അപരവല്‍ക്കരണത്തിന്റെ ഉള്‍പ്പൊരുളുകള്‍

രണ്ട് പ്രമുഖ സമുദായങ്ങള്‍ തമ്മില്‍ മാത്രമല്ല, ഒരേ സമുദായഘടനയ്ക്കുള്ളിലും സംഭവിക്കാറുള്ള ഒരു വികര്‍ഷണ പ്രക്രിയയാണ് അപരവല്‍ക്കരണം
അപരവല്‍ക്കരണത്തിന്റെ ഉള്‍പ്പൊരുളുകള്‍

രു സുഹൃത്തോ പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ അന്യനോ ആയി ഒരാള്‍ മറ്റൊരാളെ കാണുന്നതിനാണ് അപരവല്‍ക്കരണമെന്നു പറയുന്നത്. മിത്രമല്ലെങ്കിലും അപരന്‍ ശത്രുവാകണമെന്നില്ല. ശത്രുതയില്‍ അപരവല്‍ക്കരണവും ഉള്ളടങ്ങിയിട്ടുണ്ടെന്നത് ശരിയാണ്. അക്ഷരാര്‍ത്ഥത്തില്‍, താനല്ലാത്തവന്‍ എന്നാണ് അപരനെന്ന പദം സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിലെ The other
എന്നതിന്റെ അര്‍ത്ഥവ്യാപ്തിയാണ് മലയാളത്തിലെ അപരന്‍ എന്ന വാക്കിനു കല്പിച്ചിട്ടുള്ളത്. പണ്ഡിതസമ്മതി നേടിയ ഒരു വിപരീതപദം - താന്‍ എന്നതൊഴികെ - കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അപരനല്ലാത്തവന്‍ എന്ന അര്‍ത്ഥത്തില്‍ അനപരനെന്ന വാക്ക് ഈ ലേഖകന്‍ ഉപയോഗിച്ചുകൊള്ളട്ടെ. Otherization-ന്റെ തര്‍ജ്ജമ അപരവല്‍ക്കരണം. അപരിചിതത്വം ആരോപിക്കുക എന്ന് ഇതിനര്‍ത്ഥം. 

'ഒന്നായനിന്നെയിഹ രണ്ടായി കണ്ടതിലുണ്ടായൊരിണ്ടലി'നെക്കുറിച്ച് പൂന്താനം പാടിയത് പ്രകൃതചര്‍ച്ചയില്‍ ഒരു സൂത്രവാക്യമായി പ്രയോജനപ്പെടുത്താമെന്നു തോന്നുന്നു. അപരവല്‍ക്കരണം ദു:ഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക.
 
