ദേശങ്ങള്‍ക്കിടയിലെ ജീവിതങ്ങള്‍ 

60 വയസ്സ് കഴിഞ്ഞ വിധവയായ ഫേണ്‍ തന്റെ മുറി പൂട്ടി പുറത്തിറങ്ങി. അവര്‍ക്ക് മുന്‍പില്‍ നെവാഡാ നഗരം ഇപ്പോള്‍ ശൂന്യമാണ്
ദേശങ്ങള്‍ക്കിടയിലെ ജീവിതങ്ങള്‍ 

'we are houseless but not homeless' - Fern in the film 
Nomadland 

60 വയസ്സ് കഴിഞ്ഞ വിധവയായ ഫേണ്‍ തന്റെ മുറി പൂട്ടി പുറത്തിറങ്ങി. അവര്‍ക്ക് മുന്‍പില്‍ നെവാഡാ നഗരം ഇപ്പോള്‍ ശൂന്യമാണ്. 88 വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിച്ചിരുന്ന വ്യവസായശാല യു.എസ് ജിപ്സം പ്ലാന്റ് പൂട്ടിക്കഴിഞ്ഞു. തനിക്ക് കൊണ്ടുപോകാനുള്ളവയൊക്കെ അവര്‍ വാനിനകത്ത് വെച്ചു. കയ്യില്‍ ആകെയുണ്ടായിരുന്ന പണംകൊണ്ട് വാങ്ങിയ ആ വാനാണ് ഇനി അവരുടെ വീട്. ഫാക്ടറി അടച്ചതോടെ ജോലി നഷ്ടപ്പെട്ട ഫേണ്‍, മറ്റൊരു ജോലി അന്വേഷിച്ച് റോഡിലിറങ്ങുകയാണ്.'' കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിങ്ങനെ മൂന്നു പ്രധാന അവാര്‍ഡുകള്‍ നേടിയ, ക്ലോയി ഷോവ (Chleo Zhao) സംവിധാനം ചെയ്ത 'നൊമാഡ് ലാന്‍ഡ്' (Nomad Land) ഇങ്ങനെ ആരംഭിക്കുന്നു. 2008-ല്‍ അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ ജീവിതദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്ന 'നൊമാഡ് ലാന്‍ഡ്' ഇപ്പോള്‍ ലോകം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

താല്‍ക്കാലിക-കോണ്‍ട്രാക്ട് ജോലിചെയ്യുന്ന അമേരിക്കയിലെ നൂറുകണക്കിനു തൊഴിലാളികളിലൊരാളായി ഇനി ഫേണ്‍ മാറും. കക്കൂസുകള്‍ വൃത്തിയാക്കുകയോ വഴിയോര റസ്റ്റോറന്റില്‍ ഭക്ഷണമുണ്ടാക്കുകയോ ആമസോണ്‍പോലുള്ള വന്‍ കമ്പനികളുടെ വെയര്‍ഹൗസുകളിലോ കുറഞ്ഞ വേതനത്തില്‍ ദിവസക്കൂലി ജോലിചെയ്യുന്നവരിലൊരാളാകും ഫേണ്‍. സ്ഥിരമായ ജോലിയില്ലാതെ, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ അനിശ്ചിതമായ ഭാവിയോടെ ജീവിക്കുന്നു ഫേണും അവരെപ്പോലുള്ള അനവധി പേരും. സ്വന്തമായി താമസസ്ഥലമില്ലാതെ, റോഡുകള്‍ വാസസ്ഥലമാക്കിയും വാഹനങ്ങളില്‍ അന്തിയുറങ്ങിയും ഇവര്‍ ജീവിതം തള്ളിനീക്കുന്നു. അറുപതുകളിലും എഴുപതുകളിലും ജനിച്ച്, 2008-ലെ സാമ്പത്തികത്തകര്‍ച്ച കാരണം ജീവിതം വഴിമുട്ടിനില്‍ക്കുന്ന അമേരിക്കയിലെ ഈ പുതിയ നാടോടികളുടെ ജീവിതത്തിനു ചലച്ചിത്രരൂപം നല്‍കിയ ചൈനീസ് വംശജയായ അമേരിക്കന്‍ സംവിധായിക ക്ലോയി ഷോവോ മികച്ച സംവിധാനത്തിനുള്ള ഓസ്‌കര്‍, ബാഫ്റ്റ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അവ നേടുന്ന ഏഷ്യയില്‍നിന്നുള്ള ആദ്യ വനിതയും ലോകത്തിലെ രണ്ടാമത്തെ സംവിധായികയുമായി അവര്‍ മാറുന്നു.

പുതിയ ഈ അമേരിക്കന്‍ നാടോടികള്‍, ജോണ്‍ സ്റ്റെയിന്‍ബക്കിന്റെ ഗ്രേപ്പ്സ് ഓഫ് റാത്തിലെ തൊഴില്‍ തേടി അലഞ്ഞിരുന്നവരെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിഭാഗത്തില്‍ അദ്ധ്യാപികയായ ജെസ്സീക്കാ ബ്രുഡറിന്റെ Nomadland: Surviving America in the Twenty-First Century എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ജാവോ ഈ ഡോക്യു- ഫിക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാസങ്ങളോളം വാനില്‍ താമസിച്ച്, അമേരിക്കയില്‍ 15000-ലേറെ കിലോമീറ്റര്‍ യാത്രചെയ്ത്, നൊമാഡ് അനുഭവങ്ങളിലൂടെ കടന്നുപോയശേഷമാണ് ജെസീക്ക ഈ പുസ്തകമെഴുതുന്നത്. റാഡിക്കല്‍ നൊമാഡിസ്റ്റും (radical nomadist) അമേരിക്കന്‍ മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തകനുമായ ബോബ് വെല്‍സ് (Bob Wells) ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ജാവോയെ സഹായിച്ചിരുന്നു. ചിത്രത്തിലഭിനയിക്കുന്ന അദ്ദേഹം, അതിന്റെ അവസാനഭാഗത്ത് നൊമാഡ് ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 

