ചൂര സാമ്രാജ്യത്തിലേക്കൊരു 'ചെവിയന്‍' വാതില്‍

മലയാളിക്ക് മത്തി എങ്ങനെയാണോ അങ്ങനെയോ അതില്‍ കൂടുതലോ ആണ് ജപ്പാന്‍കാര്‍ക്ക് മഗുരോ. മഗുരോ വെറും ചൂരയല്ല. ജപ്പാന്‍കാരുടെ ഏറ്റവും പ്രിയങ്കര ഭക്ഷണമായ 'സുഷി'ക്ക് പറ്റിയ ഗുണമേന്മയുള്ള ചൂരയാണത്
ചൂര സാമ്രാജ്യത്തിലേക്കൊരു 'ചെവിയന്‍' വാതില്‍

'നരീട' വിമാനത്താവളമാണ് ചൂര അഥവാ ട്യൂണയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മീന്‍പിടുത്ത കേന്ദ്രം എന്ന വാണിജ്യ തമാശയില്‍ ചൂര സാമ്രാജ്യത്തിന്റെ എല്ലാ അടയാളങ്ങളും അടങ്ങുന്നു.

അതെ, അമതരാസ് എന്ന സൂര്യദേവതയില്‍ വംശമഹിമ ദര്‍ശിക്കുന്ന  ജപ്പാന്‍. അവരുടെ പ്രിയന്‍ മഗുരോ.

മലയാളിക്ക് മത്തി എങ്ങനെയാണോ അങ്ങനെയോ അതില്‍ കൂടുതലോ ആണ് ജപ്പാന്‍കാര്‍ക്ക് മഗുരോ. മഗുരോ വെറും ചൂരയല്ല. ജപ്പാന്‍കാരുടെ ഏറ്റവും പ്രിയങ്കര ഭക്ഷണമായ 'സുഷി'ക്ക് പറ്റിയ ഗുണമേന്മയുള്ള ചൂരയാണത്. സുഷിയിലെ പ്രധാന ഘടകം കടലില്‍നിന്നു പിടിച്ച പച്ചചൂരയാണ്. വിനാഗിരി ചേര്‍ത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചോറും കൂടി ചേരുമ്പോള്‍ സുഷിയാകുന്നു. മറ്റൊരു വകഭേദം സഷീമിയാണ്. ചൂരയുടെ കനംകുറഞ്ഞ കഷണങ്ങള്‍ മാത്രം ഇതില്‍ ഉപയോഗിക്കുന്നു. പച്ചക്കറിപോലെ പച്ചയ്ക്ക് തിന്നാനുള്ള ഒന്നാണ് സുഷിയും സഷീമിയും. അതിനാല്‍ ഗുണമേന്മയുടെ മേല്‍ ഒരു ഒത്തുതീര്‍പ്പും സാധ്യമല്ല. 

ഗുണമേന്മ കൂടുമ്പോള്‍ വിലകൂടും എന്നത് നമുക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാമ്പത്തിക തത്ത്വമാണ്. ലോകത്തില്‍ ഏറ്റവും വിലകിട്ടുന്ന കടല്‍മീനാണ് ചൂര. 

30 ലക്ഷം ഡോളര്‍ (ഏകദേശം രണ്ടു കോടി രൂപ) വിലവരുന്ന ഒരു മീന്‍ നമുക്കു സങ്കല്പിക്കാന്‍ കഴിയുമോ? 2019-ല്‍ ഒരു ചൂര സ്വന്തമാക്കാന്‍ ഒരു ജപ്പാന്‍കാരന്‍ കൊടുത്ത വിലയാണത്. ചൂര രാജാവ് എന്നറിയപ്പെടുന്ന അയാളുടെ പേര് കിയോഷി കിമുറ. ജപ്പാനിലെ ഏറ്റവും വലിയ സുഷി ഹോട്ടല്‍ ശൃംഖലയുടെ ഉടമ. 278.4 കിലോ ഭാരമുള്ള ആ ചൂര(ബ്ലൂ ഫിന്‍ ട്യൂണ)യില്‍നിന്നും ഒരു കഷണം സുഷിക്ക് വില എത്ര വരുമെന്നു കണക്കാക്കി നോക്കൂ. 250-300 ഡോളര്‍ ഉറപ്പ് (കിലോയ്ക്ക് 11500 ഡോളര്‍). എന്നാല്‍, കിയോഷി ആ സുഷി വിറ്റത് കഷണത്തിന് വെറും മൂന്നു ഡോളര്‍ എന്ന നിരക്കില്‍. ഇതെന്ത് സാമ്പത്തികശാസ്ത്രം?

