കെ.ആര്‍. ഗൗരിയമ്മ; ചുവന്ന പൂവിന്റെ ജീവിതം

കെ.ആര്‍. ഗൗരിയമ്മയും ആര്‍. ബാലകൃഷ്ണ പിള്ളയും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ യാത്രയാകുമ്പോള്‍ കേരള രാഷ്ട്രീയം ഓര്‍ത്തുപോകുന്ന ഒരു അപൂര്‍വ്വ സന്ദര്‍ഭമുണ്ട്
കെആർ ​ഗൗരിയമ്മ
കെആർ ​ഗൗരിയമ്മ

കെ.ആര്‍. ഗൗരിയമ്മയും ആര്‍. ബാലകൃഷ്ണ പിള്ളയും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ യാത്രയാകുമ്പോള്‍ കേരള രാഷ്ട്രീയം ഓര്‍ത്തുപോകുന്ന ഒരു അപൂര്‍വ്വ സന്ദര്‍ഭമുണ്ട്. ഇടതുമുന്നണിക്കു ഭൂരിപക്ഷമുണ്ടായിരുന്ന പത്താം നിയമസഭയില്‍ ആദ്യമായി ഇടതുപക്ഷത്തു നിന്നല്ലാതെ ജയിച്ചുവന്ന ഗൗരിയമ്മയെ പിന്‍സീറ്റിലിരുത്താന്‍ ആര്‍. ബാലകൃഷ്ണ പിള്ളയെക്കൂടി പിന്‍സീറ്റിലേക്കു മാറ്റിയതാണ് അത്. കാലവും രാഷ്ട്രീയവും മാറി വന്നപ്പോള്‍ ബാലകൃഷ്ണ പിള്ള ഇടതുമുന്നണി ഘടകകക്ഷി നേതാവായി; സി.പി.എമ്മിന് ഗൗരിയമ്മയോടുള്ള ദേഷ്യവും വെറുപ്പും അലിഞ്ഞില്ലാതായി. '1996-ല്‍ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയായാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അക്കാലം വരെ കക്ഷിനേതാക്കള്‍ക്ക് നിയമസഭയില്‍ മുന്‍നിരയിലാണ് സീറ്റ് കിട്ടിയിരുന്നത്. ആ സഭയുടേയും ആദ്യ സമ്മേളനത്തില്‍ എനിക്കും മുന്‍നിരയില്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍, രണ്ടാം സമ്മേളനം മുതല്‍ എന്റെ സീറ്റ് പിറകിലെ ബെഞ്ചിലേക്കു നീക്കി. എന്റെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രമേയുള്ളൂ എന്നതാണ് അതിന്റെ ന്യായമായി പറഞ്ഞത്. നിയമസഭയില്‍ വളരെക്കാലമായി മുന്‍നിരയിലുണ്ടായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ സീറ്റും ഇതിനൊപ്പം പിറകിലേക്കു മാറ്റി, എന്നും ഒന്നാം നിരയില്‍ മാത്രം ഇരുന്നിട്ടുള്ള അദ്ദേഹത്തിന് ഈ പിറകിലേക്കുള്ള സീറ്റു മാറ്റി ഇരുത്തലുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, ഞാന്‍ കാരണമാണ് ഈ ദുരന്തം അദ്ദേഹത്തിനു സംഭവിക്കാന്‍ ഇടയായത് എന്ന പരിഭവം പറച്ചില്‍ നിര്‍ത്തിയിരുന്നുമില്ല'' ആത്മകഥയുടെ ആമുഖത്തില്‍ ഇതേക്കുറിച്ച് ഗൗരിയമ്മ എഴുതി. അന്ന് ഗൗരിയമ്മ അരൂരില്‍ മത്സരിച്ചത് യു.ഡി.എഫ് പിന്തുണയോടെയാണ്. ആ തെരഞ്ഞെടുപ്പ് സി.പി.എമ്മിനും നിര്‍ണ്ണായകമായിരുന്നു. പാര്‍ട്ടി പുറത്താക്കിയിട്ടും ജനങ്ങള്‍ പുറത്താക്കിയില്ല; ജയിച്ചത് ഗൗരിയമ്മ. പക്ഷേ, സംസ്ഥാനത്ത് അധികാരത്തിലെത്തിയത് ഇടതുമുന്നണി സര്‍ക്കാരാണ്. ആദ്യമായി ഇടതുപക്ഷത്തിന്റെ എതിര്‍പക്ഷത്തിരുന്ന ആ കാലത്തെ നിരവധി അനുഭവങ്ങള്‍ വികാരാധീനയായി ഗൗരിയമ്മ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. കാലം അവര്‍ക്കും സി.പി.എമ്മിനും ഇടയിലെ അകലം കുറയ്ക്കുന്നത് പിന്നെയും രണ്ടു പതിറ്റാണ്ടിനുശേഷമാണ്. കൊവിഡ് കാലമായിട്ടും മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തി അവരുടെ പൊതുദര്‍ശനത്തിനും വിലാപയാത്രയ്ക്കും അവസരമൊരുക്കാനുള്ള നിയോഗമുണ്ടായത് ഇടതുമുന്നണി സര്‍ക്കാരിന്. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ചെങ്കൊടി താഴ്ത്തി കരിങ്കൊടി ഉയര്‍ത്തി.

2015 ആഗസ്റ്റ് 19-നു പി. കൃഷ്ണപിള്ള ദിനത്തില്‍ സി.പി.എമ്മിലേക്കു മടങ്ങാന്‍ ഗൗരിയമ്മ തീരുമാനിച്ചിരുന്നു. സി.പി.എം ഏറെ ആലോചിച്ചാണെങ്കിലും തികഞ്ഞ ആവേശത്തോടെ എടുത്ത തീരുമാനംകൂടി ആയിരുന്നു ആ മടക്കിക്കൊണ്ടുവരല്‍. ''വിപ്ലവ പ്രസ്ഥാനത്തിന്റെ പതാകയേന്തി പൊതുജീവിതത്തിലേക്കു കടന്നുവന്നവരാണ് ഗൗരിയമ്മ. ഒരു പ്രത്യേക സാഹചര്യത്തില്‍ ഗൗരിയമ്മയും പാര്‍ട്ടിയും തമ്മിലുണ്ടായ അകല്‍ച്ചയ്ക്കു പരിഹാരം കണ്ടെത്തുകയാണ് ഇപ്പോള്‍. ഇത് സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും കൂടുതല്‍ ശക്തിപ്പെടുത്തും. സി.പി.എമ്മും ഇടതുപക്ഷവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടാന്‍ ഇനിയുള്ള നാളുകളില്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഗൗരിയമ്മ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമാകുന്നത് വലിയ ഊര്‍ജ്ജസ്വലതയും ഉണര്‍വ്വും ഉത്തേജനവും നല്‍കുമെന്നതില്‍ സംശയമില്ല. ഗൗരിയമ്മയ്ക്ക് സി.പി.എമ്മിലെ മറ്റു നേതാക്കന്മാരുടെ ഒപ്പമോ അതിലധികമോ നമ്മുടെ നാട്ടിലെ ചൂഷിതരും ദുരിതം അനുഭവിക്കുന്നവരുമായ ജനങ്ങളില്‍ പോരാട്ട വീര്യവും ഭാവിയെ സംബന്ധിച്ച ശുഭപ്രതീക്ഷയും രൂപപ്പെടുത്താന്‍ സാധിക്കും'' പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയുടെ അന്നത്തെ വാക്കുകള്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അരൂരിലെ വീട്ടിലെത്തി ഗൗരിയമ്മയെ കണ്ടു. പക്ഷേ, ഇനിയും ഗൗരിയമ്മയും സി.പി.എമ്മും വിശദീകരിച്ചിട്ടില്ലാത്ത പല കാരണങ്ങള്‍കൊണ്ട് ആ മടക്കം സംഭവിച്ചില്ല. വിശാഖപട്ടണത്തു ചേര്‍ന്ന സി.പി.എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മ ഉള്‍പ്പെടെയുള്ളവരെ വീണ്ടും പാര്‍ട്ടിയുടെ ഭാഗമാക്കല്‍. പാര്‍ട്ടിയില്‍ത്തന്നെ കൊണ്ടുവരികയും അംഗത്വം തരികയും ചെയ്ത പി. കൃഷ്ണപിള്ളയുടെ ഓര്‍മദിനത്തില്‍ തിരിച്ചുവരവു സമ്മേളനം വേണം എന്നത് ഗൗരിയമ്മയുടെ ആവശ്യമായിരുന്നു. 