ഒന്നായ ഇന്ത്യന്‍ ജനതയെ, ഏതു ലക്ഷ്യത്തിനുവേണ്ടിയായാലും പല വിഭാഗങ്ങളായി പരിഗണിക്കുന്നത് അപരവല്‍ക്കരണത്തിനു ദൃഷ്ടാന്തമാണ്. മത, ജാതി, രാഷ്ട്രീയ നേതാക്കളാണ് ഇതിന്റെ പ്രയോജകരെന്നു പരക്കെ വിശ്വസിക്കുന്നു. വിഭജിക്കുക മാത്രമല്ല, ചില വിഭാഗങ്ങള്‍ സ്വന്തവും മറ്റുള്ളവര്‍ അന്യരുമാണെന്ന കാഴ്ചപ്പാടാണ് അപരവല്‍ക്കരണമാകുന്നത്. പ്രധാനമായും ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തെ വിശേഷിപ്പിച്ചാണ്, ആധുനിക കാലത്ത് ഈ പ്രയോഗത്തിനു പ്രചാരം സിദ്ധിച്ചത്. എന്നാല്‍, ന്യൂനപക്ഷ സമുദായങ്ങള്‍, ജാതികള്‍, ഉപജാതികള്‍ തുടങ്ങിയവയ്ക്കിടയിലും പ്രവര്‍ത്തനനിരതമായ ഒരു സാമൂഹിക പ്രതിഭാസം കൂടിയാണിത്. അപരവല്‍ക്കരണത്തിന്റെ ഔദ്യോഗിക ഉല്പത്തി എഡ്വേര്‍ഡ് സെയ്ദിന്റെ പൗരസ്ത്യദേശവാദം (Orientalism) എന്ന കൃതിയില്‍ നിന്നാണത്രേ. കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യന്മാര്‍ പൗരസ്ത്യദേശത്തെപ്പറ്റി നിര്‍മ്മിച്ചെടുത്ത ആശയപരിസരമാണ് പൗരസ്ത്യദേശവാദം. കുറച്ച് നേരിട്ടുള്ള അനുഭവവും ഒത്തിരി ഭാവനയും കൂട്ടിക്കലര്‍ത്തി ഉല്പാദിപ്പിച്ചെടുത്തതാണിത്. ഗൂഢവിശ്വാസങ്ങളുടേയും മന്ത്രവാദം പോലെയുള്ള വിദ്യകളുടേയും ഈറ്റില്ലമാണ് പൗരസ്ത്യദേശമെന്ന് പാശ്ചാത്യര്‍ കരുതിയിരുന്നു. പൗരസ്ത്യരേയും പൗരസ്ത്യദേശത്തേയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്ന അവിശുദ്ധ നയമാണ് പാശ്ചാത്യര്‍ സ്വീകരിച്ചത്. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, ഡാക്കാമസ്ലിന്‍ പോലുള്ള മേല്‍ത്തരം തുണികള്‍ തുടങ്ങിയവ ഇവിടെനിന്ന് കുറഞ്ഞ വിലയ്ക്കുവാങ്ങി, ഈസ്റ്റ് ഇന്ത്യാക്കമ്പനി ഇംഗ്ലണ്ടിലേക്ക് കയറ്റുമതി ചെയ്തിരുന്നല്ലോ; എന്നാല്‍, എക്കാലവും പൗരസ്ത്യരെ സാംസ്‌കാരികമായി അപരിഷ്‌കൃതരെന്ന ചാപ്പകുത്തി അകറ്റിനിര്‍ത്താനാണ് പാശ്ചാത്യര്‍ ഉദ്യമിച്ചത്.

നമ്മുടെ രാജ്യത്ത് അപരവല്‍ക്കരണത്തിന്റെ സമകാലിക പ്രസക്തി സ്പഷ്ടമാകുന്നത് പ്രധാനമായും ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളുമായുള്ള ഇടപെടലുകളിലാണ്. സാങ്കേതികാര്‍ത്ഥത്തില്‍ അപരവല്‍ക്കരണം ഒരു സമമിത (Symmetrical) ബന്ധത്തെ കുറിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഇരകളായി ദു:ഖിക്കേണ്ടിവരുന്നത് ന്യൂനപക്ഷമാവും. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അപരിചിതരോ അപരിഷ്‌കൃതരോ അസ്പൃശ്യരോ അപഹര്‍ത്താക്കളോ ആയി ചിത്രീകരിക്കുന്നു. ഭൂരിപക്ഷം, ന്യൂനപക്ഷം എന്നൊക്കെയുള്ള വിശേഷണങ്ങള്‍ക്ക് ആപേക്ഷിക പ്രാധാന്യമേയുള്ളൂ എന്നത് മറക്കുന്നില്ല. ഒരിടത്ത് ഭൂരിപക്ഷമാണ് ഒരു സമുദായമെങ്കില്‍, വേറൊരിടത്ത് അവര്‍ ന്യൂനപക്ഷമായിത്തീരാം. എന്നാല്‍, രാജ്യത്തെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്ക് കൃത്യമായ വ്യാഖ്യാനം ഉണ്ട്. ഭൂരിപക്ഷത്തെ ഭയാശങ്കകളോടെ അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥാവിശേഷത്തെ കേന്ദ്രപ്രമേയമാക്കിയിരിക്കുകയാണ് സെയ്ദ് നഖ്വി തന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ (Being The Other: The Muslim in India). ഒരിക്കല്‍, ഒരു യോഗാനന്തരം നടന്ന ചോദ്യോത്തരങ്ങളില്‍നിന്ന് അദ്ദേഹം നിരീക്ഷിച്ചത്, ഒരു ഹിന്ദുവും ഒരു മുസ്ലിമിന്റെ വീടകം കണ്ടിട്ടില്ലെന്നാണ്; അതുപോലെ തിരിച്ചും. ഒരേ രാജ്യത്തെ പൗരരായിരുന്നിട്ടും ഇമ്മാതിരിയുള്ള അപരിചിതത്വവും അകല്‍ച്ചയും അപരവല്‍ക്കരണത്തിന്റെ സംഭാവനകളാണ്. രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലും അപരവല്‍ക്കരണം നടക്കാറുണ്ട്. ഭൂരിപക്ഷ - ന്യൂനപക്ഷ അപരവല്‍ക്കരണത്തിന്റെ ഏറ്റവും പുതിയ ഒരു ദൃഷ്ടാന്തമാണ്, ഈയിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ - പെണ്‍കുട്ടി ഹിന്ദുവും ആണ്‍കുട്ടി മുസ്ലിമും - ഒരുമിച്ചു നൃത്തം ചെയ്തതിനെ വിമര്‍ശിച്ച് ഉയര്‍ന്നുവന്നിട്ടുള്ള പുകില്‍. ഈ കലാപ്രകടനത്തില്‍ ലൗജിഹാദിന്റെ സൂചനകള്‍ കണ്ടുപിടിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ഒരു കൂട്ടം സദാചാരവാദികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