ക്ലോയി ഷോവ
ക്ലോയി ഷോവ

88 വര്‍ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന നെവാഡയിലെ നിരവധി പേര്‍ ജോലി ചെയ്തിരുന്ന യു.എസ് ജിപ്സം പ്ലാന്റ് 2011-ല്‍, ഓര്‍ഡറുകളില്ലാത്തതിന്റെ പേരിലായിരുന്നു അടച്ചു പൂട്ടിയത്. അന്നു തൊഴില്‍ നഷ്ടപ്പെട്ട അനവധി ആളുകളില്‍ ഫേണും അവരുടെ ഭര്‍ത്താവുമുള്‍പ്പെട്ടിരുന്നു. പല അന്വേഷണങ്ങള്‍ക്കുമൊടുവില്‍ ആഗോള കമ്പനിയായ ആമസോണിന്റെ വെയര്‍ഹൗസില്‍ താല്‍ക്കാലിക ജോലി ലഭിച്ച ഫേണ്‍ കുറച്ചുകാലം അവിടത്തെ ജോലിയും വാനിലെ താമസവുമായി കഴിയുകയാണ്. താല്‍ക്കാലിക അദ്ധ്യാപികയായിരുന്നപ്പോള്‍ പഠിപ്പിച്ചിരുന്ന കുട്ടികളെ അവര്‍ ആകസ്മികമായി കണ്ടുമുട്ടുന്നു. ഒരു കുട്ടി മാഡത്തിനു താമസസ്ഥലമില്ലേ എന്നു ചോദിക്കുമ്പോള്‍ അവര്‍ മറുപടി പറയുന്നത്: 'I am houseless but not homeless' എന്നാണ്. തനിക്ക് വീടില്ലെങ്കിലും താമസിക്കാനിടമുണ്ടെന്ന് അവര്‍ പറയുകയാണ്. തന്റെ അവസ്ഥയിലുള്ള പലരേയും ഫേണ്‍ വെയര്‍ഹൗസില്‍ കണ്ടുമുട്ടുന്നു, അവരുടെ കഥകള്‍ കേള്‍ക്കുന്നു. അവ ആധുനിക അമേരിക്കന്‍ സമൂഹത്തിലെ ദുരിതജീവിതങ്ങളുടെ കഥകളായി തിരിച്ചറിയുന്നു. ആഡംബരത്തിന്റേയും പ്രൗഢജീവിതത്തിന്റേയും ഇടയില്‍ നിലനില്‍ക്കുന്ന ഇത്തരമൊരു സമൂഹത്തിന്റെ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. ചിത്രത്തില്‍ ഫേണിന്റെ അടുത്ത സുഹൃത്തും ജീവിതത്തില്‍ നൊമാഡുമായ ലിന്‍ഡാ മേയുടെ അനുഭവങ്ങള്‍ അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിതം മുന്‍പോട്ട് പോകാന്‍ കഴിയാതെയായ അവര്‍ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. ദീര്‍ഘകാലം ചെയ്ത ജോലിയുടെ ഭാഗമായി തനിക്കു ലഭിക്കാന്‍ പോകുന്നത് തുച്ഛമായ തുക മാത്രമാണെന്ന് അവര്‍ അറിഞ്ഞിരുന്നു. മദ്യപിച്ചശേഷം തീ കൊളുത്തി മരിക്കാന്‍ തയ്യാറായപ്പോഴാണ് ഒന്നിച്ചുള്ള രണ്ട് നായ്ക്കുട്ടികളെക്കുറിച്ച് ഓര്‍ക്കുന്നത്. അവയും തന്നെപ്പോലെ തീയില്‍ വെന്തു മരിക്കുമെന്ന് ചിന്തിച്ച അവര്‍ തന്റെ തീരുമാനം മാറ്റി, ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഇത്തരം പ്രതിസന്ധികളില്‍പ്പെടുന്ന നൊമാഡുകള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനും നാടോടിയുമായ ബോബ് വെല്‍സിന്റെ സംഘമായ ആര്‍.ടി.വി(RTV, Rubber Tramp Rendezvous)യില്‍ ലിന്‍ഡ മേയ് ചേരുന്നു. നൊമാഡുകളുടെ ഇതുപോലുള്ള ജീവിതങ്ങള്‍ കേള്‍ക്കുന്ന നാം, സമകാലീന അമേരിക്കന്‍ ജീവിതത്തിലെ ഇരുണ്ട ഏടുകളായി ഇവ തിരിച്ചറിയുന്നു. 