ഞങ്ങളൊക്കെ വലിയ ആവേശത്തിലാണ് എന്ന് സി.പി.എമ്മിലെ പുതിയ തലമുറ നേതാക്കള്‍ ആത്മാര്‍ത്ഥമായി പ്രതികരിച്ച ആ ദിവസങ്ങളില്‍, സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ട ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനോട് ഞങ്ങള്‍ പ്രതികരണം ചോദിച്ചു. അദ്ദേഹം അന്നു പറഞ്ഞതില്‍നിന്നു ചിലത് വീണ്ടും: ''ഗൗരിയമ്മ സി.പി.എമ്മില്‍ ചേരുന്നുവെന്നു പറയുന്നത് നമോവിചാര്‍ മഞ്ചിലെ ആളുകളെ സ്വീകരിച്ചു ചേര്‍ക്കുന്നതുപോലെയോ ഷൊര്‍ണൂരിലെ 'വിദ്വാനെ'പ്പോലെ പലരേയും ചേര്‍ക്കുന്നതുപോലെയോ അല്ല. പി. കൃഷ്ണപിള്ള പാര്‍ട്ടി അംഗത്വം നല്‍കിയ ആളാണ് ഗൗരിയമ്മ എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതാണ് ആഗസ്റ്റ് 19-നു, കൃഷ്ണപിള്ള ദിനത്തില്‍ത്തന്നെ തിരിച്ചെത്തുന്നതിന്റെ പ്രാധാന്യം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പോയ അവര്‍ തിരിച്ചെത്തുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ ഗൗരിയമ്മ കൊടുക്കേണ്ടതും സി.പി.എം കൊടുക്കേണ്ടതുമായ ചില വിശദീകരണങ്ങളുണ്ട്. എന്തിനാണ് സി.പി.എം എന്നെ പുറത്താക്കിയത് എന്ന ചോദ്യം അവര്‍ ഉന്നയിച്ചിട്ടു കുറേ കൊല്ലമായി. അതുകൊണ്ടാണ് അവര്‍ പാര്‍ട്ടിയിലേക്കു വരുന്നതിനു താമസമുണ്ടായത്. അതിനു പാര്‍ട്ടി മറുപടി പറഞ്ഞിട്ടില്ല. ഈ തിരിച്ചെടുക്കലിനെ രാഷ്ട്രീയമായാണ് സി.പി.എം കാണുന്നതെങ്കില്‍ അതിനു മറുപടി പറയണം. രാഷ്ട്രീയമായി കാണാതെ സി.പി.എമ്മിനെപ്പോലെ ഒരു പാര്‍ട്ടിക്ക് ഇത്തരമൊരു തീരുമാനമെടുക്കാനാകില്ല. മനുഷ്യത്വപരമായി ചെയ്യാം. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടിയാകുമ്പോള്‍ ആ മനുഷ്യത്വം ആ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിനുകൂടി ചേര്‍ന്നതാകണമല്ലോ. സി.പി.എം രാഷ്ട്രീയത്തിനെതിരെയാണ് അവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോള്‍ സി.പി.എം ആ അവസ്ഥയില്‍നിന്ന് എങ്ങോട്ടാണ് പോയിരിക്കുന്നത്? കൂടുതല്‍ നന്നായിരിക്കുകയാണോ അതോ എല്ലാം പോയി വല്ലാത്ത സ്ഥിതിയിലാണോ. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ജനങ്ങളെ മറന്നിരിക്കുന്നു എന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ സി.പി.എമ്മും പെടും. ചരിത്രം ഗൗരിയമ്മയോടൊപ്പവും അവര്‍ക്കു ശേഷവും മുന്നോട്ടു പോകും. ആ ചരിത്രം ചോദിക്കുമല്ലോ. സമൂഹത്തിനു മുന്നില്‍ ഇതിന് ഉത്തരങ്ങള്‍ കിട്ടണം. ഏറ്റവും നല്ലത് ഗൗരിയമ്മ വിശദീകരിക്കുന്നതാണ്, അവരില്‍നിന്നാണ് വരേണ്ടത്.'' ഗൗരിയമ്മയും പാര്‍ട്ടിയും മറുപടി പറഞ്ഞില്ല. പക്ഷേ, പാര്‍ട്ടി അവരെ പിന്നീടും പഴയ സഖാവിനെപ്പോലെ തന്നെ കരുതി, വാക്കുകൊണ്ടും പെരുമാറ്റംകൊണ്ടും. അതിന്റെ തുടര്‍ച്ചയാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ മുന്‍കയ്യെടുത്ത പിണറായി വിജയന്റെ അനുശോചന സന്ദേശത്തിലെ വരികള്‍. ''ഇങ്ങനെയൊരാള്‍ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടേയും അഭിമാനമാണ്.'' 

അത് അങ്ങനെ തന്നെയാണ്. ഇത്രകാലവും പ്രായവും ആരോഗ്യപ്രശ്‌നങ്ങളും അവരെ സ്വബോധത്തില്‍നിന്നു മടക്കിക്കൊണ്ടുപോയിട്ടില്ല. എങ്കിലും അതീവഗുരുതരാവസ്ഥയിലായിരുന്ന ദിവസങ്ങളില്‍, അവരുടെകൂടി ത്യാഗങ്ങളാല്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയും മുന്നണിയും കേരള ചരിത്രത്തിലെ അപൂര്‍വ്വ വിജയത്തിലേക്കു കടന്നത് ഒന്നാംനിയമസഭ മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സവിശേഷമുഖമായിരുന്ന അപൂര്‍വ്വതാരം അറിഞ്ഞിരുന്നോ എന്ന് അവര്‍ക്കു മാത്രമറിയാം. 