അപരവല്‍ക്കരണത്തിന്റെ ഭിന്നമുഖങ്ങള്‍ 

രണ്ട് പ്രമുഖ സമുദായങ്ങള്‍ തമ്മില്‍ മാത്രമല്ല, ഒരേ സമുദായഘടനയ്ക്കുള്ളിലും സംഭവിക്കാറുള്ള ഒരു വികര്‍ഷണ പ്രക്രിയയാണ് അപരവല്‍ക്കരണം. ഹിന്ദുസമൂഹത്തില്‍ നിലവിലുള്ള വര്‍ഗ്ഗീകരണ സമ്പ്രദായം വര്‍ണ്ണത്തേയും ജാതിയേയും ആധാരമാക്കിയുള്ളതാണ്. വ്യത്യസ്ത പരികല്പനകളാണ് വര്‍ണ്ണവും ജാതിയും. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിലാണ് വര്‍ണ്ണത്തെപ്പറ്റിയുള്ള ആദ്യ സൂചനയുള്ളതെന്ന് പറയപ്പെടുന്നു. ചാതുര്‍വര്‍ണ്ണ്യ സമ്പ്രദായത്തില്‍ ബ്രാഹ്മണര്‍ (പുരോഹിതര്‍), ക്ഷത്രിയര്‍ (പോരാളികള്‍), വൈശ്യര്‍ (കച്ചവടക്കാര്‍), ശൂദ്രര്‍ (കൃഷിക്കാര്‍, കൈത്തൊഴിലാളികള്‍) എന്നിങ്ങനെ നാല് വര്‍ണ്ണങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ വിഭജിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ 'വ്രി' എന്ന മൂലത്തിന്റെ തല്‍ഭവമാണത്രേ വര്‍ണ്ണം. ഇതിന് നിറമെന്നും തൊഴിലെന്നും അര്‍ത്ഥഭേദങ്ങളുണ്ട്. ശരീരത്തിന്റെ നിറമല്ല ഇവിടെ വിവക്ഷിക്കുക. ഒരേ വര്‍ണ്ണത്തില്‍ നിരവധി ജാതികളടങ്ങിയിരിക്കും. അതുപോലെ, ഒരേ ജാതിയില്‍ പല ഉപജാതികളും ഉണ്ടാവും. ജന്മമാണ് ജാതിയെ നിര്‍ണ്ണയിക്കുക. സ്വവംശത്തില്‍നിന്നു വിവാഹം കഴിക്കുന്നവരുടെ കൂട്ടമെന്ന് ഒരു ജാതിയെ വിശേഷിപ്പിക്കാം. പഴയകാലത്ത്, ജാതിയെ ലക്ഷണീകരിക്കുന്ന ഒരു മാനദണ്ഡമായിരുന്നു തൊഴിലും. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏത് തൊഴിലും ചെയ്യാമെന്ന് വന്നതോടെ, ജാതിയും തൊഴിലുമായുണ്ടായിരുന്ന ബന്ധം മുറിഞ്ഞു. ജാതിയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകം, വിവാഹസംബന്ധിയായ സ്വാര്‍ത്ഥതയാണ്. തന്റെ ബന്ധുക്കളടങ്ങിയ ഉപസമൂഹത്തില്‍ അല്ലെങ്കില്‍ സമുദായത്തില്‍നിന്നു കല്യാണം കഴിക്കുന്ന (endogamous) ആചാരം ഒരുവന്റെ അല്ലെങ്കില്‍ ഒരുവളുടെ ജാതി നിര്‍ണ്ണയിക്കുന്നു. ജാതിക്ക് വെളിയില്‍നിന്നു വിവാഹം ചെയ്യുന്നത് തെറ്റാണെന്ന് ജാതിമൂപ്പന്മാര്‍ വിധിക്കും. പലപ്പോഴും വര്‍ണ്ണത്തെ ജാതിയായി തെറ്റിദ്ധരിക്കാറുണ്ട്. ഇമേെല എന്ന ഇംഗ്ലീഷ് പദത്തിന്റെ തര്‍ജ്ജമ ജാതിയാണ്, വര്‍ണ്ണമല്ല. എന്നാല്‍ ഉര്‍സുല ശര്‍മ്മ(Caste, 2002)യെപ്പോലുള്ളവര്‍ വാദിക്കുന്നത്, വര്‍ണ്ണമല്ല ജാതിയാണ് ആധുനിക ഹിന്ദുസമൂഹത്തില്‍ പ്രധാനമെന്നും ജാതിയെ ഒരു സാംസ്‌കാരിക യൂണിറ്റായി കാണണമെന്നുമാണ്. ജാതിയുടെ ചട്ടക്കൂടിനുള്ളില്‍ അപരവല്‍ക്കരണം ഇപ്പോഴും ശക്തമായി തുടരുന്നു. പുരോഗമന ചിന്തക്കാര്‍ ധാരാളമുണ്ടെന്ന് കേള്‍വികേട്ട കേരളത്തില്‍പ്പോലും ദുരഭിമാനക്കൊല (Honour Killing) അപൂര്‍വ്വമായെങ്കിലും നടക്കാറുണ്ട്. ഭിന്നമതക്കാര്‍ അല്ലെങ്കില്‍ ഒരേ മതത്തില്‍പ്പെട്ട ഭിന്നജാതിക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ചില പാരമ്പര്യവാദികള്‍ പൊറുത്തെന്നു വരില്ല. 