ആമസോണിലെ ജോലി അവസാനിച്ചപ്പോള്‍ ഫേണ്‍ ഒരുനാള്‍ ബോബ് വെല്‍സിന്റെ നൊമാഡ് ക്യാമ്പിലെത്തുന്നുണ്ട്. അവിടെ ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് അരികുകളിലേക്ക് മാറാന്‍ നിര്‍ബ്ബന്ധിതരായ തന്നെപ്പോലുള്ള അനവധി പേരെ അവര്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നു. വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത്, മാനസികപ്രശ്‌നങ്ങള്‍ ബാധിച്ച പട്ടാളക്കാരന് ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ അലര്‍ജിയാണ്, അത് അയാളെ യുദ്ധരംഗം ഓര്‍മ്മിപ്പിക്കുന്നു. സ്വന്തമായി വീടില്ലാത്ത, സഹായത്തിന് ബന്ധുക്കളോ ഭരണകൂടമോ ഇല്ലാത്ത, ജീവിതത്തിന്റെ സായാഹ്നങ്ങളിലെത്തിയവര്‍ പരസ്പരം താങ്ങുകളാവുന്ന അവസ്ഥയാണ് നാമിവിടെ കാണുന്നത്. റോഡുകളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റങ്ങള്‍ നേരിടാനാകാതെ പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും അന്തിയുറങ്ങുന്നവര്‍. വഴികളില്‍ കണ്ടുമുട്ടുന്നവര്‍ നല്‍കുന്ന ജീവിതപാഠങ്ങളും അവര്‍ അവശേഷിപ്പിക്കുന്ന ഓര്‍മ്മകളും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നവര്‍. ഫേണ്‍ മറ്റൊരു നൊമാഡായ സ്വാങ്കിയെ കണ്ടുമുട്ടുന്നത് അത്തരമൊരു വഴിയില്‍വെച്ചാണ്. വാനിന്റെ ടയര്‍ കേടായപ്പോള്‍ സഹായിച്ച സ്വാങ്കിയുടെ ജീവിതം ഫേണിനെ തന്റെ ഓര്‍മ്മകളുടെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. മരിക്കാന്‍ ആറോ ഏഴോ മാസങ്ങള്‍ മാത്രം അവശേഷിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ, കാന്‍സര്‍ രോഗിയായ സ്വാങ്കി ജീവിതത്തില്‍ താന്‍ നടത്തിയ യാത്രകളുടെ ഓര്‍മ്മകളിലാണ് ജീവിക്കുന്നത്. പക്ഷിക്കൂട്ടങ്ങളെ കണ്ടതും കയോക്കിയുമൊക്കെ അവരുടെ ആഹ്ലാദകരമായ ഓര്‍മ്മകളാണ്. അങ്ങനെയവര്‍ ജീവിതത്തിലെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു താല്‍ക്കാലികമായെങ്കിലും മോചിതയാകുന്നു. ഇവ ഫേണിനെ കാന്‍സര്‍ ബാധിച്ച് മരിച്ച തന്റെ ഭര്‍ത്താവ് ബോയുടെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു. അയാള്‍ക്കൊപ്പമുള്ള പഴയകാല ഫോട്ടോകള്‍ അവര്‍ ഒരിക്കല്‍ക്കൂടെ നോക്കുന്നു. ബോയുടെ അവസാന നാളുകളെക്കുറിച്ച് വേദനയോടെ സ്വാങ്കിയോട് പറയുന്ന അവരെ സ്വാങ്കി ആശ്വസിപ്പിക്കുന്നു. സ്‌നേഹപൂര്‍വ്വം അവരുടെ മുടി മുറിച്ചുകൊടുത്തശേഷം, ഇനി തമ്മില്‍ കാണുമോയെന്ന ആശങ്കയോടെ ഫേണ്‍ അവരെ യാത്രയാക്കുന്നു. 

ജോലി തേടിയുള്ള യാത്രയിലെ ഇടവേളകള്‍ ഫേണ്‍ ആസ്വദിക്കുന്നുണ്ട്. തുറന്ന പ്രദേശങ്ങളിലെ ശുദ്ധവായുവും തെളിനീരൊഴുകുന്ന പുഴയിലെ കുളിയും അവരെ ഉത്സാഹവതിയാക്കുന്നു. ഇതിനിടയില്‍ അവര്‍ മറ്റൊരു നാടോടി ഡേവുമായി പരിചയപ്പെടുന്നു. ഫേണിന്റെ പ്രിയപ്പെട്ട പിതാവ് അവര്‍ക്ക് സമ്മാനിച്ച പ്ലേറ്റുകള്‍ അറിയാതെ ഡേവിന്റെ കൈകളില്‍നിന്നു താഴെവീണ് ഉടയുന്നു. എന്നാല്‍, അന്ന് അവര്‍ക്കിടയില്‍ രൂപപ്പെട്ട സൗഹൃദം ദീര്‍ഘകാലം ഉടയാതെ തന്നെ നിലനില്‍ക്കുന്നുണ്ട്. അസുഖബാധിതനായി ആശുപത്രിയിലായ ഡേവിനെ ഫേണ്‍ പരിചരിക്കുന്നു. ഇങ്ങനെ സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും സന്ദര്‍ഭങ്ങള്‍ നൊമാഡ് ജീവിതത്തിന്റെ ഭാഗമാണെന്നു നാം തിരിച്ചറിയുന്നു.  വീണ്ടും ആമസോണില്‍ ജോലിക്കെത്തുന്ന ഫേണ്‍, ബോബ് വെല്‍സിന്റെ നൊമാഡ് കൂട്ടായ്മയില്‍ വീണ്ടും ഒത്തുചേരുന്നുണ്ട്. ഇത്തവണ കാന്‍സര്‍ ബാധിച്ചു മരിച്ച സ്വാങ്കിയുടെ മരണത്തില്‍ അനുശോചിക്കാനായിരുന്നു അത്. ബോബിനോട് കാന്‍സര്‍ രോഗിയായിരുന്ന തന്റെ ഭര്‍ത്താവിന്റെ അന്ത്യനാളുകളെക്കുറിച്ച് പറയുമ്പോള്‍ ഫേണ്‍ വികാരാധീനയാകുന്നു. തന്റെ മകന്റെ ആത്മഹത്യയ്ക്കുശേഷമാണ് നൊമാഡ് കൂട്ടായ്മയെക്കുറിച്ച് താന്‍ ചിന്തിച്ചതെന്ന് ബോബ് പറയുന്നു. ''ഇവിടെ ആരും ഗുഡ്ബൈ പറഞ്ഞ് പിരിയുന്നില്ല, വീണ്ടും റോഡില്‍ കണ്ടുമുട്ടാമെന്നു മാത്രം പറഞ്ഞുകൊണ്ട് വേര്‍പിരിയുന്നു. തന്റെ മകനെ വീണ്ടുമൊരിക്കല്‍ റോഡില്‍ കണ്ടുമുട്ടുമെന്ന വിശ്വാസത്തില്‍ കഴിയുകയാണ് ബോബ് വെല്‍സ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍.'' 