മുഹൂര്‍ത്തങ്ങളുടെ ഉടമകള്‍
 
1995 ജൂലൈ 14: ഒന്‍പതാം നിയമസഭയുടെ 14-ാം സമ്മേളനം ചേരുകയാണ്. സി.പി.എം അവരെ പുറത്താക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളു. സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ സഭയുടെ ശ്രദ്ധ ഒരു പ്രത്യേക കാര്യത്തിലേക്കു ക്ഷണിച്ചു. ''കേരളത്തിലെ എന്നല്ല രാജ്യത്തുതന്നെ പൊതുജീവിതത്തിലെ പ്രഗല്‍ഭമതിയായി വളര്‍ന്നു കഴിഞ്ഞ ശ്രീമതി കെ.ആര്‍. ഗൗരിയമ്മയുടെ ജന്മനാളില്‍ മുഴുവന്‍ നിയമസഭാംഗങ്ങള്‍ങ്ങള്‍ക്കും വേണ്ടി ഞാന്‍ അവര്‍ക്ക് ആയുരാരോഗ്യ സൗഭാഗ്യങ്ങള്‍ നേരുന്നു.'' സഭയിലെ സി.പി.എം ബെഞ്ചുകളിലൊഴികെ അഭിനന്ദന മര്‍മ്മരങ്ങളുയര്‍ന്നു. ഗൗരിയമ്മ എണീറ്റു നിന്നു: ''സര്‍, അങ്ങയുടെ ഈ നല്ല വാക്കുകള്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. പലപ്പോഴും ഞാന്‍ വളരെ റഫായിട്ടു സംസാരിച്ചിട്ടുണ്ട്. അത് ഒരുപക്ഷേ, എന്റെ ആത്മാര്‍ത്ഥതയുടെ പ്രകടനമാണെന്നു വിചാരിച്ച് അങ്ങ് ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' തേറമ്പില്‍ മന്ദഹസിച്ചു, ഗൗരിയമ്മയും. കാരണം, അതൊരു ചരിത്രനിമിഷമായിരുന്നു. അതേ സഭയിലെ പ്രതിപക്ഷത്തെ പ്രമുഖ നേതാവ് എന്ന നിലയില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇടപെടുന്നതിനിടെ സ്പീക്കറുമായും ഇടഞ്ഞിട്ടുണ്ട്, പലവട്ടം. ഇപ്പോള്‍ ഗൗരിയമ്മ പക്ഷേ, പ്രതിപക്ഷ നേതൃനിരയുടെ ഭാഗമല്ല; മാറ്റങ്ങള്‍ പലതും ഇനിയും വന്നുകൂടായ്കയുമില്ല. അതുകൊണ്ടാണ് ആ അഭിനന്ദനത്തിനും ഏറ്റു പറച്ചിലിനും പ്രത്യേക പ്രാധാന്യം വന്നത്. ഗൗരിയമ്മയുടെ 76-ാം ജന്മദിനമായിരുന്നു അത്. 

സഭ തുടരുകയാണ്. കാര്യപരിപാടിയില്‍ അടുത്ത ഇനം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കല്‍ സംബന്ധിച്ച് ഗൗരിയമ്മയുടെ ശ്രദ്ധക്ഷണിക്കല്‍. അത് അവതരിപ്പിച്ച് ഗൗരിയമ്മ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മറുപടി. മാറ്റത്തിന്റെ കാറ്റിന്റെ ചൂളംവിളി അതില്‍ കേള്‍ക്കാമായിരുന്നു. കേരള നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം എന്ന ബഹുമതി അവര്‍ക്കു കൈവന്നപ്പോഴും ശതാഭിഷിക്തയായപ്പോഴും യു.ഡി.എഫ് സര്‍ക്കാരായിരുന്നു അധികാരത്തില്‍. 2004 ഒക്ടോബര്‍ 31-നാണ് സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം എന്ന പി.ആര്‍. കുറുപ്പിന്റെ റെക്കോഡ് തിരുത്തിയത്. 2003 ജൂലൈ 15-നു 11-ാം നിയമസഭയുടെ ആറാം സമ്മേളനകാലത്താണ് ശതാഭിഷിക്തയായത്. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അന്നു പ്രത്യേക പരാമര്‍ശം നടത്തി: ''ഇന്ന് ഈ സഭയിലെ അംഗമായ ശ്രീമതി കെ.ആര്‍. ഗൗരിയമ്മ ശതാഭിഷിക്തയായിരിക്കുകയാണ്. അവര്‍ക്ക് സര്‍വ്വവിധ ഐശ്വര്യങ്ങളും ദീര്‍ഘായുസ്സും സര്‍വ്വ ആരോഗ്യവും നേരുന്നു.'' 

കേരളീയ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച നിരവധി നിയമനിര്‍മ്മാണങ്ങളില്‍ ശില്‍പ്പിയും പങ്കാളിയുമായിരുന്ന ഗൗരിയമ്മയുടെ ജീവിതത്തിലെ നിരവധി അവിസ്മരണീയ നിമിഷങ്ങള്‍ അതേ സഭയിലാണ് സംഭവിച്ചത്. പക്ഷേ, 1957-ലെ ഒന്നാം നിയമസഭയ്ക്കും മുന്‍പേ അവര്‍ ജനപ്രതിനിധിയായിരുന്നു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ശേഷം 1948-ല്‍ നടന്ന ആദ്യ പ്രായപൂര്‍ത്തി വോട്ടെടുപ്പില്‍ ചേര്‍ത്തലയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ആദ്യമായി മത്സരിച്ചത്. സി.പി.ഐ, ആര്‍.എസ്.പി, കെ.എസ്.പി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഐക്യമുന്നണിയുടെ 40 സ്ഥാനാര്‍ത്ഥികളിലൊരാള്‍. 40 പേരും തോറ്റു. പക്ഷേ, നാലുപേര്‍ക്ക് കെട്ടിവച്ച കാശ് തിരിച്ചുകിട്ടി. അതിലൊരാള്‍ ഗൗരിയമ്മ ആയിരുന്നു. പിന്നീട് 1951 ഡിസംബറില്‍ തിരുക്കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയിലില്‍ കഴിഞ്ഞുകൊണ്ടാണ് മത്സരിച്ചത്. അവരുള്‍പ്പെടെ 32 പേര്‍ ഐക്യമുന്നണി സാമാജികരായി. 