അമേരിക്കയെപ്പോലുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ജാതിക്കു പകരം വര്‍ണ്ണം അല്ലെങ്കില്‍ (തൊലി) നിറമാണ് അപരവല്‍ക്കരണത്തിന്റെ ആധാരം. വര്‍ണ്ണവിവേചനമെന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വിശദമായ ഒരു പഠനമാണ് ഇസബെല്‍ വില്‍ക്കെഴ്സണിന്റെ പുതിയ പുസ്തകം, Caste : The Lies That Divide Us (2021). ഇന്ത്യയില്‍ മാത്രം സവിശേഷമായ ഒരു സാമൂഹിക പ്രതിഭാസമായി ജാതിയെ പാശ്ചാത്യര്‍ മുന്‍പ് ചിത്രീകരിച്ചിരുന്നത് അബദ്ധമാണെന്ന് വില്‍ക്കെഴ്സണ്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, അമേരിക്കയില്‍ തൊലിനിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിലവിലുണ്ടെന്ന് വില്‍ക്കെഴ്സണ്‍ പറയുന്നു. കറമ്പന്‍, വെളുമ്പന്‍, ചെമ്പന്‍, മഞ്ഞനിറക്കാരന്‍, തവിട്ടുനിറക്കാരന്‍ തുടങ്ങിയ വിഭജനങ്ങള്‍ സാമാന്യ വ്യവഹാരത്തില്‍ കടന്നുവരാറില്ലെങ്കിലും മനസ്സുകളുടെ ഉള്ളറയില്‍ സജീവമായി വര്‍ത്തിക്കുന്നുണ്ട്. ഇന്ത്യാക്കാരന്റെ ജാതി സങ്കല്പത്തിന് സദൃശമാണ് അമേരിക്കക്കാരന്റെ വര്‍ണ്ണസങ്കല്പം. ഇന്ത്യയിലും തൊലിനിറവും മുഖച്ഛായയുമൊക്കെ അന്യസംസ്ഥാനക്കാരോട് ചിലര്‍ കാണിക്കാറുള്ള വിവേചനത്തിനു കാരണമാകാറുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ ചിലര്‍ ചൈനക്കാരെപ്പോലെ ഇരിക്കുന്നുവെന്നു പറഞ്ഞ് അവരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ കര്‍ണാടകത്തിലും തമിഴ്നാട്ടിലുമൊക്കെ ഉണ്ടായിട്ടുണ്ട്. 