ഫേണ്‍ നെവാഡയില്‍ താനും ഭര്‍ത്താവും ജോലി ചെയ്തിരുന്ന സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. അടച്ചുപൂട്ടിയ ഫാക്ടറി സന്ദര്‍ശിക്കുന്ന അവര്‍ പഴയകാല ഓര്‍മ്മകളിലേക്ക് പോകുന്നു. തങ്ങള്‍ ദീര്‍ഘകാലം താമസിച്ചിരുന്ന വീട് അവര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ ഫേണ്‍ വിതുമ്പുന്നു. തന്റെ വാനില്‍ കയറി, റോഡിലെ വിദൂരതയില്‍ മറയുന്ന ഫേണിന്റെ കാഴ്ചയില്‍ ചിത്രം അവസാനിപ്പിക്കുന്നു സംവിധായിക ക്ലിയോ ജാവൊ. 

നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ നൊമാഡ് ലാന്‍ഡ് ഡോക്യുമെന്ററിയും ഫിക്ഷനും ചേര്‍ന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഫ്രാന്‍സസ് മക്ഡോര്‍മന്റ് അടക്കം ചുരുക്കം ചില അഭിനേതാക്കളൊഴിച്ചാല്‍, ബാക്കി അഭിനേതാക്കളെല്ലാം ജീവിതത്തില്‍ നൊമാഡുകളാണ്. ബോബ് വെല്‍സ്, ലിന്‍ഡാ മേയ്, സ്വാങ്കി, ഡേവ് എന്നിവരുടെ പതിവ് റോഡ് ജീവിതം തന്നെയാണ് ചിത്രത്തില്‍ നാം കാണുന്നത്. മക്ഡോര്‍മന്റ് എന്ന നടി, തന്റെ അഭിനയമികവോടെ മറ്റൊരു നൊമാഡായി മാറുകയും ചെയ്യുന്നു. നൊമാഡ് ജീവിതത്തിന്റെ ഭാഗമായുള്ള ആശങ്കകളും ആകുലതകളും സന്ദിഗ്ദ്ധതകളുമെല്ലാം അവരുടെ മുഖത്ത് നാം വായിച്ചെടുക്കുന്നുണ്ട്. ഒരേസമയം ഏകാന്തവും അതോടൊപ്പം അനന്തമായ സ്വാതന്ത്ര്യം നല്‍കുന്നതുമായ വിശാലമായ നീലാകാശവും ശൂന്യമായ ലാന്‍ഡ്സ്‌കേപ്പുകളും നൊമാഡ് ജീവിതത്തിന്റെ മുഖ്യസവിശേഷതകളായി ചിത്രം ദൃശ്യവല്‍ക്കരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ശാന്തമായൊഴുകുന്ന നദിയും വന്‍ പാറക്കൂട്ടങ്ങളും അവരുടെ യാത്രയുടെ ഭാഗമാണ്. റോഡുകളില്‍ പരസ്പരം കണ്ടുമുട്ടുന്നവരൊക്കെ ഈ നൊമാഡ് കൂട്ടായ്മയില്‍ അംഗങ്ങളാണ്. വീണ്ടും കണ്ടുമുട്ടാമെന്ന ആശംസാവാക്കുകളോടെ പിരിയുന്നവര്‍ പലപ്പോഴും കണ്ടുമുട്ടുന്നുണ്ട്. ചിത്രത്തില്‍ താന്‍ സമ്മാനമായി ലൈറ്റര്‍ കൊടുത്തയാളെ ഫേണ്‍ വീണ്ടും കണ്ടുമുട്ടുന്നു. തന്റെ വിവാഹസമയത്ത് ചൊല്ലിയ കവിത മറക്കാതെ, അവര്‍ അയാളെ ചൊല്ലിക്കേള്‍പ്പിക്കുന്നു. ഫേണിന്റെ കയ്യിലുള്ള സോസേജിനു പകരം അയാള്‍ അവര്‍ക്ക് ബിയര്‍ നല്‍കുന്നു. ഇത്തരത്തിലുള്ള ചെറിയ സന്തോഷങ്ങള്‍ റോഡുകളിലെ ഏകാന്തമായ ജീവിതത്തിനു അര്‍ത്ഥം നല്‍കുന്നു. ഇതുപോലുള്ള നിരവധി സന്ദര്‍ഭങ്ങളിലൂടെ മുന്‍പോട്ട് പോകുന്ന ചിത്രം നൊമാഡ് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ജീവിതത്തില്‍ നേരത്തെ പരസ്പരം കണ്ടിട്ടില്ലാത്തവര്‍, ഇനി കാണുമോയെന്ന് ഉറപ്പില്ലാത്തവര്‍, അവരുടെ ബന്ധങ്ങളിലെ തീവ്രത ചിത്രം സാക്ഷാല്‍ക്കരിക്കുന്നു. തികച്ചും അനിശ്ചിതമായ ജീവിതത്തിന്റെ സൂക്ഷിപ്പുകാരായ നൊമാഡുകളുടെ ജീവിതം സ്വയം അനുഭവിച്ചറഞ്ഞതിനുശേഷമാണ് ജെസ്സീക്കാ ബ്രുഡര്‍ ചിത്രത്തിന് അടിസ്ഥാനമായ തന്റെ പുസ്തകം, 'നൊമാഡ് ലാന്‍ഡ്: സര്‍വൈവിങ്ങ് അമേരിക്ക ഇന്‍ ട്വന്റിഫസ്റ്റ് സെന്‍ച്വറി' എഴുതിയത്.
 