രാഷ്ട്രീയത്തിലും ആദര്‍ശങ്ങളിലുമുണ്ടായ മാറ്റം സാമൂഹികജീവിതത്തെ മലിനമാക്കുന്നതിലെ ഉല്‍ക്കണ്ഠ ഗൗരിയമ്മ തുറന്നു പറഞ്ഞപ്പോഴും അതില്‍ നിയമസഭയും തെരഞ്ഞെടുപ്പും പ്രധാന ഭാഗമായി. ''ഞാന്‍ നിയമസഭയില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടു ചെന്നതിനുശേഷം പല തെരഞ്ഞെടുപ്പുകള്‍ നടന്നു. പല പാര്‍ട്ടികള്‍ ഭരണം നടത്തി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും മന്ത്രിസഭകള്‍ ഉണ്ടാക്കി. നിയമസഭാ ചട്ടങ്ങളിലും നിയമസഭാ നടത്തിപ്പിലും പല മാറ്റങ്ങള്‍ വന്നു. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുപോലും ആദ്യകാലത്തെ ആദര്‍ശജീവിതവും മൂല്യബോധവും കൈമോശം വന്നിരിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം നശിച്ചുകൊണ്ടിരിക്കുന്നു. പിടിച്ചുപറി, മോഷണം, സ്വത്തുണ്ടാക്കല്‍, ഭീകരപ്രവര്‍ത്തനം, പച്ചക്കൊലപാതകങ്ങള്‍, സ്ത്രീപീഡനം, അഴിമതി ഇവ വളര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റു പാര്‍ട്ടികളുടെ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടികളിലേക്ക് ഭരണത്തില്‍ വരുന്നവര്‍ നീങ്ങുന്നത് സാധാരണമായിരിക്കുന്നു'' അവര്‍ എഴുതി. 

1996-ല്‍ ആദ്യമായി ജെ.എസ്.എസ് എം.എല്‍.എ ആയി എത്തിയ ഗൗരിയമ്മയ്ക്ക് സഭയില്‍ പ്രസംഗത്തിനു നല്‍കിയിരുന്ന സമയം ഒരു മിനിറ്റു മാത്രമായിരുന്നു. പ്രായമുള്ള, സഭയിലേയും പുറത്തേയും മുതിര്‍ന്ന നേതാവായിട്ടും താമസസൗകര്യം നല്‍കിയില്ല. യാതൊരു സൗകര്യവുമില്ലാത്ത ഒരു ചെറിയ മുറിയില്‍ അവരും ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും കഴിയണം. അതിനു തയ്യാറാകാതെ അനുജത്തിയുടെ മകളുടെ കൂടെയാക്കി താമസം. ''പക്ഷേ, എം.എല്‍.എയെ കാണാന്‍ സന്ദര്‍ശകരും പരാതിക്കാരും ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നതോടെ ആ ചെറിയ വീട്ടില്‍ യാതൊരു കാര്യവും നടക്കാതെയായി. കുട്ടികളുടെ പഠിത്തം മുടങ്ങി. മാര്‍ച്ചില്‍ കുട്ടികളുടെ പരീക്ഷ ആയിരുന്നതിനാല്‍ മാര്‍ച്ച് 16-നുശേഷമുള്ള സഭാ സമ്മേളനത്തിനു പോകാതെ ആലപ്പുഴയില്‍ത്തന്നെ താമസിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലും മറ്റും എടുത്തിരിക്കുന്ന മുറികളുടെ വാടകയുണ്ടെങ്കില്‍ ചെറിയൊരു വീടെടുത്തു തരാവുന്നതേയുള്ളൂ. സ്പീക്കറോടു പറഞ്ഞപ്പോള്‍ അദ്ദേഹം കൈമലര്‍ത്തി. ഒരു എം.എല്‍.എയുള്ള പാര്‍ട്ടിയാണ് എന്റേത്. മേലുനോവാതെ ഇന്ന് അധികാരത്തില്‍ വന്നവര്‍ക്കറിയുമോ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നില്‍നിന്നാണ് തുടങ്ങിയതെന്ന്'' ആത്മകഥയില്‍ ഗൗരിയമ്മ എഴുതി. കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നയമെന്ന് അവര്‍ വെട്ടിത്തുറന്നു പറഞ്ഞു. ''പിന്നെ എന്റെ കാര്യം അവര്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ. കെട്ടിവച്ച കാശ് തരില്ലെന്നു പാര്‍ട്ടി സ്റ്റേറ്റ് സെന്ററിന്റെ പ്രതിജ്ഞയുണ്ടായിരുന്നിട്ടും അവരുടെ കൂടെ നിന്ന കാലത്തേക്കാള്‍ ഇരട്ടി വോട്ടു നേടി ആ മണ്ഡലത്തില്‍നിന്നുതന്നെ ജയിച്ചാല്‍ അവര്‍ക്കു സഹിക്കാന്‍ പറ്റുമോ? എന്ന ചോദ്യത്തില്‍ ആ കാലത്ത് ഗൗരിയമ്മ കടന്നുപോയ പൊള്ളുന്ന ദിനങ്ങളുടെ ചൂടത്രയുമുണ്ട്. 

പിന്നീട് 2001-ലും ജയിച്ച് യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി. 2006-ലാണ് പരാജയപ്പെട്ടത്. അതിനു മുന്‍പ് 1977-ല്‍ മാത്രമാണ് തോറ്റത്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അതേ വര്‍ഷം, 28-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കെ.ആര്‍. ഗൗരി പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത പേര് കെ.ആര്‍. ഗൗരിയമ്മ എന്നാക്കി മാറ്റിയത്. അതോടെ പേരിനു കുറച്ചുകൂടി ഗൗരവവും പ്രൗഡിയും വന്നുവെന്നുമാത്രം. പക്ഷേ, ഗൗരി ആയിരിക്കുമ്പോള്‍ത്തന്നെ കാമ്പും കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ട് ഉറച്ചതായിരുന്നു അവരുടെ വ്യക്തിത്വം. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തക എന്ന നിലയില്‍ 1948-ല്‍ ആദ്യമായി പൊലീസ് അറസ്റ്റു ചെയ്യാനെത്തിയപ്പോള്‍ അതിനോടു പ്രതികരിച്ച രീതിയിലുണ്ട് അതിന്റെ തിളക്കമത്രയും. അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്ന കാലമാണ്. പുലര്‍ച്ചെ ഒരു സി.ഐ.ഡി വീട്ടില്‍ ചെന്നു വിളിച്ചുണര്‍ത്തി വെറുതേ വര്‍ത്തമാനം പറഞ്ഞിരുന്നു. കുറേക്കഴിഞ്ഞ് വന്ന ഇന്‍സ്പെക്ടറാണ് വാറന്റുണ്ടെന്നും അറസ്റ്റു ചെയ്യാന്‍ പോകുകയാണെന്നും പറഞ്ഞത്. ''നിങ്ങളുടെ സി.ഐ.ഡി നേരത്തേ വന്നതാണ്. അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുമായിരുന്നു. പല്ലുപോലും തേച്ചിട്ടില്ല'' എന്നായിരുന്നു ദേഷ്യത്തോടെയുള്ള പ്രതികരണം. ഒരു മണിക്കൂറോളം കഴിഞ്ഞ് പല്ലുതേച്ച് കുളിയും പ്രഭാതഭക്ഷണും കഴിഞ്ഞാണ് പൊലീസിനൊപ്പം പോയത്. അതിനിടെ വീട്ടിലുള്ളവരെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിച്ചു. പുറത്ത് ആയിരത്തോളം ആളുകള്‍. ജീപ്പിന്റെ മുന്‍സീറ്റില്‍ കയറി ഇരുന്നിട്ട് ഗൗരി അവരെ നോക്കി കൈവീശി, ഒരാള്‍ മാത്രമാണ് തിരിച്ചുവീശിയത്. പക്ഷേ, കൈവീശാത്തവരും അറസ്റ്റില്‍ മനംനൊന്ത് നില്‍ക്കുകയായിരുന്നു. ''പൊലീസ് ഭീകരവാഴ്ച നാട്ടില്‍ അത്ര വലുതായിരുന്നു.''