അതെ, അതാണ് ചൂര സാമ്രാജ്യം. അവിടെ സാമ്പത്തികശാസ്ത്രത്തിന്റെ സപ്ലേ-ഡിമാന്റ് അടിവേരുകള്‍ കടപുഴകും. 

ആ സാമ്പത്തികത്തിന്റെ വേരുകള്‍ ഓടുന്നത് ജാപ്പനീസ് സംസ്‌കാരത്തിലാണ് എന്നതാണ് അതിനു കാരണം.

സുഷിയും മഗുരോയും ഇല്ലാതെ ജാപ്പനീസ് സംസ്‌കാരമില്ല.

ചുറ്റും ആഴക്കടല്‍ ഉള്ള ജപ്പാന്‍കാര്‍ക്ക് സുലഭമായി ലഭിക്കുന്ന മീനാണ് ചൂര. ആഴക്കടലില്‍ ആഗോള സാമ്രാജ്യം തീര്‍ത്ത മീനുകളില്‍ പ്രധാനിയാണ് ഈ മത്സ്യം.

അവധൂത മത്സ്യം 

സഞ്ചാരപ്രിയരാണ് ട്യൂണകള്‍. 1757-ല്‍ ഒരു സ്പാനിഷ് ക്രിസ്തീയ സന്ന്യാസി ട്യൂണയെ വിളിച്ചത് 'അവധൂത മത്സ്യം' (THE WANDERING FISH) എന്നായിരുന്നു. പസിഫിക് ആല്‍ബകൊര്‍ എല്ലാ വര്‍ഷവും ജപ്പാനില്‍നിന്ന് 9000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. സമുദ്രഭാഗങ്ങളിലെ പ്ലവക സമൃദ്ധിയും ചാള തുടങ്ങിയ ചെറുമീനുകളുടെ ലഭ്യതയും മനസ്സിലാക്കിയാണ് ഈ സഞ്ചാരം. അറ്റ്ലാന്റിക് ബ്ലൂ ഫിന്‍ ട്യൂണയുടെ സഞ്ചാരത്തെപ്പറ്റി അരിസ്റ്റോട്ടിലും പ്ലിനിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗിബ്രാള്‍ട്ടര്‍ കടലിടുക്കുവഴി മെഡിട്ടറേനിയനിലെത്തി വീണ്ടും മുന്നോട്ടു പോയി ബ്ലാക്ക് സീ വരെ അവ എത്തിയിരുന്നു. സമുദ്രവിശാലതയില്‍ ഓടിനടക്കേണ്ടത് ട്യൂണയുടെ ജീവിതപ്രശ്‌നമാണ്. ശരീരത്തിലെ ഉപാപചയ നിരക്ക്, മറ്റു മത്സ്യങ്ങളേക്കാള്‍ കൂടിയിരിക്കുന്നതിനാല്‍ ചെകിളകളില്‍ നിരന്തരം പ്രാണവായു നിറഞ്ഞ വെള്ളം എത്തിക്കുന്നതിനായി ട്യൂണകള്‍ക്ക് ഓടിനടന്നേ മതിയാകൂ. ശരീരതാപനില ചുറ്റുമുള്ള വെള്ളത്തിന്റേതിനേക്കാള്‍ കൂടിയിരിക്കും. സാഹചര്യമനുസരിച്ച് താപം ശരീരത്തില്‍നിന്നും പുറംതള്ളാനും സംരക്ഷിച്ചുനിര്‍ത്താനും ട്യൂണകള്‍ക്ക് സാധിക്കും. ആഗോളസഞ്ചാരവും ചടുലതയും അവയ്ക്ക് സാധിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. 