വേര്‍പാടിന്റേയും കൂടിച്ചേരലിന്റേയും ഏകാന്തതയുടേയും ആഹ്ലാദത്തിന്റേയും സൂക്ഷ്മമായ കാഴ്ചകള്‍ സംവിധായിക ചിത്രത്തില്‍ സൃഷ്ടിക്കുന്നുണ്ട്. വെറും നിമിഷനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഈ കാഴ്ചകള്‍ വളരെയേറെ വികാരസാന്ദ്രത ചിത്രത്തിനു നല്‍കുന്നു. ചിത്രം തുടങ്ങുമ്പോള്‍, വാനിലേക്ക് സാധനങ്ങള്‍ മാറ്റുന്ന ഫേണ്‍, ഒരു പുള്ളോവര്‍ അടുക്കിപ്പിടിച്ച് അല്പനേരത്തേക്ക് ചിന്തയിലാവുന്നു. ജീവിതത്തില്‍ തനിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോയുടെ പുള്ളോവര്‍ അവര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുകയാണ്. തനിക്ക് വളരെയേറെ പ്രിയപ്പെട്ട സ്വാങ്കിയെന്ന കാന്‍സര്‍ രോഗിയോട് അവര്‍ യാത്ര പറയുന്നത് ഇത്തരം മറ്റൊരു സന്ദര്‍ഭമാണ്. കുട്ടിക്കാലത്തെ ഫോട്ടോകളില്‍ മാതാപിതാക്കള്‍ക്കൊപ്പമുള്ള കൊച്ചുകുട്ടിയായ തന്നെ അവര്‍ തിരിച്ചറിയുന്നത് മറ്റൊരു മുഹൂര്‍ത്തമാണ്. ഇങ്ങനെ നിരവധി വൈകാരികമായ സന്ദര്‍ഭങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു. 

നൊമാഡുകളും സാധാരണ കുടുംബജീവിതം നയിക്കുന്നവരും തമ്മിലുള്ള വൈരുദ്ധ്യങ്ങളും ചിത്രം രേഖപ്പെടുത്തുന്നുണ്ട്. ഫേണിനെ തങ്ങളുടെ വീടുകളിലേക്ക് സ്ഥിരതാമസത്തിനായി ക്ഷണിക്കയും അവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരേയും ചിത്രത്തില്‍ നമുക്കു കാണാം. ആമസോണില്‍ ജോലി ചെയ്യുമ്പോള്‍, ആകസ്മികമായി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട തന്റെ മുന്‍ വിദ്യാര്‍ത്ഥിനികളെ സ്‌നേഹപൂര്‍വ്വം തിരിച്ചറിഞ്ഞ ഫേണിനെ അവരുടെ അമ്മ വീട്ടിലേക്ക് ക്ഷണിക്കുന്നതും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ഇവയിലൊന്നാണ്. തന്റെ യാത്രയ്ക്കിടയില്‍ ഫേണ്‍ രണ്ട് വീടുകളിലാണ് പ്രധാനമായും പോകുന്നത്. ഡോവിന്റെ ക്ഷണമനുസരിച്ച്, അയാളുടെ മകന്റെ കുട്ടിയെ കാണാന്‍ വീട്ടിലെത്തുമ്പോള്‍ അവിടെ ഒരു പാര്‍ട്ടി നടക്കുകയാണ്. ആ വീട്ടിലെ വളരെ സൗകര്യപ്രദമായ മുറിയില്‍ ഉറങ്ങാനാകാതെ, രാത്രി ആരുമറിയാതെ പുറത്തിറങ്ങി തന്റെ വാനിലെ പതിവ് ഉറക്കത്തിലേക്ക് അവര്‍ മടങ്ങുന്നത് ചിത്രത്തില്‍ കാണാം. വാന്‍ കേടായപ്പോള്‍ പണത്തിനായി തന്റെ സഹോദരി ഡോളിയുടെ വീട്ടില്‍ ചെല്ലുന്നു ഫേണ്‍. പഴയകാല ജീവിതം ഓര്‍മ്മിച്ചുകൊണ്ട്, ഡോളി അവിടെ സ്ഥിരമായി താമസിക്കാനാവശ്യപ്പെടുമ്പോള്‍ ഫേണ്‍ പറയുന്നു: ''ഇപ്പോള്‍ എനിക്ക് കിടക്കയിലുറങ്ങാന്‍ കഴിയാതായിരിക്കുന്നു. മുറികളുടെ സുരക്ഷിതത്വത്തില്‍ ഉറങ്ങാന്‍ പറ്റാതായിരിക്കുന്നു.'' അവരുടെ പതിവു ജീവിതം റോഡരുകിലെ വാനിലോ അല്ലെങ്കില്‍ ഏതെങ്കിലും ടെന്റിലോ ആയിക്കഴിഞ്ഞിരുന്നു. തന്റെ വാന്‍ കേടായപ്പോള്‍ റിപ്പയര്‍ ചെയ്യുന്ന മെക്കാനിക്കിനോട് ഫേണ്‍ ഇതു പറയുന്നുണ്ട്: ''ഇത് വെറും വാനല്ല, എന്റെ വീട് കൂടിയാണ്.'' അധികകാലം തങ്ങാനാവാതെ വീടുകളില്‍നിന്നെല്ലാം അവര്‍ പെട്ടെന്ന് മടങ്ങുന്നു. വാനും റോഡും ചേര്‍ന്നുണ്ടാക്കുന്ന താളക്രമത്തില്‍നിന്നു ജീവിതത്തെ വേര്‍പെടുത്താനാവാതെ കഴിയുകയാണ് ഫേണും അവരെപ്പോലുള്ള മറ്റ് നൊമാഡുകളും. 