2011ല്‍ യുഡിഎഫില്‍ ഇടഞ്ഞുനിന്ന ഗൗരിയമ്മയുമായി ചര്‍ച്ച നടത്താന്‍ എഐസിസി സെക്രട്ടറിയായിരുന്ന മധുസൂദന്‍ മിസ്ത്രി എത്തിയപ്പോള്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സമീപം/ ഫോട്ടോ: രാജീവ് പ്രസാദ്‌
2011ല്‍ യുഡിഎഫില്‍ ഇടഞ്ഞുനിന്ന ഗൗരിയമ്മയുമായി ചര്‍ച്ച നടത്താന്‍ എഐസിസി സെക്രട്ടറിയായിരുന്ന മധുസൂദന്‍ മിസ്ത്രി എത്തിയപ്പോള്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സമീപം/ ഫോട്ടോ: രാജീവ് പ്രസാദ്‌

വാദം പ്രതിവാദം 

1994 ജനുവരി ഒരു ശനിയാഴ്ചയാണ് ഗൗരിയമ്മയെ പുറത്താക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്. നേരത്തേ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ കെ.ആര്‍. ഗൗരിയമ്മയെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയതായി നാലുദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗം കഴിഞ്ഞ് പത്രക്കുറിപ്പ് ഇറക്കി. ''പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ വെല്ലുവിളിക്കുകയും പാര്‍ട്ടി ശത്രുക്കളുമായി കൂട്ടുചേര്‍ന്നു പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു'' എന്നായിരുന്നു ഗൗരിയമ്മയ്ക്ക് നല്‍കിയ നോട്ടീസ്. അവര്‍ അന്നുതന്നെ അരൂരിലെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ താന്‍ നടത്തിയ ആശയസമരമാണ് പുറത്താക്കലിനു പിന്നിലെന്നായിരുന്നു ഗൗരിയമ്മയുടെ വാദം. വര്‍ഷങ്ങളായി നേതൃത്വം തുടര്‍ന്നുവരുന്ന പീഡനങ്ങളുടെ പരിസമാപ്തിയാണ് പുറത്താക്കലെന്നും പറഞ്ഞു. പീഡാനുഭവങ്ങളുടെ തുടക്കം എവിടെയായിരുന്നു എന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശ്രദ്ധയൊന്നു പതറി അവര്‍ കണ്ണടയെടുത്തു തുടച്ചു. വികാരാധീനയാണെന്ന് അന്നത്തെ ആ ദൃശ്യങ്ങളില്‍ തോന്നാം. പക്ഷേ, അവര്‍ കരഞ്ഞില്ല. തൊട്ടുമുന്‍പത്തെ ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ അവര്‍ എക്സൈസ് മന്ത്രിയായിരുന്നു. ദൂരപരിധി ലംഘിച്ച ഷാപ്പുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച ചില നടപടികള്‍ സി.ഐ.ടി.യു നേതൃത്വത്തെ ചൊടിപ്പിച്ചു. അതായിരുന്നു തുടക്കം. തനിക്കെതിരെ എം.എം. ലോറന്‍സും മറ്റും പ്രസ്താവന ഇറക്കിയതിനെക്കുറിച്ചും മറ്റും അന്നത്തെ ആ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞിരുന്നു. ലോറന്‍സ് അന്ന് എല്‍.ഡി.എഫ് കണ്‍വീനറാണ്. ''ഞാന്‍ ഒറ്റപ്പെട്ട ആളെപ്പോലെയായി. ഏതാണ്ട് വലിയ, മഹാ ആപത്ത് കാണിച്ചതുപോലെ. അന്നു തുടങ്ങിയതാണ്. ഇതിലെ രസമെന്താണെന്നു വച്ചാല്‍, 1988 വരെ ഗൗരിയമ്മ അനഭിമത അല്ലായിരുന്നു. ഗൗരിയമ്മ പാര്‍ട്ടിയുടെ അഭിമാനമായിരുന്നു, എല്ലാമായിരുന്നു. പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന ഒരു പണിയും ചെയ്തിട്ടില്ല'' ഗൗരിയമ്മയുടെ വാക്കുകള്‍. 

സി.പി.എം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ തിരുവനന്തപുരത്തു പത്രസമ്മേളനം വിളിച്ച് ഗൗരിയമ്മയ്ക്കു മറുപടി പറഞ്ഞു. ''പ്രസ്ഥാനമാണ് വലുത്, പാര്‍ട്ടിയാണ് വലുത്. സംഘടനാ പ്രശ്‌നം മാത്രമാണ് പുറത്താക്കല്‍. ഗൗരിയമ്മയ്ക്ക് നൂറ് പാര്‍ട്ടി അംഗങ്ങളെപ്പോലും കൂട്ടിനു കിട്ടില്ല.'' 

1991-'94 കാലയളവിലെ മുഖ്യമന്ത്രി കെ. കരുണാകരനും നേരത്തേ സി.പി.എമ്മില്‍നിന്നു പുറത്തായി യു.ഡി.എഫിനൊപ്പം ചേര്‍ന്ന എം.വി. രാഘവനും മുന്‍കയ്യെടുത്തു രൂപീകരിച്ച ആലപ്പുഴ സ്വാശ്രയ സമിതി അധ്യക്ഷ ഗൗരിയമ്മയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമിതിയാണെന്നും അതില്‍നിന്നു രാജിവയ്ക്കണമെന്നുമുള്ള പാര്‍ട്ടി നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചില്ല. അതായിരുന്നു പ്രധാന വിമര്‍ശനം. വി.എസ്. അച്യുതാനന്ദനും ടി.ജെ. ആഞ്ചലോസും രാജിവച്ചിരുന്നു. രാജിവയ്ക്കാത്തത് ഗൗരിയമ്മ പാര്‍ട്ടിവിരുദ്ധരുടെ കെണിയില്‍ വീണതുകൊണ്ടാണെന്ന് പാര്‍ട്ടി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. വിശദീകരണം തേടിയുള്ള നോട്ടീസിനു മറുപടിയായി ഗൗരിയമ്മ നല്‍കിയത് നേതാക്കള്‍ക്കെതിരെ 41 പേജുള്ള കുറ്റപത്രം. 