ഈ ഊര്‍ജ്ജസ്വലതയുടെ പിന്നിലെ രസതന്ത്രമാണ് ട്യൂണയെ ജപ്പാന്‍കാര്‍ക്ക് പ്രിയങ്കരിയാക്കുന്നത്. ഒരുപാട് ഊര്‍ജ്ജം ചെലവഴിക്കുന്ന ഇവയുടെ ശരീരത്തില്‍ ഊര്‍ജ്ജം സംഭരിച്ചു സൂക്ഷിക്കുന്ന രാസതന്മാത്രകളായ 'അഡിനോസിന്‍ ട്രൈ ഫോസ്ഫേറ്റ്' (ATP)  വര്‍ദ്ധിച്ച അളവിലുണ്ട്. മീന്‍ ചത്തുകഴിയുമ്പോള്‍ ഈ രാസവസ്തു ഇനോസിന്‍ മോണോ ഫോസ്ഫേറ്റ് (IMP) ആയി മാറുന്നു. വേവിക്കാത്ത പച്ച ട്യൂണയ്ക്ക് പ്രത്യേക രുചിയും മണവും നല്‍കുന്നത് ഈ വസ്തുവാണ്. ഈ അഞ്ചാം രുചിയെ (ഉപ്പ് , പുളി, മധുരം, ചവര്‍പ്പ് എന്നീ നാലെണ്ണം നമുക്കറിയാം) ജപ്പാന്‍കാര്‍ വിളിക്കുന്നത് ഉമാമി എന്നാണ്. പാചകം ചെയ്തു കഴിയുമ്പോള്‍ ഈ രുചി കുറയുന്നു.

ജപ്പാന്‍കാരുടെ ചരിത്രം ചൂര പിടുത്തത്തിന്റെകൂടി ചരിത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

പുതുവത്സരം ജപ്പാനില്‍ അതിപ്രധാനമാണ്. ജനുവരിയിലെ ആദ്യത്തെ ഒരാഴ്ച അവിടെ അവധിക്കാലമാണ്. വര്‍ഷം പിറന്നുവീഴുന്ന ആദ്യ ദിവസത്തെ ആദ്യ ഭക്ഷണം (ഹത്സുമോണോ) ഏറ്റവും മികച്ച സുഷിയായിരിക്കണം എന്ന നിര്‍ബ്ബന്ധം ഉള്ളവരാണ് ജപ്പാന്‍കാര്‍. ഏറ്റവും മികച്ച സുഷി കഴിച്ചാല്‍ വര്‍ഷം മുഴുവന്‍ സന്തോഷം നിലനില്‍ക്കും എന്നാണ് വിശ്വാസം. അതിനാല്‍ എത്ര വില കൊടുക്കാനും അവര്‍ തയ്യാറുമാണ്. എന്നിട്ടും കിയോഷിയുടെ വിലക്കുറവിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല അല്ലേ?

സുഷിയുടെ പരസ്യം അതിന്റെ ഗുണമേന്മയാണ്. പുതുവത്സരത്തിലെ ആദ്യദിവസം വില്‍ക്കുന്ന സുഷി തന്റെ കടയിലേതാണ് എന്നതില്‍ കവിഞ്ഞ ഒരു പരസ്യവും വേണ്ട വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സുഷി വില്പന ഉറപ്പാക്കാന്‍. ലേലം വിളിയില്‍ കോടികള്‍ വീഴുന്ന രഹസ്യം ഇപ്പോള്‍ പിടികിട്ടിക്കാണും. ഈ ലേലംവിളി ഇപ്പോള്‍ നടക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ട്യൂണ മാര്‍ക്കറ്റായ ടോയോസുവിലാണ്. മൂന്നുവര്‍ഷം മുന്‍പു വരെ ഈ സ്ഥാനം അലങ്കരിച്ചത് ടോക്യോയില്‍ തന്നെയുള്ള ത്സുകിജി മാര്‍ക്കറ്റായിരുന്നു. 57 ഏക്കറില്‍ 60,000 വ്യാപാരികള്‍ ഏകദേശം 600 കോടി ഡോളര്‍ വ്യാപാരം നടത്തുന്ന മത്സ്യമാര്‍ക്കറ്റ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ചൂര സാമ്രാജ്യത്തിന്റെ തലസ്ഥാനം. ടോക്യോ സന്ദര്‍ശിക്കുന്ന ആരും ഈ മാര്‍ക്കറ്റ് കാണാതെ മടങ്ങില്ല. അനേകവര്‍ഷത്തെ പെരുമയുള്ള ആ മാര്‍ക്കറ്റ് പഴക്കം ഏറിയപ്പോള്‍ പുതിയ സ്ഥലം ആവശ്യമായി വന്നു. അത്യന്താധുനികമാണ് ടോയോസോ. ടോയോസുവിലെ കന്നി ലേലമായിരുന്നു 2019-ലേത്. 