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇറ്റാലിയന്‍ പിയാനിസ്റ്റും കമ്പോസ്സറുമായ ലഡോവിക്ക ഐനൗദി തുടക്കത്തില്‍ ശാന്തമായ പിയാനോ സ്വരങ്ങളിലൂടെ ചിത്രത്തെ മുന്‍പോട്ട് കൊണ്ടുപോകുന്നു. തുടര്‍ന്നു കൂടുതല്‍ സാന്ദ്രതയാര്‍ന്ന വൈകാരിക രേഖപ്പെടുത്തലുകളിലേക്ക് അദ്ദേഹത്തിന്റെ സംഗീതം പുരോഗമിക്കുന്നു. ഫേണിന്റെ ആന്തരിക സഞ്ചാരങ്ങളുടെ നിമ്നോന്നതങ്ങള്‍ സംഗീതം പ്രേക്ഷകരിലെത്തിക്കുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജോഷ്വാ ജയിംസ് റിച്ചാഡ്സി(Joshua James Richards)ന്റെ ഛായാഗ്രഹണം നൊമാഡ് ലാന്‍ഡിന്റെ കാഴ്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്. തുറസ്സായ ലാന്‍ഡ്സ്‌കേപ്പുകളും പാറക്കൂട്ടങ്ങളും തെളിമയാര്‍ന്ന ജലാശയവും നീലാകാശവുമൊക്കെച്ചേര്‍ന്ന നൊമാഡ് ജീവിത പശ്ചാത്തലം അമേരിക്കന്‍ ജീവിതത്തിലെ അപൂര്‍വ്വമായ ഒരു അദ്ധ്യായമാക്കിത്തീര്‍ക്കുകയാണ് ജോഷ്വാ ജെയിംസ്. 

നൊമാഡ് ലാന്‍ഡ്സ്, അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ഫ്രാന്‍സിസ് മക്ഡൊര്‍മാന്റിന്റെ കൂടി ചിത്രമാണ്. 1957-ല്‍ അമേരിക്കയിലെ ഇല്യാനോസില്‍ ജനിച്ച അവരെ ദത്തെടുത്ത് വളര്‍ത്തുന്നത് ഒരു നഴ്സും അവരുടെ ഭര്‍ത്താവായ പാതിരിയുമാണ്. തിയേറ്ററില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ മക്ഡൊര്‍മാന്റ് തുടക്കത്തില്‍ നാടക അഭിനയരംഗത്തായിരുന്നു സജീവമായിരുന്നത്. പ്രസിദ്ധ അമേരിക്കന്‍ സംവിധായകന്‍ ജോയെല്‍ കോയെനെ വിവാഹം കഴിച്ചതോടെ അവര്‍ സിനിമയിലേയ്ക്ക് ചുവട് മാറ്റി. ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്, അക്കാദമി, ബ്രിട്ടീഷ് അക്കാദമി തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ മക്ഡൊര്‍മാന്റ് മികച്ച അഭിനയമാണ് നൊമാഡ് ലാന്‍ഡില്‍ കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ സൂക്ഷ്മതയോടെയുള്ള അഭിനയ സന്ദര്‍ഭങ്ങള്‍ ചിത്രത്തെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകമാണ്. ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്കു ലഭിച്ചിട്ടുണ്ട്. നൊമാഡ് ലാന്‍ഡിനെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു: ''എന്റെ നാല്‍പ്പതുകളില്‍, ഞാനെന്റെ ഭര്‍ത്താവിനോട് പറഞ്ഞു: ''എനിക്ക് 65 വയസ്സാകുമ്പോള്‍ ഞാനെന്റെ പേര് ഫേണെന്നാക്കി മാറ്റും. പുകവലിച്ചും ഇടയ്ക്ക് മദ്യപിച്ചും ഞാന്‍ ഒരു ആര്‍വി(RV-recreational vehicle)യില്‍ ഏകാന്തമായ റോഡുകളിലൂടെ സഞ്ചരിക്കും. റോഡിലെ സ്വാതന്ത്ര്യമൊന്ന് വേറെതന്നെയാണ്. എന്നാലെന്നെ പുസ്തകത്തില്‍ (ചിത്രമടിസ്ഥാനമാക്കിയ ജെസ്സീക്കാ ബ്രുഡറിന്റെ 'നൊമാഡ് ലാന്‍ഡെ'ന്ന പുസ്തകം) ആകര്‍ഷിച്ചത്, ഇത് (ബോബ് വെല്‍സിന്റെ നേതൃത്വത്തിലുള്ള നൊമാഡ് കൂട്ടായ്മ) അമേരിക്കയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിലവില്‍വന്ന ഒരു പ്രസ്ഥാനമാണെന്നതാണ്. എന്റെ പ്രായത്തിലുള്ളവരേയാണ് ഇതു ബാധിച്ചിരിക്കുന്നത്.'' 