വികസന സമിതിയുടെ അധ്യക്ഷത വഹിക്കാന്‍ എല്ലാവരും കൂടി പറഞ്ഞപ്പോള്‍ വഹിച്ചു, അത് തെറ്റാണോ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. സമിതി യഥാര്‍ത്ഥത്തില്‍ രൂപീകരിച്ചിട്ടില്ല എന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ആലപ്പുഴ വികസനത്തിനു കിട്ടാനിടയുള്ള സഹായത്തെക്കുറിച്ച് ആദ്യം ധാരണ ഉണ്ടാക്കാനാണ് തീരുമാനിച്ചത് എന്നും വാദിച്ചു. ചില ആളുകള്‍ ഇല്ലാത്ത കമ്മിറ്റിയില്‍നിന്നാണ് രാജിവച്ചത് എന്നുകൂടി പറഞ്ഞു പാര്‍ട്ടിയെ പ്രകോപിപ്പിക്കുകയും ചെയ്തു. സമിതി നിലവിലുണ്ടെന്നും യോഗത്തില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് അംഗങ്ങള്‍ക്ക് കത്ത് അയച്ചെന്നും നായനാര്‍ തിരിച്ചടിച്ചു.

പത്രസമ്മേളനത്തില്‍ ഗൗരിയമ്മ: എന്നെ മുഖ്യമന്ത്രിയാക്കുമെന്ന് 1987-ലെ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദനും പി.കെ. വാസുദേവന്‍ നായരും എന്റെ നിയോജകമണ്ഡലത്തില്‍ വന്നു പ്രസംഗിച്ചു; ഞാനത് വിലക്കി. വെറുതെ ആളുകളെ പറ്റിക്കാന്‍ അങ്ങനെ പറയുമോ? ഏതായാലും തെരഞ്ഞെടുപ്പു കഴിഞ്ഞ് ചേര്‍ന്ന ഞാനുംകൂടി ഉള്‍പ്പെട്ട സംസ്ഥാന കമ്മിറ്റി നായനാരെയാണ് മുഖ്യമന്ത്രിയാക്കിയത്. 

മറുപടി പത്രസമ്മേളനത്തില്‍ ഇ.കെ. നായനാര്‍: ഈ പറഞ്ഞത് കളവാണ്. അങ്ങനെ ആ പ്രദേശത്ത് പ്രചരണം നടന്നിട്ടുണ്ടാകും. പക്ഷേ, പാര്‍ട്ടി പറഞ്ഞിട്ടില്ല. ആ ദിവസങ്ങളിലെ മനോരമയും മാതൃഭൂമിയുമൊക്കെ ഞങ്ങള്‍ എടുത്തു നോക്കി. ഒരൊറ്റ വരിയില്ല അതിനെക്കുറിച്ച്. 

പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് തെളിവു നിരത്താന്‍ ഗൗരിയമ്മയ്ക്കു കഴിഞ്ഞില്ല എന്നും നായനാര്‍ പറഞ്ഞു. ''താന്‍പ്രമാണിത്തമാണ് ഗൗരിയമ്മയ്ക്ക്. രാഷ്ട്രീയമായി അവര്‍ ദുര്‍ബ്ബലമാണെന്ന് മുന്‍പേ അറിയാം. കോണ്‍ഗ്രസ്സുമായുള്ള ബന്ധവും അറിയാം. എങ്കിലും അവര്‍ നന്നാകട്ടെ എന്നു വിചാരിച്ചാണ് അവസരം കൊടുത്തത്. നാല് മന്ത്രിസഭകളില്‍ പാര്‍ട്ടി അവരെ അംഗമാക്കിയത് തന്റെ ഒറ്റയ്ക്കുള്ള കഴിവാണന്ന് അവര്‍ കരുതി. ഒറ്റയ്‌ക്കൊരു കഴിവുമില്ല. പാര്‍ട്ടിയുടെ കഴിവാണ്.'' 

താന്‍പ്രമാണിത്തം എന്നു പാര്‍ട്ടി പറയുന്നത് തുറന്ന് അഭിപ്രായം പറയുന്നതിനെക്കുറിച്ചായിരിക്കും എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. 

മടങ്ങാനൊരുക്കം 

എക്കാലത്തേയും പ്രധാന രാഷ്ട്രീയ ശത്രുക്കളുമായിച്ചേര്‍ന്നു തന്റെ പഴയ പാര്‍ട്ടിയോടു മുഖാമുഖം നില്‍ക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനം എളുപ്പമുള്ളതായിരുന്നില്ല. കാലം പോകെ ഗൗരിയമ്മയ്ക്കു യു.ഡി.എഫില്‍ നില്‍ക്കാന്‍ വയ്യാതെയുമായി. സി.പി.എമ്മിലേക്കുള്ള മടക്കത്തിന് അങ്ങനെയാണ് സമ്മതം മൂളിയത്. കളമൊരുങ്ങുകയും ചെയ്തു. ഉന്നത നേതാവും ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന ശേഷം പുറത്താക്കപ്പെട്ട നൃപന്‍ ചക്രവര്‍ത്തിക്ക് അവസാന മണിക്കൂറുകളില്‍ നല്‍കിയ നീതി ഗൗരിയമ്മയ്ക്ക് അവര്‍ സജീവമായിരിക്കുന്ന കാലത്തുതന്നെ നല്‍കാന്‍ പാര്‍ട്ടിയും തീരുമാനിച്ചു. ആ തീരുമാനം നടക്കാതെപോയതില്‍ ഗൗരിയമ്മയ്ക്കു വിഷമമുണ്ടായിരുന്നു. തീരുമാനമെടുത്തു കഴിഞ്ഞതോടെ അവരും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചകളെല്ലാം കഴിഞ്ഞകാല ചരിത്രം മാത്രമാകുമായിരുന്നു. വീണ്ടും ഗൗരിയമ്മയുടെ സ്വന്തം പാര്‍ട്ടി സി.പി.എമ്മാവുകയും ജെ.എസ്.എസ് മുന്‍ പാര്‍ട്ടി മാത്രമാവുകയും ചെയ്യുമായിരുന്നു. പാര്‍ട്ടി അവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ, സഹോദരീ പുത്രിയെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കുമോ, കൂടെ എത്തുന്ന ആരെയൊക്കെ ഏതൊക്കെ കമ്മിറ്റികളില്‍ ചേര്‍ക്കും തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയര്‍ന്നു. എല്ലാ ജില്ലകളിലും ജെ.എസ്.എസ്സിനുവേണ്ടി വാങ്ങിയതും ജനറല്‍ സെക്രട്ടറിയായിരുന്ന ഗൗരിയമ്മയുടെ പേരിലുള്ളതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും സി.പി.എമ്മിന്റേതായി മാറുമോ എന്ന ചോദ്യവുമുണ്ടായി. അത് അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് അവശിഷ്ട ജെ.എസ്.എസ് തെരുവിലിറങ്ങി. ചെറുക്കാന്‍ സി.പി.എമ്മും. പക്ഷേ, ഗൗരിയമ്മ ആ ദിവസങ്ങളില്‍ ആഹ്ലാദവതിയായിരുന്നു. അതുകൊണ്ട്, സി.പി.എമ്മിലേക്കു മടങ്ങാന്‍ തടസ്സമായി നിന്ന ആ ചോദ്യം ഗൗരിയമ്മ ചോദിച്ചുമില്ല: ''എന്തിനാണെന്നെ പുറത്താക്കിയത്?'' 