പ്രതിവര്‍ഷം ഏകദേശം 400 ലക്ഷം ടണ്‍ ട്യൂണയാണ് ജപ്പാന്‍കാര്‍ അകത്താക്കുന്നത്. ലോകത്ത് പിടിക്കപ്പെടുന്ന ചൂരയുടെ നാലില്‍ ഒന്നും പോകുന്നത് ജപ്പാനിലേക്കു തന്നെ. ടോക്യോയിലെ 'നരീട' വിമാനത്താവളം ലോകത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാര്‍ബര്‍ ആകുന്നതും അതുകൊണ്ടാണ്. 

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും ട്യൂണ പ്രതിദിനം അവിടെയെത്തുന്നത് പറന്നാണ്. പറന്നേ മതിയാകൂവെന്ന് പറയുന്നതാവും ശരി. ആഴക്കടലില്‍നിന്നും ട്യൂണ പിടിച്ചെടുത്ത്, പ്രത്യേക രീതിയില്‍ കൊന്ന് രക്തസ്രാവം വരുത്തി, യാതൊരുവിധ മാലിന്യവും ഏശാതെ ബോട്ടില്‍വെച്ച് അപ്പോള്‍ത്തന്നെ ശീതീകരിച്ച് എത്രയും വേഗം ജപ്പാനില്‍ എത്തിച്ചാല്‍ മാത്രമേ സുഷിക്ക് ഉപയോഗിക്കാന്‍ കഴിയൂ. 

'കറുത്ത രത്‌നം' എന്നറിയപ്പെടുന്ന ബ്ലൂ ഫിന്‍ ട്യൂണയ്ക്കാണ് സുഷിയില്‍ ഏറ്റവും പ്രിയം. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ബ്ലൂ ഫിന്‍ ട്യൂണ ഇഷ്ടംപോലെ എത്തുന്നു എങ്കിലും ഹത്സുമോണോ എന്ന 'കണി സുഷി'യാകാന്‍ ഭാഗ്യമുള്ളത് വടക്കന്‍ ജപ്പാനിലെ ഒമ ഭാഗത്തുനിന്നു വരുന്ന പസിഫിക് ബ്ലൂ ഫിന്‍ ട്യൂണയ്ക്കു മാത്രമാണ്. 

ഫിലിപ്പൈന്‍സ് കടലില്‍ ജന്മംകൊണ്ട് തണുപ്പ് കാലം (നവംബര്‍-ഡിസംബര്‍) ആകുമ്പോള്‍ പ്ലവക സമൃദ്ധിയും ട്യൂണകളുടെ അമൃതായ കണവ സുലഭവും ആയ വടക്കന്‍ ജപ്പാന്‍ കടലിലേയ്ക്ക് കുടിയേറുന്ന ബ്ലൂ ഫിന്‍ ട്യൂണകളുടെ ഗുണമേന്മയെ വെല്ലാന്‍ മറ്റു ഭാഗത്തുള്ളവയ്ക്ക് സാധിക്കില്ല. അവയുടെ ശരാശരി ഭാരം 200 കിലോ.

ബ്ലൂ ഫിന്‍ ചൂരയുടെ തലയെടുപ്പില്ലാത്ത സുഷിയും ജപ്പാന്‍കാര്‍ ഭക്ഷിക്കുന്നു. യെല്ലോ ഫിന്‍ ട്യൂണ (കിഹട), ബിഗ് ഐ ട്യൂണ (മേബാച്ചി), അല്ബകൊര്‍ ട്യൂണ (ബിന്ച്ചോ) എന്നീ താരതമ്യേന വലിപ്പം കുറഞ്ഞ ചൂരകള്‍ ആണിവ. നമുക്ക് സാധാരണമായി കിട്ടുന്ന സ്‌കിപ് ജാക്ക് ചൂരയും ജപ്പാന്‍കാര്‍ ഉപയോഗിക്കുന്നു. കത്സുവോ എന്നറിയപ്പെടുന്ന ഈ ചൂരകള്‍ പെട്ടെന്ന് കേടുവരുന്ന ഇനമായതിനാല്‍ കാനിംഗ് ചെയ്യാനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