ചൈനയില്‍ ജനിച്ച അമേരിക്കന്‍ സ്വതന്ത്ര സംവിധായിക ക്ലിയോ ജാവോയുടെ മൂന്നാമത്തെ ചിത്രമാണ് 'നൊമാഡ് ലാന്‍ഡ്.' ചൈനയുടെ വ്യാവസായിക മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിച്ച ജാവോ യുജി(Zhao Yuj)യുടേയും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കലാസംഘത്തില്‍ സജീവമായിരുന്ന ആശുപത്രി ജോലിക്കാരിയുടേയും മകളായി ബീജിങ്ങില്‍, 1982-ല്‍ ജനിച്ച ജാവോ, ബ്രിട്ടനിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയില്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദവും ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ചലച്ചിത്ര നിര്‍മ്മാണപഠനവും പൂര്‍ത്തിയാക്കി. ആദ്യചിത്രം 2015-ലെ 'സോങ്ങ്സ് മൈ ബ്രദേഴ്സ് ടോട്ട് മി' (Songs My Brothers Taught Me) കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്നൈറ്റ് (Director'sfortnight) വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കയും 31-ാമത് ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് അവാര്‍ഡില്‍ (Independent Spirits Award) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2017-ല്‍ നിര്‍മ്മിച്ച അടുത്ത ചിത്രം 'ദ റൈഡര്‍' (The Rider) കാനില്‍ ഡയറേക്റ്റഴ്സ് ഫോര്‍ട്ട് നൈറ്റില്‍ പ്രദര്‍ശിപ്പിക്കയും അവിടെ ആര്‍ട്ട് സിനിമ അവാര്‍ഡ് (Art Cinema Award) നേടുകയും ചെയ്തു. കൂടാതെ 2017-ലെ ഇന്‍ഡിപെന്‍ഡന്റ് സ്പിരിറ്റ് അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച സംവിധായിക എന്നീ പുരസ്‌കാരങ്ങളും ചിത്രം നേടി. അതിനുശേഷമാണ് അന്താരാഷ്ട്രതലത്തില്‍ ഓസ്‌കാറടക്കം അനവധി പുരസ്‌കാരങ്ങള്‍ നേടിയ നൊമാഡ് ലാന്‍ഡിലേക്ക് ജാവോ കടക്കുന്നത്. ചെറുപ്രായത്തില്‍, പ്രശസ്ത ചലച്ചിത്രകാരന്‍ വാങ്ങ്കാര്‍വായ് (Wong Kar-wai)യുടെ 'ഹാപ്പി ടുഗദര്‍' (Happy Together, 1997) എന്ന ചിത്രം കണ്ടതിനുശേഷമാണ് ഒരു സംവിധായികയാകണമെന്ന ആഗ്രഹം ജാവേയ്ക്കുണ്ടാകുന്നത്. ജര്‍മന്‍ സംവിധായകന്‍ വെര്‍നെര്‍ ഹെര്‍സോഗ്, അമേരിക്കന്‍ ചലച്ചിത്രകാരന്‍ ടെറന്‍സ്സ് മാലിക്ക് എന്നിവരുടെ സ്വാധീനം തനിക്കുണ്ടായിരുന്നെന്നു പറയുന്ന ജോവോയെ, ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സിനിമാവിഭാഗം പ്രൊഫസ്സറായിരുന്ന സ്പൈക്ക് ലീ വളരെയേറെ സ്വാധീനിച്ചിരുന്നു. 2021 നവംബറില്‍ അവരുടെ അടുത്ത ചിത്രം ഇറ്റേണല്‍സ് റിലീസ് ചെയ്യാന്‍ പോവുകയാണ്. 

നൊമാഡ് ലാന്‍ഡ് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോഴും ചിത്രം പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. 2021-ലെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച ചിത്രം, മികച്ച നടി, 2021-ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ, 2020-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം, ബാഫ്റ്റ അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധാനം, നടി, ഛായാഗ്രഹണം, തിരക്കഥ എന്നിവയ്ക്കുള്ള അവാര്‍ഡുകളും ചിത്രം നേടിക്കഴിഞ്ഞു. ഇതേവരെ ആകെ 223 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'നൊമാഡ് ലാന്‍ഡ്' അവാര്‍ഡുകളില്‍ ഒരു ചരിത്രം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. നൊമാഡ് ലാന്‍ഡ് കണ്ട പ്രസിദ്ധ മെക്‌സിക്കന്‍ ചലച്ചിത്രകാരനും 2018-ലെ ശ്രദ്ധേയ ചിത്രം 'റോമ'(Roma)യുടെ സംവിധായകനുമായ അല്‍ഫോന്‍സ ക്യുറോണ്‍ (Alfonos Cuaron) ഇങ്ങനെ അഭിപ്രായപ്പെടുന്നു: ''ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലൂടെയുള്ള അത്ഭുതകരമായ ഒരു യാത്രയാണ് ചിത്രം എനിക്കു സമ്മാനിച്ചത്.'' 

പുരസ്‌കാരങ്ങള്‍ക്കൊപ്പം നൊമാഡ് ലാന്‍ഡ് ഉണ്ടാക്കുന്ന വിവാദങ്ങളും ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ സജീവമാണ്. 2013-ല്‍ അമേരിക്കന്‍ മാസികയായ ഫിലിം മേക്കര്‍ സംവിധായിക ക്ലിയോ ജാവോയുമായി നടത്തിയ അഭിമുഖത്തില്‍ അവര്‍, ''താന്‍ അമേരിക്കന്‍ പ്രമേയങ്ങളുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കാരണം ''എല്ലായിടങ്ങളിലും കളവുകള്‍ മാത്രമുള്ള രാജ്യത്ത്' 'ജനിക്കയും ജീവിക്കയും ചെയ്തതിനാലാണെന്ന്'' പറഞ്ഞിരുന്നു. അതോടൊപ്പം അവരുടെ ചൈനീസ് പൗരത്വവും ഇപ്പോള്‍ വിവാദവിഷയമാക്കിയിരിക്കയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ആദ്യ ഏഷ്യന്‍ വനിതയായ ജാവോവിനെ ഏറെ പുകഴ്ത്തിയ ചൈനീസ് മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍നിന്ന് സിനിമയുടെ പോസ്റ്റര്‍വരെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു കാരണമായി സൂചിപ്പിക്കപ്പെടുന്നത് ''ചിത്രം നിയമലംഘനം നടത്തി''യെന്നതാണ്. നേരത്തെ ഏപ്രില്‍ 23-ന് ചൈനയില്‍ റിലീസ് ചെയ്യുമെന്നു പ്രഖ്യാപിച്ച നൊമാഡ് ലാന്‍ഡിനെക്കുറിച്ച് ഇപ്പോള്‍ അധികൃതര്‍ മൗനംപാലിക്കുകയാണ്. ചൈനയിലെ സാമൂഹ്യമാധ്യമമായ വീബോയില്‍ അടുത്ത് വന്ന ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: ''ചൈനയില്‍ അവര്‍ ജാവോയെ ചൈനക്കാരിയായി കണക്കാക്കുന്നില്ല, അമേരിക്കയില്‍ അമേരിക്കക്കാരിയായും. അവര്‍ തീര്‍ച്ചയായും നൊമാഡ് ലാന്‍ഡിലാണ്.'' അതിനൊന്നിച്ചുള്ള ജാവോയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ മുഖം സെന്‍സര്‍ഷിപ്പ് ചിഹ്നത്താല്‍ മറച്ചിരുന്നു. ജാവോയുടെ അടുത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അമേരിക്കയ്ക്ക് പുറത്തുള്ള പ്രധാന മാര്‍ക്കറ്റായി ചൈനയാണ് കണ്ടിരുന്നത്. ഈ വിവാദങ്ങളോടെ അവരിപ്പോള്‍ ആശങ്കയിലാണ്. 