''ഗൗരിയമ്മ തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരു കാര്യം അന്നത്തെ പുറത്താക്കല്‍ നടപടിയേക്കുറിച്ച് ഒരു പുനര്‍വിചിന്തനം വേണമെന്നായിരുന്നു. എന്തിനാണെന്നെ പുറത്താക്കിയത് എന്ന് എപ്പോഴും അവര്‍ ചോദിക്കാറുണ്ടായിരുന്നു. എന്നോടു പലവട്ടം അതു ചോദിച്ചിട്ടുണ്ട്. ഞാന്‍ പറയും, അതിനിയും ചോദിച്ചിട്ടെന്താ കാര്യം, കാലമെത്ര കഴിഞ്ഞു. ഇനിയിപ്പോള്‍ അന്വേഷിച്ചു തീര്‍പ്പു കല്‍പ്പിക്കണോ. ചരിത്രമൊക്കെ നാളെ എഴുതട്ടെ. ഇന്ന് എങ്ങനെ, എന്ത് എന്നതാണ് നോക്കേണ്ടത്'' കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് അന്നു പറഞ്ഞു. ''ഗൗരിയമ്മയും പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ ഒരു പ്രത്യേക സാഹചര്യത്തിലാണ് വിള്ളലുണ്ടായത്. പാര്‍ട്ടിയിലെ വിവിധ തലങ്ങളില്‍പ്പെട്ട ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ഗൗരിയമ്മയും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍, അത്തരം പരിശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതിന് അനുകൂലമായ സാഹചര്യം കുറച്ചുവൈകി ഇപ്പോള്‍ മാത്രമേ രൂപപ്പെട്ടുള്ളൂ എന്നുമാത്രം'' എന്നാണ് എം.എ. ബേബി പറഞ്ഞത്.

ഗൗരിയമ്മ തിരിച്ചുപോകാന്‍ തീരുമാനിച്ചതിനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തവരില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, പാര്‍ട്ടിയില്‍നിന്നുപോയവരും പാര്‍ട്ടി അനുഭാവികളായി മാറിനിന്നു കാണുന്നവരുമൊക്കെയുണ്ടായിരുന്നു. ഗൗരിയമ്മയെ പുറത്താക്കിയ ശേഷമുള്ള പ്രതിസന്ധിഘട്ടങ്ങളിലൊന്നില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം.എ. ബേബി, ആലപ്പുഴയില്‍നിന്നുള്ള ഉന്നത നേതാവായ ഡോ. ടി.എം. തോമസ് ഐസക് എന്നിവരാണ് പലവട്ടം ഇടപെടലുകളും ചര്‍ച്ചകളും നടത്തിയത്. ഗൗരിയമ്മയും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തില്‍ത്തന്നെ പരിഹരിക്കണം എന്ന് ആഗ്രഹിച്ചവരെയാകെ ആഹ്ലാദിപ്പിക്കുന്ന സംഭവ വികാസം എന്ന് ബേബിയും മാറിനില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ അവരുടെ തിരിച്ചുവരവ് ഈ പാര്‍ട്ടിയുടെ സമീപനം സംബന്ധിച്ചു ശക്തമായ സന്ദേശം നല്‍കാന്‍ സഹായിക്കും എന്ന് തോമസ് ഐസക്കും പറഞ്ഞതില്‍ത്തന്നെ സി.പി.എം എത്ര ഗൗരവത്തിലാണ് ഗൗരിയമ്മയുടെ മടക്കത്തെ സമീപിച്ചത് എന്നു വ്യക്തമായിരുന്നു. എന്നിട്ടും അത് നടക്കാതെ പോയി.
 
പാര്‍ട്ടി പിളരുന്നതിനു മുന്‍പേതന്നെ, ഗൗരിയമ്മ തിളങ്ങിനിന്ന കാലത്ത് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുകയും പിന്നീട് തിരിച്ചുവരവ് സാധ്യമാകാതെ പോവുകയും ചെയ്ത ആലപ്പുഴയിലെ പ്രമുഖ നേതാവ് വര്‍ഗ്ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ കല്‍പ്പകവാടിക്കും ഗൗരിയമ്മയുടെ മടക്കത്തെക്കുറിച്ചു പറയാന്‍ സന്തോഷമായിരുന്നു അന്ന്, ''കമ്യൂണിസ്റ്റുകാരിയായി മരിക്കുക എന്നതാണ് അവര്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പദവി. അല്ലെങ്കില്‍ അവര്‍ ജെ.എസ്.എസ്സുകാരിയായി മരിക്കേണ്ടിവരും. കേരളത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് വനിത ഗൗരിയമ്മയാണ്. അവര്‍ മരിച്ചാല്‍ പുന്നപ്ര വയലാറിന്റെ മണ്ണില്‍ ടി.വി. തോമസിനെ അടക്കിയിടത്ത് അടക്കണം. അതാണ് അവര്‍ക്ക് ഇനി കിട്ടാനുള്ള ഏറ്റവും വലിയ ആദരം'' എന്നാണ് ചെറിയാന്‍ പറഞ്ഞത്. 

''ഒരാള്‍ വരാന്‍ ശ്രമിക്കുന്നുണ്ട്. ലിഫ്റ്റില്‍വച്ചു കണ്ടാല്‍പ്പോലും മിണ്ടാന്‍ ഇഷ്ടമില്ലാത്തയാള്‍'' എന്ന് ഗൗരിയമ്മയെക്കുറിച്ചു മുന്‍പു പറഞ്ഞത് പിണറായി വിജയനാണ്. അതേ പിണറായി സംസ്ഥാന സെക്രട്ടറിയായിരിക്കെ തുടങ്ങിവച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. പിന്നീടു സെക്രട്ടറിയായ കോടിയേരി അത് ഏറ്റെടുക്കുകയായിരുന്നു. ഗൗരിയമ്മ പാര്‍ട്ടിയുടെ അമ്മയാണ് എന്നു പറഞ്ഞതിന് വി.എസ്. അച്യുതാനന്ദനു നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശാസന കിട്ടിയിട്ടുണ്ട്. അതൊരു കാലം. 

