുവച്ച് ഞാന്‍ നാടകം കളിച്ചു. മറ്റൊരിക്കല്‍ മകളുടെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകുന്നു. ഞാന്‍ മകളോട് വിവരം പറഞ്ഞ് നാടകത്തിനു പോയി. ഞാനങ്ങനെയാണ്; എന്റെ ജീവിതവും ലക്ഷ്യവും ജീവശ്വാസവും നാടകമാണ്. നാടകം നന്മയുടെ കലാരൂപമാണ്. അതിനുവേണ്ടി ഞാന്‍ എന്തു ത്യാഗവും സഹിക്കും. നാടകം കാണണം. നാടകം കളിക്കണം, നാടകത്തിനുവേണ്ടി ജീവിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com