അപരവല്‍ക്കരണ മാനദണ്ഡങ്ങള്‍ ദൃഢമല്ലെന്നതിനൊരു ഉദാഹരണം 2014 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. താന്‍ വെളുമ്പരുടെ ആളാണെന്ന് തിരഞ്ഞെടുപ്പിനു വളരെ മുന്‍പേ അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് പല പ്രസ്താവനകളും നടത്തിയിരുന്നു. രാഷ്ട്രം നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ധീരമായ നിലപാടെടുക്കാന്‍ ഒരു സ്ത്രീയായ ഹിലരി ക്ലിന്റനേക്കാള്‍ മികച്ച നേതാവ് പുരുഷനായ അദ്ദേഹമാണെന്ന് കറുത്തവരിലും ഇതര ന്യൂനപക്ഷങ്ങളിലും ഒരു വലിയ വിഭാഗം വിശ്വസിച്ച് വോട്ട് ചെയ്തു. ഒരു പഴയ മിഥ്യാസങ്കല്പം അപരനോട് പ്രതികരിക്കുന്നതില്‍ കറുത്തവരെ സ്വാധീനിച്ചുവെന്ന് സാരം. 

അഭിപ്രായ സംഘര്‍ഷങ്ങള്‍
 
ക്രിസ്തുവര്‍ഷാരംഭത്തില്‍ത്തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ അഭിപ്രായ വൈജാത്യവും അതനുസരിച്ച് ഉള്‍പ്പിരിവുകളും മുളപൊട്ടിയിരുന്നു. റോമില താപ്പറിന്റെ പുതിയ പുസ്തകം Voices of Dissent ല്‍ പറയുന്നത്, ഈ അഭിപ്രായ അനൈക്യം പിന്നീട് വികസിച്ച് അപരവല്‍ക്കരണമായി രൂപാന്തരപ്പെട്ടു എന്നാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങളെ താപ്പര്‍ ചരിത്രത്തില്‍നിന്ന് ചികഞ്ഞെടുത്ത് കാട്ടുന്നു. അഭിപ്രായഭിന്നതകളെ വച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. അയല്‍ക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവവൈകൃതം ജനതയെ ബാധിച്ചിരിക്കുകയാണോ? അധികാരത്തിലിരിക്കുന്നവര്‍ തങ്ങളെ വ്യവസ്ഥാപിത അഹം (Self) ആയും മറ്റുള്ളവരെ അപരരായും കാണുന്നു. അഹത്തെ വെല്ലുവിളിക്കുന്നവര്‍ അപരരായിത്തീരുന്നു. 

അഭിപ്രായവ്യത്യാസങ്ങള്‍ വളര്‍ന്ന് അപരവല്‍ക്കരണത്തിനു പശ്ചാത്തലമൊരുങ്ങുന്നു. ക്രിസ്തുവര്‍ഷാരംഭത്തിനു മുന്‍പേ, ജൈനര്‍, ബൗദ്ധര്‍, അജൈവകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടിരുന്നവര്‍ ബ്രാഹ്മണിസത്തിന്റെ ചില സമ്പ്രദായങ്ങളെ ചോദ്യം ചെയ്തിരുന്നെങ്കിലും സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല. ശ്രമണര്‍ എന്നാണിവര്‍ക്കു നല്‍കിയ പൊതുസംജ്ഞ. പ്രാക്തന ബ്രാഹ്മണിസത്തില്‍ ഗോവധമുള്‍പ്പെടെയുള്ള ഹിംസ നിഷിദ്ധമായിരുന്നില്ല. ശ്രമണര്‍ അഹിംസാവാദികളായിരുന്നു. എന്നാല്‍, കാഴ്ചപ്പാടുകളിലുള്ള ഈ വൈരുദ്ധ്യം അപരവല്‍ക്കരണത്തിനിടയാക്കിയില്ലെന്ന് താപ്പര്‍ പറയുന്നു. കാലംപോകെ, ഹിന്ദുസമൂഹത്തില്‍ വൈഷ്ണവര്‍, ശൈവര്‍ എന്നിവര്‍ക്കു പുറമേ നൂറുകണക്കിനു ജാതികളും ഉപജാതികളും ആവിര്‍ഭവിച്ചു. 