ഗൗരിയമ്മ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്തെ ഒരു അനുഭവം നിയമസഭാ സെക്രട്ടേറിയറ്റിലെ മുന്‍ ലൈബ്രേറിയന്‍ വി. സോമസുന്ദരപ്പണിക്കര്‍ എഴുതിയിട്ടുണ്ട്. മന്ത്രിയുടെ ചേംബറില്‍ ഭരണപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കളുടെ തിരക്ക്. തൊട്ടുമുന്‍പു ഭരിച്ച ഇടതുമുന്നണി സര്‍ക്കാര്‍ ദിവസവേതനക്കാരായി നിയമിച്ച ഒട്ടേറെയാളുകളുണ്ട്. അവരെ പിരിച്ചുവിട്ട് യു.ഡി.എഫ് അനുകൂലികളെ എടുക്കണമെന്നാണ് അവരുടെ ആവശ്യം. ''എന്തായീ പറയുന്നത്? നാലഞ്ചു വര്‍ഷമായി അവര്‍ക്കു ലഭിക്കുന്ന വരുമാനംകൊണ്ടാണ് അവരുടെയൊക്കെ കുടുംബങ്ങള്‍ പുലരുന്നത്. പെട്ടെന്ന് അവരെ പിരിച്ചുവിടാനൊന്നും എനിക്കു പറ്റില്ല. വേറെ എന്തെങ്കിലും പറയാനുണ്ടോ?'' എന്നായിരുന്നു ഗൗരിയമ്മയുടെ ചോദ്യം. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്നു പുറത്തായിട്ടും കമ്യൂണിസ്റ്റായി ജീവിക്കുന്ന 'അമ്മ'യുടെ മഹനീയമായ മനുഷ്യത്വം കണ്ടു താന്‍ അത്ഭുതപ്പെട്ടുപോയെന്നാണ് സോമസുന്ദപ്പണിക്കര്‍ എഴുതിയത്. തൊട്ടുമുന്‍പത്തെ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അവരെ നിയമസഭയില്‍പ്പോലും സി.പി.എം വേട്ടയാടിയതുകൂടി ചേര്‍ത്തു കാണണം, ഇതിനോട്. എത്രയോ സംഭവങ്ങള്‍ ഉണ്ട്. സഭാസമിതികളില്‍ പ്രാതിനിധ്യം കൊടുക്കാതിരുന്നത്, അരൂരിലെ ജെ.എസ്.എസ് ഓഫീസ് നിന്ന സ്ഥലം ദേശീയപാത വികസനമെന്ന പേരില്‍ സര്‍ക്കാര്‍ വിലയ്‌ക്കെടുത്തതും ഓഫീസ് പൊളിച്ചുകളഞ്ഞതും അരൂരിലെ റോഡുകള്‍ നന്നാക്കാതിരുന്നതും. 

ഗൗരിയമ്മ മാത്രം 

അധികതുംഗപദത്തില്‍ ശോഭിച്ചിരുന്ന രാജ്ഞിയുടെ രൂപം എന്ന് ഗൗരിയമ്മയുടെ പ്രതാപകാലത്തെ വിശേഷിപ്പിച്ചത് മുന്‍ നിയമസഭാ സെക്രട്ടറി ആര്‍. പ്രസന്നന്‍ ആണ്. അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ 'നിയമസഭയില്‍ നിശ്ശബ്ദനായി' അതിമനോഹരമായി അതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പഴയതും പുതിയതുമായ അന്നത്തെ പടക്കുതിരകള്‍ അണിനിരന്നിരുന്നത് എന്നാണ് ഗൗരിയമ്മ അധ്യക്ഷയായ വിഖ്യാതമായ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റിയെക്കുറിച്ച് ആര്‍. പ്രസന്നന്റെ വിശേഷണം. രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തിന് മിനുക്കുപണികള്‍ നടത്തുന്ന കാലമായിരുന്നു അത്. ഗൗരിയമ്മ റവന്യൂ മന്ത്രി. ''ഈ ആണ്‍ശിങ്കങ്ങളുടെ ഇടയില്‍ പെണ്‍തരിയായി ഗൗരിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും യോഗനടപടികള്‍ ഏതാനും നിമിഷത്തേക്കു നോക്കിക്കാണുന്ന ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല, ആര്‍ക്കാണ് അവിടെ അധിനായകത്വമെന്ന്. അവര്‍ നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം വള്ളിപുള്ളി വിസര്‍ഗ്ഗം മാറ്റാന്‍ ആര്‍ക്കുമാകില്ല. അവരെ വഴിതെറ്റിക്കാന്‍ ഒരുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവര്‍ക്കെതിരായി ആരുമൊന്നും ഉരിയാടുകയുമില്ല. she was in full command and had complete control എന്നു ചുരുക്കം. ''കെ. കരുണാകരന്‍, ടി.കെ. ദിവാകരന്‍, കെ.എം. മാണി, ടി.കെ. രാമകൃഷ്ണന്‍, ചാത്തുണ്ണി മാസ്റ്റര്‍, മത്തായി മാഞ്ഞൂരാന്‍, ജോസഫ് ചാഴികാടന്‍, ബാവ ഹാജി, ടി.എ. മജീദ്, പി.എസ്. ശ്രീനിവാസന്‍, ബി. വെല്ലിംഗ്ടണ്‍, പന്തളം പി.ആര്‍. മാധവന്‍ പിള്ള, ടി.കെ. കൃഷ്ണന്‍, കെ.ടി. ജേക്കബ് തുടങ്ങിയവരായിരുന്നു ആ 'ആണ്‍ശിങ്കങ്ങള്‍' എന്നറിയണം. ചെറിയ പുള്ളികളല്ല. ഉദ്യോഗസ്ഥ സിംഹങ്ങളും അവരുടെ പ്രീതിനേടാന്‍ കാത്തുനിന്നു. ഒരു ദിവസം കമ്മിറ്റി യോഗം നടക്കുമ്പോഴുണ്ടായ കൗതുകകരമായ സംഭവത്തെക്കുറിച്ച് സരസമായി പറയുന്നുണ്ട് പ്രസന്നന്‍: ''ചര്‍ച്ചയ്ക്കു ചൂടുപിടിച്ചിരിക്കുന്ന സമയം. കസേരയില്‍ ചാരിയിരുന്ന ഗൗരിയമ്മയുടെ മുടിക്കെട്ടില്‍നിന്ന് ഹെയര്‍പിന്‍ ഇളകി താഴെവീണു. ഇത് സമീപത്തിരുന്ന ചില ഉദ്യോഗസ്ഥര്‍ കണ്ടു. അതെടുക്കാന്‍ രണ്ടുമൂന്നുപേര്‍ ഒന്നിച്ചു കുനിഞ്ഞെങ്കിലും സ്വാഭാവികമായും ഒരാള്‍ക്കു മാത്രമേ ആ ശ്രമത്തില്‍ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ഹെയര്‍പിന്‍ മുടിയില്‍ കുത്തിയ ശേഷം ഗൗരിയമ്മ ആ ഉദ്യോഗസ്ഥനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു. ആദരപൂര്‍വ്വം, കൃതാര്‍ത്ഥതയോടെ അദ്ദേഹം അത് ഏറ്റുവാങ്ങുകയും ചെയ്തു.'' ഇത് 1969-ലെ കാര്യം. അന്ന് അവര്‍ സി.പി.എമ്മിന്റെ ഉന്നത നേതാവായിരുന്നു. എതിര്‍വാക്കില്ലാത്ത നേതാക്കളുടെ നിരയിലായിരുന്നു സ്ഥാനം. പക്ഷേ, മൂന്നു പതിറ്റാണ്ടു കഴിഞ്ഞ് 2001-ല്‍ കുഞ്ഞു ഘടക കക്ഷിയായ ജെ.എസ്.എസ്സിനെ പ്രതിനിധീകരിച്ച് എ.കെ. ആന്റണി സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരിക്കുമ്പോഴും അവരുടെ ആജ്ഞാശക്തിക്കും ഗാംഭീര്യത്തിനും മാറ്റമുണ്ടായിരുന്നില്ലെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പ്രായം ഗൗരിയമ്മയുടെ വാക്കുകളെ മാത്രമേ വിറകൊണ്ട് അവ്യക്തമാക്കിയുള്ളു, മരണം വരെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com