കത്സുവോയെപ്പറ്റി ''ഹോതോതോഗിസു കത്സുവോ'' എന്ന് തുടങ്ങുന്ന പ്രശസ്തമായ ഒരു ജാപ്പനീസ് ഹൈക്കു ഉണ്ട്. ഏകദേശ പരിഭാഷ:
''ചൂരയെ ചുവപ്പിച്ചത് 
കുയിലെന്നെന്നൂഹം''

ഈ പ്രശസ്ത ഹൈക്കുവിനു രണ്ടു വ്യാഖ്യാനങ്ങള്‍. ഇപ്പോള്‍ ജാപ്പനീസ് ചിത്രങ്ങളില്‍ മാത്രം കാണുന്ന, ചെംചോര ചുണ്ടുകളുള്ള ജാപ്പനീസ് കുയിലുകളാണ് പരാമര്‍ശം എന്നത് ലളിത വ്യാഖ്യാനം. മറ്റൊന്നില്‍ ഒരു കഥയാണ് ഉള്ളത്. 
മൂന്നു രാജാക്കന്മാര്‍ ഒരു കുയിലിനെ കാണുന്നു. കുയില്‍ പക്ഷേ, പാടാന്‍ കൂട്ടാക്കുന്നില്ല.
''കൊല്ലും ഞാന്‍'' - ഒന്നാമന്‍.
''പ്രേമത്താല്‍ പാടിക്കും ഞാന്‍'' - രണ്ടാമന്‍. 
''കാത്തിരിക്കും ഞാന്‍'' -മൂന്നാമന്‍.

ഇവര്‍ യഥാക്രമം, ജപ്പാനെ ഏകീകരിച്ച നോബുനാഗ, അയാള്‍ക്കു ശേഷം വന്ന ഹിടെയോഷി, തക്കംപാര്‍ത്ത് അയാളെ തോല്‍പ്പിച്ച ടോകുഗവ ഇയെയാസു എന്ന് കഥ. സ്വര്‍ണ്ണത്തില്‍ അമിത കമ്പം ഉണ്ടായിരുന്ന ഹിടെയോഷി ഒസാക്കയിലെ കൊട്ടാരം സ്വര്‍ണ്ണനിറമുള്ള ഒരു ചൂര മത്സ്യത്തിന്റെ രൂപത്തിലാണ് ഉണ്ടാക്കിയത്. കത്സുവോ എന്നതിന് വിജയിച്ചവന്‍ എന്നും അര്‍ത്ഥം. അപ്പോള്‍ ചൂരയെ തോല്‍പ്പിച്ചവന്‍, കുയില്‍ എന്നര്‍ത്ഥം. 

1603-ല്‍ അധികാരത്തില്‍ വന്ന ടോകുഗവ ഇയെയാസു ആണ് തലസ്ഥാനം കിയോട്ടോവില്‍നിന്ന് ഇന്ന് ടോക്യോ എന്നു വിളിക്കുന്ന എഡോയിലേക്ക് മാറ്റിയത്. സുമിട നദീതീരത്തുള്ള ഇവിടെ മീന്‍ ഇറക്കാനും വില്‍ക്കാനുമുള്ള സൗകര്യങ്ങള്‍ 1641-ല്‍ ഇയെയാസു ആണ് ഉണ്ടാക്കിയത്. ഒരുപക്ഷേ, അതായിരിക്കാം ചൂര സാമ്രാജ്യത്തിന്റെ പിറവി.

ലക്ഷദ്വീപില്‍ ധാരാളമായി ലഭിക്കുന്നത് സ്‌കിപ് ജാക്ക് എന്ന ഈ കത്സുവോ ആണ്. അവരുടെ 'മാസ്സ്' ആണത്. സുലഭമായ ഈ ചൂര പ്രത്യേക രീതിയില്‍ സംസ്‌കരിച്ചുണ്ടാക്കുന്നതാണ് ദ്വീപുകാര്‍ക്ക് പ്രിയങ്കരമായ 'മാസ്മീന്‍.' കൊപ്രയും മാസ്മീനും ലക്ഷദ്വീപിന്റെ പരമ്പരാഗത ധനാഗമ മാര്‍ഗ്ഗങ്ങള്‍. ഗുണമേന്മയില്‍ മുന്‍നിരയിലുള്ള 'ലക്ഷദ്വീപ് മാസ്മീന്‍' ശ്രീലങ്ക വഴി തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ പണ്ടുതൊട്ടേ എത്തുന്നുണ്ട്. 