തങ്ങളുടെ വെയര്‍ഹൗസുകളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ആമസോണ്‍ നല്ല രീതിലാണ് നൊമാഡ് ലാന്‍ഡിന്റെ ചിത്രീകരണത്തില്‍ സഹകരിച്ചത്. എന്നാല്‍, ആമസോണിലെ തൊഴിലാളികള്‍ ഇപ്പോള്‍ ചിത്രത്തിനെതിരായി മുന്‍പോട്ട് വന്നിരിക്കയാണ്. ആമസോണിലെ കോണ്‍ട്രാക്ട് തൊഴിലാളികളുടെ യഥാര്‍ത്ഥത്തിലുള്ള ജീവിതമല്ല ചിത്രം ആവിഷ്‌കരിക്കുന്നതെന്നു പറഞ്ഞുകൊണ്ട് തൊഴിലാളികള്‍ ചിത്രത്തിനെതിരെ പ്രചരണം നടത്തുന്നു. ചിത്രത്തില്‍ രണ്ട് ഘട്ടങ്ങളില്‍ ഫേണ്‍ ആമസോണിന്റെ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ ജോലി ഭാരിച്ചതാണെങ്കിലും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതായി ചിത്രത്തിലൊരിടത്തും നാം കാണുന്നില്ല. എന്നാല്‍, ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ജീവനക്കാര്‍, പ്രത്യേകിച്ച് ഫേണിനെപ്പോലുള്ള താല്‍ക്കാലിക ജീവനക്കാര്‍ യഥാര്‍ത്ഥത്തില്‍ വന്‍ദുരിതങ്ങളാണ് നേരിടുന്നത്. ഡെലിവറി ട്രക്കുകളില്‍ ക്യാമറ വെക്കുക, തൊഴിലാളികളുടെ ശരീരങ്ങളില്‍ മോണിറ്റര്‍ ഘടിപ്പിക്കുക, എല്ലായിടങ്ങളിലും സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നടപടികളുമായി ആമസോണ്‍ തൊഴിലാളികളെ പീഡിപ്പിച്ചുകൊണ്ടിരിക്കയാണ്. തൊഴിലാളികള്‍ ഒന്നിച്ചുകൂടി സംഘടനകള്‍ രൂപീകരിക്കുന്നുണ്ടോ എന്നറിയാന്‍ ഹീറ്റ് മാപ്പുകളുണ്ടാക്കുന്ന സംവിധാനംപോലും കമ്പനിക്കുണ്ട്. ജോലിക്കിടയില്‍ ബാത്ത്റൂമില്‍ പോകാന്‍ സൗകര്യമില്ലാത്തതിനാല്‍ പലരും മൂത്രമൊഴിക്കാനുള്ള കുപ്പിയുമായാണ് ജോലിക്ക് പോകുന്നത്. ഗിഗ് (gig economy, സ്ഥിരജോലികളില്ലാത്ത, താല്‍ക്കാലിക-കേണ്‍ട്രാക്ട് ജോലികള്‍ മാത്രം നല്‍കുന്ന പുത്തന്‍ സാമ്പത്തിക ക്രമം) സാമ്പത്തികാവസ്ഥയും കോണ്‍ട്രാക്ട് തൊഴിലാളികളുടെ ജീവിതവും ആവിഷ്‌കരിക്കുന്ന പ്രസിദ്ധ ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ലോച്ചിന്റെ (Ken Loach) 'സോറി, വി മിസ്സ്ഡ് യൂ' എന്ന ചിത്രത്തില്‍ ഇത്തരം കുപ്പികളുമായി ഡെലിവറി വാനുകളില്‍ ജോലി ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിരിക്കയാണ്. താപനില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ലാതെ, കൊടുംചൂടിലും തണുപ്പിലും വെയര്‍ഹൗസുകളിലെ തൊഴിലാളികള്‍ വളരെയധികം പ്രയാസപ്പെടുന്നു. സദാസമയവും ക്യാമറകളുടെ നിരീക്ഷണങ്ങളില്‍പ്പെട്ട് തൊഴിലാളികളുടെ ആത്മവീര്യം നഷ്ടപ്പെടുന്നു. ഇവയൊന്നും സൂചിപ്പിക്കപോലും ചെയ്യാതെ, ഫേണ്‍ സന്തോഷത്തോടെ ജോലി ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്ന നൊമാഡ് ലാന്‍ഡിനെതിരെ ആമസോണിലെ തൊഴിലാളികള്‍ ശക്തമായി പ്രതികരിക്കുന്നു. 

ലോകത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെടുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നൊമാഡ് ലാന്‍ഡ്, വിവാദങ്ങള്‍ക്ക് വിഷയമാകുകയും ചെയ്യുന്നതാണ് നാമിപ്പോള്‍ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com