വീക്ഷണവൈജാത്യങ്ങള്‍ പലപ്പോഴും ആശയങ്ങളുടേയോ സിദ്ധാന്തങ്ങളുടേയോ തലത്തില്‍ ഒതുങ്ങിനിന്നെന്നു വരില്ല. ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടേയും ഇടയിലും വിഭജനങ്ങളും അപരവല്‍ക്കരണവും സംഭവിക്കുന്നുണ്ട്. മതം, ജാതി, വര്‍ഗ്ഗം തുടങ്ങിയ പാരഡൈമുകളെ ചൂഷണം ചെയ്ത് രാഷ്ട്രീയലാഭമെടുക്കുക അംഗീകൃത മാതൃകയായിട്ടുണ്ട്. വൈരുദ്ധ്യങ്ങളെ കൃത്രിമമായി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ പരാജയമാവും ഫലം. ഒരു രാഷ്ട്രം - ഒരു ജനത - ഒരു തിരഞ്ഞെടുപ്പ് - ഒരു നേതാവ് തുടങ്ങിയ പരികല്പനകള്‍ അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ഇതെല്ലാം തന്ത്രങ്ങളിലൂടെയും ബലപ്രയോഗത്തിലൂടെയും സാധിച്ചെടുക്കാമെന്ന് ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍, ആത്യന്തികമായി അവര്‍ നിരാശപ്പെടേണ്ടിവരുമെന്ന് ചരിത്രം പഠിപ്പിക്കുന്നു. അഭിപ്രായമുണ്ടെങ്കില്‍, അഭിപ്രായവ്യത്യാസവും ഉണ്ടാകുമെന്നത് സ്വാഭാവികമാണെന്ന് അധികാരഘടനകള്‍ മനസ്സിലാക്കിയാല്‍ കൊള്ളാമായിരുന്നു. ഫ്യൂഡലിസത്തിനോ മതാധിപത്യത്തിനോ ഏകാധിപത്യത്തിനോ ദര്‍ശനവൈവിധ്യത്തെ ഹനിക്കുക സാധ്യമല്ല. നാനാത്വത്തില്‍ ഏകത്വമെന്ന പുരാതന ഭാരതീയ സമീപനമാണ് സ്വീകരിക്കേണ്ടത്. 