മാസ്മീനെ കൂടാതെ ചെവിയന്‍ അഥവാ യെല്ലോ ഫിന്‍ ട്യൂണയും ലക്ഷദ്വീപ് കടലില്‍ ധാരാളമായി ഉണ്ടെന്നു കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് തെളിയിച്ചിരുന്നു. 

ഝഷ സാമ്രാജ്യത്തിലെ മുടിചൂടാമന്നന്‍ 

ട്യൂണയുടെ 14 സ്പീഷീസുകളാണ് ഇന്നേവരെ ശാസ്ത്രലോകം നമുക്കു പരിചയപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ ശാസ്ത്രീയ കുടുംബപ്പേര് സ്‌കോംബ്രിടെ എന്നാണ്. ട്യൂണയെക്കൂടാതെ ബില്‍ ഫിഷ്, സ്വോര്‍ട് ഫിഷ്, മെര്‍ലിന്‍, അയില, ബോനിടോസ് എന്നിവയും മൊത്തം 48 സ്പീഷീസ് മീനുകളുള്ള ഈ കുടുംബത്തിലെ അംഗങ്ങളാണ്. ബ്ലുഫിന്‍ ട്യൂണ, മെര്‍ലിന്‍ എന്നിവരാണ് വലിപ്പം കൊണ്ട് മുന്‍നിരക്കാര്‍. 'കുതിച്ചുചാടുക' എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് പദമായ 'തുണോ'(thuno)യില്‍നിന്നാണ് ട്യൂണ എന്ന വാക്കുണ്ടായത്. സ്‌കിപ് ജാക്ക് എന്നതിനും അതേ അര്‍ത്ഥം. അറ്റ്‌ലാന്റിക്, പസിഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ ട്യൂണയുടെ വിഹാര സ്ഥലങ്ങളാണ്. ഒരുപാട് സ്പീഷീസുകള്‍ ഉണ്ടെങ്കിലും വാണിജ്യ പ്രധാനമായവ സ്‌കിപ് ജാക് (Katsuwonus pelamis വരയന്‍ ചൂര), യെല്ലോ ഫിന്‍ (Thunnus albacres മഞ്ഞച്ചൂര), ബിഗ് ഐ (T.obesus), രണ്ടുതരം ബ്ലൂ ഫിന്നുകള്‍ (T. maccoyi-Southern Bluefin Tuna, T.thynnus), ആല്‍ബക്കൊര്‍ (T.alalunga) എന്നിവയാണ്. ബ്ലൂ ഫിന്നുകള്‍ ഒഴികെ ബാക്കിയെല്ലാം നമുക്കും ലഭിക്കുന്നുണ്ട്).

കൊച്ചിക്കും കൊച്ചിക്കും ഇടയിലെ സുഷി കിലുക്കം 

''മാസ്മീന്‍ ഉണ്ടാക്കാന്‍ അനുയോജ്യം അല്ലാത്തതിനാലും സഷീമി, സുഷി എന്നിവ ലക്ഷ ദ്വീപിലോ കരയിലോ ആളുകള്‍ ഭക്ഷിക്കാത്തതിനാലും ചെവിയന്‍ അഥവാ കിണ്ടല്‍ എന്ന് ദ്വീപുകാര്‍ വിളിക്കുന്ന യെല്ലോ ഫിന്‍ ട്യൂണയുടെ വലിയ ശേഖരം അവിടെയുണ്ടെന്നും ലക്ഷദ്വീപ് കടലിലെ സ്വാഭാവിക നൈര്‍മ്മല്യം മൂലം ഏറ്റവും ഗുണമേന്മയുള്ള ഈ ചൂരയെ പ്രത്യേക പരിശീലനത്തോടെയുള്ള മത്സ്യബന്ധനരീതികളും വിപണനതന്ത്രങ്ങളും വഴി എങ്ങനെ ജപ്പാന്‍ മാര്‍ക്കറ്റില്‍ എത്തിക്കാമെന്നും അമിതചൂഷണം ഒഴിവാക്കി ചൂരയുടെ സുസ്ഥിര പരിപാലനം എങ്ങനെ നടപ്പിലാക്കണമെന്നും സി.ഐ.എഫ്.റ്റി, എഫ്.എസ്.ഐ തുടങ്ങിയ വിവിധ ഗവേഷണ സ്ഥാപനങ്ങളെ സംയോജിപ്പിച്ച്, ഞങ്ങള്‍ അവിടെ നടപ്പിലാക്കിയ ഒരു ബൃഹദ് ഗവേഷണ പദ്ധതി 2017-ല്‍ തെളിയിച്ചു. ഇപ്പോള്‍ ദ്വീപുകാരുടെ ചെവിയന് ഞങ്ങള്‍ വിഭാവനം ചെയ്ത രീതിയിലുള്ള ശാപമോക്ഷം കിട്ടിയിരിക്കുന്നു...'' - ഡോ. എ. ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍, സി.എം.എഫ്.ആര്‍.ഐ.

ലക്ഷദ്വീപില്‍നിന്നും ശാസ്ത്രീയമായി സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് നമുക്ക് പിടിച്ചെടുക്കാന്‍ ലഭ്യമായ ചെവിയന്‍ ചൂരയുടെ അളവ് ഏകദേശം 70,000 ടണാണെന്ന് സി.എം.എഫ്.ആര്‍.ഐയിലെ വിദഗ്ദ്ധര്‍ കണക്കാക്കുന്നു. 

അമിത ചൂഷണം സ്വാഭാവികമായി ഒഴിവാക്കപ്പെടുന്ന മത്സ്യബന്ധനരീതിയാണ് ലക്ഷദ്വീപില്‍ ഇപ്പോഴും തുടരുന്നത്. ആസ്സാമില്‍നിന്നും കൊണ്ടുവരുന്ന പ്രത്യകയിനം മുളകള്‍ കൊണ്ടുണ്ടാക്കിയ ചൂണ്ടകളില്‍. ലക്ഷദ്വീപില്‍ ധാരാളമുള്ള, അവര്‍ 'ചാള' എന്നു വിളിക്കുന്ന ചെറുമീനുകള്‍ ജീവനോടെ ബോട്ടുകളില്‍ കൊണ്ടുപോയി ഇരകളായി കൊരുത്താണ് ഈ മത്സ്യബന്ധനം നടത്തുന്നത്. പ്രത്യേക രീതിയില്‍ സംവിധാനം ചെയ്ത പാബ്ലോ ബോട്ടുകളില്‍ പോയി നടത്തുന്ന ഈ പോള്‍ ആന്റ് ലൈന്‍ രീതി, മിനിക്കോയ് ദ്വീപില്‍നിന്നും മറ്റു ദ്വീപുകളില്‍  പ്രചാരത്തില്‍ വരുത്തിയത്, ജോര്‍ജ് വര്‍ഗ്ഗീസ് എന്ന മലയാളി അന്‍പതുകളില്‍ അവിടെ ഫിഷറീസ് ഡയറക്ടറായിരിക്കുമ്പോള്‍ ആയിരുന്നു. മിനിക്കോയിക്കാര്‍ ആ വിദ്യ പഠിച്ചത് അധികം അകലെ അല്ലാത്ത നമ്മുടെ അയല്‍രാജ്യമായ മാലി ദ്വീപില്‍നിന്നും. ട്യൂണയും ടൂറിസവുമാണ് മാലിക്കാരുടെ പ്രധാന വരുമാനം.

കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന് ജപ്പാനില്‍ എത്തിയ യെല്ലോ ഫിന്‍ ട്യൂണ യഥാര്‍ത്ഥത്തില്‍ ചൂര സാമ്രാജ്യത്തിലേയ്ക്കുള്ള 'ചെവിയന്‍' കിളിവാതില്‍ തന്നെ. 

'നരീട'യില്‍ ഇനി അഗത്തിയുടെ ചൂരത്തിടമ്പ്. 

ജപ്പാനിലെ കൊച്ചിക്കും നമ്മുടെ കൊച്ചിക്കും ഇടയില്‍ ഒരു സുഷി കിലുക്കം കേള്‍ക്കുന്നുവോ?

(വാല്‍ക്കഷണം: ഒരു ചെവിയന്‍ ഹൈക്കുകൂടി  വൈകാതെ പിറന്നേക്കാം. രാഷ്ട്രീയം എന്താകിലും ദ്വീപുകാര്‍ തീരുമാനിക്കട്ടെ.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com