ഇന്നത്തെ ഇന്ത്യ 

വികസനം വരുന്നൂ... വികസനം വന്നൂ... വികസനം വരും... ഈ ജാതി പേച്ചുകള്‍ കുറേക്കാലമായി വിവിധ കോണുകളില്‍നിന്ന് മുഴങ്ങിക്കേള്‍ക്കുന്നു. എന്നാല്‍, സത്യമെന്താണെന്ന് പരിശോധിക്കാം. സാമ്പത്തിക അസമത്വത്തിന്റെ സൂചകമാണ് ജിനി സൂചകാങ്കം (Gini Coefficient). 2014ല്‍ ഇതിന്റെ മൂല്യം 34.4 ശതമാനമായിരുന്നത്, 2018 ല്‍ 47.9 ശതമാനമായി വര്‍ദ്ധിച്ചുവെന്നത് കൊവിഡ് 19-ന്റെ ആക്രമണത്തിനു മുന്‍പായിരുന്നു. ജിനി സൂചകാങ്കത്തിന്റെ മൂല്യം 100 ശതമാനമാണെങ്കില്‍, പൂര്‍ണ്ണ അസമത്വത്തേയും പൂജ്യം ശതമാനമാണെങ്കില്‍ പൂര്‍ണ്ണ സമത്വത്തേയും കുറിക്കുന്നു. സാമ്പത്തികാസമത്വം കൂടുതലുള്ള സമൂഹങ്ങളില്‍, അപരവല്‍ക്കരണത്തിന്റെ തോതും വലുതായിരിക്കും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകല്‍ച്ച തീവ്രമാകുമെന്നതാണ് കാരണം. ഇത്തരത്തിലുള്ള സമൂഹങ്ങള്‍ സ്ഥിരമായി വിഷാദാവസ്ഥയിലാകാനുള്ള സാധ്യതയുണ്ട്. ഇതിനെ ആത്മീയതയായി ചിത്രീകരിക്കാതിരുന്നാല്‍ കൊള്ളാം! 2021-ലെ ലോകസന്തുഷ്ടി (World Happiness) റിപ്പോര്‍ട്ടില്‍, മൊത്തം 149 രാജ്യങ്ങളുടെ കണക്കുകളുണ്ട്. ഒരിക്കല്‍ക്കൂടി ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനത്താണ്. സന്തുഷ്ടി സൂചകാങ്കത്തെ അധിഷ്ഠിതമാക്കിയുള്ള തരം തിരിക്കലില്‍, ഇന്ത്യയുടെ സ്ഥാനം 139 ആണെന്ന കാര്യം ആശങ്കാജനകമാണ്. ജനാധിപത്യ മികവിലും ഇന്ത്യ പിന്നാക്കം പോയിരിക്കുകയാണ്. 2014-ല്‍ ഇത് സംബന്ധിച്ചുള്ള ഇന്ത്യയുടെ സ്‌കോര്‍ 7.92 ആയിരുന്നത് 2020-ല്‍ 6.61 ആയി കുറഞ്ഞു. ഈ വീഴ്ച ജനാധിപത്യ സംവിധാനങ്ങളുടെ പ്രാധാന്യം ഇടിയുന്നുവെന്ന് സൂചിപ്പിക്കുന്നു. 2014-ല്‍ 27-ാമത്തെ സ്ഥാനമുണ്ടായിരുന്നു ഇന്ത്യയ്ക്ക്, ആഗോള സ്ഥാനപ്പെടുത്തലില്‍. 2020-ല്‍ അത് 53-ാമത്തേതായി താഴുന്നു. അനുകമ്പയും സഹാനുഭൂതിയും അപരിചിത വികാരങ്ങളായി സ്വീകരിക്കുന്ന ജനത: വിമര്‍ശനം ഒട്ടും സഹിക്കാത്ത ഭരണകൂടം! അപരവല്‍ക്കരണമാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഏക സവിശേഷത. 

ആരാണിവിടുത്തെ സാധാരണക്കാരെന്നുകൂടി നോക്കാം: അധികാരമുള്ളവരും ഇല്ലാത്തവരും എന്നതിന് തുല്യമായ വിഭജനമാണ് പണമുള്ളവരും പണമില്ലാത്തവരും എന്നത്. ദേശീയ സമ്പത്തിന്റെ 77 ശതമാനം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈകളിലാണ്. 2020-ല്‍ ഇന്ത്യയില്‍ 119 ശതകോടീശ്വരര്‍ ഉണ്ടായിരുന്നു. 2000-ല്‍ ഈ ഗണത്തില്‍പ്പെട്ട, വെറും ഒന്‍പതുപേരെ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. ശതകോടീശ്വരരുടെ സംഖ്യയില്‍ കുതിപ്പുകളുണ്ടാകുമ്പോള്‍ രാജ്യത്തിന്റെ മൊത്തം ഉല്പാദനത്തില്‍ അല്ലെങ്കില്‍ ജിഡിപിയില്‍ വര്‍ദ്ധനവുണ്ടാകും. പ്രതിച്ഛായത്തിളക്കം കൂടും. അപരവല്‍ക്കരണത്തിന്റെ പരകോടിയിലേക്കാവും സമൂഹം സഞ്ചരിക്കുക. രാഷ്ട്രത്തിന്റെ നിലനില്പിനു തന്നെ ഈ പ്രവണത ഭീഷണിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com